നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാരഡോക്സ് (കഥ)

ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ തലയുയർത്തി നിന്നിരുന്ന പരശതം കെട്ടിടങ്ങളുടെ സ്ഥാനത്ത് കാണപ്പെട്ട ചിതറിയ മൺകൂനകൾക്ക് നടുവിൽ, സത്യമേത് മിഥ്യയെതെന്നു തിരിച്ചറിയാനാവാതെ, പകച്ചു നിൽക്കുകയായിരുന്നു ഞാൻ.
എന്റെ പേര് ജുവാൻ ലോബോ, ഒരു പള്ളിവികാരിയുടെ മകൻ. എന്റെ കയ്യിലിപ്പോളും തെളിഞ്ഞു നിൽക്കുന്ന ഡിജിറ്റൽ വാച്ചിലെ സൂചികപ്രകാരം, എനിക്ക് പതിനാറ് വയസ്സ് തികഞ്ഞ ദിവസമാണിന്ന്.
കഴിഞ്ഞ ഏതാനും മണിക്കൂറുകൾ (?) കൊണ്ട് , ചിന്തകൾക്ക് വിവരിക്കാനാവാത്ത ചില അനുഭവങ്ങൾ , എന്റെ ജീവിതത്തെ മൂന്നായി പകുത്തിരുന്നു. മൂന്നു പകുതിയിലെയും ഭ്രാന്തുപിടിപ്പിക്കുന്ന ആശയകുഴപ്പങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഒരേയൊരുകണ്ണി , ഇപ്പോളും നാവിന്റെ രസമുകുളങ്ങളിൽ ബാക്കി നിൽക്കുന്ന ആൽപെൻലീബ് ഗോൾഡ് (Alpenliebe Gold) ചോക്ലേറ്റിന്റെ മധുരം മാത്രമായിരുന്നു.
1. ഇരട്ടനിറമുള്ള കണ്ണുകൾ
ഡിസംബർ 25 ,2019 , 6 AM : അതായത് ഏകദേശം മൂന്നുമണിക്കൂറുകൾക്ക്‌ മുൻപ്. (ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ കാഴ്ചകൾ മാത്രമാണ് മിഥ്യയല്ലെന്ന് എനിക്കുറപ്പുള്ളത്.)
ഞാനപ്പോൾനിന്നിരുന്നത് നഗരമധ്യത്തിലെ ഒരുമൊട്ടകുന്നിന് മുകളിലുള്ള, പ്രദേശത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഇൻഫെന്റ് ജീസസ് ചർച്ചിന്റെ വിശാലമായ മുറ്റത്തായിരുന്നു. ഈ പള്ളിയിലെ വികാരിയായിരുന്നു എന്റെ പിതാവ് ഫാദർ ലെവിസ് ലോബോ. ഇന്നെന്റെ ജന്മദിനമാണ് . ജീസസിന്റെയും എന്റെയും ജന്മദിനം ഒരേ ദിവസമാണെന്നത് ചെറുപ്പം മുതൽ ഒട്ടൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചിരുന്നത്.
നഗരമധ്യത്തിൽ തന്നെ ആയിരുന്നു എങ്കിലും ചുറ്റും മാന്തോപ്പിനാൽ നിറഞ്ഞ ശാന്തമായ ഒരു സ്ഥലത്തായിരുന്നു പള്ളിനിലനിന്നിരുന്നത്. തലയുയർത്തി നഗരത്തെ നോക്കിനിൽക്കുന്ന വലിയ ജലസംഭരണിയോട് ചേർന്നുള്ള വഴിയിലൂടെ അഞ്ഞൂറ് മീറ്റർ നടന്നാൽ വിശാലമായ പള്ളിയങ്കണത്തിലെത്തും. അങ്കണത്തിന്റെ വലതുവശത്ത് ഇൻഫന്റ് ജീസസിന്റെ ചെറിയൊരു കപ്പേളയും, ഇടത് വശത്തായി സെന്റ് മേരിയുടെ കപ്പേളയുമുണ്ട്. അങ്കണത്തിന്റെ ഒത്ത നടുവിലായി ഉയർന്നു നിൽക്കുന്ന വൃത്താകൃതിയിൽ ഉള്ള വലിയ പള്ളി. പള്ളിയുടെ നാലു വശത്തുനിന്നും ഉയർന്നു വന്ന് പള്ളിയുടെ മുകളിൽ ഒന്ന് ചേരുന്ന വലിയ രണ്ടു ആർച്ചുകൾക്കു മുകളിലായി കൈ വിരിച്ച് നഗരത്തെ ആശീർവദിച്ചു നിൽക്കുന്ന ജീസസ്.
പാതിരാകുർബാനയുടെ ആലസ്യത്തിൽ നിന്നും മെല്ലെ ഉണർന്നതേയുള്ളു നാടും നാട്ടുകാരും. ഡിസംബറിലെ തണുപ്പിലേക്ക് ഇറങ്ങിവരാൻ മടിച്ചുനിന്ന സുവർണ്ണകിരണങ്ങൾ പള്ളിയങ്കണത്തിലെ മാവുകളിൽ തെളിഞ്ഞു നിന്നിരുന്ന അലങ്കാര ബൾബുകളുടെ പ്രഭ ഡിസംബറിലെ കുളിർകാറ്റിൽ അലിയിച്ചുകളയാൻ തുടങ്ങിയിരിക്കുന്നു..
ഇൻഫന്റ് ജീസസിന്റെ കപ്പേളയുടെ വലതുവശത്തുകൂടെ പിന്നിലുള്ള പുൽമേടയിലേയ്ക്ക് ഇറങ്ങാനുള്ള കല്പടവുകളിൽ ഇരിക്കുകയായിരുന്നു ഞാൻ . ഒഴുകിനീങ്ങുന്ന നേരിയ കോടമഞ്ഞിനിടയിലൂടെ തെളിഞ്ഞു വരുന്ന നഗരത്തിന്റെ ദൃശ്യം അതിമനോഹരമായിരുന്നു. തലയുയർത്തി നിൽക്കുന്ന അംബരചുംബികൾക്കിടയിൽ അവിടിവിടെയായി കാണപ്പെട്ട ഇനിയും നഷ്ടപെട്ടില്ലാത്ത പച്ചപ്പിന്റെ തുരുത്തുകൾ നഗരത്തിനൊരു കാല്പനിക സൗന്ദര്യം നൽകുന്നുണ്ടായിരുന്നു. കുന്നിൻചരിവിൽ പുതിയ ബഹുനിലകെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി മണ്ണുമാറ്റികൊണ്ടിരിക്കുന്ന ഭാഗം മാത്രം രക്തമൊഴുകുന്ന ഒരു മുറിവ് പോലെ തോന്നിപ്പിച്ചു.
അതിരാവിലെ ഞാൻ കാത്തിരിക്കുന്നത് അവളെയാണ്, ജെന്നിഫർ, എന്റെ കളികൂട്ടുകാരി.
ജെന്നിഫറിന്റെ ഇരുകണ്ണുകൾക്കും രണ്ടു നിറമാണ്, ഒന്നിന് ഇളംപച്ചനിറമുള്ള തടാകത്തിന്റെ വശ്യതയെങ്കിൽ മറ്റൊന്നിന് പ്രണയത്തിന്റെ കനലുകൾ ഒളിപ്പിച്ച ചാര നിറമാണ്. ഇങ്ങനെ രണ്ടുനിറമുള്ള കണ്ണുകൾ മറ്റൊരാൾക്കും കണ്ടിട്ടില്ലെന്ന് എന്റെ പപ്പാ പറയാറുണ്ടായിരുന്നു.
കാത്തിരുന്ന കാൽപ്പെരുമാറ്റം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുമുണർന്നത്, പള്ളിയങ്കണത്തിലെ പുൽകൂടിനടുത്ത് അവൾ നിൽപ്പുണ്ടായിരുന്നു. കൃത്രിമമായുണ്ടാക്കിയ തടാകത്തിന്റെ കരയിൽ ഒരു പുൽത്തൊഴുത്തിൽ പിറന്നുകിടക്കുന്ന യേശുദേവനെ നോക്കിനിൽക്കുമ്പോൾ , കാറ്റിലനങ്ങുന്ന ജലപ്പരപ്പിൽ അവളുടെ മനോഹരദൃശ്യം പ്രതിഫലിച്ചു. മാവിലകൾക്കിടയിലൂടെ അരിച്ചിറങ്ങാൻ തുടങ്ങിയ വെള്ളി നിറമുള്ള സൂര്യരശ്മികൾ അവളുടെ അലസമായ മുടിയിഴകൾക്ക് സ്വർണ്ണനിറം ചാർത്തി.
ഞാനടുത്തേയ്ക്ക് ചെന്നപ്പോൾ അവൾ തലയുയർത്തി , ജന്മദിന ആശംസകൾ നേർന്നു. പിന്നെ, കൈയിലെ പേഴ്സിൽ നിന്ന് ഒരു ആൽപെൻലീബ് ഗോൾഡ് ചോക്ലേറ്റ് എന്റെ കൈകളിൽ വെച്ചു തന്നു. വളരെ പതുക്കെ മാത്രം അലിയുന്ന ആ ചോക്ലേറ്റ് എനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് അവൾക്കറിയാം. അതിൽനിന്നൊരെണ്ണം തുറന്ന് വായിലിട്ടതിന് ശേഷം ഞാനവൾക്കായി പോക്കറ്റിൽ കരുതിയ ക്രിസ്മസ് സമ്മാനം എടുക്കാൻ തുനിഞ്ഞപ്പോളാണത് സംഭവിച്ചത്!
പുൽക്കൂടിനായി ഒരുക്കിയ കൃത്രിമ തടാകത്തിൽ പെട്ടെന്നൊരു നീലവെളിച്ചം ചിതറിവീണു , അവളുടെ കണ്ണുകളിലെ തിരമാലകൾ നീലപ്പട്ടണിഞ്ഞു.
*********************
2 . നീലവെളിച്ചം
സമയം ഏകദേശം 6:15AM
സത്യത്തിൽ ഇനി പറയുന്നത് യാഥാർഥ്യമാണോ സ്വപ്നമാണോ എന്നെനിക്ക് തീരെ ഉറപ്പില്ല. എങ്കിലും ഞാൻ അനുഭവിച്ചതെന്ന് കരുതുന്ന കാര്യങ്ങൾ അതുപോലെ തന്നെ പറയാൻ ശ്രമിക്കാം.
ജെന്നിഫറിന്റെ കണ്ണിൽനിന്ന് പ്രതിഫലിച്ച നീലവെളിച്ചത്തിൽ സ്വയംമറന്നാണെന്റെ പ്രജ്ഞ നഷ്ടപെട്ടത് എന്നാണ് ഞാനാദ്യം കരുതിയത് . പക്ഷെ പെട്ടന്ന് അവിടമാകെ ആ നീലവെളിച്ചം പരക്കുകയും , ജെന്നിഫർ ബോധം മറഞ്ഞപോലെ താഴേക്ക് വീഴുകയും ചെയ്തപ്പോഴാണ് മറ്റെന്തോ സംഭവിക്കാൻ പോകുന്നതായി എനിക്ക് മനസ്സിലായത്.
അപ്പോൾ എന്റെയും ബോധംനഷ്ടപെട്ടിട്ടിരുന്നോ എന്നെനിക്ക് ഉറപ്പില്ല . ഏതോ ഒരു അജ്ഞാതശക്തിയുടെ ആകർഷണവലയത്തിൽ പെട്ട് ഞാൻ മുകളിലേയ്ക്ക് ഉയർന്നു. വിശാലമായ പള്ളിയങ്കണത്തിന്റെയും കൈവിരിച്ചു നിൽക്കുന്ന യേശുദേവന്റെയും ദൃശ്യം ഞാൻ ഒരു വിമാനത്തിൽ നിന്നും കാണുന്ന പോലെ അവ്യക്തമായി കണ്ടു. ജീസസിന്റെ പ്രതിമയുടെ തലയുടെ മുകൾഭാഗത്ത് വലിയൊരു ദ്വാരമുള്ളതായെനിക്ക് തോന്നി.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം, ഓർമയിലേക്ക് തിരിച്ചെത്തുമ്പോൾ ഞാനൊരു നീളമുള്ള പ്രതലത്തിൽ കിടക്കുകയായിരുന്നു. പരീക്ഷണ ശാല പോലെ തോന്നിക്കുന്ന ഒരു വലിയ മുറി. മുറിയുടെ വലതുവശത്ത് കാണപ്പെട്ട, സ്ക്രീൻ പോലെ തോന്നിയ ഭാഗത്ത് ഇടയ്ക്കിടെ പ്രകാശംപരത്തുന്ന വലിയ നക്ഷത്രങ്ങൾ ഓടിമറയുന്നുണ്ടായിരുന്നു.
മുറിയിൽ ആരെങ്കിലും ഉള്ളതായി തോന്നിയില്ല. ഒരു മൂലയിൽ നിന്നും മുറിയിലാകെ ചിതറിക്കറങ്ങുന്ന ഒരു പ്രകാശരശ്മി ഉണ്ടായിരുന്നു. നഗരത്തിൽ സർക്കസ് വന്നപ്പോൾ അത്തരമൊരു ലൈറ്റ്‌ ആകാശത്തേയ്ക്ക് തെളിയിച്ചിരുന്നത് ഞാനോർത്തു.
ഞാൻ എണീക്കാനായി ഒരു വിഫലശ്രമം നടത്തി. മനസ്സിൽ തോന്നി എങ്കിലും ശരീരത്തിന് അനങ്ങാനാവാത്ത പോലെ. കൈകാലുകൾക്ക് ഭാരം നഷ്ടപെട്ട പോലെ. പെട്ടെന്നെന്റെ ഇടത്തെ കൈയിൽ ആരോ സ്പർശിക്കുന്നത് പോലെ തോന്നി. പരിഭ്രമത്തോടെ ഞാൻ ചുറ്റും നോക്കി. ആരെയും കണ്ടില്ല. പക്ഷെ കൈകളിൽ തൊട്ടതായി തോന്നിയ അതെ സമയത്ത്, പേടിക്കേണ്ട എത്രയും വേഗം തിരിച്ച് അതെ സ്ഥലത്ത് നിന്നെ തിരിച്ചെത്തിക്കാമെന്ന് ആരോ പറയുന്നതായെനിക്ക്‌ തോന്നി. ശബ്ദമായല്ല , മറിച്ച് തലച്ചോറിലേക്ക് നേരിട്ടയച്ച സന്ദേശം പോലെയാണ് എനിക്കത് ഫീൽ ചെയ്തത്.
കറങ്ങിവന്ന വെളിച്ചത്തിന്റെ നീളൻകൈകൾ എന്റെ ഇടത് ഭാഗത്തെത്തിയപ്പോൾ, ആ വെളിച്ചത്തിൽ ചലിക്കുന്ന, മുൻപ് കണ്ടിട്ടില്ലാത്ത, വിചിത്രമായ രൂപമുള്ള ഒരു ജീവിയെ ഞാനവിടെ കണ്ടു. വെളിച്ചം കറങ്ങി പോകുന്നതിനനുസരിച്ച് ആ രൂപം എന്റെ കണ്ണിൽ നിന്നും മറഞ്ഞുപോയി. ജെന്നിഫെർ തന്ന ചോക്ലേറ്റ് അപ്പോഴും അലിഞ്ഞു തീർന്നിട്ടില്ലായിയുന്നു.
****************
3.പ്രവേഗം
ഞാൻ പറഞ്ഞ മൂന്ന് പാതികളിൽ, എന്നെ അവ്യക്തതയുടെ അത്യഗാധയിലേക്ക് കൂടുതൽ ശക്തിയോടെ തള്ളിയിട്ടത് ഈ മൂന്നാം പാതിയാണ്.
ഒരുപക്ഷെ , പള്ളിയങ്കണത്ത് നിന്നും ഉയർന്നു പോയതും പിന്നീട് കണ്ടതുമൊക്കെ വെറും സ്വപ്നമായി എനിക്കെഴുതി തള്ളാൻ പറ്റുമായിരുന്നു, ഞാനുണർന്നത് മുൻകാഴ്ചകളിലേയ്ക്ക് തന്നെ ആയിരുന്നെങ്കിൽ.
ഏതാനും നിമിഷങ്ങൾക്ക് മുൻപ്‌ ഞാൻ വീണ്ടും പുതിയ കാഴ്ചകളിലെയ്ക്ക് കണ്ണ് തുറന്നപ്പോൾ, എന്റെ കയ്യിലുള്ള വാച്ചിൽ സമയം ഒൻപത് മണികഴിഞ്ഞിരുന്നു. ജെന്നിഫറിന്റെ അടുത്ത് നിന്നും ഞാൻ പോയിട്ടിപ്പോൾ ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞിരിക്കുന്നു .
കണ്ണുകൾ ആദ്യം തിരഞ്ഞത് ജെന്നിഫറിനെ തന്നെയായിരുന്നു. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. ഞാനിപ്പോഴും നിൽക്കുന്നത് പള്ളിമുറ്റത്ത് തന്നെയാണെന്ന് ഉറപ്പായിരുന്നു, എങ്കിലും പള്ളിമുറ്റത്ത് പടർന്നു പന്തലിച്ചു നിന്നിരുന്ന മാന്തോപ്പിന്റെ നേരിയ ലക്ഷണം പോലും അവശേഷിച്ചിരുന്നില്ല. പള്ളിയിരുന്ന സ്ഥലത്ത് വലിയൊരു കോൺക്രീറ്റ് കൂന മാത്രം. ജീസസിന്റെ വലിയ കോൺക്രീറ്റ് കൈ, മുങ്ങിത്താഴുന്നയാൾ രക്ഷതേടി നിലവിളിക്കും പോലെ,ആ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മുകളിലേയ്ക്ക് ഉയർന്നു നിൽക്കുന്നുണ്ടായിരുന്നു!
ഞങ്ങൾ താമസിച്ചിരുന്ന പള്ളിമുറിയുടെ ഭാഗത്തേയ്ക്ക് ഓടിയ എനിക്ക് അങ്ങനെയൊരു കെട്ടിടം ഉണ്ടായിരുന്നതിന്റെതായ ഒരു ലക്ഷണവും കണ്ടെത്താനായില്ല. ഞാൻ മമ്മയെ വിളിച്ചുറക്കെ കരഞ്ഞു. പിന്നെ ഇൻഫന്റ് ജീസസ് കപ്പേള നിലനിന്നിരുന്ന വലത്തേ വശത്തേയ്ക്ക് ഓടി, അവിടെയും മൺകൂനമാത്രമായിരുന്നു ബാക്കി.
ഒരിക്കൽ കണ്ണിനു വിരുന്നായിരുന്ന നഗരദൃശ്യങ്ങളിലേക്ക് നോക്കിയപ്പോൾ , മൂന്നുമണിക്കൂറുകൾക്ക് മുൻപ്‌ എന്റെ പിറന്നാൾ മധുരം നാവിൽ സ്പർശിച്ച ആ സമയത്ത് മണ്ണെടുത്തുകൊണ്ടിരുന്ന താഴ്‌വരയിൽ‌ നിറയെ വലിയ കെട്ടിടങ്ങൾ കണ്ടു, ചിലത് തകർന്നടിഞ്ഞിരിക്കുന്നു. മറ്റു ചിലത് അവശിഷ്ടങ്ങൾ പോലെയും. കറുത്തമൂടൽ മഞ്ഞു വ്യാപിച്ചപോലെയുള്ള പൊടിപടലം ദൂരകാഴ്ചകളെ തടഞ്ഞു.
സ്ഥലകാലബോധം നഷ്ടപെട്ട ഞാൻ വഴികൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിലും, ഏകദേശ ധാരണവച്ച് നഗരത്തിലേക്ക് ഓടി. ഭീമാകാരനായ വാട്ടർ ടാങ്ക് അവിടെ തലയുയർത്തി തന്നെ നിൽപ്പുണ്ടായിരുന്നു. വാട്ടർടാങ്കിന്റെ വലിയ കാലുകൾക്കിടയിൽ എന്തൊക്കെയോ വസ്തുക്കൾ പരസ്പരം കെട്ടുപിണഞ്ഞു ഭീതിപ്പെടുത്തുന്ന രൂപം പ്രാപിച്ചിരുന്നു. അവിടെയുണ്ടായിരുന്ന കുടിവെള്ള ടാപ്പിനായി ഞാൻ ചുറ്റും നോക്കി അങ്ങനെയൊന്നു അവിടെ അവശേഷിച്ചിരുന്നില്ല.
എങ്ങോട്ട് പോകണമെന്നറിയാതെ ഞാൻവിജനമായ നഗരവീഥിയിലേയ്ക്ക് ഇറങ്ങി. എവിടെയും ആരെയും കാണാൻ സാധിച്ചില്ല. നായകളോ പക്ഷികളോ പോലും ഉണ്ടായിരുന്നില്ല, . ജീവന്റെ കണിക പോലും ശേഷിക്കുന്നതായി തോന്നിയില്ല . കാറ്റുപോലും ഇല്ലാതെ, കറുത്ത പൊടിനിറഞ്ഞ പേടിപ്പെടുത്തുന്ന അന്തരീക്ഷം. നഗരത്തെ ആരോ കൊന്നിട്ടിരിക്കുകയാണെനിക്ക് തോന്നി!
നഗരത്തിലെ ഏറ്റവും തിരക്കുണ്ടായിരുന്ന ഭാഗത്ത് ചെന്ന് ഞാൻ ചുറ്റും നോക്കി. വിജനത എന്നെ ഭയപ്പെടുത്തി. മണ്ണുമാറ്റാൻ ഉപയോഗിക്കുന്ന തരം വലിയൊരു വാഹനം ,അസ്ഥിക്കൂടംകണക്കെ നഗരത്തെ അതിന്റെ രാക്ഷസകരങ്ങളാൽ കോരിയെടുക്കാൻ എന്നവണ്ണം പാതയോരത്ത് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. . അതിന്റെ ഭീമാകാരൻ കൈകളിൽഏതോ പക്ഷിയുടെ അസ്ഥികൂടം തൂങ്ങിയാടുന്നു. എന്റെ ശരീരം മുഴുവൻ വല്ലാത്തൊരു അസ്വസ്ഥതയും സൂചികുത്തുന്ന പോലെയുള്ള വേദനയും തോന്നാൻ തുടങ്ങി. ദേഹമാസകലം പൊള്ളുന്നത് പോലെ.
ഞാൻ ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. ഞാൻ പഠിച്ചിരുന്ന സ്കൂൾകെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു ഒരു കൽകൂമ്പാരമായി കിടക്കുന്നുണ്ടായിരുന്നു. .
സ്കൂളിന്റെ കളിസ്ഥലം ഉണ്ടായിരുന്ന ഭാഗത്ത് പൊക്കമുള്ള വലിയ മതിലുകൾക്കുള്ളിൽ ജനാലകൾ ഇല്ലാത്ത , അധികം പഴക്കമില്ലാത്തത് പോലെ തോന്നിച്ച, വലിയ ഒരു കെട്ടിടം കണ്ടു. ഞാനതതിന്റെ വലിയ ഗേറ്റിൽ തള്ളി നോക്കി, അത് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു.ഞാൻ ഗേറ്റിൽ ശക്തമായി തട്ടി.
കുറച്ചുകഴിഞ്ഞപ്പോൾ ഗേറ്റ് വലിയ ശബ്ദത്തോടെ ഒരു വശത്തേയ്ക്ക് തുറക്കുകയും,ദേഹമാസകലം പ്രത്യേകതരം ലോഹകവചങ്ങൾ കൊണ്ട് പൊതിഞ്ഞ ഒരാൾ യന്ത്രമനുഷ്യനെ പോലെ അടുത്തെത്തുകയും ചെയ്തു. അയാളെ ആ രൂപത്തിൽ കണ്ടപ്പോൾ എനിക്ക് തോന്നിയതിലും വലിയ അത്ഭുതം അയാളുടെ മുഖകവചത്തിനുള്ളിലൂടെ എന്നെ കണ്ട അയാളുടെ കണ്ണുകളിൽ ഞാൻ കണ്ടു.
ഞാനയാളോട് ചോദിച്ചതിനൊന്നും ,അത്ഭുതത്തോടെ എന്നെ നോക്കിയതല്ലാതെ അയാൾ പ്രതികരിച്ചില്ല. കൈകൾ ആയാസപ്പെട്ടുയർത്തി അകത്തേയ്ക്ക് വരാൻ പറഞ്ഞു യാന്ത്രികമായി അയാൾ അകത്തേയ്ക്ക് നടന്നു.
കെട്ടിടത്തിനുള്ളിലേക്കുള്ള വാതിലിനു തൊട്ടടുത്തായി ഉണ്ടായിരുന്ന ഒരു ഗ്ലാസ് അറക്കുള്ളിൽ അയാൾ കയറിനിന്നു, ഏതാനും നിമിഷങ്ങൾക്ക് ശേഷം പുറത്തിറങ്ങി എന്നോട് അതിനുള്ളിൽ കയറിനിൽക്കാൻ ആംഗ്യം കാണിച്ചു. ഞാനതിനുള്ളിൽ കയറിയപ്പോൾ എന്തൊക്കെയോ മോട്ടോറുകൾ തിരിയുന്ന ശബ്ദം കേട്ടു.
നീളമുള്ള ഒരു വരാന്തയിൽ കൂടി അയാളെന്റെ മുൻപേ നടന്നു, വരാന്തയുടെ ഇരുപുറവും കണ്ട വലിയ മുറികളിൽ പലപ്രായത്തിലുള്ള ആൾകാർ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ലോഹംകൊണ്ടെന്ന പോലെയുള്ള നീളൻ കുപ്പായമായിരുന്നു ധരിച്ചിരുന്നത്. ഇടയ്ക്കിടെ ചിരിക്കുന്ന ശബ്ദമല്ലാതെ അവർ തമ്മിൽ സംസാരിക്കുന്നതായെനിക്ക് തോന്നിയില്ല.
വലിയ ഒരു റൂമിൽ എത്തിയപ്പോൾ അയാൾ പുറംചട്ടകൾ അഴിച്ചുമാറ്റി, നേരിയ ലോഹക്കുപ്പായം മാത്രം ബാക്കിയായി. ഇരുപത്തിരണ്ടു വയസ്സിൽ കൂടുതൽ തോന്നിക്കാത്ത അയാൾ ആ നാട്ടുകാരനല്ലന്നെനിക്ക് തോന്നി. ഞാൻ ചോദിച്ചതിനൊന്നും അയാൾ മറുപടി പറഞ്ഞില്ല.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടേയ്ക്ക്ഏകദേശം എഴുപത് വയസോളം തോന്നിക്കുന്ന സ്ത്രീ കടന്നു വന്നു. അവർ തമ്മിൽ സംസാരിക്കുന്നത്കേട്ടില്ല , എങ്കിലും അവർ എങ്ങനെയോ ആശയവിനിമയം നടത്തുന്നുണ്ട് എന്നെനിക്ക് തോന്നി. അവർ ഇടക്ക് അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്.
ഞാൻ വീണ്ടും ഇവിടെയെന്താണ് സംഭവിക്കുന്നത്, എങ്ങനെയാണ് ഇവിടമെല്ലാം ഇങ്ങനെ നശിച്ചത് എന്ന എന്റെ ചോദ്യം ആവർത്തിച്ചു.
വൃദ്ധ തിരിഞ്ഞു എന്നോട് സംസാരിക്കാൻ തുടങ്ങി.
"നോക്കൂ അദ്ദേഹത്തിന് സംസാരഭാഷ വഴങ്ങില്ല, ഞാനും സംസാരഭാഷ ഉപയോഗിച്ചിട്ട് വളരെ നാളുകളായി. താങ്കൾ ആരാണ്, എങ്ങനെ ഇവിടെ എത്തിപ്പെട്ടു , എത്രയോ നാളുകൾക്ക് ശേഷമാണു ഇങ്ങനെ ഒരാൾ ഇങ്ങോട്ട് വരുന്നത്, എങ്ങനെയാണ് യാതൊരു സുരക്ഷാ കവചവുമില്ലാതെ താങ്കൾ പുറത്തിറങ്ങിയത്"
അവർ വാക്കുകൾ പെറുക്കി പെറുക്കിസംസാരിക്കുമ്പോൾ ചുവരിൽ തെളിഞ്ഞു നിന്ന സ്ക്രീനിലെ തീയതിയിലായിരുന്നു എന്റെ കണ്ണുകൾ. ഞാൻ കണ്ണുകൾ ചിമ്മി ഒന്നുകൂടെ നോക്കി
27.06.2076!!!
ഞാൻ ഞെട്ടലോടെ എന്റെ ഡിജിറ്റൽ വാച്ചിൽ നോക്കി. അതിലപ്പോളും 25.12.2019 എന്ന തീയതിയും സമയം 10.12am എന്നുമാണ് കാണിച്ചിരുന്നത്!!
അപ്പോളാണ് തിരിഞ്ഞെന്നെ തന്നെ നോക്കി നിൽക്കുന്ന ആ വൃദ്ധയുടെ കണ്ണുകളിലേയ്ക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്, ഇരട്ട നിറമുള്ള കണ്ണുകൾ!!
ഓടിക്കയറിയ ഒരു കുന്നിനു മുകളിൽ നിന്നും പിടിവിട്ട് അപ്പുറത്തെ കിഴുക്കാംതൂക്കായ താഴ്ചയിലേക്ക് എന്നപോലെ, ഞാൻ അവരുടെ ഇളംപച്ചനിറമാർന്ന ഇടത്തെ കണ്ണിന്റെ അഗാധതയിലേയ്ക്ക് പതിച്ച്, സമയകാലങ്ങളുടെ നീരാളിച്ചുഴിയിലെന്നവണ്ണം പിന്നെയും അപ്പൂപ്പൻതാടി പോലെ ചുറ്റിത്തിരിയാൻ തുടങ്ങി.
ജോബി ജോർജ് മുക്കാടൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot