Showing posts with label BijuEK. Show all posts
Showing posts with label BijuEK. Show all posts

ലങ്കോട്ടി പുരാണം

Image may contain: 1 person, beard, outdoor and closeup
-----------------------------
അങ്ങനെ ഡിഗ്രി കഴിഞ്ഞു എന്ത് എന്ന് മേലോട്ടു നോക്കി നിന്നപ്പോൾ ഒരു അശരീരി കേട്ടു കംപ്യൂട്ടർ.....അത് കേട്ട് ബാഗുമെടുത്തു ഇറങ്ങിതിരിച്ചതാ ബാംഗ്‌ളുർക്കു..
ആദ്യമായി ബാംഗളൂരിൽ താമസിച്ച്ത് കെ ആർ പുരത്തിനടുത്താണ്. വലിയൊരു ക്വാറിക്കു അരികിൽ ഒരു ചെറിയ ശ്മശാനത്തിനടുത്ത് ..
ചപ്പാത്തിക്ക് കുഴച്ചു അവസാനം ഗോതമ്പ് ദോശ കഴിക്കേണ്ടി വന്ന ബാംഗളൂർ യൗവന കാലഘട്ടമായിരുന്നു അത് ..
ഞങളുടെ ആദ്യത്തെ ഹൗസ് ഓണർ നാരായണപ്പ വളരെ മനോഹരമായ കാഴ്ചപ്പാടുള്ള ഹൗസ് ഓണർ അഞ്ചു വീടുകൾക്കു കൂടി ഒരു ടോയ്‌ലറ്റേ ഉണ്ടാക്കിയുള്ളൂ .. ....അതുകൊണ്ടു തന്നെ ടോയ്‌ലറ്റ് നല്ല കോലത്തിലായിരുന്നു ..ബാക്കിയുള്ളവർ ക്വാറി കൊണ്ട് തൃപ്തിപ്പെടണം എന്നായിരുന്നു നാരായണപ്പയുടെ ഒരു ഇത്..
അതുകൊണ്ട് കെ ആർ പുരത്തിലെ ആ വീട്ടിൽ ടോയ്‌ലറ്റിൽ പോകാൻ എത്ര മുട്ടിയാലും രാവിലെ ശൈലേഷ് പോയിക്കഴിഞ്ഞാൽ മാത്രമേ ഞങ്ങൾ പോകൂ ..അവൻ കുറച്ചു വൃത്തി മൂത്ത ആളാ .. മൊത്തം ക്ലീൻ ചെയ്തേ അവൻ കയറൂ..ക്ളീൻ ചെയ്തേ അവൻ ഇറങ്ങൂ ...
അവൻ ഇറങ്ങുമ്പേഴേക്കും ഒരുകിലോമീറ്റർ അകലെ ഉള്ള വാട്ടർ ടാങ്കിൽ നിന്നും ഞങ്ങൾ ബക്കറ്റ് വെള്ളത്തിന് 25 പൈസ കൊടുത്തിട്ട് വെള്ളം എടുത്തു ടോയ്‌ലറ്റിന് മുന്നിൽ ക്യു നിലക്കും.. അങ്ങനെ 8 മണിയോടെ കുളിയും തേവാരവും കഴിഞ്ഞു നേരെ ഒരു കട്ടൻ ചായ .[.അപ്പോഴേക്കും വാട്ടർ ടാങ്കിൽ വെള്ളം തീർന്നിട്ടുണ്ടാകും ]
പിന്നെ ഉച്ചവരെ എം ജി റോഡിലെ കമ്പ്യൂട്ടർ ക്‌ളാസിൽ ..അതിനു ശേഷം കബൻ പാർക്കും ,എം ജി റോഡും വെറുതെ നടന്നു നടന്നു നമ്മൾ തളരും ..പിന്നെ മേയോഹാൾ എത്തി ബസ് കാത്തു നിൽക്കും .
മാസാദ്യം ആണെങ്കിൽ (അച്ഛൻ മാസത്തിൽ അയക്കുന്ന പൈസ വല്ലതും ഉണ്ടെങ്കിൽ ) ബസ്റ്റോപ്പിന് പിന്നിലെ തട്ടുകടയിൽ നിന്ന് എഗ്ഗ് ന്യൂഡിൽസ് കഴിക്കും ..അല്ലെങ്കിൽ ഒന്നും കഴിക്കില്ല ..പിന്നെ നേരെ വീട്ടിലേക്കു ബസ് കയറും വീട്ടിലെത്തിയാൽ ഉറക്കം കണ്ണിൽ നീരാടാൻ തുടങ്ങും ..
അടുത്ത ദിവസം പിന്നെയും പതിവ് പരിപാടികൾ തുടരും
രാവിലത്തെ പതിവ് പരിപാടികൾ ഞങ്ങളെ മാനസികമായും ശാരീരികമായും തളർത്തി... വെള്ളത്തിന്റെ ബുദ്ധിമുട്ടും ടോയ്‌ലറ്റു പ്രശ്നങ്ങളും ..അങ്ങനെ ഞങ്ങൾ വേറെ വീട് അനേഷിച്ചു തുടങ്ങി ..
കിടക്കാൻ സ്ഥലമിലെങ്കിലും വേണ്ടില്ല ആവിശ്യത്തിന് വെള്ളവും സ്വന്തമായി ഒരു കക്കൂസും അതായിരുന്നു ഞങ്ങളുടെ ഏക ആവശ്യം ...
അതിനൊത്ത ഒരു സ്ഥലം ഞങ്ങൾ കണ്ടെത്തി -ടിൻ ഫാക്ടറിക്കടുത്തുള്ള ദേവരാവർ മന ...
അങ്ങനെ ഞങ്ങൾ അഞ്ചു പേർ ദേവരാവർ മനയിലെ മൂന്നാമത്തെ നിലയിൽ ആസ്ബറ്റോസ് കൊണ്ട് മേഞ്ഞ ഒറ്റ ബെഡ്‌റൂമിലേക് സ്ഥലം മാറി ...
ദേവരാവർ ആ പ്രദേശം മുഴുവൻ വെള്ളം കൊടുക്കുന്ന മഹാമനസ്കനാണ് ഒരു ബക്കറ്റിന് 50 പൈസ കൊടുക്കണമെന്ന് മാത്രം പക്ഷെ താമസക്കാർക് വെള്ളം ഫ്രീ ആണ്.. അത് ആയിരുന്നല്ലോ നമ്മടെ ആദ്യത്തെ കണ്ടീഷൻ ..മൂന്നാം നിലയിലെ ആസ്ബറ്റോസ് ഷെഡിൽ ഒരു കക്കൂസും (രണ്ടാമത്തെ കണ്ടീഷൻ ) പിന്നെ അടുക്കളയും ഉണ്ട് .. ആനന്ദലബ്ദിക്ക് പിന്നെന്തു വേണം ....കൂടാതെ വിശാലമായ ടെറിസിൽ സുഖമായി ഉറങ്ങാം ...(മഴ ഇല്ലാത്ത രാത്രികളിൽ ഞങ്ങളെപ്പോഴും പുറത്താണ് ഉറങ്ങാറ്) ..
വാടക കൂടിയതു കാരണം ഞങ്ങൾ കാശിന്റെ കാര്യത്തിൽ കുറച്ചു കരുതൽ പ്ലാൻ ചെയ്തു ..
ഭക്ഷണം വീട്ടിൽ തന്നെ ഉണ്ടാക്കാൻ തീരുമാനിച്ചു ..മാസത്തിൽ കണക്കു പറയുന്നതിന് പകരം ദിവസത്തെ ചിലവ് / കണക്കുകൾ അന്നന്ന് തീർക്കാൻ തീരുമാനിച്ചു ..
ഓരോരുത്തരും വാങ്ങുന്ന ഒന്നര രൂപയുടെ തൈര് രണ്ടു രൂപയുടെ ഉള്ളി ,റവ ,500 ഗ്രാം അരി ഇതെലാം അഞ്ചായി ഹരിച്ചും ഗുണിച്ചും വിനോദ് കണക്കു അവതാരിപ്പിക്കും അവസാനം അങ്ങോട്ടും എങ്ങോട്ടും 25 പൈസയോ മറ്റോ കൊടുക്കേണ്ടി വരും അത് അന്ന് തന്നെ തീർപ്പ് കല്പിക്കും ..ഞങ്ങൾ ഒരിക്കലും കാര്യങ്ങൾ പിന്നത്തേക്കു വയ്ക്കാറില്ല ...
വലിയ പ്രശനങ്ങളില്ലാതെ ഞങ്ങൾ അങ്ങനെ തട്ടിം മുട്ടിം ജീവിച്ചു ..
അങ്ങനെ ഇരിക്കുമ്പോഴാണ് ചെറിയൊരു പ്രശനം ഉരുത്തിരിഞ്ഞു വന്നത് .ബാംഗളൂരിലെ തണുപ്പു കാരണം അലക്കിയ ഡ്രസ്സ് ഒക്കെ ഉണങ്ങാൻ ദിവസങ്ങളെടുക്കുന്നു .. പ്രത്യേകിച്ചു അടിവസ്ത്രം അഥവാ അണ്ടർവെയർ
ഈ അണ്ടർ വെയർ പ്രശ്നത്തിന് അറുതി വരുത്താൻ കൂട്ടുകാരൻ ശുബന്ദ് നാട്ടിൽ പോകേണ്ടിവന്നു ...
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു അവൻ നാട്ടിലേക്കു പോകാൻ തയ്യാറായി അവന്റെ നാട്ടിലെ അണ്ടലൂർ കാവിൽ ഉത്സവമാണ്
പോകുന്നതിനു മുൻപേ അവൻ പറഞ്ഞു ....
എടേ ഞാൻ ശശി ഏട്ടനോട് ലങ്കോട്ടി തുന്നാൻ പറയുന്നുണ്ട് നിങ്ങൾക്കു വേണോ ? അത് കൈത്തറി ആയതു കൊണ്ട് തുണി വേഗം ഉണങ്ങും ..നമ്മുടെ പ്രശ്നത്തിന് തത്കാല സൊല്യൂഷൻ ആകും ..എല്ലാരും വേറൊന്നും ചിന്തിക്കാതെ മടിക്കാതെ ലങ്കോട്ടി നാലെണ്ണം വീതം ഓർഡർ ചെയ്തു ....ഒന്നിന് 15 രൂപ
ഉത്സവം കഴിഞ്ഞു ശുബന്ദ് തിരിച്ചെത്തി ..കൈയിൽ വെട്ടി തിളങ്ങുന്ന 20 ലങ്കോട്ടിയുമായി ... വെള്ള നിറത്തിൽ പട്ടം പോലെ ലങ്കോട്ടി അവൻ്റെ കൈയിൽ നിന്ന് ആടി കളിച്ചു ... .ശുബന്ദ് ലങ്കോട്ടിയുടെ വേറെ ഗുണഗണങ്ങൾ ( എല്ലാം തള്ളാണെന്നു മനസിലായപ്പോൾ വർഷങ്ങൾ കഴിഞ്ഞിരുന്നു ) പറഞ്ഞോണ്ട് ഓരോരുത്തർക്കും ലങ്കോട്ടി കൊടുത്തു ...
അങ്ങനെ ഞങ്ങൾ ലങ്കോട്ടിയിൽ പുതിയ ജീവിതം ആരംഭിച്ചു ...
പതിവുപോലെ ദിവസത്തെ കണക്കു രാത്രയിൽ വിനോദ് അവതരിപ്പിച്ചു ...ഗുണിച്ചും ഹരിച്ചും കഴിഞ്ഞു അവസാനം വിനോദ് പറഞ്ഞു ... ബിജു 25 പൈസ ശൈലേഷിന്... ശൈലേഷ് 50 പൈസ മനോജിന്, വിനോദ് 25 പൈസ ബിജുണ് ........അന്ന് വലുതായി ചെലവൊന്നും വഹിക്കാതിരുന്ന .ശുബന്ദ് 5 രൂപ മനോജിന് ...ഞാൻ പേഴ്സിൽ 25 പൈസ തുട്ട് പരതിഎടുത്തു ശൈലേഷിന് കൊടുത്തു ...എല്ലാം തീർപ്പു കല്പിച്ചു...
അവസാനം ശുബന്ദ് പെർസൊന്നും എടുക്കാതെ അവിടിരുന്നു പറഞ്ഞു ..എടാ മനോജേ ഞാൻ നിനക്ക് തരാനുള്ള 5 രൂപ ഞാൻ തന്ന ലങ്കോട്ടിയിൽ കിഴിച്ചോ ......
ഞങ്ങളത് മറന്നു ഞങ്ങളാരും ലങ്കോട്ടി പൈസ അവനു കൊടുത്തില്ല ..
അങ്ങനെ ശുബന്ദ് ഏകദേശം ഒരു മാസത്തോളം ദിവസ കണക്ക് ലങ്കോട്ടിയിൽ കിഴിച്ചു കൊണ്ടേ ഇരുന്നു ..

By Biju EK

എല്ലാം മായ


എല്ലാം മായ
----------------------------
മായ്ക്ക് തീരെ വയ്യാത്രെ… വേദന നല്ലോണം ഉണ്ട് ..അവളുടെ മുടിയൊക്കെ കൊഴിഞ്ഞു .. മുഖത്ത് നല്ല ക്ഷീണം കാണാം… എന്നെ കണ്ടപ്പോ ചിരിച്ചു പിന്നെ നിന്നെ പറ്റി അന്വേഷിച്ചു …..
ബാംഗ്ലൂരിലെ കെ ആർ പുരത്തുനിന്നു വീട്ടിലേക്കു ഫോൺ വിളിച്ചപ്പോൾ ‘അമ്മ പറഞ്ഞതാണ് ..
എനിക്കൊന്നും പറയാൻ പറ്റിയില്ല ..ഞാൻ അതുകേട്ടു മിണ്ടാതെ പൊട്ടിക്കരഞ്ഞു അമ്മയ്ക്കെന്തായാലും എന്നെ കാണാൻ പറ്റില്ലല്ലോ ……
നീ കേൾക്കുന്നുണ്ടോ ? ‘അമ്മ ചോദിച്ചു .. ഉം ഞാൻ മൂളി പിന്നെ പതിഞ്ഞ സ്വരത്തിൽ അമ്മയോട് പറഞ്ഞു …അമ്മെ ഞാൻ വരുന്നു മായയെ കാണാൻ ..എനിക്കവളെ കാണണം .
വേണ്ട നീ വരണ്ട..അമ്മപറഞ്ഞതു തൊണ്ടയിടറിക്കൊണ്ടായിരുന്നു …മായയെ ഈ അവസ്ഥയിൽ കണ്ടാൽ ഞാൻ തകർന്നു പോകുമെന്ന് അമ്മയ്ക്കറിയാം ….
മായ വേദന കടിച്ചമർത്തി എല്ലാരോടും ചിരിക്കുകയാണ് …..അവളുടെ വേദന അവൾ മാത്രം സഹിച്ചാമതി… അതവളുടെ വാശി ആയിരുന്നു .. ഓരോ തവണയും ഞാൻ നാട്ടിലേക്കു വരാൻ തീരുമാനിച്ചപ്പോഴൊക്കെ പഠിപ്പിന്റെയും ജോലിയുടെ ആവശ്യകതയൊക്കെ പറഞ്ഞു അവൾ എന്നെ വിലക്കുകയായിരിന്നു ..
മായ …
അവളെൻറെ കൂട്ടുകാരി ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ മൂന്നാം വയസ്സിൽ ആദ്യമായി ഇരിട്ടി എന്ന മലയോര ഗ്രാമത്തിൽ തികച്ചും അപരിചതനായി എത്തിയപ്പോൾ മുതൽ കൂടെ ഉണ്ടായിരുന്നവൾ ..

അച്ഛന്റെ ജോലിസ്ഥലം തറവാട്ടിൽ നിന്ന് വളരെ ദൂരെ ആയതിനാൽ തിങ്കളാഴ്ച ജോലിക്കു പോയാൽ അച്ഛൻ തിരിച്ചു വരുന്നത് വെള്ളിയാഴ്ച വൈകുന്നേരമായിരിക്കും …തിങ്കൾ മുതൽ വെള്ളിവരെ ഞാൻ അച്ഛനെ അന്വേഷിച്ചു കരയാറുണ്ട് എന്നാണ് ‘അമ്മ പറയാറ്..
ഈ കരച്ചിൽ എൻ്റെ ആരോഗ്യത്തിന് കോട്ടം വരുത്താൻ തുടങ്ങിയപ്പോഴാണ് അച്ഛൻ ജോലിസ്ഥലത്തിനടുത്തു ഒരു വാടക വീട് വാങ്ങിയതും എന്നെയും അമ്മയെയും ഒന്നിച്ചു കൂട്ടിയതും
ഇരിട്ടി പുഴയുടെ തീരത്തായിരുന്നു ഞങ്ങളുടെ വാടക വീട് . ഞങ്ങളുടെ തൊട്ടടുത്ത വാടക വീട്ടിലായിരുന്നു മായയും ഷീലാമ്മയും രാഘവച്ചനും ..
രാഘവച്ചനു കാനറാ ബാങ്കിലാണ് ജോലി ..ഷീലാമ്മയ്ക്കാണെങ്കിൽ എന്റമ്മയെപോലെ സ്വസ്ഥം ഗൃഹഭരണം ..
മഴക്കാലത്തു നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഇരിട്ടി പുഴ പക്ഷെ വേനൽ കാലമായാൽ തോട് പോലെ മെലിയും..
വീട്ടിലെ കിണറിൽ വെള്ളം കുറയുമ്പോൾ ഞങ്ങൾ പുഴയിലാണ് കുളികാനും മറ്റും പോകുന്നത് ..പുഴയെ പേടിയായ കൊച്ചു മായ ബക്കറ്റും മഗ്ഗുമായി ആണ് പോകുക. പുഴയിൽനിന്നും വെള്ളം കോരിയെടുത്തു കരയിൽ നിന്ന് കുളിക്കും .. ധൈര്യം കൂടിയ ഞാനും അവളുടെ കൂടെ കൂടി ..
അങ്ങനെ അങ്ങനെ എവിടെയും ഞങ്ങൾ ഒന്നിച്ചായി…. ഒന്നിച്ചുറങ്ങും ഒന്നിച്ചുണരും ഒന്നിച്ചാഹാരം..നേഴ്സറി സ്കൂളിലെ ശ്യാമള ടീച്ചർ എപ്പോഴും കൗതുകത്തോടെ ഞങ്ങളെ നോക്കിയിരിക്കും …
രണ്ടു കൊല്ലം കഴിഞ്ഞു കാണും ..അച്ഛന്മാർ ഞങ്ങളെ കീഴുർ വി യു പി സ്കൂളിലേ ഒന്നാം ക്ലാസിൽ ചേർക്കാൻ തീരുമാനിച്ചു ….
പ്ലാനുകളെലാം തകിടം മറിച്ചു കൊണ്ട് അവളുടെ അച്ഛന് ജോലി ട്രാസ്ഫെർ ആയി ..
അങ്ങനെ ഒരു ദിവസം രാവിലെ അവളും ഷീലാമ്മയും രാഘവച്ചനും കണ്ണൂരിനടുത്തുള്ള “മേലെ ചൊവ്വ” എന്ന സ്ഥലതെക്കു താമസം മാറി…ഇരിട്ടിയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരത്തായിരുന്നു മേലെ ചൊവ്വ …
ഇടയ്ക്കിടെ കാണാമെന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു ..
സ്കൂൾ അവധി ചിലവഴിക്കാൻ ‘പാപ്പിനിശേരി അമ്മ വീട്ടിലും, കീച്ചേരി അച്ഛൻ തറവാട്ടിലും പോകുന്ന വഴി ഞങ്ങൾ മായയുടെ വീട്ടിൽ ഒരു പകൽ ചിലവഴിച്ചാണ് പോകാറ് …
അവളുടെ പുതിയപുസ്തകങ്ങളും അമർ ചിത്ര കഥകളും വായിച്ചും സ്കൂൾ കാര്യങ്ങളും പരീക്ഷകളും, ചോദ്യ പേപ്പറുകളും ഷെയർ ചെയ്തും ..എൻ്റെ ചിത്രരചനയും അവളുടെ എഴുത്തും നോക്കിയും കളിച്ചും ചിരിച്ചും .. ..പലപ്പോഴും ഞങ്ങൾക്കൊരുദിവസം മതിയാകാറില്ല ..
പിന്നീട് ഹൈസ്കൂളിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ അവധി യാത്രകൾ കുറഞ്ഞു.. കണ്ടുമുട്ടലുകൾ കുറഞ്ഞു …രാഘവച്ചനു പിന്നെയും ട്രാൻസ്ഫറുകൾ കിട്ടികൊണ്ടേയിരുന്നു..
പിന്നെ മായയും ഞാനും തമ്മിൽ കണ്ടത് കോളേജിൽ വച്ചായിരുന്നു …
കണ്ണൂർ എസ്ണ് എൻ കോളേജിൽ ഞാൻ ആദ്യദിവസം ആദ്യം കണ്ടത് മായയുടെ മുഖമായിരുന്നു …
ഞങ്ങൾ ഒരേ ക്ലാസിൽ ..
പക്ഷെ ഇന്നലെ കണ്ടത് പോലെ അന്നെനിക്ക് തോന്നിയത്….ഞങ്ങൾ കുറെ നേരം സംസാരിച്ചു ..
അവർ പയ്യാമ്പലം കടപ്പുറത്തിനടുത്തു സ്വന്തമായി ഒരു വീട് പണിതിരുന്നു ..അന്ന് ഞാൻ രാഘവച്ചനെയും ഷീലാമ്മയെയും കണ്ടു… എന്നെക്കണ്ടതും ഷീലാമ്മ വന്നു കെട്ടിപിടിച്ചു ..എനിക്കിഷ്ടപ്പെട്ട പരിപ്പ് കറി ഉണ്ടാക്കി തന്നു ..കുറെ നേരം സംസാരിച്ചു..തിരിച്ചു ഇരിട്ടിയെലേക്കു ബസ് കയറുമ്പോൾ മനസ് മുഴുവൻ അവരായിരുന്നു ..
ചില വീക്കെന്റുകളിൽ ഞാൻ അവരുടെ കൂടെ കൂടാറുണ്ട് …കടൽത്തീരത്ത് കുറേ നേരം ആകാശവും കടലും കൂട്ടി മുട്ടുന്ന ആ നേർത്ത വരയിലേക്കു ഞങ്ങൾ നോക്കി ഇരിക്കാറുണ്ട് പലപ്പോഴും
പ്രീ ഡിഗ്രി കഴിഞ്ഞു മായ കണക്കിൽ നിന്ന് യു ടേൺ നടത്തി എക്കണോമിക്സ് എടുത്തു ഡിഗ്രിക് കൃഷ്ണമേനോൻ വിമൻസ് കോളേജിൽ ചേര്ന്നു ..എൻ്റെ കാര്യം കണക്കായി
ഡിഗ്രിക്കു ശേഷം ഞാൻ കംപ്യൂട്ടറിലേക്കും മായ എം എ ഡെവലൊപ്മെന്റ് എക്കണോമിക്സിലെകും തിരിഞ്ഞു ..”
അപ്പോഴേക്കും അനിയനും അനിയത്തിയും എന്നെ പിൻതുടർന്നു എസ് എൻ കോളേജിൽ എത്തി ..അച്ഛന് കണ്ണൂരിലേക്കു ട്രാൻസ്ഫെറായതോടു കൂടി ഞങ്ങൾ ഇരിട്ടിഗ്രാമം വിട്ടു കണ്ണൂരിലെ “താണ”യിലെത്തി
വീക്കെന്റുകളിൽ കണ്ണൂരിലെയും വായനാടിലെയും ഉൾനാടൻ ഗ്രാമങ്ങളിലായിരുന്നു മായ..ചിലപ്പോഴൊക്കെ അവൾക്കു സഹായി ആയി ഞാൻ പോയിട്ടുണ്ട് .. .. ആദിവാസികൾക്ക് വിദ്യാഭാസവും , സ്വയം പര്യാപ്തതയും നൽകാൻ ശ്രമിക്കുന്ന ഒരു എൻ ജി ഒ യുടെ കൂടെ വർക്കുചെയ്യുന്നുണ്ടായിരുന്നു..
ചിലപ്പോൾ മലയോര കാടുകളിൽ അവിടുത്തെ ആദിവാസി കുടിലുകളിൽ തങ്ങേണ്ടിയും വന്നിട്ടുണ്ട് ഞങ്ങൾക്ക് .
പതുക്കെ പതുക്കെ ഞാൻ അവളെ പിന്തുടർന്നു…. വലിയ സ്വപ്നങ്ങൾ സമയവും ഉറക്കും കളയുമെന്നും ..ചെറിയ സന്തോഷങ്ങളെ എങ്ങനെ ആഘോഷങ്ങളാക്കി മാറ്റമെന്നവൾ കാണിച്ചു തന്നു.. . അങ്ങനെ എനിക്ക് വായന എന്നൊരു പുതിയ അസുഖം തുടങ്ങി ..അവൾ പറഞ്ഞ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി നാരായണഗുരുവും, ഗാന്ധിജിയും,ടാഗോറും, ഗീതയും എല്ലാം എനിക്ക് തന്നത് അവളായിരുന്നു ..
അതോടെ ഞാൻ കുറച്ചു എഴുതാനും വായിക്കാനും തുടങ്ങി ..അവൾ എൻ്റെ ആദ്യത്തെ പ്രൂഫ് റീഡർ ആയി ..എന്നെ സ്നേഹത്തോടെ ശകാരിച്ചു തെറ്റുകൾ മനസിലാക്കിതന്നു ..
കമ്പ്യൂട്ടർ പഠനം കുറച്ചായപ്പോഴേക്കും , സുഹൃത്ത് ബൈജു ബാംഗ്ലൂരിൽ കമ്പ്യൂട്ടർ ജോലിക്കുള്ള സാധ്യത പറഞ്ഞു ..ഒരു ജോലി എന്നത് എനിക്ക് അത്യാവിശ്വമായിരുന്നു …അങ്ങനെ ഞങ്ങൾ കുറെ സുഹൃത്തുക്കൾ ബാംഗ്ലൂരിലെ ചേക്കേറി …

മായ ഇടയ്ക്കിടെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു ..ചിലപ്പോ അവൾ വിളിക്കുന്നത് ആന്ധ്രായിൽ നിന്നായിരിക്കും ..ചിലപ്പോ രാജസ്ഥാനിൽ നിന്നും ..അവൾ എപ്പോഴും യാത്രയിലാണ് ..
അവൾ അവൾക്കു സന്തോഷവും സംതൃപ്തിയും കിട്ടുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിന്നു..
എനിക്കാണെങ്കിൽ എൻ്റെ ചിത്രം വരയും എഴുത്തും താത്കാലികമായി നിർത്തി കമ്പ്യൂട്ടറിലേക്ക് തിരിയേണ്ടി വന്നു .. സമയമില്ല എന്ന കാരണം ..മായയ്ക്ക് അത്ര ഇഷ്ടപെടാറില്ല .. …..
ചിലപ്പോ എനിക്ക് തിരിച്ചു നാട്ടിലേക്കു പോയാലോ എന്ന് തോന്നും …അപ്പൊ അവൾ പറയും..നിനകെന്താണോ ഇഷ്ടം അത് നീ ചെയ്യണം മറ്റുള്ളവർ അല്ല നീയാണ് നിൻറ്റെ കാര്യം തീരുമാനിക്കേണ്ടത് ….
“എൻ്റെ കാര്യം” അതന്നെ ആയിരുന്നു എൻ്റെ കൺഫ്യൂഷനും..

ഒരു ദിവസം ഞാൻ ഒരു ജോബ് ഇന്റർവ്യൂ കഴിഞ്ഞു കെ ആർ പുരത്തെ ദേവരാവർ മനയിൽ എത്തിയപ്പോ .. ഹൗസ് ഓണറുടെ മകൻ രാജ പറഞ്ഞു ..ബിജു അണ്ണാ, മായാ വിളിച്ചിരുന്നു.. തിരിച്ചു വിളിക്കാൻ പറഞ്ഞിരുന്നു …

എവിടുന്നാണാവോ അവൾ വിളിച്ചത് ?
എന്തായാലും അവളുടെ വീട്ടിലേക്ക് വിളിച്ചു ..അവൾ തന്നെയാണ് ഫോണെടുത്ത് .. ..
അവൾ പറഞ്ഞു എടാ നാളെ രാവിലെ ഞാൻ ബാംഗ്ലൂരിൽ എത്തും രാവിലെ എന്നെ പിക്കപ്പ് ചെയ്യണം. ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ ..എന്താ കാര്യം ഞാൻ ചോദിച്ചു ?…
എല്ലാം വന്നിട്ടു പറയാം ഞാൻ ബാഗ് പാക്കുചെയ്യട്ടെ .. രണ്ടു മൂന്ന് ദിവസം അവിടുണ്ടാകും ..അപ്പൊ നാളെ പാക്കലാം ..അവൾ ഫോൺ കട്ട് ചെയ്തു ….
പിറ്റേന്നു രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു..അഞ്ചര മണിക്ക് തന്നെ നൗഫലിന്റെ “സുസുക്കി സമുറായി” ബൈക്ക് കടമെടുത്തു നേരെ കലാസിപാളയത്തിലേക്കു വിട്ടു ..
സാഗർ ബസിലാണ് മായ വരുന്നത് .. ബസ്സിന്റെ ഓഫീസ് തുറക്കുന്നേ ഉളളൂ ..ഞാൻ അവിടെ ബൈക്കിൽ തന്നെ ഇരുന്നു … 5 മിനിറ്റു കഴിഞ്ഞു ബസ്സ് വന്നു …. ഞാൻ ബസ്സ് നിർത്തിയിടത്തേക്കു നടന്നു …
ബാഗുമായി അവളിറങ്ങി ..മുഖത്ത് നല്ല ക്ഷീണം ..എന്ത് കോലമാ ഇത് ..നീ ആകെ തളർന്നിരിക്കുന്നു .. ഞാൻ അവളുടെ കൈയിൽ നിന്നും ബാഗു വാങ്ങുന്നതിനിടെ ചോദിച്ചു ..
ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല ..സീറ്റ് ബാക്കിലായിരുന്നു നല്ല കുലുക്കം ഉണ്ടായിരുന്നു ..അവൾ പറഞ്ഞു
അവളുടെ സംസാരത്തിൽ ഒരു തളർച്ച തോന്നി ..
നീ ഒരു ചായ വാങ്ങിത്താ …. എന്നെ കൂടുതൽ ചോദിക്കനുവദിക്കാതെ അവൾ പറഞ്ഞു ..
സൈക്കിൾകാരന്റെ അടുത്ത് നിന്ന് വാങ്ങിയ ചൂട് ചായ ഒറ്റ വലിക്കു കുടിച്ചവൾ തുടർന്നു .. നേരെ റൂമിൽ പോകാം എനിക്കൊന്നു ചൂടുവെള്ളത്തിൽ കുളിക്കണം ..ബാക്കി കാര്യങ്ങളൊക്കെ അതുകഴിഞ്ഞിട്ടു …ബാഗിൽ നിന്ന് ഒരു ഷാളെടുത്തു അവൾ തലയും മുഖവും മൂടി ബൈക്കിൽ കയറി ഇരുന്നു ..നല്ല തണുപ്പുണ്ടായിരുന്നു അന്ന് ..
ഞാൻ നേരെ കെ ആർ പുരത്തെ ദേവരാവർ മനയിലേക്കു വണ്ടി വിട്ടു ..
എല്ലാ യാത്ര പ്ലാനുകളും എന്നോട് മുൻകൂട്ടി പറയാറുള്ളവൾ എന്നെക്കാണാൻ വരുന്നതെന്തേ പെട്ടെന്നാക്കി ..വല്ല ജോലിയും ശരിയായിട്ടുണ്ടാകുമോ ..എന്തായിരിക്കും ഉദ്ദേശം എൻ്റെ ചിന്തകൾ തലങ്ങും വിലങ്ങും പോയി
എൻ്റെ പുറത്തവൾ മുഖം ചാരിഇരുന്നു ..അവൾ തളർന്നുറങ്ങുകയാണോ ?
ഞാൻ വേഗം കുറച്ചു ബൈക് നേരെ ദേവരാവർ മനയിലേക്കു വിട്ടു
ഞങ്ങളുടേത് ഒറ്റ മുറി ബാച്ചലർ വീടായിരുന്നു. ദേവരാവരുടെ വീടിന്റെ മൂന്നാമത്തെ നിലയിൽ ആസ്ബറ്റോസ് കൊണ്ട് മേഞ്ഞ വീട്
മിക്കപ്പോഴും ടെറസിലാണ് ഞങ്ങൾ കിടക്കാറ് ….അന്നും ഒരു വ്യത്യാസമില്ല ..മായ്ക്ക് കുളിമുറി കാണിച്ചു കൊടുത്തു ഞാൻ ടെറസിലേക്കു നടന്നു .. സഹമുറിയൻ മാർ ആരും എഴുന്നേറ്റില്ല ..മനോജ് ,വിനോദ് , ശുബന്ദ്,ശൈലേഷ് എല്ലാരും നല്ല ഉറക്കത്തിലാണ്.
കൂട്ടത്തിൽ ഞാനൊഴികെ എല്ലാവര്ക്കും ജോലി ഉണ്ട് ..ഞാൻ മാത്രം പുര നിറഞ്ഞു ജോലി അന്വേഷണവും ഇന്റർവ്യൂ മായി നടക്കുന്നു ….. .. ..
കുറച്ചു കഴിഞ്ഞു മായ വന്നു …എടാ എനിക്ക് സുമനഹള്ളി എന്നൊരു സ്ഥലത്തു പോകണം ..പിന്നെ വൈകുന്നേരം ഇന്ദിരനഗറിൽ കൊണ്ടാക്കണം അവിടെ ഒരു ഹോസ്റ്റലിൽ ആണ് ഞാൻ മൂന്ന് ദിവസം താമസിക്കുന്നത് .. പയ്യാമ്പലത്തെ അയൽക്കാരുടെ മകൾ ദീപ്തി ഏർപ്പാടാക്കിയതാ..
അപ്പോഴേക്കും മനോജെഴുനേറ്റു ..അവന് മായയെ പരിചയപെടുത്തികൊടുത്തു ഞാൻ കുളിച്ചു റെഡിയാകാൻ തീരുമാനിച്ചു ..
ദീപം ചായക്കടയിൽ പുട്ടും കടലയും ഉണ്ടാകുമോ അതോ കുമാരേട്ടന്റെ ബേക്കറിയിൽ നിന്ന് ചായയും ക്രീം ബണ്ണും മതിയോ ..അവൾക്കെന്തായാലും പ്രശ്നമുണ്ടാകില്ല എന്നറിയാമെങ്കിലും കുളിക്കുന്നതിനിടെ ഞാൻ ചിന്തിച്ചു ..
മനോജിനോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.
നൗഫൽ പൂനയിൽ പോയതിനാൽ “സുസുകി സമുറായി ” ..
ബൈക്ക് എടുത്തു.. മെയിൻ റോഡിൽ എത്തി.. കന്നഡ സ്റ്റൈൽ പ്രാതൽ ആയാലോ എന്നവൾ ..എൻ്റെ പുട്ടും കടലയും മനസ്സിൽ നിന്ന് ക്യാൻസൽ ചെയ്തു ഞങ്ങൾ ശാന്തി സാഗറിൽ കയറി ദോശ കഴിച്ചു ..
അവൾ പറഞ്ഞതനുസരിച്ചു നേരെ മഗെഡി റോഡിനടുത്തുള്ള സുമനഹള്ളി യിലേക്കു ഓർഫനേജിലേക്ക് അനാഥരായ കുറെ കുട്ടികളും, എയിഡ്സ് ,കുഷ്‌ഠരോഗികളും ഉണ്ടവിടെ…മായയുടെ സുഹൃതായ “സിസ്റ്റർ ” അവിടെ സേവനം ചെയുന്നുണ്ട് ..അവളെകാണുകയും കുറച്ചുനേരം അവിടം കണ്ടു മനസിലാക്കുകയും ആയിരുന്നു മായയുടെ പ്ലാൻ..
ഞാൻ റിസപ്ഷനിൽ ഇരുന്നു ..കുറച്ചു കഴിഞ്ഞപ്പോ സിസ്റ്ററും മായയും എന്നെവിളിച്ചു അവിടത്തെ മെഴുകുതിരി, പേപ്പർ ബാഗ് , ചെരിപ്പു നിർമാണ യൂണിറ്റുകൾ കാണിച്ചുതന്നു . രോഗികളോടും അനാഥരായ കുട്ടികളുടെയും കൂടി വൈകുനേരം വരെ അവിടെ ചിലവഴിച്ചു ….. ഇടയ്ക്കു വരാമെന്നു പറഞ്ഞു ഞങ്ങളിറങ്ങി ..
വരുന്ന വഴി മായ പറഞ്ഞു..നീ ഇവിടേയ്ക്ക് ഇടയ്ക്കിടെ വരണം ഇതുപോലെ കുറെ പേരുണ്ട് കുറെ സ്ഥലങ്ങളുണ്ട് നമ്മുടെ കുറച്ചു സമയവും സാമീപ്യവും കൊണ്ട് കുറെ നേരം സന്തോഷിക്കുന്നവർ….
ഞാൻ മായയെ ഇന്ദിരാനഗർ ഡ്രോപ്പ് ചെയ്തു ….
ബിജു നാളെ രാവിലെ വരുമോ ?. എനിക്ക് ബാംഗ്ലൂര് മുഴുവൻ ഒന്ന് കാണണം.. ജോബ് ഇന്റർവ്യൂ ഒന്നും ഇല്ലാത്തതിനാൽ ഞാൻ സമ്മതിച്ചു ..
അടുത്ത രണ്ടു ദിവസം ഞങ്ങൾ ബാംഗ്ളൂർ മുഴുവൻ കറങ്ങി ..ലാൽബാഗ്, എംജി റോഡ് , കബ്ബൺ പാർക്ക് , നന്ദി ഹിൽസ് ..എല്ലാം കറങ്ങി ..
ഇന്ന് രാത്രി അവൾ തിരിച്ചുപോകും ..ഉച്ചയ്ക്ക് തന്നെ അവൾ റെഡിയായി..
ലഞ്ച് കഴിച്ചു നമുക്കു കബ്ബൺ പാർക്ക് വഴി പോകാം അവൾ പറഞ്ഞു ..ഞാൻ സമ്മതിച്ചു..
ഞങൾ നാഗാർജുന നിന്ന് ആന്ധ്രാ മീൽസ് കഴിച്ചു ..
പിന്നെ എംജി റോഡിലൂടെ നടന്നു പാർകിലെത്തി…
പെട്ടന്നവൾ നിന്നു ,…അവൾ തലയിൽ കൈ മുറുകെ അമർത്തി കണ്ണടച്ചവിടെ ഇരിന്നു ..അവളുടെ മുഖം വിളറി വെളുത്തിരുന്നു ..
മായാ എന്ത് പറ്റി ..എന്റെ വിളി കുറച്ചുച്ചതിൽ ആയി ..അവൾ കുറച്ചു സമയം ഇരിക്കട്ടെ എന്നാഗ്യം കാണിച്ചു എന്നിട്ട് കുറച്ചു വെള്ളം വേണമെന്നും ..ഞാൻ ഒരു ബോട്ടിൽ വെള്ളം വാങ്ങി അവൾ മുഖം കഴുകി പിന്നെ കുറച്ചു വെള്ളം തലയിൽ ഒഴിചച്ചു ..
നീ എന്താ ചെയുന്നത് മായാ ? എനിക്കവളുടെ ഈ പുതിയ അവസ്ഥ മനസിലായില്ല ഞാൻ അവളുടെ അടുത്തിരുന്നു അവളുടെ മുഖത്ത് നോക്കി ..
പെട്ടന്നവൾ പൊട്ടിച്ചിരിച്ചു … പിന്നെ എൻ്റെ ചുമലിൽ ചാരി പൊട്ടിക്കരഞ്ഞു…എന്നിട് പറഞ്ഞു ഒന്നുമില്ലെടാ ചെറിയൊരു തലവേദന ..ഞാനലവളുടെ തലയിൽ തടവി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ….ആ ഇപ്പൊ കുറവുണ്ട് …
എനിക്കൊന്നും മനസിലായില്ല ഞാൻ അവളുടെ തലയിൽ തടിവികൊണ്ടിരിന്നു ..അതവൾക്കു കുറച്ചാശ്വാസം കൊടുത്തെന്നു തോന്നുന്നു.. ഞങ്ങൾ കുറച്ചു സമയം അങ്ങനെ ഇരുന്നു ..
പിന്നെ അവൾ പറഞ്ഞു , കുറെ ദിവസമായി വല്ലാത്ത തലവേദന ..മരുന്നൊന്നും കഴിച്ചിട്ട് മാറുന്നില്ല ..കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു എൻ്റെ ബ്രെയിൻ കൂടുതൽ വളരുന്നുണ്ടോ എന്നൊരു സംശയം ? എം ആർ ഐ യും സി ടി സ്കാനും എടുത്തു റിപ്പോർട്ട് അടുത്ത് കിട്ടും …
എന്താ !!!! ???എന്റെ ശബ്ദം മുഴുവനും പുറത്തുവന്നില്ല ..
ഡോക്ടറിന് സംശയം ട്യൂമറുണ്ടോ എന്ന്.. പേടിക്കാനൊന്നുമില്ല ഞാൻ മരുന്ന് കഴിക്കുന്നുണ്ട് ഒരു ഭാവ വ്യത്യാസമില്ലാതെ അവൾ പറഞ്ഞു
എൻ്റെ മനസു തകർന്നു പോയി…എത്രവരെ മൂളിക്കൊണ്ടിരുന്ന ഞാൻ സ്തംഭിചിരിന്നു
ബിജൂ നീ ഇവിടുണ്ടോ അതോ ഓഫ് ആയോ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു ..ഞാൻ ഇല്ല എന്ന് മാത്രം പറഞ്ഞു…ഞാൻ പതുക്കെ ചോദിച്ചു ഞാൻ വരട്ടെ നാട്ടിലേക്ക് മായയുടെ കൂടെ ?…
വേണ്ട വേണ്ട ഇപ്പൊ തന്നെ മൂന്ന് ദിവസം ഇന്റർവ്യൂ ഇല്ലാതെ നടന്നു … നീ ഇന്റർവ്യൂ ഒക്കെ കഴിഞ്ഞു ജോലികിട്ടിയിട്ടു മതി എന്നെ കാണാൻ വരുന്നത് ..ചിലപ്പോ രണ്ടാഴ്ച കഴിഞ്ഞു ഞാൻ ബാംഗ്ലൂരിലേക്ക് വരും ..അവൾ പറഞ്ഞു….
എൻ്റെ മുഖം ഭാവം കണ്ടവൾ പറഞ്ഞു എടാ ഞാൻ രോഗിയൊന്നും ആയിട്ടില്ല ..റിസൾട് വന്നാൽ ഞാൻ വിളിച്ചു പറയാം ..
എത്ര ലളിതമായാണ് അവൾ കാര്യങ്ങൾ പറഞ്ഞത് ..എൻ്റെ മനസു വിങ്ങി കൊണ്ടിരിക്കുകയാണ് ..അവളെ എൻ്റെ വിഷമം കാണിക്കാതിരിക്കാൻ ഞാൻ വളരെ പാടുപെട്ടു ..
വൈകുനേരം ഏഴു മണി വരെ അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു അവളുടെ ഓരോ യാത്രയും ഓരോ അനുഭവവും ..തമാശകളും..എൻ്റെ തോളിൽ ചായ്ച്ചു ഇരുന്ന അവളുടെ തല തടവി കൊണ്ടേ ഇരുന്നു ..എൻ്റെ കണ്ണുനീർ അവൾ കാണാതെ ഞാൻ തുടച്ചു ..
ബസ് വന്നിട്ടുണ്ടാകും നമുക്ക് കലാസിപാളയത്തിലേക്കു പോകാം .. അവൾ എഴുനേറ്റു ബാഗ് തോളിലിട്ടു .. ആകെ തളർന്നു വിറച്ചുകൊണ്ട് ഞാൻ ബൈക്ക് എടുക്കാൻ നടന്നു… എന്താ ഞാനീ കേട്ടത് .. പാർക്കിംഗ് സ്ഥലത്തു നിന്നും ഞാൻ ഉച്ചത്തിൽ അലറി .. അവിടുത്തെ ചുമരിൽ മുഷ്ടി ചുരുട്ടി ഇടിച്ചു …..
അവൾ ബൈക്കിനടുത്തേക് നടന്നു വരുന്നുണ്ടായിരുന്നു ..
കയറട്ടെ അവൾ ചോദിച്ചു ..ഞാൻ വിളറിയ ചിരിയോടെ തലയാട്ടി ..
സാഗർ ബസിന്റെ മുൻപിൽ തന്നെ അവൾക്കു സീറ്റ് കിട്ടി ..ബാഗ് വച്ചവൾ എന്റടുത്തു വന്നു ..ബിജു ഞാൻ പറഞ്ഞതോർമയുണ്ടല്ലോ ജോലി വേഗം തന്നെ കണ്ടെത്തണം ..അനുജനും അനുജത്തിയും വളർന്നു വരുന്നു നിൻറ്റെ അച്ഛനും കുറച്ചു കാലം കഴിഞ്ഞാൽ റിട്ടയർ ആകും ..
പിന്നെ നിനക്കിഷ്ടമുള്ള, നിനക്ക് സന്തോഷം തരുന്ന ജോലി കണ്ടിപിടിക്കണം ..നിനക്കതിനു കഴിയും ..
അടുത്ത ഒരു മാസം ഞാൻ കണ്ണൂരിൽ തന്നെ ഉണ്ടാകും ..ഇടയ്ക്കു വിളിക്കണം ജോലി കിട്ടിയാൽ നാട്ടിൽ വരണം ..അല്ലെങ്കിൽ ഞാൻ ഇങ്ങോട്ടുവരും .. അവൾ ചിരിച്ചു …പൊട്ടി പൊട്ടി ചിരിച്ചു ..
ബസ് സ്റ്റാർട്ട് ചെയ്തു ..അപ്പൊ പോട്ടെടാ അവൾ എന്നെ കെട്ടി പിടിച്ചു പിന്നെ അവൾ ബസിലേക്ക് നടന്നു .. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു ….
ഞനെന്റെ ഓർമകളിൽ നിന്നും തിരിച്ചു വന്നു ….എസ് ടി ഡി ബൂത്തിലെ ചേട്ടന് കാശു കൊടുത്തു ദേവരാവർ മനയിലേക്കു നടന്നു ….
മനസ് മുഴുവൻ മായ ആയിരുന്നു ..അവളെ കാണണം എന്ന ചിന്തയും ..
രാത്രി 11 മണി കഴിഞ്ഞു കാണും ദേവരാവർ ഗേറ്റ് ലോക്ക് ചെയ്തിട്ടുണ്ടായിരുന്നു ..ഞാൻ മതിലിലൂടെ മൂന്നാം നിലയിലേക്കുള്ള ഗോവണി കയറി ..ടെറസിൽ കിടന്ന സുഹൃത്തുക്കളെല്ലാം ഉറങ്ങി ..എന്റെ കമ്പിളി എന്നെയും കാത്തവിടെ ഉണ്ട് …
ഒലിച്ചിറങ്ങിയ കണ്ണീരു കഴുകി ഞാൻ കിടന്നു ..ഉറക്കം വരുന്നില്ല ..മായാ എന്ന ചിന്തമാത്രം ..നാളെ രാവിലെ അവളെ വിളിക്കണം ..പറ്റുമെങ്കിൽ നാളെ നാട്ടിലേക്കു തിരിക്കണം …
അവളുടെ കൂടെ ഇരിക്കണം ആ തലയിൽ തടവി കൊണ്ടിരിക്കണം ..അവളെ കൂട്ടി കടൽ തീരത്തു കുറേനേരം ഇരിക്കണം ..ആകാശവും കടലും കൂട്ടി മുട്ടുന്ന ആ വര കണ്ടിരിക്കണം .. ഇല്ല അവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ..എൻ്റെ മനസു മുഴുവൻ അവളായിരുന്നു ..നക്ഷത്രങ്ങളെ നോക്കി എന്തൊക്കെയോ പിറുപിറുത്തു ഞാനങ്ങ് ഉറങ്ങി
രാവിലെ എഴുനേറ്റു..പ്രാതൽ കഴ്ഞ്ഞു നേരെ ടെലിഫോൺ ബൂത്തിലേക്ക് നടന്നു ..
മായയുടെ അമ്മയാണ് ഫോണെടുത്തത് ..
ആ ബിജു എന്ന് പറഞ്ഞു ഷീലാമ്മ കരഞ്ഞുതുടങ്ങി ..എന്നാലും എന്റെ മോൾക്ക് ഇങ്ങനെ പറ്റിയല്ലോ…. എപ്പോഴും ഒന്നിച്ചു കാണാറുള്ള നിങ്ങൾ …… നീ ഇനി ഒറ്റക്കാകുമല്ലോ അവർ കരച്ചിൽ നിർത്തുന്നില്ല ….
ആരാ ബിജു ആന്നോ എനിക്ക് താ ..പിന്നെ മായയാണ് സംസാരിച്ചത് .എന്തൊക്കെയാണ് വിശേഷം ബാംഗളൂർകാരാ … ഇടറിയതാണെങ്കിലും തളരാത്ത ശബ്ദം..
അവൾ തുടർന്നു ..
ഇവിടെപ്പോഴും ശ്മാശാന മൂകതയാണ് ..പിന്നെ കരച്ചിലും ..അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ..അവൾ പൊട്ടിച്ചിരിച്ചു ..
മായാ !!! ഞാൻ പൊട്ടിക്കരഞ്ഞു പോയി ..എനിക്കൊരു വാക്കും പറയാൻ പറ്റിയില്ല ..
അവൾ അവളെ സ്നേഹികുന്നവരെ വേദനിപ്പിക്കാതിരിക്കാൻ വേദന കടിച്ചമർത്തി ചിരിക്കുകയാണ് …
എനിക്കവളെ പോലെ സംസാരിക്കണമെന്നുണ്ട് പക്ഷെ ..സങ്കടം അടയ്ക്കാൻ പറ്റുന്നില്ല ..
ഒരു ദീര്ഘ ശ്വാസമെടുത്തു ഞാൻ അവളോട് പറഞ്ഞു ..മായാ ഞാൻ ഇന്ന് രാത്രി അങ്ങോട്ടുവരും ..ഞാൻ നിന്റെ കൂടെ കുറച്ചു ദിവസം ഉണ്ട് ..നമ്മളൊന്നിച്ചു കടലും അസ്തമയവും കണ്ടിട്ട് കുറെ ആയില്ലേ ….എൻ്റെ കണ്ണ് നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു ..
അവൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല…
മായാ നീ അവിടെ …ഞാൻ മുഴുമിക്കുന്നതിനു മുൻപേ അവൾ പറഞ്ഞു ..ഞാൻ കേൾക്കുന്നുണ്ട്.. അവളുടെ ശബ്ദത്തിനു കൂടുതൽ ഇടർച്ച തോന്നി .. അവൾ കരഞ്ഞോ ? ഞാനവളെ കരയിച്ചോ ..
നീ കരയുകയാണോ ഞാൻ ചോദിച്ചു …വേദനവരുമ്പോൾ കരയാതെ പിന്നെ….അവൾ പൊട്ടിച്ചിരിച്ചു ….അവൾ ആ വേദനയെ ചിരിയാക്കി മാറ്റി..
അവൾ തുടർന്നു ഞാനമ്മയെ റൂമിൽ നിന്നും പുറത്താക്കി ..നമുക്ക് കുറച്ചു രഹസ്യം പറയാനുണ്ടെന്ന് ഞാൻ പറഞ്ഞു … പിന്നെയും അവൾ ചിരിച്ചു ..
മായ പറഞ്ഞു ….ബിജു നീ എനിക്കേറ്റവും പ്രിയപെട്ടവനാണ് ..ഞാനിപ്പോൾ നിൻറെ സാമീപ്യം കൊതിക്കുന്നു അതെപ്പോഴും എനിക്കാശ്വാസം തന്നിട്ടുണ്ട്… നിന്നെ വിട്ടുപോകുന്നതിനേക്കാൾ വേദനയില്ല എൻ്റെ ശരീരത്തിന് .. …പക്ഷെ നമ്മുക്കിപ്പോൾ ആ സ്വപ്ന ലോകത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുപോകാം…എനിക്കിപ്പോൾ നല്ലവേദനയുണ്ട് .. ഏതു നിമിഷം വേണമെങ്കിലും എനിക്കിവിടം വിടേണ്ടി വരും ..ഞാൻ അതിനു തയാറായി കഴിഞ്ഞു ..
ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിക്കണം ..അച്ഛനും അമ്മയും നല്ല വിഷമത്തിലാണ് ..എൻ്റെ കാര്യം ഏതായാലും ഉറപ്പായി ..എൻ്റെ വേദന സ്ഥിരമായി മാറിയാൽ അവരോടു ആലുവയിലെ അച്ഛൻ തറവാടിലെക്കു പോകാൻ അവർ സമ്മതിച്ചിട്ടുണ്ട്… ഞാൻ ഉറപ്പു വാങ്ങിയിട്ടുണ്ട് …ഞാൻ പോയാൽ അവർക്കു കണ്ണൂർ ഒരു വേദന മാത്രമായിരിക്കും …
തളർന്നിരുന്നു ഞാൻ മൂളി ..അവൾ പറഞ്ഞു ഇനി നീ ഇങ്ങോട്ടു വന്നാൽ അവർക്കു കൂടുതൽ വിഷമം ഉണ്ടാകും ..ഞങളെ എപ്പോഴും ഒന്നിച്ചു കണ്ടിട്ടുള്ള അവർക്കു നിന്നെ കാണുമ്പോൾ എൻ്റെ ഓർമ്മവരും …അത് കൊണ്ട് നീ ഇങ്ങോട്ടു വരരുത് അവരെ കാണാറുരുത് …
പിന്നെ നമ്മളിപ്പോഴും ഇപ്പോഴും കണ്ടു കൊണ്ടിരിക്കയല്ലേ ..അവൾ പൊട്ടിച്ചിരിച്ചു …….
ബിജു എനിക്കൊന്നു ഉറങ്ങണം നിന്നോട് സംസാരിച്ചപ്പോ കുറച്ചാശ്വാസം തോന്നുന്നു ഞാൻ നിന്നെ പിന്നെ വിളിക്കാം ..ഫോൺ അവൾ കട്ട് ചെയ്തു ..എനിക്കിനിയും അവളെ കേൾകാണാമായിരുന്നു …….
ഞാൻ ഫോൺ വച്ച് പുറത്തിറങ്ങി പുറത്തു നല്ല മഴപെയ്തു… ഞാൻ മഴ നനഞ്ഞു കൊണ്ട് നടന്നു..
.
അവൾ പിന്നെ വിളിച്ചില്ല ..അവളെ പറ്റി ഞാൻ ആരോടും ചോദിച്ചില്ല !!!
അവൾ പോയത് ആരും എന്നെ അറിയിച്ചില്ല ..ചിലപ്പോ അവൾ പറഞ്ഞു കാണും എന്നെ അറിയിക്കേണ്ടെന്നു
അവൾ പറഞ്ഞതനുസരിച്ചു ഞാൻ പിന്നെ ഒരിക്കലും അവളുടെ അച്ഛനെയും അമ്മയെയും കണ്ടിട്ടില്ല ….
അവളുടെ ആവശ്യങ്ങൾ ..ശാഠ്യങ്ങൾ എപ്പോഴും ഞാൻ നടത്തി കൊടുത്തിട്ടുണ്ട് ..ഇതായിട്ടു ഞാൻ മാറ്റാൻ നിന്നില്ല കാരണം നിങ്ങളെക്കാളും എനിക്കവളെ അറിയാം
----
കബ്ബൺ പാർക്കിൽ പോയിരുന്നാൽ അവളിപ്പോഴും വരും ..വന്നിട്ടു എൻ്റെ ചുമലിൽ ചാരി ഇരുന്നു പുതിയ വിശേഷങ്ങൾ പറയും ..എന്നെ ആശ്വസിപ്പിക്കും ഞാനാവുളുടെ തല തടവികൊണ്ടിരിക്കും ……………. …എനിക്ക് .എല്ലാം മായ ആണല്ലോ ….
----------------------------------------------------------------------------------

Biju EK

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo