നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിശാചരൻ (കഥ)


Best of Nallezhuth 22
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയിൽ നനഞ്ഞുകുതിർന്ന കമുകുമരങ്ങൾ, ശക്തമായി വീശിയടിക്കുന്ന കാറ്റിൽ ഓലക്കൈകൾ നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാൾ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു.
കുറെ നേരത്തെ കണക്കുകൂട്ടലുകൾക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട്- മയിലുമല റോഡ് സമം സോജന്റെ ഇരുപതു സെന്റ് പറമ്പ്, ജോണിയുടെ അരയേക്കർ പറമ്പ്, റഷീദിന്റെ മൂന്നേക്കർ പറമ്പ്, മാത്തുച്ചേട്ടന്റെ പത്തേക്കർ പറമ്പ് എന്ന കണ്ടുപിടിത്തം നടത്തിയ ആഹ്ലാദത്തോടെ അയാൾ നിവർന്നിരുന്നു. പാദം സ്ക്വയർ ഗുണം കർണ്ണം സ്ക്വയർ സമം ലംബം സ്ക്വയർ എന്ന് നൂറുതവണ ഇമ്പോസിഷൻ എഴുതിച്ച ദിവാകരൻ സാറിനെ വീണ്ടും നന്ദിയോടെ ഓർത്തു.
ഇടുക്കിയുടെ ഭൂപ്രകൃതിയും കോട്ടയത്തിന്റെ കാലാവസ്ഥയുമുള്ള തീക്കോയി എന്ന ഗ്രാമത്തിലെ രണ്ടു മുറിയും അടുക്കളയും സിറ്റ് ഔട്ടുമുള്ള, ഷീറ്റ് മേഞ്ഞ വീട്ടിൽ രണ്ടു ദിവസങ്ങളായി അയാൾ തനിച്ചായിരുന്നു.
നാലുവയസ്സുകാരി നേഹയെ പനികൂടി കോട്ടയത്ത് ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് ദിവസങ്ങളായി. അവൾക്ക് ഭാര്യ മിനിയെ കൂട്ടിരുത്തി, എട്ടു വയസ്സുകാരൻ നോയലിനെ പെരുവന്താനത്തുള്ള ഭാര്യവീട്ടിലാക്കി തിരിച്ചു വന്നപ്പോൾ മുതൽ അയാളുടെ മനസ്സിൽ കയറിക്കൂടിയതാണ് ഈ കണക്കുകൂട്ടൽ.
നിർത്താതെ പെയ്യുന്ന മഴയിലേക്കുറ്റു നോക്കിയിരിക്കെ, അന്നാട്ടിലെ കുപ്രസിദ്ധയായ ഗണിക രഞ്ജിനിയിലേക്കും മറ്റാരും കാണാതെ അവളുടെ വീട്ടിൽ എത്തിച്ചേരാനുള്ള വഴികളിലേക്കും മാത്രമായി അയാളുടെ ചിന്തകൾ ചുരുങ്ങി.
വീടിന്റെ താഴെ വഴിയരികിലുള്ള പെട്ടിക്കടയിൽ നാരായണിയമ്മ ഇനിയും ആരൊക്കെയോ വരുമെന്ന പ്രതീക്ഷയിൽ മഴയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നുണ്ടായിരുന്നു .
നീലപ്പടുത കെട്ടിമറച്ചുണ്ടാക്കിയ കുഞ്ഞു കടമുറിയിൽ ഒരു വശത്ത് ബീഡിയും സിഗരറ്റും തീപ്പെട്ടിയും, വെറ്റിലയും പുകയിലയും ചുണ്ണാമ്പുമൊക്കെ തണുത്തിരിക്കുന്നു. മറുവശത്ത് മാസങ്ങളായി ഉപഭോക്താക്കളെയും കാത്തിരിക്കുന്ന ബ്രഡിന്റെയും ബിസ്‌ക്കറ്റിന്റെയും പായ്ക്കറ്റുകളും പലഹാരക്കൂടുകളും മിഠായിഭരണികളും. അതിനോട് ചേർന്ന് ഒരു ഗ്യാസ് സ്റ്റൗവിൽ തിളയ്ക്കുന്ന വെള്ളവും ട്രെയിൽ കമിഴ്ത്തി വച്ച ഗ്ലാസുകളും.
ഇറങ്ങിച്ചെന്ന്‌ ഒരു കട്ടൻചായ കുടിച്ചാലോ എന്നാലോചിച്ചെങ്കിലും അത് നാരായണിയമ്മയുടെ കടയടപ്പ് വീണ്ടും നീട്ടുമെന്നതിനാൽ അയാൾ വേണ്ടെന്നുവച്ചു.
ചായയുണ്ടാക്കാമെന്നു കരുതി അടുക്കളയിൽ കയറി ഗ്യാസടുപ്പ് കത്തിക്കാൻ ശ്രമിച്ചു. പക്ഷേ അയാളോട് പിണങ്ങിയിട്ടെന്നപോലെ അത് ഒന്നാളിക്കെട്ടു. വിറകടുപ്പിന്റെ മുകളിലും പാതകത്തിന്റെ വശങ്ങളിലും ഉണങ്ങാനായി അടുക്കിവച്ചിരുന്ന വിറകുകൊള്ളികളെ പുച്ഛത്തോടെ നോക്കിയിട്ട് അയാൾ വീണ്ടും ഉമ്മറത്തേക്കു നടന്നു.
ഏഴുമണി കഴിഞ്ഞിട്ടും നാരായണിയമ്മ കടയടക്കാനുള്ള ലക്ഷണമൊന്നും കാണിക്കാതിരുന്നപ്പോൾ അയാൾ ഷർട്ടിട്ടിറങ്ങി. അപ്പോഴും മഴ ചെറുതായി തൂളുന്നുണ്ടായിരുന്നു.
"എങ്ങോട്ടാ ജോസൂട്ടി?" നാരായണിയമ്മ വിളിച്ചു ചോദിച്ചു.
"വെറുതെ, കവല വരെ" അയാൾ മുരണ്ടു. പിന്നെ അവരെ നോക്കാതെ മുന്നോട്ടു നടന്നു.
"ഒരു കുട കൊണ്ടുപോടാ... മഴ നനഞ്ഞ് നിനക്കൂടെ പനി പിടിപ്പിക്കണ്ട" അവർ ശാസനാരൂപേണ പറഞ്ഞു. അയാൾ അതു ഗൗനിക്കാതെ നടന്നകന്നു .
സോജന്റെ പറമ്പരികിലൂടെ ശബ്ദമുണ്ടാക്കാതെ നടന്നെങ്കിലും കൂട്ടിൽ കിടന്ന പട്ടി ചതിച്ചു.
"എങ്ങോട്ടാ ജോസൂട്ടി?" അകത്തു ടി വി യുടെ മുൻപിൽ നിന്നും സോജന്റെ സ്വരം പറന്നു വന്നു.
"വെറുതെ, ജോണിയുടെ വീടു വരെ"അയാൾ കള്ളം പറഞ്ഞു.
"മോൾടെ പനി കുറഞ്ഞല്ലോ അല്ലെ?" വീണ്ടും സോജന്റെ ശബ്ദം ഉറക്കെ ചോദിച്ചു.
ഒന്ന് മൂളി അയാൾ നടപ്പുതുടർന്നു.
ജോണിയുടെ ഭാര്യ ഉമ്മറത്തു നിന്ന് മുടി വിടർത്തുന്നുണ്ടായിരുന്നു. തൂവെള്ള പ്രകാശത്തിൽ തെളിഞ്ഞു കണ്ട അവളുടെ രൂപം അയാളുടെ കാലുകളെ പതിയെയാക്കി. അവൾ തേച്ച സോപ്പിന്റെ മണം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഉടനെ തന്നെ അയാളുടെ മനസ്സ് മറ്റേതൊക്കെയോ മണങ്ങളിലൂടെ സഞ്ചരിച്ചു. കാലുകൾക്കു വേഗം കൂടി.
റഷീദിന്റെ പറമ്പിനരികിലൂടെ മാത്തുച്ചേട്ടന്റെ പറമ്പു ലക്ഷ്യമാക്കി അയാൾ വേഗത്തിൽ നടന്നു. ഒപ്പം മൊബൈൽ ഫോണിന്റെ ഇത്തിരി വെളിച്ചത്തിൽ മുൻപിൽ ഇഴജന്തുക്കളൊന്നും ഇല്ല എന്ന് ഉറപ്പുവരുത്തി. നനഞ്ഞ പുല്ലുകൾ നഗ്നമായ കാൽകഴന്നയിൽ ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം അയാളെ വിടാതെ പിന്തുടർന്നു.
"എങ്ങോട്ടാ ..." മുകളിൽ നിന്നും ശക്തമായ ടോർച്ചു വെളിച്ചത്തോടൊപ്പം ഒരു സ്ത്രീ സ്വരം ഉയർന്നു കേട്ടു. അയാൾ വിയർത്തു കുളിച്ചു. കയ്യിൽ നിറയെ ഇടനയിലയുമായി റഷീദിന്റെ ഉമ്മയും അയാളുടെ ആറുവയസ്സുള്ള മകനും താഴേക്കിറങ്ങിവന്നു.
"ചെക്കന് സന്ധ്യയായപ്പോ കുമ്പിളപ്പം തിന്നാൻ പൂതി. എല പറിക്കാൻ വന്നതാ". അവർ കറപിടിച്ച പല്ലുകാട്ടി ചിരിച്ചു. ചെറുക്കൻ നാണത്താൽ തലകുനിച്ചു.
"കൊച്ചിനെങ്ങനെയുണ്ട്? കുറഞ്ഞോ?" അവർ തട്ടത്തിന്റെ അറ്റംകൊണ്ട് മുഖത്തുപറ്റിയ വെള്ളത്തുള്ളികൾ തുടച്ചു കളഞ്ഞു കൊണ്ടു ചോദിച്ചു.
"ഉം..." അയാൾ വെറുതെ മൂളി
"അല്ല, നീയെന്താ ഈ പറമ്പിക്കൂടെ , അതും ഇരുട്ടിയപ്പോ?" അവർ വിടാൻ ഭാവമില്ലായിരുന്നു.
"മാത്തുച്ചേട്ടന്റെ വീട് വരെ" അയാൾ വിക്കി. അയാളുടെ പരുങ്ങൽ അവരിൽ എന്തൊക്കെയോ സംശയം ജനിപ്പിച്ചു. അടിമുടിയൊന്നു നോക്കി ഒന്നിരുത്തി മൂളിക്കൊണ്ട് അവർ പറഞ്ഞു.
"ഉം...അപ്പറത്തോട്ടൊന്നും പോണ്ട കേട്ടോ...ബീവി കൂടെയില്ലാത്തപ്പോൾ പലതും തോന്നും."
അയാൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ടു നടന്നു.
ആ വാക്കുകളുടെ ഭാരം അധിക ദൂരം മുന്നോട്ടു പോകാൻ അയാളെ അനുവദിച്ചില്ല. രണ്ടു മൂന്നു ചേമ്പിലകൾ പറിച്ചെടുത്ത്, വെള്ളം കുടഞ്ഞുകളഞ്ഞ് , അവ ഒരു കയ്യാലമേൽ നിരത്തിവച്ച് അയാൾ അതിലിരുന്നു. ഉള്ളിൽ പെയ്തുകൊണ്ടിരുന്നു അഗ്നിമഴയുടെ ചൂടിൽ ആ തണുപ്പിലും അയാൾ വിയർത്തൊഴുകി.
ഒരു കുളയട്ട കാലിൽ ഇഴഞ്ഞു കയറി രക്തം കുടിച്ചു തുടങ്ങി. അതു വയർ നിറക്കുന്നതുവരെ അയാൾ അവിടെ അനങ്ങാതെ ഇരുന്നു. നൂലുപോലെയിരുന്ന ആ ജീവി ചുടുചോര കുടിച്ചു വലുതായി താഴെ വീണപ്പോൾ ഒരു ആത്മനിർവൃതിയോടെ അയാൾ മെല്ലെ എഴുന്നേറ്റു.
മാത്തുച്ചേട്ടന്റെ റബ്ബർതോട്ടത്തിലൂടെയുള്ള നടത്തം ആയാസകരമായിരുന്നു.
കുത്തനെയുള്ള പറമ്പിൽ നിരയായി നിൽക്കുന്ന റബ്ബർ മരങ്ങൾക്കിടയിൽ നിന്ന കൈതയിലകളുടെ മുള്ളുകൾ കുത്തി കാലുകൾ വരിഞ്ഞുകീറി. മരങ്ങളെ പൊതിഞ്ഞു കെട്ടിയ നീലനിറമുള്ള പ്ലാസ്റ്റിക് ഷീറ്റിൽ വലിയ മഴത്തുള്ളികൾ വീണ് പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി .
മരങ്ങളുടെ ചോട്ടിൽ വളർന്നു നിന്ന കാട്ടുപയറിന്റെ വള്ളികൾ പലപ്പോഴും കാലിൽ കുരുങ്ങി. ഓരോ തവണയും നെഞ്ച് ആളിയെങ്കിലും ജീവനില്ലാത്തവയാണെന്ന തിരിച്ചറിവിന്റെ ആശ്വാസത്തിൽ അവയെ എടുത്തു മാറ്റി അയാൾ മുന്നോട്ടു നടന്നു.
ദൂരെയായി രഞ്ജിനിയുടെ വീടു കാണപ്പെട്ടു. ഇറയത്തു കത്തിച്ചു വച്ച നിലവിളക്ക് കെടുത്തിയിട്ടുണ്ടായിരുന്നില്ല. അതിന്റെ വെളിച്ചം ഒരു പ്രകാശഗോപുരം പോലെ അയാളെ ദിശതെറ്റാതെ മുന്നോട്ടു നയിച്ചു.
ചെറിയൊരു റോഡു കടന്ന് ഒരു മൺതിട്ട വഴി രഞ്ജിനിയുടെ പറമ്പിൽ കയറി പാത്തു പതുങ്ങി അയാൾ തൊഴുത്തിന്റെ പുറകിലേക്കു നടന്നു. സാഹചര്യങ്ങൾ ഒളിച്ചുനിന്നു നിരീക്ഷിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ എട്ടോ ഒൻപതോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് നിലവിളക്ക് എടുത്തുകൊണ്ടുപോയി. അല്പസമയത്തിനുള്ളിൽ ആ വീടുമുഴുവൻ ഇരുട്ടിലായി.
ആ കുട്ടി നോയലിന്റെ ക്ലാസ്സിലായിരിക്കും എന്നു ചിന്തിച്ചു കൊണ്ട് അവൾ ഉറങ്ങട്ടെ എന്നുകരുതി അയാൾ വീണ്ടും കാത്തു നിന്നു. ഹൃദയം മിടിക്കുന്നതിന്റെ ശബ്ദം ഇടിമുഴക്കം പോലെ കാതിൽ മുഴങ്ങിക്കേട്ടു.
അരമണിക്കൂറോളം കാത്തു നിന്നിട്ട്, വിറയ്ക്കുന്ന കാലുകളോടെ അയാൾ അടുക്കളവാതിലിനെ ലക്ഷ്യമാക്കി നടന്നുതുടങ്ങി. മുന്നോട്ടു വയ്ക്കുന്ന കാലുകളുടെ ഭാരം അയാളുടെ നടത്തത്തെ വീണ്ടും പതിയെയാക്കി.
പെട്ടെന്ന് മുന്നിലുള്ള കോഴിക്കൂടിന്റെ പുറകിൽ നിന്നും ആരോ ഒരാൾ അയാൾക്കു മുന്നേ നടന്ന് അടുക്കളവാതിൽക്കലെത്തി. വാതിൽ ഞരങ്ങിക്കരഞ്ഞു. അയാൾ വീണ്ടും തൊഴുത്തിനു പിന്നിലൊളിച്ചു.
മടക്കിക്കുത്തിയ കൈലിമുണ്ടിന്റെ താഴെ തെളിഞ്ഞു നിൽക്കുന്ന ഞരമ്പുകളിൽ നിന്നും കൊതുകുകൾ മത്സരിച്ച് അത്താഴമുണ്ടു.
തൊഴുത്തിൽ അയവിറക്കിക്കൊണ്ടു നിന്ന പശുക്കൾ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളോടെ അപരിചിതനെ അത്ഭുതത്തോടെ നോക്കി. അതിലേതോ ഒരെണ്ണം മൂത്രമൊഴിച്ചു തെറിപ്പിച്ച് അയാളെ വിശുദ്ധീകരിക്കാൻ ശ്രമം നടത്തി.
ആ നിൽപ്പിൽ അയാൾ കൂടെപഠിച്ച രഞ്ജിനിയെയും ശിഥിലമാക്കപ്പെട്ട അവളുടെ ബാല്യവും ഓർത്തു.
അച്ഛൻപെങ്ങളുടെ ഭർത്താവിൽ നിന്നും ഒളിച്ച് അയല്പക്കത്തെ പറമ്പിലെ ഷീറ്റുപുരയിൽ ഒളിച്ചിരുന്നു നേരം വെളുപ്പിച്ചിരുന്ന ഒരു പാവം പെൺകുട്ടിയെ വേശ്യയാക്കിത്തീർത്ത സമൂഹത്തെക്കുറിച്ചോർത്തപ്പോൾ അയാൾക്കു താനുൾപ്പെടുന്ന പുരുഷഗണത്തോടു തന്നെ വെറുപ്പുതോന്നി.
കുറെ വവ്വാലുകൾ ഉറക്കെ ചിറകടിച്ച് അയാളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി . ഒരു മൂങ്ങ മാത്തുചേട്ടന്റെ പറമ്പിലെ ആഞ്ഞിലിയിലിരുന്ന് എന്തോ ഇഷ്ടപ്പെടാത്ത മട്ടിൽ ഉറക്കെ മൂളി. കറുത്ത ആകാശത്ത് മേഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. അട്ടഹാസങ്ങൾ ഭൂമിയെ നടുക്കി.
അടുക്കള വാതിൽ തുറക്കുന്ന കരകരശബ്ദം കേട്ട് അയാൾ സൂക്ഷിച്ചു നോക്കി. അപ്പോൾ തെളിഞ്ഞ മിന്നലിൽ, വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന രൂപം കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു.
ആ രൂപം അപ്രത്യക്ഷമായി കഴിഞ്ഞപ്പോൾ, അല്പദൂരം മുന്നോട്ടുനീങ്ങി, ചുറ്റുംനോക്കി മറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അയാൾ അടുക്കള വശത്തേയ്ക്കു നടന്നു. വാതിൽ തുറന്നുതന്നെ കിടന്നിരുന്നു. മുറ്റത്ത് തൊട്ടപ്പുറത്തുള്ള കുളിമുറിയിൽ, വെള്ളം ഇറ്റുവീഴുന്നതിന്റെ ശബ്ദം മഴയോടൊപ്പം കേൾക്കുന്നുണ്ടായിരുന്നു.
മേൽ കഴുകി നനഞ്ഞ തോർത്തുമുണ്ടു മുലക്കച്ചകെട്ടി ഇറങ്ങി വന്ന രഞ്ജിനിയെ നോക്കി അയാൾ മെല്ലെ മുരടനക്കി. അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ അത്ഭുതവും വിഷമവും ഒന്നിച്ചു നിറഞ്ഞു.
"ജോസൂട്ടീ...നീ ..."
അവൾ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയെന്നപോലെ പാതിവഴിക്കു നിർത്തി.
"രഞ്ജിനീ....ഞാൻ..." അയാൾ അക്ഷരങ്ങൾ പരതി.
"വേണ്ട ജോസൂട്ടീ...പൊയ്ക്കോ". അവൾ അകത്തേയ്ക്കു കയറി വാതിൽ വലിച്ചടയ്ക്കാൻ തുടങ്ങി. അയാൾ ഒരാവേശത്തിൽ മുന്നോട്ടാഞ്ഞ് അവളെ പിടിച്ചു നിർത്തി. പിന്നെ ആ കൈകൾ കൂട്ടിപ്പിടിച്ച് സ്വന്തം നെഞ്ചോട് ചേർത്തു.
രഞ്ജിനി പെട്ടെന്ന് പണ്ടത്തെ പാവാടക്കാരിയായി. അവൾ തുളുബുന്ന കണ്ണുകളോടെ അയാളെ ഉറ്റുനോക്കി.
അവളുടെ ഭാവമാറ്റം ശ്രദ്ധിക്കാതെ, ദൂരെ എവിടെയോ ഉറപ്പിച്ച മനസ്സോടെ, ഇടറുന്ന സ്വരത്തിൽ അയാൾ പറഞ്ഞു തുടങ്ങി.
"എന്നെ സഹായിക്കണം രഞ്ജിനി....എന്റെ മോള് ആശുപത്രിയിലായിട്ടു ഒരു മാസമായി ...നാളെ രാവിലെ ബില്ലടച്ചില്ലെങ്കിൽ അവർ വെന്റിലേറ്റർ ഊരും. പിന്നെ അവളില്ല."
അയാൾ വിതുമ്പിക്കൊണ്ട് തുടർന്നു.
"എന്റെ കയ്യിലുള്ളതു മുഴുവനും തീർന്നു. മഴയിങ്ങനെ നിർത്താതെ പെയ്യുന്നതു കൊണ്ട് ആരുടെ കയ്യിലും കാശില്ല. ഉള്ളവരൊട്ടു തരികയുമില്ല. ഇന്നുരാവിലെ, കയ്യിൽ നയാപൈസയില്ലെന്നു പറഞ്ഞയാളാണ് ഇപ്പോൾ ഇവിടെനിന്ന് ഇറങ്ങിപ്പോയത്. ചോദിക്കാൻ ഇനി വേറാരുമില്ല. നീ എന്നെ കൈവിടരുത്. എന്റെ കുഞ്ഞില്ലാതെ എനിക്കു ജീവിക്കാനാവില്ല. " അയാൾ കരഞ്ഞുകൊണ്ട് അവളുടെ കാൽക്കൽ ഇരുന്നു.
ഒന്നും മിണ്ടാതെ അകത്തേയ്ക്കു നടന്ന അവൾ അല്പസമയത്തിനുള്ളിൽ കയ്യിൽ ചെറിയൊരു തടിപ്പെട്ടിയുമായി മടങ്ങിവന്നു. അത് അയാളുടെ നേർക്കു നീട്ടിക്കൊണ്ട്, നിഗൂഢമായ ഭാവത്തോടെ പറഞ്ഞു.
"നിന്റെ അപ്പന്റേതടക്കം ഇതിലുണ്ട്...കൊണ്ടു പൊയ്ക്കോ"
(അവസാനിച്ചു)
ലിൻസി വർക്കി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot