നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രകാശം പരത്തുന്നവള്‍

Image may contain: 1 person, smiling, selfie, closeup and indoor

---------------------------------------
ആകാശദൂത് സിനിമയിലെ രംഗങ്ങള്‍ കണ്‍മുന്നില്‍ തെളിയുന്നു.
മൂക്കില്‍ നിന്നു രക്തം ഒലിച്ചിറങ്ങുന്ന ആനിയുടെ മുഖം.
കുട്ടികളെ പലരെയും ഏല്പിച്ച ശേഷം വിങ്ങിപ്പൊട്ടുന്ന ആനി.
കുറച്ച് ദിവസമായി ഇതു തന്നെയാണ് പുലര്‍കാല സ്വപ്നത്തിലെ സ്ഥിരം കാഴ്ച.
ഇന്നത്തെ സ്വപ്നത്തിനു മാത്രം ചെറിയൊരു മാറ്റം. ആനിയുടെ മുഖത്തിനു പകരം സ്വന്തം മുഖം. ചുറ്റും തൂങ്ങി നില്‍ക്കുന്ന ലാബ് റിപ്പോര്‍ട്ടുകള്‍. പലതരം മരുന്നുകള്‍.
രാവിലെ അഞ്ചു മണിക്ക് അലാറം കേട്ട് കഷ്ടപ്പെട്ട് കണ്ണുകള്‍ വലിച്ച് തുറക്കുമ്പോള്‍ മൂക്കില്‍ തൊട്ടു നോക്കി രക്തം കിനിയുന്നുണ്ടോ എന്ന്.
ഇല്ല.. കുഴപ്പമൊന്നുമില്ല. പിന്നെയെന്താണ് ഇത്തരം കാഴ്ചകള്‍ ഉറക്കത്തിന്‍റെ മറവു പറ്റി തെളിഞ്ഞു വരുന്നത്.
കുറേ നാളായിട്ട് ശരീരത്തിനു നല്ല ക്ഷീണമുണ്ട്. രാവിലെ കിടക്ക വിട്ട് എഴുന്നേല്‍ക്കുവാന്‍ തോന്നാറില്ല.
പക്ഷേ എഴുന്നേല്‍ക്കാതെ നിവൃത്തിയില്ല. ഇന്ന് രാവിലെ ചെറിയ തലകറക്കവുമുണ്ടായി.
വെെകുന്നരം ഡോക്ടറെ ഒന്നു കാണണം. ഇരുനൂറ് രൂപ ഫീസ് കൊടുക്കണമല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു വെെമനസ്യം. ആ ഇരുന്നൂറ് രൂപയ്ക്ക് പെട്രോളടിച്ചാല്‍ ആറു ദിവസം ഓഫീസില്‍ പോയി വരാം.
വീട്ടു ജോലിയെല്ലാം കഴിഞ്ഞ്, മക്കളെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് ഒന്നു കുളിച്ചെന്ന് വരുത്തി ഓഫീസിലേക്കോടിയപ്പോഴും സ്വപ്നത്തിലെ കാഴ്ചകള്‍ ഉള്ളില്‍ കിടന്നു വിങ്ങുന്നുണ്ടായിരുന്നു.
'ഏതോ അസുഖത്തിന്‍റെ നീരാളിക്കെെകള്‍ വരിഞ്ഞു മുറുക്കാന്‍ പോകുന്നതിന്‍റെ മുന്നോടിയാണോ ഇതൊക്കെ .
അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ നിലച്ചു പോകുന്ന ഒരുപാട് കാര്യങ്ങള്‍..
പാതി വഴിയിലെത്തി നില്‍ക്കുന്ന വീടു പണി. ലോണിന്‍റെ തിരിച്ചടവുകള്‍.. കുട്ടികളുടെ പഠന മോഹങ്ങള്‍.. പിന്നെയുമുണ്ട് നീണ്ട പട്ടിക.
വേണ്ട .. ഒന്നുമോര്‍ക്കണ്ട. അതാണ് നല്ലത്.
കിതച്ചുകൊണ്ട് പടികള്‍ കയറി സീറ്റില്‍ ഇരുന്നതേയുള്ളു. ഫോണ്‍ ശബ്ദിച്ചു.
''മോളേ.. എന്‍റെ കണ്ണിന്‍റെ കാഴ്ച തീര്‍ത്തും മങ്ങിത്തുടങ്ങി.. ഓപ്പറേഷന്‍ വേണ്ടി വരുമെന്നാ തോന്നുന്നത്.''
''ഞാന്‍ വരാം അമ്മേ.. നമുക്ക് നല്ലൊരു ഡോക്ടറെ കാണാം..''
രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ അമ്മയെ പലപ്പോഴും സൗകര്യപൂര്‍വ്വം മറന്നു .
അടുത്ത ഏതെങ്കിലും ദിവസം ലീവെടുത്ത് അമ്മയെ ഡോക്ടറെ കാണിക്കണം.
''എന്താടോ തന്നത്താന്‍ പിറുപിറുക്കുന്നത്..''?
അടുത്ത സീറ്റിലെ സ്മിതയാണ്‌.
''അമ്മയെ ഡോക്ടറെ കാണിക്കുന്ന കാര്യം ഓര്‍ക്കുകയായിരുന്നു.. പ്രാരാബ്ധത്തിനിടയില്‍ അമ്മയുടെ കാര്യം മറന്നു പോയി.''
''പ്രാരാബ്ധമോ ? നിനക്കോ? ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു സമ്പാദിച്ചു കൂട്ടുന്നു. നിനക്ക് അടിച്ചു പൊളിക്കാന്‍ വേണ്ടി മാത്രമല്ലേ ഈ ജോലിക്ക് വരുന്നത്.''
തര്‍ക്കിക്കാന്‍ നിന്നില്ല. തര്‍ക്കിച്ചിട്ട് കാര്യവുമില്ല.. കാണുന്നവരുടെ മുന്‍പില്‍ ഗള്‍ഫുകാരന്‍റെ പരിഷ്കാരിയായ ഭാര്യ. വെറുമൊരു നേരം പോക്കിനു വേണ്ടി മാത്രം ജോലിക്കു പോകുന്നവള്‍. സ്കൂട്ടറില്‍ പാഞ്ഞു പോയി എല്ലാകാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്നവള്‍. മുന്തിയ സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കള്‍. ആനന്ദലബ്ധിക്കിനിയെന്ത് വേണം.?
മനസ്സിലെ സങ്കടങ്ങള്‍ ആരോടും പങ്കുവെയ്ക്കാറില്ല. തുറന്നു പറയാന്‍ മാത്രം അടുപ്പമുള്ള ഒരു കൂട്ടുകാരി പോലുമില്ല. എല്ലാം ഉള്ളിലൊതുക്കുന്നതിനാലാവണം എതൊരു കൊടിയ താപത്തിനും ഉരുക്കികളയാനാവാത്തൊരു മഞ്ഞുമല പോലെ അവയൊക്കെ ഘനീഭവിച്ചു കഴിഞ്ഞിരിക്കുന്നു.
കണ്ണെത്താത്ത ദൂരത്ത് മണലാരണ്യത്തില്‍ കിടന്ന് ചോര വിയര്‍പ്പാക്കുന്നയാളെ വിഷമങ്ങളൊന്നും അറിയിക്കാറില്ല. സ്വകാര്യതയുടെ നേര്‍ത്ത മറ പോലുമില്ലാത്ത ലേബര്‍ ക്യാംപിനുള്ളില്‍ നിന്ന് വരുന്ന ഫോണ്‍ കോളിന് കണ്ണീരൊപ്പാനാവില്ല എന്നറിയാവുന്ന തുകൊണ്ട് വേദനകള്‍ പങ്കുവെക്കാറില്ല എന്നതാണ് സത്യം. വിശേഷങ്ങള്‍ മാത്രം പറഞ്ഞ് സംസാരം അവസാനിപ്പിക്കുമ്പോള്‍ എന്തിനൊക്കെയോ വേണ്ടി തുടിക്കുന്ന മനസ്സിനെ അടക്കി നിര്‍ത്താന്‍ വല്ലാതെ പാടു പെടാറുണ്ട്. ഒടുവില്‍ തലയിണയെ നനയ്ക്കുന്ന കണ്ണുനീര്‍ തുള്ളികളായി അത് പെയ്തൊഴിയുമ്പോള്‍ ഇത്തിരി ആശ്വാസം തോന്നാറുണ്ട്.
എനിക്ക് കിട്ടാതെ പോയ നിറപ്പകിട്ടാര്‍ന്ന ബാല്യവും കൗമാരവും മക്കളിലൂടെ സാക്ഷാത്കരിക്കണമെന്ന മോഹമുള്ളത്കൊണ്ട്, സ്വന്തം മോഹങ്ങള്‍ കുഴിച്ചു മൂടി അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കുന്നു.
പച്ചക്കറിക്കാരനും പാല്‍ക്കാരനും മുതല്‍ അയല്‍പക്കത്തെ വയസ്സന്‍ കാര്‍ന്നോരു വരെയുള്ളവരുടെ വഷളന്‍ നോട്ടങ്ങള്‍ക്കും അര്‍ത്ഥം വെച്ച ചുമകള്‍ക്കുമുള്ള മറുപടിയായി തന്‍റേടം ഭാവിക്കുന്നത് ഉള്ളിന്‍റെയുള്ളില്‍ പേടിച്ചുകൊണ്ടാണ്. കാരണം തനിച്ചു താമസിക്കുന്ന ഗള്‍ഫുകാരന്‍റെ ഭാര്യ എന്നും സമൂഹത്തെ പേടിച്ചേ മതിയാവൂ എന്ന ബോധം മനസ്സിലെന്നോ വേരുറച്ച് പോയി.
ഓരോന്ന് ഓര്‍ത്ത് സമയം പോയതറിഞ്ഞില്ല.
വെെകുന്നേരം അല്പം നേരത്തെയിറങ്ങണം. അതുകൊണ്ട് ജോലിയൊക്കെ പെട്ടെന്ന് തീര്‍ക്കണം. അല്ലെങ്കില്‍ പെര്‍മിഷന്‍ ചോദിക്കാന്‍ ചെല്ലുമ്പോള്‍ മാനേജരുടെ വീര്‍ത്ത മുഖം കാണേണ്ടി വരും.
മോന്‍റെ പിറന്നാളാണ് നാളെ. പുതിയ ഡ്രസ്സും കേക്കുമൊക്കെ വാങ്ങണം. ബര്‍ത്ത് ഡേക്ക് സ്കൂളില്‍ പുത്തനുടുപ്പിട്ട് പോകാം. അതിനാല്‍ നല്ലത് തന്നെ വാങ്ങണം. കൂട്ടുകാര്‍ കളിയാക്കരുതല്ലോ. സ്കൂളില്‍ കൊടുക്കാന്‍ മിഠായിയും വാങ്ങണം. മാസം അവസാനം ആയതുകൊണ്ട് കെെയില്‍ കാശൊന്നുമില്ല.
മോഹന്‍ലാല്‍ പറഞ്ഞത് കേട്ട് കേട്ട് വീട്ടില്‍ സ്വര്‍ണ്ണം വെക്കാന്‍ തോന്നാറില്ല. ആകെ ബാക്കിയുള്ളത് നൂലു പോലുള്ളൊരു താലി മാലയും പാതി ഒടിഞ്ഞ മോതിരവുമാണ്.
നൂലു പോലുള്ള മാലയാണത്രേ ഇപ്പോ ഫാഷന്‍. അതുകൊണ്ട് ആരും സഹതപിക്കാന്‍ വരില്ല അത്രയും ആശ്വാസം.
ഏതായാലും മോതിരം പണയം വെക്കാം.
ജോലി തീര്‍ത്തിട്ടും പെര്‍മിഷന്‍ ചോദിച്ചപ്പോള്‍ മാനേജരുടെ മുഖം വീര്‍ത്തു തന്നെയാണിരുന്നത്. അത് കണ്ടില്ലെന്ന് നടിച്ച് പുറത്തേക്കിറങ്ങി.
പണയം വെച്ചു കിട്ടിയ മൂവായിരം രൂപയുമായി
അടുത്തുള്ള ക്ളിനിക്കിലേക്ക് കയറിച്ചെന്നു. ആദ്യം ഡോക്ടറെ കാണിച്ചിട്ട് സാധനങ്ങള്‍ വാങ്ങാം. ഇരുനൂറ് രൂപയുടെ കാര്യം ആലോചിച്ചപ്പോള്‍ വീണ്ടും മനസ്സിന് വല്ലാത്ത നൊമ്പരം. ഏതായാലും ഡോക്ടറെ കണ്ടു കളയാം എന്തോ അസുഖമുണ്ടെന്നുള്ള സംശയം മാറിക്കിട്ടുമല്ലോ..
''നല്ല രക്തക്കുറവുണ്ട്. ആഹാരമൊന്നും ശരിക്ക് കഴിക്കാറില്ലേ. കുറച്ച് ടെസ്റ്റുകള്‍ ചെയ്യണം. എന്തുകൊണ്ടാണ് രക്തക്കുറവും ക്ഷീണവും എന്ന് കണ്ടുപിടിച്ചിട്ടേ ചികിത്സിക്കാനാവു. പോയിട്ട് ഈ ടെസ്റ്റുകളൊക്കെ ചെയ്തു റിപ്പോര്‍ട്ടുമായി വരൂ..''
ഒന്നും മിണ്ടാതെ ഡോക്ടറുടെ കുറിപ്പടിയും വാങ്ങി തിരിഞ്ഞു നടന്നു. ലാബില്‍ കാണിച്ച് ടെസ്റ്റിന് എത്ര പെെസയാകും എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് ഞെട്ടിപ്പോയി. ആയിരത്തി എണ്ണൂറ് രൂപ.
'നാളെ വരാം' എന്നു പറഞ്ഞ് അവിടുന്നിറങ്ങി താഴേക്ക് വരുമ്പോള്‍ കുറിപ്പടി കീറി കാറ്റില്‍ പറത്താന്‍ മറന്നില്ല..
ചുറ്റുമുള്ളവര്‍ക്ക് വേണ്ടി കത്തിജ്വലിക്കുന്ന സൂര്യനാണ് ഞാന്‍. സ്വയം എരിഞ്ഞടങ്ങുന്നതുവരെ എനിക്ക് പ്രകാശം പരത്തിയേ തീരു.
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot