The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Sunday, September 23, 2018

മാലാഖ


*********************
മരണത്തിനു തൊട്ടു മുൻപുള്ള അവസാന പിടച്ചിൽ ..പ്രാണൻ പൂർണമായും ദേഹം വിടും മുൻപേ മെല്ലെ കണ്ണ് തുറന്നു ഞാൻ .. ആരോ ഹൃദയത്തിൽ തൊട്ടു വിളിച്ച പോലെ ..
മുന്നിൽ വെള്ള വസ്ത്രം ധരിച്ചു .. വെളുത്ത തൊപ്പി അണിഞ്ഞു ..മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ഒരു മാലാഖ ..
" ചേട്ടാ എങ്ങനെ ഉണ്ട് ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ടോ ...??
കാത്തു കാത്തിരുന്ന മരണം ..ഇതിൽ കൂടുതൽ വേറെ എന്താണ് വേണ്ടത് .
" സന്തോഷമായി മാലാഖേ ..."
ഞാൻ സന്തോഷത്തോടെ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു .
" എന്ത് മാലാഖയോ ....ചേട്ടാ എന്റെ പേര് ആനി എന്നാണു ..ഇവിടത്തെ ചാർജ് ഇന്ന് എനിക്കാ .." ഉറക്കെ ചിരിച്ചു കൊണ്ടാണ് അവൾ അത്രയും പറഞ്ഞത് .
മുന്നിലെ ചിത്രം കുറച്ചു കൂടി വ്യക്തമായി ..ഞാൻ കിടക്കുന്നത് സ്വർഗത്തിലോ നരകത്തിലോ അല്ല .ഏതോ ആശുപത്രിയുടെ മുഷിഞ്ഞു, മനം മടുപ്പിക്കുന്ന ഗന്ധമുള്ള ഏതോ വാർഡിലാണ് ...ഞാൻ ചുറ്റും ഒന്നുകൂടി നോക്കി ..അതെ ആശുപത്രി തന്നെ ... കണ്ണ് ഇറുക്കി അടച്ചു തുറന്നു അവളെ നോക്കി ...ശരിയാ ..ചിറകുകൾ ഇല്ല..ഇവൾ മാലാഖ അല്ല ..നേഴ്സ് തന്നെ ...
"അപ്പൊ ഞാൻ മരിച്ചില്ലേ .... ??"
തെല്ലു ജാള്യതയോടെ ഞാൻ അവളെ നോക്കി ..
"ഇല്ല ..പക്ഷെ മരിച്ചേനെ ഒരു അഞ്ചു മിനിറ്റ് കൂടി താമസിച്ചിരുന്നു എങ്കിൽ ... എന്തിനാ ചേട്ടാ ഈ ആവശ്യം ഇല്ലാത്ത പണിക്കു പോണേ..ദൈവം തന്ന ആയുസ്സ് ദൈവം തന്നെ എടുത്തോളും ...മരണത്തോടെങ്കിലും ആക്രാന്തം കാണിക്കാതെ ഇരുന്നൂടെ .."
എന്തൊക്കെയോ മരുന്നുകൾ എടുത്തു വെച്ച് കൊണ്ട് അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു..ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി സംസാരിക്കുമ്പോൾ ഇല്ല..
" കൈ നേരെ വെയ്ക്ക്..."
കൈയ്യിലൂടെ ഇളം മഞ്ഞ നിറമുള്ള എന്തോ മരുന്ന് കുത്തി വെച്ച് കൊണ്ട് അവൾ പറഞ്ഞു ..
"ചേട്ടാ ... മരിയ്ക്കാൻ വളരെ എളുപ്പാമാണ് ... ജീവിക്കാൻ കുറച്ചു കഷ്ടപെടണം ..മടിയൻ ആകാതെ ജീവിച്ചു കാണിക്കൂ ... ഓരോ മനുഷ്യ ജീവിതവും അത്രയ്ക്ക് വിലപ്പെട്ടതാണ്‌ ..."
അവൾ ട്രേയുമായി തിരിഞ്ഞു നടന്നു ..
"ഞാൻ വൈകുന്നേരം വരാം ."..
വീണ്ടും ഒന്നുകൂടി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അവൾ നടന്നു മറഞ്ഞു .
ഞാൻ മെല്ലെ കണ്ണുകൾ അടച്ചു ..നിനക്ക് എന്തറിയാം കുട്ടി ..എന്റെ പ്രശ്നങ്ങൾ .. മരണമല്ലാതെ എനിക്ക് മുന്നിൽ വേറെ വഴി ഒന്നുമേ ഇല്ല.. സ്വസ്ഥമായി മരിക്കാനും സമ്മതിക്കില്ല..ഒരു അഞ്ചു മിനിറ്റ് ..കഷ്ടം .കണ്ണുകൾ അടഞ്ഞു പോകുന്നു .
"ഹലോ .. ചേട്ടാ ..ഞാൻ പോകുവാ എന്റെ ഡ്യൂട്ടി കഴിഞ്ഞു .."
ഞാൻ കണ്ണ് തുറന്നു ..മുന്നിൽ മാലാഖ ..അല്ല ആനി..
" ശരി മാലാഖേ .." ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ശരി ..ശരി .." ചിരിച്ചു കൊണ്ടവൾ നടന്നു മറഞ്ഞു .
എന്ത് ഭംഗിയാ ആ നുണക്കുഴികൾ കാണാൻ . മരിക്കാൻ പോകുന്നവന് പ്രണയമോ ...ഹെയയ് ..ഇവിടെന്നു ഇറങ്ങിയാൽ മരിയ്കാൻ ഉള്ള അടുത്ത വഴികൾ കണ്ടു പിടിക്കണം ... ആർക്കും ഭാരമാകാൻ വയ്യ ..
പിറ്റേ ദിവസം ...
"അല്ല ചേട്ടാ ..ചേട്ടൻ എന്തിനാ മരിക്കാൻ ശ്രമിച്ചേ ... "
ആനി ചിരിച്ചു കൊണ്ട് എന്നോട് ..
"ചുമ്മാ ഒരു രസം ...മരണം എന്താ എന്നറിയാൻ ഉള്ള ഒരു ആഗ്രഹം .."
ചിരിച്ചു കൊണ്ട് ഞാനും ...
"ആഹാ ..എന്താ കോമഡി ...."
ദേഷ്യപ്പെട്ടു കൊണ്ട് അവൾ തിരിയാൻ തുടങ്ങവേ ..ഞാൻ കൈയ്യിൽ കയറി പിടിച്ചു ...അവൾ നിന്നു ..എന്റെ മുഖത്തേക്ക് നീണ്ട ഒരു കൂർത്ത നോട്ടം ..
"സോറി ...." കൈ വിട്ടു കൊണ്ട് ഞാൻ പതിയെ പറഞ്ഞു
" കാരണങ്ങൾ ഒരുപാട് ഉണ്ട് കുട്ടി ..ജീവിക്കാൻ ഒരു കാരണം കൂടി ഇല്ല ..
അവൾ ചിരിച്ചു കൊണ്ട് ..മെല്ലെ എന്റെ കൈയ്യിൽ തട്ടി ..
" ചേട്ടാ .. മരിക്കാനുള്ള കാരണങ്ങൾ പലപ്പോഴും നമ്മെ തേടി വരും.പക്ഷെ ജീവിക്കാൻ ഉള്ളത് നമ്മൾ കണ്ടെത്തണം ... സ്വന്തം ജീവിതത്തെ സ്നേഹിക്കൂ.. ചേട്ടന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് ..അതാ മരിയ്ക്കാതിരുന്നെ ..ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ.."
ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്ന വാക്കുകൾ.
ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി ഇതുവരെ കാണാതിരുന്ന എന്തോ ഒരു പ്രകാശം ... ഇവൾ ആനി അല്ല ..മാലാഖ തന്നെ.. മെല്ലെ ഒന്ന് കണ്ണടച്ച് കാണിച്ചു..കൈകൾ ചേർത്ത് ഒന്നമർത്തി ..അവൾ പുറത്തേക്കു പോയി.
എത്ര വയസ്സ് കാണും ആനിക്ക്.. ?? കല്യാണം കഴിച്ചത് ആയിരിക്കുമോ..??
അല്ല ഇതൊക്കെ എന്തിനാ ഞാൻ ആലോചിക്കുന്നെ ..ഞാൻ തിരിഞ്ഞു കിടന്നു..അപ്പോൾ മനസ്സിൽ ചോദ്യം മറ്റൊന്നായിരുന്നു.. " അല്ല മരിയ്ക്കണോ..??
"ചേട്ടാ ..ഇന്ന് ഡിസ്ചാർജ് ആണ് .... "
മെല്ലെ മയങ്ങി തുടങ്ങിയ എന്നെ അവൾ വിളിച്ചുണർത്തി .
"ഇന്നോ ..." .. ഞാൻ അത്ഭ്തപെട്ടു .
" അതെന്താ ഇവിടെന്നു പോകണ്ടേ ..." വേഗം വീട്ടിൽ പോയി..മടി ഒക്കെ മാറ്റി..ഒന്ന് നന്നായി ജീവിക്ക് മാഷെ ..."
ഞാൻ അവളിലേക്ക്‌ കണ്ണുകൾ പാകി മെല്ലെ ചാരി ഇരുന്നു .
" ചേട്ടാ .. ഇനി മരിയ്ക്ക്ണം എന്ന് തോന്നുമ്പോൾ എന്നെ ഓർത്താൽ മതി ...മരിയ്ക്കാൻ തോന്നൂല....സത്യം..ഇങ്ങനെ ഓരോ ചെറിയ വിഷമം വരുമ്പോൾ മരിയ്ക്കാൻ ആണെങ്കിൽ ഞാൻ ഒക്കെ ഒരു പത്തു വട്ടം മരിയ്‌ക്കേണ്ട സമയം കഴിഞ്ഞു .. മരണം അവസാനമാണ് ചേട്ടാ...വരാൻ ഇരിയ്കുന്ന ഒരുപാട് സൌഭാഗ്യങ്ങളുടെ ... ഇനി ഇങ്ങനെ ഇങ്ങോട്ട് വരരുത് കേട്ടോ .."
മുഖത്ത് ഗൌരവം.. ഞാൻ മെല്ലെ ചിരിച്ചു ...
" ഇല്ല വരില്ല..സത്യം ...."
ആശുപത്രിയുടെ നടകൾ ഇറങ്ങുമ്പോൾ ...ഞാൻ തിരിഞ്ഞു നോക്കി..പിന്നിൽ..നിറയെ നിലാവ് പൂത്ത പോലെ ചിരിച്ചു കൊണ്ട് അവൾ നിന്നു കൈ വീശുന്നു ..ഞാനും കണി വീശി കാണിച്ചു ...
അപ്പോൾ എന്റെ മനസ്സ് മെല്ലെ പറഞ്ഞു ..
" സോറി കുട്ടി ...ഞാൻ ഇനിയും വരും....ഈ മാലാഖകുട്ടിയോട് എന്റെ കൂടെ പോരുന്നോ എന്ന് ചോദിയ്ക്കാൻ .."
മനസ്സിൽ മെല്ലെ പറഞ്ഞു ഉറച്ച കാലടികളുമായി ഞാൻ നടന്നു ..ജീവിക്കാൻ ഉള്ള ആവേശവുമായി ...ആഗ്രഹവുമായി ...മനസ്സിൽ, ചിരിയ്ക്കുമ്പോൾ തെളിയുന്ന ആ നുണകുഴികൾ തെളിഞ്ഞു നിന്നു ..
(അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം ( 2015 )
( മരണത്തെ തിരിച്ചയച്ചു സ്നേഹത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന നല്ല മനസ്സുള്ള എന്റെ നേഴ്സ് കൂട്ടുകാര്ക്കായി)

No comments:

Post Top Ad

Your Ad Spot