Showing posts with label SeethaKarthik. Show all posts
Showing posts with label SeethaKarthik. Show all posts

മഴമേഘങ്ങൾ

Image may contain: 4 people
"പേടിക്കാനൊന്നുമില്ല, വയസ്സായതിന്റെ ക്ഷീണമാണ്, മരുന്ന് കൊടുത്തിട്ടുണ്ട്. ഡ്രിപ് കഴിഞ്ഞാൽ ഉടനെ പോകാം..
ഡോക്ടറുടെ വാക്കുകൾ മഞ്ജുവിന്റെ മനസ്സിനെ തണുപ്പിച്ചു.. വിറയാർന്ന കൈകൾ കൂപ്പി മഞ്ജു ഡോക്ടർക്ക് നന്ദി അറിയിച്ചു.. എന്നിട്ട് ആ കസേരയിൽ ശ്രദ്ധയോടെ ഇരുന്നു.
ഇരുപ്പുറയ്ക്കാതെ ഒന്നുംകൂടി ആ ഒബ്സെർവഷൻ വാർഡിലേക്ക് ഒന്ന് എത്തി നോക്കി. കണ്ണടച്ച് കിടക്കുവാണ് മൃണാളിനി... തന്റെ ഭർത്താവിന്റെ ഒരേ ഒരു സഹോദരി...
വീണ്ടും കസേരയിൽ ഇരുന്ന മഞ്ജു,ചുമരിൽ ചാരി ഇരുന്നു ഓർമ്മകൾ അയവിറക്കാൻ തുടങ്ങി.
താൻ വലിയൊരു ധൈര്യശാലി ആണെന്ന് അമ്മായിമ്മ എപ്പഴും പറയാറുണ്ടായിരുന്നു.. ഇന്ന് വാർദ്ധക്യം എന്ന അവസ്ഥ തന്നെ ഭീരു ആക്കിയിരിക്കുന്നു... ഇല്ലെങ്കിൽ മൃണാളിനിക്ക് ചെറിയ ഒരു ക്ഷീണം വന്നപ്പഴേക്കും താൻ വല്ലാണ്ട് പേടിച്ചിരിക്കുന്നു.. അവൾക്കും എനിക്കും ഭർത്താവിനും ഇനി ഇപ്പോ ആരുമില്ലലോ... അതൊക്കെ കൊണ്ടുണ്ടാകുന്ന തോന്നലാകും എന്നു കരുതി ആശ്വസിക്കാൻ ശ്രമിച്ചു..
ഇങ്ങനെ ഓരോ ആലോചനയിൽ മുഴുകി ഇരുന്നപ്പോൾ മഞ്ജുവിന്റെ ഭർത്താവ് ചായ ഫ്ലാസ്കുമായി അവർക്കരികിൽ എത്തി.
അപ്പോൾ തന്നെ സിസ്റ്റർ അവരെ ഡോക്ടർ വിളിക്കുന്നു എന്നും അങ്ങോട്ട്‌ ചെല്ലാനും പറഞ്ഞു.
മരുന്നൊക്കെ മുടങ്ങാതെ കൊടുക്കണമെന്നും ഒരു തരത്തിലുള്ള സങ്കടങ്ങളും മൃണാളിനിയെ അറിയിക്കരുതെന്നും ഡോക്ടർ നിർദ്ദേശിച്ചു.
ഒത്തിരി വര്ഷങ്ങളായി കേട്ടുപഴകിയ ഒന്നാണെങ്കിലും ആ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഞങ്ങൾ തീർച്ചയായിട്ടും നോക്കിക്കോളാം എന്നു മറുപടി നൽകി.
ഡിസ്ചാർജ് ചെയ്യുകയാണ്, വീട്ടിലോട്ടു കൊണ്ടു പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു.
നന്ദി പറഞ്ഞു രണ്ടുപേരും ഡോക്ടറുടെ മുറിയുടെ പുറത്തിറങ്ങി. ബില്ലുകൾ ഒക്കെ അടച്ചിട്ടു വരാമെന്നു പറഞ്ഞു അദ്ദേഹം കൗണ്ടെറിനെ ലക്ഷ്യമാക്കി നടന്നു. ഞാൻ മൃണാളിനിയുടെ മുറിയിലേക്കും നടന്നു നീങ്ങി.
ക്ഷീണത്തിനു അല്പം ആശ്വാസം എന്നോണം അവൾ എണീറ്റിരിപ്പുണ്ട്.. രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ഓരോ പുഞ്ചിരി സമ്മാനിച്ചു.. എന്നിട്ട് ഞാൻ അവളുടെ സാധനങ്ങളൊക്കെ എടുത്തു അടുക്കാൻ തുടങ്ങി.. അപ്പഴേക്കും അദ്ദേഹം കാശൊക്കെ അടച്ചു എത്തിയിരുന്നു. എല്ലാം എടുത്തു ഞങ്ങൾ കാറിൽ കയറി യാത്ര ആരംഭിച്ചു. പത്തുമുപ്പതു കിലോമീറ്റർ മാറിയുള്ള ആശുപത്രിയിൽ ആണ് ഞങ്ങൾ അവളേം കൊണ്ടു വന്നത്. ഞങ്ങൾക്ക് പരിചയമുള്ള ഡോക്ടർ ഇവിടാനുള്ളത്.
ഭർത്താവ് ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം ഞങ്ങൾ മൂന്നാളും ശ്രീ ശങ്കരാചാര്യരുടെ ജന്മം കൊണ്ടു പുണ്യ സ്ഥലമായി മാറിയ കാലടിയിൽ താമസമാക്കി. കാറിൽ കയറിയതും മൃണാളിനി മയങ്ങാൻ തുടങ്ങിയിരുന്നു. ഭർത്താവ് ഡ്രൈവറോട് എന്തൊക്കെയോ കുശലാന്വേഷങ്ങൾ നടത്തുന്നു. മൃണാളിനി അവളുടെ ഒരു കൈകൊണ്ടു എന്റെ കൈയിൽ ചുറ്റിപിടിച്ചിട്ടുണ്ട്. ആ സ്‌നേഹനിർഭരമായ സ്പർശനം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുപാട് വര്ഷങ്ങളായി...
മഴമേഘങ്ങൾ ആർത്തു ഉലച്ചു പെയ്യാൻ വെമ്പൽ കൊണ്ടു നിൽക്കുന്നു... ആ മേഘങ്ങൾക്കിടയിലൂടെ കാലത്തിന്റെ ചക്രം പിന്നോട്ടാക്കി പല ഓര്മകളിലൂടെയും എന്റെ മനസ്സ് സഞ്ചരിക്കാൻ തുടങ്ങി.
അമ്മയ്ക്കും അച്ഛനും ഒറ്റമകളായി പിറന്ന എനിക്ക് എല്ലാ ഒറ്റമക്കൾക്കും ഉണ്ടാകാറുള്ളത് പോലെ സ്വന്തമായ അഭിപ്രായങ്ങൾ ഒന്നിനോടും ഇല്ലായിരുന്നു.
അതിനാൽ തന്നെ കല്യാണം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഘട്ടം വന്നപ്പഴും എല്ലാം അച്ഛന്റെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുത്തു. അങ്ങനെയാണ് തന്റെ ഭർത്താവുമായുള്ള വിവാഹം നടക്കുന്നത്.
വിവാഹം ആലോചിക്കുമ്പോൾ തന്നെ അവർ തന്റെ സുഖമില്ലാത്ത ഒരേ ഒരു മകളെപ്പറ്റിയും പറഞ്ഞിരുന്നു.. ഭർത്താവിന്റെ ഒരേഒരു സഹോദരി... മൃണാളിനി..
മാനസികമായി പ്രശ്നങ്ങൾ ഉണ്ടായിരുന്ന അവളെ ഒരു ആശുപത്രിയിൽ നിർത്തി ചികിൽസിപ്പിക്കുവാണെന്നും,അവർ അവിടെ അവളെ നോക്കിക്കോളുമെന്നും ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാലും അവസാന കാലത്തിൽ നീ തന്നെയാണ് അവരെയും നോക്കേണ്ടത് അതിനാൽ ആലോചിച്ചു പറഞ്ഞാല്മതിയെന്നു എന്റെ അച്ഛൻ പറഞ്ഞപ്പോൾ,ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ സമ്മതം മൂളി.
ആ ഒരു തീരുമാനം തെറ്റാപോയിരുന്നുന്നു ഇന്നേവരെ തോന്നിയിട്ടില്ല..
കല്യാണം കഴിഞ്ഞാണ് അവൾക്കു വയ്യാതെ വന്നിരുന്നെങ്കിൽ ഞാൻ എന്റെ ഭർത്താവിനെ ഉപേക്ഷിക്കുമായിരുന്നോ..അങ്ങനെ ഒരു ചിന്തയാണ് ഞങ്ങളെ ഈ കല്യാണ ആലോചനയുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചത്..
മൃണാളിനിയെ ഞാൻ ആദ്യമായി കാണുന്നത് എന്റെ ആദ്യ പ്രസവം കഴിഞ്ഞു കിടക്കുമ്പോഴാണ്. ഞാൻ കയറിവന്നതിന്റെ ഐശ്വര്യം എന്നൊക്കെ ഭർതൃവീട്ടുകാർ പറഞ്ഞെങ്കിലും ദൈവത്തിന്റെ അദൃശ്യമായ കൈകൾ ആ കുടുംബത്തിൽ പതിഞ്ഞതിനാലാവാം എന്റെ കല്യാണദിവസം തന്നെ അവൾ സുഖം പ്രാപിച്ചുവെന്നും വന്നു കൂട്ടിക്കൊണ്ടുപോകാൻ ആശുപത്രിയിൽ നിന്നു വിളിച്ചു പറഞ്ഞത്...
അങ്ങനെ അവളുടെ മരുമകനെ കാണാൻ അവൾ എന്റെ വീട്ടിൽ വന്നു... ഫോട്ടോകളിൽ മാത്രം കണ്ട അവളെ നേരിട്ട് ഞാൻ അന്നാദ്യമായി കണ്ടപ്പോൾ എനിക്ക് എന്ത് വികാരമാണ് തോന്നിയത് എന്നു പറഞ്ഞു അറിയിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല...
വൈരക്കല്ലുകളെക്കാൾ മാറ്റു തോന്നിക്കുന്ന അവളുടെ പുഞ്ചിരി... ആരെയും ആകർഷിക്കുന്ന സൗന്ദര്യം,നല്ല വെളുത്ത വസ്ത്രം അണിഞ്ഞു വന്ന അവളുടെ നിറം അവളുടെ വസ്ത്രത്തിലെ വെണ്മയേക്കാൾ ശോഭയുള്ളതായിരുന്നു... ഒരുങ്ങാൻ ഒത്തിരി ആഗ്രഹിച്ചിരുന്ന അവൾ എനിക്ക് എന്നും നല്ല ഒരു കൂട്ടായിരുന്നു...
വിവാഹം അവളെ അറിയിക്കാതെ നടത്തിയതിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും.. എന്നെ അവൾക്കു ഇഷ്ടമായതിനാൽ എല്ലാം മറക്കാൻ അവൾ തയ്യാറായി..
അവളുടെ ബാഹ്യമായ സൗന്ദര്യം എന്നെ വല്ലാണ്ട് ആകർഷിച്ചിരുന്നു.. എന്നാൽ അത്പോലെ വെണ്മയുള്ളതും പരിശുദ്ധവുമായ ഒരു നല്ല മനസ്സിനും കൂടി ഉടമയാണ് അവളെന്നു അവളുടെ കൂടെയുള്ള പിന്നീടുള്ള നാളുകൾ എനിക്ക് അറിയിച്ചു തന്നു.
എന്താണ് അവളുടെ മനസ്സിനെ ആടി ഉലച്ചത് എന്ന് ഞാനോ എന്റെ വീട്ടുകാരോ വിശദമായി ഒന്നും ചോദിച്ചിരുന്നില്ല..
എന്നാലും അവളെപ്പറ്റി കൂടുതൽ അറിയണം എന്നു എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. കാരണം അവൾ എംബിബിസ് കഴിഞ്ഞ ഒരു വ്യക്തി കൂടിയാണ്.. ആശ്ചര്യം തോന്നിപോയ നിമിഷങ്ങൾ.. എല്ലാത്തിനും ഉത്തരം നൽകാൻ എന്റെ അമ്മായിഅമ്മ തയ്യാറായി...
പഠിക്കാൻ അത്ര താല്പര്യം ഉണ്ടായിരുന്നില്ല മൃണാളിനിക്ക്... എന്നാലും ഇഷ്ടപെടുന്ന വിഷയങ്ങൾ അവൾ വളരെ ഭംഗിയായി പഠിക്കുമായിരുന്നു... പക്ഷെ അവളുടെ ജീവിതത്തിൽ വില്ലനായത് അവളുടെ അച്ഛനായിരുന്നു... പ്ലസ്ടു കഴിഞ്ഞു ഒരു ഡിഗ്രി ഒക്കെ എടുത്തു തന്റെ പഠനം പൂർത്തിയാക്കണം എന്നു കരുതിയിരുന്ന അവളുടെ മുന്നിൽ വലിയ ഒരു ബാലികേറാ മലയായി അച്ഛൻ ഒരു നിബന്ധന വെച്ചു. അവൾ എൻട്രൻസ് എഴുതണമെന്നും എംബിബിസ് പഠിക്കണമെന്നും..
സ്വപ്നങ്ങൾക്ക് ചിറകുകൾ മുളപ്പിക്കാൻ തുടങ്ങിയ അവളുടെ മനസ്സിനെ ചവിട്ടിയരച്ചുകൊണ്ടു എൻട്രൻസ് പരിശീലനം ആരംഭിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു.... അവളുടെ പ്രാർത്ഥനകൾ സഫലമായത് പോലെ അവൾ എൻട്രൻസ് പരീക്ഷയിൽ പരാജയപെട്ടു...
തന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളപിച്ചു അവൾ ഡിഗ്രി പഠിക്കാനായി ചെന്നൈയിലേക്ക് പറന്നു. എന്നാൽ തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിടാൻ അച്ഛൻ തയ്യാറായില്ല..
വളരെ സന്തോഷത്തോടും സമാധാനത്തോടും ചെന്നൈയിൽ പഠിച്ചു കൊണ്ടിരുന്ന മൃണാളിനിയെ അച്ഛൻ നിർത്താതെയുള്ള കത്തുകളുടെ ആക്രമണത്തിലൂടെ അവളെ പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചു തിരികെ നാട്ടിലെത്തിച്ചു.. എന്നിട്ട് വീണ്ടും എൻട്രൻസ് ജയിക്കുവാനുള്ള പരിശീലനം നൽകാൻ തുടങ്ങി.
എല്ലാ കുട്ടികൾക്കും അവരുടെ അച്ഛനമ്മമാരോട് സ്നേഹമാണ്, ബഹുമാനമാണ്, എന്നാൽ മൃണാളിനി അച്ഛനെ കാണുന്നത് ദൈവതുല്യമാണ്... അദ്ദേഹത്തിന്റെ വാക്കുകൾ അവൾ അക്ഷരംപ്രതി അനുസരിച്ചിരിരുന്നു.. അതിനാൽ അച്ഛന്റെ ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ അവൾ തയ്യാറായി..
അച്ഛൻ അപ്പഴേക്കും വളരെ കർക്കശക്കാരനായി മാറിയിരുന്നു. ടീവി കാണാൻ സമ്മതിക്കാതെയും, നേരത്തെ വിളിച്ചുണർത്തി പഠിക്കാൻ പറയുകയും, പാട്ടുകേൾക്കാൻ വളരെ ഇഷ്ടമായിരുന്ന അവളെ അതിൽ നിന്നു പിന്തിരിപ്പിക്കുകയും അങ്ങനെ യാതൊരു സമാധാനവും കൊടുക്കാതെ കൂട്ടിലിട്ട കിളിയെ പോലെ അവളെ പഠിപ്പിച്ചെടുത്തു...
ഈ പ്രയാസങ്ങൾ എല്ലാം അവൾ അവളുടെ അച്ഛന് വേണ്ടി സഹിച്ചു ക്ഷെമിച്ചു.. എന്നാൽ അവളുടെ മനസ്സ് അത് ഉൾകൊള്ളാൻ തയ്യാറായില്ലന്ന് തോന്നുന്നു, ആ സമ്മർദ്ദം താങ്ങാൻ ആവാതെ അവളുടെ മനസ്സ് അവളുടെ പിടിവിട്ടു പോകാൻ തുടങ്ങിയിരുന്നു.
അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ആ മാറ്റം അവൾക്കു ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു.. പിച്ചും പേയും പറയാനും ഉറക്കെ നിലവിളിക്കാനും തുടങ്ങി.
എന്താണ് കാരണം എന്നുപോലും അറിയാതെ അമ്മയും അച്ഛനും കയറി ഇറങ്ങാതെ ആശുപത്രികൾ ചുരുക്കമായിരുന്നു... ഒടുവിൽ ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു ആശുപത്രി അവർക്ക് സഹായഹസ്തമേകി.. അവിടത്തെ ചികിത്സ അവളെ പരിപൂർണമായും ഗുണപ്പെടുത്തി..
അപ്പോഴേക്കും അവൾക്കു എംബിബിസ് പഠിക്കുവാൻ ഒരു കോളേജിൽ സീറ്റും ലഭിച്ചു. മരുന്നുകളുടെ സഹായത്തോടും നന്മയുള്ള സഹപാഠികളുടെ സഹകരണം കൊണ്ടും അവൾ വിജയകരമായി എംബിബിസ് പൂർത്തിയാക്കി..
എന്നാൽ വിധി അവളെ വീണ്ടും തോൽപിച്ചു.. അഞ്ചുവർഷമായി യാതൊന്നും സംഭവിക്കാതിരുന്നതിനാൽ മരുന്നുകൾ നിർത്തിനോക്കാമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. അതിൽ അവൾ വീണ്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു എന്നു എല്ലാവരും വേദനയോടെ മനസിലാക്കി...
എന്താണ് ഇങ്ങനെ ഒക്കെ സംഭവിക്കാനുള്ള കാരണം എന്നു ആലോചിക്കുമ്പോൾ കാരണങ്ങൾ പലതും അവരുടെ മുന്നിൽ മിന്നിമറഞ്ഞു. അച്ഛന്റെ നിര്ബന്ധബുദ്ധിയാകാം, തലയിലെ കെമിക്കലുകളിൽ വരുന്ന വെത്യാസം കൊണ്ടാകാം, ഇങ്ങനെ ഓരോരുത്തർ ഓരോരോ കാരണങ്ങൾ നിരത്തി.. എന്തായാലും ഒരിക്കലും മാറാൻ സാധ്യതയില്ലാത്ത ഒരസുഖമായി അതിനെ സ്ഥിതികരിക്കാൻ മാത്രമേ ഡോക്ടർമാർക്ക് ആയുള്ളൂ..
പിന്നീടുള്ള അവളുടെ ജീവിതം മരുന്നുകൾ കഴിക്കാൻ വേണ്ടി ഉള്ളതായി മാറിയിരുന്നു.. ഇടയ്ക്കിടക്ക് അസുഖം മൂർച്ഛിക്കുമ്പോൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയുകയും മാറുമ്പോൾ തിരിച്ചു വിളിച്ചുകൊണ്ടു വരുകയും ചെയ്ത്കൊണ്ടിരുന്നു.
താൻ കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്നുള്ള തോന്നൽ അച്ഛനെയും വല്ലാതെ തളർത്തിയിരുന്നു. എന്നാലും മകൾക്കു ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ ഒരുപാട് ശ്രമങ്ങൾ വീണ്ടും അദ്ദേഹം നടത്തി. ഒരുപാട് ആശുപത്രികളിൽ അദ്ദേഹം അവൾക്കു ഒരു ജോലിക്കായി ശ്രമിച്ചു. ചിലയിടത്തൊക്കെ കിട്ടിയെങ്കിലും അവിടത്തെ ജോലിയിൽ ഉള്ള സമ്മർദ്ദം അവളെ വീണ്ടും രോഗിയാക്കി.. ചെറിയ സമ്മർദങ്ങൾ പോലും താങ്ങാൻ ശേഷിയില്ലാത്ത അവൾക്കു ഒരു കുടുംബജീവിതം പോലും വിലക്കപെട്ടു പോയിരുന്നു.. ഒരു സാധാരണ മനുഷ്യനുപോലും കുടുംബജീവിതത്തിൽ ഉണ്ടാകുന്ന സമ്മർദങ്ങൾ നേരിടാൻ പ്രയാസമാണ്.. അപ്പോൾ അവൾക്കു ഒരിക്കലും അത് താങ്ങാനാവില്ല.. കുറച്ചു കാലമൊക്കെ അവൾ ഒരു ജീവിതം എല്ലാരേം പോലെയും ആഗ്രഹിച്ചിരുന്നു, പിന്നെ പിന്നെ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ അവളും പഠിച്ചു..
കുറച്ചുനാളുകൾക്കു ശേഷം അവളിൽ ഒത്തിരി നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങി.. അതിനാൽ തന്നെ അവളെ ചികിൽസിച്ചു ഡോക്ടർ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി അവൾക്കു ജോലി നൽകി. തന്നെ നോക്കിയ ഡോക്ടറോടൊത്താകുമ്പോൾ അവൾക്കും സമാധാനം ഉണ്ടായിരുന്നു. അവിടത്തെ തന്നെ ഒരു റീഹാബിലിറ്റേഷൻ സെന്ററിൽ അവൾക്കു താമസ സൗകര്യവും നൽകി.. ഞങ്ങളോടൊപ്പം ഇടയ്ക്കിടയ്ക്ക് വന്നു നിൽക്കുകയും ചെയ്യുമായിരുന്നു. എന്റെ കുട്ടികൾക്ക് അവരുടെ വല്യമ്മയെ ജീവനായിരുന്നു..
ഇന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മക്കളൊക്കെ വലുതായി.. അവരുടെ ജീവിതങ്ങൾ തേടി അവർ യാത്ര ആരംഭിച്ചു.. ഞാനും ഏട്ടനും ചേച്ചിയും മാത്രം ബാക്കിയായി. മൃണാളിനി എന്നും പറയുമായിരുന്നു എന്റെ കുട്ടികൾക്ക് അവൾ ഒരു ബാധ്യത ആകാൻ പാടില്ല എന്ന്..
അങ്ങനെ അവൾക്കു തോന്നാണ്ടിരിക്കാനും അവൾക്കു സ്വന്തന്ത്രമായി താമസിക്കാനും ഞാനും ഭർത്താവും അവളേം കൂട്ടി മാറിത്താമസിക്കാൻ തീരുമാനിച്ചു. അങ്ങനെ ആണ് ഞങ്ങൾ കാലടിയിൽ എത്തിയത്.ഇത്രയും കാലത്തിനടയിൽ ഞങ്ങൾ തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ എല്ലാം അതിന്റെതായ രീതിയിൽ എടുത്തു ഞങ്ങൾ വീണ്ടും സ്നേഹത്തോടെ ഒന്നിക്കുമായിരുന്നു. മക്കളൊക്കെ അവരവരുടെ സ്ഥലങ്ങളിൽ ക്ഷെണിക്കാറുണ്ട്... ഇടയ്ക്കൊക്കെ ഒന്നുപോയി നിന്നിട്ടു വരും. എന്നാലും മൃണാളിനിയെ ഒറ്റയ്ക്കാക്കി പോകാൻ മനസ്സ് സമ്മതിക്കില്ല. സ്വന്തം മകളെപ്പോലെ നോക്കിയതാണ് എന്നെ എന്റെ അമ്മായിഅമ്മ.. അവർക്കു പകരം നൽകാൻ എന്റടുത്തു ഒന്നുമുണ്ടായിരുന്നില്ല.. അവരുടെ മകളെ എന്റെ സഹോദരിയായി കരുതി നോക്കുക എന്നതല്ലാതെ...
ഒരു കടപ്പാടിന്റെ പേരിലോ ഒന്നുമല്ല ഞാൻ അവളെ നോക്കുന്നത്... നാളെ ആർക്കുവേണമെങ്കിലും ഈ ഗതി ഉണ്ടാകാം.. അവൾ ഒരിക്കൽ എന്നോട് പറഞ്ഞു.. എല്ലാവരും ഇനി ഒരു ജന്മം വേണ്ടെന്നും മോക്ഷം കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു, എന്നാൽ എനിക്ക് അങ്ങനെ പ്രാർത്ഥിക്കാൻ തോന്നുന്നില്ല... അടുത്ത ജന്മത്തിലെങ്കിലും കുടുംബം കുട്ടികളുമൊക്കെയായി സസന്തോഷം ജീവിക്കണം..
ഇനിയൊരു ജന്മം ഉണ്ട് എന്നത് സത്യമാണെങ്കിൽ അവളുടെ ആഗ്രഹം നടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥന മാത്രമേ എനിക്കിപ്പോ ഉള്ളൂ.
മഞ്ജു ഉറങ്ങിയോ നീ ?മൃണാളിനിയുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നു ഉണർന്നത്. വീടെത്തിയിരിക്കുന്നു.. അവളെ ശ്രദ്ധാപൂർവം കാറിൽ നിന്നിറക്കി കൈപിടിച്ച് അവളെ അകത്തേക്ക് കൊണ്ടുപോകുമ്പോൾ എന്നെ പിടിച്ചുനിർത്തി അവൾ.. എന്നിട്ട് എന്റെ കണ്ണുകളിൽ നോക്കി.. എന്നിട്ട് ഇപ്രകാരം ചോദിച്ചു.... അടുത്ത ജന്മത്തിലും നീ ഉണ്ടാകുമോ എന്റെ കൂടെ..... അവളുടെ ചോദ്യത്തിന് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ അവളെ ഇറുക്കി ആശ്ലേഷിക്കുമ്പോൾ
മഴമേഘങ്ങൾ ശക്തിയായി ഭൂമിയിലേക്ക് പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു....
സ്നേഹപൂർവ്വം
സീത കാർത്തിക്

അമ്മ

..............
"എത്ര നേരമായി ചോദിക്കുന്നു, വേഗം താ അമ്മേ..
നിക്കടി പെണ്ണെ എനിക്ക് പത്തു കൈയൊന്നുമില്ല കൊണ്ടുവരാം.
ഒരു ഗ്ലാസ്‌ വെള്ളവുമായി അമ്മ എന്റടുത്തു വന്നു
അത് കണ്ടതും അച്ഛൻ ചീത്ത പറയാൻ തുടങ്ങി
ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിക്കാനുള്ള ആരോഗ്യം പോലും എന്റെ മോൾക്കില്ലന്ന് ഇന്ന മനസിലായത് . താളത്തിനൊത്തു തുള്ളാൻ ഒരമ്മയും...
"നിങ്ങള് ചുമ്മാ ഇരുന്നേ. അവള് പഠിക്കുവാ അതാ ഞാൻ കൊണ്ട് കൊടുത്തേ...
എന്നും കേൾക്കാറുള്ള ന്യായം കേട്ടത് കൊണ്ടാകും ദേഷ്യത്തോടെ അച്ഛൻ ഓഫീസിലേക്ക് പോകാൻ പുറത്തോട്ടു ഇറങ്ങി.
അമ്മ ഓടിച്ചെന്നു അച്ഛന് ഉച്ചയ്ക്കുള്ള ഭക്ഷണവും വെള്ളവും ഒക്കെ കൊണ്ട് കൊടുത്തു.
വണ്ടിയുടെ താക്കോൽ എടുത്തില്ലന്ന് പറഞ്ഞപ്പോൾ അമ്മ ഓടി അകത്തുപോയി എടുത്തു കൊണ്ടുവന്നു കൊടുത്തു.
അച്ഛൻ കാറിൽ കയറി പോകുന്നതും നോക്കികൊണ്ട് നിന്ന അമ്മയെ ഞാനും കണ്ണെടുക്കാതെ നോക്കി നിന്നു.
എല്ലാം നോക്കികൊണ്ടിരിക്കുന്ന എന്നെ നോക്കി അമ്മ ചോദ്യഭാവത്തിൽ തലയാട്ടി.
"ഒന്നുമില്ലേ നമ്മള് ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചതിന് എന്തൊക്കെ പുകിലാ. അച്ഛന് എല്ലാം കൈയിൽ കൊണ്ട് കൊടുക്കാം. അല്ലെ ?
"നിർത്തടി, അച്ഛനും നീയും ഒന്നാ? ഇനി മേലാൽ ഇങ്ങനെ പറഞ്ഞു പോവരുത്. എന്നും പറഞ്ഞു തലയ്ക്ക് ഒരു കിഴുക്കും വെച്ച് തന്നു അമ്മ അകത്തേക്ക് പോയി.
അച്ഛൻ ഭയങ്കര കർക്കശക്കാരനാണ്. അമ്മയ്ക്ക് ഭയങ്കര പേടിയാണ് അച്ഛനെ.. എനിക്കും...
പക്ഷെ ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അമ്മ എന്തിനാ ഇങ്ങനെ സഹിക്കണേ? തിരിച്ചു പറെഞ്ഞുടെ? പെണ്ണുങ്ങൾ ഇന്ന് സ്വതന്ത്രരാണ്.... അവർക്കും അവരുടേതായ അവകാശങ്ങൾ ഉണ്ട്. പിന്നെന്തുകൊണ്ട് അവർക്ക് ശബ്ധിച്ചുടാ?
അമ്മയോട് ചോദിച്ചിട്ട് തന്നെ കാര്യം.....
അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയാണ് അമ്മ...
ഞാൻ അടുക്കള സ്ലാബിൽ കയറി ഇരുന്നു എന്നിട്ട് അമ്മയോട് ഉറച്ച സ്വരത്തിൽ ചോദിച്ചു
"അമ്മ ഈ അച്ഛനെ എങ്ങനെ സഹിക്കുന്നു? എന്തൊരു ചൂടനാ. ഒട്ടും റൊമാന്റിക്കും അല്ല.
അമ്മ എന്നെ സംശയ ഭാവത്തിൽ നോക്കി
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ തുടർന്നു.
"പൊരുതണം അമ്മേ... ഈ ക്രൂര പ്രവർത്തികൾക്ക് എതിരായി നമ്മൾ പടവാൾ ഉയർത്തണം. പെണ്ണിന്റെ വീര്യം കാണിച്ചു കൊടുക്കണം...
എന്റെ ശബ്ദം ഉയർന്നതും അമ്മ കൈയിൽ ഇരുന്ന ഗ്ലാസ്‌ എടുത്തു ഒറ്റ ഏറു തന്നു.
അപ്രതീക്ഷിതമായ ആക്രമണം കാരണം ഞാൻ ഞെട്ടിപ്പോയി.
ഞാൻ എന്തെങ്കിലും പറയും മുൻപേ അമ്മ തുടങ്ങി.
"ഞാൻ എന്ത് അനുഭവിച്ചുന്നാ നീ ഈ പറയുന്നത്. ഈ കുടുംബത്തിന് വേണ്ടി രാപകൽ കഷ്ടപ്പെടുന്ന ആ മനുഷ്യനെപ്പറ്റി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത് .
അമ്മ കലിതുള്ളികൊണ്ട് ഹാളിലേക്ക് പോയി.
അമ്മയുടെ വാക്കുകൾ എന്നെ അത്ഭുധപെടുത്തി. അച്ഛൻ ചീത്തപറയുമ്പോൾ മാറി നിന്ന് അമ്മയുടെ ഈ നശിച്ച ജന്മത്തെ പറ്റി പരാതി പറയുന്ന ആളാണോ ഈ ഡയലോഗ് അടിച്ചിട്ട് പോയത്?
വിശ്വസിക്കാൻ ആവാതെ ഞാൻ ഹാളിലേക്ക് പോയി. അമ്മ താടിക്ക് കൈയും കൊടുത്തു സോഫയിൽ ഇരിക്കുവാണ്..
ഞാൻ മെല്ലെ അടുത്തേക്ക് പോയി. ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം. പടക്കത്തിന് തിരി കൊളുത്തിട്ട് മാറി നിക്കണപോലെ ഭയത്തോടെ ഞാൻ ഒരടി വിട്ടു നിന്നു. എന്നിട്ട് അമ്മയെ വിളിച്ചു.
അമ്മേ സോറി...
പക്ഷെ അമ്മ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പോലെ ശാന്തയായിരുന്നു, എന്നെ അടുത്ത് പിടിച്ചു ഇരുത്തി
എന്റെ മുടി ഇഴകൾ തടവിക്കൊണ്ട് അമ്മ പറഞ്ഞു.
മോളെ നീ വിചാരിക്കുന്നപോലല്ല ഒരു കുടുംബജീവിതം. അവിടെ മത്സരബുദ്ധിയല്ല വേണ്ടത് പരസ്പരം വിട്ടുകൊടുക്കാനുള്ള മനസ്സാണ് . എന്നാലേ ജീവിതം സന്തോഷം ആയിട്ടു മുന്നോട്ടു പോകുവോളു.
അച്ഛൻ എന്ന കർക്കശക്കാരനെ മാത്രമേ നീ കണ്ടുള്ളു, കുടുംബത്തിനുവേണ്ടി മാത്രം ജീവിക്കുന്ന ഒരാളാണെന്ന് നീ മറന്നു പോയി.
പിന്നെ സങ്കടം വരുമ്പോൾ ഞാൻ ഓരോന്ന് പറയുമെങ്കിലും അച്ഛൻ പറയുന്നത് അനുസരിക്കുമ്പോൾ ഞങ്ങളുടെ മനസിന്റെ ഐക്യം ആണ് അവിടെ കാണാൻ കഴിയുന്നത്.
ആ അനുസരണക്ക് ഒരു ജന്മത്തിന്റെ സ്നേഹമുണ്ട്. ഒരു പുരുഷൻ പറയുന്നത് പെണ്ണ് അനുസരിച്ചാൽ താണുപോകും എന്ന പുതുതലമുറയുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണത്.
അമ്മ ഒന്ന് നിർത്തിയിട്ടു എന്നെ നോക്കി.
എന്താടി ഒന്നും മിണ്ടാത്തെ?
അല്ല അമ്മേ അപ്പോൾ നമ്മൾ അടിമകൾ ആകണമെന്നാണോ?
ഒരിക്കലുമില്ല. നമ്മുടെ വ്യക്തിത്വത്തിന് മുറിവേൽക്കുന്ന ഒന്നും നമ്മൾ ചെയ്യണ്ട. പക്ഷെ ഒരു പുരുഷൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തങ്ങളുടെ കാഴ്ചപ്പാടിനെ ഖണ്ഡിക്കുന്നതാണെന്ന് സ്ത്രീകൾ തീരുമാനിച്ചാൽ, അവിടാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
അച്ഛന്റെ പല കാര്യങ്ങളും എനിക്ക് ഉൾകൊള്ളാൻ പറ്റാത്തതായിരുന്നു. പക്ഷെ ഞാൻ അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു. കാരണം എന്റെടുത്തും ഉണ്ടാകും അച്ഛന് ഇഷ്ടപെടാത്ത പല കാര്യങ്ങളും..
അത്കൊണ്ട് അടക്കവും ഒതുക്കവുമുള്ള പെണ്ണായിട്ടു വേണം നീയും വളരാൻ.
അല്ലാതെ ഫെമിനിസ്റ്റ് ചിന്താഗതിയും കൊണ്ടിരുന്ന വീട്ടിൽ ഇരിക്കുകയെ ഉള്ളൂ.
ഓഹോ അവസാനം അതിൽ തന്നെ കൊണ്ട് നിർത്തിക്കോ. അപ്പോൾ ഇത്രയും നേരം ഈ പ്രസംഗം കേട്ടതിനു ഒരു പ്രതിയുപകാരം വേണം.
അമ്മയുടെ മുഖത്തെ ഭാവം എനിക്ക് അറിയായിരുന്നു. അതിനാൽ അങ്ങോട്ട്‌ നോക്കാതെ ഞാൻ പറഞ്ഞു. എനിക്ക് കോളെജിന്ന് ടൂർ പോകാൻ അച്ഛന്റെ സമ്മതം വാങ്ങിത്തരണം.
പോടീ അവിടെന്നു.. ഞാൻ വിടില്ലെന്ന് പറഞ്ഞതാണെല്ലോ. അതിനു വെച്ച വെള്ളം മോളങ്ങു പുറകിൽ നിക്കണ ചെടിക്ക് ഒഴിച്ചേക്ക് .
ഇനി ഇമ്മാതിരി ഓരോന്നും പറഞ്ഞോണ്ട് വന്നാൽ ശെരിയാക്കും ഞാൻ . എന്നെ ശെരിക്കറിയാലോ?
എന്നും പറഞ്ഞു അമ്മ സുരേഷ് ഗോപി സ്റ്റൈലിൽ അകത്തേക്ക് പോയി.
ഞാൻ ആകെ സെന്റി ആയി. പഠിക്കാൻ തോന്നുന്നില്ല, അല്ലെങ്കിലും ഇല്ല, എന്നാ ഇപ്പൊ ഒട്ടും തോന്നണില്ല
അമ്മയെ മനസ്സിൽ ഒത്തിരി ചീത്ത പറഞ്ഞു.
ഇവരൊക്കെ ഒറ്റകെട്ടാ. ഒരു ഭാര്യയും ഭർത്താവും വന്നിരിക്കുന്നു. ലോകത്തു വേറെ ഒരിടത്തും ഇല്ലാത്തപോലെ...
ഇന്ന് പട്ടിണി കിടെന്നാലോ?
വേണ്ട ചപ്പാത്തിയ. നമ്മുടെ ദേഷ്യമൊക്കെ പാവം ചപ്പാത്തിയോട് കാണിക്കുന്നത് എന്തിനാ. മാത്രമല്ല വല്ലപ്പോഴുമാ ചപ്പതിയൊക്കെ പടികടന്നു ഈ വീട്ടിൽ വരുന്നത്.
എന്റെ മനസ്സ് വായിച്ചപോലെ അടുക്കളയിൽ നിന്നു അമ്മയുടെ ശബ്ദം കേട്ടു .
കഴിക്കാറാകുമ്പോ വന്നിരുന്നു തിന്നാമതി അതെങ്ങനെയാ ഉണ്ടാക്കുന്നെന്ന് വല്ലതും അറിയണോ?
"സെയിം ഡയലോഗ് കേട്ടുമടുത്തു. അമ്മയ്ക്ക് ഒന്ന് മാറ്റിപിടിച്ചൂടേ. പിന്നെ ഞാൻ ഒറ്റമോളല്ലേ. കുറച്ചു എൻജോയ് ചെയ്യുന്നതിൽ തെറ്റുണ്ടോ?
ഇപ്പോൾ അതല്ല പ്രശ്നം ടൂർ പോണം എന്താ ഒരു മാർഗം?
തലപുകച്ചു ആലോചിച്ചു... ഒരു വഴിയും കിട്ടിയില്ല.
അപ്പഴേക്കും അച്ഛൻ വന്നു. പിന്നെ വീട് ഫുൾ അറ്റെൻഷൻ ആയി.
എല്ലാരും അത്താഴം കഴിക്കാൻ ഇരുന്നു. എന്നും ഒരു നേരമെങ്കിലും ഒരുമിച്ചു കഴിക്കണം എന്നത് അച്ഛന്റെ നിർബന്ധമാണ്.
കഴിക്കുന്നതിനടയിൽ ഞാൻ അമ്മയെ ഒന്ന് പാളിനോക്കി.
എവിടെ.. ഒന്നും നടന്നിട്ടില്ലാത്ത പോലെ ഇരുന്നു കഴിക്കുവാണ്.
അപ്പോ ടൂർ പോക്ക് ഗോവിന്ദ...
അത്താഴം ഒക്കെ കഴിഞ്ഞു അമ്മ വീണ്ടും അടുക്കളയിൽ കയറി. ഇതിനും മാത്രം അതിനുള്ളിൽ എന്താ ജോലിന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ കയറി നോക്കിട്ടില്ല. വെറുതെ എന്തിനാ ഒരു റിസ്ക് ?
രാത്രി കിടന്നപ്പഴും കോളേജ് ടൂർ ആയിരുന്നു മനസ്സിൽ..
അമ്മ അറിയാതെ അച്ഛനെ കൊണ്ടു സമ്മതിപ്പിക്കണം. ഒന്ന് മുട്ടിനോക്കാം
എന്ന് വിചാരിച്ചു ഞാൻ അച്ഛന്റെ മുറിയിൽ പോയി നോക്കി. ഭാഗ്യം, അച്ഛൻ ഉറങ്ങിട്ടില്ല.
ഞാൻ പതുക്കെ അകത്തേക്ക് പോയി. എന്നെ കണ്ടതും അച്ഛൻ എന്നെ അടുത്ത് വിളിച്ചു.
നിന്നെ വിളിക്കാൻ ഇരിക്കുവായിരുന്നു .
എന്റമ്മേ വല്ല പ്രശ്നവും ഉണ്ടോ ?എന്തിനാ ഇപ്പോ അച്ഛൻ എന്നെ അന്വേഷിച്ചേ ?ഇങ്ങനെ മനസ്സിൽ ആലോചിച്ചു നിന്നപ്പോൾ ഉടനെ അച്ഛന്റെ ചോദ്യം വന്നു.
എന്താ കുട്ടി ആലോചിക്കുന്നേ ?
ഒന്നുല്ല അച്ഛാ ?അച്ഛൻ എന്താ തിരക്കിയെ?
അച്ഛൻ ഒന്നും പറയാതെ മേശയ്ക്കുള്ളിൽ നിന്നു പൈസ എടുത്തു എനിക്ക് തന്നു.
അമ്മ പറഞ്ഞു നീ കോളേജ് ടൂർ പോകാൻ പൈസ വേണമെന്ന് ചോദിച്ചുന്നു.
മനസ്സിൽ ആയിരം പൂത്തിരികൾ കത്തി. അമ്മയെന്ന അത്ഭുധത്തെ ഞാൻ തിരിച്ചറിയുകയായിരുന്നു.
എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, പിന്നെ അമ്മ പറഞ്ഞപ്പോ തന്നുന്നെ ഉള്ളൂ. സൂക്ഷിച്ചു പോണംട്ടോ ?
അച്ഛന്റെ വാക്കുകൾ എന്നെ കൂടുതൽ അത്ഭുദപ്പെടുത്തി. അമ്മയുടെ വാക്കുകൾക്ക് അച്ഛൻ ഇത്രമാത്രം വില നൽകുന്നു.
ഞാൻ പോകാതെ നിന്നതിനാലാകാം അച്ഛൻ എന്നെത്തന്നെ നോക്കി നിന്നു.
എന്താ മോളെ ?എന്തെങ്കിലും പറയാനുണ്ടോ ?
അല്ല അച്ഛാ ഇത്രയും വർഷം എന്നെ ടൂർ പോകാൻ സമ്മതിച്ചിട്ടില്ലലൊന്ന് ആലോചിച്ചു പോയതാ.
അച്ഛൻ അല്പം പുഞ്ചിരിച്ചുകൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു.
മോളെ അന്നൊക്കെ നീ കുഞ്ഞല്ലേ ?നിനക്ക് കാര്യപ്രാപ്തിയായിട്ടില്ലന്ന് തോന്നിയത് കൊണ്ടാണ് വിടാത്തത്.
ഇപ്പോൾ നിന്റെ അമ്മ തന്നെ ഉറപ്പ് പറഞ്ഞപോൾ എനിക്ക് വേറെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മോളു സന്തോഷമായിട്ട് പോയിട്ട് വാ
സന്തോഷവും സങ്കടവും എല്ലാം കൂടിച്ചേർന്ന ഒരു വികാരത്തിൽ ഞാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ അമ്മ ഇതാ വാതിൽക്കൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു...
ഞാൻ ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു.
സ്നേഹത്തിന്റെ ഭാഷയിൽ അമ്മയ്ക്ക് ഒരു ഉമ്മകൊടുക്കുമ്പോൾ എന്റെ മിഴികൾ ആർദ്രമായിരുന്നു.
ഒറ്റമകളായി ജനിച്ച എനിക്ക് അമ്മ എന്റെ വലിയ ഒരു കൂട്ടായിരുന്നു, ഇപ്പഴും ആണ്. ഇടയ്ക്ക് കർക്കശക്കാരിയാകുമ്പോൾ ഒരുപാട് ദേഷ്യം തോന്നിട്ടുണ്ട് അമ്മയോട്, വീട്ടിൽ ഒരു ജോലി ചെയ്യാൻ വല്ലപ്പോഴും പറഞ്ഞാൽ പത്തു ചോദ്യങ്ങൾ ഞാൻ അങ്ങോട്ട്‌ ചോദിക്കുമായിരുന്നു.
ഇന്നു ഞാനും ഒരു അമ്മയാണ്, ഇപ്പോൾ മാത്രമേ എനിക്ക് എന്റെ അമ്മയെ മുഴുവനായിട്ട് മനസിലാക്കാൻ സാധിച്ചുള്ളൂ. അടുക്കളയിൽ ഞാൻ പാത്രങ്ങളോട് മല്ലിടുമ്പോൾ പണ്ട് അമ്മയോട് ചോദിച്ചതൊക്കെ വേദനയോടെ ഓർക്കാറുണ്ട്. ഇപ്പഴും നാട്ടിൽ പോയാൽ അമ്മയുടെ ആ പഴയ കൊച്ചുകുട്ടിയാകാറുണ്ട്, എന്നെ കൊണ്ട് ഒന്നും ചെയ്യിക്കാതെ ഇരിക്കുന്ന അമ്മയെ കാണുമ്പോൾ അച്ഛൻ ഇന്നും കളിയാക്കും, നീ ഒന്നും ഒരിക്കലും മാറില്ലെന്ന് പറഞ്ഞു....
മാതാപിതാക്കൾക്ക് നമ്മൾ എന്നും കൊച്ചുകുട്ടിയാണ്..... ആ ഒരു സ്നേഹവും കരുതലും വേറെ ഒരിടത്തുനിന്നും കിട്ടില്ല..
അമ്മയെയോ അച്ഛനെയോ ശരണാലയത്തിൽ തള്ളുന്ന മക്കളുള്ള നമ്മുടെ നാട്ടിൽ, നമ്മളെങ്കിലും വരും തലമുറയ്ക്ക് ഒരു നല്ല ഉദാഹരണമായി മാറാൻ ശ്രമിക്കാം.
സ്നേഹപൂർവ്വം.
സീത കാർത്തിക്

അപൂർവം........

സമയം ഒരുപാടായല്ലോ അച്ഛനെ ഇതുവരെ കണ്ടില്ലലോ മക്കളെ ? എന്നും പറഞ്ഞു പാർവതി എന്ന പാറുക്കുട്ടി വേവലാതിയോടെ പുറത്തേക്കു നോക്കി. കടയിൽ ആളുണ്ടായിരിക്കും അമ്മേ. വെറുതെ ഇരുന്നു പേടിക്കാതെ. പാറുക്കുട്ടിയുടെ മൂത്തമകൾ സൗദാമിനിയുടെ ആശ്വാസ വാക്കുകളായിരുന്നു അത്...
എണ്പതുകളിലാണ്
ഈ കഥ നടക്കുന്നത്.പാറുകുട്ടിയുടെ ഭർത്താവ് ഗോപാലൻ ഇന്നത്തെ ചെന്നൈയും പണ്ടത്തെ മദിരാശിയുമായ നഗരത്തിൽ ഒരു ചെറിയ ഹോട്ടൽ നടത്തി ജീവിച്ചു പോരുകയാണ്. കേരളത്തിലാണ് ഇവർ ജനിച്ചു വളർന്നതെങ്കിലും പൂർവികരോക്കെ ഇവിടെ ആയതിനാലും വയറ്റിപിഴപ്പിനു വേണ്ടിയും മദ്രാസിൽ താമസമാക്കി. ഇവർക്ക് മൂന്നു പെണ്മക്കളുണ്ട്.സൗദാമിനിയാണ് മൂത്തവൾ. കെട്ടുപ്രായം ആയി നിക്കുന്ന പെണ്മക്കൾ അവരുടെ തീരാ വേദനയും നെഞ്ചിലെ കനലുമായിരുന്നു.
നേരം ഏറെ വൈകിയാണ് ഗോപാലൻ വീട്ടിലെത്തിയത് .. കുറച്ചു വെള്ളം കൊണ്ട് വരാൻ മോളോട് പറഞ്ഞിട്ട് അയാൾ ഒടിഞ്ഞു തൂങ്ങിയ ചാരുകസേരയിൽ ശ്രദ്ധയോടെ ഇരുന്നു.
എന്താ വൈകിയേ ?പാറുക്കുട്ടി അന്വേഷിച്ചു.
ഒന്നുല്ല കുറച്ചു കച്ചവടം കൂടെ നാടെന്നാലൊന്ന് എന്ന് കരുതി ഇരുന്നു നോക്കിയതാ. എവടെ നടക്കാൻ. അടുത്ത കടയിലെ ഷണ്മുഖൻ പറയുവാ നല്ല ജോലിക്കാരില്ലാത്തത് കൊണ്ടാണെന്നു.
മ്മ്, എവിടുന്ന് കിട്ടാനാ നമ്മള് കൊടുക്കുന്ന ഈ തുച്ഛമായ ശമ്പളത്തിന്… എല്ലാം വിധി. ആരെ പഴിക്കാൻ. എന്നും പറഞ്ഞു ഗോപാലൻ നെടുവീർപ്പിട്ടു. ഒന്നും പറയാനില്ലാതെ പാറുക്കുട്ടി ഗോപാലനെ തന്നെ അങ്ങനെ നോക്കി ഇരുന്നു. മകൾ കൊണ്ടു വന്ന വെള്ളം വാങ്ങി കുടിച്ചു തന്റെ കയ്യിലിരുന്ന പൊതി മകൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു ''മക്കൾ കഴിക്ക്'' ..കടയിൽ ബാക്കി വന്ന കുറച്ഛ് പലഹാരങ്ങളായിരുന്നു അത് ... പാറുട്ടി എനിക്ക് ഇത്തിരി കഞ്ഞിവെള്ളം താ. വിശപ്പില്ല.
ഇങ്ങനെ പട്ടിണി കിടെന്ന ഇല്ലാത്ത കാശ് ഉണ്ടാകുവോ എന്നു പിറുപിറുത്തു കൊണ്ട് പാറുട്ടി അകത്തേക്ക് പോയി.. രാത്രിയിലെ അത്താഴം കഴിഞ്ഞു എല്ലാരും ഉറങ്ങാൻ കിടന്നു . പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു പ്രഭാതം പൊട്ടിവിടർന്നു.
ദൈവത്തെ മനസ്സിൽ ധ്യാനിച്ചു ഗോപാലൻ കിടക്കയിൽ നിന്നും എഴുന്നേറ്റു. പെട്ടന്ന് പാറുകുട്ടിയുടെ നിലവിളി ഉച്ചത്തിൽ കേട്ടു. ഗോപാലേട്ട വേഗം വാ. ഇവിടെ വന്നു നോക്കിയേ. കേൾക്കേണ്ട താമസം ഗോപാലൻ ഓടി ഉമ്മറത്തെത്തി. എന്തിനാടി കിടന്നു ബഹളം വെക്കുന്നെ ? അയ്യോ എന്റെ ഏട്ടാ നോക്കിക്കേ കണ്ണു തുറന്ന് പാറുക്കുട്ടി ചൂണ്ടിയ ഭാഗത്തു സംശയത്തോടെ നോക്കി ഒരാൾ തന്റെ വീട്ടുമുറ്റത്തു അവശനായി കിടന്നുറങ്ങുന്നു... ശ്വാസം ഒന്ന് നേരെ വിട്ടു ഗോപാലൻ പാറുകുട്ടിയോട് അമർഷത്തോടെ ചോദിച്ചു ... ഇതിനാണോടി ഈ കിടെന്നു ബഹളം വെച്ചത് ? കുടിച്ചിട്ട് വല്ലോം കിടെന്നു ഉറങ്ങി പോയതായിരിക്കും. ബോധം വരുമ്പോൾ എണിറ്റു പൊക്കോളും … ‘’ഹോ എന്തൊരു സമാധാനം. അങ്ങേരെ ഒന്ന് എണീപ്പിച്ചു വിട് മനുഷ്യ മുറ്റമടിക്കാൻ ഉള്ളതാ’’ . ഗോപാലന് ദേഷ്യം വന്നെങ്കിലും പുറത്തു കാണിക്കാതെ അയാളുടെ അടുത്ത് പോയി തട്ടി വിളിച്ചു. “അയ്യാ അയ്യാ എന്തിര്. എന്തിരുന്ദ് പൊങ്കയ്യ”. ഏറെ നേരത്തെ ശ്രമത്തിനു ശേഷം അയാൾ എണിറ്റു. ഭൂമിയിലേക്ക് പിറന്നു വീണ കുഞ്ഞിനെ പോലെ അയാൾ അമ്പരന്നു. ഉറക്കച്ചടവോടെ പ്രയാസപ്പെട്ട് അയാൾ എണിറ്റു നിന്നു. കണ്ടാൽ ഒരു 27 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ. വെള്ള മുണ്ടും ഉടുപ്പുമാണ് വേഷം. ചുറ്റും ഒന്ന് കണ്ണോടിച്ചതിനു ശേഷം അയാൾ ഗോപാലേട്ടനോട് ചോദിച്ചു. ഞാൻ എവിടെയാ ? ആഹാ മലയാളി ആയിരുന്നോ ?ഗോപാലേട്ടന്റെ മുഖത്ത് സന്തോഷം . ഇന്നലെ അടിച്ചത് മുഴുവൻ കേട്ടറിങ്ങിലെ ? പാറുകുട്ട്യേ കുറച്ചു മോരുവെള്ളം ഇങ്ങു എടുക്ക്. ഇവിടെ മോരുവെള്ളമൊന്നുമില്ല അയാളോട് പോകാൻ പറ. പാറുക്കുട്ടി ഗർവിച്ചു. ഇത് കേട്ട അയാളുടെ മുഖം മ്ലാനമായി. ഞാൻ പൊക്കോളാം എന്ന് പറഞ്ഞു അയാൾ പോകാൻ ഒരുങ്ങി. ഗോപാലൻ അയാളെ പുറകിൽ നിന്നു വിളിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ അയാൾ നടന്നകന്നു.. “പാവം അയാൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു”. ഇത് കേട്ടുകൊണ്ട് നിന്ന പാറുക്കുട്ടി ഉച്ചത്തിൽ പറഞ്ഞു “അയ്യോ ആണോ എന്ന പോയി സപ്രമഞ്ചം ഒരുക്കി കൊടുത്തു അതിലിട്ട് താരാട്ട് പാടി ഉറക്ക്. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട”. എന്നും പറഞ്ഞു തുള്ളികൊണ്ട് പാറുക്കുട്ടി അകത്തേക്ക് പോയി. ഒന്നും പറയാനില്ലാതെ ഗോപാലേട്ടനും ദിനചര്യകളിൽ മുഴുകി.
കടയിൽ ഒന്ന് രണ്ടുപേര് ഊണ് കഴിക്കുകയാണ്. ഗോപാലൻ അന്നത്തെ പത്രം തിരിച്ചും മറിച്ചും നോക്കികൊണ്ടിരിക്കുവായിരുന്നു. ശ്രദ്ധ ഒന്ന് പുറത്തേക്കു തിരിചപ്പോഴാണ് രാവിലെ തന്റെ വീടിനു മുന്നിൽ കിടെന്ന ആളെ വീണ്ടും തന്റെ കടയുടെ എതിർവശത്തുള്ള മരത്തിന്റെ ചുവട്ടിൽ കണ്ടത്. വാടി വരണ്ടിരിക്കുന്ന അയാളുടെ ദയനീയമായ അവസ്ഥ ഗോപാലേട്ടനെ വിഷമിപ്പിച്ചു. എണിറ്റു പോയി അയാളെ കൂട്ടികൊണ്ട് വന്നു തന്റെ കടയിൽ ഇരുത്തി. എന്നിട്ട് മുന്നിൽ ഇല ഇട്ടു ചോറ് വിളമ്പി. ആർത്തിയോടെ അയാൾ കഴിക്കുന്നത് കണ്ടു ഗോപാലേട്ടന്റെ കണ്ണിൽ ഈറൻ അണിഞ്ഞു.
വയറു നിറച്ച് കഴിച്ച ശേഷം നന്ദി പറഞ്ഞ് പോകാൻ ഇറങ്ങിയ അയാളെ തടഞ്ഞു കൊണ്ട് ഗോപാലേട്ടൻ ചോദിച്ചു. താൻ എവിടത്തുകാരനാ ? അയാൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ഗോപാലേട്ടൻ ചോദ്യം ആവർത്തിച്ചു തനിക്കെന്താ പറ്റിയെ ?താൻ ഇവിടെങ്ങനെ എത്തിപ്പെട്ടു. ഏറെ നേരത്തെ മൗനത്തിനു വിരാമമിട്ടുകൊണ്ട് അയാൾ പറഞ്ഞുതുടങ്ങി “ഞാൻ ആരാണെന്നോ ഇവിടെ എങ്ങനെ എത്തിപെട്ടെന്നോ എനിക്കറിയില്ല. ഒന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല എനിക്ക്. ഒരു ബസ് അപകടത്തിൽ പെട്ടു ഞാൻ ഇവിടുത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നെ അറിയുന്നവർ ആരും വരാത്തതിനാൽ അവർ എന്നെ അവുടെന്ന് പറഞ്ഞുവിട്ടു. അവിടെ വെച്ചാണ് ഡോക്ടർ പറഞ്ഞത് എനിക്ക് അപകടത്തിൽ തലയ്ക്ക് പറ്റിയ ആഘാതത്തിൽ അംനേഷ്യ എന്ന രോഗം പിടിപെട്ടുവെന്നും അതാണ് പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കാതെന്നും....”
ഒരു ഞെട്ടലോടെയാണ് ഗോപാലൻ എല്ലാം കേട്ടത്. അയാളുടെ കഥകളറിഞ്ഞ ഗോപാലൻ അയാളെ ഇറക്കി വിടാൻ മനസ്സ് വന്നില്ല.. അയാളെ ഗോപാലൻ തന്റെ വീട്ടിലേക്കു കൂട്ടി .. പാറുകുട്ടിക്ക് ആദ്യം എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പതിയെ എല്ലാം മാറി. തന്റെ പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത അയാൾക്ക് ഗോപാലൻ നൽകിയ പേരായിരുന്നു "രഘു " ... കടയിൽ വലിയ ഒരു സഹായി ആയിരുന്നു അയാൾ. പാചകമൊക്കെ രഘു പെട്ടെന്ന് പഠിച്ചെടുത്തു. രഘുവിന്റെ ഭാഗ്യം കൊണ്ടാണോ കൈപ്പുണ്യം കൊണ്ടാണോന്ന് അറിയില്ല കടയിൽ കച്ചവടം വർധിച്ചു. ഗോപാലേട്ടന്റെ സമയം തെളിയാൻ തുടങ്ങി. ആദ്യമൊക്കെ രഘുവിനെ പറ്റി പത്രത്തിൽ പരസ്യം കൊടുക്കാമെന്നൊക്ക ഗോപാലൻ വിചാരിച്ചു എങ്കിലും തന്റെ സ്വാർത്ഥത അയാളെക്കൊണ്ട് അത് ചെയ്യാൻ പ്രേരിപ്പിച്ചില്ല. രഘുവാണ് തന്റെ കടയെ ഇത്രയും ആക്കി തീർത്തത്. അതിനാൽ അയാളെ ആർക്കും വിട്ട്കൊടുക്കാൻ ഗോപാലേട്ടൻ തയ്യാറായില്ല. പതിയെ രഘുവും തന്റെ ആളുകളെ കണ്ടുപിടിക്കണമെന്ന ആഗ്രഹവും ഉപേക്ഷിച്ചു. അത്രകണ്ട് ഗോപാലേട്ടൻ അയാളെ സ്നേഹിക്കുനുണ്ടായിരുന്നു. തന്റെ അടുത്ത് നിന്ന് ആരും രഘുവിനെ കൊണ്ടുപോകാതിരിക്കാൻ ഗോപാലൻ വേറെ ഒരു മാർഗവും കണ്ടു. അയാളെ കൊണ്ടു മൂത്തമോളെ കെട്ടിക്കുക്ക... എവിടെനിന്ന് വന്നെന്നോ ആരെണെന്നോ ഒന്നും അറിയാത്ത ആളിനെ കൊണ്ടു തന്റെ മകളെ വിവാഹം കഴിപ്പിക്കുന്നതിൽ പാറുക്കുട്ടി ശക്തമായി എതിർത്തു. എന്നാൽ ആ എതിർപ്പ് ഗോപാലേട്ടന്റെ ദൃഢമായ തീരുമാനത്തിന് മുന്നിൽ അലിഞ്ഞില്ലാതായി . അങ്ങനെ സൗദാമിനിയുടെയും രഘുവിന്റെയും വിവാഹം ഗോപാലേട്ടൻ ഭംഗി ആയിട്ടു നടത്തി. അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും ആ വീട്ടിലെ കൊച്ചു കാരണവരായി രഘു ജീവിച്ചു പൊന്നു.
ഒരുനാൾ കടയിൽ നല്ല തിരക്കുള്ള ദിവസം അന്യ നാട്ടിൽ നിന്നു കുറച്ചു ആളുകൾ ഊണ് കഴിക്കാൻ എത്തി. അതിൽ ഒരാൾ രഘുവിനെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഊണ് കഴിച്ചു കഴിഞ്ഞു കാശ് കൊടുക്കാൻ നേരത്തു അയാൾ ഗോപാലേട്ടനോട് രഘുവിനെ ചൂണ്ടികാട്ടികൊണ്ട് ചോദിച്ചു. ഈ ആളുടെ പേരെന്താ. ? വന്നയാൾ മലയാളി ആണെന്ന് അറിഞ്ഞതും ഗോപാലേട്ടൻ ഞെട്ടി. രഘുവിനെ അറിയുന്ന ആരെങ്കിലും ആയിരിക്കുമെന്ന് കരുതി ഗോപാലേട്ടൻ ഒന്നും വിട്ടു പറഞ്ഞില്ല. “എന്നോട മാപ്പിളൈ ആക്കും (എന്റെ മരുമകൻ ആണ് )പേര് രഘു” . അയാൾ സംശയപൂർവം തലയാട്ടി. എന്നിട്ട് ഒന്നും പറയാതെ ഇറങ്ങി പോയി. തെല്ലൊരു ആശ്വസം തോന്നിയെങ്കിലും ഗോപാലേട്ടന്റെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി. ഉച്ചക്ക് രഘുവിനെ കുറിച്ച് അന്വേഷിച്ച അയാൾ രാത്രി വീണ്ടും കടയിൽ എത്തി. രഘുവും ഗോപാലേട്ടനും അന്നത്തെ കണക്കുകൾ നോക്കുന്ന ധിറുതിയിൽ ആയിരുന്നു.. അയാളെ കണ്ടതും ഗോപാലേട്ടൻ പരിഭ്രമിക്കാൻ തുടങ്ങി. രഘുവിനോട് കണക്കുകൾ നാളെ നോക്കാമെന്നും വീട്ടിൽ പൊക്കോളാനും പറഞ്ഞു. പോകാൻ ഇറങ്ങിയ രഘുവിനെ തടഞ്ഞുകൊണ്ട് വന്നയാൾ “ചോദിച്ചു, നി നന്ദൻ അല്ലെ ? രഘു സംശയഭാവത്തിൽ അയാളെ നോക്കി. ഇത് കേട്ട ഗോപാലേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു. ഇത് നന്ദനും ചന്ദനവും ഒന്നും അല്ല, രഘുവാ. നി പോയിക്കോ മോനെ എന്നും പറഞ്ഞു ഗോപാലേട്ടൻ രഘുവിനെ യാത്ര ആക്കാൻ തുടങ്ങിയപ്പോൾ വന്നയാൾ പറഞ്ഞു “അതുശെരി നിങ്ങൾക്ക് മലയാളം അറിയാമല്ലേ. എന്നിട്ടാണ് രാവിലെ കിടെന്നു നാടകം കളിച്ചത്. രാവിലെ മുതൽ നിങ്ങളുടെ പരിഭ്രമം ഞാൻ കാണുന്നതാണ്. സത്യം പറഞ്ഞോ, ഇല്ലെങ്കിൽ പോലീസിനെ വിളിക്കാം അവരോടു പറഞ്ഞാമതി “..ഞെട്ടിത്തരിച്ചു നിന്ന ഗോപാലേട്ടൻ ഉണ്ടായതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. എല്ലാം കേട്ടതും വന്നയാളുടെ മുഖം കലികൊണ്ട് ചുമന്നു. നിങ്ങൾ എന്ത് അക്രമമാണ് ഈ കാണിച്ചത് ?ആരാ എന്തെന്നറിയാതെ നിങ്ങളുടെ തോന്നിയപോലൊക്കെ ചെയ്യുന്നതാണോ മര്യാദ ? ഇതാരാണ് എന്ന് അറിയോ. ഇവന്റെ പേര് നന്ദൻ. ഇവന് ഒരു ഭാര്യയും കുഞ്ഞുമുണ്ട്. അയാളുടെ വാക്കുകൾ നാല് ദിക്കിലും ആഞ്ഞടിച്ചു വലിയ ശബ്ദത്തോടെ ഗോപാലേട്ടന്റെയും രഘുവിന്റെയും കാതുകളിൽ പതിച്ചു.
അയാളുടെ വാക്കുകൾ കേട്ടു രഘു ഒരു നിമിഷം തരിച്ചു നിന്ന്പോയി. തന്നെ കാത്ത് ഇരിക്കുന്നവരെ കുറിച്ച് ആലോചിച്ചപ്പോൾ രഘു പരിസരം മറന്ന് ഉച്ചത്തിൽ കരഞ്ഞു പോയി. താൻ ചെയ്തുപോയ വിവരക്കേട് ഓർത്തു അയാൾ സ്വയം കുറ്റപ്പെടുത്തി. ഗോപാലേട്ടന്റെ കാര്യം അതിലും കഷ്ടമായിരുന്നു. തന്റെ മകളുടെ ജീവിതം ഇനിയൊരു ചോദ്യചിഹ്നമായി മാറുമല്ലോന്ന് അയാൾ വേവലാതിപ്പെട്ടു. നോക്കീം കണ്ടും ചെയണമായിരുന്നുന്നു പാറുകുട്ടിയും സങ്കടപ്പെട്ടു. തന്റെ ഭർത്താവിന് നേരത്തെ തന്നെ ഭാര്യയും കുഞ്ഞും ഉള്ള വാർത്ത സൗദാമിനിയുടെ കാതുകളിലും കൂരമ്പു പോലെ തറച്ചു.
ശാന്ത സുന്ദരമായി കഴിഞ്ഞിരുന്ന ഗോപാലേട്ടന്റെ കുടുംബം വേദനകളാൽ ശോകമൂകമായി.
വന്നയാൾ രഘുവിന്റെ അയൽവാസിയായിരുന്നു.രഘുവിനു നാട്ടിൽ കച്ചവടം ആണെന്നും അതിപ്പോ ഭാര്യ ഏറ്റടുത് നടത്തുകയുമാണെന്നും അയാൾ പറഞ്ഞു. ഒരു ആൺതുണ ഇല്ലാതെ അവര് കഷ്ടപെടുവാനെന്നും തന്നോടൊപ്പം നാട്ടിലോട്ട് വരാൻ അയാൾ നിർബന്ധിക്കുകയും ചെയ്തു..
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കാൻ മാത്രമേ രഘുവിന് ആയുള്ളൂ.അതേസമയം രഘുവിന്റെ ഭാര്യ തന്റെ ഭർത്താവ് എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തന്റെ കുഞ്ഞിനെ മാറോടു ഇണക്കി കഴിയുവായിരുന്നു.
എന്തായാലും തന്റെ ഉറ്റവരെ കാണാൻ രഘു തീരുമാനിച്ചു. അതറിഞ്ഞപ്പോൾ ഗോപാലേട്ടൻ ആകെ തകർന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രഘു സൗദാമിനിയെയും കൂടെ കൂട്ടി.
രഘുവിനെ അന്വേഷിച്ചു വന്നയാൾ സംശയഭാവത്തോടെ രഘുവിനെ നോക്കിയപ്പോൾ രഘു പറഞ്ഞു.
ആരോരുമില്ലാതെ തെരുവിൽ അനാഥനായി നിന്നിരുന്ന എനിക്ക് വീടും ഭക്ഷണവും പിന്നെ ഒരു ജീവിതവും തന്നത് ഇവരാണ്. അതിനാൽ സൗദാമിനിയെ വേണ്ടാന്ന് വെക്കാൻ പറ്റില്ല. അവളെയും ഒപ്പം കൂട്ടുന്നുണ്ട്. വരുന്നത് വരട്ടെ. എന്നും പറഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞു രഘു വന്ന ആളുടെ കൂടെ യാത്ര തിരിച്ചു.
യാത്രയിൽ ഉടനീളം രഘുവിനെ തേടിവന്നയാൾ രഘുവിന്റെ കുടുംബത്തെ കുറിച്ച് വാചാലനായി. അയാളുടെ പേര് രവി എന്നാണെന്നും രഘുവിന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ആണെന്നും അയാൾ പറഞ്ഞു. രഘുവിന്റെ ഭാര്യയുടെ പേര് സുമംഗല എന്നാണെന്നും മകൻ ഗണേഷിന് അഞ്ചു വയസായെന്നും അയാൾ പറഞ്ഞു. ഗണേഷിനെ സുമംഗല തന്റെ ഉദരത്തിൽ ചുമക്കുമ്പോഴായിരുന്നു, ഒരു അമ്പലത്തിൽ തൊഴാനായി രഘു പുറപ്പെട്ടത്. തമിഴ് നാട്ടിലെ ഉൾഗ്രാമങ്ങളിൽ സ്ഥിതി ചെയുന്ന ഒരമ്പലത്തിലേക്കാണ് പോയത്. ആ യാത്രയാണ് മദിരാശി എത്തിയതും തലകീഴായി മറിഞ്ഞത്. അപകടം പറ്റിയത് അവര് അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അന്വേഷിച്ചു ചെന്നപ്പോൾ അങ്ങനെ ആരും ഉണ്ടായില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
കേരളത്തിന്റെ തന്നെ ശാന്ത സുന്ദരമായ കുട്ടനാടായിരുന്നു രഘുവിന്റെ ജന്മസ്ഥലം.
രഘുവിന്റെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചുപോയിരുന്നു.ബന്ധുക്കളാണ് അയാളെ വളർത്തിയതും കച്ചവടം തുടങ്ങാൻ സഹായിച്ചതും., കല്യാണം കഴിപ്പിച്ചതും.
തന്റെ ജീവിതകഥ കേട്ടു രഘുവിന്റേയും ഭാര്യയുടെയും മനസ്സ് വിങ്ങി പൊട്ടി
അതിരാവിലെ അവർ നാട്ടിലെത്തി.
നാട്ടിൽ എത്തിയതും രഘുവിന്റെ മനസ്സ് പടാപടാന്ന് ഇടിക്കാൻ തുടങ്ങി. തന്റെ ഭാര്യയെയും മകനേം കാണാൻ അയാളുടെ മനസ്സ് വെമ്പൽ കൊണ്ടു. ഒരു ഓടിട്ട ചെറിയ വീട് ചൂണ്ടിക്കാട്ടി രവി പറഞ്ഞു
അതാണ് നന്ദന്റെ വീട് കയറി വരൂ.
ഉമ്മറത്തു എത്തി രവി അകത്തേക്ക് നോക്കി സുമംഗലയെ നീട്ടി വിളിച്ചു.
കൈയിൽ ഒരു വടിയും കുത്തിപ്പിടിച്ചു തളർന്നു പോയ കാലുകൾ ഏന്തി ഏന്തി സുമംഗല നടന്നു വന്നു.
വാതിൽക്കൽ രവിയെ കണ്ടതും സുമംഗല ചോദിച്ചു
രവിയേട്ടൻ പോയിട്ട് ഇത്ര പെട്ടെന്ന് എത്തിയോ ?ഒന്ന് രണ്ടു ദിവസവും കൂടി ആവുമെന്നല്ലേ പറഞ്ഞത് ?
മ്മ് നേരത്തെ വരേണ്ടി വന്നു. ഇതാരാ വന്നിരിക്കുന്നെന്ന് കണ്ടോ ?അപ്പോഴാണ് അല്പം മാറിനിന്ന രഘുവും സൗദാമിനിയും സുമംഗലയുടെ മുന്നിൽ വന്നത്. അവളുടെ തളർന്നുപോയ കാല് കണ്ടു നെഞ്ചു തകർന്നു നിൽക്കുവായിരുന്നു രഘുവും സൗദാമിനിയും.
രഘുവിനെ കണ്ടതും സുമംഗലയുടെ മുഖത്തു ആയിരം ഭാവങ്ങൾ മിന്നിമറഞ്ഞു. ആയിരം പൂര്ണചന്ദ്രന്മാർ ഒന്നിച്ചു ഉദിച്ചത് പോലെ അവളുടെ മുഖം വെട്ടിത്തിളങ്ങി.
പിന്നെ ഒട്ടും താമസിക്കാതെ തന്റെ വയ്യായിക മറന്നു കാലുകൾ വേച്ചു വേച്ചു അതിവേഗത്തിൽ പടികളിറങ്ങി രഘുവിന്റെ അടുത്ത് വന്നു തന്റെ രണ്ടുകൈകൾ കൊണ്ടും മുറുക്കി പിടിച്ചു.
എവിടായിരുന്നു ഇതുവരെ. എവിടൊക്കെ അന്വേഷിച്ചു. എന്താപറ്റിയത് ?ഇങ്ങനെ ആയിരം ചോദ്യങ്ങൾ സുമംഗല ചോദിച്ചുകൊണ്ടിരുന്നു. എല്ലാത്തിനും മൗനം മാത്രമായിരുന്നു രഘുവിന്റെ മറുപടി.കണ്ണു നിറച്ചു അവളെ നോക്കി നിന്നു. അപ്പോഴാണ് സൗദാമിനിയെ സുമംഗല ശ്രദ്ധിച്ചത്. ഇതാരാ എന്ന ഭാവത്തിൽ രഘുവിനെ നോക്കി.
രവി ഇതൊക്കെ കണ്ടിട്ട് ഇടയിൽ കയറി ഇടപെട്ടു. എന്നിട്ട് ഉണ്ടായതെല്ലാം സുമംഗലയോടു പറഞ്ഞു.
എല്ലാം കേട്ടതും സുമംഗലയുടെ സമനില തെറ്റാൻ തുടങ്ങി. ഭൂമിപിളർന്നു താൻ അതിനുള്ളിലേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചുപോയി. എല്ലാം തിരിച്ചു കിട്ടിയിട്ടും ഒന്നും കിട്ടാതെപോയപോലെ ഉള്ള അവസ്ഥ അവളെ കൂടുതൽ അസ്വസ്ഥയാക്കി.
രവി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ട് രഘുവിന്റെ നേരെ തിരിഞ്ഞു.
കണ്ടോ ഇതാണ് സുമംഗല കണ്ണിൽ എണ്ണയും ഒഴിച്ച് രാവും പകലും കാത്തിരുന്ന തന്റെ ഭാര്യ അവളുടെ ഒരു കാലിനു സ്വാധിനമില്ല. അത് അറിഞ്ഞു തന്നെയാണ് നീ അവളെ വിവാഹം കഴിച്ചത്. ഞാൻ അത് മുന്നേ പറയാതിരുന്നത്., നീ അത് കേട്ടു വരാൻ കൂട്ടാക്കില്ലെങ്കിലൊന്ന് ഭയന്നാണ്. ഇനി നിങ്ങൾക്ക് തീരുമാനിക്കാം എന്താ വേണ്ടതെന്ന്. രഘുവിനെയും സൗദാമിനിയെയും ഒരിക്കൽകൂടെ നോക്കിയിട്ട് രവി ആ വീടുവിട്ട് ഇറങ്ങിപ്പോയി.
എല്ലാം കണ്ടു തരിച്ചുനിൽക്കാൻ മാത്രമേ സൗദാമിനിക്കയുള്ളു.
രഘു മൗനത്തിനു വിരാമമിട്ടുകൊണ്ട് സുമംഗലയുടെ അടുത്ത് പോയി ഇപ്രകാരം പറഞ്ഞു.
സുമംഗലക്ക് ഇനി എന്തുവേണമെങ്കിലും തീരുമാനിക്കാം. എനിക്ക് ആരോരുമില്ലാതെ ആയപ്പോൾ അഭയം തന്നവരാണ് സൗദാമിനിയും കുടുംബവും. ഞാൻ എങ്ങനെ അവളെ വേണ്ടാന്ന് വെക്കും നീ തന്നെ പറ.
അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ കളിക്കാൻ പോയ ഗണേഷ് മടങ്ങി എത്തിയത്. പരിചയമില്ലാത്ത ആളുകളെ കണ്ടപ്പോൾ അവൻ അമ്മയുടെ സാരിയുടെ പിന്നിൽ ഒളിഞ്ഞു. എന്നിട്ട് ഒന്നുംകൂടെ ഇടകന്നിട്ട് നോക്കിയപ്പോഴാണ് അത് തന്റെ അച്ഛനാണെന്ന് ഗണേഷിന് മനസിലായത്. ഫോട്ടോയിൽ അമ്മ കാട്ടിക്കൊടുത്ത മുഖം അവന്റെ മനസിൽ അവൻ നന്നായി ഒപ്പി എടുത്തിരുന്നു. അവനെ കണ്ടതും രഘു അവനെ വാരി എടുത്തു ഉമ്മകൾ കൊണ്ടു പൊതിഞ്ഞു..
സൗദാമിനിയും അവനെ എടുത്തു ചുംബിച്ചു. എന്നിട്ട് രഘുവിനോടും സുമംഗലയോടുമായി പറഞ്ഞു. നിങ്ങളുടെ ജീവിതത്തിൽ ഒരു കരടായി ഞാൻ ഉണ്ടാകാൻ പാടില്ല. ഞാൻ തിരിച്ചു പോയ്കോളാം.
രഘു എന്തോ പറയാൻ തുടങ്ങിയപ്പോൾ തടഞ്ഞുകൊണ്ട് സൗദാമിനി പറഞ്ഞു. ഇനി ഒന്നും പറയരുത്. ഒരു തരത്തിൽ ഞങ്ങൾ തന്നെയാണ് തെറ്റുകാർ, ഒന്നും അന്വേഷിക്കാതെ എടുത്തു ചാടിയതിനുള്ള പ്രതിബലമാണിത്. ഈ വയ്യാത്ത ചേച്ചിയെ തനിച്ചാക്കി എന്റെ കൂടെ വന്നാൽ ദൈവം പോലും നമ്മൾക്ക് മാപ്പ് തരില്ല. ഞാൻ പോയ്കോളാം. അത് മാത്രമാണ് ഇതിനൊരു പരിഹാരം.
എന്ത് പറയണംന്ന് അറിയാതെ കുഴങ്ങിപോയ രഘു തളർന്നുപോയി ഉമ്മറപ്പടിയിൽ ഇരുന്നു.
സുമംഗല ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.
സൗദാമിനി രഘുവിന്റെ അടുത്ത് വന്നു പറഞ്ഞു. എന്നെ ബസ് കയറ്റിവിടു ഞാൻ പൊയ്ക്കൊള്ളാം. അച്ഛനെയും അമ്മയെയും ഞാൻ പറഞ്ഞു സമാധാനിപ്പിച്ചോളാം.
ഇത്രയും പറഞ്ഞു തിരിഞ്ഞതും നിലവിളക്കുമായി നിൽക്കുന്ന സുമങ്ങളെയായാണ് കണ്ടത്..
ആശ്ചര്യപൂർവം നോക്കിയ സൗദാമിനിയുടെ കൈയിൽ നിലവിളക്ക് കൊടുത്തിട്ട് സുമംഗല അവളുടെ നെറുകയിൽ ചുംബിച്ചു.
ആരോരുമില്ലാതായ സമയത്തു എന്റെ ഏട്ടന് ഒരു താങ്ങായി നിന്നതാണ് നീ. നിന്നെ തള്ളിക്കളയാൻ ഞാൻ തയ്യാറല്ല. എന്നും ഞങ്ങളോടൊപ്പം നീയും ഉണ്ടാവണം. വരൂ അകത്തേക്ക് വരൂ.
എല്ലാം കണ്ടു സന്തോഷം കൊണ്ടു രഘുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ സുമംഗലയെ കൈകൂപ്പി തൊഴുതു. രണ്ടുപേരെയും സന്തോഷപൂർവം സുമംഗല അകത്തേക്ക് കൊണ്ടുപോയി.
അങ്ങനെ രണ്ടു ഭാര്യമാരുമായി സസന്തോഷം രഘു ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. ഇപ്പോൾ രഘു മുത്തച്ചനും ഒക്കെ ആയി പേരകുട്ടികളോട് തന്റെ പൂർവ കഥ വിവരിക്കുമ്പോൾ കൂട്ടത്തിൽ ന്യൂ ജനറേഷൻ പേരക്കുട്ടി ചോദിച്ചു
അപ്പുപ്പൻ ആളു കൊള്ളാലോ. അപ്പോ അമ്മുമ്മമാര് വഴക്കൊന്നും കൂടില്ലേ?ഇപ്പോഴത്തെ പെണ്പിള്ളേര്ക്ക് ഈഗോ ഒഴിഞ്ഞ നേരമില്ല. അപ്പുപ്പൻ എങ്ങനെ അവരെ ഇത്ര നാള് ഇവരെ ഒരുപോലെ കൊണ്ടുപോയി. ?
ഒന്നും പറയാതെ രഘു വലിയ വായിൽ ചിരിച്ചു. എന്നിട്ട് അകത്തേക്ക് നോക്കി.
സുമംഗലക്ക് കാലു തടവികൊടുക്കുകയാണ് സൗദാമിനി . തന്റെ കൈയിലുള്ള മാമ്പഴം സുമംഗല സൗദാമിനിക്ക് വായിൽ വെച്ച് കൊടുക്കുകയാണ്, അവരുടെ ഈ ഐക്യത്തിൽ ഇന്നും അതിശയിച്ചുപോകുന്ന രഘുവിന് പേരക്കുട്ടിയുടെ ചോദ്യങ്ങൾക്കു ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
പെണ്ണും പെണ്ണും തമ്മിൽ ചേർന്നാൽ കലഹമല്ല ഒരുമിച്ചു കഴിയാനും സാധിക്കും.. പക്ഷെ അതിനു പെണ്ണ് തന്നെ വിചാരിക്കണം.
ഇതൊരു നടന്ന സംഭവമാണ്. പേരുകൾ സാങ്കല്പികം.
സ്നേഹപൂർവ്വം
സീത കാർത്തിക്

സ്നേഹകലഹം

സ്നേഹകലഹം
................................
എന്തൊക്കെ പറഞ്ഞാലും എനിക്ക് വയ്യ., "ശരത്തേട്ടൻ എന്നെ മനസിലാക്കണം.
എന്നെ ഇഷ്ടമില്ലാണ്ടായി തുടങ്ങി എനിCക്കറിയാം സുലോചന കരയാൻ തുടങ്ങി.
ഓ തുടങ്ങി യോഗയ്ക്ക് പോയ കുറച്ചു തടി കുറഞ്ഞാലോന്ന് നല്ല മനസോടെ പറഞ്ഞു നോക്കിയതാ. അതിനാണ് ഈ പെണ്ണ് നിന്നു കഥാപ്രസംഗം നടത്തുന്നത്. ശരത് മനസ്സിൽ പറഞ്ഞു.
നി വരുന്നെങ്കിൽ വാ സമയം വൈകി. എന്നും പറഞ്ഞു ശരത് മുറ്റത്തേക്ക് ഇറങ്ങി.
താൻ പറഞ്ഞതിന് ഒരു മറുപടിയും കിട്ടാത്തത് കൊണ്ട് ദേഷ്യം തോന്നിയെങ്കിലും കടിച്ചമർത്തികൊണ്ട് സുലോചന ശരത്തിന്റെ പിന്നാലെ നടന്നു.
കാറിനുള്ളിൽ കയറി രണ്ടുപേരും യാത്ര തിരിച്ചു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു വിരാമം ഇട്ടു കൊണ്ടു സുലു പിന്നെയും തുടങ്ങി.
നിങ്ങൾക്ക് എന്നെ ഇപ്പോ വേണ്ടാതായി അതുതന്നെയാ ഇങ്ങനൊക്കെ പറയാൻ കാരണം.
നുരപൊന്തിവന്ന ദേഷ്യം പുറത്തു കാണിക്കാതെ അവൻ സ്നേഹത്തോടെ പറഞ്ഞു...
എന്റെ സുലു ഞാൻ പറയുന്നത് ആദ്യം നി മനസിലാക്ക്
നല്ല വടിവൊത്ത ആരോഗ്യം ഉള്ള ശരീരം ആർക്കാ ഇഷ്ടമല്ലാത്തത്. പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ സുലു ഇടയ്ക്ക് കയറി പറഞ്ഞു
ഓ പിന്നെ അതുകൊണ്ടാവും ആരോഗ്യമുള്ള നിങ്ങളു മിനഞ്ഞെന്ന് വരെ പനിയാണെന്ന് പറഞ്ഞു മൂടിപ്പുതച്ചു കിടെന്നത്.
ഡി പനി എല്ലാർക്കും വരില്ലേ?മാരകമായ അസുഖങ്ങൾ ഒന്നും വരില്ലെന്നാ പറഞ്ഞത്.
എന്നിട്ടാവും നൂല് പോലെ ഇരിക്കുന്ന കിഴക്കേലെ ശാന്തയെ കൊണ്ടുപോയി മുട്ടിൽ ഓപ്പറേഷൻ ചെയ്യിച്ചത് ?ഒന്ന് പോയെ നിങ്ങളുടെ ഒരു കണ്ടുപിടിത്തം.
അവളുടെ മറുപടി കേട്ടു ശരത് മിഴിച്ചു ഇരുന്നു പോയി.
എന്ന അതുപോട്ടെ നല്ല ഫാഷനുള്ള ഡ്രെസ്സുകൾ ഒക്കെ ഇടണ്ടേ അതിനു മെലിഞ്ഞിരുന്നാലല്ലേ പാകത്തിന്നുള്ളത് കിട്ടു ?സൗന്ദര്യ ബോധത്തിൽ പിടിച്ചു തൂങ്ങാൻ അയാൾ ഒരു ശ്രമം നടത്തി.
ഉടനെ ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി വന്നു. അതിനു തൈപ്പിച്ച പോരെ. ?തുന്നിയത് തന്നെ വാങ്ങണമെന്ന് എന്താ നിർബന്ധം ?
ഇതിലും രക്ഷ ഇല്ലന്ന് കണ്ടപ്പോൾ ശരത് അടുത്ത അടവ് പയറ്റിനോക്കി.
നി അന്ന് കല്യാണത്തിന് സദ്യ ഉണ്ണാൻ പോയപ്പോൾ രണ്ടു ചെയർ ഒന്നിച്ചു ഒന്നിന് മുകളിൽ ഒന്നിട്ട് ഇരുന്നില്ലേ ?അപ്പൊ നിനക്ക് ഒരു നാണക്കേട് തോന്നിയില്ലേ ? അതൊക്കെ മാറ്റാം നി ശ്രമിച്ചാൽ.
ആര് പറഞ്ഞു എനിക്ക് നാണക്കേട് തോന്നിന്ന്?അവര് വിലകുറഞ്ഞ കസേര വാങ്ങിച്ചിട്ടിട്ട് ഇപ്പോ ഞാനായാ കുറ്റക്കാരി? അത്കൊള്ളാം.
പെണ്ണ് ഒരു തരത്തിലും വീഴില്ലന്ന് മനസിലായെങ്കിലും ശരത് വീണ്ടും തുടർന്നു.
എന്ന അത് പോട്ടെ റോഡിൽ കൂടി നടക്കുമ്പോൾ എത്ര പേര് കളിയാക്കി കാണും. ഏത് റേഷൻ കടയെന്നൊക്കേ ചോദിച്ച് ?അതൊക്കെ നമുക്ക് മാറ്റിക്കൂടെ
നിങ്ങൾ എന്റെ വീട്ടിലുള്ളവരെ കണ്ടിട്ടുണ്ടോ എല്ലാവരും ആ റേഷൻ കടയിൽ നിന്ന് തന്നെയാ വാങ്ങി തിന്നാറു അവരൊക്കെ എന്നെപോലെയാണോ ഇരിക്കുന്നെ? പിന്നെ ഈ പറയുന്നവന്മാരാണോ എനിക്ക് ചിലവിനു തരുന്നേ ?അല്ലലോ ?അപ്പോ വിഡ്ഢിത്തം പറയുന്നതൊന്നും നമ്മൾ കേൾക്കാൻ പാടില്ല.
ഇവള് ഒരു നടയ്ക്ക് പോകൂല്ലന്ന് അയാൾക്ക്‌ മനസിലായി. അയാൾ സിഗ്നൽ വീഴുന്നതും നോക്കി ഇരുന്നു. പച്ച സിഗ്നൽ വീണതും ഫസ്റ്റ് ഗിയർ ഇട്ടപോ അവളുടെ കാലു ഗിയറിനെ തൊട്ടു ഇരിക്കുന്നതിനാൽ ഗിയർ വീണില്ല.
കാലൊക്കെ ഒന്ന് ഒതുക്കി വെക്കുവോ വണ്ടി ഓടിക്കണം എനിക്ക്.കണ്ടോ കാറിൽ പോലും നിനക്ക് സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ല. ഇതൊക്കെ കൊണ്ട ഞാൻ പറഞ്ഞത്.
അയ്യടാ... വലിയ വണ്ടി വാങ്ങാൻ നിങ്ങൾക്ക് പോക്കില്ലാത്തതിന് ഞാൻ എന്ത് ചെയ്യും. ഒരു ഇന്നോവയോ ടവേരയോ ഒക്കെ വാങ്ങി നോക്കിയേ അപ്പൊ അറിയാലോ കാലു തട്ടുവോന്ന്.
അവളുടെ മറുപടി കൂരമ്പു പോലെ അവന്റെ നെഞ്ചിൽ തറച്ചെങ്കിലും പുറത്തു കാണിച്ചില്ല കാരണം വലിയ വണ്ടി വാങ്ങാൻ പോക്കില്ലാത്തത് കൊണ്ടു തന്നെ....
ബസിൽ ആയാലും ബുധിമുട്ടല്ലേ?നിക്കാൻ തന്നെ വേണ്ടേ കുറെ സ്ഥലം?ഇതും പറഞ്ഞു ശരത് അവളെ ഒന്ന് പാളി നോക്കി.
ദേഷ്യം വന്നെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ പറഞ്ഞു. ബസിൽ നിൽക്കാൻ പറ്റില്ലാന്ന് ആരാ പറഞ്ഞത്?ഞങ്ങൾ തുക്കടാ ബസിൽ പോകാതെ deluxe ബസിൽ പോകും. അപ്പഴൊ?
അയാൾക്ക്‌ ഒരു മറുപടിയും പറയാൻ ഇല്ലായിരുന്നു. അവൾ അയാളെ ശ്രദ്ധിക്കാതെ വീണ്ടും അവൾ ചിലചോണ്ടിരുന്നു.
പിന്നെ കുറെ എണ്ണങ്ങളുണ്ട് മനുഷ്യനെ റോഡിൽ നടക്കാൻ സമ്മതിക്കാതെ ആ ക്യാമ്പ് ഈ ക്ലാസ്സ്‌ എന്നൊക്കെ പറഞ്ഞു വരുന്ന മാരണങ്ങൾ. തേടിപ്പിടിച്ചു എനിക്ക് മാത്രം കൊണ്ടു തന്നിട്ട് പോകും. ഇനി ഒന്നുടെ എന്റെ കൈയിൽ കിട്ടിയാൽ ശെരിയാക്കും ഞാൻ.
ഇതും പറഞ്ഞു അവൾ അവളുടെ കൈകൊണ്ടു കാറിന്റെ റൂഫിൽ ഒരിടി. വർഷങ്ങൾ പഴക്കമുള്ള എന്റെ പാവം ആൾട്ടോ കാർ ആ ഇടിയുടെ ആഘാതത്തിൽ ഒന്ന് വിറങ്ങലിച്ചു.
ഡി വെറും തകരം ആണിത് നിന്റെ ഒറ്റ ഇടിക്കു എല്ലാം കൂടെ പൊടിഞ്ഞിങ്ങു താഴെ വീഴും.
അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
എന്റെ പൊന്നെ നി പിണങ്ങാതെ
അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് നിന്നെ പോലുള്ളവരെ തേടിവരുന്നത്. അവർക്കും ജീവിക്കണ്ടേ
ഇതിനു ജോലിയെന്നല്ല പറയേണ്ടത്, ബാക്കിയുള്ളവരുടെ കോംപ്ലക്സ് പുറത്തെടുക്കാനാ ഇവരൊക്കെ ശ്രമിക്കുന്നത്. അപ്പൊ നമ്മളും മനസ്സ് വിഷമിച്ചാണെലും പോകുവല്ലോ.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ ശരത് ഒന്നും മിണ്ടാതെ തന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി ഇരുന്നു.
നമ്മളിതെങ്ങോട്ടാ പോണേ കുറെ നേരമായല്ലോ സുലു ചോദിച്ചു.
ചോദിച്ചതും വഴിയിൽ ഒരപകടം കണ്ടതും ഒന്നിച്ചായിരുന്നു.
ആ ദാരുണമായ കാഴ്ച കണ്ടു മുന്നോട്ടു വണ്ടി എടുത്തപ്പോൾ ശരത്തിനു ഒരു ബുദ്ധി തോന്നി. അയാൾ അവളോട്‌ പറഞ്ഞു തുടങ്ങി
ഇത്പോലെ വല്ല ഇടത്തും തല കറങ്ങി വീണാൽ നിന്നെ ഒന്ന് പിടിച്ചു എണീപ്പിക്കാൻ പോലും ആർക്കുമാവില്ല.
ഇപ്പോൾ ആ കുഴഞ്ഞു വീണ ആളെ ആംബുലൻസിൽ അല്ലെ കൊണ്ട്പോയെ അല്ലാതെ തോളിൽ തൂകികൊണ്ടൊന്നും അല്ലലോ?അപ്പോ എനിക്കും ആംബുലൻസ് ഒക്കെ വരും. പിന്നെ എടുത്തിടാൻ... നിങ്ങളെ പോലുള്ളവർക്ക് 5 ആളുകൾ വേണമെങ്കിൽ ഞങ്ങൾക്ക് ഒന്ന് രണ്ടു പേരുകൂടി മതി. പിന്നെ അങ്ങനെ നോക്കിയാൽ വണ്ണം ഉള്ളവരൊക്കെ കുഴഞ്ഞു വീണാൽ ചികിത്സ കിട്ടാതെ ചത്തു പോണമെല്ലോ ?പിന്നെ ഒരു കാര്യം ഞങ്ങളെ പോലുള്ളവർ വണ്ണിച്ചിരിക്കുന്നത് കൊണ്ടാ നിങ്ങളെ പോലുള്ളവരെ മെലിഞ്ഞവർ എന്ന് ആളുകൾ പറയുന്നത്.
നിർത്തു സുലു മതി, ഞാൻ തൊഴുതു വയ്യ എനിക്ക്. തോൽവി സമ്മതിച്ചു..
ഇറങ്ങു....
ഇതെവിടെയാ ?
ചോദിച്ചിട്ട് തിരിഞ്ഞു നോംകിയതും യോഗ ക്ലാസ്സിന്റെ ബോർഡ്‌ കണ്ടു.
അവൾക്കു ദേഷ്യം അടക്കാനായില്ല. മനുഷ്യ നിങ്ങളോട് മലയാളത്തിലല്ലേ പറഞ്ഞത് ഞാൻ വരുന്നില്ലെന്ന് .
അയ്യോ സുലു ഇത് നിനക്ക് വേണ്ടിയല്ല എനിക്കാ..
നിന്റെ കൂടെ ഒക്കെ ജീവിച്ചുപോണേൽ ഇത് അത്യാവശ്യമാ.ഇല്ലെങ്കിൽ വെറുതെ എന്റെ പ്രഷർ കൂടും.
ഞാൻ വിടില്ല നിങ്ങളെ നിങ്ങൾ അവസാനം എന്നേം കൊണ്ടുപോകും. എനിക്ക് വയ്യ അവിടെ കിടെന്നു കോപ്രായം കാണിക്കാൻ.. ഇതും പറഞ്ഞു അകത്തേക്ക് പോകാൻ തുടങ്ങിയ ശരത്തിനെ സുലു പുറത്തേക്കു ഒരു തള്ള് വെച്ച് കൊടുത്തു.
തള്ള് കൊടുത്തതും കട്ടിലിൽ നിന്നു ശരത് താഴെ വീണതും ഒരുമിച്ചായിരുന്നു.
എന്റെ അമ്മേ ഇവളെന്നെ കൊന്നേ അടങ്ങു. ഡി ഒരുമ്പെട്ടവളേ...
വിളി കേട്ടു സുലു ഉറക്കത്തിൽ നിന്നു ചാടി എണിറ്റു. എന്നിട്ട് നിലത്തു വീണു കിടക്കുന്ന ശരത്തിനെ പിടിച്ചു എണീപ്പിച്ചു.
സോറി ഏട്ടാ...
മതി നി എന്താ പറയാൻ പോണെന്നു അറിയാം എനിക്ക്. നിന്നെ യോഗ ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയിന്ന് പറഞ്ഞു നി കാണാറുള്ള സ്വപ്നമല്ലേ ?
സുലു ഒന്നൂടി ഞാൻ പറയാം ഇനിയും നി ഇങ്ങനെ തുടരാനാണ് ഭാവമെങ്കിൽ ഞാൻ നിലത്തു കിടെന്നോളം.
വീണു വീണു ഇനി നുറുങ്ങാൻ ഒരെല്ലുപോലും എന്റെ ശരീരത്തിലില്ല. കെട്ടിയ അന്ന്മുതൽ തുടങ്ങിയതാ. ഞാൻ ഒരിക്കലെങ്കിലും വണ്ണം കുറയ്ക്ക്കാൻ പറഞ്ഞിട്ടുണ്ടോ പിന്നെ എന്തിനാ ഈ ക്രൂരത എന്നോട് കാണിക്കുന്നേ..
അത് ഏട്ടാ...
സുലു മുഴുവിപ്പിക്കും മുൻപേ അയാൾ പറഞ്ഞു. നിന്റെ അപകര്ഷതാബോധമാണ് നിന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നത്... എനിക്ക് എന്നും ഈ തടിച്ചികുട്ടിയെ മതി... നി വെറുതെ ഓരോന്ന് ആലോചിച്ചു സങ്കടപെടണ്ട.
അതെന്താ ഏട്ടാ, ഏട്ടന് എന്നെ വണ്ണം കുറിപ്പിക്കണംന്ന് തോന്നാത്തത് ?
അതോ... വണ്ണം കൂടിയിരുന്ന നിന്നെ ആരും തട്ടിക്കൊണ്ടു പോകില്ലലോ അതാ.... എന്ന് പറഞ്ഞു ശരത് അവളെ ചിരിച്ചുകൊണ്ട് കെട്ടിപിടിച്ചു...
യോഗ ക്ലാസ്സ്‌ ഒരു സ്വപ്നമായി മാറിയതിൽ സുലുവും ഹാപ്പി ആയി.......
പുറമെ ഉള്ള സൗന്ദര്യം അല്ല അകമേ ഉള്ള നല്ല മനസ്സാണ് ഏതു പെണ്ണിന്റെയും അഴക്.
സ്നേഹപൂർവ്വം
സീത കാർത്തിക്

ആത്മസഖി


സൗഹൃദങ്ങൾ എന്നും എന്റെ ദൗർബല്യമായിരുന്നു. അതിനാൽ തന്നെ ഒരുപാട് സൗഹൃദ വലയങ്ങളും എനിക്കുണ്ടായിരുന്നു.... ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്... എല്ലാവരെയും ഒരേപോലെ കാണാനും ഒരേ സ്ഥാനം കൊടുക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു... നിത്യേന ഉള്ള തിരക്കുകൾ കാരണം കുറച്ചു അകൽച്ച ചിലപ്പോൾ വരുമെങ്കിലും ഞാൻ ഇടയ്ക്കിടയ്ക്ക് എല്ലാവരെയും വിളിച്ചു ഓർമ്മകൾ പുതുക്കാൻ ശ്രമിച്ചിരുന്നു. ഓരോ കാലഘട്ടത്തിലും പുതിയ സുഹൃത്തുക്കൾ തേടി എത്തുമ്പോൾ പഴയ സുഹൃത്തുക്കളേ മറക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ എവിടാണ് എനിക്ക് തെറ്റ് പറ്റിയത്..
അവളെ ഓർക്കാതെപോയത് എന്ത്കൊണ്ടാണ്...
അവളെ തത്ക്കാലം സുരഭി എന്ന് വിളിക്കാം.. ഞാൻ ബി എഡ് പഠിക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തികച്ചും പരിചിതമല്ലാത്ത സ്ഥലത്തു അവൾ എനിക്ക് നല്ലൊരു കൂട്ടായി. ആദ്യ ദിവസം തന്നെ പരിഭ്രമിച്ചു വന്ന എന്നെ അവളാണ് അവളുടെ അടുക്കൽ വിളിച്ചു ഇരുത്തിയത്..
"ഞാൻ സുരഭി തന്റെ പേരെന്താ ? ഞാൻ പേരുപറഞ്ഞു. ഏതാ സബ്ജെക്ട് ? മാത്‍സ്
താനോ ?ഞാനും ചോദിച്ചു
നാച്ചുറൽ സയൻസ് "
ഇതായിരുന്നു ഞങ്ങളുടെ ആദ്യ കൂടികാഴ്ചയിലെ സംസാരം.... പിന്നെ എന്നും അവളുടെ അടുക്കൽ ചെന്നിരിക്കുക പതിവായി... ഒരേ സബ്ജെക്ട് അല്ലെങ്കിലും ജനറൽ ക്ലാസ്സിലൊക്കെ ഞങ്ങൾ ഒന്നിച്ചായിരുന്നു..
പിന്നീട് സബ്ജെക്ട് ക്ലാസ്സുകൾക്ക് പ്രാധാന്യം കൂടിയപ്പോൾ പുതിയ സുഹൃത്തുക്കളുടെ സാനിധ്യം വർധിച്ചു. എന്നാലും അവളോടുള്ള സംസാരത്തിനു കുറവൊന്നും വന്നില്ല... വലിയ പൊക്കം ഇല്ലെങ്കിലും കാണാൻ സുന്ദരിയായിരുന്നു. കുറച്ചു വണ്ണം ഉണ്ടെങ്കിലും അവൾക്കു ഒരു ആനച്ചന്ദം ഉണ്ടായിരുന്നു. അവളു സാരി ഉടുക്കുന്നത് പോലും അത്രയ്ക്ക് മനോഹരമായിട്ടായിരുന്നു. മുടി കുറവായിരുന്നെങ്കിലും അവളുടെ അഴകിനെ ഒരുരീതിയിലും അത് ബാധിച്ചിരുന്നില്ല.
ഒരു വർഷമായിരുന്നു കോഴ്സ്.. അതിനിടയിൽ ഒത്തിരി ഒന്നും അടുത്തില്ലെങ്കിലും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ വല്ലാത്തൊരു അടുപ്പം ഉണ്ടായിരുന്നു.
അവളുടെ മാതാപിതാക്കൾക്ക് ഒരേഒരു മകളായിരുന്നു അവൾ, അവളുടെ വിവാഹം കോഴ്സ് കഴിഞ്ഞു ആർഭാടപൂർവം തന്നെ നടന്നു... പിന്നെ എല്ലാവരും ഓരോ വഴിക്ക് പിരിഞ്ഞപ്പോഴും ഞങ്ങളുടെ ഫോൺ വിളികൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാലും പതിയെ പതിയെ അത് കുറഞ്ഞു വന്നു.
അവൾക്കു അതിനിടയിൽ സർക്കാർ ജോലി ലഭിച്ചിരുന്നു, അതിനാലാവാം എന്ന് കരുതി ഞാനും ശല്യം ചെയ്യാൻ പോയില്ല
അതിന്റെ ഇടയ്ക്കാണ് കോളേജിൽ പൂർവവിദ്യാർഥി സംഗമം വന്നത്.. അവളെ അന്ന് കണ്ടു കുറെ സംസാരിക്കണം എന്ന് കരുതിയാണ് ഞാൻ പോയത്.. പക്ഷെ അവിടെ എന്നെ എതിരേറ്റത് അവളുടെ നിറഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു..
ആരുടെ മുന്നിലും ചിരിച്ചും കളിച്ചും സദാസമയം ഇരിക്കുന്നവൾ ഇന്ന് അസ്വസ്ഥതയായ പോലെ തോന്നി, അവൾക്കു കിഡ്‌നിയിൽ എന്തോ തകരാറുണ്ടെന്നും അതിന്റെ ചികിത്സായിലാണെന്നും അവൾ പറഞ്ഞു. അവളുടെ അസുഖത്തെ കുറിച്ച് കൂടുതൽ വിശദികരിക്കാൻ അവൾ തയ്യാറായില്ല.. അല്ലെങ്കിലും എന്നും അവൾ അങ്ങനാണ്... വേദന ഉള്ളിൽ ഒതുക്കി എന്നും മറ്റുള്ളവരെ ചിരിപ്പിച്ചിട്ടേ ഉള്ളു.
എല്ലാം ശെരിയാവുമെന്നും ഞങ്ങളും ഭർത്താവുമൊക്കെ കൂടെ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു
അത് കേട്ടതും മുഖത്ത് ഒരു ഭാവ വ്യത്യാസം പോലുമില്ലാതെ അവൾ പറഞ്ഞു, "ഞാൻ മാത്രമായിരുന്നെങ്കിൽ അയാൾക്ക്‌ സമയം കിട്ടിയേനെ ഇതിപ്പോ അങ്ങനെ അല്ലാലോ ?
ചോദ്യഭാവത്തിൽ ഞാൻ അവളെ നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു" അതേടി അങ്ങേർക്കു വേറെ ആരൊക്കെയോ ആയിട്ടു ബന്ധമുണ്ട്. ഞാൻ ഇപ്പൊ എന്റെ വീട്ടിലാ... എല്ലാം മതിയാക്കാംന്ന് കരുതുവാ " ഒരു ഞെട്ടലോടെയാണ് അവളുടെ വാക്കുകൾ എന്റെ കാതുകളിൽ പതിച്ചത്
ഇത്രയൊക്കെ തെറ്റ് അയാൾ ചെയ്തിട്ടും,അയാൾക്ക്‌ സംശയം ആയിരുന്നു അവളെ, അതിനാലാണ് ഒരു ഫോൺ പോലും ചെയ്യാൻ സമ്മതിക്കാത്തത്.
എല്ലാം വരുന്നിടത്തു വെച്ച് കാണാമെന്ന് ഒരു മന്ദസ്മിതത്തോടെ അവൾ പറഞ്ഞപ്പോഴും അവളുടെ ഉള്ളു നോവുന്നത് എനിക്ക് കാണാമായിരുന്നു..
പിന്നെ ഇടയ്ക്കിടയ്ക്ക് ഞാൻ വിളിക്കാറുണ്ടായിരുന്നു, മുതിർന്നവരൊക്കെ ഇടപെട്ടു ഒരുവിധം കാര്യങ്ങൾ ശെരിയായി എന്നും വീണ്ടും അവൾ ഭർത്താവിന്റെ വീട്ടിൽ താമസമാക്കി എന്നും അറിഞ്ഞപ്പോൾ മനസ്സ് കൊണ്ട് സന്തോഷിച്ചു.
പിന്നീട് ഒരു വലിയ ഇടവേള ഞങ്ങൾക്കിടയിൽ ഉണ്ടായി.. കാരണക്കാരി ഞാൻ തന്നെ ആയിരുന്നു.. ജീവിത തിരക്കുകളും ഓരോ പ്രശ്നങ്ങൾ കാരണവും അവളെ വിളിക്കാൻ പറ്റാതെ പോയി എന്നൊക്കെ ന്യായികരിക്കാം, എന്നാലും അവൾക്കു എന്നോട് ഒരു പരിഭവുമില്ലന്ന് തെളിയിച്ചുകൊണ്ട് കുറെ നാളുകൾക്കു ശേഷം അവൾ എന്നെ വിളിച്ചു. വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നുന്നു അവൾ പറഞ്ഞു. കുട്ടികൾ ഇല്ലാത്തതിനാൽ അതിന്റെയും ചികിത്സായിലായിരുന്നു അവൾ.. ഇത്രയേറെ പ്രശ്നങ്ങൾ അവൾക്കുണ്ടായിരുനെങ്കിലും എല്ലാം പുഞ്ചിരിച്ചുകൊണ്ട് അവൾ നേരിട്ടിരുന്നു. ആരോടും ഒന്നും അവൾ പരിഭവിച്ചു പറയില്ലായിരുന്നു,.
അങ്ങനെ എന്റെ ഭർത്താവിന്റെ ട്രാൻസ്ഫെരും എന്റെ ജോലിയും ഒക്കെയായി വീണ്ടും ഞാൻ തിരക്കുകളിലേക്ക് ചേക്കേറി. അപ്രതീക്ഷിതമായി ഒരു നാൾ എന്റെ വേറെ ഒരു കൂട്ടുകാരി എന്നെ വിളിച്ചു. അവൾ സുരഭി യോട് സംസാരിച്ചെന്നും വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി എന്നും അതിനാൽ വേർപിരിയാൻ പോകുവാണെന്നും അവൾ പറഞ്ഞുന്നു കൂട്ടുകാരി എന്നോട് പറഞ്ഞു..
കേട്ടതും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല, ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് കരുതി പക്ഷെ സാധിച്ചില്ല.. ഓരോ കാരണങ്ങൾ കൊണ്ടും അത് നീണ്ട് നീണ്ടു പോയി.
നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് ഒരു ഫോൺ വിളിയിലൂടെ ആ വാർത്ത എന്നെ തേടി എത്തുന്നത്
സുരഭി മരണമടഞ്ഞു..
കൈകാലുകൾ തളരുന്നപോലെ തോന്നി എനിക്ക്.. വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും വീണ്ടും ചോദിച്ചു. സത്യമാണെന്നു മനസിലാക്കാൻ എനിക്ക് ഏറെ സമയം വേണ്ടി വന്നു
തീരാ പ്രശ്നങ്ങൾക്കിടയിൽ അവൾ അവളുടെ അസുഖം ശ്രദ്ധിക്കാതെപോയി.. അത് കൊണ്ടെത്തിച്ചത് മരണത്തിലേക്കായിരുന്നു.
കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങി പൊട്ടുകയാണ് ഇപ്പോഴും. അവളെ ഒന്ന് വിളിച്ചു സംസാരിച്ചിരുന്നെങ്കിൽ അവളുടെ പ്രശ്നങ്ങൾ ഞാൻ എന്റെ പ്രശ്നങ്ങളായിട്ട് കരുതി സഹായം ചെയ്തിരുന്നെങ്കിൽ അവൾ ഇന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നേനെ.. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നത് അർഥവത്താവുകയാണിവിടെ..അവൾ ആരോടും പരിഭവിക്കാത്തപ്പോൾ എല്ലാം അവസാനിച്ചുന്നു നമ്മളും വിശ്വസിച്ചു, അവൾക്കു നല്ലൊരു താങ്ങായി ഞങ്ങളിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവൾക്കു ഈ ഗതി വരില്ലായിരുന്നു.. ഒരേഒരു മകളുടെ വേർപാട് അവളുടെ മാതാപിതാക്കൾ എങ്ങനെ സഹിക്കുന്നു എന്നത് വിവരിക്കാൻ കഴിയുന്ന ഒന്നല്ല..
സൗഹൃദങ്ങൾക്ക് വില കല്പിക്കുന്നവൾ, അവരെ സ്വന്തമെന്നു കരുതുന്നവൾ എന്നൊക്കെ വീമ്പു പറഞ്ഞു നടന്നിരുന്ന എനിക്ക് അവളുടെ ജീവിതത്തിലെ പ്രധാന പെട്ട നിമിഷങ്ങളിൽ ഒരു താങ്ങായി നിൽക്കാൻ കഴിയാതെ പോയി.. അത് പരിപൂർണമായും എന്റെ തെറ്റ് തന്നെയാണ്.. ഓർമ്മകൾ പുതുക്കുക്ക മാത്രമല്ല, ഒരു പ്രശ്നം വരുമ്പോൾ കൂട്ടുകാർക്ക് ഒരു താങ്ങായി നിൽക്കാൻ കഴിഞ്ഞാൽ അതാവും ആ സൗഹൃഹത്തിനു വലിയ അർഥം നൽകുന്നത്.
അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ പ്രിയകൂട്ടുകാരിക്കായി എന്റെ ഒരു ക്ഷമാപണം ആണ് ഈ എഴുത്ത്...
അതിൽ ഒരു അർത്ഥവുമില്ലന്ന് അറിയാമെങ്കിലും അസ്വസ്ഥമായ എന്റെ മനസ്സിനെ കുറിച്ചെങ്കിലും ഈ എഴുത്ത് ആശ്വസിപ്പിച്ചേക്കാം...
നിറപുഞ്ചിരിയോടെ കൂടിയാ നിന്റെ മുഖം എന്നും എന്റെ മനസ്സിൽ മായാതുണ്ടാകും....
നിറകണ്ണുകളോടെ
സീത കാർത്തിക്

എന്റെ ഊമക്കുയിലിനു വേണ്ടി.............

എന്റെ ഊമക്കുയിലിനു വേണ്ടി.............
"മോളെ നിന്നെ അവിടെ. ഇങ്ങനെ ഓടല്ലേ ".
ബഹളം കേട്ടാണ് ഹരി പുറത്തേക്കു വന്നത്. വന്നതും പല്ലവി ഹരിയുടെ പിന്നിൽ ഒളിഞ്ഞു.
എന്താ അനു ? എന്താ കാര്യം ?
തല തോർത്താൻ സമ്മതിക്കണില്ല ഏട്ടാ. ഹരി പല്ലവിയെ മുന്നിൽ നിർത്തി ചോദിച്ചു
ഇപ്പഴും കുട്ട്യാന്ന വിചാരം?
പോയി തല തോർത്തിക്കെ.
അവൾ അനുസരണയോടെ അരുന്ധതിയുടെ അടുത്തേക്ക് പോയി.
അവരുടെ സ്നേഹം കണ്ടു ഹരിയും മനസ്സ് നിറഞ്ഞു ചിരിച്ചു
അരുന്ധതി എന്ന അനുവിന്റെ കുഞ്ഞനിയത്തി ആണ് പല്ലവി. ഹരി അമ്മാവന്റെ മകനും. അടുത്തടുത്ത വീടുകളിലാണ് ഹരിയും അരുന്ധതിയും താമസിക്കുന്നത്.
പല്ലവിക്കും അരുന്ധതിക്കും വലിയ പ്രായവ്യത്യാസം ഇല്ലെങ്കിലും അവൾ അരുന്ധതിക്ക് മകളെ പോലാണ്. കാരണം അവൾ പിറവി കൊണ്ട് ഒരു ഊമയാണ്. അത് മാത്രമായിരുന്നു ആ വീടിന്റെ തീരാ വേദന.
ഹരിക്ക് അരുന്ധതിയെ ഇഷ്ടമാണ്.അത് വീട്ടുകാരും സമ്മതിച്ച ഒരു ബന്ധമാണ്. നഴ്സിംഗ് പൂർത്തിയാക്കിയ അരുന്ധതി ജോലി ദൂരെ കിട്ടിയതിനാൽ പോകാതെ പല്ലവിയോടൊപ്പം അവളുടെ കാര്യങ്ങളും നോക്കി ഇരുന്നു. അവരുടെ മാതാപിതാക്കൾക്കും അത് വലിയ ഒരു ആശ്വസമായിരുന്നു.പല്ലവിക്കും എന്തിനും ഏതിനും അനു മതിയായിരുന്നു.
അങ്ങനെ ഇരിക്കെ ആണ് അവരുടെ വീട്ടിൽ കല്യാണപ്പന്തൽ ഒരുങ്ങുന്നത്, ഹരിയും അരുന്ധതിയും വാദ്യമേള താളത്തോടെ മുതിർന്നവരുടെ അനുഗ്രഹത്തോടെ വിവാഹിതരായി.ഹരിക്ക് പല്ലവി തന്റെ പെങ്ങളെ പോലെയാണെന്ന ഉത്തമ ബോധ്യം അനുവിന് ഉണ്ടായിരുന്നു. അതാണ് അവരുടെ വിവാഹത്തിന് കാരണം ആയതും.
കസവു നെയ്ത നേരിയത് ഉടുത്തു തലയിൽ മുല്ലപ്പൂ ചൂടി സിന്ധുരം തൊട്ടു, കൈയിൽ തുളുമ്പുന്ന പാലുമായി വന്ന അവളെ കണ്ടു ചന്ദ്രനും നക്ഷത്രങ്ങളും പോലും നാണത്താൽ മേഘങ്ങൾക്കിടയിൽ ഒളിച്ചു. ചെറുപ്പം തൊട്ടു കൂടെ കളിച്ചവളാണ് അരുന്ധതിയെങ്കിലും ഹരിക്ക് അന്നാദ്യമായി അവളെ കാണുന്ന പോലെ തോന്നി. അവളുടെ വശ്യമായ സൗന്ദര്യം അവനെ വീർപ്പുമുട്ടിച്ചു... നാണത്താൽ അവൾ പാല് ഹരിക്ക് നേരെ നീട്ടി. അവൻ അത് വാങ്ങി മേശയിൽ വെച്ചിട്ട് അവളെ മാറോടു പുണർന്നു.. " എന്റെ പുണ്യമാണ് നീ ". എന്ന് പറഞ്ഞു അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ അമർത്തി..
പെട്ടന്നാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. തുറന്നപ്പോൾ അമ്മാവനാണ്. ആകെ വിയർത്തു കുളിച്ചിരിക്കുന്നു.
"എന്ത്പറ്റി അച്ഛാ ?എന്താ പരിഭ്രമിച്ചിരിക്കുന്നെ ?ഹരി ചോദിച്ചതും അമ്മാവൻ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു. " നീ ഒന്ന് വേഗം വന്നേ അവിടെ പല്ലവി ......".
പറഞ്ഞു തീരും മുൻപേ അമ്മാവൻ പുറത്തേക്കു വേഗത്തിൽ നടന്നു.
"എന്നെ പിരിഞ്ഞു ഒരുനാള് പോലും അവളിരുന്നിട്ടില്ല. അവളേം ഇങ്ങോട്ട് വരാൻ പറഞ്ഞതാ. കേട്ടില്ല". അനു പറഞ്ഞു.
"അങ്ങനെ പറഞ്ഞാലും കൂടെ കൂട്ടി കൂടായിരുന്നോ നിനക്ക്. ?എന്തായാലും വാ " എന്ന് പറഞ്ഞു അരുന്ധതിയെയും കൂട്ടി അവളുടെ വീട്ടിലേക്കു പോയി.
അവിടെ കണ്ട കാഴ്ച അരുന്ധതിയെയും ഹരിയേയും ഞെട്ടിച്ചു. പല്ലവി ആത്മഹത്യക്ക് ശ്രമിചിക്കുന്നു. പെട്ടെന്ന് അമ്മ കണ്ടത് കൊണ്ട് ആപത്തൊന്നും ഉണ്ടായില്ല. നടുക്കം വിട്ടുമാറാതെ അനു അവളുടെ അടുത്ത് പോയിരുന്നു.
" എന്തിനാ മോളെ എന്തിനാ നീ ഇത് ചെയ്തേ ?ഞാൻ അറിയാത്ത എന്ത് വിഷമമാ നിനക്കുള്ളത് ?
അമ്മ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു " അവളോടൊന്നും ചോദിക്കണ്ട എല്ലാം അവൾ ഇതിൽ എഴുതിട്ടുണ്ട്. എന്ന് പറഞ്ഞു ഒരു കത്ത് അരുന്ധതിയുടെ നേരെ നീട്ടി.
അവൾ അത് തുറന്ന് വായിച്ചതും ഈ ഭൂമി തന്നെ പിളർന്നു പോകുന്നപോലെ തോന്നി.
പല്ലവിക്ക് ഹരിയേട്ടനെ ഇഷ്ടായിരുന്നു. ഹരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.
എല്ലാവരും
നടുക്കം വിട്ടുമാറാതെ അവളെ നോക്കിയപ്പോൾ, ഒരു മിണ്ടാപ്രാണിയായി പോയത് കൊണ്ട് തന്റെ ഇഷ്ടം പറയാൻ പറ്റാതെ പോയതിന്റെ വേദന ആയിരുന്നു ആ മുഖത്ത് പ്രതിഫലിച്ചത്.
കുഞ്ഞനിയത്തിയെ പോലെ കണ്ടിരുന്ന പല്ലവി തന്നെ പ്രണയിച്ചിരുന്നുന്ന് വിശ്വസിക്കാൻ പോലും കഴിയാതെ നിസഹായനായി തലയും താഴ്ത്തി ഹരി ഇരുന്നു.
അരുന്ധതി പല്ലവിയുടെ നേരെ തിരിഞ്ഞു " എന്ത് ആഗ്രഹമാണ് ഞാൻ നിനക്ക് സാധിച്ചു തരാത്തിരുന്നിട്ടുള്ളത് ?ഒരു വാക്കു പറഞ്ഞൂടായിരുന്നോ മോളെ ഒഴിഞ്ഞു തരുമായിരുന്നില്ലേ ഞാൻ ?
പല്ലവി കൈകൂപ്പിക്കൊണ്ട് ആംഗ്യ ഭാഷയിൽ പറഞ്ഞു. " ചേച്ചി എനിക്ക് വേണ്ടി ചേച്ചിയുടെ ജീവിതം തന്നാണ് മാറ്റി വെച്ചത്. ഇനിയും ആ മനസ്സ് ഞാനായിട്ട് വിഷമിപ്പിക്കാൻ പാടില്ല. എന്നാലും ഹരിയേട്ടനെ മറക്കാനും എനിക്കയിലാ. അതാ ഞാൻ...... എന്നോട് ക്ഷെമിക്കു എന്ന് പറഞ്ഞു കൈകൾ കൂപ്പി അവൾ വാതോരാതെ കരഞ്ഞു.
ആ വീടിന്റെ ശാന്തിയും സമാധാനവും അന്നത്തോടെ ഇല്ലാതായി . മരണ വീടുപോലെ ശോകമൂകമായി...
ഹരിയുടെ വീട്ടിൽ പോകാതെ പല്ലവിയുടെ എതിർപ്പ് അവഗണിച്ചു അരുന്ധതി അവളുടെ കൂടെ തന്നെ ഇരുന്നു..
ഒരാശ്വാസത്തിനെന്നോണം അനു ഒരുനാൾ അവളുടെ കുഞ്ഞമ്മയുടെ വീട്ടിൽ പോയി. വളരെ വിവാദങ്ങൾക്ക് വഴിവെച്ച ഒരു വിവാഹം ആയിരുന്നു കുഞ്ഞമ്മയുടേത്. താഴ്ന്ന ജാതിയിൽ പെട്ട ആളിനെ വിവാഹം കഴിച്ചതിനാൽ കുടുംബത്തിൽ നിന്നും വിലക്കപ്പെട്ടവൾ. അതിനാൽ ആരുമായും ഒരു അടുപ്പവും ഇല്ലാതെ അടുത്ത ഗ്രാമത്തിലാണ് താമസം. കൊച്ചച്ചൻ മരിച്ചുപോയി. ഒരു മകനുണ്ട്.
അരുന്ധതി മാത്രം ഇടയ്ക്കിടയ്ക്ക് അവിടെപ്പോയി നിൽക്കുക പതിവായിരുന്നു.
കുഞ്ഞമ്മയ്ക്കും അനുവിനെ വലിയ ഇഷ്ടമായിരുന്നു. അത് വീട്ടുകാർക്കും അറിയാവുനയത് കൊണ്ട് എതിർത്തിരുന്നില്ല...
അനു നടന്നതൊക്കെ കുഞ്ഞമ്മയോട് പറഞ്ഞു ആ മടിയിൽ കിടെന്നു കണ്ണുനീർ പൊഴിച്ചു. അവളുടെ സങ്കടം അണപൊട്ടി ഒഴുകി.
കുഞ്ഞമ്മയുടെ വീടിനുമുന്നിൽ നിറഞ്ഞൊഴുകുന്ന ഒരു പുഴയുണ്ട്. അരുന്ധതി അതിനടുത്തു പോയി വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു. കുഞ്ഞമ്മ വന്നു അവളെ വിളിച്ചു "മോളെ നല്ല അടിയൊഴുക്കുണ്ട് നീ അകത്തേക്ക് പോര്... അവൾ മിണ്ടാതെ നിൽക്കുന്നകണ്ടു കുഞ്ഞമ്മ അകത്തേക്ക് പോയി.
കാലത്ത് ഞെട്ടിക്കുന്ന വർത്തയുമായിട്ടാണ് കുഞ്ഞമ്മാ അരുന്ധതിയുടെ വീട്ടിൽ എത്തിയത്. അനു പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽ പെട്ടു കാണാതായിരിക്കുന്നു.. . ഹൃദയം സ്തംഭിപ്പിക്കുന്ന ആ വാർത്ത കൂരമ്പു പോലെ എല്ലാവരുടെയും കാതുകളിൽ തറച്ചു. ഹരി കുഞ്ഞമ്മയുടെ വീട്ടിലേക്കു തിരിച്ചു....
അനു ഉടുത്തിരുന്ന വസ്ത്രം മാത്രമേ കണ്ടെത്താനായുള്ളു എന്ന് തിരച്ചിൽ നടത്തിയവർ അറിയിച്ചു....ഹരിയുടെ സമനില തെറ്റാൻ തുടങ്ങിയിരുന്നു.
അടിയൊഴുക്ക് ഉള്ളതിനാൽ ശരീരം കണ്ടെത്താനാകാതെ തിരച്ചിൽ നടത്തിയവർ മടങ്ങി.
ദിവസങ്ങൾ കടന്നു പോയി. തന്റെ വിവരക്കേട് കാരണം ചേച്ചി ഇല്ലാണ്ടായതിൽ മനം നൊന്തു പല്ലവി മുറിക്കുള്ളിൽ കഴിച്ചു കൂട്ടി.
തന്റെ പ്രിയതമയുടെ വേർപാട് ഹരിയേയും വല്ലാതെ തളർത്തിയിരുന്നു..
അങ്ങനെ ഇരിക്കയാണ് ഒരുനാൾ കുഞ്ഞമ്മ അരുന്ധതിയുടെ വീട്ടിൽ എത്തിയത്. പല്ലവിയെ ഹരി കല്യാണം കഴിക്കണം എന്നും അത് അരുന്ധതിയുടെ ആത്മാവിന് സന്തോഷം നൽകുകയും ചെയ്യുമെന്ന് അനുവിന്റെ വീട്ടുകാരോട് അവർ പറഞ്ഞു. അരുന്ധതിയുടെ അവസാന നാളുകളിൽ അത് മാത്രമായിരുന്നു അവൾ പറഞ്ഞിരുന്നതെന്നും അവർ പറഞ്ഞു. ഹരിയും പല്ലവിയും ശക്തമായി എതിർത്തെങ്കിലും, വിധി അവരെ ഒന്നിപ്പിച്ചു....
എല്ലാം അറിഞ്ഞു ആശ്വാസത്തോടെ അവരുടെ വീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് കുഞ്ഞമ്മ അകത്തേക്ക് നോക്കി ചോദിച്ചു, " അനു ഈ കടുംകൈ എന്നെകൊണ്ട് ചെയ്യിപ്പിക്കണമായിരുന്നോ ?വിങ്ങിപൊട്ടുന്ന മനസ്സും നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി അനു പുറത്തേക്കു വന്നു.!"
അതുവേണം കുഞ്ഞമ്മേ,അവളെന്റെ അനിയത്തിയല്ല മകളാണ്. അവളെ വിഷമിപ്പിച്ചു ഒരു ജീവിതം എനിക്ക് വേണ്ട. മാത്രമല്ല സംസാര ശേഷി ഇല്ലാത്ത കുട്ടിയ. അവളെ ഹരിയേട്ടന് മാത്രമേ പൊന്നുപോലെ നോക്കാൻ കഴിയു. എന്റെ ജീവിതത്തെ പറ്റി ആലോചിച്ചപ്പോൾ അവളെ ഞാൻ മറന്ന് പോയതിലുള്ള സങ്കടമേ എനിക്കുള്ളൂ. ഇപ്പോൾ അതും ഇല്ലാണ്ടായി "...ഒരു നെടുവീർപ്പോടെ അരുന്ധതി പറഞ്ഞു നിർത്തി. "
എന്നാലും ഇനി നിന്റെ ജീവിതം.? അതാലോചിക്കുമ്പഴാ " കുഞ്ഞമ്മ കണ്ണുകൾ തുടച്ചു.
"വിഷമിക്കണ്ട കുഞ്ഞമ്മേ, ഞാൻ ആത്മഹത്യാ ഒന്നും ചെയ്യില്ല. മനസ്സിൽ കുറച്ചു കാര്യങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. എല്ലാം ശെരിയാകും.
കുഞ്ഞമ്മയുടെ മോന്റെ സഹായത്തോടെ അവന്റെ അറിവിലുള്ള ഒരാളുടെ കിടപ്പിലായ അമ്മയെ നോക്കാൻ ഹോം നേഴ്സ് ആയി അവൾ തമിഴ് നാട്ടിലേക്കു പോകാൻ തീരുമാനിച്ചു.......
ഹരിയേട്ടനെയും പല്ലവിയെയും കാണാൻ ആഗ്രഹം തോന്നിയെങ്കിലും, ആഗ്രഹം ഉള്ളിൽ ഒതുക്കി യാത്ര തിരിക്കുമ്പോൾ, അനിയത്തിക്ക് നല്ലൊരു ജീവിതം നേടിക്കൊടുത്ത ആശ്വസമായിരുന്നു ആ കണ്ണുകളിൽ.....

Seetha K

തിരിച്ചറിവ്


തിരിച്ചറിവ്
....................
അമ്മെ , അമ്മ ഇങ്ങനെ എന്നെ കുളിപ്പിച്ചാൽ ആള്ക്കാര് കരുതും ഞാൻ വല്ല മന്ദബുദ്ധിയും ആണെന്ന് "
അതെന്താടാ ? അമ്മ തിരിഞ്ഞു നോക്കാതെ ചോദിച്ചു
"പിന്നെ ഇത്രയും വയസ്സായിട്ടും ഇങ്ങനെ 'അമ്മ കുളിപ്പിച്ചോണ്ടിരുന്നാ എന്തുവാ അർഥം ?
അമ്മ അറിയാതെ ചിരിച്ചു ,എത്ര വയസ്സായിന്നാ ? മെഡിക്കൽ എൻട്രൻസ് എക്സാം എഴുതി എന്നല്ലേ ഉള്ളു , അപ്പോഴേക്കും നീ വല്യ ഡോക്ടർ ആയോ ? എനിക്ക് നീ എന്നും കൊച്ചു കുട്ടി തന്നെയാ .... നേരെ ചൊവ്വേ കുളിച്ചാൽ ഞാൻ വരില്ലല്ലോ നിന്നെ കുളിപ്പിക്കാൻ ? ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ഉമ്മറത്തിരുന്ന് എന്ന തേച്ച് കുളിക്കണം , ഇന്നലെ ശരീരം തണുക്കൂ,. ഓർമ്മ വെച്ച കാലം മുതൽ നിന്നോട് ഇത് പറയുന്നതാ , ആര് കേൾക്കാൻ
ഒരു കള്ളചിരിയും ചിരിച്ച് ഞാൻ റൂമിലേക്ക് പോയി ,ഇതാണ് എന്റെ അമ്മ ,എന്തിനും ഏതിനും എന്റെ കൂടെ നിൽക്കുന്ന എന്റെ വലിയ സ്യുഹൃത്ത് . ആൾ എന്നാലും കുറച്ച Strict ആണ് കേട്ടോ. അടുക്കും ചിട്ടയുമൊക്കെ വലിയ നിർബന്ധമാണ് .
പോലീസിലായിരുന്നു എന്റെ അച്ഛൻ , ജോലിയിലിരുക്കമ്പഴേ മരണപ്പെട്ടു ,പിന്നെ എന്നേം അനിയത്തിയേം നോക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. കാരണം വീട്ടുകാർക്ക് ഇഷ്ടമില്ലാതെയാണ് അമ്മയെ അച്ഛൻ കല്യാണം കഴിച്ചത് .അതുകൊണ്ടു തന്നെ സ്വാഭാവികമായി അവിടുന്ന് വല്യ സഹകരണം ഒന്നും കാണില്ലല്ലോ , അമ്മക്കത് വലിയ വിഷമമുള്ള കാര്യമാണ് . മാതാപിതാക്കളെ വേദനിപ്പിച്ചത് കൊണ്ടാണ് തനിക്കീ ഗതി വന്നതെന്ന് അമ്മ എപ്പഴും പറയും.
അമ്മയുടെ ആ അടക്കം പറച്ചിലിൽ എനിക്കൊരു ധ്വനി ഫീൽ ചെയ്യാറുണ്ട് ,പ്രേമം ഒന്നും വേണ്ട എന്ന് അമ്മ എന്നോട് പറയാതെ പറയുന്നതായിട്ട് എനിക്ക് തോന്നാറുണ്ട് . പിന്നെ അത്ര വലിയ സുന്ദരൻ ഒന്നും അല്ലാത്ത കൊണ്ട് അങ്ങനെ ഒന്നുണ്ടാകുമെന്ന വിശ്വാസവും എനിക്കില്ലായിരുന്നു .... അനിയത്തികുട്ടി അഞ്ചാം ക്ലാസ്സിൽ ആയിട്ടുള്ളു , അതുകൊണ്ട് അവൾക്കും കൊറേ സമയമുണ്ട്...
എന്റെ പരീക്ഷ റിസൾട്ടും കാത്തിരിക്കാ ഇപ്പൊ... വല്യ പണികളൊന്നും ഇല്ലെങ്കിലും മുഴുവൻ സമയവും Whatsapp ലും Facebook ലും ബിസിയാ ഞാൻ .. അമ്മ ഇപ്പൊ ചെറുതായിട്ടൊരു തയ്യൽക്കട തുടങ്ങി.. വീട്ടിലിരുന്നു പണി ചെയ്ത് തുടങ്ങിയതായിരുന്നു, എന്തായാലും ഇപ്പോ കുഴപ്പമില്ലാത്ത ലാഭത്തിലാണ് .
ഒരിക്കൽ പതിവ് പോലെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുമ്പോഴാണ് Fb യിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് എന്നേം തേടി വരുന്നത് , 'ചാരുലത ' . പിന്നെ എനിക്ക് പെൺകുട്ടികൾ ഇങ്ങോട്ട് റിക്വസ്റ്റ് അയക്കാൻ നിക്കല്ലേ, വല്ല അവന്മാരും പണി തരാൻ ചെയ്തതാകും, അതുകൊണ്ട് ഞാൻ അതങ്ങ് Delete ചെയ്ത് ഒഴിവാക്കി .
കുറച്ച കഴിഞ്ഞപ്പോൾ ഒരു മെസ്സേജ് , ചാരുലത , ഒരു hai അയച്ചിരിക്കുന്നു , തിരിച്ചും കൊടുത്തു ഒരു Hi .അപ്പോൾ "എന്താ റിക്വസ്റ്റ് അക്സെപ്റ് ചെയ്യാത്തെ, ഞാൻ തന്റെ ഒരു ഫാൻ ആണ് " എന്ന്.
എനിക്കും ഫാനോ? അപ്പോ ഞാൻ ഉറപ്പിച്ചു ആരോ ഒരുത്തൻ പണി തരുന്നത് തന്നെ ആണെന്ന് ,ഉടനെ മറുപടി കൊടുത്തു " ആഹാ ,ഫാൻ ആണോ? എന്ന അവിടെ നിന്ന് കറങ്ങിയ മതി , ഇങ്ങോട്ട് കറക്കാൻ വരണ്ട " എനിക്ക് സംശയമുണ്ട് എന്ന് തോന്നിയത് കൊണ്ടാകാം ഒരു വോയിസ് മെസ്സേജ് ഉടനെ വന്നു ."ഞാൻ ചാരു തന്നെ ആണ് , പറ്റിക്കൊന്നുമല്ല " ആ കുയിൽ നാദം കേട്ട ഞാൻ തരിച്ചു നിന്നു , എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല ,
"അപ്പൊ Fake അല്ല ,എന്നാ പറ , എന്നെ എങ്ങനെയാ അറിയാ നിനക്ക് .?"
അപ്പോൾ അവൾ ''ഞാൻ രേഷ്മയുടെ കൂട്ടുകാരിയാ , ഞാനും എൻട്രൻസിനാ പഠിക്കുന്നെ , അപ്പോൾ ചേട്ടനോട് കുറച്ച് സംശയം ചോദിയ്ക്കാൻ വിളിച്ചതാ"
സംഗതി കുറച്ച ഉഴപ്പൻ ആയിരുന്നേലും പഠനകാര്യത്തിൽ ഞാൻ ഉഴപ്പില്ലായിരുന്നു , കാരണം അമ്മ തന്നെ.. എനിക്കറിയാം ആ കഷ്ടപ്പാട് . ഞാനവളോട് ചോദിച്ചു എന്താ Doubt എന്ന് . അറിയാവുന്ന കാര്യങ്ങൾ ആയതിനാൽ പെട്ടെന്ന് തന്നെ എല്ലാം ക്ലിയർ ചെയ്ത് കൊടുക്കാൻ കഴിഞ്ഞു.. അധികം വൈകാതെ തന്നെ ഞങ്ങൾ നല്ല കൂട്ടുകാരായി മാറി. ഇടയ്ക്കിടെ മാത്രമുണ്ടായിരുന്ന സംസാരം പിന്നെ ദിവസേന എന്നായി . ആ സംസാരം പിന്നെ ഇടക്കിടെയുള്ള കൂടിക്കാഴ്ചയിലേക്കും വഴിത്തിരിഞ്ഞു .
ഒരുദിവസം , അവൾ കുടുംബത്തോടൊപ്പം ചില ക്ഷേത്ര പ്രദക്ഷിണത്തിന് പോയി.. ഒരാഴ്ച കഴിഞ്ഞേ ഇനി നമ്മൾ കാണൂ എന്ന് പറഞ്ഞ അവൾ പോയ അന്നത്തെ ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല , എന്തോ ഒരു വിങ്ങൽ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു . എന്റെ ചെറിയ മാറ്റങ്ങൾ പോലും മനസ്സിലാക്കിയിരുന്നു അമ്മ എന്നോടിടക്ക് ചോദിച്ചു കൊണ്ടിരുന്നു എന്താണ് പറ്റിയതെന്ന് .. ഒന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞ് മാറാനെ എനിക്ക് സാധിച്ചുള്ളൂ, കാരണം എന്നിൽ വന്ന മാറ്റം എന്നെ തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു...
അങ്ങനെ അവളില്ലാതെ 4 ദിവസം കടന്ന് പോയി , അടുത്ത ദിവസം അറിയാത്തൊരു നമ്പറിൽ നിന്നും എനിക്കൊരു കാൾ വന്നു . "ഹലോ , ഞാൻ ചാരുവാ,. സുഖമാണോ നിനക്ക്.? എനിക്ക് നിന്നോട് സംസാരിക്കാതിരിക്കാൻ കഴിയുന്നില്ല . ഇതെന്റെ അച്ഛന്റെ നമ്പറാ. ഞാൻ ഫോൺ എടുത്തിട്ടില്ല... I miss you a lot ,ഇത്രയും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു , ആ ശബ്ദം കേട്ട് എന്റെ ചങ്ക് ഇടറി. ഞാനാകെ തകർന്ന് പോയി. എന്റെ വിഷമം ഉള്ളിലൊതുക്കി ഞാനവളെ സമാധാനിപ്പിച്ചു .
ഞങ്ങൾക്കിടയിൽ പ്രണയത്തിന്റെ പുഷ്പങ്ങൾ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു എന്ന് പതുക്കെ ഞാൻ തിരിച്ചറിഞ്ഞു...അങ്ങനെ ആ പൂമൊട്ട് വളർന്ന് കാലം അതിന് ഒരു പടുവൃക്ഷമാക്കി മാറ്റി ..
ഇപ്പൊ ഞാൻ MBBS ഫസ്റ്റ് ഇയറിന് ജോയിൻ ചെയ്തു , ഈ കാലത്തിനിടക്ക് വേർപിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്ത് കഴിഞ്ഞിരുന്നു .
എന്നത്തേയും പോലെ ഒരു ദിവസം ഞാൻ വിളിച്ചപ്പോൾ അവൾ അൽപ്പം തിടുക്കത്തിൽ ആയിരുന്നു , കൂട്ടുകാരികളുടെ കൂടെ പുറത്തു പോകുകയാണ് ,. ഫോൺ എടുക്കുന്നില്ല . ഞാൻ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞു. ഞാൻ കൂടെ വരം എന്ന് പറഞ്ഞെങ്കിലും അവൾ കൂട്ടാക്കിയില്ല.. എല്ലാ കൂട്ടുകാരികളും ഉണ്ടെന്നാണ് അവൾ കാരണം പറഞ്ഞത്.
അമ്മയോട് ഇന്ന് വരെ നുണകൾ പറയാത്ത ഞാൻ അതും ചെയ്യാൻ തുടങ്ങി,. അവളെ കാണാൻ പോകുമ്പോഴൊക്കെ എന്തെങ്കിലും നുണകൾ അമ്മയോട് പറയൽ പതിവായിരുന്നു ..അങ്ങനെ ഉള്ള എന്നോട് ഇന്നവൾ വരണ്ട എന്ന് പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി.. അന്ന് മുതൽ അവളിലെ പല മാറ്റങ്ങളും ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
പണ്ടത്തെ അത്ര വിളികളും ചാറ്റിങ്ങും ഒന്നും ഇപ്പോഴില്ല , ഉറക്കമൊഴിച്ച് സല്ലപിച്ചിരുന്ന ഞങ്ങൾ ഇപ്പോൾ അപരിചിതരെ പോലെ ആയ പോലെ എനിക്ക് തോന്നി. അവൾ എന്നെ ഒഴിവാക്കുകയാണോ എന്ന് വരെ ഞാൻ സംശയിച്ചു . അങ്ങനെ ഒരു ദിവസം അവളെനിക്കൊരു മെസേജ് അയച്ചു , ആകാംക്ഷയിൽ ആ മെസേജ് തുറന്നു നോക്കിയ ഞാൻ തളർന്നു പോയി, "നമ്മുടെ ഈ ബന്ധം, ശരിയാവില്ല . സഞ്ജു എന്നെ മറക്കണം , ഇനീം ഇത് മുന്നോട്ട് കൊണ്ട് പോകണ്ട." .ആൽമരം കണക്കെ വളർന്നു പന്തലിച്ച ഞങ്ങളുടെ ബന്ധത്തെ ഒറ്റ വരിയിൽ അവൾ അവസാനിച്ചപ്പോൾ ,എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുറച്ചു സമയം തരിച്ചു നിന്നു പോയി.. എത്ര ചോദിച്ചിട്ടും അവൾ എന്താണ് കാരണം എന്ന് പറഞ്ഞില്ല,.വിടാൻ തയ്യാറാവാതെ പിന്നെയും ഞാൻ ചോദിച്ചു കൊണ്ടിരുന്നപ്പോൾ ഇനി ശല്യപ്പെടുത്തിയാൽ പോലീസിൽ പരാതിപ്പെടും എന്ന് വരെ അവൾ പറഞ്ഞു .
പക്ഷെ എനിക്കങ്ങനെ അവളെ വിടാൻ കഴിയുമായിരുന്നില്ല.. അതുകൊണ്ടു തന്നെ ഞാൻ പിന്നെയും അവളെ ശല്യപെടുത്തികൊണ്ടിരുന്നു . എന്റെ ശല്യം സഹിക്കാൻ വയ്യാത്തതോണ്ടാകണം എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പോലീസിൽ പരാതി നൽകി. ഞാൻ അവളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. പോലീസുകാരിലൊരാൾ നേരിട്ട് അമ്മയെ വിളിച്ച് പോലീസ് സ്റ്റേഷനിൽ എന്നെയും കൂട്ടി വരാൻ ആവശ്യപ്പെട്ടു .. അമ്മക്ക് എന്നെ നന്നായിട്ടറിയാവുന്നതു കൊണ്ടാവാം അമ്മ ഒന്നും സംഭവിക്കാത്ത പോലെയാണ് എന്നോടെല്ലാം ചോദിച്ചത്.. ഞാൻ എല്ലാം എന്റെ അമ്മയോട് തുറന്നു പറഞ്ഞു.
എന്നെയുംകൊണ്ട് അമ്മ പോലീസ് സ്റ്റേഷന്റെ വാതിൽ കടക്കുമ്പോൾ അതിനുള്ളിൽ ചാരുലതയെയും അവളുടെ അച്ഛനെയും എല്ലാം കണ്ടു..
''മക്കളെ മര്യാദക്ക് വളർത്തണം, എന്റെ കൊച്ചിനോട് ഇങ്ങനെ ചെയ്ത ഇവനെ ഞാൻ വെറുതെ വിടും എന്ന് ആരും കരുതണ്ട." എന്നൊക്കെ പറഞ്ഞ് കേവലം ഒരു മലയാളി പെൺകുട്ടിയുടെ അച്ഛന്റെ എല്ലാ ഡയലോഗുകളും അയാൾ നിരത്തിക്കൊണ്ടിരുന്നു..
ഇതൊക്കെ കേട്ടിട്ടും ഒരു കൂസലുമില്ലാതെ ഒരു പോലീസ്‌കാരന്റെ ഭാര്യയായിത്തന്നെ അമ്മ നേരെ ഇൻസ്പെക്ടറുടെ അടുത്തേക്ക് ചെന്നു.. " സാർ, എന്റെ മകൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല.. ഞാൻ അവനെ അങ്ങനെയല്ല വളർത്തിയത്. സാർ ശരിക്കും ഒന്ന് അന്വേഷിക്കണം ..കാരണം പലപ്പോഴും പെണ്ണുങ്ങൾ അവരുടെ അവകാശത്തെ മുതലെടുക്കുകയാണ് ...എന്നാൽ ആ ഇൻസ്പെക്ടറുടെ വാക്കുകൾ വലിയ സുഖമുള്ളതായിരുന്നില്ല... " ഓ പിന്നെ, നിന്റെ മകൻ ഹരിശ്ചന്ദ്രനല്ലേ .. അവരുടെ പരാതി കുറച്ച് സ്ട്രോങ്ങ് ആണ്.. എന്നും പറഞ്ഞ് അയാൾ ചാരുലതയെയും അച്ഛനെയും വിളിച്ചു,. അവളെന്നെ പരിചയമുള്ള ഭാവം പോലും കാണിച്ചില്ല.. ഇൻസ്പെക്ടർ അവളോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു., ഓൺലൈൻ വഴി നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു, അത് കൊടുക്കാത്തതിന് ദേഷ്യത്തിൽ കോളേജിൽ വെച്ച് സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി., ഇത് കേട്ടതും എന്റെ 'അമ്മ എണീറ്റ് അവളുടെ മുഖത്ത് ആഞ്ഞൊരടി കൊടുത്തു.. കണ്ടു നിന്നവരെല്ലാം ഒരു നിമിഷം നിശ്ചലമായി നിന്ന് പോയി...
"പറ, അവൻ നിന്നെ അങ്ങനൊക്കെ ചെയ്തോ? സത്യം പറഞ്ഞോ.. അമ്മയുടെ ആ ഒരു അടിയിൽ തന്നെ അവൾ ആകെ നിന്ന് വിറച്ച് പോയി.. അവളുടെ അച്ഛൻ ഇടയ്ക്കു കയറി എന്തോ പറയാൻ നിന്നപ്പോൾ 'അമ്മ അയാളെ തടഞ്ഞ് അവളുടെ ഫോൺ പിടിച്ചു വാങ്ങി... loked ആയ ഫോൺ ഓപ്പൺ ആക്കാൻ അവളോട് പറഞ്ഞെങ്കിലും അവൾ തയ്യാറായില്ല,,
മര്യാദക്ക് നീ തുറക്കുന്നുണ്ടോ, ഇല്ലേൽ സൈബർ സെല്ലിൽ കൊടുത്ത തുറപ്പിക്കാം, അത് വേണോ? അപ്പൊ കേസിന്റെ ദിശയൊക്കെ മാറുന്നത് കാണാം... അത് നിനക്കും നന്നായിട്ടറിയുന്ന കാര്യമാണ്,, അതുകൊണ്ട് തുറന്നാൽ നിനക്ക് നല്ലത്,, ഇതുകണ്ട ഇൻസ്പെക്ടർ രോഷാകുലനായി ചാടി എണീറ്റു.. " നീ എന്താ വൈജയന്തി IPS കളിക്കാണോ?? എന്റെ സ്റ്റേഷനിൽ വെച്ച് ഇമ്മാതിരി ഓരോ സീൻ ഉണ്ടാക്കിയ പിടിച്ച് ഞാൻ അകത്തിടും.. മറുപടി പറയാൻ 'അമ്മ നാവു പോകുന്നതിന് മുന്നേ തന്നെ ഫോണിന്റെ ലോക്ക് തുറന്ന് അവൾ അമ്മക്ക് കൊടുത്തു... അതിൽ അന്ന് രാവിലെ വന്ന എല്ലാ whatsapp മെസ്സേജുകളും 'അമ്മ വായിച്ച് നോക്കി.. അതിൽ ഹരീഷ് എന്ന പേരിലുള്ള മെസ്സേജ് എടുത്ത് 'അമ്മ ഇൻസ്പെക്ടർക്ക് നേരെ നീട്ടിയിട്ട് വായിച്ചു നോക്കാൻ പറഞ്ഞു.. "ഇന്ന് ഞാൻ സ്റ്റേഷനിൽ പോകും,. ഇന്നത്തോടെ അവൻ ഒതുങ്ങും, ഇനി നമുക്കിടയിൽ അവനൊരു ശല്യമായി വരില്ല.. നമുക്ക് നമ്മുടെ സ്വപ്നങ്ങൾ നെയ്യാൻ സമയമായി.."
ഇത് വായിച്ച SI ദേഷ്യത്തോടെ അവളോട് കാര്യങ്ങൾ ചോദിച്ചു,.. വേറെ ഒരുത്തനെ ഇഷ്ടമായതുകൊണ്ട് എന്നെ ഒഴിവാക്കാൻ നല്ലിയ പരാതിയാണെന്ന് അവൾ തുറന്നു പറഞ്ഞു. ഇതെല്ലം കേട്ടുനിന്ന അവളുടെ അച്ഛൻ ആകെ തളർന്നു പോയി, തന്റെ മകളുടെ ഭാഗത്താണ് തെറ്റ് എന്ന് മനസ്സിലാക്കിയ അയാൾ അമ്മയോട് മാപ്പ് പറയാൻ കൈ ഉയർത്തി,.. "വേണ്ട,, അങ്ങ് നേരത്തെ പറഞ്ഞ പോലെ മക്കളെ നല്ല രീതിയിൽ വളത്തണം, എന്നത് ഓർത്താൽ മതി" എന്ന് പറഞ്ഞ 'അമ്മ ചാരുലതക്ക് നേരെ തിരിഞ്ഞു നിന്നു.. "മോളെ, പ്രണയം പലപ്പോഴും ജീവിത ബന്ധങ്ങൾക്കിടയിൽ കൈപ്പാണ് സമ്മാനിക്കുന്നതെങ്കിലും പ്രണയിക്കുന്നവർക്കിടയിൽ പരിശുദ്ധമായ , പരിപാവനമായ ഒരു വികാരമാകണം.. അതാണ് അനശ്വരമായ പ്രണയം., തുണി മാറ്റുന്ന ലാഘവത്തോടെ കാമുകന്മാരെ മാറ്റുന്ന നിനക്ക് അതിന്റെ മഹത്ത്വം പറഞ്ഞാൽ മനസ്സിലാകില്ല.. നിന്നെ പ്പോലെ ഉള്ള പെണ്ണുങ്ങളാണ് പലയിടത്തും ആണുങ്ങളെ അക്രമകാരികൾ ആക്കുന്നത്..
നിങ്ങളൊക്കെ കളിപ്പാവ പോലെ കാണുന്ന ഈ ആണ്കുട്ടികൾക്കുമുണ്ട് വികാര വിചാരങ്ങൾ ഉള്ള മനസ്സ്.. നിന്റെ കൂടെ അവൻ കണ്ട ജീവിത സ്വപ്നങ്ങൾ ഒക്കെ തട്ടിത്തെറിപ്പിച്ചു നീ പുതിയ ചുവടുകൾ വെക്കുമ്പോൾ ഒരു കാര്യം നീ ഓർത്തോ.. എന്നെ പ്പോലെ ഉള്ള ആയിരക്കണക്കിന് അമ്മമാരുടെ ശാപവും പേറി നാശത്തിന്റെ വഴിക്കാണ് നിങ്ങളൊക്കെ പോകുന്നത്,. അതെപ്പഴും ഓർമ്മയിൽ ഉണ്ടാകുന്നത് നല്ലതാ..
ഇത്രയും അവളുടെ മുഖത്ത് നോക്കി പറഞ്ഞ്, എന്റെ കൈയും പിടിച്ച് പോലീസ് സ്റ്റേഷന്റെ പുറത്തേക്കിറങ്ങുമ്പോ , ഞാൻ കൗതുകത്തോടെ അമ്മയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു,. പുറത്തിറങ്ങി എന്നെ നോക്കെ ഒരു ചിരിയോടെ 'അമ്മ ചോദിച്ചു, "നീയെന്താടാ എന്നെ ഇങ്ങനെ നോക്കുന്നെ?"
"അമ്മക്ക് എങ്ങനെയാ ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് കണ്ണടച്ച് വിശ്വസിക്കാൻ കഴിയുന്നു? "
"നീ എന്റെ പൊന്നുമോനല്ലേടാ... അനശ്വര പ്രണയത്തിന്റെ ഉദാഹരണമായ അച്ഛന്റെ മകൻ.. പിന്നെ ഞാനും കൊറേ കാലം ഒരു സബ് ഇൻസ്പെക്ടർടെ കൂടെയല്ലേടാ ജീവിച്ചേ ,, പോലീസല്ലേലും കുറച്ചൊക്കെ കള്ളത്തരങ്ങൾ കണ്ടുപിടിക്കാൻ എനിക്കും കഴിയും"
ഇത്രയും പറഞ്ഞ് തെല്ലഹങ്കാരത്തോടെ 'അമ്മ തലയുയർത്തി നിന്നപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി... ഒന്നും നടന്നിട്ടില്ലാത്ത ഭാവത്തോടെ നീ വാടാ ചെക്കാ എന്നും പറഞ്ഞ് 'അമ്മ മുന്നേ നടന്നപ്പോൾ , അമ്മയെന്ന ആ അത്ഭുധത്തെ നോക്കികൊണ്ട് തന്നെ ഞാനും പിറകെ അടിവെച്ചു നടന്നു....
സ്നേഹപൂർവം
- സീത കാർത്തിക്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo