Slider

ഒരു കോഴിക്കഥ

0
Image may contain: 1 person, standing, tree, plant, outdoor and nature

ഏകദേശം മൂന്ന് വർഷങ്ങൾക്കു മുൻപാണ്. അന്ന് ബാങ്കുകൾക്ക് 2 & 4 ശനിയാഴ്ച അവധി ആയിട്ടില്ല. ശനിയാഴ്ച ഉച്ചക്ക് ജോലി കഴിഞ്ഞെത്തിയാൽ ഞാനാകെ ഒരു relaxed mood ൽ ആയിരിക്കും. അങ്ങനെ T V യും കണ്ടു ഇരിക്കുമ്പോഴാണ് മുറ്റത്തൊരു ബഹളം. നോക്കുമ്പോൾ ഭർത്താവ് കാറിന്റെ ഡിക്കി തുറന്നു ഒരു ചെറിയ കൂട് പുറത്തെടുക്കുന്നു. കുട്ടികൾ രണ്ടും ചുറ്റും നിന്നു തുള്ളിച്ചാടുന്നുണ്ട്. കൂടെ കീയോ..കീയോ.. എന്നു കലപില ശബ്ദവും. അതെനിക്കുള്ള പണിയാണെന്നു എന്റെ ആറാമിന്ദ്രിയം പറഞ്ഞു. എട്ട് കോഴികുഞ്ഞുങ്ങൾ..പിന്നെ രണ്ടു ഗിനി കോഴികളും. എന്റെ മുഖഭാവം കണ്ടപ്പോഴേ ചേട്ടൻ പറഞ്ഞു " ജീനു കഷ്ടപ്പെടേണ്ട. ഇതിനെയൊക്കെ ഇവര് വളർത്തിക്കോളും." അപ്പോഴേക്കും അവിടെ ഉടമസ്ഥാവകാശതർക്കം തുടങ്ങികഴിഞ്ഞിരുന്നു. കോഴികുഞ്ഞുങ്ങൾ ചേട്ടനും ഗിനികോഴികൾ അനിയത്തിക്കും. പക്ഷെ ഒരു പട്ടിയുള്ളതിനെ ചേട്ടൻ കൈവശപ്പെടുത്തിയതിനാൽ മുഴുവൻ കോഴികുഞ്ഞിനെയും കൊടുക്കാൻ പറ്റില്ലെന്ന് അനിയത്തി. Compensation ആയി മുയലിനെ വാങ്ങിത്തരാമെന്ന ഉറപ്പിൽ ആ തർക്കം പരിഹരിക്കപ്പെട്ടു. പട്ടിയെ കുടിയൊഴിപ്പിച്ചു കോഴികളെ എല്ലാം പട്ടിക്കൂടിനകത്താക്കി. പിന്നെ തീറ്റ കൊടുക്കലും വെള്ളം കൊടുക്കലും തലോടലും ഒക്കെയായി ഗംഭീര പരിചരണമായിരുന്നു. "ആരംഭശൂരത്വം ഞാനെത്ര കണ്ടതാ" എന്ന മട്ടിലുള്ള എന്റെ നിൽപ്പ് കണ്ടപ്പോൾ മോൻ പറഞ്ഞു. "എന്റെ പട്ടിക്കും കോഴിക്കും ഞാൻ തീറ്റകൊടുത്തോളാം. ഗിനി കോഴികളെ മോളു നോക്കിക്കോളും.". "അച്ഛനും മക്കളും എന്താന്നു വെച്ചാ ചെയ്തോ. ഞാൻ തിരിഞ്ഞു നോക്കില്ല."ഞാനെന്റെ നയം വ്യക്തമാക്കി. പിറ്റേദിവസവും പരിചരണം ഗംഭീരം തന്നെയായിരുന്നു. സ്കൂൾ ഉള്ളതിനാൽ തിങ്കളാഴ്ച മുതൽ മക്കൾ കോഴികളെ തിരിഞ്ഞു നോക്കിയില്ല. പിന്നെ അച്ഛന്റെ ഊഴമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതും നിന്നു. അങ്ങനെ പക്ഷിമൃഗപരിപാലനം എന്റെ തലയിലായി. തന്റെ കൂടു കൈയ്യേറിയതിന്റെ അമർഷം പട്ടി രണ്ട്‌ പ്രാവശ്യം പ്രകടിപ്പിച്ചു. രണ്ടു കോഴികുഞ്ഞുങ്ങൾക്കു ജീവൻ നഷ്ടമായി.
ആ ആഴ്ച തന്നെ നല്ലൊരു കോഴിക്കൂടും പണിതു കോഴികളെയെല്ലാം അങ്ങോട്ടു മാറ്റി. രാവിലെ തീറ്റകൊടുക്കാൻ കൂട് തുറക്കുമ്പോഴേ എല്ലാം കൂടി പുറത്തേക്കു ചാടും. അതിനെയൊക്കെ പെറുക്കി കൂട്ടിനകത്താക്കിയിട്ടു വേണം എനിക്ക് ജോലിക്ക് പോകാൻ. അങ്ങനെ എന്റെ ശാപ വചനങ്ങൾ കേട്ടു അവർ വളർന്നു. ഒരേ കൂട്ടിലാണെങ്കിലും ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുളള കടുത്ത മത്സരം അവിടെ നിലനിന്നിരുന്നു. അവിടെ കൂട്ടിൽ തല്ലു നടക്കുമ്പോൾ ഇവിടെ വീട്ടിലും തല്ലു പതിവായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് മറ്റൊരു പ്രശ്നം തലപൊക്കിയത്. "എല്ലാ കോഴികളും പിടകോഴികളാണ്...!!". അച്ഛനും മക്കളും പ്രശ്നം ഗൗരവമായി ചർച്ച നടത്തി, കുടുംബത്തിനു യോജിച്ച ഒരു പൂവൻ കോഴിയെ കൊണ്ടുവരാൻ തീരുമാനമായി. ആറു പെണ്മക്കലുള്ള ഒരു അച്ഛന്റെ ആധി എനിക്ക് മനസ്സിലായി. അങ്ങനെ ഒരു കോഴി ഫാമിൽ പോയി നല്ല ഒരു പൂവൻ കോഴിയെ വാങ്ങി. വീട്ടിൽ വന്നിറങ്ങിയപാടെ പൂവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഒന്നിനോടൊന്നു മെച്ചമായ ആറു പിടക്കോഴികൾ. തങ്ങൾ പിന്നെയും ന്യൂനപക്ഷമായെന്ന തിരിച്ചറിവിൽ തലതാഴ്ത്തി നിൽക്കുന്ന ഗിനി കോഴികൾ. പെണ്ണുങ്ങളുടെ മുൻപിൽ ആളാകാനുള്ള പുരുഷസഹജമായ അഭിവാഞ്ജയിൽ അവൻ ഗിനികോഴികളെ ലക്ഷ്യമാക്കി പാഞ്ഞു. പിന്നെയവിടെ നടന്നത് ഒരു യുദ്ധമായിരുന്നു. അത്‌ കണ്ടതും മോൾ "എന്റെ ഗിനികോഴികളെ ചേട്ടന്റെ പൂവൻകോഴി കൊല്ലും.."എന്നു പറഞ്ഞു നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. അങ്ങനെ അടുത്ത ആഭ്യന്തര കലാപവും തുടങ്ങി.
പിറ്റേദിവസം ഞാൻ കണ്ടത് തലയിൽ നിന്നു ചോര ഒലിപ്പിച്ചു കൊണ്ട് നിൽക്കുന്ന ഗിനികോഴികളെയാണ്. പൂവനെ പേടിച്ചു അവ പിന്നെ കൂട്ടിൽ കേറാതെയായി. പക്ഷെ തന്റെ പിടകളുടെ മുൻപിൽ ആളാവാനുള്ള ഒരു അവസരവും അവൻ വെറുതെ കളഞ്ഞില്ല. ഗിനികോഴികൾ പൂവനെ കാണുമ്പോൾ തീറ്റ പോലും കഴിക്കാതെയായി. എന്റെ കുടുംബപ്രാരാബ്ധങ്ങൾക്കിടയിലും ഗിനി കോഴികൾക്കുള്ള തീറ്റ ഞാൻ വേറെ ഇട്ടു കൊടുക്കുമായിരുന്നു. എന്തു ചെയ്യാൻ..!ഞാനൊരു ലോലഹൃദയിയായി പോയില്ലേ....പക്ഷെ പൂവൻ കോഴിയുടെ ഉപദ്രവം വളരെ ഭയാനകമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ട് ഗിനികോഴികളും ചത്തു പോയി.മോൾക്ക് അതു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. എനിക്കെന്റെ ഗിനികോഴികളെ കാണണം എന്ന് പറഞ്ഞു അവൾ കരച്ചിലോട് കരച്ചിൽ തന്നെ. കാര്യം തല്ലുകൂടുമെങ്കിലും അവൾ കരഞ്ഞാൽ മോന് വലിയ വിഷമമാണ്. മോൾടെ ഗിനികോഴികൾ വേറെ ഏതെങ്കിലും ജീവിയായി രണ്ടാമത് ജനിക്കുമെന്ന് പറഞ്ഞു അവൻ അവളെ ആശ്വസിപ്പിച്ചു. പിന്നെ കുറേ നാൾ ഏത്‌ പൂച്ചയെയും പൂമ്പാറ്റയെയും കണ്ടാൽ അവൾ ചോദിക്കും "അതെന്റെ ഗിനികോഴി ആയിരിക്കോ..?"
അങ്ങനെയിരിക്കെ ഒരു ദിവസം ചാലക്കുടിയിൽ ഒരു കുതിര പ്രസവിച്ചതായി പത്രത്തിൽ വാർത്ത വന്നു. അപ്പോഴും അവൾ ചോദിച്ചു "അതെന്റെ ഗിനികോഴി രണ്ടാമത് ജനിച്ചതായിരിക്കോ..? അച്ഛാ,നമുക്കാ കുതിരകുട്ടിയെ വാങ്ങിച്ചാലോ...?" "ശരി നോക്കാം."അച്ഛനും സമ്മതം. "അമ്മേ..ഞങ്ങൾ കുതിരകുട്ടിയെ വാങ്ങിച്ചോണ്ടു വരാം." അവൾ എന്നോട് പറഞ്ഞു. "എന്തായാലും പോവുകല്ലേ എനിക്ക് പറ്റിയ ഒരു ഹോസ്റ്റൽ ഉണ്ടോന്ന് കൂടി അന്വേഷിച്ചേക്ക്... ചേട്ടനവൾക്കു വെറുതെ ആശ കൊടുക്കുന്നതെന്തിനാ...?" ഞാൻ ചോദിച്ചു. പക്ഷെ നമ്മളു പറയുന്നത് ശ്രദ്ധിക്കുന്ന സ്വഭാവം പണ്ടേ ഇല്ലല്ലോ.. ! ഇനി തിരിച്ചു വരുമ്പോൾ ഇവിടെ ഭൂകമ്പം നടക്കും . ഞാൻ ഉറപ്പിച്ചു. പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും നടന്നില്ല. അവൾ വളരെ സന്തോഷത്തോടെയാണ്‌ തിരിച്ചു വന്നത്. "എന്താ കുതിരയെ വാങ്ങിച്ചില്ലേ...?". ഞാൻ ചോദിച്ചു. "അമ്മേ... ആ കുതിരകുട്ടി തീരെ ചെറുതാ... ഇപ്പൊ നമ്മൾ ഇങ്ങോട്ട് കൊണ്ടുവന്നാൽ അതിനതിന്റെ അമ്മയെ കാണാതെ സങ്കടാവും. പിന്നെ അതിനു പാല് കുടിക്കണ്ടേ..?അത് വലുതാവുമ്പോൾ ആ കുതിരക്കാരൻ അച്ഛനെ വിളിച്ചു പറയും. അപ്പൊ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം." അവളുടെ നിഷ്കളങ്കമായ മറുപടി കേട്ട് ഇതിനെല്ലാം കാരണഭൂതൻ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും വാഗ്ദാനം നൽകി പറ്റിക്കുന്ന കാര്യത്തിൽ മ്മടെ കേട്ട്യോനെക്കാളും കേമൻ വേറെ ഉണ്ടോ...?
Jeena Rajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo