Showing posts with label JismiPramod. Show all posts
Showing posts with label JismiPramod. Show all posts

96

ഒരു പ്രാവശ്യമെങ്കിലും കാണേണ്ടതാണ് എന്നു പറഞ്ഞ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ഞാൻ 96 എന്ന സിനിമ കണ്ടത്. അതിലൊരിടത്തും എനിക്ക് എന്നെ കാണുവാൻ കഴിഞ്ഞില്ല എന്നു പറഞ്ഞൊഴിഞ്ഞുവെങ്കിലും പലപ്പോഴായി ആ സിനിമ എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു കഥ എത്ര മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നു. കണ്ടു കഴിയുന്നവർക്കെല്ലാം തങ്ങളുടെ മനസ്സിൽ ഒരു ഭാരമെടുത്തു വെച്ചതു പോലെ. കഥാപാത്രങ്ങൾ സിനിമയിൽ നിന്നിറങ്ങി ഓരോരുത്തരുടെയും ജീവിതത്തിൽ കയറി നിൽക്കുന്നതു പോലെ. നെഞ്ചിൽ ചേർത്തുവെച്ച കൈ പലർക്കും അനക്കുവാൻ പോലുമാകാത്ത അവസ്ഥയിൽ എത്തിക്കുന്ന സിനിമ. നാൽപ്പതുകൾ കഴിഞ്ഞ വർക്കു മാത്രം മനസ്സിലാകുന്ന സിനിമ. അവർക്കോരോരുത്തർക്കും തോന്നും ഇതു തങ്ങളുടെ കഥയാണെന്ന്. അതു തന്നെയാണ് സിനിമയുടെ വിജയവും.

2018 ൽ റിലീസ് ചെയ്യപ്പെട്ട ശ്രീ.സി.പ്രേംകുമാർ എഴുതി സംവിധാനം ചെയ്ത, വിജയ് സേതുപതിയും ത്രിഷയും പ്രധാന വേഷങ്ങളിൽ ജീവിച്ചു പോയ സിനിമയാണ് 96

ഒരു ട്രാവൽ ഫോട്ടോഗ്രാഫർ അയ കെ.രാമചന്ദ്രനെ, സ്കൂൾ കുട്ടുകാരായ മുരളിയും സുഭാഷിണിയും സതീഷും വാട്ട്സ് അപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും അവരുടെ 1996 SSLC ബാച്ചിൻ്റെ റീയൂണിയനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.അവിടെ വെച്ച് സന്ധ്യാനേരം റാം തൻ്റെ സ്കൂൾ കാലത്തെ പ്രീയപ്പെട്ടവൾ ആയിരുന്ന ജാനകിയെ കണ്ടുമുട്ടുന്നു. അടുത്ത ദിവസം രാവിലെ അവൾക്ക് സിംഗപ്പൂരിലേക്ക് തിരിച്ചു പോകണം. ആ ഒറ്റ രാത്രിയുടെ കഥയും ഫ്ലാഷ്ബാക്കുകളും ആണ് സിനിമ.

സ്കൂൾ കാലത്ത് ജീവനെക്കാളേറെ ജാനുവിനെ പ്രണയിച്ചു തുടങ്ങിയതാണ് റാം. ആ പ്രണയം 22 വർഷങ്ങൾക്കിപ്പുറവും അതേ തീവ്രതയിൽ നിലനിൽക്കുന്നു. ജാനുവിനെ പ്രണയിച്ചുവെങ്കിലും അത് തുറന്നു പറയുവാൻ ഒരിക്കലും അവനാകുന്നില്ല. പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം ജാനു അവനോട് തന്നെ മറക്കരുതെന്ന് പറയുന്നുണ്ടെങ്കിലും തൻ്റെ നിറത്തിലും പ്രകൃതിയിലുമുളള അപകർഷതാബോധം അവൻ്റെ മനസ്സിനെ ഇഷ്ടം തുറന്നു പറയുന്നതിൽ നിന്നും പിൻവലിപ്പിക്കുന്നു. രണ്ടു പേർക്കും അറിയാമെങ്കിലും രണ്ടു പേരും പരസ്പരം തുറന്നു പറയാതെ പോയ ഇഷ്ടം. ക്രമേണ അവനു നാടുവിട്ടു പോകേണ്ടി വരികയും അവർ തമ്മിൽ കാണുവാനുള്ള സാഹചര്യം ഇല്ലാതാകുകയും ചെയ്യുന്നു.

ഒരു പരാജയപ്പെട്ടവൻ്റെ, ധൈര്യമില്ലാത്തവൻ്റെ പ്രണയം എന്ന തോന്നലിൽ നിന്ന് സിനിമ അനിർവചനീയമായ ഒരു പ്രണയാനുഭൂതിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതാണ് പിന്നീട് അനുഭവിക്കുവാൻ കഴിയുന്നത്. റാം പരാജയപ്പെട്ടു എന്നത് നമ്മുടെ വെറും തോന്നലാണ്. അവൻ യഥാർത്ഥത്തിൽ പ്രണയിച്ചു തുടങ്ങിയ കാലം മുതലേ പ്രണയത്തിൽ വിജയിച്ചവനാണ്. അവന് ജാനു അവൻ്റെ ജീവശ്വാസമാണ്. അവൻ്റെ ബോധവും, സ്വപ്‌നവും മുഴുവൻ നിറഞ്ഞ അവൾ അവനെ സംബന്ധിച്ചിടത്തോളം അവൻ്റെ തന്നെ ഭാഗമാണ്. അങ്ങനെയൊരാളെ കൺ മുന്നിൽ അഭിമുഖീകരിക്കുവാനാകാതെ അവൻ അവളെ വീണ്ടും കണ്ടുമുട്ടുമ്പോൾ ബോധംകെട്ടു വീഴുന്നുണ്ട്. വാക്കുകൾ തപ്പിത്തടയുന്നുണ്ട്.തന്നിൽ അലിഞ്ഞു ചേർന്നു പോയ ഒരാളോട്, താൻ ഓരോ നിമിഷവും സംവദിച്ചുകൊണ്ടിരിക്കുന്ന ഒരാളോട് അവന് എങ്ങനെ മുന്നിൽ നിന്ന് സംസാരിക്കുവാൻ കഴിയും ..? ആ തലത്തിലേക്ക് പ്രേക്ഷകര്യം ഉയരുന്നതോടെ സിനിമ നമ്മളെയും കൈയ്യിലെടുത്ത് പറക്കുകയാണ് ഭൂതകാലത്തിലേക്ക്, ഭൂതകാലത്തിലേക്കു മാത്രം.

അവർ പറയുവാനുള്ളതെല്ലാം പറഞ്ഞു തീർക്കുന്ന ഒരുമിച്ചുള്ള ആ രാവിലും റാമിന് ജാനുവിനോട് സംഭ്രമം വിട്ടു സംസാരിക്കുവാനാകുന്നില്ല. അവന് അവളോടുള്ള പ്രണയം, ആരാധനയും കടന്ന് ഭക്തിയെ പുല്കി നിൽക്കുന്നത് നമ്മളെയും അതിശയിപ്പിക്കും. അവളെ ഒന്നു തൊട്ടു നോക്കുവാൻ പോലും മുതിരാതെ ആദരവോടെയുള്ള അതിതീവ്ര പ്രണയം

നീ ഒരിക്കലെങ്കിലും എന്നെ തേടി വരുമെന്നു ഞാൻ കരുതി എന്ന ജാനുവിൻ്റെ വാക്കുകൾക്ക് അവൻ കൊടുത്ത മറുപടി പ്രേക്ഷകരെയും ഈറനണിയിക്കും. അവളറിയാതെ അവളെ അവൻ എന്നും കണ്ടു കൊണ്ടേയിരുന്നു. തൻ്റെ ദർശനംപോലും അവൾക്ക് നോവലാകരുത് എന്നു മാത്രം എന്നും കരുതി, അവളുടെ വിവാഹ ദിവസം പോലും.

റാമിനു തന്നെ ഇഷ്ടമല്ലെന്നു കരുതി ജാനു കുടുംബ ജീവിതത്തിലേക്കു കടന്ന് വർഷങ്ങൾ കഴിയുമ്പൊഴും അവൻ ഒറ്റയ്ക്കാണ്, അവനു മാത്രമറിയാവുന്ന വിധത്തിൽ അവൾ അവനൊപ്പവും. അവൻ്റ ഓരോ നിമിഷങ്ങളും അവളുമായി മാത്രം ബന്ധപ്പെട്ടതാണ്.

കഥകളറിഞ്ഞ് തകർന്ന ജാനു തന്നെ താമസ സ്ഥലത്ത് കൊണ്ടു വിടുന്ന റാമിനോട് ഫോൺ ചെയ്ത് നീ എവിടെയെത്തി എന്ന് അന്വേഷിക്കുന്ന ഒരു രംഗമുണ്ട്. നീ എന്നെ എവിടെയാണോ വിട്ടത് അവിടെത്തന്നെ ഞാനുണ്ട് എന്നു പറയുന്ന റാം നമ്മളെ കൂടി സങ്കടപ്പെടുത്തുന്നുണ്ട്.
നിൻ്റെ കുടുംബ ജീവിതം സുഖകരമാണോ എന്ന് അന്വേഷിക്കുന്ന റാമിനോട് അവൾ പറയുന്നത് അദ്ദേഹ ത്തിന് തന്നെ വലിയ കാര്യമാണെന്നും, തങ്ങളുടെ മകൾക്ക് നല്ല അച്ഛനാണെന്നുമാണ്. പറയാതെ അവൾ പറഞ്ഞു വയ്ക്കുന്ന പ്രണയം.

തിരികെ പോകും മുൻപ് ജാനു റാമിനെ ഒരു കുടുംബ ജീവിതത്തിനു പ്രേരിപ്പിക്കുന്നുണ്ട്. ഏറ്റവും അന്തസ്സുറ്റതും മാന്യവുമായ രീതിയിൽ സംവിധായകൻ അവരുടെ വിട പറയലും ചിത്രീകരിച്ചിരിക്കുന്നു. അതിഗംഭീരമായിത്തന്നെ.

കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും റാമിനൊരു കുടുംബ ജീവിതം. പക്ഷെ വെറുതെയാണ്....റാമിൽ അലിഞ്ഞു ചേർന്ന വികാരമാണ് ജാനു .അവന് എപ്പോഴും അവൾ അവനിൽത്തന്നെയുണ്ട്. അവൻ്റെ ശ്വാസത്തിൽത്തന്നെ. ഇപ്പോഴും സ്കൂൾ കാലം മുതൽ അവൾ തൊട്ട ബുക്കും, പേപ്പറും, ഇലകളും, കരിഞ്ഞുണങ്ങിയ പൂക്കളും, അവരുടെ സ്കൂൾ യൂണിഫോം പോലും നിധിപോലെ സൂക്ഷിക്കുന്ന, റാം തൻ്റെ ഫ്ലാറ്റിൽ അവൾ ഉപേക്ഷിച്ചു പോയ സൽവാർ കൂടി അവയ്ക്കൊപ്പം ഭദ്രമായി ഉണക്കി മടക്കി വെച്ചു കൊണ്ട് സ്ക്രീനിൽ നിന്നും മറയുന്നു..... പ്രേക്ഷകർ നെടുവീർപ്പോടെ തങ്ങളുടെ പറയാതെ പോയ, അറിയാതെ പോയ, അറിയിക്കാതെ പോയ ഇന്നലെകളിലേക്കും.......


Written by Jismi Pramod

സിനിമ

 


സിനിമകൾ കാണുവാൻ ഒട്ടും തന്നെ താല്പര്യമില്ലാത്ത വ്യക്തിയാണ് എൻ്റെ ഭർത്താവ്. ഒരിക്കൽ ഞാനതിനു കാരണമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് സവർണ്ണമേധാവിത്വത്തിൻ്റെ കുത്തകയാണ് മലയാള സിനിമയെന്നും സവർണ്ണ വാലുകളില്ലാത്ത ഏതെങ്കിലും നായക കഥാപാത്രങ്ങളുള്ള സിനിമ ചൂണ്ടി കാണിക്കുവാൻ കഴിയുമോ എന്നുമാണ്. അത്തരം നെറികേടുകൾക്കു നീക്കിവയ്ക്കുവാൻ എൻ്റെ കൈയ്യിൽ സമയമില്ല. അന്നാണ് ഞാനും അങ്ങനെയൊരു കാര്യം ചിന്തിച്ചറിയുന്നത്. അദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ആ നിലപാടിനോട് എനിക്ക് അഭിമാനവും ബഹുമാനവും തോന്നി. അന്നു മുതൽ എൻ്റെ സമയത്തിനും ഞാൻ വിലയിട്ടു. സമയം നേരുള്ളവയ്ക്കുവേണ്ടി ചെലവഴിക്കുവാനുള്ളതാണ്.

മലയാള സിനിമയിലെ ഈ ജാതീയത മറ്റു ലോക ഭാഷാ സിനിമകളിലൊന്നും ഞാൻ കണ്ടിട്ടില്ല. അവരൊക്കെ സിനിമയെടുക്കുന്നത് മനുഷ്യൻ്റെ മനുഷ്യത്വമുള്ള കഥകൾ പറയുവാനാണ്. ഞാൻ കണ്ട ലോക സിനിമകളിലൊക്കെ മനുഷ്യനെയെ എനിക്കു കാണുവാൻ കഴിഞ്ഞുള്ളൂ. ജീവിതം എത്ര നിസ്സാരമെന്നും മഹത്തരമെന്നും കാട്ടിത്തന്നത് ഇറാനിയൻ സിനിമകളാണ്. പ്രണയം എത്ര മനോഹരമെന്ന് കാട്ടിത്തന്നത് ട്വിലൈറ്റ് സാഗാ സീരീസുകളാണ്, ജീവിതത്തിൻ്റെ ദൈന്യതയും ക്രൂരതയും കാട്ടിത്തന്നത് കൊറിയൻ സിനിമകളാണ്, ആകസ്മികതകൾക്കും സങ്കല്പങ്ങൾക്കും നിറമേകിയത് ഹോളിവുഡ് സിനിമകളാണ്. മലയാള സിനിമ ഇന്നും ജാതിപേരിൽ നിന്നു പോലും ഊരി മാറിയിട്ടില്ല എന്നത് എത്ര ലജ്ജാവഹമാണ്. അതിജീവിക്കുവാൻ ശ്രമിക്കുന്ന അപൂർവ്വം സിനിമകളെ പ്രേക്ഷകർ തന്നെ തോല്പിച്ചു കളയും. ഏതെങ്കിലും അന്താരാഷ്ട്ര മേളകളിലും, സംസ്ഥാന ദേശീയ അവാർഡുകളിലും മാത്രം അവർക്ക് അംഗീകാരം കിട്ടും. അതും ജൂറികളിൽ ഉള്ളവർ മാന്യമായ തീരുമാനമെടുക്കുവാൻ കഴിവും നട്ടെല്ലും ഉള്ളവരാണെങ്കിൽ മാത്രം.

അനാവശ്യമായ താരാരാധനകളെയും, ഫാൻസ് അസോസിയേഷനുകളെയും, മനുഷ്യത്വമില്ലാത്ത സിനിമകളെയും ഞാനിഷ്ടപ്പെടുന്നില്ല എന്നു പറയുവാനുള്ള അവകാശം എനിക്കുണ്ട്. ഇഷ്ടമില്ലാത്തിടത്ത് അഭിപ്രയം പറയണം എന്ന് തോന്നിയിട്ടുമില്ല. പക്ഷെ ഇന്നതു തോന്നുന്നു. കാരണം ഒറ്റ വ്യക്തി മാത്രം. നിലപാടുകൾകൊണ്ടും, ആശയങ്ങൾ കൊണ്ടും, അഭിനയ മികവുകൊണ്ടും, പോരാട്ടങ്ങൾ കൊണ്ടും, നട്ടെല്ലുണ്ടെന്നും അത് നിവർന്നതാണെന്നും, അങ്ങനെ തന്നെ തുടരുമെന്നും കാണിച്ചു തന്ന ഒരേയൊരു സിനിമ താരം. പാർവ്വതി തിരുവോത്ത്. അവർക്കൊപ്പം നിൽക്കുവാൻ വേണ്ടി ഞാനെഴുതുന്നു. നന്ദി പാർവ്വതി... മനുഷ്യത്വം കാണിച്ചതിന്, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞതിന്, ഉറച്ച ആശയങ്ങൾക്ക്, പേടിയില്ലായ്മയ്ക്ക്, പോരാടാനുള്ള ഊർജ്ജത്തിന്, തെറ്റ് തെറ്റെന്ന് പറയുവാനുള്ള ആർജ്ജവത്തിന്, ഐക്യധാർഢ്യം പാർവ്വതി.... നിങ്ങൾ ഒരു മുന്നേറ്റമാണ് സമാനതകളില്ലാത്ത പോരാട്ട വീര്യത്തിൻ്റെ അടയാളം.

സിനിമാ ലോകം വേറെയാണെന്നും, അവർക്ക് അവരുടേതായ ജീവിത രീതി ഉണ്ടെന്നും മറ്റൊന്നും അവരെ ബാധിക്കാറില്ലെന്നും പറയുന്നവരുണ്ട്. ആരാണ് അവർക്ക് ഈ അപ്രമാദിത്തം കല്പിച്ചു കൊടുത്തിരിക്കുന്നത്....? സാധാരണക്കാരായ പ്രേക്ഷകർ ഉണ്ടാക്കിക്കൊടുത്ത ലോകം മാത്രമാണത്. അവർ വിചാരിച്ചാൽ തകർക്കാവുന്നതും. പക്ഷെ വിചാരിക്കുന്നില്ല എന്നിടത്താണ് അനാവശ്യമായ മേൽക്കോയ്മ അവർ നേടിയെടുക്കുന്നത്.

കൂടെയുണ്ടായിരുന്ന
ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന കൊടും അപമാനത്തിന് യാതൊരു വിലയും കല്പിക്കാത്ത ഒരു സിനിമാ സംഘടന... അതിനാണെങ്കിൽ അമ്മയെന്നു പേരും. അപമാനിക്കപ്പെട്ട മകൾക്കൊപ്പം നിൽക്കാതെ, അവൾക്കു വേണ്ടി വാദിക്കാതെ, അവൾക്കു നീതി കണ്ടെത്താതെ, അവളെ വീണ്ടും വീണ്ടും അപമാനിക്കുന്ന, വേട്ടയാടുന്ന പേരിനു വിലയില്ലാത്ത സംഘടന.

തലപ്പത്തിരിക്കുന്നവർക്കു നാവില്ലേ എന്നു ചോദിക്കുവാനിവിടെ ഫാൻസ് അസോസിയേഷൻകാരില്ല. തങ്ങളുടെ വീട്ടിലൊരു പെൺകുട്ടിയാണ് അപമാനിക്കപ്പെട്ടതെങ്കിൽ എന്ന് ഇവരെയൊക്കെ ആരാധിക്കുന്നവർ ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കിൽ താഴെ വീഴാനേയുള്ളൂ ഇവരുടെയൊക്കെ സിംഹാസനങ്ങൾ. ഇവ രുടെയൊക്കെ സവർണ്ണ വാഴ്‌ചയ്ക്കെതിരെ പോരാടേണ്ടി വന്ന മഹാ നടൻ തിലകനു പ്രണാമം. തോറ്റുപോയെങ്കിലും അവസാന ശ്വാസം വരെയും പോരാടി. അതു തന്നെ ചങ്കൂറ്റം. കൂടെയുള്ള ഒരു പെണ്ണിൻ്റെ മാനം തെരുവിലിട്ടു ചവുട്ടിയരച്ചതിനു കൂട്ടുനിൽക്കുന്ന, തരം പോലെ കൂറുമാറുന്ന നടീനടന്മാർ. ഇവരൊക്കെ എന്തു സാമൂഹ്യ സേവനം നടത്തിയാലെന്താ....? ആവശ്യമുള്ളിടത്തെല്ലാം നാവെടുത്ത് കീശയിലിട്ടു വെള്ളിത്തിരയിൽ മറ്റാരോ എഴുതിക്കൊടുത്ത വാക്കെടുത്ത് വിളമ്പി വിപ്ളവം സൃഷ്ടിക്കുന്നവർ... അവർ ഈ തരം താണ പ്രവർത്തിയിലൂടെ എന്ന് സന്ദേശമാണ് തങ്ങളുടെ ആരാധകർക്ക് കൈമാറുന്നത്....?

വരാൻ പോകുന്ന സിനിമയിൽ ആ പെൺകുട്ടിക്ക് ഒരു വേഷമുണ്ടാകുമോ എന്നു ചോദിച്ചവരോട് അവൾ മരിച്ചു പോയ കഥാപാത്രമല്ലേ എന്നു പറഞ്ഞ അമ്മയുടെ സെക്രട്ടറി പറയാതെ പറഞ്ഞത് ഇതാണ്. അവൾ ഞങ്ങൾക്കെല്ലാം മരിച്ചു പോയി. അതാണല്ലോ അന്നു കൂടെ നിന്ന പല നടിമാരും ഇന്നു കൂറുമാറി എതിർ ചേരിയിലായത്. തങ്ങളുടെ നിലവാരം ഇത്രേയുള്ളു എന്നു പറയുന്ന ഇവരോടൊക്കെ, നിങ്ങൾ ഇത്രേയുള്ളോ എന്നു തിരിച്ചു ചോദിക്കുവാനുള്ള ആർജ്ജവമെങ്കിലും പൈസ കൊടുത്ത് ഇവരെയൊക്കെ സൂപ്പർ സ്റ്റാർ പദവിയിൽ കാത്തു സൂക്ഷിക്കുവാൻ ക്യൂ നിൽക്കുന്നവർ കാണിക്കണം. സാധാരണക്കാരേ.... നിങ്ങൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ പൈസ ചെലവഴിച്ചു നിങ്ങൾ ഉണ്ടാക്കിക്കൊടുത്തതാണ് ഇവർക്കൊക്കെ ഈ പദവി, ഈ സിംഹാസനം. അവരാരും തനിയെ അവിടെ കയറി ഇരുന്നവരല്ല. ഇരുത്താൻ അറിയാമെങ്കിൽ ഇവരെയൊക്കെ വലിച്ചു താഴെയിടുവാനും നിങ്ങൾക്കു കഴിയണം.

ഇവിടെയിപ്പോൾ നട്ടെല്ലുള്ള, കരളുറപ്പുള്ള, ഭയമില്ലാത്ത, ഒറ്റ വ്യക്തിയേയുള്ളൂ. അവരുടെ പേര് പാർവ്വതി തിരുവോത്ത് എന്നാണ്. അഭിമാനം നീയൊരു പെണ്ണായി ഇത്ര ചങ്കുറപ്പോടെ പിറന്നതിൽ. നിനക്കൊപ്പം.... നിൻ്റെ നിലപാടുകൾക്കൊപ്പം.... ശരികൾക്കൊപ്പം.... നിൻ്റെ ചിന്താശേഷിക്കൊപ്പം.... അക്ഷരങ്ങൾ നിനക്കു പകർന്നു തന്ന ബോധത്തിനൊപ്പം...
ഭയമില്ലായ്മയ്ക്കൊപ്പം...


Jismi Pramod

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo