Showing posts with label JishaLiju. Show all posts
Showing posts with label JishaLiju. Show all posts

കാലം കാത്തുവെച്ച കഥ



*******************************
ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്...
എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം...
സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ്‌ നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത്
അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന കുട്ടിയാണ് .....
നിനക്കും അളെ അറിയാമെടാ..
കഴിഞ്ഞ വട്ടം വന്നപ്പോൾ നീ ആദ്യം പോയി കണ്ട പെൺകുട്ടിയെ ഓർക്കുന്നുണ്ടോ,
ആ പുഴവക്കിലെ നിറയെ ചെമ്പക പൂക്കളുള്ള ചെറിയ ഓടിട്ട വീട്ടിലെ കുട്ടി ഗായത്രി..
ആഹാ ആ കുട്ടിയായിരുന്നോ?
നല്ല പൊള്ളൽ ഉണ്ടോടാ?
മ്മ് മം ഉണ്ട്, മുഖം നന്നായി പൊള്ളിയിട്ടുണ്ട്, കൈയും കാലും, ശരീരത്തിന്റെ മുക്കാൽ ഭാഗവും പൊള്ളൽ ആണ്...
അപകട നില തരണം ചെയ്തു, പക്ഷെ പെൺകുട്ടി അല്ലെ..
ആ കൊച്ചിന്റെ വിധി, ഇനി അതിനെ ആര് കെട്ടിക്കൊണ്ടു പോകും ഒന്നാമതെ സാമ്പത്തികമില്ല,അതിന്റെ കൂടെ ഈ ഒരാവസ്‌ഥയും...
കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ ഫോൺ വച്ചു..
അന്നത്തെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു..
ഗായത്രി, പെട്ടെന്ന് ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്‌ടപ്പെടുന്ന ഒരുനാടൻ സുന്ദരികുട്ടി..
നീളമുള്ള തലമുടി മെടഞ്ഞിട്ടേ ഞാൻ ആ കുട്ടിയെ കണ്ടിട്ടുള്ളു.. ആദ്യമായി തലമുടി അഴിച്ചിട്ടു ദാവണിയുടുത്ത് മുഖത്ത് ഒരു ചിരിയോടുകൂടി കാണുന്നത് ഞാൻ പെണ്ണുകാണാൻ ചെന്ന ദിവസമാണ്, എന്നെ ഇഷ്‌ടമാണോന്നുള്ള ചോദ്യത്തിന് നാണത്തിൽ പൊതിഞ്ഞൊരു ഒരു പുഞ്ചിരിയായിരുന്നു മറുപടി.....
വലിയ പരിഷ്‌കാരങ്ങൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടി.....
എനിക്കിഷ്‌ടമായതാണ്, പക്ഷേ വീട്ടുകാർ ഇടഞ്ഞു..
മുന്ന് പെൺകുട്ടികൾ ആണ് മാധവൻ ചേട്ടന്,പറയത്തക്ക ജോലിയൊന്നുമില്ല കൂലി പണിയാണ്.. മൂത്തകുട്ടിയെ കെട്ടിച്ചു വിട്ടതിന്റെ ബാധ്യത തീർന്നിട്ടില്ല, ഇതിനു താഴെയും പെണ്ണാണ്, എന്റെ മോൻ വല്ല നാട്ടിലും പോയി കിടന്നു കഷ്‌ടപ്പെട്ടിട്ടു അവന്റെ ഭാവിക്ക് കിട്ടപ്പോരുള്ള ഏതേലും വീട്ടിൽ നിന്ന് മതിയത്രെ പെണ്ണ്...
ഞാൻ ഒന്നും പറഞ്ഞില്ല എട്ടു കൊല്ലമായി വിദേശത്താണ്, ഉണ്ടാക്കിയതെല്ലാം എല്ലാവർക്കും വീതിച്ചു കൊടുത്തു..
വീട്ടിലെ കടങ്ങളെല്ലാം തീർത്തു, പെങ്ങന്മാരെ എല്ലാം കെട്ടിച്ചുവിട്ടു, വിവാഹശേഷവും അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു.
എന്നിട്ടാണ് ഈ ഡയലോഗ്, മകന്റെ ഭാവി വലുതാണത്രേ....
അതിന് സ്ത്രീധനം കിട്ടുന്ന വീട്ടിൽ നിന്നു
തന്നെ കെട്ടിയ മതിയത്രെ..
വഴക്കുണ്ടാക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല....
എന്താണേലും ആ കൊല്ലത്തെ അവധിക്കു വീണ്ടും കുറെ പെൺകുട്ടികളെ കണ്ടെങ്കിലും കല്യാണം നടന്നില്ല, എന്റെ കുഴപ്പമല്ല എനിക്ക് കണ്ടതിൽ പല കുട്ടികളെയും ഇഷ്‌ടമായതാണ്...
അമ്മയുടെയും പെങ്ങന്മാരുടെയും കണ്ണിൽ അവർക്കു നൂറു കുറ്റങ്ങൾ ഉണ്ടായി..
പിന്നെ ഇളയപെങ്ങളുടെ വീടുപണി നടക്കുന്നതിനാൽ നീ ഈ പ്രാവിശ്യം കല്യാണം കഴിക്കേണ്ടയെന്നു അമ്മയെന്നോട്, പറയാതെ പറയുകയും ചെയ്തു, അവൾക്കു നീയല്ലാതെ വേറെയാരുമില്ല സഹായിക്കാൻ..
നാട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് മാസം ആറായി, എന്നിട്ടും അവളുടെ വീടുപണി കഴിഞ്ഞില്ല...
ഓരോന്ന് ആലോചിച്ചു ഉറങ്ങിപോയി...
പക്ഷേ രാവിലെ ഉണർന്നപ്പോളും ഗായത്രി മനസ്സിൽ നിന്ന് പോയില്ല, അന്നത്തെ ദിവസം മുഴുവൻ ഞാൻ ചിന്തിച്ചത് ഗായത്രിയെ പറ്റി മാത്രമായിരുന്നു...
അന്ന്‌ ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായി, പലതും തീരുമാനിച്ചു ഉറപ്പിച്ചു..
എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു..
ദിവസങ്ങളും മാസങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു..
ഇടയ്ക്ക് സതീഷിനെ വിളിച്ചു നാട്ടിലെ വിശേഷങ്ങൾ ഒക്കെ അന്വേഷിച്ചു കൂട്ടത്തിൽ ഗായത്രിയെ കുറിച്ചും, അവളുടെ വീട്ടിലെ അവസ്‌ഥകളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി...
വീട്ടിലെക്കു വിളിച്ചാൽ അവർക്ക് കാശിന്റെ കാര്യമല്ലാതെ നിനക്ക് സുഖമാണോന്ന് ഒരു വാക്ക് ചോദിക്കില്ല, മാസത്തിൽ രണ്ടു ശമ്പളം എനിക്ക് കിട്ടുന്നുണ്ടെന്ന് തോന്നും അവരുടെ സംസാരം കേട്ടാൽ..
കൈയിൽ ഉള്ളത് മുഴുവൻ അയച്ചു കൊടുത്താലും ഞാൻ എവിടെയോ ബാക്കി ഒളിപ്പിച്ചെക്കുന്നതു പോലെ മുനവെച്ചുള്ള സംസാരവും...
വീട്ടിലേക്കുള്ള വിളി കുറേശ്ശേ കുറച്ചു, കുറച്ചു പൈസ എനിക്കുവേണ്ടി കരുതി വയ്‌ക്കാൻ തുടങ്ങി...
പിന്നെയും മാസങ്ങൾ കടന്നു പോയി...
നാട്ടിലേക്കു പോകാൻ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചതിന്റെ തലേന്ന് വൈകിട്ട് സതീഷിനെ വീണ്ടും വിളിച്ചു....
ഡാ നീ ഗായത്രിയുടെ വീട്ടിൽ പോയി അവളുടെ അച്ഛനോട് സംസാരിക്കണം..
സതീഷ് അമ്പരപ്പോടെ ചോദിച്ചു!
എന്തിന്?
എന്താ നിന്റെ ഉദ്ദേശം?
ഗായത്രിയെ കെട്ടാൻ അല്ലാതെന്താ ! ഞാൻ പറഞ്ഞു...
എടാ അവൻ വിശ്വാസം വരാത്തപോലെ വീണ്ടും ചോദിച്ചു..
നീ ആലോചിച്ചിട്ട് തന്നെയാണോ?
ഡാ നിന്റെ വീട്ടിൽ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?
അതിനു ആർക്കു വേണം അവരുടെ സമ്മതം, എനിക്ക് വയസ്സ് മുപ്പത്തതിനാലായി, ആരും ഇതുവരെ എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല, പിന്നെ ഇനിയും ഞാൻ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ശരിയാവില്ല, എന്റെ ജീവിതമാണ്, കൂടെ ആ പാവം കുട്ടിക്ക് ഒരു ജീവിതവും ആകും.....
നീ ഞാൻ പറഞ്ഞതു കേൾക്ക് ,
ഒരാഴ്ചക്കുള്ളിൽ ഞാൻ എത്തും, നീ എന്റെ വീട്ടിൽ പറയണ്ട..
എന്റെ തീരുമാനം ഉറച്ചതണെന്നു മനസ്സിലാക്കിയ അവൻ പൂർണ്ണ പിന്തുണ നൽകി..
അവൻ ഗായത്രിടെ വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിച്ചു, ഗായത്രി ആദ്യം എതിർത്തെങ്കിലും പിന്നീട് അവളും സമ്മതിച്ചു...
അവധിക്കു നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ദിവസം, ഞാൻ ഗായത്രിടെ വീട്ടിൽ പോകുവാൻ ഇറങ്ങിയപ്പോൾ അമ്മയുടെ ചോദ്യമെത്തി...
എങ്ങോട്ടാ?
പെണ്ണുകാണാൻ പോവാണ് !
'അമ്മയൊന്നു ഞെട്ടി, ഞങ്ങൾ ആരും അറിയാതെയോ? സ്വയം തിരുമാനങ്ങൾ ഒക്കെ എടുക്കാറായോ നീ?
അതെ, എന്താ പോവാൻ പാടില്ലേ? പെണ്ണിനെ നേരത്തെ ഞാൻ കണ്ടിട്ടുള്ളതാ, എനിക്ക് ഇഷ്‌ടമായി....
അമ്മയ്ക്കും അറിയാം, ആ പൊള്ളലേറ്റ ഗായത്രി, പുഴവക്കിലെ മാധവൻ ചേട്ടന്റെ മോള്..
ഇന്ന് ഞാൻ കല്യാണം ഉറപ്പിക്കാൻ വേണ്ടി പോകുവാണ് എന്നിട്ടു ഞാൻ ഇങ്ങു വരും, എല്ലാവരും വന്നു കല്യാണം കൂടിയാമതി...
എനിക്ക് ജീവനുണ്ടേൽ ഞാനിതിന് സമ്മതിക്കില്ല..
അതിന് അമ്മയുടെ സമ്മതം ആർക്കുവേണം.
പറയണമെന്ന് ഉദ്ദേശിച്ചതല്ല ഞാൻ, പക്ഷേ പറഞ്ഞുപോയി,
'അമ്മ ചവുട്ടി തുള്ളി അകത്തേക്ക് പോയി..
എനിക്ക് ഒരു സഹതാപവും തോന്നിയില്ല, കാരണം എനിക്കറിയാം ഒന്നും സംഭവിക്കില്ലെന്ന്....
ഗായത്രിയുടെ വീട്ടിൽ സതീഷിനോടൊപ്പം കയറി ചെല്ലുമ്പോൾ അവളുടെ അച്ഛനും അമ്മയും ഞങ്ങളെ സ്വികരിച്ചു അകത്ത് ഇരുത്തി..
മോനെ വീട്ടിൽ സമ്മതിക്കുമോ?
ഗായത്രിടെ അച്ഛൻ ആദ്യം എന്നോട് ചോദിച്ചത് അതായിരുന്നു...
സമ്മതിച്ചു അച്ഛാ, അച്ഛൻ അതൊന്നും ഓർത്തു വിഷമിക്കേണ്ട...
അവളെ എനിക്കിഷ്‌ടമാണ്...
ഗായത്രിക്ക് എന്നെക്കൂടി ഇഷ്‌ടമായാൽ, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ചെറിയ ഒരു ചടങ്ങ് അതുമതി...
രണ്ടുമാസത്തെ അവധിയുണ്ട്, അതിനുള്ളിൽ അവൾക്കും പാസ്പോർട്ട് എടുത്ത് എന്റെ ഒപ്പം കൊണ്ടുപോകാനാ എന്റെ പ്ലാൻ, അച്ഛനും അമ്മയ്ക്കും സമ്മതമല്ലേ...
മോനെ എന്ന് വിളിച്ച് എന്റെ കൈകൾ കൂട്ടി പിടിച്ച് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
പെട്ടന്ന് സതീഷൻ ഗായത്രിയെ വിളിക്കമ്മേ, അവരു സംസാരിക്കട്ടെന്നു പറഞ്ഞു വിഷയം മാറ്റി വിട്ടു..
മോനെ അവൾ അകത്തുണ്ട്, മോൻ അങ്ങോട്ടു ചെന്നോളു..
ഗായത്രിയുടെ 'അമ്മ എനിക്ക് മുന്നെ നടന്ന് അവളുടെ അടുത്തെത്തിച്ചു..
ഷോളു കൊണ്ട് തല മറച്ചിരുന്നു അവൾ, എന്റെ മുഖത്തു പോലും നോക്കാതെ, താഴേക്ക് മിഴികൾ താഴ്ത്തി ഇരുന്നു..
ഗായത്രി..........
മ്മ് മം
എന്നെ മനസ്സിലായോ?
ഞാൻ അരുൺ, നേരത്തെ ഇയാളെ ഞാൻ പെണ്ണു കാണാൻ വന്നിട്ടുണ്ട്...
മ് മം അറിയാം.. .
എന്നെ ഇഷ്‌ടമാണോ ഗായത്രിക്ക്?
വിവാഹത്തിനു സമ്മതമാണോ?
അവൾ ഒന്നും മിണ്ടാതെ ഇരുന്നു..
ഇഷ്‌ടമാണന്നു വിശ്വസിച്ച ഞാൻ ഇതൊക്കെ ചെയ്തത്,
എന്റെ ചോദ്യത്തിന് ഉത്തരമെന്നോണം, അവൾ വേഗന്ന് എഴുന്നേറ്റ് എന്റെ കാലുകളിൽ വീണു....
ഞാൻ എന്തോ പോലെ ആയി..
വേഗം അവളെ പിടിച്ച് എഴുനേൽപ്പിച്ച് എന്റെ നേരെ നിർത്തി..
എഴുന്നേൽപ്പിച്ചപ്പോൾ എന്റെ കൈത്തട്ടി ഷോൾ താഴേക്ക് വീണു..
നീളമുള്ള അവളുടെ മുടിയുടെ അഴക് എന്റെ മനസ്സിൽ തികട്ടി വന്നപ്പോൾ എത്ര അടക്കി പിടിച്ചിട്ടും, എന്റെ കണ്ണുകളും
അവൾക്കൊപ്പം നിറഞ്ഞൊഴുകി..
ഗായത്രി, ഈ ജീവിതം നിന്നോടൊപ്പം ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്...
ഒരുപാട് സമ്പാദ്യമൊന്നും എന്റെ കൈയിലില്ല , എല്ലാം ആദ്യം മുതൽ തുടങ്ങണം, പക്ഷേ നിന്നെ പൊന്നുപോലെ നോക്കാനെനിക്കൊരു മനസ്സുണ്ട്, ഗായത്രിക്കു സമ്മതമാണെന്ന് കരുതിക്കോട്ടെ..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... .
നിന്നോടുള്ള, സഹതാപമാണെന്ന് ഒരിക്കലും കരുതരുത്..
ഇന്ന് മുതൽ നീ കരയരുത്, നീ അരുണിന്റെ പെണ്ണാണ്, ധൈര്യമായി പുറത്തിറങ്ങി നടക്കണം. ഈ ജീവിതത്തിൽ എന്റെ അവസാന ശ്വാസം വരെ നിന്നോടൊപ്പം ഞാൻ കാണും....
കല്യാണത്തിന്റെ ദിവസം കുറിപ്പിച്ചിട്ടു വിളിച്ചു പറയാം, അധികം ആരും വേണ്ട എന്നൊരു തീരുമാനമെടുത്ത് അവളോടും വീട്ടുകാരോടും യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി...
തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഒരു അങ്കത്തിന് തയ്യാറായി അമ്മയും പെങ്ങൻമാരും അവരുടെ കെട്ടിയോന്മാരും, കുടുംബക്കാരും എല്ലാവരും ഉണ്ടായിരുന്നു...
പക്ഷേ തിരിച്ചുള്ള എന്റെ ശക്തമായ മറുപടിയിൽ എല്ലാവരുടെയും പത്തി മടങ്ങി....
എന്റെ തീരുമാനം അവളെ കല്യാണം കഴിക്കാനാണ്, ഇഷ്‌ടമുള്ളവർക്കു കൂടാം, വന്നില്ലേലും കുഴപ്പമില്ല, എന്റെ തീരുമാനത്തിന് ഒരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട...
എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ അകത്തേക്ക് കയറിപ്പോയി....
അടുത്തുള്ള ശുഭമുഹൂർത്തത്തിൽ അധികം ആരുമില്ലാതെ ഗായത്രിടെ കഴുത്തിൽ ഞാൻ മിന്നുകെട്ടി....
ജീവിതകാലം മുഴുവൻ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും എന്ന വാക്കിനാൽ ഇന്നും സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു....
*കഥയും കഥാപത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം *
🖋ജിഷ

ഉണ്ണിമോൾ (ചെറുകഥ )



**************
ചുറ്റമ്പലത്തിൽ തൊഴുത് ഇറങ്ങുമ്പോഴും , ശാലുവിന്റെ നെറ്റിയിൽ ചന്ദനകുറി വരയ്ക്കുമ്പോഴും നോട്ടം മുഴുവൻ,
കോവിലിന്റെ തെക്കെ നടയിലേക്കായിരുന്നു.
എന്നും അമ്പലത്തിൽ വന്ന് കണ്ണനോടൊപ്പം കാണാറുള്ള തന്റെ ഉണ്ണിയേട്ടനെ കാണാത്തത് കൊണ്ട് മനസ്സ് വല്ലാതെ വേദനിച്ചു...
ശാലു പോകാമെന്നു പറഞ്ഞപ്പോളും ഞാനാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോവാമെന്ന് ശാലുനോട് പറഞ്ഞത്...
ഇലഞ്ഞിച്ചോട്ടിൽ നിന്ന് അവശ്യത്തിനു ഇലഞ്ഞിപ്പൂക്കൾ പെറുക്കി എടുത്തു കഴിഞ്ഞപ്പോൾ ശാലു വീണ്ടും പറഞ്ഞു നമുക്ക് പോയേക്കാമെടി.....
കൂടുതൽ വാശി പിടിക്കാതെ അവളോടൊപ്പം നടക്കുമ്പോൾ എന്റെ കണ്ണുകൾ ചുറ്റിനും ഉണ്ണിയേട്ടനെ പരതി, മനസ്സിലെ ഇഷ്‌ടം
ഇനിയും തുറന്നു പറയണം....
രണ്ടുമാസം കഴിഞ്ഞാൽ ഞാൻ പട്ടണത്തിലോട്ടു മെഡിസിന് പഠിക്കാൻ പോവാണ്, അതിനു മുൻപ് പറഞ്ഞില്ലെങ്കിൽ ഞാൻ വരുമ്പോഴത്തെക്കും ഉണ്ണിയേട്ടനെ ആരേലും അടിച്ചോണ്ടുപോകും...
ശാലുന് എന്റെ കൂടെ വരണമെന്നുണ്ട്, നല്ല മാർക്കും ഉണ്ട്.. പക്ഷേ അവൾക്ക് പഠിക്കാൻ വല്യ താല്പര്യമൊന്നുമില്ല, അതുകൊണ്ട് അവൾ എന്താ പഠിക്കേണ്ടതെന്ന് പോലും തീരുമാനിച്ചില്ല... പഠിക്കാൻ ലേശം മടിയാണ് അവൾക്ക്, പാട്ടിലും നൃത്തത്തിലുമൊക്കെയാണ് പുലി..
നീ ഈ ലോകത്തൊന്നും അല്ലെയെന്നു ശാലു ചോദിക്കുമ്പോൾ എന്റെ മനസ്സു മുഴുവൻ ഉണ്ണ്യേട്ടൻ ആയിരുന്നു......
കളികൂട്ടുകാരിയായിട്ടുപോലും അവളോട് പറയാതെ മനസ്സിൽ കൊണ്ടുനടന്നു ഇത്രയും കാലം... അതിനൊരു കാരണമുണ്ട്
നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു പഠിക്കുന്ന സമയത്ത് വേറെ ഒന്നിലും ചെന്ന് ചാടരുതെന്ന്, അഥവാ മനസ്സിൽ ആർക്കെങ്കിലും ഒരു ഇഷ്‌ടം തോന്നിയാലും പഠിത്തം കഴിയാതെ ഞങ്ങൾ തമ്മിൽ പോലും അതിനെ കുറിച്ചൊരു ചർച്ച നടത്തെരുതെന്ന്...
പക്ഷേ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞു. ഇനിയും പറയണം......
പോകുന്നതിനു മുൻപ് രണ്ടുപേരോടും പറയണം, ഉണ്ണിയേട്ടന് എന്നെ ഇഷ്‌ടക്കെടൊന്നും കാണില്ല, കാണുമ്പോളൊക്കെ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ലേലും പരസ്പരം പുഞ്ചിരികൾ സമ്മാനിച്ചിരുന്നു...
ടാറിട്ട റോഡിൽ നിന്ന് ഇടവഴിയിലോട്ടു കയറുമ്പോഴെ കണ്ടു പാലത്തിന്റ സൈഡിൽ ബുള്ളറ്റ് ഒതുക്കി അതിൽ ചാരി നിൽക്കുന്ന ഉണ്ണിയേട്ടനെ......
പതിവ് ഇല്ലതെയുള്ള ആ നിൽപ്പ് കണ്ടപ്പോൾ മുതൽ നെഞ്ചിടിപ്പ് കൂടി, ഉണ്ണിയേട്ടനെ കടന്നുപോയപ്പോൾ ഞാൻ ഒന്നു ചിരിച്ചു.
ശാലു ഒന്ന് നോക്കുകപോലും ചെയ്യാതെ നേരെ നടന്നു.......
മീനു ഒന്ന് നിൽക്കുമോ, ഉണ്ണിയേട്ടൻ പുറകിൽ നിന്ന് വിളിച്ചപ്പോൾ അറിയാതെ ഞാൻ നിന്നുപോയി , ശാലു എന്നെ ഒന്നു നോക്കിയിട്ട് ചെല്ലാൻ പറഞ്ഞു..
ഉണ്ണിയേട്ടന്റെ അടുത്തോട്ടു നടക്കുമ്പോൾ എന്റെ കൈ കാലുകൾ വിറച്ചു, ഒരുപാട് നാളുകളായി കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം കേൾക്കാൻ ഞാൻ കാതുകൂർപ്പിച്ചു..
മീനു എനിക്ക് ഉപകാരം ചെയ്യുമോ, ഞാൻ ചോദ്യ രൂപേണ ഉണ്ണിയേട്ടന്റെ മുഖത്തോട്ടു നോക്കി...
എനിക്ക് കുട്ടിടെ കൂട്ടുകാരി ശാലിനിയെ ഇഷ്‌ടമാണ്‌...
ആ കുട്ടി എന്റെ മുഖത്തു പോലും നോക്കുന്നില്ല, പിന്നെ വല്ലപ്പോഴുമെങ്കിലും ചിരിച്ച് കാണിക്കുന്നത് താനാ, വർഷങ്ങൾ ആയിട്ട് മനസ്സിൽ കൊണ്ടുനടക്കുവാ ശാലുനെ,
ഒരു വട്ടം ഞാൻ പറഞ്ഞതാ സ്കൂളിൽ പഠിക്കുമ്പോൾ അപ്പോൾ നിങ്ങളുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞത്,
ഇനിയും പറയാമല്ലോ നിങ്ങൾ പ്ലസ്ടു കഴിഞ്ഞല്ലോ, കാത്തിരുന്ന് ഞാൻ മടുത്തു, ചോദിച്ചിട്ടൊന്നു പറയുമോ...
എന്നെ ഇഷ്‌ടമാണെന്നു ഉണ്ണിയേട്ടന്റെ വായിൽ നിന്ന് കേൾക്കാൻ അഗ്രഹിച്ചുനിന്ന ഞാൻ എന്തുപറണമെന്നു അറിയാതെ അവളെ തിരിഞ്ഞു നോക്കി.....
വിതുമ്പി വന്ന ചുണ്ടുകളും അലച്ചു തല്ലിയ നെഞ്ചും, നിറയാൻ വെമ്പിയ കണ്ണും നിയന്ത്രിച്ചു...
ചോദിച്ചിട്ട് പറയാം ഉണ്ണിയേട്ടാ എന്നൊരു മറുപടിയും കൊടുത്ത് തിരിച്ചു നടന്നു...
അടുത്തെത്തിയപ്പോൾ ശാലു എന്താണെന്നു ചോദിച്ചു, വിങ്ങി വന്ന തേങ്ങൽ മനസ്സിൽ അടക്കിപ്പിടിച്ചു, ശാലുസെ ഉണ്ണിയേട്ടന് നിന്നെ ഇഷ്‌ടമാണ്‌.. വർഷങ്ങളായിട്ടു മനസ്സിൽ
കൊണ്ട് നടക്കുകയത്രേ......
നീന്നോട് ചോദിച്ചിട്ടു മറുപടി കൊടുക്കാൻ പറഞ്ഞു...
നാണത്തോടെയുള്ള അവളുടെ ചിരി കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾക്കും ഉണ്ണിയേട്ടനെ ഇഷ്‌ടമാണെന്നു...
വീട്ടിൽ പോയി കതകടച്ചിരുന്ന് പൊട്ടിക്കരഞ്ഞു.....
ശാലു അവൾ എന്റെ ജീവനാണ്,എന്റെ ഇഷ്‌ടമറിഞ്ഞാൽ ഒരുപക്ഷേ അവൾ ഇതിൽനിന്ന് പിന്മാറും പക്ഷേ എന്തുകാര്യം ഉണ്ണിയേട്ടൻ മനസ്സിൽ കൊണ്ടുനടന്നത് എന്റെ ശാലുനെയാ, രണ്ടുപേരും എനിക്ക് ജിവനാ, അവരാണ് ഒന്നിക്കേണ്ടത്.... അവൾക്ക് വേണ്ടി ഞാൻ എല്ലാം മറക്കാൻ തീരുമാനിച്ചു...
അവരുടെ ഇഷ്‌ടം അവർ പരസ്പരം തുറന്നുപറഞ്ഞപ്പോൾ ഞാൻ എന്റെ ഇഷ്‌ടം ആരോടും പറയാതെ മനസ്സിൽ കുഴിച്ചുമൂടി...
വിങ്ങുന്ന മനസ്സുമായി അവരുടെ പ്രണയത്തിന് കാവൽക്കാരിയായി, ഹംസമായി, സഹയാത്രികയായി...
ഉണ്ണിയേട്ടന്റെ മുഖത്ത് നോക്കുമ്പോൾ എന്റെ ഉള്ളം പിടഞ്ഞു..
പട്ടണത്തിലോട്ടു എത്രയും വേഗം പോകാൻ ഞാൻ ആഗ്രഹിച്ചു, അവസാനം എന്റെ ആഗ്രഹം പോലെ അഡ്മിഷൻ വേഗം റെഡിയായി, ഞാൻ പട്ടണത്തിലേക്കു പഠിക്കാൻ പോയി..
വർഷങ്ങൾ കഴിഞ്ഞുപോകും തോറും എന്റെ മനസ്സിൽ നിന്ന് ഉണ്ണിയേട്ടൻ കുറേശ്ശേ മാഞ്ഞു തുടങ്ങി...
അങ്ങനെ 23മത്തെ വയസ്സിൽ ശാലിനി കഴുത്തിൽ താലിയും, നെറ്റിയിൽ സിന്ദൂരവും ചാർത്തി ഉണ്ണിയേട്ടന്റെ ഭാര്യ പദവി നേടിയപ്പോൾ, ഞാൻ കഴുത്തിൽ സ്റ്റെതെസ്കോപ്പും വെള്ളകോട്ടും അണിഞ്ഞ്
ഡോക്ടർ പദവി നേടി ....
ശാലുവിന്റെയും ഉണ്ണിയേട്ടന്റെയും കല്യാണത്തിന് മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ ഞാൻ വന്നു....
കല്യാണം കഴിഞ്ഞ് ഞാൻ പട്ടണത്തിലേക്ക് തിരികെ പോയി, വല്ലപ്പോഴും വിളിക്കുന്ന ഫോൺ വിളിയിൽ അവളുടെ ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ എല്ലാം പറയും...
ഒരു വർഷത്തിന് ശേഷം ശാലു അമ്മയാവാൻ തയാറെടുത്തു തുടങ്ങി, അതെന്നോട് പറയുമ്പോൾ അവൾ സന്തോഷം കൊണ്ട് മതിമറന്നു....
പെൺകുഞ്ഞിനെ ഒരുപാട് ആഗ്രഹിച്ച അവൾ വയറ്റിലുള്ളത് പെൺകുഞ്ഞാണെന്ന് ഉറപ്പിച്ചു..വയറ്റിലുള്ള അവളുടെ മോൾക്ക്
അവൾ തന്നെ പേരിട്ടു ഉണ്ണിമോൾ..
പിന്നീടുള്ള ദിവസങ്ങൾ ഉണ്ണിയേട്ടനും, ഉണ്ണിമോൾക്കും വേണ്ടി മാത്രമായി അവളുടെ ജീവിതം ...
അവൾക്ക് കഴിയാതെ പോയ അവളുടെ ഡോക്ടർ മോഹം ഉണ്ണിമോളിലേക്ക് അവൾ എത്തിച്ചു, അതിനു അവളെ സഹായിക്കണമെന്ന് എന്റെ കൈയിൽനിന്ന് വാക്ക് മേടിച്ചു..
പലപ്പോഴും അവളെ ഞാൻ വഴക്കു പറഞ്ഞു ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് അമിതകിനാവ് കാണുന്നതിന്, പക്ഷേ അവൾക്ക് അതൊന്നും ഒരു പ്രശ്നവും ആയിരുന്നില്ല, അവളുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങി...
ഒൻപതുമാസം വരെ ഒരു കുഴപ്പവുമില്ലാതെ നടന്ന ശാലു പക്ഷേ പ്രസവത്തിൽ അധിക രക്തസ്രാവം മൂലം ഉണ്ണിയേട്ടനെയും ഉണ്ണിമോളേയും എന്നെയും വിട്ടുപോയി...
അവസാനമായി അവളെ കാണാൻ ഓടി വന്ന ഞാൻ അവളുടെ ഉണ്ണിമോളെ ചേർത്തുപിടിച്ചു...
എന്റെ നെഞ്ചോടു ചേർന്ന് പാലിന് വേണ്ടി കരഞ്ഞു തളർന്നു ഉറങ്ങിയ ഉണ്ണിമോൾ ഒരു വിങ്ങലായി മനസ്സിൽ അവശേഷിച്ചു....
പോകാൻ നേരം തൊട്ടിലിൽ കിടത്താൻ നെഞ്ചിൽ അടർത്തി മാറ്റിയ ഉണ്ണിമോൾ ഒരു കുറുകലോടെ ഒന്നൂടെ ചേർന്നു പറ്റി പിടിച്ചു കിടന്നു, ആ നിമിഷം എന്നിലെ 'അമ്മ എന്ന വികാരം ഉണർന്നു... അവളെ നെഞ്ചോടു ചേർക്കുമ്പോൾ എന്റെ ശരീരം വിറപൂണ്ടു...
അവളെ തൊട്ടിലിൽ കിടത്തിയിട്ടും ആ കുഞ്ഞികൈകൾ എന്റെ വിരലിൽ മുറുക്കി പിടിച്ചു, പതിയെ പിടി വിടുവിച്ച് എഴുന്നേറ്റു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ ശാലു, അവളുടെ സ്വപ്നങ്ങൾ...
പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇറയത്ത് തകർന്ന് തരിപ്പണമായ ഉണ്ണിയേട്ടനെ കണ്ടപ്പോൾ എന്റെ ഹൃത്തടം തേങ്ങിപ്പോയി....
അവധി ഇല്ലാത്തത് കൊണ്ട് അടുത്ത ദിവസം തന്നെ മടങ്ങിപ്പോവേണ്ടി വന്നു,അവിടെ എത്തിയപ്പോൾ എനിക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു..
മനസ്സിൽ ശാലു മരിച്ചസങ്കടം, ഉണ്ണിമോളുടെ കരച്ചിൽ, തകർന്ന ആ മനുഷ്യൻ,
നാലുമാസത്തിനു ശേഷം അവധി ചോദിച്ച് ഓടി പോയത് ഉണ്ണിമോളെ കാണാൻ വേണ്ടി മാത്രമായിരുന്നു...
ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ വെറും തറയിൽ മുത്രത്തിലും അപ്പിയിലും ഉരുണ്ട് ഉണ്ണിമോൾ, കുറച്ചപ്പുറത്ത് ടീവി കണ്ടുകൊണ്ട് ഉണ്ണിയേട്ടന്റെ ഏട്ടത്തി ഇരുപ്പുണ്ട്....(ചേട്ടന്റെ ഭാര്യ )
എന്നെ കണ്ടപ്പോൾ ഏട്ടത്തി എഴുന്നേറ്റ് വന്നു. ഇതെന്നാ ഈ കുഞ്ഞിനെ കഴുകിക്കാതെ ഇങ്ങനെ കിടത്തിയിരിക്കുന്നത് എന്തെല്ലാം അസുഖങ്ങൾ വരുമെന്ന് അറിയാമോ ഏട്ടത്തി....
ഇപ്പോഴെങ്ങാണ്ടാ മീനു അത് മുള്ളിയത്, ഞാൻ സീരിയൽ കഴിയാൻ ഇരിക്കുവാരുന്നു, പിന്നെ അപ്പിയും മൂത്രവും അതിന്റെ തന്നെ അല്ലെ, ഇച്ചിരി കഴിഞ്ഞാലും കഴുകിക്കുമല്ലോ പിന്നെ എന്താ...
നിങ്ങളുടെ സ്വന്തം കുഞ്ഞാണെൽ ഇങ്ങനെ ചെയ്യുമോ എന്നുള്ള നൂറു ചോദ്യങ്ങൾ മനസിൽ വന്നു എങ്കിലും മറ്റൊന്നും ചോദിക്കാതെ മനസ്സിൽ തികട്ടി വന്നതെല്ലാം അടക്കി അവരെ ഒന്നു നോക്കി, ഇവര് ഒരു 'അമ്മ തന്നെയാണോ കഷ്‌ടം. .
ഉണ്ണിമോള് ആ സമയം എന്നെ നോക്കി അവളുടെ കുഞ്ഞു മോണ കാട്ടി ചിരി തുടങ്ങിയിരുന്നു.. .
അവളെ വാരി എടുത്ത് കൊണ്ടുപോയി കഴുകിച്ചു വന്നപ്പോൾ ഏട്ടത്തി വേറെ ഉടുപ്പ് കൊണ്ട് തന്നു....
അതിടിപ്പിച്ച് അവളെ കുറെ നേരം കളിപ്പിച്ചു, മനസ്സ് കുറച്ചു ശാന്തമായപ്പോൾ ഞാൻ ഏട്ടത്തിയോട് പറഞ്ഞു, കുഞ്ഞുങ്ങളെ അങ്ങനെ കിടത്തരുത് ഏട്ടത്തി, അവർക്കു വേഗം അസുഖം വരും..
അപ്പോൾ ഏടത്തിയുടെ മറുപടി എന്നെ വല്ലാതെ സങ്കടപ്പെടുത്തി....
അവളുടെ അച്ഛനില്ലാത്ത എന്ത് ഉത്തരവാദിത്തമാ കൊച്ചെ ഞങ്ങൾ ചെയ്യണ്ടേ,
അപ്പൊ ഉണ്ണിയേട്ടൻ?
എന്തോ പറയാനാ മീനു അവളുപോയെ പിന്നെ ജോലിക്ക് പോയിട്ടില്ല, നീണ്ടഅവധിക്ക് എഴുതി കൊടുത്തിട്ടു നേരവും കാലവും ഇല്ലാതെ കുടിച്ചു നടപ്പുണ്ട്..
മനസ്സിൽ ഉണ്ണിയേട്ടന്റെ മുഖം വന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, ആരും കാണാതെ കണ്ണും തുടച്ചു അവിടെ നിന്ന് പോന്നു...
അന്ന് വൈകുന്നേരം ഉണ്ണിമോൾക്ക് കുറച്ചു സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ കവലയിൽ വച്ച് ഉണ്ണിയേട്ടനെ കണ്ടു, കള്ളു കുടിച്ചു നടക്കാൻപോലും പറ്റാതെ വേച്ചു പോയ ഉണ്ണിയേട്ടനെ താങ്ങി ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി വിട്ടു.... .
അവിടെ വെച്ച് എന്നെ കണ്ട ആരോ അച്ഛന്റെയും ഏട്ടന്റെയും കാതിൽ തൊടുപ്പും തൊങ്ങലും വെച്ച് കഥ എത്തിച്ചു...
വൈകുന്നേരം അച്ഛന്റെയും ഏട്ടന്റെയും കൈയിൽ നിന്നു ഭേഷാ കിട്ടി...
ഒന്നുമറിയാതെ തടസ്സം പിടിക്കാൻ വന്ന അമ്മയുടെ നെഞ്ചിൽ കെട്ടിപിടിച്ച് പതിമൂന്നാമത്തെ വയസ്സുതൊട്ടുള്ള എന്റെ സ്നേഹവും ഇപ്പോളത്തെ ഉണ്ണിമോളുടെയും ഉണ്ണിയേട്ടന്റെ അവസ്‌ഥ വരെയുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ മനസ്സ് ഒന്ന് തണുത്തു....
ഉണ്ണിയേട്ടൻ സമ്മതിക്കുവാണെങ്കിൽ ഉണ്ണിമോളെ ഞാൻ നോക്കിക്കോളാം അമ്മെ ഈ ജന്മം മുഴുവൻ എന്റെ മോളായി...
'അമ്മ സമാധാനിപ്പിച്ചു , മകളുടെ ചങ്ക് കലങ്ങിയപ്പോൾ പെറ്റ വയറിനു നൊന്തു...
അതുകൊണ്ട് ഫലമുണ്ടായി ' നയത്തിൽ കാര്യങ്ങൾ അമ്മ വഴി അച്ഛനിലേക്കും അതുവഴി ഏട്ടനിലേക്കും എത്തിയപ്പോൾ കാര്യം എളുപ്പമായി......
അടുത്ത ദിവസം തന്നെ ഏട്ടൻ ഉണ്ണിയേട്ടനോടും ഉണ്ണിയേട്ടന്റെ അച്ഛനോടും കാര്യങ്ങൾ അവതരിപ്പിച്ചു, പക്ഷേ ഉണ്ണിയേട്ടന് ഇപ്പോൾ മറ്റൊരു വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു......
വീട്ടിൽ വന്ന് ഏട്ടൻ കാര്യം പറഞ്ഞപ്പോൾ ഒരുവട്ടം എനിക്ക് ഒരു അവസരം തരാൻ ഞാൻ എല്ലാവരോടും കെഞ്ചി, മനസ്സില്ലാ മനസ്സോടെ എല്ലാവരുടെയും മൗനസമ്മതത്തിൽ അടുത്ത ദിവസം നേരം വെളുത്തപ്പോൾ തന്നെ ഞാൻ ഉണ്ണിയേട്ടന്റെ വീട്ടിലെത്തി, രാവിലെ തന്നെ എന്നെ കണ്ട് എല്ലാവരും ഒന്നമ്പരന്നു...
കൈയിൽ അടുക്കി പിടിച്ചിരുന്ന ഡയറികൾ ഉണ്ണിയേട്ടന്റെ കൈയിൽ കൊടുത്തിട്ടു ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി പോന്നു...
രണ്ട് ദിവസം കഴിഞ്ഞ് പതിവില്ലാതെ വീട്ടിലേക്കു കയറി വരുന്ന ബുള്ളറ്റിന്റെ സൗണ്ടിൽ എന്റെ മനസ്സും മുഖവും ഒരു പോലെ വിടർന്നു....
പൂമുഖത്ത് കല്യാണചർച്ചകൾ പൊടിപൊടിച്ചപ്പോൾ അകത്ത് ഞാൻ എന്റെ ഉണ്ണിമോളുടെ അമ്മയായി കഴിഞ്ഞിരുന്നു....
ഉണ്ണിയേട്ടനോടുള്ള പ്രണയത്തെക്കാൾ അപ്പോൾ എന്നിൽ ജ്വലിച്ചു നിന്നത് അമ്മയെന്ന വികാരമായിരുന്നു....
എന്റെ ശാലുവിനോടുള്ള കടപ്പാട് ആയിരുന്നു...
ഉണ്ണിമോൾ ജനിക്കുന്നതിനു മുൻപേ അവൾ എന്നോട് പങ്കുവച്ച അവളുടെ സ്വപ്നങ്ങൾ ആയിരുന്നു......
രചന :Jisha

ഭാര്യ



******
കിടക്കാൻ നേരമായിട്ടും അനു മുറിയിൽ വരാഞ്ഞതുകൊണ്ടാണ് അന്വേഷിച്ചു ഇറങ്ങിയത്, എല്ലാ മുറികളിലെയും വെളിച്ചം അണച്ചുവെങ്കിലും അടുക്കളയിൽ വെളിച്ചം കണ്ടപ്പോൾ മനസ്സിലായി ശ്രീമതിയുടെ ജോലി കഴിഞ്ഞിട്ടില്ലെന്ന്.....
അടുക്കളയിൽ തിരിഞ്ഞു നിന്നു പാത്രം കഴുകികൊണ്ട് നിന്ന അവളെ എനിക്ക് അഭിമുഖമായി തിരിച്ചുനിർത്തി
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വീണ്ടും ഉരുണ്ടുകൂടി ജലകണങ്ങൾ....
എന്തു പറ്റി?
ഒന്നുമില്ല..
ഞാൻ വഴക്കു പറഞ്ഞതിനാണോ !
ഒന്നും മിണ്ടാതെ അവൾ കൈകഴുകി, അടുക്കളയിലെ കതകു തുറന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി നിന്നു....
ഞാൻ പതുക്കെ അവളുടെ അടുത്തെത്തി അവൾക്കു അടുത്തായി അരഭിത്തിയിൽ ഇരുന്നു..
എന്റെ അനു നീ ഇങ്ങനെ വിഷമിക്കാതെ എന്റെ അപ്പോളത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ പൊന്നെ..
പിന്നെ കേറി വരുമ്പോൾ എന്താ താമസിച്ചെ? എവിടെ പോയതാ? ഇതൊക്കെ തന്നെ അല്ലെ നിനക്ക് അറിയേണ്ടത്?
അവളൊന്നും മിണ്ടാതെ എന്നെ നോക്കി നിന്നു....
പോട്ടെ സാരമില്ല, ഞാൻ അവളുടെ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു, ഇന്ന് ഞാൻ ഒരുപാട് ടെൻഷനിൽ ആയിരുന്നു കുറച്ചു പൈസ മറിക്കാൻ വേണമായിരുന്നു അതിന് വേണ്ടി നടക്കുവായിരുന്നു അതാ താമസിച്ചത്....
അവളുടെ മുഖത്തെ ഭാവം മാറി വരുന്നത് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു...
സങ്കടവും ദേഷ്യവും എല്ലാം മാറി, പകരം ആധിയായി...
അതെയോ ഏട്ടാ, എന്നിട്ട് എന്നോട് എന്താ പറയാതിരുന്നെ?
സോറി ഏട്ടാ...
എന്നിട്ട് രൂപ റെഡി ആയോ? എത്രയാ വേണ്ടത്?
ഇല്ല അനു ശരിയായില്ല....
ഒരു രണ്ടുലക്ഷം രൂപയെങ്കിലും വേണമെടി... .
അതു സാരമില്ല, ഞാൻ റെഡി ആക്കിക്കോളാം...
നീ വേഗം വാ, മതി അടുക്കള പണിയൊക്കെ..
മ്മ് മം..
ഞാൻ മുറിയിലോട്ട് പോയി, അവളോട്‌ അങ്ങനെ പറഞ്ഞെങ്കിലും മനസ്സ് നിറുകയായിരുന്നു.....
നാളെ എങ്ങനെ ഒപ്പിക്കും?
ചിന്തകൾ മനസ്സിനെ അലട്ടി അങ്ങനെ ഇരുന്നു...
പുറകിൽ കൂടി വന്ന് അവൾ എന്റെ അടുത്തു ഇരുന്നപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത് , കൈയിൽ പിടിച്ചിരുന്ന അക്കൗണ്ട് ബുക്കും, രണ്ടു വളയും അവളെന്റെ കൈയിൽ കൊണ്ടു വച്ചു തന്നു....
ഏട്ടാ ഇതിൽ കുറച്ചു പൈസ ഉണ്ട്, സത്യത്തിൽ ഇത് ഏട്ടന്റെ തന്നെയാ ചിലവിനു തരുന്നത് മിച്ചം വെച്ച് ചിട്ടി പിടിച്ചതാ, ബാക്കി ഈ വള കൊണ്ടു പോയി പണയം വച്ചു എടുത്തോളു, ഏട്ടന്റെ കാര്യം നടക്കട്ടെ ബാക്കി യൊക്കെ പിന്നെ....
അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ അവളോട്‌ ഞാൻ പറഞ്ഞു പോയി നീ മിടുക്കിയാടി അനു......
അവളെ ചേർത്തു പിടിച്ചപ്പോൾ അഭിമാനം തോന്നി, എന്റെ പ്രശ്നങ്ങളിൽ ഞാൻ പോലും അറിയാതെ പലപ്പോളും എനിക്ക് താങ്ങായി നിൽക്കുന്ന അവളെ ഒന്നുടെ മുറുക്കെ പിടിച്ചു ...

By Jisha Liju

നല്ലപാതി


*************
(ആദ്യമേ പറയട്ടെ ഇതൊരു കഥയല്ല ആരുടെയൊക്കെയോ അനുഭവം ആണ്. നിങ്ങൾക്കിത് അറിവാണ് , ഞാൻ ഒരു കഥയായി അവതരിപ്പിച്ചെന്നു മാത്രം... തെറ്റുകൾ ഉണ്ടെങ്കിലും അറിവുള്ളവർ തിരുത്തി തരുക എന്റെ അറിവിൽ നിന്ന് എഴുതിയത് ആണ്... )
അജി തട്ടി വിളിച്ചപ്പോളാണ് ഹരികൃഷ്ണൻ കണ്ണുതുറന്നത്. കിച്ചു മതി എഴുന്നേൽക്ക്, നേരമെത്രയായെന്നു അറിയാമോ?...
കിച്ചു നിനക്കു എന്താപറ്റിയത്.ഹരികൃഷ്ണൻ എഴുന്നേറ്റിരുന്നു.പോയി റെഡിആയിട്ടുവാ നമ്മുക്ക് കാപ്പി കുടിച്ചിട്ട് ഒരിടം വരെ പോകണം...
ഹരികൃഷ്ണൻ മിഴികളുയർത്തി അജിയെ നോക്കി.നീ നോക്കണ്ട ഇന്ന് നിന്റെ ഭ്രാന്ത് അവസാനിപ്പിക്കണം..
അജി കൈയിൽ ഇരുന്ന പേപ്പർ ഹരികൃഷ്ണന്റെ കൈയിൽ കൊടുത്തു...
നീ വേഗം വാ, ഞാൻ രേണുവിനോട് എല്ലാം പറഞ്ഞിട്ടുണ്ട്, അവൾ ഡ്യൂട്ടിയിൽ ഉണ്ട് ....
അജി ഇതും പറഞ്ഞ് പുറത്തേക്കു ഇറങ്ങി പോയി..
ഹരികൃഷ്ണൻ കൈയിൽ ഇരുന്ന പേപ്പറിൽ നോക്കി അവിടെ തന്നെ ഇരുന്നു..
"കണ്ണുകൾ തുളുമ്പി "
തലപൊട്ടിപൊളിയുന്നു,പതുക്കെ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി നിന്നു..
ഇന്നലത്തെ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു.ഈ റിപ്പോർട്ട്‌ എന്റെ കൈയിൽ കിട്ടുന്നത് വരെ..
കല്യാണം കഴിഞ്ഞിട്ടു ഒന്നരമാസം അവുന്നതേ ഉള്ളൂ, സുന്ദരിയും നിഷ്കളങ്കയുമായ ഭാര്യ, സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്നവൾ, സന്തോഷം നിറഞ്ഞ ദാമ്പത്യം...
കുറച്ചു ദിവസമായി അവൾക്കു എന്തോ ഒരു വല്ലാഴിക...
ഹോസ്പിറ്റലിൽ പോകമെന്ന് പലപ്രാവിശ്യം ഞാൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല..ഇന്നലെ കാലത്തെ തലകറങ്ങി വീണപ്പോൾ അവളെ കുറെ വഴക്കുപറഞ്ഞു, ഹോസ്പിറ്റലിൽ കൊണ്ടുപോയി..
അവിടെ എത്തിയപ്പോൾ മനസ്സിന് കുളിർമയേകിയ ഒരു വാർത്ത ഞാൻ അച്ഛനാകാൻ പോകുന്നു..
ഇത്രയും വേഗം പ്രതീക്ഷിച്ചിരുന്നിലെങ്കിലും അങ്ങനെ ഒരു വാർത്ത കേട്ടപ്പോൾ തുള്ളിച്ചാടി പോയി...
പ്രഗ്നൻസി റിപ്പോർട്ട്‌ കൈയിൽ കിട്ടുന്ന സമയംവരയേ ആ സന്തോഷം എന്നിൽ ഉണ്ടായിരുന്നുള്ളൂ..
അവളുടെ വയറ്റിലെ കുഞ്ഞിന് രണ്ടു മാസത്തിന്റെ വളർച്ച, ഞാൻ ഞെട്ടിപ്പോയി. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസമെ ആയിട്ടുള്ളു ഇതെങ്ങനെ സംഭവിച്ചു,
വീട്ടുകാർ ഉറപ്പിച്ച കല്യാണം, കല്യാണത്തിന് ആറുമാസത്തെ ഗ്യാപ്പ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി അവളെ ഞാനൊന്നു തൊട്ടിട്ടുപോലുമില്ല....
കല്യാണത്തിന് മുൻപ് അവളോട്‌ ഒരു ഉമ്മ ചോദിച്ചതിന് ഒരാഴ്ച അവൾ എന്നോട് മിണ്ടാതിരുന്നു....
അപ്പോൾ അവൾ എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നോ???
എന്നിലെ ചെകുത്താൻ സട കുടഞ്ഞ് എഴുന്നേറ്റു..
കൈയിൽ ഇരുന്ന പ്രഗ്നൻസി റിപ്പോർട്ട്‌ വിറച്ചു..
അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു...
നിഷ്കളങ്കമായി എന്നെ നോക്കി ചിരിക്കുന്നു , ആ നിഷ്കളങ്കയാണല്ലോ എന്നെ ചതിച്ചത്..
അവൾ എന്തെക്കെയോ എന്നോട് പറയുന്നുണ്ട്, എന്റെ കണ്ണിൽ ഇരുട്ടുകയറി, ഒന്നും കേൾക്കാൻ പറ്റുന്നില്ല...
ഒന്നും മിണ്ടാതെ ഞാൻ മുൻപിൽ നടന്നു..
അവൾ ഓടി എന്റൊപ്പം എത്താൻ പാടുപെട്ടു..
അവൾ കയറിയതും ഞാൻ ഒന്നും മിണ്ടാതെ ബൈക്ക് ഫുൾ സ്പീഡിൽ വിട്ടു..
അവളോടുള്ള ദേഷ്യം മുഴുവൻ ബൈക്കിന്റെ ഹാൻഡ്ലിൽ തീർത്തു...
ഏട്ടാ പതുക്കെ എന്ന് പലതവണ അവൾ പറഞ്ഞതിനനുസരിച്ചു ഞാൻ സ്പീഡ് കൂട്ടികൊണ്ടേയിരുന്നു ..
വീടിന്റെ പടിവാതിലിൽ അവളെ ഇറക്കിവിട്ട് തിരികെ പോന്നപ്പോൾ, നിറകണ്ണുകളോടെ
എന്നെ നോക്കി നിൽക്കുന്നവളെ കണ്ടില്ലന്നു നടിച്ചു...
മനസ്സ് ചൂടുപിടിക്കുന്നു, അവളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്, ആരോട് പറയും..
അടുത്തുകണ്ട ബാറിൽകയറി,ജീവിതത്തിൽ ഒരിക്കൽ പോലും ബിയർ അല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല..
പക്ഷേ ഇന്നലെ എന്റെ മനസ്സ് തണുപ്പിക്കാൻ തണുത്ത ബിയറിനുപോലും കഴിഞ്ഞില്ല... അതിനേക്കാൾ വീര്യം ഉള്ള എന്തെങ്കിലും വേണമായിരുന്നു.....
ഇടയിലെപ്പോഴോ അജിടെ ഫോൺ വന്നു, അവൻ എങ്ങനെ അവിടെ എത്തിയെന്നോ, ഞാൻ എങ്ങനെ അജിടെ വീട്ടിൽ എത്തിയെന്നോ ഒന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല...
അജി റൂമിലേക്ക്‌ കയറി വന്നു, നീ ഇതുവരെ റെഡി ആയില്ലെ..
എടാ ഞാൻ..... ഞാൻ എന്തോ പറയാൻ ശ്രമിച്ചു
വേഗം റെഡിയാക് , അമ്മ കാപ്പി എടുത്തു വച്ചു വിളിക്കുന്നു വാ കഴിക്കാം..
അവൻ എനിക്ക് മുഖം തരുന്നില്ല. ഞാൻ അവന്റെ അടുത്തോട്ടു നീങ്ങി നിന്നു...
എടാ അജി, ഞാൻ ഇന്നലെ...
അത് സാരമില്ല, ഞാൻ ആദ്യമായി ആണ് നിന്നെ ആ അവസ്ഥയിൽ കാണുന്നത്..
നിന്റെ അവ്യക്തമായ സംഭാഷണത്തിൽ നീ എന്നോട് ഏറെക്കുറെ പറഞ്ഞു....
നിന്റെ അമ്മ എന്നെ ഇന്നലെ കുറെ പ്രാവിശ്യം വിളിച്ചിരുന്നു. നീ എന്റെ കൂടെ ഉണ്ടെന്നും അത്യാവശ്യമായി ഞങ്ങൾ ഒരു സ്‌ഥലം വരെ പോകുകയാണെന്നും പറഞ്ഞിട്ടുണ്ട്..
ശ്രുതി ഗർഭിണിയാണ് അല്ലെ!!
പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് അവനെ ഞാൻ ഒന്നുനോക്കി.
നിനക്ക് നാണമുണ്ടോ കിച്ചു അവളെ സംശയിക്കാൻ, കുഞ്ഞുനാൾ തൊട്ട് അവളെ എനിക്ക് അറിയാം, രേണുവും അവളും എനിക്ക് ഒരുപോലെയാണ്
അടക്കവും ഒതുക്കവും ഉള്ളൊരു കൊച്ചാ അത്, അതിനെയാ നീ....
കഷ്ടം!!! നിനക്ക് എങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെടാ???
ഞാൻ അവനെ നോക്കാൻ കഴിയാതെ താഴോട്ടും നോക്കിയിരുന്നു..
ശ്ശെ , എനിക്ക് അറിയില്ല നിന്നോട് എന്ത് പറയണമെന്ന്.അത്രയ്ക്ക് ദേഷ്യം ഉണ്ട് നിന്നോട് എനിക്ക്...
അവളെ നിനക്കു വേണ്ടി അമ്മ ആലോചിക്കുമ്പോൾ എനിക്കുപോലും കുശുമ്പ് തോന്നിയിട്ടുണ്ട്...
അപ്പോൾ അമ്മ പറഞ്ഞ ഒരു വാക്കുണ്ട്..
അവൾ ഒരു മഹാലക്ഷ്മിയാടാ അവൾക്കു വേണ്ടത് കിച്ചുനെ പോലെ ഒരാളാണെന്ന്...
ആ നീയാണ് ഇന്നലെ നാലുകാലിൽ അമ്മയുടെ മുന്നിൽ...
ഈ വീട്ടിൽ വന്നാൽ എന്നോടു പോലും ഒരു പരിധിയിൽ കൂടുതൽ അവൾ സംസാരിച്ചിട്ടില്ല...
എന്നിട്ടും നീ അതിനെ ഇങ്ങനെ, ഈ ഒരു രീതിയിൽ സംശയിക്കരുതായിരുന്നു.....
അജി, ഞാൻ, നീ ഒന്നും പറയണ്ട..
ഞാൻ എല്ലാം രേണുവിനോട് സംസാരിച്ചിട്ടുണ്ട്,
ഇതിനുള്ള ഉത്തരം അവൾ നിനക്ക് തരും....
വേഗം റെഡിയായി താഴെയെത്തി.
ഒന്നും കഴിക്കാൻ തോന്നിയില്ല,
സിറ്റി ഹോസ്പിറ്റലിൽ വണ്ടികൊണ്ട് നിർത്തിയപ്പോൾ അജി എന്നെ നോക്കി പറഞ്ഞു, രേണു ഇവിടെയാ ഇന്റേൺഷിപ്പ് ചെയ്യുന്നത്..
അവൾ പറയുന്നത് ശ്രദ്ദയോട് കേട്ടോണം, പിന്നെ രേണുവിന്റ കൈയിൽ നിന്ന് മേടിക്കാൻ ഉള്ളതുകൂടി വാങ്ങിച്ചോ..
ഞാൻ ഒന്നും പറയാതെ അവന്റെ പിന്നാലെ നടന്നു, ഡ്യൂട്ടിയിൽ ആയിരുന്നു രേണു ഞങ്ങളെ കണ്ടതും സിസ്റ്ററിനോട് എന്തോ സംസാരിച്ചിട്ട് വേഗം ഞങ്ങൾക്ക് അരികിലെത്തി.
സുഖമാണോ കിച്ചുവട്ടാ!
ഞാൻ അവളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.
വരൂ നമ്മുക്ക് റൂമിലോട്ട് ഇരിക്കാം..
ആമുഖം ഒന്നുമില്ലാതെ രേണു കാര്യത്തിലേക്ക് കടന്നു..
കിച്ചുവേട്ടാ ഇന്നലെ ഏട്ടൻ എന്നെ വിളിച്ചിരുന്നു.
കിച്ചുവേട്ടന് ശ്രുതിയെ സംശയമാണോ??
അവളുടെ ചോദ്യം കേട്ട് ദയനീയമായി ഞാൻ അവളെ നോക്കി...
ഓർമ്മവെച്ചാനാൾ മുതൽ അവളിലെ ഒരു ചെറിയ മാറ്റം പോലും എനിക്കറിയാം, എങ്ങനെ തോന്നി താലികെട്ടിയ പെണ്ണിനെ ഇങ്ങനെ സംശയിക്കാൻ...
അവളുടെ ജീവിതത്തിൽ കിച്ചുവേട്ടൻ അല്ലാതെ വേറെ ഒരു പുരുഷനും ഇല്ല,
" നോട്ടം കൊണ്ട് പോലും അവൾ
ആഗ്രഹിപ്പിച്ചിട്ടില്ല ആരെയും..... "
പഠിപ്പും അറിവും എല്ലാമുണ്ട് കിച്ചുവേട്ടന് .. മറ്റുള്ളവരുടെ കാര്യം വരുമ്പോൾ, ഉപദേശിക്കാൻ മുൻപിൽ കാണും.. വിവരസാങ്കേതിക വിദ്യ ഇത്രയും വികസിച്ചു എല്ലാരുടെയും വിരൽ തുമ്പിലാണ് അറിവുകൾ. എന്നിട്ടും ഇങ്ങനെ ഒരു ചിന്ത അത് എവിടെ നിന്നു വന്നു കിച്ചുവേട്ടാ? ഒരിക്കലും കിച്ചുവേട്ടനിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല....
ഏട്ടൻ അവളെ കല്യാണം കഴിച്ചിട്ട് ഒന്നരമാസമേ ആയുള്ളൂ അത് സത്യമാണ്
കിച്ചുവേട്ടൻ ചിന്തിക്കുന്ന പോലെ കെട്ടിയ ദിവസത്തെ കണക്ക്നോക്കിയല്ല വയറ്റിലുള്ള കുഞ്ഞിന്റെ വളർച്ച തീരുമാനിക്കുന്നത് അത് പെണ്ണിന്റെ മാസക്കുളി നോക്കിയാണ് .
അവസാനത്തെ മാസമുറയുടെ ആദ്യത്തെ ദിവസം തുടങ്ങിയാണ് കുഞ്ഞിന്റെ വളർച്ച നിർണ്ണയിക്കുന്നത്.. അത് ഒരുപക്ഷേ നിങ്ങളുടെ കല്യാണത്തിന് പതിനഞ്ചുദിവസം മുൻപ് ആയിരിക്കണം അതാണ് ഇങ്ങനെ സംഭവിച്ചത്..
ഇത്രയധികം ആൾക്കാർ യൂട്യുബിലും മുഖപുസ്തകത്തിലും അല്ലാതെയും ഒക്കെ ഇതിനെ കുറിച്ച് എക്സ്പ്ലയിൻ ചെയ്തു പറയുന്നുണ്ട്. എന്നിട്ടും സംശയമാണെങ്കിൽ സ്കാൻ ചെയ്തുനോക്കി കുഞ്ഞിന്റെ വളർച്ച ഉറപ്പിക്കാം....
എന്നിട്ടും പെണ്ണിന്റെ പരിശുദ്ധി ചോദ്യം ചെയ്യുന്നവരോട് എന്താപറയേണ്ടത്.....അതും താലി കെട്ടിയ പുരുഷൻ തന്നെ അവളെ സംശയിച്ചാൽ !
കഷ്ടം !!!!
മറ്റുള്ളവർക്ക് മാതൃകയാവണം പുതിയ തലമുറ എന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറഞ്ഞു നടക്കുന്നവർ തന്നെ, ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ അവളെ താറടിച്ചു കാണിക്കും..
സമൂഹം അവളെ പിഴച്ചവൾ എന്നോ,കാമുകനാൽ ഗർഭം ധരിച്ച് താലികെട്ടിയവനെ ചതിച്ചവളായിട്ടോ വിധി എഴുതും..
കിച്ചുവേട്ടൻ ചിന്തിച്ചിട്ടുണ്ടോ ഇത് ശ്രുതി അറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന്, അവൾക്കിതു സഹിക്കാൻ കഴിയുമെന്ന് തോന്നുണ്ടോ??
ജീവിതമെ കിച്ചുവേട്ടൻ എന്ന് നാപം ജപിക്കുന്ന അവളുടെ നാവ് അരിയും അവൾ , ഈ ജീവിതം തന്നെ വേണ്ടന്നു വെയ്ക്കും, അത്രയ്ക്ക് ജീവനാ അവൾക്കു കിച്ചുവേട്ടനെ.....
ഒരുനിമിഷത്തെ തെറ്റിധരണകൊണ്ട് കളങ്കപ്പെടുന്നത് ഒരുതെറ്റും ചെയ്യാത്ത ഒരുപെണ്ണിന്റെ ആത്മാഭിമാനം ആണ്...
അവളുടെ കുടുബത്തിന്റെ അന്തസ്സ് ആണ്,
നിങ്ങളുടെ ജീവിതം ആണ്, അതിനേക്കാൾ ഉപരി നിങ്ങൾ അവൾക്കു നൽകിയ നിങ്ങളുടെ ചോരയോട് ചെയ്യുന്ന ഏറ്റവും വല്യ ക്രൂരതയാണ്.....
രേണു പറഞ്ഞ് അവസാനിപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കി, അജി ഒന്നും മിണ്ടാതെ എന്നെ നോക്കിയിരിക്കുന്നു.....
രേണു സോറി..
പറ്റിപ്പോയി, ഒരു നിമിഷം ഞാൻ മനുഷ്യനല്ലാതായി, മറ്റൊന്നും ചിന്തിക്കാൻ എന്നിലെ ചെകുത്താന് സാധിച്ചില്ല....
എന്നോട് അല്ല സോറി പറയേണ്ടത്, ശ്രുതിയോട് ആണ്, പാവം അതിനെയാണ് കിച്ചുവേട്ടൻ സംശയിച്ചത്.
രേണു ഇത് ഒരിക്കലും ശ്രുതി അറിയരുത്
അവളറിഞ്ഞാൽ എന്നെ വെറുത്തു പോകും, പ്ലീസ് രേണു ഞാൻ നിന്റെ കാലുപിടിക്കാം....
കിച്ചുവേട്ടാ , ഞാൻ അജിയേട്ടനെയും, കിച്ചുവേട്ടനെയും രണ്ടായി കണ്ടിട്ടില്ല. എനിക്ക് നിങ്ങൾ രണ്ടുപേരും എന്റെ ഏട്ടന്മാരാണ്. നിങ്ങളുടെ ജീവിതം അത് എന്റെയുംകൂടി സന്തോഷമാണ്...
ഞാൻ ഒരിക്കലും ഇത് ശ്രുതിയോട് പറയില്ല....
താങ്ക്സ് മോളെ.....
ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല രേണു....
അവളോട്‌ അത് പറഞ്ഞിട്ട് ഇറങ്ങി ഓടുകയായിരുന്നു . കൈയിൽ ഇരുന്ന റിപ്പോർട്ട്‌ ചുരുട്ടി എറിഞ്ഞു, അജി എന്റെ പുറകെ എത്തി ,
അജി നീ എന്നെ വീട്ടിൽ ഒന്നു ഡ്രോപ്പ് ചെയ്യ്...
വീട്ടിൽ എത്തിയപ്പോൾ അമ്മ സിറ്റ് ഔട്ടിൽ തന്നെയുണ്ട്, എന്നെ നോക്കിയുള്ള ഇരുപ്പാണ്...
നീ എവിടെ ആയിരുന്നെടാ??
അമ്മെ അത്യാവശ്യമായി ഒരിടം വരെ പോയി, അമ്മെ അജി പറയുമെല്ലാം..
ശ്രുതി എവിടെ അമ്മ???
അവൾ മുറിയിൽ ഉണ്ട്, അവൾക്ക് രാവിലെ മുതലൊരു പനിക്കോള് , നല്ല ക്ഷീണമുണ്ട് കിടക്കുവാ...
ഓടി മുറിയിലെത്തി , പാവം ഭിത്തിയോട് ചേർന്ന് തല വെച്ചു കിടക്കുന്നു..
ശ്രുതി,
അവളെ കോരി കൈയിൽ എടുക്കുമ്പോൾ, വാടി തളർന്ന ഒരു താമരതണ്ട് പോലെ കിടന്നവൾ...
"ഡി മോളെ "
ഒറ്റ കരച്ചിൽ ആയിരുന്നു അവൾ
അവളുടെ മുഖം കൈകുമ്പിലൊതുക്കി മുഖത്തോട് ചേർത്തുപിടിച്ചു..
കിച്ചുവേട്ടാ ഇഷ്‌ടയില്ലെ, ഇത്ര പെട്ടെന്ന് അച്ഛനായത്...
അങ്ങനെ പറയല്ലേടാ...
പിന്നെ എന്താ ഇന്നലെ എന്നോട് ഒരു വാക്കുപോലും പറയാതെ പോയത്.
ഞാൻ എത്രമാത്രം വിഷമിച്ചെന്ന് അറിയാമോ !രാത്രിയിൽ ഒരു പോള കണ്ണടച്ചിട്ടില്ല അറിയുമോ, ആ കണ്ണുകൾ നിറഞ്ഞൊഴുകി,
ഒരത്യാവശ്യ കാര്യമുണ്ടായിരുന്നു അതാണ് ഞാൻ ഒന്നും പറയാതെ പോയതുമോളെ..
എന്റെ ചുണ്ടുകൾ അവളുടെ കണ്ണുനീർ ഒപ്പുമ്പോൾ, മനസ്സുകൊണ്ട് ഒരായിരം വട്ടം അവളോട്‌ മാപ്പ് പറഞ്ഞു......
പാപിയായ ഞാൻ എന്റെ ജീവന്റെ പാതിയെ ഇങ്ങനെ സംശയിച്ചല്ലോ..
ദൈവമേ ഒരിക്കലും അവൾ അറിയരുതെ എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടായിന്നു പോലും...
കണ്ണുകൾ ഇറുക്കി അടച്ചു...
വിതുമ്പി പോയ ചുണ്ടുകൾ മന്ത്രിച്ചു,
" മാപ്പ് മോളെ, എന്നോട് ചേർത്തു മുറുകെ പിടിക്കുമ്പോൾ അവൾക്ക് ഞാൻ മനസ്സുകൊണ്ട് വാക്ക് കൊടുത്തു.ഇനി ഒരിക്കലും അറിയാതെ പോലും വേദനിപ്പിച്ച് ഈ കണ്ണുനിറക്കില്ലെന്ന വാക്ക്...............
********************
വെറുമൊരു തെറ്റിദ്ധാരണ നിമിത്തം മറ്റുള്ളവരുടെ പരിഹാസവും കുത്തുവാക്കുകളും കൊണ്ട് ജീവിതം മുഴുവൻ
കരയേണ്ടിവരുന്നവർ ഏറെയാണ്..
കുടുതലും ഇതിന് ഇരയാകുന്നത് പുതിയതായി കല്യാണം കഴിഞ്ഞു ചെല്ലുന്നകുട്ടികളും,
പ്രവാസികളുടെ ഭാര്യമാരുമാണ്.....
ഇത് എത്ര പേർക്ക് മനസ്സിലാവും എന്ന് എനിക്കറിയില്ല പലപ്പോളും അറിവില്ലായ്മ കൊണ്ട് നമ്മുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്നതും എപ്പോൾ വേണമെങ്കിലും ഇനിയും നടക്കാവുന്നതുമായ ഒരു വിപത്തതാണിത്... ഇതിനെ കുറിച്ച് പലരും എക്സ്പ്ലൈൻ ചെയ്യുന്നും ഉണ്ട്, എങ്കിലും എന്റേതായ രീതിയിൽ ഒരു എളിയ അവതരണം....
📝📝📝 :ജിഷ

അച്ഛനാണ് ഹീറോ


*********************
സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നു കള്ളം പറഞ്ഞു ജിത്തുന്റെ കൂടെ കറങ്ങാൻ പോയപ്പോൾ സ്വപ്നത്തിൽ പോലും കരുതിയില്ല അച്ഛന്റെ മുന്നിൽ ചെന്ന് പെടുമെന്ന്....
രാവിലെ ഇറങ്ങാൻ നേരം അച്ഛൻ ചോദിച്ചതാ, ഞാൻ കൊണ്ടുവിടട്ടെ ക്ലാസ്സിനെന്ന്...
ഒരാഴ്ചയായി ഞങ്ങൾ സ്വപ്നം കാണുന്ന ട്രിപ്പ്‌ ആണ്...
ജിത്തു മംഗ്ലൂരിൽ ബിടെക്കിനു പഠിക്കുകയാണ്, ലീവിന് നാട്ടിലെത്തിയതെയുള്ളൂ .ബാങ്ക് ഉദ്യോഗസ്ഥർ ആയ അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ...
കുറെ നാളുകളായി തമ്മിൽ കണ്ടിട്ട് അതുകൊണ്ട് തന്നെ കൂടികാണൽ ഒഴിവാക്കാൻ പറ്റില്ല...
അതു പൊളിയാതെയിരിക്കാൻ കള്ളം പറഞ്ഞ് പോവാണ്...
മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തിയ ഞാൻ ഒറ്റയ്ക്കു പോകാൻ തന്നെ ആഗ്രഹിച്ചു...
വേണ്ട അച്ഛാ ഞാൻ നടന്നു പൊയ്ക്കോളാം..
തിരികെ പത്രത്തിലേക്ക് നോട്ടം മാറ്റിയ അച്ഛനെ ഞാൻ ഇടം കണ്ണിട്ടുനോക്കി..
ഭാഗ്യം അച്ഛന് സംശയം ഒന്നുമില്ല....
മനസ്സ് ഒരു കടൽ പോലെ ഇരമ്പുന്നുണ്ടായിരുന്നു..........
ചുണ്ടിൽ ചെറു മന്ദസ്മിതത്തോടെ, മൂളി പാട്ടും പാടി പതുക്കെ നടന്നു.....
ഇടവഴിയിൽ ആരും കാണാതെ ജിത്തുന്റെ ബൈക്കിന്റെ പുറകിൽ കയറിയപ്പോൾ പതുക്കെ തിരിഞ്ഞു നോക്കി..
ഷാൾ കൊണ്ട് കണ്ണുമാത്രം കാണാൻ പാകത്തിന് കെട്ടിവെച്ചു.....
സിനിമ, പാർക്ക്‌, കോഫി ബാർ, ബീച്ച് മനസ്സുനിറയെ ജിത്തുവിനോട് ഒന്നിച്ചുള്ള നിമിഷങ്ങൾമാത്രം.......
പാർക്കിൽ നിന്നും ഇറങ്ങി സിനിമയ്ക്ക് കയറിയപ്പോൾ ഞാൻ മറ്റൊരു ലോകത്തായിരുന്നു..മനസ്സ് നൂലില്ല പട്ടം പോലെ പറന്നു നടന്നു...
ജിത്തുവിന്റ കൈയിൽ പിടിച്ചു നടന്നപ്പോൾ
അതുവരെ അനുഭവിക്കാത്ത ഒരു ഫീലിംഗ്സ് ....
എങ്കിലും ചുറ്റിലും എന്റെ കണ്ണുകൾ പരതന്നുണ്ടായിരുന്നു , ആരെങ്കിലും ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ടോ എന്ന്...
സിനിമയ്ക്കു ശേഷം മുൻപ് നിച്ഛയിച്ച പോലെ കോഫി ബാർ , ശീതികരിച്ച
കോഫി ബാറിലെ ടേബിലിന് ഇരുവശത്തുമായി ഞങ്ങൾ ഇരുന്നു, കണ്ണുകളിൽ കൂടി പ്രണയം കൈമാറി...... ഞങ്ങളുടെ സ്നേഹം പരസ്പരം ഐസ്ക്രീം കഴിച്ചും കഴിപ്പിച്ചും പങ്കുവച്ചു......
കോഫിബാറിൽ നിന്നും ഇറങ്ങുമ്പോൾ ജിത്തുവിന്റെ ഊള തമാശ കേട്ടു പൊട്ടിച്ചിരിച്ച് കൈകൾ കോർത്തു പിടിച്ചാപടികൾ ഇറങ്ങിയതും നോക്കിയത് അച്ഛന്റെ മുഖത്തേക്ക് ...
വിശ്വാസം വരാതെ ഒന്നു കൂടി നോക്കി "അച്ഛൻ "തന്നെ.
ഈ സമയത്ത് അച്ഛൻ എങ്ങനെ ഇവിടെ...
ചോദ്യങ്ങൾ ഒരുപാട് മനസ്സിലൂടെ കടന്നുപോയി......
ജിത്തിന്റെ കൈയിൽ നിന്നും പിടിവിടുവിച്ചു...
പക്ഷേ അച്ഛൻ എന്നെ ശ്രദ്ധിക്കാതെ അകത്തേക്കു നടന്നു പോയി...
ഇനി അച്ഛൻ എന്നെ കണ്ടുകാണില്ലെ? മനസ്സു വല്ലാതെ ഇളകി മറിഞ്ഞു.........
ഞാൻ ഒരു കുറ്റവാളിയെ പോലെ ഉരുകി ഒലിച്ചു..
അതുവരെ ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച പ്രണയ നിമിഷങ്ങൾ മറന്നു...
അച്ഛൻ മാത്രമായി മനസ്സിൽ...
ജിത്തു എനിക്ക് തിരിച്ചു പോകണം!
അതെന്താ ശിഖ പെട്ടെന്ന്???

നിനക്കല്ലാരുന്നോ ബീച്ചിൽ പോകണമെന്ന് നിർബന്ധം ഇപ്പോൾ പ്ലാൻ ചേഞ്ച്‌ ആയോ...
പെട്ടന്നുള്ള എന്റെ മനംമാറ്റത്തിൽ അവൻ അമ്പരന്നു..
അച്ഛനെ കണ്ടത് ജിത്തുവിനോട് എന്തോ പറയാൻ തോന്നിയില്ല....
പ്ലീസ് ജിത്തു എനിക്ക് നല്ല തലവേദന,
എനിക്ക് തിരികെ പോകണം..
അതെന്താ പെട്ടെന്ന് നിനക്കൊരു തലവേദന.
എങ്കിൽ ശരി ഞാൻ കൊണ്ടു വിടാം, വാ !
വേണ്ട ജിത്തു ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം. ...
തിരികെ ഞാൻ വീട്ടിൽ എത്തിയപ്പോഴും അച്ഛൻ ഞാൻ പോയപ്പോൾ ഉണ്ടായിരുന്ന അതെ സ്‌ഥലത്തുതന്നെ ഇരുപ്പുണ്ട്....
പത്രത്തിൽ കണ്ണുകൾ താഴ്ത്തി......
അച്ഛന്റെ മുന്നിൽ കൂടി തലകുനിച്ച് അകത്തേക്ക് നടന്നു....
കാലുകൾ ചലിക്കാത്തതുപോലെ, ഇപ്പോൾ വിളിക്കും എന്ന് പലതവണ ചിന്തിച്ചു,
പക്ഷേ അച്ഛൻ എന്നെ ശ്രദ്ധിച്ചതെ ഇല്ല....
റൂമിൽ ചെന്ന് കട്ടിലിൽ കമിഴ്ന്നുകിടന്നു,
കണ്ണുകൾ നിറഞ്ഞൊഴുകി,
കുറ്റബോധത്താൽ മനസ്സുനീറി, ചിന്തകൾ കാടുകയറി.....
എപ്പോളോ കൺപോളകൾ അടഞ്ഞു പോയി....
അമ്മയുടെ ശകാരം കേട്ടാണ് ഉണർന്നത്...
പോയി കുളിക്കെടി,എത്ര നേരമായി നീ വന്നിട്ട് ഇതുവരെ തുണി മാറാൻ പോലും നിനക്ക് സമയം കിട്ടിയില്ലേ,
അതെങ്ങനാ ഫുൾ ടൈം ഞൊണ്ടൽ അല്ലെ,
അനിയത്തി ശിവ എന്നെ നോക്കി കോക്രി കാണിച്ചു, എന്നും അവളോട്‌ വഴക്കുണ്ടാക്കുന്ന ഞാൻ ഇന്ന് പക്ഷേ ഒന്നും മിണ്ടിയില്ല,ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഞാൻ ഇരുന്നു....
ഞാൻ ഒന്നും മിണ്ടാഞ്ഞതുകൊണ്ട് അവൾ അമ്മയുടെ പുറകെ പുറത്തേക്കു പോയി.....
പോകുന്ന വഴിയിൽ അമ്മ അച്ഛനോട് പറയുന്നത് കേട്ടു....
നിങ്ങളാ മനുഷ്യ ഈ പിള്ളാരെ വഷളാക്കുന്നെ, കണ്ടില്ലെ ത്രിസന്ധ്യ നേരത്ത് വിളക്ക് വയ്‌ക്കേണ്ടതിനു പകരം കിടന്നു ഉറങ്ങുന്നത്......
അച്ഛൻ ഒന്നുമിണ്ടിയില്ല...
ഇന്നലെ വരെ അമ്മയുടെ പള്ളുപറച്ചിലിൽ നിന്നും ഞങ്ങളെ രക്ഷിച്ചിരുന്നത് അച്ഛൻ ആയിരുന്നു.....
അമ്മ എന്തുവഴക്കുപറഞ്ഞാലും അച്ഛൻ ഞങ്ങളുടെ കൂടെയെ നില്ക്കു.....
അവർ എന്റെ മക്കളാടി എന്ന് പറഞ്ഞു ചേർത്തു പിടിക്കും ,
കുട്ടുകാരെ പോലെയാണ് ഞങ്ങൾ.
അതുകേൾക്കേണ്ടതാമസം അതെ നിങ്ങടെ മാത്രമാണെന്നും പറഞ്ഞ് ഒറ്റപോക്കു പോകും അമ്മ, പിന്നെ കുറെ നേരത്തേക്ക് മുഖം വീർപ്പിച്ചുനടക്കും ....
വേഗം എഴുന്നേറ്റു കുളിച്ചു, മനസ്സ് നേരെ നിൽക്കുന്നില്ല.. ഞാൻ ടെക്സ്റ്റ്‌ ബുക്ക്‌ തുറന്ന് അതിന്റെ മുന്നിൽ തന്നെ ഇരുന്നു, പക്ഷേ അക്ഷരങ്ങൾ മിഴിനീരിനാൽ മൂടപ്പെട്ടു..
ആഹാരം കഴിക്കാൻ എന്നെ വിളിക്കാൻ അമ്മയോട് അച്ഛൻ പറയുന്നത് കേട്ട് ഞാൻ എഴുന്നേറ്റു.....
പതുക്കെ നടന്ന്, ടേബിളിൽ എത്തി, കഴിക്കാൻ ഇരുന്നെങ്കിലും ഒരുവറ്റു പോലും തൊണ്ടകുഴിയിൽ നിന്നുതാഴോട്ട് ഇറങ്ങിയില്ല...
ആരോ എന്റെ തൊണ്ടയിൽ ഇറുക്കി പിടിച്ചിരിക്കുന്ന പോലെ..
ഞാൻ പതുക്കെ ഇടംകണ്ണിട്ട് അച്ഛനെ നോക്കി, അച്ഛൻ ശിവയോടു തമാശ പറഞ്ഞു ചിരിക്കുന്നു, ഉരുള ഉരുട്ടി ശിവയുടെ വായിൽ വച്ചു കൊടുക്കുന്നു, അടുത്ത ഉരുള എനിക്ക് നേരെ നീട്ടി, എന്നും ഞങ്ങൾക്ക് ഉള്ളതാണ് സ്നേഹം കൂട്ടി ചേർത്തു ഉരുട്ടി തരുന്ന ആ ഉരുളകൾ, പക്ഷേ ഇന്ന് എന്നെ ഒന്നുനോക്കി കൂടിയില്ല..
വല്ലവിധേനയും കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു കൈകഴുകി......
അമ്മ പതിവ് പല്ലവികളുമായി പുറകെ തന്നെ..
ഒന്നും കഴിക്കേണ്ട പതിനേഴു വയസ്സുള്ളരു പെണ്ണാ ഇരിക്കുന്നത് നോക്ക് ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു....
കട്ടിലിൽ കയറി ചാരി ഇരുന്നു മനസ്സ് വിങ്ങിപൊട്ടി..
അച്ഛനോട് ഞാൻ തെറ്റു ചെയ്തു..
കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു....
പെട്ടെന്ന് എന്റെ തോളിൽ ആരോ തഴുകി...
"ശിഖ"
മോളെ.....
അച്ഛനാണ്..
മുഖം ഉയർത്തി അച്ഛനെ നോക്കാൻ ആവാതെ താഴെ തറയിൽ ദൃഷ്‌ടികൾ പതിപ്പിച്ച് ഞാൻ ഇരുന്നു, കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു...
ഇടയ്ക്ക് ഒഴുകുന്ന മൂക്കും കണ്ണും നിയന്ത്രിക്കാൻ ഞാൻ നന്നെ പാടുപെട്ടു.....
മോളെ ശിഖ വീണ്ടും അച്ഛൻ വിളിച്ചു
ആ വിളിയിൽ ഞാൻ അച്ഛനെ കെട്ടിപിടിച്ചു....
എന്നോട് ക്ഷമിക്കു അച്ഛാ,
ഞാ... ഞാ... ഞാ....ഞാൻ....വാക്കുകൾ വിക്കി
കള്ളം പറഞ്ഞു അച്ഛടെ അടുത്ത്
"സോറി അച്ഛാ..."
അച്ഛന്റെ കാലുകളിലേക്കു ഞാൻ ഉർന്നിറങ്ങി...
ആ കാലുകളിൽ കെട്ടിപിടിച്ചു ഞാൻ മാപ്പ് ചോദിച്ചു.......
എന്നെ പിടിച്ചെഴുനേൽപ്പിച്ചു ചേർത്തു നിർത്തി...
സാരമില്ല മോളെ...
നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അച്ഛൻ പറയില്ല.പക്ഷേ ചെയ്ത തെറ്റു തിരുത്താൻ നീ തയാറാണോ....
അച്ഛനെ നോക്കി കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു...
നീ ഇത്രയും വളർന്നു പോയത് ഞങ്ങൾ അറിഞ്ഞില്ല....
നിന്റെ അമ്മ എന്നോട് സംശയം പറഞ്ഞപ്പോളും അവളെയാണ്
ഞാൻ ചീത്ത പറഞ്ഞത്... എന്റെ കുഞ്ഞിനെ എനിക്ക് വിശ്വാസമാടി, അവൾ ഒരിക്കലും അച്ഛനെ വിഷമിപ്പിക്കില്ലന്നുള്ള വിശ്വാസം, അതാണ് മോൾ ഇന്ന് തകർത്തത്......
ഇന്ന് രാവിലെ തൊട്ട് അച്ഛൻ മോളുടെ പുറകെ ഉണ്ടായിരുന്നു...
എന്റെ കുട്ടിക്ക് ഒരു തെററും പറ്റാതിരിക്കാൻ നീ പോയിടത്തെല്ലാം അച്ഛനും ഉണ്ടായിരുന്നു......
അപമാനഭാരത്താൽ ശിരസ്സ് കുനിഞ്ഞു ഞാൻ അച്ഛന്റെ മുന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഇരുന്നു..... .
എല്ലാ മാതാപിതാക്കന്മാരുടെ സമ്പത്ത് അവരുടെ മക്കളാണ്...
സ്നേഹം തെറ്റാണെന്നു അച്ഛൻ പറയില്ല, പക്ഷേ അത് ഈ പ്രായത്തിൽ അല്ല, ഇപ്പോൾ തോന്നുന്ന പ്രണയം പുറംമോടി കളോട് മാത്രമാണ്...
നിനക്കിപ്പോൾ വയസ്സ് പതിനേഴ് ആയെന്നു നിന്റെ അമ്മ കുറച്ചു മുൻപുകുടി പറഞ്ഞു..
പക്ഷേ അച്ഛന്റെ മനസ്സിൽ എന്റെ മോള് ഇപ്പോളും ചെറുതാ, അച്ഛന്റെ കുസൃതി കുടുക്ക.......
എന്റെ മോൾക്ക്‌ ഇനിയും ഒരുപാട് മുമ്പോട്ടു സഞ്ചരിക്കാൻ ഉണ്ട്...
നിന്റെ ഒപ്പം നിന്നെ നയിക്കാൻ നിന്റെ അച്ഛനും അമ്മയും ഉണ്ട്...
പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഗതിയില്ലാത്ത എത്രയോ മക്കൾ ഉണ്ട് നിനക്കറിവുള്ളതല്ലേ,
നീ തന്നെ എത്രയോ പേരെ സഹായിക്കാൻ എന്നോട് വന്നു പറഞ്ഞിട്ടുണ്ട്...
അവർക്കൊന്നുമില്ലാത്ത ജീവിതസൗകര്യങ്ങൾ ഒരുക്കി നിങ്ങൾക്കുവേണ്ടി രാപ്പകൽ ഇല്ലാതെ കഷ്‌ടപ്പെടുമ്പോൾ, അവരുടെ കുറച്ചു സ്വപ്നങ്ങൾ കൂടി നിങ്ങൾ ഏറ്റെടുക്കണം....
ഞാൻ ഒന്നിനും എന്റെ മക്കളെ നിർബന്ധിച്ചിട്ടില്ല...
ഞങ്ങൾക്ക് നേടാൻആവാത്തത് നിങ്ങളിലൂടെ സ്വപ്നം കാണുന്ന മാതാപിതാക്കളാണ് അധികവും....
അച്ഛൻ ജീവിക്കുന്നത് തന്നെ എന്റെ മക്കൾക്ക്‌ വേണ്ടിയാ..
ആ അച്ഛനെയാണ് ഇന്ന് എന്റെ മോൾ സങ്കടപ്പെടുത്തിയത്. ..
ഇന്ന് രാവിലെ നീ ഇവിടുന്നു ഇറങ്ങി പോയ നിമിഷം മുതൽ ഈ അച്ഛൻ അനുഭവിച്ച മനോവിഷമം അത് എത്ര കാഠിന്യം ഉള്ളതാണന്ന് എന്റെ മോൾക്ക്‌ മനസ്സിലാവില്ല.....
പ്രായപൂർത്തി പോലും ആവാത്ത നീ ഒരു അന്യപുരുഷന്റെ കൂടെ തൊട്ടുരുമ്മി, കൈകൾ ചേർത്തുപിടിച്ചു നടക്കുന്നത് കാണുന്ന ഒരച്ഛൻ എങ്ങനെ അത് തരണം ചെയ്യും...
നീ എനിക്ക് പറഞ്ഞു താ മോളെ
അച്ഛൻ കേൾക്കട്ടെ.....
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൈകൾ കൊണ്ട് ഞാൻ മുഖം പൊത്തി പിടിച്ചു... .
അവിടെ വന്ന് നിനക്ക് രണ്ടു പൊട്ടിരും തന്നു പിടിച്ചുകൊണ്ടു വരാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല....
പിന്നെ ചിന്തിച്ചു ഞാൻ അങ്ങനെ ചെയ്തിട്ട് എന്തുപ്രയോജനം.....
നീ നിന്റെ തെറ്റ് സ്വയം മനസ്സിലാക്കി തിരുത്തണം......
മറ്റുള്ളവരുടെ മുൻപിൽ ഇനിയും ഇറങ്ങി നടക്കേണ്ടവളാ നീ, മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ എന്റെ കുട്ടിയെ ഞാൻ വിട്ടുകൊടുക്കില്ല അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഒന്നും ചെയ്യഞ്ഞത് ......
പിന്നെ അച്ഛന്റെ മനസ്സിൽ വേറെയും ചിന്തകൾ കടന്നു പോയി, ഒരുപക്ഷേ നീ അവിടെ വച്ച് ഞാൻ വഴക്കു പറയുകയോ അടിക്കുകയോ ചെയ്താൽ എല്ലാരുടെയും മുൻപിൽ വച്ച് ഞാൻ നിന്റെ ആരുമല്ലന്നു പറയുമോ എന്നും ഭയന്നു....
ഇപ്പോൾ അതാണല്ലോ ഫാഷൻ മറ്റുള്ളവരുടെ മുന്നിൽ ജനിപ്പിച്ച തന്തക്കോ , പത്തുമാസം ചുമന്ന തള്ളയ്‌ക്കോ ഒരാവകാശവുമില്ലലോ......
അച്ഛാ ഞാൻ ഒരു അലറികരഞ്ഞുകൊണ്ട് അച്ഛന്റെ വാ പൊത്തി....
അച്ഛാ ക്ഷമിക്കണം..
എനിക്ക് ഒരു തെറ്റുപറ്റിപ്പോയി.....
മാപ്പ് അച്ഛാ..
പൊട്ടിക്കരഞ്ഞു ഞാൻ അച്ഛനെ കെട്ടിപിടിച്ചു......
അച്ഛൻ എന്നെ ചേർത്തുപിടിച്ചു..
പഠിക്കേണ്ട സമയത്ത് പഠിക്കണം....
ഈ ഇഷ്‌ടം ഇതുപോലെ തന്നെ വർഷങ്ങൾക്കു ശേഷം നിങ്ങളിൽ ഉണ്ടെങ്കിൽ ഈ അച്ഛൻ നടത്തിതരും നിങ്ങളുടെ വിവാഹം ജാതിയോ മതമോ ഒന്നും നോക്കാതെ......
ഒന്നു മാത്രമേ അച്ഛൻ നോക്കു അച്ഛന്റെ രാജകുമാരിടെ കണ്ണുനിറയ്ക്കാത്തവൻ ആണോന്ന്‌ ....
അച്ഛന്റെ പൊന്നുമോളാ നീ, ഒരിക്കലും അച്ഛനെയും അമ്മയെയും എന്റെ മക്കൾ സങ്കടപെടുത്തരുത്...
കഴിഞ്ഞില്ലെ അച്ഛന്റെയും മോളുടെയും പുന്നാരം.... കിടന്നുറങ്ങ് രാവിലെ സ്പെഷ്യൽ ക്ലാസ്സ്‌ ഇല്ലെ????
അമ്മയുടെ പറച്ചിൽ കേട്ട് അച്ഛൻ ചിരിച്ചു.....
ഞാൻ ഒന്നും പറയാതെ നിന്നു...
കട്ടിലിൽ കിടന്ന ഫോൺ റിങ് ചെയ്തു .....
ഞാൻ എടുത്തു നോക്കി ജിത്തു ,
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, അച്ഛൻ ഫോൺ എടുത്തോളാൻ പറഞ്ഞു....
ജിത്തു ഞാൻ അച്ഛന്റെ കൈയിൽ കൊടുക്കാം,ജിത്തു തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപെ ഫോൺ ഞാൻ
അച്ഛന് കൈമാറി.....
ഹലോ ജിത്തു ...
ഞാൻ ശിഖയുടെ അച്ഛൻ ആണ്...
പ്രത്യേകിച്ച് ഒരു മുഖവുരയും ഇല്ലാതെ അച്ഛൻ പറഞ്ഞു തുടങ്ങി...
ഇന്ന് നിങ്ങളെ ഞാൻ ഒരുമിച്ചു കണ്ടു, ഇന്ന് മുഴുവൻ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു..
ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നത് ശരിയാണെന്നു നിങ്ങൾക്ക് രണ്ടുപേർക്കും തോന്നുണ്ടോ...
പഠിച്ച് ഒരു ജോലിയൊക്കെ ആയതിനു ശേഷവും എന്റെ മകളോട് ഇതെ സ്നേഹം നിനക്കുണ്ടെങ്കിൽ,
നിനക്ക് എന്റെ മോളെ അത്രയ്ക്കും ഇഷടമാണേൽ അവളെ കെട്ടിച്ചു വിടാൻ പ്രായമാകുമ്പോൾ എന്നോട് വന്ന് ആൺപിള്ളാരെ പോലെ പെണ്ണു ചോദിക്ക് ഞാൻ നിനക്ക് കെട്ടിച്ച് തരാം.....
ഇപ്പോൾ അവളെ പഠിക്കാൻ അനുവദിക്കുക, ഇത് മക്കളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരച്ഛന്റെ അപേക്ഷ ആണന്നു കൂട്ടിക്കോളൂ.......
ശരി അപ്പോൾ ബൈ ജിത്തു ......
അച്ഛൻ ഫോൺ തിരികെ എന്നെ ഏൽപ്പിച്ചു,എല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ അമ്മയും അവിടെ ഇരുന്നു...
അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചു, ഇനി ഒരിക്കലും എന്റെ അച്ഛനെയും അമ്മയെയും ഞാൻ വേദനിപ്പിക്കില്ല...
തെറ്റു ചെയ്തിട്ടും ചേർത്തു പിടിച്ച ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു... .
അവരുടെ സ്നേഹം കടലുപോലെ ആണ് ഒരിക്കലും വറ്റാത്ത കടൽ .......
അതെ അച്ഛൻ ആണ് എന്റെ ഹീറോ......
സമർപ്പണം :മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ഛൻ മാർക്കും
അമ്മമാർക്കും വേണ്ടി.....
മക്കളെ കുട്ടുകാരെ പോലെ കാണുക, തെറ്റ്‌കാണുമ്പോൾ സ്നേഹത്തോടെ പറഞ്ഞു തിരുത്തുക.......
മക്കളോടായി :മാതാപിതാക്കളെ ബഹുമാനിക്കുക.. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കുറച്ചെങ്കിലും അവരോട് നീതി പുലർത്തുക..
ഞങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഞങ്ങളുടെ പപ്പയ്ക്ക് വേണ്ടി ❤❤❤❤
📝📝📝:ജിഷ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo