നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാട്ടിലെ മിസ്ഡ് കാൾ

Image may contain: 1 person, sitting, beard and outdoor

കുറച്ചു ദിവസം മുൻപ് വൈകുന്നേരം ജോലി കഴിഞ്ഞെത്തി റൂമിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കുമ്പോഴാണ് ഒരു ഫോൺ റിങ് വന്നത്. എന്റെ ഫോണിൽ അല്ലാട്ടോ, റൂം മേറ്റിന്റെ ഫോണിൽ. പക്ഷെ അത് ഒരു മിസ്ഡ് കാൾ ആയിരുന്നു. അവൻ അടുക്കളയിൽ ആയിരുന്നത് കൊണ്ട് ഞാൻ ആ ഫോണും എടുത്ത് നേരെ അടുക്കളയിലേക്ക് ചെന്നു.
"ഡാ.. നിനക്കൊരു കാൾ ഉണ്ട്. മിസ്ഡ് കാൾ ആണല്ലോ മോനെ, നമ്മളറിയാതെ നീ ഏതേലും വലയിൽ ചെന്ന് വീണോ"
"പിന്നെ.. ഇത്രേം കാലായിട്ടില്ലാത്തതാ ഇപ്പോ. നീ ആ നമ്പർ ഒന്ന് നോക്കിക്കേ, ഞാൻ മീൻ മുറിച്ചോണ്ടിരിക്കുവാ"
ഞാൻ ഫോൺ അൺലോക്ക് ചെയ്തു നമ്പർ നോക്കി
"ഇത് നാട്ടിലെ നമ്പറിന്നുള്ള കാൾ ആണല്ലോടാ.."
"എത്രയാ ലാസ്റ്റ് നമ്പർ?"
"4474"
"ഓ.. അത് നാട്ടിലെ ഒരമ്മാവനാ. നീ ഫോൺ മുറിയിൽ വെച്ചേക്ക്" അവന്റെ മുഖത്തെന്തോ ഒരു മാറ്റം നിഴലിച്ചു
"എന്താടാ.. എന്തേലും പ്രോബ്ലം ഉണ്ടോ നാട്ടിൽ"
"ഇല്ലടാ.. എന്ത് പ്രോബ്ലം."
"നിനക്കെന്നാൽ പിന്നെ ഒന്ന് തിരിച്ചു വിളിച്ചൂടെ, ചിലപ്പോ എന്തേലും അത്യാവിശ്യത്തിനാണെങ്കിലോ?"
"അത്യാവിഷമൊന്നുമുണ്ടാവില്ലെടാ.. ഞാൻ കുറെയായി അമ്മാവനെയൊക്കെ ഒന്ന് വിളിച്ചിട്ട്, അതുകൊണ്ടായിരിക്കും"
"ഓ.. ഇത്രയ്ക്ക് സ്നേഹ സമ്പന്നനായ അമ്മാവനൊക്കെ നിനക്കുണ്ടോ.? എടാ ഭാഗ്യവാനെ"
"പിന്നെ.. ഭയങ്കര ഭാഗ്യമാ. നിനക്ക് വേണോ കുറച്ചു ഭാഗ്യം? അല്ലേൽ അമ്മാവനെ തന്നെ നീ സ്വന്തമായി എടുത്തോ" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"അയ്യോ വേണ്ടായേ.. ഇത്രയ്ക്ക് സ്നേഹമൊന്നും താങ്ങാനുള്ള കെൽപ് നമ്മക്കില്ലായെ"
"എന്നാൽ പിന്നെ മോൻ പോയി മൊബൈൽ കുത്തി കൊണ്ടിരിക്ക്. ഞാൻ ഈ കറി ഒന്ന് ഉണ്ടാക്കിക്കോട്ടെ"
"നടക്കട്ട്.. നടക്കട്ട്.."
ഞാൻ തിരിച്ചു റൂമിലേക്ക് ചെന്ന് വീണ്ടും മൊബൈലിലേക്ക് കണ്ണും നട്ടിരിപ്പായി.
-----------
പിറ്റേന്ന് വൈകുന്നേരം നമ്മൾ രണ്ടു പേരും കൂടെ നടക്കാനിറങ്ങിയിരുന്നു. ഇവിടെ കൊച്ചു കൊച്ചു പാർക്കുകൾക്ക് ക്ഷാമമില്ലാത്ത കൊണ്ട് നമ്മൾ നേരെ വിട്ടത് ഫ്ലാറ്റിനു തൊട്ടടുത്തുള്ള പാർക്കിലേക്കാ.
നമ്മളങ്ങനെ ഇവിടുത്തെയും നാട്ടിലെയും ഓരോ സംഭവ വികാസങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക് ഞാൻ അവനോട് കളിയായി ചോദിച്ചു
"എന്ത് പറയുന്നു നിന്റെ സ്നേഹ സമ്പന്നനായ അമ്മാവൻ. നീ തിരിച്ചു വിളിച്ചില്ലേ?"
"വിളിച്ചു.. എന്റെ ശബ്ദം കേട്ടപ്പോ തന്നെ അവർക്ക് പെരുത്ത് സന്തോഷമായി"
"അതെന്താപ്പാ.. അവരുടെ മോളെയെങ്ങാനും നിനക്ക് കെട്ടിച്ചു താരനുണ്ടോ"
"നിനക്കിതല്ലാതെ വേറൊരു ചിന്തയും ഇല്ലേ.."
"അല്ല.. അമ്മാവൻ മരുമകൻ സ്നേഹം ഇത്രയ്ക്കങ് പടർന്ന് പന്തലിച്ചു കണ്ടത് കൊണ്ട് ചോദിച്ചതാണെ"
"അതൊക്കെ ഒരു ഇതാണ്. നീ അത് വിട്, എനിക്ക് നിന്റെ ഒരു സഹായം വേണം"
"വളച്ചു കെട്ടാതെ നീ കാര്യം പറയെടാ..."
"ഈ മാസം നീ എനിക്ക് കുറച്ചു ക്യാഷ് കടം തരണം"
"കാശൊക്കെ നമുക്കൊപ്പിക്കാം. അതുപോട്ടെ അതെന്താ നിനക്കിപ്പോ പെട്ടെന്നൊരത്യാവിശ്യം"
"നാട്ടിലൊരത്യാവിശ്യമുണ്ടെടാ"
"എന്താടാ.. എന്തത്യാവിശ്യം. ഇതെന്താ നിനക്ക് പതിവില്ലാത്തൊരു വളച്ചൊടി"
"ഒന്നുല്ലടാ.."
"അതിലെന്തോ ഉണ്ടല്ലോ.. നീ പറ മുത്തേ"
"നീ ചോദിച്ചില്ലേ അമ്മാവൻ എന്തിനാ മിസ്ഡ് കാൾ വിട്ടതെന്ന്, അതിനു വേണ്ടിയാ"
"നീയല്ലേ പറഞ്ഞെ നീ വിളിക്കാത്തതുകൊണ്ട് മിസ്ഡ് കാൾ വിട്ടതാണെന്നു, പിന്നെന്താ"
"ഞാൻ വിളിക്കാത്തത് കൊണ്ടൊന്നുമല്ല"
"പിന്നെ..??"
"അമ്മാവന്റെ മോൻ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട്. അത് പാസ്സാകുമ്പോ അവനു കൊടുക്കാൻ കൊടുക്കാൻ ഒരു നല്ല ഫോൺ വേണം. അതിനാണ്"
"ഓഹ്.. അത് പറ.. ഇപ്പോഴല്ലേ സ്നേഹത്തിന്റെ കഥ മനസ്സിലായെ"
"ആ മിസ്ഡ് കാൾ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ, എന്തേലും ആവിശ്യമുണ്ടാകുമെന്നു. സത്യം പറഞ്ഞാൽ നാട്ടിലെ നമ്പറിന്നു മിസ്ഡ് കാൾ കാണുമ്പോൾ തന്നെ ടെന്ഷനാ. എന്ത് പണിയാ വരുന്നതെന്നറിയില്ലല്ലോ"
"എന്നിട്ട് നീ എന്ത് പറഞ്ഞു?"
"എന്ത് പറയാൻ.. പറ്റില്ലെന്ന് പറയാൻ പറ്റില്ലാലോ. ഗൾഫ്കാരൻ ആയിപ്പോയില്ലേ, ഇവിടെ രണ്ടറ്റം മുട്ടിക്കാൻ പെടുന്ന പെടാപ്പാട് ആരറിയാൻ"
"പത്താം ക്ലാസ്സിൽ പഠിക്കുന്ന പയ്യനെന്തിനാടാ ഫോൺ.. ഒരു പ്ലസ്ടു എങ്കിലും കഴിഞ്ഞിട്ട് പോരെ?"
"കാലം മാറിയില്ലേ മോനെ.. ആ എന്തായാലും ഇപ്പൊ നല്ലൊരു ഫോൺ വാങ്ങികൊടുത്തയാക്കണം. എന്റെ ഈ മാസത്തെ ബഡ്ജറ്റിൽ ഒതുങ്ങില്ല. അതാ നിന്നോട് ചോദിച്ചേ"
"അതൊക്കെ നമുക്ക് ഒപ്പിക്കാം.. നീ ബേജാറാകണ്ടാ"
"എല്ലാരേം സഹായിക്കണം എന്നൊക്കെ ആത്മാർത്ഥമായ ആഗ്രഹമൊക്കെ ഉണ്ടെടാ. പക്ഷെ നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ"
"പ്രവാസി ഡാ.. പ്രവാസി.."
"ഞാനീ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് മൂന്നരവര്ഷമായി, അതും ജോലിക്കു കയറുന്നതിനു മുൻപ് അച്ഛൻ വാങ്ങി തന്നത്. സ്വന്തമായി അധ്വാനിക്കാൻ തുടങ്ങീട്ട് രണ്ടര വര്ഷത്തിലധികാമായെങ്കിലും ഇതുവരെ സ്വന്തമായി ഒരു ഫോൺ പോലും വാങ്ങാൻ പറ്റിയിട്ടില്ല" അവന്റെ കയ്യിലെ ഫോൺ ഉയർത്തി കാണിച്ചുകൊണ്ടവൻ പറഞ്ഞു
"അതാണ് മോനെ പ്രവാസി.. സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ത്യജിച്ചു ജീവിക്കേണ്ടി വരുന്നവർ... ഇനിയൊന്നു നാട്ടിൽ ലീവിന് പോയാലോ, അവിടെയും പരാതിയും പരിഭവവും. എനിക്ക് സ്പ്രേ തന്നില്ല, സോപ്പ് തന്നില്ല... ആരും നമ്മുടെ അവസ്ഥയെക്കുറിച്ചു ചിന്തിക്കാറില്ലെടാ "
"ഹും.. തുഴഞ്ഞു പോയില്ലേ ഇനി അടുത്ത കര കിട്ടും വരെ തുഴയാതെ രക്ഷ ഇല്ലല്ലോ. എന്നേലും കര കണ്ടാൽ മതിയായിരുന്നു..."
(പ്രാവസിക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ടാവാം.. പക്ഷെ അതിൽ ഭൂരിഭാഗവും പച്ചയായ യാഥാർഥ്യങ്ങളാണ്. കെട്ടുകഥകൾ തോൽക്കുന്ന പച്ചയായ യാഥാർഥ്യങ്ങൾ))
--------------
ആഷിക്ക് അബ്‌ദുൾ ഖാദർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot