Showing posts with label SanthuGopal. Show all posts
Showing posts with label SanthuGopal. Show all posts

അടയും ചക്കരയും


Image may contain: 1 person, sitting and indoor
*************************
കണ്ണിൽ ഉറക്കത്തിന്റെ കെട്ടുകൾ മുറുകിത്തുടങ്ങിയപ്പോഴാണ് ഇന്ദിരേച്ചിയുടെ ഉച്ചത്തിലുള്ള കാറിച്ച കേട്ടത്. “അയ്യോ..നാട്ടുകാരെ ഓടിവായോ…. എന്നേ തല്ലിക്കൊല്ലുന്നേ….”.
അപ്പുറത്ത് അമ്മയുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞു. ഒപ്പം വീടിന്റെ പിന്നാംപുറത്തെ വെളിച്ചവും വീണു. ഹാളിലേക്ക് പടർന്ന വെട്ടത്തിൽ, ചുവരിലെ പെൻഡുലത്തിൽ ഓടുന്ന ക്ളോക്ക് കാണാം. സമയം പതിനൊന്നു നാൽപ്പത് കഴിഞ്ഞിരിക്കുന്നു.
അമ്മയുടെ മുറിയിലെ ജനാല തുറക്കുന്ന ശബ്ദം കേട്ടു.
“എന്നതാടീ കമലേ…” ഇപ്പുറത്തെ മുറിയിൽനിന്ന് ഉറക്കച്ചുവടിന്റെ കരുകരുപ്പോടെ അമ്മൂമ്മ വിളിച്ചുചോദിച്ചു..
“ഓ….ഇന്ദിരയാ… അവിടെ പിന്നേം തൊടങ്ങി” പതിഞ്ഞ ശബ്ദത്തിൽ അമ്മ പറഞ്ഞു.
“ഈ കഴുവേരടമോനേ എന്തോ ചെയ്യുമെന്നുപറ. ആ പെണ്ണിന്റെയൊരു ഗതികേട്.” ഉറക്കം നഷ്ടപ്പെട്ടതിന്റെ മുഷിവോടെ അമ്മൂമ്മ പിറുപിറുത്തു.
വീടിന്റെ തൊട്ടുവടക്കേതിലാണ് ഇന്ദിരേച്ചിയും സുരൻ ചേട്ടനും താമസിക്കുന്നത്. സുരൻ ചേട്ടൻ ചാരായം മോന്തി ലക്കുകെട്ടുവരുന്ന രാത്രികളിൽ ഇത് പതിവാണ്. ഒരു കാരണവുമില്ലാതെ ഇന്ദിരേച്ചിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച് വെറുതെ ഇടിയ്ക്കും.
സുരൻ ചേട്ടൻ ആനപാപ്പാനാണ്. അവർക്ക് കുട്ടികളില്ല. ആനയേയും കൊണ്ടുനടന്ന്‌ കൊലപ്പാതിരാത്രിയിലാണ് മിക്കപ്പോഴും സുരൻചേട്ടൻ വീട്ടിൽ വന്നുകയറുന്നത്. വരുമ്പോൾ സ്ഥിരമായി ചാരായം മോന്തിയാണ് വരുന്നത്. തീരെ വെളിവുകെടുന്ന ദിവസങ്ങളിലാണ് ഇന്ദിരേച്ചിയുടെ മുടിക്കുകുത്തിപ്പിടിച്ച് ഇടിയ്ക്കുന്നത്. ഇന്ദിരേച്ചി ഒരു പാവമാണ്. നിന്ന് ഇടിവാങ്ങുവാനേ ആ പാവത്തിനറിയൂ. ഇടയ്‌ക്കെപ്പോഴെങ്കിലും സുരൻചേട്ടന്റെ കയ്യിൽനിന്നും വഴുതി രക്ഷപെടുമ്പോൾ ഓടിക്കയറി വരുന്നത് വീട്ടിലേക്കാണ്. അതിനാണ് അമ്മ വീടിന്റെ പിന്നാമ്പുറത്തെ വെട്ടം ഇട്ടുകൊടുത്തത്.
അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഇന്ദിരേച്ചിയെ വലിയ കാര്യമാണ്. വീട്ടിലെ എന്തുസഹായത്തിനും ഇന്ദിരേച്ചി കൂടെയുണ്ടാകും. അമ്മൂമ്മയുമായി അമ്മ ആശുപത്രിയിൽ കഴിയുന്ന അവസരങ്ങളിലൊക്കെ ഇന്ദിരേച്ചിയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത്. മുറ്റമടിക്കും, ചോറും കറികളും വച്ച്‌ ആശുപതിയിൽ എത്തിക്കും, തുണിയലക്കും, ചെടിനനയ്ക്കും.രാവിലെ തനിക്ക് കോളേജിൽ പോകുവാൻ വസ്ത്രം ഇസ്തിരിയിട്ട്, കാപ്പികുടിപ്പിച്ച് പറഞ്ഞയക്കും.
കാര്യം പ്ലസ്-ടൂവിലാണ് ഞാൻ പഠിക്കുന്നതെങ്കിലും സുരൻചേട്ടനും ഇന്ദിരേച്ചിക്കും ഞാനിപ്പോഴും അവരുടെ ഉണ്ണിക്കുട്ടനാണ്. കുഞ്ഞുംനാളിൽ ഏതുനേരവും ഞാൻ ഉണ്ണുന്നതും ഉറങ്ങുന്നതും അവരുടെകൂടെ ആയിരുന്നത്രേ. സുരൻചേട്ടന്റെ നെഞ്ചത്തുകിടന്നാണ്‌ ഞാൻ ഉറങ്ങിയിരുന്നതത്രെ.
സത്യത്തിൽ എനിക്കു അമ്മയേക്കാൾ സ്നേഹം ഇന്ദിരേച്ചിയോടാണ്. അമ്മ പലപ്പോഴും പറയാറുണ്ട്, ഇന്ദിരയുണ്ടായിരുന്നതുകൊണ്ടു തന്നെ വളർത്തിയ പാടാടൊന്നും അമ്മ അറിഞ്ഞതേയില്ലെന്ന്. വളർത്താൻ അവൾക്ക് മുലപ്പാലിന്റെ കുറവേ ഉണ്ടായിരുന്നൂട്ടുള്ളൂവെന്ന്. ചുരത്താത്ത മുല തന്റെ വായിൽതിരുകിവച്ചു അവർ തന്റെ കരച്ചിൽഅടക്കിയിട്ടുണ്ടത്രെ. കുരുത്തക്കേടിനു അമ്മ വടിയെടുത്തു തല്ലാൻ വരുന്നത് കണ്ടാൽ ഇന്നും ഇന്ദിരേച്ചിക്ക് നെഞ്ചുപൊടിയും. സങ്കടപ്പെട്ട് ഇടയ്ക്കു ചാടിവീഴും. വായ്ക്ക് രുചിയായി എന്തെങ്കിലും കഴിച്ചാൽ ഒരു പങ്ക് തനിക്കായി മാറ്റിവയ്ക്കും. അമ്മയും ഇന്ദിരേച്ചിയും തമ്മിൽ സൊറപറഞ്ഞിരിക്കുന്ന വേളകളിൽ തന്റെ തല മടിയിൽഎടുത്തുവച്ചുമസ്സാജ് ചെയ്തുതരും. എനിക്ക് വീട്ടിൽനിന്നു എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കിൽ ഞാൻ ആദ്യം പറയുക ഇന്ദിരേച്ചിയോടാവും. ഇന്ദിരേച്ചി അത് തഞ്ചംപോലെ അമ്മയുടെ അടുത്ത് അവതരിപ്പിക്കും.
പതിവ് തെറ്റിയില്ല. ജനാലയ്ക്കൽ ഇന്ദിരേച്ചിയുടെ വിളികേട്ടു. അമ്മ കതകു തുറന്നുകൊടുത്തു. അകത്തുകയറി ഇന്ദിരേച്ചി ഒച്ചയടക്കി തേങ്ങി.
“എന്തിനാടീ ഇരുന്നു മോങ്ങുന്നേ. കൈനൂർത്ത് അവന്റെ കരണത്ത് ഒന്നു കൊടുക്കാൻ മേലാഞ്ഞിട്ടാണോ നിനക്ക്.” അമ്മൂമ്മ ദേഷ്യപ്പെട്ടു.
പായ തട്ടിക്കുടഞ്ഞ് വിരിക്കുന്ന ശബ്ദം കേട്ടു.
“അവിടെങ്ങാനും ചുരുണ്ടു കിടക്ക്. കാലത്തു പോയാമതി. എന്നും നീയിങ്ങനെ അവന്റെ കയ്യീന്ന് അടിവാങ്ങിക്കാൻ നിന്നാ നിന്റെഗതി ഇതുതന്നാ, പറഞ്ഞില്ലെന്നുവേണ്ടാ.” അമ്മൂമ്മ പറഞ്ഞു.
പക്ഷേ, എന്തൊക്കെത്തന്നെയായാലും ഇന്ദിരേച്ചിക്ക് സുരൻചേട്ടനെ ജീവനാണ്. അവരുടെ സങ്കടമൊക്കെ നേരം വെളുക്കുന്നതുവരേയുള്ളൂ. നേരം പരപരാന്ന് വെളുക്കുമ്പോഴേക്കും ഇന്ദിരേച്ചി എഴുന്നേറ്റ് വീട്ടിലേക്കു പോകും. ചേട്ടന് വെള്ളമനത്തിക്കൊടുക്കാൻ. അപ്പോഴേക്കും സുരൻചേട്ടന്റെ ഭ്രാന്തും കെട്ടിറങ്ങിയിട്ടുണ്ടാവും. രാത്രിയിൽ കീചകവേഷം കെട്ടിയാടിയ ആളായിരിക്കില്ല അപ്പോൾ. പിന്നെ സുരൻചേട്ടൻ തൂക്കുപാത്രവുമെടുത്ത് നേരെ സൊസൈറ്റിയിലക്ക് പോകും. പാത്രം നിറയെ പാലുവാങ്ങി ഇന്ദിരേച്ചിക്കു കൊടുക്കും. “മോളേ...കാച്ചിക്കുടിക്കെടീ.” പിന്നെ കുറച്ചുദിവസത്തേക്ക് രണ്ടുപേരും അടയും ചക്കരയുംപോലെയാണ്.
അടയും ചക്കരയുമായി ഇരിക്കുന്ന രാത്രികളിൽ സുരൻ ചേട്ടൻ മിതമായേ കുടിക്കൂ. രാത്രിയിൽ വന്നുകഴിഞ്ഞാൽ കുളിക്കാൻ ഇന്ദിരേച്ചി വെള്ളം ചൂടാക്കി കൊടുക്കും. തൊടിയിലെ കൈവരിയില്ലാത്ത കിണറ്റിനരികിലെ അലക്കുകല്ലിലിരുത്തി ഇന്ദിരേച്ചി സുരൻചേട്ടനെ, ആനയുടെ ചൂടും ചൂരുമെല്ലാം തേച്ചിളക്കി കുളിപ്പിക്കും. ആ സമയത്ത് അവിടെനിന്നും ചില അടക്കിപ്പറച്ചിലുകളും സുരൻചേട്ടന്റെ വെടലച്ചിരിയും കേൾക്കാം. ചാരായതിന്റെ ലഹരിയിൽ കുഴഞ്ഞിരിക്കുന്ന സുരൻചേട്ടൻ ആനയെപ്പോലെ ഇടയ്ക്ക് കുറുമ്പുകൾ കാട്ടും. അപ്പോൾ ഇന്ദിരേച്ചി പതംവന്ന ചട്ടക്കാരേപ്പോലെ സുരൻചേട്ടനേ ചട്ടം പറഞ്ഞിരുത്തും. “അടങ്ങിയിരിക്കാൻ…. അടി…. അടി..ആ….”
പുറത്ത് സുരൻചേട്ടൻ ഇന്ദിരേച്ചിയുടെ വീട്ടുകാരെ ഭള്ള് പറയുന്നത് കേട്ടു. അത് പതിവാണ്. അടിയും നിലവിളിയും കഴിഞ്ഞാൽ സുരൻ ചേട്ടൻ നേരേ തിണ്ണയിലേക്ക് കയറിക്കിടക്കും. കുറേനേരം ആരെയെങ്കിലുമൊക്കെ ഭള്ളുപറയും. പിന്നത്തെ വിനോദം ഇഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ ചൊല്ലുക എന്നതാണ്. എ-യിൽ തുടങ്ങി എഫ് വരെ തെറ്റാതെ ചൊല്ലും. പിന്നെ പ്രകാശ വേഗത്തിൽ നേരേ പോകുന്നത് പി-യിലേക്കാണ്. ഡബ്ള്യൂ എന്ന് ഉച്ഛരിക്കുന്നത് കേട്ടാൽ ശ്ശോ…. പറമ്പിൽ പാറിക്കളിക്കുന്ന അടയ്ക്കാക്കുരുവിക്ക് നാണം വരും. അമ്മൂമ്മ പറഞ്ഞുകേട്ടിട്ടുണ്ട്, എട്ടാം ക്‌ളാസിൽ മൂന്നാമത്തെ തവണ തോറ്റപ്പോൾ സാറുമ്മാര് മനപ്പൂർവ്വം തോൽപ്പിച്ചതാണെന്നു പറഞ്ഞു സുരൻചേട്ടൻ നേരേ ആനപ്പണിക്ക് പോയ കഥ.
ചിലപ്പോൾ കിടക്കുന്ന കിടപ്പിൽ പാട്ടുപാടും. അതും ക്‌ളാസിക്കൽ മ്യൂസിക്കിലാണ് കയറിപ്പിടിക്കുന്നത്. പലതും പാടുമെങ്കിലും “എന്തരോ മഹാനു ഭാവലൂ” ആണ് പ്രധാന ഐറ്റം.
സുരൻചേട്ടൻ എന്തുകാണിച്ചാലും ചറ്റുവട്ടത്തുള്ളവർ അതിൽ ഇടപെടില്ല. ഒരിക്കൽ തൊട്ടപ്പുറത്തെ രാമേട്ടൻ ഒന്നിടപെട്ടതാണ്. കള്ളുകുടിച്ചിട്ടുവന്ന് ഇന്ദിരേച്ചിയേ ഇടിക്കുന്നതുകണ്ടപ്പോൾ രാമേട്ടൻ ചെന്ന് ശബ്ദമുയർത്തി. സുരൻചേട്ടൻ രാമേട്ടന്റെ തന്തക്കും തള്ളയ്ക്കും വിളിച്ചു. പിന്നെ കയ്യാങ്കളിയായി. സുരൻചേട്ടൻ രാമേട്ടന്റെ മാറ് മാന്തിക്കീറിവിട്ടു. പോലീസ്‌സ്റ്റേഷനിലേക്ക് കേസ്സുപോയി. വാദിയേയും പ്രതിയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പോകുന്നതിനുമുമ്പ് സുരൻചേട്ടൻ ഇന്ദിരേച്ചിക്ക് “ലോ പോയിന്റ്” പറഞ്ഞുകൊടുത്തു. “പോലീസുകാര് ചോദിച്ചാൽ അയാള് നിന്നെ കയറിപ്പിടിക്കാൻ വന്നെന്നു പറയണം. അപ്പൊഴാണ് ഞാനവനെ തല്ലിയതെന്നു പറഞ്ഞേക്കണം.” ശങ്കിച്ചു നിന്ന ഇന്ദിരേച്ചിയോട് സുരൻചേട്ടൻ പറഞ്ഞു “അല്ലെങ്കിൽ അവമ്മാരെന്നെ അകത്തുകേറ്റി ഇടിച്ചു ചളുക്കുമെന്ന്” സുരൻ ചേട്ടൻ പറഞ്ഞത് ഇന്ദിരേച്ചി വള്ളിപുള്ളി വിടാതെ സ്റ്റേഷനിൽ പറഞ്ഞു. വാദി പ്രതിയായി. കാര്യമറിയാവുന്ന പോലീസുകാർ സ്റ്റേഷനിൽ പരാതി ഒത്തുതീർപ്പാക്കിവിട്ടു. അതു നന്നായി. ഇല്ലെങ്കിൽ രാമേട്ടൻ ഇന്നും ഉണ്ടതിന്ന് അകത്തുകിടന്നേനേം. സ്റ്റേഷനിൽനിന്നു വന്നിട്ട് രാമേട്ടൻ ആദ്യം ചെയ്തത് ഒരു റോൾ പഞ്ഞി വാങ്ങി വീട്ടിൽ വയ്ക്കുകയായിരുന്നു. അതിനുശേഷം അവിടെ എന്തുനടന്നാലും ചുറ്റുവട്ടത്തുള്ളവർ ചെവികൊടുക്കാറില്ല.
സുരൻചേട്ടനേക്കുറിച്ച് നാട്ടുകാർ പറഞ്ഞു ചിരിക്കാറുള്ള ഒരു സംഭവമുണ്ട്. ഒരിക്കൽ ആനയുമായി നടക്കുന്നതിനിടയിൽ ചാരായം തലയ്ക്കുപിടിച്ചു സുരൻ ചേട്ടൻ വഴിയിൽ കുഴഞ്ഞുവീണു. ഒപ്പം ആനയും നിന്നു. ഇടച്ചങ്ങലപോലുമില്ലാതെ ആന നിൽക്കുന്നതു കണ്ട് ആൾക്കാർ ബഹളമായി. പാപ്പാനെ പിടിച്ച് രണ്ടെണ്ണം കൊടുക്കണമെന്നായി ചിലർ. ചുറ്റുവട്ടത്ത് നടക്കുന്നതൊന്നും അറിയാതെ ബോധംകെട്ട് കിടക്കുകയായിരുന്നു സുരൻചേട്ടൻ. ആളും ബഹളവും ഒക്കെക്കൂടിയായിട്ട് എന്തോ പന്തികേടുതോന്നിയിട്ട് ആന സുരൻചേട്ടന് വിലങ്ങനെ കാവൽ നിന്നു. ഇടയ്ക്ക് തുമ്പിക്കയ്യാൽ പിടിച്ചെഴുന്നേൽപ്പിക്കുവാൻ ആന ഒരു ശ്രമം നടത്തിനോക്കി. പക്ഷേ പിടിച്ചത് സുരൻ ചേട്ടന്റെ കൈലിയ്ക്കാണ്. കൈലിപറിഞ്ഞ് തുമ്പിക്കയ്യിലിരുന്നു. അവിടെ നിന്ന സകലമാന പേരും മൂക്കത്ത് വിരൽവച്ചു ചിരിച്ചു. അവർ പറഞ്ഞു “ശ്ശേ…. ഇവന്അടീലൊരു നിക്കറിട്ടാലെന്താ?.” ഇത് ഒരുതവണയല്ല. ഇതേപോലെ ഒരുപാട് തവണ പലസ്ഥലത്തുവച്ചും അരങ്ങേറിയപ്പോൾ ആനക്ക് അതൊരു ശീലമായി. സുരൻ ചേട്ടൻ വീഴും, ആന കൈലി പറിച്ചെടുക്കും. അപ്പോൾ നാട്ടുകാർക്ക് ഒരുകാര്യം ബോധ്യമായി “ആകാശം ഇടിഞ്ഞുവീണാലും സുരൻ നിക്കറിടില്ല.” അങ്ങനെ നാട്ടുകാർ എന്തൊക്കെയോ അർത്ഥംവച്ച് സുരൻചേട്ടന് ഒരു വട്ടപ്പേരിട്ടു “കരിമുണ്ടൻ”
തിണ്ണയിൽക്കിടന്ന് സുരൻ ചേട്ടൻ എന്തൊക്കെയോ ഉറക്കെ വിളിച്ചുപറയുന്നു. “ഞാനുമെന്റെ ചെറുക്കനുംങ്കൂടെ പകലന്തിയോളം കട്ടപ്പെട്ടിട്ട് വീട്ടിവന്നുകേറി എന്തെങ്കിലുമൊന്ന് പറഞ്ഞുപോയാ അവള് മൊകോം കെറുവിച്ചു എറങ്ങിയൊരു പോക്കാ. അല്ലിയോടാ...രായുമോനേ…” എന്റെ ചെറുക്കനെന്നു പറയുന്നത് ആനയെ ആണ്. “രാജു” എന്നാണ് ആനയുടെ പേര്. വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിൽ തൊട്ടുമുകളിലെ പഞ്ചായത്ത് പറമ്പിലെ മാവിലാണ് ആനയെ തളച്ചിട്ടുള്ളത്. അവിടെനിന്നും ആനയുടെ യാതൊരുവിധ പ്രതികരണങ്ങളും കേൾക്കാഞ്ഞിട്ട് സുരൻചേട്ടൻ പറഞ്ഞു. “മിണ്ടെണ്ടാടാ…. മിണ്ടെണ്ടാ… എനിക്കറിയാമെടാ നീ അവടെ സൈഡാ.”
സുരൻ ചേട്ടനും ഇന്ദിരേച്ചിയും സ്നേഹിച്ചു കല്യാണം കഴിച്ചതാണ്. ഒരിക്കൽ ഇന്ദിരേച്ചിയുടെ നാട്ടിലെ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. ആ തവണത്തെ ഉത്സവ എഴുന്നെള്ളിപ്പിന് ആനയെയുംകൊണ്ട് പോയതാണ് സുരൻചേട്ടൻ. ഇന്ദിരേച്ചിയുടെ വീടിനടുത്തുള്ള പറമ്പിലാണ് ആനയെ കെട്ടിയത്. ഇന്ദിരേച്ചി ആനയ്ക്ക് പഴംകൊടുക്കാൻ പോയതാണ്. ഒന്നാം ദിവസം ഇന്ദിരേച്ചി ആനയ്ക്ക് പഴംകൊടുത്തു. രണ്ടാംദിവസം സുരൻചേട്ടൻ പഴം ചോദിച്ചു വാങ്ങി. മൂന്നാം ദിവസം സുരൻചേട്ടൻ ചോദിക്കാതെതന്നെ ഇന്ദിരേച്ചി പഴം കൊടുത്തു. പത്താം ഉത്സവം ആയപ്പോഴേക്കും പഴം മുഴുവൻ നേരെ സുരൻചേട്ടനും തൊലിമുഴുവൻ ആനയ്ക്കുമായി. ഉത്സവം പിരിഞ്ഞു. എങ്കിലും പിന്നീട് ആ വഴിയിലൂടെ സുരൻചേട്ടൻ ആനയേയും കൊണ്ട് ഒരുപാടുതവണ നടന്നു. അങ്ങനെയൊരിക്കൽ ആനയെയും തെളിച്ചു വരുമ്പോൾ വീട്ടുകാരറിയാതെ ഇന്ദിരേച്ചിയും കൂടെക്കൂടി. ഒരുകയ്യിൽ ആനയുടെ കൊമ്പും മറുകയ്യിൽ ഇന്ദിരേച്ചിയുടെ കയ്യും പിടിച്ച് സുരൻചേട്ടൻ കൂടെയിങ്ങ് കൊണ്ടുപോന്നു.
കരിമുണ്ടൻ എന്ന വട്ടപ്പേര് ആരെങ്കിലും വിളിച്ചാൽ സുരൻചേട്ടന് കലികയറും. പിന്നെ കേൾക്കാൻ കൊള്ളാത്ത ഭാഷയിൽ അവരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും. ഒരിക്കൽ ആനയുമായി റോഡിലൂടെ നടന്നുനിന്നങ്ങുമ്പോൾ കുരുത്തംകെട്ട പിള്ളേർ ആരോ മറഞ്ഞിരുന്ന് വിളിച്ചു, “കരിമുണ്ടോ….…..” അതുകേട്ടതും ആനയെ കൊമ്പിൽ പിടിച്ചുനിർത്തി സൈഡൊതുക്കി. പിന്നെ തിരിഞ്ഞുനിന്ന് ആരോടെന്നില്ലാതെ പൂരത്തെറിവിളി തുടങ്ങി. തെറിയുടെ നിലവാരം കടുത്തുതുടങ്ങിയപ്പോൾ നാട്ടുകാർ കൂടി ബഹളംവച്ചു. “എന്തോന്നിത്… ഇവിടെ പ്രായമായോരും പിള്ളേരൊക്കെയുള്ളതാ”. അവർ പറഞ്ഞു. അതൊന്നും സുരൻചേട്ടൻ ചെവിക്കൊണ്ടില്ല. തെറിയുടെ നിലവാരം കൂട്ടികൊണ്ടേയിരുന്നു. ഒടുവിൽ നാട്ടുകാർ തല്ലാൻ വളഞ്ഞു. സുരൻചേട്ടൻ നേരെ ആനയുടെ നടകൾക്കിടയിൽ സ്ഥാനമുറപ്പിച്ചു. ആനയെപ്പേടിച്ച് ആൾക്കാർ അകന്നുനിന്നു. പിന്നെ അവിടെനിന്നുകൊണ്ട് തെറിയുടെ ഒരു കഥാപ്രസംഗമായിരുന്നു. കഥയിൽ അവരുടെ ചത്തുപോയ കരണവന്മാർ വരെ കഥാപാത്രമായി വന്നു. ഒടുവിൽ, കുഴിയിൽ കിടക്കുന്ന തങ്ങളുടെ പൂർവികർ വടിയും കുത്തിപ്പിടിച്ചു എഴുന്നേറ്റു വന്ന് തങ്ങൾക്കിട്ടു തല്ലുമെന്ന് ഭയന്നപ്പോൾ ആൾക്കൂട്ടം പിരിഞ്ഞുപോയി.
മിലട്ടറിയിൽനിന്നും അവധിക്കു അച്ഛൻ വരുമ്പോൾ രാത്രിയിൽ മുറ്റത്ത് കസേരയിട്ട് സുരൻചേട്ടനൊപ്പം കുപ്പിപൊട്ടിച്ചു കൂടും. വീട്ടിൽ പോത്തിറച്ചി വരട്ടും. അന്ന് സുരൻചേട്ടനും ഇന്ദിരേച്ചിക്കും വീട്ടിലാണ് ഊണ്. കഴിഞ്ഞ തവണ അവധിക്കുവന്നപ്പോഴും പതിവുപോലെ കൂടി. പൂമുഖത്തെ വെളിച്ചം അരണ്ടുവീഴുന്ന മുറ്റത്തു രണ്ടുപേരുംകൂടി ലഹരിയുടെ കുന്നുകയറി. അടുക്കളയിൽ അമ്മയും അമ്മൂമ്മയും ഇന്ദിരേച്ചിയും കൂടി ചിരിയും സംസാരവുമായി കൂടി. ഇരുട്ടത്ത് കുപ്പിയും ഗ്ലാസും തമ്മിൽ കലമ്പി. ഇടയ്ക്ക് കൗമാരപ്രായക്കാരനായ എന്റെ സ്വഭാവത്തേക്കുറിച്ച് അച്ഛൻ തിരക്കി. കള്ളിന്റെ ലഹരി മൂത്തുനിന്ന സുരൻചേട്ടൻ പറഞ്ഞു “അണ്ണാ… അണ്ണനൊന്നുകൊണ്ടും വെഷമിക്കെണ്ടാ…. അവന്റെ കാര്യം നോക്കാൻ ഞാനൊണ്ടിവിടെ.” ഗ്ലാസിലേക്ക് കള്ള് പകർന്നുകൊണ്ടിരുന്ന അച്ഛനെ, കൈ ഏന്തി കുത്തിത്തോണ്ടികൊണ്ട് സുരൻചേട്ടൻ പറഞ്ഞു “ദാണ്ടിങ്ങോട്ടുനോക്ക്….. അവനേ….എന്റെ ചെറുക്കനാ…. ദാണ്ട് …. എന്റെയീനെഞ്ചത്തുകെടന്നു വളന്നോനാ അവൻ. ദാണ്ട്…. ഇങ്ങോട്ടുനോക്ക് എന്റെ ഇന്ദിര അവനെ പെറ്റില്ലന്നേയൊള്ളു അറീമോ?”
“എനിക്കറിയാമെടാ…. നിന്റെസ്നേഹം” അച്ഛൻ പറഞ്ഞു.
നൂർന്നിരുന്ന് കൈലി കാലിനിടയിലേക്കു തിരുകിവച്ചുകൊണ്ട് ‘അണ്ണന് ഒരു കുന്തോം അറിയുകേല’ എന്ന അർത്ഥത്തിൽ സുരൻചേട്ടൻ പറഞ്ഞു “ആ.. അറിയാം…. അണ്ണനു കൊറേ അറിയാം.”
അടുക്കളയിലെ സംസാരം മതിയാക്കി ഇടക്കെപ്പോഴോ പൂമുഖത്തു വന്നിരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അമ്മൂമ്മ പറഞ്ഞു. “എടാ നേരംകൊറെയായി. നിർത്തീൻ”
പിന്നെത്തെ സംസാരമെല്ലാം അടക്കിപ്പിടിച്ചായി. എന്തെങ്കിലും പറഞ്ഞു അമ്മൂമ്മയെ പാട്ടിലാക്കിയെങ്കിലേ കുറച്ചുനേരംകൂടി ഇരിക്കാൻ പറ്റൂ. അതിനുവേണ്ടി സുരൻചേട്ടൻ ഉപായത്തിൽ പറഞ്ഞു, ചേച്ചിയമ്മോ ഓർക്കുന്നുണ്ടോ…. പണ്ട് ഈ അണ്ണന്റെ കൈയ്യേപ്പിടിച്ചാ ഞാൻ ആദ്യമായിട്ട് ഒന്നാംക്‌ളാസ്സിപ്പോയത്. ഓർക്കുന്നുണ്ടോ…
അമ്മൂമ്മ അർദ്ധംവച്ചു നീട്ടിമൂളി. “ഉം….”
“അതെന്നാ ചേച്ചിയമ്മേ അതുപറഞ്ഞപ്പം നീട്ടിയൊരു മൂളല്?”
“അണ്ണനും തമ്പിയുംകൂടി കയ്യുംപിടിച്ചു പഠിക്കാൻ പോയിട്ട് രണ്ടും കിഴുക്കന്മപാടായിപോയല്ലോ എന്നോർത്ത് മൂളിയതാ.”
“ഓ…. അതിനു മൂളാനൊന്നുമില്ല. എന്റെകാര്യം വിട്. ഞാൻ പടിച്ചില്ലേലും അണ്ണൻ പടിച്ചു ഉദ്യോഗക്കാരനായില്ലിയോ?”
“ഉം… പടിച്ചു..പടിച്ചു. അവനെ പത്താംക്‌ളാസ്സ് ഒന്ന് പാസ്സാക്കിഎടുത്തതിന്റെ പാട് എനിക്കേ അറിയൂ.”
സുരൻചേട്ടൻ ഇളിച്ചു ചിരിച്ചു.
“നീ പടിച്ചുപടിച്ചു .. ആനപ്പണിക്കും പോയി. അമ്മൂമ്മ പറഞ്ഞു.”
“ആനേംകൊണ്ട് നടക്കുന്നത് അത്ര നിസാര പണിയല്ല കേട്ടോ …” സുരൻചേട്ടൻ ഒരു ഗുമ്മിന് തട്ടിവിട്ടു.
“ഒന്ന് പോടാ മാറി…. ആനേംകൊണ്ടു നടന്നു…... ആ ആന ചൊവ്വോള്ളതായതുകൊണ്ടു നിന്നെ കൊണ്ടുനടക്കുന്നെന്നു പറ.” അമ്മൂമ്മ തരത്തിനു താങ്ങി.
അതോടുകൂടി സുരൻചേട്ടന്റെ നാവുമടങ്ങിപ്പോയി. അച്ഛൻ കുലുങ്ങി ചിരിക്കുന്നത് കേട്ടു. അത് സുഖിക്കാത്തവണ്ണം സുരൻചേട്ടൻ പറഞ്ഞു “.ഓ..പിന്നേ... ഒന്ന് പോ അണ്ണാ മാറി”. അച്ഛൻ വീണ്ടും ചിരിച്ചു. കുറച്ചുനേരം സുരൻചേട്ടൻ ചിരിക്കാതെ മസിലു പിടിച്ചു നിന്നുനോക്കി. പിന്നെ സഹികെട്ടു കൂടെ ചിരി തുടങ്ങി.
“എടാ നിർത്താൻ.” അമ്മൂമ്മ ദേഷ്യപ്പെട്ടു.
എന്റെ ചേച്ചിയമ്മേ… ആണ്ടിലൊരിക്കലാ ഞാനും അണ്ണനുംകൂടിയൊന്നു കൂടുന്നേ. ഇപ്പഴല്ലിയോ ഒന്ന് മിണ്ടീംപറഞ്ഞുമിരിക്കാൻ പറ്റുന്നേ.
എന്റെ സുരനേ… നീ അവനെ ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ. അവനിന്നിങ്ങോട്ടു വന്നതേയുള്ളൂ. നേരം കൊറേയായി… അവന്റെ പെമ്പ്രന്നോത്തി ഒരുത്തി ഉണ്ടിവിടെ.
ഇരുട്ടത്ത് സുരൻചേട്ടന്റെ ശ്വാസം പൊട്ടിയ വെടലച്ചിരി കേട്ടു. പിന്നെയും ഗ്ലാസ് കലമ്പി.
എടാ നിർത്തുന്നോ…. അല്ലെങ്കിൽ ഞാനങ്ങോട്ടുവന്ന് എല്ലാംകൂടെടുത്തു വടക്കോട്ടെറിയും.. പറഞ്ഞേക്കാം.
പെട്ടെന്നുതന്നെ കള്ളുസഭ മടക്കിക്കെട്ടി.
അപ്പുറത്തെ മുറിയിൽ അമ്മൂമ്മ കൂർക്കം വലിച്ചു തുടങ്ങി. അമ്മയും ഉറങ്ങിയിട്ടുണ്ടാവും. ഇടയ്ക്കു ഇന്ദിരേച്ചി തേങ്ങലടക്കുന്നതു കേട്ടു. സ്നേഹിക്കാൻ മാത്രമറിയാവുന്ന പാവം ഇന്ദിരേച്ചി. എല്ലാവരെയും ധിക്കരിച്ചു സുരൻചേട്ടനൊപ്പം ഇറങ്ങിവന്നതുകൊണ്ട് തന്നെ തള്ളിക്കളഞ്ഞ സ്വന്തം വീട്ടുകാരേ ഓർത്തു ഉള്ളിൽ തെങ്ങുന്നുണ്ടാവുമോ. തനിക്കു വിലപ്പെട്ടതെല്ലാംതന്നെ നിസ്സാരമായി വലിച്ചെറിഞ്ഞു സ്നേഹിച്ചവന്റെ കൈപിടിച്ച് ഒപ്പം ഇറങ്ങിപ്പോരുമ്പോൾ ആകാശം മുട്ടെ കൂട്ടിവച്ച ജീവിതകിനാവുകൾ ഉടഞ്ഞുപോയതിന്റെ വേദന പേറുന്നുണ്ടാവില്ലേ. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ആശ്വസിച്ചു കെട്ടിപ്പിടിച്ചുറങ്ങുവാൻ ഇല്ലാതെപോയ കുഞ്ഞിക്കാലിനെ ഓർത്തു സങ്കടം ഉണ്ടാവില്ലേ. പേറ്റുനോവറിയാത്ത വയറൊഴിഞ്ഞു അവർ സങ്കടപ്പെടാറില്ലേ. ഉണ്ടാവും. സ്നേഹക്കടലിന് താഴെ ആരുമറിയാതെ ശാന്തമായി കനത്ത നൊമ്പരങ്ങൾ ഉണ്ടാവും.
ഓരോന്ന് ഓർത്തു കിടന്നുറങ്ങിയത് എപ്പോഴാണെന്നറിയില്ല. കാലത്തു താമസിച്ചാണ് എഴുന്നേറ്റത്. അടുക്കളയിൽ അമ്മയുടേയും അമ്മൂമ്മയുടെയും പെരുമാറ്റം കേട്ടു. എഴുന്നേറ്റു അടുക്കളയിലേക്കു ചെന്നു.
ഇന്ദിരേച്ചി പോയോമ്മേ? ഞാൻ ചോദിച്ചു.
“അവള് രാവിലേ പോയി. സുരൻ സൊസൈറ്റീൽ പോയിട്ട് വരുകേം ചെയ്തു.” അമ്മൂമ്മ പറഞ്ഞു. അമ്മ ചിരിച്ചു.
“ഇന്നലെ അവടെ മുഖത്താ അടികൊണ്ടത്. കവിള് വീങ്ങീട്ടൊണ്ട്.” അമ്മ പറഞ്ഞു.
“കണക്കായിപ്പോയി. അവള് കൊള്ളാനായിട്ടു നിന്നിട്ട്. കഴകത്തില്ലാത്തവള്…..” അമ്മൂമ്മ പറഞ്ഞു.
ഞാൻ പുറത്തേക്കിറങ്ങി പൈപ്പിന്റെ ചുവട്ടിൽനിന്നു മുഖം കഴുകുമ്പോൾ ഇന്ദിരേച്ചി മുറ്റമടിക്കുന്നതു കണ്ടു. അമ്മ പറഞ്ഞത് നേരാണ് അവരുടെ മുഖം വീങ്ങിക്കിടപ്പുണ്ട്. പാവം ഇന്ദിരേച്ചി. എനിക്ക് സങ്കടം തോന്നി. എന്തായാലും കുറച്ചു ദിവസത്തേക്ക് കുഴപ്പമില്ല. അടയും ചക്കരയും ഒന്നിച്ചുചേരുന്ന ദിവസങ്ങളാണ് ഇനിയും. അമ്മയുടെ കയ്യിൽനിന്നും കട്ടൻ കാപ്പിവാങ്ങി വാതിൽപ്പടിയിൽ ഇരിക്കുമ്പോഴും ഞാൻ ചിന്തിച്ചത് ഇന്ദിരേച്ചിയെക്കുറിച്ചാണ്.
അടയും ചക്കരയുമായി ദിവസങ്ങൾ നീങ്ങി. അപ്പോഴും ഇന്ദിരേച്ചിയുടെ വീങ്ങിയ മുഖം എന്നിൽ സങ്കടമായി നിറഞ്ഞുനിന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം വീണ്ടും അടയും ചക്കരയും തമ്മിൽ തെറ്റി. പതിവുപോലെ രാത്രീയിൽ ഇന്ദിരേച്ചിയുടെ നിലവിളി കേട്ടു. കിടക്കപ്പായയിൽ എല്ലാവരും എഴുന്നേറ്റു കുത്തിയിരുന്നു. അകത്തെ മുറിയിൽ അമ്മൂമ്മ സുരൻചേട്ടനെ പ്രാകി. എനിക്കും സുരൻചേട്ടനോട് ഉള്ളിൽ ദേഷ്യം തോന്നി. എത്രകാലമായി ആ പാവം ഇതൊക്കെ സഹിക്കുന്നു. ഇന്ദിരേച്ചിയെ ഓർത്ത് ഉള്ളിൽ വല്ലാത്ത നൊമ്പരം തോന്നി.
നേരെചെന്ന് സുരൻചേട്ടന്റെ കൈയ്ക്കുപിടിച്ചാലോ? ഇന്ദിരേച്ചിയെ ഇനി തല്ലരുതെന്നു പറഞ്ഞാലോ? തന്റെ സ്നേഹത്തിനു മുന്നിൽ സുരൻചേട്ടൻ അത് അനുസരിക്കും. ഉറപ്പാണ്. പക്ഷെ അമ്മയും അമ്മൂമ്മയും അറിഞ്ഞാൽ വലിയ പുകിലാകും.
ഇന്ദിരേച്ചിയുടെ നിലവിളി കേട്ടില്ലാപ്പെട്ട് കട്ടിലിൽ കമഴ്ന്നു കിടന്നു. പെട്ടെന്നാണ് ഉള്ളിൽ ഒരു ബുദ്ധിതോന്നിയത്. പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റു. അമ്മയും അമ്മൂമ്മയും അറിയാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. നിലവിളി തുടരുകയാണ്. വടക്കുവശത്തെ പറമ്പിലൂടെ നടന്നു. അറമ്പിന്റെ അറ്റത്തെ കിണറിന്റെ അരികിലെ കയ്യാല ഇറങ്ങുന്നതു പഞ്ചായത്ത് പറമ്പിലേക്കാണ്. അവിടെ തൊട്ടടുത്തായുള്ള മാവിലാണ് സുരൻചേട്ടൻ ആനയെ കെട്ടിയിരിക്കുന്നത്. അവിടെനിന്നും ആന ഓല ആറ്റി ചവയ്ക്കുന്ന ശബ്ദം കേൾക്കാം. കയ്യാലയിലൂടെ ഊർന്നു താഴേക്കിറങ്ങി. ആളനക്കം കേട്ടിട്ടാവണം ആന ചങ്ങലയനക്കി. തൊട്ടടുത്തായി വളർന്നുനിൽക്കുന്ന കമ്മ്യൂണിസ്റ് പൊന്തയ്ക്കു മറഞ്ഞിരുന്നു. എന്നിട്ടു സ്വരം മാറ്റി ഉറക്കെ നീട്ടിവിളിച്ചു. “കരിമുണ്ടോ …….”
പെട്ടന്ന് അടിയുടെ ഒച്ച നിലച്ചു. നിലവിളിയും. ആകെ ഒരു നിശബ്ദത.
വീണ്ടും നീട്ടിവിളിച്ചു. “കരിമുണ്ടോ …….”
ഒരുനിമിഷത്തെ നിശബ്ദത ഭഞ്ജിച്ചു സുരൻചേട്ടൻ ചോദിച്ചു. “ആർറാ... അത്”.
സംഗതി ഏറ്റിരിക്കുന്നു. താനിട്ട ചൂണ്ടയിൽ സുരൻചേട്ടൻ കൊത്തിയിരിക്കുന്നു. എന്നാലും വിട്ടുകൊടുത്തുകൂടാ. വിളി നിർത്തയാൽ വീണ്ടും ഇടിതുടങ്ങിയെന്നിരിക്കും. അതുകൊണ്ട് വീണ്ടും നീട്ടിവിളിച്ചു “കരിമുണ്ടോ …….”
“ദാണ്ട്രാ കിടക്കുന്നു കരിമുണ്ടൻ” സുരൻചേട്ടൻ പറഞ്ഞു. ഇരുട്ടത്ത് ഒന്നും കാണാൻ സാധിക്കുന്നില്ല. എന്നാലും തനിക്കുനേരെ മുണ്ടുപൊക്കി കാണിച്ചുകൊണ്ടു പറഞ്ഞ ഡയലോഗാണെന്നു മനസിലായി..
വീണ്ടും വിളിച്ചു “കരിമുണ്ടോ …….”
സുരൻചേട്ടൻ വ്യാകരണത്തിന്റെ കെട്ടഴിക്കുവാൻ തുടങ്ങി. “നിന്റെ തന്തയാടാ..”
സുരൻചേട്ടൻ ട്രാക്കിൽ വീണുതുടങ്ങിയിരിക്കുന്നു .
എന്നെ അത്ഭുതപ്പെടുത്തിയ ഒരുകാര്യം, ഇത്രയും നേരം അടികൊണ്ടു നിലവിളിച്ചുകൊണ്ടിരുന്ന അട ഒരു ഉപാധിയുമില്ലാതെ ചക്കരയോട് ചേർന്നതാണ്. ഇന്ദിരേച്ചിയും വിളിച്ചു ചോദിച്ചിരിക്കുന്നു “ ആർക്കടാ ഇത്ര സൂക്കേട്.” എന്ന്. ഞാൻ മനസ്സിൽ പറഞ്ഞു. “യ്യോ…. ഈ ഇന്ദിരേച്ചി ഒരു പൊട്ടിതന്നെ.”
കാര്യങ്ങൾ കുറച്ചുകൂടി കത്താനുണ്ടെന്നു തോന്നി. വീണ്ടും വിളിച്ചു. “കരിമുണ്ടോ …….”
ആഹാ….പിന്നെ തെറിയുടെ ഒരു മലവെള്ളപ്പാച്ചിലായിരുന്നു. എന്റെ അച്ഛനെ, അമ്മയെ അപ്പൂപ്പനെ, അമ്മൂമ്മയെ എന്നുവേണ്ട കുഴിയിൽ കിടന്നുറങ്ങുന്ന എന്റെ താവഴിയിലും തന്തവഴിയിലും ഉള്ള പിതൃപരമ്പരയെ മുഴുവൻ സുരൻചേട്ടൻ നിമിഷനേരംകൊണ്ട് പൊളിച്ചടുക്കി കയ്യിൽതന്നു. എനിക്ക് തൃപ്തിയായി. എന്തായാലും ഇന്ദിരേച്ചി രക്ഷപെട്ടല്ലോ. അതു മതി.
ഞാൻ കാടിന്റെ മറവിൽനിന്നും എഴുനേറ്റു. ഇനിയും അവിടെ നിൽക്കുന്നത് പന്തിയല്ല. സുരച്ചേട്ടൻ അവിടേക്കു കയ്യാല കയറി വരികയാണ്. പതുക്കെ ഞാൻ വടക്കേ കയ്യാല വലിഞ്ഞുകയറി വീട്ടിലേക്കു നടന്നു. അകത്തുകയറി കതകിനു കുറ്റിയിട്ടു. ഹാളിലൂടെ ആരുമറിയാതെ പതുങ്ങി മുറിയിലേക്ക് നീങ്ങുമ്പോൾ അമ്മയും അമ്മൂമ്മയും ചെവി പൊത്തിപ്പിടിച്ചിരിക്കുന്നതു കണ്ടു. ഹാളിലെ ഭിത്തിയിൽ അപ്പൂപ്പന്റെ ഫോട്ടോ ചുവന്ന ലൈറ്റിട്ടു തൂക്കിയിട്ടുണ്ട്. മനപ്പൂർവ്വം അതിലേക്കു നോക്കിയില്ല. നോക്കിയാൽ, അപ്പൂപ്പൻ നാക്കു ചുരുട്ടി വടി നീട്ടിപ്പിടിച്ച് ചോദിച്ചെന്നിരിക്കും “പറേപ്പിക്കാൻഒണ്ടായോനെ... ചത്താലും നീയൊന്നും സ്വസ്ഥത തരുകേലിയോടാ” എന്ന്.
പഞ്ചായത്തു പറമ്പിൽനിന്ന് സുരൻ ചേട്ടന്റെ വാ കേൽക്കുന്നുണ്ട്.
“ഈ പുഴുത്ത തെറി ഇവനിങ്ങനെ ആരെയാ വിളിക്കുന്നത്.” അകത്തു അമ്മൂമ്മ ചോദിക്കുന്നത് കേട്ടു. പാവങ്ങൾ അറിയുന്നില്ലല്ലോ അവരെയൊക്കെത്തന്നെയാണ് സുരൻചേട്ടൻ എടുത്തിട്ടു അലക്കുന്നതെന്ന്. സാരമില്ല, കാര്യങ്ങളുടെ കിടപ്പ് അവരറിഞ്ഞാലല്ലേ കുഴപ്പമുള്ളൂ.
സുരൻ ചേട്ടൻ ആനയോടു ദേഷ്യപ്പെടുകയാണ്. “നീയിങ്ങനെ ഒന്നുമറിയാതെ കുന്തളിച്ചു നിന്നോടാ. കണ്ടവമ്മാര് വന്ന് എന്റെ വട്ടപ്പേരും വിളിച്ചേച്ചു പോയത് നീ കണ്ടോ?”
ശബ്ദമുണ്ടാക്കാതെ കട്ടിലിലേക്ക് കയറിക്കിടന്നു. കുറച്ചുനേരംകൂടി സുരൻ ചേട്ടൻ തെറിവിളിച്ചുകൊണ്ടിരുന്നു. പിന്നെ ബഹളമടങ്ങി.
പിന്നെയും അടയും ചക്കരയും തമ്മിൽ പിണങ്ങുന്ന ഒരുപാടു രാത്രികൾ വന്നു. അപ്പോഴെല്ലാം പഞ്ചായത്തു പറമ്പിലെ പൊന്തക്കാടുകളിൽനിന്ന് “കരിമുണ്ടോ….” എന്ന വിളി ഉയർന്നു. പകരം ഞാൻ തന്തക്കു വിളിയും കേട്ടു. ഇന്ദിരേച്ചി സുരൻചേട്ടന്റെ അടിയിൽനിന്നും രക്ഷപെട്ടു പോവുകയും ചെയ്തു.
താൻ കാരണം തെറികേട്ടു കുഴിയിൽ കിടന്നുറങ്ങുന്ന കാരണപരമ്പരകൾക്ക് തന്നോട് അനിഷ്ടമുണ്ടാകും. സാരമില്ല അടുത്ത കർക്കിടകത്തിലെ ബലി തർപ്പണത്തിന്, നറുക്കിലയില്‍ ഇത്തിരി വലിയ ബലിപിണ്ഡം ഉരുട്ടിവച്ച് പിതൃക്കളോട് പറയാം, തന്നെ കുന്നോളം സ്നേഹിക്കുന്ന ഇന്ദിരേച്ചിക്കുവേണ്ടിയാണ് ഇതൊക്കെയെന്ന്.

BY Santhosh Kumar ( Santhu Gopal)

നിലാവ് പൂത്ത രാത്രി (കഥ)

Image may contain: 1 person, sitting and indoor
**************************************
ദേവുവിന് ഉള്ളിൽ സങ്കടം കൂടിവന്നു. നേരമെത്രയായി കാത്തിരിക്കാൻ തുടങ്ങിയിട്ട്. മനുവേട്ടനിത് മനപ്പൂർവ്വം താമസിക്കുന്നതാണ്.
കരിന്തിരിയാളാൻ തുടങ്ങിയിയ സന്ധ്യാവിളക്ക് അവൾ തിരിതാഴ്ത്തി അണച്ചു.
അമ്പലത്തിൽ ഭഗവതിക്ക് സേവ തുടങ്ങിയിരിക്കുന്നു. നാദസ്വരത്തിന്റെ മേളം കേൾക്കാനുണ്ട്. ഇന്ന് പത്താമുത്സവം കഴിഞ്ഞ് കൊടിയിങ്ങുകയാണ്.
കാലത്ത് ഇറങ്ങുമ്പോൾകൂടി നൂറുവട്ടം ഓർമിപ്പിച്ചതാണ്, ഇന്നെങ്കിലും ഒന്ന് പോകണമെന്ന്. തലകുലുക്കി സമ്മതിച്ച് ഉറപ്പിച്ചു പോയതാണ്.
അവൾ ഫോൺ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു. ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ല.
ഇങ്ങുവരട്ടെ….
ഉടുത്തു പോകാനായി തേച്ചുവച്ച പൊൻകസവു സാരി അവൾ നിരാശയോടെ അലമാരിയിലേക്ക് എടുത്തുവച്ചു. നെറ്റിയിലെ നക്ഷത്രപ്പൊട്ടിളക്കി കണ്ണാടിയിൽ ഒട്ടിച്ചുവച്ചു. വളകൾ ഊരിമാറ്റി. യോഗമില്ല. അത്രത തന്നെ. ആരോടു പറയാൻ.
കട്ടിലിലേക്ക് കയറി കമഴ്ന്നു കിടന്നു.
കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. ഇന്നേവരെ എവിടേക്കെങ്കിലും സ്വസ്ഥമായി ഒന്ന് കൂട്ടിക്കൊണ്ടു പോയിട്ടില്ല. ജോലിതിരക്കാണത്രെ….. വിരുന്നുപോക്കുപോലും ഒരു ചടങ്ങായിരുന്നു. എല്ലായിടത്തേക്കും ഓടിപ്പിടിച്ച് ഒരു പാച്ചിലായിരുന്നു.
ഇന്ദുവേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ ഏട്ടൻ എവിടെയൊക്കെയാണ് ഹണിമൂണിന് കൊണ്ടുപോയത്.
ആകെക്കൂടി അമ്പലത്തിലെ ഉത്സവത്തിനു കൊണ്ടുപോകണമെന്ന് മാത്രമാണ് താൻ പറഞ്ഞത്. അതുകൂടി പറ്റില്ലാന്നുവച്ചാ….. ഈ കെട്ടിൽ കിടന്നു പുകയൂതാൻ മാത്രമേ തനിക്ക് വിധിച്ചിട്ടുളൂ. ഓർത്തിട്ടു അവൾക്ക് കലികയറി.
മനു എത്തിയപ്പോൾ നേരം പിന്നെയും വൈകിയിരുന്നു.
കതകുതുറന്ന് ഒന്നും മിണ്ടാതെ ദേവു അടുക്കളയിലേക്കു നടന്നു.
അവളുടെ വലിഞ്ഞുമുറുകിയ മുഖം കണ്ട് മനുവിന് എന്തോ പന്തികേട് തോന്നിച്ചു. അയാൾ അടുക്കളയിലേക്ക് ചെന്നു.
“എന്തുപറ്റി ദേവൂട്ടിക്ക്. ആകെ കലിപ്പിലാണല്ലോ?”
ദേഷ്യവും സങ്കടവും കനത്തു കയറിയിട്ട് അവൾ മനുവിന്റെ മുഖത്തേക്ക് ഘനപ്പിച്ച് ഒരു നോട്ടം നോക്കി. ഉന്മൂലം ഭസ്മീകരിക്കപെട്ടതുപോൽ അവൻ നിന്നു.
“അല്ലാ…. എന്തുപറ്റി…?”
“മിണ്ടരുതെന്നോട്” അവൾക്ക് ആകെക്കൂടി പെരുത്ത് കയറി. ചായയ്ക്ക് വെള്ളം വച്ചതാണ്. ചെയ്തികൾ പലതും പതിവുതെറ്റി. തീ പിടിക്കാത്തതിന് സ്റ്റൗവിനെ പ്രാകി. ചായപ്പൊടിക്കു പകരം മറ്റേതോ ടിൻ കയ്യിലെടുത്തു.
“അല്ലാ .. നിനക്കിത് എന്താ പറ്റിയത്?”
“അറിയില്ല അല്ലേ?” അവൾ രൂക്ഷമായി നോക്കി.
അവളുടെ കോപംകത്തുന്ന നോട്ടംകണ്ടിട്ട് ഇത് ഉടനെയെങ്ങും തീരുന്ന പരിഭവമല്ലെന്ന് മനുവിന് തോന്നി. അയാൾ കയ്യിൽ കരുതിയിരുന്ന പൊതി അവൾക്കുനേരെ നീട്ടി.
“ദാ ഇതെന്താന്ന് നോക്ക്. നിനക്കിഷ്ടമുള്ള ഒരു സൂത്രമാ.”
നെയ്യപ്പമാണ്. അത് എവിടെക്കണ്ടാലും മനു വാങ്ങും. ദേവൂന് അത് ഇഷ്ടമാണന്ന് അവനറിയാം.
“കൊണ്ടുപോയ്‌ക്കോണം….” അവൾ അരിശത്തോടെ പൊതി അയാളുടെ നേരേയെറിഞ്ഞു.
മനുവിന്റെ മനസിൽ വിഷമം തോന്നിച്ചു. “ദേവൂ…” അവൻ വിളിച്ചു.
“പൊയ്ക്കോണം” സങ്കടവും ദേഷ്യവും കലർത്തി അവൾ പറഞ്ഞു.
മനു ഒന്നും മിണ്ടാതെ ഊണുമുറിയിലേക്കു നടന്നു. മേശക്കു മുകളിൽ മുട്ടുകൾ ഊന്നി താടിക്കു കൈകൊടുത്ത് അയാൾ ഇരുന്നു.
ആകെക്കൂടി നിലതെറ്റിയാണ് ദേവു ചായ അയാളുടെ മുന്നിലേക്ക് വച്ചത്‌. വയ്ക്കുമ്പോൾ മേശമേൽ ചായ തുളുമ്പിവീണു. ഒന്നും ഗൗനിക്കാതെ അവൾ കിടപ്പുമുറിയിലേക്ക് നടന്നു.
“സുഖിപ്പിക്കാനായിട്ട് പൊതിയും വാങ്ങി വന്നേക്കുന്നു.” അവൾ പിറുപിറുത്തു.
അകത്തുകടന്ന് അവൾ കട്ടിലേക്ക് മറിഞ്ഞു.
മനു അവളുടെ അരികിലേക്കുചെന്നിരുന്ന് തോളത്തു കൈവച്ചു.
“ദേവൂ……”
“തൊടേണ്ടാ എന്നെ…” അവൾ കൈ തട്ടിമാറ്റി.
“നീ ഇതുവരെ കാര്യം പറഞ്ഞില്ല.”
“മനുവേട്ടാ.. എന്റെ മുന്നിൽ പൊട്ടൻ കളിക്കരുത്. കാലത്തു പോയപ്പോൾ എന്തുപറഞ്ഞിട്ടാ പോയത്?”
സത്യത്തിൽ അപ്പോഴാണ് മനു അത് ഓർത്തത്‌.
“ഓ...സോറിയെടീ.... ഞാനതങ്ങു മറന്നുപോയി.”
“മറക്കും എനിക്കറിയാം. എന്റെ ആഗ്രഹമല്ലേ?” അവൾ നിവർന്നിരുന്നു. കണ്ണുകളിൽ സങ്കടക്കനലുകൾ എരിഞ്ഞു.
“എന്നെങ്കിലും ഞാൻ ആഗ്രഹിച്ച ഒരുകാര്യം സാധിച്ചുതന്നിട്ടുണ്ടോ? ചന്ദ്രമണ്ഡലത്തിലേക്കു കൊണ്ടുപോകണമെന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ?”
ദേവുവിനു മുന്നിൽ മനു സ്വയം പഴിച്ചിരുന്നു.
“ഒരു സിനിമയ്ക്ക്… അല്ലെങ്കിൽ വേണ്ടാ... രണ്ടാളുംകൂടി എന്റെ വീട്ടിൽപ്പോയി ഒന്നു നിൽക്കാൻ. ങേഹേ ….. സമയമില്ലല്ലോ? ഞാനാരാ അതൊക്കെ പറയാൻ?” അവൾ പരിഭവങ്ങളുടെ കെട്ടുകളഴിച്ചു.
“പണിത്തിരക്കുകൊണ്ടല്ലേ പൊന്നേ…... മനഃപൂർവ്വമല്ലല്ലോ?”
“ഒന്ന് നിർത്തുമോ? എനിക്ക് കേൾക്കേണ്ട.. പണിത്തിരക്കാണത്രേ. കേട്ടുകേട്ട് മതിയായി. ഈ ലോകത്ത് മറ്റാരും പണിചെയ്യാത്തവരാണല്ലോ?. ഇന്ദുവേച്ചിയേയും കുട്ടികളെയും കൂട്ടി ഏട്ടൻ ഉത്സവത്തിന് പോയി. അറീമോ? അവർക്കൊക്കെ ജോലിയും തിരക്കും ഇല്ലാത്തവരാണല്ലോ?.എനിക്കു യോഗമില്ല.”
അവൾ പുതപ്പിൽ മുഖമൊളിപ്പിച്ച്‌ ഇടറിക്കരഞ്ഞു.
“ദേവൂ…. നിന്റെ ഏട്ടന്റെ വാദ്യാരുപണിപോലെയാണോ എന്റെ ജോലി. ഞാൻ നടത്തുന്നത് വർക്കുഷോപ്പല്ലേ?. ജോലിക്കാര് പോണപോലെ ഇട്ടെറിഞ്ഞിട്ട് എനിക്ക് പോരാൻ പറ്റുമോ? സമയാസമയത്ത് ആൾക്കാർക്ക് പണി തീർത്ത് കൊടുക്കെണ്ടേ?. അതിനിടയിൽ മറന്നുപോകുന്നതാ. ക്ഷമിക്ക്. നീ കരയാതെ.” മനു അവളുടെ മുടിയിഴകളിൽ തഴുകി.
“കയ്യെടുക്കങ്ങോട്ട്... ” ദേവു അയാളുടെ കൈ തള്ളിമാറ്റി. അവളുടെ സങ്കടങ്ങൾക്കു അയവ് വന്നില്ല.
“ശരി ഞാനിപ്പോൾ എന്താ വേണ്ടേ?”
“ഒന്നും വേണ്ട. എന്നെയൊന്നു വെറുതെവിടുമോ. ഞാനിവിടെ കുറച്ചുനേരം ഇരുന്നോട്ടെ.”
ഒട്ട് ഈർഷ്യയോടെ മനു എഴുന്നേറ്റു. ഹാങ്കറിൽനിന്ന് തോർത്ത് വലിച്ചെടുത്ത് മുറിവിട്ടിറങ്ങി. നേരേ അടുക്കളയിലേക്ക് ചെന്ന് തുളസി ചേർത്ത് മുറുക്കിയ എണ്ണ തലയിൽ വച്ചു. വാതിൽ തുറന്ന് തിണ്ണയിലേക്കിറങ്ങി സോപ്പുമെടുത്ത് നേരേ കുളക്കരയിലേക്കു നടന്നു.
പുറത്ത് തെളിഞ്ഞ നിലാവുണ്ട്. കുളക്കടവിൽ തവളകൾ കരഞ്ഞു.
ദേവു മുറിവിട്ടിറങ്ങി. മനുവിന് കുടിക്കാൻ കൊടുത്ത ചായ മേശയിൽ അതേപടിയിരിക്കുകയാണ്.
കുളത്തിലെ വെള്ളത്തിൽ നിലാവ് ചൂഴുന്ന വെള്ളിമേഖങ്ങളുടെ പ്രതിരൂപം പതിഞ്ഞുകിടപ്പുണ്ട്. മനു കുളത്തിന്റെ കെട്ടുകൾ ഇറങ്ങി. കാൽപ്പെരുമാറ്റം കേട്ടമാത്രയിൽ തവളകൾ ഊളിയിട്ടു താണു. തോർത്ത് മാറ്റിയടുത്ത് അയാൾ കുളത്തിലേക്കിറങ്ങി. മുങ്ങിനിവർന്നപ്പോൾ ഒരു ഉന്മേഷം തോന്നി. വെള്ളത്തിൽ തലപൊന്തിച്ചു അയാൾ കിടന്നു.
ദേവൂന് നല്ല വിഷമമായിട്ടുണ്ട്. എത്ര ദിവസം മുന്നേ അവൾ ശട്ടം കെട്ടിയിരുന്നതാണ്. എന്നിട്ടും താൻ ഓർത്തില്ല. സത്യത്തിൽ തന്റെ ഓരോ ദിനങ്ങളും ഇങ്ങനെത്തന്നെയാണ്. പണിത്തിരക്കു കഴിഞ്ഞു വന്നുകയറുമ്പോൾ നേരം വൈകും. പരിഭവവും പരാതിയുമായി അവൾ ഓരോന്നു പറയുമ്പോഴാണ് വീട്ടിൽ നടക്കുന്ന പലതും അറിയുന്നത്. പാവം ഒരുപാടു സഹിക്കുന്നുണ്ട്. സാധാരണ പരിഭവമേ ഉണ്ടാകാറുള്ളൂ. നിവർത്തികെട്ടാണ്‌ ഇന്നവൾ പൊട്ടിത്തെറിച്ചത്.
പടിക്കെട്ടിനു മുകളിൽ ഒരു നിഴലനക്കം കണ്ടു. കണ്ണുതുടച്ച് മനു സൂക്ഷിച്ചുനോക്കി. ദേവുവാണ്‌.
“ദേവൂ ..” മനു വിളിച്ചു
മറുപടി ഉണ്ടായില്ല. അവൾ പടിക്കെട്ടിൽ താടിക്കു കൈ കൊടുത്ത് കുനിഞ്ഞിരുന്നു.
“ദേവൂ…”. മനു വീണ്ടും വിളിച്ചു.
അവൾ മിണ്ടിയില്ല. അവൻ പടവുകൾ കയറി അവളുടെ അടുത്തേക്ക് ചെന്നു. അവൾ മുഖമുയർത്തിയില്ല. മനു ദേവുവിന്റെ മുഖം പിടിച്ചുയർത്തി. പെട്ടെന്ന് അവളിൽ ഒരു തേങ്ങലുയർന്നു.
“സാരമില്ല. നമുക്ക് വേറൊരുദിവം പോകാം.” അവൻ അവളുടെ കണ്ണുകൾ തുടച്ചു.
“ന്നാലും ….. ഞാനെത്ര ആഗ്രഹിച്ചതാ….”
“കഴിഞ്ഞില്ലേ നിന്റെ സങ്കടം?”
അവന്റെ കൈവിടുവിച്ചു അവൾ തേങ്ങി.
“നിന്റെ സങ്കടം ഇന്നു ഞാൻ തീർത്തു തരുന്നുണ്ട്.”
അവൻ അവളെ കൈകളിൽ കോരിയെടുത്തു. എന്നിട്ടു കുളത്തിന്റെ കെട്ടുകളിറങ്ങി. അവന്റെ കയ്യിൽക്കിടന്നു ദേവു പുളഞ്ഞു.
“ശ്ശേ… എന്തായിത്?”
മനു അവളെ വെള്ളത്തിലേക്കിറക്കി നിർത്തി.
“എന്തുപണിയാ മനുവേട്ടാ ഈ കാണിച്ചേ. നോക്ക് മൊത്തം നനഞ്ഞില്ലേ?”
അവൻ അവളെ ചേർത്തുപിടിച്ചു. “നനയട്ടെ …..”
മനു അവളുടെ മൂക്ക് പൊത്തി ചേർത്തുപിടിച്ച് വെള്ളത്തിലേക്ക് മുങ്ങി. ശ്വാസം മുട്ടുവോളം അവൻ അവളെയുംകൊണ്ട് വെള്ളത്തിൽ മുങ്ങിക്കിടന്നു. എന്നിട്ട് നിവർന്നെഴുന്നേറ്റു. ഒരുതരം വിഭ്രാന്തിയോടെ കിതച്ചുകൊണ്ട് അവൾ അവനെ ഇറുകെപ്പിടിച്ചുനിന്നു. അവൻ ദേവുവിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. അവളുടെ പരിഭവങ്ങൾ നനഞ്ഞു നനുത്തു. കണ്ണുകൾ കൂമ്പിയടഞ്ഞു. അനുഭൂതിയുടെ നിർവൃതിയിൽ അലിഞ്ഞു നിൽക്കുമ്പോൾ അവൻ അവളെ വാരിയെടുത്തു. അത് ആഗ്രഹിച്ചിട്ടെന്നപോലെ അവൾ അവനിലേക്ക്‌ പടർന്നുകയറി തോളിലേക്ക് അമർന്നുകിടന്നു.
“നോക്ക്... നീ മുകളിലേക്ക് നോക്ക്.” മനു പറഞ്ഞു
അവൾ മുഖമുയർത്തി മുകളിലേക്ക് നോക്കി.
കുഴഞ്ഞുനീങ്ങുന്ന വെണ്മേഘങ്ങൾക്കിടയിൽ തെളിഞ്ഞുമറയുന്ന ചന്ദ്രനേക്കണ്ടു.
അവൾ മന്ദഹസിച്ചു. കണ്ണുകളിൽ നിലാവ് പൂത്തു. അതുനോക്കി അവനും മന്ദഹസിച്ചു.
സന്തൂ ഗോപാൽ

ഓർമ്മത്തെറ്റുകൾ (കഥ)

Image may contain: 1 person

*************************
തോടിന്റെ കരയിൽനിന്ന മൂവാണ്ടൻമാവ് ഇക്കൊല്ലമാണ് കന്നി കായ്ച്ചത്. കൊമ്പുകൾ ചായ്ച്ച്‌ ഇടതൂർന്ന മാങ്ങകൾ വറുതിചൂടേറ്റ് ചെനകുത്താൻ തുടങ്ങി.
വീടിന്റെ പിന്നാമ്പുറത്ത് കഴുക്കോലിൽ മുട്ടിച്ചുവച്ച ശീമമുള സുധാകരൻ വലിച്ചെടുത്തു. അറ്റത്ത്‌ ചുണ്ടരിവാൾ വച്ചുകെട്ടി .
അതിരിന്റെ ഒത്ത പാതിയിലാണ് മാവ് നിൽക്കുന്നത്. സ്വന്തം അമ്മാവൻ നാരായൺ നായരുടെ പറമ്പാണ് തൊട്ടപ്പുറത്ത്. ഏതും പോരാത്തവൻ... അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തവൻ….. നോട്ടം തെറ്റിയാൽ ഉളുപ്പില്ലാതെ മൊത്തം പറിച്ചുകൊണ്ട് പൊയ്ക്കളയും. തിരി വീണപ്പോൾമുതൽ കൂടെക്കൂടെ ചോട്ടിൽവന്ന് വാപൊളിച്ച് മേലോട്ട് നോക്കുന്നത് കണ്ടിട്ടുണ്ട്.
സ്വന്തം അമ്മാവനെങ്കിലും ആളത്ര സുഖത്തിലല്ല. അമ്മ ജീവിച്ചിരുന്ന കാലത്ത് സ്വത്ത് ഭാഗം വച്ചത് മുതൽക്ക് തുടങ്ങിയതാണ് പതം പറച്ചിൽ. പെങ്ങള് കളിപ്പിച്ചോണ്ടു പോയത്രേ. അതിരിൽ കല്ലിടുമ്പോൾ ഒന്നും രണ്ടും പറഞ്ഞ് ഇടം തിരിഞ്ഞതാണ്. അതോടെ ബന്ധം മുറിഞ്ഞു. പോക്കുവരവുകൾ നിലച്ചു. കാണുമ്പോൾ മുഖംകൊടുക്കാതെ വഴിമാറി നടന്നു.
ഒന്നും നോക്കാനില്ല. പറിയ്ക്കുക. ഉച്ചയൂണും കഴിഞ്ഞ് അമ്മാവൻ നടു നൂർക്കുന്ന സമയമാണ്. ഇതുതന്നെ തക്കം. ചോദിയ്ക്കാൻ വന്നാൽ മാവ് ഇപ്പുറത്താണെന്നങ്ങു പറഞ്ഞേക്കുക. അത്രതന്നെ.
മുൻവശത്തെ ചാരുകസ്സേരയിൽ വന്നിരുന്ന് വെറ്റിലമുറുക്കാൻ ചുരുട്ടി ചവച്ചു കിടക്കുകയായിരുന്നു നാരായൺ നായർ.
തിരിവീണു തുടങ്ങിയപ്പോഴേ നാരായൺ നായരുടെ ഒരു കണ്ണ് മാവിൽ പതിഞ്ഞതാണ്. വകതിരിവില്ലാത്തവനാണ് സുധാകരൻ. മാങ്ങ വിളഞ്ഞാൽ, കിട്ടുന്ന താപ്പിന് അവൻ കടത്തിക്കളയും. വയസാം കാലത്ത് തോട്ടികെട്ടി പറിക്കാനൊന്നും ആവതില്ല. അതിനാണ് പല നാള് വഴിയിൽ കാത്തുനിന്നിട്ട് ആ മൊത്തക്കച്ചവടക്കാരൻ പാണ്ടിക്കാരനെ കൂട്ടികൊണ്ടുവന്ന് പേശിയും പിണങ്ങിയും നല്ലൊരു തുക രൊക്കംപറഞ്ഞ് ഉറപ്പിച്ചുവച്ചത്.
പലതും ചിന്തിച്ച് ചാരുകസ്സേരയിൽ ചാഞ്ഞു കിടക്കുമ്പോഴാണ് നാരായണൻ നായർ കണ്ടത്, മാവിന്റെ ചില്ലകൾക്കിടയിൽ ഒരു തോട്ടി അനങ്ങുന്നത്.
കസ്സേരയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.
“അതവൻതന്നെ …. സുധാകരൻ…. എരണംകെട്ടവൻ …..”
അടുക്കള വാതിലും ചാടിക്കടന്ന് താഴത്തെ പറമ്പിലേക്ക് പാഞ്ഞു.
തോട്ടിക്ക് വളഞ്ഞുനിന്ന് കൊട്ടയിൽ മാങ്ങാ പറിച്ചു കൂട്ടുകയാണ് സുധാകരൻ.
പിന്നിൽക്കൂടി നാരായൺ നായർ വന്നത് സുധാകരന്റെ കണ്ണിൽ പെട്ടില്ല.
കൈലിമുണ്ട് ഏറ്റിക്കുത്തി നാരായൺ നായർ ആയത്തിൽ കുട്ടയ്ക്ക് തൊഴിച്ചു
“പന്ന നായേ ….തരവഴിത്തരം കാണിക്കുന്നോ?”
കുട്ടയിൽനിന്നും മാങ്ങാ നാലുപാടും ചിതറിത്തെറിച്ചു.
ഒരുനിമിഷത്തിൽ സുധാകരനും ഞെട്ടിത്തരിച്ചു പോയി.
നാരായൺ നായർ നിന്നുകിതച്ചു. അരിശത്തിൽ ചുണ്ടുകൂട്ടി മുറുക്കാൻ ചവച്ച്‌ കണ്ണുകൾ തുറിച്ചു നോക്കി നിന്നു.
സുധാകരന് കീഴേന്ന് തരിച്ചുകയറി. തോട്ടി നിലത്തേക്കെറിഞ്ഞു.
“പോക്രിത്തരം കാണിക്കുന്നോ?”
“വന്നുവന്ന് എന്റെ പൊരേടത്തിക്കേറി ആദായമെടുക്കുന്നോടാ? ”
“തെന്റെ പൊരേടമോ. എന്റെ പറമ്പിനിക്കുന്ന മാവേന്ന് ആദായമെടുക്കാൻ തന്റെ ഓശാരം വേണോ?”
“പുളുത്തി…. നിന്റെ പറമ്പിലോ? ഹതു കൊള്ളാമല്ലോ?”
നാരായൺ നായര് കൈ കൂട്ടിത്തട്ടി
“പിന്നെ തന്റെ പറമ്പിലോ?”
സുധാകരനും കൈ കൂട്ടിത്തട്ടി
വായിൽ മുറുക്കാൻ കിടന്നിട്ട് നല്ലപോലെ നാലു വർത്തമാനം അങ്ങോട്ട് പറയാൻ ഒക്കുന്നില്ല. തികട്ടിവന്ന കോപത്തിന്റെ ആയതിൽ നാരായൺ നായർ മുറുക്കാൻ “പ്ളുസ്സ്” എന്ന ശബ്ദത്തോടെ വാഴയുടെ മൂട്ടിലേക്കു ഒറ്റത്തുപ്പുതുപ്പി.
“നിന്റെ കണ്ണിലെന്നാ കുരുവോ. കണ്ണുതുറന്നു നോക്കെടാ എവിടാ നിക്കുന്നേന്ന്.”
അതിരിന് നെടുനീളത്തിൽ നാരായണൻ നായർ കൈവീശി നാരായൺ നായർ പറഞ്ഞു.
“ആ നോക്കങ്ങോട്ട്”
“ആ നീ നോക്ക്”
“ആ നോക്ക്….”
അതിരുകല്ലിനു മുകളിൽ കാല് കവച്ചുവച്ച് സമംപിടിച്ചു നിന്ന് സുധാകരനും പറഞ്ഞു.
“ഒരു കുന്തോം നോക്കാനില്ല. അതെന്റെ പൊരേടത്തിലാ. ഹല്ലേ… ആ പാണ്ടിക്കാരന് രൊക്കം പറഞ്ഞു നെർത്തിയ മാങ്ങയാ”
നാരായണൻ നായര് ചുണ്ടത്തു വിരൽവച്ചു.
“ആ... പറിപ്പിക്കാം. ഇങ്ങു വന്നേര് പാണ്ടിക്കാരനേംകൊണ്ട് ”
“ഭാ… കഴുവേറീടെ മോനെ …..”
നാരായൺ നായർ സുധാകരനുനേരെ ചുളിഞ്ഞുതൂങ്ങിയ കൈ ഉയർത്തിക്കൊണ്ടു ചെന്നു.
“ദാണ്ട് അമ്മാവനാണെന്നൊന്നും ഞാൻ നോക്കുകേല. നിക്കേണ്ടടത്ത് നിന്നോണം. കുന്നായ്മേം കൊണ്ട് ഇങ്ങോട്ടുവന്നാ കാലേവാരി നിലത്തടിക്കും. പറഞ്ഞേക്കാം.”
സുധാകരൻ വിരൽ ചൂണ്ടി.
“എന്നാ അടിക്കെടാ… അടിക്കെടാ …”
ഇളം നീലയിൻമേൽ കടുംനീല വരകളുള്ള ട്രൗസറിന് മുകളിൽ കൈലി ചെരച്ചുകുത്തി നാരായൺ നായർ സുധാകരന്റെ അടുത്തേക്ക് ചെറഞ്ഞു ചെന്ന് പിന്നിലേക്ക്‌ തള്ളി.
സുധാകരൻ മനപ്പൂർവമായിത്തന്നെ പിന്നിലേക്ക് ഒഴിഞ്ഞു നിന്നു. അമ്മാവനായിപ്പോയില്ലേ?
നാരായണൻ നായർ വിടാൻ ഭാവമില്ലായിരുന്നു. ഒഴുഞ്ഞുമാറുന്നതിനനുസരിച്ചു അയാൾ വീണ്ടും വീണ്ടും സുധാകരനെ പിന്നിലേക്ക്‌ തള്ളികൊണ്ടിരുന്നു.
"തല്ലെടാ.... തല്ലെടാ"
സഹികെട്ട് സുധാകരൻ നാരായണൻ നായരുടെ കൈ കൂട്ടിപ്പിടിച്ചു.
“എന്റെ കൈ കൂട്ടിക്കെട്ടാറായോടാ നീ….?”
ഉന്തും തള്ളുമായി. ബഹളമായി..
നാരായൺ നായരുടെ ഭാര്യ പദ്മാവതിയമ്മ അടുക്കളയിൽനിന്നും പുറത്തേക്കിറങ്ങി. തൊട്ടപ്പുറത്തുള്ള സുധാകരന്റെ വീട്ടിലേക്ക് നീട്ടിവിളിച്ചു.
“രമണിയേ .. എടീ ….”
“എന്നതാ അമ്മായി….” രമണി ഇറങ്ങി വന്നു.
“ഇങ്ങോട്ടൊന്നു വന്നേടീ… എവിടാടീ ഒരു വായും ബഹളോം ..?”
“അതാ ഞാനും നോക്കുന്നേ …”
രണ്ടുപേരുംകൂടി താഴത്തെ പറമ്പിലേക്ക് ഇറങ്ങിച്ചെന്നു.
കലി കയറിനിന്ന നാരായൺ നായർ കിട്ടിയ വാക്കിന് വളഞ്ഞു കുത്തിനിന്ന് സുധാകരന്റെ ചെവിക്കല്ലിന് ഒന്ന് പൊട്ടിച്ചു.
“ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കുകേലിയോടാ പട്ടീ…”
കണ്ണിൽ പൊന്നീച്ച പറന്ന് സുധാകരൻ നിന്നു.
രമണി അന്താളിച്ചു.
പദ്മാവതിയമ്മ പെട്ടെന്ന് നാരായൺ നായരേ പിടിച്ചുമാറ്റി.
“എന്തോന്നാ നിങ്ങളീ കാണിക്കുന്നേ?”
“കൊല്ലും ഞാനീ പന്നിയെ”
ശൗര്യമടങ്ങിയില്ല നാരായണൻ നായർക്ക്.
“എടോ … താൻ അമ്മാവനല്ലടോ…. കംസനാടോ കംസൻ”
ചെകിടിന്റെ തരിപ്പുമാറാതെ സുധാകരൻ പറഞ്ഞു.
“കംസനല്ലടാ… കാലനാ .. കാലൻ. നിന്റെ കാലൻ.”
നാരായൺ നായർ നിന്ന് വിറച്ചു.
“പറമ്പ് വീതംവച്ച കാലം മൊതല് ഇങ്ങേർക്ക് തുടങ്ങിയതാ മൂശേട്ടേം കലിപ്പും”.
സുധാകരൻ പറഞ്ഞു.
“എന്തോന്നിത്? ഒന്നുമല്ലേലും നിങ്ങടെ അന്തരവനല്ലിയോ? ചത്തുകഴിഞ്ഞാ നിങ്ങക്ക് വായ്ക്കരിയിടാനായിട്ട് ആകെയുള്ള ആൺന്തരിയാ ഇവൻ.”
പദ്മാവതിയമ്മ ശകാരിച്ചു.
“അതിന് ആർക്കുവേണം ഈ നാറീടെ വായ്ക്കരി. എങ്ങാനും ഇവനിട്ടാ എഴുന്നേറ്റവന്റെ മുഖത്തു ഞാൻ തുപ്പും”
“എന്റെ പട്ടിവരും തനിക്കു വായ്ക്കരിയിടാനും കൊള്ളിവയ്ക്കാനും.”
സുധാകരൻ കൈകൊണ്ട് ഗോഷ്ടി കുത്തി.
പദ്മാവതിയമ്മ നാരായൺ നായരെ പിടിച്ചുവലിച്ചു.
“വരീൻ ഇങ്ങോട്ട്. രമണിയേ… നീ അവനേംകൊണ്ടു അകത്തുപോ.”
രമണി സുധാകരന്റെ കൈയ്ക്ക് പിടിച്ചു.
“ഹോ… ഇവന്റെ മുന്നീന്ന് തലേം വിളിച്ചോണ്ട് ഇച്ചേച്ചി നേരത്തെയങ്ങ് പോയത് നന്നായി.”
പദ്മാവതിയമ്മയുടെ കൈബലത്തിൽ വീട്ടിലേക്കു നടക്കുന്നതിനിടയിൽ നാരായൺ നായർ പറഞ്ഞു.
“ഉയ്യോ... എന്തൊരു സ്നേഹം ഇച്ചേച്ചിയോട്. ചാകാൻ കെടന്നപ്പം തുള്ളി വെള്ളം കൊടുക്കാൻ കേറിവരാത്തോനാ”
സുധാകരൻ വിളിച്ചു പറഞ്ഞു.
“എന്റെ കൊക്കിനു ജീവനൊണ്ടേ ഇതീന്നൊരു ചുള്ളിക്കമ്പു എടുക്കാമെന്ന് നീ വിചാരിക്കെണ്ടടാ”
“ആ കാണാം.”
“ആ കാണാം”
വീട്ടിലെത്തി അടുക്കളയുടെ പിന്നാമ്പുറത്തുനിന്ന് നാരായണൻ നായർ സുധാകരന്റെ വീട്ടിലേക്കു നോക്കി തന്നെയും പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. പണ്ട് കിടന്നതും പാളേത്തൂറിയതുമായ കഥയിൽ തുടങ്ങി മൂവാണ്ടൻ മാവിന്റെ ചരിത്രം വരെ ഇടവിടാതെ.
അടുക്കളച്ചായ്പ്പിന്റെ മുറ്റത്തുനിന്ന് സുധാകരനും ആക്രോശം തുടർന്നു. അമ്മാവന്റെ ചെയ്തികളേയും പ്രവർത്തിളേയും കുറിച്ച്… മരിക്കാൻ നേരം അമ്മ പ്രാകീട്ടു പോയ പ്രാക്കിനേക്കുറിച്ച്… വടക്കേക്കണ്ടം ഭാഗംവച്ചപ്പോൾ ഒരു തുണ്ടുപോലും കൊടുക്കാതെ അമ്മയെ കളിപ്പിച്ചതിനേക്കുറിച്ച്….
പറഞ്ഞുപറഞ്ഞ് അരിശമടങ്ങിയപ്പോൾ സുധാകരന്റെ വീട്ടിലേക്കു നോക്കി “തുഫൂ” എന്ന് ഒരു ആട്ട് ആട്ടി നാരായൺ നായർ അകത്തേക്ക് കയറിപ്പോയി. സുധാകരനും അകത്തേക്ക് കയറി.
വീട്ടിനുള്ളിൽ പിന്നെയും എന്തൊക്കെയോ പുകഞ്ഞു. രണ്ടു വീട്ടിലും അകത്ത് പെണ്ണുങ്ങളുടെ ഗുണദോഷം പേർത്തു കേട്ടു. പിന്നെ അവിടെയും ഇവിടെയുമായി ഒച്ചകൾ അടങ്ങി.
പിറ്റേന്നുതന്നെ അതിരിൽ വേലിച്ചെടിയുടെ മുട്ടുകൾ പാകപ്പെട്ടു.
“അവനെ ഇരുത്താനൊള്ള പണിയെനിക്കറിയാം.”
രൊക്കം പറഞ്ഞുവച്ച പാണ്ടിക്കാരനെ വെറുംകൈയോടെ പറഞ്ഞുവിടുമ്പോൾ നാരായൺ നായർ പറഞ്ഞു.
“ഓ അപ്പടിയാ… കവലപ്പെടാതിങ്കെ…. അതുക്ക് ഒറു വളിയിറുക്കെ. ഒറു കൂടോത്രക്കാറൻ യേൻ കസ്റ്റടീലിറുക്കെ. വിടട്ടുമാ.”
പാണ്ടിക്കാരൻ വഴി പറഞ്ഞുകൊടുത്തു.
“ഹാ.. ഹാ…. വിടുങ്കോ … വിടുങ്കോ.”
ഒരു വഴി നാരായണൻ നായരും നോക്കിയിരിക്കുകയായിരുന്നു.
കൂടോത്രക്കാരൻ വന്നു. പാതിരാത്രിയിൽ കാട്ടുകോഴിയുടെ തലയറുത്ത് ആൾരൂപവും ചെമ്പുതകിടും പൂവും കൂട്ടി കൂടോത്രം ചെയ്ത് വാഴയിലയിൽ പൊതിഞ്ഞ് സുധാകരന്റെ പറമ്പിലേക്കെറിഞ്ഞു.
“യെനിയവൻ രണ്ടുകാലേ എഴുന്നേറ്റു നടക്കുന്നതൊന്നു കാണണം.”
തെങ്ങിന് തടംകോരാനിറങ്ങിയപ്പോഴാണ് അത് സുധാകരന്റെ കണ്ണിൽ പെട്ടത്.
“കൂടോത്രം…. ഇത് ആ അമ്മാവൻ തെണ്ടീടെ പണിതന്നെ. അതും കോഴിത്തലയിൽ. ഈശ്വരാ എത്ര വെള്ളിടി വെറുതെ വെട്ടിപ്പോകുന്നു… എത്ര വെള്ളിടി”
തലയിൽ കൈവച്ച് സുധാകരൻ പ്രാകി.
ചാത്തന്റെ അമ്പലത്തിൽ ശത്രുസംഹാരം നടത്തി. കയ്യിൽ ഏലസ് ജപിച്ചുകെട്ടി.
“അങ്ങേരടെ പൊകയെനിക്ക് കാണിച്ചുതരണേ.”
സംഘർഷഭരിതമായ അതിർത്തിയിൽ ഇരുവശത്തേക്കും വേരുകളും കൊമ്പുകളും പുളച്ച് കുശുമ്പിനും കുന്നായ്‌മയ്‌ക്കും സാക്ഷിയായ് മൂവാണ്ടൻ നിന്നു.
മഴയും വെയിലുമായി മാമ്പഴക്കാലം കൊഴിഞ്ഞിറങ്ങി. വേലിച്ചെടിയുടെ മുട്ടുകളിൽ മുളപൊട്ടിത്തുടങ്ങി.
“കേട്ടോ.. കേട്ടോ ... ഒന്നെഴുന്നേറ്റേ…”
രമണി വിളിച്ചു.
കാലത്തെ തണുപ്പിന്റെ സുഖത്തിൽ ഉടുമുണ്ടുവലിച്ച് തലവഴിമൂടി ചുരുണ്ടുറങ്ങുകയായിരുന്നു സുധാകരൻ.
“എന്നതാടീ…”
സുധാകരൻ മുഷിഞ്ഞു നിവർന്നു.
“ഒന്നെഴുന്നേറ്റേ ...ദാണ്ട്‌ .. നിങ്ങടമ്മാവൻ…”
“അമ്മാവനോ … എനിക്ക് കാണേണ്ടാ ആ തെണ്ടിയെ”
കൈലി വലിച്ചിട്ടു സുധാകരൻ വീണ്ടും ചുരുണ്ടു.
“അതല്ലെന്ന്…”
“എനിക്ക് കേൾക്കണ്ട”
“അതല്ലെന്ന് .. അപ്പ്രത് കൊറേ ആൾക്കൂട്ടം.”
സുധാകരൻ തലയുയർത്തി രമണിയെ ചോദ്യ ശരണങ്ങളോടെ തുറിച്ചുനോക്കി. എന്നിട്ട് കൈലി വലിച്ചുറ്റി എഴുന്നേറ്റ് ജനാലയ്ക്കലേക്ക് ചെന്നു.
അമ്മാവന്റെ വീടിന്റെ മുറ്റത്ത് കുറേപ്പേർ കൂടിനിൽക്കുന്നു. സാമ്പ്രാണിത്തിരിയുടെ മനം മടുപ്പിക്കുന്ന ഗന്ധം. പദ്മാവതിയമ്മാവിയുടെ അടക്കിപ്പിടിച്ച തേങ്ങൽ. കുറച്ചുപേർ പന്തൽ വലിച്ചുകെട്ടാൻ ഒരുങ്ങുന്നു..
“വെളുപ്പിനെയാരുന്നു.” തൊട്ടു പിന്നിലായി രമണി പറഞ്ഞു.
ഒരുനിമിഷം സുധാകരൻ ശ്വാസം നിലച്ചു നിന്നു.
“നിങ്ങള് അത്രടം വരെ ഒന്ന് പോ. വാശീം വൈരാഗ്യോം ഒന്നും വേണ്ട.”
രമണി തോളിൽ തഴുകി.
“ഞാനൊന്ന് പോയിട്ട് വരാം.”
ക്രാസിയിൽ വിരിച്ചിട്ട തോർത്ത് വലിച്ചെടുത്ത് രമണി മുറി വിട്ടിറങ്ങി.
കട്ടിലിന് മുകളിലേക്ക് സുധാകരൻ കൂനിക്കൂടിയിരുന്നു. എന്നിട്ട് എന്തൊക്കൊയോ ചിന്തകളിൽ മുഴുകി.
മാറിലൂടെ തോർത്ത് വലിച്ചിട്ട് രമണി അമ്മാവന്റെ വീട്ടിലേക്കു ആകുലതകളോടെ നടന്നുകയറുന്നതു കണ്ടു.
ഏറെ നേരം അയാൾ ആ ഇരിപ്പ് ഇരുന്നു. ചിന്താഭാരവുമായി. പിന്നെ…. എഴുന്നേറ്റു.
അതിർത്തി മുറിച്ച് അപ്പുറത്തേക്ക് നടന്നു.
മുന്നിലത്തെ മുറിയിലായ് അമ്മാവനെ കിടത്തിയിരിക്കുന്നു.
കരഞ്ഞു തൂങ്ങിയ കണ്ണുമായി പദ്മാവതിയമ്മായി ... കൂടെ രമണി… പിന്നെ മറ്റാരൊക്കെയോ ചുറ്റും ഇരിക്കുന്നു..
പദ്മാവതിയമ്മായി വിതുമ്പി. “പോയെടാ….”
കസവുകച്ച പുതച്ചു കിടക്കുന്ന അമ്മാവൻ. തലയ്ക്കൽ ആളുന്ന നിലവിളക്ക്. പരേതാത്മാവിനു കൂട്ടായി കനത്ത സാമ്പ്രാണി ഗന്ധം.
അമ്മാവന്റെ മുഖത്തിപ്പോൾ കോപമില്ല.. വൈരാഗ്യമില്ല… മൂശേട്ടയില്ല…. സമാധാനം…. നിറഞ്ഞ ശാന്തന്തത.. എല്ലാം അവസാനിപ്പിച്ചിട്ട് അമ്മാവൻ പോയിരിക്കുന്നു.
ഉള്ളിൽ ഒരുപിടി ഓർമകൾ തെളിഞ്ഞുമാഞ്ഞു.
എഴുത്തോലയുമായി അമ്മാവന്റെ കൈ പിടിച്ച് ആശാൻ പള്ളിക്കൂടത്തിലേക്കു നടന്നത് …
നാട്ടിലെ ഉത്സവമായ ഉത്സവത്തിനെല്ലാം തന്നെ കൂടെ കൊണ്ടുനടന്നത്……
അഞ്ചാംപനി പെട്ട് നീരൊലിപ്പിച്ചു കിടന്നപ്പോൾ തോളത്തെടുത്ത് പുഴനീന്തി വൈദ്യശാലയിലേക്ക് കൊണ്ടുപോയത്…...
സ്‌കൂൾ വിട്ടുവരുമ്പോൾ റോഡിൽനിന്നും പെറുക്കിയെടുത്ത മുറിബീഡി ആരും കാണാതെ എരുത്തിലിന്റെ പിന്നിൽ നിന്ന് വലിക്കുന്നത് കണ്ടപ്പോൾ വടിയൊടിച്ചു ചന്തിക്കു തല്ലിയത്...
പത്താംക്ളാസ്സിൽ തോറ്റുപോയപ്പോൾ മുഖം കറുത്ത് ശകാരിച്ചത് ....
പെണ്ണുകണ്ട് കെട്ടിക്കേറുന്നതുവരെ കാർന്നോരായി കൂടെ നിന്നത് …...
വീതം തിരിച്ചപ്പോൾ ഒന്നും രണ്ടും പറഞ്ഞു അമ്മയുമായി തെറ്റിയത്…...
പിന്നെ പരസ്പരം കുത്തുവാക്കുകൾ പറഞ്ഞത് … കലഹിച്ചത്…..
ബന്ധങ്ങൾ പയ്യെപ്പയ്യെ അകന്നുപോയത്…..
അങ്ങനെയങ്ങനെ…... ഓരോന്നോരോന്ന്‌ …….
മറക്കരുതായിരുന്നു... ഒന്നും താൻ മറക്കരുതായിരുന്നു...
കണ്ണുകൾ നനയുന്നുവോ ….
പുറത്തേക്കിറങ്ങി. വേലിക്കലേക്കു അടുക്കുമ്പോൾ കൈലിയുടെ തുമ്പുയർത്തി കണ്ണുതുടച്ചു.
അടുക്കള ചായിപ്പിൽ എത്തി കോടാലി കയ്യിലെടുത്ത് സുധാകരൻ തോട്ടുവക്കത്തേക്ക് നടന്നു.
എന്തോ മറിഞ്ഞുവീഴുന്ന ഒച്ച കേട്ടാണ് രമണി പറമ്പിറങ്ങിച്ചെന്നത്.
അവർ അതിശയത്തോടെ നോക്കി. മൂവാണ്ടൻ മാവാണ് വീണുകിടക്കുന്നത്.
കോടാലി കൊത്തിനിർത്തി വിയർപ്പുതുടച്ച് സുധാകരൻ നിൽക്കുന്നു. തോട്ടുവക്കത്തായി ചിതയ്ക്കുള്ള നിലമൊരുങ്ങുന്നു.
സുധാകരൻ മുഖമുയർത്തി.
രമണി സുധാകരന്റെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി.
“അമ്മാവൻ കൊണ്ടുപോട്ടെടീ …..”
അയാളുടെ നനവൂറിനിന്ന കണ്ണുകളിൽ നീർമണികൾ പെരുത്തു കൂടി.
“ഇതല്ലേ അമ്മാവന് വേണ്ടിയിരുന്നത്. കൊണ്ടുപോട്ടെ……”
***** സന്തൂ ഗോപാൽ ****

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo