നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവസാനത്തെ കഥ

Image may contain: 1 person, beard

കുടുംബശ്രീ യോഗം കഴിഞ്ഞു വന്ന ഭാര്യ എന്നെയൊന്നു കടുപ്പിച്ചു നോക്കി ചോദിച്ചു :
"അല്ലയോ മനുഷ്യാ...നിങ്ങളെക്കൊണ്ട് എനിക്കെന്തെങ്കിലും ഒരു ഉപകാരം ഇതുവരെ ഉണ്ടായിട്ടുണ്ടോ ?"
നോട്ടുബുക്കിൽ കഥയെഴുതിക്കൊണ്ടിരുന്ന ഞാൻ തൊടിയിൽ കൈ ചൂണ്ടി പറഞ്ഞു:
"അവിടെ ഓടിക്കളിക്കുന്ന മൂന്നെണ്ണം ഓരോ മകര മാസത്തിലും നിനക്ക് തന്ന ട്രോഫികളാണ്.. ഇനി..?!
"നിങ്ങൾ ചൂടാവേണ്ട....ഞാൻ ഒരു കാര്യം പറയട്ടെ.."
പെട്ടെന്നുള്ള അവളുടെ ഭാവമാറ്റവും കൊഞ്ചലും കണ്ടപ്പോൾ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.
"അതേയ്....നമ്മുടെ കുടുംബശ്രീ ഒരു ഓൺലൈൻ സാഹിത്യ ഗ്രൂപ് തുടങ്ങി. എല്ലാ മാസത്തിലും അംഗങ്ങളുടെയോ അവരുടെ വീട്ടിലുള്ളവരുടെയോ രചനകൾ വായിക്കും , ചർച്ച ചെയ്യും.."
" അതിന് ?!"
"കുന്തം ! നിങ്ങളെ ഞാൻ ഗ്രൂപ്പിൽ ആഡ് ചെയ്തു
ഓരോ മാസവും ഓരോ കഥ അങ്ങോട്ട് അയക്കണം...ഇപ്പോൾ ആ ശ്യാമളയുടെ കെട്ട്യോൻ കുട്ടപ്പൻ മാത്രമേ എഴുത്തുകാരനായി കൂട്ടത്തിലുള്ളു... അവളുടെയൊരു അഹങ്കാരം...നമുക്ക് അവളെയൊന്നു ഇരുത്തണം ഏട്ടാ, ന്റെ ചക്കരയല്ലേ ?"
ഭർത്താവിന് ഭാര്യയുടെ കുശുമ്പ് കൊണ്ട് ഗുണമുണ്ടാവുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു നിമിഷത്തിലേക്കാണ് അവളെന്നെ കൂട്ടികൊണ്ടു പോകുന്നത്...എന്റെ പിരിമുറുക്കം പടവുകൾ കയറിപ്പോകുമ്പോഴേക്ക് അവൾ പതിവില്ലാതെ ഒരു ഗ്ലാസ് ബദാം മിൽക്ക് ഷെയ്ക്ക് മുന്നിൽ എത്തിച്ചു.
അങ്ങിനെ ഞാൻ ഒരു കുടുംബ കഥ എഴുതി അവളുടെ ഗ്രൂപ്പിന് ഒരു കുപ്പിവള ചാർത്തിക്കൊടുത്തു. കമന്റിൽ കൈവിഷം ചേർക്കുമോ എന്ന് പേടിച്ചു അവൾക്ക് ആദ്യമേ ഒന്നും വായിക്കാൻ കൊടുക്കാറില്ലായിരുന്നു.
സാഹിത്യ സമാജം കഴിഞ്ഞു വരുന്ന അവളുടെ മുഖത്തൊരു തെളിച്ചമില്ലല്ലോ..കഥ ശരിയായില്ലേ ? കുട്ടപ്പൻ കോളടിച്ചോ ?
"എടീ...കഥയെങ്ങിനെ?"
"കഥ ഭയങ്കരം തന്നെ.....പക്ഷെ ഇത് അവളുടെ കുടുംബത്തെക്കുറിച്ചല്ലേ ? മീരയുടെ ? "
"മീരയോ ? ഏതു മീര ?"
"നിങ്ങൾ ഈ കള്ളക്കളി കളിക്കേണ്ട... നിങ്ങളുടെ എഫ്.ബി ഫ്രണ്ട് മീരയുടെ. കഥയിലെപ്പോലെ അവൾക്ക് കുട്ടികൾ രണ്ടാണ്...മൂത്തത് പെണ്ണാണ്… കഥയിലെപ്പോലെ അവൾ സോഫ്റ്റ്‌വെയർ എൻജിനീയറാണ്."
"എടീ...എനിക്കിതൊന്നും അറിയില്ല...നീ ഇതൊക്കെ എങ്ങിനെ അറിഞ്ഞു?”
"ഞാൻ അവളുടെ ടൈംലൈൻ മുഴുവൻ നോക്കി...അതിന് ഫ്രണ്ട് ആവേണ്ടല്ലോ..എന്തൊരു പഞ്ചാര സ്നേഹമാണ് കഥയിലെ ഭർത്താവിന്...ഇനി മേലാൽ ഇത്തരം കഥ എഴുതിപ്പോകരുത്."
എത്ര നിഷ്കളങ്കയാണ് എന്റെ ഭാര്യ !
"ശരി മാം " ഞാൻ പറഞ്ഞു. പകലും രാത്രിയും പട്ടിണി കിടക്കാൻ പറ്റില്ലല്ലോ.
അടുത്ത മാസത്തെ കഥക്ക് ഞാൻ പ്രണയം തെരെഞ്ഞെടുത്തു. പ്രണയ കവിതകൾ ചൊല്ലിക്കൊടുക്കുമ്പോൾ മാത്രമാണ് അവളുടെ നുണക്കുഴി എനിക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കിട്ടാറ്.
കഥാ ക്‌ളാസ് കഴിഞ്ഞു അവൾ വന്നത് പനങ്കള്ള് ചെത്തുന്ന പുരുഷുവിനെപ്പോലെ മുക്രയിട്ടുകൊണ്ടായിരുന്നു...
"നിങ്ങളെ മനസ്സിന്ന് ഇപ്പോഴും അവള് പോയിട്ടില്ല ല്ലേ ? ചോറ് ഇവിടെയും കൂറ് അവിടെയും..മൂന്നു പിള്ളേരായി, വയസ്സായി....എന്നിട്ടും ..."
"എടീ...ആര്? എന്ത് ?"
"നിങ്ങളുടെ പ്രണയ കഥയിലെ നായിക ഗൗരി തന്നെയാണ്.. നിങ്ങളുടെ പഴയ ആൾ.. കഥയിലുള്ളവൾക്ക് ജിമിക്കിക്കമ്മൽ ഉണ്ട്. എനിക്കുണ്ടോ ? കഥയിലുള്ളവൾക്ക് കഴുത്തിൽ നീല നിറത്തിലുള്ള ഞരമ്പുണ്ട്. എനിക്കുണ്ടോ? ഗൗരിയുടെ ഫോട്ടോയിൽ ഞാൻ അത് കണ്ടിട്ടുണ്ട്..അവളുടെ ചിരിയെക്കുറിച്ചു കഥയിൽ എന്താ പറയുന്നേ - "നിലാവിന്റെ നുറുങ്ങുകൾ നുരയുന്ന പാലിൽ ചേർത്തപോലെ " എന്ന്...എന്റെ ചിരിയെക്കുറിച്ചു നിങ്ങൾ എന്താ പറയാറുള്ളത് - കാടി വെള്ളത്തിൽ അയമോദകം ഇട്ടതുപോലെ - എന്നും.
എത്ര നിഷ്കളങ്കയാണ് എന്റെ ഭാര്യ !
അടുത്ത മാസം അവൾ പറയാതെ തന്നെ ഞാൻ കഥ അയച്ചു. താൻ മരിച്ചു പോകുന്നതായി സ്വപ്നം കാണുന്ന ഒരു ഭർത്താവിന്റെ സങ്കട കഥ. ഇതിലെങ്കിലും അവൾ സന്തോഷിക്കട്ടെ..
കുടുംബശ്രീ കഴിഞ്ഞു കലങ്ങിയ കണ്ണുകളുമായി വരുന്ന അവളെ കണ്ടപ്പോൾ എന്റെ മനസ്സൊന്നു ശാന്തമായി...പാവം അവൾക്ക് ഉള്ളിൽ എന്നോട് അതിരില്ലാത്ത സ്‌നേഹമാണ്..
" മോളെ ...ശോഭേ...." ഞാൻ ആശ്വസിപ്പിക്കാനെന്നോണം അവളെ ആർദ്രമായി വിളിച്ചു..
"പോ...കശ്‌മലാ ...പിശാചേ "
"സാരമില്ല മോളെ , അത് കഥയല്ലേ, ഞാൻ ഇപ്പോഴൊന്നും മരിക്കില്ല ..ന്റെ മുത്തേ..!"
"നിങ്ങൾക്ക് സ്വപ്ന വ്യാഖ്യാനം അറിയോ ? ഭർത്താവ് മരിക്കുന്നതായി സ്വപ്നം കണ്ടാൽ ഭാര്യ മരിക്കും...ഭാര്യ മരിക്കുന്നതായി സ്വപ്നം കണ്ടാൽ ഭർത്താവ് മരിക്കും...നിങ്ങൾക്ക് ഞാൻ മരിച്ചു കിട്ടണം അല്ലെ ?! പാല് കൊടുത്ത് വളർത്തിയ കൈക്ക് തന്നെ കടിച്ചല്ലോ ന്റെ ഈശ്വരാ..."
എത്ര നിഷ്കളങ്കയാണ് എന്റെ ഭാര്യ !
ഈ മാസവും ഒരു കഥ ഞാനവർക്ക് അയച്ചു കൊടുത്തു. ചിരിച്ചു കൊണ്ട് തിരിച്ചു വരുന്ന ഭാര്യയെ ഞാൻ കെട്ടിപ്പിടിച്ചുമ്മ വെച്ചു.
"നിങ്ങളെ കഥാ സാഹിത്യ ഗ്രൂപ്പിൽ നിന്ന് പുറത്താക്കി "
അവൾ വീണ്ടും ചിരിച്ചു - കാടി വെള്ളത്തിൽ അയമോദകം ....ഛെ..അല്ല, നിലാവിന്റെ നുറുങ്ങുകൾ നുരയുന്ന പാലിൽ ചേർത്തപോലെ .
"മുത്തേ . സത്തേ, ശോഭേ ...കഥ.. മണ്ണാങ്കട്ട...ജീവിതം ഒന്നേയുള്ളൂ."
മാസങ്ങൾക്ക് ശേഷം അന്നവൾ കിടക്കയിൽ വയലറ്റ് വിരിപ്പ് വിരിച്ചു, ചന്ദനത്തൈലം കുടഞ്ഞു സുഗന്ധപൂരിതമാക്കി.
ഓ, അത് പറയാൻ മറന്നു... അവസാനമായി ഞാൻ അയച്ച കഥ ഇതായിരുന്നു:
ഒരിടത്ത് ഒരു കറുത്ത കാക്ക ഉണ്ടായിരുന്നു
കാക്കക്ക് രണ്ടു കാലുകളും ഒരു കൊക്കും ഉണ്ടായിരുന്നു
കാക്കയുടെ അമ്മയ്ക്കും അച്ഛനും കഷണ്ടിയുണ്ടായിരുന്നു
ഒരു ദിവസം പറക്കുമ്പോൾ എല്ലാവരും ഒരു കുഴിയിൽ വീണു
പാവം കാക്കകൾ ചത്തുപോയി...കഥ കഴിഞ്ഞു പോയി.
(Haris)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot