നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുള്ളുമല ഡയറീസ്....ഒരു താരോദയം

Image may contain: Ajoy Kumar, beard, closeup and indoor

റെയിൽവേയിൽ നിന്നും ഡെപ്പ്യൂട്ടേഷനിൽ പുനലൂർ ഫാമിങ് കോർപ്പറേഷനിൽ എസ്റ്റേറ്റ് മാനേജർ ആയി കുറച്ചു കാലം വർക്ക് ചെയ്‌തപ്പോൾ ഉള്ള കാര്യങ്ങൾ ,എന്ന് വെച്ചാൽ കുഞ്ഞു കുഞ്ഞു സംഭവങ്ങൾ ഭാവന ചേർത്ത് വറുത്തെടുത്തത് മുള്ളുമല ഡയറീസ് എന്ന പേരിൽ എഴുതിയിട്ടുണ്ട്,അതിൽ ചിലത് ഇവിടെ ഇടാം
നീളക്കൂടുതൽ ഉണ്ട്, പക്ഷെ പൊട്ടിച്ചിരി ഗ്യാരന്റീഡ്
മുള്ളുമല ഡയറീസ്....ഒരു താരോദയം
**************************
താമസിക്കാൻ വലിയ എസ്റ്റേറ്റ്‌ ബംഗ്ലാവുണ്ട്,ആഹാരം വെച്ച് തരാൻ സ്വന്തം കുക്ക് ഉണ്ട്,കാണാൻ ടീ വി ഉണ്ട്,വീ സീ ആർ ഉണ്ട്, സ്വന്തമായി വാഹനം ഉണ്ട്, ആയിരത്തി അഞ്ഞൂറ് പേരെ ഭരിക്കാം ,എന്നെല്ലാം ഉള്ള എം ഡിയുടെ പഞ്ചാര വാക്കുകൾ കേട്ടപ്പോൾ ആണ് ഞാൻ റെയിൽവേയിൽ നിന്നും ഫാമിംഗ് കൊർപ്പറേഷനിലെക്കു ഡെപ്യൂട്ടെഷനിൽ പോയത്, പേർസണൽ മാനേജ്‌മന്റ്‌ ,ഇൻഡസ്ട്രിയൽ ലാ എന്നിവയിൽ ഒക്കെ പീ ജി ഉള്ളത് കൊണ്ടാണ് സംഗതിക്ക് അപ്ലൈ ചെയ്യാൻ പറ്റിയതും ,സെലെക്ഷൻ കിട്ടിയതും
ജോലിയുടെ രീതികൾ ഒക്കെ എങ്ങനെ എന്ന് അച്ഛനും അമ്മയും ശ്യാമയും ചോദിച്ചപ്പോളൊക്കെ ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ആണ് ആവർത്തിച്ചു കൊണ്ടിരുന്നത്,
താമസിക്കാൻ വലിയ എസ്റ്റേറ്റ്‌ ബംഗ്ലാവുണ്ട്,ആഹാരം വെച്ച് തരാൻ സ്വന്തം കുക്ക് ഉണ്ട്,കാണാൻ ടീ വി ഉണ്ട്,വീ സീ ആർ ഉണ്ട്, സ്വന്തമായി വാഹനം ഉണ്ട്, ആയിരത്തി അഞ്ഞൂറ് പേരെ ഭരിക്കാം
പക്ഷെ അത് കൊണ്ടെന്താ, എത്ര പുതിയ കഥാപാത്രങ്ങൾ,സംഭവങ്ങൾ ഒക്കെ ആണ് മുള്ളുമല എന്ന എസ്റ്റേറ്റും ജീവനക്കാരും കൂടെ ആ അഞ്ചു വർഷത്തിൽ എനിക്ക് സമ്മാനിച്ചത്‌ എന്നറിയാമോ, ഒരു ബുക്ക്‌ എഴുതാം വേണമെങ്കിൽ.
ചെന്ന് പുനലൂർ ഹെഡ് കൊട്ടെഴ്സിൽ ജോയിൻ ചെയ്ത ഉടനെ ഒരു സ്റ്റാഫ്‌ എന്നെ കൊണ്ട് ഒരു ആന ബൈക്ക് കാണിച്ചു തന്നു,
ദോണ്ടേ സാറിന്റെ ബുള്ളറ്റ്, ഇത് ഓടിച്ചങ്ങു എസ്റ്റേറ്റിൽ പോയാട്ടെ
ഞാൻ ഞെട്ടിപ്പോയി,അന്നൊക്കെ ബുള്ളറ്റ് കണ്ടാലേ എനിക്ക് പേടി ആയിരുന്നു, ആ കാലത്തേ എന്റെ ശരീര പ്രകൃതിയും അങ്ങനെ ആയിരുന്നല്ലോ, ഞാൻ പതുക്കെ പാപ്പാൻ ആനയെ ചുറ്റി നടന്നു നോക്കുമ്പോലെ ആ ബൈക്ക് നോക്കി,എന്നിട്ട് ചോദിച്ചു,
എനിക്ക് ജീപ്പ് ഇല്ലേ? ഉണ്ടെന്നാണല്ലോ ഇന്റർവ്യൂ സമയത്ത് എം ഡി പറഞ്ഞത്,
അപ്പോൾ അയാൾ പറഞ്ഞു,സാർ അത് ഗ്രൂപ്പ് മാനേജറിന് ആണുള്ളത്, സാർ ഒരു എസ്റ്ററ്റിന്റെ മാനേജർ അല്ലെ,സാറിനു ഗ്രൂപ്പ് ചാർജ് കിട്ടുമ്പോൾ ജീപ്പ് കിട്ടും,
ഓഹോ അങ്ങനെ ആണല്ലേ, ബുള്ളറ്റെങ്കിൽ ബുള്ളറ്റ് , ഞാൻ പതിയെ ആ ബൈക്കിൽ കയറി ഇരുന്നു,സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് കിക്കറിൽ ഒരൊറ്റ ചവിട്ട്, പിന്നെ എന്താണ് സംഭവിച്ചത് എന്നറിയില്ല, എന്റെ കാൽ മുട്ട് തന്നെ പോയ്‌ എന്റെ താടിയിൽ ഒരിടി,ഹോ, കണ്ണിൽ പൊന്നീച്ച കൂട്ടം കൂട്ടമായി പറന്നു.
അയാൾ ഓടി വന്നു ചോദിച്ചു,ഇതെവിടെന്നാ സാറെ ഇത്രയും പൊന്നീച്ച,
എന്റെ കണ്ണീന്ന്
എന്ത് പറ്റി
അറിയില്ല, കിക്കറിൽ ഞാൻ ചവിട്ടി, അത് എന്റെ താടിക്കു ചവിട്ടി
അയ്യോ സാറെ ആമ്പിയർ നൊക്കീല്ലെ?
എന്തിന്? ? എന്റെ ആമ്പിയർ അത്ര മോശമൊന്നുമല്ല, എനിക്ക് ദേഷ്യം വന്നു
അയ്യോ സാറെ അതല്ല,ബൈക്കിന്റെ ആമ്പിയർ ന്യൂട്രൽ അല്ലെങ്കിൽ അത് തിരിച്ചടിക്കും,
അപ്പൊ അതാണ് സംഗതി, പഴയ സിനിമയിലെ നസീറിനെ പോലെ ആണ് കക്ഷി, ചവിട്ടിയാൽ തിരിച്ചടിക്കും,ഓരോ ബൈക്കുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നു, നാശം,
അങ്ങനെ ആമ്പിയർ ഒക്കെ നോക്കി ചവിട്ടി സ്റ്റാർട്ട്‌ ആക്കി ഞാൻ അതും ഓടിച്ചു പോയി,സത്യം പറഞ്ഞാൽ ഞാൻ ഓടിച്ച വഴി ഒന്നുമല്ല ആ കുന്തം പോയത്, മദമിളകിയ ആനയെ പോലെ അതിനു തോന്നിയ വഴി ആണ് പോയത്,കാടും പടലും ഒക്കെ ഇളക്കി ഞാൻ വല്ല വിധവും ഏതോ ഊടുവഴിയിൽ കൂടിയൊക്കെ മുള്ളുമല ഗസ്റ്റ് ഹൌസിൽ എത്തി.പെട്ടിയും മറ്റു സാധനങ്ങളും പുറകെ ഒരു പിയൂണ്‍ കൊണ്ട് വന്നോളാം എന്നെറ്റിരുന്നു,
ചെന്ന് നോക്കിയപ്പോൾ സംഗതി കൊള്ളാം ,കാടിന് നടുവിൽ എണ്ണൂറ് ഏക്കർ എസ്റ്റേറ്റ്‌,അതിനു നടുവിൽ ഒരു അടിപൊളി ഗസ്റ്റ് ഹൌസ്,അല്പം അകലെ പണി തീരാത്ത മാനേജരുടെ ബംഗ്ലാവ്, ഞാൻ ഇറങ്ങി വിഹഗ വീക്ഷണം നടത്തി, ആഹഹ, നല്ല സെറ്റപ്പ് .സിനിമയിൽ ഒക്കെ നായകന് വന്നിറങ്ങാൻ പറ്റിയ രംഗം,
അടുക്കളയിൽ നിന്നും പുക ഉയരുന്നു, പുതിയ ചെറുപ്പക്കാരൻ മാനേജർ വരുന്ന വിവരം അറിഞ്ഞു കാണും, നല്ല കുക്ക്, പാവം, ഏതോ ഒരു വർഗീസ്‌ ആണ് ഇവിടെ എന്റെ കാര്യങ്ങൾ നോക്കുന്നത് എന്ന് പറഞ്ഞിരുന്നു,കെയർ ടേക്കർ കം കുക്ക് , വെടി ഇറച്ചി ഒക്കെ കിട്ടുമായിരിക്കും, എന്റെ വായിൽ വെള്ളം നിറഞ്ഞു
ഞാൻ ദേഹമൊക്കെ ഒന്ന് തലോടി,ശ്രീനിവാസൻ തലയിണ മന്ത്രത്തിൽ പറഞ്ഞ പോലെ സ്വയം പറഞ്ഞു, ഇനി കുറച്ചു എക്സെർസൈസ് ഒക്കെ എടുക്കണം,
കാളിംഗ് ബെൽ അടിച്ചപ്പോൾ ആരും വരുന്നില്ല,പിന്നെ ആണ് ഓർത്തത്‌ അവിടെ കറന്റ് എത്തിയിട്ടില്ല, ലൈൻ വലിച്ചു വരുന്നതെ ഉള്ളു, ഒരു വർഷം കഴിയണം കറന്റ് കിട്ടാൻ ,അത് വരെ രാത്രി ആവുമ്പോൾ അവിടെ വെച്ചിട്ടുള്ള ഒരു ഭീകര ജെനറെറ്റർ ഓൺ ചെയ്യും,ഗസ്റ്റ് ഹൌസ്,ലേബർ ലയങ്ങൾ എന്നിവിടങ്ങളിൽ വെളിച്ചം തരാൻ,പത്തു മണിക്ക് ഓഫ്‌ ചെയ്യും,പിന്നെ കുറ്റാക്കുറ്റിരുട്ടാണ് .ഞാൻ കതകു തുറന്നു അകത്തു കയറി,നല്ല നാല് ബെഡ് റൂമുകൾ,ടീ വി വീ സീ ആർ ,എല്ലാം ഉണ്ട്,കറന്റ് മാത്രം ഇല്ല,
നടന്നു നടന്നു അടുക്കളയിൽ എത്തി, അവിടെ അതാ ചെ ഗു വെര നിൽക്കുന്നു, ഞാൻ ഞെട്ടി ഒന്ന് കൂടി നോക്കി, അല്ല, ചെ ഗു വെര യല്ല , ചെ ഗു വെരയെ പോലെ ഒരാൾ,ഞാൻ മുരടനക്കി, അയാൾ എന്നെ തുറിച്ചു നോക്കി,
ഞാൻ പറഞ്ഞു .ഞാൻ അജോയ് കുമാർ, പുതിയ മാനേജർ,
അയാൾ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു,
ഞാൻ വർഗീസ്‌,കുക്കർ ആണ്.
കുക്കറോ, ഞാൻ കണ്ണ് തള്ളി
എന്ന് വെച്ചാൽ കുശിനിക്കാരൻ എന്നുള്ളതിന്റെ ഇംഗ്ലീഷ് ആണ് , സാർ ആഹാരം കഴിച്ചാരുന്നോ ,
ഞാൻ പറഞ്ഞു ഇല്ല, എന്താണ് സ്പെഷ്യൽ?
ഓ എന്നാ സ്പെഷ്യലാ എന്നത്തേം പോലെ കഞ്ഞീം പയറും,
പഴയ മലയാളം സിനിമകളിലെ പോലെ സ്റ്റിൽ ആയ എന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് മുഖത്തിനു മുകളിൽ അഗ്നി പർവതം പൊട്ടിത്തെറിച്ചു, കടൽ ആഞ്ഞടിച്ചു
ദൈവമേ,എന്റെ വെടി ഇറച്ചി....
ഞാൻ കരയാറായ മുഖത്തോടെ പറഞ്ഞു ,ഞാൻ കഞ്ഞി കുടിക്കില്ല,കുർക്കറേ ..അല്ല കുക്കേ
എന്നാ പിന്നെ അത് വടിച്ചു ചോർ ആക്കാം,"" ചെ"" നിർവികാരമായ മുഖത്തോടെ പറഞ്ഞു,
അപ്പൊ എനിക്ക് കുറച്ചു ആശ്വാസമായി,കറികൾ ? ഞാൻ പ്രത്യാശയോടെ വർഗീസിനെ നോക്കി,
അതെല്ലാം ശെരിയാക്കാം സാർ കുളിച്ചിട്ടു വാ,
ഞാൻ ഓടിപ്പോയി വേഷം എല്ലാം മാറി കുളിക്കാൻ പോയി, സോപ്പ് തേക്കുമ്പോൾ കാട് കറുത്ത കാട് എന്ന പാട്ട് ഉറക്കെ പാടി വർഗീസിനെ ഇമ്പ്രെസ്സ് ചെയ്യാൻ പ്ലാൻ ഇട്ടാണ് പോയത്, പക്ഷെ ഷവർ തുറന്നപ്പോൾ ഐസ് വാട്ടർ പോലത്തെ വെള്ളം തലയിൽ വീണു,അപ്പോൾ കഹഹഹഹാട് കഹഹഹറുത്ത കഹഹഹഹാട് എന്നായിപ്പോയി പാട്ട്,
ഉള്ള മാനം കളയണ്ട എന്ന് കരുതി ഞാൻ വേഗം കുളി കഴിച്ചു ഡൈനിങ്ങ്‌ ടേബിളിൽ പോയിരുന്നു, വർഗീസ്‌ ഒരു പാത്രത്തിൽ ചോറ് കൊണ്ട് വെച്ചു, ഞാൻ എത്തി നോക്കി, വേറെ ഒരു പാത്രത്തിൽ കുറച്ചു പയറും അച്ചാറും, കാത്തിരുന്നിട്ടും കൂടുതലായി ഒന്നും വരുന്നില്ല,
ഞാൻ ചോദിച്ചു ...ഒഴിക്കാൻ?
ഓ, ഒഴിക്കാൻ ഒന്നുമില്ല സാറെ,ആ പയർ എടുത്തിട്ട് നല്ലോണം ഞരടി അങ്ങ് കഴിക്ക് ,അല്ലെങ്കിൽ ഒരു ഉരുള ചോറ് വിഴുങ്ങിയിട്ട് , ആ അച്ചാർ എടുത്തു അണ്ണാക്കിൽ തേച്ചാലും മതി ,
എനിക്ക് ഉടനെ അമ്മയെയും ശ്യാമയെയും കാണണം എന്നും, ഉറക്കെ പൊട്ടിക്കരയണമെന്നും തോന്നി ,പക്ഷെ രണ്ടും ചെയ്യുന്നതിന് പകരം ഞാൻ ആ ചോറും പയറും തൊണ്ട തൊടാതെ വിഴുങ്ങി വെള്ളവും കുടിച്ചു
അതിനിടയിൽ ചോദിച്ചു, രാത്രി?
രാത്രി?
കഴിക്കാൻ
ഇത് അങ്ങോട്ട് ഇറങ്ങട്ടെ സാറെ, പിന്നെ ആലോചിച്ചാൽ പോരെ
ഹിഹിഹി, അതല്ല, ചുമ്മാ അറിയാൻ...
ചത്താപ്പി
ങേ?
ചപ്പാത്തീന്ന്
ആഹാര ശേഷം അന്ന് വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ ഞാൻ കിടന്നുറങ്ങി, പിന്നെ രാത്രി ആയപ്പോൾ ആണ് എണീറ്റത്, എണീറ്റ്‌ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും വിശപ്പ്‌,രാത്രി എട്ടു മണി ആയപ്പോൾ ചെ വർഗീസ്‌ വന്നു വിളിച്ചു ,
സാറെ അത്താഴം റെഡി,
ഞാൻ ഓടിച്ചെന്ന് ഇരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ വർഗീസ്‌ ഒരു ചുവന്ന പ്ലാസ്റിക് പാത്രത്തിന് മുകളിൽ മൂന്നു ചെറിയ ബ്രൌൺ പ്ലാസ്റിക് പാത്രങ്ങൾ കൊണ്ട് വെച്ചു,കൂടെ ഒരു സവാളയും, എന്നിട്ട് എതിരെ ഉള്ള ചുമരിലേക്കു തുറിച്ചു നോക്കി ഒരു നിൽപ്പും,
ഞാനും തിരിഞ്ഞു ചുമരിൽ സൂക്ഷിച്ചു നോക്കി, ഒന്നും കാണുന്നില്ല,ഞാൻ ചോദിച്ചു,
എന്താ അത്താഴം ഇല്ലേ?
അത്താഴം അല്ലെ ഈ ഇരിക്കുന്നത്,
ഏത്? ഈ പ്ലാസ്റിക് പാത്രമോ?
സാറെ അത്രക്കങ്ങു കളിയാക്കണ്ട, അത് ചപ്പാത്തി ആണ്, കണ്ടാൽ അറിഞ്ഞൂടെ ?,
ഓഹോ, അപ്പൊ ഈ മൂന്നു ബ്രൗൺ പ്ലാസ്റ്റിക് പാത്രങ്ങൾ ചപ്പാത്തി ആണ്,നടുക്ക് ഓട്ട ഇട്ടാൽ ശെരിക്കും വിഷ്ണുവിന്റെ ചക്രം പോലെ ഉപയോഗിക്കാം, എതിരാളിയുടെ കഴുത്ത് മുറിഞ്ഞു പോകും,അത് ചുറ്റിക വെച്ച് പൊട്ടിച്ചു തിന്നണം, കൂടെ കടിക്കാൻ സവാള, നാളെ തന്നെ പണി മതിയാക്കി പോയാലോ? സാമൽപട്ടിയിലെ ആഹാരം എത്രയോ ഭേദം .ഞാൻ ആലോചിച്ചു,
ഏതായാലും രണ്ടും കല്പ്പിച്ചു ഞാൻ ആ സാധനം ഒടിച്ച് ഒടിച്ച് വിഴുങ്ങി, കൂട്ടത്തിൽ ആ മുഴുത്ത സവാളയും , പെട്ടെന്നുള്ള എന്റെ ആ മനം മാറ്റത്തിന് കാരണം ഉണ്ട്,
വർഗീസ്‌ ഒരു നെക്സൽ നേതാവ് ആണ് പോലും,വലിയ വിപ്ലവകാരി , അത് കൊണ്ടാണ് ഓഫീസിൽ നിന്നും മാറ്റി ഇവിടെ എസ്റ്റെറ്റിൽ കുക്കർ ആക്കിയത്.ഞാൻ എങ്ങനെ എങ്കിലും ജീ എമ്മിനോട് പറഞ്ഞ് അയാളെ തിരികെ ഓഫീസിലേക്ക് വിടണം,അല്ലെങ്കിൽ അയാൾ ഒരു മുഴുനീള തീവ്രവാദി ആയി മാറിപ്പോവും
ആ സാധനം വേണ്ടെന്നു വെച്ച് എണീറ്റ്‌ പോകാൻ പ്ലാൻ ചെയ്തു കൊണ്ടിരുന്നപ്പോൾ വർഗീസ്‌ തന്നെ പറഞ്ഞതാണ് ഈ കാര്യങ്ങൾ അത് കേട്ട ഉടനെ ഞാൻ പറഞ്ഞു ഏറ്റു വർഗീസ് ഏറ്റു, വൈദ്യൻ കല്പ്പിച്ചതും രോഗി ഇച്ഛിച്ചതും ഹോർലിക്സ് എന്ന് പറഞ്ഞ പോലെ ആയി, ഈ മാരണം പോയാൽ എന്തെങ്കിലും നല്ലത് തിന്നാൻ കിട്ടും
രാത്രി അവിടെ ഉള്ള പ്രശ്നം,ഒന്ന് ഒടുക്കത്തെ തണുപ്പ്, പിന്നെ ചെള്ള് എന്ന ഒരു സാധനം,റബ്ബറിൽ വളരുന്ന ഒന്നാണ് ഈ സാധനം,രാത്രി ആയാൽ ജന്നലിന്റെ ഇടയിൽ കൂടി ഒക്കെ കയറി വരും,എന്നിട്ട് ഉറങ്ങുന്നവരുടെ ചെവിയിൽ കയറി പോകും,വാ ഉൾപ്പടെ വേറെ എവിടെയൊക്കെ തുറന്നു കിടന്നാലും അത് കയറില്ല, അതിനു ചെവി മാത്രം മതി ,കഴിഞ്ഞ ജന്മം കേൾവി ശക്തി ഇല്ലാതെ മരിച്ചവർ ആണെന്ന് തോന്നുന്നു ചെള്ളുകൾ ആയി പുനർജനിക്കുന്നത് , അല്ലെങ്കിൽ ഈ ചെവിയെ കിട്ടിയുള്ളോ അതിനു കേറി പോകാൻ?
ഈ കുന്തം ചെവിയിൽ കേറി കഴിഞ്ഞാൽ ഉടനെ ആ ആൾ ചാടി എണീറ്റ്‌ ഭരതനാട്യം, കഥക് ,ഒഡീസ്സി ,കുച്ചിപ്പുടി ,ഡപ്പാംകുത്ത് എല്ലാം കൂടെ ചേർന്ന ഒരു പ്രത്യേക നൃത്ത രൂപം കാഴ്ച വെക്കുമത്രെ,ആന പിടിച്ചാലും ആൾ നില്ക്കില്ല,അത്ര വെപ്രാളം ആണ് ,പിന്നെ വെളിച്ചെണ്ണ ചൂടാക്കി ചെവിയിൽ ഒഴിച്ചാൽ ചെള്ളിനു സൗകര്യം ഉണ്ടെങ്കിൽ ചത്തോ ചാവാതെയൊ ഇറങ്ങി വരും, അഥവാ ആ കുന്തം വരാതെ അകത്തു സെറ്റിൽ ആയാൽ ആ ആൾ ഒരു നൃത്ത അദ്ധ്യാപകൻ ആയി വല്ല കലാമണ്ടലത്തിലും പോയി ചേരുന്നതാവും നല്ലത്
വർഗീസ്‌ ഒക്കെ ചെവിയിൽ ചെള്ള് കേറുന്ന ദിവസങ്ങളിൽ ഇവിടെ ഡാൻസ് ക്ലാസ്സ്‌ നടത്തിയതാണത്രേ,എന്നെക്കൊണ്ട് അതിനു സൌകര്യമില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ കുറെ പഞ്ഞി എടുത്തു ചെവിയിൽ കുത്തിക്കേറ്റി വെച്ചു ,എന്നിട്ട് ഒരു തോർത്തും എടുത്തു കെട്ടി, കണ്ണാടിയിൽ കണ്ട എന്റെ രൂപം കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി, ഹൊറിബിൾ.
രാത്രി കിടക്കാൻ നേരം അടുക്കളയിൽ നിന്നും പാത്രം കഴുകിക്കൊണ്ട് വർഗീസ്‌ ഉറക്കെ പാടുന്നു, ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു ,ഉയരുന്നു.. ഉയരുന്നു ..അവർ രണാങ്കണത്തിൽ പടരുന്നു....
ഞാൻ പതുക്കെ എണീറ്റ്‌ കിടപ്പ് മുറിയുടെ കതകടച്ചു കുറ്റി ഇട്ടു,ഇനി രാത്രി വിപ്ലവം തലയ്ക്കു പിടിച്ചു മൂരാച്ചി മാനേജർ ആയ എന്റെ തല വെട്ടിയലൊ? ഓരോരോ മാരണങ്ങൾ
ഒരു കാട്ടാന ഓടിക്കുന്നതും സ്വപ്നം കണ്ടു ഞാൻ കൂർക്കം വലിച്ചു കിടന്നുറങ്ങവേ എന്തോ കാലിൽ ചുരണ്ടുന്നു, എന്റമ്മോ എന്ന് അലറി ഞാൻ ഞെട്ടി ഉണർന്നപ്പോൾ ഒരു രൂപം തലയിൽ മഫ്ളറും കെട്ടി നിൽക്കുന്നു,
ആരാ? ഞാൻ ചോദിച്ചു
അലി ഹുസൈൻ ,
എന്ന് വെച്ചാൽ?
സാറിന്റെ ഓഫീസിലെ പിയൂൺ
എന്താ അഹി ലുസൈനെ ,കാലത്ത് അഞ്ചു മണി അല്ലെ ആയുള്ളൂ?
കട്ടൻ കാപ്പിയും കൊണ്ട് വന്നതാ , എണീറ്റ്‌ ബ്ലോക്കിൽ പോണ്ടേ സാറെ ,
ബ്ലോക്ക് എന്ന് വെച്ചാൽ ഒരു ടാപ്പറിന് ഒരു ദിവസം ടാപ്പ്‌ ചെയ്യേണ്ട ഏരിയ ആണ്, ആയിരം പേർക്കും ഇങ്ങനെ ഉള്ള ബ്ലോക്കുകൾ ഉണ്ട്, അവിടെ ഏതിലെങ്കിലും കാലത്തേ അഞ്ചു മണിക്ക് സർപ്രൈസ് ആയി മാനേജർ പോണം,എല്ലാ മരവും ടാപ്പ്‌ ചെയ്തോ അതോ മടി കാരണം മരം വെട്ടാതെ വിട്ടു കളഞ്ഞോ എന്നൊക്കെ നോക്കാൻ, എനിക്ക് വയ്യ ,കുന്തം,ഈ ജോലിക്ക് വരണ്ടായിരുന്നു,
ഇന്ന് ലീവ് എടുത്താലോ അലി ഹുസൈൻ ,പുനലൂർ ഏതാ ഇപ്പൊ സിനിമ, ഞാൻ ചോദിച്ചു ,
അയ്യേ ആദ്യ ദിവസം തന്നെ ലീവോ, ഒന്നെണീക്ക് സാറെ,
അലി ഹുസൈൻ എന്റെ പുതപ്പു വലിച്ചു മാറ്റി, ഞാൻ നാണത്തോടെ വല്ല വിധവും എണീറ്റ്‌ കാപ്പി എന്ന് വിളിക്കാൻ പറ്റാത്ത ആ കാപ്പി കുടിച്ചു,
പിന്നെ വേഷം മാറി ഒരു സ്വറ്റർ ഒക്കെ ഇട്ട് തടിമാടൻ ബുള്ളറ്റിൽ വലിഞ്ഞു കയറി,ആനപ്പുറത്ത് ആനക്കാരൻ ഇരിക്കുന്ന പോലുണ്ടായിരുന്നു,പുറകിൽ വഴി കാട്ടി അലി ഹുസൈൻ,
ബുള്ളറ്റ് ശബ്ദം കേൾക്കുമ്പോൾ തൊഴിലാളികളുടെ മനസ്സിൽ പേടി ആണ്, ഇന്ന് മാനേജർ ആരുടെ കള്ളത്തരം പിടിക്കും, ആരെ സസ്‌പെൻഡ് ചെയ്യും എന്നൊക്കെ,ഈ മാനേജർ അങ്ങനെ ഒന്നുമല്ല എന്ന് ആര് അറിയുന്നു, ഞാൻ ആ കൊടും തണുപ്പത്ത് ബുള്ളറ്റ് ഓടിച്ച് ഒരു കളക്ഷൻ പോയിന്റിൽ കൊണ്ട് നിറുത്തി,അവിടെ ആണ് തൊഴിലാളികൾ ടാപ്പ്‌ ചെയ്തെടുത്ത ലാറ്റക്സ് കൊണ്ട് വന്നു അളക്കുന്നത്,അത്തരം കുറെ കളക്ഷൻ പോയിന്റുകൾ ഉണ്ട്
എല്ലാരും എണീറ്റ്‌ തൊഴുതു, പുതിയ മാനേജർ, കാടിന്റെ പുത്രൻ, എനിക്ക് ആണെങ്കിൽ അമോണിയ ഗന്ധം കേട്ടപ്പോൾ തല കറങ്ങി,ഒന്നും പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്ന ജോർജ് എന്ന ഫീൽഡ് സൂപ്പർവൈസറിനെയും വിളിച്ചു നടന്നു,
കമാൺ മിസ്റ്റർ ജോർജ്‌ ..
മാക്ക് മാക്കനെ നടന്നു വലഞ്ഞ് ഒരു സ്ഥലത്ത് എത്തിയപ്പോൾ ജോർജ് നിന്നു .
സാറെ ഇത് ശോഭനയുടെ ബ്ലോക്ക് ആണ്, അവള് അല്പം കള്ളത്തരം ഒക്കെ കാണിക്കും ,പക്ഷെ ആള് പാവം ആണ്,
ഞാൻ ഒന്നും കേൾക്കാത്ത പോലെ ഗൌരവത്തിൽ നടന്നു, ഇടയ്ക്കു അവടവിടെയായി നിന്ന് ഞാൻ ഓരോ മരത്തിൽ പിടിച്ചു ഒക്കെ നോക്കുന്നുണ്ട്, ഒന്നും അറിഞ്ഞിട്ടല്ല, വെറുതെ, ഷോ ,ഒരു മരത്തിനടുത്ത് എത്തിയപ്പോൾ ഞാൻ ദേഷ്യത്തിൽ ചോദിച്ചു,
ഈ മരം വെട്ടിയില്ലല്ലോ ,
അയ്യോ സാറെ അത് റബ്ബർ അല്ല ,മഹാഗണി ആണ് ജോർജ് പറഞ്ഞു,
അയ്യേ റബ്ബർ അല്ലെ? ചതിച്ചു, നാണം കെട്ടു,
ഹഹഹ, മഹാഗണി അല്ലെ, എനിക്കറിയാം ഞാൻ നിങ്ങളെ പരീക്ഷിച്ചതല്ലേ ,ജോർജ് , നിങ്ങൾ മിടുക്കൻ തന്നെ ,
ഞാൻ വീണിടത്ത് കിടന്നുരുണ്ടു
സാറെ മുപതു വർഷം ആയി ഞാൻ ഇവിടെ, ജോർജ് തല ചൊറിഞ്ഞു,
സ്വല്പം മുന്നോട്ടു നടന്നപ്പോൾ അതാ നില്ക്കുന്നു കഥാ നായിക ശോഭന, കറുത്ത സുന്ദരി , മുഴുവൻ റബ്ബർ കറ ഉള്ള ലുങ്കിയും ഷർട്ടും ആണ് വേഷം ,അത് ടാപ്പർമാരുടെ യൂണിഫോറം പോലെ ആണ് . ശോഭന ഓടി വന്ന് എന്നെ താണ് തൊഴുതു,
എല്ലാം കഴിഞ്ഞോ? ഞാൻ ഗൌരവത്തിൽ ചോദിച്ചു,
അയ്യോ സാറെ തുടങ്ങിയെ ഉള്ളു, തീരുമ്പോൾ എട്ടു മണി ആകും,ജോർജ് ആണ് മറുപടി പറഞ്ഞത്,
ശെരി, ചമ്മൽ പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു ടാപ്പ്‌ ചെയ്യ് നോക്കട്ടെ
അങ്ങനെ ശോഭന ഓരോ മരത്തിന്റെയും റെയിൻ ഗാർഡ് മാറ്റി ടാപ്പ്‌ ചെയ്യാൻ തുടങ്ങി ,ഒന്നും മനസിലാകാതെ ഞാൻ അത് നോക്കാനും, ചുറ്റും ഭീകര വനം ആണ്, ഞാൻ വിചാരിച്ചു ഇവിടെ ഒക്കെ വല്ല കാട്ടു മൃഗങ്ങളും കാണില്ലേ?
അങ്ങനെ വിചാരിച്ചു കഴിഞ്ഞില്ല, അതിനു മുൻപേ ജോർജ് ഉറക്കെ വിളിച്ചു പറഞ്ഞു
അയ്യോ ശോഭനേ പുലി....
പുലിയോ? ആറ്റുകാൽ അമ്മച്ചീ , ആ വാക്ക് കേട്ട പാടെ ഞാൻ പരിസരം മറന്ന് ഒരൊറ്റ ഓട്ടം ,ഓർമ്മ വരുമ്പോൾ ഞാൻ ആ ചരിഞ്ഞു കിടക്കുന്ന വഴുക്കൽ സ്ഥലത്ത് കൂടി നൂറു കിലോ മീറ്റർ വേഗതയിൽ പായുകയാണ് ,ഏതിലെ ഒക്കെ ഓടി എന്ന് അന്നും ഇന്നും അറിയില്ല, കാടും പടലും ഇളക്കി ഞാൻ ഓടി ഓടി ചെന്ന് നിന്നത് വേറെ ഏതോ കളക്ഷൻ പോയിന്റിൽ ആണ്,
ആ കളക്ഷൻ പോയിന്റിൽ ഉള്ള തൊഴിലാളികൾ നോക്കുമ്പോൾ കാണുന്നത് ആ കാട്ടു വഴിയിലുള്ള ചെടികളും മരങ്ങളും ഒക്കെ പിഴുതെറിഞ്ഞു കൊണ്ട് ബുൾഡോസർ പോലെ ഓടി വരുന്ന എന്നെയാണ്.അവരെല്ലാവരും ആ വരവ് കണ്ടപ്പോൾ തമ്മിൽ തമ്മിൽ പറഞ്ഞു ,
നോക്കെടാ, നമ്മുടെ പുതിയ മാനേജർ ബൈക്ക് പോലും എടുക്കാതെ അതാ ഓടി വന്നിരിക്കുന്നു നമ്മളെ പരിശോധിക്കാൻ, ഇനി ഈ എസ്റ്റേറ്റിൽ വല്ലതുമൊക്കെ നടക്കും,
ഓട്ടത്തിനിടയിൽ അത് കേട്ടെങ്കിലും ഞാൻ തിരുത്താൻ പോയില്ല,
നമ്മുടെ ശോഭനേടെ ബ്ലോക്ക് എവിടെ ആയിട്ട് വരും,
മുട്ടിൽ കൈ കൊടുത്തു നിന്ന് സ്റ്റീം എഞ്ചിൻ പോലെ കിതക്കുന്നതിനിടെ ഞാൻ ചോദിച്ചു ,
ഏതു ശോഭന സാറെ
ഏതോ ഒരു ശോഭന, കറുത്തിട്ട്
ആർ കെ ശോഭനആയിരിക്കും , അയ്യോ അത് ഏകദേശം ഒരു ഒന്നര കിലോമീറ്റർ വടക്കോട്ടാണ് സാർ,
ദൈവമേ ഞാൻ ഒന്നര കിലോ മീറ്റർ ഓടിയോ, എങ്ങനെ തിരിച്ചു പോകും ,ബൈക്ക് അവിടെ ആയിപ്പോയല്ലോ,
ആലോചിച്ചു നിന്നപ്പോൾ അതാ വീണ്ടും കാടും പടലും ഇളകുന്നു, ദൈവമേ,പുലിയാണോ? ഞാൻ പതുക്കെ വീണ്ടും ഓടാൻ തയ്യാറെടുക്കവേ കണ്ടു, അല്ല,ജോർജും,അലി ഹുസൈനും ആണ് ഓടി വരുന്നത് .എന്നെ കണ്ടപ്പോൾ രണ്ടു പേരും ബ്രേക്ക് ഇട്ടു നിന്നു , എന്നിട്ട് എന്നെ പോലെ തന്നെ നിന്ന് കിതക്കാൻ തുടങ്ങി
എന്തൊരു ഓട്ടം ആണ് സാറെ ഈ ഓടിയത് വല്ല കുഴിയിലും ചെന്ന് വീണിരുന്നെങ്കിലൊ ? ശ്വാസം കിട്ടിയപ്പോൾ ജോർജ് ചോദിച്ചു,
അത് പെട്ടെന്ന് പുലി വന്നപ്പോൾ വെപ്രാളത്തിൽ ...,ഞാൻ പറഞ്ഞു,
പുലിയോ? അലി ഹുസൈൻ കിടന്നു ചിരിക്കാൻ തുടങ്ങി, ജോർജ് ചിരി അടക്കി നില്ക്കുന്നു,
അയ്യോ സാറെ , ആ പുലി അല്ല, പുലിച്ചിലന്തി,
ങേ പുലിച്ചിലന്തിയോ? അതെന്താ സാധനം,
ങാ അങ്ങനെ ഒരു സാധനം ഉണ്ട് സാറെ, ഇവിടെ ഒക്കെ, റബ്ബറിൽ ഇരിക്കും, ടാപ്പർ വെട്ടാൻ വരുമ്പോൾ ഈ സാധനം ഓടി വന്നു കടിക്കും, പിന്നെ എല്ലാ സന്ധിയും തളര്ന്നു നടക്കാൻ പറ്റാതെ കിടന്നു പോകും കുറെ നേരം, വിഷം ഉള്ള സാധനം ആണ് സാറെ, പുലിയുടെ ഡിസൈൻ ആണ് ദേഹത്ത് ,
അപ്പോഴും അണിയറയിൽ അലി ഹുസൈന്റെ ചിരി,അവിടെ തറയിൽ കിടന്നു ചിരി ആണ്,
സാർ പണ്ട് താമസിച്ചിരുന്ന കാട്ടിൽ ഇതൊന്നും ഇല്ലായിരുന്നോ? ജോർജ് ചോദിച്ചു
,
ഞാൻ പറഞ്ഞു ഇല്ല, ഇത് പോലെ ഒന്നുമല്ല, ആ കാട് .അത് കുറച്ചു കൂടി അന്തസ്സുള്ള കാടാണ് ,പുലിച്ചിലന്തി പോലും, എന്നാപ്പിന്നെ ആനപ്പല്ലി എന്നും കടുവാത്തവള എന്നുമൊക്കെ കൂടെ ഇട്ടു കൂടായിരുന്നോ, ഞാൻ ദേഷ്യത്തിൽ ചോദിച്ചു,
ജോർജ് ഒന്നും പറഞ്ഞില്ല, അവിടെ നിന്ന മറ്റു ടാപ്പർമാരോട് അലി ഹുസൈൻ സംഭവം വിവരിക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് നടന്നു, കൂടെ ജോർജും,സംഭവം പറയാൻ പറ്റാത്ത വിഷമത്തിൽ അലി ഹുസൈനും പുറകെ നടന്നു.
അങ്ങനെ ഞാനും ജോർജും,ചിരി നിയന്ത്രിക്കാൻ വയ്യാത്ത അലി ഹുസൈനും കൂടി നടന്നു ആദ്യത്തെ കളക്ഷൻ പോയിന്റിൽ പോയി, ബൈക്ക് അവിടെ ആണല്ലോ, നടക്കുന്ന വഴി അലി ഹുസൈൻ റബ്ബറിൽ ചാരി നിന്ന് ചിരിക്കുന്നു, പിന്നെ ഇരുന്നു ചിരിക്കുന്നു, തറയിൽ കിടന്നു ചിരിക്കുന്നു,
കളക്ഷൻ പോയിന്റിൽ ചെന്ന പാടെ ഞാൻ പറഞ്ഞു
ഇന്നത്തെ ഇൻസ്പെക്ഷൻ കഴിഞ്ഞു, ഇനി പത്തു മണിക്ക് ഞാൻ എസ്റ്റേറ്റ്‌ ഓഫീസിൽ വരാം,
ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു .അപ്പോൾ ചിരിച്ചു കുഴഞ്ഞു മറിഞ്ഞു തളർന്ന് അലി ഹുസൈൻ കാലും പൊക്കിക്കൊണ്ട് വരുന്നു,എന്തിനാ? ബൈക്കിൽ കയറാൻ,
നീ എങ്ങോട്ടാണ് ? ഞാൻ ചോദിച്ചു,
ഞാൻ ഗസ്റ്റ് ഹൌസ്,
വേണ്ട, ഞാൻ പറഞ്ഞു നീ നടന്നാൽ മതി,
അങ്ങനെ ഇപ്പൊ സുഖിക്കണ്ട ,കേട്ടോഡാ ,നീ ചിരിച്ചു ചിരിച്ചു നടന്നു വാ ,
ഞാൻ മനസ്സിൽ പറഞ്ഞു,
അങ്ങനെ ഞാൻ ബൈക്കിലും അലി ഹുസൈൻ നടന്നും ഗസ്റ്റ് ഹൌസിലേക്ക് പോയി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot