Slider

ഉണ്ണിക്കണ്ണൻ (കഥ)

0

കല്ല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലത്തിനു ശേഷമാണ് അവർക്ക് കുട്ടികൾ ഉണ്ടാകുന്നത്, അതും ഇരട്ടക്കുട്ടികൾ..!!
നാട്ടുകാരും വീട്ടുകാരും ഒത്തിരി സന്തോഷിച്ചു.ആ രണ്ട് തക്കിടു മുണ്ടന്മാരെ അച്ഛനും അമ്മയ്ക്കും വരെ തിരിച്ചറിയാൻ പറ്റാതെ വരും ചില നേരങ്ങളിൽ.അത്രയ്ക്ക് ഒരു പോലേയാണ് രണ്ടിൻ്റേം കളിയും ചിരിയും മറ്റും.
കണ്ണനും ഉണ്ണിയും പരസ്പരം പേര് മാറ്റി പറഞ്ഞ് അവരുടെ മുത്തച്ഛനേം പറ്റിക്കാറുണ്ട് പലപ്പോഴും.ഇത് കണ്ട് മാറി നിന്ന് അവരുടെ അച്ഛനും അമ്മയും ചിരിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ മാസം അഞ്ചാമത്തെ പിറന്ന നാളായിരുന്നു ഉണ്ണി കണ്ണന്മാരുടെ. എവിടെ പോകുമ്പോഴും ഒരാളെ മുന്നിലും മറ്റയാളെ ബൈക്കിൻ്റെ പിന്നിലിരുത്തിയാണ് പോകാറ്. അന്ന് കേക്ക് വാങ്ങാൻ പോയതും തിരികെ വന്നപ്പോൾ മഴ പെയ്തതും ഇന്നലെ കഴിഞ്ഞ പോലെ തോന്നി അയാൾക്ക്.
മഴ നനഞ്ഞ് ഈറനോടെ വീട്ടിലെത്തിയപ്പോൾ പിള്ളേരെ എന്തിനാടാ കൂടെ കൂട്ടിയതെന്ന് ചോദിച്ച് അമ്മ രണ്ടിൻ്റെം തല തുവർത്തി. കേക്ക് മുറിയൊക്കെ കഴിഞ്ഞ് കിടക്കാൻ നേരം കണ്ണന് നേരിയ ചൂടുണ്ടായിരുന്നു.
ഒരാൾക്ക് വന്നാൽ മറ്റെയാൾക്കും പതിവായിരുന്നു പനി. പക്ഷേ രാവിലെ തൊട്ട് നോക്കുമ്പോൾ കണ്ണന് മാത്രമായിരുന്നു ചൂട്.
എണീറ്റയുടനെ ആശുപത്രിയിൽ കൊണ്ട് പോയി കാണിക്കാം ആ ചിന്തയിൽ അയാൾ അന്ന് ജോലിക്ക് പോയില്ല.
പത്ത് മണി ആയിട്ടും ഉണ്ണി എണീറ്റില്ല.കണ്ണൻ പനി ചൂടിൽ അമ്മയുടെ മടിയിൽ ഇരുന്ന് ചിണുങ്ങുന്നുണ്ടായിരുന്നു.
ഉണ്ണി എഴുന്നേല്ക്കുന്നതിന് മുന്നേ പോയാലോ...? അല്ലെങ്കിൽ അവനും കൂടെ വരാൻ ശാഠ്യം പിടിക്കും. മറുപടിക്കായ് അയാൾ അവളെ നോക്കി.
രണ്ട് പേരേയും കൂട്ടാം വരുന്ന വഴി ഡ്രെസ്സ് ഒക്കെ വാങ്ങാം, ഇത്തവണ സ്കൂളിൽ ചേർക്കാനുള്ളതാണ്.അത് പറഞ്ഞിട്ടവൾ ഉണ്ണിയെ വിളിക്കാനായ് അകത്തേക്ക് പോയി.
ഏട്ടാന്നുള്ള വിളി കേട്ട് അയാളോടി അകത്തേക്ക് ചെന്നു. അവനെണീക്കുന്നില്ലേട്ടാ...അവളുടെ ഉച്ചത്തിലുള്ള നിലവിളി അയാളെ തളർത്തിക്കളഞ്ഞു.
ഉണ്ണിയുടെ ശരീരം തണുത്ത് മരവിച്ചിരിക്കുന്നു....!
മനസ്സിനേറ്റ മരവിപ്പ് മാറാൻ പിന്നേയും നാളേറേയെടുത്തു.
പക്ഷേ പിന്നീട് ഒരിക്കൽ പോലും കണ്ണൻ,ഉണ്ണിയെ തിരക്കിയിട്ടില്ല. ഇരട്ടകളിൽ ഒന്ന് പോയാൽ മറ്റേതിനും ആയുസ്സ് അധികം ഉണ്ടാവില്ലെന്ന് അടക്കം പറയുന്നത് കേട്ട് നെഞ്ച് പിളരുന്നുണ്ടായിരുന്നു പലപ്പോഴും.
ഒരു വർഷം വരെ ആപത്തൊന്നും വരാതെ ശ്രദ്ധിച്ചാൽ മതി പിന്നെ എല്ലാം ഈശ്വരൻ കാത്തോളും ഉണ്ണീടെ സഞ്ജയന കർമ്മങ്ങൾക്ക് ശേഷം ജോത്സ്യൻ പറഞ്ഞ വാക്കുകളായിരുന്നത്.കണ്ണന് ഒരാപത്തും കൂടാതെ കൃഷ്ണമണി പോലെ അവർ കാത്ത് സൂക്ഷിച്ചു.
അവൾ നേർച്ച നേരാത്ത അമ്പലങ്ങളില്ല, പോകാത്ത പള്ളികളില്ല. ഏട്ടാ ഞാനിനി എങ്ങോട്ടും ഇല്ല, ഇനിയും നമ്മുടെ കണ്ണനെ കൊണ്ട് പോകാനാണ് ഈശ്വര നിശ്ചയമെങ്കിൽ ഒരു മുഴം കയറിൽ നമ്മുക്കും പോകാം കൂടെ....!കൈകൾ കൂട്ടി പിടിച്ച് അവളത് പറയുമ്പോൾ അയാളും മനസ്സിൽ ഉറപ്പിച്ചിരുന്നു...!!
വർഷം ഒന്നാകുന്നു ഉണ്ണി പോയിട്ട്.ആണ്ട് ബലിയൊക്കെ കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷം അയാൾ വെളിയിലേക്ക് പോകാൻ ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ കണ്ണനും ഓടി വന്നു.
ഞാനും വരുന്നച്ഛാന്ന് പറഞ്ഞ് അവനും ചാടി കയറി മുന്നിലിരുന്നു. വണ്ടിയുടെ കണ്ണാടിയിൽ പിടിച്ചിട്ട് കണ്ണൻ പറഞ്ഞു ദേ അച്ഛാ നമ്മുടെ ഉണ്ണി..!
അയാൾ ഒരു നിമിഷം തരിച്ചിരുന്നുപോയി.കണ്ണാടിയിൽ തൻ്റെ മുഖം കണ്ട കണ്ണൻ വീണ്ടും വിളിച്ചു ഉണ്ണീ.... നീയിത്രയും നാളിതിനകത്ത് ഒളിച്ചിരിക്കുകയായിരുന്നോടാ......!!!
By
ഷെർബിൻ ആന്റണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo