Showing posts with label RameshParapurath. Show all posts
Showing posts with label RameshParapurath. Show all posts

മഴനിയമങ്ങള്‍ - Part 2

Image may contain: 1 person, closeup and indoor
മാതാപിതാക്കളും സഹോദരങ്ങളുമുള്ള സൗഭാഗ്യവാനാണെങ്കിലും, സുഹൃത്തുക്കളാല്‍ അനുഗ്രഹീതനാണെങ്കിലും ഷാഹിതയുടെ അഭാവം സുബ്രഹ്മണ്യനെ ഏകനാക്കി. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമുള്ള ചെങ്കരയിലെ റെക്കോര്‍ഡ് ബുക്കെടുത്ത് വെറുതേ മറിച്ചുനോക്കി. മഞ്ഞുകാലത്തെ ഒരു കളിവിവരങ്ങളാണ് നിവര്‍ന്ന പേജിലുള്ളത്. ഷാഹിതയുടെ പേരിനുനേരെ വിരലോടിച്ച് ആലോചനയിലാണ്ടിരുന്നു. ഇരുപത്തേഴാംരാവില്‍ കലത്തപ്പത്തിന്‍റെ പങ്കുമായോ, മണ്ഡലകാലത്തെ അരവണയുടെ വീതംവെപ്പിനോ അവള്‍ ഇനി ഓടിവരില്ലെന്നസത്യം അവനെ നിരാശയിലാഴ്ത്തി. സ്ക്കൂളിലും നാട്ടുവഴികളിലുമെല്ലാം അവള്‍ സൃഷ്ടിക്കാന്‍പോകുന്ന ശൂന്യതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ ഭയമാണ്.
"സുബ്രാ..."
സുബ്രഹ്മണ്യനെ ചെങ്കരയിലേക്ക് വിളിക്കേണ്ടിവരുന്നത് കൂട്ടുകാരുടെ ആദ്യാനുഭവമാണ്. ഷാഹിതയ്ക്കൊപ്പം ചേര്‍ത്തുക്കെട്ടി പലതുംപറഞ്ഞ് അവര്‍ വഴിയിലുടനീളം‍ കളിയാക്കി. ആ കളിചിരിയൊന്നും അധികനേരം നീണ്ടുനിന്നില്ല, വഴിവക്കിലെ ആല്‍മരത്തില്‍ തൂങ്ങിക്കിടന്ന ബോര്‍ഡ് എല്ലാവരേയും കൂച്ചുവിലങ്ങിട്ടുന്നിര്‍ത്തി.
"മുറിച്ച് വില്‍പ്പനയ്ക്ക്"
അവിടെക്കൂടിയ കായികതാരങ്ങളുടെയെല്ലാം നെഞ്ചിടിച്ചുത്തകര്‍ക്കാനുള്ള പ്രഹരശേഷി ബോര്‍ഡിലെ അക്ഷരങ്ങള്‍ക്കുണ്ടായിരുന്നു.
മുഹമ്മദാലിയുടെ ഹാട്രിക്ക് വിക്കറ്റുകള്‍, ഷാഹിതയുടെ അതിവേഗ അര്‍ദ്ധസെഞ്ചുറി, പ്രകാശന്‍ പറന്നെടുത്ത സ്ലിപ്പ് ക്യാച്ച്... എണ്ണിയാല്‍ തീരാത്ത എത്രയെത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ് ചെങ്കര സാക്ഷ്യംവഹിച്ചിട്ടുള്ളത്! എത്ര തുണ്ടുകളായി വെട്ടിമുറിച്ചാലും പ്രമാണങ്ങള്‍ ആരൊക്കെ പെട്ടിയില്‍ സൂക്ഷിച്ചാലും ചരിത്രത്തില്‍ ചെങ്കര തരകന്‍മുക്കിലെ പിള്ളേരുടേതാണ്. എല്ലാവരും തോറ്റുപോയ ആ ദിവസത്തില്‍ ക്രിക്കറ്റിന് അവധി പ്രഖ്യാപിച്ചു. ഗംഗാധരന്‍ കൊളുത്തിയ സിഗരറ്റില്‍നിന്നും ഈരണ്ട് പുക സുബ്രഹ്മണ്യനും മുഹമ്മദാലിയും ആഞ്ഞുവലിച്ചു. മതില്‍കെട്ടി മറയ്ക്കാതെ ഇത്രയുംനാള്‍ തുറന്നുകൊടുത്തതിന്, ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത മറുനാടന്‍ മുതലാളിയോട് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞ് അവര്‍ പിരിഞ്ഞു. 
സുബ്രഹ്മണ്യന്‍ ചെന്നെത്തിയത് അദില്‍മുഹമ്മദ് കെട്ടിയ വേലിയ്ക്ക് സമീപമാണ്. അക്കൊല്ലത്തെ വിഷുസദ്യയും നേര്‍ച്ചച്ചോറുമൊന്നും ചാടിക്കടക്കാത്ത ആ വേലിക്കുമുന്നില്‍ പകച്ചുനിന്നു. ദു:ഖവാര്‍ത്ത പങ്കുവയ്ക്കാനായി, വജ്രത്തിളക്കത്തില്‍ ഇടങ്കയ്യന്‍ ബാറ്റ്സ്മാനെ മുന്നില്‍ പ്രതിഷ്ഠിച്ചു.

"ഷായ്തേ നമ്മുടെ ചെങ്കര...."
ഇടറിയാടുന്ന മനസ്സിലും നിറമിഴികളിലുമെല്ലാം അപ്പോള്‍ അവളാണ്, ക്രീസില്‍ അക്രമാസക്തയായ ഷാഹിത മാത്രം!
"മണിയാ!!"
അച്ഛന്‍റെ ഗര്‍ജ്ജനമാണ്. വേലിക്കുത്തില്‍ പിടിച്ചുനില്‍ക്കുന്ന മകനെ കണ്ടപ്പോള്‍, അണപ്പല്ലുകൊണ്ട് അമര്‍ത്തിവച്ചതെല്ലാം അണപൊട്ടിയൊഴുകി.
പത്തുറുപ്പികയ്ക്ക് തിടുക്കംവരുമ്പോള്‍ മുടക്കംപറയാത്ത അദിലുവെന്ന ചങ്ങാതിയെ തെറ്റിച്ചതിന്‍റെപേരില്‍ പടിമുടക്കിയെന്ന് അതിക്ഷേപിച്ചു. സഹോദരിയായി കാണേണ്ട അയല്‍ക്കാരിപ്പെണ്ണിനെ മോഹിച്ച കുറ്റംചുമത്തി മുടിയനായപുത്രനെന്ന് വിശേഷിപ്പിച്ചു. സ്ക്കൂളും ക്ലബുമെല്ലാം നിര്‍ത്തി മുളയങ്കാവില്‍പോയി കുലത്തൊഴില്‍ പഠിക്കാന്‍ ആജ്ഞാപിച്ചു. വാക്കുകളുടെ വിസ്ഫോടനത്തില്‍ അകംമുറിഞ്ഞ് സുബ്രഹ്മണ്യന്‍ തേങ്ങിക്കരഞ്ഞു. സങ്കടം സഹിക്കാനാവാതെ അവനൊപ്പം അമ്മയും കരഞ്ഞു. ചങ്ങാതിയുടെ ഏകസന്താനത്തിന്‍റെ പിടിവാശിക്ക് കുടപിടിച്ചതും അക്ഷരമുറച്ചില്ലെന്ന ന്യായംപറഞ്ഞ് അവനെ ഒന്നില്‍ തോല്‍പ്പിച്ചിരുത്തിയതും അച്ഛനാണ്. കൂട്ടുത്തരവാദിത്തം, രഹസ്യമായി അച്ഛനേയും കരയിച്ചു.
അന്നത്തെ സായന്തന നടത്തത്തിനിടക്ക് ഷാഹിത അദിലുപ്പയെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്തു.

" മറ്റൊരു ദുനിയാവില് കൊമ്പത്തൊരുസ്ക്കൂളുണ്ടെന്ന് പുന്നാരളിയന്‍ പറഞ്ഞാല്‍, അങ്ങോട്ടും 
ഷാഹിതാനെ തള്ളിവിട്യോ? "

ശ്രീകൃഷ്ണപുരത്തേക്ക് പോകുന്നതിനെച്ചൊല്ലിയുള്ള മകളുടെ പ്രതിഷേധപ്രകടനങ്ങളൊന്നും വിലയ്ക്കെടുത്തിട്ടില്ല. ആ ചോദ്യത്തേയും ഉത്തരം നല്‍കാതെ അവഗണിച്ചു.
"ഓര്‍മ്മവെച്ച കാലംതൊട്ടിന്നോളം മൊടക്കംവരുത്താത്ത ഈ നടത്തവും, നടത്തത്തിനൊടുവിലെ ആട്ടിന്‍പാലുമെല്ലാം അദിലുപ്പാവിന് വെറും നേരമ്പോക്കായിരുന്നോ?"
മറുപടിക്ക് മുഖംകൊടുക്കാതെ ഷാഹിത തിരിഞ്ഞുനടന്നു. മക്കളില്ലാത്ത നരകയാതനക്ക് അറുതിവരുത്തിക്കൊണ്ട് റജാബിലെ ഒരു പകലില്‍ പിറന്നവളാണ്. മുടി കളഞ്ഞതും പല്ലുംചൊല്ലും വന്നതും ചുവടുറച്ചതുമെല്ലാം പൂത്തിരികത്തിച്ച ആഘോഷങ്ങളായിരുന്നു. അവളുടെ ഉറക്കത്തിലെ ഞെട്ടിത്തെറിക്ക് ഉറങ്ങാതെ കാവലിരുന്ന രാത്രികള്‍, ഓര്‍മ്മകളിലിന്നും ഉണര്‍ന്നുതന്നെയിരിക്കുന്നു! ഷാഹിതാന്‍റെ പിറന്നാളുകളോരോന്നും അദില്‍മുഹമ്മദിന് പെരുന്നാളുകളായിരുന്നു. മലര്‍പ്പൊഴിച്ചും മധുവൊഴുക്കിയും പിണങ്ങിപ്പിരിഞ്ഞുപോയ മകളെ നീട്ടിവിളിച്ചു.
"മുത്തേ..."
വിളികേള്‍ക്കാതെ, ഓടിച്ചെന്ന് ഓരംചേര്‍ന്ന് നില്‍ക്കാതെ, തല പിടിച്ചുതാഴ്ത്തി നെറുകില്‍ മുത്തം കൊടുക്കാതെ അദിലുപ്പാവിന്‍റെ മുത്ത് പിണങ്ങിത്തന്നെയിരുന്നു. ഇഷാനിസ്കാരത്തിന് വിരിച്ചിട്ട പായ കണ്‌ണീരില്‍ കുതിര്‍ന്നു. മകളുടെ ആയുസ്സിനും നല്ല പകലുകള്‍ക്കും നേരിന്‍റെ പാത‍ക്കുംവേണ്ടി കാരുണ്യവാനോട് നെഞ്ചുരുക്കി പ്രാര്‍ത്ഥിച്ചു.
വലിയ തിരിച്ചറിവുകളുണ്ടായ സുപ്രഭാതത്തില്‍, സുബ്രഹ്മണ്യന്‍ അച്ഛന്‍റെ പണിയായുധങ്ങള്‍ കൊട്ടിക്കുടഞ്ഞ് പരിശോധിച്ചു. മുഴക്കോലില്‍ തുടങ്ങി എത്രതരം ആയുധങ്ങളാണ്! വടക്കന്‍ ഉളിയുടെ വെട്ടിത്തിളങ്ങുന്ന വായ്തലപ്പില്‍ കണ്ണുകള്‍ ഉടക്കിനിന്നു. അച്ഛന്‍റെ വാക്കുകളിലൂടെ മനസ്സിനെ സഞ്ചരിപ്പിച്ചു. കരിമ്പന വെട്ടിക്കീറി വീടുണ്ടാക്കുന്നതല്ല ഇന്നത്തെ ആശാരിപ്പണി, മരത്തില്‍ ഉളികൊണ്ട് ചിത്രങ്ങള്‍ വരയ്ക്കണം. 
ജീവനുള്ള ചിത്രങ്ങള്‍! 
മുളയങ്കാവില്‍പോയി കൊത്തുപണി പഠിച്ച്, പണിയും പണിത്തരവും നാലാളെ അറിയിക്കണം. കൂലിക്കുപുറമെ പാരിതോഷികത്തിന്‍റെ പണക്കിഴികള്‍ പടികയറി വരണം. സുബ്രഹ്മണ്യനാശാരിയുടെ പേരുംപെരുമയും നാടുനീളെ മുഴങ്ങണം! 
പണ്ടൊരിക്കല്‍ മാറ്റിവച്ച മരം പുറത്തെടുത്ത് മുപ്പത്തിയെട്ട് ഇഞ്ചില്‍ അളന്നുമുറിച്ചു. പണിത്തിരക്കുള്ള ആ ദിവസം പലമാറ്റങ്ങള്‍ക്കും വിധേയമായി. കൂട്ടുകാരുടെ ചെങ്കരയിലേക്കുള്ള ക്ഷണത്തെ അര്‍ദ്ധമനസ്സോടെ നിരസിച്ചു. ഉച്ചയൂണിനായി അമ്മയ്ക്ക് പലതവണ വിളിച്ച് കാവലിരിക്കേണ്ടിവന്നു. മനസ്സിന്‍റെ മണിവാതില്‍ക്കല്‍ ഷാഹിതയുടെ തട്ടുംമുട്ടും പാദസരക്കിലുക്കവുമൊന്നും‍ കേട്ടതേയില്ല. പണിതീരാത്ത ബാറ്റ് അന്നവനെ കിടത്തിയുറക്കിയതുമില്ല! എഴുന്നേറ്റ്, ഒരാള്‍ബലം നല്‍കാറുള്ള ആ തൊപ്പിവച്ച് പുറത്തേക്കിറങ്ങി. നിഴലും നിലാവുമുള്ള രാത്രി! ഇലയനക്കങ്ങളെപ്പോലും ഭീകരസത്ത്വങ്ങളാക്കുന്ന രാത്രിയെ സുബ്രഹ്മണ്യന് ഭയമാണ്. കിഴക്കേവരാന്തയുടെ വടക്കേമൂലയ്ക്കിരുന്ന് ബാറ്റിന്‍റെ പണി പുനരാരംഭിച്ചു. പടര്‍ന്നുപന്തലിച്ച നിശബ്ദതക്ക് തുളകള്‍വീഴ്ത്തിക്കൊണ്ടുള്ള കാളുവിന്‍റെ കുരയും, അദില്‍മുഹമ്മദിന്‍റെ പടിക്കലെ പനച്ചോട്ടില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീരൂപവും അവന്‍റെ ഭയത്തെ എട്ടാക്കിപ്പെരുക്കി ദിക്കുകള്‍തോറും തേറ്റകാട്ടിനിര്‍ത്തി. ധൈര്യംസംഭരിച്ച്, കാലിതൊഴുത്തിന്‍റെ തേക്കാത്ത ചെങ്കല്‍ചുമരില്‍‍ ചാരിനിന്നുകൊണ്ട് നിരീക്ഷിച്ചു. അരക്കയ്യന്‍ഷര്‍ട്ടും മുക്കാലന്‍പാവാടയിലും നടന്നകലുന്നത് ഷാഹിതയല്ലേ!? അവള്‍ ഇതെന്തിനുള്ള പുറപ്പാടാണ്? എന്താപത്താണ് സംഭവിക്കാന്‍ പോകുന്നത്? പതറിയ മനസ്സോടെ നിശ്ചിതയകലത്തില്‍ അവനവളെ പിന്തുടര്‍ന്നു. ആദ്യമരപ്പണിയുടെ ആകാംക്ഷാരൂപത്തില്‍വന്ന്‍ അവനെ ഉണര്‍ത്തിയിരുത്തിയത് ആരാണ്? ഷാഹിതയുടെ ഈ അസാധാരണരാത്രിക്ക് കാവല്‍ദൗത്ത്യമേല്‍പ്പിച്ചതിന് ആരോടാണ് നന്ദിപറയേണ്ടത്? അവളുടെ ലക്ഷ്യസ്ഥാനം ചെങ്കരയിലെ ക്രീസാണെന്നറിഞ്ഞപ്പോള്‍ മനസ്സുതണുത്തു. രാത്രിയില്‍ ഇറങ്ങിനടക്കാനുള്ള ധൈര്യം അവള്‍ക്കെങ്ങനെയുണ്ടായി? സെഞ്ചുറിയെന്ന സ്വപ്നം അവളുടെ ഉറക്കംകെടുത്തിയോ, അടങ്ങാത്ത റണ്‍ദാഹം അവളെ നിര്‍ഭയയാക്കിയോ, അതോ ചെങ്കരയുടെ വില്‍പ്പനാപരസ്യംകണ്ട് ആ നെഞ്ചിടറിയോ? 
ഷാഹിത മുകളിലേക്കെറിഞ്ഞ് അടിച്ചകറ്റിയ പന്ത്, തെര്‍ട്ടിയാര്‍ഡ് സിര്‍ക്കിളിന് തൊട്ടുപുറത്തുനിന്നും സുബ്രഹ്മണ്യന്‍ പിടിച്ചെടുത്തു.

"സുബ്രുവെന്താ ഇവിടെ!? ഈ നേരത്ത്!"
അത്ഭുതംകൊണ്ടുള്ള അവളുടെ ചോദ്യം തികച്ചും ന്യായവുമായിരുന്നു. പകല്‍വെളിച്ചത്തില്‍ വിലക്കുകളുള്ളവള്‍ തിരഞ്ഞെടുത്തതാണ് ഈ രാത്രിസമയം. അവിടേക്ക് അസമയത്ത് വലിഞ്ഞുകയറിവന്നത് സുബ്രഹ്മണ്യനാണ്. മറുപടി മൗനത്തിലൊതുക്കി അവന്‍ ഒഴിഞ്ഞുമാറിനിന്നു.
"ഏതായാലും വന്നതല്ലേ... ഒരു പന്തെറിയ്യോ?"
വെറുതേയൊരു പന്തെറിയാന്‍ സുബ്രഹ്മണ്യന് കഴിയില്ല, ക്രിക്കറ്റെന്നാല്‍ പോരാട്ടമാണ്. ക്രിക്കറ്റിലവന്‍ ജയിച്ചതും തോറ്റതുമെല്ലാം കഠിനമായ പോരാട്ടങ്ങള്‍ക്കൊടുവിലാണ്. അവര്‍, സ്റ്റമ്പുകള്‍ തറച്ച് ബെയില്‍സ് വച്ചു. ചരിത്രത്തിലാദ്യമായി ചെങ്കരയൊരു രാത്രിമത്സരത്തിന് വേദിയാവുകയാണ്. വലങ്കയ്യന്‍ ഫാസ്റ്റ്ബൗളറും ഇടങ്കയ്യന്‍ ബാറ്റ്സ്മാനും തമ്മിലുള്ള ഒറ്റബോള്‍മത്സരം! ആ മത്സരം നിയന്ത്രിക്കാനോ വിലയിരുത്താനോ ആരുംതന്നെയില്ല. തലയാട്ടിനില്‍ക്കുന്ന വൃക്ഷലതാദികളാണ് കാണികള്‍. തിങ്കളും താരങ്ങളുമാണ് വെളിച്ചം പകരുന്നത്. ഷാഹിത ക്രീസില്‍ ചുവടുറപ്പിച്ച്, അക്ഷമയോടെ പന്തിനെ കാത്തുനിന്നു. എതിര്‍വശത്ത് സുബ്രഹ്മണ്യന്‍റെ തലപുകഞ്ഞു. ഒരു ഫുള്‍ടോസിലൂടെ കുറ്റി പിഴുതെറിയാമെന്നുവച്ചാല്‍, അത് ഏറ്റവുംവലിയ മണ്ടത്തരമാവും. യോര്‍ക്കറാണെങ്കില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. കണ്ണഞ്ചിപ്പിക്കുന്ന ഒരു ഷോര്‍ട്ട്ബോളിനുമുന്നില്‍, ബാറ്റുയര്‍ത്താനാവാതെ നോക്കുകുത്തിയായി നില്‍ക്കുന്ന ഷാഹിതയുടെചിത്രം മനസ്സില്‍തെളിഞ്ഞു. മുഖത്ത് വന്യമായൊരു ചിരിവിടര്‍ന്നു. എങ്കിലും കളിക്കളത്തിലെ ചില ദുരനുഭവങ്ങള്‍ അവനെ കണ്ണടച്ച പ്രാര്‍ത്ഥനയിലെത്തിച്ചു.
"ഈ വെളിച്ചക്കുറവില്‍, അവള്‍ മെയ്യുംതലയും പന്തിനുമുന്നില്‍ കൊണ്ടുവന്ന് വയ്ക്കരുതേ....!"
സുബ്രഹ്മണ്യന്‍റെ പന്ത് ഷോര്‍ട്ട്പിച്ച് ചെയ്തയുടന്‍, ഷാഹിത ഞൊടിയിടയില്‍ ലെങ്ത്ത് നിര്‍ണ്ണയിച്ചു. മിന്നല്‍വേഗത്തില്‍ ബാക്ക്ഫൂട്ടിലേക്കിറങ്ങിനിന്ന് വായുവില്‍ ഒരു അര്‍ദ്ധവൃത്തം വരച്ചു. 
എ ക്രാക്കിങ് പുള്‍ ഷോട്ട്!
നിഴല്‍ചിത്രങ്ങളായി ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്ന അശോകമരങ്ങള്‍ക്ക് മുകളിലൂടെ ഒരു നിഴല്‍പക്ഷിയായി ആ പന്ത് പുതിയ അതിരുകള്‍തേടി പറന്നകന്നു. ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍റെ അനായാസത വലങ്കയ്യന്‍ ഫാസ്റ്റ്ബൗളറെ തളര്‍ത്തിയിരുത്തി. 
പ്രതിഭയും പ്രകടനങ്ങളും നിരത്തിവച്ചുനോക്കുമ്പോള്‍, ചെങ്കരയിലൊരു സെഞ്ചുറി ഷാഹിതയ്ക്ക് കിട്ടാക്കനിയൊന്നുമല്ല. അവളുടെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരവുമാണ്. സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി അവന്‍ പുതിയൊരു നിയമമുണ്ടാക്കി. ആ നിയമപ്രകാരം പന്തയം ജയിക്കുന്നത് ഷാഹിതയും, ആ തൊപ്പി അവള്‍ക്ക് അര്‍ഹതപ്പെട്ടതുമാണ്. നിറഞ്ഞമനസ്സോടെ ഇരുകൈകള്‍കൊണ്ട് തരകന്‍മുക്കിന്‍റെ രാജകുമാരിയെ തൊപ്പിധരിപ്പിച്ചു. പള്ളിമുറ്റത്തുനിന്നും പറയാന്‍ കഴിയാത്തത് ചെങ്കരയിലെ പിച്ചില്‍നിന്നുകൊണ്ട് പറഞ്ഞു.

"ശ്രീഷ്ണപുരംസ്ക്കൂളില്‍ വനിതകള്‍ക്ക് ടീമുണ്ട്. എങ്ങനേയും അന്തിമ ഇലവനില്‍ ഇടംപിടിക്കണം. ഓപ്പണറായി നിലയുറപ്പിക്കണം."
സുബ്രഹ്മണ്യന്‍ തിരിച്ചുനടന്നു. തൊട്ടുതൊടാതെ അവള്‍ പുറകിലുണ്ടെങ്കിലും, പുതുതായി സ്ഥാനംപിടിച്ച നിശബ്ദത അവരെ വലിയൊരകലത്തില്‍ മാറ്റിനിര്‍ത്തി. ഉമ്മയുടെ കുടിയിലേക്ക് എന്നാണ് പോകുന്നതെന്ന് ചോദിച്ചതും പറഞ്ഞതുമില്ല. ഒറ്റയ്ക്ക് ഭീമന്‍തോട് ചാടിയത് അവളില്‍നിന്നും മറച്ചുവച്ചു. സുബ്രഹ്മണ്യനോട് ഒരിക്കലും മിണ്ടരുതെന്ന അദിലുപ്പാവിന്‍റെ ആജ്ഞയെ അവളും മറച്ചു. നേരില്‍കാണുമ്പോള്‍ പറയാനാഗ്രഹിച്ച് ഒരുക്കൂട്ടിവച്ചതൊക്കെയും ഇരുവരും വേണ്ടെന്നുവച്ചു. പനച്ചോട്ടില്‍നിന്നും അവള്‍ ഒന്നുമാത്രം ഓര്‍മ്മിപ്പിച്ചു.
"സുബ്രു വിചാരിക്കണപോലല്ല കാര്യങ്ങള്... വല്ല്യപാടാണ്! ഞാന്‍... ഞാനൊരു പെണ്ണല്ലേ...."
കരയാത്ത ഷാഹിത ഇത്രയും പറഞ്ഞൊപ്പിച്ചത് കരഞ്ഞുകൊണ്ടാണ്. അപ്പോള്‍ സുബ്രഹ്മണ്യന്‍റെ മനസ്സിലാവട്ടെ, മഹാവൃക്ഷംപോലെ വളര്‍ന്നുനില്‍ക്കുന്നത് ഒരു അത്ഭുതമാണ്. ഷാഹിത എത്ര അനായാസമായാണ് രാത്രിയുടെ വളഞ്ഞകൊമ്പുകളും കൂര്‍ത്തപല്ലുമെല്ലാം അടിച്ചുകൊഴിച്ചത്!! ക്രിക്കറ്റും ചെങ്കരയുമുള്ള ഈ അസുലഭരാത്രിയില്‍ അവള്‍ കണ്ണീരുപ്പുകലര്‍ത്താന്‍ പാടില്ലായിരുന്നു.
ഷാഹിത മുറിയില്‍കയറി കതകടച്ച്, അടഞ്ഞുകിടന്ന ജനല്‍പാളികള്‍ മലര്‍ക്കെത്തുറന്നിട്ടു. ബാറ്റിന്‍റെ അവസാന മിനുക്കുപണിയിലേര്‍പ്പെട്ട സുബ്രഹ്മണ്യനെനോക്കി ഇരിപ്പുറപ്പിച്ചു. 
ഒന്നിലൊരുകൊല്ലം കൂട്ടിരുന്നവന്‍.
തീപന്തുകള്‍കൊണ്ട് ബാറ്റ് ജ്വലിപ്പിച്ചെടുത്തവന്‍.
അര്‍ദ്ധരാത്രിക്ക് ബാറ്റേന്തിനിന്നപ്പോള്‍ പന്തെറിയാന്‍വന്ന ക്രിക്കറ്റ്മാന്ത്രികന്‍.
അവളുടെ സുബ്രു!
മറക്കണംപോലും...,
ഒപ്പം അമ്മാവന്‍റെവക ഒരു ഭീഷണിയും-
ശ്രീകൃഷ്ണപുരത്തേക്കാള്‍ മികച്ച സ്ക്കൂളുകള്‍ ദുബായിയില്‍ ഉണ്ടത്രേ! 
തുറന്നിട്ട ജാലകത്തിന് കാവലിരുന്ന് അവള്‍ നേരംവെളുപ്പിച്ചു. അന്നത്തെ സുബഹ്ബാങ്ക് പലതും ഓര്‍മ്മിപ്പിച്ച് കരയിച്ചു. എത്രയാലോചിച്ചിട്ടും ഉത്തരംക്കിട്ടാതെ ഒരു ചോദ്യംമാത്രം ഉള്ളില്‍കിടന്ന് എരിഞ്ഞു.

"എങ്ങനെയാണ് സുബ്രുവിനോടും ചെങ്കരയോടും യാത്രപറയുക?"
അദിലുപ്പയുടേയും ബേനുമ്മയുടേയും അനുമതിയോടെ അവള്‍ അതിരാവിലെ സുബ്രഹ്മണ്യന്‍റെ വീട്ടില്‍വന്നു. ആ സമയത്ത് വന്നാലേ അച്ഛനെക്കാണാന്‍ കഴിയൂ. അവള്‍ക്ക് കണിക്കൊന്നക്കാതലില്‍ ആദ്യമായൊരു ബാറ്റ് സമ്മാനിച്ചതും കൊട്ടത്തേങ്ങകെട്ടി നീന്താന്‍ പഠിപ്പിച്ചതുമൊക്കെ അദ്ദേഹമാണ്. ബേനുമ്മയ്ക്ക് ദീനംപിടിച്ചപ്പോള്‍, അവള്‍ക്കുവേണ്ടതെല്ലാം ചെയ്തുകൊടുത്തത് അമ്മയാണ്. അവരെയൊക്കെ നേരില്‍കണ്ട് യാത്രപറഞ്ഞില്ലെങ്കില്‍ അത് നന്ദികേടാവും. അമ്മ പകര്‍ന്നുനല്‍കിയ ചായക്കുശേഷം, ബാറ്റെടുത്ത് ഉറപ്പുംപിടിയുംനോക്കി അന്തരീക്ഷവായുവില്‍ ഏതാനും ഷോട്ടുകളുതിര്‍ത്തു. സുബ്രഹ്മണ്യന്‍റെ ഫസ്റ്റ് വര്‍ക്കിനെ കുറിച്ച് അച്ഛനുമായി ചര്‍ച്ചനടത്തി. തൊഴില്‍ മേഘലയില്‍ മകന്‍ ഭീഷണിയുയര്‍ത്തുമെന്ന അവളുടെ കണ്ടുപിടുത്തം ഒരു പൊട്ടിച്ചിരിയില്‍‍ കലാശിച്ചു. അവിടെ നടക്കുന്നതൊന്നുമറിയാതെ സുഖനിദ്രയിലാണ്ടുപോയ സുബ്രഹ്മണ്യനെകണ്ട് കോപംകൊണ്ടുപുളഞ്ഞു. ജനാലവഴി ഒരുകോപ്പവെള്ളം അവന്‍റെ തലപ്പുറെഴൊഴിച്ച് അവള്‍ ചെങ്കരയിലേക്കോടി.
ആ കൊച്ചുവെളുപ്പാന്‍കാലത്ത് ചെങ്കരയില്‍ നടന്നത് ഒരു യുദ്ധമായിരുന്നു. നെറ്റിത്തടം ലക്ഷ്യമാക്കിവന്ന സുബ്രഹ്മണ്യന്‍റെ വലതുമുഷ്ടിയെ, ഷാഹിത ഇടതുകൈക്കൊണ്ട് തടഞ്ഞിട്ടു. അവന്‍റെ ഒരോ ആക്രമണങ്ങളേയും കൈതലങ്ങള്‍കൊണ്ട് വെട്ടും തെറ്റുംതീര്‍ത്ത് അവള്‍ പ്രതിരോധിച്ചു. രക്ഷാകവചം ഭേദിച്ച് പുളഞ്ഞുകയറിയ ഇടങ്കയ്യില്‍നിന്നും സുബ്രഹ്മണ്യന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപ്രതീക്ഷിതമായി തുടയിലേറ്റ ഒരു മിന്നലാക്രമണത്തില്‍ ഷാഹിത അടിതെറ്റിവീണു. ചാടിയെഴുന്നേറ്റ്, ഇടിവളയുമായി പാഞ്ഞടുത്തെങ്കിലും സുബ്രഹ്മണ്യന്‍റെ കൈക്കരുത്തില്‍ കടകവള ഉടഞ്ഞുവീണു. മണ്ണില്‍ ചിതറിക്കിടക്കുന്ന വളപ്പൊട്ടുകള്‍ക്കുമുന്നില്‍ അവര്‍ നിമിഷനേരം‍ ചലനമറ്റുനിന്നു. കരിവീട്ടിക്കാതല്‍ കടഞ്ഞ് പുതിയതൊന്ന് നിര്‍മ്മിച്ചുനല്‍കാമെന്ന വാഗ്ദാനം‍ ചെവികൊള്ളാതെ, നെഞ്ചില്‍ ആഴത്തിലൊരു നഖപ്രയോഗംനടത്തി. അവള്‍ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല, ആ നഖപ്രയോഗത്തിന് പതിറ്റാണ്ടിന്‍റെ കാലപ്പഴക്കമുണ്ട്. അടുത്തത് പല്ലാണ്! അതിന് ഇടവരുത്താതെത്തന്നെ അവന്‍ കീഴടങ്ങി.

" ഭീമന്തോട് ചാടിക്കടക്കാനായിട്ട് ഷാഹിത ഒരുദിവസം വരും!"
വീട്ടുകാരും നാട്ടുകാരില്‍ നാലാളുംചേര്‍ന്ന് കൂട്ടിനുകൊള്ളാത്തവനെന്ന് മുദ്രകുത്തിയപ്പോള്‍, അന്യനെപ്പോലെ അകറ്റിനിര്‍ത്തിയവളുടെ വാക്കിനുമുന്നില്‍ അവന്‍ അന്ധാളിച്ചുനിന്നു.
"സത്യം?"
"പടച്ചോനാണ്... എന്‍റെ അദിലുപ്പാവാണ്... നമ്മടെ ചെങ്കരയാണ് സത്യം!"
അവന്‍റെ കോളറിനുപിടിച്ച് അവള്‍ ഒരു കാര്യംകൂടി ചോദിച്ചു.
"അന്ന് സുബ്രു മുന്നിലുണ്ടാവില്ലേ?"
"ഉണ്ടാകും. അന്നെന്നല്ല,എന്നും!"
ഷാഹിതയുടെ മുടിക്കെട്ടും ചുടുനിശ്വാസവും സുബ്രഹ്മണ്യന്‍റെ നെഞ്ചില്‍വന്നുവീണു. അവന്‍റെ കൈത്തൊട്ടിലില്‍ കിടന്ന് മുഖം ചുവന്നുതുടുത്തു. ഇമവെട്ടലുകളില്ലാതെ കണ്ണുകള്‍, കണ്ണുകളെ കവര്‍ന്നെടുത്തു. കണ്‍പീലികള്‍ ഇഴചേരുംവിധം അവര്‍ ഒട്ടിച്ചേര്‍ന്നു. ഇലഞ്ഞിപ്പൂക്കളെപ്പോലെ അവര്‍ക്കും ഓരോതരം മാന്ത്രികഗന്ധങ്ങളുണ്ടെന്ന്‍ തിരിച്ചറിഞ്ഞു. ചെങ്കരയുടെ ഹൃദയത്തില്‍വച്ച് ആദ്യമായി ചുംബിച്ചു! യുദ്ധാന്ത്യത്തിലെ ആ മൃദുചുംബനം ഒരു വിധിപ്രഖ്യാപനം നടത്തി.
'തരകന്‍മുക്കിലെ മാന്യമഹാജനങ്ങളേ... ബന്ധുമിത്രാദികളേ... നിങ്ങളുടെ വാദത്തെ കാലം ശരിവക്കുന്നു. നീലകണ്ഠന്‍റെ മകന്‍ സുബ്രഹ്മണ്യനും അദില്‍മുഹമ്മദിന്‍റെ മകള്‍ ഷാഹിതയുംതമ്മില്‍ പ്രണയത്തിലാണ്!'
പുലരുവന്‍ മടിച്ചുനിന്ന ആ ദിവസം, അടുത്തതായി കാഴ്ചവച്ചത് ഒരു മഴയായിരുന്നു. മുന്നൊരുക്കങ്ങളോ ശബ്ദകോലാഹലങ്ങളോയില്ലാതെ ശാന്തമായി പെയ്തിറങ്ങിയ മഴ! ഇലഞ്ഞിച്ചോട്ടില്‍ ചേര്‍ന്നിരുന്നുകൊണ്ട് ആ മഴയ്ക്കൊപ്പം അവര്‍ തോരാതെ സംസാരിച്ചു. ചെങ്കരയെക്കുറിച്ചുതുടങ്ങിയ സംസാരത്തില്‍, സര്‍ ഡോണ്‍ ബ്രാഡ്മാനും സര്‍ വിവ് റിച്ചാഡ്സും ബാറ്റുണ്ടാക്കുന്ന വില്ലോമരങ്ങളുമെല്ലാം വിശിഷ്ടാഥിതികളായിവന്നു. എന്നെങ്കിലുമൊരിക്കല്‍, ലോര്‍ഡ്സിലേക്ക് ഒരു വിനോദയാത്ര പദ്ധതിയിട്ട് അവര്‍ മുഖംനോക്കാതെയിരുന്നു.
യാത്രയ്ക്കുള്ള പെട്ടിയൊരുക്കുമ്പോള്‍, അവള്‍ ആദ്യം എടുത്തുവച്ചത് ആ ബാറ്റാണ്. ഒരിക്കലും ഒരുകാലത്തും ചിതലരിക്കാത്ത ആര്യവേപ്പിന്‍റെ ആണിവേരില്‍ സുബ്രു കൊത്തിയെടുത്ത ബാറ്റ്!പെട്ടിചുമന്നുകൊണ്ട് അദിലുപ്പ മുന്നിലും, അവള്‍ പിറകേയുമായി പടിയിറങ്ങി. അവരില്‍ സംഭവിച്ച നിറസാദൃശ്യം സുബ്രഹ്മണ്യനിലൊരു കൗതുകമുണര്‍ത്തി. കുപ്പായത്തിനും മക്കനയ്ക്കും ഒരേനിറമായിരുന്നു. 
ആകാശത്തിന്‍റെ അതേനിറം! ‍
അവള്‍ തിരിഞ്ഞുനിന്ന് വിതുമ്പി. മുളയങ്കാവിലെ പാഠശാലയും ശ്രീകൃഷ്ണപുരത്തെ സ്ക്കൂളും, വലിയൊരകലവും വളച്ചുകെട്ടലുകളുമുള്ള രണ്ടിടങ്ങളാണ്. ഈ പിരിഞ്ഞിരുത്തം എത്രകാലം നീണ്ടുപോകും? അവളുടെ മുഖവും അതുതന്നെയാണ് ചോദിക്കുന്നത്. ഇരുപത് ബാറ്റകലത്തില്‍ നിന്നുകൊണ്ട് അവന്‍ കൈക്കാണിച്ചു. മഴച്ചിത്രങ്ങള്‍നിറഞ്ഞ മണ്‍വഴിയിലൂടെ പിരിഞ്ഞുനടക്കുമ്പോള്‍ വെറുതെ, വെറുതെയൊരുരസത്തിന് അവന്‍ മനസ്സില്‍പറഞ്ഞു.

"ഷാഹിത അദില്‍മുഹമ്മദിന് സെഞ്ചുറി; ഭാരതത്തിന് മിന്നുന്ന വിജയം."



By: Ramesh Parappurath

മഴനിയമങ്ങള്‍ - Part 1

Image may contain: 1 person, closeup and indoor
സചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍ ഏകദിനസെഞ്ചുറികളുടെ എണ്ണത്തില്‍ ഡെസ്മണ്ട് ഹെയിന്‍സിനെ മറികടന്ന കാലം. അന്ന് തരകന്‍മുക്കിലെ ആണ്‍പിള്ളേര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഏകപെണ്‍കുട്ടി അദില്‍മുഹമ്മദിന്‍റെ മകള്‍ ഷാഹിതയായിരുന്നു.
" ചെങ്കരയില്‍പോയാല്‍ രണ്ടുണ്ട് ഗുണം; കളിയുംകാണാം ഷാഹിതടെ ബംബറും കാണാം"
നാട്ടിലെ കലാബോധമുള്ള ചെറുപ്പക്കാര്‍ അടിച്ചിറക്കിയ ചൊല്ലിലും പരിഹാസങ്ങളിലുമൊന്നും തളരാതെ ഷാഹിത കളിതുടര്‍ന്നു. സുബ്രഹ്മണ്യന്‍ കൂടെയുള്ളത് അതിനൊരു കാരണവുമാണ്.
സര്‍വ്വതും മത്സരബുദ്ധിയോടെ നേരിട്ട്, പലതുംപറഞ്ഞ് തര്‍ക്കിച്ച്, വെറുതേ കലഹിക്കുന്നവരായിരുന്നു സുബ്രഹ്മണ്യനും ഷാഹിതയും. അവര്‍ പഠനകാര്യങ്ങള്‍തൊട്ട് ഇരുട്ട്കടയിലെ പാല്‍കോവയുടെ പേരില്‍വരെ മത്സരിച്ചിരുന്നു. സുബ്രഹ്മണ്യന്‍ എങ്ങനെയൊക്കെ പഠിച്ചാലും ഒരുമാര്‍ക്കിനെങ്കിലും മുന്നിട്ടുനില്‍ക്കുന്നത് ഷാഹിതയായിരിക്കും. ഇരുട്ട് തളംക്കെട്ടിക്കിടക്കുന്ന മണിച്ചെട്ട്യാരുടെ മിഠായിക്കടയില്‍നിന്നും ഇഷ്ടയിനമായ പാല്‍കോവ ഒന്നുവാങ്ങി അവര്‍ പകുത്തെടുക്കും. വലിയപൊട്ട് നീട്ടുമ്പോള്‍, ചെറുതെടുത്തുകൊണ്ട് അവള്‍ പറയും:

"ഫാസ്റ്റ് ബൗളര്‍ക്ക് കൂടുതല്‍ ശക്തിവേണം! വലുത് സുബ്രു തിന്നോ....''
വിട്ടുവീഴ്ച്ചകള്‍ക്കുപോലും മത്സരിക്കുന്ന മിത്രങ്ങള്‍, ക്രിക്കറ്റില്‍ ശത്രുക്കളാണ്. കളിക്കളത്തില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തമ്മില്‍ തീര്‍ത്തു കളയാന്‍ വെമ്പുന്ന കൊടുംശത്രുക്കള്‍!
പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുള്ള അനായാസതയാണ് സുബ്രഹ്മണ്യനെന്ന ഫാസ്റ്റ്ബൗളറെ അപകടകാരിയാക്കുന്നത്. പന്തുകളുടെ വേഗതയെ അടിസ്ഥാനപ്പെടുത്തി അവള്‍ അവനൊരു വിളിപ്പേര് നല്‍കി- 'മിന്നല്‍സുബ്രു' 
ബ്രയാന്‍ ചാള്‍സ് ലാറയെ ഇഷ്ടതാരമാക്കിയ, ഷാഹിതയെന്ന ഇടങ്കയ്യന്‍ ബാറ്റ്സ്മാനിലും ഇടയ്ക്കൊക്കെ ആ കരീബിയന്‍ ശൈലിയുടെ വന്യഭാവം പ്രതിഫലിക്കാറുണ്ട്. ചെങ്കരയില്‍ മിന്നല്‍സുബ്രുവിനെ തുടരെ ബൗണ്ടറികള്‍ക്ക് ശിക്ഷിച്ച് നിര്‍വീര്യപ്പെടുത്തിയ ഒരു ബാറ്റ്സ്മാനുണ്ടെങ്കില്‍, അത് ഷാഹിത മാത്രമാണ്!
ഒമ്പതാംക്ലാസിലെ അവസാനത്തെ വേനല്‍പരീക്ഷ കഴിഞ്ഞുപോകുമ്പോള്‍, ലിറ്റില്‍മാസ്റ്ററുടെ ഒരു ഇന്നിങ്സ് ചര്‍ച്ചക്കിടയില്‍ അവര്‍ തെറ്റിപ്പിരിഞ്ഞു. കയ്യാങ്കളിക്കുചെന്നാല്‍ ഷാഹിതയും വിട്ടുകൊടുക്കില്ല, വലതുകൈയ്യിലെ കടകവളയൂരി ഇടതുകൈയ്യില്‍ മുറുക്കിപ്പിടിച്ചു. കരിമരം കടഞ്ഞുണ്ടാക്കിയ ആ വളയാണ് സുബ്രഹ്മണ്യനെ നിലക്കുനിര്‍ത്താനുള്ള വജ്രായുധം! അതിന്‍റെ ചൂട് പലതവണ അറിഞ്ഞിട്ടുള്ളതിനാല്‍, അവന്‍ ഓടിയകന്ന് കനാല്‍വരമ്പില്‍നിന്നും മറുകരയിലേക്ക് എടുത്തുച്ചാടി. പുറകെ ഷാഹിതയും ചാടി. മൊയ്തുപ്പാജിയുടെ തെങ്ങിന്‍ത്തോപ്പിലൂടെ കുതിച്ചുപാഞ്ഞ്, സ്കൂള്‍ റോട്ടിലേക്ക് പ്രവേശിച്ചു. ചാഞ്ഞുകിടന്ന പുവ്വരശിന്‍റെ കൊമ്പില്‍തൂങ്ങി മേലേകുന്നത്തേക്ക് തെള്ളിക്കയറി. ആ കൊമ്പിലൂടെതന്നെ ഷാഹിതയും അവിടേക്ക് കയറിപ്പറ്റി. മേലേക്കുന്നിന്‍റെ എട്ടടി പൊക്കത്തില്‍നിന്നും ഇരുവരും താഴേക്കുച്ചാടി. എല്‍ പി സ്ക്കൂളിന്‍റെ വരാന്തയില്‍ കുമ്മായം അടര്‍ന്നുതുടങ്ങിയ തൂണില്‍ ചാരിയിരുന്ന് സുബ്രഹ്മണ്യന്‍ കിതച്ചു. ഷാഹിത ഇടിവള പ്രയോഗിച്ചില്ല, അവന്‍ ചാരിയ തൂണിന്‍റെ മറുപുറംചാരി അവളും കിതച്ചുകൊണ്ടിരുന്നു.

"സുബ്രു..."
"ഉം"
"ഒരിക്കല്‍ ടീംഇന്ത്യക്കുവേണ്ടി പാഡണിയണം, നിര്‍ണ്ണായമത്സരത്തില്‍ ഒരു തകര്‍പ്പന്‍ സെഞ്ചുറിനേടണം!"
കഥയറിയെ വലിയ സ്വപ്നങ്ങള്‍ കാണുന്നവളെ സുബ്രഹ്മണ്യന്‍ വെല്ലുവിളിച്ചു.
" ആദ്യം ചെങ്കരയിലൊരു സെഞ്ചുറി നേടിക്കാണിക്ക്."
"നേടിയാല്‍??"
ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ലോര്‍ഡ്സിന്‍റെ മുദ്രപേറുന്ന തൊപ്പി ഉയര്‍ത്തിക്കാണിച്ച് അവന്‍ പറഞ്ഞു.
"അന്നുതൊട്ടിത് ഷായ്താന്‍റെ തലയിലിരിക്കും!"
ചെങ്കരയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍, വിക്ടോറിയഗ്രൗണ്ടില്‍ പിറന്ന ഒരു ഔട്ട്സ്വിങ്ങര്‍ സമ്മാനിച്ച ആ തൊപ്പിക്കുവേണ്ടിയും തീപ്പാറും!
ചെങ്കര വലിയൊരു പറമ്പായിരുന്നു. കാടുംപടലവും അതിരുകളില്‍ വന്‍മരങ്ങളുമുള്ള പറമ്പ്. കാരയും കൊളുത്തിമുള്ളും കാഞ്ഞിരക്കുറ്റികളും നിറഞ്ഞ പൊന്തക്കാടുകളിലേക്ക് തരകന്‍മുക്കിലെ ക്രിക്കറ്റ്ജ്വരം പിടിച്ച പിള്ളേരിറങ്ങിച്ചെന്നു. മണ്‍വെട്ടിയും മടവാളും കമ്പിപ്പാരകളുമായി വിയര്‍പ്പും ചോരയുമൊഴുക്കി അവര്‍ പോരാടി. അന്ന് ഷാഹിതയുടെ ഇടതുകാലില്‍ തറച്ചുകയറിയ കാരമുള്ള് വലിച്ചൂരുമ്പോള്‍ സുബ്രഹ്മണ്യന്‍റെ മുഖത്തേക്കാണ് ചോരത്തെറിച്ചത്. ചന്ദ്രമോഹനന്‍റെ കൈപ്പത്തിക്കേറ്റ വെട്ട്, ഇന്നും വലിയൊരടയാളമായി അവശേഷിക്കുന്നു. ആഴമുള്ള മുറിവുകളെ തോല്‍പ്പിച്ച വീറുംവാശിയും ചെങ്കരയുടെ ഭൂമിശാസ്ത്രംതന്നെ തിരുത്തിക്കുറിച്ച്, ക്രിക്കറ്റിനെ നല്ലരീതിയില്‍ കൊണ്ടാടാന്‍പോന്ന മൈതാനമാക്കിമാറ്റി. പടിഞ്ഞാറതിര്‍ത്തിയില്‍ നിരന്നുനില്‍ക്കുന്ന മൂന്ന് ഇലഞ്ഞിപ്പൂമരങ്ങളാണ് ചെങ്കരയുടെ ഹൃദയം. സ്കോറെഴുതാനിരിക്കുന്ന തണല്‍മരങ്ങളെന്ന പ്രത്യേകതയും അവയ്ക്കുണ്ട്.
വേനലവധിയിലെ ഉത്ഘാടനമത്സരത്തില്‍, പതിവിനുവിപരീതമായി ഷാഹിത എല്ലാവരേയും അത്ഭുതപ്പെടുത്തിയത് ക്ഷമാശീലംക്കൊണ്ടാണ്. ഗംഗാധരന്‍റെ അര്‍ദ്ധസെഞ്ചുറിയുടെ മികവില്‍ എതിര്‍ടീം പടുത്തുയര്‍ത്തിയ സ്കോറിനുമുന്നില്‍ അവള്‍, തട്ടിയും മുട്ടിയുംനിന്ന് സാവധാനത്തില്‍ ബാറ്റിംഗ് താളം വീണ്ടെടുത്തു. സ്പിന്‍മാന്ത്രികന്‍ മുഹമ്മദാലിയെ സിക്സര്‍ പറത്തിക്കൊണ്ട് ടീംസ്കോര്‍ നൂറുകടത്തി. ടീമിന്‍റെ ദയനീയാവസ്ഥയില്‍ ആ സിക്സര്‍ പടര്‍ത്ത‍ിയ ആവേശത്തിരയിളക്കങ്ങള്‍ മത്സരത്തെ തകിടംമറിച്ചു. അവള്‍ വ്യക്തിഗത സ്കോര്‍ ഇലഞ്ഞിച്ചോട്ടിലേക്ക് വിളിച്ചുചോദിച്ചു.
അറുപത്തിമൂന്ന് റണ്‍സ്!!
സുബ്രഹ്മണ്യന്‍റെ ആദ്യസ്പെല്ലില്‍ ഒരു ജീവന്‍ കിട്ടിയതൊഴിച്ചാല്‍, അതിമനോഹരമായ ഇന്നിങ്സ്! സ്വന്തംപേരില്‍ മുപ്പത്തേഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ചെങ്കരയുടെ മണ്ണില്‍ കന്നിസെഞ്ചുറി പിറക്കും; ആ തൊപ്പി ഷാഹിതയുടേതായിമാറും! അവള്‍ക്കും സെഞ്ചുറിക്കുമിടയിലെ വിലങ്ങുതടി സുബ്രഹ്മണ്യന്‍റെ ശേഷിക്കുന്ന ഒരോവറാണ്. മിന്നുംഫോമിലുള്ള ബാറ്റ്സ്മാനെ പ്രലോഭിപ്പിച്ച് വീഴ്ത്താന്‍ അവന് പ്രത്യേകകഴിവുണ്ട്. ജയപരാജയങ്ങള്‍ മറിഞ്ഞുംതിരിഞ്ഞുമിരുന്ന മത്സരം, സുബ്രഹ്മണ്യന്‍-ഷാഹിത പോരാട്ടത്തിന് കളമൊരുക്കി. പക്ഷേ, ആ കളത്തില്‍ ഇറങ്ങിക്കളിച്ചത് ടീമിലില്ലാത്ത ഒരു മുഖമായിരുന്നു. ബേനസീര്‍! ഷാഹിതയുടെ ഉമ്മ വലിയൊരു വടിയുമായി വന്നിരിക്കുന്നു. ബൗളിംഗ് റണ്ണപ്പില്‍ സുബ്രഹ്മണ്യന്‍ നിശ്ചലനായി. ഷാഹിതയുടെ കയ്യില്‍നിന്നും ബാറ്റ് ക്രീസില്‍വീണു. ഗ്ലൗസും പാഡും അഴിച്ചെറിഞ്ഞ്, അരയില്‍ ചുറ്റികെട്ടിയ തട്ടമഴിച്ചുതലയിലിട്ട് അവള്‍ വീട്ടിലേക്കോടി. എല്ലാവരുംച്ചേര്‍ന്ന് സംഭവത്തെ ഹാസ്യവല്‍ക്കരിച്ചെങ്കിലും സുബ്രഹ്മണ്യന്‍റെ ഉള്ളില്‍ തീയ്യാണ്. അവളുപേക്ഷിച്ചുപോയ ഗ്ലൗസും മറ്റും പെറുക്കിയെടുത്ത്, ഭയപ്പാടോടെ അവന്‍ വീട്ടിലേക്കുനടന്നു.
സുബ്രഹ്മണ്യന്‍റേയും ഷാഹിതയുടേയും വീടുകള്‍ ഒരൊറ്റവേലിയാണ്. വേലിയെന്നുപറഞ്ഞാല്‍ നിരത്തിനട്ട ആടലോടകച്ചെടികളാണ് അതിര്‍ത്തി. അവന്‍ ആ ചെടികള്‍ ചാടിക്കടന്ന്, പാതിചാരിയ കതകിലൂടെ നോക്കുമ്പോള്‍ ഷാഹിത ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തിനില്‍ക്കുന്നു. അദിലുപ്പയും ബേനുമ്മയേയും കൂടാതെ ശ്രീകൃഷ്ണപുരത്തുനിന്നും അമ്മാവനുമെത്തിയിരിക്കുന്നു അവളെ വിസ്തരിക്കാന്‍! ഷാഹിതയുടെ ക്രിക്കറ്റുകളിയും സുബ്രഹ്മണ്യനോടുള്ള ചങ്ങാത്തവും സംശയത്തിന്‍റെ കരിനിഴലിലാണ്. നാട്ടിലെ മോശം കൂട്ടുക്കെട്ട് അവളുടെ ജീവിതവും കുടുംബത്തിന്‍റെ അന്തസ്സും തകര്‍ക്കുമെന്ന അമ്മാവന്‍റെ മുന്നറിയിപ്പിനേക്കാള്‍ കടുപ്പത്തിലാണ് നാട്ടില്‍ചിലര്‍ പ്രതികരിച്ചത്.

''തലതെറിച്ച മകള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍, വില്‍ക്കാന്‍വെക്കുമ്പൊ ചെലവായിപ്പൂവ്വാന്‍ അദിലു നന്നായി വെയര്‍ക്കും!"
അവളെ, നൂറുമേനി വിജയംകൊയ്യുന്ന ശ്രീകൃഷ്ണപുരം സ്ക്കൂളിലേക്ക് പറിച്ചുനടുകയെന്നതാണ് അവര്‍ കണ്ടെത്തിയ താല്‍കാലിക പോംവഴി. സുബ്രഹ്മണ്യന്‍ പിന്നെയവിടെ നിന്നില്ല. വീട്ടിലേക്കുവന്ന്, അച്ഛന്‍ നിര്‍മ്മിച്ചുനല്‍കിയ മരപ്പെട്ടിയുടെ ഏറ്റവുമടിയിലെ അറയില്‍ ഷാഹിതയുടെ പാഡും ഗ്ലൗസും സൂക്ഷിച്ചുവച്ചു. ഇരിപ്പുറയ്ക്കാതെ പതുക്കെ ചെങ്കരയിലേക്ക് നടന്നു. ചുവന്ന ആകാശത്തിനുകീഴെ പരന്നുകിടക്കുന്ന മൈതാനത്തെ ഇലഞ്ഞിച്ചോട്ടില്‍നിന്നും നോക്കിക്കണ്ടു. അന്നത്തെ പോരാട്ടങ്ങളുടെ കാല്‍പ്പാടുകള്‍ നിറഞ്ഞ മൈതാനവും ചുവന്നുതന്നെയിരിക്കുന്നു. ഇളങ്കാറ്റില്‍ വട്ടംക്കറങ്ങിവീഴുന്ന പൂക്കള്‍ ഓര്‍മ്മിപ്പിച്ചത് ഷാഹിതയുടെ സുപ്രധാനമായ ഒരഭിപ്രായത്തെയാണ്.
"സുബ്രു ശ്രദ്ധിച്ചിട്ടുണ്ടോ? ഇലഞ്ഞിപ്പൂക്കള്‍ക്കെന്തോ മാന്ത്രികശക്തിയുണ്ട്!"
ശരിയാണത്. മുറ്റത്തെ മുല്ലക്കും റോസിനുമൊന്നുമില്ലാത്ത ഒരു ശക്തി ചെങ്കരയിലെ ഇലഞ്ഞിപ്പൂക്കള്‍ക്കുണ്ട്. അതുകൊണ്ടല്ലേ അതിന്‍റെ സുഗന്ധം അവരുടെ കിടപ്പറകളിലെത്തുന്നത്!
ഷാഹിതയുടെ ക്രിക്കറ്റുകളി മുടങ്ങിയതിനുപിന്നാലെ മാറ്റങ്ങള്‍ പലതും സംഭവിച്ചു! സുബ്രഹ്മണ്യന്‍റെ അമ്മയും ബേനുമ്മയും, മക്കളുടെ കാര്യംവന്നപ്പോള്‍ സ്വാര്‍ത്ഥതയോടെ വാക്പ്പയറ്റ് നടത്തി. ആടലോടകത്തിന് പകരം ഒരാള്‍പൊക്കത്തില്‍ മുള്ളുവേലി പ്രത്യക്ഷപ്പെട്ടു. ഒരുകുംടുംബംപോലെ കഴിഞ്ഞവര്‍, കണ്ടാല്‍ മുഖംതിരിക്കുന്ന അപരിചിതരായിമാറി. പിന്നിടൊരിക്കലും സുബ്രഹ്മണ്യന് ഷാഹിതയുടെ നിറം കാണാനായില്ല. മലര്‍ക്കെ തുറന്നിടാറുള്ള മുറിയുടെ ജനല്‍പാളികള്‍ എന്തിനാണവള്‍ കൊട്ടിയടച്ചത്? അടഞ്ഞ വാതിലുകള്‍ നോക്കിയിരിക്കുമ്പോള്‍ സുബ്രഹ്മണ്യന്‍റെയുള്ളില്‍ പിന്നേയും കുറേ ചോദ്യങ്ങളുയര്‍ന്നു. എവിടെ അദിലുപ്പായ്ക്കൊപ്പംചേര്‍ന്നുള്ള പൊട്ടിച്ചിരികള്‍? എവിടെ ബേനുമ്മയോടുള്ള അങ്കംവെട്ടലുകള്‍? എവിടെ ഫാത്തിമയെ കുറിച്ചുള്ള തേനൂറുംപാട്ടുകള്‍? സുബ്രഹ്മണ്യനെന്ന മോശം കൂട്ടാളിയില്‍നിന്നും രക്ഷിക്കാന്‍ അവളെ നാടുകടത്തിയോ?
ഷാഹിത ക്രിക്കറ്റിനെ ജീവവായുവായി കൊണ്ടുനടക്കുന്നത് സുബ്രഹ്മണ്യനോളം മറ്റാര്‍ക്കുമറിയില്ല. ശ്രീകൃഷ്ണപുരം സ്കൂളിനെകുറിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഒരു സന്തോഷവാര്‍ത്തയണ്. വീട്ടില്‍ചെന്ന് അതവളോടുപറയാന്‍ മനസ്സുതുടിച്ചെങ്കിലും വിലക്ക് മറികടക്കാന്‍ അവനായില്ല. വരാനിരിക്കുന്ന, ആണ്ടുനേര്‍ച്ചയാണ് ആകെയുള്ള പ്രതീക്ഷ. എല്ലാവര്‍ഷവും നാലിലൊന്നായി പള്ളിപ്പറമ്പിലവള്‍ ഉണ്ടായിരിക്കും. നാട്ടിലുണ്ടെങ്കില്‍ ഇക്കൊല്ലവും അവള്‍ വരും, തീര്‍ച്ചയായും വരും!
അമ്മയുടെയും ഷാഹിതയുടേയും അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ കറുപ്പുക്കള്ളിഷര്‍ട്ടും, കാവിലെ പാനയുടെ നീലക്കരമുണ്ടുമാണ് സുബ്രഹ്മണ്യന്‍ നേര്‍ച്ചക്ക് തിരഞ്ഞെടുത്തത്. ആദ്യമായാണ് ഷാഹിതയെ ഇത്രയുംനാള്‍ കാണാതിരിക്കുന്നത്! വഴിയാത്രയില്‍, സന്തോഷത്തിന് ഇരിക്കപ്പൊറുതിയില്ലാത്ത നിമിഷങ്ങളോട് കുശലംപറഞ്ഞു. നേര്‍ച്ചപ്പെട്ടിക്ക് സമീപം ബാന്‍ഡ് മേളക്കാരുടെ അഭ്യാസപ്രകടനത്തിനും ജനത്തിരക്കിനുമിടയില്‍നിന്ന് ഒരു ബ്ലാക്ക്&വൈറ്റ് തുമ്പി കണ്ണിന് കുളിരേകി. കറുപ്പ് ചുരിദാറിലും ഓരങ്ങളില്‍ മുത്തുവച്ച വെള്ളമക്കനയിലും ഷാഹിതയ്ക്ക് എന്തൊരഴകാണ്! തിക്കുംതിരക്കും കച്ചവടക്കാരുടെ ബഹളങ്ങളുമുള്ള വഴിയിലൂടെ അവനും പള്ളിമുറ്റത്തേക്ക് നടന്നു. പലയിടങ്ങളില്‍നിന്നായി പലതവണ വിളിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ കൂട്ടുകാരികളിലേക്ക് ഉള്‍വലിഞ്ഞ് അവള്‍ നടന്നകന്നു. മുഖ്യകവാടം കടക്കുമ്പോള്‍, ആഴിയത്ഭുതങ്ങള്‍ ഒളിപ്പിച്ച കണ്ണുകളില്‍ കനലെരിഞ്ഞു. 
ഷാഹിതക്ക് ഇതെന്തുപറ്റി!?
വില്ലേജധികാരി അദില്‍മുഹമ്മദിന് മക്കള്‍ ആറുംനൂറുമൊന്നുമില്ല, ആകെ ഒരു ഷാഹിത മാത്രമാണുള്ളത്. പതിനൊന്ന് ആണ്ടുനേര്‍ച്ചകള്‍ക്കൊടുവില്‍ പടച്ചവന്‍ വിരിയിച്ച അരുമപ്പൂവാണവള്‍. അദിലുപ്പാവിന്‍റെ പൂമുത്തും ബേനുമ്മയുടെ പൂങ്കരളുമാണവള്‍. ഷാഹിതവില്ലയിലെ രാജകുമാരിക്ക് ഇങ്ങനേയേപ്പറ്റൂ!! 
രൂക്ഷനോട്ടംകൊണ്ടും അവന്‍ പിന്‍തിരിയാതിരുന്നപ്പോള്‍, നിസ്ക്കാരപ്പള്ളിക്കും കളിയരങ്ങിനുമിടയിലെ ഇടുങ്ങിയ ഇടത്തില്‍നിന്നും അവള്‍ വാതുറന്നു.

"സുബ്രു ഷാഹിതാനെ മറക്കണം!"
എത്ര കഠിനമായ ജോലിയാണ് അവള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്! കളിചിരിയും കലഹങ്ങളുമായി നടപ്പാതകളുടെ ദൂരംക്കുറച്ചിരുന്ന കൂട്ടുകാരിയെ, പ്രതിക്കൂട്ടില്‍ അകപ്പെടുമ്പോഴെല്ലാം വാദിക്കാന്‍വരാറുള്ള രക്ഷകിയെ, കോളറില്‍ കുത്തിപ്പിച്ച് ഒന്നിലൊരുകൊല്ലം അധികമിരുത്തി ഒപ്പംകൂടിയവളെ എങ്ങനെ മറക്കാനാണ്? അവളുടെ തലയിലെ പേനുകളോടും തൊടിയിലെ തുമ്പികളോടും മാപ്പുപറഞ്ഞുകൊണ്ട് അവന്‍ പുറത്തുകടന്നു. ആള്‍ത്തിരക്കില്‍നിന്നും ധൃതിയില്‍ നടന്നകന്ന് ലക്ഷ്യബോധമില്ലാതെ ഓടി.
ഓടിയോടി അവനെത്തിയത് മലമുക്കിലാണ്. പെരുമഴക്കാലം തകര്‍ത്തെറിഞ്ഞ ഭീമന്‍തോടിന്‍റെ കോണ്‍ക്രീറ്റുഭിത്തിയും അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തൂണുകളും ജലപാതത്തിന്‍റെ ഇരമ്പലും അവനെയോര്‍മ്മിപ്പിച്ചത് ഷാഹിതയുടെ ഒരു വെല്ലുവിളിയാണ്.

"ഒരുദിവസം നമ്മക്ക് ഭീമന്തോട് ചാടിക്കടക്കണം!!"
'നമ്മള്‍' എന്ന വാക്കിന്‍റെ പ്രസക്തി നഷ്ടപ്പെട്ട അവസരത്തില്‍, അവനൊറ്റയ്ക്ക് ഭീമന്‍തോട് ചാടുന്നതിനെകുറിച്ച് ആലോചിച്ചു. ഒറ്റക്ക് ചാടിക്കടന്നാല്‍ അത് നിയമലംഘനമാണ്, അതിനുള്ള ശിക്ഷയും കടുത്തതാണ്. ഒരിക്കല്‍ നിയമം തെറ്റിച്ചതിനുകിട്ടിയ ശിക്ഷയാണ്, വലത്തെ പുരികക്കൊടിയില്‍ മായാതെക്കിടക്കുന്ന ഇടിവളപ്പാട്!
പാലപ്പറ്റക്കുന്നിലെ കല്ലിടുമ്പും കാക്കുര്‍ശിപ്പാടത്തെ കിടങ്ങുമെല്ലാം അവര്‍ വെല്ലുവിളിച്ച് ചാടിയതാണ്. ഭീമന്‍തോട് ആ ഗണത്തിലൊന്നും പെടില്ല, വെള്ളപ്പാച്ചിലില്‍ മലയടിവാരത്ത് രൂപംകൊണ്ട കുഴിയുംചുഴിയുമുള്ള അപകടമേഘലയാണത്. തകര്‍ന്ന ഭിത്തിയുടെ പുനര്‍നിര്‍മ്മാണവും സുരക്ഷാവേലിയുമെല്ലാം രാഷ്ട്രീയകക്ഷികളുടെ പ്രകടനപത്രികകളില്‍ മിന്നിമറയാരുണ്ട്. ഒരു കാലിമേപ്പുകാരനും പൂര്‍ണ്ണഗര്‍ഭിണിയായ എരുമയും അവിടെ മുങ്ങിച്ചത്തത് പഴമ്പുരാണമാണ്. കേട്ട കഥകളല്ല, കുറച്ച് കണക്കുകളാണ് സുബ്രഹ്മണ്യന് നോക്കാനുള്ളത്. കിടക്കപ്പായയോളംപോന്ന ഒരു വെള്ളക്കടലാസ് മനസ്സില്‍ വിരിച്ചിട്ടു. സ്ക്കൂള്‍ കായികമേളക്ക് ലോങ്ങ്ജംപില്‍ രേഖപ്പെടുത്തിയ ഏറ്റവുംപുതിയ നീളം, ഭീമന്‍തോടിന്‍റെ വീതി.... കണക്കുകള്‍ പലതും തിരിച്ചുംമറിച്ചും കൂട്ടിനോക്കി. സുബ്രഹ്മണ്യന്‍റേത് ശുദ്ധമായ കണക്കൊന്നുമല്ല, ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കൂട്ടിക്കിഴിക്കലും വിശ്വാസങ്ങളെക്കൊണ്ടൊരു ഗുണനവും ആകെതുകയില്‍‍ പ്രതിഫലിക്കും. ചിലപ്പോഴൊക്കെ, അടിയില്‍ ഇരട്ടവരയിടാന്‍പാകത്തില്‍ ഒരു ഉത്തരം അവന് ലഭിക്കാറുണ്ട്. ഇക്കുറിയും അങ്ങനെയൊരുത്തരം ഉരുത്തിരിഞ്ഞുവന്നു.

"നീലകണ്ഠന്‍ മകന്‍ സുബ്രഹ്മണ്യന് ഭീമന്‍തോട് ചാടിക്കടക്കാനുള്ള സവിശേഷതകളുണ്ട്!"
തോല്‍വിക്ക് മരണമെന്നൊരര്‍ത്ഥം കല്‍പ്പിക്കുന്ന മത്സരമാണ്. ഉടുമുണ്ടിന്‍റെ മടക്കിക്കുത്തും ഷര്‍ട്ടിന്‍റെ കൈമടക്കുകളും പരിധിവിട്ടുയര്‍ന്നു. മനസ്സുനിറച്ചും പകയാണ്. ആരോടെന്നില്ലാത്ത ഒരു പക! ഓട്ടത്തിനൊടുവില്‍, വസൂരിക്കലകള്‍ നിറഞ്ഞ വെള്ളാരങ്കില്‍ ചവിട്ടിക്കുതിച്ച് ചാടി. അപകടങ്ങളേതുമില്ലാതെ മറുകരയില്‍ പറന്നിറങ്ങിയിട്ടും ആവേശം എള്ളോളം ചോര്‍ന്നില്ല! ചടുലമായ മൂന്ന് കാല്‍കുതിപ്പുകളോടെ, ആനയോളംപോന്ന കരിമ്പാറക്കെട്ടിന് മുകളിലേക്ക് ചാടിക്കയറി. അത് സുബ്രഹ്മണ്യനെ സംബന്ധിച്ച് പുതിയൊരു ലോകമായിരുന്നു! മുന്നില്‍ അലറുന്ന ജലത്തിന്‍റെ ഭയാനകരൂപം. പുറകുവശം വനനിബിടമാണ്. മലമുടികള്‍ക്കുമേലെ നിരന്നുനീങ്ങുന്ന മഴമേഘങ്ങള്‍. വാനിലേക്കുയര്‍ന്നുനില്‍ക്കുന്ന ദേവാലയങ്ങളുടെ ശീര്‍ഷകങ്ങള്‍. ചുറ്റുമുള്ള കാഴ്ചകള്‍ അവനിലൊരു വിജയീഭാവം ചാര്‍ത്തിക്കൊടുത്തു. കിഴക്കന്‍ക്കാറ്റ് നീലക്കരമുണ്ടിനാല്‍ വെന്നിക്കൊടി പറത്തി. കാതിലെ വിളികേള്‍ക്കാത്തവളെ, പുതിയ അകലത്തിലും ഉയരത്തിലും നിന്നുകൊണ്ട് വിളിച്ചു. ഫലം 
നിര്‍ണ്ണയിക്കുന്ന വിക്കറ്റിനുവേണ്ടിയുള്ള അപ്പീലിനേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു.

"ഷായ്താ...!!"
ധ്വനിയും പ്രതിധ്വനികളും അങ്ങുമിങ്ങോളം അലയടിച്ച് കാറ്റില്‍ അലിഞ്ഞില്ലാതായി. ഏറ്റവും സുരക്ഷിതമായ വഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ അവനോര്‍മ്മവന്നത് ഷാഹിതയുടെ വിശേഷപ്പെട്ട ഒരു പുഞ്ചിരിയാണ്. പൊന്നോണക്കാലത്തെ മുഴുവനായി കണ്‍മുന്‍പില്‍ നിരത്തുന്ന ഒരു ചെറുപുഞ്ചിരി.


By: Ramesh Parappurath

കാളു (കഥ)

കാളു (കഥ)
____________
ഇതൊരു പ്രാര്‍ത്ഥനയാണ്. ദിവസംതോറും നമ്മള്‍ നടത്താറുള്ള സാധാരണ പ്രാര്‍ത്ഥനയല്ല, ഒരിക്കലൊരുനിമിഷത്തില്‍ ഒരുവിഭാഗത്തോടൊപ്പംചേര്‍ന്ന് 'ദൈവമേ ഞങ്ങളെ രക്ഷിക്കണേ' എന്ന് പറഞ്ഞുപോകാറില്ലേ? അങ്ങനെയൊരു പ്രാര്‍ത്ഥന! ആ പ്രാര്‍ത്ഥനയെപറ്റി പറയുന്നതിനുമുന്‍പ് കാളുവിനെക്കുറിച്ച് പറയണം.
കാളു ഒരു ബുദ്ധിരാക്ഷസനാണ്. പറയെടുപ്പിനുവരുന്ന വെളിച്ചപ്പാടിനെ വണങ്ങുന്നതും, അടയ്ക്ക മോഷ്ടിച്ച ഭിക്ഷക്കാരന്‍റെ കോളറില്‍ കയറിപ്പിടിച്ചതുമൊക്കെ അതിനുള്ള ചെറിയ ഉദാഹരണങ്ങളാണ്. ജീവിതത്തില്‍ ചങ്ങലയെന്തെന്ന് കാണാത്തവന്‍ ഒരു ദേശത്തിന്‍റെതന്നെ കാവലാളായിരുന്നു. ഏതുവീട്ടിലും കളുവിന് സ്ഥാനമുണ്ട്, ഭക്ഷണമുണ്ട്, തലോടലുകളുണ്ട്. ഇങ്ങനെ ഊരുതെണ്ടുന്നകാരണത്താല്‍ ഇടക്കിടെ പട്ടിപിടുത്തക്കാരുടെ മുന്നില്‍ അകപ്പെടാരുമുണ്ട്. എത്ര തന്ത്രശാലിയായ പട്ടിപിടുത്തക്കാരനുമായിക്കോട്ടേ, കാളുവിനെ പിടികൂടണമെങ്കില്‍ അവനൊരിക്കല്‍കൂടി ജനിക്കേണ്ടിവരും! ഞാനിത്ര തറപ്പിച്ചുപറയാനുള്ള കാരണം മറ്റൊന്നുമല്ല, പിടികൊടുക്കാതിരിക്കാനും അവരെ കുരങ്ങുകളിപ്പിക്കാനുമുള്ള കാളുവിന്‍റെ കഴിവ് അപാരമായിരുന്നു.
കുട്ടിക്കാലത്ത് കാളുവിന് പഞ്ഞിക്കെട്ടില്‍ തീര്‍ത്ത പാവക്കുട്ടിയുടെ രൂപമായിരുന്നു. തൂവെള്ളനിറവും, ദൈവം അനുഗ്രഹിച്ചുചാര്‍ത്തിയ തിരുനെറ്റിയിലെ കറുത്ത പൊട്ടും! ഒരിക്കല്‍ അലുമിനിയം കുടുക്കയില്‍ തലകുടുക്കി അവനൊപ്പിച്ച കുസൃതിത്തരങ്ങള്‍ ഇന്നോര്‍ത്താലും ചിരിയടക്കാന്‍ കഴിയില്ല. അന്നൊക്കെ കാളുവിന് മഴ ഒരാവേശമായിരുന്നെങ്കില്‍, ഇപ്പോള്‍ വെള്ളം കാണുന്നതേ ഭയമാണ്. വയസ്സനായി! മാത്രവുമല്ല പുറത്തെ രോമം കൊഴിഞ്ഞുപോയി, ചെറുമുറിവുകള്‍ രൂപപ്പെട്ട് വ്രണങ്ങളായി പരിണമിച്ചിരിക്കുന്നു. നാട്ടുവൈദ്യമായ വേപ്പെണ്ണയില്‍ ചാലിച്ച അട്ടക്കരി പ്രയോഗിച്ചുനോക്കിയിട്ടും ഫലമില്ലാതെവന്നപ്പോള്‍ ഡോക്ടറുടെ സേവനംതേടി. അസുഖം വാര്‍ദ്ധക്യസംബന്ധമാണെന്നും ഫലപ്രദമായ മരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പണ്ടൊരിക്കല്‍ പോക്കാന്‍റെ വായില്‍നിന്നും തട്ടിയെടുത്ത വെള്ളരിപ്രാവിനെ, പുത്തന്‍ചിറകുകള്‍ മുളപ്പിച്ച് ജീവിതത്തിലേക്ക് പറത്തിവിട്ട മഹാമാന്ത്രികനില്‍നിന്നും അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശതോന്നി.
മൃഗാശുപത്രിയില്‍നിന്നും തിരിച്ചുപോരുമ്പോഴാണ് ആശാന്‍‍ ഒരു മരുന്ന് പറഞ്ഞുതന്നത്. അത് കാഞ്ഞിരത്തോലും ശര്‍ക്കരയും ചേര്‍ന്നൊരു വിഷക്കൂട്ടായിരുന്നു. കൊല്ലാനുള്ള മരുന്ന്! ഒന്നോര്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞതിലും കാര്യമുണ്ട്. ഇഞ്ചിഞ്ചായി നരകിച്ച് ചാവുന്നതിനേക്കള്‍‍ നല്ലതല്ലേ പെട്ടെന്നുള്ളൊരു മരണം? ഏറെനേരത്തെ ആലോചനയ്ക്കൊടുവില്‍, ആ കടുംകൈ ചെയ്യാന്‍തന്നെ ഞാന്‍ തിരുമാനിച്ചു.
മേലേക്കുന്നത്തെ പുല്ലാനിപ്പൊന്തകള്‍ക്ക് നടുവിലായാണ് കാഞ്ഞിരമരം നില്‍ക്കുന്നത്. കാഞ്ഞിരതോലുരിയാനായി കരിങ്കല്‍കെട്ടിനുമുകളില്‍ കയറുമ്പോള്‍, കാളു മുന്നിലേക്ക് കുരച്ചുച്ചാടി. അവന്‍റെ കത്തുന്ന നോട്ടത്തില്‍നിന്നുമാണ് ഞാനതുകണ്ടത്- കാടുപിടിച്ച പടവിനുമുകളില്‍ ഒരു കരിവെമ്പാല പടംവിരിച്ചാടുന്നു!
എന്‍റെ കാളൂ, നീയിതെത്രാമത്തെ തവണയാണ് എന്നെ രക്ഷിക്കുന്നത്!!
പ്രായമേറെയായിട്ടും അവന്‍റെ കണ്ണിലെ തീയ്യും തേറ്റമുനകളുടെ തിളക്കവും ഒട്ടുംകുറഞ്ഞിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. പാമ്പ് മാളത്തില്‍ ഭയന്നൊളിച്ചെങ്കിലും കാളുവിന്‍റെ പരാക്രമങ്ങള്‍ തീരുന്നില്ല. ആയിരം കണ്ണുമായി അവനെനിക്ക് കാവല്‍നില്‍ക്കുമ്പോള്‍, ഞാന്‍ നിലത്തിരുന്ന് കിതയ്ക്കുകയായിരുന്നു. കേവലം ഒരു നായയെപ്പോലെ!
വെള്ളം കുടിച്ചാല്‍ മരുന്ന് ഫലിക്കില്ലെന്ന് ആശാന്‍‍ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍, തെക്കേത്തൊടിയിലെ മുള്ളീരത്തില്‍ കാളുവിനെ ചങ്ങലക്കിട്ടു. അയാള്‍ പറഞ്ഞപ്രകാരംതന്നെ മരുന്ന് തയ്യാറാക്കി. തീറ്റപ്പാത്രംകണ്ട് തുള്ളിച്ചാടുന്ന കാളു, എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. കണ്‍മുന്നിലൂടെ നുരഞ്ഞുപതഞ്ഞൊഴുകുന്നത് ഏതാനും ഓര്‍മ്മച്ചിത്രങ്ങളാണ്. പണ്ട് എന്‍റെ മകനെ രസിപ്പിക്കാന്‍വേണ്ടി, കളിപ്പാവയായി മാറിയ കാളുവിന്‍റെ ചിത്രങ്ങളായിരുന്നു അവ. വൈവിദ്ധ്യമാര്‍ന്ന യന്ത്രപ്പാവകളെ മൂലക്കെറിഞ്ഞ് അവന്‍ സ്വീകരിച്ചതും ആ ജീവനുള്ള പാവയെയായിരുന്നു. അതിനെയാണോ ഞാന്‍..... എന്‍റെ കയ്യില്‍നിന്നും വിഷപാത്രം മണ്ണില്‍ വീണുചിതറി. പുഴുത്തപട്ടിയെന്ന വിളി കേള്‍ക്കട്ടെ... ഇഞ്ചിഞ്ചായി നരകിച്ച് ചാവട്ടെ.... എന്നാലും അവനെയെനിക്ക് കൊല്ലുവാന്‍ വയ്യ! ചങ്ങലയില്‍നിന്നും മോചിപ്പിച്ച് ഞാനവന്‍റെ നെറ്റിയിലെ കറുത്തപൊട്ടില്‍ ചുംബിച്ചു.
പേരിനൊരു മഴപോലും പെയ്യാതെ തുലാമാസം കടന്നുപോയി. വൃശ്ചികക്കുളിരില്‍, മുറ്റത്തെ അത്തിമരച്ചില്ലയില്‍ വെട്ടുകിളി കൂടൊരുക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കാളു അടുത്തുവന്നത്. ദൈവം ചാര്‍ത്തിയ കറുത്തപൊട്ടിനുമുകളില്‍ ആരോ മറ്റൊരുപൊട്ട് ചാര്‍ത്തിയിരിക്കുന്നു. കടുംചുവപ്പുനിറത്തില്‍ ഒരു പൊട്ട്! പ്രതാപകാലത്ത് അവകാശവാദം ഉന്നയിച്ചവര്‍ ഇപ്പോള്‍ കല്ലെറിഞ്ഞോടിക്കുന്നു! എന്താണ് അവന്‍ചെയ്ത തെറ്റ്? എന്തിന് മറ്റുള്ളവരെ പറയുന്നു, ഞാന്‍പോലും പഴയ കണ്ണിലാണോ ഇപ്പോള്‍ കാളുവിനെ കാണുന്നത്? ചില സത്യങ്ങളെ തൊട്ടാല്‍ കൈപൊള്ളും. അവ ചിക്കിച്ചികഞ്ഞ് പുറത്തെടുക്കാന്‍ ഞാനുമൊരുക്കല്ല. അതാണ് മറ്റൊരു സത്യം!
എന്തുതന്നെയായാലും പലകുറി പറയാന്‍മടിച്ച കാര്യം, കാളുവിനോട് പറയുവാന്‍തന്നെ‍ തിരുമാനിച്ചു.
"കാളൂ..."
കാതുകള്‍ കൂര്‍പ്പിച്ച് കേള്‍ക്കാന്‍ തയ്യാറായിതന്നെയാണ് അവനുമിരിക്കുന്നത്.
"നിനക്കുവല്ല പട്ടിപിടുത്തക്കാര്‍ക്കും പിടികൊടുത്തൂടെ? അതാണിനി നല്ലത്!"
ആദ്യമായി കാണുന്നപോലെ അവനെന്നെയൊന്ന് നോക്കി. അടുത്തുനിന്നും എഴുനേറ്റ് പതുക്കെ നടന്നു. മതില്‍ക്കെട്ടിനോട് ചേര്‍ന്നുള്ള മണ്‍ക്കൂനയുടെ ഒത്തനെറുകിലേക്ക് ഓടിക്കയറി. ചുറ്റുമൊന്ന് നിരീക്ഷിച്ചുകൊണ്ട് താഴേക്ക് എടുത്തുച്ചാടി. പണ്ടുതൊട്ടേയുള്ള ശീലമാണ് ഉയരത്തില്‍നിന്നുള്ള നിരീക്ഷണവും താഴേക്കുള്ള കുതിച്ചുച്ചാട്ടവും.
"കാളൂ..."
ഞാനെപ്പോള്‍ വിളിച്ചാലും അവനടുത്തുവരാറുണ്ട്. അന്നാ പതിവ് തെറ്റിച്ച് ദൂരേക്ക് ഓടിമറഞ്ഞു; ഒന്ന് തിരിഞ്ഞുപോലും നോക്കാതെ!
പലതവണ തീറ്റപ്പാത്രവുംനിറച്ച് കാളുവിനെ കാത്തിരുന്നു. അവന്‍ വന്നില്ല! നാടുമുഴുവന്‍ തിരഞ്ഞുനടന്നെങ്കിലും കാളുവിനെ കണ്ടെത്താനായില്ല. അങ്ങനെയൊരുദിവസം അവനൊരു പകരക്കാരന്‍ വന്നു. ജിമ്പ്രു! ഗോതമ്പിന്‍റെ നിറവും ചെമ്പന്‍ കണ്ണുകളുമുള്ള ഒരു സുന്ദരന്‍. കുസൃതിയുടെ കാര്യത്തില്‍ അവന്‍ കാളുവിന്‍റെ ഏട്ടനായിട്ടുവരും. ഒരിക്കല്‍ കളിപന്തുതട്ടിക്കൊണ്ട് പടികടന്നുപോവുകയും, ആരെയോ കണ്ടുഭയന്ന് തിരിച്ചോടിവരികയും ചെയ്തു.
അതൊരു പട്ടിപിടുത്തക്കാരനായിരുന്നു!
അയാള്‍ കെട്ടുകമ്പിയില്‍കോര്‍ത്ത് വലിച്ചുകൊണ്ടുപോകുന്ന കൊന്നൊടുക്കിയ നായ്ക്കളിലൊന്ന് കാളുവായിരുന്നു.
എന്‍റെ കാളു!
ഭാവിയില്‍ ഒരു കാളുമാത്രം ആകാനുള്ളവനെന്ന ബോധം തെല്ലുമില്ലാതെ, തുള്ളിച്ചാടിയുല്ലസിക്കുന്ന ജിമ്പ്രു എന്‍റെ മനസ്സുതകര്‍ത്തു.
ഭൂതലത്തിലെ സകലമാന നായജന്മങ്ങള്‍ക്കുംവേണ്ടി, അവരിലേക്ക് ഇറങ്ങിയിരുന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
" ദൈവമേ ഞങ്ങളേയും രക്ഷിക്കണേ.."
_____________________________________________
രമേഷ് പാറപ്പുറത്ത്.

ഒരു കള്ളന്‍റെ ജനനം

ഒരു കള്ളന്‍റെ ജനനം
_______________________
പിടിയിലായ കവര്‍ച്ചാസംഘത്തലവനെ കണ്ട് അയാള്‍ ഞെട്ടി. അത് കാര്യസ്ഥന്‍ കൃഷ്ണന്‍ തന്നെ! രണ്ടാണ്ടുമുന്‍പത്തെ ഒരുദിനം, ഇന്നലെയെന്നപോലെ അയാളുടെ മനസ്സില്‍ തെളിഞ്ഞു. അന്നാണ് വാച്ചുമോഷ്ടിച്ച കാര്യസ്ഥന്‍ കൃഷ്ണനെ വീട്ടില്‍നിന്നും ആട്ടിയോടിച്ചത്. വിലപിടിപ്പുള്ള വാച്ച് നഷ്ടപ്പെട്ടെങ്കിലും, ഒരു പെരുങ്കള്ളനെ നേരത്തേ തിരിച്ചറിയാനായതില്‍ ആശ്വാസംകൊണ്ടിരിക്കുമ്പോഴാണ് മറ്റൊന്ന് സംഭവിച്ചത്.
മുറ്റത്തെ ചെന്തെങ്കിന്‍റെ കുരലില്‍നിന്നും ഒരു റോളക്സ് വാച്ചിന്‍റെ അസ്ഥികൂടം നിലംപതിച്ചു.
അറിയാതയാള്‍ തലയില്‍ കൈവച്ചുപോയി...
"കൃഷ്ണാ... മാപ്പ്!"
________________________________________________
ramesh parapurath

ഉത്രാടപ്പാച്ചില്‍

ഉത്രാടപ്പാച്ചില്‍
________________
ഇഞ്ചിക്കാട് ഗ്രാമത്തില്‍ ഉത്രാടനാളിലെ ഓട്ടമത്സരം വെറുമൊരു മത്സരമല്ല, നാലുദേശക്കാര്‍ക്കും അത് അഭിമാനപോരാട്ടമാണ്. വൃശ്ചികത്തിലെ പാലക്കൊമ്പ്, ചെറിയാറാട്ടിന് കെട്ടുകുതിര, വലിയാറാട്ടിന് ഇണക്കാള- ഇതൊക്കെ ചാക്ക്യന്‍കാവിലെ ഭഗവതിയ്ക്ക് എഴുന്നള്ളിക്കാനുള്ള അവകാശം ഓട്ടമത്സരത്തില്‍ വിജയിക്കുന്ന ദേശത്തിനാണ്. കൂടാതെ പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റുന്നതും വിജയീദേശംതന്നെ. അതില്‍ ചിലര്‍ക്കൊക്കെ ചെറിയ മുറുമുറുപ്പുണ്ട്. തെച്ചിക്കോട് രാമചന്ദ്രനേയും പാമ്പാടി രാജനേയുമൊക്കെ നോക്കുകുത്തികളാക്കി ഏതെങ്കിലുമൊരു പോത്തുംകുട്ടി തിടമ്പേറ്റി പോകുന്നതുകണ്ടാല്‍ ഏത് ആനപ്രേമിക്കാണ് സഹിക്കാന്‍ കഴിയുക? ആദ്യകാലങ്ങളില്‍ തലയെടുപ്പ് മത്സരമായിരുന്നു നടത്തിയിരുന്നത്. അപ്പോള്‍ പതിവായിരുന്ന വാക്കേറ്റവും കയ്യേറ്റവുമൊരിക്കല്‍ കത്തിക്കുത്തില്‍ കലാശിച്ചപ്പോള്‍, പോലീസും നാട്ടിലെ കാരണവന്‍മാരും ചേര്‍ന്നെടുത്ത തിരുമാനമാണിത്. ഉത്രാടനാളിലെ ഓട്ടമത്സരം!
കഴിഞ്ഞ പത്തുവര്‍ഷമായി തോല്‍വിയറിയാത്തവരാണ് വടക്കന്‍ദേശം. സ്ഥിരം മത്സരാര്‍ത്ഥി മാണിക്യന്‍ കാലൊടിഞ്ഞ് കിടപ്പിലായത് ഇക്കൊല്ലം ദേശത്തിനേറ്റ തിരിച്ചടിയാണ്. താരരാജാവിന്‍റെ കൂറ്റന്‍കട്ടൗട്ടറില്‍ പാലഭിഷേകം നടത്തുമ്പോള്‍ വീഴ്ചപറ്റിയതാണ്. എഫ്എം റേഡിയോയുടെ ആന്‍റീന പോലെ വലതുകാല്‍ മേല്‍പ്പോട്ടുവച്ചാണ് കിടപ്പ്. ദേശക്കാരുടെ പ്രിയങ്കരനാണെങ്കിലും, ആരും മാണിക്യനെ കാണാന്‍പോയില്ല. ആ കിടപ്പുകണ്ട് പെറ്റതള്ളപോലും ചിരിച്ചുപോയത്രേ....! വീണുകിടക്കുന്നവനെനോക്കി ചിരിച്ചുനോവിക്കാനായി എന്തിനുപോകണം? അക്കാരണംകൊണ്ടുതന്നെ പരിശീലകന്‍ റിട്ടയേര്‍ഡ് എസ്ഐ കണ്ണപ്പന്‍സാറും അവനെ കാണാന്‍പോയില്ല.
ഇക്കൊല്ലം ആരെ മത്സരിപ്പിക്കും? മാണിക്യന്‍റെ വീഴ്ച കണ്ണപ്പന്‍സാറെ തെല്ലൊന്നുമല്ല കുഴക്കിയത്. യുപി സ്ക്കൂളിലെ ഡ്രില്‍മാസ്റ്ററാണ് ദേശക്കാര്‍ കണ്ടുവച്ച പുതിയ ഓട്ടക്കാരന്‍. പവറും പത്രാസുമൊക്കെ ഉണ്ടെങ്കിലും അങ്ങേരുടെ ഓട്ടത്തിനൊരു 'ഡബ്ലിയു' ശൈലിയാണ്. ആ ശൈലി ചേരുക അവിട്ടംനാളിലെ പുലികളിക്കാണ്. അതുകൊണ്ടുതന്നെ കണ്ണപ്പന്‍സാറിന് താല്‍പര്യം വിക്രമനെ ഓടിക്കാനാണ്.
കള്ളവാറ്റുകാരന്‍ വിക്രമന്‍..!!
ദേശക്കാര്‍ ഒന്നടങ്കം നെറ്റിചുളിച്ചു. പക്ഷേ കണ്ണപ്പന്‍സാറിന് വിക്രമന്‍റെകഴിവില്‍ വിശ്വാസമുണ്ട്. സര്‍വീസിലിരിക്കുമ്പോള്‍ വിക്രമന്‍റെ ഒാട്ടം ഒരുപാടുകണ്ടിട്ടുണ്ട്. ഇടവഴികളിലൂടെ.... കാട്ടിലൂടെ..... മലഞ്ചെരുവുകളിലൂടെ.....
എന്നെങ്കിലും അവനെ പിടികൂടാന്‍ സാദിച്ചിട്ടുണ്ടോ? ഇല്ല! കാരണം വിക്രമന്‍ ഓടുകയല്ല, പറക്കുകയാണ് ചെയ്യാറ്. ട്രാക്കിലും ആ പ്രകടനം കാഴ്ചവെച്ചാല്‍ വിജയം സുനിശ്ചിതം. വിക്രമന്‍റെ വിജയത്തിന് നൂറുശതമാനം ഗ്യാരണ്ടിനല്‍കി കണ്ണപ്പന്‍സാര്‍ ദേശക്കാരെകൊണ്ട് സമ്മതം മൂളിച്ചു.
പൂരാടം നാളിലെ പ്രദര്‍ശനമത്സരം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായി തകിടംമറിഞ്ഞു. വിക്രമന്‍ നാലില്‍ നാലാമനായിമാറി! തെക്കന്‍ദേശത്തിന്‍റെ ഓട്ടക്കാരന്‍, ശങ്കുണ്ണ്യാരുടെ കൊച്ചുമോന്‍ ബോംബേവാല ജിത്തുവാണ് ഒന്നാമനായത്. കൊച്ചുമോന്‍ അന്തര്‍ദേശീയ ഓട്ടക്കാരനാണെന്ന ശങ്കുണ്ണ്യാരുടെ വാദം ശരിവക്കുന്നതായിരുന്നു ജിത്തുവിന്‍റെ പ്രകടനം. ചീറ്റപ്പുലി കണക്കെയുള്ള അവന്‍റെ പാച്ചിലിന്, ജനങ്ങള്‍ ദേശംമറന്ന് കരഘോഷങ്ങള്‍ നല്‍കി.
"ജിത്തൂട്ടന്‍ ഇന്‍റര്‍നാഷണലാടാ.. കണ്ട കള്ളവാറ്റുകാരൊക്കെ മുട്ടാന്‍വന്നാല്‍ എട്ടുനിലയില്‍പൊട്ടിക്കും."
തെളിവിനായി മടിക്കുത്തില്‍ കൊണ്ടുനടക്കുന്ന ഇംഗ്ലീഷ് പത്രത്തിന്‍റെ ക്കട്ടിംഗ് ഉയര്‍ത്തിക്കാണിച്ച് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ശങ്കുണ്ണ്യാര്‍ക്കുപുറകെ മറ്റുപലരും വിക്രമനെ വ്യക്തിപരമായി ആക്ഷേപിച്ചു. അപമാനഭാരത്താല്‍ കൊച്ചുകുട്ടികളെപ്പോലെ 'ങീ...ങി...' കരഞ്ഞുകൊണ്ടാണ് വിക്രമന്‍ വീട്ടില്‍പോയത്.
അപ്രതീക്ഷിത തോല്‍വി വടക്കന്‍ദേശത്തെ യുവാക്കളുടെ മാനസികനില തെറ്റിച്ചു. അവരൊന്നടങ്കം‍ കണ്ണപ്പന്‍സാറിനുനേരെ തിരിഞ്ഞു. എല്ലാവരുംചേര്‍ന്ന് അലക്കിപ്പിഴിഞ്ഞ് കുടഞ്ഞുണക്കി തേച്ചൊട്ടിക്കുമെന്ന ഘട്ടംവന്നപ്പോള്‍ അയാളൊരടവിറക്കി.
"ഷട്ടപ്പ്! കഴിഞ്ഞത് ഉത്രാടപ്പാച്ചിലല്ല, പ്രദര്‍ശനമത്സരമാണ്. വെറുമൊരു പ്രദര്‍ശനമത്സരം! ഉത്രാടപ്പാച്ചിലില്‍ ജയിക്കുന്നത് വടക്കന്‍ദേശമായിരിക്കും!"
അതുകേട്ട് സകലരും നിശബ്ദരായെങ്കിലും, കണ്ണപ്പന്‍സാറക്കുനേരെ ഒരു ചൂണ്ടുവിരല്‍വന്ന് ഒന്നോര്‍മ്മിപ്പിച്ചു.
"ദേശം തോറ്റുപോയാല്‍.... മുട്ടിന്‍റെ ചിരട്ട നാലുപീസാക്കി അണ്ണാക്കില്‍ തിരുകും!"
ചിരട്ട നാലുപീസാക്കുന്നതിലല്ല, അത് അണ്ണാക്കില്‍ തിരുകുന്നത് ഓര്‍ത്തപ്പോള്‍ കണ്ണപ്പന്‍സാര്‍ക്ക് ഒരുവല്ലായ്മതോന്നി. യുവത്വത്തിന്‍റെ അതിപ്രസരം ഉത്താലുവിന്‍റേതാണ് ആ മുന്നറിയിപ്പെന്നുകൂടി ഓര്‍ക്കണം. അവന്‍ എന്തെങ്കിലുമൊന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. നിക്കറിടാത്ത പ്രായത്തില്‍ അവനെയൊരുപാട് എടുത്തുനടന്നിട്ടുണ്ട്.
എന്നിട്ടും അവന്‍.....
പലതുമോര്‍ത്തപ്പോള്‍ കണ്ണപ്പന്‍സാര്‍ കരച്ചിലിന്‍റെ വക്കത്തെത്തി. കരയണോ വേണ്ടയോയെന്ന് ശങ്കിച്ചുനില്‍ക്കുമ്പോഴാണ് മിന്നല്‍പോലെ ഒരു ബുദ്ധിയുദിച്ചത്. വടക്കന്‍ദേശത്തെ വിജയത്തിലെത്തിക്കാന്‍പോന്ന അഡാര്‍ ഐറ്റം ഐഡിയയായിരുന്നു അത്. വിക്രമനേയും ഉത്താലുവിനേയും നേരില്‍കണ്ട് സംസാരിച്ചശേഷം കണ്ണപ്പന്‍സാര്‍ വീട്ടിലേക്ക് നടന്നു. സന്തോഷം അടക്കാനാവാതെ 'ച്ചാംചക്ക ച്ചോംചക്ക' താളത്തിന് ചുവടുവച്ചു.
കുളിച്ചൊരുങ്ങി പോലീസ് വേഷത്തില്‍ പടികടന്നുപോകുന്ന കണ്ണപ്പന്‍സാറെനോക്കി ഭാര്യ അന്തംവിട്ടുനിന്നു. ഇഞ്ചിക്കാട് ഹൈസ്ക്കുള്‍ ഗ്രൗണ്ട് ഉത്രാടപ്പാച്ചിലിനായി ഒരുങ്ങിയിരിക്കുന്നു. ഉത്രാളിപൂരത്തിന്‍റെ വെടിക്കെട്ടിനെന്നപോലെ ജനങ്ങള്‍ അക്ഷമയോടെ കൂട്ടംകൂടിനില്‍ക്കുന്നു. തെക്കന്‍ദേശത്തിന്‍റെ വിജയമുറപ്പിച്ച മട്ടിലാണ് പലരുടേയും സംസാരം. കിഴക്കുപടിഞ്ഞാറന്‍ ദേശങ്ങളെ എഴുതിത്തള്ളാനാവില്ലെന്ന് മറ്റുചിലര്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിക്രമന്‍റെ വടക്കന്‍ദേശം ചിത്രത്തിലേയില്ല.
"പ്രദര്‍ശനമത്സരത്തിലെ പരിഹാസങ്ങള്‍ക്ക് പ്രതികാരമായി വിക്രമന്‍ ഭാരംചുമന്ന് ഓടിജയിക്കും!"
വെള്ളംനിറച്ച പത്തിന്‍റെ കന്നാസ് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഉത്താലു പറഞ്ഞു. അതുകേട്ട് ജനക്കൂട്ടത്തില്‍നിന്നും കൂവലും പൊട്ടിച്ചിരിയും കയ്യടികളുമുയര്‍ന്നു. വിക്രമന്‍റെ തലയിലേക്ക് കന്നാസ് വച്ചുകൊടുക്കുമ്പോള്‍ ഉത്താലു ചെവിയിലടക്കം പറഞ്ഞു.
"കത്തിച്ചാല്‍ കത്തണ സാധനാണ്! പിടുത്തം കൊടുക്കരുത്! "
വണ്‍ ടു ത്രീ ഗോ.... ഓട്ടം തുടങ്ങി.
''ഡാ വിക്രമാ അവിടെനിക്കടാ
ഡാ വിക്രമാ അവിടെനിക്കടാ"
ട്രാക്കിനു സമാന്തരമായി ലാത്തിവീശികൊണ്ട് കണ്ണപ്പന്‍സാര്‍ പുറകേയും ഒാടി.
കിഴക്കിനേയും പടിഞ്ഞാറിനേയും പിന്തള്ളി, തെക്കിന്‍റെ അന്താരാഷ്ട്രതാരത്തെ കടത്തിവെട്ടി വിക്രമന്‍ ഒന്നാമനായി!
പത്തിന്‍റെ കന്നാസ് തലയിലും പുറകിലൊരു പോലീസുമുണ്ടെങ്കില്‍ വിക്രമനെ ഓടിത്തോല്‍പ്പിക്കാന്‍ ഈ ഭൂതലത്തിലാരുമില്ലെന്ന സത്യം ഒരിക്കല്‍കൂടി പുലര്‍ന്നു. വടക്കന്‍ദേശത്തിന്‍റെ ആഘോഷത്തിമര്‍പ്പുകള്‍ക്കിടയില്‍ ശങ്കുണ്ണ്യാര് കൊച്ചുമകനേയുംകൊണ്ട് കണ്ടംവഴി ഓടിരക്ഷപ്പെട്ടു.
അണ്ട്രോയറ് കാണാത്തരീതിയില്‍ മുണ്ടുമടക്കിക്കുത്തിയ വിക്രമനെകണ്ട് നാട്ടുകാര്‍ അത്ഭുതപ്പെട്ടു. അത് നേര്‍പാതയിലേക്കുള്ള അവന്‍റെ ചുവടുമാറ്റത്തിന്‍റെ ലക്ഷണമാണെന്ന് വിദക്ദ്ധര്‍ വിലയിരുത്തി. അഭിനന്ദനങ്ങളറിയിച്ച് ദേശക്കാര്‍ സ്ഥാപിച്ച ഫ്ലക്സ്ബോഡിനുമുന്നില്‍ വിക്രമന്‍ ആനന്ദംകൊണ്ടു. അതേസമയം ഡ്രില്‍മാസ്റ്റര്‍ക്ക് പുലിക്കളിയിലെ പുതുപുത്തന്‍ സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു നമ്മുടെ കണ്ണപ്പന്‍സാര്‍.
_____________________________________________
ramesh parapurath

ഓര്‍മ്മകള്‍ക്ക് നമസ്കാരം (കഥ)

ഓര്‍മ്മകള്‍ക്ക് നമസ്കാരം (കഥ)
_________________________________
'അനേകം പച്ചക്കുടകള്‍ നിവര്‍ത്തിനില്‍ക്കുന്ന അത്തിമരച്ചോട്ടില്‍നിന്ന് വിതുമ്പിക്കരയുന്ന ഉഷ'
ഇരുപതുകൊല്ലത്തെ പഴക്കമുണ്ടെങ്കിലും ഒട്ടും മങ്ങലേല്‍ക്കാത്ത ഒരു ഓര്‍മ്മചിത്രമാണിത്. ആ ഓര്‍മ്മകള്‍ മനസ്സിനെ അധികരിച്ചുകഴിഞ്ഞാല്‍ പിന്നെയൊന്ന് കണ്ണാടിയില്‍ നോക്കണം, എനിക്ക് എന്നെതന്നെ കാണണം! അവള്‍ നല്‍കിയ പേരിന് അടിവരയിടുന്നപോലെ വളര്‍ന്നുനില്‍ക്കുന്ന ചെമ്പന്‍മീശയും താടിരോമങ്ങളും. പ്രതിബിംബത്തെ നോക്കിക്കാണുമ്പോള്‍ എനിക്കു ചിരിയാണുവന്നത്. പലപ്പോഴായി കരയിച്ചിട്ടുള്ള ആ ഓര്‍മ്മകള്‍ ആദ്യമായാണ് എന്നെ ചിരിപ്പിക്കുന്നത്.
അഞ്ചാംക്ലാസിലെ അരക്കൊല്ലപരീക്ഷക്കാലത്താണ് ഉഷയോടുള്ള എന്‍റെ ശത്രുതയ്ക്ക് തുടക്കംകുറിക്കുന്നത്. അവളെന്നെ 'ചെമ്പന്‍കീരി' എന്ന പേരുചാര്‍ത്തി അപമാനിക്കുന്നതും, അത് നാട്ടിലും സ്കൂളിലുമെല്ലാം പാട്ടായതും അക്കാലത്താണ്. സ്കൂളില്‍ പോകാത്ത അനിയത്തിപോലും ചെമ്പന്‍കീരിയെന്ന് വിളിക്കുമ്പോള്‍ വല്ലാത്ത സങ്കടമാണ്. കണ്ണാടിചില്ലില്‍ മുഖംനോക്കുമ്പോള്‍ ആ സങ്കടമിരട്ടിയാവും. ദിവസവും കവിളുകള്‍ പിടിച്ച് പുറത്തേക്കുവലിച്ചുനോക്കും. ഈ കൂര്‍ത്ത കീരിത്തൊണ്ട് എങ്ങനെയെങ്കിലുമൊന്ന് മാറിക്കിട്ടിയിരുന്നെങ്കില്‍!
പതുക്കെപതുക്കെ എന്‍റെ സങ്കടങ്ങള്‍ ഉഷയോടുള്ള ദേഷ്യമായിമാറുകയും, നാള്‍ക്കുനാളത് കൂടികൊണ്ടിരിക്കുകയുംചെയ്തു. അവള്‍ എന്നോളം കറുത്തതല്ലെങ്കില്‍ക്കൂടി 'കരിങ്കാളി' എന്നുപേരിട്ട് നാട്ടില്‍ പാടിനടന്നു. പക്ഷേ ആരുമവളെ ആ പേരുവിളിച്ചില്ല, മാത്രമല്ല ശിവക്ഷേത്രത്തിലെ പൂജാരി വിളിച്ച 'ടീച്ചര്‍' എന്നപേരാണ് എല്ലാവരും ഏറ്റെടുത്തത്. അങ്ങനെ എല്ലാവര്‍ക്കും ഉഷ ടീച്ചറായിമാറി. പക്ഷേ ഞാനൊരിക്കല്‍പോലും അവളെ ടീച്ചറെന്നു വിളിച്ചിട്ടില്ല. അങ്ങനെയൊക്കെ വിളിക്കാന്‍ അവള്‍ ഏതുസ്കൂളിലെ ടീച്ചറാണ്?
ഉഷയോടെന്നപോലെ പൂജാരിയോടും എനിക്ക് ഭയങ്കരദേഷ്യമാണ്. നടയില്‍വയ്ക്കാറുള്ള അമ്പതുപൈസ അക്കാരണത്താല്‍ റദ്ദുചെയ്തു. ശത്രുപക്ഷം ചേരുന്നവന്‍ പൂജാരിയാണെങ്കിലും എനിക്ക് ശത്രുതന്നെ!
മറുപേരുകൊണ്ട് പകരംവീട്ടാമെന്ന ആഗ്രഹം നടക്കാതെവന്നപ്പോള്‍, അവളെയൊന്ന്
കരയിക്കണമെന്നതായിരുന്നു അടുത്ത ആഗ്രഹം. അവളോട് കളിയുംചിരിയുമൊക്കെ ഉണ്ടെങ്കിലും കരയിക്കാനുള്ള തക്കംപാര്‍ത്തുതന്നെയാണ് എന്‍റെ നടപ്പ്. അഞ്ചുകിലോമീറ്ററോളം നടന്നാണ് ഞങ്ങള്‍ സ്കൂളില്‍പോയിരുന്നത്. ഞങ്ങളെക്കൂടാതെ ഉഷയുടെ മാമന്‍റെ മകന്‍ ബാലുവും പിന്നെ മണിയനും ഒപ്പമുണ്ടാവും. ഉഷയുടെ അച്ഛനും മണിയന്‍റെ അച്ഛനും ദുബായില്‍ വലിയ കൂട്ടുകാരാണത്രേ! ആ ഒരടുപ്പവും സ്നേഹവും മക്കള്‍തമ്മിലുമുണ്ട്.
ഞങ്ങളുടെ സംഘത്തിന്‍റെ നായകന്‍ മണിയനായിരുന്നെങ്കിലും തിരുമാനങ്ങള്‍ ഉഷയുടേതായിരുന്നു. ഇന്ന് പാലപ്പറ്റക്കുന്നിലൂടെ പോകാമെന്ന് ഉഷ പറഞ്ഞാല്‍, അന്നത്തെയാത്ര ആ വഴിതന്നെ! അവനവളെ ഒരിക്കല്‍പോലും എതിര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
"ഉഷ എന്‍റെ ജീവനാണ്!"
മണിയന്‍ ആവര്‍ത്തിച്ചുപറയുന്ന കാര്യമാണിത്. അവളുടെമേല്‍ ചളിവെള്ളം തെറുപ്പിച്ച പ്രകാശനെ പിടിച്ചു വെള്ളത്തില്‍ മുക്കിയത് അതിനുള്ള തെളിവുമാണ്. ചോറുപാത്രം പിടിക്കാത്തതിന് ‍ഒരിക്കലെന്നെ ഇടിച്ചുവീഴ്ത്തി മണ്ണിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. അതിനുശേഷം അവന്‍റെ ചോറുപാത്രം ചുമക്കുന്നത് എന്‍റെ ഉത്തരവാദിത്വമുള്ള ജോലിയാണ്. മണിയന് എന്നേക്കാള്‍ പൊക്കവും വണ്ണവുമുണ്ട്; കൂടാതെ ചെറിയൊരു മീശയും! ഉഷയെ കരയിക്കണമെങ്കില്‍, കൂടെ മണിയനുണ്ടാവാന്‍ പാടില്ല. അവനുണ്ടെങ്കില്‍ കരയുന്നത് ഉഷയല്ല, ഞാനായിരിക്കും. ഞാന്‍മാത്രം.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉഷയെ എനിക്ക് ഒഴിഞ്ഞുകിട്ടിയത്. മണിയനും ബാലുവുമില്ല, ഞാനുമവളും മാത്രം! അവളെ കരയിക്കാനുള്ള ദിവസം! റോട്ടില്‍നിന്നും നടത്തം ഇടവഴിയിലേക്ക് തിരിഞ്ഞപ്പോള്‍ ഞാന്‍ വില്ലനായിമാറി. ബാഗിന്‍റെ വലിപ്പുതുറന്നും തലയിലെ നാടയഴിച്ചും ശല്ല്യംചെയ്തെങ്കിലും അവളതൊന്നും കാര്യമാക്കിയില്ല. എങ്ങനെ കരയിക്കും? വേലിയില്‍ന്നിന്നും ഇല്ലിക്കോലെടുത്ത് കണങ്കാലില്‍ ശക്തിയോടെ അടിച്ചാല്‍, അല്ലെങ്കില്‍ കൈത്തണ്ടയില്‍ അമര്‍ത്തിക്കടിച്ചല്‍ അവള്‍ കരയുമായിരിക്കും. വഴിതടഞ്ഞുകൊണ്ട് ഗൗരവത്തില്‍ ചോദിച്ചു.
"ഇനി ചെമ്പന്‍കീരീന്ന് വിളിക്ക്യോടീ?"
"ചെമ്പന്‍കീരിയെ അമിതാബച്ചനെന്ന് വിളിക്കാനൊക്ക്യോ?"
അവളുടെ തര്‍ക്കുത്തരം കേട്ടപ്പോള്‍ പിന്നെയൊന്നുംനോക്കിയില്ല, കരുതിവച്ച അട്ടിക്കല്ലുകൊണ്ട് അവളുടെ നെറ്റിക്കൊരു കുത്തുകൊടുത്തു. നെറ്റിപൊട്ടി ചോരയൊലിച്ചെങ്കിലും അവള്‍ കരഞ്ഞില്ല! നെറ്റിത്തടം പൊത്തിപ്പിടിച്ച് അവളവിടെന്നിന്നും ഓടിമറഞ്ഞു.
മൂന്നാമത്തെ ദിവസമാണ് ഉഷ മിണ്ടാവ്രതം അവസാനിപ്പിച്ചത്. അന്നുഞാന്‍ മോഷ്ടിച്ച അടക്കാപ്പഴത്തിന്‍റെ മൂപ്പോരി അവള്‍ക്കാണുകൊടുത്തത്. എനിക്ക് തോന്നിയ വലിയൊരിഷ്ടം തന്നെയാണ് അതിനുകാരണം. കാലുതെറ്റിവീണിട്ടാണ് നെറ്റിപൊട്ടിയതെന്നായിരുന്നു അവളുടെ മൊഴി. കല്ലുവച്ച നുണയിലൂടെ എന്നെ രക്ഷിച്ചവളെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? പിന്നീടുള്ള ദിവസങ്ങളിലൊന്നും അവളെ കരയിക്കണമെന്ന് തോന്നിയിട്ടേയില്ല.
ആയിടക്കൊരു ദിവസമാണ് അവളെ 'ടീച്ചറെന്നുവിളിക്കേണ്ട അവസ്ഥയും എനിക്കുണ്ടായത്. അതൊരു പഞ്ചായത്ത് തിരഞ്ഞെടുപ്പുദിനമായിരുന്നു. മുതിര്‍ന്നവരൊക്കെ വോട്ടുചെയ്യാന്‍പോയപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ഏതെങ്കിലുമൊരു കളിയിലേര്‍പ്പെടാന്‍ തീരുമാനിച്ചു. ഞങ്ങള്‍ നാലുപേരെക്കൂടാതെ വേറെയും അഞ്ചാറുകുട്ടികളുണ്ട്. ഉറവന്‍ കണ്ടത്തില്‍ മീന്‍പിടിക്കാന്‍ പോകാമെന്ന എന്‍റെ അഭിപ്രായത്തെ എല്ലാവരുംചേര്‍ത്ത് കൊഞ്ഞനംകുത്തി. 'ടീച്ചറും കുട്ട്യോളും' കളിക്കാമെന്ന ഉഷയുടെ അഭിപ്രായത്തിന് ഞാനൊഴികെ എല്ലാവരും സമ്മതംമൂളി. എന്‍റെ സമ്മതമില്ലാതെത്തന്നെ കളിക്കാന്‍ തിരുമാനമായി- ഉഷയാണ് ടീച്ചര്‍, ഞങ്ങളെല്ലാം കുട്ടികളും. ഉഷയുടെ വീടിന്‍റെ ചായ്പ്പിലാണ് ക്ലാസ്റും സജ്ജമാക്കിയത്. ഈരുവാന്‍വേണ്ടി വെട്ടിയിട്ട കൊന്നമരമാണ് കുട്ടികള്‍ക്കുള്ള ബെഞ്ച്, വണ്ണമുള്ള മുരടുമുറി കുത്തിനിര്‍ത്തിയപ്പോള്‍ ടീച്ചര്‍ക്കുള്ള മേശയുമായി. മാലചെമ്പരത്തിയില്‍നിന്നും വടിവെട്ടിക്കൊണ്ടുവന്നത് ഞാനാണ്. ഹാജര്‍ വിളിച്ചശേഷം ഉഷടീച്ചര്‍ പഠിപ്പിക്കാന്‍ തുടങ്ങി. ബെല്ലടിക്കാറായപ്പോള്‍ ഞാനും മണിയനുംതമ്മില്‍ വലിയൊരു തര്‍ക്കമുണ്ടായി. അവന്‍റെ ശക്തമായ വിലക്കിനെ വകവയ്ക്കാതെ, തൂക്കിയിട്ട വാല്‍പാത്രത്തില്‍ കുഞ്ഞിക്കരണ്ടികൊണ്ട് ബെല്ലടിച്ചു. അത് ഇടവേളയുടെ നീണ്ടമണിയായിരുന്നു.
"ടാ..ചെമ്പന്‍കീരീ!!"
ക്ഷുഭിതനായ മണിയന്‍റെ അലര്‍ച്ചയാണ്. അവന്‍റെ ചുവന്ന കണ്ണുകളും ചുരുട്ടിയ മുഷ്ടിയും കണ്ടപ്പോള്‍ എനിക്കു പേടിയായി. അതെന്നെ ഇടിച്ചുമറിച്ച് മണ്ണില്‍ വലിച്ചിഴക്കാനുള്ള മുന്നൊരുക്കമാണ്. ദേഹത്തില്‍ പലയിടത്തുനിന്നും ചോര പൊട്ടിയൊലിക്കുന്നത് ഓര്‍ത്തുനോക്കിയപ്പോള്‍ എനിക്ക് കരച്ചില്‍വന്നു. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ? ഒരുകാര്യവുമില്ല, മണിയന്‍ എത്രയോ തവണയെന്നെ ഓടിതോല്‍പ്പിച്ചിട്ടുണ്ട്. ഇനി ഉഷക്കുമാത്രമേ രക്ഷിക്കാന്‍കഴിയൂവെന്ന് ബോധ്യമായപ്പോള്‍, ഞാന്‍ 'ടീച്ചര്‍' എന്നുവിളിച്ച് അവളുടെ പുറകിലേക്ക് ഒതുങ്ങിനിന്നു. മണിയന് എന്നെ എറിഞ്ഞുകൊടുക്കുംപോലെ അവളവിടെനിന്നും ഒഴിഞ്ഞുമാറി! മണിയന്‍റെ ധൈര്യവും എന്‍റെ പേടിയും മുന്നോട്ടുംപുറകോട്ടും ഒരോ അടികള്‍ വെച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരത്ഭുതം സംഭവിച്ചത്. ഒരിക്കല്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങുന്നു! ചോരയും കണ്ണീരുമൊലിപ്പിച്ച് വീട്ടില്‍ചെന്നപ്പോള്‍ അച്ഛന്‍ പറഞ്ഞ വാക്കുകള്‍-
" പരാതിയുംകൊണ്ട് വന്നിരിക്കുന്നു കഴുത! ആണാണത്രേ ആണ്!!"
അവന്‍റെ മൂക്ക് ഇടിച്ചുപരത്താന്‍ പാടില്ലാര്‍ന്നോ?"
ഞാനപ്പോള്‍ കാണുന്നത് മണിയന്‍റെ ചുവന്ന കണ്ണുകളോ ചുരുട്ടിയ മുഷ്ടിയോയല്ല, മൂക്കാണ്. ഇടിച്ചുപരത്താന്‍ പാകത്തിലൊരു മൂക്ക്! വലതുമുഷ്ടികൊണ്ട് ആ
മൂക്കില്‍
ആഞ്ഞിടിച്ചു. മണിയന്‍ കണ്ണുകാണാതെ വായുവില്‍ തപ്പുമ്പോള്‍ എന്‍റെ കൈത്തലങ്ങള്‍ അവന്‍റെ ശരീരത്തില്‍ ആഞ്ഞാഞ്ഞുപതിച്ചു- പല തവണ, പലയിടങ്ങളില്‍. ഉഷയൊഴികെ മറ്റെല്ലാവരും അവിടെനിന്നും ഓടിപ്പോയി. വീണുകിടക്കുന്ന മണിയനെ മണ്ണിലൂടെ വലിച്ചിഴച്ചു.
അന്നവിടെ തീര്‍ന്നത് വലിയൊരു കണക്കായിരുന്നു. അതുകാണാന്‍ കൂടുതല്‍ കാഴ്ചക്കാരില്ലാത്തത് എന്നെ നിരാശപ്പെടുത്തി. എങ്കിലും അച്ഛനോടും ലോകത്തിനോടുമായി ഞാന്‍ മനസ്സില്‍ പറഞ്ഞു.
"ആണാണ്! ഞാനും ഒരാണാണ്."
മറ്റുളവരെപ്പോലെ ബാലുവും പേടിച്ചോടിയതാണെന്ന എന്‍റെ ഊഹംതെറ്റിച്ചുകൊണ്ട് അവനതാ രണ്ടനുയായികളേയുംകൂട്ടി വന്നിരിക്കുന്നു! കിഴക്കന്‍സിറ്റിയിലെ വലിയ തല്ലുകാരാണവര്‍. മീശയുള്ള മണിയന്‍ നിലത്തുകിടന്ന്, ചോരയൊലിപ്പിച്ച് മോങ്ങുന്നതുകണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തനായി. കൈകള്‍ അന്തരീക്ഷത്തില്‍ കുത്തിക്കുലുക്കികൊണ്ട് അലറി.
"വാടാ...."
വന്നത് ബാലുവോ അനുയായികളോ അല്ല, ചെമ്പരത്തിവടിയുമായി ഉഷയാണ്! അവളെന്നെ തലങ്ങുംവിലങ്ങും തല്ലി- വടി മുറിയുന്നതുവരെ... വടി മുറിഞ്ഞിട്ടും... മുറിവടി തെറിച്ചുപോയപ്പോള്‍ കൈകള്‍കൊണ്ടും. അടിതടുക്കുവാനായെങ്കിലും എന്‍റെകൈകള്‍ ഉയര്‍ന്നില്ല! ഉഷ തല്ലിയതില്‍ എനിക്ക് വിരോധമൊന്നുമില്ല. കളിയിലാണെങ്കിലും ടീച്ചറാണ്, വേണമെങ്കില്‍ ഇനിയും തല്ലിക്കോട്ടെ...
പക്ഷേ....
ഹാജര്‍ വിളിക്കുമ്പോള്‍ ചെമ്പന്‍കീരിയെന്നു വിളിച്ചത് എനിക്കു മറക്കാനോ പൊറുക്കുവാനോ കഴിഞ്ഞില്ല. ദിവസവും ഹാജര്‍വിളിക്കുന്ന സുബൈദടീച്ചര്‍ ഇന്നോളമങ്ങനെ വിളിച്ചിട്ടില്ല. അവള്‍ക്കും സുബൈദടീച്ചറേപ്പോലെ മര്യാദക്കാരിയായാലെന്താ?
കളികഴിഞ്ഞാല്‍ കുടിക്കുവാന്‍വേണ്ടി ‍ കലക്കിവച്ച നാരങ്ങവെള്ളത്തിന് കാത്തുനില്‍ക്കാതെ ഞാന്‍ വീട്ടിലേക്കുനടന്നു. വടക്കേയതിര്‍ത്തിയിലെ അമ്പാഴച്ചോട്ടില്‍ നിന്നും തിരിഞ്ഞുനോക്കുമ്പോള്‍ ഉഷ മണിയനെ അടുത്തിരുന്ന് ശുശ്രൂഷിക്കുകയാണ്. പാവാടത്തലപ്പുകൊണ്ട് അവന്‍റെ മൂക്കിലെ ചോരയൊപ്പുന്നത് കണ്ടപ്പോഴാണ് ആ ആഗ്രഹം വീണ്ടും തലപ്പൊക്കിയത്.
ഉഷയെ എങ്ങനേയുമൊന്ന് കരയിക്കണം! അതിനുവേണ്ടിയാണ് , സചിന്‍ ടെണ്ടുല്‍ക്കറുടെ നൂറുചിത്രങ്ങള്‍ എണ്ണിക്കൊടുത്ത് പവിത്രന്‍റെ കയ്യില്‍നിന്നും ഒരു ആയുധം വാങ്ങിയത്. ചൂടന്‍കുരു! കാട്ടില്‍, ഏതോ മരത്തിന്‍റെ കായ പൊട്ടിത്തെറിച്ച് വീഴുന്ന വലിയ കുരു. ആത് കല്ലിലോ തറയിലോ ഉരച്ചാല്‍ ചുട്ടുപൊള്ളും! മാസങ്ങള്‍ക്കുശേഷം ഒരു ഞായറാഴ്ച വൈകുന്നേരത്താണ് അതുപ്രയോഗിക്കാനുള്ള അവസരം കിട്ടിയത്. അഴോത്തച്ചിറയുടെ മുകളിലിരുന്ന് വളപ്പൊട്ട് കളിക്കുകയാണ് ഉഷയും കൂട്ടുകാരികളും. താഴെ ഉറവുചാലില്‍ മണിയനും ബാലുവും മീന്‍പിടിക്കുന്നുമുണ്ട്. ഓലപ്പുല്ലുകള്‍ വകഞ്ഞുമാറ്റി, പതുങ്ങിച്ചെന്ന് ഉഷയുടെ പിന്നിലായിയിരുന്നു. സമീപത്തെ വെള്ളാരംപാറയില്‍ ചൂടന്‍കുരു ഉരയ്ക്കാന്‍ തുടങ്ങി. പൊള്ളണം! പൊള്ളലേറ്റ് അവള്‍ തേങ്ങിക്കരയണം! ഉരച്ചെടുത്ത ചൂടന്‍കുരു അവളുടെ പിന്‍കഴുത്തില്‍ അമര്‍ത്തിവച്ചു. ചൂടേറ്റ് അവളൊന്ന് പുളഞ്ഞെങ്കിലും, എന്നെകണ്ടപ്പോള്‍ ഒന്നുംസംഭവിക്കാത്തമട്ടില്‍ കളിയിലേക്ക് മുഴുകിയിരുന്നു. പ്രതീക്ഷയോടെ ഉറ്റുനോക്കിയപ്പോള്‍ അവളുടെ മുഖത്ത് കരച്ചിലിന്‍റെ ഒരു ലാഞ്ചനപോലുമില്ല! ഇവളേതുവര്‍ഗം? കരയാനറിയാത്ത ഒരു ജന്തു!
എന്തുകൊണ്ടോ എനിക്കപ്പോള്‍ ദേഷ്യമടക്കാനേ കഴിഞ്ഞില്ല. താഴെ മീന്‍പിടിച്ചുകൊണ്ടിരുന്ന മണിയനും ബാലുവിനുമിടയിലേക്ക് എടുത്തുചാടി. മണലുകൊണ്ട് അവര്‍‍ കെട്ടിവച്ച തടയണ ചവിട്ടിത്തെറുപ്പിച്ച് മുഷ്ടിചുരുട്ടിനിന്നു. അവര്‍ അടിക്കാന്‍ വന്നില്ല; ചെമ്പന്‍കീരിയെന്ന് വിളിച്ചപോലുമില്ല! മണിയനുപോലും എന്നെ പേടിയാണെന്നറിഞ്ഞപ്പോള്‍ ആത്മാഭിമാനം തോന്നി. എങ്കിലും വലിയൊരു വിഷമമുണ്ട്- മണിയന്‍റേതുപോലത്തെ ഒരു മീശ എനിക്കുമുണ്ടായിരുന്നെങ്കില്‍!!
തോട്ടുവരമ്പിലൂടെ നേരേനടന്നു. അതാണ് വീട്ടിലേക്കുള്ള എളുപ്പവഴി. ചാറ്റല്‍മഴ തുടങ്ങിയപ്പോള്‍ ഓടാന്‍തുടങ്ങി. വീട്ടിലെത്തുമ്പോഴേക്കും മഴ ശക്തിയാര്‍ജ്ജിച്ചിരുന്നു. പെരുമഴ! ആ മഴ പിറ്റേന്ന് സ്ക്കൂളില്‍ പോകുമ്പോഴും, തിരിച്ചുവരുമ്പോഴൊന്നും തോര്‍ന്നിട്ടില്ല.ഉഷയുടെ വീട്ടുപടിക്കലെത്തിയപ്പോഴാണ് പേടിപ്പെടുത്തുന്നതും ഒപ്പം അത്ഭുതപ്പെടുത്തുന്നതുമായ കാഴ്ചകണ്ടത്. മുന്നിലെ ചെറിയകിടങ്ങ്, ഒരു പുഴയുടെ വീതിയില്‍ ഒഴുകുന്നു! കിടങ്ങിന് ഇരുവശത്തുമുള്ള കിട്ടുണ്ണിക്കുളവും കുണ്ടുകുളവും ഒന്നായിരിക്കുന്നു! വീടുപറ്റണമെങ്കില്‍ ആ കിടങ്ങുതാണ്ടണം. എങ്ങനെ പോകും!? അന്നുവീട്ടില്‍ പോയില്ല, ഉഷയുടെ വീട്ടില്‍കിടക്കാമെന്നാണ് മുതിര്‍ന്നവരുടെ തിരുമാനം. സിയാര്‍പ്പിക്കാരന്‍റെ വീട്ടിലേക്ക് ഫോണ്‍വിളിച്ച് വിവരംകൊടുത്തത് ഉഷയുടെ അമ്മയാണ്. ബാലുവും ആ വീട്ടില്‍ത്തന്നെയാണ് താമസിക്കുന്നത്. ഞാനും മണിയനുമാണ് അന്നവിടുത്തെ അഥിതികള്‍.
ഉഷയുടെ വീട് എനിക്കൊരു മായാലോകമായാണ്
തോന്നിയത്. വരാന്തയില്‍ നിരന്നുനില്‍ക്കുന്ന മരത്തൂണുകളില്‍ തുടങ്ങിയ കൗതുകം, ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ മറ്റുപലതിലേക്കും വ്യാപിച്ചു. വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്ന ചുമരുകള്‍, നിലം, പങ്കകള്‍, ഊണ്‍മേശ..... അങ്ങനെയെന്തെല്ലാമാണ് ആ വീട്ടില്‍! എന്‍റെ വീടും ഉഷയുടെവീടും തമ്മില്‍ വെറുതെയൊന്ന് താരതമ്യംചെയ്തുനോക്കി. ഒരേപേരും, എന്നാല്‍ ഒരു സാമ്യവുമില്ലാത്ത രണ്ടു വസ്തുക്കള്‍! മേശപ്പുറത്ത് ചെറുഞെളിവോടെയിരിക്കുന്ന പെട്ടി. ടെലിവിഷന്‍! ഞാനാദ്യമായാണ് അതുകാണുന്നത്. റേഡിയോപാട്ടിനെ കുറിച്ച് വീമ്പടിക്കുമ്പോള്‍, എന്തിനാണ് അവരെന്നെ പരിഹസിച്ചിരുന്നതെന്നും മനസ്സിലായത് അതുകണ്ടപ്പോഴാണ്. എന്തായാലും തോരാതെപെയ്ത മഴയോട് ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞ് ഞാനും ആകുടുംബത്തിലെ ഒരാളായിമാറി.
പുറത്തുള്ള സൗഹൃദമൊന്നും ബാലു വീടിനുള്ളില്‍ കാണിച്ചില്ല. അവന്‍ മുറിയില്‍ കയറി വാതിലടച്ചത് ഞങ്ങളെ വല്ലാതെ നിരാശരാക്കി. മണിയന് ഈറന്‍മാറാനുള്ള ട്രൗസറും കുപ്പായവും ബാലുവിന്‍റെ അമ്മ നല്കിയപ്പോള്‍ ഞാനും പ്രതീക്ഷയോടെ കാത്തുനിന്നു. കിട്ടിയില്ല! ഒരുപക്ഷേ അവിടെ എനിക്ക് പാകമാവുന്നത് ഉണ്ടായിരിക്കില്ല. ഈറന്‍ കുപ്പായമേല്‍പ്പിക്കുന്ന തണുപ്പ് എങ്ങനേയും സഹിക്കാം, ട്രൗസറില്‍നിന്നും ഒലിച്ചിറഞ്ഞുന്ന വെള്ളത്തുള്ളികള്‍ വല്ലാത്തൊരു ശല്ല്യംതന്നെ. ഉടുതുണികളൊന്ന് അഴിച്ചുപിഴിയണം. എങ്ങനെ, എവിടെവച്ച്? അല്‍പം ഇരുട്ടിനാണ് ആ വീട്ടില്‍ പഞ്ചം. വരാന്തയുടെ കിഴക്കേമൂലയിലെ ഇത്തിരിയിരുളില്‍ മറഞ്ഞുനിന്ന് ഷര്‍ട്ടും ട്രൗസറുമൂരി. ഉഷയോ മറ്റോ അവിടേക്കുവന്നാല്‍.... ആലോചിക്കാന്‍പോലും വയ്യ! ഞാന്‍ നഗ്നനാണ്! കറുത്തചരടുകളില്‍ കോര്‍ത്തുകെട്ടിയ അരയിലെ വെള്ളിയേലസ്സും കഴുത്തിലെ ഹനുമാന്‍സ്വാമിയുമില്ലെങ്കില്‍ പൂര്‍ണ്ണനഗ്നന്‍. മഹാഭാഗ്യമെന്ന് പറയട്ടെ, വസ്ത്രങ്ങള്‍ പിഴിഞ്ഞുടുക്കുന്നതുവരെ ആരും അവിടേക്കുവന്നില്ല!
ബാലുവിനെപ്പോലെ മര്യാദകെട്ടവളല്ല ഉഷ. മലര്‍ക്കെതുറന്നിട്ട അവളുടെ മുറിയിലേക്ക് ഞാനും കടന്നുകൂടി. അവള്‍ പുഞ്ചിരിയോടെ സ്വീകരിച്ചെങ്കിലും മണിയന്‍ ഇഷ്ടപ്പെടാത്തപോലെ ചിരികോട്ടി. അല്ലെങ്കിലും അവന്‍റെ ഇഷ്ടം ആര്‍ക്കുവേണം?
മുറിയിലെ മനോഹരമായ ടേബിള്‍ലാംപിലാണ് എന്‍റെ ശ്രദ്ധയുടക്കിയത്. മുള ചീന്തിയുണ്ടാക്കിയ ഒരു ചെടിച്ചട്ടി, അതില്‍ ഇലകള്‍ നിറഞ്ഞ ഒരുചെടി, നെറുകില്‍ ഒരു വെളുത്തപുഷ്പം- ഇതാണ് ലാംപിന്‍റെ ഘടന. ചട്ടിയുടെ വശത്തെ ബട്ടണമര്‍ത്തുമ്പോള്‍ പുഷ്പം പ്രകാശിക്കുന്നു. പകല്‍വെളിച്ചം ചൊരിയുന്ന വെളുത്ത കോളാമ്പിപൂവ്! ഉഷയുടെ വീട്ടില്‍ അത്ഭുതങ്ങള്‍ക്ക് അവസാനമില്ലല്ലോ.... എനിക്കവളോട് ആദ്യമായി ബഹുമാനം തോന്നി.
ടേബില്‍ലാംപിന്‍റെ വെളിച്ചത്തില്‍ നാലുവരക്കോപ്പി എഴുതാന്‍ തുടങ്ങുമ്പോഴാണ് മണിയനും അതേമോഹവുമായി വന്നത്. അവന്‍റെ വീട്ടിലും കരണ്ടും വെളിച്ചവുമുണ്ട്! എന്നിട്ടുമെന്തിനാണ് ഇത്ര ആക്രാന്തം? വന്നദേഷ്യത്തില്‍ ഞാനവന്‍റെ പുസ്തകമെടുത്ത് വലിച്ചെറിഞ്ഞു.
"ഏതാ ഈ വിത്ത്? കടക്കടാ പുറത്ത്."
പിന്നില്‍ മുഴങ്ങിയ ശബ്ദം ഉഷയുടെ അച്ഛച്ചന്‍റേതാണെന്ന് എനിക്ക് മനസ്സിലായി. കൊമ്പന്‍മീശയും വെള്ളാരന്‍കണ്ണുമുള്ള അയാളെയെനിക്കു പേടിയാണ്.
"കല്ല്വട്ടാരന്‍റെ ചെക്കനാ...."
ഉഷയുടെ അമ്മയെന്‍റെ കൈപിടിച്ച് പൂമുഖത്തുകൊണ്ടിരുത്തി. അവിടെ ട്യൂബ് ലൈറ്റിന്‍റെ ചന്തംനോക്കിയിരിക്കുമ്പോഴും മനസ്സുനിറയെ അച്ഛച്ചനോടും അമ്മയോടുമുള്ള അമര്‍ഷമാണ്.
വിത്ത്!?
ഞാനെന്താ മത്തനോ പാവലോ ആണോ?
കല്ല്വട്ടാരന്‍റെ ചെക്കന്‍!?
കല്ലുവെട്ടുകാരനും ചെക്കനും പേരുകളുണ്ട്, അതുവിളിച്ചാലെന്താ? ചെമ്പന്‍കീരിയെന്നു വിളിക്കുന്ന ഉഷ ഇവരെക്കാള്‍ എത്രയോ നല്ലവളാണെന്ന് എനിക്കുതോന്നി. ചോറുണ്ണാനുള്ള വിളികാത്തിരിക്കുമ്പോഴും എന്‍റെ മനസ്സ് ഉഷയുടെ മുറിയിലായിരുന്നു. മണിയനേക്കൂടി അവിടെനിന്നും പുറത്താക്കിയിരുന്നെങ്കില്‍! അതുമാത്രമായിരുന്നു അപ്പോഴത്തെ എന്‍റെ ആഗ്രഹം.
പിറ്റേന്ന് നേരംവെളുക്കുമ്പോഴേക്കും അമ്മയെന്നെ കൂട്ടാന്‍വന്നു. രാത്രിയില്‍ ചോറുകഴിച്ചോയെന്നായിരുന്നു ആദ്യത്തെ അന്വേഷണം. എന്നെ കാണാഞ്ഞ് രാത്രിയില്‍ ഉറങ്ങിയതേയില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് സങ്കടമായി. ഉഷയുടെ വീട്ടിലെ വര്‍ണക്കാഴ്ചകളില്‍ മുഴുകി, അമ്മയെ ഒരിക്കല്‍പോലും ഞാനോര്‍ത്തില്ലല്ലോ! വഴിവക്കില്‍നിന്നും ഒരു കാശിതുമ്പച്ചച്ചെടി പറിക്കുമ്പോള്‍, വിലക്കികൊണ്ട് അമ്മ പറഞ്ഞു.
"മതി! പൂന്തോട്ടത്തിന്‍റെ വിസ്താരം കൂട്ടിയത്. നമ്മള്‍ വാടകക്കാരാണ്."
അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ വീട്ടില്‍ ചെന്നപ്പോഴാണ് എനിക്കുമനസ്സിലായത്. അച്ഛന്‍ വീട്ടുടമസ്ഥനോട് കേണപേക്ഷിക്കുകയാണ്‌. എന്‍റെ ഏഴാംക്ലാസ് പഠനം പൂര്‍ത്തിയായാലുടന്‍ വീടൊഴിയാമെന്ന് എത്രപറഞ്ഞിട്ടും അയാള്‍ കേള്‍ക്കുന്നില്ല. പറ്റില്ലെന്ന് മറുപടി നല്കി, പാതിവിരിഞ്ഞ ഒരു റോസാപൂവും പറിച്ചെടുത്താണ് അയള്‍ പടിയിറങ്ങിയത്. നഷ്ടപ്പെടാന്‍പോകുന്ന പൂന്തോട്ടത്തെ നോക്കിക്കൊണ്ട് ഞാന്‍ അല്‍പ്പനേരം നിന്നു. മദ്ധ്യസ്ഥാനത്ത് നില്‍ക്കുന്ന കൃഷ്ണകിരീടം തന്നത്താന്‍ ഉണ്ടായതാണ്. അതാണ് ഏറ്റവും വലിയചെടി; ചുവന്ന കല്ലുകള്‍ പതിച്ച കീരീടംപോലെ ഏറ്റവുംവലിയ പൂവ്വും.
ഉഷയുടെ ഹീറോ പേന, മണിയന്‍റെ കാറ്റടിക്കുന്ന പന്ത്, ബാലുവിന്‍റെ സ്വര്‍ണ്ണക്കളര്‍ വാച്ച്... എല്ലാറ്റിനേയും ഞാന്‍ നേരിട്ടിരുന്നത് ആ പൂന്തോട്ടം കൊണ്ടായിരുന്നു. ഇവിടം വിട്ടുപോകുമ്പോള്‍ എന്‍റെ ഏറ്റവുംവലിയ നഷ്ടവും അതായിരിക്കും.
സിറ്റിയില്‍ ലോഡ്ജുകളുണ്ട്, പക്ഷേ വലിയ വാടകയാണത്രേ. ഉഷയുടെ വീട്ടുവളപ്പില്‍ ഉപയോഗിക്കാതെ കിടക്കുന്ന ചെറിയൊരു വീടുണ്ട്, അത് വാടകക്ക് ചോദിച്ചകാര്യം അച്ഛന്‍ അമ്മയോട് പറയുന്നകേട്ടപ്പോള്‍ ഞാനൊരുപാട് സന്തോഷിച്ചു. ആ വീട് ലഭിക്കുവാന്‍ ബ്രഹ്മരക്ഷസ്സിന് നിവേദ്യം വയ്ക്കാമെന്ന് വഴിപാടുനേര്‍ന്നു. ആ വഴിപാടിന്‍റെ പിന്‍ബലത്തില്‍ ഹൃദയം കുറേ സ്വപ്നങ്ങളും നെയ്തുകൂട്ടി. ഞാനും ഉഷയുംകൂടി പൂന്തോട്ടം പുതിയയിടത്തേക്ക് പറിച്ചുനടുന്നതായിരുന്നു അതിലെ ഏറ്റവും മനോഹരമായ സ്വപ്നം.
എന്നാല്‍ സ്വപ്നങ്ങളെത്തന്നെ ഞാന്‍ വെറുത്തത് ഉഷയെ നേരില്‍കണ്ടപ്പോഴാണ്.
"ചിറിയുമ്മറത്ത് ഒരു ദരിദ്രവാസിക്കുടുംബം വേണ്ട!"
അവളുടെ അച്ഛച്ചന്‍റെ തിരുമാനമാണ് . അതെനിക്ക് വലിയൊരു തിരിച്ചറിവു നല്‍കി- ഞാനൊരു ദരിദ്രവാസിയാണ്. എന്നിട്ടും ഞാനെത്രയോ തവണ ഉഷയെ ദരിദ്രവാസിയെന്നു വിളിച്ചിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അവളെന്നെ അത് തിരിച്ചുവിളിക്കാഞ്ഞത്? ഉത്തരം ഒന്നേയുള്ളൂ... ഉഷ നല്ലവളാണ്, കൂടാതെ അവള്‍ ടീച്ചറാണ്. സുബൈദടീച്ചറേപ്പോലെ മര്യാദക്കാരിയായ ടീച്ചര്‍!
"ചെമ്പന്‍കീരീ..."
അവള്‍ പലതവണ വിളിച്ചെങ്കിലും ഞാന്‍നിന്നില്ല. അമ്പാഴച്ചോട്ടില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍, പടിപ്പുരയുടെ കല്‍ത്തൂണില്‍ചാരി അവള്‍ നില്‍പ്പുണ്ട്. പലതുമോര്‍ക്കുമ്പോള്‍ ഉഷയെന്നെ ചെമ്പന്‍കീരിയെന്ന് വിളിക്കുന്നത് സ്നേഹംകൊണ്ടാണ്. അവള്‍ക്കുമാത്രം വിളിക്കുവാന്‍ അവളുണ്ടാക്കിയ പേര്! എല്ലാവരും പരിഹസിച്ചുവിളിച്ചത് അവളുടെ തെറ്റാണോ? എന്‍റെ മനസ്സ് നീറിപ്പുകയുകയാണ്. പൂജാരി പെണ്‍കോന്തനും പണമോഹിയുമാണെന്ന് അപവാദം പറഞ്ഞുനടന്നപ്പോഴും, ഉഷയുടെ നെറ്റി പൊട്ടിച്ചപ്പോഴുമൊന്നും തോന്നിയിട്ടില്ലാത്ത ഒരു തോന്നല്‍- ഞാന്‍ വലിയൊരു തെറ്റുകാരനാണ്!
വാടകവീടിന്‍റെ പൊത്തും പോടും നിറഞ്ഞ മണ്‍ചുവരുകളും, ഉമ്മറം താങ്ങുന്ന മുളങ്കാലുകളും ആദ്യമായെന്നെ ആശങ്കപ്പെടുത്തി. അടുപ്പുകത്തിക്കാന്‍ ചവിറ്റില അടിച്ചുകൂട്ടുന്ന അമ്മ... സൈക്കിള്‍ ട്യൂബിലെ സുഷിരങ്ങള്‍ തിരയുന്ന അച്ഛന്‍... ചക്രങ്ങള്‍ അഴിഞ്ഞുപോയ തത്തമ്മയെ തറയിലുരച്ച് കൈക്കൊട്ടിച്ചിരിക്കുന്ന അനിയത്തി...
ദരിദ്രവാസികള്‍!
അരിത്തിണ്ണയിലിരുന്ന് ചൂടന്‍കുരു ഒതുക്കുകല്ലില്‍ അമര്‍ത്തിയുരച്ചു. പൊള്ളണം! ആഴത്തില്‍ പൊള്ളണം!
എണ്ണിയെണ്ണി കഴിച്ചുകൂട്ടിയ, ഒട്ടും രസമില്ലാത്ത ദിവസങ്ങളാണ് പിന്നീടുണ്ടായത്. അച്ഛന്‍റെ ദേഷ്യമിരട്ടിച്ചതും അമ്മയുടെ കണ്ണുകള്‍ കലങ്ങിയൊഴുകിയതും വീട്ടിലെ പുതിയ അംഗമായി പട്ടിണി വന്നുചേര്‍ന്നതുമൊക്കെ ആ ദിവസങ്ങളിലാണ്. അങ്ങനെയിരിക്കെ, ഒരുദിവസം നട്ടപ്പാതിരക്ക് അച്ഛന്‍ വന്നുകയറിയത് സന്തോഷംതുടിക്കുന്ന മുഖത്തോടെയാണ്. ഏറെനാളത്തെ അലച്ചിലിനൊടുവില്‍ താമസിക്കാനൊരു വീടും പണിയെടുക്കാന്‍ ചെങ്കല്‍കളവും ലഭിച്ചിരിക്കുന്നു! ദൂരെയാണത്രേ.... ഒരുപാട് ദൂരെ! അച്ഛന്‍ കൊണ്ടുവന്ന നിലക്കടല കൊറിക്കുമ്പോള്‍ ഞാന്‍ ഒരു യാത്രാസങ്കല്‍പ്പത്തിലായിരുന്നു. അനിയത്തിയുടെ ചോറൂണിന് ഗുരുവായൂരിലേക്ക് പോയതാണ് ജീവിതത്തിലെ ഒരേയൊരുയാത്ര. ചീറിപ്പായുന്ന ബസ്സില്‍... അല്ലെങ്കില്‍ തീവണ്ടിയില്‍... ദൂരദിക്കിലേക്ക് ഒരു യാത്ര! സന്തോഷം അന്നെന്നെ ഉറങ്ങാനനുവദിച്ചില്ല.
പിറ്റേദിവസം തന്നെ സ്ക്കൂളില്‍ന്നിന്നും ടിസി വാങ്ങിച്ചു. നീല ടോപ്പുള്ള വെളുത്ത പേന പോക്കറ്റില്‍ കൊളുത്തിത്തന്നിട്ട് സുബൈദടീച്ചര്‍ പറഞ്ഞു.
"വിജയാ... പുതിയ സ്ക്കൂളില്‍ പോയാലും നല്ലകുട്ടിയായി പഠിക്കണം. പഠിച്ച് വല്ല്യ ആളാവണം"
ടീച്ചറോടുചേര്‍ന്ന് നില്‍ക്കുമ്പോഴും സഹപാഠികള്‍ കൈവീശി യാത്രപറയുമ്പോഴും എന്‍റെ ചിന്ത മറ്റൊരു നഷ്ടത്തെക്കുറിച്ചായിരുന്നു. നാലാമത്തെ ബെഞ്ചിന്‍റെ നടുഭാഗം! ആ സീറ്റ് നേടിയെടുക്കാനായി ഉസ്മാനോടും സദാശിവനോടും അങ്കംവെട്ടിയതിന് കണക്കുകളുണ്ടോ? വാടകക്കാരനാണ്... എല്ലാ നഷ്ടങ്ങളും സഹിക്കുകതന്നെ.
അച്ഛനൊപ്പം സൈക്കിളിലാണ് തിരിച്ചുവീട്ടിലേക്കുള്ള യാത്ര. പാലപ്പറ്റക്കുന്ന് ചവിട്ടിക്കയറ്റി, നിരപ്പറമ്പുകഴിഞ്ഞുള്ള ഇറക്കത്തില്‍ പറപറക്കുകയാണ്. അച്ഛനെ ചുറ്റിപ്പിടിച്ചിരുന്ന് ആ വേഗതയെ ശരിക്കും ആസ്വദിച്ചു. ഉഷയേയും കൂട്ടരേയുംകണ്ടപ്പോള്‍ ഞാനവിടെയിറങ്ങി. അവരോട് ഒരിക്കല്‍കൂടി യാത്രപറയണം.ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ രൂപംകൊണ്ടതാണ് ആ കൂട്ടുകെട്ട്- ഉഷയും മണിയനും ബാലുവും പിന്നെ ഞാനും!
" ഞാന്‍ നാളെ പോകും"
മണിയനും ബാലുവും അതുകേട്ടതായേ ഭാവിച്ചില്ല. ഒന്നും ചോദിച്ചില്ലെങ്കിലും ഉഷ മുഖത്തേക്കൊന്നുനോക്കി.
"തോണിയില്‍ അക്കരെ പോണം, ആറുമണിക്കൂര്‍ തീവണ്ടിയിലിരിക്കണം!"
ആരും അത്ഭുതം കൊണ്ടില്ല, ആരും സങ്കടപ്പെട്ടതുമില്ല, ആര്‍ക്കുമൊന്നും ചോദിക്കാനും പറയാനുമില്ല! ഈ ദരിദ്രവാസിയുടെ ഒഴിഞ്ഞുപോക്ക് വലിയകാര്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ തുടര്‍ന്നൊന്നും പറഞ്ഞില്ല.
അപ്രതീക്ഷിതമായി ഉഷയെന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഒട്ടും താല്‍പര്യമില്ലെങ്കിലും എനിക്കവളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. അച്ഛച്ചന്‍ വരാന്തയില്‍തന്നെ ഇരിക്കുന്നകൊണ്ട് അവളുടെ മറപറ്റിയാണ് ഉള്ളിലേക്ക് പ്രവേശിച്ചത്. ബാഗ് മേശപ്പുറത്തുവച്ച് അവള്‍ ബഡ്ഡിലേക്കിരുന്നു. പേപ്പറും പേനയും എനിക്കുനേരെ നീട്ടിയപ്പോള്‍, അവള്‍ പഴയകടം വീട്ടുകയാണെന്ന് എനിക്കുമനസ്സിലായി. ടേബിള്‍ലാംപ് തെളിച്ച്, ആദ്യം ഞാനെന്‍റെ പേരെഴുതി. പിന്നെ ഉഷടീച്ചറെന്നും ചെമ്പന്‍കീരിയെന്നുമെഴുതി. അതുകണ്ടപ്പോള്‍ അവള്‍ ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങള്‍ ചിരിച്ചുകൊണ്ടേയിരുന്നു.... അവളുടെ അമ്മ ഒരു ഗ്ലാസ് പാലുമായി വന്നപ്പോഴാണ് ഞങ്ങള്‍ ചിരിനിര്‍ത്തിയത്.
"ഒരുഗ്ലാസ് കൊണ്ടുവരൂ!"
അവള്‍ അമ്മയെനോക്കി കല്‍പ്പിച്ചു. ടീച്ചറുടെ മുന്നിലേക്ക് അനുസരണയുള്ള കുട്ടിയെപ്പോലെ അമ്മ ഗ്ലാസുമായി വരുന്നത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതംതോന്നി. പകുത്തുതന്ന പാല് കുടിക്കുമ്പോഴാണ് എന്‍റെ കൈതണ്ടയിലെ മുറിപ്പാട് ഉഷയുടെ ശ്രദ്ധയില്‍പ്പെട്ടത്.
"ഇതെന്തുപറ്റി?"
"ചൂടന്‍കുരു വച്ചതാ"
"ആര്?"
"ഞാന്‍തന്നെ"
"ചെമ്പന്‍കീരിക്ക് വട്ടാണോ!?"
ദീര്‍ഘനേരത്തെ മൗനത്തിനുശേഷം അവള്‍ ചൂടന്‍കുരു ആവശ്യപ്പെട്ടപ്പോള്‍ ഞാനാകെ ധര്‍മ്മസങ്കടത്തിലായി. പോകുന്നിടത്ത് വീമ്പടിക്കാനുള്ള ഒരേയൊരു മുതലാണത്. പക്ഷേ ആവശ്യപ്പെട്ടിരിക്കുന്നത് ഉഷയാണ്. ആരാണ് ഉഷ? പണ്ടൊരിക്കല്‍ വരട്ടിയ ഇറച്ചി തന്നവള്‍... പലകുറി അണ്ടിപ്പരിപ്പ് തന്നവള്‍... ഇന്നിപ്പോള്‍ കാച്ചിയപാല് പകുത്തുതന്നവള്‍...എന്‍റെ കൂട്ടുകാരി. അര്‍ദ്ധമനസ്സോടെ ചൂടന്‍കുരു ഞാനവള്‍ക്ക് നല്‍കി. അത്, പൊട്ടും വളയും സൂക്ഷിക്കുന്ന ചില്ലുപാത്രത്തില്‍ നിക്ഷേപിച്ച് അവളെന്നെനോക്കി പുഞ്ചിരിച്ചു.
സന്തോഷംമാത്രം നല്‍കിയിട്ടുള്ള റോസാച്ചെടികള്‍ അന്നെനിക്ക് സമ്മാനിച്ചത് വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. റോസാപൂക്കള്‍ക്കുവേണ്ടി ഉഷ എത്രയോതവണ പുറകെനടന്ന് കെഞ്ചിയിട്ടുണ്ട്. ഒന്നുപോലും അവള്‍ക്ക് കൊടുത്തിട്ടില്ല. അനിയത്തിയുടെ ഇത്തിരി മുടിയില്‍ മൂന്നുപൂക്കള്‍ച്ചൂടിയ ദിവസത്തിലെങ്കിലും, ഒന്ന് ഉഷയ്ക്ക് നല്‍കുവാന്‍ തോന്നിയില്ലല്ലോ... ആകെയുള്ള നാലുചെടികളേയും സൂക്ഷ്മമായി നിരീക്ഷിച്ചു. ഒന്നില്‍മാത്രം ഒരു മൊട്ടുണ്ട്. ആ പൂമൊട്ട് ഒന്നുവിരിഞ്ഞിരുന്നെങ്കില്‍! അന്ന് ഉണ്ണുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴുമെല്ലാം അതുമാത്രമായിരുന്നു എന്‍റെ ആഗ്രഹം.
നേരം വെളുക്കുമ്പോള്‍ത്തന്നെ വീട്ടുസാധനങ്ങളെല്ലാം അടുക്കിപ്പെറുക്കുന്ന തിരക്കിലാണ് അച്ഛനുമമ്മയും. വിളക്കുകളിലെ മണ്ണെണ്ണയൂറ്റിയതും, ചുമരിലെ ചില്ലിട്ടഫോട്ടോകള്‍ എടുത്തുതുടച്ചതും ഞാനാണ്. ആ ഫോട്ടോകളില്‍ അച്ഛച്ചനും അച്ഛമ്മയും അമ്മച്ഛനും അമ്മമ്മയുമുണ്ടായിരുന്നു. എല്ലാം ഭാണ്ഡക്കെട്ടുകളായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിലേറ്റവും വലിയകെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, അതനങ്ങുന്നപോലുമില്ല! ഒരുപക്ഷേ അച്ഛന്‍റെ കല്ലുവെട്ടുമഴു അടങ്ങുന്ന പണിയായുധങ്ങള്‍ അതിനകത്തായിരിക്കും. ആ ഭാരം അച്ഛന്‍ ചുമക്കുന്നകണ്ടപ്പോള്‍ എനിക്ക് ആശ്ചര്യംതോന്നി. എന്‍റെ ചുമലില്‍ പുസ്തകക്കെട്ടും തലയില്‍ തുണിക്കെട്ടുമുണ്ട്. കഴുത്തില്‍ റേഡിയോയും വിരല്‍തുമ്പില്‍ അനിയത്തിയുണ്ട്. യാത്ര പറയാനുള്ള സമയമാണ്. ഇത്രയുംകാലം അഭയംനല്‍കിയ ആ വീടിനോട്... പുന്തോട്ടത്തിന് അഴകേകാന്‍ വിളിക്കാതെവന്ന കൃഷ്ണകിരീടത്തോട്... അതിരുകാക്കുന്ന ചെമ്പരത്തികളോട്... അവിടമാകെ സുഗന്ധം പരത്തിയിരുന്ന ഗന്ധരാജനോട്... ഇടവേളകളില്ലാത്ത നിത്യക്കല്ല്യാണിയോട്... വിരിഞ്ഞാല്‍ ഉഷയ്ക്ക് നല്‍കണമെന്ന് ഏറെയാശിപ്പിച്ച ആ പൂമൊട്ടിനോട്... പിന്നെ ഈ ഗ്രാമത്തിനോട്.... എല്ലാവര്‍ക്കും വിട!
തോണിക്കടവിന് സമീപത്തെ തണല്‍മരച്ചോട്ടിലിരുന്ന് ഷോര്‍ട്ട് വേവില്‍ പാട്ടുകള്‍ തിരയുമ്പോഴാണ്, ഉയര്‍ന്ന മണ്‍ത്തിട്ടക്കപ്പുറം ഒരു തല പ്രത്യക്ഷപ്പെട്ടത്. ഇരുഭാഗത്തേക്ക് മടഞ്ഞിട്ടമുടിയും മടക്കിക്കെട്ടിയ വെളുത്തനാടയും കണ്ടപ്പോള്‍, അത് ഉഷയാണെന്ന് എനിക്കുമനസ്സിലായി. അന്നോളം കണ്ടിട്ടില്ലാത്ത മുഖമായിരുന്നു അവള്‍ക്ക്! ഇത്രയിരുള്‍ ആ മുഖത്തെങ്ങനെ വന്നു!? ആ പുഞ്ചിരി എവിടെപ്പോയി മറഞ്ഞു!?
"ചെമ്പന്‍കീരി ഇനിയെന്നുവരും?"
ഉഷ കരയുകയാണ്!
ഇത് കാണാനായിരുന്നോ ഞാന്‍......
അവളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും? ഞാന്‍ കരയുമ്പോഴെല്ലാം അമ്മ പറയാറുള്ള ആശ്വാസവാക്കാണ് ആകെയുള്ളത്.
"അഴോത്തച്ചിറ പൊട്ടിക്കണ്ട..."
ഞാന്‍ ഒരിക്കല്‍കൂടി പറഞ്ഞു.
"ഉഷേ... അഴോത്തച്ചിറ പൊട്ടിക്കണ്ട."
അച്ഛന്‍ ഉടുമുണ്ടുകൊണ്ട് അവളുടെ മുഖംതുടച്ചപ്പോഴും അമ്മ കവിളിലൊരുമ്മ കൊടുത്തപ്പോഴും എനിക്കല്‍പ്പം ആശ്വാസമായി.
തോണി അകന്നുപോവുകയാണ്. ഉഷയെ ഇനിയെന്ന് കാണുമെന്നറിയില്ല. ഇനി കാണുമോയെന്നുപോലും നിശ്ചയമില്ല. കാഴ്ചയില്‍നിന്നും മറയുന്നതുവരെ ഇമവെട്ടാതെ നോക്കിക്കാണണം.
പക്ഷേ......
പോക്കുവെയില്‍ അവള്‍ക്ക് സ്വര്‍ണ്ണനിറം ചാര്‍ത്തിയിട്ടുണ്ടെങ്കിലും, അവളുടെ കരയുന്ന മുഖത്തേക്ക് നോക്കുവാന്‍ കഴിയുന്നില്ല. അനിയത്തിയുടെ തലയിലേക്ക് മുഖംപൂഴ്ത്തി ഞാനും കരഞ്ഞു.
ഉഷയൊന്ന് ചിരിച്ചിരുന്നെങ്കില്‍! അതുമാത്രമായിരുന്നു അപ്പോഴത്തെ എന്‍റെ ആഗ്രഹം.
____________________________________________
ramesh parapurath

കുഞ്ഞളിയന്‍ (കഥ)

കുഞ്ഞളിയന്‍ (കഥ)
____________________
"NB: മരുന്ന് ഭാക്കിയുണ്ടെങ്കില്‍ മാത്രമേ പുലര്‍ച്ചെ വെടിക്കെട്ട് ഉണ്ടായിരിക്കൂ...."
എന്‍റെ കല്ല്യാണത്തോടനുബന്ധിച്ച് ചങ്ക് ബ്രോസ് കവലയില്‍ വലിച്ചുകെട്ടിയ ഫ്ലക്സിലെ അവസാനത്തെ വരിയാണിത്. ന്യുജെന്‍ പിള്ളാരെകൊണ്ട് ഇങ്ങനെ ചില ഉപദ്രവങ്ങളും അതിലേറെ ഉപകാരങ്ങളുമുണ്ട്. രണ്ടായിരം പേര്‍ക്ക്, പതിനാറുകൂട്ടം സദ്യവട്ടങ്ങള്‍ എത്ര അനായാസമായാണ് അവര്‍ വിളമ്പിക്കൊടുത്തത്!
കല്ല്യാണം കേമമായി തന്നെ കഴിഞ്ഞു. ഓരോ ഇടപാടുകള്‍ തീര്‍ത്തുവന്നപ്പോള്‍ പോക്കറ്റ് കാലിയായി. പന്തലും പാത്രങ്ങളും വിരുന്ന് കഴിഞ്ഞേ കൊണ്ടുപോകൂ, അത് താല്കാലികമായ ഒരാശ്വാസമാണ്. ദേഹണ്ണക്കാരനെ എങ്ങനെ പറഞ്ഞുവിടും? അമ്മായിയമ്മ സമ്മാനിച്ച സ്വര്‍ണ്ണമാല പണയംവച്ചാലോ? വേണ്ട,അത് നാണക്കേടാണ്. കവറില്‍ സമ്മാനമായി കിട്ടിയ പൈസയാണ് അടുത്ത അത്താണി. ആ ദൗത്യത്തിന് രഹസ്യസ്വഭാവം നല്‍കാനായി പടിഞ്ഞാറെ മുറിയില്‍കയറി കതകടച്ചു. നല്ലവലുപ്പവും ഖനവുമുള്ള കവര്‍തന്നെ ആദ്യംപൊട്ടിച്ചു. അതില്‍ ചില്ലിക്കാശില്ല, പകരം ഒരുകത്താണ്.
''പ്രകാശ് ചങ്കേ....,
വീട്ടില്‍നിന്നും അഞ്ഞൂറുരൂപ എന്നെ ഏല്‍പ്പിച്ചിരുന്നു. അതുഞാന്‍ അര്‍ജന്‍റായിട്ട് തിരിമറി ചൈതു ബ്രോ.... പിന്നെ തരാട്ടോ.....
നിങ്ങ പൊളിക്ക് മുത്തേ.....
ഞങ്ങ ഉണ്ട് കൂടെ. കട്ടസപ്പോര്‍ട്ട്''
അയലോക്കകാരന്‍ ചെക്കനാണ്. അവനൊന്നും അച്ഛനും സഹോദരനുമില്ലേ.....?
കല്ല്യണ തിരക്കിനിടയില്‍ വീട് പുതുക്കി പണിഞ്ഞതാണ് ഈ സാമ്പത്തിക ഞെരുക്കത്തിന് കാരണം. ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് പുതിയപെണ്ണിനെ കൊണ്ടുവരുന്നത് മോശമല്ലേ? അതും കണ്ണാടിചില്ല് പോലത്തെ നിര്‍മ്മലക്കുട്ടിയെ!
അത്താഴം കഴിച്ച് പെട്ടെന്ന് ഉറങ്ങാമെന്നാണ് പൊതുവായ തീരുമാനം. ഭക്ഷണശേഷം ഇലയെല്ലാമെടുത്ത് നന്ദിനി പശുവിനുകൊടുത്തു. അവളത് സന്തോഷത്തോടെ 'ഞംഞം' എന്ന് തിന്നുന്നകണ്ടപ്പോള്‍ എനിക്കും സന്തോഷമായി. അതിലും വലിയൊരു സന്തോഷം വരാനിരിക്കുന്നതേയുള്ളൂ...
ആദ്യരാത്രി!
എത്രകാലമായി സ്വപ്നം കണ്ടു നടക്കുന്നതാണ് ആ രാത്രി. യാദാര്‍ത്ഥ്യമായി അതിങ്ങടുത്ത് വന്നപ്പോള്‍ ഒരു പരിഭ്രമം. പുതിയ വീടിന്‍റെ അമ്പരപ്പും ഉറ്റവരെ പിരിഞ്ഞതിന്‍റെ വിഷമവും നിര്‍മ്മലയുടെ മുഖത്ത് നിഴലിക്കുന്നുണ്ട്. ആദ്യം നല്ലനാല് തമാശപറഞ്ഞ് അവളെ ഉഷാറാക്കിയെടുക്കണം. പിന്നെ................ പിന്നെ വേണ്ടത് കായികക്ഷമതയാണ് . കുറച്ച് പുഷ് അപ്പും മോന്തായക്കൂട്ടിന്‍റെ കുറുമ്പടിയില്‍തൂങ്ങി ഇത്തിരി പുള്ളപ്പും എടുത്ത് നേരെ മണിയറയിലേക്ക് പോയി.
അവള്‍ കട്ടിലില്‍ കമഴ്‌ന്നുകിടക്കുകയാണ്. ആദ്യരാത്രിയില്‍ പാല് പപ്പാതി കുടിക്കുന്ന ഏര്‍പ്പാടൊന്നും ഇപ്പോള്‍ ഇല്ലേ.....?
നിര്‍മ്മലേ...........
അവള്‍ ഉറങ്ങിയോ.......?
അവളുടെ കാലെടുത്ത് മടിയില്‍വച്ച് വെള്ളികൊലുസ് പതുക്കെയൊന്ന് കിലുക്കി.
''എന്‍റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്ര ദൂരേക്കൊന്നും എന്നെ അയക്കില്ലാരുന്നൂ...''
അവളുടെ അച്ഛന്‍ ഒന്നരക്കൊല്ലം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചുപോയതാണ്. പാവം.... അതായിരുന്നു വിധി, നമുക്ക് എന്തുചെയ്യാന്‍ കഴിയും?
''മുത്ത് വിഷമിക്കണ്ട....... അച്ഛന്‍റെ ആത്മാവ് എല്ലാംകണ്ട് സന്തോഷിക്കുന്നുണ്ടാവും''
അങ്ങനെ പലതും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ശ്ശെടാ.... പെണ്ണ് കരയുകയാണോ? കഷ്ടം,ആദ്യരാത്രി കുളമാക്കി മൂധേവി.
''എനിക്ക് അനിയനേം അമ്മേയും കാണണം...... ഇപ്പൊ കാണണം''
അതുകേട്ടപ്പോള്‍ എനിക്ക് ആദ്യം ചിരിയാണ് വന്നത്, പിന്നെ പെരുത്ത ദേഷ്യവും. ചുമരിലെ കലണ്ടറിനും ക്ലോക്കിനും ഇടയ്ക്കുള്ള ഗ്യാപ്പില് അവളെ ഒട്ടിച്ചുവയ്ക്കാന്‍ തോന്നിയെങ്കിലും ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.
പെണ്ണിന് വട്ടാണ്, മുഴുത്ത വട്ട്. അതിന് തുള്ളാന്‍ എന്നെ കിട്ടില്ല- ഞാനെന്‍റെ നിലപാട് വ്യക്തമാക്കി.
അവളുടെ കരച്ചില്‍ ഉച്ചത്തിലായപ്പോള്‍ പ്രശ്നം കൈവിട്ടുപോയി.
പെങ്ങളുടെ പിന്തൂണ എനിക്കു കിട്ടിയെങ്കിലും അമ്മ അവള്‍ക്കൊപ്പം നിന്നു. സംഭവം അറിഞ്ഞിട്ടേയില്ലാത്ത മട്ടിലാണ് അച്ഛന്‍റെ ഇരിപ്പ്!
വലതുകാല്‍വച്ച് കയറിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ വെറുപ്പിച്ച ആ തിരുമോന്ത ഞാനൊന്ന് പാളിനോക്കി. നഖം കടിച്ചുകൊണ്ടിരിക്കുന്നു.... ദുശ്ശകുനം. എന്‍റെ വിധിയില്‍ പഴിച്ച്, എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് , ജിമ്പ്രു കൂട്ടില്‍ കിടന്ന് ഓരോടണ്‍ ഭാരത്തില്‍ കുരയ്ക്കുന്നത്. പുറത്തെ ലൈറ്റിട്ട്, മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍, അതാവരുന്നൂ.... നിര്‍മ്മലയുടെ കുഞ്ഞനുജനും അമ്മയും! ആറുവയസുകാരന്‍ ചെക്കന്‍റെ കാറിക്കരച്ചിലില്‍ സഹികെട്ട് വന്നതാണത്രേ....!
"ഏച്ചീ........"
"കണ്ണാ........"
ചെക്കന്‍ നിര്‍മലയുടെ ഒക്കത്തേക്ക് ചാടിക്കയറി. തുരുതുരെ ഉമ്മവച്ചുകൊണ്ടുള്ള അവരുടെ സ്നേഹപ്രകടനങ്ങള്‍ ഞാന്‍ കണ്ടതായി ഭാവിച്ചില്ല. മക്കളുടെ പോക്രിത്തരങ്ങള്‍ സ്നേഹമായി മഹത്ത്വവല്‍ക്കരിക്കുന്ന ഭാര്യാമാതാവിനോട് എനിക്ക് പുശ്ചം തോന്നി; അത് മിഴിച്ചിരുന്ന് വിഴുങ്ങുന്ന വീട്ടുകാരോട് സഹതാപവും.
ആദ്യരാത്രി ഒരു സ്വപ്നമായിതന്നെ അവശേഷിച്ചു. രണ്ടാമത്തെ പകല്‍ ഇതാമുന്നില്‍ വന്നുനില്‍ക്കുന്നു. ഉച്ചയൂണിനുശേഷം പ്രതീക്ഷയോടെ മുറിയില്‍ പ്രവേശിച്ച എനിക്ക് നിരാശയായിരുന്നു ഫലം. ആങ്ങളയും പെങ്ങളും ഇരുന്ന് പൂജ്യംവെട്ടി കളിക്കുന്നു! അതിനായിരുന്നോ ഞാന്‍ ആയിരങ്ങള്‍ മുടക്കി കരിവീട്ടി കടഞ്ഞ് ആ കട്ടില്‍ ഉണ്ടാക്കിച്ചത്? മുറിയില്‍ചെന്നത് ഇഷ്ടപ്പെടാത്ത പോലെ ആ ഉണ്ടക്കണ്ണന്‍ തുറിച്ച്നോക്കുന്നു. എല്ലാം അവന്‍റെ തറവാട്ടുസ്വത്താണെന്നാ വിചാരം!
''പ്രകാശേട്ടാ വാ..... മൂന്നുപേരുണ്ടെങ്കില്‍ കള്ളനുംപോലീസും കളിക്കാം"
നിര്‍മലയുടെ ക്ഷണം എന്‍റെ ദേഷ്യം ഇരട്ടിയാക്കി.
ചത്തുപോയ നിന്‍റെ തന്തയേകൂടി വിളിക്ക്... നാലുപേരുണ്ടേല്‍ ഇരുപത്തെട്ടുതന്നെ കളിക്കാം- ഇത്രയും മനസില്‍ വിചാരിച്ച് ഞാനൊന്നുംപറയാതെ അവിടേനിന്നും പോയി.
"പ്രകാശാ......''
ഈ അമ്മയ്ക്ക് എന്താണാവോ വേണ്ടത്?
കുഞ്ഞാണെങ്കിലും അളിയന്‍ ആദ്യമായി വിരുന്നുവന്നിരിക്കുകയാണ്, അത്താഴത്തിന് ആടോ ആവോലിയോ വേണമത്രേ......
എന്തൊരു ദുര്‍വിധി!?
കഞ്ഞിയില്‍ പൂഴിവാരിയിട്ടനെ ഊട്ടാന്‍ ആടുവാങ്ങണംപോലും....
നിര്‍മലക്കുതാഴെ പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂജാതനായ കണ്ണന്‍ എനിക്കും ആദ്യകാഴ്ചയില്‍ ഒരു കൗതുകമായിരുന്നു. പക്ഷേ ഇങ്ങനെയൊരു മാരണമാവുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. ഈ കുഞ്ഞളിയനെ എങ്ങനെ തുരത്തും? ഏതാനും മണിക്കൂറുകള്‍ അതുമാത്രമായിരുന്നു എന്‍റെ ചിന്ത.
അത്താഴം റെഡിയായി. അയമോദകം ചേര്‍ത്ത് വരട്ടിയ ആടുതന്നെ സ്പെഷ്യല്‍. കുത്തരിച്ചോറ്, പഴമാങ്ങക്കൂട്ടാന്‍, പപ്പടം, നാരങ്ങ അച്ചാര്‍- ഇതുകൂടാതെ കല്ല്യാണ സദ്യയില്‍ ബാക്കിവന്ന കാളനുമുണ്ട്. തിരക്കിനിടയിലും ഇടിച്ചു പിഴിഞ്ഞൊരു പായസവും അമ്മ ഉണ്ടാക്കിയിരിക്കുന്നു! എല്ലാവരും വട്ടമണഞ്ഞിരുന്ന് വളരെ സന്തോഷത്തോടെ ആഹാരം കഴിച്ചു. ആ സന്തോഷം തന്നെയല്ലേ വിരുന്നിന്‍റെ മുഖ്യവിഭവം?
മൂന്നാമത്തെ അവസരത്തിന്‍റെ മുള്‍മുനയിലാണ് ഞാന്‍. രണ്ടാമത്തെ രാത്രി! 'ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍' എന്ന വിശ്വസം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. പക്ഷേ മുറിയില്‍കണ്ട കാഴ്ച അതെല്ലാം തകിടം മറിയ്ക്കുന്നതായിരുന്നു. ഭംഗിയായി വിരിച്ചലങ്കരിച്ച കരിവീട്ടിക്കട്ടില്‍... അതില്‍ കിടന്നുറങ്ങുന്ന എന്‍റെ നിര്‍മ്മല... അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിവച്ച്, കഴുത്തില്‍ കൈകള്‍കൊണ്ട് വട്ടം പിടിച്ച്, അരക്കെട്ടിലേക്ക് കാലെടുത്തുവച്ച് കണ്ണന്‍...
കറുത്ത നിക്കറും വെള്ള ബനിയനുമിട്ട ആ ജന്തുവിനെ തൂക്കിയെടുത്ത്, ചാക്കില്‍ കെട്ടി എവിടേയെങ്കിലും കളഞ്ഞാലോ?
ദേഷ്യവും സങ്കടവും കടിച്ചമര്‍ത്തി, ഉടുതുണിയുരിഞ്ഞ് നിലത്തുവിരിച്ച് കിടന്നു. കട്ടിലില്‍ കിടക്കുന്ന മരപ്പട്ടികളുടെ നിശ്വാസങ്ങള്‍ എനിക്ക് അസഹനീയമായി തോന്നി. മുറ്റത്തിന്‍റെ ഓരത്തെ പറങ്കിമാവില്‍നിന്നും പഴക്കൊതിയന്‍ വവ്വാലുകളുടെ ചിറകടികള്‍ പൂര്‍ണ്ണമായും നിലച്ചു.
രാത്രിയുടെ നിശബ്ദത.
ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് തൊഴുത്തില്‍നിന്നും നന്ദിനിപശു നീട്ടി വിളിച്ചു.
"ഊമ്പ്..യേ......''
അതവളുടെ സ്ഥിരം ശൈലിയില്‍ നിന്നും വ്യതിചലിച്ച്, പ്രത്യേക രാഗത്തിലുള്ള വിളിയായിരുന്നു. ഉറക്കമില്ലാത്ത ആ രാത്രിയില്‍ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവാത്തത് ഇതാണ്-
എന്‍റെ അപ്പോഴത്തെ അവസ്ഥ നന്ദിനിക്കുട്ടിക്ക് എങ്ങനെ മനസ്സിലായി!?
______________________________________________
രമേഷ് പാറപ്പുറത്ത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo