Slider

രഹസ്യം

0

ഹോസ്പിറ്റലിലെ ഗൈനിക് വിഭാഗത്തിന് മുന്നിൽ പതിവുപോലെ തന്നെവലിയ തിരക്ക്. ഏറ്റവും കൂടുതൽ അവശരെ കാണുന്നതും ഈ വിഭാഗത്തിന് മുന്നിലാണല്ലോ. ചിലർ വലിയ വയറും താങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ചിലർ ഭർത്താവിന്റെയോ അമ്മയുടേയോ ചുമലിൽ ചാരി കിടക്കുന്നു. സ്കാനിങ്ങിനു പോകാൻ വേണ്ടി കുപ്പിക്കണക്കിനു വെള്ളം അകത്താക്കുന്ന വേറെ ചിലർ. ഒരു ഗർഭിണി പ്ലാസ്റ്റിക് കവറിനുള്ളിൽ തലയിട്ടു ഛർദിക്കുന്നു പുറം തടവിക്കൊണ്ട് മറ്റൊരു സ്ത്രീ. 
ആ സമയത്താണ് നഴ്സിംഗ് അസിസ്റ്റന്റ് തിരക്കിനിടയിലൂടെ ഓടിവന്ന് ഡോക്ടറോട് എന്തോ രഹസ്യം പറഞ്ഞത്. ഏറെ പരിഭ്രമത്തോടെ ഡോക്ടർ ലേബർ റൂമിലേക്ക് ഓടിപ്പോയി. അവിടൊരു പെൺകുട്ടി വേദനയുമായി കരഞ്ഞുകൊണ്ട് നിൽക്കുന്നു. കൂടെ വന്ന കുട്ടിയുടെ 'അമ്മ തലയിൽ കൈവെച്ചു നിലത്തിരിക്കുന്നു.കുട്ടി വന്നത് വയറുവേദനക്കുള്ള ചികിത്സക്കാണ്. പതിനാലു വയസ്സിൽ താഴെ പ്രായം. പരിശോധനക്കിടയിൽ സംശയം തോന്നിയ ജനറൽ മെഡിസിൻ ഡോക്ടർകുട്ടിയെ ഗൈനിക്‌ വിഭാഗത്തിലേക്ക് വിട്ടതായിരുന്നു. ജൂനിയർ ഡോക്ടർ കുട്ടിയെ പരിശോധിച്ചു.കുട്ടി ഗർഭിണിയാണെന്ന് തെളിയുകയും ചെയ്തു. ഏഴു മാസത്തിലധികം ആയിരിക്കുന്നു. പോഷകാഹാര കുറവ് കാരണമാകാം വയറിനു വലിയ വലിപ്പം തോന്നിക്കുന്നില്ല.. ഇത്രയും നാൾ കുട്ടി ഗ്യാസിനുള്ള മരുന്ന് കഴിക്കുകയായിരുന്നുവത്രെ.
വിവരമറിഞ്ഞ 'അമ്മ വലിയ നിലവിളിയോടെ നിലത്തിരുന്നു. വേദനിക്കുന്ന വയർ തിരുമ്മിക്കൊണ്ട്പെൺകുട്ടിയും. കുട്ടി പ്രസവ ലക്ഷണങ്ങളൊക്കെ കാണിച്ചു തുടങ്ങി.. ഉടൻ തന്നെ അവളെ ലേബർ റൂമിനുള്ളിലേക്കു കൂട്ടികൊണ്ടുപോയി.അവിടെ ധാരാളം സ്ത്രീകൾക്കിടയിൽ ഒരു കൊച്ചു പെൺകുട്ടിയും. ഞരക്കവും മൂളലും കരച്ചിലുമൊക്കെകൊണ്ട് അവിടം നിറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് നഴ്സുമാരുടെ ഉച്ചത്തിലുള്ള ശകാരങ്ങളും.. പെൺകുട്ടിക്ക് കിടക്കാനായി കട്ടിലൊരുങ്ങി. കുറച്ചു മുൻപ് സംശയം തോന്നി നടത്തിയ സ്കാനിങ്ങിൽ കുഞ്ഞു തലതിരിഞ്ഞ വന്നതായി കണ്ടിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞുകാണും.. പെൺകുട്ടിഒരു നിലവിളിയോടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
അവൾക്കു മുന്നേ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്ത പലരും അപ്പോഴും അവിടെ വേദന കടിച്ചവർത്തി കിടക്കുന്നുണ്ടായിരുന്നു. ഒരു പാവക്കുട്ടിയെ കണ്ട പ്രതീതിയോടെ പെൺകുട്ടി തന്റെ കുഞ്ഞിനെ നോക്കി കിടന്നു. ആരോഗ്യമുള്ള കുഞ്ഞ്.. നഴ്സിന്റെ നിർദേശപ്രകാരം അവളാ കുഞ്ഞിന് പാലൂട്ടി. അവളുടെ 'അമ്മ ഡോക്ടറുടെ മുന്നിൽ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പിറ്റേദിവസം അതിരാവിലെ തന്നെ കുഞ്ഞുമായി അവർ പോയി.. അതിനടുത്ത ദിവസം പത്രങ്ങളിൽ ചെറിയ കോളത്തിൽ ഒരു വാർത്തയുണ്ടായിരുന്നു... ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിനെ പട്ടികൾ കടിച്ചുകീറി കൊന്നുവെന്ന്.
മുകളിൽ കുറിച്ച കഥക്ക് കാരണമായത് ഇന്നത്തെ പത്രവാർത്തയാണ്.. ഗർഭകാലത്തു ഒരു സ്ത്രീക്ക് ധാരാളം മാറ്റങ്ങളുണ്ടാകും. മാനസികമായും ശാരീരികമായും.
എത്ര ആരോഗ്യമുണ്ടെങ്കിലും ഇതൊക്കെ പതിവാണ്.. എന്നിരിക്കെ വെറും പതിനാലു വയസ്സ് മാത്രം പ്രായമുള്ളഒരു പെൺകുട്ടി ഇതെല്ലാം ഒളിച്ചുവെച്ചു പ്രസവം അടുക്കാറാകുമ്പോൾ ഒരു വയറുവേദനയുടെ പേരും പറഞ്ഞു ആശുപത്രിയിൽ വരുന്ന രംഗം ചിന്തിക്കാൻ തന്നെ പ്രയാസം. കൂടെ കഴിയുന്ന 'അമ്മ പോലും ഇതൊന്നും അറിഞ്ഞിട്ടില്ല എന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ..


By UmaPradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo