Showing posts with label ShinuSyamalan. Show all posts
Showing posts with label ShinuSyamalan. Show all posts

#ചെറുപ്പക്കാർ എത്രയോ ഭേദം (ഡയറി കുറിപ്പ്)

#ചെറുപ്പക്കാർ എത്രയോ ഭേദം (ഡയറി കുറിപ്പ്)
രാവിലെ കുളിക്കുവാൻ ഇത്രയും മടിയുള്ള ഒരു പെണ്ണ് ആ നാട്ടിൽ ഞാൻ മാത്രമേയുള്ളൂ എന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന പതിരില്ലാത്ത സത്യം.ഇന്നെനിക്കു 28 വയസ്സായിട്ടും ആ സ്വഭാവത്തിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
19 വർഷങ്ങൾക്കു മുൻപ് നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഒരു അവധി ദിവസം അതിരാവിലെ തന്നെ ചക്കുളത്തുക്കാവ് അമ്പലത്തിൽ പോകുവാനായി അമ്മ എന്നെ വിളിച്ചുണർത്തുവാൻ തുടങ്ങി.
"മോളെ...ടീ.... എഴുന്നേൽക്കെടീ.."
"അമ്മേ.. ഒരു 5 മിനിറ്റ്.."
"ഉം"
വീണ്ടും പുതപ്പിനുള്ളിൽ ഒരു സർപ്പത്തെപോലെ ചുരുണ്ടുകൂടി മകരത്തിലെ മഞ്ഞു ആസ്വദിച്ച് ഉറങ്ങുവാൻ തുടങ്ങി.
"എഴുന്നേൽക്കേടി.. തലയിൽ വെള്ളം കോരിയൊഴിക്കും ഞാൻ.."
വളരെ പ്രയാസപ്പെട്ട് വേറെ നിവർത്തിയില്ലാത്തത് കൊണ്ടു വീടിന്റെ തെക്കേവശത്തുള്ള മുറിയിലെ കട്ടിലിൽ നിന്ന് പുതപ്പ് മെല്ലെ നീക്കി കണ്ണുകൾ പാതിയടച് പാതിയുറക്കത്തിൽ വെളുത്ത പെറ്റിക്കോട്ടിട്ട ഞാൻ വീണ്ടും ഒരു അവധി ദിവസത്തെ ഉറക്കം നഷ്ടമായി എന്ന് പഴിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു. മുറിയുടെ വാതിൽ കടന്നു വടക്കേയറ്റത്തുള്ള കുളിമുറിയിൽ തൂക്കിയിട്ട കണ്ണാടിയിൽ നോക്കി പല്ലുതേച്ച ശേഷം കുളിക്കുവാനായി ചൂടുവെള്ളമെടുത്ത് ബക്കറ്റിലൊഴിച്ചു.
തണുത്ത വെള്ളത്തിൽ കുളിച്ചാൽ എനിക്കപ്പോൾ തൊണ്ടപഴുക്കും. അങ്ങനെ തുടങ്ങിയ ശീലം ഇന്നും എന്റെ കൂടെ ഉണ്ട്. ചുട്ടയിലെ ശീലം ചുടല വരെ എന്ന് പറഞ്ഞത് എത്ര ശെരിയാണ്. കൂടാതെ തണുത്ത വെള്ളം ദേഹത്തു ആദ്യം വീഴുമ്പോൾ ഐസ്സുകട്ട ദേഹത്ത് കോരിയിടുന്നയത്ര പേടിയാണ്.
ഇപ്പോൾ ഭർത്താവു ഇടക്ക് ചോദിക്കും "നിനക്ക് തണുത്ത വെള്ളത്തിൽ കുളിച്ചൂടെ നാണമില്ലലോ" എന്ന്.
"ഇതിലെന്താ ഇത്ര നാണിക്കാൻ " എന്നു പറഞ്ഞു ആ ശീലത്തെ ഞാൻ കൂടെ കൂട്ടി.
എനിക്കേറെ പ്രിയപ്പെട്ട പിയേഴ്‌സ് സോപ്പ് തേച്ചു പാട്ടുപാടി കുളിക്കുന്നത് അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമായിരുന്നു. കുളിമുറിയിൽ ഞാൻ ആഷ ബോസ്ലെയെക്കാളും നന്നായി പാടിയെന്നു ഞാൻ വിശ്വസിച്ചു. കേൾക്കുവാൻ ആരും ഇല്ലാത്തതു കൊണ്ട് മതിമറന്നു പാടി കുളിച്ചു.
"സമയമില്ല.വേഗം കുളിക്കു മോളായി"..അമ്മ പറഞ്ഞു.
മോളായി എന്നത് ചേട്ടൻ എനിക്ക് കുഞ്ഞിലെ സമ്മാനിച്ച പേരാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായ "മോളായി" ആണ് ഞാൻ.
ഞാൻ പാട്ടുപാടി നിർത്തിയതും 5.45 നു ആൾ ഇന്ത്യ റേഡിയോ എന്നെ തോല്പിച്ചു അമ്മുമ്മ യുടെ മുറിയിൽ നിന്ന് "വന്ദേ മാതരം! സുജലാം സുഫലാം മലയജ ശീതളാം.." വീടിന്റെ ചുവരുകളെ തട്ടിയുണർത്തി.
വേഗം കുളികഴിഞ്ഞു എനിക്കേറെ പ്രിയപ്പെട്ട നീല ഉടുപ്പുമിട്ടു എന്റെ മുറിയുടെ വടക്കേവശത്തുള്ള അലമാരിയുടെ കണ്ണാടിയിൽ നോക്കി ചൂണ്ടുവിരലിനാൽ കണ്ണെഴുതി വിരലിൽ ബാക്കിയുള്ളത് മുടിയിൽ തേച്ചുകളഞ്ഞു. ഒരു പൊട്ടും എടുത്തു തൊട്ടതും ഞാൻ തയ്യാറായി. സ്കൂളിൽ പഠിക്കുന്ന കാലത്തു എന്റെ ഒരുക്കം അത് മാത്രമാണ്. ഷിൻഗാർ കണ്മഷിയും , ശിൽപയുടെ കറുത്ത പൊട്ടും.
അമ്മയും ഞാനും ചേട്ടനും അച്ഛനും കൂടി എരുമേലിയിൽ നിന്നും ചാക്കുലത്തുക്കാവിലേക്ക് യാത്രതുടങ്ങി. ജീപ്പിന്റെ പിൻസീറ്റിലിരുന്നു യാത്ര തുടങ്ങി ഒരു അഞ്ചു മിനിറ്റു ആയിട്ടുണ്ടാകും ഞാൻ ഉറങ്ങിപ്പോയി.
കർപ്പൂരഗന്ധവും മണിമുഴക്കവും എന്റെ കാതുകളെ നിദ്രയിൽ നിന്നും ഉണർത്തി. കണ്ണുതുറന്നതും അമ്പലത്തിന്റെ പാർക്കിങ്ങിൽ എത്തിയിരുന്നു. മുടിയൊക്കെയൊതുക്കി പാദരക്ഷകൾ അഴിച്ചു വണ്ടിയിൽ വെച്ചു അമ്പലത്തിന്റെ ഇടത്തുവശത്തുള്ള കുളത്തിന്റെ പടവുകളിറങ്ങി കാലുകൾ കഴുകി കുളത്തിനു നേരെ എതിർവശത്തുള്ള വഴിപാട് കൗണ്ടറിൽ നിന്നും അമ്മ കുറെ വഴിപാടിനുള്ള രസീതും എഴുതിവാങ്ങി ഞങ്ങൾ അമ്പളത്തിലേക് നടന്നു.
ചെറിയൊരു വരിയിൽ നിന്നെങ്കിലും അതികം താമസിക്കാതെ അമ്പളത്തിനുള്ളിൽ കയറി ദേവിയെ തൊഴുതു വണങ്ങി. ചുവന്ന കുറി നെറ്റിയിൽ തൊട്ടു ദേവികടാക്ഷം ലഭിച്ച ഒരു അനുഭൂതിയോടെ വലം വെച്ചു മറ്റു പ്രതിഷ്ഠകൾ തൊഴുതു നാരങ്ങാ വിളക്ക് ആൽത്തറയിൽ കത്തിച്ചു പ്രാർത്ഥിച്ചാൽ പഠനത്തിൽ ശോഭിക്കും എന്ന അമ്മയുടെ വിശ്വാസവും പൂർത്തീകരിച്ചു ചക്കുലത്തുക്കാവിലമ്മയുടെ പ്രസിദ്ധമായ പായസവും കഴിച്ചു ജീപ്പിന്റെ പിൻസീറ്റിലിരുന്നു മടക്കയാത്ര തുടങ്ങി.
വഴിയിൽ അച്ഛന് ദിശതെറ്റിയതായി തോന്നി.അന്ന് ഫോണിൽ gps ഇല്ലാത്തതുകൊണ്ട് വഴിയിൽ ആരോടെങ്കിലും ചോദിക്കുവാൻ അച്ഛൻ തീരുമാനിച്ചു.കുറച്ചു ദൂരെ രണ്ടു പേരു നടന്നു പോകുന്നതിനു അടുത്ത് അച്ഛൻ വണ്ടി നിർത്തി.
നേർത്ത ശരീരമുള്ള ഉയരം കുറഞ്ഞ 65-70 വയസ്സ് തോന്നിക്കുന്ന മുഖമാകെ ചുളിഞ്ഞ ഒരു മനുഷ്യനും,കൂടെ ഒരു 40 വയസ്സ് തോന്നിക്കുന്ന തടിച്ച ശരീരമുള്ള ഒരാളുമുണ്ടായിരുന്നു.
അവരും നഗരത്തിലോട്ടാണ് എന്ന വ്യാജേന വണ്ടിയിൽ കൂടെ വരാം എന്ന് പറഞ്ഞു. പ്രായമായവർ അല്ലെ എന്ന് കരുതി അച്ഛൻ അവരെ വണ്ടിയിൽ എന്റെ ഒപ്പം പിൻസീറ്റിൽ കയറുവാൻ അനുവദിച്ചു.
70 വയസ്സ് തോന്നിക്കുന്ന എന്റെ മുത്തച്ഛന്റെ പ്രായമുള്ള അയാൾ എന്റെ അടുത്തിരുന്നപ്പോൾ എനിക്ക് ഭയമില്ലായിരുന്നു.10 വയസ്സിലെ നിഷ്കളങ്കത നിറഞ്ഞ മനസ്സിലെ വിശ്വാസങ്ങൾ അടിച്ചമർത്തുന്നതായിരുന്നു അന്നത്തെ ആ ദിവസം.
ഇന്നും ഞാൻ വെറുക്കുന്ന അതേ സിഗരറ്റിന്റെ രൂക്ഷഗന്ധം അന്നും അയാളുടെ ശരീരത്തിലും വസ്ത്രങ്ങളിലും നിന്ന് വമിക്കുന്നുണ്ടായിരുന്നു.
വെള്ള ജുബ്ബയും,വെളുത്ത മുണ്ടും ധരിച്ചിരുന്ന അയാളുടെ ഇടത്തെ കൈ എന്റെ വലത്തേ തുടയുടെ മേലെ പതിഞ്ഞു. കൈ ഞാൻ തട്ടിമാറ്റിയപ്പോൾ അയാളെന്നെ കണ്ണുകളിറുക്കി കാണിച്ചു വീണ്ടും കൈ എന്റെ തുടയിൽ വെച്ചു. ആദ്യം ഒന്ന് ഭയന്നെങ്കിലും ഉറക്കെ ഞാൻ പറഞ്ഞു.
"അച്ഛാ,ഇയാളെന്റെ കാലിൽ പിടിക്കുന്നു.."
അപ്പോഴേക്കും നഗരത്തിന്റെ തുടക്കത്തിൽ ഞങ്ങൾ എത്തിയിരുന്നു.ഇതുകേട്ട അച്ഛൻ വണ്ടിയുടെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി.എന്റെ ചേട്ടൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അയാളെ വണ്ടിയിൽ നിന്ന് പിടിച്ചുവലിച്ചിറക്കി അടിക്കുവാൻ തുടങ്ങി. നല്ല ഉയരവും തടിച്ച ശരീരവുമുള്ള ചേട്ടന്റെ "മോളായി" യുടെ ശരീരത്തു കൈവെക്കുന്നവന്റെ കൈവെട്ടുവാനുള്ള രോഷം അന്നാമുഖത്ത് ഞാൻ കണ്ടു. ബഹളം കേട്ട് നാടുണർന്നു നാല് ദിശയിൽ നിന്നും ആളുകൾ ഓടിക്കൂടി.
അമ്മയാകെ വിഷമിച്ചു.അച്ഛൻ ചേട്ടനെ പിടിച്ചു മാറ്റുവാൻ ശ്രേമിച്ചുകൊണ്ടേയിരുന്നു. ഇല്ലെങ്കിൽ ആ വൃദ്ധന്റെ ശവദാഹം അന്ന് നടത്തേണ്ടി വരും.
"ഇവരെയൊക്കെ പിടിച്ചു പോലീസ് സ്റ്റേഷനിൽ എത്തിക്കണം. " ചേട്ടൻ പറഞ്ഞു.
അച്ഛനുമ്മമയും ആകെ വിഷമിച്ചു.ഞാൻ കരഞ്ഞില്ല. കരയാൻ തോന്നിയില്ല.അന്നും ഇന്നും മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുവാൻ ആണ് എനിക്ക് ഇഷ്ട്ടം.
എന്റെ ഭാവിയെയോർത്തു തിളയ്ക്കുന്ന ചോരയുടെ ചങ്കൂറ്റത്തോടെ നിൽക്കുന്ന ചേട്ടനെ അച്ഛൻ സമാധാനിപ്പിച്ചു. അയാൾ ആ നാട്ടുകാരനായിരുന്നു. നാട്ടുകാരുടെ മുന്നിൽ വെച്ച് ചെന്നായയുടെ തോൽ വലിചുരിഞ്ഞ ആശ്വാസമായിരുന്നു എനിക്ക്.
അങ്ങനെ അമ്മ എന്നെ പിൻസീറ്റിൽ നിന്നും ഇറക്കി മാറോടണച്ചു മുൻസീറ്റിൽ കൂടെ ഇരുത്തി."മോളുടെ കൂടെ അവരെ ഇരുത്തുവാൻ അനുവദിക്കരുതായിരുന്നു." അമ്മ അച്ഛനോട് പറഞ്ഞു.
"ഇത്രയും പ്രായമുള്ള മനുഷ്യൻ അല്ലെ.ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല." അച്ഛൻ പറഞ്ഞു.
ഇടയ്ക്കു നിർത്തിയ ആ മടക്കയാത്ര ഞങ്ങൾ വീണ്ടും ആരംഭിച്ചു. ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തി വസ്ത്രം മാറി വീട്ടിൽ ധരിക്കുന്ന വസ്ത്രവും ഇട്ടു വരാന്തയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛന്റെ അടുത്ത് ഞാൻ ചെന്നിരുന്നു.
"മോളെ അയാൾ ഉപദ്രവിച്ചോ?"
"ഇല്ല, അച്ഛാ. കൈ കാലിൽ വെച്ച്..അപ്പോഴേക്കും ഞാൻ അച്ഛനെ വിളിച്ചില്ലേ.."
"ഉം,പെൺകുട്ടികൾ ആയാൽ ഇങ്ങനെയുള്ള ഉപദ്രവങ്ങൾ ഇനിയുമുണ്ടാകാം. മോൾ,ശ്രദ്ധിക്കണം. എന്റെ തെറ്റാണ് മോളെ..."
"സാരമില്ല അച്ഛാ... "
19 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ആ നേർത്ത ശരീരമുള്ള ഉയരം കുറഞ്ഞ വെളുത്ത മീശയും നരച്ചമുടിയുമുള്ള ആ വൃദ്ധന്റെ മുഖം എന്റെ ഹൃദയത്തിൽ പച്ചക്കുത്തിയപോലെ മായാതെ കിടക്കുന്നു. അങ്ങനെ മറക്കുവാനാകില്ലലോ ആ കഴുകന്റെ മുഖം ഒരു പെൺകുട്ടിക്കും.
©ഡോ.ഷിനു ശ്യാമളൻ

വേളി

വേളി 💞
മഞ്ഞായുരുകി നിൻ അധരങ്ങളിൽ
മഞ്ഞുനീർക്കണമായി പൊഴിയണം
മാറിലൂടൊരു പുഴയായിയൊഴുകി
മധുവിധു നുകർന്നു രുചിക്കണം
മഞ്ഞിൽ കുളിരണിഞ്ഞൊരു
മകരമാസത്തിലെൻ വേളിയായി
മണിയറയിൽ സുഗന്ധംചൊരിയും
മന്ദാരപുഷ്പമായി നീയണയുംനേരം
മാണിക്യക്കല്ലിൽ കൊത്തിയ വെൺശില്പമേ
മണിനാദം പൊഴിയും അധരങ്ങളെ
മൃദുശയ്യ ചുംബിച്ചുണർത്തുവാൻ വെമ്പുന്ന
മലർകൊടിയാണിന്നു ഞാനോമലെ
മുടിയിഴകളിലൊളിച്ചു വാരിപുണർന്നു
മിഴികളിൽവിരിയും കവിതയിലലിഞ്ഞു
മനമൊന്നായി കെട്ടുപിണഞ്ഞൊരു
മെയ്യായി രാവുറങ്ങാതുറങ്ങീടാം
©ഡോ. ഷിനു ശ്യാമളൻ


ഒരേ രക്തത്തിൽ പിറന്ന സ്വന്തം ചേട്ടൻ

ഒരേ രക്തത്തിൽ പിറന്ന സ്വന്തം ചേട്ടൻ നേരിയ നിലാവെളിച്ചത്തിൽ കല്ലിൽതട്ടിവീണ അനിയന് നേരെ മുഖം തിരിച്ചു. അവന്റെ വേദനയുടെ നിലവിളിയ്ക്കു മുൻപിൽ അവർ കാതുകൾ പൊത്തിപിടിച്ചു.
ഒറ്റപ്പെട്ട 3 ഏക്കർ പറമ്പിനു നടുവിലായി രണ്ടു വീടുകളിലായിരുന്നു രമേശും അവന്റെ ചേട്ടൻ സുധിയും താമസിച്ചിരുന്നത്. അവരുടെ വിവാഹത്തിന് ശേഷം ചെറിയ പൊട്ടലും ചീറ്റലിലും തുടങ്ങിയ കുടുംബപ്രശ്നങ്ങൾ വളർന്നൊരു കൂറ്റൻ മരമായി ആ വീടിനെ രണ്ടായി പിളർന്നു. വഴക്കൊഴിയാത്ത ദിവസങ്ങൾ കണ്ടുമടുത്ത അവരുടെ അച്ഛനുമമ്മയും വീടും സ്‌ഥലവും ഭാഗം വെച്ച് രണ്ടുപേരുടെയും വഴക്കിന് വിരാമമിട്ടുകൊണ്ട് നാടകത്തിന് തിരശീലയിട്ടു.
പക്ഷെ രണ്ടു വീടുകളിലും അവർ അന്യരെ പോലെ ജീവിച്ചു, പരസ്പരം കണ്ടാൽപ്പോലും മുഖം തിരിച്ചു നടക്കുന്ന ശത്രുകളെ പോലെ അവർ പെരുമാറി.
‌അടുത്തുള്ള വീടുകളിൽ താമസിച്ചാൽ രക്തബന്ധമായാലും ഒലിച്ചു പോകുമെന്ന് ഇതുകണ്ട് കാണിതള്ള നാടുനീളെ പാടിനടന്നു. അതുകേട്ട നാട്ടുകാരും കാണിതള്ളയെ ശെരിവെച്ചു. നാട്ടിലെ സ്ത്രീകൾക്ക് പിറുപിറുക്കാൻ പുതിയൊരു നേരമ്പോക്കായി. മറ്റുള്ളവരുടെ സങ്കടത്തിൽ മാറിനിന്നു ചിരിക്കാൻ ഒരായിരം പേരുണ്ടാകും കൂടെ നിന്ന് കരയുവാൻ ഒന്നോ രണ്ടോ ആളുകൾ കൂടെയുണ്ടായാൽ ഭാഗ്യം.
‌
‌ബോധരഹിതനായി പറമ്പിൽ കിടക്കുന്ന രമേശിന് കൂട്ടിനു റബ്ബറും, തെങ്ങും, കൂട്ടിൽചേക്കേറിയ പക്ഷികളും മാത്രം. ഇതൊന്നും അറിയാതെ രമേശിന്റെ ഭാര്യയും മകളും 20 കിലോമീറ്റർ ദൂരെയുള്ള അവളുടെ വീട്ടിലായിരുന്നു.
കുഴിമാടത്തിൽ അഗാധനിദ്രയിലാണ്ട അമ്മയ്ക്കും അച്ഛനും പോലും നോവുണർത്തുന്ന കാഴ്ച്ചയായിരുന്നത്
മണ്ണിലലിഞ്ഞ അച്ഛന്റെയും അമ്മയുടെയും ആത്മാവ് പോലും ഒന്ന് പിടഞ്ഞു. എന്നിട്ടും സ്വന്തം ചേട്ടന്റെ മനസ്സലിഞ്ഞില്ല.
‌
‌ഭാഗം വെച്ചപ്പോളും വീട് അനിയന് കൊടുത്തു, താൻ സ്വയം കഷ്ടപ്പെട്ട് വീടുണ്ടാക്കി എന്നു സുധി മനസ്സിൽ പറഞ്ഞു. കുഞ്ഞുനാളിൽ മുതൽ "അവൻ കുഞ്ഞാണ്" എന്ന് കേട്ട് പഴകിയ ആ വാക്കുകൾ അവന്റെ കാതുകളിൽ ആരോ മന്ത്രിച്ചു. ജനവാതിലിലൂടെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന സുധിയുടെ കാതുകളിൽ ആ വാക്കുകൾ അശരീരിയായി മുഴങ്ങിക്കൊണ്ടിരുന്നു. ഇടിമിന്നൽ തന്റെ കാലടികളിലൂടെ പ്രഹരിച്ചു ദേഹമാകെ പടരുന്നത് പോലെ അവനു തോന്നി.താന്നിരിക്കുന്ന ചാരുകസേരയിൽ നിന്ന് ഏതോ ദിവ്യശക്തി അവനിൽ ഉയിർത്തേറ്റതുപോലെ അവൻ ഊർജ്ജസ്വലനായി ചാടി എഴുന്നേറ്റതും സുധിയോട് ഭാര്യ ചോദിച്ചു:
‌"എങ്ങോട്ടാ ചേട്ടാ"
‌"അകത്തിരിക്കുന്ന ടോർച്ച് എടുക്ക്"
‌""എന്തിനാ?"
‌"നിന്നോട് എടുക്കാനല്ലേ പറഞ്ഞേ?"
‌
‌ക്ഷുഭിതനായി കോരിത്തരിച്ചു നിൽക്കുന്ന സുധിയെ കണ്ടവൾ ഭയന്നു. അവൾ പേടിച്ചരണ്ടു ഒരടി പിന്നോട്ടു വാങ്ങി. മുറിയിൽ പോയി ടോർച്ച് എടുത്തവൾ വേഗം തിരികെ വന്നു സുധിയ്ക്കു കൊടുത്തു.
‌
‌തടിവാതിൽ തുറന്നവൻ ഒരുകൈയിൽ ടോർച്ചും, മറുകൈയ്യിൽ ഫോണുമായി പറമ്പിലേക്കു നടന്നു.പുൽനാമ്പുകളും, തൊട്ടാവാടിയും ചവിട്ടി അവൻ വേഗത്തിൽ നടന്നു രമേഷിന്റെ അടുത്തെത്തി.
‌
‌മദ്യത്തിന്റെ രൂക്ഷഗന്ധവും, മുഷിഞ്ഞ വസ്ത്രങ്ങളും രക്തത്തിൽ കുളിച്ചുകിടക്കുന്ന രമേശും.തല കല്ലിലിടിച്ചു ആഴത്തിൽ മുറിഞ്ഞു ചോര വാർന്നൊഴുകുന്നു.അവൻ ഉടുത്തിരുന്ന മുണ്ടിന്റെ താഴ്വശം കീറി അവന്റെ മുറിവ് മുറുക്കികെട്ടി. അപ്പോഴേക്കും കൈയിൽ റാന്തലുമായി സുധിയുടെ ഭാര്യ അവരുടെ അടുത്തെത്തി.
‌
രമേശിനെ താങ്ങിയെടുത്തു രണ്ടുപേരും കൂടെ കാറിനു അടുത്തേക്കു നടന്നു.
"പോയി , താക്കോൽ എടുത്തിട്ട് വാ"
അവൾ കാറിന്റെ താക്കോൽ എടുത്തു സുധിയുടെ കൈയിൽ കൊടുത്തതും അവൾ പറഞ്ഞു
"പുതിയ കാറാണ്..കാറിന്റെ സീറ്റ് മുഷിയില്ലേ"
"മിണ്ടരുത്, നീ ഒറ്റൊരുത്തിയാണ് എല്ലാത്തിനും കാരണം..കുടുംബം നശിപ്പിച്ചവൾ.."
സുധി അവനെ താങ്ങി കാറിന്റെ പിൻസീറ്റിൽ കിടത്തി.ചോരയിൽ കുളിച്ച അവന്റെ മുഖം സുധി ഒന്നേ നോക്കിയുള്ളൂ. വേഗം തന്നെ വണ്ടിയെടുത്തവർ ആശുപത്രിയിലേക്കു തിരിച്ചു.
അരമണിക്കൂറിനുള്ളിൽ അവർ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി. അവനെ സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്കു കൊണ്ടുപോയി.
പുറത്തുകിടക്കുന്ന രണ്ടു കസേരകളിൽ അവർ ഇരുന്നു.ചോരയിൽ കുതിർന്ന അവരുടെ വസ്ത്രം എല്ലാവരും നോക്കുന്നുണ്ടായിരുന്നു.
സുധി ഇതൊന്നും ശ്രദ്ധിക്കാതെ കുറ്റബോധത്തിന്റെ ആഴക്കടലിൽ മനഃസാക്ഷിയുടെ തടങ്കലിൽ ആയിരുന്നു.
കുറച്ചു നേരത്തിനു ശേഷം ഡോക്ടർ കൂട്ടിരുപ്പുകാരെ അന്വേഷിച്ചു. കസേരയിൽ നിന്നുമെഴുന്നേറ്റു സുധി ഡോക്ടറുടെ അടുത്തേക്ക് യാന്ത്രികമായി നടന്നു.
"സോറി,...വളരെ വൈകിപ്പോയി. ഒരുപാട് രക്തം പോയി.നല്ല ആഴത്തിൽ തലയിൽ മുറിവുണ്ട്.ഒരൽപം നേരത്തെ കൊണ്ടുവന്നിരുനെങ്കിൽ..."
ഇടറിയ കാലടികൾ പിന്നോട്ട് അടിവെച്ചു പുറകിലുള്ള ഭിത്തിയിൽ തട്ടിനിന്നു.
"ഞാനാണവനെ കൊന്നത്. തിരിഞ്ഞു നോക്കാത്ത ദുഷ്ടനായ അവന്റെ ചേട്ടൻ..എന്നോട് ക്ഷമിക്കു ഉണ്ണി..." ഒരു ഭ്രാന്തനെപോലെ അവൻ രണ്ടുകൈയും തലയിൽ അടിച്ചു ഉറക്കെ കരഞ്ഞു."ഈ കൈയിൽ കൊണ്ടുനടന്നു വളർത്തിയതാ ഞാൻ അവനെ, ഞാൻ തന്നെ കൊന്നല്ലോ..എന്റെ ഉണ്ണീ. "
5 വർഷങ്ങൾക്കു ശേഷം...
ആ ചാരുകസേരയിൽ ജനവാതിലിലൂടെ വിദൂരതയിലൂക്ക് നോക്കി ഏതോ സ്വപ്നലോകത്തിൽ സുധിയിരുപ്പുണ്ട്. ആരോടെന്നില്ലാതെ ചേഷ്ടകൾ കാണിക്കും.
ആ ദുരന്തത്തിന് ശേഷം സുധി ആരോടും ഒന്നും സംസാരിക്കാറില്ല.. നീണ്ട നാളത്തെ ചികിത്സയും മരുന്നും വിഫലം.
വിധിയുടെ ശാപം പേറിയ ആ ദുരന്തത്തിന്റെ നേർകാഴ്ചകളായി ഇന്നും ആ വീട്ടിൽ സുധിയുണ്ട്. കാഴ്ചക്കാരായി സുധിയുടെ ഭാര്യയും,മകളും പിന്നെ ചുളിഞ്ഞു നേർത്ത അവന്റെ കാലുകളെയും ജനലഴികളെയും ബന്ധിക്കുന്ന ചങ്ങലകളും..
©ഡോ. ഷിനു ശ്യാമളൻ

ഞാനറിഞ്ഞീല-

മുളച്ചൊരുനാൾ ഞാനറിഞ്ഞീല-
യെൻ ബദ്ധശത്രു നീയാണെന്നു മർത്യാ
ബാല്യത്തിൽ തെളിനീരു നൽകി
യെന്നെ സ്നേഹിച്ചതെന്തിന്?
കൗമാരത്തിലെൻ പൂക്കൾ
നുള്ളി നീയെന്നെ നോവിച്ചു
യൗവ്വനമാകെ പുകശ്വസിച്ചു
ശ്വാസകോശം പാതിനിറഞ്ഞു
മലിനജലത്തിൽ നീരാടിയെൻ
കാലടികൾ ബലക്ഷയമായി
ഊഞ്ഞാൽ വലിഞ്ഞു മുറുകിയെൻ
കരങ്ങൾ ചോരപൊടിഞ്ഞു
പാപിയാമെന്നോട് നിൻകനിവൊ-
ന്നുണരൂ , ഞാനെന്ന പാഴ്ജന്മം
പിഴുതു നീ വലിച്ചെറിയു
ശാപമോക്ഷമേകു, മോക്ഷമേകു
ഞാനറിഞ്ഞീലയെൻ ബദ്ധശത്രൂ
നീയാണെന്നു മർത്യാ.
©ഡോ. ഷിനു ശ്യാമളൻ

ഓർമ്മക്കായി

ഓർമ്മക്കായി
_____________
മഷിച്ചാലിച്ചെഴുതിയ നീലനയനങ്ങൾ
മയിൽപ്പീലിപ്പോൽ വിടർന്ന അധരങ്ങൾ
മനതാരിൽ വിരിഞ്ഞൊരാ കുസുമങ്ങൾ
മിന്നിതിളങ്ങുന്നിന്നുമെൻ ഓർമ്മകളിൽ
മനമൊന്നായി കൊഴിഞ്ഞ നാളുകൾ
മെയ്യൊന്നായി നടനമാടിയ ചുവടുകൾ
മറവുചെയ്തൊരാ ഓർമ്മകൾ
മുളച്ചൊരുനൂറു കൂണുകളായീടാം
മഴയിലലിഞ്ഞ സിന്ദൂരം നിൻ
മാറിലൂടൊഴുകി നീയലിഞ്ഞ-
മണ്ണിലൊലിച്ചെൻ വിരിമാറിലു-
മ്മവെച്ച നിദ്രാവിഹീന രാവുകൾ
മണ്ണോടുച്ചേർന്ന നിന്നോടു
മനം നേരുന്നു സുഖനിദ്ര
മൗനംസാക്ഷിയായി നിന്നോടൊപ്പ-
മണയുവാൻ നോമ്പുനോറ്റീടാം.
ഡോ. ഷിനു ശ്യാമളൻ

#സുധയുടെ #ആദ്യാനുരാഗം

സഹിക്കാൻ പറ്റാത്ത കടുത്ത വയറുവേദന സുധയ്ക്കു അനുഭവപ്പെട്ടു. സ്കൂളിന്റെ മുകളിലത്തെ നിലയിലുള്ള എട്ടാം ക്ലാസ്സിലെ ബിനുസാറിന്റെ കണക്കു ക്ലാസ്സുകൂടിയായപ്പോൾ തലച്ചോറിലൂടെ ഇടിമിന്നൽ പ്രഹരിക്കുന്നതുപോലെ അവൾക്കു തോന്നി.പുസ്തകത്തിലേക്ക് തലയമർത്തി കിടക്കുന്ന അവളോട് സർ ചോദിച്ചു:
"എന്തുപറ്റി സുധേ"
"നല്ല വയറുവേദന സർ"
"അഞ്ജു, നീ ഇവളെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോകൂ"
"ശരി സർ"
വരാന്തയിലൂടെ നടന്നു കോണികൾ ഇറങ്ങി താഴത്തെ നിലയിലെ വലതുവശത്തുള്ള രണ്ടാമത്തെ മുറിയിലേക്കു അഞ്ചു സുധയെ കൂട്ടിക്കൊണ്ടുപോയി ബിന്ദു ടീച്ചറിന്റെ അടുത്ത് ഇരുത്തി.
നല്ല ഉയരമുള്ള നീണ്ടകണ്ണുകളുള്ള മുട്ടോളം മുടിയുള്ള സുന്ദരിയായ ബിന്ദു ടീച്ചറിന്റെ ക്ലാസ്സിലിരിക്കാൻ ആൺകുട്ടികൾക്കൊക്കെ എന്തോരു ഇഷ്ടമാണെന്നോ.
അഞ്ജു സുധയെ ടീച്ചറിന്റെ അടുത്തിരുത്തി സുധയുടെ ദേഹോസ്വാസ്ഥ്യം ടീച്ചറിനോട് പറഞ്ഞു ക്ലാസ്സിലേക്ക് മടങ്ങി.
ടീച്ചർ ഒരു വേദനസംഹാരി ഗുളിക സുധയ്ക്കു കൊടുത്ത് അടുത്തുള്ള ബെഞ്ചിൽ അവളെ കിടത്തി.അതു കഴിച്ചു ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ വേദനയ്ക്കൊരല്പം ശമനം കിട്ടി. പക്ഷെ അവൾക്കു അടിവസ്ത്രത്തിൽ പതിവില്ലാത്ത നനവ് അനുഭവപ്പെട്ടു. വല്ലാത്ത ആകുലതയോടെ അവൾ ടീച്ചേറിനോട് പറഞ്ഞു:
"ടീച്ചർ , എനിക്ക് എന്തോ പോലെ.ഒന്ന് ബാത്‌റൂമിൽ പോകണം"
"ശരി,പോയി വരൂ"
സ്റ്റാഫ്റൂമിന്റെ പടിഞ്ഞാറേ വശത്തുള്ള വാതിലിലൂടെ കടന്ന് അടുത്തുള്ള ബാത്റൂമിലേക്ക് അവളോടി.
കട്ടപിടിച്ച കടുംചുവന്ന ചോരക്കറ അവളുടെ അടിവസ്ത്രത്തിൽ പറ്റിപിടിച്ചിരിക്കുന്നു. അതുകൂടെ കണ്ടപ്പോൾ ഭൂമി അവൾക്കു ചുറ്റും കറങ്ങുന്നതുപോലെ തോന്നി.
മെല്ലെ നടന്നവൾ ബിന്ദു ടീച്ചറിന്റെ അടുത്തെത്തി.
"ടീച്ചർ,എനിക്ക് മെൻസസ് ആയി."
"ഹോ,അപ്പൊ അതിന്റെയായിരുന്നല്ലേ വയറുവേദന"
ടീച്ചർ സ്റ്റാഫ്റൂമിന്റെ കിഴക്കേവശത്തുള്ള തടിയലമാരിയിൽ നിന്നും പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് പെട്ടി തുറന്ന് അതിൽ നിന്നും അന്നേവരെ അവൾ ടി.വി.യിൽ പരസ്യങ്ങളിൽ മാത്രം കണ്ടിരുന്ന പഞ്ഞികെട്ടുപോലത്തെ പാഡ് അവൾക്ക് നൽകി.
വീണ്ടും ബാത്റൂമിൽ പോയി തിരികെവന്ന അവളോട് ടീച്ചർ തിരക്കി:
"സുധേ,നിനക്ക് വയറുവേദന കുറവുണ്ടോ?"
"ഉണ്ട്,ടീച്ചർ"
"ശരി,എന്നാൽ നീ ക്ലാസ്സിലേക്ക് പൊയ്‌ക്കൊള്ളു"
മെല്ലെ കോണിപ്പടികൾ കയറി വരാന്തയിലൂടെ താഴെ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികളെ നോക്കിക്കൊണ്ടവൾ തിരികെ ക്ലാസ്സിലെത്തി.
ക്ലാസ്സിന്റെ വലത്തേവശത്താണ് പെൺകുട്ടികൾ ഇരിക്കുന്നത്. ആൺകുട്ടികൾ മുറിയുടെ ഇടത്തെവശത്തുള്ള ബെഞ്ചിലും.വലത്തുവശത്തുള്ള രണ്ടാമത്തെ ബെഞ്ചിൽ അഞ്ജുവിന്റെ അടുത്ത് പോയി സുധയിരുന്നു.
അവളുടെ ഇടത്തെ കൈയ്യിൽ കെട്ടിയിരിക്കുന്ന കറുത്ത സ്ട്രാപ്പുള്ള വാച്ചിൽ അവൾ പതിവില്ലാതെ ഇടക്കിടയ്ക്ക് നോക്കി. സമയം 2 കഴിഞ്ഞു. ഇനി 2 മണിക്കൂർ കൂടെ കഴിയണമല്ലോ ഭഗവാനെ എന്നവൾ മനസ്സിൽ പറഞ്ഞു. ഓരോ നാഴികയും വിനാഴികയും അളന്നുപ്പെറുക്കി അവൾ സമയത്തെ പിന്നോട്ടു തള്ളി നീക്കി.
സൂചി കറങ്ങി 4 മണിയായതും ദേശീയഗാനം കഴിഞ്ഞതും ബെല്ലടിച്ചതും പുസ്തകങ്ങൾ കൊണ്ട് ഊതിവീർപ്പിച്ച ബലൂൺ പോലെ വീർത്ത അവളുടെ നീലനിറത്തിലുള്ള സ്കൂൾ ബാഗും ചുമന്ന് വരാന്തയിലൂടെ പടികളിറങ്ങി അവളുടെ കൂട്ടുകാരി അഞ്ജുവിനുമൊത്ത് അവൾ സ്കൂൾ ബസ്സിന്റെ അടുത്തേക്കോടി.
ബസിന്റെ ജനവാതിലിനരികിലുള്ള ഇരിപ്പിടത്തിനായി എല്ലാവരും തിക്കുംതിരക്കും കൂട്ടുന്നുണ്ടായിരുന്നു. അഞ്ജുവിനും ഒരു വിൻഡോ സീറ്റ് കിട്ടി.അവളുടെ അടുത്തായി സുധയുമിരുന്നു. എല്ലാവരും കയറിയതും ബസ് മെല്ലെ നീങ്ങിത്തുടങ്ങി.
"അഞ്ജു, എനിക്ക് പീരിയഡ്‌സ് ആയി."
"എനിക്ക് കഴിഞ്ഞ വർഷമായെടി.നീ പേടിക്കണ്ട. എല്ലാമാസവും വരും.. അത് അങ്ങനെയങ്ങു പോകും. ഈ ആൺകുട്ടികളെ കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. ഇതൊന്നും അവർക്കു അറിയണ്ടല്ലോ"
"ഉം"
"എന്ത് ഉം. വാ തുറന്ന് സംസാരിക്കെടി"
പിന്നോട്ടു ഓടിമറയുന്ന കാഴ്ച്ചകൾ കണ്ടു മനസ്സിലൊരുപാട് ചിന്തകളിലേക്ക് അവളറിയാതെ വഴുതിവീണു. ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത വയറുവേദന,മാനസിക പിരിമുറുക്കം എല്ലാം അവളെ വല്ലാതെ തളർത്തുന്നത് പോലെ അവൾക്കു തോന്നി.
"അഞ്ജു,എന്റെ പാവാടയിൽ കറ പുരണ്ടുവോ എന്ന് നീ നോക്കണം."
"നീ ബാഗ് തോളിൽ ഇട്ടാൽ മതി,ആരും ശ്രദ്ധിക്കില്ല.ഇനിയഥവാ പറ്റിയാൽ തന്നെ വീട്ടിലോട്ടല്ലേ.ഇതൊന്നും ഓർത്തു നീ നാളെ സ്കൂളിൽ വരാതെയിരിക്കരുത്. ഞാൻ കാത്തിരിക്കും"
"ഉം"
ഇരുപതു മിനിറ്റു കഴിഞ്ഞിട്ടുണ്ടാവും. അവളുടെ വീടിനുമുൻപിൽ സ്കൂൾ ബസ്സ് നിറുത്തി.
ബാഗ് തോളിലിട്ട് അഞ്ജുവിനെ തിരിഞ്ഞു നോക്കി കറ പുരണ്ടിട്ടുണ്ടോ എന്നവൾ മനസ്സിൽ ചോദിച്ചു. കണ്ണിറുക്കി കാണിക്കുന്ന അഞ്ജുവിനെ നോക്കിയവൾ കൈകൾ വീശി യാത്ര പറഞ്ഞു.
പച്ചപൂശിയ വീടിന്റെ ഉമ്മറത്ത് അവളെയും കാത്തു അച്ഛൻ പത്രം വായിച്ചു ചായ കുടിച്ചിരിപ്പുണ്ടായിരുന്നു. മുറ്റത്തിന്റെ കിഴക്കേവശത്തുള്ള തടികൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂട്ടിൽ നിന്നും "കുട്ടു " എന്ന നായ അവളെ നോക്കി വാലാട്ടുന്നുണ്ടായിരുന്നു.അച്ഛൻ ചോദിച്ചു:
"എന്താ മോളെ,മുഖം വല്ലാതെയിരിക്കുന്നേ?"
"വയറുവേദന"
അമ്മേ.... എന്ന നീണ്ട വിളിയോടു കൂടി അവൾ അടുക്കളയിലേക്കോടി.
അമ്മയുടെ അടുത്തേക്ക് ഓടുന്നതിടുക്കത്തിൽ അവൾ ബാഗുപോലും താഴെവെക്കുവാൻ മറന്നു.
ഗ്യാസടുപ്പിൽ തിടുക്കത്തിൽ ചായയിടുന്ന സുന്ദരിയായ മഞ്ഞസാരിയുടുത്ത അമ്മ അവളോട് പറഞ്ഞു:
"എന്തുവാടീ, വയസ്സ് 13 ആയി..എന്നിട്ടും തൊണ്ടകീറിയുള്ള വിളി നിർത്താറായില്ലേ നിനക്ക്?"
അവൾ അമ്മയോട് കാര്യങ്ങളൊക്കെ വിശദമായി പറയുകയും അമ്മ അവൾക്ക് അനുഭവത്തിന്റെ നിഴലിൽ ഒരുപാട് ഉപദേശങ്ങൾ നൽകുകയും ചെയ്തു:
"നീ വലിയകുട്ടിയായി.. ഇനി ശ്രദ്ധിക്കണം. നിന്റെ സ്തനങ്ങളൊക്കെ ഇനി വലുതാകും. നീ വളരുന്ന പ്രായമാണ്. എന്തുണ്ടെങ്കിലും അമ്മയോട് പറയണം."
"ഉം, വലിയ കുട്ടി..വലിയ കുട്ടി..കേട്ടിട്ടു ദേഷ്യം വരുന്നു..." അവളുടെ കവിളുകൾ ദേഷ്യത്തോടെയും പരിഭവത്തോടെയും ചുവന്നു തുടിച്ചതും അവൾ മുറിയിലേക്ക് ഓടിമറഞ്ഞു.
ആ രാത്രി അനേകം ചോദ്യങ്ങൾ അവളുടെ ചിന്തകളിൽ അലഞ്ഞുതിരിഞ്ഞു അവളുറങ്ങുവാനേറെ വൈകി.
മുറിയുടെ കിഴക്കേവശത്തുള്ള ജനവാതിലിലൂടെ പാതിവിടർന്ന ചന്ദ്രനെ നോക്കി കട്ടിലിൽ കിടന്ന് അവൾ ഈ ചോദ്യങ്ങളൊക്കെ അവനോടു ചോദിച്ച് രാത്രിയുടെ ഓരോ യാമവും അവൾ ആസ്വദിച്ചു. അവളുടെ സങ്കടങ്ങളും,പരിഭവങ്ങളും,സന്തോഷവുമൊക്കെ പങ്കുവെക്കുന്ന ഉറ്റ കളിത്തോഴനായിരുന്നു ചന്ദ്രൻ അവൾക്ക്.ചിന്തകളിലൂടെ സഞ്ചരിച്ചു നിദ്രയുടെ അഗാധങ്ങളിലേക്കു വഴുതിവീണത് അവളറഞ്ഞില്ല.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ക്ലാസ്സിൽ ഇടവേളക്കു അഞ്ജു സുധയോട് പറഞ്ഞു:
"എടി,ആ വിഷ്ണു നിന്നെ എപ്പോഴും നോക്കുന്നുണ്ടലോ?.അവനെന്തിന്റെ സൂക്കേടാ?"
"ആ എനിക്കറിയില്ല.ഞാൻ ശ്രദ്ധിച്ചില്ല."
അവൾ ആ ചോദ്യം വലിയ പ്രാധാന്യം കൽപ്പിക്കാതെ അവഗണിച്ചതുപോലെ അഭിനയിച്ചു.
പക്ഷെ അവളറിയാതെ ആ കറുത്ത കണ്ണാടിവെച്ച, നന്നേ മെലിഞ്ഞ ,പൊക്കം കുറഞ്ഞ ആ കുട്ടിയെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ദിവസങ്ങൾ കഴിയുംതോറും അവളുടെ കണ്ണുകൾ അവനെ തേടിയലഞ്ഞു. സ്കൂളിന്റെ ഓരോ മുക്കിലും കോണിലും അവനെ അവളുടെ മനസ്സ് തേടിയിരുന്നു.
ദൈവമേ,എനിക്കെന്താണ് സംഭവിക്കുന്നത്.എന്തിനാണ് ഞാൻ അവനെ ശ്രദ്ധിക്കുന്നത്. ഇന്നേവരെ എനിക്കിങ്ങനെ ഒന്നും തോന്നിയിട്ടില്ല എന്നവൾ മനസ്സിൽ പറഞ്ഞു.
അന്ന് ക്ലാസ്സ് കഴിഞ്ഞു അവളും അഞ്ജുവും ബസ്സിൽ വീട്ടിലേക്കു മടങ്ങി.പക്ഷെ അവളുടെ വീടിന്റെ മുൻപിൽ ബസ് നിർത്തിയപ്പോൾ ഏതോ സ്വപ്നസഞ്ചാരിയെപ്പോലെ പതിവുകൾ അവൾ തെറ്റിച്ചു. അഞ്ജുവിനോട് യാത്രചോദിക്കുവാൻ അവൾ മറന്നു. അമ്മേ എന്ന നീട്ടിയുള്ള വിളി അന്നേ ദിവസം ആ വീടിന്റെ ചുവരുകളിൽ മുഴങ്ങിക്കേട്ടില്ല.
മ്ലാനമായി കട്ടിലിൽ കിടക്കുന്ന അവളോട് അമ്മ കാര്യം തിരക്കി.
"ഒന്നുമില്ല.. തലവേദനയാണ്.."
"നീ കുറച്ചു നേരം കിടക്കു..ഞാൻ പോകുന്നു."
"ഉം"
നാളിതുവരെ അവൾ ഒരു ആൺകുട്ടിയെക്കുറിച്ചും ചിന്തിച്ചിട്ടില്ല.അവൾക്കാകെ ഭയമായി. അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ശാരീരികവും മാനസികവുമായി വന്നുതുടങ്ങിയിരിക്കുന്നു. അവൾ അമ്മയുടെ അരികിലേക്ക് കട്ടിലിൽ നിന്നും എഴുന്നേറ്റു ഓടി.തുണികൾ മടക്കി അലമാരിയിൽ വെക്കുന്ന അമ്മയെ അവൾ പിന്നിൽനിന്നും ചെന്നു കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.
"എന്താ മോളെ"
"അമ്മേ.."
"എന്താടി.."
"അമ്മേ..എന്റെ ക്ലാസ്സിലെ വിഷ്ണുവിന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു."
"അവൻ നിന്നോട് എന്തെങ്കിലും പറഞ്ഞോ അല്ലെങ്കിൽ ശല്യം ചെയ്തോ?"
"ഇല്ലമ്മേ.."
"പിന്നെയെന്താ മോളെ"
"അവൻ എന്നെ എപ്പോഴും ശ്രദ്ധിക്കുന്നു. ഞാനും അറിയാതെ അവനെ നോക്കുന്നു"
"നീയെന്തിനാ അവനെ നോക്കണേ"
"ഞാനല്ലമേ..അവനാണ് എന്നെ എപ്പോഴും നോക്കണേ"
"മോളെ.. അതൊക്കെ സർവ്വസാധാരണമാണ്. വളരുന്ന പ്രായത്തിൽ അങ്ങനെ പരസ്പരം ആകർഷണം തോന്നും.പക്ഷെ അതിരു കടന്നു ചിന്തകൾ പോകരുതെന്ന് മാത്രം. ഇപ്പോൾ പഠിക്കേണ്ട പ്രായമാണ്.മോൾ ഇപ്പോൾ പഠിക്കുക. അവനെന്തെങ്കിലും ശല്യം ചെയ്താൽ അമ്മയോട് പറയുക. മോൾ ഇനി അവനെ ഓർക്കണ്ട.. എല്ലാം മറന്നേക്കൂ.."
"ഉം"
ആ രാത്രി അവളുടെ ആകുലതകളൊക്കെ ചന്ദ്രനോടു തുറന്നു പറഞ്ഞു. പതിവിലും സുന്ദരനായിരുന്നു വിണ്ണിലെ രാജകുമാരൻ അന്ന്.വിഷ്ണുവിനെ അവൾ ഇനി ഒരിക്കലും ഓർക്കില്ലെന്നു മനസ്സിലുറപ്പിച്ചു..
പിറ്റേ ദിവസം അവനെ കണ്ടില്ലെന്നു അവൾ നടിച്ചു.. ഒരു ദുഷ്ടയെ പോലെ അവൾ പെരുമാറി. തഴയപ്പെട്ടവന്റെ ദുഃഖം അവൾക്ക് അറിയില്ലലോ.. അവൻ ചോദിക്കുവാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറിനടന്നു. ദിവസങ്ങൾ കടന്നുപോയി.അവൾ അവനെ മറന്നു തുടങ്ങിയിരുന്നു.എത്രതന്നെ ജീർണ്ണിച്ച ചിന്തകളും,സ്വപ്നങ്ങളും,അനുഭവങ്ങളും കാലം മനസ്സിനെ സുഖപെടുത്തുവല്ലോ. അതെ ഒരു ദിവ്യ ഔഷധമാണ് "കാലം" എന്ന സത്യം.
കുറെ ദിവസങ്ങൾക്കു ശേഷം അഞ്ജു അവളോട് പറഞ്ഞു:"വിഷ്ണു ഇനിമുതൽ സ്കൂളിൽ വരില്ലെന്നു പറഞ്ഞു. അവന്റെ അച്ഛന് ദുബായിയിൽ ജോലി ശരിയായെന്ന്. അവനും കൂടെ പോകുന്നു എന്ന് നിന്നോട് പറയുവാൻ പറഞ്ഞു."
"നല്ല കാര്യം"
"നീ ഇത്ര ക്രൂരയാവരുത്."
"എനിക്കെന്റെ അമ്മയാണ് വലുത്."
കൂടുതലൊന്നും സുധ അഞ്ജുവിനോട് തിരക്കിയില്ല. പക്ഷെ അവളുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപെട്ടു. ഉടഞ്ഞ സ്വപ്നങ്ങൾക്ക് എന്ത് നഷ്ടബോധം.
12 വർഷങ്ങൾക്കു ശേഷം..
വശ്യമായ മേനിയും, മാൻപേടകണ്ണുകളുമുള്ള ഒരു സുന്ദരീശില്പം പോലെയവൾ വളർന്നിരിക്കുന്നു.
അച്ഛനും അമ്മയും അവളെ വിവാഹത്തിന് നിർബന്ധിച്ചു.
"ദേ ,ഇതൊക്കെ നിനക്ക് വന്ന കല്യാണ ആലോചനകളാണ്. ഇഷ്ടമുള്ള ഫോട്ടോ നീ നോക്കിയെടുക്കു.."
"ഉം"
അവൾ ആ ഫോട്ടോസ് ഒക്കെ മുറിയുടെ ഒരു വശത്തുള്ള തടിയലമാരിയുടെ ഒരു കോണിൽ വെച്ചു.
നല്ല നിലാവുള്ള രാത്രിയായിരുന്നു അന്ന്. ഇളംനീല കിടക്കവിരിവിരിച്ച കട്ടിലിൽ കിടന്നു അവളുടെ ചന്ദ്രനെ നോക്കി കിന്നാരം പറയുന്നതിനിടക്ക് അവളുടെ അദ്യാനുരാഗം അവളുടെ മനസ്സിനെ കുളിരണിയിച്ചു. മുഖപുസ്തകത്തിൽ അവൾ അവന്റെ പേര് തിരഞ്ഞു. വിഫലം..ഒരു നോക്ക് അവനെ കാണണം എന്നവൾക്ക് തോന്നി.അദ്യാനുരാഗം ആർക്കും മറക്കുവാൻ സാധിക്കില്ല. മണ്ണടിയുന്ന കാലം വരെ നമ്മുടെ ഓർമ്മകളെ അവയിടക്കു തഴുകിയുണർത്തും.വാടികൊഴിയുന്ന പൂവിതലുകളെ കാറ്റുവന്നുകൂട്ടി കൊണ്ട് പോകുന്നതുപോലെ. നാം അറിയാതെ ആദ്യാനുരാഗത്തിന്റെ അടിമകളെ പോലെ ആദ്യ പ്രണയത്തിന്റെ ഓർമ്മകളുടെ പിന്നാലെ പോകുന്നു..
ആ രാത്രി പതിവ് തെറ്റിക്കാതെ അവൾ ചന്ദ്രനോട് അവളുടെ ആഗ്രഹം പറഞ്ഞു. അവളെ നോക്കി സമ്മതം മൂളി മന്ദഹസിച്ചതുപോലെയവൾക്ക് തോന്നി. ചുറ്റുംകൂടിയ നിലാവിന്റെ തോഴിമാരായ നക്ഷത്രങ്ങളും പതിവിലും ശോഭിച്ചു തിളങ്ങുന്നുണ്ടായിരുന്നു.
നേരിയ തണുത്ത കാറ്റു വീശിതുടങ്ങിയിരുന്നു. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു പുതപ്പ് എടുക്കാനായി മുറിയുടെ ഒരു വശത്തുള്ള തടിയലമാരി തുറന്നു. പുതപ്പു എടുക്കുന്നതിനിടയിൽ അവളുടെ കൈതട്ടി അമ്മ കൊടുത്ത ഫോട്ടോസ് താഴെവീണു.
"അശ്രീകരം ,എല്ലാം കൂടെ വീഴാൻ കണ്ട സമയം"
ഓരോന്നോരോന്നായി അവൾ പെറുക്കിക്കൂട്ടി. എവിടെയോ കണ്ടുമറന്ന മുഖം അവളുടെ കണ്ണുകളിൽ തറച്ചു.
വിഷ്ണു...അതെ കറുത്ത കണ്ണട. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം അവളുടെ രക്തത്തിലൂടെയൊഴുകി മനസ്സിനെയും ശരീരത്തെയും തഴുകിയുണർത്തി. ഫോട്ടോ മാറോടു ചേർത്തവൾ ജനവാതിലിനരികിലേക്ക് നടന്നു.
മാനത്തിന് വല്ലാത്തൊരു ചന്തം പോലെ. ചന്ദ്രനും വെട്ടിതിളങ്ങുന്നു. പെട്ടെന്നൊരു വാൽനക്ഷത്രം ആകാശത്തെ കീറിമുറിച്ചു അതിവേഗം പായുന്നു. വാൽനക്ഷത്രത്തോട് എന്ത് ചോദിച്ചാലും അത് സാധിക്കുമെന്നാണല്ലോ വിശ്വാസം.
വിഷ്ണുവിനെ ഞാൻ മനസ്സാൽ വരിച്ചുകഴിഞ്ഞു. ഇനിയുള്ള ജീവിതം അവന്റെ പെണ്ണായി ജീവിക്കുവാൻ അനുഗ്രഹിക്കണേ ദൈവമേ ...
വാൽനക്ഷത്രം അവളുടെ ആഗ്രഹംപേറി ഇനിയും ഒരുപാട് പേരുടെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ ദൂരേക്ക് പോയി മറഞ്ഞു.
Dr Shinu Syamalan

യൗവനത്തിന്റെ തളിരിലകൾ

യൗവനത്തിന്റെ തളിരിലകൾ ഉണങ്ങി കൊഴിയാറായെങ്കിലും ഇന്നും അവന് അവളുടെ വിയർപ്പുതുള്ളികളുടെ ഗന്ധം ഒരു അനുഭൂതിയായിരുന്നു..
അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അങ്ങിങ്ങായി പറ്റിനിന്ന വിയർപ്പുതുള്ളികളിൽ പതിഞ്ഞു...
പെട്ടെന്ന് അവന്റെ കണ്ണുകൾ അലസമായി പാറികിടക്കുന്ന അവളുടെ ചുരുണ്ടതലമുടിയിലുടക്കി. അവന്റെ വിരലുകൾ മെല്ലെ അവളുടെ ആ നരച്ചമുടിയെ താലോലിച്ചു. ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു.
"ആമി,നീ അറിഞ്ഞോ,നിനക്ക് വയസ്സായി.."
"എന്താ,മനസ്സിലായില്ല.."
കറുപ്പും വെളുപ്പും ഇടകലർന്ന ഒരു നരച്ചമുടി മെല്ലെ പിഴുത് അവൻ അവളുടെ കൈക്കുമ്പിളിൽ വെച്ചു.
"ഞാൻ ശ്രദ്ധിച്ചില്ല.. നിങ്ങളെ പോലെ രാവിലെ ഒരുങ്ങി ഓഫീസിൽ പോയാൽ പോരല്ലോ എനിക്ക്..ഇവിടെ നൂറുകൂട്ടം പണിയുണ്ട്"..
തെല്ലു പരിഭവത്തോടെയും അമർഷത്തോടെയും അവൾ ആ നരച്ച തലമുടി മുറിയുടെ ഒരു കോണിലുള്ള തുറന്നിട്ട ജനവാതിലിലൂടെ നീ ഒരിക്കലും തിരികെ വരരുതെയെന്നോതി ഒരു അപ്പൂപ്പൻ താടിയെപ്പോലെ കാറ്റിൽ പറത്തി. കാറ്റിലാടിക്കളിച്ച് ഒടുവിലത് മുറ്റത്തുനിൽക്കുന്ന ആൽമരത്തിന്റെ ഇലയിൽ പറ്റിപിടിച്ചതവൾ നോക്കി നിന്നു. ശത്രുവിന്റെ ശിരസ്സുഛേദിച്ച ആഹങ്കാരത്തോടെ അവൾ ആ കാഴ്ച്ച ആസ്വദിച്ചു. യൗവനത്തിന്റെ ബാഹ്യസൗന്ദര്യം അസ്തമിക്കാറായെങ്കിലും അന്തരംഗങ്ങളിൽ അവൾ ആ യാഥാർഥ്യം നിഷേധിച്ചു.
പത്തുവർഷങ്ങൾക്കു മുൻപ് അവൾ ആ ഇരുനിലവീടിന്റെ പടികടന്നു നിലവിളക്കേന്തി വന്നപ്പോൾ ആ ആൽമരം ഒരു ചെറിയ മരമായിരുന്നു.ഇന്നതിന്റെ ശിഖരങ്ങൾ പടർന്നു പന്തലിച്ച് നെഞ്ചുവിരിച്ച് അവളെ കളിയാക്കുന്നതുപോലെ അവൾക്ക് തോന്നി..
ഇളംനീലപൂശിയ മുറിയുടെ ഒരു മൂലയിൽ തൂങ്ങികിടക്കുന്ന കണ്ണാടിയിൽ നോക്കി അവൾ നെറ്റിയിലെ ചുളിവുകൾ എണ്ണി..3 എണ്ണം.അമ്മിണി പശുവിന്റെ പുറകെയുള്ള ഓട്ടത്തിലും, അടുക്കളയിലെ ചാരത്തിനിടയിലും, രണ്ടു മക്കളെ വളർത്തിയത്തിന്റെ തിരക്കിലും അവൾ അവളെതന്നെ മറന്നുകഴിഞ്ഞിരുന്നു. അവളുടെ മോഹങ്ങൾ, അവളുടെ സ്വപ്‌നങ്ങൾ, അവളുടെ ചിന്തകൾ, അവളുടെ തൂലികയും എല്ലാമെല്ലാം തട്ടുംപുറത്തു മാറാല പിടിച്ചു പഴകിയ ഓട്ടുവിലക്കുപോലെ മറന്നു കഴിഞ്ഞിരുന്നു.
ജനവാതിലിലൂടെ മെല്ലെ അവളെ തഴുകിയ നേരിയ കാറ്റും, അവളുടെ ചിന്തകളും അവളെ ഒരുപാടു വർഷങ്ങൾ പിന്നോട്ട് കൂട്ടിക്കൊണ്ടുപോയി.
കലാലയത്തിലെ പ്രണയവും,കവിതയും, കഥകളും, സുഹൃത്തുക്കളും, അവളുടെ ഡയറിയുമെല്ലാം അവളുടെ തലച്ചോറിനെ ലഹരിയുടെ ആഴങ്ങളിലെത്തിച്ചു.
മുറിയുടെ ഒരു വശത്തുള്ള ഭിത്തിയലമാരിയിൽ പൊടിപിടിച്ചു കിടക്കുന്ന അംഗീകാരപത്രങ്ങളും അംഗീകാരശില്പങ്ങളും അവൾ കൺനിറയെ നോക്കിക്കണ്ടു. ഒപ്പം ചില്ലുകൂട്ടിനുള്ളിൽ അവൾ മനഃപൂർവം പണ്ടെന്നോ മറന്നുവെച്ച അവളുടെ സ്വപ്‌നങ്ങൾ അവൾ പൊടിതട്ടി മിനുക്കിയെടുത്തു. ഇനിയൊരിക്കലും അവളുടെ സ്വപ്‌നങ്ങൾ ക്ലാവ് പിടിച്ചു പഴകുവാൻ അവൾ അനുവദിക്കില്ല എന്നവൾ ഉറപ്പിച്ചു.
ജനവാതിലിലൂടെ വിദൂരതയിലേക്ക് നോക്കി സ്വപ്‌നങ്ങലിൽ അലിഞ്ഞു ചേർന്നവളെ അവന്റെ കരങ്ങൾ തൊട്ടുണർത്തി.
"എന്താ പെണ്ണെ,നീ ചിന്തിക്കുന്നേ?"
"എനിക്കൊരു കാര്യം പറയണം വിനുയേട്ടാ"
"എന്താ..എന്തായാലും നീ പറ.."
"എനിക്കിനിയും എഴുതണം.."
പറഞ്ഞു കഴിഞ്ഞതും അവൾ ദൂരേയ്ക്ക് നോട്ടമെറിഞ്ഞു.
"ആമി...നീ എന്റെ മുഖത്ത് നോക്ക്...നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ എഴുതരുതെന്നു?"
"ഇല്ല"
"നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോളൂ.. കൂടെ ഞാൻ ഉണ്ടാകും.."
അവളുടെ നുണക്കുഴികവിളുകൾ അവനെ നോക്കി പുഞ്ചിരിച്ചു. തന്നെ മനസ്സിലാക്കുന്ന ഒരു പതിയെ ലഭിച്ചതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. അവളുടെ വെള്ളാരം കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു തിളങ്ങി.
ചിറകറ്റ പക്ഷിയായിരുന്നവൾ. സ്വപ്‌നങ്ങൾ എപ്പോഴോ എവിടെയോ വെച്ച് താഴിട്ടുപൂട്ടി താക്കോൽ നഷ്ടപെട്ട ഒരു വേഴാമ്പലായിരുന്നവൾ. പക്ഷെ ഇനിയവൾ നാലുചുവരുകളിൽ നിന്നും പറന്നുയരും. സ്വപ്നങ്ങൾക്ക് ചിറകുകളേകി അവൾ ആകാശകോട്ടകളിൽ ചേക്കേറും. ചിറകറ്റ പക്ഷിയല്ലവൾ. പാറിപറന്നു ഉയരങ്ങൾ കീഴടക്കേണ്ട ചെമ്പരുന്താനവൾ.
അവളുടെ ചിറകുകൾ ആഞ്ഞടിക്കുന്ന ശബ്ദംകേട്ട് എതിരെ വരുന്ന കാറ്റുപോലും ഭയപ്പെട്ടു. ചിറകടിച്ചുയരുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്നു ക്ഷുഭിതരായി ലോകം അവളുടെ ചിറകുകൾ ഛേദിക്കുമോ? ചങ്ങലകളിൽ അവളെ ബന്ധിച്ചു അവളെ കൂട്ടിലടയ്ക്കുമോ? അവളുടെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും കടിഞ്ഞാണിടുമോ?
കെട്ടുപിണഞ്ഞ ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിനെ വരിഞ്ഞുമുറുക്കി.
മുറിയുടെ കിഴക്കേവശത്തുള്ള മെശമേലിരുന്നു പത്തുവർഷങ്ങൾക്കു ശേഷം അവൾ തൂലികയെ മാറോടണച്ചു.

പ്രണയം

Image may contain: 1 person, smiling, closeup
അന്തിക്കടലിൽ മുങ്ങിത്താഴും
സൂര്യനെ ചുംബിക്കുംനേരം
തിരകൾ കാതിൽ മെല്ലെ ചൊല്ലി
കാറ്റിൻഗതിയിൽ എന്തേ കേട്ടില്ല ഞാൻ
പറയാതെ അറിയാതെ
നുകരാതെ പോയൊരെൻ പ്രണയമേ
ഇടനാഴിയിലെങ്ങോ കേട്ടുമറന്ന
നിൻ കാലൊച്ച മെല്ലെ മന്ത്രിക്കുന്നതുപോലെ
കണ്ടില്ലെന്നു നടിച്ച ആ മിഴികൾ
പറയാതെ പറഞ്ഞ ആ അധരങ്ങൾ
പുസ്തകത്താളുകളിൽ എന്നോ കാത്തുവച്ച മയിൽപ്പീലിപോലെ ഇന്നും സുന്ദരം
ഇനിയൊരു നാൾ വന്നുചേരുമോ??
ഹൃദയത്തിലെങ്ങോ കോറിവരച്ച നിൻരൂപം
ഒരുനോക്കു കാണുവാൻ
ഇന്നും ഞാൻ കേഴുന്നു.

By: 

ജീവിക്കാൻ മറന്ന ഭാര്യമാർ (a true story)

Image may contain: 1 person, smiling, closeup

കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു.
2017 സെപ്റ്റംബർ 19
വൈകിട്ട് 6 മണിയായിട്ടുണ്ടാകും.
ക്ലിനിക്കിലേക്ക് ഒരു 65 വയസ്സുള്ള ഒരു അച്ഛൻ കടന്നു വന്നു.
"ചുമയും പനിയുമാണ്. 2 ദിവസമായി. പനി കുറവുണ്ട്.ചുമയാണു മോളെ കുറയാത്തത്ത്"
ഒറ്റക്കായിരുന്നു. കൂടെ ആരുമില്ല. മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു.
"നല്ല കഫകെട്ടുണ്ട്.സാരമില്ല. 5 ദിവസം ഗുളിക കഴിക്കുക.2 ദിവസം കഴിഞ്ഞു പനി മാറിയില്ലെങ്കിൽ നമുക്കു രക്തം നോക്കാം." ഞാൻ പറഞ്ഞു.
"ഒറ്റക്കാണ് മോളെ. കഴിഞ്ഞ ദിവസം കുറച്ചു മഴ കൊണ്ടു. അതാകും"
കണ്ണടയ്ക്കിടയിലൂടെ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
"മക്കളില്ലേ കൂടെ"?
"3 മക്കളുണ്ട്.മൂത്തവർ രണ്ടും പെണ്മക്കളാണ്. അവരെ കെട്ടിച്ചു വിട്ടു.ഓണത്തിനും ക്രിസ്തുമസിനുമൊക്കെ വല്ലപ്പോഴും അവർ വന്നാലായി.ഒരു മകനുള്ളത് ജോലിയ്ക്കായി പുറത്താണ്.5 വർഷമായി അവനു പെണ്ണാലോചിക്കുന്നു.ഒന്നും ശേരിയാകുന്നില്ല."
അദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി പറയാതിരുന്നപ്പോൾ ഞാൻ മനസ്സിൽ കരുതി മരിച്ചു പോയിട്ടുണ്ടാകുമെന്ന്.
ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ ഞാൻ മടിച്ചു.
"മകന്റെ കല്യാണം ഒക്കെ നടക്കും. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ" ഞാൻ പറഞ്ഞു.
അനുഭവത്തിന്റെ നിഴലിൽ ജീവിതത്തോടുള്ള പുച്ഛം നിറഞ്ഞ ചിരി അദ്ദേഹം എനിക്ക് സമ്മാനിച്ചു.
"എല്ലാവർക്കും അതെ പറയുവാനുള്ളൂ മോളെ. സമയം വരുമെന്ന്. പക്ഷെ ഇതുവരെ എന്റെ ജീവിതത്തിൽ ഞാൻ ആ നല്ല സമയം കണ്ടിട്ടില്ല."
പുറത്ത് നല്ല മഴയാണ്.6.30 യായി.എനിക്ക് പോകാൻ സമയമായി.പക്ഷെ അദ്ദേഹത്തിന്റെ ആശ്വാസം കണ്ടപ്പോൾ ഞാൻ കേട്ടുകൊണ്ടേയിരുന്നു.
"എന്തു പറ്റി അപ്പച്ചാ?"
"ഞങ്ങൾ ഇവിടെ വന്നിട്ടു കുറച്ചു വർഷമായിട്ടുള്ളൂ. സ്ഥലം വിറ്റതു നഷ്ട്ടക്കച്ചവടമായി.ചതി പറ്റിപ്പോയി. പ്രതീക്ഷിച്ച വില കിട്ടിയില്ല.
അതോടെ എന്റെ ഭാര്യ തകർന്നു പോയി. അവൾ എല്ലാം ഉള്ളിൽ ഒതുക്കി.ഞാൻ എന്റെ ദേഷ്യവും സങ്കടവും പുറത്തു കാണിച്ചു.അവൾ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുകി.അതുകൊണ്ടു തന്നെ അവളിൽ മാനസികമായി ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. കൂടാതെ പ്രമേഹവും .അവൾ വല്ലപ്പോഴും ഒറ്റയ്ക്കു ആശുപത്രിയിൽ പോയി കാണിക്കും, ഗുളിക വാങ്ങും, തന്നെ എപ്പോഴെങ്കിലും ഗുളിക കഴിക്കും.ചിലപ്പോൾ ശ്രധിക്കില്ല. ഞാനും അവളുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ല. എന്റെ കയ്യിലും തെറ്റുണ്ട്.മക്കളെ കെട്ടിച്ചു വിടാനുള്ള പ്രാരാബ്ദവും ഒക്കെയായി അവളെ ഞാനും ശ്രദ്ധിച്ചില്ല.."
വർഷങ്ങൾ കടന്നു പോയി.
കളിയും ചിരിയും നിലച്ച ഒരു കളിവീട് പോലെയായി ഞങ്ങളുടെ വീട്.
അവളുടെ കാലിൽ നീര് കൂടിവന്നതു ഞാൻ ശ്രദ്ധിച്ചില്ല.അവൾ പറഞ്ഞതുമില്ല.
വേദന സഹിക്കാൻ വയ്യാതെ അവൾ ഒരു ദിവസം എന്നോടതു പറഞ്ഞു.
പിറ്റേന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷെ
വളരെ വൈകിപ്പോയിരുന്നു.
"സമയത്തു ഭക്ഷണം കഴിക്കാതെയും,ഗുളിക കാഴിക്കാതെയും,പ്രമേഹം കൂടി അവളുടെ കിഡ്നി തകരാറിലായി. അവൾ എല്ലാമുള്ളിലൊതുക്കി സ്വയം ജീവിക്കാൻ മറന്നുപോയി. മറ്റുള്ളവർക്കായി ജീവിക്കുന്ന തിരക്കിൽ അവൾ അവളുടെ ദുഃഖങ്ങൾ കണ്ടില്ലെന്നു നടിച്ചു. അവസാനം കിടപ്പിലായിരുന്നു. കുറെ നാൾ കഴിഞ്ഞു മരിച്ചു. എന്നെ തനിച്ചാക്കി അവൾ പോയി."
3 മക്കളുണ്ടെങ്കിലും ഞാൻ ആ വീട്ടിലിന്നു തനിച്ചാണ്.
"വിഷമിക്കണ്ട. ഇന്ന് എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ. എത്ര മക്കളുണ്ടെങ്കിലും മിക്ക വീടുകളിക്കും അച്ഛനമ്മമാർ തനിച്ചാണ്. മക്കളും ജീവിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ദൂരെ ദേശങ്ങളിൽ. " ഞാൻ പറഞ്ഞു.
ഒരു നെടുവീർപ്പിനൊപ്പം ഒരിറ്റു കണ്ണീരും ആ കണ്ണുകളിൽ നിന്നും ആശ്വാസസൂചകമായി ഒഴുകി.
മഴയും ശമിച്ചു.
മരുന്നും വാങ്ങി ആ അച്ഛൻ വീട്ടിലേക്ക് യാത്രയായി.
(N.B.. സ്ത്രീകൾ പലപ്പോഴും എല്ലാം ഉള്ളിലൊതുക്കി നീറി പുകയുന്നു. തുറന്നു പറയുക ആരോടെങ്കിലും. ഒരിക്കലും ആ അമ്മയുടെ അവസ്ഥ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.കുടുംബത്തിന് വേണ്ടി സ്വന്തം കാര്യം പോലും മാറ്റി വെക്കുന്ന എല്ലാ അച്ഛനമ്മമാർക്ക് വേണ്ടിയും ഈ അനുഭവം ഞാൻ പങ്കുവെക്കുന്നു.)
Dr Shinu Syamalan

**ഞാൻ അവരുടെ മകൻ അല്ല.എന്നെ വിളിക്കണ്ട.**

**ഞാൻ അവരുടെ മകൻ അല്ല.എന്നെ വിളിക്കണ്ട.**
നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ജനറൽ ആശുപത്രി.പതിവുപോലെ രാവിലെ റൗണ്ട്സ് ഒക്കെ കഴിഞ്ഞു.ഇന്ത്യൻ കോഫി ഹൊസ്സ് ഉണ്ട് ആശുപത്രിക്കുള്ളിൽ.അവിടുന്ന് ചൂട് ചായയും ഉള്ളിവടയും സാർ വാങ്ങി തന്നു.സാർ ഒരു ദിവസവും ആ പതിവു മുടക്കാറില്ല.ഞാൻ ഹൊസ്സ് സർജൻസി ചെയ്തു തുടങ്ങിയിട്ടു കുറച്ചു ദിവസമായതെയുള്ളു.
ജനറൽ ആശുപത്രിയും തിരക്കേറിയ തിരുവനന്തപുരം നഗരവും എനിക്ക് സുപരിചിതമായി വരുന്നതെയുഉള്ളു.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ സർ പറഞ്ഞു"ഷിനു ,9ാം വാർഡ് വരെ ഒന്നു പോകണം.ഇന്ന് നമുക്കു ഒരു രോഗി ഉണ്ടവിടെ.ഞാൻ ഇറങ്ങുവാണ്.ഒന്ന് റൗണ്ടസ് എടുത്തേക്കു.."
"Ok സാർ"
ആദ്യമായി ഞാൻ 9 വാർഡിലേക്ക്.ആദ്യം ഒന്നും മനസിലായില്ല.കേസ് ഷീറ്റൊക്കെ സിസ്റ്റർ എടുത്തു തന്നു.അപ്പോഴാണ് സിസ്റ്റർ ചോദിക്കുന്നത്"ഡോക്ടർ പുതിയ ഹൊസ്സ് സർജെൻ ആണോ?അല്ല ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത്.."
"അതെ സിസ്റ്റർ,ഞാൻ ആദ്യമായിട്ടാണ് ഇങ്ങോട്ടു വരുന്നത്.ജോയിൻ ചെയ്തിട്ട് കുറച്ചു ദിവസം ആയി"
"ഒന്നുമില്ല,ഒരു ന്യൂ കേസാണ്.ഡോക്ടർ ഒന്ന് നോക്ക്" സിസ്റ്റർ പറഞ്ഞു.
കേസ് ഷീറ്റ് എടുത്തു ഞാൻ വാർഡിലേക്ക്
പോകും മുൻപ് സിസ്റ്റർ"ഡോക്ടറെ ആരും ഇല്ലാത്തവർ ആണ് കേട്ടോ ഈ വാർഡീൽ"
മനസ്സിൽ ഒരു 100 ചോദ്യങ്ങൾ.എന്തോ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല.പോയി നോക്കാം എന്ന് വിചാരിച്ചു..
വരാന്തയിലൂടെ വാർഡിലേക്ക്.ആദ്യം പുരുഷന്മാരുടെ വാർഡ് വരെ ഒന്ന് വെറുതെ പോയി.കുറെ രോഗികൾ.മുറിവ് പഴുത്തു വന്നവർ,ചിലർ പ്രഷർ കൂടുതലായി വന്നവർ,കൈകാലുകൾ ഒടിവ് പറ്റിയവർ...
അങ്ങനെ എത്രയോ രോഗികൾ.പക്ഷെ ഇവർക്കൊക്കെ പൊതുവായി ഒരു കാര്യമുണ്ടായിരുന്നു.എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെയായവർ...അനാഥരായവർ....
പിന്നീട് സ്ത്രീകളുടെ വാർഡിലേക്ക് പോയി.അവിടെയാണ് എനിക്ക് കാണേണ്ട രോഗിയുള്ളത്.ഇവിടെയുമുണ്ട് കുറെ സ്ത്രീകൾ.
ഒരു 61 വയസ്സുള്ള അമ്മ.പക്ഷെ കണ്ടാൽ 70 വയസ്സ് തോന്നും.
"അംബിക അല്ലെ"(അംബിക എന്ന് വിളിക്കാം)
"അതെ"
"അമ്മയ്ക്കു എന്ത് പറ്റി"
"ഒരു വയറു വേദന മോളെ.സഹിക്കാൻ പറ്റുന്നില്ല."
പരിശോധിച്ചു തുടങ്ങി.വയറിൽ തൊടുമ്പോൾ വേദന ഉണ്ട്. പൊടിപിടിച്ചു കീറിപോകാറായ ഒരു സ്കാൻ റിപ്പോർട്ട് കാണിച്ചു.അതിൽ കുഴപ്പമൊന്നുമില്ല.പരിശോധനയോക്കെ കഴിഞ്ഞു ഞാൻ കേസ് ഷീറ്റ് എഴുതുകയാണ്.അമ്മ സംസാരം തുടർന്നുകൊണ്ടേയിരുന്നു..
"മോളുടെ നാട് എവിടെ??"
"എരുമേലി ആണ്.എന്താ അമ്മെ??"
"വെറുതെ ചോദിച്ചതാ മോളെ.എന്റെ വീടിനു അടുത്തെങ്ങാനുമാണെങ്കിലോ എന്ന് കരുതി"
"അതെന്താ??"ഞാൻ ചോദിച്ചു.
"എന്റെ മോനെ അറിയാമെങ്കിലോ എന്ന് കരുതി.വീട്ടിൽ മോനുണ്ട്,മരുമോളുണ്ട്,കൊച്ചുമ കനുണ്ട്.ഭർത്താവു മരിച്ചുപോയി. ക്യാൻസറായിരുന്നു.
എന്നും മകനെന്നെ വഴക്കു പറയുമായിരുന്നു.ഞാൻ അവർക്കൊരു ഭാരമാണെന്നു പോലും.കൊച്ചുമകനെ സ്നേഹിച്ചു കൊതിത്തീർന്നിട്ടില്ല.പക്ഷെ മോന്റെയും മരുമോളുടേയും സംസാരം കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.എനിക്ക് ആരുമില്ലായെന്ന് തോന്നി തുടങ്ങി.സഹിക്കാതെ വന്നപ്പോൾ ഞാൻ ഇറങ്ങിപോന്നു.അവർ തടഞ്ഞില്ല.എനിക്ക് കുറച്ചു മറവി ഉണ്ട് മോളെ.വയസ്സായില്ലേ.
അവർ ഇന്നേവരെ എന്നെ അന്വേഷിച്ചു വന്നിട്ടില്ല.ഞാനിവിടെ ഉണ്ടെന്നു അറിഞ്ഞാൽ ഓടി വന്നു കൊണ്ടുപോകും മോളെ.എത്രയായാലും ഞാൻ അവന്റെ അമ്മയല്ലേ.മോൾ ഒരു സഹായം ചെയ്യുമോ??ഇതാണ് അവന്റെ ഫോൺ നമ്പർ.."
അരക്കെട്ടിൽ കുറച്ചു കടലാസുകൾക്കിടയിൽ നിന്നും ഒരു തുണ്ടു പേപ്പർ എടുത്തു തന്നു..
ആ അമ്മയുടെ ആഗ്രഹമല്ലേ.ഞാൻ നിരസിച്ചില്ല.ആ പേപ്പർ വാങ്ങി.
"ശെരിയമ്മ,ഞാൻ ഇഞ്ചക്ഷൻ ഒക്കെ എഴുതിയിട്ടുണ്ട്.കുറവില്ലേൽ നമുക്കു ടെസ്റ്റുകൾ ഒക്കെ ചെയ്തുനോക്കാം.ഞാൻ നാളെ വരാം.."
എന്റെ മനസ്സ് നിറയെ ചോദ്യമാണ്.ആ അമ്മയും മകനും ..എന്ത് പറ്റിയതാണ് അവർക്കിടയിൽ..ആരുടെ തെറ്റാണു??.ആ അമ്മ മാത്രമല്ല ..എത്രയോ പേരുണ്ട് ആ വാർഡിൽ??അവരൊക്കെ എങ്ങനെ ഒറ്റയ്ക്കായി??
വൈകിട്ട് ഞാൻ ആ നമ്പരിൽ വിളിച്ചു കിട്ടി.ഞാൻ അയാളോട് കാര്യം പറഞ്ഞു.ഇതായിരുന്നു ആ മകന്റെ മറുപടി"ഞാൻ അവരുടെ മകൻ അല്ല.എന്നെ വിളിക്കണ്ട.എനിക്ക് അവരെ കാണണ്ട.ഡോക്ടർ ഇനി എന്നെ വിളിക്കരുത്.എനിക്ക് നൂറുകൂട്ടം പ്രാരാബ്ദം ഉണ്ട്.എന്നാ ശെരി"
ഒന്നും പറയുന്നതിന് മുന്നേ ആ മകൻ ഫോൺ കട്ട് ചെയ്തു..
പിന്നെയും ഞാൻ വിളിച്ചു..ഫോൺ എടുക്കുന്നില്ല...
പിറ്റേദിവസം സർ കൂടെ വന്നു.റൗണ്ട്സ് എടുത്തു..ഒടുവിൽ 9 വാർഡ് പോയി ആ അമ്മയെ കണ്ടു..സാർ ഉള്ളതു കൊണ്ട് ആ അമ്മയോന്നും ചോദിച്ചില്ല.ഞാൻ ഒന്നും പറഞ്ഞതുമില്ല...
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു പോയി..ആ അമ്മ എത്ര പ്രേതീക്ഷയിലായിരിക്കും??
ഒരു ദിവസം വീണ്ടും ഞാൻ ഒറ്റയ്ക്കു റൗണ്ട്സ് എടുക്കേണ്ടിവന്നു..
ആ അമ്മ രോഗത്തെപറ്റി ചോദിക്കാൻ മറന്നു..
"മോളെ മോൻ എന്ത് പറഞ്ഞു??"
ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പ്രതീക്ഷകൾ ഞാൻ തകർത്തില്ല.തകർക്കുവാൻ തോന്നിയില്ല.
"വിളിച്ചിട്ട് കിട്ടിയില്ല അമ്മേ..ഞാൻ ഒന്നുകൂടി നോക്കട്ടെ..."
ആ അമ്മയുടെ മുഖമാകെ നിരാശപടർന്നു.പ്രതീക്ഷയുടെ നിഴൽ പോലും ആ മുഖത്ത് ഞാൻ കണ്ടില്ല.
"അമ്മ വിഷമിക്കണ്ട.ഞാൻ നോക്കട്ടെ.ചായ ഒക്കെ കുടിചില്ലേ??മരുന്ന് കഴിച്ചില്ലേ??"
"ഉവ്വ്"
അങ്ങനെ കുറച്ചു ദിവസം കടന്നു പോയി.ആ അമ്മ പിന്നീട് എന്നോട് ഒന്നും ചോദിച്ചില്ല..ഒരുപക്ഷേ അമ്മയ്ക്കു മനസ്സിലായിട്ടുണ്ടാവാം..പാഴ് സ്വപ്നമാണെന്ന്....അറിയില്ല.
അങ്ങനെ ഒരു ദിവസം റൗണ്ട്സ് പോകുമ്പോൾ സർ പറഞ്ഞു "ഇന്ന് നമുക്കു 9 വാർഡിൽ പോകണ്ട ഷിനു.ആ രോഗി പെട്ടെന്നു മരിച്ചു."
അതെ... മകനെയും,കൊച്ചുമകനെയും ഒരു നോക്ക് കാണാതെ ആ അമ്മ യാത്രയായി..ആ അമ്മയുടെ ഒരു ചെറിയ ആഗ്രഹം പോലും നിറവേറിയില്ല.
ഇതൊരു അമ്മയുടെ കഥ.പക്ഷെ അവിടെ അങ്ങനെ ഒരുപാടു അമ്മമാരും അച്ചന്മാരുമുണ്ട്.ഇതു കൂടാതെ കേരളത്തിൽ കുറെ വൃദ്ധസദനങ്ങൾ..
നമ്മളും കുട്ടികളായിരിക്കുമ്പോൾ കുസൃതി കാണിച്ചിരുന്നു.അമ്മയെ ദേഷ്യം പിടിപ്പിച്ചിരുന്നു.പക്ഷെ ഒരിക്കലും അമ്മ നമ്മളെ വീട്ടിൽനിന്നും ഇറക്കിവിട്ടിട്ടില്ല.ശാസിച്ചാലും കരയുമ്പോൾ മാറോടു ചേർത്ത് പിടിച്ചിട്ടേയുള്ളൂ..ആ അമ്മയ്ക്കും പ്രാരാബ്ധങ്ങൾ ഉണ്ടായിരുന്നു.എന്നിട്ടും കഴിയുന്നതുപോലെ മക്കളെയൊക്കെ പൊന്നു പോലെ അവർ നോക്കിവളർത്തി.പക്ഷെ ഇതുപോലെ അമ്മയ്ക്കും അച്ഛനും ആരുമില്ലാതെയാകുന്നതിനു ആരാണ് ഉത്തരവാദി??
Dr Shinu Syamalan

**ക്യാൻസറും Human papilloma വൈറസും പ്രതിരോധവും**


**ക്യാൻസറും Human papilloma വൈറസും പ്രതിരോധവും**
*ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറാണ് സർവിക്കൽ(cervical) ക്യാൻസർ.സ്‌ത്രീകളിൽ രണ്ടാമതായി ഏറ്റവും അധികം കാണപ്പെടുന്ന കാൻസറാണ് സർവിക്കൽ കാൻസർ.
*ഗാർഭാശയമുഖത്തിന്റെ ക്യാൻസറിനാണ് സർവിക്കൽ കാൻസർ എന്ന് പറയുന്നത്.
*ലോകത്തു പ്രതിവർഷം 3 ലക്ഷം സ്ത്രീകൾ സർവിക്കൽ കാൻസർ വന്നു മരിക്കുന്നു.5 ലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപെടുന്നു.
*ഇന്ത്യയിൽ ബ്രേസ്റ്റ് കാൻസർ കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവുമധികമായി കണ്ടുവരുന്ന കാൻസറാണ് സർവിക്കൽ കാൻസർ.
*ഹ്യൂമൻ പാപിലോമ വൈറസ് (HPV) 77 % സർവിക്കൽ കാൻസറിനും കാരണമാകുന്നു.ലൈംഗിക ബന്ധത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്.
*80% സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.
*70% സർവിക്കൽ കാൻസർ HPV 16 ,HPV 18 എന്നയിനം വൈറസ് മൂലം ഉണ്ടാകുന്നു.
HPV6,HPV 11 എന്നയിനം വൈറസ് 90% genital warts ഉണ്ടാകുവാൻ കാരണമാകുന്നു.
*കാൻസർ ഉണ്ടാകുന്ന HPV വൈറസുകൾ സർവിക്കൽ കാൻസർ കൂടാതെ മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലെ ക്യാൻസറിന് കാരണമായേക്കാം.
*Pap smear എന്ന വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ടെസ്റ്റിലൂടെ നിങ്ങളുടെ ഗർഭാശയമുഖത്തെ(cervix) കോശങ്ങൾക്കു എന്തെങ്കിലും മാറ്റമുണ്ടോ , കാൻസർ ഉണ്ടോ എന്നൊക്കെ അറിയുവാൻ സാധിക്കും. സ്ത്രീകൾ എല്ലാവരും ചെയ്യേണ്ട ഒരു ടെസ്റ്റാണ് pap smear.21 വയസ്സ് മുതലെങ്കിലും ഈ ടെസ്റ്റ് ചെയ്യണമെന്നാണ് പറയുന്നത്. 3 വർഷമെങ്കിലും കൂടുമ്പോൾ pap smear ചെയ്യുക.
**ആന്റി HPV വാക്‌സിൻ(പ്രതിരോധ കുത്തിവെപ്പ്)**
*ഇന്ത്യയിൽ പ്രധാനമായും 2 തരം കുത്തിവെപ്പ് HPV വൈറസ് പ്രതിരോധത്തിന് ലഭ്യമാണ്.
*Gardasil,cervarix എന്ന കുത്തിവെപ്പുകൾ വളരെ ഫലപ്രദമാണ് cervical cancer വരാതെയിരിക്കുവാൻ.cervical കാൻസർ ഉള്ളവർ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല.പക്ഷെ ക്യാൻസർ വരാതെയിരിക്കുവാൻ ഇതു വളരെ സഹായിക്കും.
*0,2,6 മാസം ഇടവേളകളിൽ 3 കുത്തിവെപ്പായിട്ടാണ് ഇവ എടുക്കുന്നത്.9 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവരിലാണ് പ്രധാനമായും കുത്തിവെപ്പ് എടുക്കുന്നത്.26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്.
ഇപ്പോൾ സർക്കാർ ആശുപത്രികളിൽ ഈ കുത്തിവെപ്പ് ലഭ്യമല്ല.
*വില വളരെ കൂടുതലാണ്.
*ഡൽഹി ഗവണ്മെന്റ് 2016 മുതൽ സൗജന്യമായി 13 വയസുള്ള പെൺകുട്ടികൾക്ക് വാക്‌സിൻ കൊടുത്തു വരുന്നു.അങ്ങനെ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഡൽഹി.വില വളരെ കൂടുതലാണ് ഈ കുത്തുവയ്പിന്.അതുകൊണ്ടു തന്നെ സ്വകാര്യ ആശുപത്രികളിൽ നിന്നും ഈ കുത്തിവെയ്പ്പെടുക്കുവാൻ സാധാരണകാരായ സ്ത്രീകൾക്ക് സാധ്യമല്ല.വില 2800-3300 രൂപ വരെയാണ്. മറ്റു സംസ്ഥാനങ്ങളും ഉടനെ ഈ കുത്തിവെപ്പ് സൗജന്യമായി നൽകുമെന്നു കരുതാം.സർവിക്കൽ ക്യാൻസറിന് ഇത്രയും ഫലപ്രദമായ ഒരു കുത്തിവെയ്പ് തീർച്ചയായും ജനങ്ങളിൽ എത്തേണ്ടതാണ്.
Dr Shinu Syamalan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo