Showing posts with label NasarMuttayil. Show all posts
Showing posts with label NasarMuttayil. Show all posts

മാതൃത്വം

മാതൃത്വം
=======
എടാ അശോകേട്ടൻ മരിച്ചു പോയടാ, നീ പെട്ടന്ന് വീട്ടിലേയ്ക്ക് വാ...
ഇക്കാര്യം പെങ്ങൾ എന്നെ വിളിച്ചറിയിക്കുമ്പോൾ അടക്കി നിറുത്തുവാനാകാത്ത വിധത്തിൽ സങ്കടത്തോടെ അവൾ കരയുന്നുണ്ടായിരുന്നു.
ഈ ദു:ഖവൃത്താന്തം എന്റെ കാതിലൂടെ അഗ്നിയായി കത്തിപ്പടർന്ന് പഞ്ചേന്ദ്രിയങ്ങളേയും തീഷ്ണമായ ഉഷ്ണത്തോടെ പൊള്ളിച്ചു കളഞ്ഞു. ഞാൻ പഞ്ചാഗ്നി നടുവിൽ അകപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിപ്പെട്ടു.
എപ്പോഴാണു് മരണം സംഭവിച്ചത്?
ഞങ്ങൾ ഇപ്പോൾ അറിഞ്ഞതേയുള്ളു, പ്രഭാകരേട്ടനാണ് വിളിച്ച് പറഞ്ഞത്. വേറൊന്നും അറിയില്ല.
ഉമ്മ അറിഞ്ഞോ?
ഇല്ല, ഉമ്മ ഒന്നും അറിഞ്ഞിട്ടില്ല. ഞങ്ങളൊന്നും അറിയിച്ചിട്ടില്ല.
അത് നന്നായി ഞാൻ വന്നിട്ട് നമുക്ക് സമാധാനപൂർവ്വം ഉമ്മയോട് പറയാം.
വീട്ടിലെത്തിയപ്പോൾ ഉമ്മ ളുഹർ നമസ്ക്കാരത്തിലായിരുന്നു.ഉമ്മയോടു് എന്തു പറയും, എങ്ങിനെ പറയണം.
അശോകന് സുഖമില്ലന്നറിഞ്ഞപ്പോൾ ഇക്കഴിഞ്ഞ ദിവസം ഞാനും, ഉമ്മയും കൂടി അവിടവരെ പോയിരുന്നതുമാണ്.അശോകന് കാഴ്ചയ്ക്ക് വലിയ ദീനമൊന്നും ഉള്ളതായി തോന്നിയുമില്ല. ഒരു ജലദോഷപ്പനി അങ്ങിനെയേ കരുതിയുള്ളു. ഞങ്ങൾ തിരികെ പോരുന്നതിന് മുൻപായി മറ്റു ചിലവുകൾക്കായി ഒരു തുക ഉമ്മ അശോകന്റെ കൈയ്യിൽ വച്ച് കൊടുത്തു. ഞാനും കുറച്ച് രൂപ കൊടുത്തിരുന്നു. ഇതിപ്പോ അതേ ആൾ തന്നെ എല്ലാവരെയും സങ്കടത്തീയിലാക്കി മരണത്തോടൊപ്പം ഞങ്ങളെ വിട്ടുപിരിഞ്ഞു് എന്നെന്നേയ്ക്കുമായി പോയിരിയ്ക്കുന്നു. ഒരു ഗ്രീഷ്മത്തിൽ വന്നണഞ്ഞു, മറ്റൊരു ഗ്രീഷ്മത്തിൽ മടക്കയാത്രയുമായി. അശോകൻ എന്നെ ഇക്കാക്കാന്നാണ് വിളിച്ചിരുന്നത്. ഉമ്മയുടെ നിർബന്ധപ്രകാരമാണ് അശോകൻ എന്നെ അങ്ങിനെ വിളിയ്ക്കുവാൻ തുടങ്ങിയത്.
അശോകനെ എപ്പോൾ കണ്ടാലും ഉമ്മ എന്തെങ്കിലും കൊടുക്കാതെ വിടാറുമില്ല. അധികവും പണം തന്നെയാവും നല്കുന്നത്.ആഘോഷങ്ങൾ അതേതായാലും ജാതി മത വ്യത്യാസങ്ങളൊന്നും കൂടാതെ മുടങ്ങാതെ കോടി എടുത്ത് കൊടുക്കുമായിരുന്നു. നല്ല വിദ്യാഭ്യാസം നല്കി. ഇഷ്ടപ്പെട്ട പെണ്ണിനെത്തന്നെ വിവാഹം ചെയ്തു കൊടുത്തു, ദീർഘയാത്രകളിലും എപ്പോഴും കൂടെ കൂട്ടാറുണ്ട്, അങ്ങിനെ എന്തെല്ലാമെന്തെല്ലാം കാര്യങ്ങൾ... ഒരളവോളം ഞങ്ങൾ മക്കളെക്കാൾ പരിഗണന പല കാര്യങ്ങളിലും പലപ്പോഴും അശോകന് കൊടുക്കുന്നത് കണ്ടിട്ടു് ഉമ്മയുടെ സ്വന്തം മക്കളായ ഞങ്ങൾ ഒന്നടങ്കം അതിശയം കൂറിയിട്ടുമുണ്ട്. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും ഉമ്മയുടെ മനസ്സിൽ അശോകനുള്ള സ്ഥാനം ഒരു മകന് സമാനമായിരുന്നു. മനസ്സിൽ സൂക്ഷിച്ചിരുന്ന ആ സത്യം ഉമ്മ തന്നെ ഞങ്ങളോടു് പറഞ്ഞറിയിച്ചപ്പോൾ അശോകൻ ന്യായമായും അതർഹിയ്ക്കുന്നുണ്ടെന്ന് അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം ഞങ്ങൾക്കും ബോധ്യമായി. ഒന്നിനോടും ഒപ്പം ചേർത്ത് നിറുത്തുവാൻ കഴിയാത്ത മാതൃ ഭാവത്തിന്റെ അപാരമായ ശക്തിയും, മാതൃത്വത്തിന്റെ മഹനീയ മഹത്വവുമായിരുന്നു ഉമ്മ. എല്ലാ അർത്ഥതലങ്ങളിലും ഉമ്മയുടെ സ്നേഹവാത്സല്യങ്ങൾ മതിയാവോളം അനുഭവിയ്ക്കുവാൻ കഴിഞ്ഞ ഞങ്ങളും ഭാഗ്യമുള്ളവരാണ്.
അശോകന്റെ മരണവിവരം ഞങ്ങൾ എല്ലാവരും കൂടിച്ചേർന്നാണ് ഉമ്മയെ ധരിപ്പിച്ചത്. ഉമ്മ ഇത്രയേറെ സങ്കടപ്പെട്ടു് കരഞ്ഞതായി ഇതുവരെയും ആരും കണ്ടിരുന്നില്ല. അത്രയ്ക്കായിരുന്നു മനോവേദന. മരണ വീട്ടിലേയ്ക്കുള്ള യാത്രയിൽ കാറിനകത്താകെയും മുഷിഞ്ഞ മൂകത നിറഞ്ഞു നിന്നു. മൂകത പോലും മൂകതയിലായി.
അശോകന്റെ വീട് അത്ര വലിയതൊന്നുമല്ല. തറയിൽ പുൽപ്പായിൽ മൃതദേഹത്തിന്റെ തല ഭാഗത്ത് നിലവിളക്ക് കത്തിച്ച് വച്ചിരുന്നു. സമീപത്തായി ബന്ധുജനങ്ങളും ചേർന്നിരിയ്ക്കുന്നു, പലരും വല്ലാതെ സങ്കടപ്പെട്ട് കരയുന്നുമുണ്ട്. അമ്മയും, അച്ചനും ഒരു മൂലയിൽ തളർന്ന് കിടക്കുന്നു. പന്തലിൽ പല ഭാഗങ്ങളിലായി പലരും, പലതും പറഞ്ഞിരിയ്ക്കുന്നു. ആളുകൾ വന്നു കൊണ്ടേയിരുന്നു. മരണ വീട്ടിലെ ഇന്നത്തെ എല്ലാ ചിലവുകളും ഉമ്മയുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ തന്നെ നിർവ്വഹിച്ചു. അശോകന്റെ ആത്മാവിനെ കറുത്ത നിശബ്ദതയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാനെന്നവണ്ണം തൊടിയിലാകെയും വേനൽ തുമ്പികൾ ധാരാളമായി വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
മരണം രംഗബോധമില്ലാത്ത കോമാളി തന്നെയാണെന്ന് തോന്നി.അശോകന്റെ മൃത്യു അകാലത്ത് സംഭവിച്ചതാണ്. അശോകന്റെ മാതാപിതാക്കൾക്ക് ആണും, പെണ്ണുമായിട്ടു് ആകെ ഉണ്ടായിരുന്നത് അശോകൻ മാത്രമായിരുന്നു. അവർക്കേറ്റവും പ്രിയമേറിയ മകന്റെ രക്തവും, ശരീരവും തണുത്ത് മരവിച്ച് കോടി പുതച്ച് അന്ത്യയാത്രയ്ക്കൊരുങ്ങി തറയിലിതാ പുൽപ്പായിൽ കിടക്കുന്നു.
ശവദാഹം കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തി. മരണ വീടിനേക്കാൾ ശോക സാന്ദ്രമായിരുന്നു അന്നേരത്തെ വീട്ടിലെ അവസ്ഥ. കുട്ടികളൊഴികെ ആരും തന്നെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഉമ്മയാണെങ്കിൽ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട തള്ളപ്പക്ഷിയെപ്പോലെ തീവ്രമായ ദു:ഖക്കൊടും വെയിലിൽ വാടിത്തളർന്നു് കിടക്കുകയായിരുന്നു. കട്ടിലിൽ കിടന്നപ്പോൾ അശോകനെക്കുറിച്ചുള്ള ചിന്തകളാൽ മനമാകെ തിങ്ങി വിങ്ങിയിരുന്നു. നിദ്രാദേവിയും എവിടെയോ, ഇരുട്ടിന്റെ കട്ടപിടിച്ച ഏതോ ഇടനാഴിയിലേയ്ക്ക് അകന്ന് മാറി മറഞ്ഞു നിന്നു. തുറന്നിട്ട ജാലകങ്ങളിലൂടെ മുറ്റത്തെ ചെമ്പക മരത്തിൽ നിന്നും പൊഴിയുന്ന നവ്യസുഗന്ധം മൂക്കിലൂടെ അരിച്ചിറങ്ങി. മുറ്റത്ത് വളർന്ന് പൂത്തുലഞ്ഞ് നില്ക്കുന്ന ചെമ്പക മരവും അശോകൻ നട്ട് പിടിപ്പിച്ചതായിരുന്നു.അശോകന്റെ ജീവൻ തുടിയ്ക്കുന്ന നിത്യസ്മരണയായി നിർമ്മലമായ നന്മയായി വളർന്ന് പടർന്ന് പന്തലിയ്ക്കട്ടെ, ഇനിയത് വെറും ചെമ്പക മരമല്ല, അശോക മരമാണ്. അതെ ഞങ്ങൾക്ക് ആ മരം അശോകമരം തന്നെയാണ്.
ഉമ്മയോടും അശോകൻ സ്വന്തം മാതാവിനോടെന്ന പോലെയായിരുന്നു പെരുമാറിയിരുന്നത്. അവന്റെ ജീവിതത്തിലെ നിർണ്ണായകമായ എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതു് ആദ്യം ഉമ്മയോട് ആലോചിച്ച് സമ്മതം നേടിയതിന് ശേഷം മാത്രമായിരുന്നു.
ഞങ്ങളുടേത് ഒരു തനി മുസ്ലീം യാഥാസ്ഥിതിക തറവാടായിരുന്നു.കൊച്ചു കുട്ടനും, കാളിയും ഞങ്ങളുടെ തറവാട്ടുവീട്ടിലെ സ്ഥിരം ജോലിയ്ക്കാരായിരുന്നു. വേലി കെട്ടുക, കുളം തേകുക, തെങ്ങിന് തടം കോരുക, മണ്ണിൽ കൂമ്പൽ കുത്തക കൂടാതെ മറ്റു കൃഷിപ്പണികൾ, കന്നുകാലി പരിപാലനം ഇതൊക്കെയായിരുന്നു അവരുടെ മുഖ്യമായ ജോലികൾ.
അതോടൊപ്പം തന്നെ ഉമ്മയുടെ അടുത്ത സ്നേഹിതയായിരുന്നു തങ്കം. ആത്മാർത്ഥതയോടെ തന്റെ ജോലി മടിയേതുമില്ലാതെ കൃത്യമായും, നിസ്വാർത്ഥമായി നിർവ്വഹിയ്ക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയുമായിരുന്നു, അക്കാരണത്താൽ തന്നെ വീട്ടിലെ നിത്യസന്ദർശകയുമായിരുന്നു.
ഒരു ദിവസം തങ്കച്ചേച്ചി വീട്ടിൽ വന്നപ്പോൾ ചേച്ചിയുടെ കൈയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞുമുണ്ടായിരുന്നു. ചേച്ചി ആ കുഞ്ഞിനെ അവരിരുവരും നേരത്തേ എത്തിയിരുന്ന ധാരണ പ്രകാരം വളർത്തുവാനായി ഉമ്മയെ ഏല്പിച്ചു. യാതൊരു വിധ ഭയാശങ്കകളോ, മടിയോ കൂടാതെ ഉമ്മ അത്യധികം സന്തോഷപൂർവ്വം ഉപ്പയുടെ പൂർണ്ണമായ അനുവാദത്തോടെ ആ കുഞ്ഞിനെ സ്വീകരിയ്ക്കുകയും ചെയ്തു.
ഞങ്ങളോടൊപ്പം ആ കുഞ്ഞിന് മുസ്ലീം പേരൊക്കെ നല്കി മുസ്ലീമായിത്തന്നെ മക്കളിലൊരുവനായി ഓമനിച്ച് വളർത്തി പോന്നു. മൂന്ന് മാസം തികയുന്നതിന് മുമ്പായി സുന്നത്തും നടത്തി. നല്ല കുടുക്കാച്ചി സുന്ദരൻ വാവയായിരുന്നു. ഉമ്മ കുഞ്ഞിനെ കവുങ്ങിൻ പാളയിൽ കിടത്തി കുളിപ്പിയ്ക്കുന്നത് കാണാൻ എന്തൊരു ചന്തമാണെന്നോ. പറഞ്ഞറിയിയ്ക്കാനാവില്ല. വാവ എല്ലാവരുടേയും ഓമനയായി വളർന്നു.
പതിവ് പോലെ തന്നെ കാര്യങ്ങൾ വന്നു ഭവിച്ചു. തറവാട്ടിൽ മറ്റാരുടെയോ കുഞ്ഞു വളരുന്നതിൽ മൊത്തത്തിൽ തറവാടിന്റെ അകത്തളങ്ങളിലാകെയും, വെളിയിലും മുറുമുറുപ്പുകൾ ഉടലെടുത്തു തുടങ്ങി. അതൊരു സാമൂഹ്യ പ്രശ്നമായി മാറുമെന്ന ഘട്ടത്തിൽ മനമില്ലാ മനമോടെ, അടക്കാനാകാത്ത വേദനയോടും, അളവില്ലാത്ത സങ്കടത്തോടും, അതിരില്ലാ കദനത്തോടെയും ആ പൈതലിനെ മറ്റാരെയെങ്കിലും തുടർന്നും വളർത്തുവാൻ നല്കാമെന്നുള്ള ക്ലേശകരമായ ഒരു തീരുമാനമെടുക്കേണ്ടി വന്നു.
തറവാട്ടിലെ ആശ്രിതരും, പ്രാർത്ഥനകളും, വഴിപാടുകളുമായി കാലമേറെ കഴിഞ്ഞിട്ടും സന്താനഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത കൊച്ചു കുട്ടൻ, കാളി ദമ്പതികൾ കുഞ്ഞിനെ വളർത്തുവാനുള്ള ചുമതല ഈയവസരത്തിൽ അതൊരു ഭാഗ്യമായി കരുതി ഏറ്റെടുത്തു.ഒരു ദിവസം ആ കുഞ്ഞ് വീട്ടിൽ നിന്നും അപ്രത്യക്ഷമായി.ഞങ്ങൾക്കു് ഒന്നും മനസ്സിലായുമില്ല, അന്നും ഉമ്മ കരയുന്നുണ്ടായിരുന്നു.
മുഹമ്മദ് അശോകനായി വളർന്നു വലുതായി. ജാതീയമായതും, ഒരിയ്ക്കലും നീതീകരിയ്ക്കാനാകാത്തതുമായ വൈഷമ്യങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ അവൻ വളർന്നു.കർണികാരങ്ങൾ വീണ്ടും എത്രയോ വട്ടം പൂത്തുലഞ്ഞു കഴിഞ്ഞിരുന്നു. മറുവശത്ത് അശോകന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉമ്മയുടെ പ്രത്യേക കരുതലും, കരുണയും അശോകന്റെ മരണം വരെയും അവൻ അനുഭവിച്ചറിഞ്ഞു കൊണ്ടുമിരുന്നു.
ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലീം വീട്ടിൽ വളർന്നതിനാൽ അവൻ മുസ്ലീമായി, രണ്ടാം ഘട്ടത്തിൽ ഹിന്ദു വീട്ടിൽ വളർന്നതിനാൽ അവൻ ഹിന്ദുവായി. ജാതിയ്ക്കും, മതത്തിനുമൊക്കെ സാധാരണ മനുഷ്യ ജീവിതത്തിൽ ഇത്രയ്ക്ക് പ്രാധാന്യമേയുള്ളുവെന്നുള്ളതിന് അതൊരു നല്ല പാഠമായിരുന്നു.
ഏതൊരു വ്യക്തിയും അവർ ജീവിയ്ക്കുന്ന ജീവിത ചുറ്റുപാടുകളിലൂടെയാണ് രൂപപ്പെടുന്നത്. വ്യക്തിയുടെ അനുവാദമോ, സമ്മതമോ കൂടാതെ പലതും പല സന്ദർഭങ്ങളിലുമായി അവനിലായാലും, അവളിലായാലും അടിച്ചേൽപ്പിയ്ക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തോടെ സ്വന്തം അസ്തിത്വത്തിന്റെ ഭാഗമായ പേരു് തിരഞ്ഞെടുക്കുവാനുള്ള അവകാശം പോലും അനുവദിച്ച് കൊടുക്കുന്നില്ല. മുഹമ്മദ് അശോകനായത് അങ്ങിനെയാണല്ലോ, ഒരു പക്ഷേ ഇതൊക്കെ മനസ്സിലാക്കിയത് കൊണ്ടു കൂടിയായിരിയ്ക്കാം അശോകൻ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസവും, ഇഷ്ടവും ഇല്ലാത്ത മനുഷ്യനായിത്തീർന്നത്. ഭൂമിയിൽ മനുഷ്യനായി ജീവിയ്ക്കുവാൻ ജാതി, മതം എന്നിവയുടെ ആവശ്യം ഇല്ലെന്നാണ് അശോകന്റെ മതം. പലരും പറയുവാൻ മടിയ്ക്കുന്ന അപ്രിയ സത്യം.
ഇനി ഞങ്ങൾക്ക് ചെയ്യുവാനുള്ളത് ഒന്നു മാത്രമാണ്‌. അശോകന്റെ ഭാര്യയുടേയും, മക്കളുടേയും സുരക്ഷിതത്വവും, സംരക്ഷണവും ഉറപ്പാക്കി അവരെയും ഭാവി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്നുള്ളത് ഒരു ദൗത്യമായിത്തന്നെ നിർവ്വഹിയ്ക്കേണ്ടിയിരിയ്ക്കുന്നു. അതാണ് നീതി, എങ്കിൽ മാത്രമേ അശോകമരത്തിൽ നിറയെ പൂക്കൾ വിരിഞ്ഞ് ദിവ്യമായ സൗമ്യ സുഗന്ധം പരത്തുകയുള്ളു.
Nasar Muttayil

തെമ്മാടിക്കുഴി

തെമ്മാടിക്കുഴി
=-=-=-=-=-=-=-=
പുലർകാല പൂവൻകോഴി കൂവുന്നതു കേട്ടാണ് ഞാൻ ഉറക്കമുണർന്നത്.കട്ടിലിൽ നിർന്നിമേഷനായി കിടന്നു.
സാധാരണയായി വെയിൽ വെട്ടം നന്നായി പരന്നതിന് ശേഷമേ ഉറക്കത്തിൽ നിന്നും ഉണരാറുള്ളു.പതിവിൽ നിന്നും വിഭിന്നമായി സംഭവിച്ചതിൽ അല്പമല്ലാത്ത അലോസരം തോന്നാതിരുന്നുമില്ല. ഏകാന്ത ജീവിതം എന്നിൽ അടിച്ചേൽപ്പിച്ച ശീലം. പാതിരാവിൽ മദ്യത്തിന്റെ മത്തോടു കൂടിയാണ്സ്ഥിരമായി വീട്ടിൽ വന്ന് കയറുന്നതു്.
പ്രഭാതത്തിന്റെ പൊലിമ ദർശിച്ചിട്ട് കാലമെത്രയായി ഒരു രൂപവും കിട്ടുന്നില്ല.പകലിനേയും, വെയിലിനേയും സ്ഥായിയായ സ്വഭാവത്തോടെ അനുഭവിച്ചറിയുവാനുള്ള കാഴ്ചശക്തി നഷ്ടപ്പെട്ടതു പോലെ. എവിടെ എന്തു സംഭവിച്ചെന്ന് ആർക്കുമറിയില്ല,
എനിയ്ക്കുമറിയില്ല.
അടുക്കളയിലേയ്ക്ക് കടന്നു, കട്ടൻ ചായയയും, സിഗരറ്റുമായി ഉമ്മറത്ത് വന്നിരുന്നു.
പുലരി വെളുക്കനെ വെളുക്കുവാൻ നാഴികകൾ ഇനിയും ബാക്കിയുണ്ട്. നാട്ടു വെട്ടം വീണിട്ടില്ല. ഉഷസ്സിനെ പാടിയുണർത്തുവാൻ ഉണർത്തുപാട്ടുമായി പതംഗങ്ങളും ഹാജരായിട്ടില്ല. അടുത്തെവിടെയോ ഉള്ള ഏതോ വീട്ടിൽ നിന്നും കേൾക്കുന്ന ഒരു പിഞ്ചു പൈതലിന്റെ കരച്ചിൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അസ്വസ്ഥത തോന്നി. അനാഥത്വത്തിന്റെ ദുർഗതി എന്നിലാകെ നോവുണർത്തുന്ന വിങ്ങലായി നിറഞ്ഞു നിന്നു. ചായയ്ക്ക് ഇന്നന്തോ അല്പം രുചിക്കുറവു തോന്നി. ഒരു സിഗരറ്റിന് കൂടി തീ കൊളുത്തി പ്രഭാതത്തെയും പ്രതീക്ഷിച്ചിച്ച് അലസമായി കസേരയിൽ ചുരുണ്ട് കൂടി ഇരുന്നു.
സൂര്യൻ മാറ്റമില്ലാതെ കിഴക്ക് തന്നെ ഉദിച്ചു പൊങ്ങി. പത്രം വന്നു. ലോകവുമായി എന്നെ ബന്ധിപ്പിയ്ക്കുന്ന ഒരേയൊരു വസ്തു.പത്രത്താളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിച്ചപ്പോൾ കണ്ട വാർത്ത വായിച്ചപ്പോൾ ആദ്യം ചിരി വന്നു. ചിത്രമുണ്ടായിരുന്നതിനാൽ ആളെ മനസ്സിലാക്കുവാൻ പ്രയാസമുണ്ടായില്ല. അറ്റാക്കായിരുന്നത്രേ...
ഒരിയ്ക്കൽ നിർദ്ദയം കൊല്ലപ്പെട്ടയാൾ ഇതാ വീണ്ടും ശാന്തമായി മരണപ്പെട്ടിരിയ്ക്കുന്നു. അയാളെ ഞാൻ ആദ്യമായി കണ്ടതും, അവസാനമായി കാണപ്പെട്ടതും ബാറിൽ വെച്ചായിരുന്നു.ഇന്നലെ അയാൾ ആകെ തകർന്ന മട്ടായിരുന്നു. ആ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ സ്വന്തം മകളുടെ വിവാഹം ഒരാഴ്ച മുൻപേ കഴിഞ്ഞിരുന്നു.
ഞാൻ ബാറിലേയ്ക്ക് പ്രവേശിച്ചപ്പോൾ ബാറിന്റെ ഇരുണ്ട ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ അയാൾ നില്ക്കുന്നുണ്ടായിരുന്നു.
എന്റെ അരികിലെത്തി സൗമ്യമായി ശബ്ദം താഴ്ത്തി സ്ക്കൂട്ടർ എന്നുച്ചരിച്ചു. ഞാനും സമ്മതം മൂളി;മദ്യം വാങ്ങുവാനുള്ള എന്റെ വിഹിതമായ രൂപയും നൽകി. ഒറ്റയ്ക്കിരുന്ന് മദ്യപിയ്ക്കുക അതായിരുന്നു എന്റെ ശീലം. കുറച്ച് നാളുകളായി പങ്കാളിയായി, പതിവായി ജോസഫ് കുടെക്കൂടാറുണ്ട്.
ബാറിലെ ശബ്ദ കോലാഹലങ്ങൾക്കിടയിലും നാടകകൃത്തിന്റെ പ്രഭാഷണത്തിന്റെ അലയൊലികൾ ഉയർന്നു് കേൾക്കാമായിരുന്നു. ഇന്നത്തെ വിഷയം നിശബ്ദനായ വിപ്ലവകാരിയായ പി. ജെ.ആന്റണിയുടെ നാടകങ്ങളായിരുന്നു. ഈ ബാറിലെ നിത്യസന്ദർശകനായിരുന്നു നാടകകൃത്ത്.നാടക കമ്പനി പൊട്ടിപ്പൊളിഞ്ഞപ്പോൾ ജീവിതത്തിനിന്നും വലിച്ചെറിയപ്പെട്ട ഒരു മനുഷ്യ ജന്മം.
മേലുദ്യോഗസ്ഥന്റെ കള്ളക്കളിയിൽ പോലീസ് ഉദ്യോഗം നഷ്ടപ്പെട്ട ദാമോദരൻ ചേട്ടൻ ലോകത്തുള്ള സകല പോലീസ് ഉദ്യോഗസ്ഥരേയും തെറി പറഞ്ഞു കൊണ്ടിരിയ്ക്കുന്നു. ഇവിടെ വരുന്നരെല്ലാം പതിവായി വരുന്നവരാണ്,ഞാനും...
വ്യവസ്ഥാപിത ജീവിതം വ്യത്യസ്ഥമായ സാഹചര്യങ്ങളിലൂടെ നിഷേധിക്കപ്പെട്ടവരുമായിരുന്നു. ഞങ്ങളുടെ മദ്യപാനം കൃത്യമായി പുരോഗമിച്ചു കൊണ്ടിരുന്നു.എന്റെ പങ്കാളി എന്നെ അപേക്ഷിച്ച് അല്പം fast ആയിരുന്നു.
ജോസഫ് കാഴ്ചയിലും, പ്രവൃത്തിയിലും തനി ഗ്രാമീണൻ തന്നെ. ഭാര്യയും, മകളുമായി ആനന്ദകരമായി കുടുംബ ജീവിതം നയിച്ചു പോന്നു.എന്തുകൊണ്ടോ ഭാര്യ മകളുമായി മറ്റൊരാളോടൊപ്പം പോയി.
പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അയാൾ ഒരു അസാധാരണത്വം നിറഞ്ഞ വ്യക്തിയും, വേറിട്ട വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ആഴത്തിലുള്ള അറിവും ജോസഫിനെ മറ്റു മദ്യപാനികളിൽ നിന്നും വളരെയധികം വ്യത്യസ്തനാക്കി.
ഒരു ദിവസം ജോസഫ് എന്നോട് ഒരു ചോദ്യം ചോദിച്ചു.
ജീവിതത്തിൽ സ്ത്രീ പുരുഷനു വേണ്ടി എന്താണ് നൽകുന്നത്?
ഞാൻ എന്റെ ജീവിതം കാറ്റത്ത് പറക്കുവാൻ ഇട്ടിരുന്നതിനാൽ ചോദ്യത്തിനുള്ള സുവ്യക്തമായ ഒരുത്തരം നൽകുവാൻ കഴിഞ്ഞതുമില്ല. ഞാനും വ്യവസ്ഥാപിതമായ ജീവിതത്തിന് വെളിയിലായിരുന്നു. ഒരു വേളയെങ്കിലും സ്ത്രീയുമായി സഹശയനം നടത്തിയിട്ടില്ലാത്ത ഞാനെന്തു പറയാൻ...
ഉത്തരവും, അതോടൊപ്പം ഒരു ഉപദേശവും തന്നു ജോസഫ്.
ജയദേവാ, വൻമതിൽക്കെട്ടിനുള്ളിലെ വേരോട്ടമില്ലാത്ത ഒറ്റമരമാണ് നിങ്ങൾ. മനുഷ്യൻ ഒരിയ്ക്കലും ഒരു വൻമതിലാകരുത്, വൻ വൃക്ഷമായി തണലേകണം. അതൊരു പുതിയ അറിവായിരുന്നു. നിങ്ങൾ നിങ്ങളിൽ മാത്രം ഒതുങ്ങാതെ വെളിയിലേയ്ക്ക് ഇറങ്ങണം, എങ്കിലേ നിങ്ങൾ സംസ്ക്കാര ചിത്തനാവുകയുള്ളു. നിങ്ങളാകുന്ന ഒറ്റമരത്തിന് വേരോട്ടമുണ്ടായി വൻ വൃക്ഷമാവുകയുള്ളൂ. ജോസഫ് എനിയ്ക്ക് പകർന്ന് തന്നതെല്ലാം പുത്തൻ അറിവുകളുടെ ഉണർവുകളായിരുന്നു.പങ്കാളിയുടെ ഉത്തരവാദിത്വപൂർണ്ണമായ ഇടപെടലുകൾ എന്നെയും, എന്റെ ജീവിതത്തേയും ഞാനറിയാതെ തന്നെ അല്പാല്പമായി മാറ്റത്തിന് വിധേയമാക്കിക്കൊണ്ടിരുന്നു. ഒരു തരം വൈകാരികമായ പരിവർത്തനം.
പട്ടണത്തിലെ മുഖ്യ ബാറുകളിൽ ഒന്നായിരുന്നു മുല്ലയ്ക്കൽ, തറവാട്ടുകാർ നടത്തുന്ന ബാർ.എ.സി, നോൺ എ.സി, തറ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരുന്നു. തറ ബാറിനെ ഞങ്ങൾ മദ്യപാനികൾ "തെമ്മാടിക്കുഴി" എന്ന ഓമനപ്പേരാണ് വിളിച്ചു പോന്നത്.
തെമ്മാടിക്കുഴിയിൽ വരുന്നവരൊക്കെ ഭ്രമണപഥം നഷ്ടപ്പെട്ടു് അലഷ്യമായി അലയുന്ന ഗ്രഹങ്ങളെപ്പോലെയായിരുന്നു. സ്വപ്നങ്ങളില്ലാത്തവർ ജീവിതമില്ലാത്തവർക്കെന്തു് സ്വപ്നം. തെമ്മാടിക്കുഴിൽ സമത്വം ഉണ്ടായിരുന്നു. ആർക്കും, ആരുമായും Share ചേരാം മുൻപരിചയം ഇല്ലെങ്കിൽപ്പോലും. രണ്ടു പേരാണെങ്കിൽ സ്ക്കൂട്ടർ, മൂന്നാണെങ്കിൽ ഓട്ടോറിക്ഷ, നാലു പേരാണെങ്കിൽ കാർ അങ്ങിനെയായിരുന്നു സമത്വത്തിന്റെ നിലവാരം.
ജോസഫും, ഞാനും പതിവായി സ്ക്കൂട്ടറിൽ കയറി സഞ്ചരിച്ചിരുന്നു. പങ്കാളിയായിരുന്നു സ്ക്കൂട്ടർ ഓടിച്ചിരുന്നത്.ജീവിത്തിന്റെ ഉള്ളറകളിലേയ്ക്കാണ് അയാൾ സ്ക്കൂട്ടർ പായിച്ചത്.
അനുഭവങ്ങൾ, അറിവുകൾ, അനുഭൂതികൾ, ജീവിതക്കാഴ്ചകൾ അങ്ങിനെ എന്തെല്ലാമെന്തെല്ലാം അറിഞ്ഞു, ആസ്വദിച്ചു. പൂവും, പൂമ്പാറ്റയും, മഴയും, കടലും, വയലും, മനുഷ്യരേയും എന്തിനേറെ പ്രകൃതി ആകെയും എന്റെ കാഴ്ചകളിൽ ഇപ്പോൾ നിറഞ്ഞു നില്ക്കുന്നുണ്ട്.
നെരൂദയെ ജോസഫ് വിശേഷിപ്പിച്ചിരുന്നത് "ചുവന്ന പക്ഷി"യെന്നാണ്. നെരൂദയെക്കുറിച്ച് പറഞ്ഞപ്പോൾ ചുവന്ന പക്ഷിയായി എനിയ്ക്ക് ചുറ്റും അയാൾ ചിറകടിച്ച് പറന്നു.
ഹെമിംഗ് വേയെ പരിചയപ്പെടുത്തിയപ്പോൾ ജോസഫ് എന്നെ കടലിന്റെ അത്യഗാധതയിലേക്ക് കൊണ്ടു പോയി.
ചങ്ങമ്പുഴയെ പ്രണയത്തിന്റെ മാമ്പഴക്കാലമാക്കി അവതരിപ്പിച്ചു.
ഷൊളോവോവിലൂടെ മണ്ണിന്റെ മഹത്വമറിയിച്ച് എന്റെ മനസ്സിനെ ഉഴുതുമറിച്ച പുതുമണ്ണാക്കി.
ഗാന്ധിജിയിലൂടെ സത്യം പറഞ്ഞു തന്നു.
മാർക്സിലൂടെ മനുഷ്യ സ്നേഹം പകർന്നു തന്നു.
സാർത്രും, കാമുവും സ്വാതന്ത്യത്തിന്റെ മഹത്തായ സന്ദേശ വാഹകരായി.
മാർകേസിലൂടെ എന്നെ അതിശയങ്ങളുടെ ലോകത്ത് കൊണ്ടുപോയി.
ഡ്യൂമയിലൂടെ എന്നിലെ പോരാട്ട വീര്യം വർദ്ധിപ്പിച്ചു. അങ്ങിനെ എത്രയോ മഹാത്മാക്കളെ ഞാനെന്ന നിസ്സാരനായ മനുഷ്യനെ ജോസഫ് അറിയിച്ചു തന്നു.
ജോസഫിന്റെ ശവസംസ്ക്കാരാനന്തരം പള്ളിമുറ്റത്തു കൂടെ നടന്നപ്പോൾ മരണത്തിന്റെ ചെറു പൂവിതളുകൾ എന്റെ ദേഹത്തും വീണിരുന്നു.....
നാസർ
7/9/2017

സമ്മാനം

സമ്മാനം
=-=-=-=-=
സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിൽ ഒരാവശ്യത്തിന് വേണ്ടി ചെന്നപ്പോഴാണ് അവിടെ പുതുതായി ജോലിയിൽ പ്രവേശിച്ച ആ കുട്ടിയെ ഞാൻ ആദ്യമായി കണ്ടത്. കാഴ്ചയ്ക്കു് നല്ല ചന്തമുള്ള പെൺകുട്ടി.
സ്നേഹിതൻ അവൾക്ക് എന്നെ പരിചയപ്പെട്ടുത്തി.
ഇത് നാസറിക്ക, നമ്മുടെ കമ്പനി തുടങ്ങി വെച്ച ആളാണ് അത് കൊണ്ട് തന്നെ ഏറെ വേണ്ടപ്പെട്ടയാളുമാണ്.
ഇത് ശ്രുതി, പുതിയ സ്റ്റാഫാണു്.
അവളെന്നോട് ചിരിച്ചു,ഞാനും.
ശ്രുതി, ഇക്കയ്ക്ക് ചായ കൊടുക്കൂ.
സാർ, ചായ.
ശ്രുതി എന്നെ സാർ എന്ന് വിളിയ്ക്കേണ്ട, ഇക്കാന്ന് വിളിച്ചാൽ മതി. ഞങ്ങൾ തമ്മിലുള്ള ഊഷ്മളമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു.
കാര്യ പ്രാപ്തിയുള്ള മിടുക്കിപ്പെൺകുട്ടിയായിരുന്നു അവൾ. മഞ്ഞത്തൊപ്പിയും ധരിച്ച് വർക്ക് സൈറ്റിൽ പണിയും, പണിക്കാരേയും നിയന്ത്രിച്ച് കൊണ്ടു പോകുന്നതിൽ പ്രത്യേക പ്രാഗത്ഭ്യവും, ആത്മാർത്ഥതയും പ്രകടമാക്കിയിരുന്നു.
പോകപ്പോകെ അവളെ കൂടുതലായി അടുത്തറിഞ്ഞപ്പോൾ പുസ്തകവായനയുള്ള കുട്ടിയാണെന്നും മനസ്സിലായി.അതിവിദൂരമല്ലാത്ത ഭാവിയിൽ അവളൊരു Business woman ആയിത്തീരുമെന്ന് ഉറപ്പായിരുന്നു. എല്ലാ വിഷയങ്ങളിലും വ്യക്തമായ നിലപാടും, അഭിപ്രായവും ശ്രുതി പുലർത്തിപ്പോന്നിരുന്നു.സാധാരണ ഗതിയിൽ പെൺകുട്ടികളിൽ ഇത്തരമൊരു Quality വളരെ വിരളമായേ കാണാറുള്ളു, എന്തുകൊണ്ടോ ഞാൻ അവളെ വല്ലാതെ ഇഷ്ടപ്പെട്ടു.
പ്രത്യേകമായ രീതിയിലുള്ള സ്വാതന്ത്ര്യത്തോടെയാണ് അവളെപ്പോഴും എന്നോടിടപെട്ടിരുന്നത്.എന്റെ സ്വന്തം പബ്ലിഷിംഗ് കമ്പനിയിൽ അവൾ എന്നെങ്കിലും എഴുതുന്ന പുസ്തകം പ്രസിദ്ധീകരിയ്ക്കണമെന്ന് എന്നോടു് എപ്പോഴും ആവശ്യപ്പെടുമായിരുന്നു.
കെന്റക്കി ചിക്കൻ ശ്രുതിയുടെ ദൗർബല്യമായിരുന്നു. ഓഫീസിൽ ഞാൻ ചെന്നാൽ അവൾ എന്നെക്കൊണ്ട് KFC വാങ്ങിപ്പിയ്ക്കും. ശ്രുതി തന്നെയായിരിയ്ക്കും മിക്കവാറും ലുലു മാളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്നത്. ഓഫീസിലെ മറ്റു സ്റ്റാഫിനും സന്തോഷകരമായ കാര്യവുമാണത്. ചില സന്ദർഭങ്ങളിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് തന്നെ ലുലുവിലേയ്ക്ക് പോകാറുമുണ്ട്.
ചെ ഗുവേരയെ അവൾക്കിഷ്ടമായിരുന്നു. ബൊളീവിയൻ ഡയറി തിരികെ തന്നുമില്ല, അതു മാത്രമല്ല വായിയ്ക്കുവാൻ വാങ്ങിച്ച ഒരു പുസ്തകവും ശ്രുതി തിരികെ തന്നിട്ടില്ല.
മറ്റൊരു സ്ഥാപനത്തിൽ കുറച്ച് കൂടി മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോൾ അവൾ പോയി. ബന്ധപ്പെടുവാൻ പരസ്പരം ഫോൺ നമ്പർ പോലും ഞങ്ങൾ പരസ്പരം കൈമാറിയിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം ശ്രുതി എവിടെ നിന്നോ എന്റെ ഫോൺ നമ്പർ തേടിപ്പിടിച്ച് എന്നെ വിളിച്ചിരുന്നു. അവളുടെ വിവാഹമാണത്രേ. ക്ഷണിച്ചു വിശേഷങ്ങൾ പറഞ്ഞു.ശ്രുതി എന്നെ മറന്നില്ല.
മൗറീഷ്യസിലേയ്ക്ക് ഒരു യാത്ര പോകുവാൻ ഞാൻ ആദ്യമേ നിശ്ചയിച്ചിരുന്നതിനാൽ ശ്രുതിയുടെ വിവാഹത്തിന് മുൻപേ തന്നെ അവളുടെ വീട്ടിൽ പോകുവാൻ തീരുമാനിച്ചു.
വിവാഹ സമ്മാനമായി ഒരു പവൻ തൂക്കം വരുന്ന ഒരു വളയും, കുറച്ച് പുസ്തകങ്ങളും വാങ്ങി അവളുടെ വീട്ടിലെത്തി.
പടിയ്ക്കൽ എന്നെ കണ്ട പാടെ ശ്രുതി ഓടി വന്ന് എന്റെ കൈയ്യിൽ പിടിച്ച് വീടിനകത്തേക്ക് കൊണ്ടു പോയി. പപ്പയും, മമ്മിയും, ഇളയ സഹോദരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. നല്ല വൃത്തിയും, അടുക്കും ചിട്ടയുമുള്ള ചെറിയൊരു വീട്. സമ്മാനം ഞാൻ അവളുടെ കൈകളിൽ നൽകി.
സമ്മാനമെന്താണെന്നറിയുവാനുള്ള ആകാംഷ നിറഞ്ഞ കണ്ണകളോടെ കവറിൽ നിന്നും ഉടനെ തന്നെ ഉപഹാരം അവൾ പുറത്തെടുത്തു. പുസ്തകങ്ങൾ കണ്ടപ്പോൾ കൂടുതൽ ഉത്സാഹവതിയായി. പുതിയ പുസ്തകങ്ങളുടെ സുഖകരമായ ഗന്ധം മൂക്കിനോട് ചേർത്ത് വെച്ച് അവൾ ആസ്വദിച്ചു. ശ്രുതിയുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ചായ കുടിച്ചു, വിശേഷങ്ങൾ പറഞ്ഞു് കുറച്ചു സമയം ചിലവഴിച്ചതിന് ശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങി. പടിയ്ക്കലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ നാലുപേരും സിറ്റൗട്ടിൽത്തന്നെ നില്ക്കുന്നുണ്ടായിരുന്നു. ശ്രുതി കൈയ്യുയർത്തി വീശി ഞാനും.
സ്വന്തം മകൾ വേർ പിരിഞ്ഞു പോകുമ്പോൾ പിതാവു് അനുഭവിയ്ക്കുന്ന മനോവ്യഥയോടെ ഞാൻ പടിയിറങ്ങി.....
നാസർ
5/9/2017

ഫ്രൈപാൻ (സങ്കൽപം മാത്രമാണ്‌ )




ഫ്രൈപാൻ (സങ്കൽപം മാത്രമാണ്‌ )
=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
ഇക്കാ,
കുറച്ച് ഉള്ളിയും സവാളയും തൊലി കളഞ്ഞ് അരിഞ്ഞെടുത്തേ.. ആജ്ജാ സ്വരത്തിൽ പ്രിയതമ എന്നോടു് മൊഴിഞ്ഞു.
എനിയ്ക്ക് പറ്റില്ല.
പറ്റില്ലേ? അടുക്കളയിൽ നിന്നും കടുപ്പിച്ച ശബ്ദത്തിൽ ഭാര്യയുടെ മറുചോദ്യം ഉയർന്ന് കേട്ടു.
പറ്റില്ലെന്നു പറഞ്ഞില്ലേ? കടുത്ത ശബ്ദത്തിൽ തന്നെ ഞാനും മറുപടി പറഞ്ഞു.
നിമിഷങ്ങൾക്കുള്ളിൽ ഭാര്യ അതാ ദുർഗ്ഗയെപ്പോലെ ശൂലത്തിന് പകരം കൈയ്യിലൊരു ഫ്രൈ പാനുമേന്തി എന്റെ മുന്നിൽ വന്ന് നിൽക്കുന്നു.
അവളുടെ ഭാവവ്യത്യാസം എന്നെ ഒന്നമ്പരപ്പിച്ചു. അമ്പരപ്പ് മാറുന്നതിന് മുമ്പേ.....
ടിം... എന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.
ടിം... ശബ്ദത്തിന്റെ ഉൽഭവവും, കാരണവും മനസ്സിലാകുന്നതിന് മുൻപേ തന്നെ ടിം... ശബ്ദം രണ്ട് പ്രാവശ്യം കൂടി മുഴങ്ങിയിരുന്നു.
ടിം... ശബ്ദം കേൾക്കുവാനുണ്ടായ കാരണം വളരെ ലളിതമാണ്.
കലിപൂണ്ട് നിന്ന പ്രിയ പത്നി ഫ്രൈപാൻ ഉപയോഗിച്ച് എന്റെ നെറുകം തലയിൽ ശക്തിയോടെ ആഞ്ഞടിച്ചപ്പോഴുണ്ടായ ശബ്ദമായിരുന്നു ടിം...
സമ്മതിയ്ക്കാതെ തരമില്ല. അവൾക്ക് നല്ല ടൈമിംഗ് ഉണ്ടായിരുന്നു. കടുകിടെ വ്യത്യാസമില്ലാതെ കൃത്യമായ സ്ഥാനത്ത് തന്നെ പ്രഹരിച്ചു.
ഫ്രൈപാൻ ഇത്രയേറെ മാരകമായ പ്രഹര ശേഷിയുള്ള വസ്തുവാണെന്ന് അടി കിട്ടിക്കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. കണ്ണിൽ നിന്നും പൊന്നീച്ച പറന്നുവെന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളു, ഇപ്പോഴിതാ അനുഭവിച്ചു തന്നെ അറിഞ്ഞു. പഴയ കാലത്ത് കൈലിന്റെ കണയായിരുന്നു സ്ത്രീകളുടെ മുഖ്യ ആയുധം.പുതിയ കാലത്ത് അവരുടെ ആയുധം ഫ്രൈപാനായി മാറിയെന്നുള്ള ഒരു വ്യത്യാസമേയുള്ളു.
അടി കിട്ടുവാനുണ്ടായ സാഹചര്യം മനസ്സിലാക്കി യാഥാർത്ഥ്യവുമായി ഞാൻ വളരെപ്പെട്ടന്നു തന്നെ പൊരുത്തപ്പെട്ടതിനാൽ കൂടുതൽ പരിയ്ക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു നിന്നു.
ഈയിടെയായി അവളുടെ സ്വഭാവത്തിൽ വളരെ പ്രകടമായ മാറ്റം സംഭവിച്ചിരിയ്ക്കുന്നു. എല്ലാ കാര്യങ്ങളും പതിവിന് വിരുദ്ധമായിട്ടാണ് ചെയ്യുന്നത്. കിടപ്പറയിൽപ്പോലും ഒരിവിധത്തിലും നീതീകരിയ്ക്കുവാൻ കഴിയാത്ത നിസ്സഹകരണവും അവളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നു.
അടി കിട്ടിയാൽ സഹിയ്ക്കാവുന്നതേയുള്ളു.ചട്ടിയും, കലവുമാകുമ്പോൾ തട്ടിയും, മുട്ടിയെന്നുമൊക്കെ വരാം... കിടപ്പറയിലെ നിസ്സഹകരമാണ് അസഹനീയമായി തോന്നിയത്.
പ്രദീപിനോട് ഞാനിക്കാര്യങ്ങളെല്ലാം പറഞ്ഞു തുടങ്ങിയപ്പോൾത്തന്നെ അവൻ എന്നോട് ചോദിച്ചു.
ഇക്കായ്ക്ക് ഫ്രൈപാൻ കൊണ്ട് അടി കിട്ടിയല്ലേ?
അവന്റെ ചോദ്യം കേട്ടപ്പോൾ എനിയ്ക്ക് അതിശയം തോന്നി.
പ്രദീപേ, എനിയ്ക്ക് അടി കിട്ടിയ കാര്യം നിനക്കെങ്ങിനെ ഇത്ര കൃത്യമായി അറിയുവാൻ കഴിഞ്ഞത്.
ഒന്നും പറയണ്ട ഇക്കാ, എനിയ്ക്ക് രണ്ട് ദിവസം മുൻപേ തന്നെ അടി കിട്ടി. ഞാനിക്കാര്യം ആരോടും പറഞ്ഞില്ലെന്നേയുള്ളു. ഈ പരിസരത്ത് നമ്മൾക്ക് മാത്രമല്ല അടി കിട്ടിയത്. അടി കിട്ടിയ ഏഴ് ഭാഗ്യവാന്മാർ വേറെയുമുണ്ട്.പ്രദീപിന്റെ മറുപടി കേട്ടപ്പോൾ അല്പം ആശ്വാസമൊക്കെ തോന്നാതിരുന്നില്ല.
അടി കിട്ടിയ ഭാഗ്യവാന്മാരെല്ലാവരും ഒരുമിച്ച് കൂടി.തലപുകഞ്ഞു്, തലപുകഞ്ഞു് അടികിട്ടുവാനുള്ള കാരണം കണ്ടെത്തി.
സതീശന്റെ കാര്യമാണ് കൂടുതൽ കഷ്ടത്തിലാകുവാൻ പോകുന്നത്. ഉയരക്കുറവും, കഷണ്ടിയുമാണ് അവന്റെ പ്രശ്നം.
അടി കിട്ടുന്ന ഭാഗ്യവാന്മാരുടെ എണ്ണത്തിൽ ക്രമേണെ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു. അടി കിട്ടാത്തവർക്ക് ഞങ്ങളോട് ഒരുതരം പുച്ഛമായിരുന്നു. ഞങ്ങൾക്ക് അവരോട് അസൂയയും.
പ്രദീപ് തന്നെ ഇക്കാര്യത്തിലും ആശ്വാസകരമായ വാർത്തയുമായി എത്തി. പ്രൈപാൻ കൊണ്ട് അടികിട്ടാത്തവർക്ക് അടുത്ത ആഴ്ച മുതൽ അടി കിട്ടി തുടങ്ങുന്നതാണെന്ന സത്യം അവൻ ഉറക്കെ പ്രഖ്യാപിച്ചു.
അടുത്ത ആഴ്ച മുതൽ അവർക്കും പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു തുടങ്ങുന്നതാണ്.ഒരു തരത്തിൽ ആലോചിച്ചാൽ സർക്കാർ തന്നെയല്ലേ ഇത്തരം അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദി
നാസർ
9/8/2017

വിശുദ്ധി

Image may contain: 1 person

വിശുദ്ധ ഗ്രന്ഥങ്ങൾ,
വെറുതെ വിഴുങ്ങുന്നവർ
വിഡ്ഢികളാണവർ
വെറും വിഡ്ഢികൾ തന്നെ.
നേടിയിട്ടില്ലിവരൊരുനാളും,
വിശുദ്ധ വിജയവുമിവിടെ.
വിശുദ്ധ പുസ്തകങ്ങൾ,
വെറുതെ വിഴുങ്ങിയാൽ
ദഹിയ്ക്കാതെയതൊരു
ദഹനക്കേടായിത്തീരും.
ദഹനക്കേടിനാൽ വിഷം
ഛർദ്ദിച്ചീടും നാടുനീളെ
വർഗ്ഗീയ ഘോര വിഷം.
പടർന്നു പരന്നൊഴുകിയാ-
ഘോര വിഷം പിന്നെയും
പൊതുവിടങ്ങളൊക്കെയും
മാലിന്യമലീസമാക്കി
ദുർഗന്ധപൂരിതമാക്കി
കെടുതികളാൽ നിറയ്ക്കും.
വിശുദ്ധ വേദങ്ങളെ നിങ്ങൾ
വിവേകത്തിനുമിനീരിലലിയിച്ച്
ചവച്ചരച്ച് മെല്ലെ ഭുജിക്കേണം.
ദഹിച്ചീടുമത് നല്ല പോൽ
ദഹനക്കേടൊട്ടുമുണ്ടാക്കില്ല.
കരി വിഷമായ് പടർന്നു പരന്ന്
പൊതുവിടങ്ങളെയാകെയും
മലിന്യമലീസമാക്കി വെറുതെ
ദുർഗന്ധപൂരിതമാക്കിയത്
കെടുതികളാൽ തകർക്കില്ല.
കുറിയും,കാഷായവുമായി
ഗതിയില്ലാത്തവരായലഞ്ഞ്,
തിരിഞ്ഞഴുകി ജീർണ്ണിച്ചിടാതെ.
താടിയും, തലപ്പാവുമായി
കുറ്റവാളികളേപ്പോൽ കുഴിയിൽ
വീണടിഞ്ഞളിഞ്ഞു നാറാതെ.
കിരീടവും, ചെങ്കോലുമായി
ബോധമില്ലാത്തവരേപ്പോൽ
പുഴുത്തില്ലാതെയാകാതെ.
നഗ്ന സത്യങ്ങളെ കറുത്ത,
ചേലയാൽച്ചുറ്റി മറയ്ക്കുന്ന
അവിശുദ്ധ വേതാളങ്ങളെ
വേഗത്തിലാട്ടിപ്പായിക്കുക
മനസ്സകങ്ങളിൽ നിന്നുമുടനെ.
വിശുദ്ധ ഗ്രന്ഥങ്ങളെ വെറുതെ,
വിഴുങ്ങുന്ന ജന്മങ്ങളാകാതെ
വിശുദ്ധ ജന്മങ്ങളായിത്തീരാം
നമുക്കെല്ലാവർക്കുമിവിടെ.....
നാസർ
21/7/2017

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo