Showing posts with label MeenaRavindranath. Show all posts
Showing posts with label MeenaRavindranath. Show all posts

ഓണത്തച്ഛൻ


"എന്തിനാ ഏട്ടാ ഈ കായകുലയൊക്കെ? "
"കുറച്ചു വറുക്കാം, ബാക്കി പഴുപ്പിക്കാം. അവധിയല്ലേ, പിള്ളേര് കഴിച്ചോളും".
"അതിപ്പോ കുറച്ചു കാശു കൊടുത്താ ൽ വറുത്തുപ്പേരി മേടിക്കാലോ? "
"അതിനു നീ വറുക്കുന്ന സ്വാദ് കിട്ട്വോ?"
വർഷങ്ങളോളം ഓണക്കാലത്ത് മുടങ്ങാതെ കേട്ടിട്ടുള്ള അച്ഛന്റെയും അമ്മയുടെയും സംഭാഷണ ശകലങ്ങൾ.
അച്ഛനെ കൊണ്ടു റെഡിമെയ്ഡ് വറുത്തുപ്പേരി മേടിപ്പിക്കുവാനുള്ള അമ്മയുടെ ശ്രമങ്ങളും അമ്മയെ കൺവിൻസ് ചെയ്തു അതു വീട്ടിൽ തന്നെ ഉണ്ടാക്കാനുള്ള അച്ഛന്റെ ശ്രമങ്ങളും ഒരു പതിവ് കാഴ്ച ആയിരുന്നു എല്ലാ ഓണക്കാലത്തും. കായകുല മേടിക്കുന്നതും, കഴുകി വൃത്തി ആക്കി അരിഞ്ഞു കൊടുക്കുന്നതും എല്ലാം അച്ഛൻ സ്വന്തം അവകാശം പോലെ ചെയ്തു പോന്നു. വറുക്കുന്നത് മാത്രം ആയിരുന്നു അമ്മയുടെ ജോലി. പക്ഷെ ഇനി ഒരു ഓണക്കാലത്തും അത് ഉണ്ടാവില്ല. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷവും പൊട്ടിച്ചിരികളും ഓണാഘോഷമാക്കി മാറ്റിയിരുന്ന ആ പാവം അച്ഛൻ കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. ഞങ്ങൾ എത്രെ ആഗ്രഹിച്ചാലും തിരികെ വരാനാവാത്ത വിധം..
ആഘോഷങ്ങളുടെ ആളായിരുന്നു അച്ഛൻ. ഓരോ ഉത്സവങ്ങളും ആഘോഷിക്കുന്നത് വഴി നാം നമ്മുടെ സംസ്കാരവും പൈതൃകവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുക കൂടി ആണ് ചെയ്യുന്നത് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആൾ. അത്തം മുതൽ പൂവിടണം എന്നും ഓണത്തപ്പനെ വച്ചു വെളുപ്പിനെ എതിരേൽക്കണം എന്നും ഒക്കെ കുഞ്ഞിലേ പഠിപ്പിച്ചതും അച്ഛൻ തന്നെ. വലുതാകുംതോറും ഓണപരീക്ഷയുടെ മത്സരപഠിപ്പിലേക്കു മുങ്ങിത്താണ് എപ്പോഴോ ഞങ്ങൾ അത്തം തൊട്ടുള്ള പൂവിടൽ ഒക്കെ നിർത്തി. പലപ്പോഴും അച്ഛൻ സംഘടിപ്പിച്ചു കൊണ്ടു വന്ന പൂക്കൾ കവറിൽ ഇരുന്നു തന്നെ വാടി തീർന്നു. പിന്നെ പിന്നെ അവസാന മൂന്ന് ദിവസം മാത്രമായി പൂവിടൽ. അതും അച്ഛനു വേണ്ടി..പക്ഷെ ഒരിക്കൽ പോലും അച്ഛൻ പരിഭവിച്ചതായി ഓർക്കുന്നേ ഇല്ല. ഞങ്ങൾ മക്കളുടെ ഇഷ്ടങ്ങളും സൗകര്യങ്ങളും ആയിരുന്നു അച്ഛനു എന്നും ഓണം.
അതു കൊണ്ടു തന്നെ കഴിഞ്ഞ വർഷം, അച്ഛനെ വേർപിരിഞ്ഞുള്ള ആദ്യത്തെ ഓണം, വല്ലാത്ത ഒരു നൊമ്പരമായിരുന്നു. മടി പിടിച്ചിരുന്നാൽ സ്നേഹത്തോടെ ശാസിച്ചു പൂക്കളമൊരുക്കിക്കാനോ, കായ വറുക്കാനോ, സദ്യ ഒരുക്കാനോ ഇനി ഒരിക്കലും അച്ഛൻ വരില്ല എന്ന തിരിച്ചറിന്റെ ഓണം.. അതു സൃഷ്ടിക്കുന്ന നൊമ്പരവും അസ്വസ്ഥതയും താങ്ങാവന്നതിലും അപ്പുറമാണ്.. പ്രിയപെട്ടവരുടെ വേർപാട് നമ്മളിൽ സൃഷ്ടിക്കുന്ന ശൂന്യതയും നൊമ്പരവും കാലം എത്രെ കഴിഞ്ഞാലും മാറില്ലെന്നും അതുമായി പൊരുത്തപ്പെട്ടു ജീവിക്കുകയേ വഴി ഉള്ളൂ എന്നും അച്ഛന്റെ വേർപാടിൽ ആശ്വസിപ്പിക്കാൻ വിളിച്ച ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നത് എത്രെ ശെരി എന്നിപ്പോൾ തോന്നുന്നു.
പൂക്കളിടാനും സദ്യ ഒരുക്കാനും എന്നു വേണ്ട എല്ലാത്തിനും ഉത്സാഹിയായിരുന്നു അച്ഛൻ. മക്കൾ മുതിർന്നപ്പോൾ കൊച്ചു മക്കൾക്കും ആഘോഷങ്ങളുടെ നിറവ് പകർത്തി കൊടുത്തു അച്ഛൻ. പക്ഷെ അവരും ഓരോരുത്തരായി ചിറകു വിടർത്തി അച്ഛന്റെ കിളിക്കൂട് വിട്ട് പറന്നകന്നകലുകയും ഏറ്റവും ഇളയ പേരക്കുട്ടി ആയ എന്റെ മകൾ പോലും ഓണപരീക്ഷയുടെ മത്സര പഠിപ്പിലേക്ക് കൂപ്പു കുത്തുകയും ചെയ്തതോടെ ചരിത്രം വീണ്ടും ആവർത്തിക്കാൻ തുടങ്ങി. പക്ഷെ അപ്പോഴും പരിഭവിക്കാതെ സ്നേഹവാത്സല്യങ്ങളോടെ അച്ഛൻ കാത്തിരുന്നു, ഞങ്ങളുടെ തിരക്കൊഴിയാൻ.
മെല്ലെ മെല്ലെ അച്ഛന് ഓണവും വിഷുവും എല്ലാം കാത്തിരിപ്പിന്റെ നാളുകളായി. പറന്നകന്ന കുഞ്ഞുങ്ങൾ എല്ലാവരും അച്ഛനെ കാണാൻ വരുന്ന, കൂടണയുന്ന സന്തോഷ ഉത്സവങ്ങൾ.
അച്ഛനായിരുന്നു ഞങ്ങളുടെ ആഘോഷം എന്ന തിരിച്ചറിവ് തന്ന ആദ്യത്തെ ഓണം ആയിരുന്നു കഴിഞ്ഞു പോയ ഓണം. ആഘോഷങ്ങൾക്കും ഉത്സാഹങ്ങൾക്കും ഇനി ഒരിക്കലും ആ പഴയ വർണപ്പകിട്ട് ഉണ്ടാവില്ല. കുട്ടികൾ വന്ന് കെട്ടിപിടിച്ചു മുത്തം കൊടുക്കുമ്പോൾ ഉള്ള നിറഞ്ഞ പുഞ്ചിരി ഇനി ഒരിക്കലും എനിക്കു കാണാനാവില്ല. സദ്യവട്ടത്തിനൊപ്പം ഉപ്പേരിയും പായസവും കഴിച്ച് സംതൃപ്തിയോടെ ഉള്ള ഞങ്ങളുടെ മുഖം കണ്ട് മനസ്സ് നിറച്ചിരുന്ന ആ നിറചിരി ഇനി ഒരിക്കലും കാണില്ല. ഓരോ വിഭവങ്ങളും രുചിച്ചു നോക്കുമ്പോൾ ആകാംഷയോടെയുള്ള "എപ്പടി? " എന്ന ചോദ്യം കേൾക്കില്ല. "സൂപ്പർ " എന്ന മറുപടി കേൾക്കാനോ കണ്ണുകളിലെ നക്ഷത്ര തിളക്കം കാണുവാനോ ഇനി ഒരിക്കലും അച്ഛൻ ഉണ്ടാവില്ല.
നഷ്ടപെടലിന്റെ നീറ്റൽ അറിയുന്നതാവും ഇനിയെന്നും എനിക്കൊണം. എത്രെ പേർ ഒത്തു കൂടിയാലും എത്രെ പൊട്ടിച്ചിരികൾ നിറഞ്ഞാലും അച്ഛന്റെ വേർപാടിന്റെ ശൂന്യത മാറ്റാൻ അവക്കൊന്നും ആവില്ല.
ഉണ്ണാൻ ഇരിക്കുമ്പോൾ അച്ഛനെ ശുണ്ഠി പിടിപ്പിക്കാൻ അച്ഛന്റെ ഇരിപ്പിടത്തിൽ ഇരിക്കാൻ ആദ്യമായി പേരക്കുട്ടികൾ മത്സരിച്ചില്ല കഴിഞ്ഞ ഓണത്തിന്. ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, ഓരോരോ ദ്വീപിൽ ഒറ്റ പെട്ടു പോയ പോലെ ആയിരുന്നു അമ്മയും കുട്ടികളും. നിശബ്ദരായി ഉണ്ണുന്ന അവർക്കരികിൽ ഇരുന്നു ഞാനും, ഓണമുണ്ണാൻ. നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഉരുട്ടിയ ആദ്യ ഉരുള, അച്ഛന്റെ ഇരിപ്പിടത്തിലേക്കു നോക്കി, ഇലയുടെ അറ്റത്തു അച്ഛനായി വയ്ക്കവേ, വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ ഞാൻ കൊതിയോടെ കാതോർത്തു നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള ആ ചോദ്യം "എപ്പടി?.."
"എണ്ണ വറ്റി പോയൊരോർമയിൽ കത്തുന്ന കണ്ണുനീർ നാളമായ് അച്ഛനുണ്ട്.... " എന്ന മധുസൂദനൻ നായരുടെ വരികൾ ഓർക്കവേ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ തിരിച്ചറിയുന്നു.. അച്ഛനായിരുന്നു എന്റെ ഓണം. ആ ഓർമ്മക്ക് പേരാണിതോണം..

ദ്വന്ദയുദ്ധം (കഥ)


"സാർ... ഒന്നും പറഞ്ഞില്ല" റാണി ആകുലതയോടെ എന്നെ നോക്കി പറഞ്ഞു.
ഞാൻ അവളുടെ കണ്ണുകളിൽ നിന്നും കണ്ണെടുത്തതേ ഇല്ല. ആ മിഴികളിൽ കുടുങ്ങി പിടയുകയായിരുന്നു എന്റെ ഹൃദയം.
"ഞാൻ ഇറങ്ങട്ടെ?" റാണി വീണ്ടും പറഞ്ഞു. ഒരു നിമിഷത്തെ കാത്തു നിൽപ്പിനു ശേഷവും ഒരു മറുപടി കിട്ടാത്തതു കൊണ്ടാകണം അവൾ ഇറങ്ങി പോയി.
"പാവം കുട്ടി, അതിന്റ ഒരു തലവിധി!! എന്തു ഭംഗിയാലേ അതിനെ കാണാൻ!" അമ്മ എന്റെ അടുത്തു വന്നിരുന്നു പറഞ്ഞു.
"ഞാൻ കണ്ടില്ല", അവളുടെ മിഴികളിൽ കുടുങ്ങിയ എന്റെ ഹൃദയത്തെ പുറത്തെടുക്കാൻ ആയാസപ്പെട്ടു കൊണ്ടു ഞാൻ പറഞ്ഞു. പുറത്തെ ചാറ്റൽ മഴ എന്റെ കഷ്ടപ്പാട് കണ്ടു വായപൊത്തി ചിരിച്ചു.
"നിന്റെ മുന്നിൽ ഇത്രെ നേരം ഇരുന്നിട്ടോ!!!" അമ്മ അതിശയത്തോടെ എന്നെ തുറിച്ചു നോക്കി.
"നീ എന്താ ഉണ്ണി, കണ്ണു പൊട്ടൻ ആണോ? എന്തു ഭംഗിയാ അതിനെ കാണാൻ. ആ മുഖം കണ്ടോ.. അവളുടെ കണ്ണുകൾ കണ്ടോ?" അവളെ മനസ്സിൽ കാണുന്നത് പോലെ അമ്മ കണ്ണുകളടച്ചു.
കണ്ണുകൾ!! അതെ, ആ കണ്ണുകൾ മാത്രമേ ഞാൻ കണ്ടുള്ളൂ.... ആ കണ്ണുകളുടെ മാസ്മരികതയിൽ ആയിരുന്നു ഞാൻ. അതിൽ കുരുങ്ങി പിടയുന്ന എന്റെ ഹൃദയത്തെ രക്ഷിക്കാൻ ഉള്ള ശ്രമത്തിലാണ് ഞാൻ എന്ന് അമ്മയോട് എങ്ങനെ പറയും ഞാൻ!!!
കരിനീല കണ്ണുകൾ... ഉജാല മുക്കിയ ശുഭവസ്ത്രം പോലെ തെളിമയാർന്നതായിരുന്ന അവ കാജൽ എഴുതി ഒന്നുകൂടി മനോഹരമാക്കിയിരുന്നു അവൾ. അതിർത്തി തിരിച്ച നീലാകാശം പോലെ... കണ്ണുകൾ മാത്രം മതി അവൾക്ക് സംവദിക്കാൻ എന്ന് എനിക്ക് തോന്നി. എന്റെ നിറം മങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ ഞാൻ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു വച്ചു. പക്ഷേ കണ്ണുകൾ പോയിട്ട് പരിസരം പോലും അവൾ ശ്രദ്ധിച്ചിരുന്നോ എന്ന് തന്നെ സംശയം!!
കഴിഞ്ഞ ആഴ്ചയാണ് ഞാനാദ്യമായി റാണിയെ കാണുന്നത്. വാർഡ് കൗൺസിലർ രഘുവേട്ടൻ നിർബന്ധിച്ചു ഒരു തർക്കം തീർക്കാൻ മദ്ധ്യസ്ഥം പറയാൻ കൊണ്ടു പോയതായിരുന്നു എന്നെ. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ നിവൃത്തിയില്ലാതെ ഞാൻ രഘുവേട്ടനോടൊപ്പം പോയി. ചെന്നെത്തിയത് റാണിയുടെ വീട്ടിൽ ആണ്. തൂ വെള്ള ചുരിദാർ ആണ് അന്ന് അവൾ അണിഞ്ഞിരുന്നത്. ഒഴുക്കൻ മുടി അലസമായി ചീവി ക്ലിപ്പ് ഇട്ട് പോണിടെയ്ൽ കെട്ടിയിരുന്നു. കണ്ണിലെ കാജൽ ഒഴിച്ചാൽ മറ്റൊരു മേക്കപ്പും അവൾ ഇട്ടിരുന്നില്ല. എങ്കിലും ഏതു ആൾകൂട്ടത്തിൽ പോയാലും വേറിട്ടു നിർത്തുന്നൊരു ആകർഷണം അവളുടെ മുഖത്തിനും ആ കരിനീല മിഴികൾക്കും ഉണ്ടായിരുന്നു. അന്ന് അവിടെ വച്ചാണ് ആ കരിനീലമിഴികളിൽ എന്റെ ഹൃദയം ആദ്യമായി കുരുങ്ങിയതും. അത് എന്നിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കി. അവിടെ നിന്നിറങ്ങി രഘുവേട്ടനോട് യാത്ര പറഞ്ഞ് പുറത്തെ മഴയിൽ കുതിർന്നു വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. ആ മഴയിൽ കുതിർന്നു എന്റെ ഹൃദയത്തിൽ നിന്നും അവളുടെ മിഴികളെ അലിയിച്ചു കളയാൻ ശ്രെമിച്ചു കൊണ്ട്..
അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്ന സന്തോഷകരമായ ഒരു കുടുംബം ആയിരുന്നു റാണിയുടേത്. അമ്മ അകാലത്തിൽ മരിക്കുകയും അച്ഛന്റെ മാനസികനില തെറ്റുകയും ജേഷ്ഠൻ ഒരു അന്യമതസ്ഥയെ വിവാഹം കഴിച്ചു കൊണ്ടു വരികയും ചെയ്തതോടെ റാണിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങി. റാണിക്ക് കൂടി അവകാശപ്പെട്ട വീട് അച്ഛന്റെ കയ്യിൽ നിന്നും തന്ത്രത്തിൽ കൈക്കൽ ആക്കിയ ജ്യേഷ്ഠത്തി റാണിയെയും അച്ഛനെയും വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രെമം തുടങ്ങി. പീഡനം സഹിക്കവയ്യാതായപ്പോൾ റാണി രഘുവേട്ടനെ സഹായത്തിനായി സമീപിച്ചു. അങ്ങിനെ ആണ് ഞാൻ റാണിയുടെ മുമ്പിൽ എത്തുന്നത്. റാണിയുടെ ജ്യേഷ്ഠനോട് സംസാരിച്ചു ഒരു താത്കാലിക പരിഹാരം ഉണ്ടാക്കി ഞാൻ. പത്തു ദിവസം കഴിഞ്ഞുള്ള ഒരു ദിവസത്തേക്ക് ഒരിക്കൽ കൂടി മദ്ധ്യസ്ഥം ഇരുകൂട്ടരുടെയും സമ്മതത്തോടെ വച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു ഞായറാഴ്ച. ഞാനും അമ്മയും നാട്ടുവിശേഷം പറഞ്ഞിരിക്കെ പെട്ടെന്ന് വീടിന്റെ മുമ്പിൽ ഒരു ഓട്ടോ വന്നു നിന്നു, ആകെ പേടിച്ചരണ്ട് പോലെ പരവശതയോടെ റാണി ഓട്ടോയിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു,
"സാർ, എനിക്കു സംസാരിക്കണം". മുഖവുര ഒന്നും ഇല്ലാതെ അവൾ പറഞ്ഞു.
"ഞാനിപ്പോൾ വരാം", സന്ദർഭോചിതമായി പ്രതികരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
"ഇരിക്കൂ.." ഞാൻ റാണിയോട് പറഞ്ഞു.
"സാർ സഹായിക്കണം, മറ്റാരുമില്ല വിശ്വസിച്ചു ആശ്രയിക്കാൻ.." റാണി പറഞ്ഞു.
"എന്നെ വിശ്വസിക്കാം എന്നു എന്തേ തോന്നാൻ?" കരിനീലമിഴികളിലെ തിരകളിൽ നീന്തി തുടിച്ചു കൊണ്ടു കുരുത്തംകെട്ട ഹൃദയം കുസൃതിയോടെ എന്നെ കൊണ്ടു ചോദിപ്പിച്ചു.
"അറിയില്ല.. വിശ്വസിക്കാമെന്ന് ഉള്ളിൽ ഇരുന്നു ആരോ പറയുന്നു.." റാണി മിഴികൾ താഴ്ത്തി.
"ഞാൻ എന്ത് സഹായം ആണ് ചെയ്യേണ്ടത്? പറയൂ.."
"അച്ഛന്റെ ഈ അവസ്ഥയിൽ എനിക്കു അച്ഛനെയും കൊണ്ട് എങ്ങും പോകാൻ പറ്റില്ല. എനിക്ക് സ്വത്തും പണവും ഒന്നും വേണ്ട. ഒക്കെ അവർ എടുത്തോട്ടെ. പക്ഷെ അച്ഛന്റെ കാലം കഴിയുന്ന വരെ എനിക്കവിടെ താമസിച്ചേ മതിയാവൂ.." കരിനീല മിഴികൾ പെയ്യാൻ തുടങ്ങി. ആ പെയ്ത്തിൽ എന്റെ ഹൃദയം പൊള്ളി. അസ്വസ്ഥതയോടെ ഞാൻ മുഖം തിരിച്ചു.
"അച്ഛന്റെ കാലശേഷമോ..?" ഞാൻ ചോദിച്ചു.
"അറിയില്ല... എനിക്കറിയില്ല.. പക്ഷെ, പിന്നെ ഞാൻ അവർക്ക് ശല്യമാകില്ല. അതുവരെ അവരെന്നെയും അച്ഛനെയും സഹിച്ചേ തീരു.." കരിനീല മിഴികളിലെ ദൃഢത പെടുന്നനെ മഴക്കോളിനെ മറച്ചു. കൈകൾ കൊണ്ടാ മുഖം കോരിയെടുത്തു ആ മിഴികളിൽ ചുണ്ടുകൾ അമർത്തി ആ മഴക്കോളു മുഴുവൻ എന്നിലേക്കാവാഹിക്കുവാൻ എന്റെ ഹൃദയം തുടിച്ചു. അത് എന്നിൽ പിന്നെയും അസ്വസ്ഥത നിറച്ചു.
"ഞാൻ രഘുവേട്ടനോട് പറയാം റാണിയുടെ ചേട്ടനോട് സംസാരിക്കാൻ.." എന്റെ ഉള്ളിലെ അസ്വസ്ഥത കൂടി വന്നെന്നെ വീർപ്പു മുട്ടിക്കുവാൻ തുടങ്ങി.
"സാർ ഒന്നു സംസാരിക്കാമോ..?" റാണി മടിച്ചു മടിച്ചു ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. പരിസരം മറന്നാ മിഴികളിൽ കുടുങ്ങിയ ഹൃദയത്തെ പുറത്തെടുക്കാൻ വൃഥാ ശ്രെമിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ സദാചാര പോലീസിന്റെ കുറ്റപ്പെടുത്തലുകൾ എന്റെ അസ്വസ്ഥത കൂട്ടി.
സാർ ഒന്നും പറഞ്ഞില്ല" റാണി ആകുലതയോടെ വീണ്ടും പറഞ്ഞു.
ഞാനെന്തു പറയാൻ.. അവളുടെ മിഴികളിൽ കുരുങ്ങിയ എന്റെ ഹൃദയത്തെ രക്ഷപെടുത്താൻ ഉള്ള ശ്രമത്തിൽ പ്രജ്ഞയറ്റിരിപ്പാണ് ഞാൻ എന്നു എനിക്കവളോട് പറയാൻ പറ്റില്ലാലോ!!
മറുപടി കിട്ടാതെ വന്നപ്പോൾ റാണി ഒരുമാത്ര ശങ്കിച്ചു നിന്നു. പിന്നീട് അമ്മയോട് യാത്ര പറഞ്ഞ് കാത്തു നിന്ന ഓട്ടോയിൽ കയറി പോയി.
"നല്ല കുട്ടീ, നമുക്കാലോചിക്കാമായിരുന്നു..." പുറകിൽ നിന്നും കേട്ട അമ്മയുടെ ശബ്ദം എനിക്കു സ്ഥലകാലബോധം തിരിച്ചു തന്നു.
"അമ്മേ..." ഞാൻ അലോസരത്തോടെ വിളിച്ചു.
"താൻ ശെരിക്കും ടീച്ചർ ആയിരുന്നോ അതോ ദല്ലാളോ.." അമ്മയുടെ മടിയിൽ തല വച്ചു ഞാൻ ചോദിച്ചു. ആ മിഴികൾ എന്റെ ഹൃദയത്തിൽ നിറച്ച സുഖകരമായ അസ്വസ്ഥതയിൽ ഞാൻ എന്റെ മിഴികൾ അടച്ചു.
"പോടാ അവിടന്ന്... മേടിക്കും നീ" എന്റെ മുടിയിഴകളിൽ വിരലോടിച്ചു അമ്മ വാത്സല്യത്തോടെ പറഞ്ഞു.
"എന്റെ കണ്ണടയുന്നതിനു മുമ്പ് നീ ഒന്നു കല്യാണം കഴിച്ചു കാണുവോ.. അതെങ്ങിനെ.. ബ്രഹ്മചര്യം എന്ന ഭൂതം കയറിയിരിക്കുവല്ലേ തലയിൽ. എന്റെ തലവിധി.." അമ്മ പതിവ് എണ്ണിപ്പെറുക്കൽ തുടങ്ങി.
ബ്രഹ്മചര്യം എന്ന എന്റെ ഉറച്ച തീരുമാനം സ്വയം സൃഷ്‌ടിച്ച ഒരു ഈഗോയിൽ പൊതിഞ്ഞു ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ജോഡി കരിനീല മിഴികൾ നിസ്സാരമായി അതിനെ മറി കടന്നു എന്റെ ഹൃദയത്തെയും ആത്മാവിനെയും മദിച്ചുകൊണ്ടിരിക്കുന്നു. അവയെ പുറത്താക്കി, മറക്കാൻ മനഃപൂർവമായ ശ്രെമം നടത്തി ഞാൻ. എന്നാൽ കരിനീല മിഴികളിലെ കുരുക്കിൽ നിന്നും പോരാൻ വിസമ്മതിച്ചു എന്റെ ഹൃദയം എന്നോട് ശീത സമരം പ്രഖ്യാപിച്ചു. ഒട്ടും തോറ്റു കൊടുക്കാൻ തയ്യാറാവാതെ ഇത്രെ നാൾ ബ്രഹ്മചര്യം പറഞ്ഞു നടന്നിട്ട് ഇനി നാട്ടുകാരും വീട്ടുകാരും കൂവും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തി എന്റെ ഈഗോയും എന്നെ തളർത്തി. പ്രണയവും ഈഗൊയും തമ്മിൽ നടന്ന ആ ദ്വന്ദയുദ്ധത്തിൽ ഒരു പരിധിവരെ ഈഗോ തന്നെ ജയിച്ചു. കരിനീല മിഴികളെ ഹൃദയത്തിൽ തന്നെ ഒരു കല്ലറ തീർത്ത്‌ അതിൽ വച്ചു പൂട്ടി എല്ലാം ശുഭം എന്നു ഞാൻ സ്വയം വിശ്വസിക്കാൻ ശ്രെമിച്ചു.
പിന്നീട് പല ദിവസങ്ങളിലും ഞാൻ റാണിയെ കണ്ടു. ഷാൾ കൊണ്ട് പൊതിഞ്ഞു, ആരെയും കാണാതെ, ചുറ്റും നടക്കുന്നതൊന്നും അറിയാതെ ആണ് അവൾ എന്ന് എനിക്ക് തോന്നി. മറ്റേതോ ലോകത്ത് സ്വയം നഷ്ടപ്പെട്ട പോലെ ആയിരുന്നു അവൾ എപ്പോഴും. എന്നെ കാണുമ്പോൾ മാത്രം സജീവമാകുന്ന അവളുടെ മിഴികളുടെ പിടച്ചിൽ ഞാൻ പാടെ അവഗണിക്കാൻ ശ്രമിച്ചു.
പത്തു ദിവസം കഴിഞ്ഞുള്ള മദ്ധ്യസ്ഥ ചർച്ചയിൽ പോകാതെ ഓഫീസിൽ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ഇനി ഒരിക്കൽ കൂടി അവളുടെ മിഴികളെ നേരിട്ടാൽ എന്റെ മനസ്സിന്റെ ഉറപ്പ് കൈവിട്ടു പോകുമോ എന്ന് ഞാൻ വല്ലാതെ ഭയന്നിരുന്നു. ഇത്രയും നാൾ ഞാൻ കൊണ്ടുനടന്ന എന്റെ ബ്രഹ്മചര്യം ഒരു ജോഡി കരിനീല മിഴികൾക്കു മുന്നിൽ അടിയറവ് വെക്കാൻ എന്നിലെ ഈഗോ എങ്ങിനെ അനുവദിക്കാൻ!! എങ്കിലും രഘുവേട്ടൻ വഴി റാണിയുടെ ജ്യേഷ്ഠനെ കൊണ്ട് അവളെയും അച്ഛനെയും ഉപദ്രവിക്കില്ല എന്ന ഉറപ്പ്‌ ഞാൻ മേടിച്ചു. അതു പോലും പ്രണയം കൊണ്ടല്ല, അഭയം തേടി വന്ന ഒരുവളെ സഹായിക്കുക എന്ന കടമ കൊണ്ടു മാത്രം ആണെന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ഞാൻ എന്റെ ഹൃദയത്തോട് ആണയിട്ടു ആവർത്തിച്ചു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. റാണിയേയും അവളുടെ മിഴികളെയും മറക്കാൻ ഉള്ള എന്റെ ശ്രമങ്ങൾ മാത്രം വിഫലമായി. എങ്കിലും എന്റെ ആ ദൗർബല്യം മറ്റാരും അറിയാതെ മനസ്സിനുള്ളിൽ തന്നെ കുഴിച്ചുമൂടാൻ എനിക്ക് സാധിച്ചല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു ഞാൻ. കരിനീല മിഴികൾ എന്റെ ഹൃദയത്തിന്റെ വെറും ചാപല്യമായി മാത്രം കാണാൻ ഞാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.
ജോലിസംബന്ധമായി ആയിടെ ഒരാഴ്ച എനിക്ക് വീട് വിട്ടു നിൽക്കേണ്ടി വന്നു. രഘുവേട്ടൻ ഒന്നുരണ്ടുതവണ വിളിച്ചെങ്കിലും മീറ്റിങ്ങുകളുടെ ബഹളത്തിനിടയിൽ ഞാൻ അറ്റൻഡ് ചെയ്തില്ല. അമ്മയോടുള്ള സംസാരം പോലും ഒരു നേരം മാത്രമായിരുന്നു. തിരിച്ചു വീട്ടിലെത്തി, കുളികഴിഞ്ഞ് അത്താഴം കഴിക്കാൻ ഇരിക്കവേ അമ്മ ഒരാഴ്ചത്തെ നാട്ടുവിശേഷങ്ങൾ അപ്ഡേഷൻ തുടങ്ങി.
"ഉണ്ണി നീ റാണിയെ ഓർക്കുന്നോ.. അന്നിവിടെ വന്ന, രഘു നിന്നെ വിളിച്ചു കൊണ്ടു പോയില്ലേ..." അമ്മ നിർത്തി.
ഒരു ജോഡി കരിനീല മിഴികൾ എന്നിൽ അസ്വസ്ഥത ഉണർത്തി കൊണ്ട് ഹൃദയത്തിലെ കല്ലറയുടെ പൂട്ടു പൊട്ടിച്ച് മനസ്സിലേക്ക് പാഞ്ഞെത്തി.
"ഉം.." ഞാൻ മൂളി.
"ആ കുട്ടിയുടെ അച്ഛൻ മരിച്ചു. പാവം... അത് ഒറ്റയ്ക്കായി.. കഷ്ടം. അതിന്റെ ഒരു തലവിധി. ഇനി അത് എന്തു ചെയ്യുമോ ആവോ...രഘു വിവരം പറയാൻ നിന്നെ വിളിക്കാൻ നോക്കി, കിട്ടിയില്യ പറഞ്ഞു" അമ്മ അസ്വസ്ഥതയോടെ പറഞ്ഞു.
"ഏഹ്.." ഉരുട്ടിയ ഉരുള കയ്യിൽ നിന്നും പ്ലേറ്റിൽ വീണു. പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന എന്റെ നെഞ്ചിനെ കാർന്നു തിന്നാൻ തുടങ്ങി.
"അന്ന് നിന്നെ കാണാൻ വന്നതോർക്കുന്നുവോ? പിന്നെയും ഇടയ്ക്കിടെ അവളിവിടെ വന്നിട്ടുണ്ട്. നിനക്കെന്തൊ അതിനെ ഇഷ്ടം അല്ലാന്നൊരു തോന്നൽ ഉണ്ട് ആ പാവത്തിന്. നിന്നെ കണ്ടാൽ അപ്പോൾ ഒളിച്ചു ഇറങ്ങി പോകുമായിരുന്നു. പാവമാടാ അവൾ.." അമ്മ അർദ്ധോക്തിയിൽ നിർത്തി എന്നെ നോക്കി.
എന്റെ ഹൃദയം വിങ്ങി പൊട്ടി തെറിക്കുമെന്നെനിക്കു തോന്നി.. അലോസരത്തോടെ ഞാൻ നെഞ്ചിൽ കൈ വച്ചു.
"എന്തു ഭംഗിയുള്ള കുട്ട്യാ.., നല്ല പെരുമാറ്റവും.. എന്നിട്ടും.. കഷ്ടം.. ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ.. ചിലപ്പോ ഒരു എത്തും പിടിയും കിട്ടണില്യ.." അമ്മ പിറുപിറുത്തു.
"മതി.." അസഹ്യതയോടെ ഞാൻ പ്ലേറ്റ് നീക്കി.
"ഒന്നും കഴിച്ചില്യാലോ നീ.. എന്തേ പറ്റിയേ..? " അമ്മ വെപ്രാളത്തോടെ ചോദിച്ചു.
"ഒന്നുമില്ലാമ്മേ.. ഒരു തലവേദന" രണ്ടാം മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. അമ്മയുടെ കണ്ണിൽ നോക്കിയാൽ കള്ളത്തരം കണ്ടുപിടിക്കപ്പെടുമെന്ന് ഭയപ്പെടുന്ന കുട്ടിയെപ്പോലെ ഞാൻ ധൃതിയിൽ മുറിയിൽ കയറി കതകടച്ചു.
എന്തോ ഒരു മഹാപരാധം ചെയ്ത പോലെ തോന്നി എനിക്ക്. പ്രാണരക്ഷാർത്ഥം അഭയം പ്രാപിച്ച കരിനീലമിഴികളെ ഞാൻ തന്നെ ഇല്ലാതാക്കിയത് പോലെ. ഉള്ളിൽ ഉയർന്നു കൊണ്ടിരുന്ന അസ്വസ്ഥത അടക്കാനാവാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
ആർത്തലച്ചു പെയ്യുന്ന മഴ വക വയ്ക്കാതെ പിറ്റേന്ന് വെളുപ്പിന് ഞാൻ റാണിയുടെ വീട്ടിൽ എത്തി. എന്നെ അതിനു പ്രേരിപ്പിച്ചതെന്തെന്നു എനിക്കുതന്നെ അറിയില്ലായിരുന്നു. ഇരുന്നും കിടന്നും നേരം വെളുപ്പിച്ച എന്റെ മനസ്സിന്റെ അസ്വസ്ഥത ഇനിയും താങ്ങാൻ എന്നെ കൊണ്ടാവില്ലന്നു മാത്രം എനിക്കറിയാമായിരുന്നു. എന്നെ അതിശയിപ്പിച്ചു കൊണ്ട് ഞാൻ കോളിങ് ബെൽ അടിക്കുന്നതിനു മുമ്പേതന്നെ റാണി വാതിൽ തുറന്നു. എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ. എന്നെ കണ്ടമാത്രയിൽ കരിനീല മിഴികൾ നിറഞ്ഞു തുളുമ്പി.
"ഞാൻ ഇന്നലെയാണ് അറിഞ്ഞത്.." എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാൻ പറഞ്ഞു.
പുറത്തെ മഴയെ തോൽപ്പിച്ചു കൊണ്ടു കരിനീല മിഴികൾ ആർത്തു പെയ്യാൻ തുടങ്ങി.
എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. ഞങ്ങളുടെ ഇടയിൽ മൗനം അസ്വസ്ഥതയുടെ കൊടുങ്കാറ്റുകൾ ഉണ്ടാക്കി. ജീവിതത്തിൽ ആദ്യം ആയി വാക്കുകൾ നഷ്ടപ്പെട്ടു ഞാൻ മിഴിച്ചിരുന്നു. എന്തു ചെയ്യണം എന്നു തീരുമാനിക്കാൻ ആവാതെ മനസ്സ് അലഞ്ഞു തിരിയുന്ന പോലെ...
"ഇനി..?" ഞാൻ മെല്ലെ ചോദിച്ചു.
"അറിയില്ല... പോകണം.." റാണിയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങിയ പോലെ.
"എങ്ങോട്ട്..?" വീണ്ടും ഞാൻ ചോദിച്ചു.
റാണി മറുപടി പറഞ്ഞില്ല. അവളുടെ മിഴികൾ പ്രാണവായുവിനു വേണ്ടി പിടയുന്നത് പോലെ തോന്നി എനിക്ക്‌. നിനക്ക് ഞാൻ ഉണ്ട് എന്നു പറയാൻ തുടിച്ചു ഹൃദയം. എന്നാൽ അതിർത്തി കാക്കുന്ന പട്ടാളക്കാരനെ പോലെ എന്റെ ശവത്തിൽ ചവിട്ടിയെ നീ ഇവന്റെ ഹൃദയത്തിലേക്ക് കയറൂ എന്നു പറഞ്ഞ് എന്റെ ഈഗോ ആ പ്രണയത്തിനു മുന്നിൽ വീണ്ടും നെഞ്ചും വിരിച്ചു നിൽക്കാൻ തുടങ്ങി.
ഈ ദ്വന്ദയുദ്ധത്തിലും ഈഗോയെ തോൽപ്പിക്കാൻ എനിക്കാവില്ലെന്നെനിക്കു തോന്നി.
"ഞാൻ... ഞാൻ ഇറങ്ങട്ടെ.." അസ്വസ്ഥത ഇനിയും താങ്ങാനാവില്ല എന്ന് തോന്നിയ നിമിഷത്തിൽ ഞാൻ പറഞ്ഞു.
പെടുന്നനെ കരിമിഴികൾ ആശങ്കയോടെ പിടക്കുന്നത് ഞാൻ കണ്ടു. പ്രാണരക്ഷാർത്ഥം ദയനീയമായി അവ എന്നെ നോക്കി.
റാണി മെല്ലെ മുഖം താഴ്ത്തി.
ഒന്നും മിണ്ടാതെ ഞാനെഴുന്നേറ്റു. കാലുകൾ നിലത്തേക്ക് ഒട്ടിച്ചേർന്ന പോലെ.. മനസ്സും ശരീരവും അവളെ വിട്ടകലാൻ കൂട്ടാക്കിയില്ല. എന്നാൽ എന്റെ ബ്രഹ്മചര്യം സൃഷ്‌ടിച്ച ഈഗോ ദ്വന്ദയുദ്ധം ജയിച്ചു എന്നെ വിട്ടു പിരിയാൻ കൂട്ടാക്കാതെ കൂടെ നിന്നു.
അശാന്തമായ മനസ്സോടെ ഞാൻ വാതിലിനടുത്തേക്ക് നീങ്ങി. യാത്ര പറയാൻ നിൽക്കാതെ, പെരുമഴ വകവെക്കാതെ ഗേറ്റ് കടന്ന് ഞാൻ റോഡിലേക്കിറങ്ങി. മുന്നോട്ട് നീങ്ങും തോറും എന്റെ ഹൃദയം ഇരട്ടി സ്പീഡിൽ തിരികെ നടന്നു. ചതിയൻ.. അവളെ ഉപക്ഷേച്ചാൽ നിന്നെ ഞാൻ ജീവിക്കാൻ വിടില്ല എന്നു പറഞ്ഞു എന്റെ ഹൃദയം എന്നോട് യുദ്ധം തുടങ്ങി. പ്രണയത്തിന്റെയും ഈഗോയുടെയും പിടിവലിയിൽ പെട്ട്‌ ഞാൻ മുന്നോട്ട് നീങ്ങി. പക്ഷെ ഏതാനും അടി മുന്നോട്ടു വച്ച് ഞാൻ പെടുന്നനെ തിരിഞ്ഞുനിന്നു. എന്നിലെ പ്രണയം ഈഗോയെ ചവുട്ടി മെതിച്ചു ദ്വന്ദയുദ്ധം ജയിച്ചു. ഒരു ജേതാവെന്ന എന്ന പോലെ മുണ്ടു മടക്കിക്കുത്തി, ശരവേഗത്തിൽ ഞാൻ റാണിയുടെ വീടിന്റെ ഗേറ്റ് കടന്ന് വീണ്ടും മുറ്റത്തെത്തി. അവിടെ അതാ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞു കൊണ്ട് പെരുമഴയിൽ മുട്ടിൽ ഇരിക്കുന്നു അവൾ.
ദ്രുതഗതിയിൽ ഞാൻ അവളുടെ അടുത്തെത്തി. കൈപിടിച്ച് വലിചെഴുന്നേൽപ്പിച്ചു. അവളെ എന്റെ മാറോടു ചേർത്തു പിടിച്ചു. കൈകൾ കൊണ്ടാ മുഖം കോരിയെടുത്തു. കരിനീലമിഴികളിൽ അമർത്തി ചുംബിച്ചു. പിന്നെ ആ കയ്യും പിടിച്ചു ഞാൻ നടന്നു.. എന്റെ വീട് ലക്ഷ്യമാക്കി.
എന്റെ പുറകിൽ രണ്ടു കരിനീലമിഴികൾ ആനന്ദാശ്രു പൊഴിച്ചു കൊണ്ടേ ഇരുന്നു. ആ കണ്ണുനീരിൽ കുതിർന്ന് ദ്വന്ദയുദ്ധം ജയിച്ച എന്റെ ഹൃദയത്തിന്റെ വെമ്പലുകളും അലിഞ്ഞില്ലാതായി..ഞങ്ങൾക്ക് മേൽ മഴ ആഹ്ലാദത്തോടെ മതിമറന്നു പെയ്തിറങ്ങി.

Written by
Meena Ravindranath

ഫ്രണ്ട് റിക്വസ്റ്റ്


ഫേസ്ബുക്കിലൂടെ ആണ് ഞാൻ അവനെ ആദ്യമായി പരിചയപ്പെടുന്നത്. അവൻ അയച്ച ഫ്രണ്ട് റിക്വസ്റ്റ് കണ്ട് ഞാൻ അവന്റെ പ്രൊഫൈൽ നോക്കി. കൊള്ളാം, ഡോക്ടർ ആണ് പയ്യൻ. അതും നാട്ടിലെ സർക്കാർ ആശുപത്രിയിൽ. ഇരിക്കട്ടെ, കൊറോണ ഒക്കെ അല്ലേ, പരിചയത്തിൽ ഒരു സർക്കാർ ഡോക്ടർ ഉള്ളത് എപ്പോഴും നല്ലതു തന്നെ. മാത്രമല്ല, കണ്ടാലും ഒരു പാവം ലുക്ക്‌ ഉണ്ട് ആൾക്ക്. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു.
ഉടൻ വന്നു മെസഞ്ചറിൽ "ഹായ് മാം, താങ്ക്സ് ഫോർ ആക്‌സെപ്റ്റിങ് മൈ റിക്വസ്റ്റ്" എന്ന് അവന്റെ മെസ്സേജ്.
മെസഞ്ചർ നോട്ടിഫിക്കേഷനിൽ മെസ്സേജ് വായിച്ചെങ്കിലും ഞാൻ മെസഞ്ചർ ഓപ്പൺ ചെയ്യാനോ മറുപടി പറയാനോ പോയില്ല. രാത്രി പത്തു മണി കഴിഞ്ഞാൽ മെസഞ്ചർ, മറൈൻ ഡ്രൈവ് പോലെ ആണെന്നും, സ്ത്രീകൾക്ക് അത്രെ സേഫ് അല്ലാത്ത ഒരു പ്ലാറ്റ്ഫോം ആണെന്നും എന്തുകൊണ്ടോ എനിക്ക് തോന്നിയിട്ടുണ്ട്. രാത്രിയിൽ മാത്രം കൂവുന്ന കോഴികൾ ഇറങ്ങുന്ന ഒരു സാമ്രാജ്യം പോലെ! ഇത്തരക്കാരോട് പ്രതികരിക്കാതെ അവഗണിച്ചാൽ പോലും എന്റെ സ്വകാര്യതയിലേക്കു അനാവശ്യമായ ഒരു കടന്നുകയറ്റം നടത്തുന്ന പോലെ ആണ് എനിക്ക് പലപ്പോഴും ഫീൽ ചെയ്തിട്ടുള്ളത്. എന്റെ വീടിന്റെ മുന്നിൽ വന്ന് അനാവശ്യമായി കൂവി കൊണ്ട് എന്റെ സ്വസ്ഥ ജീവിതത്തിനു തടസ്സം വരുത്തുന്ന ഒരു ഫീൽ. നല്ല സുഹൃത്തുക്കളോട് പോലും ഒരു സമയം കഴിഞ്ഞാൽ സംസാരിക്കാൻ അതു കൊണ്ടു തന്നെ ബുദ്ധിമുട്ടാണ്. പുറത്ത് കോഴി കൂട്ടങ്ങൾ കൂവി കൊണ്ടേ ഇരിക്കും. രാത്രി ഒരു സമയം കഴിഞ്ഞാൽ മെസ്സഞ്ചർ ഒഴിവാക്കുക ആണ് ഏറ്റവും പ്രായോഗികമായ ബുദ്ധി. അതു കൊണ്ടു തന്നെ അവന്റെ മെസ്സേജ് ഞാൻ അപ്പോൾ അവഗണിച്ചു.
പിറ്റേന്ന് ഞാൻ അവനു മറുപടി ആയി ഒരു തംപ്സ് അപ്പ്‌ കൊടുത്തു. ഉടൻ വന്നു വിനയപൂർവം ആദ്യത്തെ ചോദ്യം.
"മാം ലെക്ച്ചറർ ആണോ?"
"നോ" ലെക്ച്ചററോ!!! "എന്നെ കണ്ടാൽ കിണ്ണം കട്ടു എന്നു പറയുവോ" എന്ന പഴഞ്ചൊല്ല് എന്തോ പെട്ടെന്ന് ഓർമ വന്നു. ഇനി ഇപ്പോൾ ശെരിക്കും ഒരു സീരിയസ് ലുക്ക്‌ ഉണ്ടോ എനിക്ക് എന്ന ഒരു ഡൌട്ട് എന്റെ ഉള്ളിൽ പെട്ടെന്ന് പൊട്ടി മുളച്ചു. എനിക്ക് ഉള്ളിൽ ഒരു ഗമ ഒക്കെ തോന്നി.
"മാം, കൊച്ചിയിൽ ആണോ?"
"യെസ്" ഞാൻ മറുപടി കൊടുത്തു.
"കൊച്ചിയിൽ എവിടെ ആണ്?"
ശ്ശെടാ ഇവൻ വിടാനുള്ള ഭാവം ഇല്ലാലോ!! ഞാൻ അവന്റെ സ്ഥലം നോക്കി. കൊച്ചിയിൽ തന്നെ ഉള്ള സ്ഥലം. കേട്ടിട്ടുണ്ട് എന്നല്ലാതെ വലിയ പിടുത്തം ഇല്ല. നോ പ്രോബ്ലം. ഗൂഗിൾ ഉണ്ടല്ലോ.. സ്ഥലം നോക്കിയപ്പോൾ അതിനടുത്തുള്ള ഒരു പ്രമുഖ ഓഡിറ്റോറിയത്തിൽ ഒരു ഫ്രണ്ടിന്റെ മോളുടെ കല്യാണത്തിന് പങ്കെടുക്കാൻ ഞാൻ പോയിട്ടുണ്ട്.
ഞാൻ എന്റെ സ്ഥലം ആയി ആ പേരു പറഞ്ഞു. സൈക്കോളജിക്കൽ മൂവ്.. അയൽവാസി ആണെന്നു കണ്ടാൽ പിന്നെ നമ്പർ ഇറക്കില്ലാലോ! പൊതുവെ വീടും ഊരും ഒക്കെ ആരു ചോദിച്ചാലും ഒന്നുകിൽ സത്യസന്ധമായി ഉത്തരം പറയും, അല്ലെങ്കിൽ ആ ചോദ്യം അവഗണിക്കും, ഇതെന്തോ അപ്പോൾ അങ്ങിനെ ചെയ്യാൻ ആണ് തോന്നിയത്.
"അവിടെ ഒക്കെ എനിക്ക് നന്നായി അറിയാം' പയ്യൻ വിടാനുള്ള ഭാവം ഇല്ല.
പക്ഷെ എനിക്കറിയില്ലാലോ.... അവന്റെ അയല്പക്കത്തെ ഈ സ്ഥലം തന്നെ കണ്ടെത്തിയത് ഗൂഗിൾ സിസ്റ്ററിന്റെ കനിവിലാണ്.
'അവിടെ കോൺവെന്റ് സ്കൂളിന്റെ അടുത്താണോ?"
കൃഷ്ണാ... പുലി വാലായല്ലോ!!!ഇനിയും ഗൂഗിൾ മാപ്പ് നോക്കാൻ വയ്യ. അതു കൊണ്ട് ഞാൻ എല്ലാത്തിനും ചേർത്തു വെറുതെ ഒരു തംബ്സ് അപ്പ്‌ അടിച്ചു. തംബ്സ് അപ്പ്‌ വിദ്വാനു ഭൂഷണം എന്നാണല്ലോ ന്യൂ ജെൻ ചൊല്ല്.
നാട്ടിലെ ഡോക്ടർമാർ മുഴുവൻ ഉറക്കമിളച്ചു വിശ്രമം ഇല്ലാതെ പണി എടുക്കുന്ന ഈ കൊറോണ കാലത്ത് ഇവൻ മാത്രം ഫുൾ ടൈം ഓൺലൈൻ...
"ഡോക്ടർക്ക് ഡ്യൂട്ടി ഇല്ലേ?" ഞാൻ അവനോടു ചോദിച്ചു.
"ഞാൻ ലീവിൽ ആണ്, പീജിക്കു പഠിക്കുവാ. ഇപ്പോൾ ക്ലാസ്സ്‌ ഇല്ല. നാട്ടിലേക്കു വരാനും പറ്റിയില്ല".
അപ്പോൾ അതാണ് കാര്യം. ലോക്ക്ഡൌൺ ഇമ്പാക്റ്റ്!! ലോക്ക്ഡൌൺ തുടങ്ങി വീട്ടിൽ ഇരിക്കുവാൻ തുടങ്ങിയതോടെ മുഖപുസ്തകത്തിലേക്കു ചേക്കേറിയവരുടെ എണ്ണം കൂടിയിരിക്കുന്നു. പല തരം ആളുകൾ പരിചയപ്പെടാൻ വരാറുണ്ട്. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നവർ, പെങ്ങളുട്ടി പോലെ ആണട്ടോ എന്നു പറഞ്ഞു ആദ്യമേ ഇമേജ് സേഫ് ആക്കുന്നവർ, ഇത്തിരി കിന്നാരം പറഞ്ഞിരിക്കാൻ മാത്രം ആഗ്രഹിക്കുന്നവർ, കൊച്ചു വർത്തമാനത്തിനപ്പുറം കിട്ടിയാൽ ഊട്ടി, പോയാൽ ചട്ടി ആറ്റിറ്റ്യൂഡ്കാർ. പിന്നെയും ഒരു വിഭാഗം ഉണ്ട്, നിർദോഷമായി "സുന്ദരി കുട്ടീ..." എന്നു നാലുനേരം ഗുളിക കഴിക്കുന്ന പോലെ വിളിച്ചു തളർത്തുന്നവർ!! അവരെ നേരിടാൻ ആണ് ഏറ്റവും ബുദ്ധിമുട്ട്. ഹനുമാൻ ചാലിസ തുടരെ തുടരെ ജപിച്ചു ഒരുവിധം ആണ് ആത്മ നിയന്ത്രണം കൈ വിടാതെ രക്ഷപ്പെടുന്നത്. ബഹുജനം പലവിധം എന്നു അമ്മമ്മ പണ്ട് പറയാറുള്ളത് ഓർമ വരും മെസ്സഞ്ചർ സൗഹൃദങ്ങൾ കാണുമ്പോൾ!!
"മാരീഡ് ആണോ?" സംശയങ്ങൾ തീർന്നിട്ടില്ല!!
എന്നോടോ ബാലാ.. എന്റെ കണ്ണു നിറഞ്ഞു പോയി. കൂടെ ഇരുന്ന റെഡി ടു ഗെറ്റ് മാരീഡ് എന്ന മട്ടിൽ പുര നിറഞ്ഞു നിൽക്കുന്ന അപ്പുവിനെ തട്ടി വിളിച്ചു. സ്വല്പം അഹങ്കാരത്തോടെ മെസ്സേജ് കാണിച്ചു കൊടുത്തു. "അമ്മയുടെ വീക്ക്നെസ്സ് എന്താന്നു അയാൾക്ക്‌ മനസിലായി. യങ് ആണെന്നു പറഞ്ഞ് അയാൾ ഒരു ഗുണ്ട് ഇട്ടതാ, താൻ വീഴുമോ എന്നറിയാൻ!". പൊട്ടി ചിരിച്ചു കൊണ്ടു മോന്റെ ഡയലോഗ്!!
കണ്ടാൽ പ്രായം പറയില്ലെന്നൊക്കെ ആൾക്കാർ പറയാറുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണ്. ഇനി ഇവൻ ശെരിക്കും എന്നെ ആക്കിയതാവുമോ!! ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യുന്നതിനു മുമ്പ് പ്രൊഫൈൽ ശെരിക്കും നോക്കേണ്ടതായിരുന്നു. ഞാൻ വെറുതെ അവന്റെ പ്രൊഫൈൽ നോക്കി. ഒരു റെഗുലർ യൂസർ അല്ലെന്നു തോന്നി. അപ്പോൾ കോവിഡ് റിലീസ് ആണ്. ഇൻഫോയിൽ കണ്ടു, 'മാരീഡ് ടു സരിക'. ഒരു ജിജ്ഞാസയിൽ ഞാൻ സരികയുടെ പ്രൊഫൈൽ നോക്കി. ബെസ്റ്റ്... ഗ്രഹനിലയുടെ ഫോട്ടോ മാത്രമേ ഇനി കൊടുക്കാൻ ബാക്കി ഉള്ളൂ. രാവിലെ കഴിച്ച പ്രാതലിന്റെ.. എന്തിന് കുടിച്ച കട്ടന്റെ വരെ ഫോട്ടോ എടുത്തു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസക്തി ഉള്ള പല പോസ്റ്റുകളും. കൊള്ളാം. ആൾ വളരെ ആക്റ്റീവ് ആണ് എഫ്ബിയിൽ. തൃശൂർക്കാരി.
വെറ്റിനറി ഡോക്ടർ ആണ്. വിവാഹം കഴിഞ്ഞിട്ട് അധികം ആയിട്ടില്ല. വിവാഹ ദിവസം, വിവാഹം നടന്ന ഓഡിറ്റോറിയം, ബന്ധുക്കൾ എല്ലാം റ്റാഗ്ഗ്ഡ് ആണ്. ഞാൻ ആവശ്യത്തിനുള്ള വിവരങ്ങൾ ഒക്കെ വാരി കൂട്ടി. വാടാ മോനെ, ഞാൻ റെഡി, നീ ഗുണ്ട് ഇട്ടാൽ ഞാൻ ബോംബ് ഇടും എന്ന മട്ടിൽ തിരിച്ചെത്തി ഞാൻ മെസ്സഞ്ചറിൽ.
അപ്പോഴേക്കും മെസ്സഞ്ചർ ഇൻബൊക്സ് നിറഞ്ഞിരുന്നു. ഒരു കുന്ന് മെസ്സേജ് ഉണ്ട് ചെക്കന്റെ. ഞാൻ സുന്ദരി ആണെന്നതടക്കം. ആദ്യം കണ്ടപ്പോഴേ ഒരിഷ്ടം തോന്നി എന്നും. ചൂണ്ട ഇടുന്നതിനോട് എനിക്ക് ഒരു വിരോധവും ഇല്ല. അതവരുടെ സ്വന്തം കാര്യം. പക്ഷെ, അതിനു ചില മാനദണ്ഡങ്ങൾ പാലിക്കണം എന്ന പക്ഷക്കാരി ആണ് ഞാൻ.
ശുദ്ധ സൗഹൃദങ്ങൾ ഏതു പ്രായക്കാരുടെ ആണെങ്കിലും എനിക്കു വിരോധം ഇല്ല. പക്ഷെ അതിനപ്പുറത്തേക്ക് ഒരു പ്രണയം തോന്നണമെങ്കിൽ...എഴുപതുകളിലെയും എൺപതുകളിലെയും ശുദ്ധപ്രണയങ്ങൾ ആണ് ഇപ്പോഴും എന്റെ മനസ്സിൽ..... കാരൂരിന്റെയും പത്മരാജന്റെയും പത്മനാഭന്റെയും ഒക്കെ സാത്വിക പ്രണയത്തെ ഇപ്പോഴും നെഞ്ചേറ്റുന്നവൾ.... ഔട്ട്‍ഡേറ്റഡ് എന്നു മറ്റുള്ളവർക്ക് തോന്നിയേക്കാം. പക്ഷെ ഈ കാലഘട്ടത്തിലെ താത്കാലിക പ്രണയങ്ങളോട് എനിക്ക് താല്പര്യം തോന്നിയിട്ടില്ല. അഥവാ പ്രണയത്തിനപ്പുറം 'എ ലിറ്റിൽ മോർ ദാൻ എ ഫ്രണ്ട് കോൺസെപ്റ്റ്.. എന്തോ എനിക്ക് ഒരിക്കലും ദഹിക്കാറില്ല. എന്നു വച്ചു ഈ ജനറേഷന്റെ ചിന്തകളെ ഞാൻ ചോദ്യം ചെയ്യാൻ പോകാറുമില്ല. അവർക്ക് അവരുടെ വഴി, എനിക്കെന്റെ വഴി. എന്നാൽ പിന്നെ
തരത്തിൽ പോയി ചൂണ്ട ഇട്ടൂടെ ഇവനൊക്കെ!! എന്തായാലും ആദ്യത്തെ ബോംബ് ഇടാൻ ഞാൻ തീരുമാനിച്ചു.
"സരികയുടെ ഹസ്ബൻഡ് ആണല്ലേ? " ഞാൻ ചോദിച്ചു.
"സരികയെ മീനു എങ്ങിനെ അറിയും? " ഉടൻ വന്നു ചോദ്യം.
മാം മാറി മീനു!!! ഇതെപ്പോ!! ഞാൻ ഒന്നു സരികയുടെ പ്രൊഫൈൽ പോയി വന്ന നേരം കൊണ്ടോ!! ഇവനെ ഇന്നു ഞാൻ.. ഇപ്പോൾ ശെരി ആക്കി തരാം.
"സരിക എന്റെ ചേച്ചിയുടെ മോളുടെ കൂടെയാ പഠിച്ചിരുന്നെ മെഡിസിന്. എന്നെ അറിയാം. നിങ്ങളുടെ കല്യാണത്തിന് ഒക്കെ ഞാൻ വന്നിട്ടുണ്ട്. തൃശൂർ കൌസ്തുഭത്തിൽ വച്ചായിരുന്നില്ലേ? അന്നു ഞാൻ മനുവിന്റെ അമ്മ സന്ധ്യയേയും പരിചയപ്പെട്ടിരുന്നു. മനുവിനെയും കണ്ടിരുന്നു. പക്ഷെ, മനു ഓർക്കാൻ വഴി ഇല്ല". ഞാൻ പറഞ്ഞു.
ഭും... പൊട്ടി ബോംബ്.
അപ്പുറത്ത് നിന്നും അനക്കം ഇല്ല.
"ആക്ച്വലി സരികയുടെ ഹസ് ആയത് കൊണ്ടാണ് ഞാൻ റിക്വസ്റ്റ് വന്നപ്പോൾ അക്‌സെപ്റ്റ് ചെയ്തേ" അടുത്ത ബോംബ് കൂടി ഇട്ടു ഞാൻ. ഇരിക്കട്ടെ ഒരു ബോണസ്.
ഒരു നീണ്ട മൗനത്തിനു ശേഷം മറുപടി വന്നു."ഉവ്വോ, എനിക്കാരെയും അറിയില്ല."
"ഉം.." ഞാൻ മൂളി. നിർത്തണമെങ്കിൽ നിർത്തിക്കോ.. എന്ന മട്ടിൽ ഞാൻ എന്റെ ഉത്തരം ആ ഒരു മൂളലിൽ ഒതുക്കി.
"ആന്റി സരികയുമായി കോൺടാക്റ്റ് ഉണ്ടോ? "
"ആന്റി!!!" ഭാര്യയെ അറിയാമെന്നു പറഞ്ഞപ്പോൾ ഒറ്റയടിക്ക് അവൻ എന്നെ ആന്റി ആക്കി!! അടാ പാവി... ഞാൻ മനസ്സിലോർത്തു. അപ്പു അറിഞ്ഞാൽ ചിരിച്ചു തല തല്ലി വീഴും ചെക്കൻ!!!
"അങ്ങിനെ ഇല്ല. ചേച്ചിയുടെ മകൾ
നന്ദന വഴി ഉള്ള പരിചയം ആണ്. റെഗുലർ കോൺടാക്റ്റ് ഇല്ല" ഞാൻ പറഞ്ഞു.
പിന്നെയും മൗനം മറുപുറത്ത്.
ഇനിയും ബോംബ് വേണ്ടി വരുമോ എന്നാലോചിച്ചപ്പോഴേക്കും അവന്റെ മെസ്സേജ് വന്നു. "ഞാൻ വെറുതെ ബോർ അടിച്ചപ്പോൾ.. ആന്റി എല്ലാവരെയും അറിയും എന്നു എനിക്കറിയില്ലായിരുന്നു." അവൻ ന്യായീകരണങ്ങളുടെ ഭാണ്ഡം തുറന്നു.
"അതിനെന്താ, സരികയോട് എന്റെ അന്വേഷണം പറയൂ." ഞാൻ ചിരി അടക്കി എഴുതി.
മറുപടി ആയി മിനിമം ഒരു തംബ്സ് അപ്പ്‌ പ്രതീക്ഷിച്ചിരുന്നു ഞാൻ. അതു പോലും ഉണ്ടായില്ല. അവൻ അപ്പോഴേ ഓഫ്‌ലൈൻ ആയി.
പിന്നീട് രണ്ടു ദിവസത്തേക്ക് തിരക്കിനിടയിൽ ഞാൻ മനുവിന്റെ കാര്യം മറന്നു. മൂന്നാം പക്കം ഓർത്തപ്പോൾ മെസ്സഞ്ചറിൽ നോക്കി. അനക്കമില്ല. ഒരു ഇന്റ്യൂഷനിൽ ഞാൻ ഫേസ്ബുക്ക്‌ നോക്കി. അവൻ എന്നെ അൺഫ്രണ്ട്‌ ചെയ്തിരിക്കുന്നു..
സരിക്കക്കു മെസ്സഞ്ചറിൽ ഞാൻ ഒരു മെസ്സേജ് ഇട്ടു.
"ഹായ് സരിക, ഐ ആം എ ബിഗ് ഫാൻ ഓഫ് യുവർ പോസ്റ്റ്‌സ്. ദേർ ഈസ്‌ സംതിങ് പോസിറ്റീവ് ഇൻ യുവർ പോസ്റ്റ്‌സ് ആൻഡ് അറ്റ് ടൈംസ് ഇൻഫൊർമേറ്റീവ് റ്റൂ. കീപ് പോസ്റ്റിങ്ങ്‌. ഗോഡ് ബ്ലെസ്"
"താങ്ക് യൂ സോ മച്ച്" മറുപടി അപ്പോൾ തന്നെ വന്നു. പിന്നെ കുറെ ലവ് സ്‌മൈലികളും.
ഒപ്പും വന്നു ഫേസ്ബുക്കിൽ... സരികയുടെ ഫ്രണ്ട് റിക്വസ്റ്റ്.

Written by Meena Ravindranath

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo