നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാലം കാത്തുവെച്ച കഥ



*******************************
ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്...
എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം...
സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ്‌ നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത്
അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന കുട്ടിയാണ് .....
നിനക്കും അളെ അറിയാമെടാ..
കഴിഞ്ഞ വട്ടം വന്നപ്പോൾ നീ ആദ്യം പോയി കണ്ട പെൺകുട്ടിയെ ഓർക്കുന്നുണ്ടോ,
ആ പുഴവക്കിലെ നിറയെ ചെമ്പക പൂക്കളുള്ള ചെറിയ ഓടിട്ട വീട്ടിലെ കുട്ടി ഗായത്രി..
ആഹാ ആ കുട്ടിയായിരുന്നോ?
നല്ല പൊള്ളൽ ഉണ്ടോടാ?
മ്മ് മം ഉണ്ട്, മുഖം നന്നായി പൊള്ളിയിട്ടുണ്ട്, കൈയും കാലും, ശരീരത്തിന്റെ മുക്കാൽ ഭാഗവും പൊള്ളൽ ആണ്...
അപകട നില തരണം ചെയ്തു, പക്ഷെ പെൺകുട്ടി അല്ലെ..
ആ കൊച്ചിന്റെ വിധി, ഇനി അതിനെ ആര് കെട്ടിക്കൊണ്ടു പോകും ഒന്നാമതെ സാമ്പത്തികമില്ല,അതിന്റെ കൂടെ ഈ ഒരാവസ്‌ഥയും...
കൂടുതൽ ഒന്നും സംസാരിക്കാതെ ഞാൻ ഫോൺ വച്ചു..
അന്നത്തെ ചിന്ത മുഴുവൻ അവളെ കുറിച്ചായിരുന്നു..
ഗായത്രി, പെട്ടെന്ന് ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്‌ടപ്പെടുന്ന ഒരുനാടൻ സുന്ദരികുട്ടി..
നീളമുള്ള തലമുടി മെടഞ്ഞിട്ടേ ഞാൻ ആ കുട്ടിയെ കണ്ടിട്ടുള്ളു.. ആദ്യമായി തലമുടി അഴിച്ചിട്ടു ദാവണിയുടുത്ത് മുഖത്ത് ഒരു ചിരിയോടുകൂടി കാണുന്നത് ഞാൻ പെണ്ണുകാണാൻ ചെന്ന ദിവസമാണ്, എന്നെ ഇഷ്‌ടമാണോന്നുള്ള ചോദ്യത്തിന് നാണത്തിൽ പൊതിഞ്ഞൊരു ഒരു പുഞ്ചിരിയായിരുന്നു മറുപടി.....
വലിയ പരിഷ്‌കാരങ്ങൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടി.....
എനിക്കിഷ്‌ടമായതാണ്, പക്ഷേ വീട്ടുകാർ ഇടഞ്ഞു..
മുന്ന് പെൺകുട്ടികൾ ആണ് മാധവൻ ചേട്ടന്,പറയത്തക്ക ജോലിയൊന്നുമില്ല കൂലി പണിയാണ്.. മൂത്തകുട്ടിയെ കെട്ടിച്ചു വിട്ടതിന്റെ ബാധ്യത തീർന്നിട്ടില്ല, ഇതിനു താഴെയും പെണ്ണാണ്, എന്റെ മോൻ വല്ല നാട്ടിലും പോയി കിടന്നു കഷ്‌ടപ്പെട്ടിട്ടു അവന്റെ ഭാവിക്ക് കിട്ടപ്പോരുള്ള ഏതേലും വീട്ടിൽ നിന്ന് മതിയത്രെ പെണ്ണ്...
ഞാൻ ഒന്നും പറഞ്ഞില്ല എട്ടു കൊല്ലമായി വിദേശത്താണ്, ഉണ്ടാക്കിയതെല്ലാം എല്ലാവർക്കും വീതിച്ചു കൊടുത്തു..
വീട്ടിലെ കടങ്ങളെല്ലാം തീർത്തു, പെങ്ങന്മാരെ എല്ലാം കെട്ടിച്ചുവിട്ടു, വിവാഹശേഷവും അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു.
എന്നിട്ടാണ് ഈ ഡയലോഗ്, മകന്റെ ഭാവി വലുതാണത്രേ....
അതിന് സ്ത്രീധനം കിട്ടുന്ന വീട്ടിൽ നിന്നു
തന്നെ കെട്ടിയ മതിയത്രെ..
വഴക്കുണ്ടാക്കേണ്ട എന്ന് കരുതി ഒന്നും മിണ്ടിയില്ല....
എന്താണേലും ആ കൊല്ലത്തെ അവധിക്കു വീണ്ടും കുറെ പെൺകുട്ടികളെ കണ്ടെങ്കിലും കല്യാണം നടന്നില്ല, എന്റെ കുഴപ്പമല്ല എനിക്ക് കണ്ടതിൽ പല കുട്ടികളെയും ഇഷ്‌ടമായതാണ്...
അമ്മയുടെയും പെങ്ങന്മാരുടെയും കണ്ണിൽ അവർക്കു നൂറു കുറ്റങ്ങൾ ഉണ്ടായി..
പിന്നെ ഇളയപെങ്ങളുടെ വീടുപണി നടക്കുന്നതിനാൽ നീ ഈ പ്രാവിശ്യം കല്യാണം കഴിക്കേണ്ടയെന്നു അമ്മയെന്നോട്, പറയാതെ പറയുകയും ചെയ്തു, അവൾക്കു നീയല്ലാതെ വേറെയാരുമില്ല സഹായിക്കാൻ..
നാട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് മാസം ആറായി, എന്നിട്ടും അവളുടെ വീടുപണി കഴിഞ്ഞില്ല...
ഓരോന്ന് ആലോചിച്ചു ഉറങ്ങിപോയി...
പക്ഷേ രാവിലെ ഉണർന്നപ്പോളും ഗായത്രി മനസ്സിൽ നിന്ന് പോയില്ല, അന്നത്തെ ദിവസം മുഴുവൻ ഞാൻ ചിന്തിച്ചത് ഗായത്രിയെ പറ്റി മാത്രമായിരുന്നു...
അന്ന്‌ ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായി, പലതും തീരുമാനിച്ചു ഉറപ്പിച്ചു..
എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു..
ദിവസങ്ങളും മാസങ്ങളും കടന്നുപൊയ്ക്കൊണ്ടിരുന്നു..
ഇടയ്ക്ക് സതീഷിനെ വിളിച്ചു നാട്ടിലെ വിശേഷങ്ങൾ ഒക്കെ അന്വേഷിച്ചു കൂട്ടത്തിൽ ഗായത്രിയെ കുറിച്ചും, അവളുടെ വീട്ടിലെ അവസ്‌ഥകളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി...
വീട്ടിലെക്കു വിളിച്ചാൽ അവർക്ക് കാശിന്റെ കാര്യമല്ലാതെ നിനക്ക് സുഖമാണോന്ന് ഒരു വാക്ക് ചോദിക്കില്ല, മാസത്തിൽ രണ്ടു ശമ്പളം എനിക്ക് കിട്ടുന്നുണ്ടെന്ന് തോന്നും അവരുടെ സംസാരം കേട്ടാൽ..
കൈയിൽ ഉള്ളത് മുഴുവൻ അയച്ചു കൊടുത്താലും ഞാൻ എവിടെയോ ബാക്കി ഒളിപ്പിച്ചെക്കുന്നതു പോലെ മുനവെച്ചുള്ള സംസാരവും...
വീട്ടിലേക്കുള്ള വിളി കുറേശ്ശേ കുറച്ചു, കുറച്ചു പൈസ എനിക്കുവേണ്ടി കരുതി വയ്‌ക്കാൻ തുടങ്ങി...
പിന്നെയും മാസങ്ങൾ കടന്നു പോയി...
നാട്ടിലേക്കു പോകാൻ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചതിന്റെ തലേന്ന് വൈകിട്ട് സതീഷിനെ വീണ്ടും വിളിച്ചു....
ഡാ നീ ഗായത്രിയുടെ വീട്ടിൽ പോയി അവളുടെ അച്ഛനോട് സംസാരിക്കണം..
സതീഷ് അമ്പരപ്പോടെ ചോദിച്ചു!
എന്തിന്?
എന്താ നിന്റെ ഉദ്ദേശം?
ഗായത്രിയെ കെട്ടാൻ അല്ലാതെന്താ ! ഞാൻ പറഞ്ഞു...
എടാ അവൻ വിശ്വാസം വരാത്തപോലെ വീണ്ടും ചോദിച്ചു..
നീ ആലോചിച്ചിട്ട് തന്നെയാണോ?
ഡാ നിന്റെ വീട്ടിൽ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ?
അതിനു ആർക്കു വേണം അവരുടെ സമ്മതം, എനിക്ക് വയസ്സ് മുപ്പത്തതിനാലായി, ആരും ഇതുവരെ എന്നെ കുറിച്ച് ചിന്തിച്ചിട്ടില്ല, പിന്നെ ഇനിയും ഞാൻ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ശരിയാവില്ല, എന്റെ ജീവിതമാണ്, കൂടെ ആ പാവം കുട്ടിക്ക് ഒരു ജീവിതവും ആകും.....
നീ ഞാൻ പറഞ്ഞതു കേൾക്ക് ,
ഒരാഴ്ചക്കുള്ളിൽ ഞാൻ എത്തും, നീ എന്റെ വീട്ടിൽ പറയണ്ട..
എന്റെ തീരുമാനം ഉറച്ചതണെന്നു മനസ്സിലാക്കിയ അവൻ പൂർണ്ണ പിന്തുണ നൽകി..
അവൻ ഗായത്രിടെ വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിച്ചു, ഗായത്രി ആദ്യം എതിർത്തെങ്കിലും പിന്നീട് അവളും സമ്മതിച്ചു...
അവധിക്കു നാട്ടിലെത്തിയതിന്റെ രണ്ടാമത്തെ ദിവസം, ഞാൻ ഗായത്രിടെ വീട്ടിൽ പോകുവാൻ ഇറങ്ങിയപ്പോൾ അമ്മയുടെ ചോദ്യമെത്തി...
എങ്ങോട്ടാ?
പെണ്ണുകാണാൻ പോവാണ് !
'അമ്മയൊന്നു ഞെട്ടി, ഞങ്ങൾ ആരും അറിയാതെയോ? സ്വയം തിരുമാനങ്ങൾ ഒക്കെ എടുക്കാറായോ നീ?
അതെ, എന്താ പോവാൻ പാടില്ലേ? പെണ്ണിനെ നേരത്തെ ഞാൻ കണ്ടിട്ടുള്ളതാ, എനിക്ക് ഇഷ്‌ടമായി....
അമ്മയ്ക്കും അറിയാം, ആ പൊള്ളലേറ്റ ഗായത്രി, പുഴവക്കിലെ മാധവൻ ചേട്ടന്റെ മോള്..
ഇന്ന് ഞാൻ കല്യാണം ഉറപ്പിക്കാൻ വേണ്ടി പോകുവാണ് എന്നിട്ടു ഞാൻ ഇങ്ങു വരും, എല്ലാവരും വന്നു കല്യാണം കൂടിയാമതി...
എനിക്ക് ജീവനുണ്ടേൽ ഞാനിതിന് സമ്മതിക്കില്ല..
അതിന് അമ്മയുടെ സമ്മതം ആർക്കുവേണം.
പറയണമെന്ന് ഉദ്ദേശിച്ചതല്ല ഞാൻ, പക്ഷേ പറഞ്ഞുപോയി,
'അമ്മ ചവുട്ടി തുള്ളി അകത്തേക്ക് പോയി..
എനിക്ക് ഒരു സഹതാപവും തോന്നിയില്ല, കാരണം എനിക്കറിയാം ഒന്നും സംഭവിക്കില്ലെന്ന്....
ഗായത്രിയുടെ വീട്ടിൽ സതീഷിനോടൊപ്പം കയറി ചെല്ലുമ്പോൾ അവളുടെ അച്ഛനും അമ്മയും ഞങ്ങളെ സ്വികരിച്ചു അകത്ത് ഇരുത്തി..
മോനെ വീട്ടിൽ സമ്മതിക്കുമോ?
ഗായത്രിടെ അച്ഛൻ ആദ്യം എന്നോട് ചോദിച്ചത് അതായിരുന്നു...
സമ്മതിച്ചു അച്ഛാ, അച്ഛൻ അതൊന്നും ഓർത്തു വിഷമിക്കേണ്ട...
അവളെ എനിക്കിഷ്‌ടമാണ്...
ഗായത്രിക്ക് എന്നെക്കൂടി ഇഷ്‌ടമായാൽ, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ചെറിയ ഒരു ചടങ്ങ് അതുമതി...
രണ്ടുമാസത്തെ അവധിയുണ്ട്, അതിനുള്ളിൽ അവൾക്കും പാസ്പോർട്ട് എടുത്ത് എന്റെ ഒപ്പം കൊണ്ടുപോകാനാ എന്റെ പ്ലാൻ, അച്ഛനും അമ്മയ്ക്കും സമ്മതമല്ലേ...
മോനെ എന്ന് വിളിച്ച് എന്റെ കൈകൾ കൂട്ടി പിടിച്ച് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
പെട്ടന്ന് സതീഷൻ ഗായത്രിയെ വിളിക്കമ്മേ, അവരു സംസാരിക്കട്ടെന്നു പറഞ്ഞു വിഷയം മാറ്റി വിട്ടു..
മോനെ അവൾ അകത്തുണ്ട്, മോൻ അങ്ങോട്ടു ചെന്നോളു..
ഗായത്രിയുടെ 'അമ്മ എനിക്ക് മുന്നെ നടന്ന് അവളുടെ അടുത്തെത്തിച്ചു..
ഷോളു കൊണ്ട് തല മറച്ചിരുന്നു അവൾ, എന്റെ മുഖത്തു പോലും നോക്കാതെ, താഴേക്ക് മിഴികൾ താഴ്ത്തി ഇരുന്നു..
ഗായത്രി..........
മ്മ് മം
എന്നെ മനസ്സിലായോ?
ഞാൻ അരുൺ, നേരത്തെ ഇയാളെ ഞാൻ പെണ്ണു കാണാൻ വന്നിട്ടുണ്ട്...
മ് മം അറിയാം.. .
എന്നെ ഇഷ്‌ടമാണോ ഗായത്രിക്ക്?
വിവാഹത്തിനു സമ്മതമാണോ?
അവൾ ഒന്നും മിണ്ടാതെ ഇരുന്നു..
ഇഷ്‌ടമാണന്നു വിശ്വസിച്ച ഞാൻ ഇതൊക്കെ ചെയ്തത്,
എന്റെ ചോദ്യത്തിന് ഉത്തരമെന്നോണം, അവൾ വേഗന്ന് എഴുന്നേറ്റ് എന്റെ കാലുകളിൽ വീണു....
ഞാൻ എന്തോ പോലെ ആയി..
വേഗം അവളെ പിടിച്ച് എഴുനേൽപ്പിച്ച് എന്റെ നേരെ നിർത്തി..
എഴുന്നേൽപ്പിച്ചപ്പോൾ എന്റെ കൈത്തട്ടി ഷോൾ താഴേക്ക് വീണു..
നീളമുള്ള അവളുടെ മുടിയുടെ അഴക് എന്റെ മനസ്സിൽ തികട്ടി വന്നപ്പോൾ എത്ര അടക്കി പിടിച്ചിട്ടും, എന്റെ കണ്ണുകളും
അവൾക്കൊപ്പം നിറഞ്ഞൊഴുകി..
ഗായത്രി, ഈ ജീവിതം നിന്നോടൊപ്പം ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്...
ഒരുപാട് സമ്പാദ്യമൊന്നും എന്റെ കൈയിലില്ല , എല്ലാം ആദ്യം മുതൽ തുടങ്ങണം, പക്ഷേ നിന്നെ പൊന്നുപോലെ നോക്കാനെനിക്കൊരു മനസ്സുണ്ട്, ഗായത്രിക്കു സമ്മതമാണെന്ന് കരുതിക്കോട്ടെ..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... .
നിന്നോടുള്ള, സഹതാപമാണെന്ന് ഒരിക്കലും കരുതരുത്..
ഇന്ന് മുതൽ നീ കരയരുത്, നീ അരുണിന്റെ പെണ്ണാണ്, ധൈര്യമായി പുറത്തിറങ്ങി നടക്കണം. ഈ ജീവിതത്തിൽ എന്റെ അവസാന ശ്വാസം വരെ നിന്നോടൊപ്പം ഞാൻ കാണും....
കല്യാണത്തിന്റെ ദിവസം കുറിപ്പിച്ചിട്ടു വിളിച്ചു പറയാം, അധികം ആരും വേണ്ട എന്നൊരു തീരുമാനമെടുത്ത് അവളോടും വീട്ടുകാരോടും യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി...
തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഒരു അങ്കത്തിന് തയ്യാറായി അമ്മയും പെങ്ങൻമാരും അവരുടെ കെട്ടിയോന്മാരും, കുടുംബക്കാരും എല്ലാവരും ഉണ്ടായിരുന്നു...
പക്ഷേ തിരിച്ചുള്ള എന്റെ ശക്തമായ മറുപടിയിൽ എല്ലാവരുടെയും പത്തി മടങ്ങി....
എന്റെ തീരുമാനം അവളെ കല്യാണം കഴിക്കാനാണ്, ഇഷ്‌ടമുള്ളവർക്കു കൂടാം, വന്നില്ലേലും കുഴപ്പമില്ല, എന്റെ തീരുമാനത്തിന് ഒരു മാറ്റവും ആരും പ്രതീക്ഷിക്കേണ്ട...
എല്ലാവരോടുമായി പറഞ്ഞിട്ട് ഞാൻ അകത്തേക്ക് കയറിപ്പോയി....
അടുത്തുള്ള ശുഭമുഹൂർത്തത്തിൽ അധികം ആരുമില്ലാതെ ഗായത്രിടെ കഴുത്തിൽ ഞാൻ മിന്നുകെട്ടി....
ജീവിതകാലം മുഴുവൻ അവളുടെ സ്വപ്നങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും എന്ന വാക്കിനാൽ ഇന്നും സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നു....
*കഥയും കഥാപത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം *
🖋ജിഷ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot