
Unnikrishnan Kulakkatt
ആറാം ക്ലാസ്സിൽ നിന്നും ഏഴിലെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു വിനു ....! പുറത്ത് തകർത്തു പെയ്യുന്ന ഇടവപ്പാതിയുടെ കുളിരുള്ള പ്രഭാതത്തിൽ പുതുമണം മാറാത്ത പുസ്തകത്താളുകളിലേക്ക് അവൻ മുഖം പൂഴ്ത്തി . അവനെയെന്നും ഹരം കൊള്ളിച്ചിട്ടുള്ള ആ സുഗന്ധം അവൻ ആവോളം നുകർന്നു .
ചുറ്റും അവധിക്കാല വിശേഷങ്ങളും വീരസ്യം പറച്ചിലുകളും ...വരാൻ പോകുന്ന അധ്യയനവർഷത്തെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കലും പുത്തൻ പ്രതീക്ഷകളുമൊക്കെയായി ആകെ ശബ്ദമയം ...
അവൻ ചുറ്റും നോക്കി ..വിവിധ വർണങ്ങളിൽ പുത്തൻ ഉടുപ്പുകളിട് തന്റെ കൂട്ടുകാർ ....
താൻ മാത്രം സ്കൂൾ യൂണിഫോമിൽ ....അതും കഴിഞ്ഞ വർഷത്തെ ....പുതിയ ഉടുപ്പിടാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല ...പക്ഷേ അത് വാങ്ങിത്തരുവാൻ ആരുമില്ല ...
അച്ഛന്റെ മരണശേഷം അമ്മ തന്നെയും അനിയന്മാരെയും വളർത്താൻ എന്ത്മാത്രം കഷ്ടപ്പെടുന്നുണ്ടെന്നു അവനു അറിയാം .അതുകൊണ്ട് തന്നെ അവൻ അമ്മയോട് ഒന്നും ആവിശ്യപ്പെട്ട് ബുദ്ധിമുട്ടിക്കാറില്ല
ഓരോന്ന് ആലോചിച്ചു സമയം പോയത് അവൻ അറിഞ്ഞില്ല പെട്ടെന്ന് ബെല്ല് അടിച്ചു .സ്കൂൾ മുഴുവൻ പെട്ടെന്ന് നിശബ്ദമായി ..
"വിശ്വരൂപ ജഗദീശ ചിന്മയ ".....
പ്രാർത്ഥനഗാനം മുഴങ്ങി .അത് കഴിഞ്ഞതും പൊട്ടിതെറിച്ചതുപോലെ വീണ്ടും കലപില ശബ്ദം ഉയർന്നു .എല്ലാവരുടെയും മനസ്സിൽ ആശങ്ക നിറഞ്ഞു .
പുതിയ ക്ലാസ്സ്‌ടീച്ചർ ആരായിരിക്കും ..? ഇതായിരുന്നു പ്രധാന ആശങ്ക ...
ബിന്ദുടീച്ചർ ...അജിതടീച്ചർ ...! അങ്ങനെ സ്കൂളിലെ സോഫ്റ്റായ ടീച്ചർമാരുടെ പേരുകൾ ഉയർന്നു വന്നു
പെട്ടന്ന് എല്ലാവരുടെയും സ്വപ്നങ്ങൾക്ക് മേലെ ബുൾഡോസർ കേറ്റികൊണ്ട് ആ മനുഷ്യൻ കയറി വന്നു .
വിക്രമൻ മാഷ് ....!
സ്കൂളിലെ ഏറ്റവും ഭീകരനായ മാഷ് ...കർക്കശ്യക്കാരനായ അദ്ദേഹം ചെറിയ തെറ്റുകൾ പോലും പൊറുക്കാത്ത മനസിന് ഉടമയായിരുന്നു .ഇനിയുള്ള പത്തുമാസത്തെ കാരാഗൃഹവാസം ഓർത്ത് എല്ലാവരുടെയും മനസ്സ് പിടഞ്ഞു
ദിവസങ്ങൾ അതിവേഗം കടന്നുപോയി .അക്ഷരങ്ങളുമായി വളരെ വേഗം കൂട്ടുകൂടുന്ന വിനുവിന്റെ സ്വഭാവത്തിന് ഇവിടെയും മാറ്റമുണ്ടായില്ല .അവൻ അതിവേഗം ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായി മാറി
ദിവസങ്ങൾ കഴിയുന്നതിനനുസരിച്ചു അവന്റെ യൂണിഫോം പ്രേതിഷേധിച്ചു തുടങ്ങി .പിഞ്ചി തുടങ്ങിയ ആ തുണി ഒരു ദിവസം അതിന്റെ പ്രേതിഷേധം മുഴുവനായി രേഖപ്പെടുത്തി .അത് കീറി ..
കൂട്ടുകാരുടെ പരിഹാസത്തിൽ ആ കുഞ്ഞുമനസ് വല്ലാതെ നൊമ്പരപെട്ടു . അവൻ ക്ലാസ്സിൽ കയറി പുസ്തകക്കെട്ടുമായി പുറത്തിറങ്ങി നേരെ വീട്ടിലേക്ക് നടന്നു
വീട്ടിലെത്തിയ അവൻ അമ്മയോട് കാര്യം പറഞ്ഞു .അന്ന് രാത്രിയിലേക്കുള്ള ഭക്ഷണത്തിനു എന്ത് ചെയ്യണമെന്ന് ആലോചിച്ചിരുന്ന ആ അമ്മയ്ക്ക് തന്റെ മകനെ കെട്ടിപ്പിടിച്ചു കരയുവാനേ സാധിച്ചുള്ളൂ .ആ അമ്മയുടെ കണ്ണുനീരിന്റെ ചൂട് അവന്റെ ഉള്ളം പൊള്ളിച്ചു .തന്റെ അനിയന്മാരുടെ മുഖം കൂടി കണ്ടതോടെ അവൻ തന്റെ കുഞ്ഞുമനസിൽ ഉറച്ച ഒരു തീരുമാനമെടുത്തു .
തന്റെ കളികൂട്ടുകാരായ അക്ഷരങ്ങൾ തന്നെ തനിക്ക് മുന്പോട്ടുള്ള പ്രയാണത്തിന് വഴി കാണിക്കും .അതിനു പഠിക്കണം .എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയൊക്കെ നേരിട്ട് പഠിക്കണം
പിറ്റേ ദിവസം കീറൽ തുന്നിച്ചേർത്ത യൂണിഫോം ധരിച്ചുകൊണ്ട് അവൻ സ്കൂളിൽ എത്തി .പ്രാർത്ഥനാഗാനം കഴിഞ്ഞതും വിക്രമൻ മാഷ് ക്ലാസിലെത്തി .വന്നപാടെ തന്റെ ഘനഗംഭീര ശബ്ദത്തിൽ അദ്ദേഹം വിളിച്ചു
വിനു .....!
അവൻ പേടിയോടെ എഴുന്നേറ്റു
നീ ഇന്നലെ രണ്ടാമത്തെ പീരിയഡ് കഴിഞ്ഞു എങ്ങോട്ടാ പോയത് ...?
അദേഹത്തിന്റെ ചോദ്യത്തിന് മുൻപിൽ ഉത്തരമില്ലാതെ അവൻ മുഖം കുനിച്ചു നിന്നു
നിന്നോട് ചോദിച്ചത് കേട്ടില്ലേ ...? ഇവിടെ വാടാ ......!
വിനു പേടിച്ചു അദേഹത്തിന്റെ അരികിലെത്തി .മാഷ് ചൂരൽ കയ്യിലെടുത്തു .
നീനക്ക് തോന്നുമ്പോൾ വരാനും പോകാനും ഇതെന്താ സത്രമാണോടാ ..?
ചോദിച്ചു തീർന്നതും വിനുവിനെ തിരിച്ചു നിർത്തി അടിതുടങ്ങി .ഒന്നല്ല ഏഴെണ്ണം ....ഏഴാമത്തെ അടിക്ക് ചൂരലിന്റെ തുമ്പ് പൊട്ടി അത് രണ്ടായി കീറി
പോടാ ....!
അടി നിർത്തി മാഷ് അവനെപ്പിടിച്ചു തള്ളി .പൊട്ടിക്കരഞ്ഞുകൊണ്ട് വിനു തിരിച്ചു നടന്നു .കണ്ണുനീർ നിറഞ്ഞു അവന്റെ കാഴ്ചകൾ മങ്ങിയിരുന്നു
ഒരുപണിയുമില്ലാതെ തന്തയും തള്ളയും ഇങ്ങോട്ട് പറഞ്ഞ് വിടും .ബാക്കിയുള്ളവന് തൊന്തരവും അവന്റെ യൂണിഫോം കണ്ടോ .....?
പുറകിൽ നിന്നും മാഷിന്റെ ശബ്ദം കേട്ടതും വിനു തിരിഞ്ഞു നിന്നു
മാഷേ ......എനിക്ക് വേറെ യൂണിഫോം ഇല്ലാത്ത കൊണ്ട മാഷേ .....ന്റെ ...അമ്മയുടെ കയ്യിൽ കാശുമില്ല .......പഠിക്കാനുള്ള ഇഷ്ടം കൊണ്ട സ്കൂളിൽ വരുന്നേ ....മാഷിന് ഇഷ്ടമല്ലേ ഞാൻ ഇനി സ്കൂളിൽ വരുന്നില്ല മാഷേ .....!
പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ അത്രയും പറഞ്ഞപ്പോൾ കർക്കശ്യക്കാരനായ മാഷിന്റെ മുഖത്ത് വാത്സല്യം നിറഞ്ഞു .അദ്ദേഹം അവന്റെ അടുത്തെത്തി തോളിൽ കൈവെച്ചു .
വിനുവിന്റെ അച്ഛനെന്താ ജോലി ...?
അവനു അച്ഛനില്ല ...മരിച്ചു പോയി ..!
ആരോ വിളിച്ചു പറഞ്ഞു .
കണ്ണുനീർ ഒഴുകിയിറങ്ങിയ മുഖമുയർത്തി വിനു മാഷേ ഒന്ന് നോക്കി .ആ കണ്ണുകളിൽ രണ്ട് നീർമുത്തുകൾ തിളങ്ങുന്നത് അവൻ കണ്ടു
മാഷേ ...ഇന്നലെ ഇത് കീറിപ്പോയി ...പുതിയത് മേടിക്കാൻ എന്റെ അമ്മയുടെ കൈയിൽ കാശില്ലാത്തതു കൊണ്ടല്ലേ മാഷേ .....? എല്ലാവരും കളിയാക്കിയപ്പോൾ സഹിച്ചില്ല മാഷേ ...അത് കൊണ്ട ഞാൻ ഇറങ്ങിപ്പോയെ .....
ഏങ്ങലടികൾക്കിടയിലൂടെ അവൻ അത് പറഞ്ഞു തീർന്നതും മാഷ് അവനെയും വിളിച്ച് പുറത്തിറങ്ങി .സ്കൂളിന് തൊട്ടടുത്തുള്ള തുണിക്കടയിൽ ചെന്നു .
പ്രകാശ ......!
മാഷിന്റെ ശബ്ദം കേട്ടു പ്രകാശൻ പുറത്തേക്കിറങ്ങി വന്നു
എന്താ മാഷേ ...?
ഇവന്റെ അളവിൽ പുതിയ രണ്ട് യൂണിഫോം ...നാളെ വൈകിട്ട് കിട്ടണം ...അളവെടുത്തോ ...!
പ്രകാശൻ വിനുവിനെ വിളിച്ചു അകത്തേക്ക് പോയി അളവെല്ലാം എടുത്തുകഴിഞ്ഞു പുറത്തേക്കിറങ്ങിയ വിനുവിനെ മാഷ് ചേർത്ത് നിർത്തി ...
ഡാ ....നീയൊക്കെ നാളെയൊരു കാലത്ത് ഒരു കാറിൽ വന്നിറങ്ങി മാഷേ ....! എന്ന് വിളിക്കുന്നത് കാണാനാ എന്നെ പോലുള്ള അധ്യാപകർ ആഗ്രഹിക്കുന്നത് ....അല്ലാതെ പൊരിവെയിലത്തു കല്ലും മണ്ണും ചുമക്കുന്നത് കണ്ടാൽ ചിലപ്പോൾ ചങ്ക്പൊട്ടിപോകും ....അങ്ങനെയുള്ള എന്നെ നീയൊക്കെ തോല്പിക്കാൻ ശ്രമിക്കുന്നു എന്ന് തോന്നിയപ്പോൾ സഹിച്ചില്ല ....എന്റെ മോൻ മാഷോട് ക്ഷമിക്കു ....
മാഷിന്റെ കണ്ണുകളിൽ നിന്നും നിർമുത്തുകൾ വിനുവിന്റെ കവിളുകളിൽ വീണു പൊട്ടി ചിതറി
******** ******* *********
സാറെ ....സാറെ ....
വിളി കേട്ടു വിനു കണ്ണുകൾ തുറന്നു
എന്ന ഉറക്കമാ ...? സ്ഥലം എത്തി ..ഇറങ്ങുന്നില്ലേ ...?
ഡ്രൈവർ അരവിന്ദൻ ചോദിച്ചു .വിനു പുറത്തിറങ്ങി .അവൻ ചുറ്റും നോക്കി .ആ വീടിന്റെ മുറ്റത്തു പന്തൽ ഇട്ടിരുന്നു .കുറെയധികം ആൾകാർ അവിടെ കൂടിനിൽക്കുന്നു .വിനു അവരെ വകഞ്ഞു മാറ്റി അകത്തേക്ക് ചെന്നു
അവിടെ കത്തിച്ചു വെച്ച നിലവിളക്കിനു മുൻപിൽ വെള്ള പുതച്ചു കിടക്കുന്നു .കർക്കശ്യക്കാരനായ ആ അധ്യാപകൻ
വിക്രമൻ മാഷ് ....
ആ മുഖത്ത് അപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു
ജീവിതത്തിൽ ഒരുപാടുപേരെ വിജയത്തിലെത്തിച്ച ഒരു യാതാർത്ഥ വിജയിയുടെ ചിരി ....
ഒരു ചെറിയ കുട്ടി വന്നു വിനുവിന്റെ കാറിൽ മുൻവശത്തു ചുവന്ന ബോർഡിൽ വെളുത്ത അക്ഷരങ്ങളിൽ എഴുതിയത് വായിച്ചു
സബ് കളക്ടർ .....മുവാറ്റുപുഴ ....!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക