Showing posts with label VenuNaimishika. Show all posts
Showing posts with label VenuNaimishika. Show all posts

അവളൊരു ദേവത'

Image may contain: 1 person, selfie and closeup
എത്രയും ബഹുമാനപ്പെട്ട കോവാലൻചേട്ടന് ,
ചേട്ടന് തോന്നുമ്പോ എടുത്തുതട്ടാനുള്ള ചെണ്ടയല്ല ഞാൻ.. ഇന്നലെവരെ ഇതൊന്നും ഞാൻ പറയാതിരുന്നത് അറിയാഞ്ഞിട്ടല്ല.. പക്ഷേ ചേട്ടനോട് അല്പം ബഹുമാനവും സ്നേഹവും മനസ്സിൽ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്
ചേട്ടാ,
ചേട്ടനൊരമ്മയുണ്ടോ, .. യ്യോ.. സോറി . മലയാളത്തിൽ ടൈപ്പ് ചെയ്തപ്പോൾ അങ്ങനെയായിപ്പോയതാ.. ഇനി അതിന്റെപേരിൽ ആ പണ്ടാരക്കാലി എന്റെ നെഞ്ചത്തോട്ടുകേറാൻ വന്നാൽ ഞാൻ നല്ല മടലെടുത്ത് അവളുടെ ചന്തിക്കിട്ട് കൊടുക്കും ..ന്ഹാ ഹാ .. എന്നോടാ കളി ! ചേട്ടനോർമ്മയുണ്ടോ എന്നാ ചേട്ടാ ഞാൻ ചോദിച്ചത്..
നമ്മടെ കല്യാണം കഴിഞ്ഞ നാളുകളിൽ എന്റെ തിരുപ്പൻവച്ചുകെട്ടിയ കോഞ്ഞാട്ടമുടിയിൽ തഴുകിക്കൊണ്ട്, ഞരമ്പുകൾ പാമ്പുംകോണിയും കളിക്കുന്ന എന്റെ കൈകളിൽ തലോടിക്കൊണ്ട് ചേട്ടൻ പറഞ്ഞിട്ടുണ്ട് . നീയെന്റെ ജീവനാണ്. .. നീയെന്റെ പൊന്നാണ് എന്നൊക്കെ. ല്ലേ ? ല്ലേ ?
അപ്പോഴും കൈകളിലെ പൊരിമാറ്റാൻ ഞാൻ വീക്കോ .. യ്യോ. വീക്കോ മോന്തയ്ക്കു തേക്കുന്നതാണല്ലോ ? വാസക്ടമി .. അതുമല്ല . കോപ്പ്.. വാസക്ടമി ചേട്ടനുള്ളതാണല്ലോ? വാസലിൻ പുരട്ടിക്കൊണ്ട് ചേട്ടനെ പുണർന്നപ്പോൾ.. ചേട്ടൻ പറഞ്ഞു കുറച്ച് നിവിയകൂടെ തേച്ചോ മോളെ.. നല്ല മണം കിട്ടുമെന്ന്. ല്ലേ ? ല്ലേ ?
അപ്പൊ ഞാൻ പറഞ്ഞു ചേട്ടാ .. എനിക്ക് നല്ല റേഷനരിയുടെ മണമാണ് ഇഷ്ടം.. ഇല്ലെങ്കിൽ കൊറച്ച് മണ്ണെണ്ണ വാങ്ങിത്തരൂ പ്രാണസഖാ .. ഞാനൊന്നു ആസ്വദിച്ചു മണക്കട്ടെ ന്നൊക്കെ പറഞ്ഞപ്പോ.. ഒരിക്കലും തൊറക്കാത്ത റേഷന്കടയിൽപ്പോയി അവരുടെ മാതാവിനെയും പിതാവിനെയും അല്പസ്വല്പം കഠിനപദങ്ങൾ പറഞ്ഞുകൊണ്ട് എന്റെ ചേട്ടൻ എനിക്കുവേണ്ടി ചാക്കരിയും, മണ്ണെണ്ണയും വാങ്ങിത്തന്നട്ടുണ്ട്.. ല്ലേ ? ല്ലേ ?
അതിലുമിഷ്ടം എനിക്കാ പഞ്ചാരയായിരുന്നു ചേട്ടാ .. എലിമുള്ളിയ റേഷന്കടയിലെ പഞ്ചാര മണത്തുനോക്കിയാൽ നിങ്ങളൊക്കെ രണ്ടെണ്ണം വിട്ടുവരുന്ന പ്രതീതിയാണ് ചേട്ടാ ഞങ്ങൾ പെണ്ണുങ്ങൾക്ക് .. അതൊക്കെ ചേട്ടൻ മറന്നു.. എനിക്കതൊന്നും മറക്കാൻ പറ്റില്ലല്ലോ ചേട്ടാ ?
മുളകുപൊടി വാങ്ങിവരുമ്പോൾ അതിൽ മുഴുവൻ ഇഷ്ടികപ്പൊടിയാണെന്നു അങ്ങേലെ കുട്ടപ്പൻചേട്ടൻ പറഞ്ഞപ്പോ .. വലിയകുടത്തിനകത്തേക്ക് പൊടി കൊടഞ്ഞിട്ട് വെള്ളമൊഴിച്ചുനോക്കി ഉറപ്പുവരുത്തിയ ചേട്ടനെ എനിക്ക് നല്ല ഓർമ്മയുണ്ട്..
മല്ലിപ്പൊടി വാങ്ങുമ്പോൾ.. ഉണങ്ങിയ ചാണകപ്പൊടിയാണ് അതിൽ മുഴുവനെന്നു കുട്ടപ്പൻചേട്ടൻ പറഞ്ഞപ്പോൾ.. കൊത്തമല്ലി വാങ്ങി ഉണക്കി പൊടിപ്പിച്ചിട്ട്, . ദാക്ഷായണിത്തള്ളയുടെ തൊഴുത്തിൽനിന്നു ചാണകം അടിച്ചുമാറ്റി വെയിലത്തുവച്ച് ഉണക്കിപ്പൊടിച്ച്, അതിനകത്തു ചേർത്തുതന്ന ചേട്ടനെ എനിക്ക് നല്ലതുപോലെ ഓർമ്മയുണ്ട്..
മാർക്കറ്റിലുള്ള സാധനങ്ങളൊക്കെ മായം കലർന്നതാണെന്നു പ്രചരിച്ചതോടെ, അതിൽനിന്നു രക്ഷനേടാൻ, എന്നാൽ സ്വന്തം ഭാര്യയ്ക്ക് പാക്കുചെയ്ത സാധനങ്ങളാണ് ഇഷ്ടമെന്നറിഞ്ഞുകൊണ്ട്, അവളുടെ ഇഷ്ടങ്ങൾ നടപ്പാക്കാൻ, സ്വയം ബലിയാടായി, ഇങ്ങനെയോരോന്നു കാട്ടിക്കൂട്ടിയ ചേട്ടനെ എനിക്കോർമ്മയുണ്ട്.. എന്നാൽ ചേട്ടനതൊക്കെ മറന്നുപോയി ചേട്ടാ.. ല്ലേ ? ല്ലേ ? എന്നിട്ട് എന്നെയെടുത്തിട്ടു ചവിട്ടിക്കൂട്ടി .. പലപ്പോഴും..
മൂത്തവൻ മോങ്കുട്ടനെയും ഇളയവൾ പങ്കജവല്ലിയേയുംനോക്കി, നാട്ടുകാർ പലരും മായംകലർന്നിട്ടുണ്ടല്ലോ ന്നൊക്കെ പാഞ്ഞപ്പോഴും ചേട്ടൻ കമാ ..ന്നൊരക്ഷരം മിണ്ടിയില്ല . കാരണം ചേട്ടനുതന്നെ അറിയാമായിരുന്നു മായം എവിടെനിന്നാണ് കലർന്നതെന്ന്.. ചേട്ടന് അതിനുള്ള കഴിവില്ലായിരുന്നെന്നു സമ്മതിക്കുന്നതിനുപകരം ചേട്ടൻ കൂട്ടുകാരുമായി വീട്ടിലിരുന്നു കുടിക്കുമ്പോ .. എനിക്കും തന്നു ശീലിപ്പിച്ചതും.. അവസാനം രണ്ടും മൂന്നും കുപ്പി കള്ളൊക്കെ ഞാൻ ഒറ്റയ്ക്ക് അകത്താക്കി മാണ്ടുകിടന്നുറങ്ങിയിരുന്നതും, മോങ്കുട്ടനും പങ്കജവല്ലിയും അതിന്റെ ബാക്കിപത്രങ്ങളാണെന്നുമൊക്കെ ഞാൻ പറയാതെതന്നെ ചേട്ടനറിയാമല്ലോ ..ല്ലേ .? ല്ലേ ?
ഇന്നിപ്പോ, ചേട്ടനോടൊരു ക്ഷമപോലും ചോദിക്കാതെ ഞാൻ കുട്ടപ്പൻചേട്ടന്റെകൂടെ ഇറങ്ങിപ്പോകുന്നു ചേട്ടാ.. കാരണം ചോദിക്കരുത്.. പറയാനെനിക്കൊരു കാരണവുമില്ല .. കുട്ടപ്പൻചേട്ടൻ അത്രയ്ക്ക് നല്ലവനാണ് ചേട്ടാ.. അല്ലെങ്കിൽ നമ്മുടെ ദാമ്പത്യവല്ലരി പൂക്കുന്നതിനും കായ്ക്കുന്നതിനുവേണ്ടി കഷ്ടപ്പെട്ട കുട്ടപ്പൻചേട്ടനെയല്ലാതെ ഞാൻ മറ്റാരെയാണ് ചേട്ടാ കൂടെക്കൂട്ടേണ്ടത്..
മോങ്കുട്ടനെയും പങ്കജവല്ലിയേയും പൊന്നുപോലെ നോക്കണം. അവർക്ക് അമ്മയില്ലാത്തതിന്റെ ഒരു ദുഖവും ചേട്ടൻ കൊടുക്കില്ല എന്നെനിക്കറിയാം.. എങ്കിലും പറയാതെ വയ്യല്ലോ.. പെറ്റവയറായിപ്പോയില്ലേ ചേട്ടാ. നോവും..
കുട്ടപ്പൻചേട്ടന് അസാരം ആസ്ത്മയുടെ ശല്യമുണ്ട് .. അതാണല്ലോ മോങ്കുട്ടൻ ഇടയ്ക്കിടയ്ക്ക് വലിക്കുന്നത്.. എങ്കിലും ഏതെങ്കിലും തണുപ്പുള്ളരാജ്യത്തോട്ടാണ് ടിക്കറ്റെടുക്കുന്നതെന്നാണ് ചേട്ടൻ പറയുന്നത്
പിന്നൊരു സങ്കടം മാത്രം .. ഏഴരയ്ക്കുള്ള 'ഭാര്യ ഒരു പൂങ്കാവനം' എട്ടിനുള്ള 'എണ്ണിയാത്തീരാത്ത കടങ്കഥകൾ' എട്ടരയ്ക്കുള്ള 'ദാമ്പത്യം സുന്ദരം' ഒന്പതിനുള്ള 'അവളൊരു ദേവത' ഈ സീരിയലുകളൊന്നും ഇനി കാണാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ .. പാതിവൃത്തയായ ഏതു പെണ്ണിനും വേദനിക്കും.. ചേട്ടാ..
പോട്ടേ ചേട്ടാ..
ചേട്ടന്റെ സ്വന്തം..
സുലോചന.
ഒപ്പ് ..
വേണു 'നൈമിഷിക'

ചുഴലി

Image may contain: 1 person, selfie and closeup
ഒരുനാൾ -
'കുമാരന്റെ വീട്ടിൽനിന്ന് ഒരു പെണ്ണിറങ്ങിപ്പോകുന്നതുകണ്ടു.. ഞാനാ കണ്ടേ .. ഞാൻമാത്രേ കണ്ടുള്ളൂ.. '
ഏലിക്കുട്ടി വികാരപരവശയായിരുന്നു.
'അതിനു നിനക്കെന്നാവേണം .. ' കറിയാച്ചന് ശുണ്ഠിവന്നു.
'അവൻ കെട്ടിയിട്ടില്ലല്ലോ.. ?'
'അതിന് ..?'
'വല്ല അവിഹിതം.. അല്ല ..ഞാൻ പറയുവാരുന്നു.. '
'നോക്ക് .. മോന്തയ്ക്കിട്ടുനോക്കി ഒരെണ്ണം വെച്ചുതന്നലൊണ്ടല്ലോ. ?'
'അതിനെന്നതിനാ എന്നോടു കലഹിക്കുന്നേ .. അയല്പക്കമാകുമ്പോ ഇതൊക്കെ നമ്മൾ ശ്രദ്ധിക്കണം.. '
ഏലിക്കുട്ടിക്ക് ചൊറിഞ്ഞുകയറിവരുന്നുണ്ടായിരുന്നു. ഇതാരോടൊന്നു പറയും ? പറഞ്ഞിട്ടും വലിയകാര്യമില്ല .. കാരണമതൊന്നുമല്ല . കുമാരൻ പെൺവിഷയത്തിൽ പിന്നോക്കമാണ്. അതവൻതന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. അതോർത്തപ്പോൾത്തന്നെ എലിക്കുട്ടിയുടെ മുഖമൊന്നു കോടി.
അന്ന്..
കറിയാച്ചനെക്കൊണ്ട് വലിയകാര്യമൊന്നുമില്ല . അങ്ങേർക്ക് അന്തിക്ക് രണ്ടെണ്ണം മോന്തണം .. മോന്തിയാലോ ? പെമ്പറന്നോത്തിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം. അതച്ചട്ടാണ്.. അല്ലങ്കിപ്പിന്നെ അതിയാനൊറക്കാം വരത്തില്ല. അങ്ങനെയിരിക്കെയാണ് കുമാരൻ അയല്പക്കത്ത് വാടകയ്ക്കുവന്നത്. അല്പം കറത്തിട്ടാണെങ്കിലും ഒരു ആനച്ചന്തമൊക്കെയുണ്ട്. കടഞ്ഞെടുത്ത ശരീരം. കട്ടിമീശ. ചുണ്ടത്ത് ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ചാർമിനാർ. കഴുത്തിൽ ഒരഞ്ചുപവൻ തൂക്കംവരുന്ന മാല . വിടർന്ന ചുണ്ടുകൾ.. ഉള്ളിൽ കുത്തിക്കയറുന്ന നോട്ടം . നോക്കുന്നത് മാറിടത്തിലേക്കാണോ, മറ്റെവിടെയെങ്കിലുമാണോ എന്നൊരു സംശയംമാത്രം ബാക്കി. അന്ന്, കുളിപ്പുര പുറത്തായിരുന്നു. എന്തും വരട്ടെയെന്നുകരുതി മറനീക്കിനിന്നൊരു കുളി കുളിച്ചു. കുമാരൻ കണ്ടതാണ്.. നിന്നിടത്തുനിന്നണുവിട മാറിയതുമില്ല കുമാരൻ . ഒന്നിനുപകരം രണ്ടു ചാർമിനാർ വലിച്ചു. എന്നിട്ട് തിരിഞ്ഞൊരു നടത്തം. പിന്നെ കേൾക്കുന്നത് സൈക്കിളിന്റെ കടകട ശബ്ദമാണ്.. ഒരു ബെല്ലുപോലുമടിക്കാതെ സൈക്കിളിൽക്കയറിയൊരു പോക്ക്.
നെഞ്ചിരുന്നുപോയി.
എന്നിട്ടും, ചിലപ്പോഴൊക്കെ ദിവാസ്വപ്നത്തിൽ ആ ശരീരം..
ഒരുദിവസം സന്ധ്യക്ക് നേരെ കയറിയങ്ങുചെന്നു.
'കുമാരാ .. ;
'ന്താ ?'
'അയല്പക്കമൊക്കെയാകുമ്പോ .. ഒന്നു മിണ്ടിമ്പറഞ്ഞുമൊക്കെ ഇരിക്കണമല്ലോ.. ? കുമാരനെന്താ ജോലി ?'
'അത് ചോദിക്കാനാണോ ഈ വരവ് ? '
'അല്ല .. അറിഞ്ഞിരിക്കാമല്ലോ എന്നു കരുതി '
'ആശാരിപ്പണിയാണ്.. '
'കുടുംബം.. കുട്ടികൾ .. ?'
'ഒന്നുമില്ല.. കെട്ടിയില്ല .. '
'കെട്ടാഞ്ഞതാണോ.. അതോ.. ?'
കുമാരൻ സംശയദൃഷ്ടിയോടെ തിരിഞ്ഞുനിന്നു.
'ചേച്ചിക്ക് വീട്ടിൽ പണിയൊന്നുമില്ലേ .? കറിയാച്ചൻ വരാൻ നേരമായല്ലോ.. ഇന്നത്തെ ഇടി ഇനി ഇതിനായിരിക്കും.. '
കൊച്ചുകള്ളൻ.. അപ്പൊ .. എല്ലാം നോക്കീംകണ്ടും വെച്ചിരിക്കുന്നു.
'ഞാൻ .. പിന്നെ.. '
കുമാരൻ അകത്തോട്ടു കയറിപ്പോയി.. ആ തക്കത്തിന് പിന്നാലെകൂടി.
'ന്റെ കുമാരാ .. '
ഒറ്റപ്പിടുത്തമായിരുന്നു.
ഒരൊറ്റനിമിഷം.. തെറിച്ചുവീണത് വാതിലിലേക്കാണ്.. '
'എനിക്കിഷ്ടമല്ല.. '
'പെണ്ണിനെ ..?'
'ഉം.. '
'ചൂരുംചൂടും തരാൻ ഒരു പെണ്ണിനല്ലേ കഴിയൂ.. '
'ആവശ്യമില്ല.. എനിക്കൊരു പെണ്ണിനെയല്ല ആവശ്യം.. '
'പിന്നെ.. :?'
'ഒരുത്തിയുണ്ടായിരുന്നു. താലിമാലവരെ പണിയിച്ചതാണ്.. അവൾ മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോയി.. അതിനുശേഷം.. എനിക്ക് ആ കഴിവ് നഷ്ടപ്പെട്ടു. .. ചേച്ചി പൊയ്ക്കോളൂ.. '
ഒരുതരം നിസ്സംഗതയായിരുന്നു. അങ്ങനെയൊരു പുരുഷന് കഴിവ് നഷ്ടപ്പെടുമോ? ന്ഹാ .. വരട്ടെ.. സമയമുണ്ടല്ലോ? .. എന്നിട്ടിപ്പോ .. അവന്റെ വീട്ടിൽനിന്നാണ് ഒരു പെണ്ണിപ്പോൾ ഇറങ്ങിപ്പോയത്.
സന്ധ്യമയങ്ങിയ നേരമായിരുന്നു. ഒരു കണ്ണ് എപ്പോഴും അങ്ങോട്ടേക്കായതുകൊണ്ടു കണ്ടതാണ്.. അപ്പോൾമുതൽ ഒരു ഓക്കാനം.. മനംപിരട്ടൽ . എനിക്കില്ലാത്ത എന്താണ് .. ആ പോയവൾക്കുള്ളത്? ഇനി അതല്ലെങ്കിൽ അവനെ ഇട്ടിട്ടുപോയവൾ തിരികെവന്നതാണോ ? അങ്ങനെയെങ്കിൽ. .. അതു തടയണം. എന്തിനു തടയണം? എന്താണ് അയാളുമായുള്ള ബന്ധം ?
ഒന്നുമില്ല. ഒരാളുടെ ഭാര്യയാണ്.. പ്രസവിക്കാനുള്ള യോഗമില്ലാതിരുന്നതുകൊണ്ട്..
ഏലിക്കുട്ടി ഒരു ദീർഘനിശ്വാസത്തിലെല്ലാമൊതുക്കി.
'എന്ത്യേടി .. നിന്റെ മത്തി ഒലത്തിയത്.. ?'
കറിയാച്ചനാണ്. അങ്ങേർക്ക് ടച്ചിങ്‌സ് കിട്ടാത്തതിന്റെ പരവേശം.
'വരുന്നൂ.. '
ഇനിയെങ്ങാനും താമസിച്ചാൽ .. ഇന്ന് കള്ളുകുപ്പി തലമണ്ടയ്ക്കടിക്കും.. അതാണ് സ്വഭാവം. ഇടയ്ക്കിടയ്ക്ക് രണ്ടെണ്ണം കിട്ടുന്നതാണ്. അതിപ്പോ ശീലമായിപ്പോയി. പണ്ട്, അങ്ങനെയായിരുന്നില്ല . പതിയെപ്പതിയെ, സ്വന്തം കഴിവുകേട് ഭാര്യക്കു മനസ്സിലായെന്നറിഞ്ഞപ്പോൾമുതൽ ഇതാണ് പ്രകൃതം. വിട്ടുപോകാമായിരുന്നു.. പലതവണ പറഞ്ഞതുമാണ്.. പോയില്ല .. എന്തോ.. അന്നൊന്നും മറ്റൊന്നും ചിന്തിക്കാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല .. ഇന്നിപ്പോൾ .. കുമാരനാണ് അതൊക്കെ മാറ്റിമറിച്ചത്.
പാത്രങ്ങളൊക്കെ കഴുകി കമഴ്ത്തിവെച്ചിട്ട് .. പതിയെ അടുക്കളവാതിലിന്റെ ഓരംപറ്റി കുമാരന്റെ വീട്ടിലേക്കുനോക്കി. വാതിൽ അടഞ്ഞുതന്നെ കിടക്കുന്നു. പെണ്ണിറങ്ങിപ്പോയതിന്റെ പിന്നാലെ കുമാരനും പോയിട്ടുണ്ട്. ഇല്ലെങ്കിൽ സാധാരണ അവിടെ കാണേണ്ടതാണ്. അപ്പോൾ.. ഇതിലെന്തോ ചുറ്റിക്കളിയുണ്ട്..
പന്ത്രണ്ടര .. പെട്ടെന്നെന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ആദ്യം ഓർമവന്നത് കുമാരനെയാണ്.. ആ പെണ്ണിനേയും. ചാടിയെണീറ്റു മുടിവാരിക്കെട്ടി അടുക്കളവാതിലിലേക്കൊരോട്ടമായിരുന്നു. അഴിഞ്ഞുപോയ സാരി എങ്ങനെയോ വാരിച്ചുറ്റി. വാതിലിന്റെ പാളി മെല്ലെത്തുറക്കുമ്പോൾ ശ്വാസഗതി നിയന്ത്രിക്കാൻ പാടുപെട്ടിരുന്നു.
കുമാരന്റെ വാതിലിനുമുന്നിൽ ആരോ ഒരാൾ. മങ്ങിയ പ്രകാശത്തിലാണ് കണ്ടത്.. കിലുങ്ങുന്ന വളകളുടെ ശബ്ദം. അവൾ .. അവൾ തിരികെവന്നിരിക്കുന്നു..അല്പം കാരത്തിട്ടായിരുന്നു അവൾ .. അല്ലേ .. ? അതേ.. മങ്ങിയ വെളിച്ചത്തിലായിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നു.
ആ രൂപം വാതിലിന്റെ പൂട്ട് തുറക്കാനുള്ള ശ്രമത്തിലാണ്. അപ്പോൾ, കുമാരനെവിടെ?
'യ്യോ..... ' പെട്ടെന്നാണ് അറിയാതെ ഒച്ചവെച്ചത്.
ആ രൂപം തിരിഞ്ഞുനിന്നു. പെട്ടെന്ന് ആ മുഖത്ത് ഒരു പ്രകാശം.. സർവ്വാഭരണവിഭൂഷിതയായിനിൽക്കുന്ന ഒരു വൃത്തികെട്ട സത്വം. നാവു നീണ്ടുകിടക്കുന്നു.. കണ്ണുകൾ പുറത്തോട്ടു തള്ളിനിൽക്കുന്നു. നാവിന്റെ വശങ്ങളിൽ രണ്ടു തേറ്റപ്പല്ലുകൾ .. കണ്ണുകളിൽ അഗ്നി. മറ്റൊന്നും ഓർമ്മയില്ല.
കണ്ണുതുറക്കുമ്പോൾ കറിയാച്ചൻ വീശിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്.
'ഉറക്കത്തിൽ എണീറ്റുനടക്കരുതെന്നെത്ര തവണ ഞാൻ പറഞ്ഞിട്ടൊണ്ട് .. ആരോട് പറയാനാ ? '
കറിയാച്ചൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
'ഞാൻ .. അത്.. '
'കുന്തം.. നീ വന്നുവീണത് ചെരവയുടെ ഒത്തനടുക്കാണ് .. കർത്താവേശുമിശിഹായുടെ കാരുണ്യം..ചെരവ തെന്നിപ്പോയി.. അല്ലെങ്കി ഇപ്പൊ കാണാരുന്നു.. '
ഒന്നും പറഞ്ഞില്ല. ഒരുവേള കറിയാച്ചൻ ഒന്നെണീക്കാൻ തുനിഞ്ഞപ്പോൾ .. ആ കൈകളിൽപ്പിടിച്ച് ചേർത്തിരുത്തി. അത്രയ്ക്ക് ഭീഭത്സമായിരുന്നു ആ കാഴ്ച... ഭൂമി രണ്ടായിപ്പിളർന്ന് അതിലേക്കിറങ്ങിപ്പോയിരുന്നെങ്കിൽ എന്നുവരെ ഓർത്തുപോയി.
പിന്നെ കുറേദിവസത്തേക്ക് അങ്ങോട്ടുള്ള നോട്ടം നിറുത്തിവെച്ചിരുന്നു. കുമാരനെ പലവട്ടം ചന്തയിലും മറ്റുംവച്ച് കണ്ടിരുന്നു.. പരിചയഭാവംപോലും നടിക്കാത്തവരോട് എന്തോ പറയാനാ ? പലപ്പോഴും വളകളുടെ കിലുക്കം കേട്ടിട്ടുണ്ട്. പാതിരാത്രിയിലുംമറ്റും. ഒന്നു നോക്കാനോ, ആരോടെങ്കിലും പറയാനോ കഴിഞ്ഞിരുന്നില്ല.
ഒരുദിവസം.
നല്ല പനി. കിടന്നിട്ടുറക്കംവരാത്ത രാവ് .. പനിച്ചൂടിലും കുമാരന്റെ ഓർമ്മകൾ വിട്ടുപോയിരുന്നില്ല . എന്തും വരട്ടെയെന്നുകരുതി അടുക്കളയുടെ വാതിലിന്റെ വിടവിലൂടെ വെറുതെയൊന്നു നോക്കി.
അനക്കം കേട്ടിട്ടെന്നവണ്ണം പെട്ടെന്ന് വാതിലുതുറന്ന് അകത്തേക്കുകയറിയ പെൺരൂപം. ചെറിയൊരു മോഹഭംഗം തോന്നിയെങ്കിലും, അതങ്ങനെ വിട്ടാൽപ്പറ്റില്ലെന്നുതന്നെ തീരുമാനിച്ചു.
കുമാരനോടു സംസാരിക്കണം..
സംസാരിച്ചില്ലെങ്കിൽ നെഞ്ചുപൊട്ടിച്ചാകും.
വേണ്ടായിരുന്നു കുമാരാ .. എന്നോടിതു വേണ്ടായിരുന്നു . ദേഹം വെട്ടിവിയർത്തു. ഇപ്പോൾത്തന്നെ അവന്റെ വീട്ടിൽക്കയറി അവളെയെടുത്തു പുറത്തിടണമെന്നു മനസ്സുപറഞ്ഞു. പക്ഷേ .. !
പിറ്റേദിവസം...
കുമാരൻ വൈകിട്ടെത്തി വാതില് തുറന്നിട്ട് ഒരു ചാർമിനറുമായി കുളിപ്പുരയിലേക്കുപോയ നിമിഷം.. അകത്തുകയറി. കറിയാച്ചനോട്, പള്ളീന്നു വീടുതെണ്ടലുണ്ട് .. കുറച്ചുതാമസിക്കുമെന്നു നേരത്തെ പറഞ്ഞിരുന്നതുകൊണ്ട് ആ പ്രശ്നമില്ല.
തന്റെ തൊട്ടുമുന്നിൽ കുളിച്ചിട്ട് ഈറൻതോർത്തുമാത്രം ചുറ്റിയ കുമാരൻ. ഒരുവേള പെട്ടെന്ന് ആ തോർത്ത് അഴിച്ചു കട്ടിലിന്റെ കാലിലിട്ടശേഷം ആണിയിൽ തൂക്കിയിട്ടിരുന്ന മുണ്ടെടുത്തുടുത്ത കുമാരൻ........... പ്രലോഭനം പലവഴിയിൽ.. ശ്വാസം പിടിച്ചിരുന്നു. പഴയൊരു അലമാരയിലുള്ള കണ്ണാടിയുടെ മുന്നിലാണ് കുമാരൻ. മുടിചീകി .. പൗഡറിട്ടു. ഒരു ബാഗ് തുറന്നു. ഒരുങ്ങുന്ന സാധനങ്ങൾ .. ചീപ്പ്, പൊട്ടുകൾ, വളകൾ.. മാലകൾ ..
തന്റെനേരെ തിരിഞ്ഞുനിന്നു കുമാരൻ ബ്രായിട്ടപ്പോൾ ഞെട്ടിയെങ്കിലും ശ്വാസം പിടിച്ചിരുന്നു. ബ്ലൗസിട്ടു. കണ്ണെഴുതി, പൊട്ടുതൊട്ടു.
കുമാരനിൽനിന്നു കുമാരിയിലേക്കുള്ള പ്രയാണം. ഒന്നും പറയാനാവാതെ... ശ്വാസംപോലും വിടാനാവാതെ .. കുമാരൻ നീണ്ടിടതൂര്ന്ന മുടിയുള്ള ഒരു വിഗ്ഗ് എടുത്തു തലയിൽവച്ചു. കണ്ണാടിയിൽ ഒന്നൂടെ നോക്കി ഉറപ്പുവരുത്തി. പുറത്തേക്കിറങ്ങുംമുന്നേ.. ഒരു ബാഗിൽ മറ്റൊരു വിഗ്ഗ്,, രണ്ടുപല്ലുകൾ .. നീണ്ട നാക്ക്.. ഇവയൊക്കെ തിരുകിക്കയറ്റി.
'എനിക്കുവയ്യ.. ഞാനിപ്പോ ചത്തുപോകും.. '
അറിയാതെ വായിൽനിന്നുവീണ ശബ്ദശകലം.
ഞെട്ടിത്തിരിഞ്ഞ കുമാരൻ.
ആ കണ്ണുകളിൽ അഗ്നിസ്ഫുലിംഗങ്ങൾ ..
'കണ്ടുപിടിച്ചല്ലേ.. ?.. എനിക്കറിയാമായിരുന്നു.. ഞാനിങ്ങനെയാണ്.. പകൽ പുരുഷരൂപം.. രാത്രിയിൽ സ്ത്രീ.. അർദ്ധരാത്രിയിൽ ചുഴലി.. സെമിത്തേരികളിൽ ഉറക്കം..ശവംതീനികളുമായി കൂട്ട്.. . ഞാനിങ്ങനെയാണ്.. പോ... എനിക്ക് പെണ്ണിനെ ഇഷ്ടമല്ല.. പെണ്ണിന്റെ ചൂരിഷ്ടമല്ല.. എനിക്കുവേണ്ടത്.. നല്ല ചുറുചുറുക്കുള്ള ആൺകുട്ടികളെയാണ്.. അവരെന്നെ പെണ്ണിനെപ്പോലെ പൊതിയും.. സ്വപ്നം കാണിക്കും.. ശരീരത്തിലെ ശതകോടി അണുവിലൂടെയും സഞ്ചരിക്കും.. തുടകൾ ഇറുക്കിപ്പിടിക്കുമ്പോൾ........ എന്നിലെ പെണ്ണുണരും. പോ... പോകാനാ പറഞ്ഞത് .
ഇറങ്ങി ഓടുകയായിരുന്നു..
'നിക്ക്.. '
നിന്നു.
'നിനക്ക് പുരുഷനാകാൻ കഴിയുന്ന ഒരു ദിവസം വന്നാൽ.. എന്നെത്തേടി നിനക്കുവരാം.. അതുവരെ.. അരുത്.. ആഗ്രഹിക്കരുത്. എനിക്കതിനു കഴിയില്ല.
പെട്ടെന്നാണ് കുമാരൻ ആഞ്ഞുവലിച്ചത്. ശരീരത്തോടടുപ്പിച്ചു ചേർത്തുപിടിച്ചു. നിറുകയിൽ ചുംബിച്ചു.
ഞാൻ 'ചുഴലി' യാണ് .. ചുഴലി.. ചുറ്റിയടിക്കും.. തകർന്നുവീഴാതെ സൂക്ഷിക്കണം..
കുമാരൻ ചുഴലി ചുറ്റുന്നതുപോലെ പുറത്തേക്കു തെറിച്ചുപോയി .
വേണു 'നൈമിഷിക'

സ്ത്രീധനം

Image may contain: 1 person, closeup

...........................
ചെറുക്കനും കൂട്ടരും എത്തുമ്പോഴേക്കും വിഭവങ്ങളെല്ലാം തീന്മേശയിൽ റെഡിയായിരുന്നു. ആതിര കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിരുന്നു.അവളോട് സ്‌കൂട്ടി എടുക്കണ്ടാന്നു പറഞ്ഞതാ.. കേൾക്കേണ്ടേ... വീട്ടിൽനിന്ന് ഒരു വളവുതിരിഞ്ഞാൽ ദേവീക്ഷേത്രമാണ്. നടന്നുപോകാനുള്ളതേയുള്ളു.. എന്നിട്ടും !
പത്തരയ്ക്കു വരുമെന്നാണ് ബ്രോക്കർ പറഞ്ഞിരിക്കുന്നത്. അയാൾ ഇപ്പോൾത്തന്നെ മൂന്നുതവണ വിളിച്ചിരിക്കുന്നു.
സമയം പത്തു പതിനഞ്ച്....
'എടാ.. നീ അമ്പലത്തിലൊട്ടൊന്നുചെന്നേ.. ഇതിവിളെവിടെപ്പോയി കിടക്കുവാ.. വെറുതെ മനുഷ്യനെ ആധിപിടിപ്പിക്കാൻ.. '
'അമ്മാവനെന്തിനാ ടെൻഷൻ അടിക്കുന്നേ... വരും... ' പെങ്ങളുടെ മകനാണ്.. അവനു ദേഷ്യം വന്നൂന്നു തോന്നുന്നു. വീണ്ടും അവൻ മൊബൈലിന്റെ മയികലോകത്തേക്കൂളിയിട്ടു
ഇന്നത്തെ പിള്ളേരെക്കൊണ്ട് ഒരുഗുണവുമില്ല..
ആതിരയെത്തി. നെഞ്ചിടിപ്പിന്റെ വേഗം പെട്ടെന്നു ശമിച്ചു.
കാർ കടന്നുവരുന്നതു കണ്ടപ്പോഴാണ് ആശ്വാസമായത്. ബ്രോക്കറോട് ഒരുകാര്യം വ്യക്തമായി പറഞ്ഞിരുന്നു. സ്ത്രീധനം കൊടുക്കില്ല. അങ്ങനെയൊരു ധനത്തെയാഗ്രഹിച്ച് ഇങ്ങോട്ടാരും വരികയുംവേണ്ടാ. ബ്രോക്കർ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അയാൾ പലകൂട്ടരേയുംപറ്റി പറഞ്ഞുകൊണ്ട് പലപ്പോഴായി വന്നിരുന്നു. ഒന്നും അങ്ങോട്ടിഷ്ടപ്പെട്ടില്ല. പക്ഷേ രാജീവിന്റെ ആലോചന വന്നപ്പോൾ എന്തോ ഒരിഷ്ടംതോന്നി. ഇവിടുത്തെപ്പോലെതന്നെ.. ഒരു മകൻ.. നല്ല ജോലി. അച്ഛനും അമ്മയും ഉദ്യോഗസ്ഥർ. അല്പം പിന്നാമ്പുറക്കഥകൾ അന്വേഷിച്ചെങ്കിലും അപാകതതോന്നുന്ന തരത്തിലുള്ള വാർത്തകളൊന്നുമില്ല. അവരോട് ബ്രോക്കർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നുവെന്നും അവർക്കതിൽ അതൃപ്തിയൊന്നും തോന്നിയിരുന്നില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റ് ആയിരുന്നു.
'വന്നാട്ടേ...കയറിയിരിക്കൂ.. '
രാജീവിന്റെ അച്ഛനും അമ്മയും അകത്തോട്ടുകയറി.. കൂടെവന്ന പ്രായമുള്ള രണ്ടുപേർ വീടിനുചുറ്റും ഒന്നുകറങ്ങി. രാജീവ് വണ്ടിയിൽത്തന്നെയിരുന്നു.
'മോനെന്താ ഇറങ്ങാത്തത്..' രാജീവിന്റെ അച്ഛനോടായിരുന്നു ചോദ്യം.
'ഞങ്ങളൊക്കെ കൂടെവന്നത് അവനെങ്ങോട്ടിഷ്ടപ്പെട്ടിട്ടില്ല.. ഇന്നത്തെ പിള്ളേരല്ലേ? കൂട്ടുകാരുമൊത്തു പോകുന്നതാ അവർക്കിഷ്ടം.. '
രാജീവിന്റെ 'അമ്മ കാറിനടുത്തേക്കു പോയി.
രാജീവ് ഇറങ്ങിവന്നു. കേരളീയ ശൈലിയിൽത്തന്നെ മുണ്ടും ഷർട്ടും.. ഐ ടി കമ്പനിയിൽ ഉയർന്നജോലിയുള്ള ഒരു ചെറുപ്പക്കാരൻ ഈ വേഷത്തിലെത്തുമെന്നു തീരെ വിചാരിച്ചില്ല.. സുന്ദരൻ.. ഒത്തനീളം.. അതിനൊത്ത വണ്ണം.. പ്രൗഢഗംഭീരമായ മുഖകമലം.. മുഖത്ത് കോപ്രായങ്ങളൊന്നുമില്ല.. അവൾക്കിഷ്ടപ്പെടും.. അവളും ഐ ടി കമ്പനിയിൽത്തന്നെയാണ്.. രണ്ടുപേരുടെയും പ്രൊഫഷൻ ഒരേപോലെയാകുമ്പോൾ ചിന്തകൾക്കും ഒരേശൈലിയായിരിക്കുമോ?
'അമ്മയില്ലാത്ത കുട്ടിയാണ്.. ഇത് എന്റെ പെങ്ങൾ.. അവളുടെ മകൻ.. അത് അവളുടെ അമ്മയുടെ മൂത്തചേച്ചി.. ' പരിചയപ്പെടുത്തലുകൾ.
എല്ലാവരും ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരായപ്പോൾ രാജീവിന്റെ അച്ഛൻ അവരെ പരിചയപ്പെടുത്തി.
'ഇതെന്റെ അമ്മാവൻ.. അത്.. '
'ഞാൻ ഇവളുടെ അച്ഛൻ.. ' അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
പിന്നെ കുറേ വീട്ടു-നാട്ടുവിശേഷങ്ങൾ.. പെട്രോളിന്റെ വില അനുദിനം ഉയരുന്നു.. ആധാർ.. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ..
'അതൊക്കെപ്പോട്ടെ.. പെണ്ണിനെ വിളിക്കൂ.. '
അമ്മാവനാണ്.
രാജീവ് ഒരിക്കലും ചർച്ചകളിൽ പങ്കുകൊണ്ടിരുന്നില്ല. ആദ്യമായി പെണ്ണുകാണലിനുപോകുന്ന ചെറുക്കന്റെ എല്ലാ അസ്വസ്ഥതകളും അവന്റെമുഖത്ത് പ്രകടമായിരുന്നു.. ശാന്തനാണ്.. പക്ഷേ, ചക്കയൊന്നുമല്ലല്ലോ? ചുഴന്നുനോക്കാൻ.. ന്റെ ദേവീ.. എല്ലാം നല്ലതിനായിരിക്കണേ..
ഇതിനിടക്ക് ബ്രോക്കറെ കണ്ണുകൾകൊണ്ട് ആംഗ്യംകാണിച്ചു അകത്തോട്ടുവിളിച്ചു.
'എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ?'
'ചേട്ടൻ പരിഭ്രമിക്കാതെ.. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.. നല്ലകൂട്ടരാ.. '
അയാൾ സമാധാനിപ്പിച്ചു.
ആതിരയെത്തി..
പെണ്ണുകാണൽ ചടങ്ങ് ഔപചാരികമായി നടന്നു. എല്ലാവരുടെയും കണ്ണുകളിൽ സന്തോഷം കണ്ടപ്പോൾ സമാധാനമായി. അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കാ കഴിയുക. മുഖത്തിന്റെയത്രയും സൗന്ദര്യം മനസ്സിലുമുണ്ട് അവൾക്ക്. അവളെ സ്നേഹിക്കാതിരിക്കാൻ അവർക്കു കഴിയില്ല. രാജീവിന്റെ മുഖവും വിടർന്നിരുന്നു.
'ഇനീപ്പോ കാര്യങ്ങളിലേക്ക് കടക്കാം.. അപ്പോഴേക്കും കുട്ടികൾക്കെന്തെങ്കിലും മിണ്ടാനും പറയാനുമുണ്ടാകും.. ' രാജീവിന്റെ അച്ഛനാണ്.
രാജീവും ആതിരയും പുറത്തോട്ടിറങ്ങി മുറ്റത്തുനിൽക്കുന്ന മൂവാണ്ടൻമാവിന്റെ ചുവട്ടിലേക്കുനീങ്ങി.
'ഇനി പറയൂ.. '
'എന്തുപറയാനാ.. കുട്ടിയെ ഞങ്ങൾക്കിഷ്ടപ്പെട്ടു.. എത്രയുംവേഗം നിശ്ചയത്തിനുള്ള മുഹൂർത്തം കുറിപ്പിക്കുക.. പിന്നെ??'
'പിന്നെ ?' ശബ്ദം മുറിഞ്ഞിരുന്നു. മനസ്സിലൊരു വെപ്രാളം. എന്തായിരിക്കും ഇനിയവർ പറയാൻപോകുന്നത്.
'ഇതുമാത്രം പോരല്ലോ? കാര്യങ്ങൾക്കൊരു വ്യക്തത വരേണ്ടേ ' രാജീവിന്റെ അപ്പൂപ്പനാണ്.
'ഞാൻ പറഞ്ഞിരുന്നല്ലോ.. സ്ത്രീധനം ചോദിക്കരുത്.. ഞാൻ തരില്ല.. ഞാനും വിവാഹിതനായത് സ്ത്രീധനം മേടിക്കാതെതന്നെയാണ്.. ഇന്നേക്ക് ഇരുപത്തിയഞ്ചു കൊല്ലംമുമ്പ്.. '
'ആയിക്കോട്ടെ.. ഞങ്ങളും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എതിരാണ്.. പ്രത്യേകിച്ച് മോൻ.. ഞങ്ങൾക്കുള്ളതെല്ലാം അവനാണ്.. ഒരു നല്ലജോലിയുമുണ്ട്.. ഒരു പെണ്ണിനെ പോറ്റാൻ ഇനിയെന്തുവേണം.. ഞങ്ങൾക്കും സ്ത്രീതന്നെയാണ് ധനം '
മനസ്സിലൊരു കുളിർമഴ പെയ്തതുപോലെ.. വിചാരിച്ചതിലുമപ്പുറം നന്മയുള്ള മനുഷ്യർ..
'ഇവിടെയും എനിക്കിവൾമാത്രല്ലേയുള്ളു.. എല്ലാം അവൾക്കുള്ളതാണ്.. '
'എങ്കിലും.. ഒരു ധാരണ എപ്പോഴും നല്ലതാണ്.. ഈ വീടും പറമ്പും എത്രവരും?' അമ്മാവനാണ്.
'ഇത് മുപ്പത്തിയാറ് സെന്റുണ്ട്.. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഒരു ഒന്നരക്കോടി.. പിന്നെ കുറച്ചങ്ങോട്ടുമാറി ഒരു 35 സെന്റുണ്ട്.. ഭാര്യയുടെ വീതത്തിലുള്ളതാ..അതിനിത്രയും വിലവരില്ല കേട്ടോ'
'ഇതൊക്കെ ആരുടെ പേരിലാ? ' അമ്മാവന് സംശയം തീരുന്നില്ല.
'രണ്ടും എന്റെ പേരിൽത്തന്നെ.. പിന്നെ കുറച്ചു ഡെപ്പോസിറ്റ്സ്.. എന്റേയും മോളുടേയും പേരിൽ.. '
'നല്ലത്.. ' അപ്പൂപ്പൻ
'സ്വർണ്ണം? ' അമ്മയാണ്.
'ഉണ്ട്..കുറച്ചേയുള്ളു.. ഒരു നൂറു നൂറ്റിരുപതു പവൻ വരും.. മോൾക്ക് സ്വർണ്ണത്തിനോട് താല്പര്യമില്ലാത്തതുകൊണ്ട് ലോക്കറിലാണ്.. '
'അതൊക്കെ കല്യാണത്തിന് എടുക്കേണ്ടിവരുമല്ലോ?' അമ്മയുടെ മുഖത്ത് ഉത്സാഹം.
'ഇല്ല... അത്യാവശ്യം കല്യാണത്തിന് ഇറക്കിനിറുത്താനുള്ള ഇരുപതുപവനോളം വീട്ടിലുണ്ട്.. '
'ഒരു കല്യാണമൊക്കെയാകുമ്പോ നാലാളുടെമുന്നിൽ നാണക്കേടാകരുതല്ലോ' അപ്പൂപ്പൻ ചെറുചിരിയോടെ പറഞ്ഞു.
'എന്നെ ഈ നാട്ടിലുള്ളവർക്കറിയാം.. ഒരിക്കലും നാണക്കേടാവില്ല.. പിന്നെ ഇതെല്ലാം എന്റെ കാലശേഷം അവൾക്കും മോനുമുള്ളതല്ലേ’
സംസാരത്തിന്റെ ഗതി മാറുന്നുണ്ടോ ? ദൂരെ മാഞ്ചുവട്ടിൽ സംസാരിച്ചുനിന്നിരുന്ന മോളും രാജീവും തിരികെനടക്കാൻ തുടങ്ങുന്നു. നല്ല ചേർച്ചയുണ്ട്. ജാതകം നോക്കിച്ചപ്പോഴും പത്തിൽ പത്തുപൊരുത്തവും.
'അതൊക്കെ പോട്ടെ.. നമ്മൾക്ക് എത്ര വയസ്സായി..?' അമ്മാവൻ വിടുന്നമട്ടില്ല.
'എനിക്കോ?... കഴിഞ്ഞ മീനത്തിൽ 56 തികഞ്ഞു.. എന്തേ ?'
'അല്ല ചോദിച്ചൂന്നേയുള്ളു.. റിട്ടയർമെന്റിനു ഇനിയും സമയമുണ്ട് ല്ലേ..?.. അസുഖങ്ങൾ വല്ലതും?'
'മാരകമായ അസുഖങ്ങളൊന്നുമില്ല.. പിന്നല്പം ഷുഗറും കൊളസ്ട്രോളുമൊക്കെ ഇന്നത്തെക്കാലത്ത് ആർക്കാ ഇല്ലാത്തത് '
എല്ലാവരുടെയും മുഖത്ത് ചിരിപടർന്നു.
'പക്ഷേ എനിക്കതുമില്ല.. ഹ ഹ ഹ '
മുഖങ്ങളിലെ ചിരി പെട്ടെന്നു മാഞ്ഞുപോയോ?
മകൾ തന്നെക്കടന്നകത്തേക്കുപോയപ്പോൾ അവളുടെ കണ്ണുകളിലേക്കുനോക്കി. അവിടെ സ്വപ്‌നങ്ങൾ പീലിയാട്ടിനിന്നിരുന്നു. രാജീവിന്റെ മുഖത്തെ വികാരം വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
'എന്നാൽ ഞങ്ങളിറങ്ങട്ടെ.. ' രാജീവിന്റെ അച്ഛനാണ്
'എന്തെങ്കിലും കഴിക്കാം.. '
'അതൊക്കെ ഇനിയുമാകാമല്ലോ?'
'എന്നാലും..'
'കഴിപ്പിലൊക്കെ എന്തുകാര്യം.. '
'ആയിക്കോട്ടെ.. സമയം നോക്കിച്ചിട്ട് അങ്ങോട്ടിറങ്ങാം'
'പറയാം.. ആദ്യം ഞങ്ങളൊന്നു നോക്കിക്കട്ടെ.. ' അമ്മാവനാണ്.
അവരുടെകൂടെ ബ്രോക്കറും കാറിനടുത്തേക്കുപോയി.
കാർ പടികടന്നു പുറത്തേക്കുപോയപ്പോൾ ബ്രോക്കർ തിരികെവന്നു.
'എന്തുപറഞ്ഞു അവർ.. ഇഷ്ടപ്പെട്ടോ ?'
'ഇഷ്ടക്കേടൊന്നുമില്ല.. പക്ഷേ നടക്കില്ല.. '
'ങ് ഹേ ....'
'കല്യാണം കഴിഞ്ഞാലുടൻ.... വേണ്ടാ... ഒന്നോരണ്ടോ കൊല്ലത്തിനുള്ളിൽ നിങ്ങൾ മരിക്കുമെന്നൊരുറപ്പ് അവർക്കു കൊടുക്കാൻ കഴിയുമോ? എങ്കിൽ നടക്കും.
വേണു 'നൈമിഷിക'

എന്തും ചെയ്യാം.

Image may contain: 1 person, closeup

രേഷ്മ... അതാണവളുടെ പേര്....സഹികെട്ടാണ് മുഖപുസ്തകത്തിൽ അക്കൗണ്ട് തുറന്നത്... ആരും പിടിച്ചു ചേരടീന്നും പറഞ്ഞ് ചേർത്തതൊന്നുമല്ല.... ഒരു അഭിമാന പ്രശ്നം.. പുതുതായി വീട്ടു വേലയ്ക്കു വന്ന താടകചേച്ചിക്കും അക്കൗണ്ട്.. (പേരതല്ല, ഞാൻ അങ്ങിനെ വിളിച്ചെന്നൊന്നും പറയല്ലേ, എന്നാൽ എന്റെ പാലിൽ ബൂസ്റ്റിനുപകരം, വിം ഉറപ്പാ.. രൂപത്തെ വർണ്ണിച്ചതാ ഞാൻ ) ഉച്ചയൂണ് കഴിഞ്ഞാ പിന്നെ അവരെ കിട്ടില്ലാ .. 4 വരെ... 4998 ഫ്രെണ്ട്സ് ... ഇനീം രണ്ടെണ്ണം കൂടി ആയാൽ ഫേസ് ബൂക്കുകാര് അവാർഡ് കൊടുക്കുമത്രേ ... എന്നോട് ചോദിച്ചു.. "മോക്കില്ലേ..?" ഇവിടെ കമ്പുട്ടറും ലാപ്ടോപ്പും എല്ലമുണ്ടല്ലോ.. എന്നിട്ടും...?
എന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത ചോദ്യം... അതെന്നെ പിടിച്ചങ്ങുലച്ചു... അവരുടെ പ്രൊഫൈൽ ഫോട്ടോ .. കത്രിന കൈഫിന്റെതാ .. ചുന്നരി കുട്ടി... ഈ സാധനത്തിനു ഇടാൻ പറ്റിയ പോട്ടം തന്നെ..
അവളും തുടങ്ങി.. ചുമ്മാ ഒരു രസത്തിന് ... ആദ്യം അവരെ തന്നെ ആഡ് ചെയ്തു.. അപ്പോഴാ കണ്ടേ.. അവടപ്പനും ഉണ്ട് അവിടെ.. അപ്പനെ ആഡ് ചെയ്യാൻ പറ്റുവോ... ? ഉപദേശകസമിതിയംഗം നിശിതമായി വിമര്ശിച്ചു... വേണ്ട മോളെ.. നിങ്ങള് വീണ്ടും കാണേണ്ടോര? അങ്ങേരു വല്ലോം ചാറ്റാൻ വന്നാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമോണ്ടോ... ഹി ഹി ഹി .. ( അയ്യോ ചിരിക്കല്ലേ )
ഓരോ അരമണിക്കൂര് കൂടുമ്പോളും അവള് കേറും.. പേടിക്കണ്ട.. ഇനി അത് ഓരോ 2 മിനിട്ടിലും ആയിക്കോളും .... ആദ്യത്തെ മണിക്കൂറിൽ 132 പേര്... ഇത് കൊള്ളാല്ലോ... ?
അന്നത്തെ ദിവസം ആകെ മൊത്തം ടോട്ടൽ 433 സുഹൃത്ത് അപേക്ഷകൾ... ഉപദേശകസമിതി ഉപദേശിച്ചു.. "ഒന്നും നോക്കാൻ പോണ്ട.. എല്ലാം അങ്ങൊട്ട് സ്വീകരിച്ചോ.. "
അവള്ക്കന്നു ഉറങ്ങാൻ തോന്നിയില്ല.. എന്നിട്ടും ഉറക്കം അവളെ കെട്ടിപിടിച്ചു തഴുകിയുറക്കി.. രാത്രി 2 മണി.. പ്രേതങ്ങളും പിശാചുക്കളും തിമിർത്താടുന്ന സമയം.. അവൾ ഞെട്ടി ഉണര്ന്നു.. ലോഗ് ഇൻ ചെയ്തു.... ഒന്നും തോന്നിയില്ല.. ഒരു ലൈൻ ചുമ്മാ എഴുതി പോസ്റ്റ് ചെയ്തു... " ഈ വിരഹം എനിയ്ക്കിഷ്ടമാണ്... " അവൾ ഞെട്ടി.. ചാറ്റ് മെസ്സേജ് ബോക്സുകൾ തുറന്നു വന്നോണ്ടേ ഇരുന്നു..
"മോളെ എന്ത് പറ്റി?"
"എന്താടാ ചക്കരെ "
"എന്നോട് പറയൂ"
"വിരഹം നിനക്ക് തേൻ മഴയാകട്ടെ , വിരഹിണി നിനക്ക് ഞാൻ പൂമഴയാവട്ടെ " ഒരു വിരുതൻ തട്ടി
ആ ലൈൻ അവള്ക്കിഷ്ടപ്പെട്ടു.... അവൾ ഉവാച: " മം "
അതവളുടെ അവസാനത്തെ ശബ്ദമായിരുന്നോ എന്ന് അവൾക്കുതന്നെ തോന്നി... മെസ്സേജുകളുടെ പ്രവാഹം.. പോര സുനാമി...
കണ്ണുകൾ ഉറക്കം തൂങ്ങുന്നു... അവൾക്കുറക്കം വരുന്നു
"മോള്ക്ക് എന്ത് ഹെല്പാ വേണ്ടത്....?
അവൾ ലോഗ് ഔട്ട് ചെയ്തു...
അടുത്ത ദിവസങ്ങൾ അവള്ക്ക് കാളദിവസങ്ങൾ( ഓപ്പോസിറ്റ് ഓഫ് കാളരാത്രി ) ആയിരുന്നു.. .. ലോഗ് ഇന് ചെയ്താൽ കക്ഷി മെസ്സേജ് വിടും .. 'പറയൂ മോളെ.. എന്ത് ഹെല്പ്? '
"ഞാൻ വിദേശത്താ മോളെ, ഇവിടെ രാവെന്നും പകെലെന്നും ഇല്ലാതെ ജോലി... ഒരിറ്റു സ്നേഹത്തിനു കൊതിക്കുന്ന മനസ്സുമായി ഞാനിങ്ങനെ.... "
അയ്യട.. ഞാൻ പറഞ്ഞിട്ടാണോ ഇയ്യാള് വിദേശത്ത് പോയത്.. ഈ രണ്ടു ദിവസത്തിനുള്ളിൽ അവൾ കുറെ പ്രവാസികളെ കണ്ടു.. എല്ലാരും ഹതഭാഗ്യർ... എല്ലുമുറിയെ പണി എടുക്കുന്നവർ.. പ്രവാസ ജീവിതത്തിന്റെ കഷ്ടതകൾ പേറുന്നവർ.. മരിച്ചു ജീവിക്കുന്നവർ.. എല്ലാം നഷ്ടപ്പെട്ടവർ.. എന്തെല്ലാം കേൾക്കണം... അപ്പൊ ഇവിടെ ജോലി ചെയ്യുനവര്ക്ക് കഷ്ടപ്പടോന്നും ഇല്ലേ.. പിന്നെ ഇവിടെ വരുമ്പോൾ എന്റെ ദൈവമേ എന്തോരം സെന്റ് പൂശി.. പൊളപ്പൻ ജോക്കെർ ടീ ഷർട്ടും ഇട്ടു അണ്ണാൻ മരത്തെ കേറിയ പോലെ നടക്കുന്ന കാണുമ്പോൾ തോന്നും, ഇവന്റെയൊക്കെ കഷ്ടതകൾ മാറിയോ ? പെണ്ണിനെ വളയ്ക്കാൻ ഓരോരോ തന്ത്രങ്ങൾ... (മുഴുവൻ ആത്മഗതം.. അങ്ങേരെങ്ങാനും കേട്ടിരുന്നേൽ എന്റെ മണ്ടക്ക് ആണവമിസൈൽ വർഷിച്ചേനെ . പ്രവാസികളുടെ വീക്നെസ്സിലല്ലേ അവള് കേറി പിടിച്ചത്)
അവൾ സഹികെട്ടപ്പോൾ പറഞ്ഞു : 'എനിക്ക് ഹെൽപോന്നും വേണ്ട.. ഞാൻ മാരീഡ് ആണ്.. എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്... '
"ആണോ...? എനിക്കീ മാരീഡ് നോടാ കൂടുതൽ ഇഷ്ടം...
"എനിയ്ക്ക് ഹെല്പ് വേണ്ടാന്നു പറഞ്ഞില്ലേ ... '
" അങ്ങിനെ പറയല്ലേ" എനിക്ക് സങ്കടം വരും.. ഞാൻ ജീവിതം മുഴുവൻ ഹെല്പ് ചെയ്യാൻ ഉഴിഞ്ഞു
വെച്ചിരിക്കുവാ..."
'ഞാൻ സ്‌ക്രീൻ ഷോട്ടിടും .. '
'അതൊക്കെ ഇപ്പൊ ഒരു പുത്തരിയല്ലെടീ പെണ്ണെ .. നിന്നെ തെറി പറയാൻ ഒരുകൂട്ടം സുഹൃത്തുക്കൾ എനിക്കുമുണ്ട് . '
അവൾ താടകയെ പ്രാകി.. ഓരോന്ന് ഒപ്പിച്ചു തന്നിട്ട് അവൾ സ്ഥലം വിട്ടു.. രാവിലേം വൈകിട്ടും ബൂസ്റ്റിട്ട പാല് കിട്ടുന്നില്ലാന്നും പറഞ്ഞ്.....
ഈ വൈതരണി എങ്ങിനെ കടക്കും എന്റെ ഭഗവാനെ...
" മോള് ഒന്നും പറഞ്ഞില്ല..."
'മം ...."
'പറ മോളെ .. '
"എന്ത് ഹെല്പ് ചോദിച്ചാലും ചെയ്തു തരുമോ...? "
"പിന്നേ.. എന്തൊരു ചോദ്യമാ മോളെ.. ഇവിടെ നല്ല ചന്ദ്രനെ കിട്ടും .. യു നോ .. അമ്പിളി മാമൻ... പിടിച്ചു തരും... " ( വിരഹം സഹിക്കവയ്യാഞ്ഞിട്ട് അവൻ അവന്റെ മൊബൈൽ ഫോണ് കുത്തി ഒടിച്ചെന്നു തോന്നുന്നു .. )
"എന്തും????"
"എന്നെ വിഷമിപ്പിക്കാതെ പറയ്.. നാണിക്കേണ്ട.. എന്നോട്... സൈസ് പറഞ്ഞാ മതി.. "
അയ്യെടാ.. അവന്റമ്മേടെ ഒരു സൈസ്..
"എന്നാലെ .. എന്റെ അടുക്കളേൽ കുറെ പാത്രങ്ങൾ . കഴുകാൻ കിടക്കുന്നു.. കുറെ തുണി അലക്കാൻ കിടക്കുന്നു.. ഒന്ന് വന്നു ചെയ്തു തരുമോ.....? ജോലിക്കാരി പിരിഞ്ഞു പോയി... "
പിന്നെ വന്നത്..,,,,,,,
" "
നോ ശല്യം ഫ്രം ദാറ്റ് ഡേ..
ഹോ എന്തൊരു ആത്മ സംതൃപ്തി....
വേണു 'നൈമിഷിക'

കടങ്കഥ

കടങ്കഥ
.....................
ട്രെയിൻ അല്പം ലേറ്റ് ആയി.. അല്പമല്ല ഏതാണ്ട് 2 മണിക്കൂർ.. ഞങ്ങളുടെ ഗ്രാമത്തിലെ സ്റ്റേഷൻ വിജനമായിരുന്നു .. രാത്രി 11 .45 .. ലേറ്റ് ആയപ്പോഴേ വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു.. അവരോട് കിടന്നോളാനും പറഞ്ഞു.. മോന് നാളെ എക്സാം ഉള്ളതല്ലേ ?. എവിടെ ദൂരയാത്ര പോയാലും ഇപ്പോൾ ബൈക്ക് സ്റ്റേഷനിൽ വെക്കാറുണ്ട് .. ഇല്ലെങ്കിൽ ഇതുപോലെ ലേറ്റായാൽ ഞങ്ങളുടെ കുഗ്രാമത്തിലേക്ക് ഒരു വാഹനവും കിട്ടില്ല.. രാവിലെയും വൈകിട്ടും ഒരു സർക്കാർ വണ്ടി ട്രിപ്പ് നടത്താറുണ്ട് .. റോഡിനു വീതി കുറവായതുകൊണ്ടും, വളവുകൾ അധികമായതിനാലും പലപ്പോഴും ട്രിപ്പുകൾ പാതിവഴിക്ക് മുടങ്ങാറുണ്ട് .. രാത്രി എട്ടുമണി കഴിഞ്ഞാൽ പിന്നെ വണ്ടിയില്ല. പത്തുമണിവരെ കുറച്ചകലെ സംസ്ഥാനപാതയിൽ സർക്കാർ വണ്ടിയുണ്ട് .. അവിടിറങ്ങി വീണ്ടും ചിറയിലൂടെ നടക്കണം.. രാത്രികാലങ്ങളിൽ അങ്ങിനെയൊരു റിസ്ക് എടുക്കാൻ വയ്യ .. പകൽത്തന്നെ പലപ്പോഴും വഴിയിൽ തടസ്സമായി നല്ല മൂർഖൻ പാമ്പുകൾ കടന്നുവരാറുണ്ട് ..
സ്റ്റേഷനു പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പുതോന്നി.. ഇപ്പോൾ ഇവിടുത്തെ കാലാവസ്ഥയ്ക്കും വളരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .. കാലംതെറ്റിയുള്ള മഞ്ഞുപെയ്ത്ത് .. മഴയെക്കുറിച്ചു യാതൊരറിവുമില്ല.. ചൂടിന് കാഠിന്യമേറിയിട്ടുണ്ട് ..
ഭാഗ്യം .. ബൈക്ക് ഇരുന്നിടത്തുതന്നെയുണ്ട് .. രണ്ടുദിവസമായതുകൊണ്ട് പൊടിപിടിച്ചിട്ടുണ്ട്.. കൂടെ മഞ്ഞും .. കൈകൊണ്ടു തുടച്ചപ്പോൾ കൈയിൽ പശപോലെ അഴുക്ക് പറ്റിപ്പിടിച്ചു.. പിന്നെ തുടയ്ക്കാൻ പോയില്ല. ഇട്ടിരിക്കുന്ന ഡ്രസ്സ് അഴുക്കായിട്ടുണ്ട് .. ഇതുംകൂടെയാവട്ടെ .. നാളെ അലക്കാനെടുക്കുമ്പോൾ അവളുടെ സ്ഥിരം ഡയലോഗ് വരും .. അത്രേയുള്ളു.
ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.. മെയിൻ റോഡുവരെ രണ്ടുവശത്തും വീടുകളുണ്ടെങ്കിലും റോഡരുകിൽ മരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്നതിനാൽ ഇരുട്ടിനു കട്ടികൂടുതലാണ്.. കൂടാതെ സ്ട്രീറ്റ് ലൈറ്റും കത്തുന്നില്ല .. വീടുകളിലെ ലൈറ്റുകളും അണഞ്ഞിരിക്കുന്നു ..
ആഹ് .. ഒറ്റനിമിഷം .. ഞെട്ടിപ്പോയി .. ഒരു കറുത്തപൂച്ച വട്ടംചാടി .. വണ്ടിയിൽ ഇടിച്ചു .. ബാലൻസ് തെറ്റി .. കാലുകുത്തി ഒരുവിധത്തിൽനിന്നു ..
.ഹോ. ശ്വാസം നേരേനില്ക്കുന്നില്ല ... പേടിച്ചുപോയി..
മുഖത്തെ വിയർപ്പു അഴുക്കുപിടിച്ച കൈകൾകൊണ്ട് തുടച്ചു..
ങ് ഹേ .. എന്റെ ദൈവമേ ബൈക്ക് ഓഫായിരുന്നോ.. ? ഒരുനിമിഷത്തേക്ക് ഒന്നും അറിഞ്ഞില്ല .. ചാവി ഇഗ്നിഷനിൽ ഉണ്ടോന്നു നോക്കി .. സ്റ്റാർട്ട് ചെയ്തു.. കിക്കർ തിരിച്ചുവന്നു കാലിന്റെ വണ്ണയ്ക്ക് അടിച്ചു.. ഹോ .. നാശം .. എന്തൊരു വേദന.. വീണ്ടും വീണ്ടും കിക്ക് ചെയ്തു.. .. കുറ്റാക്കുറ്റിരുട്ട് .. അടുത്തെവിടെയോ ഒരു പട്ടി എന്തോ കണ്ടു പേടിച്ചതുപോലെ മോങ്ങുന്നു.. ദൂരെനിന്നു രണ്ടു തിളങ്ങുന്ന ഗോളങ്ങൾ അടുത്തുവരുന്നു.. എന്റെ ദൈവമേ? എന്തൊരു പരീക്ഷണമാണിത് .. അടുത്തുവന്ന ഗോളങ്ങൾ .. കുറച്ചു പിന്നോട്ടുമാറി .. പിന്നെയും ..ഉയർന്നും താണും .. പെട്ടെന്നാണ് ഒരു പട്ടിയുടെ മോങ്ങൽ അവിടെനിന്നു കേട്ടത്..
ഹോ.. ആശ്വാസം .. പട്ടിയായിരുന്നു .. അതിന്റെ അണപ്പിന്റെ ശബ്ദം ..
പെട്ടെന്നാണോർമ്മവന്നത് .. കൈയിലെ സ്മാർട്ട്ഫോണിൽ ടോർച്ചുണ്ടല്ലോ.. ? കീശയിൽ നിന്ന് ടോർച്ചു തപ്പിയെടുത്തു .. പട്ടി നില്ക്കുന്ന ദിക്കിലേക്കടിച്ചുനോക്കി ..
ങ് ഹേ .. അവിടെ പട്ടിയില്ല .. അതെവിടെപ്പോയി.. ? ടോർച്ചു തെളിച്ചുകൊണ്ടുതന്നെ വട്ടം കറക്കിനോക്കി ..
ഓ മൈ ഗോഡ് .. കണ്ണുകളിൽ ചോര പൊടിയുന്നതുപോലെതോന്നി.. അപകടം .. തെളിച്ചുപിടിച്ചിരിക്കുന്ന ടോർച്ചിന്റെ പ്രകാശം ആ ഒടിഞ്ഞുവീഴാറായ ഗേറ്റിൽ തറച്ചുനിന്നു ... ഈ ഗേറ്റ് .. മിന്നല്പിണർപോലെ ചിന്തകൾ 20 വർഷം പുറകോട്ടോടി .. അതെ .. അതുതന്നെ..
നല്ല നിലാവുള്ള രാത്രി .. എട്ടാം ക്ളാസിൽ പഠിക്കുന്നു. വീട്ടിൽ ഒരു വെള്ളാച്ചിപ്പശു ഉണ്ടായിരുന്നു.. ഗർഭിണി .. രാത്രിയിൽ അതിനു എന്തോ വയ്യായ്ക.. അമ്മൂമ്മ ചെന്നുനോക്കി .. അതേ .. അത് പ്രസവിക്കാനുള്ള തത്രപ്പാടിലാണ്.. പക്ഷേ .. വേദനകൊണ്ടു പുളയുന്ന പശു ..
"എടാ .. നീയാ രമേശനേം വിളിച്ചോണ്ട് ചെല്ല് .. എങ്ങനേലും മൃഗഡാക്കിട്ടറേ വിളിച്ചോണ്ടുവാ .. ഇല്ലെങ്കിൽ ഇത് ചത്തുപോകും.. "
രണ്ടുമൂന്നുമാസം മുൻപ് മൃഗഡോക്ടർ വന്നിരുന്നത്രേ .. അപ്പോൾ .. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഏതു പാതിരാത്രിയാണെങ്കിലും വിളിച്ചാമതീന്നു .അദ്ദേഹം പറഞ്ഞിട്ടാണ് പോയത് .
വീട്ടീന്ന് നാലഞ്ച് കിലോമീറ്റർ ദൂരമുണ്ട്.. രമേശന് സൈക്കിൾ ഉണ്ടായിരുന്നു.. സൈക്കിൾ കേറാനുള്ള കൊതികൊണ്ട് പറയുന്നതിനുമുമ്പ് റെഡി.. രാത്രി.. ഇടവഴികൾ .. കരയുന്ന ഡൈനാമോ .. കരച്ചിലിന്റെ പകുതി ആരോഗ്യമില്ലാത്ത പ്രകാശം.. കൂടാതെ ചീവീടുകളുടെ സംഗീതവും ..
ഡോക്ടറുടെ വീടിനെക്കുറിച്ചൊരു ഐഡിയ മാത്രം .. രമേശൻ ആള് കേമനാ.. നല്ല ധൈര്യശാലി.
'നീ സൈക്കിൾ വിടെടാ ചെക്കാ..'
വളവുകളും പുളവുകളും താണ്ടി ഞങ്ങൾ ലക്ഷ്യത്തോടടുക്കുന്നു.. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം അകത്തോട്ടു മൂന്നു മീറ്റർ ടാർ ചെയ്യാത്ത വഴിയാണ്.. അതിന്റെ അങ്ങേയറ്റത്താണ് അയാളുടെ വീട്.. രമേശൻ ഒരുതവണ പോയിട്ടുണ്ടത്രെ . !
സമയം വലിയ തിട്ടമില്ല .. ആരും വഴിയിലില്ല.. ഒരൂഹം വെച്ച് രമേശൻ വഴി പറഞ്ഞുകൊണ്ടിരുന്നു ..
ഡാ .. ആ ഒറ്റയ്ക്ക് നിക്കുന്ന വീട് കണ്ടില്ലേ .. അതാ ..
ഭാഗ്യം .. ഡോക്ടറുടെ വീട്ടിൽ വെട്ടമുണ്ട്.. ഒരു ഇരുമ്പുഗേറ്റിനു മുന്നില്‍ സൈക്കിൾ നിന്നു ...
'സാറേ ... '
'എന്താ .. ?'
ഞെട്ടിപ്പോയി .. ഞങ്ങളെ നോക്കിനിന്നപോലെ ഡോക്ടർ..
' ആരാ ..?'
'ഞങ്ങൾ കുറെ ദൂരെന്നാ.. ഡോക്ടർ .. '
വിക്കിവിക്കി രമേശൻ ..
'അയ്യോ പേടിക്കണ്ട .. അത്താഴം കഴിഞ്ഞാൽ ഈ മുറ്റത്തിങ്ങിനെ കുറേനേരം ഉലാത്തുന്ന സ്വഭാവമുണ്ട് എനിക്ക് .. ഞാൻ കിടക്കാൻ തുടങ്ങുകയായിരുന്നു .. '
ഡോക്ടർ ഗേറ്റിനപ്പുറം .. ഞങ്ങളുടെ കഥ കേട്ടു ..
'അപ്പൊ ഒരു പ്രശ്നമുണ്ടല്ലോ .. എനിക്ക് വണ്ടിയില്ല .. നിങ്ങൾ പോയി ഒരു വണ്ടി വിളിച്ചോണ്ടുവരൂ .. '
'ഇപ്പോഴോ.. ?'
'കിട്ടും .. ആ ജങ്ഷനിൽ ചെന്ന് നോക്ക് .. ആരെങ്കിലും കാണും. ഹൈവെ അല്ലെ.. ഇനി അവിടില്ലെങ്കിൽ അപ്പുറത്തെ അമ്പലത്തിന്റെ കിഴക്കേനടയിൽ ഒരു വീടുണ്ട് അവിടുത്തെ വണ്ടി വരും.. ഞാൻ പറഞ്ഞൂന്നു പറ സുകുമാരനോട് .'.
പെട്ടെന്ന് വരാമെന്നു പറഞ്ഞു ഞങ്ങൾ സൈക്കിൾ തിരിച്ചുവിട്ടു..
ജങ്ഷനിലെ അവസാനത്തെ കാറും വീട്ടിൽപോകാൻ തിരിക്കുന്നു .. ഒരുവിധത്തിൽ അയാളെക്കൊണ്ട് സമ്മതിപ്പിച്ചു.. ഞങ്ങളുടെ സ്ഥലം മാത്രമേ പറഞ്ഞുള്ളു .. വഴീന്നു ഒരാൾ കേറുമെന്നും ..
രമേശൻ പെട്ടെന്ന് വണ്ടിയിൽ കയറി..
നീ സൈക്കിൾ കൊണ്ടുപോരേ .. ഞാൻ വഴിപറഞ്ഞു കൊടുക്കാം ..
പെട്ടെന്ന് എനിക്ക്മനസ്സിലായി .. ഡോക്ടർ കയറിയാലും രമേശൻ വണ്ടീന്ന് ഇറങ്ങില്ല .. അവസാനം ഞാൻ തനിയെ പോകണം .. എന്നാപ്പിന്നെ എന്റെ ശവമേ വീട്ടിൽ ചെല്ലൂ .. അത്രയ്ക്ക് ധൈര്യശാലിയാണല്ലോ?
എന്റെ സൈക്കിളിന്റെ പിന്നാലെ അയാൾ കാറുരുട്ടി . . ഡോക്ടറുടെ വീടിന്റെ അല്പ്പം പുറകിലായി കാറ് തിരിക്കാൻ സൌകര്യമുള്ളിടത്തുവച്ച് രമേശൻ കാറിൽ നിന്നിറങ്ങി..
വീണ്ടും ഗേറ്റിൽ ..
'ഡോക്ടറേ .... ഡോക്ടറേ ...'
ആളനക്കമില്ല .. ഗേറ്റിൽ പിടിച്ചുകുലുക്കി.. നിലാവിൽ വീടിന്റെ മുറ്റം ഭംഗിയായി കാണാം .. ഇനി ഡോക്ടർ കിടന്നോ.. ?
ഡ്രൈവർ അടുത്തേക്കുവന്നു ..
'ഇവിടെനിന്ന് ആരെ കൊണ്ടുപോകാനാ.. ?'
'ഡോക്ടർ .. '
'തലയ്ക്കു ഭ്രാന്തുണ്ടോ നിങ്ങള്ക്ക് .. നട്ടപ്പാതിരായ്ക്ക് മനുഷ്യനെ മെനക്കെടുത്താൻ .. ഡോക്ടർ ആത്മഹത്യ ചെയ്തിട്ട് ഇന്ന് പതിനഞ്ച് ദിവസമായി.. '
ങ് ഹേ .. ഞാനും രമേശനും ഒരുമിച്ചു ഞെട്ടി.. ഞാൻ മൂത്രമൊഴിച്ചോ എന്നൊരു സംശയം ..
'വേഗം സ്ഥലംവിടാൻ നോക്ക്.. '
ഡ്രൈവർ കാറിന്റെ അടുത്തേക്കുപോയി.. ആ പോക്കിന് അല്പ്പം വേഗത കൂടുതലായിരുന്നു..
തൊട്ടടുത്ത് എന്തോ തട്ടിമറിയുന്ന ശബ്ദം .. ഞെട്ടിത്തിരിഞ്ഞുനോക്കി .. നിമിഷനേരത്തിനുള്ളിൽ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ..
അതേ ... ആ വീടിന്റെ മുന്നിലാണ് ഇപ്പോൾ.. പക്ഷെ മെയിൻ റോഡിലൂടെ പോയ ഞാനെങ്ങനെ ഇവിടെയെത്തി . അതാണെനിക്കും മനസ്സിലാവാത്തത് .
ടോർച്ചിന്റെ വെളിച്ചത്തിൽ ഒരു പെരുച്ചാഴി ഓടിമറയുന്നു..
കൈകൾക്കും കാലുകൾക്കും ബലക്ഷയം .. ഒന്നും ചെയ്യാനാവുന്നില്ല .. ഉച്ചത്തിൽ കൂവി ആരെയെങ്കിലും വിളിക്കണമെന്നുണ്ട് .. ശബ്ദം പുറത്തുവരുന്നില്ല .. മൊബൈൽ കടിച്ചുപിടിച്ചുകൊണ്ട് ബൈക്ക് തള്ളി.. നീങ്ങുന്നില്ല.. ശരീരമാസകലം വിയർപ്പു പൊടിയുന്നു.. ശ്വാസം കിട്ടുന്നില്ല .. ഗേറ്റ് തുറക്കുന്ന ശബ്ദം .. പഴയ ഗേറ്റിന്റെ ഇരുമ്പഴികൾ ഞെരിഞ്ഞൊടിയുന്നു . ആരോ അടുത്തേക്ക് വരുന്നു.. പെട്ടെന്നാരോ പൊട്ടിച്ചിരിച്ചു.. ഞെട്ടിപ്പോയി.. മൊബൈൽ അടിച്ചതാണ്.. അങ്ങനൊരു റിങ്ടോൺ........
അല്ല അടുത്താരോ ഉണ്ട്..
ആരാ .. ആ ... രാ .. ?
ആരോ പൊക്കിയെടുത്തു നിലത്തെറിഞ്ഞു ..
കണ്ണുതുറന്നപ്പോൾ .. ഒരുകൂട്ടം കൈയുകൾ അടുത്തേക്ക്..
'മാഷേ .. '
അറിയാവുന്ന ആരോ ആണ്..
'മാഷെന്താ ഇവിടെ.. ?'
ഒന്നും പറഞ്ഞില്ല .. നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു.. റെയിൽവേ സ്റ്റേഷനിലേക്ക് രാവിലത്തെ ട്രെയിൻ പിടിക്കാൻപോയ ആരോ വഴിയിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയതാ ..
"വെള്ളമടിക്കണം ... വെള്ളം മനുഷ്യനെ അടിക്കരുത് .. " ആരോ വായിൽ തോന്നിയ തെറി മൊത്തം പറഞ്ഞോണ്ടു പോയി..
ഞാൻ വെള്ളമടിക്കില്ല . എന്ന് പറയണമെന്നുണ്ടായിരുന്നു.. പറഞ്ഞില്ല .. മൊബൈൽ ഫോണിൽ നേരം പുലരുവോളം വന്ന പത്തുനൂറ് മിസ്സ്ഡ് കോളുകൾ .. ഭാര്യയാണ് ..
വേണു 'നൈമിഷിക'
(repo)

കൊഴിഞ്ഞുപോയ ചേമന്തിപ്പൂക്കൾ .

Image may contain: 1 person

ദേവികുളത്തോട്ടുള്ള യാത്ര എന്നും സന്തോഷം പകരുന്നതായിരുന്നു. കോട്ടയത്തുനിന്നും പുറപ്പെടുന്ന ബസ് മൂവാറ്റുപുഴ.. കോതമംഗലം എത്തുന്നതുവരെ സൈഡിലെ ഷട്ടർ പൊക്കാതെ ഇരുന്നുറങ്ങും . അതൊക്കെ എല്ലായിടങ്ങളിലും കാണുന്ന കാഴ്ചകൾതന്നെ . കണ്ണുകൾക്ക് കുളിർമ്മയേകുന്ന കാഴ്ചകളോടാണെന്നും പ്രിയം .. നേര്യമംഗലം പാലം അടുക്കുമ്പോൾ ഷട്ടർ പതിയെ പോക്കും . അപ്പോൾ മറ്റുള്ളവരുടെ ഷട്ടറുകൾ പതിയെ താഴാനും തുടങ്ങും . ചെറിയ തണുപ്പ് അരിച്ചെത്തിത്തുടങ്ങുമപ്പോൾ.. അടിമാലിവരെ ചെറിയചെറിയ കാഴ്ചകൾ.. പിന്നെ പള്ളിവാസൽ .. പിന്നങ്ങോട്ട് കണ്ണുകൾക്ക് പൂരമാണ് . എന്തുകാണണം ? എന്തുകാണണ്ടാ എന്നൊരു വിവേചനവുമില്ലാതെ കണ്ണുകളങ്ങളെ സാകൂതം നോക്കിയിരിക്കും പുറത്തോട്ട് . കാഴ്ചകൾ കണ്ണുകളിൽ നിറയുമ്പോൾ മനസ്സിൽ കഥകൾ ഉണർന്നുതുടങ്ങും. കാഴ്ചകൾ ഒരുവശത്തൂടെ കാണുന്നുണ്ടെങ്കിലും മനസ്സിലുരുത്തിയിരുന്ന കഥകൾക്ക് കുറവുകളൊന്നുമുണ്ടാകാറില്ല . അപ്പോൾ തോന്നും ഇതൊക്കെ ഇപ്പോൾത്തന്നെ എഴുതിവയ്ക്കണമെന്ന്.. കണ്ടക്ടർ തന്നെ ടിക്കറ്റ് അല്ലാതെ ഒരുതുണ്ടു പേപ്പർ പോലും കരുതാതെയായിരിക്കും പലപ്പോഴും യാത്ര . എഴുതാനുള്ള മോഹം അവിടെത്തീരും ? അതുതന്നെയല്ല ബസ് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ എഴുത്തൊന്നും നടക്കത്തുമില്ല ..
നീണ്ടു നിവർന്നുകിടക്കുന്ന മലനിരകൾ .. തേയിലത്തോട്ടങ്ങൾ ,., പേരറിയാത്ത തണൽമരങ്ങൾ . കാട്ടുവള്ളികൾ . ഏലത്തോട്ടം .മുകളിൽനിന്നു ചിതറിത്തെറിക്കുന്ന ചെറു വെള്ളച്ചാട്ടങ്ങൾ . വളഞ്ഞുപുളഞ്ഞൊരു പാമ്പിനെപ്പോലെ നീങ്ങുന്ന വഴിത്താര . മുക്കിയും മൂളിയും വലിഞ്ഞുകയറുന്ന ബസ് .. ചിലപ്പോൾ ബസ് പുറപ്പെടുവിക്കുന്ന തുമ്മൽ പോലൊരു സ്വരം . അതെന്താണെന്നു പലപ്പോഴും ഡ്രൈവര്മാരോട് ചോദിക്കണമെന്ന് കരുതും ..പിന്നതങ്ങു മറക്കും. മൂന്നാറിലെത്തിയാൽ ഒരുത്സവമേളമാണ് . തമിഴും മലയാളവും കലർന്ന ഭാഷ . മൂന്നാർ ടൗണിൽ ഒരു കുരിശടിയുണ്ട് . അതിനുമുന്നിലൂടെ ലെഫ്റ്റിലോട്ടാണ് ദേവികുളത്തിനു തിരിയുന്നത്.. പ്രൈവറ്റ് സ്റ്റാൻഡിനു തൊട്ടപ്പുറത്ത് തൂക്കുപാലം .. താഴെ മാലിന്യം കുന്നുകൂടി ശ്വാസംമുട്ടി ഒഴുകുന്ന പുഴ .
ഇന്നിപ്പോൾ വളരെ ലേറ്റ് ആയി . ആറുമണിക്കുമുന്നെ ദേവികുളത്തെത്താനായിരുന്നു തീരുമാനം . പക്ഷെ ഇടയ്ക്ക് ബസ് കുറച്ചുനേരം കേടായി കിടന്നു. കോതമംഗലം കഴിഞ്ഞപ്പോൾ . ചെറിയ തകരാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ഡിപ്പോയിൽനിന്നു മെക്കാനിക്കുകൾ വന്നു ശരിയാക്കി . അപ്പോഴേക്കും മണിക്കൂര് രണ്ടു വെറുതേ പോയി
ആറുമണി . മൂന്നാർ ടൗണിൽനിന്ന് ബസ് പുറപ്പെടുന്നതേയുള്ളു. കണ്ടക്ടറുടെ ശാസനയൊന്നും വകവയ്ക്കാതെ തമിഴത്തികൾ കണ്ടകടച്ചാണി സാധനങ്ങളെല്ലാം വലിച്ചുകയറ്റുന്നുണ്ട് ബസിനുള്ളിൽ.. ചേമന്തിപ്പൂക്കളുടെ സുഗന്ധം മൂക്കിൽ അടിച്ചുകയറുന്നു.. കാക്കക്കറുപ്പാണെങ്കിലും മെഴുക്കുപുരണ്ട തമിഴത്തികളുടെ ശരീരത്തിൽ ഈ ചേമന്തിപ്പൂക്കളുടെ സുഗന്ധം പരന്നിട്ടുണ്ടെന്നുതോന്നും.. പിന്നെ കലപില വർത്തമാനം . അതുവരെ ഉറങ്ങിക്കിടന്ന ബസ് ഒന്നുണർന്നു.. ഒട്ടിയും മുട്ടിയും തട്ടിയും നിൽക്കുന്ന തമിഴ്മക്കളെ കാണുമ്പോൾ മലയാളമക്കൾക്കുണ്ടാകുന്ന നീരസത്തിന്റെ നേർത്തപടലം അവിടെ പരന്നിരുന്നു.
'വൃത്തികെട്ടതുങ്ങള്.. ഒന്ന് മാറിനിന്നുകൂടെ .. ' എവിടെനിന്നോ ഒരു വയസ്സായസ്വരം പൊങ്ങി .
'എന്ന അണ്ണാ . ഉനക്ക് എന്ന പ്രച്ചനം.. ? ' തമിഴത്തികളും വിട്ടുകൊടുക്കാറില്ല .
ബസ് മൂന്നാർ ടൌൺ വിട്ടു മുന്നോട്ടു നീങ്ങി . ദേവികുളത്താണ് ലാസ്റ്റ് സ്റ്റോപ്പ്.. ഇരുട്ടുവീണുതുടങ്ങി .തണുപ്പും . ഇനി കാഴ്ചകൾ കാണാൻ മാർഗ്ഗമില്ല . ഷട്ടറുകൾ എല്ലാം ഇടാതെ യാത്ര തുടരാനാവില്ല . ഡ്രൈവറുടെ എതിർവശത്തുള്ള സീറ്റാണ് കണ്ടക്റ്റർക്ക്.. അയാൾ അടുത്തുവന്നപ്പോളോരു റിക്വസ്റ്റ് .
'പോയിരുന്നോ .. ഇനി എനിക്ക് ഇരിക്കാനൊന്നും പറ്റില്ല .. '
ഭാഗ്യം .. നല്ലൊരു മനുഷ്യൻ .
തമിഴത്തികളുടെ ഇടയിലൂടെ ഊർന്നിറങ്ങുമ്പോൾ ഒരു എണ്ണക്കറുപ്പുള്ള തമിഴത്തിയെ തൊട്ടുരുമ്മി.. കറന്റ് അടിച്ചപോലൊരു ഫീലിംഗ്.. പെട്ടെന്നു നിന്നു.. തിരിഞ്ഞൊന്നു നോക്കി. അവളുടെ മിഴികളുമായി ഒന്നുടക്കി. അവളുടെ ശരീരത്തിൽ സ്പർശിച്ചുകടന്നുപോയതിൽ അവൾക്കൊരു അലോസരവും തോന്നിയെന്ന് ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നില്ല . എന്താ കണ്ണ് ? പേടമാൻ മിഴിയെന്നൊക്കെ പറയുംപോലെ.. നല്ല ചേലുള്ള മുഖം .. ഇടതുകൈ പൊക്കി അവൾ മുകളിലത്തെ കമ്പിയിൽ പിടിച്ചിട്ടുണ്ട് . അവളുടെ കക്ഷം വിയർത്തൊട്ടിയതിന്റെ പാടു കാണാം . വീണ്ടും ആ ചേമന്തിപ്പൂക്കളുടെ സുഗന്ധം . അവളുടെ വിയർപ്പിനും ആ സുഗന്ധമാണോ ? മനസ്സൊന്നു പതറി . അവൾ കണ്ണുകൾതാഴ്തി മറ്റെങ്ങോട്ടോ നോക്കി .
മുന്നോട്ടുചെന്നു ആ സീറ്റിലിരുന്നു. ബസ് ലൈറ്റ് ഒക്കെയിട്ട് വളവുകൾ തിരിഞ്ഞു കയറിപ്പോകുകയാണ് . കാഴ്ചകൾ മങ്ങുന്നുണ്ട് . തേയിലക്കാടുകൾക്കിടയിലൂടൊരു യാത്ര . അല്പം നേരത്തെയായിരുന്നെങ്കിൽ.. ? കോടമഞ്ഞുപുതച്ചുകിടക്കുന്ന റോഡും പരിസരവും . ഡ്രൈവർക്ക് നല്ല ബുദ്ധിമുട്ടുതോന്നുന്നുണ്ട് .. ഇടയ്ക്ക് പെട്ടെന്നിറങ്ങി വരുന്ന പ്രകാശദ്വയങ്ങൾ .. കാറുകളും . ചെറിയ വാഹനങ്ങളും . പെട്ടെന്നു ബ്രേക്ക് പിടിക്കുമ്പോൾ ബസിനെ ലൈനിങ് തേയുന്ന ശബ്ദം .
പെട്ടെന്നാണോർത്തത് . സിഗരറ്റു പോയിന്റിലാണല്ലോ ഇറങ്ങേണ്ടത് ? അവിടെയാണ് ദിവാകരൻ ചേട്ടൻ കാത്തുനിൽക്കാമെന്നു പറഞ്ഞത് . മൊബൈലിനു റേഞ്ച് കുറവായതുകൊണ്ട് ഇങ്ങോട്ടു വിളിച്ചിട്ടുണ്ടെങ്കിലും കിട്ടിക്കാണില്ല . അടിമാലിയിലെത്തിയപ്പോൾ വിളിച്ചു പറഞ്ഞിരുന്നു. ചേട്ടൻ അവിടെ കാത്തുനിൽക്കും. സിഗരറ്റു പോയിന്റിൽ നിന്നല്പം അകത്തോട്ടു കയറി കമ്പനിവക ലായങ്ങളുണ്ട് . അവിടെയൊരാളെ കാണണം. പിന്നെ ദിവാകരൻ ചേട്ടന്റെ ക്വർട്ടേഴ്‌സിൽ താമസം .
ആളൊറ്റയ്ക്കാണ് .. ഭാര്യയും മക്കളും നാട്ടിൽ . ഞങ്ങളുടെ അടുത്തുതന്നെയാണ് താമസം . പിന്നെ . നാളെ ഒന്നുരണ്ടുപേരെക്കൂടെയൊക്കെ കാണാനുണ്ട് . കാരണമൊക്കെ പിന്നീട് പറയാം .
'സിഗരറ്റ് പോയ്ന്റ് ആരാ ഇറങ്ങാനുള്ളത് ?'
കണ്ടക്റ്ററുടെ ശബ്ദം ഉയർന്നുകേട്ടു.
'ആളുണ്ട് . ' പെട്ടെന്നു സീറ്റിൽനിന്നു ചാടിയെണീറ്റു. ഗേറ്റിനടുത്തേക്കു നടന്നപ്പോൾ നമ്മുടെ കഥാനായികയും ഇറങ്ങാനുള്ള തത്രപ്പാടിലാണ്..
അവളെയൊന്നു മുട്ടിയുരുമ്മി ഇറങ്ങണമെന്നൊരു മോഹം .. പക്ഷെ മറ്റൊരു തമിഴൻ ആ അവസരം നന്നായി മുതലെടുത്തു. നമ്മളിങ്ങു പിന്നിലുമായിപ്പോയി . പിന്നെ അവനെ ചവിട്ടിമെതിച്ച്‌ പുറത്തിറങ്ങേണ്ടി വന്നു.. അവൻ കൊടുംതമിഴിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ചീത്തയാണ് . പറയുന്ന ധ്വനിവച്ചു മനസ്സിലായതാണ് .
പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത് . അവിടെ ഇറങ്ങിയത് ഞാനും അവളും മാത്രം . ആനന്ദലബ്ധിക്കിനിയെന്തുവേണം
..
ബസ് പുകപരത്തിക്കൊണ്ട് മുന്നോട്ടുനീങ്ങി . നല്ല മഞ്ഞുണ്ട് . അധികദൂരമൊന്നും കാണാൻ കഴിയുന്നില്ല . ബസിന്റെ പിന്നിലെ ബ്രേക്‌ലൈറ്റുകളുടെ പ്രകാശം ഒരു വളവുതിരിഞ്ഞു കടന്നുപോയി .
ഇരുട്ടെന്നു പറയാൻ കഴിയില്ല . ആകെയുള്ള ഒരു പോസ്റ്റിൽ ഒരു ചെറുതിരിവെട്ടം .
ഞാൻ വെറുതേ നിന്നു. അവളും .
ദിവാകരൻ ചേട്ടനെ അവിടെയെങ്ങും കണ്ടില്ല.. ഫോണെടുത്തുനോക്കി. ടവർ എന്ന സാധനമേയില്ല . വരട്ടെ .. സമയം നോക്കി ആറേമുക്കാൽ ..
വീശിയടിക്കുന്ന കോടക്കാറ്റിൽ കോടമഞ്ഞു പാളികളായി അടുത്തോട്ടു വരുന്ന ദൃശ്യം കാണേണ്ടതുതന്നയാണ് . സ്നേഹത്തിന്റെ മാസ്മരികത ഉള്ളിലൊലൊളിപ്പിച്ച പ്രണയിനിയെപ്പോലെ നമ്മളെ ചുറ്റിപ്പറ്റി നില്ക്കും.. നമ്മൾക്കതു പ്രിയകരമെന്നു തോന്നാതെ നിന്നാൽ.. പിന്നെ പതിയെ പതിയെ മാഞ്ഞുപോകും.. അപ്പോൾ അടുത്തയാളിന്റെ ഊഴമായി..
വാച്ചിൽ നോക്കി . ഏഴുമണി തമിഴത്തിപ്പെണ്ണിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല . അവളും ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ .. കടഞ്ഞെടുത്ത ശരീരം .. അവളുടെ വസ്ത്രങ്ങൾ അത്ര നല്ലതായിരുന്നില്ല .. എങ്കിലും. ഒരു ഇരുപത് . ഇരുപത്തിരണ്ട് . അതില്കൂടുതൽ പ്രായം തോന്നില്ല . ആ കണ്ണുകളിൽ വീണ്ടും നോക്കാനൊരു പൂതി. സ്വയം നിയന്ത്രിച്ചു. എങ്കിലും ഒളിനോട്ടങ്ങൾ കണ്ണുകൾ സ്വയം നിവർത്തിച്ചുകൊണ്ടിരുന്നു.
'ഉങ്കളു .. യാരെ പാക്കറെ .. ? ' എന്റെ നില്പിൽ അവൾ അസ്വസ്ഥയായെന്നു തോന്നുന്നു.
'അത് വന്ത്.. എന്റെ ഒരു ശേട്ടൻ .. ശേട്ടൻ .. അണ്ണൻ.. ഇങ്കെ വെയിറ്റ് പണ്ണാമെന്നു സൊല്ലിയാച്ച് . ' അറിയാവുന്ന മുറിത്തമിഴിൽ പറഞ്ഞു .
'നീ വന്ത്.. ? ' അർധോക്തിയിൽ നിറുത്തി.
അവൾ ചേമന്തിപ്പൂക്കളുടെ അവശിഷ്ടങ്ങൾ നിറഞ്ഞിരുന്ന ചണച്ചാക്കു താഴെവച്ചിട്ട് എന്റെ ചോദ്യം കേൾക്കാത്തമാതിരി നിന്നു. ഇനിയൊന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു.. കൂടാതെ ഉള്ളുകിടുങ്ങുന്ന തണുപ്പും.. തണുപ്പിനെ അതിജീവിക്കാൻ ഒന്നും എടുത്തിരുന്നില്ല . അവൾ മറ്റൊരു തുണിസഞ്ചിയിൽ കരുതിയിരുന്ന കമ്പിളിയെടുത്തു പുതച്ചു. എന്നിട്ട് എങ്ങോട്ടോ മിഴികളയച്ചു നിന്നു.
'അന്ത വെള്ളൈച്ചാമി വീട് തെരിയുമാ ? ' വീണ്ടും ചോദിക്കാതെ തരമില്ലായെന്നു വന്നു.
അവൾ സംസാരിക്കുന്നതുകാണാനും കേൾക്കാനും ഒരു ഇമ്പമുണ്ടായിരുന്നു. എങ്കിലും ഒത്ത ഒരുപുരുഷൻ ഇങ്ങനെ അടുത്തിനിന്നിട്ടും അത് ഗൗനിക്കാതെ നിൽക്കുന്ന അവളോട് ആദരവ് തോന്നിയിരുന്നു.
മിടുക്കി. !
'വെള്ളൈച്ചാമി .. ? അന്ത വിറകുവെട്ടു വെള്ളൈച്ചാമിയാ ? ' അവൻ ഇങ്ങോട്ടൊരു ചോദ്യമെറിഞ്ഞു.
ആയിരിക്കും.. അല്ലായിരിക്കും.. വെള്ളൈച്ചാമി .. അങ്ങനൊരു പെരുമാത്രമേ അറിയൂ.. ആളെന്തെടുക്കുന്നു. അതൊന്നും അറിയില്ല . ദിവാകരേട്ടനോട് ചോദിച്ചതുമില്ല .
'തെരിയാത് .. എവ്വളവ് വെള്ളൈച്ചാമി ഇറുക്ക് ഇന്ത ഊരില് വന്ത് ? ' മറുചോദ്യമെറിഞ്ഞു രക്ഷപെട്ടു..
'എനക്കും തെരിയാത് . ഇങ്കെ വന്ത് നാൻ പുതുസ് .. ' സംഭാഷണം അവിടെത്തീർന്നു
'നീങ്ക യാരെ പാക്കറെ .. ? കൈയിലുള്ള തമിഴിന്റെ ശബ്ദകോശം തീർന്നുതുടങ്ങിയിരുന്നു.
അതിനും അവൾ ഉത്തരമൊന്നും പറഞ്ഞില്ല .. കുറച്ചുനേരംകൂടെ അവളെങ്ങനെ നോക്കിനിന്നിട്ട് റോഡ് മുറിച്ചുകടന്നു. പെട്ടെന്നാണോർത്തത് .. അവളുംകൂടെ പോയിക്കഴിഞ്ഞാൽ ഈ ഇരുട്ടത്ത് . തണുപ്പത്ത് ഒറ്റയ്ക്കങ്ങനെ നില്ക്കണം അതത്ര സുഖമുള്ള കാര്യവുമല്ല ..
'അതേ . . മൊബൈൽ ഫോണുണ്ടോ കൈയിൽ .. ? '
അവളൊന്നും മിണ്ടാതെ നടന്നകന്നു. മഞ്ഞിന്റെ ഒരു പാളി അവളുടെകൂടെ പോകുന്നതുപോലെതോന്നി.
പെട്ടെന്നാണ് ദൂരെനിന്നൊരു ഒറ്റവെട്ടം അടുത്തുവന്നത്.. ദിവാകരൻ ചേട്ടനാണോ ? .. ഭാഗ്യം ..
ബൈക്ക് അടുത്തുവന്നുനിന്നപ്പോൾ പെട്ടെന്നൊടിയടുത്തു.
'ചേട്ടനെന്താ താമസിച്ചത് .. ? ' പിന്നിൽ കയറാൻ തുടങ്ങിയപ്പോൾ മുന്നിലിരുന്നയാൾ മുരണ്ടു.
'നീയാര് .. ? '
ങേ ? ദിവാകരൻ ചേട്ടനല്ലേ ? എടുത്തുവച്ചു കാൽ പിന്നോട്ടെടുത്തു. തലവഴി പുതച്ചിരുന്ന കമ്പിളിപ്പുതപ്പിനിടയിലൂടെ അയാളുടെ തിളങ്ങുന്ന കണ്ണുകൾ..
'ഇങ്കെ ഏതാവത് പൊണ്ണ് പാത്താച്ചാ .. . ?'
'ഇല്ലൈ .. അല്ല . കണ്ടു.. കണ്ടിരുന്നു. അവളുടെ കാര്യമാണോ ? '
പെട്ടെന്ന് മലയാളമാണ് വന്നത് .
'ആമാ .. അന്ത പൊണ്ണ് എങ്കേ പോയാച്ച് ?
'അന്ത വളി.. '
അയാൾ ആ വഴിക്കു ബൈക്ക് ഓടിച്ചുപോയി.. ഇതൊരു വല്ലാത്ത ദുരന്തമായല്ലോ ദൈവമേ ? ഈ ദിവാകരൻ ചേട്ടൻ എവിടെപ്പോയി കിടക്കുവാ? അടുത്ത ബസ് വരുന്നതുവരെ വന്നില്ലെങ്കിൽ നേരെ ബസ് പിടിച്ച് ക്വർട്ടേഴ്സിന്റെ അവിടെ ഇറങ്ങണം . ബാക്കിയൊക്കെ നാളെ ..
ഭയം തോന്നിയില്ല .. കാരണം ഭയക്കാൻ പഠിച്ചിരുന്നില്ല എന്നതുതന്നെ .. എന്തിനെ ഭയക്കാൻ ? മനുഷ്യരെയൊഴിച്ച് ആരെയും ഭയക്കേണ്ടകാര്യമുണ്ടെന്നു തോന്നിയിട്ടില്ല .. പിന്നെ വിലപിടിപ്പുള്ളതൊന്നും തന്റെ കൈയിലോ ശരീരത്തോ ഇല്ലതാനും..
വണ്ടികൾ പലതും ദേവികുളം സൈഡിലേക്കും തിരിച്ച് മൂന്നാർ സൈഡിലേക്കും കടന്നുപോയ്ക്കൊണ്ടിരുന്നു.. ഇടയ്ക്ക് സ്ട്രീറ്റ് ലൈറ്റൊന്നു കെട്ടു. പിന്നെ കത്തി.. ഇനി അതോടെ അണച്ചാലേ തൃപ്തിയാകുവുള്ളുവെങ്കിൽ അങ്ങനെ ? മൊബൈൽ ഉണ്ടല്ലോ . അതിലൊരു ടോർച്ചുമുണ്ട്.
തണുപ്പാണെങ്കിൽ കൂടിക്കൂടി വരുന്നു. കിടുകിടെ വിറയ്ക്കാൻ തുടങ്ങുന്നു.. പോക്കറ്റ് പരതി.. അവസാന പനാമ സിഗരറ്റ് .. ഒരു പുക ഊതിവിട്ടപ്പോൾ വല്ലാത്തൊരാശ്വാസം . മൊബൈൽ നോക്കി . ഒരു കട്ട കാണിക്കുന്നുണ്ട് . ദിവാകരൻ ചേട്ടനെ വിളിച്ചുനോക്കി. കാൾ പോകുന്നുണ്ട് . പക്ഷെ വിട്ടുവിട്ട് .. ബെല്ലടിച്ചു. തൊട്ടുപിന്നൽനിന്ന്.. ഞെട്ടിപ്പോയി .
'എടാ .. ഞാനല്പം താമസിച്ചുപോയി . ഓഫീസിൽനിന്നു കാന്തല്ലൂരുവരെയൊന്നു പോയിരുന്നു. തിരിച്ചുവന്നപ്പോൾ സമയം കുറെയായി .. വിഷമിച്ചോ ? '
'ഇല്ല .. കുറേനേരം ഇവിടെ നിന്നു.. '
ദിവാകരൻ ചേട്ടൻ വന്നപ്പോൾ ഒരു സമാധാനമായി ..
പെട്ടെന്ന് ബൈക്കിൽ കയറി .. ബൈക്കുവിട്ടപ്പോൾ ഒന്നു തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല .. അയ്യോ ?
'ചേട്ടാ . ബൈക്ക് ഒന്നു നിര്ത്തിക്കേ .. '
'എന്തിനാ .. ? '
'ഒരു കാര്യം നോക്കാനാ .. '
'വേണ്ടാ .. ഇനിയെല്ലാം വീട്ടിൽച്ചെന്നിട്ട് . '
ചേട്ടന്റെ ബൈക്ക് മുന്നോട്ടുതന്നെ നീങ്ങി . അവളപ്പോഴും അവിടെ നില്പുണ്ടായിരുന്നു.
'ഒരെണ്ണം കഴിക്കുന്നോ .. ?'
കഴിക്കുമെന്നോ . ഇല്ലെന്നോ പറഞ്ഞില്ല ..
ചേട്ടൻ രണ്ടുഗ്ലാസ്സിൽ വൈറ്റ് റം പൊട്ടിച്ചൊഴിച്ചു.. നാരങ്ങാ പിഴിഞ്ഞൊഴിച്ചു.
'ഇനി പറ .. എന്തിനാ നീ ബൈക്ക് നിറുത്താൻ പറഞ്ഞത് .. ? ' ഒരു സിപ്പ് എടുത്തിട്ട് ചേട്ടൻ ചോദിച്ചു.
ഒരു സിപ്പിറക്കിയപ്പോൾ തണുപ്പിന് ചെറിയൊരു ശമനം തോന്നി.. നല്ല വെടിയിറച്ചി ഇരുപ്പുണ്ടെന്നു ചേട്ടൻ വഴിയിൽവച്ചു പറഞ്ഞിരുന്നു.
'അതോ.. ഞാൻ നിന്നിരുന്ന സിഗരറ്റ് പോയിന്റ് ഇല്ലേ ? അവിടെ ... '
'ഒരു തമിഴത്തി .. അല്ലെ ? . കുറച്ചുകഴിഞ്ഞൊരു തമിഴൻ .. ശരിയല്ലേ .. ?'
ഞെട്ടിപ്പോയി .. ഇതൊക്കെ ചേട്ടനെങ്ങനെ അറിയാം .
'തെറ്റ് സംഭവിച്ചത് എനിക്കാണ് . അവിടെ ഇറങ്ങാൻ പറയണ്ടായിരുന്നു.. പോട്ടെ . ഒന്നും സംഭവിച്ചില്ലല്ലോ .. ?'
നെറ്റിയിൽ വിയർപ്പുപൊടിഞ്ഞു.
'അവളെ പലരും പലസ്ഥലങ്ങളിലും വച്ച് കണ്ടിട്ടുണ്ടെന്നാ പറയുന്നത് .. ബസിലും.. നടന്നും.. ചിലപ്പോൾ പാഞ്ഞുവരുന്ന വാഹനങ്ങളുടെ മുന്നിൽ കയറി നിൽക്കുന്നതും.. കാലം കുറെയായി .. ചിലപ്പോഴൊക്കെ അക്രമാസക്തയാകും.. എനിക്കാ പേടിയുണ്ടായിരുന്നു.. '
'അപ്പോൾ അവൾ.. ? പിന്നെ .. അയാളോ ? '
'അയാൾ അവളുടെ ഭർത്താവിന്റെ ഊരിന്റെ അധിപനായിരുന്നു.. അവളെ മറ്റൊരു ഊരിൽനിന്നു കെട്ടിക്കൊണ്ടുവന്നതാണ് . അവളെ കണ്ഠനാൽ മുതൽ അവളെ എങ്ങനെയും കുടുക്കണമെന്നൊരു പൂതി ഇയാൾക്കുണ്ടായി .. . ഒരു ദിവസം പൂ വിറ്റിട്ടു തിരികെവന്ന അവളെ അയാൾ സിഗരറ്റു പോയിന്റിന്റെ പിന്നിലുള്ള തേയിലത്തോട്ടത്തിൽവച്ച് .......... അയാളുടെ കാമം അടങ്ങിയപ്പോഴേക്കും അവൾ മരിച്ചിരുന്നു.. ഒരാഴ്ച .. ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു രാത്രിയിൽ അയാളുടെ ബൈക്കിനുമുന്നിൽ അവൾ പ്രത്യക്ഷപ്പെട്ടു.. അയാളും ബൈക്കും കൊക്കയിലേക്ക്.. .. പലരും കണ്ടിട്ടുണ്ട് . ഇപ്പോൾ അവസായമായി നീയും .. '
അവളുടെ കടഞ്ഞെടുത്ത ശരീരവും ആ പേടമാൻ മിഴികളും എന്റെ മുന്നിലൂടെ വീണ്ടും കടന്നുപോയി..
ഇപ്പോഴും ചേമന്തിപ്പൂക്കളുടെ സുഗന്ധം മൂക്കിലൂടെ അരിച്ചിറങ്ങുന്നു..
അടുത്തൊരു പെഗ്ഗെടുത്ത് ഞാൻ വെള്ളംതൊടാതെ വിഴുങ്ങി .
വേണു 'നൈമിഷിക'

സ്ത്രീധനം

സ്ത്രീധനം
...........................
ചെറുക്കനും കൂട്ടരും എത്തുമ്പോഴേക്കും വിഭവങ്ങളെല്ലാം തീന്മേശയിൽ റെഡിയായിരുന്നു. ആതിര കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിരുന്നു.അവളോട് സ്‌കൂട്ടി എടുക്കണ്ടാന്നു പറഞ്ഞതാ.. കേൾക്കേണ്ടേ... വീട്ടിൽനിന്ന് ഒരു വളവുതിരിഞ്ഞാൽ ദേവീക്ഷേത്രമാണ്. നടന്നുപോകാനുള്ളതേയുള്ളു.. എന്നിട്ടും !
പത്തരയ്ക്കു വരുമെന്നാണ് ബ്രോക്കർ പറഞ്ഞിരിക്കുന്നത്. അയാൾ ഇപ്പോൾത്തന്നെ മൂന്നുതവണ വിളിച്ചിരിക്കുന്നു.
സമയം പത്തു പതിനഞ്ച്....
'എടാ.. നീ അമ്പലത്തിലൊട്ടൊന്നുചെന്നേ.. ഇതിവിളെവിടെപ്പോയി കിടക്കുവാ.. വെറുതെ മനുഷ്യനെ ആധിപിടിപ്പിക്കാൻ.. '
'അമ്മാവനെന്തിനാ ടെൻഷൻ അടിക്കുന്നേ... വരും... ' പെങ്ങളുടെ മകനാണ്.. അവനു ദേഷ്യം വന്നൂന്നു തോന്നുന്നു. വീണ്ടും അവൻ മൊബൈലിന്റെ മയികലോകത്തേക്കൂളിയിട്ടു
ഇന്നത്തെ പിള്ളേരെക്കൊണ്ട് ഒരുഗുണവുമില്ല..
ആതിരയെത്തി. നെഞ്ചിടിപ്പിന്റെ വേഗം പെട്ടെന്നു ശമിച്ചു.
കാർ കടന്നുവരുന്നതു കണ്ടപ്പോഴാണ് ആശ്വാസമായത്. ബ്രോക്കറോട് ഒരുകാര്യം വ്യക്തമായി പറഞ്ഞിരുന്നു. സ്ത്രീധനം കൊടുക്കില്ല. അങ്ങനെയൊരു ധനത്തെയാഗ്രഹിച്ച് ഇങ്ങോട്ടാരും വരികയുംവേണ്ടാ. ബ്രോക്കർ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അയാൾ പലകൂട്ടരേയുംപറ്റി പറഞ്ഞുകൊണ്ട് പലപ്പോഴായി വന്നിരുന്നു. ഒന്നും അങ്ങോട്ടിഷ്ടപ്പെട്ടില്ല. പക്ഷേ രാജീവിന്റെ ആലോചന വന്നപ്പോൾ എന്തോ ഒരിഷ്ടംതോന്നി. ഇവിടുത്തെപ്പോലെതന്നെ.. ഒരു മകൻ.. നല്ല ജോലി. അച്ഛനും അമ്മയും ഉദ്യോഗസ്ഥർ. അല്പം പിന്നാമ്പുറക്കഥകൾ അന്വേഷിച്ചെങ്കിലും അപാകതതോന്നുന്ന തരത്തിലുള്ള വാർത്തകളൊന്നുമില്ല. അവരോട് ബ്രോക്കർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരുന്നുവെന്നും അവർക്കതിൽ അതൃപ്തിയൊന്നും തോന്നിയിരുന്നില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റ് ആയിരുന്നു.
'വന്നാട്ടേ...കയറിയിരിക്കൂ.. '
രാജീവിന്റെ അച്ഛനും അമ്മയും അകത്തോട്ടുകയറി.. കൂടെവന്ന പ്രായമുള്ള രണ്ടുപേർ വീടിനുചുറ്റും ഒന്നുകറങ്ങി. രാജീവ് വണ്ടിയിൽത്തന്നെയിരുന്നു.
'മോനെന്താ ഇറങ്ങാത്തത്..' രാജീവിന്റെ അച്ഛനോടായിരുന്നു ചോദ്യം.
'ഞങ്ങളൊക്കെ കൂടെവന്നത് അവനെങ്ങോട്ടിഷ്ടപ്പെട്ടിട്ടില്ല.. ഇന്നത്തെ പിള്ളേരല്ലേ? കൂട്ടുകാരുമൊത്തു പോകുന്നതാ അവർക്കിഷ്ടം.. '
രാജീവിന്റെ 'അമ്മ കാറിനടുത്തേക്കു പോയി.
രാജീവ് ഇറങ്ങിവന്നു. കേരളീയ ശൈലിയിൽത്തന്നെ മുണ്ടും ഷർട്ടും.. ഐ ടി കമ്പനിയിൽ ഉയർന്നജോലിയുള്ള ഒരു ചെറുപ്പക്കാരൻ ഈ വേഷത്തിലെത്തുമെന്നു തീരെ വിചാരിച്ചില്ല.. സുന്ദരൻ.. ഒത്തനീളം.. അതിനൊത്ത വണ്ണം.. പ്രൗഢഗംഭീരമായ മുഖകമലം.. മുഖത്ത് കോപ്രായങ്ങളൊന്നുമില്ല.. അവൾക്കിഷ്ടപ്പെടും.. അവളും ഐ ടി കമ്പനിയിൽത്തന്നെയാണ്.. രണ്ടുപേരുടെയും പ്രൊഫഷൻ ഒരേപോലെയാകുമ്പോൾ ചിന്തകൾക്കും ഒരേശൈലിയായിരിക്കുമോ?
'അമ്മയില്ലാത്ത കുട്ടിയാണ്.. ഇത് എന്റെ പെങ്ങൾ.. അവളുടെ മകൻ.. അത് അവളുടെ അമ്മയുടെ മൂത്തചേച്ചി.. ' പരിചയപ്പെടുത്തലുകൾ.
എല്ലാവരും ഇരിപ്പിടങ്ങളിൽ ഉപവിഷ്ടരായപ്പോൾ രാജീവിന്റെ അച്ഛൻ അവരെ പരിചയപ്പെടുത്തി.
'ഇതെന്റെ അമ്മാവൻ.. അത്.. '
'ഞാൻ ഇവളുടെ അച്ഛൻ.. ' അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
പിന്നെ കുറേ വീട്ടു-നാട്ടുവിശേഷങ്ങൾ.. പെട്രോളിന്റെ വില അനുദിനം ഉയരുന്നു.. ആധാർ.. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ..
'അതൊക്കെപ്പോട്ടെ.. പെണ്ണിനെ വിളിക്കൂ.. '
അമ്മാവനാണ്.
രാജീവ് ഒരിക്കലും ചർച്ചകളിൽ പങ്കുകൊണ്ടിരുന്നില്ല. ആദ്യമായി പെണ്ണുകാണലിനുപോകുന്ന ചെറുക്കന്റെ എല്ലാ അസ്വസ്ഥതകളും അവന്റെമുഖത്ത് പ്രകടമായിരുന്നു.. ശാന്തനാണ്.. പക്ഷേ, ചക്കയൊന്നുമല്ലല്ലോ? ചുഴന്നുനോക്കാൻ.. ന്റെ ദേവീ.. എല്ലാം നല്ലതിനായിരിക്കണേ..
ഇതിനിടക്ക് ബ്രോക്കറെ കണ്ണുകൾകൊണ്ട് ആംഗ്യംകാണിച്ചു അകത്തോട്ടുവിളിച്ചു.
'എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ?'
'ചേട്ടൻ പരിഭ്രമിക്കാതെ.. ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.. നല്ലകൂട്ടരാ.. '
അയാൾ സമാധാനിപ്പിച്ചു.
ആതിരയെത്തി..
പെണ്ണുകാണൽ ചടങ്ങ് ഔപചാരികമായി നടന്നു. എല്ലാവരുടെയും കണ്ണുകളിൽ സന്തോഷം കണ്ടപ്പോൾ സമാധാനമായി. അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കാ കഴിയുക. മുഖത്തിന്റെയത്രയും സൗന്ദര്യം മനസ്സിലുമുണ്ട് അവൾക്ക്. അവളെ സ്നേഹിക്കാതിരിക്കാൻ അവർക്കു കഴിയില്ല. രാജീവിന്റെ മുഖവും വിടർന്നിരുന്നു.
'ഇനീപ്പോ കാര്യങ്ങളിലേക്ക് കടക്കാം.. അപ്പോഴേക്കും കുട്ടികൾക്കെന്തെങ്കിലും മിണ്ടാനും പറയാനുമുണ്ടാകും.. ' രാജീവിന്റെ അച്ഛനാണ്.
രാജീവും ആതിരയും പുറത്തോട്ടിറങ്ങി മുറ്റത്തുനിൽക്കുന്ന മൂവാണ്ടൻമാവിന്റെ ചുവട്ടിലേക്കുനീങ്ങി.
'ഇനി പറയൂ.. '
'എന്തുപറയാനാ.. കുട്ടിയെ ഞങ്ങൾക്കിഷ്ടപ്പെട്ടു.. എത്രയുംവേഗം നിശ്ചയത്തിനുള്ള മുഹൂർത്തം കുറിപ്പിക്കുക.. പിന്നെ??'
'പിന്നെ ?' ശബ്ദം മുറിഞ്ഞിരുന്നു. മനസ്സിലൊരു വെപ്രാളം. എന്തായിരിക്കും ഇനിയവർ പറയാൻപോകുന്നത്.
'ഇതുമാത്രം പോരല്ലോ? കാര്യങ്ങൾക്കൊരു വ്യക്തത വരേണ്ടേ ' രാജീവിന്റെ അപ്പൂപ്പനാണ്.
'ഞാൻ പറഞ്ഞിരുന്നല്ലോ.. സ്ത്രീധനം ചോദിക്കരുത്.. ഞാൻ തരില്ല.. ഞാനും വിവാഹിതനായത് സ്ത്രീധനം മേടിക്കാതെതന്നെയാണ്.. ഇന്നേക്ക് ഇരുപത്തിയഞ്ചു കൊല്ലംമുമ്പ്.. '
'ആയിക്കോട്ടെ.. ഞങ്ങളും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എതിരാണ്.. പ്രത്യേകിച്ച് മോൻ.. ഞങ്ങൾക്കുള്ളതെല്ലാം അവനാണ്.. ഒരു നല്ലജോലിയുമുണ്ട്.. ഒരു പെണ്ണിനെ പോറ്റാൻ ഇനിയെന്തുവേണം.. ഞങ്ങൾക്കും സ്ത്രീതന്നെയാണ് ധനം '
മനസ്സിലൊരു കുളിർമഴ പെയ്തതുപോലെ.. വിചാരിച്ചതിലുമപ്പുറം നന്മയുള്ള മനുഷ്യർ..
'ഇവിടെയും എനിക്കിവൾമാത്രല്ലേയുള്ളു.. എല്ലാം അവൾക്കുള്ളതാണ്.. '
'എങ്കിലും.. ഒരു ധാരണ എപ്പോഴും നല്ലതാണ്.. ഈ വീടും പറമ്പും എത്രവരും?' അമ്മാവനാണ്.
'ഇത് മുപ്പത്തിയാറ് സെന്റുണ്ട്.. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഒരു ഒന്നരക്കോടി.. പിന്നെ കുറച്ചങ്ങോട്ടുമാറി ഒരു 35 സെന്റുണ്ട്.. ഭാര്യയുടെ വീതത്തിലുള്ളതാ..അതിനിത്രയും വിലവരില്ല കേട്ടോ'
'ഇതൊക്കെ ആരുടെ പേരിലാ? ' അമ്മാവന് സംശയം തീരുന്നില്ല.
'രണ്ടും എന്റെ പേരിൽത്തന്നെ.. പിന്നെ കുറച്ചു ഡെപ്പോസിറ്റ്സ്.. എന്റേയും മോളുടേയും പേരിൽ.. '
'നല്ലത്.. ' അപ്പൂപ്പൻ
'സ്വർണ്ണം? ' അമ്മയാണ്.
'ഉണ്ട്..കുറച്ചേയുള്ളു.. ഒരു നൂറു നൂറ്റിരുപതു പവൻ വരും.. മോൾക്ക് സ്വർണ്ണത്തിനോട് താല്പര്യമില്ലാത്തതുകൊണ്ട് ലോക്കറിലാണ്.. '
'അതൊക്കെ കല്യാണത്തിന് എടുക്കേണ്ടിവരുമല്ലോ?' അമ്മയുടെ മുഖത്ത് ഉത്സാഹം.
'ഇല്ല... അത്യാവശ്യം കല്യാണത്തിന് ഇറക്കിനിറുത്താനുള്ള ഇരുപതുപവനോളം വീട്ടിലുണ്ട്.. '
'ഒരു കല്യാണമൊക്കെയാകുമ്പോ നാലാളുടെമുന്നിൽ നാണക്കേടാകരുതല്ലോ' അപ്പൂപ്പൻ ചെറുചിരിയോടെ പറഞ്ഞു.
'എന്നെ ഈ നാട്ടിലുള്ളവർക്കറിയാം.. ഒരിക്കലും നാണക്കേടാവില്ല.. പിന്നെ ഇതെല്ലാം എന്റെ കാലശേഷം അവൾക്കും മോനുമുള്ളതല്ലേ’
സംസാരത്തിന്റെ ഗതി മാറുന്നുണ്ടോ ? ദൂരെ മാഞ്ചുവട്ടിൽ സംസാരിച്ചുനിന്നിരുന്ന മോളും രാജീവും തിരികെനടക്കാൻ തുടങ്ങുന്നു. നല്ല ചേർച്ചയുണ്ട്. ജാതകം നോക്കിച്ചപ്പോഴും പത്തിൽ പത്തുപൊരുത്തവും.
'അതൊക്കെ പോട്ടെ.. നമ്മൾക്ക് എത്ര വയസ്സായി..?' അമ്മാവൻ വിടുന്നമട്ടില്ല.
'എനിക്കോ?... കഴിഞ്ഞ മീനത്തിൽ 56 തികഞ്ഞു.. എന്തേ ?'
'അല്ല ചോദിച്ചൂന്നേയുള്ളു.. റിട്ടയർമെന്റിനു ഇനിയും സമയമുണ്ട് ല്ലേ..?.. അസുഖങ്ങൾ വല്ലതും?'
'മാരകമായ അസുഖങ്ങളൊന്നുമില്ല.. പിന്നല്പം ഷുഗറും കൊളസ്ട്രോളുമൊക്കെ ഇന്നത്തെക്കാലത്ത് ആർക്കാ ഇല്ലാത്തത് '
എല്ലാവരുടെയും മുഖത്ത് ചിരിപടർന്നു.
'പക്ഷേ എനിക്കതുമില്ല.. ഹ ഹ ഹ '
മുഖങ്ങളിലെ ചിരി പെട്ടെന്നു മാഞ്ഞുപോയോ?
മകൾ തന്നെക്കടന്നകത്തേക്കുപോയപ്പോൾ അവളുടെ കണ്ണുകളിലേക്കുനോക്കി. അവിടെ സ്വപ്‌നങ്ങൾ പീലിയാട്ടിനിന്നിരുന്നു. രാജീവിന്റെ മുഖത്തെ വികാരം വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
'എന്നാൽ ഞങ്ങളിറങ്ങട്ടെ.. ' രാജീവിന്റെ അച്ഛനാണ്
'എന്തെങ്കിലും കഴിക്കാം.. '
'അതൊക്കെ ഇനിയുമാകാമല്ലോ?'
'എന്നാലും..'
'കഴിപ്പിലൊക്കെ എന്തുകാര്യം.. '
'ആയിക്കോട്ടെ.. സമയം നോക്കിച്ചിട്ട് അങ്ങോട്ടിറങ്ങാം'
'പറയാം.. ആദ്യം ഞങ്ങളൊന്നു നോക്കിക്കട്ടെ.. ' അമ്മാവനാണ്.
അവരുടെകൂടെ ബ്രോക്കറും കാറിനടുത്തേക്കുപോയി.
കാർ പടികടന്നു പുറത്തേക്കുപോയപ്പോൾ ബ്രോക്കർ തിരികെവന്നു.
'എന്തുപറഞ്ഞു അവർ.. ഇഷ്ടപ്പെട്ടോ ?'
'ഇഷ്ടക്കേടൊന്നുമില്ല.. പക്ഷേ നടക്കില്ല.. '
'ങ് ഹേ ....'
'കല്യാണം കഴിഞ്ഞാലുടൻ.... വേണ്ടാ... ഒന്നോരണ്ടോ കൊല്ലത്തിനുള്ളിൽ നിങ്ങൾ മരിക്കുമെന്നൊരുറപ്പ് അവർക്കു കൊടുക്കാൻ കഴിയുമോ? എങ്കിൽ നടക്കും.
വേണു 'നൈമിഷിക'

ശ്മാശാനത്തിലേക്കുള്ള കത്തുകൾ

ശ്മാശാനത്തിലേക്കുള്ള കത്തുകൾ
ഇവിടെ, ഈ പൊതുശ്‌മശാനത്തിന്റെ കാവലാളായിട്ട് കുറെയേറെ വർഷങ്ങളായി. എപ്പോൾ? എന്തിന്? എന്നൊന്നും ഇപ്പോൾ ഓർമ്മയിലില്ല. ഒരിക്കൽ ഒരു ബന്ധുവിന്റെ മൃതദേഹവുമായി വന്നപ്പോളാണെന്നു തോന്നുന്നു. ശ്മാശാനത്തിന്റെ കാവൽക്കാരൻ അന്ന് അവധിയിലായിരുന്നു. അയാൾക്കൊരിക്കലും അവധി എടുക്കുവാൻ കഴിഞ്ഞിരുന്നില്ല. മരണമില്ലാത്ത ദിവസമുണ്ടെങ്കിലല്ലേ അതിനു പറ്റൂ? മരണത്തിന്റെ ഗന്ധംപേറി അന്നയാൾ യാത്രയായി എന്ന് പിന്നീടറിയുവാൻ കഴിഞ്ഞു. ഒരുപാടുപേരേ ദഹിപ്പിച്ച മനുഷ്യൻ. പക്‌ഷേ, അയാളെ ദഹിപ്പിക്കാൻ അയാളുടെ ശ്വാസം നിറഞ്ഞുനിൽക്കുന്ന ഈ ശ്മാശാനത്തിനായില്ല. അയാൾ ഈ നാട്ടുകാരൻ ആയിരുന്നില്ല. അവധി എടുക്കുവാൻ കഴിയാതിരുന്നപ്പോൾ അയാൾ തകർന്നിരിക്കാം. ഭാര്യ, കുട്ടികൾ.. മാസത്തിലൊരിക്കൽ ചില കണ്ടുമുട്ടലുകൾ.. പക്‌ഷേ ജീവിക്കുവാൻ അയാൾക്കീ തൊഴിൽ അത്യാവശ്യമായിരുന്നിരിക്കാം. ഒരാളെയും ചുമതലയേൽപ്പിക്കാൻ കഴിയാതിരുന്ന ഒരുദിവസം അയാൾ ആരോടും പറയാതെ സ്വന്തം ഗ്രാമത്തിലേക്കുള്ള വണ്ടി പിടിച്ചു. ഗ്രാമത്തിലെത്തുന്നതിനു കുറച്ചുമുന്പായിരുന്നുവെന്നു തോന്നുന്നു. അയാൾ കയറിയ വണ്ടി മറ്റൊരുവണ്ടിയുമായി കൂട്ടിയിടിച്ചു. മരിച്ചത് അയാൾ മാത്രം. ഇതിനൊക്കെ എന്താ പറയുക? വിധിയെന്നോ.. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ശ്രുംഖലയാണീ ജീവിതം. ആർക്ക് ? എവിടെ ? എപ്പോൾ?
കൃത്യമായി ഓർമ്മയില്ലെങ്കിലും അന്നായിരുന്നുവെന്നു തോന്നുന്നു.. കൊണ്ടുവന്ന മൃതദേഹം സ്വയം ദഹിപ്പിക്കേണ്ടിവന്നത് മനസ്സിനെ വല്ലാതെ സ്പർശിച്ചു. അന്വേഷിച്ചപ്പോൾ അറിഞ്ഞു അവിടെ കാലങ്ങളായി ഒരാൾ തന്നെയായിരുന്നു ഈ ജോലികളൊക്കെ ചെയ്തിരുന്നത്.. പകരക്കാരനെ അന്വേഷിച്ചു മടുത്തു. അങ്ങനെ പകരക്കാരനായി. പക്‌ഷേ ആ സുഹൃത്ത് ഒരിക്കലും മടങ്ങിവരികയില്ലെന്നോ, താൻ ഈ ജോലിയിൽ സ്ഥിരമാകുമെന്നോ അന്നറിഞ്ഞിരുന്നില്ല. അയാളെക്കുറിച്ചറിഞ്ഞതൊക്കെ പിന്നെപ്പോഴോ ആയിരുന്നു.
വീട്ടിൽ അമ്മ തനിച്ചായിരുന്നു. വിവാഹപ്രായമൊക്കെ കഴിഞ്ഞിരുന്നുവെങ്കിലും, അമ്മയുടെ നിർബന്ധം അസഹ്യമായിരുന്നെങ്കിലും അങ്ങനൊരു ചിന്ത മനസ്സിൽ ഒരിക്കലുമുണ്ടായിരുന്നില്ല. ജോലിയുണ്ട്, വരുമാനവുമുണ്ട്. നാട്ടുനടപ്പനുസരിച്ച് അടുത്തത് വിവാഹമാണ്. തനിക്ക് ഒരുവയസ്സുള്ളപ്പോൾ അമ്മയേ ഉപേക്ഷിച്ച് എങ്ങോട്ടോ കടന്നുകളഞ്ഞ അച്ഛനെക്കുറിച്ചോർക്കുമ്പോൾ വിവാഹത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും ഒരുതരം വേദനനിറഞ്ഞ ചിന്തയാണുണരുന്നത് മനസ്സിൽ. ഒരു ജീവിതത്തെ നരകാഗ്നിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പൗരുഷം. അത് വേണ്ടാ.. ഇപ്പോൾ അമ്മയ്ക്ക് വേദനിക്കാൻ ഒരു കാരണംകൂടെ താനായിട്ട് വളർത്തിയെടുത്തിരിക്കുന്നു. അമ്മ മരിച്ചാലും ഈ ശ്മാശാനത്തിലേക്കുതന്നെയാണ് കൊണ്ടുവരപ്പെടേണ്ടത്.
അച്ഛനെക്കുറിച്ചുള്ള വേദന അമ്മയ്ക്ക് സഹിക്കാമായിരുന്നെങ്കിൽ ഇതും അമ്മ സഹിക്കും. ഇതൊരുതരം സ്വാർത്ഥതയാണല്ലേ? ആവാം. പക്‌ഷേ, മരിച്ചതിനുശേഷം ശ്‌മശാനത്തിൽപോലും അവഗണ ഏറ്റുവാങ്ങേണ്ടിവരുന്നവരെ കുറിച്ചോർക്കുമ്പോൾ അമ്മയുടെ ദുഃഖം എത്ര നിസ്സാരം. അമ്മയ്ക്ക് മനസ്സിലാകും ..
ഉണ്ടായിരുന്നൊരു നല്ലജോലി ഉപേക്ഷിച്ചു ഈ ജോലിക്കിറങ്ങിയതിൽ അമ്മയ്ക്കുണ്ടായ വ്യസനം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ താനും അമ്മയേ സമാധാനിപ്പിച്ചിട്ടുണ്ട്.. ചിലതൊക്കെ ചില നിയോഗങ്ങളാണ് അമ്മേ.. 'അമ്മ പിന്നീടൊന്നും പറഞ്ഞിരുന്നില്ല
അധികം വൈകാതെ അമ്മയും ഇവിടെയെത്തപ്പെട്ടു. താനായിരുന്നു അന്നും കാവലാൾ.. ബന്ധുക്കൾ നടന്നുമറഞ്ഞപ്പോഴും അമ്മയുടെ ചിത കത്തിയെരിയുന്നതുവരെ കാത്തിരുന്നു
പിന്നിങ്ങോട്ട് എത്രയോ മൃതദേഹങ്ങൾ.. ഓരോ ശവശരീരത്തിനും ഓരോ കഥ പറയാനുണ്ടാകും.. പണക്കാരനും പാവപ്പെട്ടവനും ഒരേ മുഖഭാവമാണ് മരിച്ചുകഴിഞ്ഞാൽ.. അഹന്ത അവന്റെ മുഖത്ത് ദർശിക്കാൻ കഴിയില്ല.. ഒരുതരം ഭാവം.. എന്താ അതിനു പറയുക..
പണ്ട് പാവപ്പെട്ടവരും ദഹിപ്പിക്കാനോ മറവുചെയ്യാനോ ഒരിഞ്ചു ഭൂമിയില്ലാത്തവരോ ഒക്കെയായിരുന്നു വന്നിരുന്നത്. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാകുകയും, വീടും പറമ്പും പല ഖണ്ഡങ്ങളായി മുറിച്ചുമാറ്റപ്പെടുകയും, അവിടെയെല്ലാം കൂണുകൾപോലെ ഭവനങ്ങൾ എന്നവിളിപ്പേരിൽ കെട്ടിടങ്ങൾ ഉയരുകയും ചെയ്തപ്പോൾ മൃതദേഹങ്ങളുടെ എണ്ണം കൂടിവന്നു. അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള അന്തരമില്ലായിരുന്നു.
രാവും പകലും ഇവിടെത്തന്നെ കഴിച്ചുകൂട്ടി. ഒത്തിരി വലിയവർ വന്നു അതില്കൂടുതൽ ചെറിയവർ.. ആനയും അമ്പാരിയും ഉണ്ടായിരുന്നവർ, ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്നവർ.. ഹേ ! മരണമേ.. നീയൊരു കേമൻ തന്നെ.
ആയിടയ്ക്കാണ് കൃഷ്ണപുരത്തുനിന്ന് ഒരു മൃതദേഹമെത്തുന്നത്.. കൂടെ ഒരു കത്തും. കത്തുംകൊണ്ടുവരുന്ന മൃതദേഹം ആദ്യമായിരുന്നു. കൂടെവന്നവർ കത്ത് കൈമാറിയപ്പോൾ ആശ്ചര്യം തോന്നി.
സുഹൃത്തേ,
താങ്കളെ എനിക്കറിയില്ല. എന്നാൽ താങ്കളുടെ നിസ്വാർത്ഥസേവനം എന്നെ കുറച്ചൊന്നുമല്ല വിവശനാക്കിയിരിക്കുന്നത്. ഞാനൊരു കവിയാണെന്ന് അനുവാചകർ പറയുന്നു. പക്‌ഷേ ഞാൻ ഒന്നുമല്ല എന്ന് ഞാനും.
കത്തിന്റെകൂടെയുള്ള മൃതദേഹം എനിക്ക് ഏറെ സ്നേഹമുള്ള ഒരാളുടെയാണ്. കൂടെ വരുവാൻ കഴിഞ്ഞില്ല. ക്ഷമിക്കുക. എന്റെ അപേക്ഷ സ്വീകരിച്ച് അദ്ദേഹത്തിന് ഉചിതമായ വിട നൽകുവാൻ താല്പര്യപ്പെടുന്നു.
എന്ന്,
കൃഷ്ണപുരം
(കൃഷ്ണപുരം എന്റെ തൂലികാനാമമാണ്.. നേരിട്ട് വരുമ്പോൾ സ്വന്തം പേര് വെളിപ്പെടുത്തുന്നതായിരിക്കും)
അതുകൊണ്ടുതന്നെ ആരോടും ചോദിക്കാനും പോയില്ല. കൃഷ്ണപുരം എന്ന തൂലികാനാമത്തിൽ എഴുതുന്നയാളിനെയൊട്ടു പരിചയവും തോന്നുന്നില്ല.. വായന തീരെയില്ല.. പണ്ട് വായിച്ചിരുന്നു.. ഇവിടെ ചേക്കേറിയതിനുശേഷം വായന വിട്ടു. പത്രങ്ങൾ വായിക്കാറുണ്ട് അത്രമാത്രം. കൃഷ്ണപുരം നല്ലൊരു കവിയായിരിക്കുമെന്നു മനസ്സിലുറപ്പിച്ചു. കാരണം നന്മയുള്ള ഒരു മനസ്സ് അയാൾക്കുണ്ട്. അയാളോടൊന്നു സംസാരിക്കണമെന്ന് തോന്നി. കൂടെയുള്ളവരോട് നമ്പർ വാങ്ങിവച്ചെങ്കിലും ഒരിക്കലും അങ്ങോട്ട് വിളിക്കാൻ തോന്നിയില്ല.. പിന്നെയും പലപ്പോഴും കൃഷ്ണപുരത്തുനിന്നു മൃതദേഹങ്ങൾ എത്തിയിരുന്നു. കൂടെ കൃഷ്ണപുരത്തിന്റെ കത്തും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വരുന്നവർ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണ്.. ഒരിക്കൽ ആരോ പറഞ്ഞറിഞ്ഞു അവിടെവരെയെത്താനുള്ള വണ്ടിക്കൂലിയും ചടങ്ങിനുള്ള തുകയുമൊക്കെ കൃഷ്ണപുരം തന്നെയാണ് വഹിക്കുന്നതെന്ന്.. അതോടെ അദ്ദേഹത്തോട് ഒരാദരവ് മനസ്സിൽ മുളപൊട്ടിയിരുന്നു. അപ്പോഴൊക്കെ തീരുമാനിക്കും അദ്ദേഹത്തെ ഒന്ന് വിളിക്കണമെന്ന്. പിന്നെ ഒന്നും രണ്ടും മൂന്നും മൃതദേഹങ്ങൾ കഴിയുമ്പോൾ മനസ്സ് മരവിക്കും.. തോന്നാറില്ല പിന്നെ വിളിക്കാൻ..
ചില കരച്ചിലുകൾ.. ചില പിറുപിറുക്കലുകൾ.. ചില ദേഷ്യപ്പെടലുകൾ .. കൂടെവരുന്നവർ അങ്ങനെയാണ്.. ക്ഷമയില്ലാത്തവർ ആയിരിക്കും കൂടുതൽ.. ഒരു സമയത്ത് ഒന്നിൽകൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കുവാനുള്ള സൗകര്യമുണ്ട്.. പക്‌ഷേ, പറഞ്ഞിട്ടെന്താ കാര്യം.. താനൊരൊറ്റയാളല്ലേയുള്ളു. അപ്പോൾ ചിലപ്പോൾ ചിലർക്ക് താമസം നേരിടും.
ഇങ്ങോട്ടു വരുമ്പോൾ കരുവാളിച്ചിരിക്കുന്ന മുഖങ്ങൾ തിരികെപോകുമ്പോൾ തെളിഞ്ഞുകാണുന്നതും പതിവുതന്നെ. സംസ്കരിച്ചു കഴിയുമ്പോൾ മരിച്ചവർ അവരുടെ ചിന്തകളിൽനിന്നു പറന്നുപോകാറുണ്ടായിരിക്കും . കരഞ്ഞുകണ്ണീരൊലിപ്പിച്ചുവരുന്ന മക്കൾ തിരികെപ്പോകുമ്പോൾ സ്വത്തിനാവകാശം പറഞ്ഞു വഴക്കുണ്ടാക്കുന്നതും പതിവുകാഴ്ച്ചതന്നെ.
കൃഷ്ണപുരത്തെ കാണാനുള്ള മോഹം മനസ്സിലുണ്ടെങ്കിലും അതിനു കഴിയാറില്ല. കൃഷ്ണപുരം ദേശം അത്ര ദൂരെയല്ല. പക്‌ഷേ പകരക്കാരനില്ലാതെ പോകുവാനാവില്ല. അവധി എടുക്കുവാനും കഴിയില്ല.
ഒന്നു തീരുമാനിച്ചിരുന്നു. ഇനി അദ്ദേഹത്തെ വിളിക്കില്ല. അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. ഓരോ എഴുത്തിലും അദ്ദേഹത്തിന് തന്നോടുള്ള വാത്സല്യം കൂടിവരുന്നത് അക്ഷരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ തന്നെക്കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം എന്താകും? അദ്ദേഹം തന്നെക്കുറിച്ചൊരു കവിത എഴുതുമായിരിക്കും.. താമസസ്ഥലമൊക്കെ വരുന്നവരോട് ചോദിച്ച് മനസ്സിലാക്കിവച്ചിട്ടുണ്ട്.. അദ്ദേഹം വീട്ടിൽത്തന്നെയാണുള്ളതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച വളരെ കഷ്ടപ്പെട്ട് ഒരാളെ പകരത്തിനു കണ്ടെത്തി. ഒരു മണിക്കൂർ. അത്രയേ വേണ്ടൂ.. ആ സമയത്ത് ആരും മരിക്കരുതേയെന്നുള്ള പ്രാർത്ഥനയായിരുന്നു. കാരണം മറ്റൊന്നുമല്ല പകരത്തിനുവന്നയാൾ വല്ലപ്പോഴുമൊക്കെ സഹായിക്കാൻ എത്താറുണ്ട്. പക്‌ഷേ, അദ്ദേഹം മൃതദേഹത്തിൽ തൊടണമെങ്കിൽ രണ്ടെണ്ണം അകത്താക്കണം. അത് വരുന്നവരോടുതന്നെ വാങ്ങിക്കൊണ്ടുവരാൻ പറയുകയും ചെയ്യും. സംസ്കരിക്കാൻ വന്നവർ ആദ്യം മദ്യത്തിന് ക്യൂ നിൽക്കേണ്ടിവരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ.. അടക്കം കഴിയുമ്പോൾ തൊണ്ണൂറു ശതമാനവും ക്യൂ നിൽക്കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം മാത്രം.
രാവിലെ വന്ന രണ്ടു മൃതദേഹങ്ങൾ ദഹിപ്പിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തതിനുശേഷമാണ് കുളിച്ചൊരുങ്ങി പുറത്തിറങ്ങിയത്. ഗേറ്റ് കടക്കുന്നതേയുണ്ടായിരുന്നുള്ളു, മറ്റൊരു വാഹനം എത്തിക്കഴിഞ്ഞു. തിടുക്കപ്പെട്ട് ഡ്രൈവർ ഒരു കാത്തേൽപ്പിച്ചു. കൃഷ്ണപുരത്തിന്റെയാണല്ലോ? ഇനി ഈ ശരീരം അടക്കാതെ പോകുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കും.
മുന്നോട്ടുവച്ച കാലുകൾ പിന്നോട്ട് വലിച്ചു. കത്ത് തുറന്നു.
സുഹൃത്തേ,
പലപ്പോഴായി താങ്കളെ വളരെയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നറിയാം. ഒരു നല്ല കാര്യത്തിനല്ലേ എന്നോർത്ത് എന്നോട് ക്ഷമിക്കണം. ഈ എഴുത്ത് ഒരുപക്ഷേ താങ്കളെ പഴയതുപോലെ വിഷമിപ്പിച്ചേക്കാം, എങ്കിലും എനിക്കിഷ്ടമാണ് താങ്കളെ വിഷമിപ്പിക്കുന്നത്. കാരണം ഈ കത്തിന്റെ കൂടെവരുന്നത് ഞാൻ സ്വയമാണ്. ഇനിയൊരു കത്ത് താങ്കൾക്കെഴുതുവാനാവില്ലല്ലോ എന്നോർത്ത് എനിക്കും സങ്കടമുണ്ട്. എന്ത് ചെയ്യാം.. ? ഒരിക്കൽ എല്ലാവര്ക്കും താങ്കളുടെയടുക്കാൻ വന്നല്ലേ മതിയാവൂ..
എന്ന്,
കൃഷ്ണപുരം
ആ മുഖത്തേക്ക് ഒരു പ്രാവശ്യമേ നോക്കിയുള്ളൂ.
അമ്മയുടെ മുഖത്തുകണ്ടിരുന്ന വേദനയുടെ ഉറവിടം ഇതാ ലേശംപോലും സങ്കടമില്ലാതെ കിടക്കുന്നു...നേരിൽക്കാണുമ്പോൾ പേര് പറയാമെന്നു പറഞ്ഞ കൃഷ്ണപുരം.. ആ പേര് ഇനിയിവിടെ പറയേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല
വേണു 'നൈമിഷിക'

ഒരു ഫേസ്ബുക് പ്രണയവും മഹാബലിയും

ഒരു ഫേസ്ബുക് പ്രണയവും മഹാബലിയും
..................................................................................
കഴിഞ്ഞ ഓണത്തിന് നോം നിരീച്ചതാ.. ഒരു സ്മാർട്ട് ഫോൺ....ഇത്തവണ മേടിക്കണം.. പാതാളനെറ്റ് കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഒരേപോലാ.. പ്രജകൾക്ക് കെ എസ് ഇ ബി കറന്റ് കൊടുക്കുന്നപോലാ.. ഒന്നുമിന്നും.. പിന്നെ വെടീം പോകേം...
നെറ്റുള്ള സമയത്ത് വളരെ കഷ്ടപ്പെട്ട് ഒരു എഫ് ബി അക്കൗണ്ട് ഒക്കെയുണ്ടാക്കിയതാ.. പ്രൊഫൈലിൽ ഒരു ഉഗ്രൻ ക്ലോസ് അപ്പും... ഒരു തെണ്ടിയും ആ വഴിക്കുപോലും വന്നില്ല.. കാലനോക്കെ പേടിപ്പിക്കുന്ന ഫോട്ടോ ഇട്ടിട്ടും ഒത്തിരി ലൈകും കമെന്റും ഉണ്ട്... ആകെ ഫ്രണ്ട് ആയത് കാലനും ഇന്ദ്രനുമാ... അവർക്കൊക്കെ ഇപ്പൊ 5000 കഴിഞ്ഞു.. ഇവിടെ അഞ്ചോ പത്തോ... കണ്ണീക്കണ്ടവർക്കൊക്കെ റിക്വസ്റ്റ് അയച്ചു.. എവടെ ? അപ്സരസ്സുകളൊക്കെ ഇപ്പോഴും ബിസിയാ..
പച്ചകത്തിക്കിടക്കുന്നെ കാണുമ്പോ... ഹോ മനസ്സിലൊരു മാമ്പൂക്കാലം.... പിന്നെ ദിവാസ്വപ്നങ്ങളുടെ തേരോട്ടമാണ്.. പച്ചയുടെ ഈയറ്റത്ത് നോമായിരുന്നെങ്കിൽ.. അവളുടെ മധുമൊഴി കരളിലൊരു കുളിർമഴയായി പെയ്തിരുന്നെങ്കിൽ... അവളൊന്നു കൊഞ്ചിയിരുന്നെങ്കിൽ.. ആ സ്വരമൊന്നു കേട്ടിരുന്നെങ്കിൽ.. ഉണർന്നെണീക്കുമ്പോൾ ഒരു വോയിസ് മെസ്സേജ്... യ്യോ... യ്യോ... എനിക്ക് ചാകാൻ തോന്നുന്നേ...
ഫോൺ കടയിൽ തിരക്കോടുതിരക്ക്.. വന്നവനും പോന്നവനുമെല്ലാം അന്യഭാഷ സംസാരിക്കുന്നു.. ഇനി മലയാളം മറന്നോ?
'സഹോദരാ... '
'താനെന്താടോ ആളെ കളിയാക്കുവാണോ? ഞാൻ ആ ജാതിയല്ല.. '
തെങ്ങിന് കൊതവെട്ടിയപോലുള്ള അവന്റെ ഊ.....യ മുടി കണ്ടപ്പോഴേ കരുതീതാ അവനിട്ടൊന്നു കൊടുത്തിട്ടേ പോകൂന്ന്...... എന്താ സ്റ്റൈൽ.. ഇവനെയൊക്കെ വല്ല കാളയും ഉണ്ടാക്കിയതാണോ? ആരൊക്കെയോ ഉണ്ടിട്ട് കാഷ്ഠിച്ചിടുന്ന അമേദ്യം കഴിക്കാനാണല്ലോ ന്റെ ദൈവവമേ ന്റെ പ്രജകൾക്ക് വിധി.. ഓരോന്നിന്റെം മോന്ത കണ്ടാൽ കാക്കപോലും തൂറത്തില്ല... അതിനും ഒരല്പം വൃത്തിവേണം..
'ഒരു മൊബൈൽ..'
എങ്ങനെയോ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി ആ പു...................... മോനെ..അവന്റെയൊരഹങ്കാരം കസ്റ്റമർ ദൈവത്തിന്റെ രൂപമാണെന്ന് ഇവനെയൊക്കെ ആരാ ഇനി പഠിപ്പിക്കുന്നെ.. കട മൊതലാളിയാണെന്നു തോന്നുന്നു.. വേറൊരു ഭ്രാന്തൻ ഒരു മൂലയ്ക്കിരുന്നു ഫോണിൽ കുത്തിക്കളിക്കുന്നുണ്ട്.. ദിവസങ്ങളായി തേക്കാത്ത പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ട്..
'എത്രാ..?'
'20000... '
'കുറയുമോ.. ?' കേരളത്തിൽ ഇപ്പോളെല്ലാം തരികിടയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. ബാർഗൈൻ ചെയ്തില്ലെങ്കിൽ കടക്കാരൻ നമ്മളെ കുളിപ്പിച്ച് തൊട്ടിയിൽ കിടത്തും.. താരാട്ടും പാടിയുറക്കും..
'ഇല്ല.. ഒരു സെറ്റ് വിറ്റാൽ കിട്ടുന്നത് അമ്പതോ നൂറോ ആണ്.. അതിനിടയ്ക്ക് ഇപ്പൊ ജി എസ് ടി യും.. ' മൊതലാളിയാണ്..
പാവം മൊതലാളി.. ഇങ്ങനെ അമ്പതോ നൂറോ മേടിക്കാനിരിക്കാതെ ബ്രോഡ്‌വേയിൽ തോർത്ത് വിരിച്ചിരുന്നെങ്കിൽ വൈകുന്നേരമാകുമ്പോൾ പത്തമ്പതിനായിരം ഒപ്പിക്കാരുന്നു
'ഓൺലൈൻ പറേന്നത് 40 ശതമാനം ഡിസ്‌കൗണ്ട് ആണല്ലോ.. ?'
'എന്നാ പിന്നെ അതുമതി.. ഇവിടെ ഒറ്റ റേറ്റ്.. വേണോങ്കി മതി.. ഡാ ഇതങ്ങോട് മാറ്റിവെക്ക്... '
മൊതലാളീടെ ഫോൺ ചിലച്ചു..
'ന്തേലും കുന്താവട്ടെ.. ഒറ്റവില.. പതിനാറു റുപ്യാ.. '
'ഇയാളുപോയേ... പത്തൊമ്പതിൽ ഒറ്റരൂപാ കൊറയത്തില്ല.. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.. '
'ന്നാ വേണ്ടാ.. ഇനിയൊരു വിലയില്ല.. പതിനേഴുറുപ്യാ..'
'ബില്ലില്ല... '
'വേണ്ടാ.. '
'എടുക്ക്... '
ഇവനപ്പോ പറഞ്ഞതോ ഒരു സെറ്റു വിറ്റാ അമ്പതോ നൂറോ കിട്ടൂന്ന്.. കള്ളൻ... കൊച്ചുണ്ണി..
സെറ്റ് ആ മുള്ളൻപന്നിതന്നെ ആക്റ്റീവ് ആക്കി... ഫേസ്ബുക്, വാട്സാപ്പ്, സ്കൈപ്പ്, ഇൻസ്റ്റാഗ്രാം..
പുറത്തിറങ്ങിയപ്പോഴാ എന്തിനാ മൊബീൽ വാങ്ങിയെന്നുള്ള കാര്യം മറന്നുപോയെന്നോർത്തത്..
കവിത.. കവിത തികട്ടിവന്നാൽ പിന്നെ ഛർദ്ദിക്കണം.. അതൊക്കെ ആരെങ്കിലും വാരണം.. അതിനാണ്.. അതിനുമാത്രമാണ്..
ഒറ്റദിവസത്തെ ടൂർ..
വീണ്ടും പാതാളത്തിലോട്ടുചെന്നാൽ...
പാതാളനെറ്റ് സ്ലോ ആണ്.. ന്നാലും കുഴപ്പമില്ല..
നോക്കാം
യ്യോ.. ഫോട്ടോ മാറിയില്ല.. പേരും..
അടുത്ത മീറ്റിങ്ങിൽ സെറ്റുടുത്ത പെണ്ണിന്റെ കൂടെ സെല്ഫിയെടുത്തു .. ന്നിട്ട് ക്രോപ്പ് ചെയ്തു.. കലക്കി
ഇനി പേര്.... അനാമിക.. അതാ നല്ലത്..
പേരില്ലാത്തവൾ..
എന്തായാലും തികട്ടിവന്ന ഒരുകവിത പോസ്റ്റുചെയ്യാം..
വേണ്ടാ..
സ്വന്തം കവിത്വത്തിൽ സ്വയം അഹമ്മതി പാടില്ല
'മുന്നോട്ടു പോകുന്ന പശുവിന്റെ കൂടെ
പിന്നാലെ പോകുന്നു പശുവിന്റെ കൂട്ടം
പാവയ്ക്കയുടെ നീര് പാലിൽ കലർത്തിയാൽ
കാലങ്ങൾശേഷവും കയ്പൊന്നു മാറുമോ ?'
പശുന്നൊക്കെ എഴുതിയോണ്ടിനി മതേതരതെണ്ടികൾ വണ്ടിവിളിച്ചോണ്ട് അടിക്കാൻ വരുമോ ആവോ?
ഈ പശു ആ പശുവല്ല എന്നൊരു അടിക്കുറിപ്പ് കൊടുത്താലോ?
കവിത പോസ്റ്റീട്ട് ഡാഷ് പോയ അണ്ണാനെക്കൂട്ട് മിഴുങ്ങസ്യാന്നും പറഞ്ഞിരിക്കാൻ തുടങ്ങീട്ട് നേരം കുറെയായി..
ഒരു ലൈക്.. പ്ലീസ്
അതെങ്ങനാ? ഇന്ദ്രന് അപ്സരസ്സുകളിൽനിന്നൊരു ഒഴിവുകിട്ടിയാലല്ലേ അങ്ങേരു വായിക്കൂ.. കാലൻ ആണെങ്കിൽ കർക്കിടകമാസത്തിൽ ഇങ്ങോട്ടുപോന്നതാ.. ക്വോട്ടാ തികയ്ക്കാൻ.. തിരിച്ചുപോയോ ആവോ?
അവർക്കൊക്കെ അയ്യായിരം ഫ്രണ്ട്‌സ് ഇല്ലേ? അവർക്കൊക്കെ നോട്ടിഫിക്കേഷൻ കിട്ടാനുള്ള സെറ്റ് അപ്പുണ്ടോ ?ആ ആർക്കറിയാം..
വേറെ അഞ്ചാറു തെണ്ടികൾ ഉണ്ടാരുന്നു.. അവന്മാരും നോക്കീട്ടില്ല..
ഓരോ ഡിസ്ട്രിക്റ്റും കവർ ചെയ്തുകഴിയുമ്പോൾ നോക്കും.. നതിങ്..
ഇനി കാസറഗോഡ് മാത്രേ ഒള്ളു.. ബന്തടുക്ക.. ബദിയടുക്ക.. തീരാൻപോവാ.. മണി നാലായി..
ബെല്ലടിച്ചു.. ഹോ.. ആരാണോ ആവോ ?
ഒരു ലൈക്.. കൂടെ ഫ്രണ്ട് റിക്വെസ്റ്റും..
വാണി വനമാലി
പെണ്ണാണല്ലോ? അങ്ങനെ പറയാൻ വരട്ടെ.. വനമാലി കൃഷ്ണാപ്പീടെ ഇരട്ടപ്പേരാ.. വാണി.. വാണി.. ഫേക്ക് ആണോ ?
അക്‌സെപ്റ്റ് ചെയ്യാല്ലേ ?
... എ ഫ്രണ്ട് ഈസ് ടൈപ്പിംഗ്...
എന്റെ ദൈവമേ.. കമെന്റ് വരാൻ പോണു..
വാണി വനമാലി :ജീവിതയാഥാർഥ്യങ്ങളുടെ കയ്പ്പും മധുരവും നാലുവരികളിൽ വരച്ചിട്ടു.. ജീവിതത്തെ, ജീവനെ പശുവിനോട് ഉപമിച്ചത് ഒത്തിരി ഇഷ്ടമായി.. പാവയ്ക്കയുടെ നീര് പാലിൽ കലർത്തിയാൽ പാല് പിരിഞ്ഞുപോകുമോ എന്നൊരു സന്ദേഹമില്ലാതില്ല..
ന്തായാലും അനാമികയുടെ കവിതയ്ക്ക് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ട്..
യ്യോ.. ഇത് പെണ്ണല്ല.. ഒരിക്കലുമല്ല.. ഇതാണാ.. ഒരു പെണ്ണിനും ഒരിക്കലും വേറൊരു പെണ്ണിനെ ഇങ്ങനെ പുകഴ്ത്താനാകില്ല..
മറുപടിക്കാം
നന്ദി വാണി... താങ്കളുടെ ഹൃദയത്തിൽതൊട്ട അഭിപ്രായത്തിനു നന്ദി.. ഇത്തരം പ്രോത്സാഹനങ്ങളാണ് ഒരു കവിയെ വളർത്തുന്നത്..ഇഷ്ടം..
ദേ മെസ്സേജ്
വാണി : ഹായ്
ഹായ്
വാണി : അനാമിക, നല്ലപേരാണുട്ടോ
നന്ദീട്ടോ
വാണി : ന്റെ വാക്കുകൾ കടമെടുത്തു ല്ലേ ?
സുന്ദരമായ വാക്കുകൾ സ്നേഹത്തിന്റെ മുഖങ്ങളാണ് കേട്ടിട്ടില്ലേ?
വാണി: ആള് കൊള്ളാല്ലോ.. ഇവിടെ ന്റെ ല്ലേ കടമെടുത്തു..
നന്ദി.. ഇഷ്ടം..
വാണി: ഇഷ്ടം സത്യത്തിൽ ഉള്ളതാണോ?
നല്ലവാക്കുകൾ പറഞ്ഞ വാണിയോട് ഇഷ്ടം തോന്നേണ്ടേ?
വാണി : എനിക്കീ വാക്കുകൾ മാത്രമേയുള്ളു അനാമിക.. സത്യത്തിൽ..
വാണി സ്ത്രീയാണോ പുരുഷനാണോ ?
വാണി : അതെന്താ അങ്ങനൊരു സംശയം?
ഒന്നൂല്ല..
വാണി: സംശയിക്കേണ്ട.. ഞാൻ പുരുഷനാണ്.. എനിക്ക് സത്യം പറയുന്നതിലാണ് താല്പര്യം..
ന്നിട്ടെന്തിനാ വാണി ന്നു പേര്?
വാണി: തന്നോട് ഒരടുപ്പം തോന്നിയോണ്ട് സത്യം പറയാം.. ന്റെ പേര് സെബാസ്റ്റ്യൻ.. കവിയാണ്.. നിരൂപകനാണ്, കഥാകൃത്താണ്, ഫോട്ടോഗ്രാഫറാണ്, വരയ്ക്കും, പെയിന്റിംഗ് അല്പമുണ്ട്.... അങ്ങനെ വളരെചെറിയ കഴിവുകളുള്ള ഒരു മനുഷ്യൻ.. എന്തോ അനാമികയുടെ വരികൾ വായിച്ചപ്പോൾ ആത്മാവിന്റെ ഒരു തേങ്ങൽ ആ വരികളിൽ ഞാൻ അനുഭവിച്ചറിഞ്ഞു.. എന്തിനോവേണ്ടി കൊതിക്കുന്ന ഒരു ഹൃദയം.. അന്തർദ്ദാഹം.. ശരിയല്ലേ?
അങ്ങനെയൊന്നുമില്ല.... എഴുതും അത്രതന്നെ..
വാണി: തെറ്റിദ്ധരിക്കില്ലെങ്കിൽ രാത്രിയിൽ ഞാനൊന്നു വന്നോട്ടെ ഇൻബോക്സിൽ.. ഞാനിങ്ങനെ പറയുന്ന ആദ്യത്തെ ആൾ അനാമികയാണ്.. സോറിട്ടോ..
ഉം
നന്ദി.. ചിലപ്പോൾ രാത്രിയിലെ ചാറ്റിങ്ങിൽ ഞാൻ അനാമികയുടെ മൊബൈൽ നമ്പർ ചോദിച്ചെന്നിരിക്കും.. അതെന്റെ ബലഹീനതയോ. ചൂഷണമോ ആയി കരുതാതെ തരുമെന്ന് ഞാൻ ബലമായി സംശയിച്ചാൽ എന്നെ കുറ്റം പറയല്ലേ..
ഇല്ല.. എനിക്കല്പം തിരക്കുണ്ട്.. ബൈ കാണാം
വാണി: പോവല്ലേ..
വാണി: പ്ലീസ്
വാണി:ന്റെ ഹൃദയം ചതഞ്ഞരയുന്നു..
ഞെട്ടിപ്പോയി.. 455 ലൈക്.. 93 കമെന്റ്.. ഇനീപ്പോ പാതാളത്തിൽച്ചെന്നാലും സമയം പോകുന്നതറിയത്തില്ല.. ഹി ഹി ഹി
(തുടരണോ?)
വേണു 'നൈമിഷിക'

നീലത്തിമിംഗലം

നീലത്തിമിംഗലം
................................
'രാഹുൽ.. വാട്ട് റബ്ബിഷ്... വാട്ട് ആർ യു ഡൂയിങ് ദെയ്ർ?..
പപ്പയാണ്.. എന്നെക്കണ്ടാൽ അപ്പോൾ വഴക്കുപറയണം പപ്പയ്ക്ക്..
ഇനി ഞാനൊന്നും ചെയ്തില്ലങ്കിൽകൂടെ..
'നതിങ് പപ്പാ.. ഐ വാസ് വാച്ചിങ് എ ഗെയിം ഷോ.. '
'ഷട്ട് ഇറ്റ് നൗ.. ആൻഡ് ഗോ റ്റു യുവർ സ്റ്റഡി റൂം.. ഐ സെ.. '
ഭാഗ്യം പപ്പയ്ക്ക് ഒരു ഫോൺ വന്നു.. ഇല്ലെങ്കിൽ ബാക്കികൂടെ കിട്ടിയേനെ..
പപ്പാ അങ്ങനെയാണ്.. ഭയങ്കര സ്നേഹമൊക്കെയാണെങ്കിലും പെട്ടെന്ന് ചൂടാകും
മമ്മി നേരെതിരിച്ചും.. മമ്മിക്ക് സ്നേഹമുണ്ടോന്നു ചൂഴ്ന്നുനോക്കണം..
രണ്ടുപേരും ഒരുപാട് സ്ട്രിക്ട് ആണ്
പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്..
'അവനൊരാളല്ലേയുള്ളൂ.. സ്നേഹിക്കണം.. അവനറിയാതെ.. ശാസിക്കണം..എല്ലാത്തിലും ഒരു കണ്ണുവേണം
ഇത് പത്താം ക്ലാസ് ആണ്.. സ്റ്റഡി കൂടുതൽ ശ്രദ്ധിക്കണം..'
പക്‌ഷേ.. ഇവര്‌രണ്ടുപേരും തന്നേ സ്നേഹിക്കുന്നുണ്ടോന്നാ തന്റെ സംശയം
പപ്പാ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ്.. മമ്മി മൊബൈൽ കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.. രണ്ടുപേർക്കും അവരവരുടെ ടാർഗറ്റ്.. ബിസിനസ്.. മന്ത്‌ലി ടേൺ ഓവർ.. പിന്നെന്തൊക്കെയോ?
രാവിലെ ഇറങ്ങിപ്പോകുന്ന അവർ തിരിച്ചെത്തുമ്പോഴേക്കും രാത്രിയുടെ പകുതി ആയിരിക്കും.. ഓഫീസ്.. പിന്നെ ക്ലബ്.. പാർട്ടികൾ..
വീണ്ടും അടുത്തദിവസം രാവിലെ ഇതുതന്നെ..
ഇടയ്ക്ക് പഠിത്തമൊക്കെ ശരിയാണോന്നു നോക്കും.. അത്രതന്നെ !
പിന്നൊരു ഗുണമുണ്ട്.. എന്തുപറഞ്ഞാലും അപ്പോൾത്തന്നെ വാങ്ങിത്തരും..
അങ്ങനെയാണ് ഒരു ഐ ഫോൺ വാങ്ങിത്തന്നത്.. കഴിഞ്ഞ ബർത്ത് ഡേയ്ക്ക്.. രണ്ടുമാസമേ ആയുള്ളൂ.. അതിനിടയിൽ താനതിന്റെ ഓപ്ഷൻസ് മുഴുവൻ കാണാപ്പാഠമാക്കി. എന്താ ഒരു ഫോൺ?
ഒരു സിമ്മും അതിൽ നെറ്റും പപ്പാ തന്നെയാണ് കണക്ട് ചെയ്തുതന്നത്..
അവർക്ക് താനെവിടെയാണെന്നറിയാൻ ഒരുപാധി..
എങ്കിലും അതൊരു നിധിയാണ്.. എന്തൊക്കെ ഗേമുകൾ.. കളിച്ചുമടുക്കും.. തന്റെ കൈയിലില്ലാത്ത ആപ്പുകളും ഗെയിമുകളും ഇല്ലാ എന്നുതന്നെവേണം പറയാൻ.. കൂട്ടുകാരുടെയൊക്കെ ഇടയിൽ അതുകൊണ്ടുതന്നെ ഒരു ഹീറോ പരിവേഷമുണ്ട്..
കഴിഞ്ഞ ആഴ്ച ഒരു ഗെയിം ഡൌൺലോഡ് ചെയ്തു..
ഹോ ! എന്താ ഗെയിം.. ?
'ബ്ലൂ വെയ്ൽ.. ഓരോ സ്റ്റെപ്പിലും ഇത്രയും ഇന്ററസ്റ്റിംഗ്.. ഒറ്റയ്ക്കേ കളിക്കാൻ പാടുള്ളു.. ആകെ പതിമൂന്നു പടികൾ..
ഓരോ പടികളും കയറുമ്പോൾ അവർ ഓരോ ടിപ്സ് തരും.. നമ്മളോട് ഓരോ ചോദ്യങ്ങൾ ചോദിക്കും..
ആദ്യത്തെ ചോദ്യം എന്തായിരുന്നു.. ഓ യെസ്.. നീ ആരാണ്? ഞാൻ രാഹുൽ.. അതല്ല.. ഈ ലോകത്ത് നിന്റെ അസ്തിത്വം? അങ്ങനൊക്കെ ചോദിച്ചാൽ ? അറിയില്ലല്ലേ? അതു കണ്ടുപിടിക്കാതെ മനുഷ്യനായി ജീവിച്ചിട്ടെന്തുകാര്യം?
പിന്നെ ചോദിച്ചു; അടുത്ത സ്റ്റെപ്പിൽ.. നീ ഒറ്റയാണോ? നിനക്ക് കൂട്ടുണ്ടോ? നിന്നെ മാതാപിതാക്കൾ സ്നേഹിക്കുന്നുണ്ടോ? അവരെപ്പോഴും ലാളിക്കാറുണ്ടോ? നീ അവരുടെ അരുമയാണോ? പലതിനും നോ എന്ന മറുപടി കൊടുക്കേണ്ടിവന്നപ്പോൾ സ്വയം ലജ്ജ തോന്നിയിരുന്നു.. ഞാനൊറ്റയ്ക്കല്ലേ? എനിക്കാരുണ്ട്? ആരെങ്കിലും എന്നെ സ്നേഹിക്കുന്നുണ്ടോ? ഇതിനൊക്കെ ഉത്തരങ്ങൾ തേടിയൊരു യാത്രയിലായിരുന്നു കഴിഞ്ഞ ദിവസങ്ങൾ.. ഓരോ സ്റ്റെപ്പിലും നമ്മളുടെ ഹൃദയവികാരങ്ങൾ മാറിക്കൊണ്ടിരിക്കും.. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്.. അപ്പോഴൊക്കെ അവർ സമാശ്വസിപ്പിക്കും.. അവസാന സ്റ്റെപ്പിൽ നിനക്കായൊരു സർപ്രൈസ് ഞങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട്.. അതോടെ നീ സന്തോഷവാനാകും. നീ പിന്നെ ഒറ്റയ്ക്കാകില്ല ഒരിക്കലും.. നിന്നെ ഇന്നേവരെ സ്നേഹിക്കാത്തവര്പോലും അന്നുനിന്നെ സ്നേഹിക്കും.. നീ എല്ലാവര്ക്കും ഇഷ്ടപ്പെട്ടവനാകും...
നീ അമരത്വം കൈവരിക്കും? അറിയാമോ അമരത്വം ദേവകൾക്കുമാത്രമുള്ളതാണ്.. നിന്റെ യാത്ര അവിടേക്കാണ്? ക്യാൻ യു ഇമാജിൻ സച് എ ലവ്‌ലി തിങ് എവർ? നോ.. ഐ വാണ്ട് റ്റു ബി...
കൂട്ടുകാർക്കൊക്കെ വാതോരാതെ ഗേമിനെക്കുറിച്ചു പറഞ്ഞുകൊടുത്തു.. എല്ലാവരും ത്രില്ലിലാണ്.. ആരൊക്കെയോ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.. പക്‌ഷേ ആദ്യം ഞാൻ തന്നെയാവും വിജയിക്കുക.
ഇന്നാണ് ലാസ്റ്റ് സ്റ്റെപ്.. പതിമൂന്നാമത്തെ.. ഇന്നറിയാം എന്ത് സർപ്രൈസ് ആണവർ തനിക്കുവേണ്ടി കരുതിവച്ചിരിക്കുന്നത് എന്ന്..
അതൊന്നു കളിക്കാമെന്നു കരുതിയപ്പോഴാ തലവേദനയാണെന്നു പറഞ്ഞു പപ്പാ കയറിവന്നത്.. നശിപ്പിച്ചു.. ഒരു മണിക്കൂർ ഉണ്ട് ഗെയിം.. ഇനി പപ്പാ ഉറങ്ങുവാൻ കയറിയാലേ കളിക്കാൻ പറ്റൂ..
പപ്പയോട് മനുവിന്റെ വീട്ടിൽ പോകുവാണെന്നു പറയാം.. അതാ നല്ലത്.. കംബൈൻ സ്റ്റഡി..
ഹോ ! രക്ഷപെട്ടു... സമ്മതിച്ചു.
നേരെ ടെറസ്സിലേക്ക്.. പതിമൂന്നാം നിലയിൽനിന്ന് ടെറസ്സിലേക്ക് രണ്ടു ഫ്ലോറുകൾ മാത്രം.. ലിഫ്റ്റ് വേണ്ടാ.. സ്റ്റെപ്പുകൾ കയറിപ്പോകാം..
ഇവിടെ ആരും ശല്യത്തിനുവരികയില്ല..
ഈ മൂലയിലിരിക്കാം..
ഗെയിം ഓൺ ചെയ്തു..
സ്റ്റെപ് നമ്പർ 13 ..
ഹോ !
അതിനുമുൻപ് ചില ചോദ്യങ്ങൾ
നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തുഷ്ടനാണോ?.. വലിയവർക്കുള്ള ചോദ്യമാകും.. ഓപ്ഷൻസ് ഉണ്ട്.. ചുമ്മാ അല്ല എന്നമർത്തി. ആ സ്റ്റെപ്പ് കടക്കാതെ മുന്നോട്ടു പോകാനാവില്ല..
ഇപ്പോൾ നിങ്ങൾ എവിടെയാണ്?
ഓപ്ഷൻസ്.. ബെഡ് റൂം, കിച്ചൻ. സ്റ്റഡി............ ടെറസ് കാണുന്നില്ലല്ലോ.. ഓ യെസ്.. ഉണ്ടല്ലോ.
ടെറസ്സ്..
തനിച്ചാണോ ? യെസ്
സ്വപ്‌നങ്ങൾ കാണാറുണ്ടോ ? യെസ്
നിങ്ങൾക്ക് കാമുകിയുണ്ടോ ? ഓപ്ഷനിൽ മെയിൽ എന്ന് കൊടുത്തിരുന്നതുകൊണ്ടാണ് ഇങ്ങനൊരു ചോദ്യം..
യെസ് എന്ന് കൊടുത്താലോ? അതിനാരുമില്ലല്ലോ? പിന്നേ.. ലോകത്തിന്റെ ഏതോ കോണിലിരുന്ന് ആരോ ഉണ്ടാക്കിയ ഗെയിം. സത്യം പറഞ്ഞില്ലേൽ തല്ലിക്കൊല്ലത്തൊന്നുമില്ലല്ലോ... അല്ലെങ്കിൽ വേണ്ടാ. ഗെയിം ബ്ലോക്ക് ആയാലോ?
ഇല്ല.. വെരി ബാഡ്... ഉണ്ടായിരുന്നെങ്കിൽ നിങ്ങള്ക്ക് കിട്ടാൻപോകുന്ന സർപ്രൈസ് അവൾക്കും കാണാമായിരുന്നു..
സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നത് കണ്ടിട്ടുണ്ടോ?
ഇല്ല..
നോട്ട് റ്റു വറി... യു ആർ ഗോയിങ് റ്റു എക്സ്പീരിയൻസ് ഇറ്റ്..
അടുത്ത അഞ്ചു സെക്കൻഡിൽ നിങ്ങൾ പറക്കുവാൻ പോകുന്നു.. സൂപ്പർമാനെപോലെ.. ബാറ്റ്മാനെപോലെ.. സ്പൈഡർമാനേപോലെ.. നിങ്ങൾക്ക് അമാനുഷികശക്തി കൈവരുവാൻ പോകുന്നു.. യു ആർ ബ്രില്ലിയൻറ് ഇനഫ് റ്റു ഹാവ് ഇറ്റ്..
മുന്നോട്ടു നടക്കൂ.. നടക്കുമ്പോൾ അഞ്ചുവരെ എണ്ണിക്കോളു... അഞ്ചെണ്ണിക്കഴിയുമ്പോൾ നിങ്ങൾ എഡ്ജിൽ ആയിരിക്കും.. താഴോട്ട് നോക്കുക.. താഴെ മനുഷ്യരും കാറുകളും മരങ്ങളുമെല്ലാം വളരെ ചെറുതായിക്കാണാം.. കാണുന്നില്ലേ? യെസ്
ഇനി സൂക്ഷിച്ചുനോക്കൂ.. താഴോട്ടല്ല.. തന്നിലേക്കുതന്നെ.. രണ്ടുകൈകൾ ചിറകുകളുടെ രൂപം കൈവരിക്കുന്നത് കണ്ടില്ലേ ? ഇനി ചിറകുകൾ വിടർത്തൂ.. അനന്തമായ ആകാശത്തേക്ക് നോക്കൂ.. കണ്ടില്ലേ? ബ്ലൂ വെയ്ൽ... നീലത്തിമിംഗലം.. ഇല്ല ഞാൻ നീല ക്‌ളൗഡ്‌സ് കാണുന്നുണ്ട്.. ഓക്കേ.. ഗുഡ്.. ഒരു കണ്ണ് ഫോണിലും ഒരു കണ്ണ് ക്‌ളൗഡ്‌സിലും.. നോക്കൂ ആ നീല ക്‌ളൗഡ്‌സ് എല്ലാം തിമിംഗലാകാരം പൂണ്ടിരിക്കുന്നു.. യെസ്.. ഞാൻ കാണുന്നു... ഗുഡ്..
ഗെയിം സ്റ്റാർട്ട്..
ബ്ലൂ വെയ്ൽ. നോക്കിക്കൊണ്ട് വലതുകാൽ മുന്നോട്ടു വയ്ക്കൂ.. നിങ്ങൾ പറക്കുവാൻ തുടങ്ങുകയാണ്.. ഇനി ഇടതുകാൽ.. യെസ്.. നിങ്ങൾ പറന്നുതുടങ്ങിയിരിക്കുന്നു..
പതിനഞ്ചു നിലകൾ പിന്നിട്ടുവന്ന രാഹുൽ അമരത്വം പൂകിയിരുന്നു..വാരിയെടുക്കുവാൻ പോലും ഒരു തരി മാംസം അവശേഷിക്കാതെ..
എന്താ ഗെയിം !
വേണു 'നൈമിഷിക'
(ഇതൊരു ഗെയിം തന്നെയാണോ എന്നുള്ളകാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു.. ഞാൻ രചനയിൽ ഇതിനെ ഗെയിം ആയി കാണിച്ചിരിക്കുന്നു)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo