Showing posts with label RemyaManoj. Show all posts
Showing posts with label RemyaManoj. Show all posts

പ്രവാസി ഭാര്യ::-


പ്രവാസി ഭാര്യ::-
മാധവികുട്ടിയുടെ "നീർമാതളം പൂത്തകാലം " ഞാൻ ഇതുവരെ വായിക്കാത്തതിനാൽ കുറേ തേടി അലഞ്ഞ് ഓൺലൈൻ വഴി സംഘടിപ്പിച്ചു.. പക്ഷേ വാങ്ങിയിട്ട് ഇപ്പോൾ ഒരു 5 മാസം എങ്കിലും ആയിട്ടുണ്ടാകും ഒരു പേജു പോലും വായിക്കാൻ സാധിച്ചിട്ടില്ല, സമയം കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം ..
ഇത്രയും വായിച്ചപ്പോളേക്കും നിങ്ങൾ വിചാരിച്ചില്ലേ ഇവൾക്കെന്താ പണീന്നു?? ഒരു ദിവസത്തിൽ 24 മണിക്കൂർ പോരാ എന്നുതോന്നുന്ന ഒരു വീട്ടമ്മ ആണു ഞാൻ!!
പ്രവാസി ഭാര്യമാരുടെ അവിഹിത കഥകൾ ആണ് നിങ്ങൾ അധികവും കേട്ടിട്ടുണ്ടാകുക.. അത്തരം കഥകൾക്ക് നിറയെ ആരാധകരും ഉണ്ടാകും..
എന്നാൽ പ്രവാസി ഭാര്യമാർ ഒരേസമയം കുടുംബനാഥന്റെയും ഒരു അമ്മയുടെയും ഭാഗങ്ങൾ ഭംഗിയായി നിർവ്വഹിക്കുന്നു. ഒരു കുടുംബം ഭംഗിയായി മുന്നോട്ട് കൊണ്ടു പോകുന്നതിനു അവൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അധികം ആർക്കും അറിയില്ല, ഭർത്താവിനെ പോലും അത് അവൾ അറിയിക്കാറില്ല....
ഞാനും ഇപ്പോൾ ഒരു പ്രവാസി ഭാര്യ ആണ്..
വീട്ടിലെ പ്ളബർ ജോലി മുതൽ ഇലക്ട്രിക് ജോലി , ആശാരി പണി എല്ലാം നമ്മൾ തന്നെ ചെയ്യും..
കുട്ടികളുടെ പഠിപ്പ് ,അവരുടെ സ്കൂളിൽ മീറ്റിംഗ്.,സ്കൂൾ പ്രോഗ്രാംസ്സ് ഇതെല്ലാം കൈകാര്യം ചെയ്യണം.. ഇതിനിടയിൽ കറന്റ്ബിൽ,ഫോൺ ബിൽ ,നെറ്റ് ബിൽ
പിള്ളേരുടെ ഫീസ് ഇതൊക്കെ ഓർമ്മവച്ച്കൊടുത്തില്ലെന്കിൽ തീർന്നു..
കുട്ടീകൾക്കു എന്തെന്കിലും അസുഖം വന്നാൽ പിന്നെപറയണ്ട ഉറക്കവൂംപോകും ടെൻഷനും ബാക്കി.. ഇതെല്ലാത്തിനും പുറമേ ബന്ധുക്കളുടെ ,കൂട്ടുകാരുടെ വീടുകളിൽ ഫംങ്ഷൻ വന്നാൽ നമ്മൾ തനിയെ പോയി പങ്കെടുക്കണം, സമ്മാനങ്ങൾ വാങ്ങി കൊടുക്കണം.. മക്കളെ കൂട്ടീട്ടു ഒന്നു പുറത്തു പോയാലും നാട്ടുകാർക്കു പ്രശ്നം ഭർത്താവില്ലാതെ കറങ്ങി നടക്കാണല്ലേ, ഇതാണ് ചോദ്യം. നമ്മുടെ വീട്ടിൽ ആൺവർഗ്ഗത്തിൽപ്പെട്ട ഒരാളുടെ തല കണ്ടാൽ പിന്നെ അയൽ വക്കത്തെ കണ്ണുകൾ എല്ലാം നമ്മളെ ചുറ്റിപറ്റി ആയിരിക്കും..
എല്ലാ ജോലിയും കഴിഞ്ഞ് രാത്രി പിള്ളേർക്കു ഭക്ഷണം കൊടുത്ത് അവരെ കിടത്തിയതിനു ശേഷം എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യാം എന്നു വിചാരിച്ചു ഫൈസ്ബുക്ക് ഒന്നു തുറന്നാൽ അപ്പോൾ തുടങ്ങായി ഇൻബോക്സിൽ ചിലർ 'ഹായ് ഉറങ്ങീല്ലേ , ഈ രാത്രിയിൽ എന്താ ഓൺലൈൻ , ഫുഡ് കഴിച്ചോ? ' എന്നിങ്ങനെ തുടങ്ങായി ..
എന്റെ ഭർത്താവ് പോലും നോക്കുന്നില്ല ഞാൻ എപ്പോൾ ഓൺലൈൻ വരുന്നത് പോകുന്നത് എന്നു .പക്ഷേ നമ്മുടെ നല്ലവരായ നാട്ടുകാർ ആ കടമ സസന്തോഷം ഏറ്റെടുത്തിട്ടുണ്ട്..
ഇതിനിടയിൽ വേണ്ടാന്നുവെക്കുന്നതോ മറക്കുന്നതോ ആയ ചില കാര്യങ്ങൾ ഉണ്ട് സ്വന്തം ആരോഗ്യം, ഇഷ്ടപ്പെട്ട ഭക്ഷണം, സൌന്ദര്യ സംരക്ഷണം,ചില ഇഷ്ടങ്ങൾ ( ഇനി ആദ്യ രണ്ട് സെന്റൻസ് വായിച്ചു നോക്കൂ ,)
എന്റെ ഭർത്താവ് ഒരു വർഷത്തേക്ക് മാത്രം ആണ് ഒരു പ്രൊജക്ട് സംബന്ധമായി പ്രവാസി ആയിരിക്കുന്നത്...
അപ്പോൾ ജീവിതത്തിലെ നല്ലപങ്കും പ്രവാസ ജീവിതം നയിക്കുകയുംഇവിടെ തനിയെ കുടുംബം നടത്തികൊണ്ടു പോകുകയും ചെയ്ത \ചെയുന്ന എല്ലാവരേയും ഞാൻ മനസ്സാൽ ഒരു നിമിഷത്തേക്കെങ്കിലും ഒന്നു തൊഴുതോട്ടെ...
എല്ലാ പ്രവാസി ഭാര്യമാരേയും ഒരേ കണ്ണോടെ മാത്രം കാണുന്ന സമൂഹമനസ്ഥിതി അടുത്ത നൂറ്റാണ്ടിലെന്കിലും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....

By
Remya Manoj

തിരുവാതിരനാളിൽ മനസ്സാകെ നിലാവിൽ..............


തിരുവാതിരനാളിൽ മനസ്സാകെ നിലാവിൽ..............
നാളെയാണ് തിരുവാതിര വ്രതം ..
ധനു മാസത്തിലെ തിരുവാതിര , ശിവഭഗവാന്റെ പിറന്നാൾ ആണെന്നാണ് വിശ്വാസം
സുമംഗലികൾ ഭർത്താവിന്റെ ദീർഘായുസ്സിനു വേണ്ടിയും കുട്ടികളും കന്യകമാരും സർവ്വ ഗുണങ്ങളോടു കൂടിയ വരനെ കിട്ടുന്നതിനും എടുക്കുന്ന വ്രതമാണ് ഇത്..
പാർവ്വതി ദേവി ശിവഭഗവാനെ ഭർത്താവായി ലഭിക്കാൻ വേണ്ടി എടുത്ത വ്രതമാണ് ഇത്..
എനിക്ക് ഒരു നാലോ അഞ്ചോ വയസ്സുള്ളപ്പോൾ മുതൽ ഞാനും അതിന്റെ എല്ലാ ചിട്ടകളോടും കൂടെ ഈ വ്രതം എടുക്കാറുണ്ട്.
തലേദിവസം മകീര്യം നാളിൽ രാത്രി സ്ത്രീകൾ ആരും ഉറങ്ങാറില്ല ഏതെന്കിലും ഒരു വീട്ടിൽ ഒന്നിച്ചു കൂടി തിരുവാതിരകളി ആയിരിക്കും..
പാതിരാത്രി പൂചൂടൽ എന്നൊരു ചടങ്ങുണ്ട്.ദശപുഷ്പങ്ങൾ ഒരു കെട്ടാക്കി ,കൂടിയിരിക്കുന്ന സ്ത്രീകളും കുട്ടികളും തലയിൽ ചൂടും..അതിനു ശേഷവും വീണ്ടും തിരുവാതിരകളി .
വെളുപ്പാൻ കാലത്ത് ആർപ്പും കുരവയുമായി എല്ലാവരും കുളിക്കാൻ കുളത്തിൽ പോകും.. പിന്നെ അവിടെ ഒരു മേളം ആണ്..തുടിച്ചു കുളി ആണ് പ്രധാനം
കുളി കഴിഞ്ഞു വന്നാൽ കോടിയുടുത്ത് ഇളനീർ കുടിച്ച് ,കുറുക്ക് കഴിക്കണം(കൂവ്വപ്പൊടി കൊണ്ട് ഉണ്ടാക്കുന്നതാണ്)
തിരുവാതിര ദിവസം അരി ആഹാരം സ്ത്രീകൾ കഴിക്കില്ല..പകൽ മുഴുവൻ ഊഞ്ഞാലാട്ടവും വെറ്റില മുറുക്കലും ആയിരിക്കും സ്ത്രീകളുടെ വിനോദം.രാവിലെയും വൈകീട്ടും ശിവപാർവ്വതി ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച് അനുഗ്രഹം തേടുന്നു.
ഇത്രയുമാണ് എന്റെ നാട്ടിൻപുറത്തെ തിരുവാതിര ഓർമ്മകൾ എന്നാൽ ഈ നഗരജീവിതത്തിലേക്കു മാറിയതിനു ശേഷം വ്രതം എടുക്കൽ മാത്രം ആയി ചുരുങ്ങി..
എല്ലാ സ്ത്രീകൾക്കും തിരുവാതിരാശംസകൾ.....

By
Remya Manoj

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo