Showing posts with label ഉമാപ്രദീപ്. Show all posts
Showing posts with label ഉമാപ്രദീപ്. Show all posts

ഒരു യാത്രാനുഭവം

ഒരു യാത്രാനുഭവം
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ട്രെയിനിലെ തേർഡ് എ സി യിൽ സീറ്റ് കിട്ടാൻ വേണ്ടി കൊതുകുകടിയുംകൊണ്ട് പാവം ഭർത്താവ് രാത്രി പത്തുമുതൽ സ്റ്റേഷന് മുന്നിൽ നിന്ന് കിട്ടിയ ടിക്കറ്റും കൊണ്ട് ട്രെയിനിൽ കേറുമ്പോൾ ടിക്കറ്റ് കിട്ടാതെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവരെ ഓർത്തു ഒരു സങ്കടവും തോന്നിയില്ല. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ ഞങ്ങളെയും കാത്തു ഒന്നാമത്തെ പ്ലാറ്റുഫോമിൽ തന്നെയുണ്ട്. സീറ്റിനടിയിൽ ലഗേജ് സുരക്ഷിതമായി വെച്ച ശേഷം ഞങ്ങൾ പരസ്പരം നോക്കി ദീർഘനിശ്വാസം ചെയ്തു. ഒരു മലയാളി എങ്കിലും വരണേയെന്നു പ്രാർഥിച്ചെങ്കിലും ദൈവം അത് കേട്ടില്ല. അവിടെ ബാക്കിയുള്ള ആറു സീറ്റിലേക്കും വന്നത് ഒന്നാംതരം ഹിന്ദിക്കാർ. കേരളത്തിൽ ഇപ്പൊ അവരാണല്ലോ കൂടുതൽ. കേരളത്തിലെ തേങ്ങാ മുഴുവനും അവർ പാക്ക് ചെയ്തെടുത്തിട്ടുണ്ട്. എല്ലാരും ഭയങ്കര ഡീസെന്റ്.. ഞങ്ങളും അങ്ങനെതന്നെ ഭാവിച്ചു. കൂട്ടത്തിൽ മഹാഭാരതത്തിലെ ഭീമൻ എന്ന് തോന്നിപ്പിക്കുന്ന ഒരാളുമുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന കുട്ടികളെ കാണുമ്പോഴും അവരുടെ ഒച്ച കേൾക്കുമ്പോഴും അയാൾ അസ്വസ്‌ഥനാകുന്നു. ശബ്ദമലിനീകരണത്തെ കുറിച്ചു കക്ഷി ഒരു ക്ലാസ് തന്നെയെടുത്തു. രാത്രിയായി. എല്ലാരും കരുതി വെച്ചിരുന്ന ആഹാരമൊക്കെ കഴിച്ചു. റെയിൽവേ ജീവനക്കാർ തന്ന കമ്പിളിയും ഒരു തലയിണയും രണ്ടു ബെഡ്ഷീറ്റും.. ഇത്തവണ എനിക്ക് കിട്ടിയത് ലോവർ ബെർത്ത് ആയതുകാരണം സർക്കസ് ഒഴിവായിക്കിട്ടി. ഒരുറക്കം കഴിഞ്ഞുകാണും ഞാൻ ഒന്ന് ഉണർന്നു.ഏതോ കൊടും വനത്തിൽ അകപ്പെട്ട പ്രതീതി. വന്യമൃഗങ്ങൾ നിറഞ്ഞ കാട്.. സിംഹം മുതൽ പൂച്ച വരെയുണ്ട്. കൂട്ടത്തിൽ ചൂളം വിളിക്കുന്ന ഏതോ ഒരു പക്ഷിയും. കണ്ണ് തുറന്നു നോക്കി..വനമല്ല. ട്രെയിനിൽ തന്നെയാണ്. മൃഗങ്ങളുമില്ല. കിടന്നുറങ്ങുന്ന ജനതയുടെ കൂർക്കം വലിയായിരുന്നു. അതിൽ ഒരാൾവളരെ ശാന്തനായി അയാളുടെ ആരോഗ്യത്തിനനുസരിച്ചു വളരെ മെല്ലെഒരു പൂച്ച കുറുകുമ്പോലെ.. മറ്റൊരാൾ അഞ്ചു മിനിറ്റ് ഗ്യാപ് ഇട്ടു ആന ചിന്നം വിളിക്കും പോലെ ഒരു അലർച്ച.. പിന്നെ അയാൾ റസ്റ്റ് എടുക്കും. പിന്നൊരു മനുഷ്യൻ ചൂളം വിളിച്ചു തകർക്കുന്നു. ഏറ്റവും രസകരം ശബ്ദമലിനീകരണത്തെക്കുറിച്ചു ഘോര ഘോരം സംസാരിച്ച വ്യക്തിയുടേതായിരുന്നു. അനിമൽ പ്ലാനെറ്റിൽ ഇര കിട്ടി സംതൃപ്‌തനായ സിംഹങ്ങൾ പുറപ്പെടുവിക്കുന്ന അതെ ശബ്ദം. ബി1ൽ കിടന്ന എല്ലാരുടെയും ഉറക്കം കെടുത്തി ആ മനുഷ്യൻ.. ഏതായാലും കഷ്ടപ്പെട്ടു ടിക്കറ്റ് കിട്ടിയത് വെറുതെയായില്ല. അപ്പോളൊരു സംശയം.. ഇനിയിപ്പോ ഉറങ്ങിക്കിടന്ന എന്റെ കൂർക്കംവലി ആരുടെയെങ്കിലും ഉറക്കം കളഞ്ഞുകാണുമോ.. ഞാനിനി കൂർക്കം വലിക്കാറുണ്ടോ.. ആവോ...!!
Uma Pradeep

ഗുലുമാൽ

ഗുലുമാൽ
-----------------
ഒരു ഏപ്രിൽ മാസം.. ചൂട് അസഹനീയം.. ഒരു പീരീഡ് പോലും ഫ്രീ ഇല്ല. രണ്ടുമൂന്നു അധ്യാപകർ അവധിയിൽ ആയത്കാരണം ഉള്ള ഫ്രീ പീരീഡ് ഒക്കെ പോയിക്കിട്ടി. വിയർത്തൊലിച്ചു ഡ്രസ്സ് ദേഹത്തൊട്ടിപ്പിടിക്കാൻ തുടങ്ങി. കൊണ്ട് വന്ന വെള്ളവും സ്റ്റാഫ്‌റൂമിലെ മൺകുടത്തിൽ വെച്ചിരുന്ന വെള്ളവുമൊക്കെ കുടിച്ചു തീർത്തു. ലഞ്ച് ബ്രെക്കിനായി കാത്തിരുന്നു..അതാ ബെൽ കേൾക്കുന്നു. ഓടിവന്ന് കസേരയിൽ ഫാനിനു താഴെ ചെന്നിരുന്നു. ചൂട് കാറ്റാണെങ്കിലും എന്തൊരാശ്വാസം.
ഒരു മിനിറ്റു കഴിഞ്ഞു കാണും സഞ്ജയ് ഭായ് ഒരു ബുക്കുമായി വന്നു.. അതിലതാ എന്റെ പേര്.. എൽ.കെ.ജി യിൽ സ്പെഷ്യൽ ലഞ്ച് ഡ്യൂട്ടി!!.
കരച്ചിൽ വന്നെങ്കിലും അനുസരിക്കാതെ പറ്റില്ലല്ലോ.
ക്ലാസ്സിനകത്തേക്കു വലതുകാൽ വെച്ചതും, അതാ ഡസ്റ്റർ എന്റെ മുഖത്തെ ലക്ഷ്യമാക്കി വരുന്നു. പെട്ടന്ന് തല വെട്ടിച്ചതുകൊണ്ട് അത് പുറത്തേക്കു പോയി. പത്താം ക്ലാസ്സുകാരെ വിറപ്പിക്കുന്ന ഞാൻ എൽ.കെ.ജി യിൽ എത്തിയതും വിറക്കാൻ തുടങ്ങി. പത്തു നാൽപ്പതു പിള്ളേർ.. ഒരു ബഹുമാനവും കാണിക്കാതെ ഓടിച്ചാടി ക്ലാസ്സിനകത്തുകൂടി നടക്കുന്നു.
ഒരു പെൺകുട്ടി ഒരുത്തനെ കുനിച്ചുനിർത്തി ഇടിക്കുന്നു.
ഒരാൾ പാന്റിന്റെ സിബ് ഇടാനുള്ള തത്രപ്പാടിൽ..
കുറേപ്പേർ പടം വരക്കുന്നു.
ചിലർ കൈയിലെ വിയർപ്പു കൊണ്ട് ബോർഡിൽ പടം വരക്കുന്നു.
കയ്യിലിരുന്ന വടികൊണ്ട് മേശപ്പുറത്തു രണ്ടു അടികൊടുത്തതും എല്ലാരും നല്ല കുട്ടികളായി. വടികണ്ട്പ്പോൾ അവർക്കു പിടികിട്ടികാണും ഞാനുമൊരു മിസ്സ്‌ ആണെന്ന്. പിന്നെ എല്ലാരേയും വരിവരിയായി കൈകഴുകാൻ വിട്ടു. തിരികെ വന്നു എല്ലാരും ലഞ്ച് ബോക്സ് എടുത്തു ഡെസ്കിൽ വച്ചു. ചിലർ പാത്രം തുറന്നു കഴിക്കാൻ തുടങ്ങി. മറ്റുചിലർക്ക് പാത്രം എന്നെ കൊണ്ട് തുറപ്പിക്കണമായിരുന്നു.
എല്ലാരും പാത്രം തുറന്നു എന്ന് മനസ്സിലായപ്പോൾ ഒന്ന് ഇരുന്നേക്കാമെന്നു കരുതി... ക്ലാസ്സിലിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു. കൈയിലെ വടി ഉയർത്തിതന്നെ വെച്ചിരുന്നു. അപ്പോഴേക്കും വിമലാജി ചായ കൊണ്ടുതന്നു. ഉഷ്ണം ഉഷ്ണേന ശാന്തി..
ഞാൻ ആ ചൂട് ചായ കുടിച്ചുകൊണ്ട് നോക്കുമ്പോളതാ ഒരു കുഞ്ഞൻ പാത്രം തുറന്നു വെച്ച് കരഞ്ഞുകൊണ്ടിരുന്നു.ഞാൻ പുള്ളിയെ അടുത്തേക്ക് വിളിച്ചു.. ആദ്യം ഒന്ന് മടിച്ചെങ്കിലും കക്ഷി പാത്രവുമായി അടുത്തേക്ക് വന്നു. ഞാനതിലേക്കു നോക്കി.. ഉരുളക്കിഴങ്ങു സ്റ്റഫ് ചെയ്ത റൊട്ടിയും തൈരും.. എന്തോ വൃത്തികെട്ട സാധനം എന്ന മട്ടിൽ കുഞ്ഞൻ അതിനടുത്തേക്കു വരുന്നേയില്ല.
ഞാൻ മെല്ലെ അവനെ അടുത്തേക്ക് ചേർത്തുനിർത്തി.. കുഞ്ഞി കവിളിൽ തലോടി.. ഇത്രേം ആയപ്പോ കുഞ്ഞൻ കൂട്ടായി. പുള്ളി നേരെ എന്റെ മടിയിൽ കേറിയിരുന്നു. ഞാൻറൊട്ടി ചെറിയ കഷ്ണങ്ങളാക്കി തൈരിൽ മുക്കി അവന്റെ വായിലേക്ക് വെച്ചുകൊടുത്തു..ഒരു മടിയും കൂടാതെ കൊടുത്തതൊക്കെ അവൻ കഴിച്ചു.
അപ്പോളതാ വേറൊരു സുന്ദരിക്കുട്ടി അവളുടെ ലഞ്ച് ബോക്സുമായി എന്റടുത്തേക്കു വരുന്നു.അവളുടെ പാത്രത്തിൽനിന്ന്ഒരു കഷ്ണം റൊട്ടി അവളുടെ വായിലും വെച്ച് കൊടുത്തു. പിന്നെ അവിടെ നടന്നത് ഒരു സമ്മേളനമായിരുന്നു. എല്ലാരും അവരവരുടെ പാത്രവുമായി എന്റെ അടുത്തെത്താൻ തിക്കിത്തിരക്കുന്നു. ക്ലാസിലാകെ ബഹളം...
അടുത്ത ക്ലാസ്സിൽ നിന്ന് ടീച്ചർമാർ വന്നു എത്തിനോക്കാൻ തുടങ്ങി. വടി നോക്കിയിട്ടു കാണുന്നുമില്ല. ആകെ ജഗപൊക.ഞാൻ തോറ്റു തൊപ്പിയിട്ടു. പിള്ളേർ കിട്ടിയ അവസരം ആഘോഷമാക്കി. ഏതായാലും എല്ലാം കുളമായി. ബെല്ലടിച്ചതും ഞാൻ സ്റ്റാഫ് റൂമിലേക്ക് ഓടി. സ്റ്റാഫ് റൂമിലെത്തിയതും പ്രിൻസിപ്പലിന്റെ വിളി വന്നു. മിക്കവാറുംഎന്നെ പിരിച്ചുവിടാൻ തന്നെ ആയിരിക്കും.. പേടിച്ചുനിൽക്കുന്ന എന്നെ കണ്ടതും സാർ ഒരു അപേക്ഷ.. "ഉമ ഇനി എൽ.കെ.ജി യിലേക്ക് പോകരുത് എന്ന്". മിഥുനം സിനിമയിൽ മോഹൻലാൽ ജഗതിയോട് "അളിയൻ ഇനി ഈ വീട്ടിൽ അലുവ കൊണ്ടുവരരുത്" എന്ന് പറയുന്ന ഡയലോഗ് കാണുമ്പോൾ ഈയിടെയായി എനിക്ക് ഓർമ്മ വരുന്നത് പ്രിൻസിപ്പലിന്റെ മുഖമാണ്.

uma

തൃപ്തി

തൃപ്തി
------------
മുററത്ത് കത്തിച്ചുവെച്ച നിലവിളക്ക് പ്രഭയോട് കൂടി കത്തുന്നു.. പച്ചയോല മെടഞ്ഞു കൊണ്ടിരിക്കുന്നയാൾ മുറ്റത്തെ തുളസിത്തറക്കു പിന്നിലേക്ക് നീട്ടിത്തുപ്പി.. ചുവന്ന കറ അവിടമാകെ വൃത്തികേടാക്കി. മുറ്റത്തു അവിടവിടായി കെട്ടിനിൽക്കുന്ന മഴവെള്ളം.. ചന്ദനത്തിരിയുടെ സുഗന്ധവും കൂടെ അല്പം തണുപ്പും പേറിനടക്കുന്ന കാറ്റ്.
എല്ലാത്തരം പച്ചക്കറികളും കോർത്തെടുത്ത പച്ചയീർക്കിൽ ഒരു വാഴയിലയിൽ ചുരുട്ടിവെച്ചിരിക്കുന്നു. വീടിനു പിന്നാമ്പുറത്ത് പെണ്ണുങ്ങളുടെ പൊട്ടിച്ചിരി. കുട്ടികൾ ഉറക്കച്ചടവോടെമുറ്റത്തു നടക്കാൻ പോകുന്ന ചടങ്ങു കാണാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുന്നു. വെള്ളമുണ്ടും അരയിൽ ചുവന്ന പട്ടും കെട്ടിയ ഒരാൾ മുറ്റത്തു വിളക്കിനരികിലിരുന്നു എന്തക്കെയോ ഉരുവിടുന്നു. അയാളുടെമുന്നിലായി മൂന്നു പുരുഷന്മാരും രണ്ടു സ്ത്രീകളും നമ്രശിരസ്കരായി ഒരു കാൽമുട്ട് നിലത്തു വെച്ചിരിക്കുന്നു. അവർക്കു മുന്നിലായി വാഴയിലയിൽ എള്ളും പൂവും ചോറുരുളകളും..
കർമങ്ങളെല്ലാം കണ്ടുകൊണ്ട് തെക്കേമുറ്റത്തെ വാഴകൈയിൽ ചാഞ്ഞും ചരിഞ്ഞും കഴുത്തുനീട്ടി നോക്കിരിക്കുന്ന ബലിക്കാക്കയെ കണ്ടു കാർമ്മികന്റെ കണ്ണ് തിളങ്ങി. കിണ്ടിയിൽ നിന്ന് നീർ പകർന്നു മോതിരവിരലിൽ നിന്ന് ദർഭയൂരി അച്ഛനെ മനസ്സിൽ ധ്യാനിച്ച് മക്കൾ കർമം അവസാനിപ്പിച്ചു.
വാഴയിലയിൽ പൊതിഞ്ഞ ചോറ് തെക്കേമുറ്റത്തെ ആളൊഴിഞ്ഞ കോണിൽ കൊണ്ടുചെന്നു വെച്ച് വാഴക്കയ്യിലിരിക്കുന്ന ബലിക്കാക്കയെ നോക്കി മൂന്നു തവണ കൈകൊട്ടി, തിരിഞ്ഞു നോക്കാതെ നടന്നു അവർ ശരീരശുദ്ധിക്കായി പോയി.
ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന, കണ്ണുകളിൽ വിഷാദംനിറഞ്ഞു നിൽക്കുന്ന വൃദ്ധയെ ഒന്നു ചെരിഞ്ഞുനോക്കി ബലിക്കാക്ക പറന്നു പോയി..
റോഡരികിൽ വെച്ചിരിക്കുന്ന കുപ്പത്തൊട്ടിയിലെ ചീഞ്ഞളിഞ്ഞ ഭക്ഷണം നിറഞ്ഞ സ്വാദോടെ അത് ഭക്ഷിച്ചു.. ജീവിച്ചിരുന്നപ്പോൾ സന്തോഷത്തോടെ ഒരു തുള്ളി വെള്ളം നൽകാത്ത മക്കളുടെ ബലിച്ചോറിനേക്കാൾ അത് ഇഷ്ടപ്പെട്ടത് കുപ്പത്തൊട്ടിയിലെ പുഴുവരിച്ച ഭക്ഷണമായിരുന്നു!!

uma 

സാബു

സാബു
""""""""""""
ക്ലാസ്സിൽ ഡെമോക്രസിയെ കുറിച്ച് വാ തോരാതെ പറഞ്ഞു നിൽക്കുമ്പോളാണ് വാതിലിനു മുന്നിലൂടെ പ്യൂൺ ഒരുത്തനെ ചെവിയിൽ തൂക്കി എടുത്തു നടന്നുപോയത്. എന്താ കാര്യമെന്ന് അറിയാനുള്ള ആഗ്രഹമുണ്ടായെങ്കിലും അത് ഉള്ളിലൊതുക്കി വീണ്ടും ഡെമോക്രസിയുടെ മാഹാത്മ്യം വാഴ്ത്താൻ തുടങ്ങി..
രണ്ടാമത്തെ പീരീഡ് കഴിഞ്ഞു സ്ററാഫ്റൂമിലേക്ക് പോകുമ്പോൾ വൈസ് പ്രിൻസിപ്പലിന്റെ മുറിക്കുപുറത്തായി രണ്ടു ആൺകുട്ടികൾ.... ഒരുത്തന്റെ കൈയിൽ നിന്നും കുടുകുടെ ചോര ഒഴുകുന്നു. മറ്റേ കക്ഷി കാൽവിരൽ കൊണ്ട് കളം വരച്ചു കുനിഞ്ഞു നിൽക്കുന്നു. കാര്യമന്വേഷിച്ചപ്പോളാണ് അറിഞ്ഞത് ഒരുത്തൻ മറ്റവനെ കോമ്പസ് കൊണ്ട് കുത്തിയത്രെ!!!. കുത്തിയവന്റെ ജാതി വിളിച്ചതാണത്രേ കാരണം. അധ്യാപകരും കുട്ടികളുമൊക്കെ അവരുടെ മുന്നിലൂടെനടക്കുന്നു. രണ്ടുപേരുടെ മുഖത്തും കുറ്റബോധം തീരെയില്ല.
പെട്ടന്നാണ് ഞാൻ ഫ്ലാഷ് ബാക്കിലേക്കു പോയത്.vഗ്രാമത്തിലെ ഒരു സ്കൂൾ.. രണ്ടാംക്ലാസ്..ക്ലാസ്സിലൂടെ ഓടി നടക്കുന്ന ഞങ്ങൾ കുറെ പീക്കിരികൾ. മഴ തിമിർത്തു പെയ്യുന്നു. പുതിയ ക്ലാസ് ടീച്ചർ മുട്ടനൊരു വടിയുമായി ക്ലാസ്സിലേക്ക്..
വെള്ള മുണ്ടും വെള്ള ഷർട്ടും മാത്രം ഇടാറുള്ള ഭാസ്കരൻ സാർ.
സാർ ക്ലാസ്സിലേക്ക് കയറിയതും ഞങ്ങളെല്ലാം സഡൻ ബ്രേക്കിട്ടു കിട്ടിയ സ്‌ഥലത്തൊക്കെ ഇരുന്നു. ഞാൻ ചെന്നിരുന്നത് ദീപുവിന്റെയും വിനോദിന്റെയും ഇടയ്ക്കായിരുന്നു.
സാർ കസേരയിൽ ഇരുന്നു. ക്ലാസ്സിലാകെ കണ്ണോടിച്ചു.. ആ നോട്ടം വന്നു നിന്നത് എന്നിലായിരുന്നു. വടി എന്റെ നേരെചൂണ്ടി എഴുനേൽക്കാൻ ആംഗ്യംകാണിച്ചു..ഞാൻ മെല്ലെ മടിച്ചു മടിച്ചു എണീറ്റതും സാർ പെണ്കുട്ടികളിരിക്കുന്നഭാഗത്തേക്ക് വടി ചൂണ്ടി കാണിച്ചു. എനിക്ക് കോമൺ സെൻസ് ഉള്ളതുകൊണ്ട് സാർ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി. ബുക്ക് വെച്ചിരുന്ന സഞ്ചിയും നീളമുള്ള കുടയും വാട്ടർ ബോട്ടിലുമായി ഒരു അഭയാർഥി സ്റ്റൈലിൽ പെണ്കുട്ടികളിരിക്കുന്ന ഭാഗത്തേക്ക് ഞാൻ നടന്നു. അന്ന് ക്ലാസ്സിൽ ഞങ്ങൾക്കിരിക്കാൻ ബെഞ്ച് മാത്രമേയുള്ളു.. ബാഗ് വെക്കാൻ ഡെസ്ക് ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുപേർക്കിടയിൽ ഈസി ആയി ഞാൻ ചെന്നിരുന്നു.
സർ എല്ലാരോടും സ്ളേറ്റിൽ സ്വരാക്ഷരവും വ്യഞ്ജനാക്ഷരവും എഴുതാൻ പറഞ്ഞു. അപ്പോഴാണ് പുറത്തു ഒരു വലിയ ആൺ കുട്ടി വന്നു നിന്നത്.. സാർ അവനെ അകത്തേക്ക് വിളിച്ചു.. പിന്നെ ഞങ്ങൾക്കൊക്കെ അവനെ പരിചയപ്പെടുത്തി. പേര് സാബു.
രണ്ടാം ക്ലാസ്സിൽ രണ്ടാം വര്ഷം. അത് കേട്ടതുംഞങ്ങൾക്കൊക്കെ പുച്ഛവും അവനു ദേഷ്യവുമായി. കക്ഷി പോയി ഏറ്റവും പിറകിലായിരുന്നു. വലിപ്പം കൂടുതലായതുകൊണ്ടാകും എല്ലാർക്കും അവനെ പേടിയായിരുന്നു. ഞങ്ങൾ സ്നാക്സ് ആയി കൊണ്ടുവരാറുള്ള കാരക്ക, നെല്ലിക്ക, വാളൻപുളി, പുളിങ്കുരു വറുത്തത് ഒക്കെ അനുവാദം കൂടാതെ കക്ഷി അകത്താക്കിയിരുന്നു. ചുരുക്കത്തിൽ ഞങ്ങൾക്കൊക്കെ സ്വാതന്ത്ര്യം നഷ്ടമായി..
അങ്ങനെയിരിക്കെ ഒരുദിവസം അവൻ അനുവാദം കൂടാതെ എന്റെ പെൻസിൽ എടുത്തു കണക്കു ബുക്കിൽ പടം വരക്കാൻ തുടങ്ങി.. അററത്തു റബ്ബർ ഉള്ള പെൻസിൽ.. ഞാനതു പൊന്നുപോലെ കൊണ്ടുനടന്നതായിരുന്നു.
അര മണിക്കൂർകഴിഞ്ഞതും ആ പെൻസിലിന്റെ രൂപം മാറി.. റോസ് നിറമുള്ള റബ്ബർ കരിക്കട്ട പോലെയായി.. ആവശ്യം കഴിഞ്ഞതും അവനത് എന്റെ മുന്നിലേക്കിട്ടുതന്നു.
"എന്റെ ബാഗിൽ നിന്ന് എടുത്തതുപോലെ തന്നെ എനിക്കിതുതിരിച്ചുവേണം".. ദേഷ്യം സഹിക്ക വയ്യാതെ ഞാൻ..
 സാബു എന്നെ ഒന്ന് നോക്കി എന്നിട്ടു ആ പെൻസിൽ എടുത്തു രണ്ടായി ഒടിച്ചു. ഞാൻ വലിയ വായിൽ കരഞ്ഞു.. കൂട്ടുകാർ ഓടിക്കൂടി..സാർ വിവരമറിഞ്ഞു.. ഞാൻ അവനെ ഇടിച്ചു എന്ന് സാറിനോടവൻ കള്ളം പറഞ്ഞു.. എനിക്ക് സാക്ഷി പറയാൻഒരുപാടുപേർ ഉണ്ടായിട്ടും സാർ ഞങ്ങൾക്ക് ശിക്ഷ വിധിച്ചു.
എന്നെയും അവനെയും ഒരു ബെഞ്ചിൽ അടുത്തടുത്ത് കൊണ്ടിരുത്തി.. രണ്ടു മൂന്നു തവണ അവനെന്നെ തള്ളിയിടാൻ നോക്കി.. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ.. എന്നൊന്നും പറയാൻ അന്നറിയില്ലായിരുന്നു. എന്നെ കൊണ്ടാകും പോലെ ഞാനും തിരിച്ച് ഉപദ്രവിച്ചു. പിറ്റേദിവസം ക്ലാസ്സിൽ വന്നതും അവനെന്റെ തലമുടിയിൽ ചുറ്റിപ്പിടിച്ചു വലിച്ചു.. ഒന്നും മിണ്ടാതെ ഞാൻ ബെഞ്ചിൽ പോയിരുന്നു. ഭാസ്കരൻസാർ അന്ന് തന്ന ക്ലാസ് വർക്ക് അഞ്ചു പൂക്കളുടെ പേര് എഴുതുക എന്നതായിരുന്നു..
സാബു എത്തിയുളിഞ്ഞു എന്റെ സ്ലേറ്റിലേക്കു നോക്കാൻ തുടങ്ങി..
"സാർ ഇവൻ കട്ടെഴുതുന്നു"..
സാർഅവനെ എഴുന്നേൽപ്പിച്ചുനിർത്തി.. അവനെന്റെ കാലിലെ കുഞ്ഞു വിരൽ ചവിട്ടിയമർത്തിക്കൊണ്ട് എണീറ്റ് നിന്നു. അവനെ കൊന്നാലോ എന്ന് വരെ ആ സമയം തോന്നിപ്പോയി. അപ്പോഴാണ് ഒരു ഐഡിയ എനിക്ക് കിട്ടിയത്..
 രണ്ടാമത്തെ പീരീഡ് സാർ വന്നു.. ഞങ്ങൾ സാർ നമസ്തേ പറഞ്ഞു.. എല്ലാരും ഇരിക്കൂ എന്ന് പറഞ്ഞതും ഞാൻ ആദ്യം ഇരുന്നിട്ട് മൂർച്ചയുള്ള എന്റെ പെന്സില് ബെഞ്ചിൽ കുത്തി നിർത്തി. സാബു ആവേശത്തോടെ ഇരുന്നു.
പിന്നെ കേട്ടത് അയ്യോ എന്നൊരു വിളിയാണ്. പെൻസിൽ താഴെ വീഴാതെ ഞാൻ ഉദ്ദേശിച്ച സ്‌ഥലത്തു തന്നെയുണ്ട്. കണക്ക്സാർ വന്നു എല്ലാം കണ്ടു ബോധിച്ച് പെൻസിൽ ഊരിയെടുത്തു. അറിയാതെ പറ്റിപോയെന്നു ഞാൻ സാറിനോട്‌ കള്ളം പറഞ്ഞു.. ആ സമയം ദേഷ്യം വന്ന സാബു എന്നെ ഉന്തിത്തള്ളിയിട്ടു. അതുകണ്ട സാറിന് കലികയറി, അവനിട്ടു പൊതിരെ കൊടുത്തു.. കൂടാതെ ഹെഡ്മാസ്റ്ററിന്റെ വക വേറെ..
എന്നെ അന്ന് ആരും ശിക്ഷിച്ചില്ല.. കാരണം അജ്ഞാതം.. അങ്ങനെ ഞാൻ കുട്ടികൾക്കിടയിൽ ഝാൻസിറാണി ആയി. അടുത്ത ദിവസം കാണിക്ക വെക്കുംപോലെ കുറെ ഭക്ഷണ സാധനങ്ങൾ കൂട്ടുകാർ എനിക്ക് കൊണ്ടുതന്നു. അതൊക്കെ തിന്നു സ്കൂളിന്റെ വരാന്തയിലൂടെ നടക്കുമ്പോളതാ സാബു.. കൂടെ ഒരു ആജാനബാഹു.. രണ്ടുപേരും നേരെ എന്റടുത്തേക്കു വരുന്നു.. വായിൽ കിടന്ന പുളിങ്കുരു അറിയാതെ വിഴുങ്ങിപ്പോയി.. അച്ഛാ ഇവളാ എന്നെ കുത്തിയത്.. അയാൾ എന്നെ ഒരു മിനിറ്റുനോക്കി നിന്നു.. അടുത്ത നിമിഷം സാബുവിന്റെ ചെകിട്നോക്കി ഒരടി.. കവിളിൽകൈ വച്ച് നിൽക്കുന്ന സാബുവിനെ നോക്കി അച്ഛൻ ചോദിച്ചു.. "നിന്റെ പകുതിപോലുമില്ലാത്ത ഈ കൊച്ചാണോടാ നിന്നെകുത്തിയത്??.. സ്കൂളിൽ വരാതിരിക്കാൻ ഓരോ ഇടപാടുകൾ"..
എല്ലാർക്കും മുന്നിലും തോറ്റ സാബുവിന് ദേഷ്യം ഇരട്ടിച്ചു.. ബാലകലോത്സവം നടക്കുന്നദിവസം.. പദ്യപാരായണം കഴിഞ്ഞ് ഇറങ്ങി വന്ന എന്റെ മുന്നിൽ സാബു. ഇടതുകൈകൊണ്ട് അവനെന്റെകൈയിൽ പിടിച്ചു.. കയ്യിലിരുന്ന കോമ്പസ് കൊണ്ട് എന്റെ കൈ കുത്തി മുറിച്ചു. ആ ദിവസം തന്നെ സാബുവിന് ടി സി കിട്ടി.
വർഷങ്ങൾ കഴിഞ്ഞു.. ജനിച്ച നാടുമായുള്ള എന്റെ ബന്ധങ്ങൾ പേരിനു മാത്രമായി. ഒരിക്കൽ നാട്ടിൽ പോയിവന്ന സമയം കാലിൽ കിടന്ന ചെരുപ്പ് പൊട്ടി... പുതിയത് വാങ്ങാനായി ഒരു കടയിൽ കയറി.. ഏതെടുക്കണമെന്ന സംശയത്തിൽ നിന്നപ്പോൾ ആജാനബാഹു വായ ഒരാൾ ഒരു ചെരുപ്പെടുത്തു നീട്ടി.. "ഉമക്കിതു ചേരും"..
ഒരു പരിചയവുമില്ലാത്ത മുഖം..
എന്നെ അറിയോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു മറുപടി.. പിന്നീടയാൾ സ്വയം പരിചയപ്പെടിത്തി..
"ഞാൻ സാബു.. പെൻസിൽ, കോമ്പസ് ഓർമ്മയുണ്ടോ..?" ഒന്നു ഞെട്ടിയെങ്കിലും
എനിക്കപ്പോൾ മനസ്സ് നിറയെ കുറ്റബോധമായിരുന്നു.. കാരണം ഞങ്ങൾ രണ്ടും കുറ്റം ചെയ്തിട്ടും അവനു മാത്രമേ ശിക്ഷ കിട്ടിയുള്ളൂ.. അവനോടു ഒരു സോറി മാത്രം പറഞ്ഞിറങ്ങുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു

uma

വലിയൊരു രഹസ്യം

വലിയൊരു രഹസ്യം
~~~~~~~~~~~~~~
ഇതെന്റെ കഥയാണ്. ഈ കഥയിലൂടെ വെളിപ്പെടുത്താൻ പോകുന്നത് ഇത്രയും നാൾ ഞാൻ ഒളിച്ചു വെച്ചിരുന്ന ഒരു വലിയ രഹസ്യമാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ്, ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം... അക്കാലത്തു എനിക്കേറ്റവും ഇഷ്ടം
മലയാളം ക്ലാസ്സുകളായിരുന്നു...
ഓമന ടീച്ചറിന്റെ കണ്ണടക്കിടയിലൂടെയുള്ള നോട്ടം.. പിന്നെ മലയാളം പാഠപുസ്‌തകത്തിലെ അഭിജ്ഞാന ശാകുന്തളം...
ഓമന ടീച്ചർ പഠിപ്പിച്ച ഒരു പാഠഭാഗം എന്നിൽ ചില മാററങ്ങൾ വരുത്തി...
"വിഷ്ണു രമക്കു
നിശക്ക് ശശാങ്കൻ
ഉമക്ക് ഹരൻ
നളനോർക്കിൽ നിനക്കും"..
അപ്പോൾ ഉമക്ക് ഹരൻ ഉണ്ടല്ലേ!!.
ഹരി എന്ന പേര് കേട്ടിട്ടുണ്ട്..ഹരൻ ഇനിയിപ്പോ എവിടുന്നുവരും..
ഇങ്ങനെ ആലോച്ചിച്ചു ക്ലാസിനു പുറത്തേക്കു നോക്കിയിരിക്കുമ്പോൾ ഓമന ടീച്ചറിൻെറ വക കമെന്റ് വന്നു..
"ഇങ്ങോട്ട് നോക്കിയിരിക്കു.. ഹരൻ സമയമാകുമോളേക്കും വരും"..
എന്തോ അന്ന് മുതൽ മലയാളം കൂടുതൽ പ്രിയപ്പെട്ടതായി..
അമ്പലത്തിൽ രസീതെഴുതുന്ന ചേട്ടനിലും, വീട്ടിൽ പേപ്പർ കൊണ്ടിടുന്ന ചേട്ടനിലും, ട്യൂഷൻ ക്ലാസ്സിലെ ചെറുപ്പക്കാരനായ സാറിലുമൊക്കെ ഞാൻ ഹരനെ നോക്കി. കണ്ടില്ല... മലയാളം പ്രിയപ്പെട്ടതായപ്പോൾ ഇഷ്ടമല്ലാത്ത വിഷയം സ്കൂളിലെ സുന്ദരിയെ ടീച്ചർ പഠിപ്പിച്ചിരുന്ന ഭൂമിശാസ്ത്രമായി തീർന്നു. ടീച്ചറിന്റെ മുടിയും സാരിയുമൊക്കെ നോക്കിയിരുന്നു സമയം കൊല്ലും.
അങ്ങനിരിക്കുന്ന സമയം പരീക്ഷ പതിവ് പോലെ വന്നു.
ജിയോഗ്രാഫി പരീക്ഷ..
ചോദ്യപേപ്പർ വന്നു..
ഒന്നുമറിഞ്ഞൂടാ.. ആദ്യത്തെ ഒറ്റ വാക്കിലെഴുതാനുള്ളത് കുറച്ചൊക്കെ എവിടെയൊക്കെയോ കേട്ട പോലെ..
മാർക്ക് കുറഞ്ഞാൽ 'അമ്മ തല്ലും.. അടി സഹിക്കാം പക്ഷെ അമ്മയുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ വയ്യ.
എന്ത് ചെയ്യും ആകെ പഠിച്ച മൂന്നു ഉത്തരങ്ങളുണ്ട്. പക്ഷെ അതിന്റെ ചോദ്യം ചോദ്യക്കടലാസിൽ ഇല്ല. എന്തായാലും പേനയെടുത്തു എഴുതാൻ തുടങ്ങി. വളരെ മനോഹരമായി വടിവൊത്ത അക്ഷരങ്ങളോടെ.. ക്ലാസ്സിൽ നിന്ന സാർ അടുത്ത് വന്നു പറഞ്ഞു.. നല്ല അക്ഷരമാണല്ലോ.. മനസ്സിൽ ചിരിയാണോ കരച്ചിലാണോ വന്നതെന്ന് ഇന്നും അറിയില്ല.. ഏതായാലും ചോദ്യനമ്പർ ഇട്ടു എല്ലാത്തിനും മനോഹരമായി ഉത്തരം എഴുതി. കാലികവാതവും വാണിജ്യ വാതവും അങ്ങനെ എന്തൊക്കെയോ..
പരീക്ഷകഴിഞ്ഞു... ഓണമൊക്കെ ആഘോഷിച്ചു. അവധി കഴിഞ്ഞ ദിവസം മൂന്നാമത്തെ പീരീഡ് ആയപ്പോളാൾ സുന്ദരി ടീച്ചർ ഒരു കേട്ട് പേപ്പറുമായി ക്ലാസ്സിലേക്ക്..
എന്റെ ശരീരം കൂടുതലായി അഡ്രിനാലിൻ ഉല്പാദിപ്പിക്കാൻ തുടങ്ങിയതായി എനിക്ക് മനസ്സിലായി. എല്ലാർക്കും പേരുവിളിച്ച് പേപ്പർ കൊടുത്തുതുടങ്ങി. ഒറ്റയെണ്ണത്തിനും മുപ്പതിൽകൂടുതൽ മാർക്കില്ല...!!
എന്റെ പരദേവതമാരെ.. അതാ എന്റെ നമ്പർ അടുത്തു..
ഉമാ ...
ഞാനെണീറ്റു..
എന്റെ പേപ്പർ ടീച്ചർ കയ്യിലെടുത്തു...
അത് ഉയർത്തിപിടിച്ച് പറഞ്ഞു..
ഇതുപോലെ വേണം എഴുതാൻ..
ഞാൻ രണ്ടു കൈയ്യും നീട്ടി അത് വാങ്ങി.. നോക്കിയപ്പോൾ അമ്പതിനു നാല്പത്തെട്ടു മാർക്ക്..
ഈ പരീക്ഷക്ക് എന്തായാലും തോൽക്കുമെന്ന് എല്ലാരോടും പറഞ്ഞതുകൊണ്ടാകാം കൂട്ടുകാരിമാരെല്ലാം ഒരു ശത്രുവിനെപോലെ എന്നെ നോക്കാൻ തുടങ്ങി.
അടുത്തിരുന്ന ജ്യോതി എന്റെ പേപ്പർ കാണാനായി ഒന്ന് ചോദിച്ചു.. പക്ഷെ നൈസ് ആയി ഞാനതു ബാഗിൽ വെച്ചു.
പരദേവതമാരുടെ ശക്തിതിരിച്ചറിഞ്ഞ ദിവസം!!!..
പക്ഷെ നാളുകൾക്ക് ശേഷം പരദേവതമാർ എനിക്കിട്ടു പണിയും തന്നു. ബിഎഡ് നു സോഷ്യൽ സയൻസ് ആയതുകൊണ്ട് ഇപ്പൊ പിള്ളേരെ ഭൂമിശാസ്ത്രം കൂടി പഠിപ്പിക്കുക.. അതും സി.ബി.എസ്.സി പിള്ളേരെ!!!..
പണ്ട് പഠിക്കാത്ത പാഠങ്ങളെല്ലാം ഇപ്പോൾ ഞാൻ പഠിച്ചു.. പഠിപ്പിക്കാൻ വേണ്ടി..
പക്ഷെ ഉത്തരക്കടലാസ് നോക്കാൻ നേരം ഞാൻ നന്നായി വായിച്ചു നോക്കുന്നത് മനോഹരമായി എഴുതിയവരുടെ പേപ്പർ ആണ്..
എന്റെ ടെക്നിക് എനിക്കിട്ടു ആരെങ്കിലും പ്രയോഗിക്കുന്നുണ്ടോ എന്നറിയാൻ.

Uma

ഞാൻ


ഞാൻ
----------
ഞാൻ, എന്റെ പേര്...
അല്ലെങ്കിൽ വേണ്ട.. ഞാനിങ്ങനൊക്കെ എഴുതി എന്നറിഞ്ഞാൽ'അമ്മ തല്ലും. ഞാനൊരു പെൺകുട്ടിയാണ്. എനിക്കൊരു അനിയനുണ്ട്. പക്ഷെ എന്റച്ഛനല്ല അവന്റെ അച്ഛൻ. അമ്മയ്ക്കെന്നോട് വെറുപ്പാണ്. കാരണം അമ്മക്കെന്റെ അച്ഛനെ ഇഷ്ടമല്ലായിരുന്നു. അച്ഛൻ എന്നെ കിട്ടാൻ വേണ്ടി ഒത്തിരി പാടുപെട്ടു. 'അമ്മ കൊടുത്തില്ല.. അച്ഛൻ ഒരു മുഴം കയറിൽ ആടിക്കളിക്കുന്നതും ഞാൻ കണ്ടു. എനിക്കപ്പോ കരച്ചിൽ വന്നില്ല. ഒരുപാടു സങ്കടം വരുമ്പോ എന്താണ് എന്ന് അറിയില്ല.. കരച്ചിൽ വരില്ല. എന്റെ പുതിയ അച്ഛനും പാവമാണ്. എനിക്കൊത്തിരി കളിപ്പാട്ടങ്ങളും ക്രയോണും ഡ്രോയിങ് ബുക്കും പിന്നൊരു ഡയറിയും വാങ്ങിത്തന്നിട്ടുണ്ട്. എനിക്ക് ചിത്രം വരക്കാൻ ഒത്തിരി ഇഷ്ടമാണ്. ഒരുദിവസം മഞ്ഞ റോസിൽ ഇരിക്കുന്ന ഒരു നീല പൂമ്പാറ്റയെ ഞാൻ വരച്ചു. അത് അനിയനൊത്തിരി ഇഷ്ടമായി. 'അമ്മ അത് വലിച്ചു കീറി കളഞ്ഞു. പിന്നെ ഞാൻ വരച്ചിട്ടില്ല. നിറങ്ങൾ കാണുമ്പോ കൊതി തോന്നും. പക്ഷെ എനിക്ക് പേടിയാണ്. അനിയനൊരിക്കൽ ഒരു വട്ടവും രണ്ടു മൂന്നു വരയും വരച്ചപ്പോൾ'അമ്മ അവനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു.. അപ്പൊ എനിക്ക് സങ്കടം വന്നു. പിന്നെ പുതിയ അച്ഛൻ തന്ന ഡയറിയിൽ ഞാനൊരു കുഞ്ഞു കഥയെഴുതി.. ഒന്നും വേണ്ട പഠിത്തം മാത്രം മതിയെന്ന് അപ്പോഴും 'അമ്മ പറഞ്ഞു. സത്യം പറയട്ടെ പഠിച്ചു പഠിച്ചു മടുത്തു. ഇപ്പൊ ബുക്ക് കാണുമ്പോളെക്കും ദേഷ്യം വരും. 'അമ്മ എന്തിനാ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്? അറിയില്ല.. അച്ഛനുണ്ടായ അസുരവിത്താണത്രെ ഞാൻ.. അതെന്റെ തെറ്റാണോ? 'അമ്മ എന്തോ പറഞ്ഞതുകൊണ്ട് ചെറിയച്ഛനും ഇപ്പൊ എന്റടുത്തേക്കു വരാറില്ല.. എന്നെ കാണുമ്പോ ഒന്ന് ചിരിക്കും.. അനിയൻ ഡാൻസ് ക്ലാസ്സിനും ട്യൂഷനും ഒക്കെ പോകുന്നുണ്ട്. അവനു വേറെ കൂട്ടുകാരുണ്ട്. എനിക്ക് മാത്രം ആരുമില്ല. ആരും മിണ്ടാത്ത ഈ വീട്ടിൽ ഞാനെന്തിനാ? ഞാൻ പോകുവാണേ... എങ്ങോട്ടാണന്ന് അറിയില്ല.. പൂക്കളും പൂമ്പാറ്റയും സ്നേഹമുള്ള അമ്മമാരും ഒക്കെയുള്ള നാട് തേടി.. നിങ്ങൾ എന്റെ അമ്മയോട് എപ്പോഴെങ്കിലും പറയണം എനിക്കെല്ലാവരെയും ഇഷ്ടമായിരുന്നുവെന്ന്. എന്ന് സ്വന്തം ...

Uma

യാത്ര


യാത്ര
----------
ചാറ്റൽ മഴ യുടെ തണുപ്പ് കൂടിക്കൂടി വരുന്നു.. റയിൽവേസ്റ്റേഷനിൽ തിരക്ക് തീരെ കുറവായിരുന്നു. അവൾ ബാഗിൽ നിന്നും ഷാൾ എടുത്തു തലയും ചെവിയും മൂടിക്കെട്ടി.. കഴിയുന്നത്ര കുനിഞ്ഞ് മൊബൈലിൽ പരതികൊണ്ടിരുന്നു. കണ്ണുകളിലൂറിവന്ന ജലകണങ്ങൾ ചൂണ്ടുവിരൽ കൊണ്ട് തുടച്ചുമാറ്റി. ഒന്ന് മാറിയിരിക്കാൻ വേണ്ടി അവൾ ചുറ്റും പരതിയെങ്കിലും ഇത്രയും സുരക്ഷിതമായൊരിടം വേറെയില്ലാന്നു അവൾക്കു തോന്നി. ഉള്ളിൽ തിളച്ചു മറിയുന്ന എന്തിനെയോ തണുപ്പിക്കാനെന്നവിധം അവൾ തണുത്ത വെള്ളം ഒന്നോടെ വായിലേക്ക് കമഴ്ത്തി. ബാഗിനുള്ളിൽ നിന്ന് അവൾ എന്തോ പരതിയെടുത്തു.. അതൊരു ചെറിയ പാവക്കുട്ടിയായിരുന്നു. കീചെയിനിൽ തൂങ്ങിയാടുന്ന പാവക്കുട്ടി.. അച്ഛൻ പണ്ടെങ്ങോ തന്ന സമ്മാനം.. സൈക്കിളിൽ തൂക്കിയിട്ട കീച്ചെയിനും സൈക്കിൾ പഠിപ്പിക്കുന്ന അച്ഛനും ഒരു നിമിഷം അവളുടെ മുന്നിൽ വന്നു നിന്ന് മാഞ്ഞുപോയി..
കൈയിലെ വാച്ചിൽ സമയം ഏഴാകുന്നു.
ട്രെയിൻ എട്ടുമണിയാകുമ്പോളേക്കും എത്തും. അവൾ മൊബൈലിൽ ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ്നോക്കി ഒന്നുകൂടി കൃത്യത ഉറപ്പുവരുത്തി. കൈയിലിരിക്കുന്ന രണ്ടു ടിക്കറ്റുകളും മാറോടു ചേർത്തുവെച്ചു. അവനിതുവരെവന്നില്ല..
ഇനി വരില്ലേ? രാവിലെ അച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ തന്റെ നിറഞ്ഞ കണ്ണുകൾ അച്ഛൻ കണ്ടിരുന്നോ? അവൻ വന്നില്ല എങ്കിൽ ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ല.. മനസ്സിൽ വീണ്ടും വീണ്ടും അവളതു തീരുമാനിച്ചുറപ്പിച്ചു.. സമയം ഏഴേമുക്കാലായി..ഇനിയും ക്ഷമിക്കാൻവയ്യ.ഫോൺ ചെയ്യരുതെന്ന് അവൻ പറഞ്ഞതാണ്. എന്നാലും ഇനിയും കാത്തിരിക്കാൻ വയ്യ. മറുതലക്കൽ ഫോൺ റിങ് ചെയ്യുന്നുണ്ട്. ആരും എടുക്കുന്നില്ല.. ജീവിതമാണെങ്കിലും മരണമാണെങ്കിലും അത് ഈ തീവണ്ടിയെ സാക്ഷിയാക്കിയായിരിക്കും.. ട്രെയിൻ ഏതാനും നിമിഷങ്ങൾക്കകം വന്നെത്തിച്ചേരുമെന്ന അന്നൗൺസ്‌മെന്റ് കേട്ടതും ഒരു മിന്നൽ പിണർ അവളുടെ വയറിനുള്ളിലൂടെ കഴുത്തിനുപിന്നിൽ വന്നു നിന്നു. അവനെ ഒന്നുകൂടി വിളിച്ചു നോക്കി.. ഫോൺ സ്വിച്ചഡ് ഓഫ്.
അവൾ ഫോൺ റെയിൽ പാളത്തിലേക്ക് വലിച്ചെറിഞ്ഞു.. അച്ഛൻ ഇപ്പോൾ തന്നെ കാണാതെ അലയുന്നുന്നുണ്ടാകും. ഇന്നലെ തന്റെ പതിനെട്ടാം പിറന്നാളിന് തന്ന ചെറിയ സമ്മാനപ്പൊതി!!.. അതിലെന്തായിരിക്കും.. അവനോടൊത്തുള്ള യാത്ര സ്വപ്നം കണ്ടുകൂട്ടുന്നതിനിടയിൽ അതൊന്നു തുറന്നുനോക്കാൻ പോലും തോന്നിയില്ല. മരിക്കും മുൻപ് അതൊന്നു കാണണം.
ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു. എന്തോ തീരുമാനിച്ചുറപ്പിച്ച ശേഷം അവളതിൽ കയറി.
ട്രെയിൻ സ്റ്റേഷൻ വിട്ടു. അവളുടെ മനസ്സിൽ നിറയെ അച്ഛനായിരുന്നു. അമ്മയില്ലാതെ തന്നെ വളർത്തിയ അച്ഛൻ.. ഒരിക്കലും തന്നെ വേദനിപ്പിക്കാത്ത അച്ഛൻ.. ഇപ്പോൾ താനിതാ അച്ഛനെ വേദനിപ്പിയ്ക്കാൻ പോകുന്നു. മനസ്സുകൊണ്ട് അവൾ അച്ഛനോട് മാപ്പുചോദിച്ചു. ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ആ അച്ഛന്റെ മകളായി നല്ലൊരു കുട്ടിയായി ജീവിക്കണം. അത്രയു ഓർത്തപ്പോൾ അവൾക്കു നിയന്ത്രിക്കാനായില്ല. പൊട്ടിക്കരഞ്ഞുപോയി.
കൂകിപ്പായുന്ന ട്രെയിനിന്റെ വാതിലിനടുത്ത്
അവൾ മരണവും കാത്തുനിന്നു. മരിക്കും മുൻപ് അച്ഛൻ തന്ന സമ്മാനം ഒന്ന് കാണണം. അവൾ വാതിൽ ചാരിനിന്നു ജീൻസിന്റെ പോക്കറ്റിൽ നിന്നും ആ പൊതി എടുത്തു. മഞ്ഞ വർണ്ണക്കടലാസിൽ പൊതിഞ്ഞ എന്തോ ഒന്ന്!!.. അവളതു തുറന്നു.. അതിനുള്ളിൽ ഒരു വെള്ളക്കൽ മോതിരം.. കൂടെ ഒരു കുറിപ്പും.. അരണ്ട വെളിച്ചത്തിൽ അവളതു വായിച്ചു.. "ആരുമില്ലഎന്ന് തോന്നുമ്പോൾ മോൾ അച്ഛനടുത്തേക്കു വരണം.. അച്ഛന് വേറാരുമില്ല.." വെറും രണ്ടു വരികൾ..
തോളിൽ അമർന്ന കൈത്തലം!! ..അവൾ തിരിഞ്ഞു നോക്കി.. ചിരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛൻ.. പിറകിൽ കള്ളനെപ്പോലെ പതുങ്ങിനിൽക്കുന്ന അവൻ.. അച്ഛന്റെ മാറിൽ വീണു അവൾ പൊട്ടിക്കരയുമ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് അവനെയും മാറോടു ചേർക്കുന്നുണ്ടായിരുന്നു

uma 

പ്രതിഫലം

പെട്ടിയൊക്കെ പൂട്ടി താക്കോൽ അലമാരയിൽ വച്ചപ്പോഴാണ് ഇന്നലെ വാങ്ങിയ മഞ്ഞ ഷിഫോൺ സാരി മറന്ന കാര്യം വിനോദ് ഓർത്തത്. ഒരു ചെറുചിരിയോടെ അവൻ അതെടുത്തു പെട്ടിക്കു മുകളിലായി വച്ചു. എല്ലാം ഒതുക്കി വെച്ച് കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സു മുഴുവൻ അമ്പിളിയും മോനും ആയിരുന്നു. നാളെയീ സമയം അവരോടൊത്ത്... അവൻ കണ്ണുകളടച്ചു ഉറങ്ങാൻ ശ്രമിച്ചു. രാവിലെ എണീറ്റപ്പോൾ പുത്തനൊരു ഉണർവായിരുന്നു.. എയർപോർട്ടിൽ ചെന്നതും ഫ്ലൈറ്റിൽ കയറിയതും ഒന്നും അവനോർമയില്ല..
വീടിനു മുന്നിൽ കാർ നിർത്തിയപ്പോൾ ഓടി വന്ന നന്ദു.. അവനു പിന്നാലെ അമ്പിളി.. 'അമ്മ പതിവ് പരിഭവവും കണ്ണുനീരുമായി തൂണിനു മറവിൽ.. ഓടി ചെന്ന് അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.. കഴുത്തിന് പിന്നിൽ വീണ കണ്ണുനീർ തുള്ളി.. ഏറെനാൾ കഴിഞ്ഞു മകനെ കണ്ടതിലുണ്ടായ സന്തോഷാശ്രുവാകാം എന്ന് അവൻ കരുതി.
അടുക്കളയിൽ വറുക്കുന്നതിന്റെയും പൊരിക്കുന്നതിന്റെയും ഒക്കെ മണം. അമ്പിളിയെ കാണാൻ കൂടി കിട്ടുന്നില്ല.. നന്ദു ആദ്യം അപരിചിതത്വം കാട്ടിയെങ്കിലും കളിപ്പാട്ടവും, മിഠായിയുമൊക്കെ കണ്ടപ്പോൾ കൂട്ടായി. വരാന്തയിലെ ചാരുകസേരയിൽ കിടന്നു മുറ്റത്തെ പച്ചപ്പിലേക്ക് നോക്കികിടക്കെ മനസ്സ് നിറയെ സന്തോഷമായിരുന്നു.
ഉച്ചയൂണും കഴിഞ്ഞു ഒന്ന് മയങ്ങി എഴുന്നേൽക്കുമ്പോൾ നിറകണ്ണുകളുമായി 'അമ്മ മുന്നിലുണ്ട്.
"എന്താ അമ്മെ, എന്തിനാ ഇത്ര സങ്കടം?" "ഒന്നുമില്ല..." തോളിൽ കിടന്ന തോർത്തിൽ മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ വീണ്ടും തൂണും ചാരി നിന്ന് കരയാൻ തുടങ്ങി.
'"അമ്മ കാര്യം പറയൂ.."
"വേണ്ടമോനെ ഒന്നുമില്ല"..
എന്തോ ഉണ്ട്..അവന്റെ മനസ്സ് നീറാൻ തുടങ്ങി..
"മോൻഅമ്മയെ തെറ്റിദ്ധരിക്കരുത്.. പറയാതിരുന്നാൽ അത്ഞാൻ നിന്നോട് ചെയ്യുന്ന ചതിവാകും.. പറഞ്ഞാൽ അത് നിന്റെ ജീവിതം നശിപ്പിക്കും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല."
വിനോദ് അമ്മയെ നെഞ്ചോട് ചേർത്തു "'അമ്മ പറയു.. എന്തായാലും നമുക്ക് പരിഹരിക്കാം".
'അമ്മ കണ്ണുകൾ തുടച്ചു.. അവന്റെ കൈകളിൽ മുറുകെ പിടിച്ചു "മോനെ അമ്പിളി നല്ലവളല്ല.. അവളെ നീ സൂക്ഷിക്കണം.. ഞാൻ ചിലതു കണ്ടു".
വിനോദിന്ചിരിവന്നു.. "എല്ലാം ഇട്ടെറിഞ്ഞു തന്റെ കൂടെ വന്ന പെണ്ണിനെക്കുറിച്ചാണോ 'അമ്മ പറയുന്നത്.. അമ്മായിയമ്മപ്പോര് ഇവിടെയും തുടങ്ങിയോ.. ഒക്കെഅമ്മയുടെ തെറ്റിദ്ധാരണകളാണ്"..
ദേഷ്യം കൊണ്ട് ചുവന്നഅമ്മയുടെ മുഖം ശ്രദ്ധിക്കാതെ അവൻ അടുക്കളയിലേക്ക് പോയി. രാത്രിയിൽ അമ്പിളിയെ കരവലയത്തിലാക്കി ഉറങ്ങാൻ കിടന്നപ്പോഴും അമ്മയുടെ വാക്കുകളോർത്തു അവനു ചിരി വന്നു.
രണ്ടു ദിവസം കഴിഞ്ഞു വിനോദ് മുറ്റത്തുകൂടി ഉലാത്തുമ്പോഴാണ് പടിഞ്ഞാറ് ഭാഗത്തു നിൽക്കുന്ന കൂവളം ശ്രദ്ധിച്ചത്. "ആരാ അമ്മെകൂവളം ഇവിടെ നട്ടുപിടിപ്പുച്ചതു?അത് വീട്ടിൽ നടാൻ പാടില്ലെന്ന് അറിയില്ലേ?"
"ആരും നട്ടതല്ല മോനെ.. രണ്ടു രണ്ടരക്കൊല്ലം മുൻപ് താനേ വളർന്നു വന്നതാ".. വിനോദ് മറുപടിയൊന്നും പറയാതെ കശുമാവിൻ തോട്ടത്തിലേക്ക് കയറിപ്പോയി. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ കൂവളം കാണുമ്പോളൊക്കെ അവന്റെ മനസ്സ് അസ്വസ്‌ഥമായിക്കൊണ്ടിരുന്നു. ഒടുവിൽ അവനൊരു തീരുമാനമെടുത്തു.. അത് പിഴുതെടുത്തു അടുത്തുള്ള ശിവക്ഷേത്രത്തിൽ കൊണ്ട് നട്ടുപിടിപ്പുക്കാമെന്നു... ഒരു തിങ്കളാഴ്ച അമ്പിളിയും മോനും പുറത്തെവിടെയോ പോയനേരം വിനോദിന് ആകെ മുഷിവ് തോന്നി.. അവൻ കൂവളത്തിനടുത്തു ചെന്ന്, വേരൊന്നും മുറിഞ്ഞുപോകാതെ മെല്ലെ മണ്ണ് മാറ്റാൻ തുടങ്ങി.. കുറെ നേരത്തെ ശ്രമഫലമായി അവനതു പിഴുതെടുത്തു.. അപ്പോഴാണ് അവൻ ഒരു പ്ലാസ്റ്റിക് കവർ കണ്ടത്!!. എടുത്തു തുറന്നു നോക്കിയപ്പോൾ അവനാകെ ഞെട്ടിപ്പോയി.. കവറിനുള്ളിൽ ഒരു മൊബൈലും കുറെ പേപ്പർ കഷ്ണങ്ങളും.. സ്വിച്ച്ഓഫ് ചെയ്തിരിക്കുന്ന ഫോൺ ഓൺ ചെയ്യാൻ നോക്കിയെങ്കിലും ചാർജ് ഇല്ലാത്തതിനാൽ പറ്റിയില്ല. അവനതു എടുത്ത്ചാർജ് ചെയ്യാൻ വെച്ചു. പേപ്പർ കഷ്ണങ്ങൾ കീറിയിട്ടിരിക്കുന്നതിനാൽ ഒന്നും മനസ്സിലായില്ല. മൊബൈൽ ചാർജ് ആയിത്തുടങ്ങിയതും അവനത് ഓൺ ചെയ്തു.. മെസ്സേജുകളുടെ ഒരു കൂമ്പാരം.. അടുത്ത വീട്ടിലെ യുവാവുമായുള്ള അമ്പിളിയുടെ അവിഹിതബന്ധത്തിനെ കഥകളെല്ലാം ആ മെസ്സേജുകൾ അവനു കാട്ടിക്കൊടുത്തു. 'അമ്മ പറഞ്ഞ വാക്കുകൾ അവനോർമ വന്നു.വിനോദ്ആകെ തളർന്നുപോയി.. ഒരു സ്ത്രീക്ക് ഇത്രമാത്രം അഭിനയശേഷി ഉണ്ടോ..!! ഗൾഫിൽ കൂടെ കൊണ്ടുപോകാൻ എത്ര ശ്രമിച്ചിട്ടും അവൾ പോരാത്തതിന്റെ രഹസ്യം അവനു മനസ്സിലായി. അന്ന് വൈകിട്ട് തന്നെ ആ കൂവളംഅവൻ ക്ഷേത്രത്തിൽ നട്ടുപിടിപ്പിച്ചു. അമ്പിളിയുടെ മുഖത്തുണ്ടായ ഭാവഭേദങ്ങളുംഅവൻ ശ്രദ്ധിച്ചു..
പതിവില്ലാതെ വിനോദ് അമ്മയുടെ മുറിയിൽ ചെന്ന്, മടിയിൽ തലവെച്ചു കിടന്ന്, കുറെ കരഞ്ഞു.. പിന്നീടെപ്പോഴോ അവൻ എഴുനേറ്റുപോയി. രാവിലെ പതിവുപോലെ എല്ലാരും എണീറ്റെങ്കിലും വിനോദിനെ അവിടെങ്ങും കണ്ടില്ല.. അമ്മയും അമ്പിളിയും അയല്പക്കത്തൊക്കെ അന്വേഷിച്ചു. അച്ഛൻ അതാ കശുമാവിൻ തോട്ടത്തിലിരിക്കുന്നു. നന്ദു പറഞ്ഞതുകേട്ട് എല്ലാര്ക്കും ആശ്വാസമായി..'അമ്മ നന്ദുവിനെയും കൂട്ടി തോട്ടത്തിലേക്ക് നടന്നു. അതാ തന്റെ മകൻ പുറം തിരിഞ്ഞ് മരം ചാരിയിരിക്ക്ന്നു. അടുത്ത് ചെന്നതും ഒരു നിലവിളിയോടെ 'അമ്മ മറിഞ്ഞുവീണു. കണ്ണുതുറിച്ചു വായിലൂടെ നുരയും പതയുമായി വിനോദ്.. അടുത്ത് ഐസ്ക്രീമിന്റെയും ഫ്യൂരിഡാന്റെയും കവറും കുപ്പിയും..
നാട്ടുകാർ ഓടിക്കൂടി... പോലീസും എത്തി... ശവം ആംബുലൻസിലേക്കെടുക്കുമ്പോൾ അവന്റെ കൈയിൽ നിന്നും ഒരു കഷ്ണം കടലാസ് താഴെ വീണു.. അതിൽ ഇങ്ങനെ എഴുതിയിരുന്നു..
"എന്റെ മരണത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി..എന്റെ എല്ലാ സ്വത്തുക്കളുടെയും അവകാശി എന്റെ അമ്പിളി മാത്രമാണ്."
By Uma

പെണ്ണുകാണൽ


പെണ്ണുകാണൽ
--------------------------
കുടുംബത്തിലെ ഏറ്റവും സുന്ദരിയായിരുന്നു എന്റെ ചിറ്റ. പക്ഷെ വയസ്സ് മുപ്പതായിട്ടും ചിറ്റക്ക് കല്യാണമൊന്നും ശരിയായതേയില്ല. വരുന്ന നല്ല ആലോചനകളൊക്കെ ആരൊക്കെയോ മുടക്കികൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുതിയ ആലോചന വന്നു.. ജാതകം പത്തിൽ എട്ടു പൊരുത്തം. എല്ലാരും ചെക്കനെ കാണാനായി കാത്തിരുന്നു.
ചിറ്റയെ കാണാൻ ആരെങ്കിലും വന്നാൽ എന്നെ മുറിക്കകത്തു അടച്ചിടുക പതിവായിരുന്നു. എന്താ കാര്യമെന്ന് അറിയില്ല. ഒരു കാർ മുറ്റത്തുവന്നു നിന്നു. ഞാൻ ജനാലയിലൂടെ നോക്കി. അതാ ഒരു കാട്ടുമാക്കാൻ!!.. ദുബായിക്കാരൻ ആണെന്ന് വന്നിറങ്ങിയപ്പോലെളെ മനസ്സിലായി.. കൂളിംഗ് ഗ്ലാസും.. മൂക്ക് തുളഞ്ഞുപോകുന്ന പെർഫ്യൂമിന്റെ മണവും.. ചെക്കനെ കണ്ടിട്ടാണോ എന്നറിയില്ല ചിറ്റ വന്നു എന്നെ അടച്ചിട്ടിരുന്ന മുറി തുറന്നു. ഞാൻ നേരെ അടുക്കളയിലേക്കോടി.. അവിടെ ഞാലിപ്പൂവൻ പഴവും ലഡ്ഡുവും ബിസ്ക്കററും ഒക്കെ നിരന്നിരിക്കുന്നു.' അമ്മ എന്നോട് ചായ ഉണ്ടാക്കാൻ പറഞ്ഞു..
ചിറ്റ കലിതുള്ളി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. 'അമ്മ കൂട്ടി തന്ന അടുപ്പത്തു ഞാൻ ചായപ്പാത്രം വെച്ചു. വെള്ളം തിളക്കാനായി കാത്തുനിന്നു. വെള്ളം തിളച്ചു ചായപ്പൊടിയിട്ടു പാലും പഞ്ചസാരയും ചേർത്ത് കപ്പിലാക്കി അതൊരു ട്രേയിൽ വെച്ച് ഞാൻ ചിറ്റയെ ഏൽപ്പിച്ചു. ആദ്യംഅത് വാങ്ങാൻ മടിച്ചെങ്കിലും കണ്ണുരുട്ടി നിൽക്കുന്ന അമ്മമ്മയെ കണ്ടപ്പോൾ ചിറ്റ അത് വാങ്ങി. പോയ സ്പീഡിൽ തന്നെ തിരിച്ചുവന്നു.
എനിക്കീ കല്യാണം വേണ്ട ചേച്ചീ എന്നും പറഞ്ഞു അമ്മയെ നോക്കി കരയാൻതുടങ്ങി. 'അമ്മ ചിററയെയും കൊണ്ട് മുറിയിലേക്ക് പോയി.. പോകും മുൻപ്അടുക്കളയിലെ പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കാൻ എന്നോട് പറഞ്ഞിരുന്നു. ഞാൻ പാത്രമൊക്കെ കഴുകി തുടങ്ങിയപ്പോളാണ് പുറത്തു ആണുങ്ങളിടെ ശബ്ദം.. പറമ്പോക്കെ കാണാൻ ചെക്കനും കൂട്ടരും പുറത്തിറങ്ങിയതാണ്. അവർ അടുക്കള കഴിഞ്ഞു വീടിനു പിന്നിലേക്ക് നടന്നുപോകുന്നത് കണ്ടു ഞാൻ വീണ്ടും പാത്രം കഴുകൽ തുടങ്ങി. ചായപാത്രത്തിലെയും അരിപ്പയിലെയും അവശിഷ്ടങ്ങളെല്ലാം ഒരുമിച്ചാക്കി പുറത്തേക്കു വീശിയൊഴിച്ചു..
"ഹേ"... എന്നൊരു ശബ്ദം. നോക്കിയപ്പോൾ ചെക്കന്റെ ഇടതുവശം തല മുതൽ കാൽ വരെ ചായപ്പൊടി കലർന്ന വെള്ളം.. വേറാരും അവിടെങ്ങും ഇല്ല.. അയാൾ പോക്കറ്റിൽ നിന്നും തൂവാല എടുത്തു കവിൾ, കൈ ഒക്കെ തുടക്കാൻ തുടങ്ങി.. കൂട്ടത്തിൽ കണ്ണാടിക്കു മുകളിലൂടെ എന്നെ ഒരു നോട്ടവും.. ഞാൻ സോറി പറഞ്ഞതും അയാളുടെ മുഖം പ്രസന്നമായി..
"എന്ത് ചെയ്യുന്നു?"
"പഠിക്കുന്നു".
"പ്രീഡിഗ്രിക്കായിരിക്കും"
"അല്ല ഒൻപതിലാ"
"ആണോ?.... എന്താ പേര്? നല്ല ഉന്നമാണല്ലോ!!"
ഞാനാകെ നാണം കേട്ട് അകത്തേക്ക് കേറിപ്പോയി. വന്നവരൊക്കെ തിരിച്ചുപോയി.. അന്ന് സന്ധ്യക്ക്‌ ചിറ്റ ഒരുപാടുനേരം പ്രാർഥിച്ചു.. പിറ്റേന്ന് രാവിലെഞാൻ ട്യൂഷനുപോയി.. തിരികെ വന്നപ്പോൾ അപ്പുപ്പൻ മുതൽ അനിയൻ വരെ എന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നു. എന്തെങ്കിലും കള്ളം കണ്ടുപിടിച്ചുകാണും.. തല്ലുകൊള്ളാൻ റെഡിയായി ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു. 'അമ്മ എന്നെ അടിമുടി ഒന്ന് നോക്കി.. അതുകഴിഞ്ഞു പറഞ്ഞു..
"നീ ഇനിചുരിദാർ ഇടേണ്ട".
എനിക്കൊന്നും മനസ്സിലായില്ല.എന്റെ ചുരിദാറെല്ലാം അലമാരക്കുള്ളിലായി. പിന്നെ ദിവസങ്ങൾ കഴിഞ്ഞാ കാര്യം പിടികിട്ടിയത്.. ആ കാട്ടുമാക്കാൻ വീട്ടിൽ ഫോൺ ചെയ്തു പറഞ്ഞത്രേ ചുരിദാർ ഇട്ട പെണ്ണിനെ വേണമെങ്കിൽ കെട്ടിക്കോളാമെന്നു.. ഒരു കാര്യത്തിൽ എനിക്ക് സമാധാനമായി.. ഞാൻ കാരണം എന്റെ ചിറ്റ രക്ഷപ്പെട്ടില്ലേ...
ആ വിവരം കെട്ട ദുബായിക്കാരൻ പിന്നെ എന്തായോ ആവോ..

uma

കരുതൽ


കരുതൽ
-----------------
ഊണുമേശക്കരികിൽ പാത്രങ്ങൾ തട്ടിമറിക്കുന്ന ശബ്ദം കേട്ട് ശാരദ ഒന്നുകൂടി ചുവരിനും വാതിലിനുമിടയിലേക്കു നീങ്ങി നിന്നു. ശബ്ദമെല്ലാം അടങ്ങിയപ്പോൾ അവൾ മെല്ലെ ഊണുമേശക്കരികിലെത്തി.. വലിച്ചു വാരിയിട്ടിരിക്കുന്ന ഭക്ഷണം കണ്ടു മനസ്സൊന്നു തേങ്ങി.. കുഞ്ഞുങ്ങൾ വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ ഇന്നിനി എന്ത് കൊടുക്കും? കണ്ണിൽ ഊറി വന്ന കണ്ണുനീർ മുണ്ടിന്റെ കോന്തല കൊണ്ട് അവൾ തുടച്ചു. ചോറും കറികളും ധാരാളം ബാക്കിയുണ്ട്. പക്ഷെ ഇനി അതൊന്നും ആർക്കും കഴിക്കാൻ വയ്യാത്ത വിധത്തിലാക്കിയിട്ടിരിക്കുന്നു. സത്യൻ അങ്ങനെയാണ്.. എന്തെങ്കിലു ഒരു പിഴവ് കണ്ടാൽ സകലതും നശിപ്പിക്കും.. പ്രത്യേകിച്ചും ഭക്ഷണം!!.. മറ്റുള്ളവർ കഴിച്ചോ, അവർക്കു വേറെയുണ്ടോ എന്നൊന്നും നോക്കാറില്ല. സ്വന്തമായി ചായക്കടയുണ്ടെങ്കിലും അയാൾ വീട്ടിൽ വന്നേ കഴിക്കു... ഭക്ഷണത്തിനിടയ്ക്കു ഭാര്യയെ തെറി പറയുന്നതും കൈ എത്തുന്നിടത്തു അവളെ കിട്ടിയാൽ തല്ലുന്നതും അയാൾക്കൊരു സുഖമാണ്. സത്യന് അത്കൊണ്ട് സന്തോഷമുണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെ എന്നുകരുതി അവൾ എല്ലാം സഹിക്കുന്നു. പക്ഷെ മക്കളെന്നു വെച്ചാൽ അയാൾക്ക്‌ ജീവനാണ്. പലഹാരപ്പൊതികളുമായി വരുന്ന അയാളെയും കാത്തു ഏതു പാതിരാത്രി വരെയും കുഞ്ഞുങ്ങൾ കാത്തിരിക്കും. സത്യൻ പോയിക്കഴിഞ്ഞപ്പോൾ അവൾ കുറച്ചു അരിയെടുത്തു അടുപ്പത്തിട്ടു.. പിന്നെ മൊന്തയിൽ ഇരുന്ന കഞ്ഞിവെള്ളവും കുടിച്ചു മുറ്റത്തേക്കിറങ്ങി.. മുറ്റംനിറയെ അവൾ നട്ടു നനച്ച പൂച്ചെടികളായിരുന്നു.. വേനൽ തുടങ്ങിയതുകൊണ്ടാകാം കുടമുല്ല നിറയെ മൊട്ടിട്ടുണ്ട്.. സമയം മൂന്നായതും കഞ്ഞിയും വാർത്തുവെച്ചു പെട്ടന്നൊരു കറിയും തട്ടിക്കൂട്ടി ചൂലുമായിഅവൾ മുറ്റത്തേക്കിറങ്ങി.. മുണ്ടിന്റെ കോന്തല ബ്ലൗസിൽ തിരുകിവെച്ചു അവൾ മുറ്റമടിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞതും അമ്മേ എന്നും വിളിച്ചു മക്കളെത്തി.. അവരെ കുളിപ്പിച്ച് ഭക്ഷണവും കൊടുത്തു അവൾ വീണ്ടും പറമ്പിലേക്കിറങ്ങി. വാഴത്തോട്ടത്തിൽ കരിയിലകൾ കൂട്ടി തീയിട്ടു. വിശ്രമമില്ലാതെ ജോലിയെടുത്തിട്ടാകാം വല്ലാത്തൊരു തലവേദന. ഒന്ന് കിടക്കാം എന്ന് കരുതി കട്ടിലിനടുത്തെത്തിയപ്പോളാണ് ബാക്കി കിടക്കുന്ന പണികളോർത്തത്. വൈകിട്ട് കുടിച്ച കട്ടൻ ചായ തലവേദനക്ക് അല്പം ശമനം നൽകി.
പലപ്പോഴും ഈ നശിച്ച തലവേദനയെപ്പറ്റി സത്യനോട് പറയാൻഒരുങ്ങിയതാണ്.. പക്ഷെ ആ മുഖം കാണുമ്പോൾ പേടിച്ചു അവളെല്ലാം വേണ്ടാന്ന് വെയ്ക്കും. ഇന്നെന്തായാലും പറയണം തല പൊളിയുന്ന വേദന. സത്യന്റെചായക്കട വൈകിട്ട് ആറു വരെയേയുള്ളു. ഇരുട്ടിക്കഴിഞ്ഞാൽ ഭാര്യയെയും മക്കളെയും തനിച്ചിരുത്താൻ അയാൾക്ക്‌ പേടിയാണ്. പലഹാരപ്പൊതികളുമായി വരമ്പിലൂടെ നടന്നു വരുന്ന സത്യനെക്കണ്ടു കളിച്ചു കൊണ്ടിരുന്ന സൈക്കിൾ ടയർ വലിച്ചെറിഞ്ഞു കുട്ടികൾ അങ്ങോട്ടേക്കോടി. അയാൾക്കും കുട്ടികൾക്കുമുള്ള ചായ മേശപ്പുറത്തു അടച്ചവെച്ച് അവൾ കിണറ്റിന്കരയിലേക്കു നടന്നു. ഒരു കുളിമുറി കെട്ടികൊടുക്കണമെന്നു വര്ഷങ്ങള്ക്കു മുൻപ് അവൾ സത്യനോട് പറഞ്ഞതാണ്.. ഇതുവരെയും നടന്നിട്ടില്ല. അവൾ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരി തലയിലേക്കൊഴിച്ചു. ശരീരം മരവിക്കും പോലൊരു തണുപ്പ്..
തലക്കുള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞതുപോലെ.. അടുത്ത നിമിഷം തന്നെ അവൾ വെട്ടിയിട്ട വാഴപോലെ നിലത്തുവീണു. ശബ്ദം കേട്ട് ഓടി വന്ന സത്യൻ അവളെ വാരിയെടുത്തു, വയൽ വരമ്പത്തു കൂടി ഓടി. ടാക്സിപിടിച്ചു ആശുപത്രിയിലെത്തിയപ്പോളേക്കും അവൾ മരിച്ചിരുന്നു. രക്തസമ്മർദം കൂടിയതായിരുന്നു കാരണം. അവളുടെ ചലനമറ്റ ശരീരവുമായി വീട്ടിൽ വരുമ്പോൾ അവിടം ആൾക്കാരെകൊണ്ട് നിറഞ്ഞിരുന്നു. അമ്മയെ കെട്ടി പിടിച്ചു കരയുന്ന കുഞ്ഞുങ്ങളെക്കണ്ടു പലരും വിതുമ്പിപ്പോയി. ശരീരം ദഹിപ്പിക്കാനുള്ള സമയമായി..അവളെ അവസാനമായി കുളിപ്പിക്കാൻ സ്ത്രീകൾ വന്നതും സത്യൻ പൊട്ടിക്കരഞ്ഞു..ആദ്യമായി ..
അവളുടെ ചലനമറ്റ ദേഹത്തിനരുകിൽ ഒരു കുഞ്ഞിനെപോലെയെന്നവണ്ണം അയാൾ കിടന്നു.. ചെയ്ത പാപങ്ങളും കുറ്റങ്ങളും ഏറ്റുപറയാൻതുടങ്ങി.. ഒടുവിൽ എല്ലാരും ചേർന്ന് അവളെ ചിതയിലേക്കെടുത്തു.. മൂത്ത മകൻ ചിതക്ക് തീ കൊടുത്തു. ചിതആളിക്കത്താൻ തുടങ്ങി.. എവിടെനിന്നു എന്നറിയാതെ ഒരു കാറ്റും മഴയും..ആ മഴയിൽ ചിത കെട്ടു. സത്യനെയും മക്കളെയും വിട്ടുപോകാനുള്ള അവളുടെ മടിയാകും ആ കാറ്റിനും മഴക്കും കാരണം!!.. ചിതക്കരികിൽ കാറ്റത്തു പറന്നെത്തിയ മുല്ലപ്പൂക്കൾ..
അപ്പോഴും അവൾ ഇട്ടുവെച്ച ചായ അയാളെയും കുഞ്ഞുങ്ങളെയും കാത്തു മേശപ്പുറത്തുണ്ടായിരുന്നു.

Uma Pradeep

പ്രിയംവദ


പ്രിയംവദ
***********
ത്രിസന്ധ്യക്കു വരാന്തയിൽ വെച്ചിരിക്കുന്ന വിളക്കിനുമുന്നിൽ ഇരുന്ന് അമ്മുമ്മയുടെ നാമജപം കേൾക്കാൻ എന്തുരസമാണെന്നോ.. ഏകദേശം ഒരു മണിക്കൂറിൽ കുറയാതെയുണ്ടാകും.. പക്ഷെ അതിന്റെ അവസാന ഭാഗം കേൾക്കാൻ മിക്കവാറും ഭാഗ്യം കിട്ടാറില്ല, കാരണം താഴെ വീട്ടിലെ കേശവനാണ്. കേശവൻ കുടിച്ചിട്ടുവന്നു പൂരപ്പാട്ട് തുടങ്ങുന്നതും ഈ സമയത്താണ്. അന്ന് മധുമോഹൻ സീരിയലുകളുടെ തുടക്കം.. വീട്ടിലാർക്കും അത് ഇഷ്ടമേയല്ലായിരുന്നു.. അതുകൊണ്ടുതന്നെ ഞങ്ങൾ രാത്രി ഏഴു മുതൽ എട്ടരവരെ കേശവന്റെ വീട്ടിലേക്കു കണ്ണുംനട്ട്ഇരിക്കാരായിരുന്നു പതിവ്.. കേശവന്റെ ഭാര്യയുടെ വീടിനു ചുറ്റുമുള്ള ഓട്ടവും, ഇടിയും, ഒടുവിൽ അവർ കേശവനിട്ടു തല്ലുന്നതും, പിന്നെ ഒരുമിച്ചു ആഹാരം കഴിക്കുന്നതുമൊക്കെ രസമുള്ള കാഴ്ചകളായിരുന്നു.. അങ്ങനെയിരിക്കുമ്പോഴാണ് അവിചാരിതമായി ടി വി യിൽ "അയ്യർ ദി ഗ്രേറ്റ്" എന്ന സിനിമ കണ്ടത്.. അതിലെ തത്തയെ പോലൊരു തത്ത എനിക്കും വേണമെന്ന് ഞാൻ വാശി പിടിച്ചു.. ഞങ്ങളുടെ മുറ്റം അക്കാലത്തു പലതരം പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു.. നിശാഗന്ധി, പാരിജാതം, നന്ത്യാർവട്ടം, ചെമ്പരത്തി, കോളാമ്പിപ്പൂക്കൾ, രാജമല്ലി, അങ്ങനങ്ങനെ....
രാജമല്ലിയുടെ വിത്തും, പഞ്ഞിമരത്തിന്റെ കായയുമൊക്കെ തിന്നാനായി ഒരുപാടുതത്തകൾ ഞങ്ങളുട മുറ്റത്തു അതിഥികളായി വന്നിരുന്നു.. അക്കാലത്തു എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ എന്നേക്കാൾ ആറേഴു വയസ്സ് പ്രായക്കൂടുതലുള്ള എന്റെ അമ്മാവനായിരുന്നു.. പ്രീഡിഗ്രി ഒന്നാം വർഷത്തെ റെക്കോർഡ് ബുക്കിൽ ഞാൻ കളറടിച്ചതിനു നൽകിയ ശിക്ഷക്ക് പ്രായശ്ചിത്തമെന്നോണം പുള്ളി തത്തയെ പിടിച്ചു തരാമെന്നുഎനിക്ക് വാക്കുതന്നു.. കേശവന്റെ വീട്ടിൽ നിന്നും കുറച്ചു മൂക്കുപൊടി സംഘടിപ്പിച്ചു.. രാജമല്ലി വിത്തിനുള്ളിൽ അത് വെച്ച്ഞങ്ങൾ കാത്തിരുന്നു .. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതാ ഒരു തത്ത ഫിറ്റ് ആയി ഇരിക്കുന്നു. ഞങ്ങൾ അടുത്തുചെന്നിട്ടും പറന്നുപോകുന്നില്ല.. അമ്മാവൻ സ്നേഹത്തോടെ തത്തയെ എടുത്ത് എനിക്ക് തന്നു. മുൻപേ കരുതിവെച്ച കൂട്ടിൽ അതിനെകൊണ്ടുചെന്നിട്ടു..അത് ആണാണോ പെണ്ണാണോ എന്ന്ഞങ്ങൾക്കറിയില്ലായിരുന്നു.. അമ്മാവൻ കുരുക്കിയ കുരുക്കിൽ വീണതുകൊണ്ടു പെൺതത്ത ആയിരിക്കുമെന്ന് എല്ലാരും പറഞ്ഞു.. ഏതായാലും ഞങ്ങൾ തത്തക്കു പേരിട്ടു.. "പ്രിയംവദ"...
തത്തക്കൂട് വീടിന്റെ വരാന്തയിൽ തൂക്കിയിട്ടു.. രാവിലെയും വൈകിട്ടും എന്റെ വക ട്യൂഷൻ തുടങ്ങി.. നമസ്തേ, ഹായ്, ആരാ, ഹലോ എന്നൊക്കെ പഠിപ്പിക്കാൻ നോക്കി..
ഒരു രക്ഷയുമില്ല..
ഞാൻ അടുത്ത ചെല്ലുമ്പോൾ അത് തിരിഞ്ഞിരിക്കും..
നാക്കിനു കട്ടികൂടിയാൽ തത്ത മിണ്ടില്ലന്ന് അമ്മുമ്മ പറഞ്ഞത് ഞാൻ വിശ്വസിച്ചു.. ദിവസങ്ങൾ കടന്നുപോയി..പ്രിയംവദ തടിച്ചു കൊഴുത്തു.. അങ്ങനെയിരിക്കുമ്പോഴാണ്അമ്മാവൻ സ്കൂട്ടർ ആക്സിഡന്റ് ആയി കിടപ്പിലായത്.. തത്തശാപം ആയിരിക്കും എന്ന് ആരൊക്കെയോ പറഞ്ഞു.. ഞങ്ങൾ അതുവിശ്വസിച്ചു.. കൂടു തുറന്നിട്ട് നോക്കി..അത് പോകുന്നില്ല!!..
പുറത്തിറക്കി നിർത്തി.. അത് തിരികെ കൂട്ടിൽ കേറി!!..
ഒരു ദിവസം വൈകുന്നേരം അമ്മാവന്റെ കൂട്ടുകാരും ഒന്ന് രണ്ടു അധ്യാപകരും കൂടി വീട്ടിൽവന്നു. കട്ടിലിൽ കിടക്കുന്ന അമ്മാവന്റെ അടുത്ത് അവർ കുറേനേരം ഇരുന്നു.. പോകാൻ നേരം പ്രിയംവദയെ കുറിച്ചും അമ്മാവൻ പറഞ്ഞു.. ഞാനോടി പോയി അവളെ എടുത്തുകിണ്ടുവന്നു.. അമ്മാവന്റെ കൂട്ടുകാരന്മാരിലൊരാൾ അതിനെ എന്റെ കൈയിൽ നിന്നും വാങ്ങി.. ഇത് നന്നായി സംസാരിക്കും അപരിചിതരെ കണ്ടാൽ മിണ്ടില്ല എന്ന് പറഞ്ഞു വീമ്പിളക്കുന്ന അമ്മാവൻ!!.. എന്നാലൊന്നു കാണട്ടെ എന്നും പറഞ്ഞു വന്നതിലൊരാൾ അതിനോട് ഹായ്പ്രിയംവദ എന്ന് പറഞ്ഞു..പ്രിയംവദ ചാഞ്ഞും ചരിഞ്ഞും ഞങ്ങളെയൊക്കെ ഒന്ന് നോക്കി.. പിന്നെ കേട്ടതൊന്നും പുറത്തുപറയാൻ കൊള്ളില്ല.. മനുഷ്യൻ സംസാരിക്കുന്നതിനേക്കാൾ സ്പഷ്ടമായി അവൾ സംസാരിക്കുന്നു...
പക്ഷെ....
പ്രിയംവദ ഗുരുവായി സ്വീകരിച്ചത് നമ്മുടെ കേശവനെയായിരുന്നു എന്ന് മാത്രം.. ഞങ്ങളുടെ കുടുംബത്തിന്റെ അന്തസ്സും ആഭിജാത്യവുമെല്ലാംഒരു നിമിഷം കൊണ്ട് അവൾ ഇല്ലാതാക്കി.. വന്നവരൊക്കെ പൊട്ടിച്ചിരിച്ചു.. ഞാനും അമ്മാവനും നിന്ന് നീറിപ്പുകഞ്ഞു.. രണ്ടു മൂന്നാഴ്ച അവൾക്കിതു തന്നെയായിരുന്നു സംസാരം. പിന്നെ ആരും ശ്രദ്ധിക്കാതായപ്പോൾ പൂരപ്പാട്ട് നിർത്തി.. പിന്നെന്നോ ഒരുദിവസം അവൾ എങ്ങോട്ടോ പറന്നുപോയി.. പിന്നൊരിക്കലും ഞങ്ങൾ ഒരു ജീവിയേയും തടവിലിട്ടിട്ടില്ല..
എട്ടിന്റെ പണി എന്ന് കേൾക്കുമ്പോൾ ഇന്നും എന്റെ മനസ്സിൽ ആദ്യം വരുന്നത് പ്രിയംവദയുടെ രൂപമാണ്..

Uma Pradeep

ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ


മാനേജ്‌മന്റ് സ്കൂളിൽ ഒരു വിശ്രമവുമില്ലാതെ പണിയെടുക്കുമ്പോൾ ചാനലുകളിലൂടെ കേരളത്തിലെ ഹർത്താലിനെ കുറിച്ച് കേൾക്കുമ്പോൾ എന്നും അസൂയയായിരുന്നു. ചിലപ്പോൾ ബിഹാറിലും ഹർത്താൽ പ്രഖ്യാപിക്കാറുണ്ട്.. പക്ഷെ ഒരു നാണവുമില്ലാതെ അവർ കടകൾ തുറക്കും, ഓഫീസിൽ എല്ലാരും ഹാജരാകും, പതിവുപോലെ വാഹനങ്ങളും ഓടും.. അപ്പോഴൊക്കെ തോന്നിയിരുന്നു കേരളമാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന്.. കേരളത്തിലെ ഒരു സർക്കാർ ഓഫീസിൽ എന്തെങ്കിലും പണി എളുപ്പത്തിൽ കിട്ടുമോ??? ഒരിക്കലുമില്ല!!!
അതിനു കുറെ കടമ്പകൾ കടക്കണം.. രജിസ്‌ട്രേഷൻ, നോട്ടിഫിക്കേഷൻ, എക്സാമിനേഷൻ, ഫലപ്രഖ്യാപനം പിന്നെ വർഷങ്ങൾ കഴിഞ്ഞുള്ള നിയമനം.. അങ്ങനെപോകും.. ഇന്നലെയുമുണ്ടായിരുന്നു ഒരു പരീക്ഷ.. പരീക്ഷയില്ല അതൊരു പരീക്ഷണം തന്നെയായിരുന്നു.. കണ്ണൂരിൽ എത്രയോ സ്കൂളുകൾ റോഡ് സൈഡിൽ ഉണ്ട്.. പക്ഷെ എനിക്ക് വിധിച്ചിരുന്നത് ആളും പേരും ഇല്ലാത്ത ഒരു സ്‌ഥലത്തെ പൊട്ടിപ്പൊളിഞ്ഞു വീഴാറായ ഒരു സ്കൂളിൽ.. എന്നെ ടെസ്റ്റിന് കൊണ്ടുപോവുക എന്നത് വലിയൊരു കാര്യമായി കാണുന്ന എന്റെ ഭർത്താവും ഞാനും യാത്ര തുടങ്ങി.. പയ്യന്നൂർ വരെ യാത്ര സുഖകരമായിരുന്നു.. പിന്നീട് അവിടന്നങ്ങോട്ട്ബസ് മാറിക്കേറി. ചാകര വന്ന സന്തോഷമായിരുന്നു പ്രൈവറ്റ് ബസിനൊക്കെ.. ബസിൽ കേറിയെങ്കിലും സീറ്റ് ഇല്ല..എനിക്ക് പണ്ടേ ബസിന്റെ മുകളിലത്തെ കമ്പിയിൽ പിടിച്ചു നില്ക്കാൻ അറിയില്ല.. അതുകൊണ്ടു ഡ്രൈവറിന്റെ തൊട്ടുപിറകിൽ പോയിനിന്നു.. നല്ല ആരോഗ്യമുള്ള ഒരു'അമ്മ എന്റെ ഇടതുഭാഗത്തുനിൽക്കുന്നുണ്ട്..ബസ് സ്റ്റാർട്ട് ചെയ്തപ്പോഴേ ഒരു പന്തികേട് തോന്നി.. പിന്നെ വളഞ്ഞും പുളഞ്ഞുമുള്ള വഴികൾ.. വണ്ടി ഒന്ന് വലത്തേക്ക് ചെരിഞ്ഞതും അടുത്ത് നിൽക്കുന്ന 'അമ്മ അവരുടെ പൂർണ്ണആരോഗ്യവുമെടുത്ത് എനിക്കിട്ടു ഒരിടി.. ഒരു തള്ളൽ..
അടുത്ത നിമിഷം ബസ് ഇടത്തേക്ക് ചെരിഞ്ഞു..ആരോഗ്യത്തിന്റെ കാര്യത്തിൽ ഞാനും ഒട്ടും മോശമാല്ലന്ന് ആ അമ്മയുടെ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി..
കൊലവിളി നടത്തിക്കൊണ്ടിരിക്കുന്ന ഡ്രൈവർ.. മുൻപിൽ എതിരെ വരുന്നവർക്ക് വേണ്ടിയായിരുന്നു എന്റെ പ്രാർഥന മുഴുവനും.. ഒടുവിൽ സ്കൂളിനടുത്തുള്ള സ്റ്റോപ്പ് എത്തി.. കുറെ അഭയാർത്ഥികളെപോലെ തലമുടിയൊക്കെ പാറിപ്പറന്നു ഞങ്ങൾ പത്തു പതിനഞ്ചുപേർ അവിടെ ഇറങ്ങി.. ഇനി എങ്ങോട്ട്!!..
അടുത്തെങ്ങും ഒരു കട പോലും തുറന്നിട്ടില്ല.. വഴിയിൽ കണ്ട ഒരാൾ ദൂരേക്ക് വിരൽചൂണ്ടി അങ്ങോട്ട് നടന്നോളു.. അവിടൊരു സ്കൂൾ ഉണ്ടെന്നു പറഞ്ഞു.. നടത്തം തുടങ്ങി...
പട്ടിയെ പോലെ നാക്കും പുറത്തിട്ടു കിതച്ചു നിൽക്കുന്ന എനിക്ക് എനർജി കിട്ടാനായി ഭർത്താവ് ഒരു ലൈം സോഡാ വാങ്ങിത്തന്നു. ഒടുവിൽ ആ സരസ്വതിക്ഷേത്രത്തിൽ എത്തിച്ചേർന്നു. നെല്ലിമരങ്ങളും, ചരൽ കല്ലുകളും, പടിക്കെട്ടുകളും ഉള്ള ഒരു പഴയ സ്കൂൾ. എന്റെ ക്ലാസ് കണ്ടുപിടിച്ചു.. വരുന്നവരെയും പോകുന്നവരെയും നോക്കിയിരുന്ന എന്നോട് "ഇനിയെങ്കിലും രണ്ടു വാക്ക് നോക്കെടീ" എന്ന് ദയനീയമായി ഭർത്താവു അഭ്യർത്ഥിക്കുന്നു.. പുള്ളിയെ ബോധിപ്പിക്കാൻ വേണ്ടി മൊബൈലിൽ കറന്റ് അഫയർ ചെക്ക് ചെയ്തു.. ഒന്നരക്ക് ബെൽ മുഴങ്ങി.. ഒരു പേനയും ഐ ഡി കാർഡുമായി ഞാൻ ക്ലാസ്സിൽ കേറി.. ഡെസ്ക് കണ്ടപ്പോൾ നെഞ്ചിലൂടെ എന്തോ പാഞ്ഞുപോയി.. മുഴുവനും കുഴികൾ.. അതിന്റെ പുറത്തെങ്ങാനും വെച്ച് ഉത്തരത്തിന്റെ ഓപ്ഷൻ കറുപ്പിക്കാൻ പോയാൽ പണി കിട്ടും.. ചോദ്യപേപ്പർ കിട്ടി.. സന്തോഷമായി.. തുടക്കം തന്നെ കണക്ക്, പിന്നെ കെമിസ്ട്രി.. അതും കഴിഞ്ഞു ബയോളജി.. ഒക്കെ സഹിക്കാം പിന്നെ കണ്ടതൊക്കെ ചരിത്രമായിരുന്നു.. പണ്ട് നഴ്സറിയിൽ പഠിച്ച ചില കളികൾ ഓർമവന്നു.. കണ്ണടച്ച് കറക്കിക്കുത്താൻ തുടങ്ങി.. ഇന്ത്യൻ ഭരണഘടനയിലെ ചോദ്യങ്ങൾ കണ്ട് പേടിച്ചു കറക്കിക്കുത്താൽ തന്നെ മറന്നുപോയി.. ഞാൻ മെല്ലെ ക്ലാസ്സിലാകമാനം കണ്ണോടിച്ചു..ചിലർ പേന തിന്നുന്നു.. ചിലർ മീശ തിന്നുന്നു.. മറ്റുചിലർ തലമുടി വലിച്ചു പിഴുതെടുക്കാൻ ശ്രമിക്കുന്നു.. സൂപ്പർവിഷന് വന്ന ടീച്ചർ ഞങ്ങളെയൊക്കെ നോക്കി "നിനക്കൊക്കെ അങ്ങനെതന്നെ വേണം" എന്ന ഭാവത്തിലിരിക്കുന്നു.. എക്സാം കഴിഞ്ഞു.. പുറത്തിറങ്ങിയ ഞാൻ എല്ലാരേയും ഒന്ന് വീക്ഷിച്ചു..ഒരു മരണവീട്ടിൽ നിന്നിറങ്ങിപോകുന്ന പ്രതീതിയായിരുന്നു എല്ലാരുടെയും മുഖത്തു.. എന്നാലും എന്റെ കേരളാ പി എസ് സി, ഇതുപോലൊരു ചെയ്‌ത്‌ ഇനി ഒരു പരീക്ഷക്കും ചെയ്യരുത് ട്ടോ.. ഒന്നുമില്ലെങ്കിലും നമ്മളൊക്കെ കേരളീയരല്ലേ.. ഗവണ്മെന്റ് ജോലി കിട്ടിയവർക്കറിയണ്ടല്ലോ കിട്ടാത്തവരുടെ വേദന..
പിന്നൊരു സത്യം പറയട്ടെ.. വീട്ടിൽ വന്നു ഉത്തരങ്ങൾ പരിശോധിച്ചപ്പോൾ ഞാൻ കറക്കികുത്തിയതൊക്കെ ശരിയായിരുന്നു.. എല്ലാർക്കും ഭാഗ്യമുണ്ടെങ്കിൽ ഞാനും ആകും ഒരു ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ... കണ്ടറിയാം...

By
Uma Pradeep

സംഗമം


സംഗമം
--------------
അയല്പക്കത്തെവീട്ടിലെ കുട്ടികൾ റോഡിലൂടെ ചെറിയ സൈക്കിൾ ഓടിച്ചുനടക്കുന്നത് വെറുതെ നോക്കിയിരിക്കുമ്പോഴാണ് വീട്ടിലെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത്.മാധവൻ ഓടി അകത്തേക്ക്‌കേറി.. ഫോണിന്റെ അങ്ങേത്തലക്കൽ ആരായിരുന്നെങ്കിലും അവർ മാധവനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. പതിവ് ക്ഷീണമൊക്കെ മറന്നു മാധവൻ ഉഷാറായി.. എപ്പോഴും കൂടെ നടക്കുന്ന കുറിഞ്ഞി പൂച്ചയെ സ്നേഹത്തോടെഅയാൾ തലോടി. "നാളെ അവൾ വരും" കുറിഞ്ഞിയോടെന്നപോലെ അയാൾ മന്ത്രിച്ചു. മുറ്റത്തു അടിമുടി കായ്ച്ചു നിൽക്കുന്ന തേന്മാവിൻ നിന്നും അഞ്ചാറ് മാമ്പഴം അയാൾ പറിച്ചെടിത്തു.. "അവൾക്കിതുമതി ബാക്കി നിങ്ങളെടുത്തോ" എന്ന് ഓടിക്കളിക്കുന്ന അണ്ണാന്കുഞ്ഞുങ്ങളോട് മാധവൻ പറഞ്ഞു..
വീടിനു പിറകിലായി കാടുപിടിച്ചുകിടക്കുന്ന പറമ്പിലൂടെ മാധവൻഒരു സഞ്ചിയുമായിനടന്നു.. പൊട്ടക്കിണറിനടിത്തു നിറയെ കായ്ച്ചു കിടക്കുന്ന കാട്ടുപാവാക്കായും പഴുത്തു കിടന്ന ഒരു ഓമക്കായുമായി അയാൾ തിരിച്ചു നടന്നു.. ആരെയെങ്കിലും നിർത്തി ഈ പുരയിടം വൃത്തിയാക്കേണ്ടതായിരുന്നു... അവൾ വരുമെന്ന് ഒരു സൂചന പോലും കിട്ടിയിരുന്നില്ലല്ലോ...
ശേഖരിച്ചതെല്ലാം മാധവൻ ഡൈനിങ്ങ് ടേബിളിൽ നിരത്തിവെച്ചു. കുറിഞ്ഞി കാലിൽ വന്നുചേർന്ന് നിന്നപ്പോളാണ് പാവത്തിന് ഉച്ചക്കൊന്നും കൊടുത്തില്ലല്ലോ എന്നോർത്ത്.. അവളുടെ വരവ് കാത്തിരിക്കുന്നതിനിടയിൽ അതും മറന്നു.. വൈകുന്നേരം മാധവൻ പതിവിനു വിപരീതമായി നിലവിളക്കു കത്തിച്ചു.. അവളെ തന്നിൽ നിന്നും അകറ്റിയതിൽ പരിഭവിച്ചു ഏറെ നാളായി മാധവൻ വിളക്കുവെച്ചിട്ടു..
വീട്ടുകാർ കണ്ടുപിടിച്ച പെണ്ണായിരുന്നുഅവൾ.. ആദ്യമായി നേരിൽ കണ്ടത് താലികെട്ടാൻ മുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ.. കണ്ടു മതിയാകും മുൻപുതന്നെ ജീവിതപ്രാരാബ്ധങ്ങളുമായി കടൽകടന്നു .. വർഷങ്ങൾ കൂടുമ്പോൾ നാട്ടിലേക്കു ഓടിവന്നിരുന്നത് അവളെ കാണാൻ മാത്രമായിരുന്നു.. ഇതിനിടയിൽ മൂന്നു ആൺകുട്ടികളെയും ഒരു പെണ്കുഞ്ഞിനെയുംഅവൾ തനിക്കു സമ്മാനിച്ചു.. ഒരുമിച്ചു യാത്രകൾ പോകാനും ഒരിക്കലും പിരിയാതിരിക്കാനും അവൾ എത്രമാത്രം ആഗ്രഹിച്ചു..നീണ്ട 30 വർഷങ്ങൾ..
എല്ലാം ഉണ്ടാക്കി ആഗ്രഹിച്ച ജീവിതത്തിനായി തിരികെ വന്നപ്പോൾ ഓരോരോ ആവശ്യങ്ങൾക്കായി അവൾ മക്കൾക്കടുത്തേക്കു പോയി..
ഇളയമകളുടെ കുഞ്ഞിനെക്കാണാനായി അച്ഛനെ കൂടി അമേരിക്കയ്ക്ക് കൊണ്ട് പോകാമെന്നു പറഞ്ഞപ്പോൾ അവൾക്കുണ്ടായ സന്തോഷം ആ കണ്ണുകളിലൂടെ താൻ കണ്ടതാണ്.. പക്ഷെ മകളുടെ പ്രസവമെടുക്കാൻ അച്ഛൻ വേണ്ടല്ലോ എന്ന കാരണത്താൽ അപ്പോഴും തന്നെ ഒഴിവാക്കി.. ഇന്നത്തെ കാലത്തു വീട്ടുജോലിക്കാരിയായും ഹോംനഴ്സ്‌ ആയും ശമ്പളം കൊടുക്കാതെ ഒരാളെ കിട്ടുന്നത് ചില്ലറകാര്യമല്ലല്ലോ.
ഓരോന്നോർത്തു മാധവൻ മയങ്ങിപ്പോയെങ്കിലും രാവിലെ ഉത്സാഹത്തോടെ ഉണർന്നു.. കുറിഞ്ഞിക്കിഷ്ടമുള്ള ദോശയും ചട്ണിയും ഉണ്ടാക്കി.. ചോറും കറികളും ഒരുക്കിവെച്ചു.. തനിക്കും അവൾക്കും മൊബൈൽ ഇല്ലാത്തതിനാൽ കാത്തിരിപ്പിനു നല്ല സുഖമുള്ളതായി മാധവന് തോന്നി..
മണി പതിനൊന്നായി.. മൂന്നുമണിക്കൂറിലേറെയായി മാധവൻ വീടിന്റെ തിണ്ണയിൽ ഒരേയിരുപ്പാണ്.. ദൂരെനിന്നും ഏതോ വാഹനത്തിന്റെ ശബ്ദം കേട്ടുതുടങ്ങി..മാധവൻ എണീറ്റ് ഗേറ്റിനരുകിൽ ചെന്നുനിന്നു.ഒരുകറുത്ത കാർ വരുന്നുണ്ട്. തുറന്നിട്ട ഗേറ്റിലൂടെ അത് മുറ്റത്തു വന്നു നിന്നു കാറിന്റെ ഡോർ തുറന്നു ആദ്യമിറങ്ങിയത് മരുമകൻ.. പിന്നെ മൂത്ത മകൻ.. കാറിൽ നിന്നും അവർ അവളെ താങ്ങിയെടുത്തു..മെല്ലിച്ചു മുടിയൊക്കെ നരച്ച ഒരു രൂപം. മാധവൻ അവിടേക്കു ഓടി വന്നു.. ആ മെല്ലിച്ച രൂപത്തെ കൈകളിലേക്ക് ഏറ്റുവാങ്ങി.. "ഇവളെ ചുമക്കാനുള്ള കരുത്ത് ഇപ്പോഴും ഈ കൈകൾക്കുണ്ട്.. മക്കൾ പൊയ്ക്കോളൂ" എന്നും പറഞ്ഞു അയാൾ അകത്തേക്ക് പോയി.
അകത്തു കട്ടിലിൽ അവളെ കൊണ്ടുചെന്നു കിടത്തുമ്പോൾ കാർ ഗേറ്റ് കടന്നു പോയിരുന്നു. "നമ്മുടെ ജീവിതം ഇതാ ഇവിടെ തുടങ്ങുന്നു"... പക്ഷഘാതംവന്നു ഒരുവശം തളർന്നുപോയ അവളുടെ കണ്ണുകളിലൂറി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് മാധവൻ പറഞ്ഞു. കുറിഞ്ഞിപ്പൂച്ച അപ്പോളും മാധവന്റെ കാലിൽ ഉരുമ്മുന്നുണ്ടായിരുന്നു.
ഉമാപ്രദീപ്
14/05/2017

നിർത്തടി നിന്റെ ചാട്ടം

"നിർത്തടി നിന്റെ ചാട്ടം..'"
അമ്മ കലിതുള്ളി നിൽക്കുന്നുണ്ട്.
"പഠിച്ചു വല്ല നിലയിലും എത്താൻ നോക്ക് പെണ്ണെ .. ചാട്ടവും വായ്നോട്ടവുമായി നടക്കാതെ.. പെണ്ണാണെന്നുള്ള വിചാരം ഇതിനിനി എന്നുണ്ടാവുമോ ഈശ്വരാ" എന്നും പറഞ്ഞു'അമ്മ വെള്ളവുംകോരി ബക്കറ്റും തൂക്കിപിടിച്ചു കുളിമുറിയിലേക്ക് കേറിപോയി..
പി. ടി. ഉഷയുടെയും ഷൈനി വിൽസന്റെയും അമ്മമാരൊക്കെ ഇങ്ങനെയായിരിക്കുമോ.. ഞാൻഒരുനിമിഷം ആലോചിച്ചു..
ചാടുന്ന ഉയരം അളക്കാനായി വെച്ചിരുന്ന തടിക്കഷണം 'അമ്മ വെട്ടിക്കൂട്ടി അടുപ്പത്തുവെച്ചു. അതുകൊണ്ടുതന്നെഇപ്പൊ കയറു കെട്ടിയാണ് ചാട്ടം..
സ്കൂളിലെ ഡ്രിൽ ടീച്ചർ ബ്രിജിറ്റ് നല്ല ഉയരവും തടിയുമൊക്കെയുള്ള ഒരു സ്ത്രീയാണ്. ഞങ്ങളുടെ പെൺപള്ളിക്കൂടത്തിൽ നിന്ന് ഒരുപാടു പ്രതിഭകളെ ടീച്ചർ വാർത്തെടുത്തിട്ടുണ്ട്. എന്നിലെ ചാട്ടക്കാരിയെ കണ്ടെത്തിയതും ടീച്ചർ തന്നെയായിരുന്നു. പക്ഷെ എന്റെ ചാട്ടം വീട്ടുകാർക്ക് അത്ര ബോധിച്ചില്ല. ഹൈസ്കൂളിൽ എത്തിപ്പോയി എന്നതായിരുന്നു പ്രധാന കാരണം.
സ്കൂളിനൊരു പ്രതീക്ഷയായി ഞാൻ വളർന്നുവരുന്ന സമയത്താണ് ബ്രിജിറ്റ് ടീച്ചർ റിട്ടയർ ആയിപോയത്.. ശരിക്കും സങ്കടം തോന്നി.. പിന്നെ കുറെ ദിവസത്തേക്ക് ഡ്രിൽ പീരീഡ് ഭയങ്കര ബോർ ആയിത്തോന്നി.. പെൺകുട്ടികളുടെ മുഖ്യ വിനോദങ്ങളായ അക്കു കളി, പാറ കളി, ഖോ ഖോ ഇതൊക്കെ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും അരങ്ങേറി..
അങ്ങനെയിരിക്കെ ഒരു ദിവസം പ്യൂൺ ക്ലാസ്സിൽ വന്നു, ഒരു നോട്ടീസ്ടീച്ചർക്ക് കൊടുത്തു.. ടീച്ചർ എന്നെ നോക്കി കണ്ണ് കൊണ്ട് പുറത്തേക്കു പോകാൻ അനുമതിയും തന്നു. പോകുന്ന വഴി പ്യൂണിന്നോട് കാര്യമന്വേഷിച്ചിട്ടും അയാൾ ഒന്നും മിണ്ടിയില്ല.. നേരെ ചെന്ന് നിന്നതു ഒരു അപരിചിതന്റെ മുന്നിൽ.. വേറെയും കുറെ കുട്ടികൾ അവിടുണ്ട്.
ആ അപരിചിതൻ ഞങ്ങളുടെ പുതിയ കായിക അധ്യാപകനായിരുന്നു. കയ്യിലൊരു ലിസ്റ്റ് ഉണ്ട്.
എന്റെ പേരും, ഞാനും ഒരാൾ തന്നെയല്ലേ എന്ന് ഒരിക്കൽ കൂടി സാർ പരിശോധിച്ചു.. പിന്നെ ഞങ്ങളെ നേരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.. ഉപജില്ലാ മത്സരത്തിന് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമായിരുന്നു അത്. ഞങ്ങളുടെ ചാട്ടത്തിന്റെ ഉയരം അദ്ദേഹം അളക്കാൻ തുടങ്ങി.. എന്റെ പേര് വിളിച്ചു.. എനിക്കാകെ എന്തോ ഒരു വല്ലായ്മ തോന്നി.. യൂണിഫോം ആയി ഒരു ചുരിദാർ തയ്പ്പിച്ചു തരാൻ പറഞ്ഞിട്ട് 'അമ്മ വീണ്ടും വീണ്ടും പാവാടയും ഷർട്ടും തുന്നിച്ചു തന്നുകൊണ്ടേയിരുന്നു. ഈ പാവാടയുമുടുത്തു ഏന്തയാലും ഞാൻ ചാടില്ലന്നു തീരുമാനിച്ചു.. എനിക്കെങ്ങനെയും ക്ലാസ്സിൽ പോയാൽ മതി എന്നായി.
എനിക്ക് സുഖമില്ലാന്നുപറഞ്ഞു അന്ന് തടിതപ്പി.. ബ്രിജിറ്റ് ടീച്ചർ പോയതോടെഎന്റെ ഉത്സാഹമെല്ലാം അവസാനിച്ചിരുന്നു. പിറ്റേദിവസം സാർ എന്നെ വിളിപ്പിച്ചു.. തലേ ദിവസം റിസേർച് നടത്തി കണ്ടുപിടിച്ച ഒരു നുണ സാറിനോട് തട്ടിവിട്ടു..
"സാർ, ഡോക്ടർ എന്നോട് ചാടരുതെന്നു പറഞ്ഞിട്ടുണ്ട്"....
"എന്താ കാര്യം"?
"എന്റെ ഹൃദയത്തിലൊരു ദ്വാരമുണ്ട് "...
"ഏതു ഡോക്ടറെ പറഞ്ഞെ ?"
"പേരറിയില്ല.. ശ്രീ ചിത്ര യിലെ ഡോക്ടറാ"...
"എന്നാ കുട്ടി ക്ലാസ്സിൽ പൊയ്ക്കോ"..
എന്നും പറഞ്ഞു എന്റെ പേരിനു പുറത്തൂടെ സാർ ചുവന്ന മഷി കൊണ്ടൊരു വരയും വരച്ചു..
ദിവസങ്ങൾ കടന്നുപോയി.. വേനലവധിവന്നു.. കൂടെ കസിന്റെ കല്യാണവും.. കല്യാണ ദിവസം കൂട്ടുകാരുമൊത്തു തകർക്കുമ്പോളതാ മുന്നിൽ സ്പോർട്സ്മാസ്റ്റർ... പുള്ളിക്കെന്താ ഈ വീട്ടിൽ കാര്യം....എന്ന് ചിന്തിച്ചു നിൽക്കുമ്പോളതാ എന്റെ 'അമ്മ വന്നു സാറിന്റെ കൈയും പിടിച്ചു നിൽക്കുന്നു.. "ചേച്ചിക്ക് സുഖമാണോ" എന്ന് സാർ... അമ്മക്കിങ്ങനെ ഒരനിയനുണ്ടോ എന്ന് ഞാൻ ഓർത്തുനോക്കി.. ഒരെത്തും പിടിയും കിട്ടുന്നില്ല..
അമ്മയുടെ അടുത്തു അന്തം വിട്ടു നിൽക്കുന്ന എന്നെ ചൂണ്ടിക്കൊണ്ട് സാർ എന്തോ ചോദിയ്ക്കാൻ തുടങ്ങി.. ചോദിക്കും മുൻപ് 'അമ്മ എന്നെ പിടിച്ചുവലിച്ചു സാറിന്റെ മുന്നിൽ നിർത്തി..
"ഇവൾ നിന്റെ സ്കൂളിലാ"..
"എനിക്കറിയാം.. എന്നാ ഓപ്പറേഷൻ" എന്ന് സാർ.
ഓപ്പറേഷൻഎന്ന് സാർ പറഞ്ഞതും ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.. എനിക്ക് തലകറങ്ങും പോലെ തോന്നി.. ഭൂമിദേവി മാറുപിളർന്നു എന്നെക്കൂടി അങ്ങുകൊണ്ടുപോയെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.. പക്ഷെ ഒന്നും സംഭവിച്ചില്ല.. അല്പനേരത്തേക്കു ബോധം നഷ്ടപ്പെട്ടെങ്കിലും അത് തിരിച്ചു വന്നപ്പോൾ അമ്മയും സാറും പൊട്ടിച്ചിരിക്കുകയായിരുന്നു.

By Uma Pradeep

ലച്ചു അനുഭവിച്ച വേദന


ഇതൊരു തമാശയായി വായിക്കുന്നവർക്ക് തോന്നുമെങ്കിലുംനമ്മുടെ ലച്ചു അനുഭവിച്ച വേദന വളരെ വലുതാണ്. ഇവൾ ലക്ഷ്മി. കാത്തിരുന്നുണ്ടായ സന്താനമായതിനാൽതന്നെ അച്ഛനും അമ്മയും നിലത്തുവെച്ചിട്ടില്ല. അതിന്റെ അല്പസ്വല്പം പോരായ്മകളും ലെച്ചുവിനുണ്ടായിരുന്നു.. പിടിവാശിയും അഹങ്കാരവുമൊക്കെ വേണ്ടപോലെ.. കാണാൻ അതിസുന്ദരിയായ ലെച്ചുവിന്പിറകെ സൈക്കിളിലും ബൈക്കിലുമൊക്കെയായി പലരും ഓടി സമയം കളഞ്ഞു. തന്റെപിറകെ നടക്കാത്ത തനിക്കു പിറകെ നടക്കാൻ തോന്നുന്ന ഒരുത്തനെ മാത്രേ ഇഷ്ടപെടൂ എന്ന് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ലെച്ചു ശപഥം എടുത്തിരുന്നു. 
പത്താം ക്ലാസ്സിൽ കഷ്ടിച്ച് ജയിച്ച ലെച്ചുവിന് അച്ഛൻ കഷ്ടപ്പെട്ട് പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ് എടുത്തുകൊടുത്തു.. പൈസ കുറെ ഡോണെഷനായി കൊടുത്തെങ്കിലും മോളെയൊരു എഞ്ചിനീയറായിക്കണമല്ലോ എന്ന് അച്ഛൻ ആഗ്രഹിച്ചു. 
അങ്ങനെ നമ്മുടെ നായിക കോളേജിലെത്തി. നാട്ടിൻപുറത്തു നിന്ന് വന്ന ലെച്ചു ആ കോളേജിലെ പെൺപിള്ളേരെ കണ്ടു അന്തംവിട്ടു നിന്നു തന്നെപോലെ പാവാടയും ബ്ലൗസ്ഉം ഇട്ടവരാരുമില്ല ... അതുമാത്രമല്ല, വിയർക്കുമ്പോൾ തന്നെപ്പോലെ തലയിലൂടെ എണ്ണ ഒഴുകുന്നവരുമില്ല. 
എന്നിട്ടും ധാരാളം ചെക്കന്മാർ കണ്ണിൽ പ്രേമവുമായി ലെച്ചുവിന് ചുറ്റും നടക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ചെക്കൻ നമ്മുടെ ലെച്ചുവിന്റെ കണ്ണിൽപെട്ടത്. പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ മിക്കവാറും കണ്ടവരുടെ കൈയിൽ നിന്നൊക്കെ തല്ലുവാങ്ങിക്കൂട്ടുന്ന ഡിഗ്രിക്ക് പഠിക്കുന്ന അപ്പുക്കുട്ടൻ. തല്ലുംകൊണ്ടു വെച്ചുകെട്ടിയ മുറിവുകളുമായി വരുന്ന അപ്പുക്കുട്ടനെ കാണുമ്പോൾ കടത്തനാടൻ നായകന്മാരെ ലെച്ചു അറിയാതെയോർത്തുപോകും. 
മനസ്സിൽ രാഷ്ട്രീയം മാത്രമുള്ള അപ്പുക്കുട്ടനാട്ടെ ലെച്ചുവിനെ തിരിഞ്ഞു നോക്കാറുപോലുമില്ലായിരുന്നു. എന്നാൽ ലെച്ചുവിന്റെ പ്രാർഥന കേട്ട ദൈവം അപ്പുക്കുട്ടനെയും ലെച്ചുവിനെയും കൂട്ടിമുട്ടിക്കാൻ 
 തന്നെ തീരുമാനിച്ചു... കൂട്ടുകാരികളെ പോലെ മോഡേൺ ആകാൻ വേണ്ടി ലെച്ചു മിഡിയും ടോപ്പുമൊക്കെ ധരിച്ചുതുടങ്ങി. മുട്ടറ്റം പോലുമില്ലാത്ത പാവാടയുമുടുത്തു കോളേജിൽ വന്ന ലെച്ചുവിനെ അപ്പുക്കുട്ടൻ തടഞ്ഞു നിർത്തി.. ഇമ്മാതിരി വസ്ത്രങ്ങൾ ഇവിടെ പാടില്ലെന്ന് അവളോട് കര്ശനമായി പറഞ്ഞു.. ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന് അവൾ പറഞ്ഞപ്പോൾ അപ്പുക്കുട്ടൻ അന്തിച്ചുപോയി.. കാരണം ആദ്യമായിട്ടാണ് അവന്റെ ഉത്തരവ് ഒരാൾ ശിരസ്സാ വഹിക്കുന്നത്. 
ഏതായാലും ഒരാഴ്ചക്കുള്ളിൽത്തന്നെ അപ്പുക്കുട്ടനോട് ലെച്ചു തന്റെ ഇഷ്ടം അറിയിച്ചു. കാരുണ്യ ലോട്ടറിയടിച്ചപോലെഅപ്പുക്കുട്ടൻ സന്തോഷവാനായി.. പാർട്ടിയും സമരവുമൊക്കെ അവൻ മറന്നുതുടങ്ങി.. ക്ലാസ്റൂമിലും ക്യാന്റീനിലുമൊക്കെയായി അവരുടെ പ്രണയം പൂത്തുലഞ്ഞു..ഒരുദിവസം ഒരു ഡെസ്കിനു അപ്പുറവും ഇപ്പുറവും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നപ്പോളാണ് അപ്പുക്കുട്ടൻ അതുവരെ കാണാത്ത ഒന്ന് ലെച്ചുവിൽ കണ്ടത്. മൂക്കിന് താഴെ മേൽചുണ്ടിനു മുകളിലായി പൊടിമീശ. 
അയ്യേ നിനക്ക് മീശമുളക്കുന്നുണ്ടോ എന്ന് അപ്പുക്കുട്ടൻ ചോദിച്ചപ്പോൾ അവൾ കൈകൾകൊണ്ട് അവിടം മറച്ചു. വീട്ടിലെത്തിയ ലെച്ചു കണ്ണാടിക്കു മുന്നിൽ നിന്ന് കരഞ്ഞു.. ശരിയാണ് തനിക്കു മീശയുണ്ട്. നനുനനുത്ത രോമങ്ങൾ.. ചുണ്ടിനിരുവശത്തുമുള്ളവയ്ക്കു നീളക്കൂടുതൽ.. അച്ഛന്റെ ഷേവിങ്ങ് സെറ്റ് എടുത്തുംകൊണ്ട് അവൾ കുളിമുറിയിലേക്കുപോയി.. മൂക്കിനുതാഴെ വളർന്നുനിൽക്കുന്ന മീശ വടിച്ചുകളഞ്ഞു. പക്ഷെ കണ്ണാടിയിൽ ഇപ്പൊ കാണുന്ന രൂപത്തിനെന്തോ വൃത്തികേടുള്ളതുപോലെ.. അത്താഴം കഴിക്കാനിരുന്നപ്പോ അമ്മയും മകളുടെ മുഖത്തുവന്ന മാറ്റം ശ്രദ്‌ക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ നേരാംവണ്ണം സൂര്യപ്രകാശം വന്നപ്പോഴാണ് താൻ ചെയ്ത കടുംകൈ ഇത്രത്തോളമുണ്ടെന്നുഅവൾക്കു മനസ്സിലായത്. കോളേജിൽ പോണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു. പോയില്ലെങ്കിൽ അപ്പുക്കുട്ടനെ കാണാൻ പറ്റില്ലല്ലോ... അതുകൊണ്ടു അവൾ പോയി.. ഒരു തൂവാല കൊണ്ട് മൂക്കും വായും പൊത്തിപ്പിടിച്ചായിരുന്നു യാത്ര. 
പലരും എന്തുപറ്റിയെന്നു ചോദിച്ചെങ്കിലുംഅവൾ മറുപടിയൊന്നും പറഞ്ഞില്ല. ക്ലാസിനു പുറത്തൊന്നും ലെച്ചുവിനെ കാണാത്തതുകൊണ്ട്അപ്പുക്കുട്ടൻ ക്ലാസ്സിനകത്തേക്കു ചെന്നു. അപ്പുക്കുട്ടനെ കണ്ടതും അവൾ ഓർക്കാതെ തൂവാല ഡെസ്കിൽ വെച്ച് എണീററു. കണ്ടപാടെ "ഇതെന്താ മൂക്കിന് താഴെ ട്യൂബ് ലൈറ്റ് കത്തിച്ചോ" എന്നൊരു ചോദ്യം.. ക്ലാസ്സിലെ കുട്ടികൾ എല്ലാരും അപ്പോഴാണ്ലെച്ചുവിനെ ശ്രദ്ധിച്ചത്. കൂട്ടച്ചിരി മുഴങ്ങി.. കരച്ചിലിന്റെ വക്കോളമെത്തിയ ലെച്ചുവിനെ കണ്ടു അപ്പുക്കുട്ടന് വിഷമമായി.. അവൻ സോറി പറഞ്ഞതും അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടി.. 
ഓട്ടം നിന്നതു ലൈബ്രറിക്ക് പിന്നിലായിരുന്നു. ഏങ്ങലടിച്ചു കരയുന്ന ലെച്ചുവിനെ പിന്നിൽനിന്നും കെട്ടിപ്പിടിച്ചു അപ്പുക്കട്ടൻ പറഞ്ഞു തല്ലുകൊള്ളിയായ എനിക്ക് മീശയുള്ള പെണ്ണ് ഒരഭിമാനമാണ്.. ലെച്ചു തിരിഞ്ഞുനോക്കി.. കണ്ണിൽനിന്നും മൂക്കിൽ നിന്നും കുടുകുടെ വെള്ളം ചാടുന്നുണ്ടെങ്കിലും അവനെ ഒന്നുകൂടി ചേർന്നുനിന്നു അവൾ പുഞ്ചിരിച്ചു. 
(ലച്ചു പ്രീഡിഗ്രി തോററു.. അപ്പുക്കുട്ടനെ വിവാഹം കഴിച്ചു.. ഈയിടെയായി, അപ്പുക്കുട്ടൻ മീശയില്ലാത്ത സുന്ദരിമാരോട് സംസാരിക്കുന്നതിൽ മാത്രമേ ലെച്ചുവിന് പരാതിയുള്ളൂ.

By: UmaPradeep

അമളി


കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു. ഒരു മാസത്തെ വേനലവധിക്കുശേഷം സഹപ്രവർത്തകരെയൊക്കെ വീണ്ടും കണ്ടുമുട്ടുന്ന സന്തോഷം. എറണാകുളത്തുന്നു കേറിയവരൊക്ക ഇടയ്ക്കിടയ്ക്ക് വിളിക്കുന്നുണ്ട്. ട്രെയിൻ പത്തു മിനിറ്റു ലേറ്റ് ആയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഭക്ഷണപ്പൊതികൾ അടങ്ങിയ ബാഗ് ഒന്നുകൂടി ചേർത്തുപിടിച്ചു. എത്ര നന്നായി പൊതിഞ്ഞിട്ടും ചക്കയപ്പത്തിന്റെ മണം ചുറ്റും പരന്നിട്ടുണ്ട്. എല്ലാരും ട്രെയിനിൽ ഇരുന്നു കഴിക്കാൻ എന്തെങ്കിലുമൊക്കെ സ്പെഷ്യലായി ഉണ്ടാക്കികൊണ്ടുവരും..ട്രെയിൻ എത്തിച്ചേർന്നെന്ന അന്നൗൺസ്‌മെന്റ് അതാ... ലഗേജ് എടുത്തുകൊണ്ടു മെല്ലെ നടക്കാൻ തുടങ്ങി. ബി 2ൽ സീറ്റ് നമ്പർ 25 മുതൽ 29 വരെ. ഞങ്ങളെ കാത്തു എറണാകുളംകാർ വാതിൽക്കൽ തന്നെയുണ്ടായിരുന്നു. ബാഗൊക്കെ അവർ തന്നെ എടുത്തുകൊണ്ടുപോയി. അതിഥികളെ വരവേൽക്കുംപോലെയായിരുന്നു സ്വീകരണം. ലഗ്ഗേജൊക്കെ സീറ്റിനടിയിൽ തിരുകിവെച്ചു.
ഒരു മാസം പറയാനുള്ള വിശേഷങ്ങളൊക്കെ പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറഞ്ഞുതുടങ്ങി.. കൂടെയുള്ള ആണുങ്ങൾ അതുവഴി നടന്നുപോകുന്ന ആൾക്കാരെക്കുറിച്ചു പ്രത്യേകിച്ചും സ്ത്രീകളെ കുറിച്ച് കമന്റ് പാസ്സാക്കാൻ തുടങ്ങി. വലിയൊരു തലയിണ ചെറിയൊരു കവറിലിട്ടാൽ എങ്ങനുണ്ടാകും... അതുപോലൊരു സ്ത്രീ!! ലെഗ്ഗിൻസും ടീഷർട്ടുമിട്ടു നടക്കുന്ന അവരെ കണ്ടപ്പോൾ വല്ലാത്തൊരു അറപ്പുതോന്നി.. ഞങ്ങൾ സ്ത്രീകൾക്ക് അതുകൊണ്ടുതന്നെ ഒരു സംസാരവിഷയം കിട്ടി.
രാത്രിലെ ഭക്ഷണമെല്ലാം കഴിച്ചു കിടക്കാനുള്ള വട്ടം കൂട്ടി. വെളുത്ത കവറിട്ട തലയിണയും, രണ്ടു വെള്ള ഷീറ്റും, ഒരുകമ്പിളിയും ഓരോരുത്തർക്കും റയിൽവെയുടെ വകയായി കിട്ടി. കമ്പിളി ആരും പുതക്കാനെടുത്തില്ല.. മടക്കു നിവർത്തുകപോലും ചെയ്യാതെ കാൽക്കൽ വെച്ചു. ആറുപേർക്കുള്ള ബർത്തിൽ ഒരെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതാരായാലും വരുമ്പോൾ ചെറിയൊരു അഡ്ജസ്റ്റ്മെന്റ് നടത്താനുണ്ട്. അയാളെ B2ൽ വിട്ടിട്ടു അവിടെ തനിച്ചിരിക്കുന്ന അനുവിനെ ഇങ്ങോട്ടു കൊണ്ടുവരണം.
ട്രെയിൻ കുലുങ്ങിക്കുലുങ്ങി സ്പീഡ് കൂടി ഓടാൻതുടങ്ങി. ഞങ്ങളൊക്കെ ഉറക്കം പിടിച്ചു.
നേരം പരപരാ വെളുത്തപ്പോ തന്നെ എണീറ്റു.. തിരക്കാകും മുൻപ് വാഷ്‌റൂമിൽ പോയി തിരിച്ചുവന്നു അല്പം മേക്കപ്പ് ഒക്കെ ഇട്ടു.. ഒരു കപ്പു കാപ്പിയും വാങ്ങിക്കുടിച്ചു.
പതിയെ പതിയെ ഓരോരുത്തരായി എണീറ്റു. വീണ്ടും കലപില.. ബ്രെക്ഫാസ്റ് തുടങ്ങി..ഞങ്ങളുടെ ചക്കയപ്പം പലരെയും ആകർഷിച്ചു. ട്രെയിൻ പൻവേൽ എത്തി.. അതാ ഞങ്ങൾ പ്രതീക്ഷിച്ച വ്യക്തി കുറെയേറെ ലഗേജുമായി വരുന്നു. വന്നയുടൻ തന്നെ ഞങ്ങളുടെ ലഗ്ഗേഗൊക്കെ ഒരു മൂലയിലോട്ടു നീക്കി വെച്ചു, പുള്ളിയുടെ സാധനസാമഗ്രികൾ സുരക്ഷിതമാക്കി.
പുരുഷകേസരികൾവളരെ സമാധാനപൂർവം വളരെ മയത്തോടെ അദ്ദേഹത്തോട് B2ലേക്ക് പോകാമോ എന്നുചോദിച്ചു.. ഒന്നും മനസ്സിലാകാത്തതുപോലിരിക്കുന്നയാളോട് പിന്നെ ഹിന്ദിയിലായി ചോദ്യം. പോകാൻ പറ്റില്ലാന്ന് കടുത്ത ഹിന്ദിയിൽ അയാൾ മറുപടിയും തന്നു. അതോടെ അയാൾ ഞങ്ങൾക്ക് ശത്രുവായി.
അയാളുടെ മുന്നിലിരുന്നു ഞങ്ങൾ വിശിഷ്ടങ്ങളായ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി.. വേണോ എന്ന് ചോദിച്ചതേയില്ല.അയാൾ കൂടുതലും കഴിച്ചത് റൊട്ടിയും വെണ്ണയും ആയിരുന്നു. ഇടയ്ക്കെപ്പോഴോ മൊബൈലിൽ സംസാരിക്കുന്നതു കേട്ടു. ഹിന്ദിയും ഇംഗ്ളീഷും ഒന്നുമല്ല, വേറേതോ ഒരു ഭാഷ. അന്നത്തെ പകൽ മുഴുവൻ ഞങ്ങളുടെ ഇര അയാളായിരുന്നു. ഇയാൾ മീശയിൽ ഏതെണ്ണയാകും പുരട്ടുന്നത്?? ധാത്രിയാകും..ഞങ്ങൾ പറഞ്ഞു ചിരിച്ചു. എപ്പോഴും കാൽ സീറ്റിൽ എടുത്തുവെച്ചു ചൊറിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ വട്ടച്ചൊറിയാൻ എന്ന പേരും ഞങ്ങളിട്ടു....
ചിലപ്പോഴൊക്കെ അയാൾ ഞങ്ങൾ സ്ത്രീകളെ വല്ലാതെ നോക്കുന്നതായി ഞങ്ങൾക്ക് തോന്നി.. അതുകൊണ്ടുതന്നെ പരസ്യമായി "വായിനോക്കി" എന്നും വിളിച്ചു. കൂട്ടത്തിൽ ചെറുപ്പക്കാരിമാരായ മിസ്സുമാർക്കൊക്കെ അയാൾ "കിളവനായിരുന്നു".
അങ്ങനെ ഞങ്ങളുടെ യാത്ര അവസാനിക്കാറായി.. ട്രെയിൻ ഞങ്ങൾക്കിറങ്ങേണ്ട സ്റ്റേഷനോടടുത്തു. അപ്പോളതാ മൂന്നു നാലുചെറുപ്പക്കാർ അയാളുടെ അടുത്തേക്ക് വന്ന്‌ "സാബ്റെഡിയല്ലേ", എന്ന് പച്ചമലയാളത്തിൽ... "ഞാൻ എപ്പോഴേ റെഡി" എന്ന് അയാളും .. ചെറുപ്പക്കാർ അയാളുടെ ലഗേജുമായി വാതിൽക്കലേക്കു പോയി. ശ്വാസം കിട്ടാതെ നിൽക്കുന്ന ഞങ്ങളെ നോക്കി അയാളൊന്നു ചിരിച്ചു.. എന്നിട്ടു "ടീച്ചർമാരാണ് അല്ലെ" എന്നൊരു ചോദ്യവും.. ഞങ്ങളെല്ലാരും കുറ്റവാളികളെപോലെ തലകുനിച്ചുനിന്നു.. ഒരു സോറി പോലും പറയാനാകാതെ.. ഏതായാലും ഈ സംഭവത്തിനുശേഷം ഞങ്ങൾ അന്യഭാഷ സംസാരിക്കുന്നവരെ വളരെ ബഹുമാനത്തോടുകൂടിയെ നോക്കികാണാറുള്ളൂ.

by; Uma Pradeep

ഒരോർമ്മ


ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ലോർമകളുമായാണ് ബി എഡ് പൂർത്തിയാക്കിയത്. ഏറ്റവും രസകരമായിആസ്വദിച്ചത് ട്രെയിനിങ് കാലഘട്ടവും.. പാതി ടീച്ചർമാരായ ഞങ്ങളെആദ്യമായി ടീച്ചറെ എന്ന് വിളിച്ചു സന്തോഷിപ്പിച്ചത് ആ സ്കൂളുകളിലെ കുട്ടികളാണ്. ഓർമിക്കാൻ കുറെയേറെ ഓർമകളും കുറെ കൊച്ചു സമ്മാനങ്ങളുമായാണ് ഞങ്ങൾ അവരോടു യാത്ര പറഞ്ഞത്..
ഒരിക്കലും തല്ലില്ലന്നു പൂർണ്ണബോധ്യം ഉള്ളതിനാലാകാം അവർക്കു ഞങ്ങൾ സുഹൃത്തുക്കൾ കൂടിയായിരുന്നു. ഇടത്തരം കുടുംബത്തിലെയും പാവപ്പെട്ട കുടുംബങ്ങളിലെയും കുട്ടികൾ പഠിക്കുന്ന ഒരു ചെറിയ ഗവെർന്മെന്റ് സ്കൂൾ. അപ്പോഴും അവിടെ ചെരിപ്പിടാതെ വരുന്ന കുട്ടികളുണ്ടായിരുന്നു. നടന്നു വേദനിക്കുന്ന കുഞ്ഞനിയത്തിക്കു പാകമല്ലാത്ത തന്റെ ചെരുപ്പ് ഊരിനൽകിയ മിടുക്കനും അവിടെ പഠിച്ചിരുന്നു.
ഉച്ചക്കഞ്ഞി മാത്രം ലക്ഷ്യമാക്കി വരുന്ന വേറെ കുറെ കുഞ്ഞുങ്ങൾ എന്റെ കണ്ണ് നനയിച്ചിട്ടുണ്ട്. പക്ഷെ എല്ലാത്തിനുമുപരിയായി പുറത്തുനിന്നു വരുന്നവരെ ആകർഷിക്കുന്ന മറ്റൊരു ഘടകം അവിടുണ്ടായിരുന്നു.. കുട്ടികളൊരുക്കിയ പച്ചക്കറിത്തോട്ടം. വിത്തുപാകിയതും വളമിട്ടതും വെള്ളമൊഴിച്ചതുമെല്ലാം ആ കുഞ്ഞുങ്ങൾ.. സ്കൂളിന് പിറകിലായായിരുന്നു പച്ചക്കറിത്തോട്ടം.. ചുവപ്പും പച്ചയും നിറമുള്ള ചീര, തക്കാളി, വെണ്ട, പടവലം, വെള്ളരി ഇതെല്ലാം പൂവിട്ട കാലത്തായിരുന്നു ഞങ്ങൾ അവിടെ ട്രൈനിങ്ങിനു എത്തിയത്.
എക്കോ ക്ലബ്ന്റെ പ്രവർത്തനം വളരെ നന്നായി അവിടെ നടക്കുന്നുണ്ടായിരുന്നു. വഴിവക്കിൽ നട്ട പുളിമരത്തിനും വാകക്കുമൊക്കെ വാട്ടർബോട്ടിലിൽ വെള്ളം ശേഖരിച്ചൊഴിക്കുന്ന പ്രീ പ്രൈമറി കുട്ടികളെ കണ്ടപ്പോൾ നമ്മുടെ ലോകം ഈ കുട്ടികളുടെ കൈയിൽ സുരക്ഷിതമാണെന്നും എനിക്ക് തോന്നി.
പച്ചക്കറിത്തോട്ടത്തിൽ പൂക്കൾ കായ്കൾക്ക് വഴിമാറിയപ്പോൾ കുട്ടികൾ സന്തോഷത്താൽ മതിമറന്നു. ഉച്ചക്കഞ്ഞിക്ക് ആ പച്ചക്കറികൊണ്ടുണ്ടാക്കുന്ന സാമ്പാറും അവിയലും തോരനും .... തോട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അവരുടെ സംസാരവിഷയം ഇതുമാത്രമായിരുന്നു.
ട്രെയിനിങ് ടീച്ചേഴ്സ് കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിളമ്പി നൽകണമെന്നത് ആ സ്കൂളിൽ നിർബന്ധമായിരുന്നു. ഓരോ കുഞ്ഞും പാത്രവുമായി നമ്മുടെ മുന്നിലൂടെ പോകുമ്പോൾ... അവരുടെ പാത്രങ്ങളിൽ ഭക്ഷണം പകർന്നു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു നിർവൃതി ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല.. ഞങ്ങളെ ഊട്ടാനും ആ കുഞ്ഞുങ്ങൾ മറന്നിട്ടില്ല. പഠിക്കുമ്പോൾ ഒരിക്കലും ഉച്ചക്കഞ്ഞി സ്കൂളിൽ നിന്നും കുടിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നില്ല.. പലപ്പോഴും ആ ആഗ്രഹമറിയിക്കുമ്പോൾ വീട്ടുകാർ കണ്ണുരുട്ടിയിരുന്നു. ട്രെയിനിങ് കാലത്തു ആ ആഗ്രഹവും ഞാൻ സാധിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ ഊണിനും പറശ്ശിനിക്കടവിലെ വൻപയറിനും തേങ്ങാക്കൊത്തിനും ഒപ്പം നിൽക്കുന്ന രുചിയായിരുന്നു ആ കുട്ടികൾ സ്നേഹത്തോടെ വിളമ്പിത്തന്ന ഉച്ചകഞ്ഞിക്കും.
ദിവസങ്ങൾ കഴിഞ്ഞു.. ഒരു വെള്ളിയാഴ്ച ദിവസം കുട്ടികളോടൊപ്പം ഞാനും കൂടിച്ചേർന്നു കുഞ്ഞുപാവക്കയ്ക്കൊക്കെ കടലാസുകൂട് കെട്ടിയിട്ടു.. പുഴു കുത്താതിരിക്കാൻ.. ശനിയും ഞായറും അവധിയായതിനാൽ ഇനി തിങ്കളാഴ്ച കാണാമെന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോൾ വല്ലാത്തൊരു മൂകത.. പതിവ് കളികളും ടീച്ചറെന്നു വിളിച്ചുകൊണ്ടുള്ള വരവും ഒന്നും കാണാനില്ല. ലെസ്സൺ പ്ലാൻ കാണിക്കാനായി സ്റ്റാഫ്‌റൂമിൽ ചെന്നപ്പോൾ ടീച്ചർമാർ തമ്മിൽ കുശുകുശുക്കുന്നുണ്ട്. എന്താ സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
എപ്പോഴും എന്റെകൈപിടിച്ച് നടക്കാനിഷ്ടമുള്ള ഒൻപതാം ക്ലാസ്സിലെ മീനൂട്ടി കരഞ്ഞു കലങ്ങിയ മുഖവുമായി എന്റെ അടുത്തേക്കുവന്നു. പിന്നെ കെട്ടിപ്പിടിച്ചൊരു തേങ്ങലായിരുന്നു. എന്താ മീനു എന്ന് ചോദിച്ചതും അവളെന്റെ കൈപിടിച്ച് സ്കൂളിന് പിന്നിലേക്ക് ഓടി. അവിടെ കണ്ട കാഴ്ച... !!പച്ചക്കറികളൊക്കെ വെട്ടിനശിപ്പിച്ചിട്ടിരിക്കുന്നു. കറിവെക്കാൻ പാകമെത്തിയ ചീര മുഴുവനും ചവിട്ടിമെതിച്ചിട്ടിരിക്കുന്നു. വെട്ടി നശിപ്പിച്ച പച്ചക്കറിയൊക്കെ കത്തിക്കാൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും കത്തിയിട്ടില്ല. പാകമെത്താത്ത പാവലും പടവലവും വെള്ളരിയുമെല്ലാം നിലത്തു കിടക്കുന്നു.
ഒരു ശവപ്പറമ്പിലെന്നപോലെ കുട്ടികളും ചില അധ്യാപകരും, കൂടെ ഞാനും അവിടെ നിന്നു. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്തുപറഞ്ഞ് ആ കുട്ടികളെ ആശ്വസിപ്പിക്കണമെന്നും.. മനസ്സിലാകാത്തതായി ചിലതുണ്ട്...
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആർക്കു എന്ത് സുഖമാണ് കിട്ടുന്നത്? ഏക്കർ കണക്കിന് പുരയിടം ഒഴിഞ്ഞു കിടക്കുമ്പോഴും അന്ന് കുട്ടികളിരിക്കുന്ന ബെഞ്ചിൽ മലമൂത്ര വിസർജനം നടത്തിയിട്ടുണ്ടായിരുന്നു. ക്ലാസ് മുറികളിലെ ചുവരിൽ നിറയെ അസഭ്യം. പോരാത്തതിന് മദ്യക്കുപ്പികളും. ഈ പാവം കുട്ടികളുടെ അവസ്‌ഥ മനസ്സിലാക്കാൻ നമ്മുടെ നാട്ടിൽഒരു മാധ്യമങ്ങളും തയ്യാറാവില്ല.ഈ ക്രൂരത കാട്ടിയ അധമന്മാർക്കെതിരെ ഒരു നിയമവും വിരലനക്കില്ല.. കാരണം ഈ കുട്ടികൾ പാവപെട്ടവരാണ്..
ഒരു ട്രെയിനിങ് ടീച്ചർ മാത്രമായ എനിക്ക് അന്ന് ചെയ്യാൻ കഴിഞ്ഞ ഒരേയൊരു കാര്യം അവരെ ആശ്വസിപ്പിക്കുക എന്നതുമാത്രമായിരുന്നു. തീയിൽ കുരുത്തതുകൊണ്ടാവണംആ വെയിലത്ത്അവർ വാടിയില്ല. പച്ചക്കറിത്തോട്ടമെന്ന സംരംഭം അവർ മുന്നോട്ടുതന്നെ കൊണ്ടുപോയി.പക്ഷെ സ്കൂളിൽ ആയിരുന്നില്ല എന്ന്മാത്രം.. അവരവരുടെ വീടുകളിൽ അവരുടെ സാഹചര്യം അനുസരിച്ചു മാത്രം..എന്റെ ട്രെയിനിങ് കഴിഞ്ഞു.. പോകാൻ നേരം ഇക്കോ ക്ലബ്ബിലെ കുട്ടികൾ കുറിപ്പുകളടങ്ങിയ ഒരു നോട്ടുബുക്ക് എനിക്ക് സമ്മാനമായി തന്നു. ആ ബുക്ക് ആണ് എന്റെ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.
ഈ ലോകത്തു പലതരം മനോരോഗികളുണ്ട്.. പലതിനും ചികിത്സയില്ല.. എങ്കിലും ഇതുപോലെ കുഞ്ഞുങ്ങളുടെ കണ്ണുനീർ കണ്ടു ആനന്ദിക്കുന്ന മനോരോഗികളെ തിരിച്ചറിഞ്ഞാൽ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് എന്റെ അഭിപ്രായം.. നിങ്ങളുടേതോ ??

By: 
Uma Pradeep Puthukkattu

ഒരു സ്പര്ശനം മതി


അന്ന് ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് ഹൈ സ്കൂളിൽ ഒൻപതു ഇ ഡിവിഷനിലെ എല്ലാ കുട്ടികളും ഐകകണ്ഠേന എന്നെ ക്ലാസ് ലീഡർ ആയി തിരഞ്ഞെടുത്ത ദിവസം.. എത്രയും പെട്ടന്ന് അമ്മയെ ഈ വിവരം അറിയിക്കാൻ വീർപ്പുമുട്ടുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയപാടെ അമ്മയോട് കാര്യം പറഞ്ഞു.. പ്രതികരണം ഞാനുദ്ദേശിച്ചതായിരുന്നില്ല. "കാര്യമൊക്കെ കൊള്ളാം... ഓണപ്പരീക്ഷക്കു മാർക്കെങ്ങാനും കുറഞ്ഞാൽ ഈ പണി രാജി വെച്ചോണം" ഇതായിരുന്നു മറുപടി.. 
സംസാരിക്കുന്നവരുടെ പേരെഴുതിയും ലേബർ ഇന്ത്യ വേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ഒക്കെ ചെയ്തു സന്തോഷമായി ലീഡർ പദവി ആസ്വദിച്ചുവരുമ്പോളാണ് ഹെഡ് മിസ്ട്രെസ്സിന്റെ ഒരു പുതിയ ഭരണപരിഷ്കാരം നിലവിൽ വന്നത്.
ഇനി മുതൽഅസംബ്ലി ഓരോ ക്ലാസ്സിന്റെയും വകയായിരിക്കും!!! 
ക്ലാസ്സിലെ പാട്ടുപാടുന്ന കുട്ടികളെ കണ്ടെത്തി അവരെക്കൊണ്ടു ഈശ്വരപ്രാർഥന നടത്തിക്കുക.. അസംബ്ലി ഉള്ള ദിവസം വാർത്ത വായിപ്പിക്കുക.. എന്നീ അധികചുമതലകൾ അതാതു ക്ലാസ്സ്‌ലീഡർമാർ വഹിക്കേണ്ടതാണ്.. 
ഇതൊക്കെ ചെറുത്.. വലുത് വേറെയുണ്ടായിരുന്നു പ്രതിജ്ഞ ക്ലാസ്സ്‌ലീഡർമാർ തന്നെ ചൊല്ലുക.. 
ആ ദിവസമാകുമ്പോളേക്കും കിടപ്പിലാകാനായി പല വഴികളും ഞാൻ നോക്കി.. ഒക്കെ വൻ പരാജയങ്ങളായിരുന്നു. അസുഖമുണ്ടെന്നു പൂർണ ബോധ്യമുണ്ടെങ്കിലേ ലീവ്എടുക്കാൻ 'അമ്മ സമ്മതിക്കൂ.
അങ്ങനെ പത്താംക്ലാസ്സുകാരുടെ അസംബ്ലി കഴിഞ്ഞു.. ഒൻപതാം ക്ലാസ്തുടങ്ങി എ, ബി, സി, ഡി .. അടുത്തതു എന്റെ ക്ലാസ്. 
പാട്ടുകാരും വായനക്കാരുംറെഡി. ഇനി ഞാനും കൂടി റെഡി ആയാൽ എല്ലാം ഓക്കേ. തലേ ദിവസം മുഴുവൻ പ്രതിജ്ഞ പരിശീലനമായിരുന്നു. അങ്ങനെ പിറ്റേന്ന് നേരം വെളുത്തു. ചോറുപൊതിയും ബുക്കുകളും ഒക്കെ സഞ്ചിയിലാക്കി യൂണിഫോമും ഇട്ടു ഞാൻ വീട്ടിൽനിന്നും ഇറങ്ങി.ബസ് സ്റ്റോപ്പിൽ നിന്നപ്പോഴും മനസ്സ് മുഴുവൻ അസംബ്ലി ആയിരുന്നു. ആർ.കെ.വി ബസ് ദൂരെ നിന്നും വരുന്നുണ്ട്. ഇരുപത്തഞ്ചു പൈസ എടുത്തു കൈയിൽ പിടിച്ചു. 
ബസിൽ തീരെ തിരക്കില്ല.ഞാൻ മാത്രമേ നിൽക്കാനുണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ മുട്ടറ്റം മാത്രം ഇറക്കമുള്ളഎന്റെപാവാട കുടപോലെയായി.. പാവാട ഒതുക്കി പിടിക്കുന്നതിലായിരുന്നു എന്റെ ശ്രെധ മുഴുവനും.. അപ്പോഴാണ് ഫിസിക്സ് പീരീഡ് ഓര്മിപ്പിക്കാനെന്നോണം ബസ് സഡൻ ബ്രെക് ഇട്ടതു. ഞാൻ നേരെ മുന്നോട്ടാഞ്ഞു ഡ്രൈവറുടെ ഇടതുവടത്തിരിക്കുന്ന ചൂടുപിടിച്ചിരിക്കുന്ന ആ പെട്ടിയിലേക്കു കമിഴ്ന്നടിച്ചു വീണു. 
എണീക്കാൻ നോക്കി.. പറ്റുന്നില്ല. 
അപ്പോഴാണ് പെട്ടിയുടെ മുന്നിലായിഒരു വസ്തു ഞാൻ കണ്ടത്.. പിടിച്ചെണീക്കാൻ പറ്റിയ സാധനം.
ഞാൻ അതിൽ പിടിച്ചതും ഡ്രൈവർ ഒരലർച്ച !!! "കൊച്ചെ അതിന്നു പിടിവിട്.. ഗിയർ വലിച്ചൂരിയെടുക്കല്ലേ" എന്നിങ്ങനെ. 
ഞാൻ പെട്ടന്ന് കൈ മാറ്റി. ബസിലെ കിളിവന്നു എന്നെ എഴുന്നേൽപ്പിച്ചു. എന്റെ ഒരു ചെരുപ്പും സഞ്ചിയും അയാൾ തന്നെ എടുത്തുകൊണ്ടുവന്നു തന്നു. ഇരിക്കാനായി ഒരു സീറ്റും ഏർപ്പാടാക്കി.
അങ്ങനെ വല്ലപാടും സ്കൂളിലെത്തി. ക്ലാസ്സിൽ ചെന്നപ്പോ അവിടെ ഭയങ്കര റിഹേഴ്സൽ...
ഞാനൊന്നിലും പങ്കെടുത്തില്ല.. വരുംപോലെ വരട്ടെന്നു കരുതി. അസംബ്ലി ക്കു ബെല്ലടിച്ചു. വരിവരിയായി കുട്ടികൾ ഗ്രൗണ്ടിലെത്തി. ടീച്ചർമാരും ഹെഡ്മിസ്ട്രെസ്സും അങ്ങോട്ടേക്ക് വന്നു. ഞാനും പാട്ടുകാരും വാർത്താവായനക്കാരിയും മൈക്കിന് ചുറ്റുപാടുമായി നിന്നു.ഇന്നത്തെ അസംബ്ലി നടത്തുന്നത് ഒൻപതു ഇ ആണെന്ന് സ്കൂൾ ലീഡർ അന്നൗൻസ് ചെയ്തു. ഈശ്വരപ്രാർഥനക്കായി കുട്ടികളെ ക്ഷണിച്ചു്. മനോഹരമായി അവർ പാടി. അതുകഴിഞ്ഞു വാർത്ത വായന ..
അതും കഴിഞ്ഞുഎന്റെ റോൾ എത്തി. മൈക്കിനടുത്തെത്തി മുന്നോട്ടു നോക്കിയതും എന്റെ ബോധം പോയി.. എല്ലാരും എന്നെ നോക്കി നിൽക്കുന്നു. തുടങ്ങിക്കോ എന്ന് സ്കൂൾ ലീഡർ ആംഗ്യം കാണിച്ചു. ഞാൻ വലതു കൈ മുന്നോട്ടു നീട്ടിപിടിച്ചു പ്രതിജ്ഞ തുടങ്ങി.. ഭാരതംഎന്റെ നാടാണ്.. കുട്ടികൾ ഏറ്റുപറഞ്ഞു.. എല്ലാ സഹോദരീ സഹോദരന്മാരും എന്റെ ഭാരതീയരാണ്.. പകുതിപറഞ്ഞു എല്ലാരും നിർത്തി.. ഹെഡ്മിസ്ട്രസ് കണ്ണാടിക്കു മുകളിലൂടെ എന്നെ തുറിച്ചുനോക്കുന്നുണ്ട്. എനിക്കപ്പോൾ ഒന്നും മനസ്സിലായില്ല.. ഏതായാലും ബാക്കിയും കൂടി പറഞ്ഞു ആ കർത്തവ്യം അവസാനിപ്പിച്ചു.
അസംബ്ലി കഴിഞ്ഞു.. കുട്ടികൾ ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയതും ഹെഡ്മിസ്ട്രസ് മൈക്കിനടുത്തേക്കു വന്നു. ഒൻപത് ഇ യിലെ ലീഡർ ക്ലാസ്സിലേക്കു പോകണ്ട എന്നുപറഞ്ഞു. പേടിച്ചു വിറച്ചു നിന്ന എന്നോട് അവിടിരുന്നു പ്രതിജ്ഞ നൂറു തവണ എഴുതാനും പറഞ്ഞു. ബസിൽ വീണു പൊള്ളിയ കൈകൊണ്ടു ഞാൻ എഴുതാൻ തുടങ്ങി. കുറച്ചെഴുതിയപ്പോഴേക്കും വയ്യാതായി.. ഞാൻ ബുദ്ധിമുട്ടുന്നത്കണ്ട ഹെഡ്മിസ്ട്രസ്എന്റെ കൈ പിടിച്ചുനോക്കി. പൊള്ളിയിരിക്കുന്ന വിരലുകൾ കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. കാര്യമറിഞ്ഞപ്പോൾ ടീച്ചർ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഏതായാലും ആ ആഴ്ച മുഴുവനും പ്രതിജ്ഞ പറയേണ്ട ഡ്യൂട്ടി എനിക്ക് കിട്ടി. ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ സഭാകമ്പം പൂർണ്ണമായും മാറി. ടീച്ചർ എന്റെ കൈയിൽ തൊട്ട ആ നിമിഷം ഞാൻ മറ്റൊരു പ്രതിജ്ഞ എടുത്തു.. "വലുതാകുമ്പോൾ എന്തായാലും ഞാനൊരു ടീച്ചർ ആകുമെന്ന്"... കാരണം ഇത്രമാത്രം മനുഷ്യ മനസ്സിനെ സ്വാധീനിക്കാൻ പറ്റുന്ന മറ്റൊരു ജോലിയും ഈ ലോകത്തില്ല.ഒരു സ്പര്ശനം മതി ഒരു ജന്മത്തെ നേർവഴിക്കു നയിക്കാൻ..

By: Uma Pradeep

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo