നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിക്കൻഗുനിയാ മഹാത്മ്യം

Image may contain: 1 person, closeup
*************************
ഡോക്ടർ ബഞ്ചമിൻ തരകന് ആകെ ഒരു മൂഡൗട്ട്. കുറേ നാളുകളായി തുടങ്ങിയിട്ട്.
അദ്ദേഹത്തിന്റെ ഭാര്യ ആനി ബഞ്ചമിന്, ഭർത്താവിന്റെ മൂഡൗട്ടിന്റെ കാര്യം എന്താണെന്നുള്ളതിന് അറിയാം. ആ പേരും പറഞ്ഞ് ഭർത്താവിനെ ശല്യം ചെയ്യാനൊന്നും പോകാറില്ല.
ഡോക്ടർ ബഞ്ചമിൻ, സർക്കാരാശുപ ത്രിയിൽ ഫിസിഷ്യനായിരുന്നു. വിരമിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു , തന്റെ വീട് ഒന്നു പുതുക്കി പണിയണം എന്ന ഒരു ചിന്ത വന്നത്. അത് ഭാര്യയോടും പങ്കു വച്ചു.
പ്രശസ്തനായ ഒരു ആർക്കിടെക്ചറിനെ ക്കൊണ്ട് തന്റെ മനസ്സിലുള്ള ആശയങ്ങൾ വച്ച് , പ്ലാൻ വരച്ചുണ്ടാക്കിയപ്പോൾ, തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല , വീട് പണിയുമ്പോൾ വേണ്ടി വരുന്ന ചെലവ് എന്ന് അവർക്ക് മനസ്സിലായി.
അപ്പോൾ ഇനി എന്തു ചെയ്യും? വിഷമത്തോടെ ആനി ചോദിച്ചു.
അതാണ് ഞാനും ആലോചിക്കുന്നത്. ഇനി വിരലിലെണ്ണാവുന്ന മാസങ്ങളേയുള്ളൂ സർവ്വീസിൽ നിന്നും വിരമിക്കാൻ .... ഇത്രയും കാലം ജോലിയിൽ നിന്ന് സമ്പാദിച്ചതിൽ ഒരു തുക ഉപയോഗിച്ച് നമ്മുടെ രണ്ടുമക്കളുടെ കല്യാണം നടത്തിയില്ലേ ... പിന്നെ കുറച്ചു തുക ബാക്കിയുണ്ട്. അത് ഉപയോഗിച്ച് വീട് പണി ആരംഭിക്കാം . ബാക്കി തുക ലോണെടുക്കാം.
അതിന് എങ്ങനെ അടവു വരുത്തും?..
ആനി ചോദിച്ചു.
എന്റെ പൊന്നു ആനീ... റിട്ടയർ ചെയ്തു കഴിഞ്ഞാൽ പിന്നെ വീട്ടിലിരുന്ന് പ്രാക്ടീസ് നടത്താമല്ലോ. അതുവഴി വരുന്ന തുക മാസത്തവണകളായി അടയ്ക്കാമല്ലോ..?
ഓ...! അതു ശരിയാ... ആനി പറഞ്ഞു.
പിന്നെയുള്ള നടപടികൾ വേഗത്തിലായി. ബാങ്കിൽ നിന്ന് ലോണെടുത്ത് വീടിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം പൊളിച്ചു കളയാതെ ചില ഭാഗങ്ങൾ നിലനിർത്തിക്കൊണ്ടായിരുന്നു നിർമ്മാണം. ആയതിനാൽ അവർക്ക് അവിടെത്തന്നെ താമസിക്കാൻ സാധിച്ചു .
അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും, വീടിന്റെ പണി പകുതി ആയി . അധികം വൈകാതെ തന്നെ ഡോക്ടർ ബഞ്ചമിൻ തരകൻ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു.
നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ, വീടിന്റെ ഒരു ഭാഗത്ത് ക്ലിനിക് ആരംഭിച്ചു. പക്ഷേ ഉദ്ദേശിച്ച വരുമാനം കിട്ടിയില്ല . രോഗികൾ ഡോക്ടറുടെ ക്ലിനിക്കിലേക്ക് വരുന്നത് കുറവായിരുന്നു. സ്വപ്ന വീടിന്റെ പണി മന്ദഗതിയിലായി.
അങ്ങനെ ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഒരു രോഗം പകർച്ച വ്യാധിപോലെ അക്കാലത്ത് പടർന്നത്. പനി, ശരീരവേദന പ്രത്യേകിച്ചും കാലുകളിലെ സന്ധിവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ. ഇത് അനുഭവിച്ച ആളുകൾ സന്ധിവേദന മൂലം ഞൊണ്ടി നടക്കുന്നത്, കാണുമ്പോൾ കാലിൽ കല്ലേറുകൊണ്ട കോഴി ഞൊണ്ടി നടക്കുന്നതുമായി സാമ്യം കണ്ടിട്ടാണോ എന്തോ ആ അസുഖത്തിന് പിന്നീട് 'ചിക്കൻ ഗുനിയ ' എന്ന പേര് ചാർത്തി കിട്ടി.
എന്നതായാലും ആ അസുഖത്തിന് മരുന്ന് കണ്ടു പിടിച്ചതോടു കൂടി ഡോക്ടർ ബഞ്ചമിൻ ആ മരുന്നിന്റെ സ്റ്റോക്ക് വീട്ടിൽ സൂക്ഷിച്ചു.
പനിയും, സന്ധിവേദനയുമായി രോഗികൾ ഡോക്ടറുടെ അടുത്തേക്ക് വരാൻ തുടങ്ങി. ഓരോ കുത്തിവെയ്പ്പിനും, നൂറു രൂപാ നിരക്കിൽ ഓരോ രോഗികളിൽ നിന്നും വാങ്ങാൻ തുടങ്ങി.
ഫീസ് വാങ്ങുന്നതും, പരിശോധനയും, കുത്തിവെയ്പ്പും എല്ലാം ഡോക്ടർ തന്നെയായിരുന്നു ചെയ്തിരുന്നത്.
ആദ്യമായി, ഡോക്ടർ ജോലിയുടെ സമ്മർദ്ദം എന്താണെന്ന് അറിയാൻ തുടങ്ങി.
ക്ലിനിക്കിൽ തിരക്കേറിയതോടു കൂടി , കാശ് കൈകാര്യം ചെയ്യാൻ ഒരാളെ അസിസ്റ്റൻഡായി വെയ്ക്കേണ്ടി വരും എന്ന അവസ്ഥ വന്നു. അതിന് ഡോക്ടറെ സംബന്ധിച്ചിടത്തോളം വിഷമകരവുമായിരുന്നു.
വേറെ ഒരാളെ വച്ചാൽ അയാൾക്കുള്ള ശമ്പളയിനത്തിൽ അത്രയും രൂപ നഷ്ടപ്പെടുമല്ലോ എന്നോർത്തായിരുന്നു ആ വിഷമം.
അന്നേരം ഭാര്യ ആനി പറഞ്ഞു, ഞാൻ തന്നെ നില്ക്കാം എന്നു .
അതിന് നിനക്ക് നേരാവണ്ണം കണക്കു കൂട്ടാൻ അറിയുമോ?
ഒന്നു പോ മനുഷ്യാ.. എനിക്കു അറിയാം.
എനിക്ക് വിശ്വാസമില്ല... ഡോക്ടർ പറഞ്ഞു.
എന്നെ വിശ്വാസമില്ലേ...? പിന്നെ എന്തു വിശ്വസിച്ചാ എന്നെ കെട്ടിയെ? ആനി ചൂടായി.
നിന്റെ അപ്പൻ നല്ല സ്ത്രീധനം തരും എന്നുള്ള ഓഫർ കണ്ടിട്ടാ ടീ കെട്ടിയെ..
ഓഹോ... അങ്ങനെയാണോ?
പിന്നല്ലാതെ ... പറഞ്ഞിട്ടെന്താ കാര്യം. കിട്ടിയ സ്ത്രീധനം മുഴുവൻ നിന്നെയും, പിള്ളേരേയും പരിപാലിച്ച്, പരിപാലിച്ച് വേഗം തീർന്നില്ലേ.
ഇനി ഇതൊക്കെ പറഞ്ഞ് എന്നോട് എന്തിന് തർക്കിക്കുന്നു. കാല്ക്കുലേറ്റർ ഉപയോഗിക്കാൻ എനിക്ക് അറിയാം. ആ ഒരു യോഗ്യത പോരേ കാഷ്യാറായിട്ട് എന്നെ നിയമിക്കാൻ . വേണോങ്കീ .... മതി. പൈസ പുറത്തോട്ട് പോകാതിരിക്കണമെങ്കിൽ .
ഡോക്ടർ ഒന്നാലോചിച്ചു. ഒരു കണക്കിൽ ആനി പറയുന്നത് ശരിയാണ്. എന്തായാലും അവളെ വയ്ക്കാം. തന്റെ ഒരു കണ്ണ് എപ്പോഴും ആ വശത്ത് ഉണ്ടായാൽ മതീലോ...
അങ്ങനെ ഡോക്ടർ തന്റെ ഭാര്യയെ കാഷ്യറായിട്ടു വച്ചു.
പിന്നെ ഡോക്ടർക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു. മനസ്സിൽ കണ്ടിരുന്ന പ്ലാൻ അനുസരിച്ച് വീടിന്റെ നിർമ്മാണം വളരെ വേഗത്തിലായി.
വീടിന്റെ നിർമ്മാണം കഴിഞ്ഞപ്പോഴേ ക്കും ,
' ചിക്കൻ ഗുനിയ ' നിയന്ത്രണ വിധേയമായിരുന്നു.
വീടിന് എന്തു പേരിടണം എന്നതായിരുന്നു ഡോക്ടറുടെയും, ഭാര്യയുടേയും പിന്നത്തെ ചിന്ത. ഒടുവിൽ അവർ തീരുമാനത്തിലെത്തി. സുവർണ പശ്ചാത്തലത്തിൽ കറുത്ത ലിപികളാൽ പേര് കുറിച്ച് വീടിന്റെ ഗേറ്റിന്റെ മതിലിൽ കുറിച്ചു വച്ചു.
ഡോക്ടറെ കാണാൻ വന്ന രോഗികൾ ഗേറ്റിന്റെ മുന്നിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ വായിച്ചു, " ചിക് ഗുനിയാ വില്ല'' എന്ന്.
സുമി ആൽഫസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot