Showing posts with label RathiSivadas. Show all posts
Showing posts with label RathiSivadas. Show all posts

നന്മയുള്ളൊരമ്മ



അമ്മയെന്തേ വരുന്നില്ല, കാണുവാ
നിമ്പമോടെ കൊതിക്കുന്നു കണ്ണുകൾ...
നേർത്ത മോണയാൽ പുഞ്ചിരിച്ചെത്തുമെൻ
അമ്പിളിച്ചന്തമെന്തേ മറഞ്ഞിരിക്കുന്നു.
ആണ്ടു നാലുകൾക്കപ്പുറം വാതിലിൽ,
തട്ടുകേട്ടു തുറന്ന ഞാൻ കണ്ടതോ,
പൂത്തുനില്ക്കുന്ന തിങ്കൾ നിലാവായ്,
പുഞ്ചിരിക്കുന്നൊരമ്മ നക്ഷത്രം.
ചന്ദനചന്തം കടഞ്ഞ വെൺമേനിയിൽ കരിമ്പനകുത്തുകൾ മുഷിപ്പിച്ച വേഷ്ടിയും,
ചുളിവ് തീർത്ത് മെലിഞ്ഞ കരങ്ങളിൽ കുഞ്ഞുസഞ്ചി കരയുന്നു നിത്യവും,
ഉൾവലിഞ്ഞ നയനങ്ങളിലിറ്റുവീഴും കണ്ണീർകണങ്ങളും,
നീട്ടി പിന്നെ വിറയ്ക്കുന്ന കൈകളും, ഭിക്ഷയെന്തും തരികയെന്നോമനേ.....
പശിയടക്കുവാൻ അന്നം പകുത്തു ഞാൻ
നേർത്ത തേങ്ങലാൽ കദനം പകുത്തവർ
ആറ്റുനോറ്റൊരോമനപ്പൊൻമകൻ
ആണ്ടുപത്തായ് കിടക്കുന്നു ശരശയ്യപോൽ....
കൂടപ്പിറപ്പുകൾ കൂട്ടരുമില്ല
നാടുതെണ്ടി നിറയ്ക്കുന്നരവയർ
യാത്ര ചൊല്ലി പിരിയുന്ന നേരവും
നോക്കിനിന്നു ഞാൻ കണ്ണീർനനവുമായ്....
ആണ്ടുതെറ്റാതെ പിന്നെയും പിന്നെയും
അമ്മപുണ്യം വിരുന്നെത്തി, യാത്രയായ്....
കഴിഞ്ഞ വേനലിൽ കണ്ടു ഞാനാമുഖം
ചുണ്ടിൽ മായാപുഞ്ചിരിയില്ല
കണ്ണിലിറ്റുന്ന കണ്ണുനീരില്ല
ചന്തമില്ല ചിന്തകളില്ല
നേർത്ത തേങ്ങലായ് ചൊല്ലി 'ഞനനാഥയായി'......
തേങ്ങലോടമ്മയന്നു പടികടന്നീടുന്നതിന്നുമെന്നിൽ നിറയുന്നു വിങ്ങലായ്....
അമ്മയെന്തേ വരുന്നില്ല, കാണുവാനി
മ്പമോടെ കൊതിക്കുന്നു കണ്ണുകൾ...
നേർത്ത മോണയാൽ പുഞ്ചിരിച്ചെത്തുമെൻ
അമ്പിളിച്ചന്തമെന്തേ മറഞ്ഞിരിക്കുന്നു.......
"രതി ശിവദാസ്"

ഞാൻ, രക്തസാക്ഷിയുടെ ഭാര്യ



നില്ക്കു, മർത്യരേ കാണുക നിങ്ങൾ
കവലമൂലയിലു യർന്നൊരാ സ്തൂപം
വെള്ളവസ്ത്രത്തിൽ ചിരിച്ചിരിക്കുന്ന ധീരനേതാവിൻ ഓർമ്മ മണ്ഡപം!
കാലയവനികയ്ക്കപ്പുറം ധീരമായ്
നീതിതേടുവാൻ പോർക്കളം തീർക്കവേ,
അറ്റുപോയതെൻ മണിത്താലിതൻ
വിള്ളൽ വീഴാത്തതാം സ്നേഹബന്ധനം.
വീഥികൾ തോറും കറുത്ത പാഴ്തുണികളാൽ
തീർത്തുവച്ചതോ 'കരിദിനമത്രെ'!
'രക്തസാക്ഷി'യെന്നോമനപ്പേരവർ
കൊത്തിവച്ചൊരീ സ്മൃതിമണ്ഡപം....
വീർത്തവയറിൽ തുടിയ്ക്കുന്ന ജീവനും
അവശരായൊരു വൃദ്ധമാതാക്കളും
പശിയങ്ങടക്കുവാൻ വറ്റില്ലാ കഞ്ഞിയും
ചേർത്തുവച്ചിന്നു ഞാൻ കണ്ണുനീർ സാക്ഷി.
കാടുവെട്ടി, തോരണങ്ങൾ തൂക്കി,
വെള്ളപൂശുന്നു രാഷ്ട്രീയവിഡ്ഢികൾ
'രക്തസാക്ഷിദിന'ങ്ങളാചരിക്കവേ
തിങ്ങിനിറയുന്ന പുഷ്പചക്രങ്ങൾ
എന്റെ പ്രാണന്റെ നെഞ്ചിലായേറേ...
മാലയിട്ടൊരച്ഛന്നു മുന്നിലായ്
മുഷ്ടി വാനിലുയർത്തി ചൊന്നവൻ
"രക്തസാക്ഷികൾ സിന്ദാബാദ്"
നെഞ്ചുപൊട്ടിക്കരയുന്നൊരമ്മ ഞാൻ
നാളെയവനുമീയച്ഛന്റെ പാതയോ!
ധീരവീരരാം പുരുഷരക്തത്താൽ
പടുത്തുയർത്തിയീ നവഭാരതം
ഖ്യാതി നേടിയ വീരസ്മരണയ്ക്കപ്പുറം
ഉറവവറ്റി, എത്രയോ കണ്ണുകൾ.....
ആശയുമൊരാശ്രയവുമറ്റവർ
ഓർത്തുനോക്കൂവൊരുമാത്രയെങ്കിലും
രക്തസാക്ഷിതൻ സ്വന്തബന്ധങ്ങളേ.....
"രതി ശിവദാസ്"

പരിഭവം


പിരിയുവതില്ല, നിൻ മാനസം തന്നിലായ്
പരിഭവിച്ചകലെയായ് മാറീനില്പൂ.....
ആവോളമെന്നെ നീയാശിച്ചുവെന്നാൽ
ആമോദമോടെ ഞാൻ ചാരെയുണ്ട്.....
പറയുവാനാകാത്ത ഹൃദയഭാരം ചെറു-
വരികളായ് തെളിയുന്നു മൂകമായി
ഇനിയുമീ ചെമ്പകചോട്ടിൽ തനിച്ചു നിൻ
നിനവുകളോർത്തുഞാൻ മിഴിനിറച്ചു.
അരുതേ, പരിഭവമരുതേ നിൻമൃദു-
ഭാഷണമെന്നും നിലയ്ക്കരുതേ...
നിൻമധുനാദത്താലെൻ മൗനമാനസം
പുഞ്ചിരിച്ചൊരുനാൾ ചുണ്ടനക്കി..
വെളിച്ചം മറഞ്ഞു തമസ്സോ തെളിഞ്ഞു
ഭീതിയാലെൻ നേത്രം തിരഞ്ഞതെൻ നിഴലിനെ
ക്ഷണനേരമപ്പുറം തെളിഞ്ഞോരു സത്യം
നിഴൽപോലുമന്യം ചിലനേരമെന്നും......
"രതി ശിവദാസ്"

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo