കൊഴുപ്പ് (കവിത)


ഞെക്കുമ്പോ
കനത്തിലുണ്ട്.
കെട്ട്യോനെ-
ക്കൊണ്ട് തൊടീച്ച-
പ്പോളും തെന്നലുണ്ട-
യിന്.
മുലകൊടുക്കാതിരു-
ന്നാലോ കുഞ്ഞിന്?
"ഏയ്‌ വേണ്ട,പതിച്ചി
പറഞ്ഞ പോലെ പാല്
കെട്ടി നിക്കുന്നുണ്ടാവും"
നൂലുകെട്ടിന് വന്നോ-
രെല്ലാം ഒരേ സ്വരത്തിലങ്ങനെ :
"പെറ്റിട്ടപ്പോ കണ്ടേലും കൊച്ചങ്ങ് മെലിഞ്ഞേക്കണ്"
തള്ള ഒന്ന് കൊഴുത്തേ-
ക്ക്ണ് എന്ന് വന്നോരെ-
ല്ലാം പറയാതെ പറഞ്ഞ്.
എല്ലാരേം അടുത്തേക്ക്
വരുത്തി തടിപ്പൊന്ന്
തൊടീച്ച് തള്ളേടെ കൊഴു-
പ്പ് കാണിച്ചാലോന്ന് കരുതീതാ ആദ്യം.
വേദന കൂടി വന്നപ്പോ-
രണ്ടീസം ഞാൻ പാല്
കൊടുക്കാതായി.
മേനിമെരുക്കാൻ തള്ള
മോന് പാല് കൊടുക്കി-
ല്ലെന്ന അമ്മേടെ വാചകം
ചെവീൽ എത്തീപ്പോ
ഡോക്ടറും മുഴ കണ്ടു
ഒരു തവണ അല്ല
പലേ തവണ,
ആശുപത്രികൾ വീടുകളായി
തള്ളേടെ കൊഴുപ്പ് കുറഞ്ഞു
മുടി പൊഴിഞ്ഞു
പോകെപോകെ ഞെട്ടുകൾ
ഉള്ളിലേക്കായി
ഒരു മുലയ്ക്ക് തീരെ ഭാരമില്ലാതായി
Amritha L

ഓണത്തച്ഛൻ


"എന്തിനാ ഏട്ടാ ഈ കായകുലയൊക്കെ? "
"കുറച്ചു വറുക്കാം, ബാക്കി പഴുപ്പിക്കാം. അവധിയല്ലേ, പിള്ളേര് കഴിച്ചോളും".
"അതിപ്പോ കുറച്ചു കാശു കൊടുത്താ ൽ വറുത്തുപ്പേരി മേടിക്കാലോ? "
"അതിനു നീ വറുക്കുന്ന സ്വാദ് കിട്ട്വോ?"
വർഷങ്ങളോളം ഓണക്കാലത്ത് മുടങ്ങാതെ കേട്ടിട്ടുള്ള അച്ഛന്റെയും അമ്മയുടെയും സംഭാഷണ ശകലങ്ങൾ.
അച്ഛനെ കൊണ്ടു റെഡിമെയ്ഡ് വറുത്തുപ്പേരി മേടിപ്പിക്കുവാനുള്ള അമ്മയുടെ ശ്രമങ്ങളും അമ്മയെ കൺവിൻസ് ചെയ്തു അതു വീട്ടിൽ തന്നെ ഉണ്ടാക്കാനുള്ള അച്ഛന്റെ ശ്രമങ്ങളും ഒരു പതിവ് കാഴ്ച ആയിരുന്നു എല്ലാ ഓണക്കാലത്തും. കായകുല മേടിക്കുന്നതും, കഴുകി വൃത്തി ആക്കി അരിഞ്ഞു കൊടുക്കുന്നതും എല്ലാം അച്ഛൻ സ്വന്തം അവകാശം പോലെ ചെയ്തു പോന്നു. വറുക്കുന്നത് മാത്രം ആയിരുന്നു അമ്മയുടെ ജോലി. പക്ഷെ ഇനി ഒരു ഓണക്കാലത്തും അത് ഉണ്ടാവില്ല. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷവും പൊട്ടിച്ചിരികളും ഓണാഘോഷമാക്കി മാറ്റിയിരുന്ന ആ പാവം അച്ഛൻ കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. ഞങ്ങൾ എത്രെ ആഗ്രഹിച്ചാലും തിരികെ വരാനാവാത്ത വിധം..
ആഘോഷങ്ങളുടെ ആളായിരുന്നു അച്ഛൻ. ഓരോ ഉത്സവങ്ങളും ആഘോഷിക്കുന്നത് വഴി നാം നമ്മുടെ സംസ്കാരവും പൈതൃകവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുക കൂടി ആണ് ചെയ്യുന്നത് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആൾ. അത്തം മുതൽ പൂവിടണം എന്നും ഓണത്തപ്പനെ വച്ചു വെളുപ്പിനെ എതിരേൽക്കണം എന്നും ഒക്കെ കുഞ്ഞിലേ പഠിപ്പിച്ചതും അച്ഛൻ തന്നെ. വലുതാകുംതോറും ഓണപരീക്ഷയുടെ മത്സരപഠിപ്പിലേക്കു മുങ്ങിത്താണ് എപ്പോഴോ ഞങ്ങൾ അത്തം തൊട്ടുള്ള പൂവിടൽ ഒക്കെ നിർത്തി. പലപ്പോഴും അച്ഛൻ സംഘടിപ്പിച്ചു കൊണ്ടു വന്ന പൂക്കൾ കവറിൽ ഇരുന്നു തന്നെ വാടി തീർന്നു. പിന്നെ പിന്നെ അവസാന മൂന്ന് ദിവസം മാത്രമായി പൂവിടൽ. അതും അച്ഛനു വേണ്ടി..പക്ഷെ ഒരിക്കൽ പോലും അച്ഛൻ പരിഭവിച്ചതായി ഓർക്കുന്നേ ഇല്ല. ഞങ്ങൾ മക്കളുടെ ഇഷ്ടങ്ങളും സൗകര്യങ്ങളും ആയിരുന്നു അച്ഛനു എന്നും ഓണം.
അതു കൊണ്ടു തന്നെ കഴിഞ്ഞ വർഷം, അച്ഛനെ വേർപിരിഞ്ഞുള്ള ആദ്യത്തെ ഓണം, വല്ലാത്ത ഒരു നൊമ്പരമായിരുന്നു. മടി പിടിച്ചിരുന്നാൽ സ്നേഹത്തോടെ ശാസിച്ചു പൂക്കളമൊരുക്കിക്കാനോ, കായ വറുക്കാനോ, സദ്യ ഒരുക്കാനോ ഇനി ഒരിക്കലും അച്ഛൻ വരില്ല എന്ന തിരിച്ചറിന്റെ ഓണം.. അതു സൃഷ്ടിക്കുന്ന നൊമ്പരവും അസ്വസ്ഥതയും താങ്ങാവന്നതിലും അപ്പുറമാണ്.. പ്രിയപെട്ടവരുടെ വേർപാട് നമ്മളിൽ സൃഷ്ടിക്കുന്ന ശൂന്യതയും നൊമ്പരവും കാലം എത്രെ കഴിഞ്ഞാലും മാറില്ലെന്നും അതുമായി പൊരുത്തപ്പെട്ടു ജീവിക്കുകയേ വഴി ഉള്ളൂ എന്നും അച്ഛന്റെ വേർപാടിൽ ആശ്വസിപ്പിക്കാൻ വിളിച്ച ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നത് എത്രെ ശെരി എന്നിപ്പോൾ തോന്നുന്നു.
പൂക്കളിടാനും സദ്യ ഒരുക്കാനും എന്നു വേണ്ട എല്ലാത്തിനും ഉത്സാഹിയായിരുന്നു അച്ഛൻ. മക്കൾ മുതിർന്നപ്പോൾ കൊച്ചു മക്കൾക്കും ആഘോഷങ്ങളുടെ നിറവ് പകർത്തി കൊടുത്തു അച്ഛൻ. പക്ഷെ അവരും ഓരോരുത്തരായി ചിറകു വിടർത്തി അച്ഛന്റെ കിളിക്കൂട് വിട്ട് പറന്നകന്നകലുകയും ഏറ്റവും ഇളയ പേരക്കുട്ടി ആയ എന്റെ മകൾ പോലും ഓണപരീക്ഷയുടെ മത്സര പഠിപ്പിലേക്ക് കൂപ്പു കുത്തുകയും ചെയ്തതോടെ ചരിത്രം വീണ്ടും ആവർത്തിക്കാൻ തുടങ്ങി. പക്ഷെ അപ്പോഴും പരിഭവിക്കാതെ സ്നേഹവാത്സല്യങ്ങളോടെ അച്ഛൻ കാത്തിരുന്നു, ഞങ്ങളുടെ തിരക്കൊഴിയാൻ.
മെല്ലെ മെല്ലെ അച്ഛന് ഓണവും വിഷുവും എല്ലാം കാത്തിരിപ്പിന്റെ നാളുകളായി. പറന്നകന്ന കുഞ്ഞുങ്ങൾ എല്ലാവരും അച്ഛനെ കാണാൻ വരുന്ന, കൂടണയുന്ന സന്തോഷ ഉത്സവങ്ങൾ.
അച്ഛനായിരുന്നു ഞങ്ങളുടെ ആഘോഷം എന്ന തിരിച്ചറിവ് തന്ന ആദ്യത്തെ ഓണം ആയിരുന്നു കഴിഞ്ഞു പോയ ഓണം. ആഘോഷങ്ങൾക്കും ഉത്സാഹങ്ങൾക്കും ഇനി ഒരിക്കലും ആ പഴയ വർണപ്പകിട്ട് ഉണ്ടാവില്ല. കുട്ടികൾ വന്ന് കെട്ടിപിടിച്ചു മുത്തം കൊടുക്കുമ്പോൾ ഉള്ള നിറഞ്ഞ പുഞ്ചിരി ഇനി ഒരിക്കലും എനിക്കു കാണാനാവില്ല. സദ്യവട്ടത്തിനൊപ്പം ഉപ്പേരിയും പായസവും കഴിച്ച് സംതൃപ്തിയോടെ ഉള്ള ഞങ്ങളുടെ മുഖം കണ്ട് മനസ്സ് നിറച്ചിരുന്ന ആ നിറചിരി ഇനി ഒരിക്കലും കാണില്ല. ഓരോ വിഭവങ്ങളും രുചിച്ചു നോക്കുമ്പോൾ ആകാംഷയോടെയുള്ള "എപ്പടി? " എന്ന ചോദ്യം കേൾക്കില്ല. "സൂപ്പർ " എന്ന മറുപടി കേൾക്കാനോ കണ്ണുകളിലെ നക്ഷത്ര തിളക്കം കാണുവാനോ ഇനി ഒരിക്കലും അച്ഛൻ ഉണ്ടാവില്ല.
നഷ്ടപെടലിന്റെ നീറ്റൽ അറിയുന്നതാവും ഇനിയെന്നും എനിക്കൊണം. എത്രെ പേർ ഒത്തു കൂടിയാലും എത്രെ പൊട്ടിച്ചിരികൾ നിറഞ്ഞാലും അച്ഛന്റെ വേർപാടിന്റെ ശൂന്യത മാറ്റാൻ അവക്കൊന്നും ആവില്ല.
ഉണ്ണാൻ ഇരിക്കുമ്പോൾ അച്ഛനെ ശുണ്ഠി പിടിപ്പിക്കാൻ അച്ഛന്റെ ഇരിപ്പിടത്തിൽ ഇരിക്കാൻ ആദ്യമായി പേരക്കുട്ടികൾ മത്സരിച്ചില്ല കഴിഞ്ഞ ഓണത്തിന്. ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, ഓരോരോ ദ്വീപിൽ ഒറ്റ പെട്ടു പോയ പോലെ ആയിരുന്നു അമ്മയും കുട്ടികളും. നിശബ്ദരായി ഉണ്ണുന്ന അവർക്കരികിൽ ഇരുന്നു ഞാനും, ഓണമുണ്ണാൻ. നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഉരുട്ടിയ ആദ്യ ഉരുള, അച്ഛന്റെ ഇരിപ്പിടത്തിലേക്കു നോക്കി, ഇലയുടെ അറ്റത്തു അച്ഛനായി വയ്ക്കവേ, വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ ഞാൻ കൊതിയോടെ കാതോർത്തു നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള ആ ചോദ്യം "എപ്പടി?.."
"എണ്ണ വറ്റി പോയൊരോർമയിൽ കത്തുന്ന കണ്ണുനീർ നാളമായ് അച്ഛനുണ്ട്.... " എന്ന മധുസൂദനൻ നായരുടെ വരികൾ ഓർക്കവേ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ തിരിച്ചറിയുന്നു.. അച്ഛനായിരുന്നു എന്റെ ഓണം. ആ ഓർമ്മക്ക് പേരാണിതോണം..

ആകാശവാണി (ഹാസ്യം)


ശാന്തേച്ചിയുടെ ഭർത്താവ് ശിവേട്ടന്, മാന്തോപ്പിൽ സോമൻ മുതലാളിയുടെ വീട്ടിലെ ഡ്രൈവറാണ്. ചില ദിവസങ്ങളിൽ മുതലാളിയുടെ മകളെ കോളേജിൽ നിന്നും കൂട്ടികൊണ്ടുവരാണ് പോകും. പലപ്പോഴും അവൾ കോളേജിന് മുന്നിൽ കൂട്ടുകാരുമായി സംസാരിച്ചു നിൽക്കാറുണ്ട്. കൂട്ടുകാരെന്ന് വച്ചാൽ പെൺകുട്ടികളും ആൺകുട്ടികളും കാണും.
ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോൾ അതിൽ ഒരാൾ സ്ഥിരമായി അവളുടെ കൂടെ സംസാരിച്ചു നിൽക്കുന്നുണ്ട്, എന്ന് കണ്ടുപിടിച്ചു ശിവൻ. ചില ദിവസങ്ങളിൽ അവൻ മാത്രമേ കൂടെ കാണൂ. അവർ അവിടെ നിൽക്കുമ്പോൾ, ഐസ് ക്രീം നുണയുകയോ, കടല കൊറിക്കുകയോ പഴം പൊരി കഴിക്കുകയോ ഒക്കെ ചെയ്തുകൊണ്ട് സംസാരിച്ചു നിൽക്കും. ഒരു ദിവസം ശിവൻ ചോദിച്ചു.
“ഏതാ മോളെ ആ ചെക്കൻ, മോളുടെ കൂടെ കാണാറുള്ളത്?”
“അതെന്റെ ബെസ്ററ് ഫ്രണ്ട് ആണ് ചേട്ടാ. എന്റെ കൂടെയാ പഠിക്കുന്നെ.”
“മോൾക്ക് പെൺകുട്ടികളെ ഫ്രണ്ട് ആയാൽ പോരെ മോളെ.....”
“ആൺകുട്ടികൾ ഫ്രണ്ട് ആയാൽ എന്താ കുഴപ്പം? ചേട്ടൻ എന്റെ അച്ഛൻ ആവണ്ട, ഡ്രൈവർ ആയാൽ മതി.”
******************
അന്ന് വൈകുന്നേരം ശിവൻ ഭാര്യ ശാന്തയോട് പറഞ്ഞു.
“ഉം.... മുതലാളിയുടെ മകൾ ഒരു അഹങ്കാരിയാ. അവളെ ഞാനൊന്നു ഗുണദോഷിച്ചപ്പോൾ എന്നോട് പറയാണ്, ഡ്രൈവർ ഡ്രൈവറുടെ പണി നോക്കിയാ മതി, എന്റെ കാര്യം അന്വേഷിക്കേണ്ട എന്ന്.”
“എന്താ ഉണ്ടായേ?”
“ആ കൊച്ചിന് ആണ്കുട്ടികളുമായാണ് കൂട്ട്. കൂടെ പഠിക്കുന്നവരാ, എന്നാലും ഇപ്പോഴും ആൺകുട്ടികളുടെ കൂടെ നടന്നാൽ നാട്ടുകാര് പറയത്തില്ലേ? ഒരു പേരുദോഷം ഉണ്ടാവേണ്ട എന്ന് കരുതി പറഞ്ഞതാ... ആലോചനകൾ നടക്കുന്ന സമയമല്ലേ....”
******************
പഞ്ചായത്തു പൈപ്പിൻചുവട്ടിൽ വെള്ളമെടുക്കാൻ വന്നപ്പോൾ, ശാന്തചേച്ചി രാധയുടെ ചെവിയരുകിൽ കുശുകുശുത്തു.
“എടീ രാധേ, നീയറിഞ്ഞൊ, നമ്മുടെ മാന്തോപ്പിലെ സോമൻന്റെ മോള് ഒരുത്തനുമായി പ്രേമമാണെന്ന്.”
“ആണോ ചേച്ചി... ആ പെണ്ണൊരു മിണ്ടാപൂച്ചയല്ലേ?”
“മിണ്ടാപൂച്ചകളാ കലമുടയ്ക്കാറ്.... നിനക്കറിയോ കോളേജില്നിന്നും വരുന്ന വഴി അവള് ഒരുത്തന്റെ കൂടെ ബീച്ചിൽ കറങ്ങുന്നതു കണ്ടവരുണ്ട്.”
“ഹമ്പടി കള്ളീ.... അവള് ആള് കൊള്ളാമല്ലോ.”
“ഇന്നലെ എന്റെ ശിവേട്ടൻ ടൗണിൽ പോയപ്പോ കണ്ടു ഒരു ചുള്ളൻ ചെക്കനുമായി അവൾ കറങ്ങി നടക്കുന്നു. ഐസ്ക്രീം തിന്നുന്നു. കടല കൊറിക്കുന്നു. നീ ആരോടും പറയണ്ടാട്ടോ....”
“ഏയ് ഞാനാരോട് പറയാൻ. എനിക്കീ ചെവി കേട്ടത് മറുചെവി അറിയത്തില്ല.”
*****************
കുളക്കടവിൽ അലക്കിക്കുളിക്കാൻ ചെന്നപ്പോൾ രാധ, ഖദീജയുടെ ചെവീൽ മന്ത്രിച്ചു.
“ഖദീജയറിഞ്ഞോ മാന്തോപ്പിലെ സോമൻചേട്ടന്റെ മോള് ഒരുത്തനുമായി ബീച്ചിൽ ചുറ്റിക്കറക്കമാണെന്ന്. അവിടെ വച്ച് കെട്ടിപിടുത്തോം ഉമ്മവയ്ക്കലും ഒക്കെ ഉണ്ടെന്ന പറയണേ. പലരും കണ്ടിട്ടുണ്ടെന്ന്.”
*****************
ഖദീജ പിറ്റേന്ന് തയ്യൽ ക്ലാസ്സിൽ പോയപ്പോൾ കൂട്ടുകാരി മാലിനിയുടെ ചെവിയിൽ മൊഴിഞ്ഞു.
“മാന്തോപ്പിലെ സോമൻചേട്ടന്റെ മോള്... ഒരാളുമായി ചുറ്റിക്കളിയുണ്ടെന്ന്.”
“പിന്നെ അതൊരു പാവം പെണ്ണാ... ഒരു പൊട്ടി”
“ഉം..... നാട്ടുകാര് ബീച്ചിൽ വച്ച് വളഞ്ഞുവെച്ചു പിടിച്ചത് പിന്നെ അവളുടെ പാവത്തം കൊണ്ടായിരിക്കും.”
“ഏതു ബീച്ചിൽ?”
“കഴിഞ്ഞ പതിനാലാം തീയ്യതി ന്റെ റസാഖിക്ക, ടൗണിൽ പോയതാ ബിരിയാണിക്കുള്ള സാധനങ്ങള് മേടിക്കാൻ... അവിടെ പുതിയങ്ങാടി സ്റ്റോപ്പിലെ ബീച്ച് ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലേ, ഒരുത്തനുമായി വേണ്ടാത്ത രീതിയിൽ കണ്ടെന്നോ, ദേഹത്ത് പാതി തുണിയെ ഉണ്ടായിരുന്നുള്ളൂന്നോ, ഒക്കെ പറയുന്നു.”
“റസാഖിക്ക കണ്ടോ?”
“ഏയ് അങ്ങേര് ചെന്നപ്പോൾ നാട്ടുകാര് ചേർന്ന് വിസ്തരിക്കാ അവരെ”
“എന്നിട്ട്?”
“നാട്ടുകാര് കുറെ ഗുണദോഷിച്ചു വിട്ടു.”
മാലിനി മൂക്കത്തു വിരൽ വച്ചിരുന്നു. അന്ന് വൈകുന്നേരമായപ്പോഴേക്കും തയ്യൽ ക്ലാസ്സിൽ എല്ലാവരും വിവരം അറിഞ്ഞു. .
*****************
പിറ്റേന്ന് മുതൽ കവലയിലും റേഷൻ കടയിലും സംസാരവിഷയമായി. എല്ലാവരും ഇതുതന്നെ പറയുന്നു. ശിവേട്ടൻ ചായക്കടയിൽ ഒരു കാലിച്ചായ കുടിക്കാൻ ചെന്നപ്പോൾ, അവിടത്തെ പ്രധാന ബെഞ്ച്മേറ്റ്സ് ചോദിച്ചു.
“എടാ ശിവാ.... ഈ കേൾക്കുന്നതെല്ലാം ശരി തന്നേ?”
“നിങ്ങളെന്താ കേട്ടത് എന്നറിയാതെ ഞാൻ എന്ത് പറയാൻ.”
“എടാ നിന്റെ മുതലായിയുടെ മകളെ ഹോട്ടൽ റെയ്ഡിൽ പിടിച്ചു എന്ന് പറയുന്നല്ലോ?”
“എന്ത് റെയ്ഡോ?”
“ആ നീയൊന്നുമറിഞ്ഞില്ലേ? ആ പെണ്ണ് പെഴയാടാ. അവള് കോളേജിൽ പോകുവാനും പറഞ്ഞിവിടെ നിന്നും ഇറങ്ങും. ഒരുങ്ങിക്കെട്ടിയുള പോക്ക് കണ്ടാലറിയത്തില്ലേ, ശരിയല്ല പോക്കെന്ന്.”
“ബീച്ച് ഹോട്ടലിൽ വച്ച് പോലീസ് പിടിച്ചെന്നോ, കൂടെ മൂന്നുനാലു ചെക്കന്മാര് ഉണ്ടായിരുന്നെന്നോ, അവരവിടെ നീലച്ചിത്രം പിടിക്കായിരുന്നെന്നോ ഒക്കെ പറയുന്നു.”
“നമ്മുടെ സോമൻ മുതലാളിയല്ലേ ആള്... കാശുകൊടുത്ത് ഒക്കെ ഒതുക്കി. കേസ് ഇല്ലാതാക്കി.”
“ഇപ്പൊ മോൾക്ക് കല്യാണാലോചന തകൃതിയായി നടക്കുന്നുണ്ട്. ഏതേലും പാവത്തിന്റെ തലയിൽ കെട്ടിവയ്ക്കും മൊതലിനെ.”
“അല്ലെങ്കിൽ തന്നെ ഇങ്ങേരെങ്ങിനെ ഇത്ര വേഗം പണക്കാരനായി? അയാളുടെ ഭാര്യയുടെ മിടുക്കാണെന്നാ പറയണേ, ഇതുപോലെ ഒരു ചെറിയ ചായക്കടയിൽ തുടങ്ങിയതാ അയാളുടെ കളി.....”
ചായക്കടയിലെ ആളുകളുടെ സംസാരങ്ങൾ കേട്ട് ശിവേട്ടൻ തലയിൽ കൈ വച്ച് ഇരുന്നു പോയി.
******************
അയാൾ വീട്ടിൽ ചെന്നപ്പോൾ ഭാര്യയോട് പറഞ്ഞു.
“എടി നീ പറഞ്ഞതാ ശരി, ആ പെണ്ണ് ശരിയല്ല. അവളെ ഞാൻ വിശ്വസിച്ചു. പക്ഷെ അവള് പിഴയാത്രെ.. നാട്ടുകാര് മൊത്തം പറയുന്നു. അവളെ ഏതോ ഹോട്ടൽ റെയ്ഡിൽ പിടിച്ചെന്ന പറയണേ. ഭാഗ്യത്തിന് കേസുണ്ടായില്ല. പക്ഷെ ആ പെണ്ണിന്റെ കല്യാണം മുടങ്ങി.”
ശാന്തേച്ചി മൂക്കിൽ വിരൽ വച്ച് നിന്ന് പറഞ്ഞു.
“എന്റെ ഭഗവാനെ... ഇങ്ങനൊക്കെ ഉണ്ടാവാൻ മാത്രം ആ വീട്ടുകാര് എന്ത് പാപം ചെയ്തു.”
ഈ കഥയിൽ ആരും ഒരു തെറ്റും ചെയ്തിട്ടില്ല, ഒരു ചെവിയിൽ നിന്നും അടുത്ത ചെവിയിലേക്ക് പോയപ്പോൾ ഇത്തിരി ഭാവനയും ഭംഗികൂട്ടലും നടത്തി അത്രമാത്രം.
സ്നേഹപൂർവ്വം
ട്രിൻസി ഷാജു
കുവൈറ്റ്

വെയിൽ (കവിത)


വെയിലാണെനിയ്ക്കിന്നു ചുറ്റിലും
നേരമേറെപ്പുലർന്നാലുമില്ലെങ്കിലും.

ഉമ്മറക്കോലായിലോരം കിടക്കുന്ന 
കാൽ തുടയ്ക്കും വിഴുപ്പാണിന്നു ഞാൻ.

പുകയുന്നടുപ്പിന്റെയുള്ളിലെ കനലു പോൽ 
ചൊകെ ചൊകെ നീറുന്നിതെന്റെയുള്ളം.

രാജകുമാരിയായച്ഛന്റെ തോളിൽ ഞാൻ 
വാലായി അമ്മതൻ സാരിത്തലപ്പിലും

പ്രണയമായ്...
ഒരുവന്റെ കണ്ണിലെ സ്വപ്നമായ് ....
ജീവിച്ചതെന്നുടെ നല്ല കാലം.

ഏകാന്തമിന്നു ഞാനാരോടോ ചൊല്ലുന്നു
വയ്യ.... വയ്യെന്തു ഞാൻ ചെയ്തിടേണ്ടൂ?

ഓടിമറഞ്ഞൊരെൻ സ്വപ്നങ്ങളെന്നോടുറക്കെച്ചിരിക്കുന്നു
ചെവി പൊത്തിയോടുന്നു ഞാനും.

കനവിനാൽ നിനവിനാൽ പൂത്തൊരെൻ മിഴികളിൽ
നനവുതിർന്നീടുന്നു ദുഃഖത്തിനാൽ.

ഭാരങ്ങളെത്രയോ താങ്ങി നടന്നിന്നു
ഒടിയുന്നു നടുവും തളരുന്നു തനുവും

താങ്ങുവാനില്ലാരുമിന്നെന്റെയരികിലായ്.
താങ്ങുവാനില്ലാരുമിന്നെന്റെയരികിലായ് ....
താഴെപ്പതിയ്ക്കട്ടെ ഞാൻ...
ഇനിയൊന്നുണരാതെ കണ്ണടയ്ക്കട്ടെ ഞാൻ...
അപ്പോഴും ...
വെയിലാണെനിയ്ക്കെന്റെ ചുറ്റിലും
നേരമേറെപ്പുലർന്നാലുമില്ലെങ്കിലും ...

താത്രിക്കുട്ടി.

സ്വപ്‌നത്തിലെ ലണ്ടൻ (കഥ )


ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വാർത്തയാണ് ഇന്നു ഹരിയേട്ടനിൽ നിന്നും കേട്ടത്...എന്റെ  പേരു റാണി ഇപ്പോൾ ഞാൻ ഇസ്രായേലിലെ ഒരു ജൂത  കുടുംബത്തിൽ കെയർ ഗിവെൻ ആയി ജോലി ചെയുന്നു. വിവാഹിത രണ്ടു വയസ്സായ  ഒരു മകനുണ്ട് അവൻ എന്റെ അമ്മയോടൊപ്പം കുടുബവീട്ടിലാണ്,
ഞാൻ പറഞ്ഞ  ഹരിയേട്ടൻ എന്റെ ഭർത്താവോ ബന്ധുവോ അല്ല കേട്ടോ.. ഏഴു വർഷങ്ങൾക്ക് മുൻപ് മുൻപ് മാട്രിമോണിയിൽ എന്റെ പ്രൊഫൈൽ കണ്ടു  വിവാഹംഅലോചിച്ചതാ കക്ഷി. അന്ന് ഞാൻ ലണ്ടനിൽ ആയിരുന്നു. അവിടെ വർക്കിംഗ്‌ സ്റ്റുഡന്റ് ആയി എന്റെ ബി എസ്  സി നഴ്‌സിങ് ചെയുവായിരുന്നു. 

ഒരുദിവസം പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ എന്റെ ബോർഡിങ്‌ ഹൌസിലേക്കു മടങ്ങും വഴിയാണ് എന്റെ മെസ്സൻജറിൽ  ഹരിയേട്ടന്റെ മെസേജ് ആദ്യമായി കണ്ടത്  " ഹായ് എന്റെ പേരു ഹരീഷ് ഞാൻ ബഹറിനിൽ ഗ്ലോബൽ ഇന്റർനാഷണൽ എന്നെ കമ്പനിയിൽ സെയിൽസ് മാനേജർ ആയി വർക്ക്‌ ചെയുന്നു റാണിയുടെ പ്രൊഫൈൽ ഞാൻ മാട്രിമോണിയിൽ കണ്ടു. എനിക്കു റാണിയെ വിവാഹം കഴിക്കാൻ  താല്പര്യമുണ്ട്, ഇയാളുടെ അഭിപ്രായം എന്തായാലും അറിയിക്കാം ".
കുറച്ചു സമയം ഞാൻ ഒന്നാലോചിച്ചു ഡിലീറ്റ് ചെയ്യണോ അതോ റിപ്ലൈ കൊടുക്കണോ. ഞാൻ എന്റെ ബോർഡിങ്‌ ഹൌസിലെത്തിയ ശേഷം എന്റെ റൂം പാർണർ ആയിരുന്ന  "അനുഷ" യോട് ഇക്കാര്യം പറഞ്ഞു,  അവളും എന്നെ പോലെ തന്നെ വർക്കിംഗ്‌ സ്റ്റുഡന്റണ്. അവൾ അവളുടെ ഫേസ്ബുക്കിലൂടെ ഹരീഷ്ന്റെ പ്രൊഫൈൽ പരിശോദിച്ചു. അദ്ദേഹം നാട്ടിൽ  കൊല്ലത്താണെന്നും ഡിഗ്രി ചെയ്തത് കൊല്ലം  എസ്. എൻ കോളേജിലായിരുന്നു എന്നും  അതിൽ  വ്യക്തമായി കുറിച്ചിട്ടുണ്ടായിരുന്നു.പുള്ളി ഫേസ്ബുക്കിൽ വലിയ ആക്റ്റീവ് അല്ലെന്നു തോന്നുന്നു പിന്നെ ആളുടേ  ഫോട്ടോകളും  ഞങ്ങൾ കണ്ടായിരുന്നു.  എന്റെ സങ്കല്പത്തിലെ ആളേ  അല്ലായിരുന്നു ആ ചിത്രങ്ങളിൽ കണ്ടത്.  ഞാൻ അനുവിനോട് ചോദിച്ചു?? "എടാ അയാൾക്ക്‌ റിപ്ലൈ കൊടുക്കണോ "
അനു പറഞ്ഞു...... "ആൾ ഫോട്ടയിൽ  കാണാൻ ലുക്ക്‌ ഇല്ലങ്കിലും, കണ്ടിട്ട് വലിയ കുഴപ്പക്കാരൻ അല്ലെന്നു തോന്നുന്നു, ഒരു പക്വതയുണ്ട് ആ മുഖത്തുണ്ട് പിന്നെ നിന്റെ സങ്കല്പത്തിലെ ഗ്ലാമർ ഒന്നുമില്ല  "
ഞാൻ പറഞ്ഞു,,,,, " നീ എന്തുവാട അങ്ങനെ പറയുന്നേ. എന്റെ സങ്കൽപ്പം എന്താ അത്രക്ക് മോശമാണോ. ഈ ലോകത്തു ഒട്ടുമിക്ക പെൺകുട്ടികളുടെയും ആഗ്രഹം  പോലെ ഞാനുമൊന്ന്‌ ആഗ്രഹിച്ചു  "
"ആഗ്രഹിക്കുന്നതിൽ തെറ്റില്ല.. ഭർത്താവെന്നാൽ  ജീവിതാവസാനം വരെ നമുക്ക് തണലായി കൂടുന്ന ഒരു വൻ വൃക്ഷമായിരിക്കണം അല്ലാതെ അല്പ കാലം  സുഗന്ധം നൽകി പാട്ട് പോകുന്ന  മുല്ല വള്ളികൾ പോലെ  ആകരുത് "എന്നു അനു എനിക്കു മറുപടി നൽകി.
ഞാൻ കൂടുതൽ സംസാരിക്കാൻ പോയില്ല . പിറ്റേന്ന് എന്തായാലും ഒരു റിപ്ലൈ കൊടുത്തേക്കാം എന്നു കരുതി ഞാൻ എഴുതി...."ഗുഡ് മോർണിംഗ്,  താങ്കൾ എന്റെ വിവാഹ കാര്യം  പേരെന്റ്സ് കോൺടാക്ട് ചെയുന്നതിലാണ് എനിക്കു  താല്പര്യം " ഇത്രയും എഴുതി  കൂടെ എന്റെ അച്ഛന്റെ ഫോൺ നമ്പർ കൊടുത്തു. ഉടനെ എനിക്കു റീപ്ലേയും തന്നു "ശെരി എങ്കിൽ പിന്നെ അങ്ങനെ ആയിക്കോട്ടെ "
ഞാൻ പതിവുപോലെ വീട്ടിൽ വിളിച്ചപ്പോൾ അമ്മ എന്നോട് പറഞ്ഞു "കൊല്ലത്തു നിന്നും ഒരു പയ്യന്റെ അമ്മ വിളിച്ചിരുന്നു ഞാൻ അവരോട്  ഗ്രഹനിലയൊ, ഡേറ്റ് ഓഫ് ബർത്തോ അയച്ചു  തരാൻ പറഞ്ഞു, അവർ നമ്മുടെ വിലാസം വാങ്ങി അയക്കാമെന്ന പറഞ്ഞു.
ഞാനും വലിയ ഇന്റെർസ്റ് ഇല്ലാതെ മട്ടിൽ  "ശെരി നോക്കാം "യെന്നു മാത്രം പറഞ്ഞു കൊണ്ടു മറ്റു വിഷയങ്ങളിലേക്ക് പോയി. ഏകദേശം ഒരാഴ്ച കഴിഞ്ഞു കാണും, അയാൾ പിന്നെയും മെസ്സേജ് അയച്ചു "റാണി യുടെ അമ്മ കൊടുത്ത വിലാസത്തിൽ എന്റെ അമ്മ ഗ്രഹനില അയച്ചിരുന്നു, അതു വീട്ടിൽ കിട്ടിയോ "
ഞാൻ അതിനു മറുപടി കൊടുത്തു "അമ്മ എന്നോട് ഇതു വരെ ഒന്നും പറഞ്ഞില്ല, വല്ല വിവരവും അറിഞ്ഞാൽ അറിയിക്കാം "
അയാൾ പിന്നെയും തുടർന്നു..... "റാണിയുടെ ഗ്രഹനില കിട്ടിയിരുന്നെങ്കിൽ ഞാൻ എന്റെ അമ്മക്കയച്ചു കൊടുക്കാം, ചേരുമോ ഇല്ലയോ നോക്കാമല്ല. എന്തെങ്കിലും  തീരുമാനം അറിയാല്ലോ
ഇയാൾ എന്നെ വിടുന്ന ലക്ഷണമില്ല  എന്തു ചെയ്യുമെന്ന ചിന്തയിലായി. തത്കാലം രക്ഷപ്പെടുന്നതിനായി ഞാൻ പറഞ്ഞു "എന്റെ കൈയിൽ ഗ്രഹനിലയില്ല  ആം സോറി "
"അയ്യോ!! അതിനു സോറിയൊന്നും പറയേണ്ട എന്തായാലും റാണിയുടെ വീട്ടിൽകിട്ടുന്നത് വരെ വെയിറ്റ് ചെയ്യാം" അത്രയും പറഞ്ഞു അയാൾ പോയി, ഞാൻ അനു  വിനോട് പറഞ്ഞു " ഡാ ആ ബഹറിൻകാരൻ  എന്നെ വിടാതെ പിന്തുടരുകയാ  അയാൾക്കിപ്പോൾ എന്റെ ഗ്രഹനില വേണമെന്ന് "
അവൾ പറഞ്ഞു... "നിന്റെ കൈയിൽ ഉണ്ടായിരുന്നു വെങ്കിൽ നിനക്കു അയച്ചു കൊടുത്തു കൂടായിരുന്നോ"
"ഇതൊന്നു ചേരരുതേ എന്നു പ്രാർത്ഥിക്കുവാണ് ഞാൻ,  അപ്പോളാ അയാൾക്ക്‌ അയക്കാൻ പോകുന്നെ" എന്നു ഞാനും പറഞ്ഞു 
അനു പറഞ്ഞു.... "ഞങ്ങൾ ഏകദേശം ഒരു വർഷത്തിന് കഴിഞ്ഞു ഇവിടെ, നിന്നെ എത്ര പേർ ഈ ലണ്ടനിൽ  പ്രൊപ്പോസ് ചെയ്തു അവരെയെല്ലാം നീ റേജക്റ്റ് ചെയ്ത കാരണം നിനക്കു ഓർമ്മയുണ്ടോ "
ഞാൻ പറഞ്ഞു,,, "എങ്ങനെ മറക്കും അവമാർക്കെല്ലാം വേണ്ടാത് ഒരു ഡേറ്റിംഗ് അതിനു ശേഷം തീരുമാനിക്കും കെട്ടണോ വേണ്ടയോ, പിന്നെ എന്റെ പട്ടി പോകും "
"എങ്കിൽ പട്ടിയെ  വളർത്തിക്കോ,,, നീ  നല്ലരീതിയിൽ ഒരു ജീവിതം ആഗ്രഹിക്കുന്നോ എങ്കിൽ  നിന്നെ സ്നേഹിക്കുന്ന ഒരുത്തനെ കെട്ടണം അല്ലാതെ കുറെ ഡിമാൻഡമായിരുന്നാൽ പാടാ മോളെ, കെട്ടടത്തോളം ആ ബഹറിൻകാരൻ കുഴപ്പമില്ല, ഇനി നിന്റെ ഇഷ്ടം "എന്നു അവൾ പറഞ്ഞു
ഞാൻ വളരെ ബുദ്ധി പൂർവ്വം ഹരിയേട്ടന്റെ പ്രപ്പോസൽ അന്ന്  ഒഴിവാക്കി, എല്ലാം പറഞ്ഞു തീർന്നപ്പോളാണ് ഹരിയേട്ടൻ എന്തേ  ലണ്ടനിലുള്ള പെൺകുട്ടികളെ പ്രപ്പോസ് ചെയ്യുന്ന രഹസ്യം എന്നോട് പറഞ്ഞത് അതു മറ്റൊന്നും  അല്ലായിരുന്നു. അദേഹത്തിന്റെ കസിൻ ബ്രദർ  ലണ്ടാനിൽ ഉണ്ടെന്നും വെള്ളക്കാരിയെ കല്യാണം കഴിച്ചു  അയാൾക്ക് ഇവിടത്തെ പൗരത്വം ലഭിച്ചുവെന്നും ഉള്ള കാര്യങ്ങൾ. ഹരിയേട്ടനൊട്  അയാൾ പറഞ്ഞുവത്രേ ലണ്ടനിൽ വർക്ക്‌ പെർമിറ്റ്‌  ഉള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കാനും അതിനു ശേഷം അയാൾ ഹരിയേട്ടനെ ഇവിടെ  വരാൻ കഴിയുമെന്നും.  കല്യാണം കഴിക്കുന്ന കുട്ടിക്ക് ഇവിടത്തെ പൗരത്വ ഇല്ലങ്കിൽ പോലും ഒരു നിശ്ചിത വർഷങ്ങക്കു ശേഷം രണ്ടു പേർക്കും ഇവിടത്തെ പൗരത്വ ലഭിക്കുമെന്നും പറഞ്ഞുവത്രേ. ഞാൻ അതു അത്ര കാര്യമാക്കിയില്ല.
മാസങ്ങൾ കഴിഞ്ഞു പോയി ഹരിയേട്ടനുമായി പിന്നെ ഒരു വിധ കോൺടാക്ട്ടുമില്ല. ഇതിനിടയിൽ ഞങ്ങളുടെ വിസയുടെയും വർക്ക്‌ പെർമിറ്റിന്റെയും  കാലാവധി തീരാറായി ലീഗൽ ആയി റിന്യൂ ചെയ്യുവാൻ ബുദ്ധിമുട്ട്ള്ളതിനാൽ  ഞാനും അനുവും കോട്ടയത്തു കാരൻ  ഒരു മലയാളി മുഖേന പണം നൽകി  നിയമ വിരുദ്ധമായി വർക്ക്‌ പെർമിറ്റ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. നിർഭാഗ്യവശാൽ അയാളും കുടുംബവും കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ  പിടിക്കപ്പെട്ടു. ഞങ്ങളുടെ പാസ്പോർട്ടും മറ്റും ഡോക്യുമെന്റ്സും നഷ്ടപ്പെട്ടു. ഞങ്ങൾക്ക് പുറത്തു ഇറങ്ങാനോ  ജോലിക്കുപോകാനോ  പറ്റാത്തെ അവസ്ഥ. പട്ടിണിയും പരിവട്ടവും ആരും ഞങ്ങളെ സഹായിക്കാൻ ഇല്ലേ. അവസാനം ഗതികേട് കൊണ്ടു ഞാൻ ഹരിയേട്ടനെ കോൺടാക്ട്ട് ചെയ്തു ഞങ്ങളുടെ വിഷമം കണ്ടിട്ടാവണം അദ്ദേഹം അയാളുടെ കസിൻ ബ്രദർ മുകേനെ ഞങ്ങളെ  സഹായിച്ചു, തിരിച്ചു നാട്ടിൽ എത്തിച്ചു. അതിനു പ്രത്യുപരമായി ഞാൻ ഒരു നന്ദികെടും കാണിച്ചു. ഞങ്ങളെ സഹായിച്ച സഹലരെയും  എല്ലാ കോണ്ടാക്ടിസിൽ നിന്നും ബ്ലോക്ക്‌ ചെയ്യ്തു. വേറേ ആരും ഞങ്ങൾക്കു സംഭവിച്ചതു അറിയേണ്ടേന്ന് കരുതി ചെയ്തതാ
കുറച്ചു നാളുകക്കു ശേഷം, ഞാൻ ആഗ്രഹിച്ച പോലെ സുന്ദരനും സുകുമാനുമായ ഒരു ചെക്കനെ കെട്ടി അയാളുടെ കൂടെ കുവൈറ്റിലേക്ക് പോയി, അധികം വൈകാതെ എനിക്കു അവിടെ ഒരു ഹോസ്പിറ്റലിൽ ജോലിയുമായി കല്യാണത്തിന്റെ പുതു മോടിയൊക്കെ തീർന്നപ്പോൾ എന്റെ കെട്ടിയോന്റെ തനിരൂപം പുറത്തു വന്നു, ആദ്യം കുട്ടികൾ അടുത്തൊന്നും വേണ്ട എന്നു പറഞ്ഞു ഞാൻ അതിൽ മറ്റൊന്നും തെറ്റിദ്ധരിച്ചില്ല, പോകെ പോകെ എനിക്ക് മനസിലായി തുടങ്ങി എന്നെ അയാൾ ഒരു കറവ പശുവിനെ പോലെയേ കരുതിയിട്ടുള്ളു, ശമ്പളം മുഴുവൻ അയാളെ ഏൽപ്പിക്കണം എന്റെ മാതാപിതാക്കളെ  പോലും ഞാൻ  സഹായിക്കാൻ പാടില്ല. മൂന്ന് വർഷം കഴിഞ്ഞപ്പോൾ  ഒരു കുട്ടി വേണമെന്ന എന്റെ നിർബന്ധത്തിൽ അയാളുടെ തീരുമാനങ്ങളിൽ  കുറച്ചു അയവുകൾ നൽകി. ഞാൻ ഗർഭിണിയുമായി. തുടക്കം മുതലേ എനിക്കു നല്ല റസ്റ്റ്‌ വേണമെന്ന് ഡോക്ടർ നിർദേശിച്ചു ആയതിനാൽ ജോലി ഉപേക്ഷിച്ചു. രണ്ടുപേർക്കും ജോലിയില്ലെങ്കിൽ ചിലവ് കൂടുതൽ ആണെന്നും പറഞ്ഞു. ആ പറഞ്ഞതിൽ ഞായമുണ്ടായിരുന്നു. എന്ന നാട്ടിൽ  അയച്ചു, ഗർഭിണി ആയിട്ടുകൂടിയും ഞാൻ കഴിക്കുന്ന ആഹാരത്തിനു പോലും കണക്കു ചോദിക്കുമായിരുന്നു. അതെല്ലാം കരഞ്ഞു തീർക്കനെ എനിക്കന്ന്‌ കഴിഞ്ഞിരുന്നുള്ളു, എന്റെ പ്രസവം കഴിഞ്ഞു മൂന്നാമത്തെ മാസത്തിൽ എന്നോട് ജോലിക്ക് പോകുവാൻ ആവശ്യപ്പെട്ടു.ഞാൻ "അനുഷ"പറഞ്ഞ വാക്കുകൾ ഓർത്തു, ഫേസ്ബുക്  വഴി ഹരീഷ് എന്ന വ്യാക്തിയ വീണ്ടും തേടി. കുറച്ചു ദിവസങ്ങൾക്കു  ശേഷം ഹരിയേട്ടാനെ ഞാൻ കണ്ടെത്തി ഒരു മെസേജ് ചെയ്തു, അധികം വൈകാത്ത എനിക്കു റീപ്ലേയും വന്നു "ഹലോ റാണി എവിടെയാനാടോ സുഖമാണോ " ഞങ്ങൾ കുറെ ചാറ്റ് ചെയ്തു  അതിൽ നിന്നും ഹരിയേട്ടനു  ഇതുവരെയും വിവാഹം കഴിച്ചിട്ടില്ലന്നും  ഇപ്പോളും ബഹറിനിൽ ആണെന്നും എനിക്കു അറിയുവാൻ കഴിഞ്ഞു.ഞാൻ എന്റെ ദുഃഖങ്ങൾ എല്ലാം മറച്ചു വെച്ചു എന്റെ ഭർത്താവിനെ വാനോളം പുകഴ്ത്തി പറഞ്ഞു. അതിനിടയിൽ അദ്ദേഹത്തിന്റെ കസിനെ കുറിച്ചും ഞാൻ  തിരക്കിയായിരുന്നു. എല്ലാവരും  സുഖയിരുന്നുയെന്നു അദ്ദേഹം പറഞ്ഞു, എനിക്കു ഒരു വിഷമം മാത്രമേയുള്ളു അതു അദ്ദേഹത്തിന്റെ കല്യാണം നടക്കാത്തതിനാൽ ആയിരുന്നു. അന്ന് എന്റെ അമ്മ പറഞ്ഞായിരുന്നു ഞങ്ങളുടെ ജാതകങ്ങൾ പൊരുതമുണ്ടെന്നും കല്യാണം നടത്താമെന്നും അന്ന് ഞാൻ ഹരീഷ് യെന്ന വ്യക്തിയെ കണ്ടില്ലായിരുന്നു. അന്ന് എന്നെ ബാധിച്ചിരുന്ന അന്ധത. 
 ഇന്നു എല്ലാം സഹിച്ചു പണത്തിനെ മാത്രം സ്നേഹിക്കുന്ന ഒരുത്തന്റെ  ഭാര്യപട്ടം ചുമന്ന്‌ കൊണ്ടു ജീവിക്കുന്നത്.  എന്റെ മകന് ഒരച്ഛന്റെയും അമ്മയുടെയും കുറവ് അവന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രം.  എന്നെ പോലെ ആയിരങ്ങളൊ പതിനായിരങ്ങളൊ കാണും നമുക്ക് ചുറ്റും.   ഒരുപക്ഷെ അവരെല്ലാം  ഒരിക്കൽ ദൈവം നൽകിയ വരത്തെ ത്യജിച്ചിരിക്കും. അല്ലങ്കിൽ ഇനി ഒരവസരം നൽകുമായിരിക്കും.... 

ഹരിയേട്ടന് എന്റെ വിവാഹ ആശംസകൾ നേർന്നുകൊണ്ട്. 

എസ്  സുർജിത് 

എനിക്കായ് ജനിച്ചവൾ (കഥ)


"നിനക്കെന്നാണ് തിരിച്ചു പോകേണ്ടത് ?"
"'അമ്മ ഇത് എത്രാമത്തെ തവണ ആണമ്മെ ചോദിക്കുന്നത് ?ഈ കല്യാണം നടക്കില്ല.എനിക്കും ഉണ്ടാകില്ലേ സങ്കൽപ്പങ്ങൾ ?..എന്റെ ലൈഫ് ഇവിടുത്തെ നാട്ടിൻപുറം കാരുടെ അല്ല .ലെഫ്റ്റനെന്റ് കേണൽ അഖിൽ പരമേശ്വരൻ എന്ന ഞാൻ ആഗ്രഹിക്കുന്നത് കുറച്ചു മോഡേൺ ആയ, നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, എന്റെ സൊസൈറ്റിയിൽ എനിക്കൊപ്പം നില്ക്കാൻ കഴിയുന്ന ഒരു പെണ്ണിനെയാണ് .അല്ലാതെ മലയാളം ബി എ പാസ്സായി നിൽക്കുന്ന ഈ നാട്ടിന്പുറത്തുകാരി കൃഷ്ണയെ അല്ല "
"മോനെ നിനക്കോര്മയില്ലേ കൃഷ്ണ ജനിക്കുമ്പോൾ നിനക്ക് എട്ടു വയസ്സ് അന്ന് ഏട്ടൻ നിന്റെ കയ്യിൽ അവളെ വെച്ച് തന്നിട്ട് പറഞ്ഞില്ലേ ഇവൾ നിന്റെയാണെന്ന് "
"എന്റെ അമ്മെ വിവരമില്ലാത്ത പ്രായമല്ലേ അത് ?മുറപ്പെണ്ണുമായിട്ടുള്ള കല്യാണം ഒക്കെ ഇപ്പൊ ഔട്ട് ഓഫ് ഫാഷൻ ആണ് "
നടക്കില്ല എന്ന് ഞാൻ തീർത്തു പറഞ്ഞതോടെ 'അമ്മ മൗനിയായി .എപ്പോഴും സങ്കടം നിഴലിക്കുന്ന കണ്ണുകൾ .അമ്മാവനോടൊക്കെ എന്ത് പറയുമെന്ന് കരുതി ആവും . കൃഷ്ണയെ എനിക്കിഷ്ടമല്ല എന്നത് സത്യം തന്നെ പക്ഷെ എന്തിന്റെ പേരിലാണെങ്കിലും എന്റെ അമ്മയുടെ സന്തോഷത്തേക്കാൾ വലുതായിരുന്നില്ല എന്റെ സന്തോഷങ്ങളൊന്നും. .ഞാൻ സമ്മതിച്ചു.
കല്യാണത്തിന്റെ പിറ്റേന്ന് എനിക്ക് തിരിച്ചു പോകണമായിരുന്നു
കൃഷ്ണയെ കൂടെ കൂട്ടാതിരിക്കാൻ ആവുന്നത് ഞാൻ നോക്കി
"എന്റെ മോൻകുട്ടനല്ലേ? അവളെ കൂടെ കൊണ്ട്
പോ "
അമ്മയുടെ ഒരു ഉമ്മയിൽ അതും പോയി ഈ 'അമ്മമാര് ആണ്മക്കളുടെ ദൗർബല്യമാണ് ' എന്ന് പറയുന്നത് എത്ര ശരിയാണ് .പക്ഷെ അവരത് ദേ ഇങ്ങനെ നല്ലോണം മുതലെടുക്കുകയും ചെയ്യും
എന്റെ ക്വാർട്ടേഴ്‌സിന് നല്ല സ്പേസ് ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ പുതിയ ഒന്നിന് അപേക്ഷിച്ചില്ല .കൃഷ്ണക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നു . അവൾ ഒരു മൂലയിൽ ഒതുങ്ങി നിന്ന് ചുറ്റും നോക്കുന്നത് കണ്ടു. .അവൾക്കു ഇവിടെ ജോലി ഒന്നുമില്ല എല്ലാത്തിനും ആളുണ്ട് .ഞാൻ അവളോട് ഒരു മുറി എടുത്തു കൊള്ളാൻ പറഞ്ഞിട്ട് ഓഫീസിലേക്ക് പോയി
അവൾക്കൊരു മുറി എനിക്കൊരു മുറി .എനിക്കൊരു പാട് ജോലി ഉണ്ടാകും രാത്രി വൈകിയും അത് കൊണ്ട് തന്നെ അവളോട് വേറെ മുറിയിൽ കിടന്നു കൊള്ളാൻ പറഞ്ഞു ഞാൻ.
അല്ലെങ്കിൽ തന്നെ ഞങ്ങൾ തമ്മിൽ ചേർന്ന് പോകില്ല എന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ വഴക്കു തുടങ്ങിയത് എവിടെ നിന്നോ കൊണ്ട് നട്ട ഒരു തുളസി ചെടിയിൽ നിന്ന് ആണ് .കുറച്ചു ഇഷ്ടിക ഒക്കെ വെച്ച് അത് ഒരു തുളസിത്തറയാക്കി ദീപം ഒക്കെ വെച്ച് തുടങ്ങി അവൾ.
"അത് വലിച്ചു പിഴുതു
കളഞ്ഞേ "എന്ന് ഞാൻ
"ഇല്ല.ഇത് ഐശ്വര്യമാ
ഏട്ടാ "എന്നവൾ
"കുന്തമാണ്‌ "ഞാൻ ചെന്ന് അതിൽ തൊട്ടതും അവൾ മുന്നിൽ കയറി നിന്ന് തടഞ്ഞു.
"തുളസിയില ഉണ്ടല്ലോ പോക്കറ്റിൽ വെച്ചിട്ട് എന്ത് കാര്യത്തിന് പോയാലും സാധിക്കും. ആപത്തൊന്നും വരില്ല സത്യം "അവൾ
"അന്ധവിശ്വാസത്തിനു കയ്യും കാലും വെച്ചിറങ്ങിയിരിക്കുവാ നിന്നെ ഇന്ന് ഞാൻ.. "ഞാൻ വീണ്ടും അങ്ങോട്ട് ചെന്നു
"അഖിൽ ലെറ്റ് ഹേർ ഡൂ ദാറ്റ് ഡോണ്ട് സ്‌കോൾഡ് ഹേർ "
ഈശ്വര !കേണൽ സാർ. സാർ മതിലിൽ പിടിച്ചു നോക്കി നിൽക്കുന്നു
സാർ അടുത്ത വീട്ടിൽ ആണ് താമസിക്കുന്നത്. മലയാളിയാണ്
അവൾ കൈ വീശി താങ്ക്യൂ പറയുന്നത് കണ്ടു ഞാൻ അന്തം വിട്ടു '
'ഞങ്ങള് ഫ്രണ്ട്സായി "അവൾ ചിരിച്ചു
"എന്ന് തുടങ്ങി ?" ഈ കാട്ടുമാക്കാൻ ഇവളുടെ ഫ്രണ്ടോ?
"കേണലങ്കിളിന് ഒരു മോളുണ്ടായിരുന്നു ട്ടോ. .ഏതോ ബംഗാളിയുടെ കൂടി കൂടെ ഒളിച്ചോടി പോയി ..പാവം അല്ലെ ?അത് എന്നെ പോലെയാ കാണാൻ.
അങ്കിളിന്റെ ഭാര്യ പറഞ്ഞതാ ട്ടോ "
"നീ അവിടപ്പോയോ ?"ഞാൻ ചോദിച്ചു
"പിന്നെ പോകാതെ? നമ്മൾ ആദ്യമായി ഒരിടത്തു ചെല്ലുമ്പോൾ അയല്പക്കത്തുള്ളവരോടെയോക്കെ ചെന്ന് പരിചയപ്പെടണം.അതാണ് മര്യാദ. അകലെയുള്ള ബന്ധുക്കളേക്കാൾ അടുത്തുള്ള ആൾക്കാരെ ഉണ്ടാകു. വലിയ പട്ടാളക്കാരനായിട്ട് ഇതൊന്നും അറിയില്ലേ? ഏട്ടൻ പോകാൻ നോക്ക്. എന്റെ തുളസിയില് തൊട്ടാൽ കൊല്ലും ഞാൻ. ആഹാ "
അവളുടെ മുഖം യുദ്ധത്തിന് റെഡി ആയി നിൽക്കുന്ന പാകിസ്ഥാൻകാരുടെ പോലുണ്ട്
പാചകം ചെയ്യാൻ നിന്ന പഞ്ചാബി കുക്കിന്റെ പറഞ്ഞു വിട്ടതിനായിരുന്നു രണ്ടാമത്തെ വഴക്ക്
"ഞാൻ ഉണ്ടല്ലോ ഇവിടെ? ഏട്ടന് എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ ,മതി "
എനിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം വന്നു
'എനിക്ക് കഞ്ഞിയും പയറുമല്ല വേണ്ടത് "ഞാൻ പരിഹാസത്തോടെ പറഞ്ഞു
"എന്താ വേണ്ടതെന്നു പറഞ്ഞാൽ പോരെ? "അവൾ കോൺഫിഡൻസോടെ
"ഭേൽ പൂരി വേണം വൈകുന്നേരം"ഞാൻ കല്പിച്ചു അവൾ കണ്ണും തള്ളി നിക്കുന്നത് കണ്ടു ഞാൻ ജോലിക്ക് പോയി.
വൈകുന്നേരം വന്നപ്പോ ഭേൽ പുരി പാനി പൂരി എന്ന് വേണ്ട കുറെ വിഭവങ്ങൾ
"സത്യം പറയടി നീ ഇത് ഹോട്ടലിൽ നിന്നു
വാങ്ങിയതല്ലേ "?
"അല്ലല്ലോ. അപ്പുറത്തെ അമൃതയാന്റി പറഞ്ഞു തന്നതാ "
"ആ പഞ്ചാബി സ്ത്രീയോ? ഞാൻ ഞെട്ടി. " അവരോടു നീ ഏതു ഭാഷയിൽ സംസാരിച്ചു? "
"എനിക്ക് ഹിന്ദി അറിയാമല്ലോ. ഞാൻ പ്രഥമയും ദൂസരിയും ഒക്കെ ജയിച്ചതാ "അവൾ
ബെസ്റ്റ്. ഇത് രണ്ടും വെച്ച് വെച്ച് പഞ്ചാബി സംസാരിച്ച പെണ്ണ് ലോകത്തിൽ ഇവളെ കാണു. പക്ഷെ ഫുഡ്‌ കൊള്ളാമായിരുന്നു കേട്ടോ. ഉഗ്രൻ ടേസ്റ്റ്
"ഭായ് ഭേൽ പൂരി കൈസ ഹേ?
'
"അച്ഛാ ഹേ "അമൃതായന്റിക്ക് ഞാൻ ,മറുപടി കൊടുത്തു
"തുമാരി ബീവി ബഹുത് ഖൂബ്‌സൂരത് ഹേ "അവർ പുഞ്ചിരിച്ചു
ങേ ഇവളോ സുന്ദരിയോ? ഞാൻശരിക്കു നോക്കാഞ്ഞിട്ടാണോ ഇനി ?എനിക്ക് തോന്നിട്ടില്ല അവൾക്ക് സൗന്ദര്യം ഉണ്ടെന്ന്.
ബോർഡറില് പ്രശ്നങ്ങൾ ആരംഭിച്ചത് ആ സമയത്തായിരുന്നു .ഇരുപത്തിനാലു മണിക്കൂറും ഓഫീസിലുണ്ടാകണമന്ന് ഓർഡർ വന്നു
'കൃഷ്ണാ "ഞാൻ അവളെ വിളിച്ചു അവളെ ആദ്യമായി ഞാൻ പേരെടുത്ത് വിളിക്കുകയായിരുന്നു
അവള് ദേ വെപ്രാളത്തിൽ ഓടി വന്നു ടീപ്പൊയിൽ തട്ടി മറിഞ്ഞു എന്റെ മുന്നിൽ നിലത്ത്
നിനക്ക്‌ സൂക്ഷിച്ചു നടന്നൂടെ ?"ഞാൻ അവളെ പിടിചെഴുനെല്പിച്ചു
"ആദ്യമായിട്ടാ എന്നെ പേര് .."അവൾ ചിരിക്കുന്നുണ്ടായിരുന്നു ഒപ്പം കരയുന്നുമുണ്ടായിരുന്നു. ഞാൻ ആ മുഖത്ത് നിന്ന് കണ്ണ് മാറ്റി.
"നീ നാട്ടിലേക്കു പൊയ്ക്കോ എനിക്കിനി ചിലപ്പോൾ 24മണിക്കൂർ ഡ്യൂട്ടി
ഉണ്ടാകും "അവൾ അമ്പരന്നു നിൽക്കുന്നത് കണ്ടു
"ഇവിടെ അതിർത്തിയിൽ കുറച്ചു പ്രോബ്ലം ഉണ്ട് ..നിനക്കുള്ള ടിക്കറ്റ് ഞാൻ ഓക്കേ ആക്കിയിട്ടുണ്ട് വൈകിട്ടത്തെ ഫ്ലൈറ്റിനു പൊക്കോ "
"ഞാൻ പോവില്ല "അവളുട പെട്ടെന്ന് പറഞ്ഞു.
"പോവില്ലന്നോ? "ഞാൻ അമ്പരന്നു പോയി
"ആ ഞാൻ ഇവിട നിന്നോളാം "
"എടി കഴുതേ എനിക്ക് രാത്രിയിൽ ഒന്നും ചിലപ്പോ വരാ ൻ പറ്റുകേല ..നിന്നെ നോക്കിയിരിക്കാൻ സാധിക്കുകേല "
"അല്ലെങ്കിൽ പിന്നെ എന്നെ അങ്ങ്
നോക്കുവല്ലേ? "അവൾ പിറുപിറുത്തു
"കേട്ടില്ല ?"
"ഒന്നൂല്ല. ഞാൻ പോകുന്നില്ല. അയല്പക്കത്തു ഒക്കെ ആളുണ്ടല്ലോ. ഞാൻ ഇവിടെ നിന്നോളാം "
'
ഞാൻ ഇറങ്ങാൻ തുടങ്ങി യപ്പോൾ ഓടി വന്നു അവളുടെ നെറ്റിയിലെ കുങ്കുമത്തിന്റ ഒരു നുള്ളു എന്റെ നെറ്റിയിൽ തൊട്ടു.
"എന്ത് ഭ്രാന്താ കാണിക്കുന്നേ? "ഞാൻ കയ്യുയർത്തി തുടയ്ക്കാൻ ആഞ്ഞു
"തുടയ്ക്കല്ലേ പ്ലീസ് "
"പോടീ"ഞാൻ അത് തുടച്ചു കളഞ്ഞു.
അവൾ പോക്കറ്റിൽ തിരുകിയ തുളസിയില കളയാൻ എന്തോ മനസ്സ് വന്നില്ല. ഇനി കരഞ്ഞാലോ? അതും കണ്ടു കൊണ്ട് പോകണ്ടേ?
കുറച്ചു ദിവസങ്ങളുട സംഘർഷാവസ്ഥക്ക് ശേഷം അതിർത്തി ശാന്തമായി ..ഞാൻ വീട്ടിലേക്കു പോരുന്നു.
അവൾ ഒരു പാട് ക്ഷീണിച്ചിരുന്നു
"എന്തെ സുഖമില്ലേ ?"
ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചോദിച്ചു
"ഒന്നുല്ലല്ലോ "അവൾ മെല്ലെ ചിരിച്ചു
"നീ കഴിക്കുന്നില്ലേ ? "ആദ്യമായി ഞാൻ ചോദിച്ചു. അവളെ കാണാത്ത ദിവസങ്ങളിൽ അവൾ ആയിരുന്നു ഉള്ളിലെപ്പോഴും.
"വന്നു കഴിക്ക് "ഞാൻ ഒരു പ്ലേറ്റ് എടുത്തു വെച്ചു.
അന്ന് വൈകുന്നേരം പാർട്ടിയിൽ പതിവില്ലാതെ കേണൽ സാർ എന്റെ അരികിൽ വന്നു.
"നീ ഭാഗ്യവാനാണ് അഖിൽ ..കൃഷ്ണയെ പോലൊരു പെൺകുട്ടി .."എനിക്ക് ഒന്നും മനസിലായില്ല.
പിന്നെ അറിഞ്ഞു അവൾ ഈ ദിവസങ്ങളിൽ ഉപവാസം ആയിരുന്നു. ഒരു ദിവസം തല ചുറ്റി വീണെന്നും അങ്കിളും ആന്റിയും ഹോസ്പിറ്റലിൽ കൊണ്ട് പോയിയെന്നും. എന്നെ അറിയിക്കരുത് എന്ന് അപേക്ഷിച്ചെന്നും ഒക്കെ. എന്റെ മനസ്സ് ആ നിമിഷം തളർന്നു പോയി.
ഞാൻ അനങ്ങാതെ ഇരുന്നു അഞ്ചു ദിവസം ഉപവാസമോ ?എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ. എനിക്ക് ദേഷ്യമാണ് തോന്നിയത്. അങ്ങനെ തന്നെ ഞാൻ വീട്ടിൽ വന്നു.
"നിനക്ക് ഭ്രാന്ത് ആണോ ?"ഞാൻ പൊട്ടിത്തെറിച്ചു
"എന്തെങ്കിലും വന്നിരുന്നെകിൽ ഞാൻ ആരോടൊക്കെ സമാധാനം പറയണം. ഞാൻ കൊണ്ട് പോയി കൊന്നെന്നല്ലേ എല്ലാരും കരുതുക ?"
അവൾ മെല്ലെ ചിരിച്ചു
"നീ നാട്ടിലേക്കു പോ അതാ നല്ലത് "ഞാൻ പറഞ്ഞു
"എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാണെങ്കിൽ പൊയ്ക്കോളാം ...അല്ലെങ്കിൽ പോവില്ല "അവൾ കണ്ണീരോടെ മറുപടി പറഞ്ഞു.
ഞാൻ എന്താ പറയുക !..ആ കണ്ണുകൾ നിറയുമ്പോൾ ആദ്യമായി എന്റെ ഉള്ളു പിടയുന്നത് ഞാൻ അറിഞ്ഞു .എന്റെ അമ്മയുടെ സങ്കടം കാണുമ്പോൾ വിങ്ങുന്ന പോലെ
"എന്നാ പോകണ്ട ഉപവാസമെടുത്തു ചാവ് "
ഞാൻ കപടദേഷ്യത്തോടെ അങ്ങനെ പറഞ്ഞു മുറിയിലേക്ക് പോരുന്നു.
സമാധാനം കിട്ടുന്നില്ല.
ഞാൻ വീണ്ടും അവളുടെ മുറിയിലേക്ക് ചെന്ന് നിന്നു
അവളെന്തോ വായിക്കുകയാണ്.
ഞാൻ നോക്കി.
"ഏതാ ബുക്ക്‌? "ഞാൻ ചോദിച്ചു
"ഒരു സങ്കീർത്തനം പോലെ പെരുമ്പടവം സാറിന്റെയാ "അവൾ ബുക്ക്‌ നീട്ടി.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് കുറെ പുസ്തകങ്ങൾ.
'"എനിക്ക് വായനാശീലമില്ല" ഞാൻ അലസമായി പറഞ്ഞു
"അതറിയാം. അത് ഉണ്ടായിരുന്നെങ്കിൽ മനുഷ്യന്റെ ഗുണം
കണ്ടേനെയെല്ലോ "അവൾ ചുണ്ട് കൂർപ്പിച്ചു
എനിക്ക് ചിരി വന്നു
.
"നീ അവിടെ വന്നു കിടക്ക്.."
"ങേ ?"ആ കണ്ണുകളിൽ
പരിഭ്രമവും ഒരു പേടിയും നിറഞ്ഞു.
"പേടിക്കണ്ടാ കൊല്ലാനല്ല ...ഉറക്കം വരുന്നില്ല ഒരു വല്ലായ്മ ..നമുക്ക് കുറച്ചു നേരം സംസാരിക്കാം ഉം ?"
"ഉം "അവൾ ഉത്സാഹത്തോടെ ചാടിയെണീറ്റു
'നീ കുറെ വായിക്കുന്ന ആളല്ലേ? നല്ല കഥ പറഞ്ഞു തന്ന മതി "
"ആ വിക്രമാദിത്യന്റെയും വേതാളത്തിന്റെയും പറയാം "
"ബെസ്റ്റ്. അതാണ് നല്ല കഥ. നീ വേതാളം ..നമ്മുട കഥയാണ് അത്. കറക്റ്റ്
പറഞ്ഞോ "ഞാൻ പൊട്ടിച്ചിരിച്ചു
"പോടാ ..കുരങ്ങാ "
അവൾ എന്നെ ഒരു അടി അടിച്ചു.
എനിക്കാ വിളി ഇഷ്ടപ്പെട്ടു. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
എന്ത് ഭംഗിയാണവൾക്ക് !
സത്യത്തിൽ ആ നിമിഷം ഞാൻ അവളെ പ്രണയിച്ചു തുടങ്ങി.
അവളെ നീല മിഴികളെ.
നീളൻ തലമുടിയെ,
ആ ശാലീനതയെ,
എന്നോടുള്ള ഭ്രാന്തമായ ഇഷ്ടത്തെ.
ഞാൻ മുന്നോട്ടാഞ്ഞു അവളെ ഇറുകെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത് അമർത്തി ഉമ്മ വെച്ചു.അവൾ ഒന്ന് പിടഞ്ഞുവെന്നു തോന്നി. ഞാൻ ചിരിച്ചു കൊണ്ട് ആ കണ്ണുകളിൽ വീണ്ടും ഉമ്മ വെച്ചു. പിന്നെ എന്റെ കൈകളിൽ കോരിയെടുത്തു മുറിയിലേക്ക് നടന്നു ..നാണം പൂത്ത മിഴികളോടെ അവളെന്റെ നെഞ്ചിൽ ചേർന്ന് എന്റെ മുഖത്തേക്ക് നോക്കി കിടന്നു..
എന്റെ പെണ്ണ്
എനിക്കായ് മാത്രം ജനിച്ചവൾ

Written by Ammu Santhosh

തെറ്റു ചെയ്യാത്തവർ (കഥ)


അമ്മാവൻ എത്തി വിവരം അറിയാതെ മിനി ആകെ അസ്വസ്ഥയായിരുന്നു. അച്ഛന്റെ മറുപടി ഊഹിക്കാവുന്നതേ ഉള്ളു എന്നാലും ഒരു വെപ്രാളം ആയിരുന്നു. അമ്മക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല. അമ്മയെ ബാധിക്കുന്ന കാര്യം അല്ലല്ലോ എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് അമ്മാവൻ കടന്നു വന്നത്.. വന്ന കയറിയ ഉടനെ അമ്മാവനോട് ചോദിച്ചു.
എന്ത് പറഞ്ഞു ?
വരില്ല... ഞാൻ ആവുന്നതും പറഞ്ഞു നോക്കി ക്ഷണ കത്തും കൊടുത്തു. ആ മനസ്സിന് ഒരു ഇളക്കവും ഉണ്ടായില്ല..
ചായയും കൊണ്ട് വന്ന അമ്മ പറഞ്ഞു, വരില്ലെങ്കിൽ പിന്നെ കാലു പിടിക്കാൻ ഒന്നും പോണ്ട മനു അല്ലെങ്കിൽ അമ്മാവൻ കൈ പിടിച്ചു തരും..
മിനി ഒന്നും പറഞ്ഞില്ല, പറയാൻ കഴിഞ്ഞില്ല..
അമ്മാവൻ പോയ്‌ കഴിഞ്ഞപ്പോൾ അവൾ കട്ടിലിൽ പോയി കിടന്നു.. ഇനി ഒരാഴ്ച ഉള്ളു തന്റെ വിവാഹത്തിന് അച്ഛൻ കൈ പിടിച്ചു ഇറക്കണമെന്ന തന്റെ ആഗ്രഹം നടക്കില്ല, അല്ലെങ്കിലും ഒരു മകളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ഒരു പ്രവൃത്തി അല്ലല്ലോ തന്നിൽ നിന്നും ഉണ്ടായത്. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ലല്ലോ.
മോളെ എഴുന്നേറ്റ് ഭക്ഷണം കഴിക്കു..
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും എങ്ങനെ ഒരു പോം വഴി കാണാം എന്ന ചിന്ത ആയിരുന്നു.. ആരെ കൊണ്ട് പറയിച്ചാൽ ആണ് കാര്യം നടക്കുക എന്ന് ആലോചിചിരിക്കുമ്പോഴാണ്
സൈമൺ മാഷിന്റെ രൂപം മനസ്സിൽ തെളിഞ്ഞു വന്നത് .. നാളെ മാഷിനെ ഒന്ന് പോയ്‌ കാണാം കല്യാണവും വിളിക്കാം എന്ന് മനസ്സിൽ കരുതി ഉറങ്ങാൻ കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.
ആഴ്ചയിൽ ഒരു ദിവസം കോടതിയിൽ പോയി കലങ്ങിയ കണ്ണുകളുമായെത്തിയ എന്നെ ആദ്യമായി മനസ്സിലാക്കിയതും എന്നിൽ നിന്നും എല്ലാം ചോദിച്ചറിഞ്ഞതും മാഷണല്ലോ... തല വേദന, ഡോക്ടറുടെ അടുത്ത് പോയി എന്നൊക്കെ ഓരോ പ്രാവശ്യവും നുണ പറയുന്ന എന്റെ കള്ളത്തരം മനസ്സിലാക്കിയതും മാഷാണ്..അച്ഛന്റേം അമ്മയുടേം ഡിവോഴ്സിനെ തുടർന്ന് മക്കളുടെ അവകാശം നേടിയെടുക്കാൻ രണ്ട് പേരും വാദം നിരത്തുമ്പോൾ, ഒന്നുമറിയാതെ എന്താണ് സംഭവിക്കുന്നതെന്നോ ഒന്നും മനസ്സിലാക്കാതെ കോടതിയിൽ കയറി ഇറങ്ങുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്നേഹം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു.. വാദത്തിനിടയിൽ കൂട്ടിൽ കേറ്റി നിർത്തി അച്ഛന്റെ കൂടെ ആണോ അമ്മയുടെ കൂടെ ആണോ പോകേണ്ടതെന്ന ചോദ്യത്തിന്, രണ്ടുപേരുടെയും കൂടി പോകണം എന്ന് പറഞ്ഞപ്പോൾ ചോദിച്ച വക്കീലിനും കേട്ടിരുന്ന ജഡ്ജിക്കും മറ്റുള്ളവർക്കും ഒന്നും പറയാനാകാതെ എല്ലാവരും വിതുമ്പിയത് എന്തിനാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. അങ്ങനെ വാദങ്ങൾ നീണ്ടു പോകുമ്പോഴും എന്റേയും മനുവിന്റെയും ക്ലാസുകളും സന്തോഷവും നഷ്ടപ്പെട്ടു കൊണ്ടിരുന്നു..
കോടതിയിൽ പോകേണ്ട ദിവസം ആകുമ്പോൾ തലക്ക് ഒരു കനം ആയിരുന്നു ആരോടും ഒന്നും പറയാനാകാതെ, എല്ലാവരും പറയുന്നത് കേൾക്കാനും അനുസരിക്കാനും മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ. അച്ഛനും അമ്മയും രണ്ടിടത്ത് ആയപ്പോൾ അവർ ഇനി ഒരിക്കലും ഒന്നാകില്ല എന്നറിയാനുള്ള വിവേകം അന്നുണ്ടായില്ല, ആരും പറഞ്ഞതുമില്ല അതുകൊണ്ട് സ്കൂളിൽ എത്തുമ്പോൾ ഒരുപാട് നുണകൾ പറയേണ്ടി വന്നിട്ടുണ്ട്. വാദപ്രതിവാദങ്ങൾക്കൊടുവിൽ നാലു ദിവസം അമ്മയുടെ അടുത്തും മൂന്ന് ദിവസം അച്ഛന്റെ കൂടെ പോകാനും കോടതി വിധിച്ചപ്പോൾ കൂടുതൽ ബുദ്ദിമുട്ടേണ്ടി വന്നത് ഞാനും മനുവും ആയിരുന്നു.
നാലു ദിവസം കഴിയുമ്പോൾ അച്ഛൻ വരും അല്ലെങ്കിൽ ആരെയെങ്കിലും വിടുമായിരുന്നു. പോകേണ്ട ദിവസം ആകുമ്പോൾ പുസ്‌തകവും ഡ്രെസ്സും യൂണിഫോം എല്ലാം കൂടി എടുത്ത് വെച്ച് അങ്ങോട്ടു പോകുന്നത് എനിക്കും മനുവിനും വിഷമം ഉണ്ടാക്കുന്നതായിരുന്നു. അച്ഛൻ ഞങ്ങളെ സന്തോഷിപ്പിക്കാൻ പലതും വാങ്ങിത്തരുമെങ്കിലും, അമ്മയെ അമ്മാവന്റെ വീട്ടിലേക്കയച്ചിട്ട് വരുന്ന ഞങ്ങൾക്ക് അതൊന്നും സന്തോഷം നൽകിയിരുന്നില്ല. അച്ഛൻ പുറത്ത് പോകുമ്പോൾ ഞങ്ങളെ നോക്കിയിരുന്നത് ഒരു അമ്മായി ആയിരുന്നു. സ്കൂളിൽ പോക്കും പടിപ്പുമെല്ലാം ആഴ്ച്ചയിലെ മൂന്ന് ദിവസം ആകെ അവതാളത്തിൽ ആകും.. പിന്നീടുള്ള നാലു ദിവസങ്ങളിൽ അത് തരണം ചെയ്യാൻ നന്നായി കഷ്ടപ്പെടേണ്ടി വരുമായി
രുന്നു. അച്ഛൻ സ്നേഹിച്ചിരുന്നെങ്കിലും അമ്മയുടെ സാമിപ്യം ആയിരുന്നു അന്ന് ഞങ്ങൾ കൂടുതൽ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ അച്ഛന്റെ വീട്ടിലേക്ക് പോകേണ്ടി വരുന്ന ദിവസങ്ങളിൽ ഞങ്ങൾ വാശി പിടിച്ചു കരയുമായിരുന്നു. കോടതി വിധി അനുസരി
ക്കണമെന്നുള്ളത് കൊണ്ട് അമ്മയും അമ്മാവനും പലപ്പോഴും ഞങ്ങളെ നിർബന്ധിച്ചു പറഞ്ഞയക്കുകയും ചെയ്തിരുന്നു. നന്നായി പഠിച്ചിരുന്ന ഞങ്ങളുടെ പഠനവും അതോടെ താഴേക്കു പോന്നു.. എന്നിലും മനുവിലും ഉണ്ടാക്കിയ വ്യതിയാനങ്ങൾ മനസ്സിലാക്കിയത് കൊണ്ടാകാം സൈമൺ മാഷ് എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും മാഷിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ എല്ലാം പറയേണ്ടി വന്നു. ഗിരിജ ടീച്ചറുമായി മാഷ് സംസാരിക്കുകയും അന്ന് മുതൽ ടീച്ചറുടെ പ്രത്യേക ശ്രദ്ധ കിട്ടിയിരുന്നത് കൊണ്ടും മാത്രമാണ് തോൽ‌വിയിൽ നിന്ന് കര കയറിയത്..
അച്ഛന്റെ വീട്ടിലേക്കു പോകാനുള്ള ഞങ്ങളുടെ ബുദ്ദിമുട്ടും കരച്ചിലും അവിടെ ഉള്ള ഏകാന്തതയും ഒക്കെ ആയിരിക്കാം അമ്മയെയും അമ്മാവനേം വീണ്ടും വക്കീലിന്റെ അടുത്തെത്തിച്ചത്.. മനുവിന് ഞാൻ എന്നും ഒരു ആശ്വാസം ആയിരുന്നു എനിക്ക് അവൻ ഒരു കൂട്ടും. അച്ഛന്റെയും അമ്മയുടേം അകൽച്ച ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. അവനു ഞാനും എനിക്ക് അവനും അതായിരുന്നു ഞങ്ങളുടെ ലോകം
അച്ഛന്റെ അവിടേക്കുള്ള പോക്ക് തടസ്സപ്പെടുത്തുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിന് വേണ്ടി വക്കീൽ പറഞ്ഞു പഠിപ്പിച്ചു തന്നത് അതുപോലെ കോടതിയിൽ പറഞ്ഞപ്പോൾ കേട്ടിരുന്ന അമ്മയും അമ്മാവനും അടക്കം എല്ലാവരും അന്താളിച് പോയി.. അന്ന് അമ്മയുടെ മുഖം വിഷമം കൊണ്ട് താഴുന്നത് മാത്രമേ എന്റെ ശ്രദ്ധയിൽ പെട്ടുള്ളു.. അച്ഛന് ഒന്നും സംസാരിക്കുവാൻ ഉണ്ടായിരുന്നില്ല, ഒരു പക്ഷെ സംസാരിക്കുവാൻ സാധിച്ചിട്ടുണ്ടാകില്ല.. വക്കീലിനു കേസ്‌ഏത് വിധേനയും ജയിപ്പിക്കുക എന്നത്‌ ഒഴിച്ചാൽ, ആരൊക്കെ വേദനിക്കുന്നു ആരൊക്കെ സന്തോഷിക്കുന്നു എന്ന് നോക്കേണ്ട കാര്യമില്ലല്ലോ..അച്ഛന്റെ വീട്ടിൽ പോകാതിരി
ക്കണമെങ്കിൽ പറയുന്നത് പോലെ പറയണമെന്ന് പറഞ്ഞപ്പോൾ, വള്ളി പുള്ളി തെറ്റാതെ പറഞ്ഞതിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്നു അന്ന് മനസ്സിലായിരുന്നില്ല. അതോടെ അച്ഛന്റെ വീട്ടിലേക്കുള്ള പോക്ക് നിലച്ചു കിട്ടിയെങ്കിലും പീഡിപ്പിക്കുന്ന അച്ഛനും അവിഹിത ബന്ധമുള്ള അമ്മയും എന്ന ലേബൽ ഞങ്ങൾക്ക് കിട്ടിയത് ഞാനും മനുവും ഒഴിച്ച് ബാക്കി എല്ലാവരും അറിഞ്ഞിരുന്നു.. അതിൽ പിന്നെ അച്ഛൻ ഞങ്ങളെ കാണാൻ വരുകയോ ഞങ്ങൾ അങ്ങോട്ട്‌ പോകുകയോ ചെയ്തില്ല.
എല്ലാവരുടേം അടക്കി പിടിച്ചുള്ള സംസാരങ്ങളും സഹതാപവുമൊക്കെ എല്ലാവരിൽ നിന്നും അകന്നു നിൽക്കാനും മൗനം പാലിക്കുവാനും ഞങ്ങൾ ശീലിക്കുകയായിരുന്നു..ആ മൗനത്തിന് ഭംഗം വരുത്താനും മറ്റ് കുട്ടികളുമായി കൂടുതൽ അടുപ്പം ഉണ്ടാക്കുവാനും ഗിരിജ ടീച്ചറുടെ ഇടപെടലുകൾ ഒരു പരിധിവരെ സഹായിച്ചു എന്ന് തന്നെ പറയാം.. പത്താം ക്ലാസ്സ്‌ കഴിഞ്ഞ് സയൻസ് എടുക്കാനും അത് കഴിഞ്ഞ് സൈക്കോളജി എന്താണെന്നും എല്ലാം പറഞ്ഞു തന്നതും ടീച്ചർ തന്നെ ആയിരുന്നു... എന്നെ പോലെ ഉള്ള കുട്ടികൾ ഉണ്ടാകാതിരിക്കാനും, ഇനി ഉണ്ടാകുന്ന കുട്ടികൾക്ക് ആശ്വാസമേ
കാനും സാധിക്കുമെന്ന് തോന്നിയത് കൊണ്ട് ഞാനും ആ കോഴ്സ് തന്നെ തിരഞ്ഞെടുത്തു..
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും തമ്മിലുള്ള വേർപിരിയലിന്റെ യഥാർത്യം ശെരിക്കും മനസ്സിലായത്..അപ്പോഴാണ് അതിനെ കുറിച്ച് അമ്മയോട് ചോദിച്ചതും. കല്യാണം കഴിക്കുമ്പോൾ അമ്മയുടെ സൗന്ദര്യം ഒന്ന് മാത്രമായിരുന്നു അച്ഛൻ നോക്കിയിരുന്നത്. അതീവ സുന്ദരിയായ അമ്മയെ ആരായാലും ഇഷ്ടപെടുമായിരുന്നു.. രണ്ട് മക്കൾ ആയതിന് ശേഷം ഉണ്ടായ സംശയങ്ങൾ, വെറും സംശയം മാത്രമായിരുന്നു. അതിൽ നിന്ന് ഉണ്ടായ പൊട്ടിത്തെറികളിൽ മറ്റുള്ളവർ കൂടി കൂടിയപ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് ആകേണ്ടി വന്നുവെന്ന് മാത്രം.. അവർക്കിടയിൽ അപ്പോഴും സ്നേഹം ഉണ്ടായിരുന്നു... പൊട്ടിത്തെറികൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് അച്ഛൻ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥ ആയിരുന്നു അവിഹിതം.ആ ഹിതത്തിൽ പിടിച്ച് എല്ലാവരും കൂടി രണ്ട് പേരെയും രണ്ടാക്കി കൊടുത്തു.. ഞങ്ങളെ കുറിച്ച് ആരും ചിന്തിച്ചില്ല.. പാവം കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു എന്ന് അവിടേം ഇവിടേം നിന്ന് പറയുന്നതല്ലാതെ, അച്ഛനേം അമ്മയേം രണ്ടാക്കിയതിൽ നേട്ടം കണ്ടവരായിരുന്നു എല്ലാവരും.. ഒരു തെറ്റും ചെയ്യാത്ത അമ്മയെ കുറ്റപ്പെടുത്തിയതിന് അച്ഛന് ദൈവം അറിഞ്ഞു കൊടുത്ത ശിക്ഷ ആയിരിക്കാം ഒരു പക്ഷെ വക്കീലിലൂടെ എന്നെ കൊണ്ട് അന്ന് പറയിപ്പിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പറയാൻ പാടില്ലാത്ത തെറ്റ് ആണെങ്കിലും, മനഃപൂർവമോ അറിഞ്ഞു കൊണ്ടോ അല്ല അന്ന് അത് താൻ ചെയ്തതെന്നും അച്ഛനും ബോധ്യപ്പെട്ടു കാണും. എന്നാലും എല്ലാവരുടേം മുമ്പിൽ അച്ഛന്റെ നിഘണ്ടുവിൽ മാത്രം ഉണ്ടായിരുന്ന അപമാനം എന്ന വാചകമാകാം അച്ഛൻ അത്രമേൽ ഞങ്ങളെ വെറുത്തത്.
വേറെ കല്യാണം കഴിച്ച് രണ്ട് കുട്ടികളുമായി സുഖമായി ജീവിക്കുമ്പോഴും അച്ഛൻ ഞങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നില്ല.. ഞങ്ങളെ വളർത്താനും പഠിപ്പിക്കാനും ഒക്കെ അമ്മ കഷ്ടപ്പെടുമായിരുന്നു... ഞങ്ങളെ നന്നായി വളർത്തുക എന്നതല്ലാതെ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആ പാവത്തിന് കഴിയുമായിരുന്നില്ല. ഞങ്ങളുടെ ഗാർഡിയൻ ആയി അമ്മാവന്റെ പേര് എഴുതിയിരുന്ന അമ്മക്ക് ഒരിക്കൽ അച്ഛന്റെയും അമ്മയുടേം പേര് മാത്രം ഉള്ള ഫോമിൽ അച്ഛന്റെ പേര് എഴുതാൻ വിഷമിക്കുന്നത് ഞാൻ കണ്ടതാണ് . പേരെഴുതിയിട്ടു അച്ഛനെ സ്കൂളിൽ കൊണ്ട് ചെല്ലേണ്ട അവസ്ഥ വന്നാലോ, അല്ലെങ്കിൽ മക്കളെ നോക്കാത്ത അച്ഛന്റെ പേര് മാത്രം എന്തിനെഴുതണം എന്ന് ചിന്തയിലാണോ എന്നും അറിയില്ല.. അവസാന ദിവസം ഞാൻ കൊണ്ട് പോയ ഫോമിൽ ആ കോളം പൂരിപ്പിച്ചിരുന്നില്ല. പിന്നീട് ഉള്ള ഞങ്ങളുടെ എല്ലാ ഫോമുകളിലും ആ കോളം കാലിയായിരുന്നു..
വിവാഹ ജീവിതത്തിന്റെ സങ്കൽപ്പങ്ങൾ എപ്പോഴും അച്ഛന്റെയും അമ്മയുടെയും ജീവിതം ആയിരുന്നു, അതുകൊണ്ട് കല്യാണം തന്നെ ഒരു പേടി സ്വപ്നം ആയിരുന്നു.. കല്യാണമേ വേണ്ട എന്ന് തീരുമാനമെടുത്തതും അതുകൊണ്ട് തന്നെയായിരുന്നു
നിഖിൽ വന്ന് പരിചയപ്പെട്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി, വീട്ടുകാരുമായി വന്ന് വിവാഹം ആലോചിക്കുമ്പോൾ അമ്മയുടെ നിർബന്ധ
ത്തിനു മുന്നിൽ എതിർത്തൊന്നും പറയാൻ കഴിയാതിരുന്നതും ആ ഇഷ്ടം കൊണ്ടാകാം..
എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെ ആണ് നിഖിൽ എന്നെ ഇഷ്ടപെട്ടത്. എന്നിലെ മൗനം ആണോ വിഷമം തോന്നിക്കുന്ന മുഖഭാവം ആണോ നിഖിലിന് എന്നെ ആകർഷിച്ചതെന്നും നിഖിലിനും വ്യക്തമല്ല.. പരസ്പരം തോന്നിയ ഒരു ഇഷ്ടം.. അമ്മയും ഞങ്ങളുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ നിഖിലിന്റെ വീട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു..
എല്ലാം അറിയുന്നവരാണെങ്കിലും കല്യാണത്തിന്റെ അന്ന് അച്ഛൻ കൈ പിടിച്ച് തരണമെന്ന മോഹവും അതിലൂടെ താൻ അറിയാതെ ചെയ്തു പോയ തെറ്റിന് മാപ്പ് ചോദിക്കുകയും ചെയ്യാം എന്ന ചിന്തയും എങ്ങിനെ എന്റെ ഉള്ളിൽ കടന്നു കൂടി എന്നറിയില്ല..ഒരു പക്ഷെ വിവാഹം എന്ന സങ്കല്പത്തിൽ നിന്ന് വ്യതിചലനം ഉണ്ടായപ്പോൾ തോന്നിയ വികാരം ആകാം..അല്ലെങ്കിലും അച്ചനോട് വെറുപ്പൊന്നും തോന്നിയിരുന്നില്ല. എല്ലാം ഒരു പേടിയായിരുന്നു.. അച്ഛനെ വിളിക്കണം എന്ന് പറഞ്ഞപ്പോൾ അമ്മയും അമ്മാവനും എതിർത്തതുമില്ല..
രാവിലെ എഴുന്നേറ്റ് റെഡിയായി മാഷിനെ ചെന്ന് കണ്ട് അച്ഛന്റെ വിവരങ്ങൾ പറഞ്ഞപ്പോൾ, അച്ഛനെയും കൂട്ടി കല്യാണ ദിവസം എത്താം എന്ന മാഷിന്റെ ഉറപ്പിൽ ലെറ്ററും കൊടുത്ത് പോരുമ്പോൾ, വരുന്ന ഞായറാഴ്ച ആണ് എന്ന് ഒന്ന് കൂടി ഓർമപ്പെടുത്താനും മറന്നില്ല. വേണമെങ്കിൽ താൻ ചെന്ന് മാപ്പ് പറയുകയും ചെയ്യാം എന്ന് പറഞ്ഞെങ്കിലും, അതിന്റെ ഒന്നും ആവശ്യമില്ലെന്നായിരുന്നു മാഷിന്റെ മറുപടി..
കാര്യങ്ങൾ ഓരോന്ന് ചെയ്യുന്നുണ്ടെങ്കിലും അച്ഛൻ വരുമോ എന്ന ശങ്ക എപ്പോഴും മനസ്സിനെ അലട്ടിയിരുന്നു. മാഷിനെ കണ്ടതും അച്ഛനെ കൊണ്ട് വരുമെന്നുള്ള മാഷിന്റെ വാക്കും അമ്മയോടും അമ്മാവനോടും പറഞ്ഞതുമില്ല. അവർ പ്രതീക്ഷിക്കണ്ടല്ലോ എന്ന് കരുതി..
10 മണിക്കുള്ള മുഹൂർത്തത്തിന് അണിഞ്ഞൊരുങ്ങുമ്പോഴും നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു...കുട്ടികളും വലിയവരും ആയി എത്രയോ പേരുടെ മനസ്സിനെ പാകപ്പെടുത്തുന്ന തനിക്ക് സ്വന്തം മനസ്സിനെ പാകപ്പെടുത്താൻ കഴിയുന്നില്ലല്ലോ എന്ന് ഓർത്തു പോയി
ഒരുങ്ങിത്തീരാറായപ്പോൾ അമ്മാവൻ വന്ന് സ്വകാര്യം പോലെ പറയുന്നത് കേട്ടു, അയാൾ വന്നിട്ടുണ്ട് മുഹൂർത്തം കഴിഞ്ഞ് പോകുന്നത് വരെ അമ്മയെ ഒന്ന് മാറ്റി നിർത്തണം എന്ന്..
പുറമെ ഒന്നും കാണിക്കാതെ ഓടി നടക്കുന്ന അമ്മയെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഇത്രയും നാൾ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഇത്രയൊക്കെ ചെയ്തിട്ടും ബന്ധം വേർപ്പെടുത്തി എന്ന കാരണത്താൽ അച്ഛൻ വരുമ്പോൾ അമ്മ മാറി നിൽക്കേണ്ട അവസ്ഥ അത് ഓർക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.
എല്ലാവരും കുശുകുശുത്തും ആംഗ്യ ഭാഷയിലുമൊക്കെ ആയി അച്ഛനെ കാണാൻ പോയപ്പോൾ മനസ്സിൽ ഒന്ന് ഉറപ്പിച്ചു എല്ലായിടവും അമ്മയും കൂടെ ഉണ്ടാകണം എന്ന്, അതിന് മനുവിനെ വിളിച്ച് വേണ്ട നിർദേശങ്ങൾ കൊടുത്തു.. ഒരു തെറ്റും ചെയ്യാതെ അമ്മയും ഞാനും മനുവും ഒരുപാട് അനുഭവിച്ചതാണ്. ഇനിയും അത് ആവർത്തിക്കരുതല്ലോ
അമ്മയുടെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് നടക്കുമ്പോൾ മാഷിന്റെ കൂടെ അച്ഛൻ അവിടെ ഉണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് അനുഗ്രഹം വാങ്ങി അച്ഛന്റെ കാൽ തൊട്ട് വന്ദിക്കുമ്പോൾ മനസ്സിൽ അറിയാതെ ചെയ്തു പോയ തെറ്റിന്റെ മാപ്പ് പറച്ചിലായിരുന്നു.
നിഖിലും അച്ഛനുമായി നിന്ന് ഫോട്ടോ എടുത്തപ്പോൾ മനു അമ്മയെ കൊണ്ട് വന്ന് കൂടെ നിർത്തിയപ്പോൾ അമ്മയുടെ കൈ ഞാൻ മുറുകെ പിടിച്ചു, തെറ്റ് ചെയ്യാത്തവർ ഒരിടത്ത് നിന്നും മാറി നിൽക്കേണ്ടവരല്ല , എല്ലാവരും കൂടിയുള്ള ഫാമിലി ഫോട്ടോ എടുക്കുമ്പോഴും മനസ്സിൽ ആഗ്രഹിച്ചിരുന്നതും അതായിരുന്നു.
ബന്ധുക്കളും കൂട്ടുകാരും എല്ലാവരും ചേർന്ന് കല്യാണം ആഘോഷമാക്കിയപ്പോഴും, എനിക്കുണ്ടായിരുന്നത് ഒരുപാട് തവണ പേരെഴുതാതെ വിട്ടിരുന്ന ആ കോളം ജീവിതത്തിൽ ആദ്യമായി പൂരിപ്പിക്കാൻ സാധിച്ചതിലുള്ള സംതൃപ്തി ആയിരുന്നു ,

Written by: Nessy Showkath

ജൽസ (കഥ)


ശിവദ സെന്റ് യു എ ഫ്രണ്ട് റിക്വസ്റ്റ്.
ഫേസ്ബുക്കിൽ നിന്നും വന്ന നോട്ടിഫിക്കേഷൻ കണ്ടു ഞാൻ ആ പ്രൊഫൈലിൽ വെറുതെ ഒന്ന് കയറി നോക്കി.
ഏതോ ഒരു നർത്തകി പുറം തിരിഞ്ഞു നിൽക്കുന്ന ഫോട്ടോ ആണ് പ്രൊഫൈൽ ചിത്രം.
ബാക്കിയെല്ലാം ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്. ഈയിടെയായി തന്റെ ഐഡിയിലേക്ക് ഊരും പേരുമില്ലാത്ത ഐഡികളിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വരുന്നുണ്ട്. എല്ലാം പ്രൊഫൈലുകൾ പൂട്ടി കെട്ടിയവ.
ഓൺലൈനിൽ എഴുതാൻ തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. തന്റെ എഴുത്തിൽ ആകൃഷ്ടരായ പലരും തനിക്ക് റിക്വസ്റ്റ് അയക്കാറുണ്ട്. കുറെ പേര് ഇൻബോക്സിൽ മെസ്സേജുകൾ അയക്കാറുമുണ്ട്.
അത്‌ പോലെ ഒരെണ്ണം ആയിട്ടാണ് ആ റിക്വസ്റ്റ് എനിക്ക് തോന്നിയത്. അത്‌ കൊണ്ട് തന്നെ അത്‌ അസെപ്റ്റ് ചെയ്യാതെ തലേന്ന് പോസ്റ്റ്‌ ചെയ്ത കഥയുടെ കമെന്റുകൾ ഒന്ന് ഓടിച്ചു വായിച്ചു ഞാൻ വീണ്ടും ഓഫീസ് കമ്പ്യൂട്ടറിലേക്ക് മുഖം പൂഴ്ത്തി.
പിന്നീട് അങ്ങോട്ട് ഞാൻ എഴുതുന്ന എല്ലാ കഥകൾക്കും ശിവദയുടെ വളരെ ഹൃദയ സ്പർശിയായ കമെന്റുകൾ ഉണ്ടായിരുന്നു. എല്ലാം എന്റെ ഹൃദയ വികാരങ്ങളോട് ചേർന്ന് നിൽക്കുന്നവ.
' മനു എന്നെ മറന്നു അല്ലെ '?.
അവിചാരിതമായാണ് അവളുടെ ആ മെസ്സേജ് ഞാൻ കണ്ടത്. വളരെ അടുപ്പമുള്ളവർ മാത്രമാണ് എന്നെ മനു എന്ന് വിളിക്കാറുള്ളത്. മനോജ്‌ മാധവൻ എന്നാണ് എന്റെ ഫേസ്ബുക്ക്‌ ഐഡി. മനോജ്‌ എന്നും മാധവൻ എന്നുമാണ് കൂടുതൽ പേരും എന്നെ വിളിക്കാറുള്ളത്.
അവളുടെ റിക്വസ്റ്റ് സ്വീകരിച്ചതും ഇൻബോക്സിൽ അവളുടെ മെസ്സേജ് വന്നു.
ഒരു മൊബൈൽ നമ്പർ ആയിരുന്നു അത്‌.
ഇത് ഏതോ ആരാധിക തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു. ചില പെൺകുട്ടികളുണ്ട്. കഥകൾ വായിച്ചു കഥാകാരനെ ഇഷ്ടപ്പെടുന്നവർ. നന്മ നിറഞ്ഞ കഥകൾ എഴുതുന്നവരെയും കുറച്ചധികം പ്രേമ സുരഭിലമായ പൈങ്കിളികൾ പടച്ചു വിടുന്നവരെയും അവർ കൂടുതൽ ഇഷ്ടപ്പെടുന്നു.
എഴുത്തുകാരന്റെ മാനസിക നിലയനുസരിച്ചു അവൻ എഴുതി വിടുന്നതെല്ലാം നെഞ്ചേറ്റി അവനെ തീവ്രമായി ആരാധിക്കും ചിലർ. എനിക്കും അങ്ങനെ കുറച്ചു ആരാധികമാരുണ്ട്. ഞാൻ പടക്കുന്ന നായികമാരേക്കാൾ പൈങ്കിളികളായ ചില വായനക്കാരികൾ.
രാത്രി കിടക്കാൻ നേരമാണ് അവളുടെ മെസ്സേജ് വീണ്ടും വന്നത്.
മനുവിന്റെ ഒരു വിളി ഞാൻ പ്രതീക്ഷിച്ചു.
എന്തോ അവളെ വിളിക്കാമായിരുന്നു എന്നെനിക്ക് ആദ്യമായി തോന്നി.
ആ നമ്പർ എടുത്തു ഞാൻ ഡയൽ ചെയ്തു.
ശിവദം ശിവ നാമം ശ്രീ പാർവതേശ്വര നാമം എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അവളുടെ ഡയലർ ടോൺ.
അപ്പുറത്ത് ഫോൺ എടുത്തതും വളരെ നേർത്ത ഒരു നിശ്വാസം മാത്രമാണ് ഞാൻ കേട്ടത്.
'ഹെലോ '.
എന്റെ സ്വരം കേൾക്കാൻ കാത്തു നിന്നത് പോലെ അപ്പുറത്ത് നിന്നും അവളുടെ സ്വരം കേട്ടു.
' മനൂ '.
കാൽ വിരൽ തുമ്പിൽ നിന്നും ഒരു പെരുപ്പ് പടർന്നു കയറുന്നത് ഞാൻ അറിഞ്ഞു. അത്‌ ശിവദ ആയിരുന്നില്ല. ശിവൻ ആയിരുന്നു.
പണ്ട് തൃശൂരിൽ മാർക്കറ്റിങ് സ്റ്റാഫ്‌ ആയി ജോലി ചെയ്യുമ്പോൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു ശിവൻ.
'ശിവാ നീ എവിടെ '?.
'മനു എന്നെ മറന്നില്ലല്ലോ. എനിക്ക് അത്‌ മതി '.
'ശിവാ നീ എവിടെ '?.
അപ്പോഴേക്കും മൊബൈൽ കട്ട് ആയിരുന്നു. ഉടനെ തന്നെ ആ നമ്പർ വീണ്ടും ഡയൽ ചെയ്തു നോക്കി. സ്വിച്ചഡ് ഓഫ്‌ എന്നാണ് പറഞ്ഞത്.
ഉറക്കം സാവധാനം എന്നെ വിട്ട് പോവുന്നത് ഞാൻ അറിഞ്ഞു. പതിന്നാലു വർഷങ്ങൾക്ക് ശേഷം ശിവ എന്നെ തിരക്കി വന്നിരിക്കുന്നു.
ഓർമ്മകൾ പിറകിലേക്ക് അനുസരണയില്ലാതെ പറക്കുകയാണ്.
തൃശൂർ റൗണ്ടിലുള്ള ഒരു ഫാൻസിയിൽ വെച്ചാണ് ആദ്യമായി ഞാൻ ശിവയെ കാണുന്നത്.
ഒരു കോസ്മെറ്റിക് ബ്രാന്റിന്റെ റെപ് ആയിരുന്നു ഞാൻ.
തൃശൂർ നഗരത്തിലെ സൂപ്പർ മാർക്കറ്റുകളും ഫാൻസികളും ഏറെ കുറെ വിസിറ്റ് ചെയ്തതിനു ശേഷമാണ് ഞാൻ ആ ചെറിയ ഫാൻസി കാണുന്നത്.
സാധാരണ അത്തരം ചെറിയ ഫാൻസികളിൽ എന്റെ വിലയേറിയ ബ്രാൻഡ് പോവാൻ സാധ്യത ഇല്ലാത്തത് കാരണം അവിടെ ഞാൻ അങ്ങനെ കയറാറില്ല.
മടിച്ചു മടിച്ചാണ് ഞാൻ അങ്ങോട്ട് കയറി ചെന്നത്. ഉച്ചനേരം ആയത് കൊണ്ട് കടയിൽ കസ്റ്റമേഴ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. വിടർന്ന കണ്ണുകളുള്ള വെളുത്തു തുടുത്ത ഒരു പയ്യനായിരുന്നു അവിടെ ഉണ്ടായിരുന്നത്.
അവന്റെ സ്വരത്തിലും ഭാവത്തിലും നിറഞ്ഞ സ്ത്രീ ഭാവമാണ് എന്നെ ആകർഷിച്ചത്.
വളരെ ശ്രദ്ധയോടെ ഞാൻ പരിചയപ്പെടുത്തിയ സാധനങ്ങൾ എല്ലാം അവൻ ശ്രദ്ധിച്ചു കേട്ടു. ഇടക്കിടെ അവന്റെ സംശയങ്ങൾ കേട്ടപ്പോൾ അവനു മേക്കപ്പ് സാധനങ്ങളെ കുറിച്ചു നല്ല അറിവുണ്ടെന്നു എനിക്ക് മനസ്സിലായി.
ഒരു ചെറിയ ഓർഡർ എടുത്തു ഞാൻ മടങ്ങിയതിനു ശേഷവും അവന്റെ സംസാരവും രൂപവും എന്റെ ഓർമകളിൽ നിറഞ്ഞു നിന്നു.
അടുത്ത തവണ ഞാൻ അവിടെ പോയപ്പോൾ അവൻ ഉണ്ടായിരുന്നില്ല. അവൻ ഡിഗ്രിക്ക് പഠിക്കുകയാണെന്നും ഇടക്കിടെ മാത്രമാണ് ഇവിടെ വരുന്നത് എന്നുമാണ് കടയുടമ എന്നോട് പറഞ്ഞത്.
പിന്നീട് രാഗം തീയേറ്ററിൽ ചോക്ലേറ്റ് എന്ന സിനിമക്ക് വരി നിൽക്കുമ്പോഴാണ് ഞാൻ അവനെ വീണ്ടും കണ്ടത്.
കൂട്ടുകാരുടെ കൂടെ സിനിമക്ക് വന്നതായിരുന്നു അവൻ. മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ അവരുടെ കൂടെ നടന്നു പോവുമ്പോൾ ആ നടത്തത്തിന് വല്ലാത്ത ഒരു ചന്തമായിരുന്നു.
പിന്നെയും അവനെ ഞാൻ കണ്ടു. വൈകുന്നേരം നെഹ്‌റു പാർക്കിൽ അലക്ഷ്യമായി കടലയും കൊറിച്ചു ഇരിക്കുമ്പോൾ ആയിരുന്നു അത്‌.
ഇത്തവണ പക്ഷെ അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു. കണ്ണുകൾ കലങ്ങി കറുത്ത മുടി പാറിപറന്നു ഒരു വല്ലാത്ത രൂപത്തിലായിരുന്നു അവൻ.
എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരു വരണ്ട പുഞ്ചിരി വിടർന്നു. എന്റെ അരികിൽ എന്നാൽ മനപ്പൂർവം എന്ന വണ്ണം കുറച്ചേറെ അകലമിട്ട് അവൻ ഇരുന്നു.
മുൻപിലൂടെ നടന്നു പോയവരിൽ രണ്ട് മൂന്ന് പേര് അവനെ ശൃങ്കാരത്തോടെ നോക്കുന്നത് കണ്ട് അവന്റെ മുഖത്ത് വിരിഞ്ഞത് വല്ലാത്ത അസഹ്യതയായിരുന്നു.
' നമുക്ക് അങ്ങോട്ട് മാറി ഇരുന്നാലോ? '.
ആളുകൾ ഒഴിഞ്ഞ ഇടത്തെ ഇരിപ്പിടം ചൂണ്ടി കാട്ടി അവൻ ചോദിച്ചു. ആൾക്കൂട്ടത്തെ പേടിക്കുന്ന പോലെ ആയിരുന്നു അവന്റെ പെരുമാറ്റം.
അവന് അന്നൊരു പാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു.
ഇട്ടു മൂടാൻ സ്വത്തുള്ള പേര് കേട്ട തറവാടിൽ ജനിച്ച നാലു പെങ്ങന്മാരുടെ ഒരേ ഒരു കുഞ്ഞാങ്ങള.
നാട്യ ശാസ്ത്രത്തിൽ അതീവ സമർത്ഥരായ ചേച്ചിമാരുടെ പിറകെ അനിയനും ചെറുപ്പത്തിലേ ചിലങ്ക അണിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു.
പക്ഷെ വലുതാവും തോറും അവന്റെ സ്ത്രൈണത കൂടി കൂടി വന്നു. ഒളിച്ചും പതുങ്ങിയും ചേച്ചിമാരുടെ ഡ്രെസ്സുകൾ അണിയാൻ തുടങ്ങിയപ്പോഴാണ് അവനിൽ ഒളിച്ചിരിക്കുന്ന പെണ്മനസ്സ് അവരെ അലോസരപ്പെടുത്താൻ തുടങ്ങിയത്.
കോളേജ് അധ്യാപകരായ മാതാപിതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥരായ മക്കൾക്കും മരുമക്കൾക്കും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു ശിവയുടെ മാറ്റം.
ഹോർമോൺ തകരാറു മൂലം ആൺ ശരീരത്തിൽ ഒളിഞ്ഞിരുന്ന പെണ്മനസ്സ് എപ്പോഴൊക്കെ പുറത്ത് വരാൻ ശ്രമിച്ചുവോ അപ്പോഴൊക്കെ അവർ ആസ്വസ്ഥരാവുകയും അവനെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.
നൃത്തമായിരുന്നു അവന്റെ ജീവൻ. ഒരു നാൾ അവന്റെ ചിലങ്കയും വേഷങ്ങളും കാണാതായി. അവൻ ഒളിപ്പിച്ചു വെച്ചതൊക്കെയും അവനു അന്യമായി.
അഭ്യസ്‌ത വിദ്യരായ വീട്ടുകാർ അവനെ മന്ത്രവാദികളുടെ അടുത്ത് കൊണ്ട് പോയി. ഒന്ന് രണ്ട് പേര് അവനെ ശാരീരികമായി ചൂഷണം ചെയ്യാൻ കൂടെ ശ്രമിച്ചതോടെ അവൻ മാനസികമായി കൂടുതൽ തളർന്നു പോയി.
അപ്പോഴും പഠിക്കാൻ അവൻ സമർത്ഥനായിരുന്നു.
പക്ഷേ സഹപാഠികളിൽ നിന്നും ചില അദ്ധ്യാപകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ അവനെ കൂടുതൽ അന്തർമുഖനാക്കി.
'ഞാൻ ചത്തു കളയും മനൂ.'.
പിരിയാൻ നേരം എന്റെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് അവൻ വിതുമ്പി.
'എനിക്കാരുമില്ല. എന്നെ ആരും മനസ്സിലാക്കുന്നില്ല '.
അവൻ കരയാൻ തുടങ്ങുകയാണെന്നു കണ്ട് എന്റെ മനസ്സ് ആസ്വസ്ഥമാവാൻ തുടങ്ങി.
'അമ്പലത്തിൽ പോലും ഞാനിപ്പോ പോവാറില്ല. ആണും പെണ്ണുമല്ലാതെ എന്നെ ഉണ്ടാക്കിയ ദൈവത്തോട് എനിക്ക് വെറുപ്പാണ് '.
ജീവിതം വെറുത്തു പോയ ഒരാളുടെ മാനസിക സമ്മർദ്ദം ആയിരുന്നു അത്‌. സ്നേഹിക്കാനും എല്ലാം തുറന്നു സംസാരിക്കാനും തോളിൽ തട്ടി അശ്വസിപ്പിക്കാനും ഒരാളില്ലാതെ ഒറ്റപ്പെട്ടു പോയവന്റെ വേദന.
എന്റെ തോളിൽ മുഖം പൂഴ്ത്തി അവൻ കരയാൻ തുടങ്ങിയപ്പോ എന്റെ കൈകൾ അറിയാതെ അവനെ പൊതിഞ്ഞു.
'ഏയ്. ഇതൊന്നും ഇവിടെ നടക്കില്ല. വല്ല ലോഡ്ജിലും പോടാ '.
അപ്പുറത്ത് കൂടെ നടന്നു പോയ ഒരാൾ ആക്രോശിച്ചപ്പോഴാണ് അവൻ ഞെട്ടി എന്നിൽ നിന്നും അകന്നു മാറിയത്.
'ശവങ്ങള് '.
ഒന്ന് കാറി തുപ്പി അയാൾ നടന്നു പോവുന്നത് അപമാനം കൊണ്ട് താണ മുഖത്തോടെ അവൻ നോക്കി നിന്നു.
പിന്നീട് എല്ലാ ദിവസവും ഞങ്ങൾ കാണുമായിരുന്നു.
'എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നറിയുമോ മനുവിന്? '.
അലക്ഷ്യമായി തേക്കിൻ കാട് മൈതാനത്തു കൂടെ നടന്നു പോവുമ്പോഴാണ് അവൻ തിരക്കിയത്.
'ഓപ്പറേഷൻ നടത്തി പൂർണ്ണമായും ഒരു പെണ്ണായി മാറണം. എന്നിട്ട് എനിക്കിഷ്ടമുള്ള പോലെ ജീവിക്കണം '.
എന്റെ മുഖത്തെ അവിശ്വസനീയത കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.
'എനിക്ക് വേറെ മാർഗമില്ല മനു. ഞാൻ ഒരു ട്രാൻസ് ആണ്. ഓരോ നിമിഷവും ഞാനൊരു സ്ത്രീ ആയി മാറി കൊണ്ടിരിക്കുകയാണ്. '.
ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് പരിചയമുള്ള കുറെ സുഹൃത്തുക്കൾ ഉണ്ട്. പെൺവേഷം അണിയുന്നവരും നൃത്തം ചെയ്യുന്നവരും സ്ത്രൈണ ഭാവങ്ങൾ ഉള്ളവരും ഒക്കെയായിട്ട്.
അവരിൽ പലരും കല്യാണം കഴിക്കുകയും കുട്ടികൾ ജനിക്കുകയും കുടുംബജീവിതം തുടരുകയും അതെ സമയം രഹസ്യമായി ആരും കാണാതെ വേഷങ്ങൾ കെട്ടി ആടുകയും ചെയ്യാറുണ്ട്. അവരെ പോലെ ഒരാൾ എന്ന് മാത്രമേ ശിവയെ ഞാനും കരുതിയുള്ളൂ.
'മനു വിചാരിച്ച പോലെ അല്ല ഞാൻ '.
എന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ അവൻ പറയാൻ തുടങ്ങി.
'ഏറെ കാലമായി ഞാൻ എടുത്ത തീരുമാനമാണ്. വീട്ടുകാരും നാട്ടുകാരും അംഗീകരിച്ചു തരില്ല. എനിക്കറിയേണ്ടത് മനുവിന്റെ അഭിപ്രായം മാത്രമാണ് '.
'അതൊക്കെ നടക്കുമോ. ഭയങ്കര ചിലവും കുറെ ഓപ്പറേഷനും ഒക്കെ വേണ്ടി വരില്ലേ? '.
രണ്ട് മൂന്ന് നിമിഷം അറിയാതെ അവൻ മൗനിയായി.
'വേണം. പക്ഷെ ഒരു പുരുഷന് സ്ത്രീ ആവാൻ താരതമ്യേനെ എളുപ്പമാണ്. ആദ്യം കുറെ കൗൺസലിംഗ്. എന്റെ ആവശ്യം ജനുവിൻ ആണെന്ന് ബോധ്യപ്പെട്ടാൽ പിന്നേ പരിശോധനകൾ. സങ്കീർണമായ കുറച്ചു ഓപ്പറേഷനുകൾ. അത്രയും മതി. '.
പണം?.
'പണം ജീവേട്ടൻ തരാം എന്ന് പറഞ്ഞിട്ടുണ്ട് '.
വിടർന്ന മിഴികളോടെ അവൻ പറഞ്ഞു.
ജീവൻ എന്ന ജീവേട്ടൻ അവന്റെ ബന്ധത്തിൽ ഉള്ള ഒരാളാണെന്നും അവനെ ഇഷ്ടമാണെന്നും സന്തോഷത്തോടെയാണ് അവൻ പറഞ്ഞത്. ലിംഗമാറ്റം കഴിഞ്ഞാൽ വിവാഹം കഴിക്കാമെന്നും കുഞ്ഞിനെ ദത്തെടുക്കാമെന്നും അയാൾ പറഞ്ഞതായും അവൻ പറഞ്ഞു.
വീട്ടിൽ നിന്നും ഇറങ്ങി ജീവന്റെ കൂടെയാണ് പിന്നീട് അവൻ താമസിച്ചത്. പിന്നീട് ശിവയെ കാണുന്നത് അപൂർവമായിരുന്നു.
രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞപ്പോൾ ശിവ ഒരു രാത്രിയിൽ എന്നെ തേടി വന്നു.
'ആ പട്ടി എന്നെ ചതിക്കുകയായിരുന്നു മനു '.
കരഞ്ഞു കൊണ്ട് അവൻ പറഞ്ഞു.
ജീവേട്ടൻ എന്ന ആൾ എത്ര പെട്ടെന്നാണ് പട്ടിയായി മാറിയത് എന്നാലോചിക്കുകയായിരുന്നു ഞാൻ.
'അയാൾക്ക് വേണ്ടത് എന്റെ ശരീരമായിരുന്നു. അത്‌ മടുത്തപ്പോ എന്നെ വേണ്ടാതായി. അയാൾക്ക് വേറെയും പെണ്ണുങ്ങളുമായി ബന്ധമുണ്ട് '.
ആ പൊട്ടിക്കരച്ചിൽ ഉണ്ടാക്കിയ നീരസം പുറത്ത് കാണിക്കാതെ ഞാൻ അവനെ ആശ്വസിപ്പിച്ചു.
പിന്നീട് അവൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഇറങ്ങി പോവുകയായിരുന്നു.
അതിനു ശേഷം അവനെ കാണുമ്പോഴൊക്കെ അപരിചിതരായ കുറെ ആളുകൾ അവന്റെ കൂടെ ഉണ്ടാവുമായിരുന്നു. സാവധാനം അവൻ എന്നിൽ നിന്നും അകന്നു പോവുന്നത് ഞാൻ അറിഞ്ഞു.
ഏറ്റവും ഒടുവിൽ അവനെ കണ്ടത് സിറ്റി സെന്ററിൽ വെച്ചായിരുന്നു. ഒരു വല്ലാത്ത കാഴ്ച്ച ആയിരുന്നു അത്‌.
എന്റെ മുന്നിലൂടെ മറ്റൊരാളുടെ കൈ പിടിച്ചു ടോയ്‌ലറ്റിലേക്ക് കയറി പോയത് അവനാണെന്നു വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല.
നാലഞ്ചു മിനുട്ട് കഴിഞ്ഞു വിയർത്തു കുളിച്ചു അവൻ ഇറങ്ങി വന്നു വാഷ് ബേസിനിലേക്ക് കാർക്കിച്ചു തുപ്പി നോക്കിയത് എന്റെ മുഖത്തേക്കായിരുന്നു.
ഇത്രയും ദയനീയമായ ഒരു നോട്ടം അതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അവന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണീരിനു ഒരു പാട് കഥകൾ എന്നോട് പറയാൻ ഉണ്ടായിരുന്നു.
തിരിഞ്ഞു നടക്കാനാണ് എനിക്ക് തോന്നിയത്. കുറച്ചു നടന്നു നോക്കുമ്പോൾ അവൻ അതെ നിൽപ്പ് നിൽക്കുകയായിരുന്നു അവിടെ.
അതായിരുന്നു അവസാനത്തെ കൂടി കാഴ്ച. പിന്നീട് അവന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് അവന്റെ നനുത്ത ഓർമ്മകൾ കണ്ണു നിറയിക്കുന്നത്.
മൊബൈലിൽ വന്ന ഒരു വീഡിയോ കാൾ ആണ് എന്നെ ഓർമയിൽ നിന്നുണർത്തിയത്.
അത്‌ ശിവ ആയിരുന്നു.
'ഞാനിപ്പോ പൂർണ്ണമായും ഒരു പെണ്ണായി മാറി മനൂ '.
മൊബൈൽ സ്‌ക്രീനിൽ കണ്ട രൂപത്തിലേക്ക് ഞാൻ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി.
ശരിക്കും ഒരു പെൺകുട്ടി തന്നെ. രൂപത്തിലും ഭാവത്തിലും എല്ലാം.
'എന്റെ ജൽസ അടുത്ത സൺ‌ഡേ ആണ്. പുറത്ത് നിന്നു മനുവിനെ മാത്രമാണ് ഞാൻ ക്ഷണിക്കുന്നത്. മനു വരില്ലേ? '.
'വരാം '.
ഏറെ നേരം സംസാരിച്ചാണ് ശിവ ഫോൺ വെച്ചത്. അതിനുള്ളിൽ അവൾ അത്‌ വരെയുള്ള എല്ലാ കാര്യങ്ങളും ചുരുക്കി പറഞ്ഞിരുന്നു.
ശരിക്കും എനിക്ക് അവളോട് ഒരു ബഹുമാനം തോന്നി തുടങ്ങിയിരുന്നു. ഒരു പാട് ത്യാഗം സഹിച്ചായാലും അവൾ ഒടുവിൽ ലക്ഷ്യം നേടിയല്ലോ.
അപ്പോഴാണ് മറ്റൊരു ചോദ്യം എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയത്.
ശരിക്കും ശിവ എനിക്കാരായിരുന്നു.
അറിയില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ്. ഒരിക്കലും നിർവചിക്കാൻ കഴിയാത്ത വിധം നമ്മളോട് ചേർന്നങ്ങനെ നിൽക്കും അത്‌.
ഒരു ചെറിയ നോവ് പോലെ.
(അവസാനിച്ചു ).
വായനക്ക് നന്ദി.
സ്നേഹപൂർവ്വം
ഹക്കീം മൊറയൂർ
ജൽസ -
. ഒരു ട്രാൻസ്ജെൻഡർ ശാരീരികമായും മാനസികമായും സ്ത്രീയായി മാറുന്ന ചടങ്ങാണ് ജൽസ. 41 ദിവസത്തെ വ്രതത്തിനു ശേഷം ഒരു രാത്രി ആരംഭിച്ച് പുലർച്ചെ വരെ നീളുന്ന ചടങ്ങാണ് ജൽസ.
ശസ്ത്രക്രിയയ്ക്ക് വിധേയായ ശേഷമാണ് ജൽസ ചടങ്ങുകൾ ആരംഭിക്കുന്നത്.11 ദിവസം ‘തണ്ണി’ എന്ന ചടങ്ങ് നടക്കും. ഈ സമയത്ത് ജൽസ നടത്തുന്ന വ്യക്തി പുരുഷൻമാരുടെ മുഖം കാണരുതെന്നാണ് വിശ്വാസം. തുടർന്ന് 21–ാം ദിവസം കുളിക്കുന്ന ചടങ്ങ് നടക്കും.
41–ാം ദിവസം നടത്തുന്ന ചടങ്ങിൽ അർധരാത്രിയിൽ ജൽസ നടത്തുന്നയാൾ പച്ച വസ്ത്രം ധരിച്ച് തലയിൽ പാൽ നിറച്ച കുടം ചുമന്ന് ജലാശയത്തിൽ ഒഴുക്കിയ ശേഷം പ്രാർഥിച്ച് വീട്ടിലേക്ക് മടങ്ങും. തുടർന്ന് ദേവീ പൂജ നടത്തുന്നതോടെ ജൽസ പൂർത്തിയാകും. ഇതോടെ ജൽസ നടത്തിയയാൾ പൂർണമായി സ്ത്രീയായി മാറുമെന്നാണു വിശ്വാസം.
വിവരങ്ങൾ - ഗൂഗിൾ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo