നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാഫല്യം (കഥ)


സമയം പത്തര കഴിഞ്ഞേയു ള്ളു.പുറത്ത് വെയിൽ പരന്നതിനാലാകണം, വല്ലാത്ത ദാഹം.ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പകർന്നു കുടിയ്ക്കുമ്പോൾ ഓർത്തു, ലക്ഷ്മിയെ. അവൾക്ക് വിശക്കുന്നുണ്ടാകുമോ എന്തോ?
തൊഴുത്തിൽ ലക്ഷ്മിപ്പയ്യിനു മുന്നിലെ പുൽക്കൂട്ടിൽ വൈക്കോൽ കെട്ടെടുത്ത് അഴിച്ചിട്ടുകൊടുക്കുമ്പോൾ വെറുതെ നീട്ടി വിളിച്ചു.ലക്ഷ് മീ.... കാതു കൂർപ്പിച്ച നിൽക്കുന്ന അവളെതലോടി തിരിഞ്ഞു നടക്കുമ്പോൾ പറഞ്ഞു. "വേഗം തിന്നു തീർത്തോളൂ,വെളിയിലെല്ലാം തിളയ്ക്കുന്ന ചൂടാണ്. വൈകുന്നേരമാകട്ടെ നിന്നെപുറത്തിറക്കാം. ബക്കറ്റിൽ വെള്ളം വച്ചിട്ടുണ്ട്. തട്ടിമറിയ്ക്കാത ദാഹം പോലെ കുടിച്ചോളൂട്ടോ. ശേഖരേട്ടന് സംഭാരം കൊടുക്കാൻ ഇപ്പോൾ തന്നെ വൈകിയിരിയ്ക്കുന്നുന്നു.ഉച്ചയൂണിൻ്റെ കറിയും കാലമാക്കണം"
- "ദേവൂ, നീ അകത്തു കയറണുണ്ടോ? വെറുതെവെയിലും കൊണ്ടു നടന്ന് ജലദോഷം പിടിപ്പിക്കും. ലക്ഷ്മിയോട് കിന്നാരം പറയാൻ കണ്ട നേരം! എത്ര തവണ പറഞ്ഞതാണ്. അവറ്റകളെ ആർക്കെങ്കിലും കൊടുത്തു കയ്യൊഴിക്കാമെന്ന്."ഏട്ടനാണ്.
"ഏട്ടാ,അതൊരു മിണ്ടാപ്രാണിയല്ലേ? നേരത്തു കാലത്തുമൊക്കെ ഞാനല്ലാതെ അവൾക്കാരാ എടുത്തു കൊടുക്കാൻ, അവളോടു മിണ്ടിപ്പറയാൻ !" വരാന്തയുടെ ഓരത്തെ പൈപ്പിൽകാലു കഴുകി അകത്തേയ്ക്കു കയറുന്നതിനിടെ ദേവു, കൂട്ടിച്ചേർത്തു."ദാഹിക്കണുണ്ടാകുമല്ലേ.? ദേ, ഇപ്പൊഴെടുത്തു തരാം സംഭാരം, ഏട്ടനുകുടിക്കാൻ "
"താനൊന്നു നിന്നേ .അനുക്കുട്ടീടെ പെരുമാറ്റം കാണുമ്പോൾ എല്ലാം താൻ ചെയ്യണ പോലെയുണ്ട്. വന്നിട്ട് നാൽപത്താറുദിവസം കഴിയുന്നേയുള്ളു. എന്നാലും ഇവിടത്തെ രീതികളൊക്കെ ആ കുട്ടിയ്ക്ക് മന:പാഠം.വിദേശത്തു താമസിക്കുന്ന കുട്ടിയാണെന്നു തോന്നില്ല. വീട്ടിലാകെ ഒരുണർവ് വന്ന പോലെ.ഇനി അവൾ പോകുന്ന കാര്യം ഓർക്കുമ്പോഴാണ് വിഷമം. പിന്നെ താനും ഞാനും ഈ വലിയ വീടും മാത്രം."
"എന്നെ കണ്ടിട്ടാരും പഠിക്കേണ്ട.ഈ കുഗ്രാമത്തിൽ ജീവിക്കണ എന്നെ കണ്ടുപഠിക്കണതെന്തിനാ, അതുംഒരു പരിഷ്ക്കാരോം തൊട്ടു തീണ്ടാത്ത എന്നെ. ആ കുട്ടി ഇന്നത്തെ കാലത്തിനനുസരിച്ചു വളരട്ടെ!ഈ ശേഖരേട്ടൻ്റെ ഒരു കാര്യം! "
അടുക്കളയിലേയ്ക്ക് കയറും മുൻപ് വാതിലിന്നു മറവിൽ നിന്ന് കാതോർത്തു. മുറിയ്ക്കകത്ത് പാത്രത്തിൻ്റെ ചിലമ്പൽ.പിന്നെ അവയ്ക്കിടയിൽ അൽപ്പംഉയർന്നു കേൾക്കുന്ന അനുക്കുട്ടിയുടെ ആത്മഗതം.'' അച്ഛമ്മ ജോലിക്കാരി ജാനു ചേച്ചിയോട് നേരത്തേ തന്നെപറയാറുള്ളതുമറന്നോ? അടുക്കളയിൽ പാത്രമെടുത്ത് പെരുമാറുമ്പോൾ തട്ടിമുട്ടിശബ്ദം കേൾപ്പിക്കരുതെന്ന്.അച്ഛമ്മ ജോലി ചെയ്യുമ്പോൾഎല്ലാം കൂടി മിണ്ടാതെ നല്ല കുട്ടി കളെപ്പോലെയിരിക്കും, ഒരു ശബ്ദവും കേൾപ്പിയ്ക്കാതെ. ഞാൻ അച്ചച്ഛനു സംഭാരം കൊടുത്ത ഗ്ലാസ് കഴുകുമ്പോഴേക്കും കൂട്ടിമുട്ടി കേൾപ്പിച്ചോളൂ അനുസരണക്കേടിൻ്റെ കലപില.ഈ ഗ്ലാസു കഴുകിയെടുത്ത് അച്ഛമ്മയ്ക്കുള്ളത് പകർത്തി വച്ച് താഴെ വീണ വെള്ളം തുടച്ചു കളഞ്ഞിട്ടു വേണം, വയ്യാതെ കിടക്കണ അമ്മേ ടടുത്തു പോയി സംഭാരംകുടിച്ചു തീർത്തഗ്ലാസ്സെടുത്ത് കഴുകി വയ്ക്കാൻ .ഞാൻ പറഞ്ഞതനുസരിച്ച് മിണ്ടാതെയിരുന്നോളൂ.'' - പാത്രങ്ങളോടാണ് തനിയെയുള്ള ഈ സംസാരം.
".ഇനി ഞാൻ തനിച്ചു അടുക്കളയിൽ കയറിയെന്നറിഞ്ഞാൽ അച്ഛമ്മ എന്തു പറയുമോ എന്തോ ?. പക്ഷേ ഗ്യാസ് ഒന്നും ഓൺ ചെയ്തില്ലാലോ. പിന്നെന്താ പേടിക്കാൻ.? ഞാൻ കൊച്ചു കുട്ടിയാണോ? അഥവാ വഴക്കു പറഞ്ഞാലെന്താ,കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തിട്ടുസംഭാരം നീട്ടുമ്പോൾ തീരും ശകാരോം, പരിഭവോം. എൻ്റെ ജോലികൾ കണ്ട് അച്ഛമ്മ ഞെട്ടിപ്പോകും. അങ്ങനെ ഇന്ന് പതിനൊന്നു മണീടെ സംഭാരവിതരണം അനുക്കുട്ടീടെ വക.''
തന്നോടു തന്നെയും പാത്രങ്ങളോടും സംസാരിയ്ക്കുന്ന അനുക്കുട്ടിയെ നോക്കി ചിരിയടക്കുമ്പോൾ ഓർത്തു - ശേഖരേട്ടൻ പറഞ്ഞതിലും അൽപ്പം കാര്യമില്ലേ? തൻ്റെ ചെറുപതിപ്പോ ഇവൾ!
" അടുക്കളേൽ ഞാനറിയാതെ കള്ളൻ കയറിയോ?'' - ചോദിച്ചു മുഴുമിയ്ക്കും മുൻപ് പൂണ്ടടക്കം പുണർന്നു കൊണ്ടവൾ കൊഞ്ചി" അച്ഛമ്മയോട് ആരാ ഇപ്പോൾ കയറി വരാൻ പറഞ്ഞത്?. ഞാനിപ്പോൾ വലിയ കുട്ടിയാ.ഇനി ഏഴാം ക്ലാസിലാ .ഇതൊക്കെ തനിയെ ചെയ്യാൻ എനിയ്ക്കു പറ്റും.സംഭാരത്തിൻ്റെ സ്വാദ് ശരിയായില്ലേയെന്ന് അച്ചച്ഛനോട് ചോദിയ്ക്ക് - അച്ഛമ്മയെപ്പോലെ കറിവേപ്പിലയും നാരകത്തിൻ്റെ ഇലയുമൊക്കെ ഞെരടിച്ചേർത്തു.ഇല്ലേ അച്ചച്ഛാ?
" സ്വാദൊക്കെയുണ്ട്. എങ്കിലും ദേവൂൻ്റെ സംഭാരത്തിൻ്റെ അടുത്തെത്തിയോ എന്നൊരു സംശയം?"
അവളെ ശുണ്ഠി പിടിപ്പിക്കാനായിഊണുമുറിയിൽ നിന്ന് അടുക്കള വാതിലിനടുത്തേക്ക് നടന്നടുക്കുന്ന ശേഖരേട്ടൻ്റെ സ്വരം.
" അച്ചച്ഛാ "- അനുമോളുടെ ശബ്ദത്തിന് പരിഭവത്തിൻ്റെ ലാഞ്ഛന .
തനിയ്ക്കു ഗ്ലാസിൽ പകർന്നു നീട്ടിയ സംഭാരം രുചിനോക്കി, അവളെ നെഞ്ചോടു ചേർത്തു പിടിയ്ക്കുമ്പോൾ അവളുടെ പരിഭവം തീർക്കാനായി ഉറക്കെ പറഞ്ഞു "ആരു പറഞ്ഞു രുചി കുറവാണെന്ന്. എൻ്റെ സംഭാരത്തേക്കാൾ മോളുണ്ടാക്കിയതിനാണ് കൂടുതൽ രുചി.''
വിജയ ഭാവത്തിൽ ശേഖരേട്ടനെ നോക്കുന്ന അനുക്കുട്ടിയെ സാകൂതം വീണ്ടും വീണ്ടും നോക്കുമ്പോൾ മനസ്സിൽഓർത്തു - ഇവളുടെ വലിയ കണ്ണും മുഖഭാവവും പെരുമാറ്റവുമെല്ലാം കണ്ണൻ്റേതു പോലെ തന്നെ.
ശേഖരേട്ടൻ്റെ പുതിയ പരിഷ്കാരമാണ് പതിനൊന്നു മണിക്കുള്ള സംഭാരം.വേനൽച്ചൂടിൻ്റെ മറപിടിച്ചാണ് സംഭാരം കുടിയ്ക്കണമെന്നു പറയുന്നെങ്കിലും അതിൻ്റെ സത്യം തനിയ്ക്കറിയാം. കഴിഞ്ഞ മാസം കാലുതെന്നിവീണ തന്നെ ഹോസ്പ്പിറ്റലിൽ കൊണ്ടു പോയപ്പോൾ കണ്ണൻ്റെ സുഹൃത്തായ ഡോക്ടർ പറഞ്ഞു, ശ്രദ്ധിയ്ക്കണം. അമ്മയ്ക്ക്ഓസ്റ്റിയോ പോറോസിസ് കാണും. വീണാൽ എല്ല് ഒടിയാൻ സാദ്ധ്യതയുണ്ട്.കാത്സ്യം കൂടുതൽ കഴിയ്ക്കണമെന്ന് .താൻ വെജിറ്റേറിയനായതിനാൽ അതിനു വേണ്ടിയാണീ പദ്ധതി, എന്നിട്ടു പറയും 'എല്ലാരുടേയും കാര്യം നോക്കാനറിയാം. സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കില്ല. വീണു കിടപ്പിലായാൽ ആരാ ശുശ്രൂഷിയ്ക്കാൻ!' ....ശേഖരേട്ടൻ്റെ ഈ കരുതലിന്, സ്നേഹത്തിനൊക്കെ ഞാനെന്തു പുണ്യമാണ് ചെയ്തതെൻ്റെ ഈശ്വരന്മാരെ !
തിരക്കിട്ട് ഉച്ചയൂണ് ഒരുക്കാൻ തുടങ്ങുമ്പോൾ അനുമോൾ വീണ്ടും - 'അച്ഛമ്മേ, മാമ്പഴപ്പുളിശ്ശേരി മതി ,എന്താ അതിൻെറ ഒരു രസം!'
"പക്ഷേ മോളേ, വയ്യാതെ കിടക്കുന്ന മോളുടെ അമ്മയുടെ ഇഷ്ടവും നോക്കണ്ടേ! ഇവിടത്തെ രീതികൾ ഒക്കെ ഇഷ്ടപ്പെടുമോ ആവോ? ചിലപ്പോൾ ഇവിടെ മടുത്തിട്ടുണ്ടാകും"
'അച്ഛമ്മ എന്താ കരുതിയത്?. വന്നപ്പോൾ അമ്മ അങ്ങനെയൊക്കെയായിരുന്നു. ഇപ്പോൾ ഏറെ മാറി. '
ഒന്നര മാസം മുൻപാണ് ആക്സിഡൻ്റിൽ കാലിൻ്റെ അസ്ഥിയൊടിഞ്ഞ സ്മിതയേയും അനുവിനെയും കൂട്ടി കണ്ണനെത്തിയത്. ജോലി സംബന്ധമായി ഒന്നരമാസം വീടുവിട്ടു നിൽക്കേണ്ടതിനാൽ നടക്കാൻ വയ്യാത്ത ഭാര്യയെയും മകളെയും ഇവിടെയാക്കി തിരിച്ചു പോകും മുൻപ് അവൻ പറഞ്ഞു. ' അമ്മയ്ക്കു ബുദ്ധിമുട്ടാകുമെന്നറിയാം. അവിടെ ജോലിക്കാരിയില്ലാത്തതിനാൽ ഫ്ലാറ്റിൽതനിച്ചു നിൽക്കാൻ സ്മിതയ്ക്കാവില്ല. മോളെയും മാനേജ് ചെയ്യണ്ടേ. അവളുടെ ഡാഡിയും മമ്മിയും വിദേശത്ത് സൂരജിൻ്റെ അരികിലായതിനാൽ മറ്റ് മാർഗ്ഗമില്ല. വല്ലാത്ത വാശിക്കാരിയാണവൾ.ഇവിടത്തെ നാടൻ രീതികൾ ഇഷ്ടപ്പെടുമോ എന്നുമറിയില്ല. ഇതല്ലാതെ വേറെ വഴിയില്ല. ഒന്നരമാസം കഴിഞ്ഞ് ഞാൻ വരുമ്പോൾ തിരികെ ദുബായ്ക്ക് കൊണ്ടു പൊയ്ക്കൊള്ളാം. "
അങ്ങനെ കഴിഞ്ഞ ഒരു ഒന്നര മാസത്തോളമായി അവർ രണ്ടു പേരുമിവിടുണ്ട്, സ്മിതയും അനുവും. തുടക്കത്തിൽ പാചകം ചെയ്യുമ്പോഴൊക്കെ തനിക്ക് ഭയമായിരുന്നു - സ്മിതയ്ക്കിഷ്ടപ്പെടുമോ? വേവലാതിയോടെ, വീർപ്പുമുട്ടലോടെയാണ് ദിവസങ്ങൾ തള്ളിനീക്കിയത്. ഏറെക്കാലമായി ഇവിടെ താമസിക്കാറില്ലാത്തതിനാൽ അപരിചിതയെന്നവണ്ണമാണ് ആദ്യംഅനു പെരുമാറിയത്.പിന്നെ താൻ സ്നേഹം കൊണ്ട്, ലാളന കൊണ്ട് അവളെ തന്നിലേക്ക് ചേർത്തടുപ്പിച്ചു. പാട്ടും കവിതയും കളികളുമൊക്കെയായി പിന്നീട് എല്ലാ കാര്യത്തിലും തൻ്റെ നിഴൽ പോലെ. ഇനി ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്കുശേഷം മകൻ, കണ്ണൻ നാട്ടിലെത്തും. പിന്നീട് ദിവസങ്ങൾക്കുള്ളിൽ അവരെല്ലാം കൂടി ദുബായ്ക്കു തിരിച്ചു പോകും. പിന്നീട് വീണ്ടും ഈ വീട് കിളിയൊഴിഞ്ഞ കൂടു പോലെയാകും.
" അച്ഛമ്മ എന്താ ചിന്തിയ്ക്കണത്? ഞാൻ ഉള്ളിയൊക്കെ തൊലി പൊളിച്ചു കഴിഞ്ഞു. ഇന്ന് വൈകിട്ട്അച്ഛൻ വരുന്ന കാര്യമാണോ? അച്ഛൻ വന്നാലും ഞാനിപ്പോൾ ദുബായ്ക്കില്ല.ക്ലാസ് തുടങ്ങുവോളം ഞാനിവിടെ നിൽക്കും. അച്ഛമ്മയുടെ കൂടെ നിന്ന് കൊതി തീർന്നില്ല. എത്രമാത്രം കഥകളും പാട്ടുമാണ് അച്ഛമ്മയുടെ ഉള്ളിൽ. പിന്നെ തൊടി നിറയെ മരങ്ങളും, മാങ്ങയും, പൂക്കളും.കിളികളും കുളവുമെല്ലാം എന്ത് രസം. പിന്നെ ലക്ഷ്മിയും. അവിടെ അമ്മയുടെ വീട്ടിൽ പോയാലും ഇത്രയും രസമില്ല. അവിടത്തെ മമ്മിയ്ക്ക് പാട്ടും കഥയും ഒന്നുമറിയില്ല. എപ്പൊഴും ടി വി കാണൽ മാത്രം.
പിറ്റേന്ന് രാത്രി ജോലികൾക്കു ശേഷം
അത്താഴം കഴിഞ്ഞ് ഉറങ്ങാൻ മുറിയിലെത്തി, കാൽ കഴുകി കിടക്കയിലേക്ക് ചരിയുമ്പോൾ അരികിൽ കണ്ണൻ. തൻ്റെ കാൽപ്പാദം മടിയിലെടുത്തു വച്ച് കിടക്കയിലിരുന്നു കൊണ്ട് അവൻ ചോദിച്ചു "അമ്മ ഒന്നര മാസം കൊണ്ട് എന്ത് മാജിക്കാണിവിടെ കാണിച്ചത് ?.കഴിഞ്ഞ പതിനൊന്നു വർഷങ്ങൾ കൊണ്ട് എനിയ്ക്കു കഴിയാത്തതെങ്ങനെയാണമ്മേ അമ്മ നേടിയെടുത്തത്?എന്തൊക്കെ ചിട്ടകളാണ് ,നല്ല പെരുമാറ്റമാണ് ,ശീലങ്ങളാണ് അനുവിൽ അമ്മയുണ്ടാക്കിയെടുത്തത്? സന്ധ്യാനാമജപം തൊട്ട് കവിതാലാപനം വരെ! വീട്ടുജോലികൾ തൊട്ട് ആതിഥ്യമര്യാദവരെ.ഏഴാം ക്ലാസിലെത്തും മുൻപ് വലിയ കുട്ടിയായി പക്വതയാർന്ന പോലെ .ഇപ്പോൾ പറയാണ് - തിരിച്ചു പോകണ്ടാന്ന് ദുബായ്ക്ക്. അമ്മ വളർത്തുമ്പോലെയാണ് പെൺകുട്ടികളെ വളർത്തേണ്ടത്, അല്ലാതെ ഞാനും സ്മിതയും ചെയ്ത പോലെയല്ല.
നാളെത്തന്നെ ഡോക്ടറുടെ അടുത്തു പോയി സ്മിതയെകാണിയ്ക്കണം. പിന്നെ രണ്ടു ദിവസത്തിനകം തിരിച്ച് പോകണം. ഇവിടെ എനിയ്ക്ക് അമ്മയ്ക്കുമച്ഛനുമൊപ്പം നിന്ന് കൊതി തീർന്നില്ല. പക്ഷേ,തിരിച്ചുപോകാതെ പറ്റില്ലല്ലോ അമ്മേ.അവൾക്കിവിടെ ബോറടിച്ചു കാണും. അമ്മ ഉറങ്ങിക്കോളൂ, ക്ഷീണം കാണും. ജാന്വേച്ചി അസുഖംപിടിച്ച് ജോലിയ്ക്കെത്താത്തതു കൊണ്ട് എല്ലാപ്പണിയും ഒറ്റയ്ക്കല്ലേ? ശരിക്കും ഉറങ്ങാതെ വെളുപ്പിന് സൂര്യനുദിക്കും മുൻപ് എഴുന്നേൽക്കേം ചെയ്യും. ഗുഡ് നൈറ്റ് അമ്മാ"
അകന്നകന്നു പോകുന്ന മകൻ്റെ പദനിസ്വനം. ഉറങ്ങാനായിഅരികിൽ വന്ന് കിടക്കുന്ന ശേഖരേട്ടൻ്റെ കയ്യ് തന്നെച്ചുറ്റുമ്പോൾ കണ്ണീർ വീണു നനഞ്ഞ തൻ്റെ കവിളിണകളിലെ നനവു തിരിച്ചറിഞ്ഞതിനാലാകും "അയ്യേ! താൻ കരയ്വാ? കുട്വോൾക്ക് തിരിച്ചു പോകണ്ടേ! നമ്മേം നോക്കി ഇവിടെ നിന്നാൽ അവരുടെ ഭാവി പോകും ന്ന് എപ്പൊഴും എന്നോട് പറയാറുള്ളയാളാണോ ഇങ്ങനെ?"
ഉച്ചയൂണിനുള്ള ഉപദംശങ്ങളൊക്കെ ഒരുക്കിക്കഴിഞ്ഞിട്ടും തൃപ്തിയാകാത്ത പോലെ, മാഞ്ചുവട്ടിൽ കാറ്റിലപ്പോൾ പൊഴിഞ്ഞു വീണ ചന്ദ്രക്കാരൻ മാമ്പഴവും പെറുക്കി അകത്തേയ്ക്കു നടക്കുമ്പോൾ പൂമുഖത്ത് കാറിൻ്റെ ഡോറടയുന്ന സ്വരം.
" പ്ലാസ്റ്ററെടുത്തച്ഛാ, നടക്കുന്നതിനൊന്നും ബുദ്ധിമുട്ടില്ല ഇപ്പോൾ സ്മിതയ്ക്ക്. ഞങ്ങളപ്പോൾ മറ്റന്നാൾ തിരിച്ചു പോയ്ക്കോട്ടെ '' ... കണ്ണൻ്റെ സ്വരമാണത്.
തുളുമ്പുന്ന കണ്ണുകളെ മറ്റാരും കാണാതിരിക്കാൻ പൈപ്പുതുറന്ന് കഴുകുന്നതിനിടെ പിറകിൽ നിന്ന് തന്നെ പൂണ്ടടക്കം പിടിക്കുന്നതാരാണ്? ഇത്അനുവിൻ്റെ കുഞ്ഞിക്കയ്കളല്ലല്ലോ?
വീണ്ടും അരികിലെത്തുന്ന കണ്ണൻ്റെ പദതാളംചെവിയിലെത്തുന്നു. വേഗം ഒരുക്കങ്ങൾ തുടങ്ങാനുള്ള സ്മിതയ്ക്കുള്ള നിർദ്ദേശങ്ങളും.
" അമ്മേ ഈകണ്ണേട്ടനോട് ഞങ്ങളെ ഇപ്പോൾ കൊണ്ടു പോകണ്ടാന്ന് പറയമ്മേ! കഴിഞ്ഞ ഒന്നര മാസമായി മുറിയിൽ കിടന്ന് കണ്ടുംകേട്ടു മറിയുകയായിരുന്നു ഞാൻ അമ്മയുടെ
ചെയ്തികൾ .വീട്ടിലെ ഓരോരോ കാര്യത്തിലുമിടപെട്ട് എത്ര ഭംഗിയായാണ് അമ്മ ഓരോന്നും ചെയ്യുന്നത്. അനുവിനുണ്ടായ മാറ്റമോ? ദുബായിൽ വച്ച് അമ്മയെപ്പറ്റി ,അമ്മയുടെ പാചക നൈപുണ്യത്തെപ്പറ്റി പറയുമ്പോൾ ഈകണ്ണേട്ടന് നൂറു നാവാണ്. ഞാനോർത്തു അത് എല്ലാ മക്കളുടെയും പതിവാണല്ലോ എന്ന് .പക്ഷേ നേരിട്ടറിഞ്ഞതിപ്പൊഴാണ്, അമ്മയുടെ മിടുക്ക് ,സ്നേഹം!ഇനി അമ്മയ്ക്കൊപ്പം കൂടെ നടന്ന് ഞാനുമതൊക്കെയറിഞ്ഞ് പഠിച്ചോട്ടെ!രസിച്ചോട്ടെ !- " കണ്ണനിൽ നിന്ന് രക്ഷപ്പെടാനെന്നവണ്ണം എൻ്റെ പിന്നിലൊളിച്ച സ്മിതയുടെ സ്വരമാണത്.
" അതെങ്ങനെ പറ്റും.? ഞാൻ തിരിച്ചെത്തിയാൽ ഉടനെ ദുബായിലെത്തിക്കണമെന്ന് ഇവിടേയ്ക്ക് പോരും മുൻപ് പലവുരു പറഞ്ഞആൾ കാലുമാറുന്നോ? അപ്പോൾ മറ്റന്നാളത്തെ ഫ്ലൈറ്റ് ടിക്കറ്റോ?'' - ഗൗരവത്തിൻ്റെ മേലാപ്പണിഞ്ഞ കണ്ണൻ്റെ വാക്കുകളിൽ കുസൃതി നിറയുന്നത്, ആ കൺകോണുകളിലെ ആശ്വാസത്തിൻ്റെ, സാഫല്യത്തിൻ്റെ തിരയിളക്കം -അത് അമ്മ മനസ്സിനേ കണ്ടു പിടിയ്ക്കാനാവൂ,വായിച്ചെടുക്കാനാവൂ
ഡോ. വീനസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot