നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദേവാസ്ത് (കഥ)


Best of Nallezhuth 21
"നിങ്ങളാ വീട്ടിൽ പോകുന്നില്ലേ മനുഷ്യാ , അങ്ങേര് ശ്വാസം വലിച്ചു കിടക്കാൻ തുടങ്ങീട്ടു മൂന്നാലു ദിവസായി. എന്തിനാണാവോ ഇങ്ങനെ കിടത്തി നരകിപ്പിക്കുന്നത്? ഗീവർഗീസ് പുണ്യാളാ കാത്തോളണെ ! "
കോലായിലേക്കു തലനീട്ടി ശോശാമ്മ വിളിച്ചുപറഞ്ഞു.
കോലായിലെ ചാരുകസേരയിൽ കിടന്ന് ലൂയിച്ചൻ അങ്ങു ദൂരെ കടലിലെ അരണ്ടപ്രകാശത്തെ നോക്കി നെടുവീർപ്പിട്ടു. . ചുണ്ടത്തെരിഞ്ഞ സിഗരറ്റിന്റെ വെളുത്ത കുറ്റികൾ മണ്ണിൽ തലങ്ങും വിലങ്ങും കിടന്നു. പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് അവസാനസിഗരറ്റും ചുണ്ടിൽ തിരുകി ആഞ്ഞാഞ്ഞൂവലിച്ചു. പിന്നെ ആ കുറ്റിയും വലിച്ചെറിഞ്ഞു കസേരയിൽ നിന്നും പൊങ്ങി. വലിച്ചെറിഞ്ഞ കുറ്റികളിൽ നോക്കി ലൂയിച്ചൻ ഒരു നിമിഷം നിന്നു. കുന്തമെടുത്ത ഗീവർഗീസ് പുണ്യാളന്റെ രൂപം പോലൊരു ആകാരം മണ്ണിൽ തെളിഞ്ഞു വന്നു.
" ദിവ്യകൂദാശയായിരിക്കുന്ന ശുദ്ധമാനകുർബാനക്ക്
ഉത്ഭവദോഷമന്യേ ജനിക്കപ്പെട്ട്
കന്യമറിയത്തിന്റെ
ദിവ്യപുണ്യജനനത്തിനായി
സ്തുതിയും വാഴ്വും പുകഴ്വുമാറാകട്ടെ ! "
അപ്പുറത്തെ വീട്ടിലെ പൊട്ടൻചെക്കൻ മണിയടിച്ചു ഉച്ചത്തിൽ പാടി. നൊയമ്പ് കാലത്തു പള്ളിയിൽ കുരിശുമണി കൊട്ടിയാൽ , പൊട്ടൻ നീട്ടിപ്പാടും....
പൊട്ടന് അത്രെ അറിയു...പൊട്ടന് ചെവികേൾക്കാം , എന്നിട്ടും നാട്ടുകാർ വിളിച്ചു . പൊട്ടാ...
കാരണം പൊട്ടന് ഒരല്പം പൊട്ടുണ്ടുണ്ടായിരുന്നു .
തലക്ക് , എവിടെയോ ഒരു പൊട്ട്.
പൊട്ടൻ രണ്ടാം ക്ലാസ്സിൽ മൂന്നാലുകൊല്ലം പോയി. പിന്നങ്ങു നിർത്തി .
ടീച്ചറും പൊട്ടനും തോറ്റുന്ന്...
അതോണ്ട് രണ്ടുപേരും ഒരേക്ലാസ്സിൽ പിന്നേം പിന്നേം ഇരുന്നു.
പൊട്ടന്റെ പാട്ട് ഉച്ചസ്ഥായിൽ എത്തി.
ലൂയിച്ചനു തല പെരുത്തുകേറി..ഉള്ളിൽ എവിടെയോ നീറിപ്പുകയുന്നു. ലൂയിച്ചൻ ഒരു വേലിപ്പത്തൽ ഒടിച്ചെടുത്ത് പൊട്ടന്റെ വീടിനു നേരെ നടന്നുചെന്നലറി...
" നിർത്തെട......@$&%# മോനെ... "
പൊട്ടൻ പിന്നെ പാടിയില്ല.. പക്ഷെ ലൂയിച്ചന്റെ ചെവിയിൽ ദേവാസ്തുവിളിയുടെ ഈരടികൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
വർഷങ്ങൾക്കു മുൻപ്‌ നാട്ടിൽ , വലിയനൊയമ്പ് കാലത്തു ദേവാസ്തുവിളിക്കാർ കുറേപേരുണ്ടായിരുന്നു. കാലം പോകെ പോകെ നാട്ടിൽ ദേവാസ്തുവിളിക്ക്‌ മൂന്നാൾ മാത്രമായി.. ലൂയിച്ചനും എസ്തപ്പാനും റോക്കിച്ചനും . വലിയനോയമ്പ് നോറ്റു, മണികിലുക്കി, മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തിൽ കുരിശും നാട്ടിപിടിച്ചു , അവർ നാടുമുഴുവൻ തൊണ്ട പൊട്ടുമാറു കൂവിവിളിച്ചു. വിളി കേൾക്കുന്ന ദൂരത്തിൽ നിന്നെല്ലാം പിശാചുക്കൾ പേടിച്ചോടുമെത്രെ ! ചില വീട്ടുകാർ ദോഷം തീർക്കാൻ അവരെ പ്രത്യേകം വിളിച്ചു പാടിക്കും . ദേവാസ്തുവിളി കഴിഞ്ഞാൽ വീട്ടുകാർ എന്തേലും കൈമടക്കു കൊടുക്കും. കിട്ടിയതും കൊണ്ടു തിരികെ വീട്ടിലേക്ക്.. മൂവർ സംഘത്തെ നോക്കി നാട്ടുകാർ വിളിച്ചു. 'മാലാഖമാർ. '
കടൽതിരകൾ ശാന്തമായി കരയിൽ വന്ന് നുരകൾ തുപ്പി ചിരിച്ചും കൊണ്ടു പിന്നെയും വന്നുപോയി കൊണ്ടിരുന്നു. ശാന്തമായ കടലിന്റെ അലകൾ പോലും ഹുങ്കാരധ്വനിയായി ലൂയിച്ചനു തോന്നി..കരയിൽ കയറ്റിവെച്ച വഞ്ചികൾ ,ഉറക്കം തൂങ്ങിനിന്ന കൺപോളകൾ കണക്കെ , മണലിൽ അള്ളിപിടിച്ചു കിടന്നു.വഞ്ചിയിൽ നിന്നും നീണ്ടുകിടന്ന കയറിലൊന്നിൽ തട്ടി ലൂയിച്ചൻ നിലത്തടിച്ചു വീണു. കണ്ണുകളിൽ വെള്ളിവെളിച്ചം മിന്നിമറഞ്ഞു. കണ്ണുകൾ തീ തുപ്പുന്ന കറുത്തിരുണ്ട സത്വം ഇഴഞ്ഞു പിഴഞ്ഞു വരുന്നു. വായിൽ ചോരപൊടിയുന്നു. ലൂയിച്ചൻ കിടന്നിടത്തുകിടന്നു വെട്ടിവിറച്ചു. നാവുകൾ ചലിപ്പിച്ചു ഉച്ചത്തിൽ പാടാൻ നോക്കി..വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച വിളിക്കായി മനസ്സൊരുമ്പിട്ടു.
" ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനെ..." .
പറ്റുന്നില്ല...നാവു വരണ്ടു അണ്ണാക്കിൽ ഒട്ടിപോകുന്നുവോ.
പഴയൊരു ചിത്രം തെളിയുന്നു.
റോക്കിച്ചനും എസ്തപ്പാനും താനും..
ദേവാസ്തുവിളികഴിഞ്ഞ്‌ , ഉയിർപ്പുദിനകുർബാന കഴിഞ്ഞ്, പാതിരാത്രി ചെമ്മീൻകെട്ടിലെ മാടത്തിൽ അന്തിയടിച്ചു പറ്റായ സമയം.
വക്കച്ചൻ സായ്വിന്റെ പറമ്പിൽ നിന്നൊരു കരച്ചിൽ..വേലിപത്തലിനിടയിലൂടെ പതിയെ നോക്കി.സായ്വിന്റെ കുടികിടപ്പുകാരൻ അന്തോച്ചന്റെ മകൾ ലീലാമ്മയുടെ കൈകൾ കുളത്തിൽ ഉയർന്നുതാണു. ഒപ്പം വെള്ളത്തിലേക്ക് ലീലാമ്മയുടെ കഴുത്തിൽ പിടിച്ചു താഴ്ത്തുന്ന രണ്ടു കരങ്ങൾ . മുന്നിൽ വക്കച്ചന്റെ രൂപംപൂണ്ട് പിശാച് നില്ക്കുന്നു. അവൻ ആർത്തട്ടഹസിക്കുന്നു.എവിടെ നിന്നോ കുതിരകുളമ്പടി കേൾക്കുന്നു.
"ലൂയിച്ചാ ചെല്ലു...." ആരോ വിളിച്ചുപറയുന്നു.
മുന്നോട്ടുകുതിക്കാനാഞ്ഞ ലൂയിച്ചനെ അവർ പിന്നോട്ട് വലിച്ചു.
"ലൂയിച്ചാ.. സായ്വിന്റെ വള്ളത്തിലാ പണി...പണിയില്ലേൽ.. "
ലൂയിച്ചൻ കൂട്ടുകാരെ അന്ധാളിച്ചുനോക്കി.കൂട്ടുകാർക്കും കൊമ്പ് മുളച്ചിരിക്കുന്നുവോ? മുന്നിൽ നടക്കുന്ന പൈശാചികകൃത്യത്തിന് കൂട്ടുനിന്ന് പിശാചിനെ ഓടിക്കാൻ പാടി നടക്കുന്നു..
"ഫൂ.....മാലാഖമാർ ! "
ലൂയിച്ചൻ അവരെ നോക്കി ആട്ടിതുപ്പി വീണ്ടും മുന്നോട്ടു കുതിക്കാനാഞ്ഞു.
വാടിതളർന്ന താമരത്തണ്ട് പോലെ ലീലാമ്മയപ്പോൾ വക്കച്ചന്റെ കൈകളിൽ കിടന്നിരുന്നു.മുന്നോട്ടു വച്ച കാലുകൾ പിന്നോട്ട് വലിച്ച് കൂട്ടുകാരെ വിട്ട് ലൂയിച്ചൻ തലതാഴ്ത്തിയകന്നു.
കടൽകരയിൽ രണ്ടുനാൾ കഴിഞ്ഞ് ലീലാമ്മയുടെ ശരീരം ഒഴുകി നടന്നു. അഞ്ചാംനാൾ അന്തോച്ചന്റെയും.
ലീലാമ്മക്ക്‌ വയറ്റിലുണ്ടായിരുന്നു പോലും.!കരകമ്പികൾ പലതും പറഞ്ഞു കേട്ടു.
നോയമ്പുകാലം പിന്നെയും വന്നു. ലൂയിച്ചൻ ദേവാസ്തുവിളിയുടെ കാലത്തും കോലായിൽ കുന്തിച്ചിരുന്നു കടലിൽ നോക്കി വെറുതെയിരുന്നു. . വാതം പിടിച്ച എസ്തപ്പാൻ കട്ടിലിൽ നിന്നും പിന്നെ പൊങ്ങിയില്ല. റോക്കിച്ചന്റെ മകൻ പൊട്ടൻ മാത്രം കുരിശുമണി മുഴങ്ങിയപ്പോൾ ഉച്ചത്തിൽ പാടി.
"ദിവ്യകൂദാശയായിരിക്കുന്ന
ശുദ്ധമാനകുര്ബാനക്ക്... "
ശരീരത്തിൽ പറ്റിയ മണൽകൊട്ടി കളഞ്ഞു ലൂയിച്ചൻ എസ്തപ്പന്റെ വീടിനു നേരെ നടന്നു.
വിരുന്നുകാരനെ കാത്തിരിക്കുന്ന പോലെ
എസ്തപ്പന്റെ കട്ടിലിനു ചുറ്റും വീട്ടുകാർ അടക്കംപറഞ്ഞിരുന്നു. ശ്വാസമൊന്നു നിലച്ചാൽ തുടങ്ങേണ്ടുന്ന നെഞ്ചത്തടിക്കായി ബന്ധുക്കൾ അങ്ങിങ്ങായി നിലയുറപ്പിച്ചിരിക്കുന്നു.
" ഭൂമിയിൽ വല്ല കെട്ടും ബാക്കികാണും , അതാവും ആത്മാവ് വിട്ടുപോകാനൊരു മടി "
ആരോ അടക്കം പറയുന്നു.
കണ്ണുകൾ മേല്പോട്ടാക്കി എസ്തപ്പാൻ കട്ടിലിൽ കിടന്നു. ഇടക്കിടെ എന്തോ കണ്ടു ഭയന്നവണ്ണം ചുണ്ടുകൾ കോട്ടി എന്തോ പറയാൻ ശ്രമിച്ചു. കൈകൾ തെക്കോട്ടു ഉയർത്തി എന്തിനെയോ ആട്ടിയകറ്റി .
മൂലക്ക്‌ മാറിനിന്ന റോക്കിച്ചൻ ലൂയിച്ചനെ കണ്ടപ്പോൾ എസ്തപ്പന്റെ തലക്കൽ ഓടിയെത്തി വിതുമ്പികൊണ്ടുപറഞ്ഞു.
"എസ്തപ്പ, ദേ നോക്കിയേടാ ലൂയിച്ചൻ വന്നിരിക്കുന്നു. "
സൗഹൃദത്തിന്റെ കാണാചാരടുകൾ പൊട്ടിവീണിട്ടു വർഷങ്ങളേറെയായിരിക്കുന്നു.
ലൂയിച്ചന്റെ കണ്ണിൽ പഴയ ചിത്രങ്ങൾ നിറംച്ചാർത്തിനിന്നു.
"എസ്തപ്പ , നമുക്ക് വിളിക്കേണ്ടെടാ..." ലൂയിച്ചൻ പതിയെ ചെവിയിൽ പറഞ്ഞു..
"പട്ടാങ്ങയുടെ നാഥനായിരിക്കുന്ന
ഈശോകർത്താവിന്റെ..."
റോക്കിച്ചൻ തൊണ്ട പൊട്ടുമാറു ഉച്ചത്തിലതേറ്റുപാടി.
എസ്തപ്പന്റെ കണ്ണുകൾ ഉരുണ്ടുരുണ്ടു വികസിച്ചു തള്ളിവന്നു. എവിടെ നിന്നോ കുതിരാകുളമ്പടി കേൾക്കുന്നു.മുന്നിൽ വന്ന് ഭയപെടുത്തുന്ന സത്വം പിന്തിരിഞ്ഞോടുന്നു.
വെളുത്ത പുകമറക്കുള്ളിൽ നിന്നും കുന്തമേന്തിയ ഗീവർഗീസ് പുണ്യാളൻ കുതിരമേൽ വരുന്നു . വെളുത്ത പ്രഭാവളയത്തിൽ ചിറക് മുളച്ച പരിചിതരൂപങ്ങൾ പുണ്യാളന്റെ ചുറ്റിനും നിന്ന് എസ്തപ്പനെ നോക്കി ചിരിതൂകിനിന്നു മാടി വിളിച്ചു.. ചുറ്റിനും ദേവാസ്തുവിളി ഉയരുന്നു.എസ്തപ്പാൻ അവരെനോക്കി പുഞ്ചിരിച്ചു ഉച്ചത്തിൽ ഈരടികൾ ചൊല്ലി
"അവർ സഹിക്കും മഹാസങ്കടത്തെയോർത്ത്
ഉടയതമ്പുരാൻ അവരെ രക്ഷിച്ച്‌
മോക്ഷം നല്കുമാറാകട്ടെ ! "
ഉയർന്നുപൊങ്ങിയ സ്വരം വെളുത്ത പുകമറക്കുള്ളിൽ ചുറ്റിക്കറങ്ങി നിന്നു... അന്തരീക്ഷത്തിൽ പെട്ടെന്ന് മുഴങ്ങിയ അലമുറയിൽ പിന്നെയത് അലിഞ്ഞലിഞ്ഞില്ലാതെയായി.
(ലത്തീൻ സമുദായത്തിൽ , തീരപ്രദേശങ്ങളിൽ വലിയ നോയമ്പ് കാലത്തു നിലനിന്നിരുന്ന ഒരു വിശ്വസാചാരമാണ് ദേവാസ്തുവിളി. തനി സംസ്കൃതത്തിലും പഴംതമിഴിലും ദേവാസ്തു വിളി നടത്തിയിരുന്നു. ദൈവനാമത്തിൽ ദുഷ്ടാരൂപികളെ അകറ്റുന്നതിനുള്ള ഒരു മന്ത്രം എന്നാണ് പഴമക്കാരുടെ ധാരണ. ഒരു നാടിന്റെ ഒരറ്റത്തും നിന്നും. തുടങ്ങുന്ന തൊണ്ട പൊട്ടുമാറു ഉച്ചത്തിലുള്ള ഈ പ്രാർത്ഥന കേൾക്കുന്ന ദൂരത്തോളം പിശാചുക്കൾ ഓടി പോകും എന്നാണ് വിശ്വാസം.അന്യം നിന്നുപോകുന്ന പ്രാചീനക്രൈസ്തവാചരമായി ദേവാസ്തുവിളി മാറിക്കഴിഞ്ഞിരിക്കുന്നു. ദേവാസ്തു വിളി അറിയുന്ന പഴമക്കാർ വളരെ ചുരുക്കമാണ് ഇന്ന്. ചവിട്ടുനാടകം പോലെ പോർച്ചുഗീസ് പാരമ്പര്യം ഇതിനും ഉണ്ടെന്നു പറയപ്പെടുന്നു.)
വാൽക്കഷ്ണം. : "ഹൃദയാക്ഷരങ്ങൾ 'എന്ന പുസ്തകത്തിലേക്ക് കഥ ചോദിച്ചപ്പോൾ "ദേവാസ്ത് " എന്ന അന്യം നിന്നു പോകുന്ന ആചാരത്തെയും ഉൾപ്പെടുത്താൻ തോന്നി. എനിക്ക് കേട്ടു കേൾവി മാത്രമുള്ള ഈ ആചാരത്തിലെ ഈരടികൾ പറഞ്ഞു തന്നത് ഒത്തിരി പ്രായമുള്ള പഴയകാല ദേവാസ്തു വിളിക്കാരനായ ജെറോം എന്ന വല്യപ്പനാണ്.
Written by
ഷബ്ന ഫെലിക്സ്

1 comment:

  1. എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓർമ്മകളിൽ ഒന്ന്. ജെറോം ചേട്ടനും, റോക്കി ചേട്ടനും, വക്കച്ചൻ ചേട്ടനുമൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളായിരുന്നു...അവരുടെ ദേവാസ്തു വിളിയുടെ ബലത്തിൽ, പിശാചിനെ പേടിക്കാതെ ഞങ്ങൾ കുട്ടികൾ ആ രാത്രികളിൽ നന്നായി ഉറങ്ങുമായിരുന്നു..സുഖമുള്ള ആ ഓർമ്മകളിലേക്ക് വീണ്ടുമൊരു യാത്ര... നന്ദി..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot