നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവർ (നീണ്ടകഥ - അവസാനഭാഗം )


പെണ്ണെന്നുള്ള പരിഗണന പോയിട്ട് ഒരു മനുഷ്യജീവിയെന്ന കരുണ പോലുമില്ലാതെ അമ്മയും മകനുമെന്നെ ചവിട്ടി മെതിച്ചു..
അടിവയറ്റിലേക്ക് കിട്ടിയ ഓരോ ചവിട്ടിലും പ്രാണൻ പിടയുന്ന വേദനയോടെ ഞാൻ തേരട്ടയെ പോലെ ചുരുണ്ട് പോകുമ്പോഴും പഞ്ഞി നിറച്ച തലയിണയിൽ ചവിട്ടി നിൽക്കുന്ന സുഖത്തോടെ അവരത് ആസ്വദിക്കുന്നുണ്ടായിരുന്നു.
എഴുന്നേറ്റ് നിൽക്കാനാവാത്ത വിധം തളർന്നുകിടന്ന ഞാൻ മരിച്ചുപോകുമേയെന്ന് ഭയന്നാകും അയാൾ അജയനെ വിളിച്ചു വരുത്തി പരിശോധിപ്പിച്ചു..
"കുഞ്ഞേ ബസ് സ്റ്റാൻഡിന്റെ ഉള്ളിലേക്ക് കയറ്റണോ..എവിടേക്ക് പോകാനുള്ള ബസാണ് നോക്കേണ്ടത്.."
ചിന്തകളെ കീറിമുറിച്ച് ഓട്ടോക്കാരന്റെ ശബ്ദം അലയടിച്ചെത്തി.. അകത്തേക്കെന്ന് ഞാൻ വിരൽ ചൂണ്ടി.
ഓർമ്മകൾക്ക് പോലും ഉലയിൽ ചുട്ടുപഴുത്ത ലോഹത്തിന്റെ ചൂടാണെന്ന് ജ്വരം ബാധിച്ച ഉടൽച്ചൂടിലൂടെ ഞാനറിഞ്ഞു..
ജീവിക്കണമെന്നുള്ള അതിയായ ആഗ്രഹം..എല്ലാത്തിനും സമ്മതം മൂളിയതുപോലെ അവർക്ക് മുൻപിൽ പിന്നെയും ജീവിക്കേണ്ടി വന്നു.
അധിക ദിവസം മുൻപോട്ട് പോകേണ്ടിവന്നില്ല മാസമൊന്ന് തികയാൻ രണ്ട് ദിവസം കൂടി ബാക്കിയുള്ളപ്പോൾ തറവാട്ടിലെ ഒരു ചടങ്ങിന് രണ്ടുപേരും എത്തണമെന്ന അച്ഛന്റെ വാശിയിൽ ഞങ്ങൾ വീട്ടിലെത്തി..
അന്ന് ഞാൻ മടങ്ങാൻ കൂട്ടാക്കിയില്ല..
ഇനി ഇങ്ങനൊരു വഴി തുറന്നു കിട്ടുമോയെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്ന എനിക്ക് ദൈവമായി തെളിയിച്ച വഴി..
പക്ഷേ വഴി തുറന്ന് തന്ന് വഴിയിലെ കല്ലും മുള്ളും ആഴമേറിയ കൊക്കയും എനിക്കായി കരുതിവച്ച് ഈശ്വരൻ അദ്ദേഹത്തിന്റെ പാട്ടിന് പോയി.
ഭർത്താവിനൊരു ബന്ധമുണ്ടെന്നും അതാരാണെന്ന് അറിയില്ലെന്നും കൂടെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും അറിയിച്ചതിന് ആർക്കും പ്രത്യേകിച്ചൊരു ഭാവമാറ്റവും ഉണ്ടായില്ല.
കുറച്ചു ദിവസമായി അയാളെ സംശയരോഗത്തോടെയാണ് ഞാൻ നോക്കുന്നതെന്നും അതിൽ ശ്രീകുമാർ അത്യധികം സങ്കടത്തിലാണെന്നും മരുമകനോടുള്ള സഹതാപം മുഴുവൻ വാക്കുകളിൽ പുരട്ടി അമ്മ അച്ഛനോടും ആങ്ങളയോടും വിശദീകരിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഒരു മുഴം മുൻപേ അയാൾ കുരുക്ക് എറിഞ്ഞിരുന്നു പക്ഷേ അത്ഭുതപ്പെടുത്തിയത് എന്നെയല്പം പോലും വിശ്വസിക്കാത്ത വീട്ടുകാരെയോർത്തായിരുന്നു.
അയാളെ അവിശ്വസിക്കാൻ മാത്രമൊന്നും ഇല്ലെന്നും ഇന്ന് വരെ ഒരു വാക്ക് കൊണ്ട് പോലും ആ വീട്ടുകാരോ ഭർത്താവോ നിന്നെ വേദനിപ്പിച്ചിട്ടുണ്ടോയെന്നും സ്വന്തം അമ്മയെന്നെ ക്രോസ്സ് വിസ്താരം നടത്തുമ്പോൾ അമ്മയും മകനും ചവിട്ടിമെതിച്ച രാത്രിയും പനിച്ചൂടും ഓര്മകളിലേക്കൊടിയെത്തി..
ആരോടും ഒന്നും വിശദീകരിച്ചില്ല ദിവസങ്ങൾ കടന്നുപോകുന്തോറും ഞാനിനി തിരിച്ചുപോകില്ലെന്ന് ഏകദേശം ഉറപ്പായ കുഞ്ഞാങ്ങള സൂചിപ്പിച്ചത് നാളെ എനിക്കും ഒരു ജീവിതമുണ്ടാകുമ്പോൾ പെങ്ങള് ബന്ധമൊഴിഞ്ഞു നിൽക്കുകയാണെന്ന് പറയാൻ ബുദ്ധിമുട്ടെന്നായിരുന്നു..
പിടിച്ചു നിൽക്കാൻ ശ്രമിച്ച രണ്ടാഴ്ചയും അമ്മയും അനിയനും കുത്തുവാക്കുകൾ കൊണ്ടെന്നെ പൊതിഞ്ഞു..
മകളേക്കാൾ മരുമകനെയും അയാളുടെ നാടകങ്ങളെയും സ്നേഹിച്ചവർക്ക് മുൻപിൽ ഞാനൊരു സംശയരോഗിയും അയാൾ എല്ലാം തികഞ്ഞൊരു മരുമകനുമായി..
വിവാഹദിവസം അണിഞ്ഞിരുന്ന ആഭരണങ്ങൾ മുഴുവൻ എനിക്കൊരു കരുതലിനായി ആർക്കും കൊടുക്കാതെ വസ്ത്രങ്ങൾ കൊണ്ടുവന്ന ബാഗിൽ ഞാൻ ഒളിപ്പിച്ചു വച്ചിരുന്നു..
മനസാക്ഷി സൂക്ഷിപ്പുകാരിയായ അമ്മാവന്റെ മകൾ സുധ കാണാൻ വന്നപ്പോൾ അവളെയത് ഏല്പിച്ചു . നാളെ എനിക്കൊരു ആവശ്യം വന്നാൽ അവളുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു ..
സ്വർണം അന്വേഷിച്ചവരോട് അയാളുടെ വീട്ടിലെ അലമാരയിലുണ്ടെന്ന് ഉത്തരം നൽകാനും മടിച്ചില്ല.
മധ്യസ്ഥന്മാരും ഉപദേശകരും പെൺകുട്ടിയുടെ പക്വതക്കുറവ് കൊണ്ടുള്ള എടുത്തുചാട്ടമെന്ന് തിട്ടൂരം ചൊല്ലി വീണ്ടുമെന്നെ ആ വീട്ടിലേക്ക് പരീക്ഷണാർത്ഥം മടക്കിയയച്ചു..
ശരിയാകില്ലെന്ന് ഉറപ്പുള്ള ഒരു ബന്ധം ! കൈകാലിട്ടടിച്ചാലും സ്വയം നഷ്ടപെടുത്തിയാലും എങ്ങുമെത്തില്ലെന്ന് എനിക്കുറപ്പായിരുന്നു..
എങ്കിലും അനുസരണയുള്ള ഒരു പട്ടികുഞ്ഞിനെ പോലെ ഞാനാ വീട്ടിൽ ക്ഷമയോടെ കാത്തിരുന്നു..
അയൽക്കാർക്ക് മുൻപിലും വീട്ടുകാർക്ക് മുൻപിലും എന്നെ സ്നേഹം കൊണ്ട് മൂടാൻ അയാൾ മറന്നില്ല..
ഭാര്യക്ക് വേണ്ടി സമ്മാനങ്ങൾ കൊണ്ടുവരുന്നവനായും ജോലിക്കിടയിൽ ഭാര്യയെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ ഇടക്കിടെ ഫോൺ വിളിക്കുന്ന ഭർത്താവായും ഓരോ രംഗങ്ങളും അയാൾ മികച്ചതാക്കി..
എന്തെല്ലാം ഉണ്ടായിട്ടും ഭവ്യയുടെ മുഖമെപ്പോഴും കടന്നൽ കുത്തിയത് പോലെയാണല്ലോയെന്ന് അടുത്തുള്ളവർ കുശുകുശുക്കുന്നത് കേട്ടില്ലെന്ന് നടിച്ചു..
അഭിനയിക്കാൻ ഞാൻ മോശമാണെന്ന് അമ്മയ്ക്കും അയാൾക്കും അറിയാമല്ലോ..
കിടപ്പറയിൽ ഞാനും അയാളും റെയിൽവേ സ്റ്റേഷനിലെ അപരിചിതരെപോലെ രണ്ട് മൂലകളിൽ കിടക്കും.. അയാളെത്താത്ത രാത്രികളിൽ സ്വാതന്ത്രത്തോടെ സമാധാനത്തോടെ ഞാനുറങ്ങി..
വീട്ടിലുള്ളപ്പോൾ രാത്രി വൈകുവോളവും ആരോടോ അയാൾ ഫോണിൽ ശൃംഗരിക്കുന്നതും സംസാരിക്കുന്നതും പതിവ് കാഴ്ചകളായിരുന്നു..
അപ്പുറമുള്ള പകരക്കാരി ആരെന്ന് അറിയാൻ ഞാൻ ശ്രമിച്ചില്ല അറിയിക്കാൻ അയാളും.
പഠിപ്പിക്കാമെന്ന വാഗ്ദാനം എപ്പോഴോ ഓർമിപ്പിച്ചപ്പോഴാണ് അവരെന്നെ അടിമയാക്കി ഭാര്യയെന്ന പേരിൽ നിർത്താൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും വീടിന് പുറത്തേക്ക് എന്നെ വിടുന്ന വിഷയം ഉദിക്കുന്നില്ലെന്നും അയാൾ പ്രസ്താവിച്ചത്..
ആറുമാസമെന്നല്ല വർഷമെത്ര കഴിഞ്ഞാലും പരസ്പര സമ്മതത്തോടെ വിവാഹമോചനം നടക്കില്ലെന്ന് ബോധ്യമായ അന്ന് ഞാൻ സുധക്ക് മെസേജയച്ചു.. ഇനിയുമെന്നെ ഇവിടെ നിർത്തിയാൽ ഞാൻ സ്വയമൊടുങ്ങുമെന്ന്.
ജീവിക്കാനുള്ള ആഗ്രഹം അത്രമേൽ ശക്തമായി മനസ്സിൽ ഊട്ടിയുറപ്പിച്ച് വരുംവരായ്കളെ മുൻപിൽ കണ്ടുകൊണ്ട് സുധയുടെ നിർദ്ദേശ പ്രകാരം ഞാനാ വീട്ടിൽ നിന്നും വീണ്ടും ഇറങ്ങി..
അവളുടെയും അവളുടെ ഭർത്താവിന്റെയും സഹായത്തോടെ കുറെ ദൂരെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് താമസം മാറ്റാനും പഠിപ്പ് തുടരാനും എനിക്കെന്റെ സ്വർണം വിറ്റ പൈസയുണ്ടായിരുന്നു.
കുടുംബമഹിമയും അനിയന്റെ ഭാവിയും അച്ഛന്റെ സൽപ്പേരും ഓർമിപ്പിച്ച് അച്ഛനും അമ്മയും എനിക്ക് മുൻപിൽ വന്ന് നിന്നിട്ടും എന്റെ മനസിളകിയില്ല..
ചെറിയ പ്രായത്തിൽ തന്നെ സ്വപ്നം കാണാനുള്ള അവകാശം നിഷേധിച്ചവരോടും നോവേല്പിച്ചവരോടും അത്രമേലെന്റെ മനസ്സ് മുറിവേറ്റിരുന്നു.
പിന്നെയുള്ള കൗൺസിലിംഗ് സിറ്റിംഗിനെല്ലാം എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.
പരാതിയിലൊന്നും കഴമ്പില്ലെന്നും അയാൾക്കെന്നെ ജീവനാണെന്നും ബന്ധം പിരിയാൻ ഞാൻ മനപ്പൂർവം കെട്ടിച്ചമച്ച കഥകളാണ് എഴുതികൊടുത്തതെന്നും അയാൾ എനിക്ക് മുൻപിലിരുന്ന് വാദിക്കുന്നുണ്ടായിരുന്നു..
ഒന്നിനും ചെവിയോർക്കാതെ കോടതിക്ക് വെളിയിലേക്കിറങ്ങി വന്ന എനിക്കോർമ വന്നത് അയാൾ ഘോരഘോരം വാദിച്ച് ചോദിക്കുന്ന തെളിവുകൾ നിറഞ്ഞ രംഗങ്ങളായിരുന്നു..
ശരിയാണ് കോടതിക്ക് മുൻപിൽ നിരത്തി വെക്കാൻ എനിക്ക് തെളിവുകളൊന്നുമില്ല എന്റെ കന്യകാത്വം അല്ലാതെ..
വഴക്കിട്ട് ഇടക്കിടെ ഇറങ്ങിപ്പോകുന്ന ഭാര്യയെ നിലക്ക് നിർത്താൻ അമ്മയുടെ നിർബന്ധപ്രകാരം ബലാൽക്കാരമായി കീഴടക്കാൻ ശ്രമിച്ച് എന്റെ മുൻപിൽ തളർന്നിരുന്ന അയാളെ ഞാനെങ്ങനെ തെളിവാക്കും..
പെൺകുട്ടികളോട് എനിക്കത്തരത്തിലുള്ള വികാരമൊന്നും തോന്നാറില്ലെന്ന് അമ്മയോട് പലവട്ടം പറഞ്ഞിട്ടും നിർബന്ധിച്ചും ആത്മഹത്യാ പ്രേരണ മുഴക്കിയും വിവാഹം കഴിപ്പിച്ചതാണെന്ന നിസ്സഹായതയോടെ ഇരുന്ന അയാളെ ആർക്ക് മുൻപിൽ തെളിവായി നിരത്തും ഞാൻ..
"കാമുകിയെന്ന് " ആ നിമിഷം വരെയും തെറ്റിദ്ധരിപ്പിച്ച അജയനെയും കൊണ്ട് മുറിക്കുള്ളിൽ കയറി ഭാര്യയെ വലിച്ചു പുറത്തേക്കിട്ട് ഭാര്യക്ക് മുൻപിൽ ഉദ്ധരിക്കാതിരുന്ന ആണത്തം പ്രകടിപ്പിച്ചതും അമ്മയോടുള്ള വാശി തീർത്തതും ആർക്ക് മുൻപിൽ തെളിയിക്കും..
പുരുഷനെയാണ് മകൻ സ്നേഹിക്കുന്നതറിഞ്ഞ് കുടുംബമഹിമ കാത്തുസൂക്ഷിക്കാൻ പക്വതയില്ലാത്ത ഒരു ചെറുപെണ്ണിന്റെ സ്വപ്‌നങ്ങൾ തല്ലികെടുത്തി മകന്റെ ഭാര്യയാക്കിയ അമ്മയെ ഞാനെവിടെ സാക്ഷിയാക്കും..
ഒരേ ലിംഗക്കാർ ഒരുമിച്ചു ജീവിക്കുന്നതും സ്നേഹത്തോടെ കുടുംബം നടത്തുന്നതും നിയമവിധേയമായ രാജ്യത്ത് സ്വന്തം സ്വത്വം മറച്ചുവെച്ച് ഒരു പെൺകുട്ടിയുടെ ജീവിതം പന്താടുന്നത് എവിടുത്തെ ന്യായമാണ്..
അജയനുമൊത്തുള്ള ബന്ധം അയാൾ നിയമപരമായി തന്നെ തുടർന്നോട്ടെ.. പേരിനൊരു ഭാര്യയായി ചൊല്ലുവിളിയുള്ള മരുമകളായി ജീവിക്കാൻ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിട്ടും കഴുത്തിലെ കെട്ടഴിക്കാൻ സമ്മതിക്കാതെ അടിമയായി ജീവിക്കാൻ നിർബന്ധിക്കുന്നത് എന്തിന്..
ആർക്ക് മുൻപിലും ഒന്നും തെളിയിക്കണ്ട.. ഒന്നരമാസത്തോളമുള്ള ദാമ്പത്യം തന്നത് ഒരായുസ്സിലേക്കുള്ള ഓർമകളാണ്..
ഒത്തുപോകാൻ കഴിയാത്ത അഹങ്കാരിയും പിടിവാശിക്കാരിയായ ഭാര്യയുമായി ഞാനിരുന്നോട്ടെ..
എനിക്കായി അവർ ജാരന്മാരെ സൃഷ്ടിച്ചോട്ടെ..
അങ്ങനെയെങ്കിലും ഇഷ്ടപെട്ടവനോടൊപ്പമുള്ള ജീവിതത്തിൽ അയാളും ആർക്ക് മുൻപിലും അടിമയാകാതെ സ്വാതന്ത്രം ആസ്വദിച്ച് എനിക്കും ജീവിക്കണം..
മുൻപിലുള്ള വഴിയെല്ലാം വിജനമാണ് പക്ഷേ തനിച്ചാണെങ്കിലും മുൻപോട്ട് നടക്കാനുള്ള ഉൾക്കരുത്ത് വിദ്യാഭ്യാസത്തിലൂടെയും ഒരു ജോലിയിലൂടെയും എനിക്ക് നേടണം..
ആർക്ക് മുൻപിലും ഒന്നിന് വേണ്ടിയും അടിയറവ് വെക്കാതെ ജീവിക്കാനുള്ള ആത്മധൈര്യമാർജ്ജിച്ചു ശ്വാസമെടുത്ത് മുഖമുയർത്തി നോക്കിയത് എനിക്ക് മുൻപിൽ ബൈക്ക് കൊണ്ട് വന്ന് നിർത്തിയ കുഞ്ഞാങ്ങളയുടെ മുഖത്തേക്കാണ്..
സുധയും ഭർത്താവും വീട്ടിലെത്തി വഴക്കിട്ടതിന്റെയാകാം അല്ലെങ്കിൽ അവസാനശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി ഒരു അനുരഞ്ജനശ്രമം അങ്ങനെയാണ് ഞാൻ കരുതിയത്.
അജയനോടൊപ്പം കാറിൽ കയറി പോകുന്ന ശ്രീകുമാർ കൈവീശി കാണിച്ചിട്ടും തിരിഞ്ഞു നോക്കാതെ മുഖപേശികൾ വലിഞ്ഞുമുറുകി കാറ്റുപിടിച്ച പോലെ നിൽക്കുന്ന അനിയനെ എനിക്ക് മനസിലായില്ല.
ഒരുവർഷമായിട്ടും ചേച്ചിയെന്തേ മൗനം പാലിച്ചു സത്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഞങ്ങളെല്ലാവരും നിനക്കൊപ്പം നിൽക്കുമായിരുന്നില്ലേ എന്ന അവന്റെ ചോദ്യത്തിന് ഞാനൊന്ന് പുഞ്ചിരിച്ചു.
വിവാഹം കഴിപ്പിച്ചയച്ച മകളിപ്പോഴും കന്യകയാണെന്ന് അച്ഛനെയോ അനിയനെയോ അറിയിക്കാൻ കഴിയില്ലല്ലോ.. സൂചിപ്പിക്കാൻ കഴിയുന്ന ഏക വ്യക്തി തന്ന മറുപടി നിൽക്കേണ്ട പോലെ ആണിന് മുൻപിൽ നിന്നാൽ മനസ്സ് മാറാത്ത ആണുങ്ങളില്ല നിനക്ക് കഴിവില്ലാഞ്ഞിട്ടാണെന്നാണ്..
ഒരു പെണ്ണിന്റെ സങ്കടം വേറൊരു പെണ്ണിന് മനസിലാകുമെന്ന് കരുതി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ച രണ്ട് അമ്മമാരും ഒരുപോലെ ആയിരുന്നു..
ആൺകുട്ടികൾക്ക് ഈ പ്രായത്തിൽ തോന്നുന്ന വികാരവിചാരങ്ങളാണ് ഇതെന്നും വിവാഹമെന്ന പരീക്ഷണത്തിൽ കൂടി മകനെ മാറ്റിയെടുക്കാമെന്ന് കരുതിയ അമ്മയും എന്റെ അമ്മയും യാതൊരു വ്യത്യാസവുമില്ല.
നിർബന്ധിച്ചോ വശീകരിച്ചോ നേടേണ്ട ഇഷ്ടമോ ജീവിതമോ അല്ല ഇതെന്ന് അന്ന് ഞാനമ്മയോട് വാദിച്ചില്ല. അന്ന് മൗനം പാലിച്ചപോലെ, ചേർത്തുപിടിച്ചു ധൈര്യം നൽകേണ്ട അമ്മ തന്ന ഉപദേശം മകനെയറിയിക്കാതെ വീണ്ടും മൗനമെന്ന ആഭരണം എടുത്തണിഞ്ഞ് അവനെ യാത്രയാക്കി..
ആരെയും ആശ്രയിക്കാതെ ഒരു ജോലി നേടണം അതുവരെയും തനിച്ചാകുന്നതാണ് നല്ലത്..അല്ലെങ്കിലും കുറെ ആയി ആൾക്കൂട്ടത്തിലും ഞാൻ തനിച്ചാണല്ലോ..
ഹോസ്റ്റലിലേക്ക് പോകാനൊരു ഓട്ടോ തിരഞ്ഞ് എന്റെ മിഴികൾ ദൂരേക്ക് നീണ്ടു..
അതേ ഞാനെടുത്ത തീരുമാനമാണ് എന്റെ ശരിയും ഇനിയുള്ള ജീവിതവും..
Written by  
ലിസ് ലോന 
Read all parts here :- 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot