നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അറെയ്ഞ്ച്ഡ് ലൗ മാര്യേജ്


Image may contain: 1 person, eyeglasses and closeup

കഥ
രാഖി റാസ്

തീവണ്ടിയിൽ യാത്ര ചെയ്യുന്ന പുരുഷനും സ്ത്രീയും തമ്മിൽ സൗഹൃദം തുടങ്ങുന്നത് ഒരു പ്രത്യേക അനുപാതത്തിലായിരിക്കും. പ്രത്യേകിച്ച് അവർ യുവതീയുവാക്കളാണെങ്കിൽ.
തീവണ്ടിയുടെ ആട്ടത്തിനൊത്ത് ചലിക്കുന്ന കുപ്പിയിലെ ജലം പോലെ അവർ ഏറെ നേരം അവരുടെ നിയന്ത്രണ രേഖയ്ക്കകത്ത് മാത്രം ചലിച്ചുകൊണ്ടിരിക്കും. ഇടയ്ക്ക് വെള്ളം കുടിയ്ക്കാൻ കുപ്പി തുറക്കുമ്പോൾ നിനച്ചിരിക്കാതെ തുള്ളിത്തെറിക്കുന്ന ജലം മറ്റൊരാളുടെ ശരീരത്തിലേക്ക് പതിക്കുന്നു. പെട്ടെന്ന് കുപ്പികൾ തിരിച്ചറിയും തങ്ങളിൽ നിറഞ്ഞിരിക്കുന്നത് ഒരേ ജലമാണ് എന്ന്.
മുരളി എന്ന പയ്യൻ മധുരിമ എന്ന പെൺകുട്ടിയെ ആദ്യമായി ശ്രദ്ധിക്കുമ്പോൾ അവർ ഇരുവരും നിയന്ത്രണരേഖയ്ക്കകത്തായിരുന്നു. അവൾക്ക് തന്റെ പ്രണയിനിയായ അമൃതയുടെ എന്തൊക്കെയോ ഛായ ഉള്ളതായി അയാൾ ഉടനടി കണ്ടുപിടിച്ചു.
നാളെ നടക്കാനിരിക്കുന്ന ജോലിയ്ക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്കാണ് മുരളി ടിക്കറ്റ് എടുത്തിരിക്കുന്നത്. പഠനസംബന്ധമായ പ്രോജക്റ്റ് പൂർത്തിയാക്കുന്നതിന് പഴയ മാസികകളുടെ പതിപ്പുകൾ കൈയ്യിലുള്ള ഒരാളെ തേടി ആലുവയിൽ നിന്നും കൊല്ലത്തേക്കാണ് മധുരിമയുടെ യാത്ര. ഇരുവരും സഞ്ചരിക്കുന്ന ആ ട്രെയിൻ അപ്പോൾ നാല് മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്.
നേരത്തോട് നേരം രണ്ടു കുപ്പികളിലെ ജലമായി ഇടയ്ക്കിടെ ഒരു നോട്ടം മാത്രം കൈമാറിയിരുന്ന അവർ മുരളി വായിക്കുന്ന, പൊതിഞ്ഞ് പേര് വെളിപ്പെടുത്താത്ത പുസ്തകത്തിലെ കഥകളിലൊന്ന് പങ്ക് വച്ചുകൊണ്ടാണ് സൗഹൃദത്തിലായത്.
ആരു പുസ്തകം വായിക്കുന്നതു കണ്ടാലും ഒരു കാര്യവുമില്ലാതെ, ഏത് പുസ്തകമാണത് എന്ന് അറിയാനുള്ള ശ്രമം നടത്തുന്ന ദുശ്ശീലം അവൾ എല്ലാ തീവണ്ടി യാത്രകളിലും പാലിച്ചിരുന്നു. ചിലപ്പോൾ പുസ്തകത്തിന്റെ പുറം ചട്ട കാണുമ്പോഴേ പുസ്തകം ഏതാണെന്ന് മനസിലാകും. അതോടെ നേരത്തോട് നേരം നീളേണ്ട ഒരു വലിയ രസത്തിന്റെ ചരടായിരിക്കും പൊട്ടുന്നത്. ചിലപ്പോൾ മണിക്കുറുകളോളം അധ്വാനിച്ചിട്ടാവും അത് കണ്ടുപിടിക്കാൻ കഴിയുക. എങ്കിൽ അവൾക്ക് സമാധാനമാകും. ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത ചില പുസ്തകങ്ങളെ അവൾ പരിചയപ്പെട്ടത് ഇത്തരം അപസർപ്പക പരിശ്രമത്തിലൂടെയാണ്. ഇത്തവണ പക്ഷേ അവൾ തന്റെ ശ്രമത്തിൽ ദയനീയമായി പരാജയപ്പെട്ടു. അവൾ പുസ്തകത്തിലേക്ക് രഹസ്യമായി കടക്കാൻ ശ്രമിക്കുന്നത് മനസിലാക്കിയ മുരളി ചിരിയോടെ അത് അവൾക്കു നീട്ടി. പിടിക്കപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ അവൾ അതിലെ ആദ്യ കഥ വായിച്ചു. പിന്നീടാണ് അവൾ അവനോട് പേര് ചോദിക്കുന്നതും പരിചയപ്പെടുന്നതും.
കൊടികളുടെ കടുത്ത ഭാഷയിലുള്ള മുദ്രാവാക്യം വിളിയാണ് അവരെ വർത്തമാനത്തിൽ നിന്നും ഉണർത്തിയത്. ട്രെയിനിരുവശവും കൊടികൾ അരിശത്തോടെ ഇളകിയാടി പറന്നു നടക്കുകയാണ്..
‘‘ വെളുത്ത കൊടിയിലെ ചുവന്ന ആംഗലേയ അക്ഷരങ്ങളും നടുവിലെ നക്ഷത്രവും കൊടിയിൽ നിന്നു പറന്നുപോകാതിരിക്കാൻ മുറുകെ പിടിച്ചു കിടക്കുകയാണെന്ന് തോന്നുന്നില്ലേ മുരളീ...’’ അവൾ ചോദിച്ചു.
‘‘റെയിൽപാളത്തിനു താഴെ ഓടിട്ട വീടുകൾ അത് നോക്കി നിൽക്കുകയാണെന്ന് മധുരിമയ്ക്കും തോന്നുന്നില്ലേ..’’ അവർ ചിരിച്ചു.
കേന്ദ്ര നയങ്ങൾക്കെതിരേയുള്ള ഒരു മിന്നൽ തീവണ്ടി തടയൽ സമരമായിരുന്നു അത്.
‘രാവിലെ പത്രത്തിൽ കണ്ടെങ്കിലും കാര്യമാക്കിയില്ല. സന്ദർശനാനുവാദം എടുത്തതിനാൽ പോരാതിരിക്കാനായില്ല’, ഇത് പറയുമ്പോൾ മധുരിമയുടെ മുഖം മങ്ങിയിരുന്നു
‘കാര്യമാക്കാനൊന്നുമില്ല, ഒന്നു രണ്ട് തവണ തടയുമെന്നേയുള്ളു. വേറെ പ്രശ്നം ഒന്നും ഉണ്ടാകില്ല, ’ മുരളിയുടെ വാക്കുകളിൽ അവൾക്ക് എന്തെന്നില്ലാത്ത വിശ്വാസം തോന്നി.
അപരിചിതരെ അകറ്റി നിർത്തുവാനുള്ള തീവണ്ടിത്താക്കീതുകൾ ധിക്കരിച്ച് അവൻ കൊടുത്ത നാരങ്ങാമിഠായികൾ അവൾ കടിച്ചു പൊട്ടിച്ചു.
പൊടുന്നനെ നിത്യവും അവൾക്ക് നാരങ്ങാ മിഠായി നീട്ടുന്ന കൈകളെ അവൾ ഓർത്തു. അയഞ്ഞുകിടക്കുന്ന ഉടുപ്പിനിടയിലൂടെ ഇഴഞ്ഞുകയറി ഒടുക്കം ഒരു കൊടുങ്കാറ്റായി അവളിലേക്ക് നിറയുന്ന സ്നേഹത്തെ ഓർത്തു. അതിനെയും ഒരു തെളിവുമില്ലാതെയാണ് താൻ വിശ്വസിക്കുന്നത്. അല്ലെങ്കിലും സ്നേഹത്തിന് രേഖാപരമായ ഉറപ്പ് എന്തിനാണ്. യോഗ്യമായിരിക്കുന്നിടത്തോളം മാത്രമല്ലേ സ്നേഹം നിലനിൽക്കുന്നുള്ളുവല്ലോ.
ഭയം മൂലം സ്നേഹിക്കുന്ന ആളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതും ഭയം മൂലം സ്നേഹമില്ലാത്ത അവസ്ഥയിൽ ശരീരം പങ്കു വയ്ക്കേണ്ടി വരുന്നതും എന്തൊരു അശ്ലീലമാണ്.
താനെന്താ ആലോചിക്കുന്നേ..? പ്രണയത്തെക്കുറിച്ച് അയവിറക്കുന്നത് പോലെ ഉണ്ടല്ലോ...?
താനേറെ നേരമായി മുരളിയോട് മിണ്ടുന്നുണ്ടായിരുന്നില്ല എന്ന് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. ഒരു നാരങ്ങാമിഠായി തന്നെ ഏതോ ലോകത്തേക്ക് പറഞ്ഞയച്ചു കളഞ്ഞു.
സത്യം പറയണോ.. കള്ളം പറഞ്ഞാലോ ..
സംശയിച്ച് സംശയിച്ച് അവൾ അവളുടെ വലിയ രഹസ്യം പറഞ്ഞു.
അതേ...
ലോകത്ത് ഏറ്റവും സുഖകരമായ അനുഭവം രഹസ്യങ്ങൾ പങ്കു വയ്ക്കുകയായിരിക്കും. രഹസ്യങ്ങൾ പങ്കു വയ്ക്കുന്നത് ഒരു അപരിചിതനോടാണെങ്കിൽ, അല്ലെങ്കിൽ അപ്പോൾ മാത്രം പരിചയപ്പെട്ട മറ്റേതോ നാട്ടിലെ ഒരാളാണെങ്കിൽ നമുക്ക് വല്ലാത്തൊരു സുരക്ഷിതത്വ ബോധം തോന്നും. അയാൾ നമ്മുടെ രഹസ്യങ്ങൾ നമുക്കറിയാവുന്ന മറ്റാരോടും പറയില്ല എന്ന തോന്നലാകാം ഈ സുഖത്തിനു കാരണം. അതോ രഹസ്യം പരസ്യമാക്കുവാനുള്ള നമ്മുടെ താത്പര്യമോ !
തീവണ്ടി എന്തോ ഓർത്തിട്ടെന്ന പോലെ വേഗത കുറഞ്ഞു നിന്നു. കൊടികളുടെ ഘോഷയാത്ര വീണ്ടും തുടങ്ങിയിരിക്കുന്നു.
പ്ലാറ്റ്ഫോം അധികം അകലെയല്ല, പുറത്തേക്ക് തലയെത്തിച്ച് നോക്കി മുരളി പറഞ്ഞു.
ഇപ്പൊ തന്നെ ഈ ട്രെയിൻ ഒമ്പതു മണിക്കൂറോളം വൈകിയാ ഓടുന്നത്. ആറു മണിക്ക് എത്തേണ്ട ട്രെയിൻ പത്ത് മണിക്കാ ആലുവയിലെത്തിയത്. മണി മൂന്നായി, ട്രെയിൻ ഇനിയും കോട്ടയം പ്ലാറ്റ്ഫോം തൊട്ടിട്ടില്ല.
മുരളിയാണ് എല്ലാ കുഴപ്പങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ അവൾ തർക്കിച്ചു തുടങ്ങി.
‘എടോ.. കോട്ടയത്ത്ന്ന് രണ്ട് – രണ്ടര മണിക്കൂർ മതി കൊല്ലത്തെത്താൻ താൻ വിഷമിക്കാതെ.’
‘ആലുവയിൽ നിന്ന് രണ്ട് മണിക്കൂർ കൊണ്ട് കോട്ടയത്തെത്താം, എന്നിട്ട് ഈ ട്രെയിൻ എത്തിയോ.. എന്തു ന്യായത്തിന് വേണ്ടിയാണെങ്കിലും സമരക്കാരെ തച്ച് കൊല്ലുകയാ വേണ്ടത്.’ മധുരിമ തിളച്ചു.
‘അങ്ങനെ പറയല്ലേ.. സമരത്തിലൂടെയാ നമ്മൾ ഇങ്ങനെ മിണ്ടിയും പറഞ്ഞും അടുത്തിരിക്കുന്നവരോട് ദേഷ്യപ്പെട്ടും യാത്ര ചെയ്യാനുള്ള സ്വാതന്ത്രൄം നേടിയതെന്ന് മറക്കരുത്. വൈകുന്നേരമായില്ലേ... ഇനി സമരത്തിന്റെ ശക്തി കുറയും. ട്രെയിൻ വേഗം നീങ്ങും. താൻ ആ സാറിനെ ഒന്ന് വിളിച്ച് നോക്ക്.. അവൻ ആശ്വസിപ്പിച്ചു.
‘‘അദ്ദേഹം ഫോൺ എടുക്കുന്നില്ലല്ലോ മുരളീ.’’ മനസ് ഇടറിത്തുടങ്ങിയെന്ന സൂചന അവളുടെ ശബ്ദം നൽകി.
കണക്കുകൂട്ടലുകൾ പിശകുമ്പോൾ വാക്കുകളുടെ അമിതോപയോഗത്തിലേക്ക് നമ്മൾ നീങ്ങുകയും പിന്നീട് വാക്കുകൾ വറ്റി വരണ്ട് മൗനത്തിലേക്ക് പിൻവാങ്ങുകയും ചെയ്യും. കണക്കുകൂട്ടലുകൾ നടത്തുന്നതിൽ അർത്ഥമില്ലെന്ന് ബോധ്യപ്പെട്ടതിനാലാകാം അവർ പിന്നീട് സംസാരിച്ചതേയില്ല,
പലയിടത്തുംല നിന്നും നിരങ്ങിയും രാത്രി പതിനൊന്ന് മണിയോടെ ട്രെയിൻ കൊല്ലത്തെത്തി.
‘‘ഞാനും കൂടെ ഇവിടെ ഇറങ്ങാം..’’ പൊടുന്നനെയാണ് മുരളിയതു പറഞ്ഞത്.
‘‘താൻ ആ സാറിന്റെ വീട്ടിലേക്ക് തന്നെ പോകാനാണോ ..?’’
‘അല്ലാതെ ഈ രാത്രി വേറെന്ത് ചെയ്യും. കാര്യമറിഞ്ഞാൽ അദ്ദേഹം വീട്ടിൽ തങ്ങാൻ അനുവദിക്കുമായിരിക്കും. ’
‘ഏതാ സ്ഥലം ?’
‘തൊടിയൂരെന്നാ പറഞ്ഞത്..’
‘ഒരു ഓട്ടോ വരുന്നുണ്ട്...നമുക്കതിൽ കയറാം.’
‘‘തൊടിയൂര്. പോകണം...’’
‘‘തൊടിയൂരെവിടെ..?’’
സുശീലൻ സാറിന്റെ വീട്.. തൊടിയൂര് ചെന്നിട്ട് വീട്ടിലേക്കുള്ള വഴി വിളിച്ചു ചോദിക്കാം.
‘‘ സാറിന്റെ വീട്ടിലെന്താ ഈ രാത്രീല് ?’’
‘‘പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്റ്റ് ചെയ്യാൻ ചില വിവരങ്ങൾ ശേഖരിക്കാൻ വന്നതാ.. സമരം കാരണം ട്രെയിൻ വൈകി.’’
അപ്പൊ നിങ്ങൾ ഭാര്യയും ഭർത്താവും അല്ലല്ലേ..
‘ ഞങ്ങൾ യാത്രയിൽ പരിചയപ്പെട്ടവരാണ്. എനിക്ക് തിരുവനന്തപുരത്തേക്കാണ് പോകേണ്ടിയിരുന്നത്. ട്രെയിൻ വല്ലാതെ വൈകിപ്പോയ കൊണ്ട് ഒറ്റയ്ക്ക് വിടണ്ട എന്ന് കരുതി ഇയാളുടെ കൂടെ ഇറങ്ങിയതാ..’’
‘‘നീയാള് കൊള്ളാല്ലോ... !! പരിചയമില്ലാത്ത പെൺകുട്ടിയുടെ കൂടെ പോകാൻ തിരുവനന്തപുരത്തേക്ക് തിരിച്ചവൻ കൊല്ലത്ത് ഇറങ്ങുന്നു. പാതിരാത്രി.. കുട്ടിയാണെങ്കിൽ പഠിക്കാനുള്ള വിവരങ്ങൾ ശേഖരിക്കാൻ വന്നയാളും...’’
‘മുരളി പറഞ്ഞത് സത്യമാ ചേട്ടാ.. ട്രെയിൻ വിചാരിച്ചതിലും ഒരുപാട് വൈകിപ്പോയതു കൊണ്ടാ..’
മുരളി മധുരിമയുടെ കൈകളിൽ അമർത്തി. അവൾ സംസാരം നിർത്തി.
‘എങ്ങോട്ടാടാ രണ്ട് യുവമിഥുനങ്ങളെയും കൊണ്ട്..?’ വഴുവഴുപ്പുള്ള ഒരു ചോദ്യം മൂചക്രത്തിലുരുണ്ട് മുരളിയും മധുരിമയും സഞ്ചരിക്കുന്ന ഓട്ടോയുടെ ഇടതു വശത്തുകൂടെ വേഗമൊപ്പിച്ചു നീങ്ങി.
‘അയ്യോ..യുവമിഥുനങ്ങളൊന്നുമല്ല പഠിക്കാൻ പോകുന്ന കുട്ടികളാടേയ്...നിന്നെ കണ്ടത് നന്നായി. ഒരു കൂട്ടായല്ലോ..’
‘ഏത് സ്ക്കൂളിലേക്കാ നീയിവരേയും കൊണ്ട് പോകുന്നേ..നമ്മുടെ ദുർഗുണ പരിഹാര പാഠശാലയിലേക്കാ..?’
‘അതെയതെ നീ പോരുന്നോ...’
‘ഓ..പിന്നെന്താ വരാല്ലോ...’
‘ ഞങ്ങളെ ഇറക്കി വിട്ടേയ്ക്കൂ.. ഞങ്ങൾ പൊയ്ക്കൊള്ളാം..’ മുരളി അസ്വസ്ഥനായി
‘അങ്ങനങ്ങ് പോയാലെങ്ങനാ.. ഞങ്ങള് നാട്ടുകാര് നോക്കി നിൽക്കെ പാതിരാത്രി ഒരു പെണ്ണിനെയും കൊണ്ട് നീയങ്ങ് പോയാലെങ്ങനെയാ.. നാളെ ഇവളെ പീഡിപ്പിച്ചതിന് ഞങ്ങളും കൂടി ഉത്തരം പറയേണ്ടി വരില്ലേ... പോലീസുകാര് നിരത്തി നിർത്തി ചോദിക്കുമ്പൊ ഞങ്ങളെയൊക്കെ അറിയാം എന്ന് ഇവളങ്ങ് പറഞ്ഞാലോ.. ’
‘നിങ്ങൾ ഞങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്..!!.’
‘റജിസ്റ്റർ ആപ്പീസിലേക്ക്.. ’
മധുരിമയുടെ ഒരു ബിന്ദുവിൽ കണ്ണുകൾ നിശ്ചലമായി നിന്നു. കരഞ്ഞിട്ട് പ്രയോജനമില്ലെന്ന് തോന്നിയാൽ കണ്ണുനീർ ഗ്രന്ഥികൾക്ക് അത് തിരിച്ചറിയാനാകും അത് ആ നിമിഷം തന്റെ ജോലി രാജി വച്ച് മുഖം തിരിച്ചിരിക്കും.
ഓട്ടോ പാർട്ടി ആപ്പീസ് എന്ന് തോന്നുന്നയിടത്ത് എത്തി നിന്നു. ഓഫീസിനകത്തു നിന്ന് നാലഞ്ച് പേർ ഇറങ്ങി വന്നു.
ധൈര്യം സംഭരിച്ച് മുരളി ചോദിച്ചു , ‘ഇതാണോ റജിസ്റ്ററാപ്പീസ്..’
‘ഇത് ഞങ്ങൾ നാട്ടുകാരുടെ റജിസ്റ്ററാപ്പീസാ.. ഞങ്ങടെ നാട്ടിൽ തോന്നിയപാട് നടക്കാൻ ഞങ്ങൾ സമ്മതിക്കില്ല. പ്രേമിച്ചു നടക്കുന്നവരെയൊക്കെ സൗജന്യമായിട്ട് ഞങ്ങളങ്ങ് കെട്ടിച്ചു കൊടുക്കും. അതാ ഇപ്പോഴത്തെ ഞങ്ങടെയാരു രീതി..’
പ്ലാസ്റ്റിക് പൂക്കൾ ചേർത്തു കെട്ടിയ മാലയും മിന്നുന്ന സീക്വൻസ് നൂലിൽ കൊരുത്ത താലിയും ഞൊടിയിടയിൽ എത്തി.
അതേ.. കൊട്ടും കുരവയും ഒന്നും കാണില്ല.. പകരം ഞങ്ങൾ കൈയ്യടിക്കും അത് പോരേ...? കുരവ പോലെ ചിതറിയ പൊട്ടിച്ചിരിയിൽ ആ ചോദ്യം മുങ്ങി...
ആദ്യരാത്രി ഇവിടെ ഇരുന്ന് കഴിച്ചു കൂട്ടേണ്ടി വരും. നേരം വെളുത്താൽ നിങ്ങൾക്ക് പോകാം കേട്ടോ...
‘എടാ ഇവര് പോയി ചത്ത് കളയുകയെങ്ങാൻ ചെയ്യ്യോ..’
മുരളിയും മധുരിമയും കേൾക്കാതെ ആരോ ചോദിച്ചു,
ചത്താൽ ചാകട്ട്.. തോന്ന്യാസം കാണിച്ചിറ്റല്ലേ...
ഏതായാലും പുലരും വരെ നമ്മളിവിടുണ്ടല്ലോ..
ജനലഴികളിലൂടെ തെളിയുന്ന ആകാശം നോക്കി ഏറ്റവും നീളം കൂടിയ രാത്രി അവസാനിച്ചു എന്ന് മുരളി ഉറപ്പിക്കുന്നതിനു മുൻപേ തന്നെ ആജ്ഞ കേട്ടു
ഇനി പോയാട്ടേ.. മെനക്കെടുത്താതെ.. തിരുവനന്തപുരത്തേക്കോ ആലുവയ്ക്കോ എങ്ങോട്ടാന്ന് വച്ചാൽ..
‘‘ഇനി എങ്ങോട്ട് പോയിട്ട് എന്തിനാ മുരളീ.. ഒരു രാത്രി ഇരുട്ടി വെളുത്തില്ലേ..’’ മധുരിമയുടെ ശബ്ദത്തിൽ ഉപ്പ് ചുവച്ചു.
അവർ വിജനമായ വഴിയിലൂടെ സാവധാനം നടന്നു തുടങ്ങി. ഇനി ധൃതിയൊന്നുമില്ല. ഒരൊറ്റ രാത്രി കൊണ്ട് അവർ ഒരു തിരക്കുമില്ലാത്തവരായി മാറിയിരിക്കുന്നു.
എത്ര സാവധാനം നടന്നിട്ടും പത്രമോഫീസിലെ പരസ്യവിഭാഗത്തിലേക്ക് ആളെത്തും മുൻപേ മുരളിയും മധുരിമയും എത്തിയിരുന്നു. കസേരയിൽ ആളെത്തിയതും എഴുതി തയാറാക്കിയ പരസ്യ വാചകങ്ങളടങ്ങിയ കടലാസും രണ്ട് പാസ്പോർട്ട് സൈസ് ചിത്രവും അവർ നീട്ടി.
പാലക്കാട്, എറണാകുളം, കൊല്ലം എഡിഷനുകളിൽ ഇത് വരണം.. എറണാകുളം എഡിഷനിൽ പോകുന്ന പരസ്യം ആലുവയിലുള്ളവർ കാണുമല്ലോ അല്ലേ... മുരളി ചോദിച്ചു
ഉവ്വ്... കസേരയിലെ സുന്ദരി മറുപടി നൽകി.
പുഞ്ചിരിയോടെ പരസ്യത്തിലേക്ക് കണ്ണയച്ച സുന്ദരിയുടെ മുഖം പരസ്യം കണ്ട് വിളറി.
പാലക്കാട് നിന്നുള്ള മുരളിയും ആലുവയിൽ നിന്നുള്ള മധുരിമയും തമ്മിലുള്ള വിവാഹം കൊല്ലം റെയിൽവേസ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസിൽ വച്ച് നാട്ടുകാർ എന്നു പറയുന്നവർ നടത്തിയ വിവരം അറിയിക്കുന്നു. രാത്രി സമയം ഒന്നിച്ച് കൊല്ലത്ത് ട്രെയിൻ ഇറങ്ങി ഒന്നിച്ചു യാത്ര ചെയ്തു എന്ന കാരണത്താലാണ് വിവാഹം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot