നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രസ്ഥാനം (കഥ)


ഗേറ്റ് പതിവുപോലെ മലർക്കെ തുറന്നിട്ടിട്ടുണ്ട്, കാർ നേരേ കാർ ഷെഡിലേക്ക് കയറ്റി ഇട്ടുകൊള്ളട്ടെ എന്നു കരുതും പോലെ .പൂമുഖവാതിൽക്കൽ പൂന്തിങ്കളായി വേണിട്ടീച്ചറുണ്ട്., കൃഷ്ണവേണി. എനിയ്ക്ക് അത്ഭുതം തോന്നാറുണ്ട്. എൻ്റെ ഓരോ പ്രവർത്തിയും ഇത്ര കണിശതയോടെ ടീച്ചർ എങ്ങനെ അറിയുന്നതെന്നോർത്ത്. ഞാൻ വിളിച്ചു പറയുകയൊന്നുമില്ല, എപ്പോൾ വീട്ടിലെത്തുമെന്ന് .സമയത്തിന് കൃത്യതയുമില്ല. എന്നാലും ടീച്ചർ പൂമുഖത്തുണ്ടാകും, വൃത്തിയായി വേഷം ധരിച്ച് വിടർന്ന ചിരിയുമായി.
'ഗേറ്റു മലർക്കെ തുറന്നിട്ടിരിപ്പാണ്,
കാത്തു കാത്തെൻ്റെയീവേണി,
ചായയും ചൂടു പഴമ്പൊരിയുമായി
സ്നേഹം വിളമ്പുമെൻ ഭാര്യ" -
മമ്മുട്ടിയുടെ കഥാപാത്രം പാടിയ പൂമുഖ വാതിൽക്കൽ എന്നപഴയ റൊമാൻ്റിക് സിനിമാ ഗാനത്തിൻ്റെ ശീലിൽ എൻ്റെ സ്വന്തം പാരഡിയുമായി കാറിൽ നിന്നിറങ്ങുമ്പോൾ ടീച്ചർ അടുത്തെത്തി.
''തെറ്റിപ്പോയി, ഇന്ന് ചൂടു പഴംപൊരിയല്ല. ഏലയ്ക്കയും നാളികേരം ചെറുതായി അരിഞ്ഞു വറുത്തതുമിട്ട്അവല് വിളയിച്ചത്. അങ്ങനെ എന്നും എണ്ണയിൽ വറുത്ത പലഹാരം തിന്നണ്ട എൻ്റെ മോൻ. ഈയാഴ്ചയിലെ എണ്ണപ്പലഹാരത്തിന്റെ രണ്ടു ദിവസത്തെ ക്വാട്ട കഴിഞ്ഞു "
മോൻ എന്ന് വേണി പറഞ്ഞതു കേട്ട് കൺഫ്യൂഷൻ ആകണ്ട. കൃഷ്ണവേണി ടീച്ചർ എൻ്റെ സ്വന്തം ഭാര്യ. ഞാൻ ഗംഗാധരൻ മാഷ്, സ്കൂൾ അദ്ധ്യാപകനായിരുന്നു. റിട്ടയർ ചെയ്തിട്ട് രണ്ടു വർഷം. ഇപ്പോൾ സ്വസ്ഥം ഗൃഹഭരണം. പണ്ടേ അല്പസ്വൽപ്പം കവിതയും പാരഡിയും ഒക്കെ കൂട്ടിനുണ്ട്. യൂട്യൂബിലെ കരോക്കെയൊക്കെ കാരണം ഞാനാണിപ്പോൾ ഞങ്ങളുടെ ധ്വനി എന്ന ഗാനമേള ട്രൂപ്പിലെ പ്രധാന ശബ്ദം.വേണി ടീച്ചറും പാടും, യുഗ്മഗാനങ്ങൾ ചിലപ്പൊഴൊക്കെ, എന്നോടൊപ്പം.
എന്താ സ്വന്തം ഭാര്യയെ കൃഷ്ണവേണി ടീച്ചർ എന്ന് വിളിക്കുന്നതെന്നോർത്ത് അത്ഭുതമായോ?. ഞങ്ങൾ അദ്ധ്യാപകരുടെ ഒരു പൊതു സ്വഭാവമാണത്. എത്ര അടുപ്പമുണ്ടെങ്കിലും ടീച്ചർ, മാഷ്, സാർ എന്നൊക്കെ ചേർത്താകും സംബോധന. കുട്ടികൾ ഒക്കെ അങ്ങനെ വിളിക്കുന്നതു കേട്ടു കേട്ടിട്ടാവണം ഇപ്പോൾ വേണി ടീച്ചറും എന്നെ അങ്ങനെ മാഷ് എന്ന് വിളിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നാറില്ല. വിവാഹം കഴിഞ്ഞ് മുപ്പത്തിരണ്ടു വർഷമാകുമ്പോഴേയ്ക്കും ഞങ്ങൾക്കിടയിൽ കൃഷ്ണവേണി ടീച്ചർ, വേണി ടീച്ചറായി.ഗംഗാധരൻ മാഷ് ഗംഗൻ മാഷും.
സ്ഥിരം ജോലിയും വീട്ടിൽ അത്യാവശ്യം സാമ്പത്തിക സ്ഥിതിയും എല്ലാം ഉണ്ടായിട്ടും ആലോചനകൾ ഒന്നും ശരിയാകാതെ ഞാൻ പുരനിറഞ്ഞു നിൽക്കുന്ന കാലത്താണ്, പി.എസ്.സി യിൽ ജോലി ചെയ്യുന്ന സാംബശിവൻ എന്ന സുഹൃത്ത് റാങ്ക് ലിസ്റ്റ് നോക്കി, ജാതി കൊണ്ട് ചേരുന്ന കൃഷ്ണവേണി ടീച്ചറിൻ്റെ കാര്യം എൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. കാണാൻ എങ്ങനെയുണ്ടെന്നറിയില്ല. വയസ്സുകൊണ്ട് ചേരും എന്നായിരുന്നു അവൻ്റെ വിശദീകരണം. ഒടുവിൽ ചേരാനുള്ളവർ തമ്മിൽ സമയമാകുമ്പോൾ ചേരും എന്നത് ദൈവഹിതമാണ് എന്നതുപോലെ, ടീച്ചറുടെ ആദ്യ അപ്പോയിൻ്റ്മെൻ്റ് എൻ്റെ സ്കൂളിൽ തന്നെ.അതിനു പിന്നിൽ സാംബൻ്റെ കരങ്ങളായിരുന്നുവത്രേ!
"കൃഷ്ണവേണി ടീച്ചറ് ലേശം കറുത്തിട്ടാണെങ്കിലും മുഖത്ത് എന്താ ഐശ്വര്യം.! മെലിഞ്ഞ ശരീരവും, എടുത്താൽ പൊങ്ങാത്ത പോലെ നല്ല നീളമുള്ള മുടിയും "
സഹപ്രവർത്തകരുടെ മാർക്കിടൽ കണ്ട് എൻ്റെ മനസ്സുനിറഞ്ഞു.പിന്നെ സാംബൻ പറഞ്ഞ പോലെ, മറ്റാരും വന്ന് കൊത്തിക്കൊണ്ടു പറക്കും മുൻപ് നേരായ മാർഗ്ഗത്തിലൂടെ വീട്ടുകാർ വഴി ആലോചന നടത്തി, കൃഷ്ണവേണി ടീച്ചർ എൻ്റെ 'കൗസ്തുഭ'ത്തിലെത്തി ഭാ ര്യയായിചാർജ്ജെടുത്തു. നീണ്ട പേര് വിളിയ്ക്കാനുള്ള എളുപ്പത്തിന് ഞാൻ ചുരുക്കി,വേണി ടീച്ചറാക്കി. റിട്ടയർ ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പേര് അതു തന്നെ. ടീച്ചർമാരുടെ ഒരു ഭാഗ്യമാണത്. മരിയ്ക്കും വരെ മാഷും ടീച്ചറും തന്നെ. എവിടെ ചെന്നാലും ശിഷ്യ സമ്പത്തും.ഏതു കാര്യവുമെളുപ്പമാകും.
"വേണി ടീച്ചറിന് ഒരു സമ്മാനമുണ്ട്. പുതിയ സൂപ്പർ മാർക്കറ്റിൻ്റെ ഉടമ അഷ്റഫ് എൻ്റെ കയ്യിൽ തന്നു വിട്ടതാണ്. ടീച്ചറെ വന്നു കാണാനായി സമ്മാനം പൊതിഞ്ഞു വച്ചിരിക്കയായിരുന്നത്രേ! അതിനുള്ളിൽ ഒരു ലെറ്ററുമുണ്ട്. ടീച്ചർ വായിച്ചു നോക്ക്. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം"
'സൂപ്പർ മാർക്കറ്റിലെ അഷ്റ്ഫോ? ഞാൻ ഓർക്കണില്ല. കത്തു നോക്കട്ടെ!'
കുളി കഴിഞ്ഞ്ചായ കുടിക്കാനിരിക്കുമ്പോഴേക്ക് ടീച്ചർ കത്തു വായിച്ചിരുന്നു.പണ്ട് ആ പയ്യന് പരീക്ഷയ്ക്ക് പേനതെളിയാതെ വന്നപ്പോൾ വേണി കൊടുത്ത പേനയാണത്രേ അവൻ്റെ ജീവിതവിജയത്തിനാധാരം.
"എങ്ങനെ കണ്ടൂ അവനെ?"
"അത് നമ്മുടെ സണ്ണി സാറില്ലേ?സാറിന് കുറച്ച്, മുളക് ,മല്ലിപ്പൊടികൾ വാങ്ങാനാണവിടെ കയറിയത്. എന്നോട് വാങ്ങുന്നില്ലേ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ വേണീ 'സ് ബ്രാൻറ് കറി പൗഡർ ആണ് ഉപയോഗിക്കുന്നതെന്ന്. മിഴിച്ചു നിന്ന സണ്ണിയ്ക്ക് ഉത്തരം നൽകിയത് അഷ്റഫ് ആണ്. പണ്ട് അവൻ ജോലിയ്ക്ക് നിന്ന കടയിൽ നിന്ന് ടീച്ചർ കൂടുതൽ ഒന്നിച്ചുവാങ്ങി കഴുകി ഉണക്കി പൊടിപ്പിക്കയാണ് പതിവെന്ന്. ഇത് കേട്ടപ്പോഴാണ് സണ്ണി സാറിന് വേണീസ് ബ്രാൻ്റ് എന്താണെന്ന് പിടി കിട്ടിയത്‌. നേരത്തേയുള്ള ജോലി മതിയാക്കി ഇപ്പോൾ സ്വന്തം കട തുടങ്ങി അഷ്റഫ്.
ചായ തീരും മുൻപ് മൊബൈൽ ശബ്ദിച്ചു. മകനാണ്., സിദ്ധാർത്ഥ് .ഐ .ടി .ഫീൽഡിൽ ആണ്. രണ്ടു വർഷം മുൻപ് നടന്ന വിവാഹ ശേഷം എറണാകുളം ഓഫീസിനടുത്ത് പുതിയ വീടു വാങ്ങി താമസം തുടങ്ങി. ഭാര്യസിന്ധുജ പോസ്റ്റ് ഗ്രാജ്വേറ്റാണെങ്കിലും ജോലിയൊന്നുമായിട്ടില്ല. റിട്ടയറായില്ലേ,തിരുവനന്തപുരത്തുള്ള ഞങ്ങളുടെ വീട്ടിൽ നിന്നു മാറി, എറണാകുളത്ത് മകനോടൊപ്പം താമസിച്ചു കൂടെ എന്ന് ബന്ധുക്കളും സുഹൃത്തുകളുമായി ഏറെപ്പേർ ചോദിച്ചതാണ്. പക്ഷേ ജീവിതകാലമത്രയും ജോലി ചെയ്തുണ്ടാക്കിയ വീടും പരിസരവും വിട്ടിട്ടു പോകാൻ മനസ്സ് അനുവദിച്ചില്ല.
വിവാഹശേഷം ആദ്യമൊക്കെ അവൻ പണ്ടെപ്പോലെ എല്ലാ മാസവും ഇവിടേയ്ക്ക് വന്നിരുന്നു. പിന്നീട് വരവു കുറഞ്ഞു. ഇപ്പോൾ നേരിൽ കണ്ടിട്ട് മൂന്നു മാസമാകുന്നു .അവൻ ഇപ്പോൾ വീഡിയോ കോളിലൂടെയാണ് ആശയ വിനിമയം . ഫോണിലും സിന്ധുജയെ കാണാൻ കിട്ടുന്നത് അപൂർവ്വം.പുതിയ വീട്ടിലെ താമസം തുടങ്ങിയിട്ട് ആകെ നാലു തവണയാണ് രണ്ടു വർഷത്തിനിടയിൽ അവിടെ പോയതും ഒന്നു രണ്ടു രാത്രികൾ താമസിച്ചതും. ഇവിടത്തെ വീടുവിട്ട് അവിടെ സ്ഥിരതാമസമാക്കാത്തത് നന്നായി എന്നിപ്പോൾ തോന്നുന്നു. അവിടെ ചെന്നപ്പോൾ ആകട്ടെ ,ആകെ രണ്ടു രാത്രികളിൽ മാത്രമാണ് ആ വീട്ടിൽ തങ്ങൾക്കൊപ്പം സിന്ധുജ ഉണ്ടായിട്ടുള്ളത്. ബാക്കി തവണകളിലെല്ലാം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു കൊണ്ട് സ്വന്തം വീട്ടിലേക്ക് പോകാനുള്ള അവളുടെ തിടുക്കവും, വീട്ടിലെ അസാന്നിദ്ധ്യവും ഒന്നുറപ്പാക്കി, ഞങ്ങൾ അവിടെ എത്തുന്നതിലെ താല്പര്യക്കുറവ്.
"എന്താ ഈ നേരത്ത് ? സാധാരണ മോൻ അത്താഴത്തിന് ശേഷമാണല്ലോ വിളിക്കാറ്.?" വേണിയുടെ ശബ്ദത്തിൽ ഉദ്വേഗം .
"എന്താ ശബ്ദം വല്ലാതെയിരിക്കണത്? ഒന്നൂല്ലെന്നോ.? അസുഖം വല്ലതുമുണ്ടോ? സത്യം പറയൂ കുട്ടി?
കുറച്ചു സമയം മാത്രമേ സംസാരം നീണ്ടുള്ളു. അവൻ ഒന്നും പറഞ്ഞില്ലെങ്കിലും വേണിയ്ക്ക് എന്തൊക്കെയോ ഉത്കണ്ഠയുളവായതുപോലെ!
" നമുക്ക് മോൻ്റെയടുക്കൽ ഒന്നു പോയാലോ ഇപ്പോൾ തന്നെ?"
"ഇപ്പൊഴോ ,ഈ രാത്രിയിൽ? നീയെന്തി റിഞ്ഞിട്ടാണ് വേണി.? രാത്രി അത്ര ദൂരം എനിയ്ക്ക് ഡ്രൈവ് ചെയ്യാനാകുമോ? അല്ലെങ്കിൽത്തന്നെ അവിടെ എന്താ എമർജൻസി ?.മരുമകൾ അവിടെ ഇല്ലയെന്നറിഞ്ഞിട്ടാണോ?" -വേണിയുടെ മനസ്സിനെ തണുപ്പിയ്ക്കാനായി ഇങ്ങനെ പറഞ്ഞുവെങ്കിലും അവൾ അസ്വസ്ഥയായിരുന്നു.
"എങ്കിൽ നമുക്ക് വെളുപ്പിന് തന്നെ പുറപ്പെടാം. എനിക്ക് മന:സമാധാനം നഷ്ടപ്പെട്ട പോലെ "
പിറ്റേന്ന് രാവിലെയുള്ള യാത്രയ്ക്കായി, അവിടത്തെ താമസത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളായിരുന്നു വേണി ടീച്ചർക്ക്, രാത്രി മുഴുവൻ. മുളക്, മല്ലിപൊടികൾ എന്നു വേണ്ട ഒരു വീട്ടിൽ പാചകത്തിനാവശ്യമായ എല്ലാ പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാക്ക് ചെയ്തു വച്ചു.
എറണാകുളത്തെ വീട്ടിൽ എത്തി,കാർ പോർച്ചിൽ കയറ്റി ഇട്ടതൊന്നും സിദ്ധാർത്ഥ് അറിയാത്ത പോലെ .കോളിംഗ് ബല്ലും സ്വന്തം ഗാനം നീട്ടിപ്പാടി നിറുത്തി. ചാരിയിട്ട വാതിൽ തുറന്ന് അകത്തു കടന്നപ്പോൾ സോഫയിൽ തളർന്നവശനായി മകൻ. കത്തിക്കരിഞ്ഞ ചുണ്ടുകൾ. കണ്ണുകൾ കുഴിയിൽ ആഴ്ന്നതു പോലെ!തലേന്നു ഓർഡർ ചെയ്തു വാങ്ങിക്കഴിച്ചഭക്ഷണം പിടിയ്ക്കാഞ്ഞിട്ടാകും വയറ് പിണങ്ങിയത്.
കുടിക്കാൻ കൊടുക്കാൻ ഇത്തിരി ചൂടുവെള്ളമെടുക്കാനായി അടുക്കളയിൽ കയറിയപ്പോൾ ഞെട്ടിപ്പോയി.വാഷ്ബേസിനരികിലെ ടൈലിന് വെള്ളയ്ക്കു പകരം ചാരനിറം. ടാപ്പിനു നിറവും തിളക്കവും നഷ്ടം. സ്റ്റൗവിന് മുകളിൽ പണ്ടെങ്ങോ തിളച്ചു തൂവി ഉണക്കു പിടിച്ച പാലിൻ്റെ മോഡേൺ ആർട്ട്.
അടുക്കള വൃത്തിയാക്കി വേണിയുണ്ടാക്കിക്കൊടുത്ത ചൂടു ചുക്കുകാപ്പിയ്ക്കു ശേഷം സംസാരശേഷി തിരിച്ചു കിട്ടിയ പോലെ സിദ്ധാർത്ഥ് ആദ്യം ചോദിച്ചത് ,എനിയ്ക്ക് അസുഖം ആണെന്ന് അമ്മ എങ്ങനെയാണ് അറിഞ്ഞതെന്നായിരുന്നു. ചോദിച്ചില്ലങ്കിലും എൻ്റെ മനസ്സും അമ്മ മനസ്സിൻ്റെ കാണാക്കഴിവുകളിൽ അത്ഭുതസ്തബ്ധമായിരുന്നു.
ഇന്നിപ്പോൾ, ഇവിടെ എറണാകുളത്തെ മകൻ്റെ വീട്ടിലെത്തിയിട്ട് ആറ് ദിവസമാകുന്നു. നാളെ രാവിലെയാണ് തിരിച്ച് തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. ഇവിടത്തെ താമസത്തിനിടയ്ക്ക് രണ്ടു മൂന്നു ദിവസം വേണിയ്ക്ക് പിടിപ്പതു പണിയായിരുന്നു. സിദ്ധാർത്ഥിന് കഞ്ഞിയുണ്ടാക്കാനുള്ള പൊടിയരി മിക്സിയിൽ പൊടിച്ചുണ്ടാക്കിയതടക്കം. ധാന്യങ്ങളും പയറു വർഗ്ഗങ്ങളുമെല്ലാം സൂക്ഷിച്ചിരുന്ന ഗ്ലാസ് ഭരണികളും എല്ലാപാത്രങ്ങളും കഴുകി ഉണക്കി വച്ചു.മാറാല കൂട്ടുകെട്ടിയ കർട്ടനുകൾ ,മേൽക്കൂര. പൊടിയിൽ മുങ്ങിയ ജനാലകൾ. ഒരു മിടുക്കിയായ വീട്ടമ്മയുടെ അഭാവം വിളിച്ചോതുന്ന വീടും പരിസരവും. മുറ്റത്തെ പൂച്ചെടികളും കത്രികയുടെ മൂർച്ചയറിഞ്ഞിട്ടില്ല.
മഴയിൽ ചാഞ്ഞു വീണ ചെടിക്കമ്പുകൾ വെട്ടിയൊതുക്കുന്നതിനിടെ അടുത്ത വീട്ടിലെ മഹേഷിൻ്റെ കുശലം'. "മാഷെപ്പോൾ വന്നു? രാത്രിയിൽ പൂമുഖത്ത് വെളിച്ചം കണ്ടപ്പോൾ മിനി പറഞ്ഞിരുന്നു മാഷും ടീച്ചറും വന്നിട്ടുണ്ടാകുമെന്ന്."
ശബ്ദം കേട്ടു പുറത്തേയ്ക്കു വന്ന മിനിയുടെ വാക്കുകളെ മഹേഷ് കണ്ണു കൊണ്ടു വിലക്കാൻ ശ്രമിച്ചിട്ടും മിനി കൂട്ടിച്ചേർത്തു, "അത് സാധാരണ ആ കുട്ടി പൂമുഖത്ത് ലൈറ്റൊന്നും ഓൺ ചെയ്യില്ലാ ടീച്ചറെ, വീട്ടിൽ ആളുണ്ടോ എന്നു പോലും അറിയാൻ കഴിയില്ല. ടീച്ചറോട് പറയണതില് ഒരു തെറ്റും ല്ല മഹേഷേട്ടാ, ടീച്ചറ് എന്നെ പണ്ട് പഠിപ്പിച്ചിട്ടുള്ളതാ, ആ സ്നേഹം ഇപ്പഴും എൻ്റെ മനസ്സിലുണ്ട് ''
പണ്ടേ ലേശം അസൂയക്കാരിയായിരുന്നു മിനിയെന്ന് വേണി പറഞ്ഞത് മനസ്സിൽ ഓർത്തെങ്കിലും തൂക്കുവിളക്കിലെ കരിന്തിരിയും, വറ്റിത്തീർന്ന എണ്ണ വിളക്കിൽ കോറിയിട്ട രജതരേഖകളും മാത്രം മതിയായിരുന്നു, മഹേഷിൻ്റെ മിനി പറഞ്ഞതയും ശരിയാണെന്നു തെളിയാൻ.
വീട്ടിൽ പാചകം ഒന്നും ഇല്ലാത്തതിനാൽ എല്ലാം പുറമേ നിന്ന് ഓർഡർ ചെയ്തു വരുത്തുന്ന ശീലമാണിവിടെ. സിന്ധുജയ്ക്ക് അടുക്കളയിൽ കയറുന്ന തത്ര ഇഷ്ടമല്ലയത്രെ!
. ഞങ്ങൾകൊണ്ടുവന്നപാചകസാമഗികളുംവേണിയുടെകൈപ്പുണ്യവും കൊണ്ട് രുചി സമൃദ്ധമായ വിഭവങ്ങൾ സിദ്ധാർത്ഥിൻ്റെ കണ്ണു നിറച്ചു, മനസ്സും.വീട് ജീവസ്സുറ്റതാക്കാൻ വേണ്ടി വേണി ചെയ്യുന്ന കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് സിദ്ധാർത്ഥ് സദാ കൂടെയുണ്ടായിരുന്നു.
ഒരാഴ്ചകൊണ്ട് വീട് ശരിയ്ക്കും നല്ല വീടാക്കി തിരിച്ചുപോരാൻ തിരക്കുകൂട്ടുമ്പോൾ ഞങ്ങളെ ഒരാഴ്ച കൂടി കൂടെ നിർത്താനുളള കഠിന ശ്രമത്തിലായിരുന്നു സിദ്ധാർത്ഥ് ,അമ്മയുടെ പാചകത്തിൻ്റെ രുചി അവന് മതിയായില്ലാത്രേ !.
ഞായറാഴ്ച നടത്താമെന്ന് സമ്മതിച്ച ഗാനമേളയുടെ പേരുപറഞ്ഞ് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ അരികിൽ നിന്ന മകനോട് സൂചിപ്പിച്ചില്ലെങ്കിലും മനസ്സിൽ ഓർത്തു, -പാവം കുട്ടി!അവൻ്റെ ജീവിതത്തെക്കുറിച്ചോർത്തു ഭയം തോന്നി, ഒപ്പം പഴയപടിയാകുന്ന വീടിനെക്കുറിച്ചും. തങ്ങളായിട്ട് അവരുടെ സ്നേഹത്തിലും ജീവിതത്തിലും താളപ്പിഴകളുണ്ടാകേണ്ട എന്ന് കരുതി മൗനമണിഞ്ഞു കൊണ്ട് ഒരു യാത്രാമൊഴി.
അഞ്ചു മണിക്കൂർ നീണ്ടയാത്ര കഴിഞ്ഞ് വീട്ടിലെത്തിയിട്ടും വേണിയുടെ മുഖം തെളിഞ്ഞില്ല.
''ടീച്ചർ പേടിക്കേണ്ട!എല്ലാം ശരിയാകുംന്നേ, ശരിയാകാതെ എവിടെ പോകാൻ " വാക്കുകളിൽ കഴിയുന്നത്ര ഊർജ്ജം നിറച്ചു കൊണ്ട് ആശ്വസിപ്പിക്കും നേരവും എൻ്റെയുള്ളിൽ സംശയം നുരയിടുന്നുണ്ടായിരുന്നു, ശരിയാകുമോ ദൈവമേ!
എറണാകുളത്തു നിന്ന് തിരിച്ചു വന്നിട്ട് ഒരാഴ്ച്ചയാകുന്നു. അവിടെ
സിന്ധുജ തിരിച്ചെത്തിയിട്ടുണ്ടാകും.
വിഭവങ്ങൾ എല്ലാം മേശമേൽ നിരത്തി രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പതിവുപോലെ സിദ്ധാർത്ഥിനെക്കുറിച്ചോർത്തു. ഇന്ന് സ്വിഗ്ഗിയോ, സൊമാറ്റോയോ രാത്രി ഭക്ഷണത്തിൻ്റെ പ്രായോജകർ? അതോ ഉമ്പർ ഈറ്റ്സോ?
വേണിയുണ്ടാക്കിയ ഫ്രൈഡ് റൈസിൻ്റെ കൊതിപ്പിക്കുന്ന ഗന്ധം! മധുരവും ഉപ്പും പുളിയും മത്സരിക്കുന്ന ഈന്തപ്പഴപ്പിക്കിൾ നാവിൻ്റെ അതിർത്തിയും പിന്നിട്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയ്ക്കുമ്പോൾ പതിവുപോലെ സിദ്ധാർത്ഥിൻ്റെ കുശലാന്വേഷണം - "ഭക്ഷണം കഴിച്ചൊ അച്ഛനുമമ്മയും?"
"കഴിച്ചു തുടങ്ങുന്നേയുള്ളു. നിങ്ങളോ ?''
" ഇവിടെ കഞ്ഞിയും ചെറുപയർ തോരനും പപ്പടം വറുത്തതും "
" സ്വിഗ്ഗി കഞ്ഞിവില്പനയും തുടങ്ങിയോ?
" രണ്ടു മണിക്കൂർമുൻപ് ഇവിടെ നല്ലൊരു ഇടി മുഴങ്ങി. തുടർന്ന് , സിന്ധുവിൻ്റെ കണ്ണുനീർ പേമാരിയും. സൊമാറ്റോയ്ക്ക് ഓർഡർ കൊടുക്കുന്നതു നിറുത്തി, ടേബിളിൽ കഞ്ഞിയും പയറും റെഡി. ഇത്തിരി നേരത്തേ വേണ്ടതായിരുന്നുവല്ലേ അച്ഛാ.? കൊള്ളേണ്ടതു കൊള്ളേണ്ട പോലെ കൊള്ളുമ്പോൾ ഇരിയ്ക്കുന്നവർ ഇരിയ്ക്കേണ്ടിടത്തിരിയ്ക്കും."
"മോനേ, നീ? സിന്ധൂനെ......' '? വേണ്ടായിരുന്നു......, "
"ഒന്നേ വേണ്ടിവന്നുള്ളു അച്ഛാ, അപ്പൊഴേയ്ക്കും നന്നായി. അവളുടെ അച്ഛൻ നേരത്തേ തന്നെ കൊടുക്കാൻ മറന്നത് ഞാനിപ്പോൾ കൊടുത്തു.
അത്രേയുള്ളു "
"പിന്നെ,അച്ഛാ, അവിടെയെന്തൊക്കെയാണ് വിഭവങ്ങൾ?"
"ഇവിടെ നല്ല ചൂടൻ ഫ്രൈഡ് റൈസ്, സാലഡ്, പപ്പടം, പിന്നെ ഉശിരൻ ഈന്തപ്പഴപ്പിക്കിൾ.അടിപൊളി സ്വാദ്"
" അച്ഛന് സാധാരണ ഹോട്ടൽ ഫുഡ് ഇഷ്ടപ്പെടാറില്ലല്ലോ?ഇതേത് പുതിയഹോട്ടൽ?"
ചിരിയടക്കിക്കൊണ്ടു മറുപടി പറഞ്ഞു "ഇതു പഴയ ഹോട്ടൽ തന്നെയാണ്. വിഭവം പുതിയതാണെന്നു മാത്രം.നീയറിയും -വേണീ 'സ് റെസ്റ്റൊറൻ്റ്.
"ഓ, നമ്മൾ വേണീ 'സ് റെസ്റ്റോറൻ്റ് എന്നു പേരിട്ടു വിളിച്ച നമ്മുടെ അടുക്കള. അമ്മയുടെ സ്വന്തം സാമ്രാജ്യം"
മറുതലക്കൽ സിദ്ധാർത്ഥിൻ്റെ ചിരി മുഴങ്ങി. എൻ്റെ മനസ്സിൽ ആശ്വാസത്തിൻ്റെ തണുപ്പു വീണു. അവിടെ അന്തരീക്ഷം കലുഷിതമല്ല.
"നാളെ ഞായറല്ലേ?എന്താ അച്ഛനുമമ്മയ്ക്കും പരിപാടി?"
"നാളെ ഞങ്ങൾ നടത്തുന്ന ധ്വനിയുടെഗാനമേളയുണ്ട്. "
പിന്നെ അനൗൺസ്മെൻ്റ് പോലെ ശബ്ദമുയർത്തിപ്പറഞ്ഞു
'"മുഖ്യ ഗായകൻ ഗംഗാധരൻ മാസ്റ്റർ . ഫീമെയിൽ വോയ്സ് കം കീ ബോർഡ് - കൃഷ്ണവേണി ടീച്ചർ "
മറുതലയ്ക്കൽ അത്ഭുതത്തിൻ്റെ നിറവ്, ശബ്ദത്തിലാകെ.
" അമ്മയുടെ കീബോർഡ്? അച്ഛൻ ശരിയ്ക്കും ഭാഗ്യവാനാണ്.അമ്മയെപ്പോലൊരു ഭാര്യ - ശരിയ്ക്കും ബംബർ ലോട്ടറിയാണച്ഛാ. അമ്മ വെറുമൊരു ഭാര്യയല്ല, ഒരു പ്രസ്ഥാനമാണ് "
അവൻ്റെ വാക്കുകൾക്ക് ബാക്കിയെന്നോണം ഞാനറിയാതെ കൂട്ടിച്ചേർത്തു."അതെ. വേണി ടീച്ചർ
ഒരു പ്രസ്ഥാനം തന്നെയാണ്,
വേണീ 'സ് റെസ്റ്റോറൻ്റ്
വേണീ 'സ് കറി പൗഡർ
വേണീ 'സ് ബൂട്ടിക്
വേണീ 'സ് ഹെയർ ഡ്രസിംഗ് സലൂൺ അൻഡ് സ്പാ.
ഒടുവിലത്തേത് മറ്റാർക്കുമറിയാത്ത രഹസ്യമാണ്.കഴിഞ്ഞ മുപ്പതാണ്ടുകളായി മറ്റുള്ളവരുടെ മനം കവരുന്ന എൻ്റെ ഹെയർസ്റ്റൈലിൻ്റെ രഹസ്യം !
ഡോ.വീനസ് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot