നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്റർനെറ്റ് ഉപയോഗം - ചില ചിന്തകൾ


ഇന്നു കണ്ട ഒരു വാർത്തയാണ് ഇതെഴുതാൻ ആധാരം. എഴുപത്തഞ്ചുകാരിയെ പലർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. വേറെവിടെയെങ്കിലുമല്ല. നമ്മുടെ കേരളത്തിൽ. ആ വാർത്തയ്ക്കു താഴെ ആരോ ഒരു കമന്റ് ഇട്ടിരിക്കുന്നു. ആ വല്യമ്മച്ചി ചരക്കായിരിക്കും എന്ന്. ഒരുപക്ഷെ ആ വാർത്തയേക്കാൾ വേദനിപ്പിച്ചത് ആ കമന്റാണ്. നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്?
ഞാൻ തനിയെ നാട്ടിൽ പോകുമ്പോൾ എറണാകുളത്തുള്ള സുഹൃത്ത് രാജിയുടെ വീട്ടിൽ രണ്ടുദിവസം തങ്ങാറുണ്ട്. സാധാരണ എയർപോർട്ടിൽ നിന്ന് തന്നെ സിംകാർഡ് എടുത്തിട്ടാകും വെളിയിലിറങ്ങുക. അത്തവണ അകത്തു നിന്ന് സിം കാർഡ് എടുത്തില്ല. അന്ന് വൈകിട്ട് ഞാനും രാജിയും കൂടി അടുത്തുള്ള മൊബൈൽ കടയിൽ ചെന്നു. അവിടെ റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരുന്നു.
സിം കാർഡ് എടുത്ത്, അത് ആക്ടിവാകാൻ കുറച്ചു സമയമെടുക്കുമെന്നതിനാൽ ഞങ്ങൾ അവിടെയുള്ള കസേരകളിൽ ഇരുന്നു.
അവിടെ ഇരുന്ന അരമണിക്കൂർ കൊണ്ട് പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള പത്തു കുട്ടികളെങ്കിലും net റീചാർജ് ചെയ്യാൻ വന്നു. അതിൽ അഞ്ചു പേരും പതിനഞ്ചു വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു.
പതിനാലോ പതിനഞ്ചോ വയസ്സ് തോന്നിക്കുന്ന നാലുകുട്ടികൾ വന്ന് മൊബൈൽ ഫോണിന്റെ വിലചോദിച്ചു. അയ്യായിരത്തിൽ താഴെ വിലയുള്ള വലിയ സ്‌ക്രീനുള്ള ഫോണായിരുന്നു അവർക്കു വേണ്ടിയിരുന്നത് എന്നു തോന്നുന്നു. കുറെ ഫോണുകൾ തിരിച്ചും മറിച്ചും നോക്കി വില ശരിയാകാതെ അവർ ഇറങ്ങിപ്പോയി.
അന്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള ഒരു മനുഷ്യൻ വന്ന് ഷോപ്പുടമയോട് എന്തോ രഹസ്യമായി ചോദിച്ചു. ഒരു വല്ലാത്ത ചിരിയോടെ നാളെ എന്ന കടയുടമയുടെ മറുപടി കേട്ട് ഒരു വളിച്ച ചിരിയോടെ അയാൾ ഇറങ്ങാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങളെ ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. നല്ല അയഞ്ഞ ഷർട്ടും ജീൻസുമാണ് ഇട്ടിരുന്നതെങ്കിൽ കൂടി അയാളുടെ നോട്ടത്തിൽ ഞാൻ ചൂളിപ്പോയി.
ഇതിനിടയിൽ മൂന്നോ നാലോ ഭയ്യമാർ വന്ന് റീചാർജ് ചെയ്തു പോയി. ചില ഫ്രീക്കന്മാരും. ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആദ്യം വന്ന കുട്ടികൾ വീണ്ടും കയറി വന്നു. നേരത്തെ കണ്ടിഷ്ടപ്പെട്ട ആറായിരത്തഞ്ഞൂറു രൂപ വിലയുള്ള ഫോൺ അവർ വാങ്ങി. മിനിറ്റുകൾക്കുള്ളിൽ അവർ ആയിരത്തഞ്ഞൂറു രൂപ സംഘടിപ്പിച്ചിരുന്നു.
എന്തിനായിരിക്കും അവർക്ക് ആ ഫോൺ? എവിടെ നിന്നായിരിക്കും അത്രയും പണം?
രണ്ടു മൂന്നു വർഷം മുൻപാണ് ഈ സംഭവം. ഇപ്പോൾ എല്ലാ കുട്ടികളുടെ കയ്യിലും ഫോണുണ്ട്. അവർ കരഞ്ഞുകാണിക്കുമ്പോൾ അല്ലെങ്കിൽ ഒരുനേരം പട്ടിണി കിടക്കുമ്പോൾ മാതാപിതാക്കൾ അവർക്കു ഫോൺ വാങ്ങി നൽകുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ഫോൺ സ്വന്തമാക്കാൻ ഓൺലൈൻ പഠനം എന്ന അനുയോജ്യമായ ന്യായവുമുണ്ട്.
പക്ഷെ ആ ഫോണിൽ അവർ എന്താണ് കാണുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? രാത്രിയിൽ മുറിയടച്ചിരുന്ന് അവർ എന്തു ചെയ്യുകയായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?
ഒരുപക്ഷെ അവരുടെ മൊബൈൽ സ്‌ക്രീനിൽ കൗമാര കാമനകളെ തൃപ്തിപ്പെടുത്താനും ഊറ്റംകൊള്ളിക്കാനും കഴിവുള്ള സുന്ദരിമാർ തുണിയുരിഞ്ഞു നിൽപ്പുണ്ടാവും. അല്ലെങ്കിൽ കണ്ടുമടുത്ത രതിവൈകൃതങ്ങളിൽ പുതുമ തിരയുകയാവും.
ആ കാഴ്ചകൾ പകർന്നു നൽകുന്ന ഊർജ്ജം സ്വയംഭോഗത്തിനും ശമിപ്പിക്കാനാവാതെ വരുമ്പോൾ അവർ ആദ്യം അയല്പക്കത്തെ കുട്ടികളെ നോട്ടമിടും. അവരെ കിട്ടാതെ വരുമ്പോൾ സ്വന്തം വീട്ടിലെ കുട്ടികളിൽ പരീക്ഷണങ്ങൾ നടത്തും.
അവരുടെ മുൻപിൽ അമ്മയോ അമ്മൂമ്മയോ ഒന്നുമില്ല. അവർ പെങ്ങൾ വസ്ത്രം മാറുന്നിടത്തും 'അമ്മ കുളിക്കുന്നിടത്തും ഒളിഞ്ഞു നോക്കും. അത് മൊബൈലിൽ പകർത്തി ബാട്ടർ സമ്പ്രദായത്തിൽ കൂട്ടുകാരനു നൽകും. അവർ ഇന്ന് അയല്പക്കത്തെ എഴുപത്തഞ്ചുകാരിയെ ബലാത്സംഘം ചെയ്യും. നാളെ സ്വന്തം പെങ്ങളെയും അമ്മയെയും.
പെൺകുട്ടികളും മോശമല്ല. നെറ്റ് തീർന്നുപോയപ്പോൾ എന്തോ സെർച്ച് ചെയ്യാൻ അയല്പക്കത്തെ പെൺകുട്ടിയുടെ മൊബൈൽ വാങ്ങിയ ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. അമ്മാതിരി ദൃശ്യങ്ങളായിരുന്നു ഫോണിൽ നിറയെ.
പ്രിയപ്പെട്ടവരെ, മക്കളെ ശ്രദ്ധിക്കുക. അവരെ സൂക്ഷിക്കുക. ഒരു പതിനാറു വയസ്സുവരെയെങ്കിലും മുറികളിൽ മോബൈൽ ഫോണും മറ്റു ഗാഡ്ജെറ്റ്സും അനുവദിക്കാതിരിക്കുക. കംപ്യൂട്ടറുകൾ പൊതു ഇടങ്ങളിൽ വയ്ക്കുക. പതിനെട്ടു വയസുവരെയെങ്കിലും ഗാഡ്ജറ്റ്‌സുമായി ഉറങ്ങാൻ പോകാൻ അനുവദിക്കാതിരിക്കുക. രാത്രികാലങ്ങളിൽ അവർ ഉറങ്ങുന്നതെപ്പോഴാണെന്നു ശ്രദ്ധിക്കുക. പല കുട്ടികൾക്കും ശരിയായ ഉറക്കം കിട്ടാറില്ലത്രേ.
മൊബൈൽ ഫോൺ ഇടയ്ക്കിടെ പരിശോധിക്കുക. അവയിൽ പേരന്റൽ കൺട്രോൾ ഇൻസ്റ്റാൾ ചെയ്യുക. ഇത്രയും വിലകൂടിയ ഫോണും അതിൽ ആവശ്യാനുസരണം നെറ്റും കൊടുക്കാനുള്ള കാശു നിങ്ങൾക്കുണ്ടെങ്കിൽ പേരന്റൽ കൺട്രോൾ ഇൻസ്റ്റാൾ ചെയ്യാനുള്ള കാശു മുടക്കാൻ നിങ്ങൾക്കാവില്ലേ? അതിന് അധികം കാശൊന്നും ആവില്ല.
അല്ലെങ്കിൽ നാളെ നമ്മുടെ മക്കളും പീഡനത്തിനും ബലാത്സംഗത്തിനും പിടിയിലാകും. നിങ്ങൾക്ക് ഉന്നതങ്ങളിൽ പിടിപാടൊന്നും ഇല്ലെങ്കിൽ അവർ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.
ചിലപ്പോൾ അവരുടെ ഇര നിങ്ങളുടെ മകളാകും. അല്ലെങ്കിൽ നിങ്ങളുടെ ഭാര്യ. അല്ലെങ്കിൽ അമ്മ. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
അമ്മ വേലിചാടിയാൽ മകൾ തോടു ചാടും എന്നൊരു ചൊല്ല് ഈയവസരത്തിൽ ഓർക്കുന്നത് നല്ലതാണ്. ഇക്കാര്യത്തിൽ മക്കളെ ഉപദേശിക്കാൻ ചെല്ലുമ്പോൾ നമ്മളാണ് റോൾ മോഡൽ എന്ന് അവർ പറയാനിടവരുത്താതിരിക്കുക.
(ഇന്റർനെറ്റ്‌ ഉപയോഗമാണ് എല്ലാ പീഡനങ്ങൾക്കും ബലാൽസംഗങ്ങൾക്കും കാരണം എന്ന് ലഘൂകരിച്ചതല്ല. അതും ഒരു കാരണം തന്നെയാണ് എന്നു പറയാനാണ് ശ്രമിച്ചത്. എനിക്ക് അടുത്തറിയാവുന്ന ഒരു മൂന്നുവയസ്സുകാരിക്ക് പ്ലസ് ടു ക്കാരനായ അവളുടെ അമ്മാവനിൽ നിന്നുണ്ടായ ദുരനുഭവമാണ് അങ്ങനെചിന്തിക്കാൻ കാരണം )
.
എഴുതിയത് :
ലിൻസി വർക്കി 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot