Showing posts with label AjoyKumar. Show all posts
Showing posts with label AjoyKumar. Show all posts

=സ്മാൾ =

Image may contain: Ajoy Kumar, smiling, beard, hat and closeup
സ്മാൾ അടി ഇടക്കൊക്കെ ഉണ്ടെങ്കിലും ഞാൻ സിഗരറ്റ് വലിക്കാറില്ല. കാരണം മദ്യം ,അത് കഴിക്കുന്ന ആളിനെ മാത്രമേ ബാധിക്കു. സിഗരറ്റ് അങ്ങനെ അല്ല. വലിച്ചു കേറ്റുന്ന നമ്മുടെ ശ്വാസകോശം സ്പോഞ്ച് പോലെ ആക്കുന്നത് മാത്രമല്ല അടുത്ത് നിൽക്കുന്ന ശരാശരി മലയാളിയുടെ ലംഗ്‌സ് എടുത്തു പിഴിഞ്ഞാൽ ഒരു ഗ്ലാസ് നിറയെ കറ കിട്ടുന്ന അവസ്ഥയിലാക്കുകയും ചെയ്യും. അത് കൊണ്ടാണ് ഞാൻ അത് വേണ്ടെന്നു വെച്ചത്.
പാലക്കാട് ജോലി ചെയ്തിരുന്ന കാലത്ത് കാന്റീനിൽ പോയി ചായ കുടിച്ചതിനു ശേഷം കുറെ വലിയന്മാർ എനിക്ക് ചുറ്റും നിരന്നു നിന്ന് മത്സര ബുദ്ധിയോടെ വലിയോട് വലിയായിരുന്നു, കട്ടപ്പുകയുടെ മദ്ധ്യത്തിൽ നിന്നും കൊണ്ട് സഹികെട്ട ഞാൻ ഒരിക്കൽ ഉറക്കെ ചോദിച്ചു,
ഈ നരകത്തിനിതെന്തു പറ്റി, ചിലടത്തു ചാരം,ചിലടത്തു പുക,എന്താ ആരും ഒന്നും മിണ്ടാത്തത് ,
അപ്പോൾ പുക വലിയന്മാർ എന്നോട് മിണ്ടി, നിനക്ക് സിഗരറ്റ് വേണ്ടെങ്കിൽ ഓഫീസിൽ പോടെ, ഇനി ഇവിടെ നിന്നു വാചകമടിച്ചാൽ നീ വലിയ വില കൊടുക്കേണ്ടി വരും, വലിയ വില
നന്നായി സംസാരിക്കുന്നതിനിടെ റൺ ഔട്ട് ആവേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഓഫീസിലേക്ക് പോയി
സത്യത്തിൽ ഞാനും കുറച്ചു കാലം സിഗരറ്റ് വലിച്ചിരുന്നു.പണ്ട്. പ്രീ ഡിഗ്രി സമയത്ത് . അധിക കാലമില്ല, ഏകദേശം രണ്ടു മാസത്തോളം. അതിനു കാരണമുണ്ട്, ചെട്ടികുളങ്ങരയിലെ ഒരു സുഹൃത്ത് , മണി എന്ന മഹേഷ്,കോയമ്പത്തൂർ പഠിക്കാൻ പോയ അവനെ പത്താം ക്ലാസ് കഴിഞ്ഞ് ഇങ്ങോട്ടു കെട്ടിയെടുത്തത് ഒന്നാന്തരം ഒരു സിഗരറ്റ് വലിക്കാരൻ ആയിട്ടായിരുന്നു ,ഒടുക്കത്തെ ഇംഗ്ളീഷും.രവി എന്നുള്ള എന്റെ നിക്ക് നെയിം പോലും അവൻ വികൃതമാക്കി
ചാലയിൽ പോയി വിൽസ് പാക്കറ്റ് വാങ്ങിച്ചു കൊടുക്കുന്നതല്ലാതെ, അച്ഛൻ വലിക്കുന്നത് കണ്ടു നില്ക്കാൻ പോലും അനുവാദം ഇല്ലാത്ത ഞാൻ അവന്റെ ഡയലോഗ് കേട്ട് കണ്ണ് തള്ളി
ഴവീ, താൻ ഇത് വരെ ടുബാക്കോ ടേസ്റ്റ് ചെയ്തിട്ടേ ഇള്ളാ ?
ഇള്ള ,ശേ, ഇല്ല
അയ്യേ ....പിറ്റീ ഓൺ യൂ മാൻ. ഗ്രോ അപ്പ് ....ടേസ്റ്റ് ടുബാക്കോ,,,,എൻജോയ് ലൈഫ്
ഓ തന്നെ,,,,
മാൾബറോ ഈസ് മൈ ഫേവറിറ്റ് , നല്ല രുചി ആണ് ,ഇവിടെ ചാർമിനാർ....പനാമ ആൾസോ ഓക്കേ, കടുപ്പമുള്ള, സൂപ്പർ ടേസ്റ്റ് ഉള്ള ടുബാക്കോ .....വിൽസ് ഈസ് ടൂ ലൈറ്റ്
തന്നേ?
എന്ത് തന്നേ ? ഞാൻ മാൾബറോ തരാം, എൻജോയ് ടുബാക്കോ,ഇറ്റ്സ് ടേസ്റ്റ് ,
തന്നേ?
ഡോ, അതൊന്നു രുചിച്ചു നോക്കാൻ.....പിന്നെ താൻ അഡിക്റ്റ് ആവും ഴവീ
മണി അകത്തു പോയി ഒരു സിഗരറ്റ് കൊണ്ട് തന്നു, പിന്നെ അകത്തേക്ക് പോയി, അഞ്ചു മിനിറ്റ് കഴിഞ്ഞു പുറത്തു വന്നപ്പോൾ ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ഇരിക്കുന്നു,
ഇതാ ലൈറ്റർ....ഹേ സിഗരറ്റ് എവിടെ?
റബ്ബർ ബോൾ തിന്നുന്ന പശു സംസാരിക്കുന്ന പോലെ ഞാൻ പറഞ്ഞു,
അത് ഞാൻ തിന്നു..
വാട്ട് ? തിന്നോ?
നല്ല രുചിയാണ് , ടേസ്റ്റ് ആണ് എന്നൊക്കെ പറഞ്ഞപ്പോ കൊതിയോടെ തിന്നതാ, പക്ഷെ എരിഞ്ഞു ചത്ത്,,കൊള്ളുവേ ഇല്ല
വാട്ട് ദ....യൂ ഇഡിയറ്റ് ,ഞാൻ തിന്നാൽ ഉള്ള രുചി അല്ല പറഞ്ഞത്, വലിച്ചാൽ പുകയുടെ രുചി...താനൊക്കെ എവിടന്നു വരുന്നെടോ ,ആ ഫിൽറ്റർ എവിടെ
ങേ?
മൂട്ടിലെ പഞ്ഞി
അത് തുപ്പിക്കളഞ്ഞു, ദോണ്ടേ
ഭാഗ്യം....അതെങ്കിലും താൻ ബാക്കി വെച്ചല്ലോ....ഏതായാലും താൻ വാ
മാൾബറോ തീർന്നത് കാരണം എന്നെ സിഗരറ്റ് വലിപ്പിക്കാൻ ഒരു കടയിലേക്കാണ് മണി കൊണ്ട് പോയത്. പത്തു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരാളുടെ ചായക്കട വിത്ത് മുറുക്കാൻ കട, ഞാൻ കുറേക്കാലമായി ആ കടയിൽ പോവാറില്ലായിരുന്നു, ആരെയോ ചിരിപ്പിക്കാൻ വേണ്ടി ഒരാവശ്യവുമില്ലാതെ ഒരിക്കൽ പത്തുവിനോട് ഞാൻ ചോദിച്ചു,
പത്തു അണ്ണാ .അണ്ണന് അനിയൻ ഉണ്ടോ ?
ഉണ്ടല്ലോ ,എന്താ
അയാളുടെ പേര് ഒൻപതു എന്നാണോ?
അല്ല, നാരായണൻ എന്നാണ് ,എന്തോന്ന് ഒൻപതു ,അങ്ങനെ ഒരു പേരുണ്ടോ
ചേട്ടൻ പത്തു ആയാൽ അനിയൻ ഒൻപതു അല്ലെ?
അന്ന് എന്നെ അയാൾ വിളിച്ച തെറി രണ്ടു ദിവസം കഴിഞ്ഞു ഡെറ്റോൾ ഇട്ടു കഴുകിയപ്പോൾ ആണ് ചെവിയിൽ നിന്നും പോയത് ,കടയിൽ എത്തിയപ്പോൾ പത്തു കാണാതെ ഞാൻ മണിയുടെ പുറകിൽ ഒളിച്ചു നിന്നു. മണി രണ്ടു സിഗരറ്റ് വാങ്ങി. ചാൻസലർ എന്ന പേരുള്ള ഒരു കറുത്ത സിഗരറ്റ്.സാധാരണ സിഗരറ്റ് വെളുപ്പാണല്ലോ
ആർക്കാണ് രണ്ടെണ്ണം,എണീറ്റ് നിക്കാൻ ജീവനില്ലാത്ത ഇവനോ?
പത്തു എന്നെ ചൂണ്ടി ചോദിച്ചു.
യാ....ഇയാൾ ഇന്ന് വലി തുടങ്ങാൻ പോണു, നാൻ ആണ് ഗുരു
പത്തു പുച്ഛ ഭാവത്തോടെ തിരിഞ്ഞിരുന്നപ്പോൾ മണി,അവിടെ ഇതിനു വേണ്ടി ചെറിയ ഒരു ചിമ്മിനി വിളക്കിൽ കത്തിക്കൊണ്ടിരുന്ന തീയിൽ ഒരു പേപ്പർ തുണ്ടു കത്തിച്ചു എന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് കൊളുത്തി. നേരെ ഇരുമ്പു പാലത്തിനടിയിൽ പോയി നിന്ന് മണി പറഞ്ഞു
താൻ പുക ആഞ്ഞു വലിച്ചു അകത്തേക്ക് കൊണ്ട് പോണം,ഒരു മിനിറ്റ് പുകഅകത്തു നിർത്തി ആസ്വദിച്ച ശേഷം വായിൽകൂടിയോ മൂക്കിൽ കൂടിയോ പുറത്തേക്കു വിടണം, വൗ....വാട്ട് എ പ്ലെഷർ..ആൾ ദ ബെസ്ററ് .
ആഞ്ഞു വലിച്ച ഉടനെ നെഞ്ചിൽ കത്തി വെച്ച് കുത്തിയ പോലെ....തല കറങ്ങി, ഞാൻ മുട്ടിൽ കൈ കുത്തി നിന്ന് അലറി ചുമച്ചു, തീവണ്ടി എൻജിൻ പോലെ പുക പുറത്തേക്കു വന്നു
താൻ എന്റെ അനുഗ്രഹം വാങ്ങിച്ചില്ല, അതാണ് ചുമ
ഹഹഹനുഗ്രഹമോ ഹൊഹൊഹെന്തിന് ?
ഈ കാര്യത്തിൽ തന്റെ ഗുരു ഞാനല്ലേ
ഹുഹു ഹുരു അല്ല.... .....പോടാ...#$^&$@#&(*)*
വാട്ട് ?
ഹൊ ഹൊ ഹീ മൂക്കിലും വാ.. ഹൊ ഹൊ... വായിലുമല്ലാതെ ചെവിയിൽ കൂടി പുക വന്നാൽ പ്രശ്നമുണ്ടോ മണീ
അയ്യോ ശെരിയാണല്ലോ, ഗോഡ്, ആദ്യമായിട്ടാണ് ഒരാൾ ചെവിയിൽ കൂടി പുക വിടുന്നത് ഞാൻ കാണുന്നെ....ഗ്രേറ്റ് ടാലെന്റ്റ്
അങ്ങനെ തുടങ്ങിയ വലി ഏകദേശം രണ്ടു മാസം നീണ്ടു നിന്നു, എന്നും ഒരു സമയത്തു ഞാനും മണിയും പോയി സിഗരറ്റും വാങ്ങി പാലത്തിനടിയിൽ പോയി നിന്നു വലിക്കും.പക്ഷെ അന്നത്തേതിന് ശേഷം വലിച്ചപ്പോൾ ഒരു തവണ പോലും ഞാൻ പുക അകത്തേക്കെടുത്തില്ല എന്നുള്ളതാണ് സത്യം,ചുമ്മാ വായിൽ വെച്ച് പുറത്തേക്കൂതും
ഒടുവിൽ അത് കണ്ടു കൊണ്ട് വന്ന ആരോ അച്ഛനോട് പറഞ്ഞു കൊടുക്കും എന്ന് ഭീക്ഷണിപ്പെടുത്തിയപ്പോൾ ആണ് ഞാൻ മണിയുടെ എതിർപ്പ് വക വെക്കാതെ സിഗരറ്റും എറിഞ്ഞു കളഞ്ഞിട്ടു വീട്ടിലേക്കോടിയത്
കാലങ്ങൾക്കു ശേഷം ശ്യാമയുടെ മില്ല്യണയർ കസിൻ കുവൈറ്റിൽ നിന്നും വന്നപ്പോൾ ആണ് എന്നോട് ചോദിച്ചത്,പുള്ളിക്ക് അവിടത്തെ അമേരിക്കൻ ആർമ്മിക്കു സാധനം സപ്ലൈ ചെയ്യുന്ന കോൺട്രാക്ട് ആയിരുന്നു
എച്ചോയ് ,വാണ്ണ സിഗാർ?
അതാര് ചേട്ടാ? വാണ്ണ സിഗാർ
സിഗാർ , ചുരുട്ട് വേണോ എന്ന് ,പുള്ളി ഒരു തടിയൻ സാധനം എടുത്തു കാണിച്ചു കൊണ്ട് ചോദിച്ചു
അയ്യേ ,അജോയ് അതൊന്നും വലിക്കില്ല,അജോയ് അത്തരക്കാരനല്ല ചേട്ടാ എന്ന് പറഞ്ഞ ശ്യാമയെ ഞെട്ടിച്ചു കൊണ്ട് ഞാൻ ഇടയിൽ കയറി പറഞ്ഞു
ഹായ് ,ചേട്ടാ, ഞാൻ ഇന്ന് വരെ ചുരുട്ട് വലിച്ചിട്ടില്ല, പണ്ട് മാർക്സിൻ കാർപാത്യൻ മല നിരകളിൽ നിന്നടിക്കുന്ന തണുത്ത കാറ്റിനെ നേരിടാൻ വേണ്ടി ഹാഫ് എ കൊറോണ വലിക്കുന്നത് കേട്ടിട്ടുണ്ട്, അന്നേ കൊതിയാണ് വലിക്കാൻ
മിസ്റ്റർ മാർക്സിൻ ? നമ്മുടെ പന്നിയറത്തലയിലെ ഡോക്ടർ വർഗീസിന്റെ സൺ അല്ലെ ,കാനഡയിൽ ഉള്ള?
അയ്യേ അല്ല, നമ്മുടെ കോട്ടയം പുഷ്പ നാഥിന്റെ ,ഡിറ്റക്റ്റീവ് മാർക്സിൻ
വെൽ ,എനിക്കറിയില്ല,കോട്ടയം പുഷ്പ്പ, ഷീ എസ് യുവർ ഫ്രണ്ട് റൈറ്റ് ? വെൽ ഇത് പക്ഷെ ഹാഫ് എ കൊറോണ അല്ല,ദിസ് എസ് കൊഹിബ,എക്സ്പെൻസീവ് ക്യൂബൻ സിഗാർ, ഇങ്ങനെ കവർ മാറ്റി എഡ്ജ്ജ് കട്ട് ചെയ്തു വലിക്കണം,ചിലർ അതിന്റെ അറ്റത്തു കടിച്ചു ച്യൂ ചെയ്യും,ഇറ്റ് ടെയ്സ്റ്റ് എക്സോട്ടിക്ക് ,കണ്ടിട്ടില്ലേ,ക്ലിന്റ് ഈസ്റ്റ് വുഡ്, ലീ വാൻ ക്ലീഫ് ഒക്കെ വലിക്കുന്നത് ? വല്ലാത്ത സുഖമാണ് ,പ്രത്യേകിച്ചും ഒരു കലാകാരന്
അതെല്ലാം കേട്ട ആവേശത്തിൽ ചേട്ടൻ പോയ ശേഷം ക്യൂബൻ കൊഹിബയും താങ്ങിപ്പിടിച്ചു പടി കയറവെ ഞാൻ പറഞ്ഞു,
ആരും എന്നെ ശല്യപ്പെടുത്തരുത്,മുകളിലെ എന്റെ മുറിയിൽ പോയി ഞാൻ അമൂല്യ വസ്തു ആയ കൊഹിബ വലിക്കാൻ പോണു.....വല്ലാത്ത സുഖമായിരിക്കും ,പ്രത്യേകിച്ചും എന്നെപ്പോലെ ഒരു കലാകാരന്
വെള്ളമടിച്ചാൽ പോലും ഞാൻ ക്ഷമിക്കും അജോയ് പക്ഷെ ഇത് ഞാൻ സഹിക്കില്ല, നോക്കിക്കോ ഞാൻ മിണ്ടൂല.ഇതൊക്കെ വലിച്ചാൽ നിങ്ങൾ ഉടനെ മോളിലോട്ടു പോകും,മക്കളും ഞാനും പാസീവ് സ്മോക്കേഴ്സ് ആവും,ദുഷ്ടൻ ചേട്ടൻ ,അങ്ങേരുടെ തലേൽ കുവെയിറ്റിലെ ഇടിത്തീ വീഴട്ടെ
അതെല്ലാം അവഗണിച്ചു കൊണ്ട് ഞാൻ കത്തിക്കാത്ത സിഗാർ വായിൽ ഒരു കോണിലേക്കാക്കി ചവച്ചു കൊണ്ട് ഒരു കൗ ബോയ് പോകുന്നത് പോലെ മുകളിലേക്ക് പോയി
പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ശ്യാമ ബെഡ് റൂമിലേക്ക് വന്നു,മൊത്തം പുക ,കട്ടിലിൽ ഞാൻ.അടുത്തുള്ള മേശയിൽ എരിയുന്ന സിഗാർ
ദൈവമേ, ഞാൻ ഒരിക്കലും കാണല്ലേ എന്നാഗ്രഹിച്ച കാര്യം,എന്റെ ഭർത്താവ് ഒരു സിഗരറ്റ് വലിക്കാരൻ ആവല്ലേ എന്നായിരുന്നു ഏക പ്രാർത്ഥന അതും പോയി, എന്തൊരു വിധി....എനിക്ക് മാത്രം എന്താണിങ്ങനെ, ഭഗവാനെ....ആ കുവൈറ്റ് ചേട്ടൻ....അങ്ങേരുടെ തലേൽ
നിറുത്തെടി......ഞാൻ അലറി
ങേ ?
മനുഷ്യൻ പുക മൊത്തം അകത്തു പോയി ശ്വാസം കിട്ടാതെ പത്തു മിനിറ്റായി ഇവിടെ കിടന്നു ചാമേ ചാമേ എന്ന് അലറുന്നു...പണ്ടാരമടങ്ങിയ ഈ കുന്തം വലിച്ചു എനിക്ക് എന്തൊക്കെയോ തോന്നുന്നു, അയ്യോ ഇപ്പൊ ബാത്‌റൂമിൽ പോണം, വെള്ളം കുടിക്കാൻ വേണം,വീശി താ...അയ്യോ ...അമ്മേ കാണണം ...അല്ലെങ്കിൽ അച്ഛനെ കണ്ടാലും മതി
ദൈവമേ...ആ കുവൈറ്റ് ചേട്ടന്റെ തലേൽ
എച്ചുസ് മീ ,ആ ഇടിത്തീ അടുത്ത ആഴ്ച വീണാലും പോരേ ശ്യാമേ , ഇപ്പൊ എന്നെ ഒന്ന് ബാത്‌റൂമിൽ കൊണ്ട് പോ ...എല്ലാം കഴിഞ്ഞിട്ട് വേണമെങ്കിൽ ഞാനും പ്രാർത്ഥിക്കാം ആ ദുഷ്ടന്റെ തലേലും ദേഹത്തും മൊത്തം ഇടിത്തീ വീഴാൻ....മഹാപാപി
അജോയ് കുമാർ

ഗെറ്റ് ടുഗെദർ

Image may contain: 1 person, sitting
ഫ്ലാറ്റിൽ ഇന്നലെ ഒരു ഗെറ്റ് ടുഗെദർ ആയിരുന്നു,ആ പരിപാടിയുടെ കാര്യം ആദ്യം പറഞ്ഞപ്പോഴേ ഞാൻ പ്രസിഡണ്ട് സുമൻ ലാൽ സാറിനോട് പറഞ്ഞു. കഠിനമായ വയറു വേദന മൂലം എനിക്ക് പങ്കെടുക്കാൻ പറ്റാത്തതിൽ ഖേദം രേഖപെടുത്തിക്കൊള്ളുന്നു.
വയറു വേദനയോ? എന്ന് ?
എന്നാണോ ഈ പരിപാടി, അന്ന്
അതെന്താ?
എനിക്കീ ഗെറ്റ് ടുഗെദർ,സംസാരം ,സ്റ്റേജ് ഒക്കെ അലർജി ആണ് സാറെ
അയ്യോ,അങ്ങനെ ഒന്നുമില്ല, നമ്മൾ ജസ്റ്റിൻ പടമാടൻ എന്ന ഒരു സൈക്കിയാട്രിസ്റ്റിനെ സംസാരിക്കാൻ വിളിക്കുന്നുണ്ട്, പുള്ളി ഒന്ന് നിറുത്തിയിട്ട് വേണ്ടേ ബാക്കി ഉള്ളവർ സംസാരിക്കാൻ ?
ഉറപ്പാണോ?
പിന്നെ, പുള്ളി എത്ര മണിക്കൂർ വേണോ സംസാരിക്കും, ഫുൾ കോമഡി, ഇത്തവണ കുടുംബബന്ധങ്ങൾ ഒക്കെ ആണ് ടോപ്പിക്ക് .നമുക്ക് ആളെ ഇനീം കൊണ്ട് വരാം,
അങ്ങനെ വൈകിട്ട് ആറേ കാൽ ആയപ്പോൾ ഞങ്ങൾ ഇരുപത്തൊന്നാം നിലയിൽ ഉള്ള റൂഫ് ടോപ് പാർട്ടി ഏരിയയിൽ പോയി.മുന്നിൽ സീറ്റ് ഉണ്ടെങ്കിലും പുറകിൽ പോയിരുന്നു. ആറേ മുക്കാൽ ആയപ്പോൾ എല്ലാരും എത്തി,നമ്മുടെ മുഖ്യാതിഥി വന്നു .സംസാരം തുടങ്ങി
അനർഗനിർഗ്ഗളമായി പുള്ളി സംസാരിച്ചു,ഇന്നത്തെ നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ജീവിതം,ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടി ഒടുവിൽ ജീവിക്കാൻ മറന്നു പോകുന്നവരുടെ കാര്യം. കൂടി വരുന്ന ആത്മഹത്യകൾ.കുട്ടികളുടെ പ്രശ്നങ്ങൾ എല്ലാം സൂപ്പർ കോമഡി ആയി അദ്ദേഹം അവതരിപ്പിച്ചു, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ പ്രസിഡന്റ് ആംഗ്യം കാണിച്ചതനുസരിച്ചു അദ്ദേഹം സ്‌പീച്ച് നിറുത്തി.അപ്പോഴും ആർക്കും മതിയായിട്ടുണ്ടായിരുന്നില്ല.
അസോസിയേഷൻ സെക്രട്ടറി മൈക്ക് എടുത്തു,അടുത്തതായി ഇദ്ദേഹത്തെ ആദരിക്കാൻ ഫ്ളാറ്റിലെ മറ്റൊരു വലിയ കലാകാരനെ ഞാൻ ക്ഷണിക്കാൻ പോവുകയാണ്,ബാലസാഹിത്യ അക്കാദമി അവാർഡ് ഒക്കെ വാങ്ങിയ ,എന്നും നമ്മളെ ഫേസ് ബുക്കിലൂടെ ചിരിപ്പിക്കുന്ന.....
എന്റെ കണ്ണിൽ ഇരുട്ട് കയറി,സ്ഥലം ഒന്നും മനസിലാകുന്നില്ല, ഞാൻ പതിയെ ശ്യാമയോട് പറഞ്ഞു, ഞാൻ താഴെ പോയിട്ടു വരാമേ
ഇപ്പൊ എങ്ങോട്ടു പോണു
വട്ടിയൂർക്കാവ് സ്ഥലത്തു തേങ്ങാ വെട്ടണ്ടേ, ഇന്നല്ലേ അയാളെ വരാൻ പറഞ്ഞത് , ഒന്നിലും ഒരു ശ്രദ്ധയുമില്ല
അത് നാളെയല്ലേ?
ഇന്ന് രാത്രി വെട്ടിയത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
അജോയ് ചേട്ടാ....അജോയ് ചേട്ടാ....ആരൊക്കെയോ വിളിക്കുന്നു മുന്നോട്ടു ചെല്ലാൻ
നീ പക പോക്കുകയാണല്ലേടാ....എൻ എഫ് വർഗീസിന്റെ ശബ്ദത്തിൽ ഞാൻ സ്വയം പറഞ്ഞു...
മഹാപാപി ...പണ്ട് ഫ്ളാറ്റിലെ സെക്യൂരിറ്റി സിസ്റ്റത്തെ കളിയാക്കി ഞാൻ എഴുതിയതിനുള്ള പണി തന്നതാണോ....
ഇരുന്നൊറ്റമ്പതു കിലോ വീതം തോന്നിച്ച രണ്ടു കാലും കൈ കൊണ്ട് എടുത്തു മുന്നോട്ടു വെച്ച് ഞാൻ വേദിയിലേക്ക് പോയി, അവിടെ നിന്ന ആർക്കോ കൈ കൊടുത്തു,
നമസ്കാരം ജസ്റ്റിസ് പനങ്ങോടൻ സാർ
ജസ്റ്റിൻ പടമാടൻ ,അത് ഞാനാണ്,മറ്റേതു കെയർ ടേക്കർ
മനസിലായി ജസ്റ്റർ തടിമാടൻ സാറല്ലേ, എനിക്കറിയാം
ഞാൻ കെയർ ടേക്കർ തന്ന ഒരു മൊമെന്റോ എടുത്തു അദ്ദേഹത്തിന് കൊടുത്തു,പിന്നെ കൈ പിടിച്ചു കുലുക്കി.
എനിക്ക് നിങ്ങടെ ബുക്കുകൾ വേണം
നാളെ തരാം...ഇപ്പൊ പൊക്കോട്ടെ....കണ്ണ് കണ്ടൂട...അതാണ്
ഞാൻ തപ്പിത്തടഞ്ഞു പോയി രണ്ടാം വരിയിൽ ഇരുന്നിരുന്ന മൂന്നാം നിലയിലെ റിങ്കുവിന്റെ മടിയിൽ പോയിരുന്നു
അയ്യോ,.......റിങ്കു അലറി
എല്ലാവരും കൂടെ എന്നെ പൊക്കി എടുത്തു എന്റെ കസേരയിൽ കൊണ്ടിരുത്തി
ശ്യാമ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു, ശ്യാമേ ടെൻഷൻ വന്നാൽ കണ്ണ് കാണില്ല എന്നറിഞ്ഞൂടെ? റിങ്കു ആ കസേരയിൽ ഉള്ളത് ഞാൻ കണ്ടില്ല..
ഇത്രയും ഹൈറ്റ്‌ ഉള്ള റിങ്കുവിനെ കണ്ടില്ല അല്ലെ
ഇല്ല.അമ്മയാണേ സത്യം
ശ്വാസം ഒന്ന് നേരെ വിട്ടു ഞാൻ ചുറ്റും നോക്കി. ബാക്കി എല്ലാവരും സുഖമായി ഇരിക്കുന്നു, അവർക്കൊന്നും സ്റ്റേജിൽ പോണ്ടല്ലോ,സാഹിത്യകാരൻ ആവണ്ടായിരുന്നു
പെട്ടെന്ന് അതാ സെക്രട്ടറി വീണ്ടും, ഇനി എല്ലാവരും മുന്നോട്ടു വന്നു സ്വയം പരിചയപ്പെടുത്തണം ,അജോയ് ചേട്ടൻ, അനൂപ് എല്ലാവരും ഓരോരുത്തരായി വരൂ
ഓ വീണ്ടും.....
ഞാൻ പതിയെ എണീറ്റ് ടെറസിന്റെ വക്കിൽ ഉള്ള കമ്പി വലയിൽ പിടിച്ചു കയറി, കെയർ ടേക്കർ ശ്രീധരൻ ചേട്ടൻ ഓടി വന്നു പിടിച്ചു, എന്താ സാറെ ?
ജീവിതം വെറുത്തു ശ്രീധരൻ ചേട്ടാ...ആഹാരം കഴിക്കാൻ മാത്രം വാ തുറന്നാൽ മതി എന്ന് ഉറപ്പു തന്നത്‌ കൊണ്ടാണ് ഞാൻ വന്നത്,എന്നെക്കൊണ്ട് വയ്യ....
അതിനിടെ കണ്ടു എട്ടു സീ യിലെ പുതുതായി വന്ന സുരേഷ് കുടുംബ സമേതം പോയി കൂളായി സ്വയം പരിചയപ്പെടുത്തുന്നു, ഞാൻ അടുത്തിരുന്ന ബിജോയുടെ ഭാര്യ നിത്യയോട്‌ ചോദിച്ചു ,
എന്നെ എല്ലാവര്ക്കും നന്നായി അറിയാമല്ലോ, ശ്യാമ അച്ചു കിച്ചു എല്ലാരും ഫേമസ് അല്ലെ, കഥകളിൽ കൂടി,ഇനി ഒരു പരിചയപ്പെടുത്തൽ വേണോ
പിന്നെ, അത് വേണം,കഥകളും പോസ്റ്റും വായിക്കാത്തവരും ഉണ്ടല്ലോ
അവരെ ഒക്കെ ലിഫ്റ്റിൽ വെച്ച് ഞാൻ പരിചയപ്പെട്ടോളാം ,സത്യം ഞാൻ കള്ളം പറയാറില്ല
പോരാ പോരാ പോരാ ......നിത്യ എന്നെ എണീപ്പിച്ചു ഉന്തിത്തള്ളി മുന്നിലേക്ക് വിട്ടു
മൈക്ക് തരുന്നതിനു മുൻപ് തന്നെ ബിജോയ് എന്റെ കുറെ പോസ്റ്റുകളെ പറ്റി പറഞ്ഞു,എന്റെ കോമഡി വായിച്ചു ഓഫിസിൽ ഇരുന്നു ചിരിച്ച കഥ പറഞ്ഞു, ഏകദേശം പത്തു മിനിറ്റ് എന്നെപ്പറ്റി വിവരണം കഴിഞ്ഞപ്പോൾ
കൂൾ ആയി കിണിച്ചു കൊണ്ട് അടുത്ത് നിൽക്കുന്ന ശ്യാമയോട് ഞാൻ ചോദിച്ചു
ബിജോയ് എല്ലാം പറഞ്ഞ സ്ഥിതിക്ക് നമുക്ക് പോയി ആഹാരം കഴിച്ചാലോ ?
അപ്പോൾ ബിജോയ് പറഞ്ഞു, ഇനി അജോയ് ചേട്ടൻ തന്നെപ്പറ്റിയും കുടുംബത്തെപ്പറ്റിയും ,പറയും,പിന്നെ എഴുത്തിനെപ്പറ്റി,കഥകളെപ്പറ്റി,
പേര് അജോയ് നാള് പൂരം ജോലി റെയിൽവേ എന്ന് പറഞ്ഞിട്ട് ഓടാൻ ഇരുന്ന എന്റെ കണ്ണിൽ എവിടെ നിന്നോ വീണ്ടും ഇരുട്ട് കയറി. മുന്നിൽ ഇരുന്നു നോക്കുന്നവരെല്ലാം ഏതോ ഭീകരന്മാർ ആയി എനിക്ക് തോന്നി
ഞാൻ അജോയ് ,സെവൻത് സ്റ്റാൻഡേർഡിൽ പഠിക്കുന്നു,ശേ, സെവൻ എ യിൽ താമസിക്കുന്നു, റെയിൽവേ ആണല്ലേ .... ജോലിയേ..... ബുക്ക്, മാമ്പഴക്കാലം...അങ്ങനെ ഒരു..പിന്നെ കൽക്കണ്ടം....അല്ലേ ശ്യാമേ
ഞാൻ ശ്യാമയുടെ നേരെ മൈക്ക് നീട്ടി
ഞാൻ ശ്യാമ ,റെയിൽവേ യിൽ ജോലി ചെയ്യുന്നു,അജോയ് ടെ കഥകളിൽ കൂടെ ഞാനും ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ട ആളാണ്
വീണ്ടും മൈക്ക് വാങ്ങി ഞാൻ പറഞ്ഞു, നാരങ്ങാ മുട്ടായി.... അവാർഡ്... .ബാലസാഹിത്യം....ഞാൻ ഇങ്ങനെ....ആദ്യം എഴുതിയപ്പോൾ ......അല്ലെ ശ്യാമേ
ഞാൻ ശ്യാമയുടെ നേരെ മൈക്ക് നീട്ടി
ഞാൻ ശ്യാമ ,റെയിൽവേ യിൽ ജോലി ചെയ്യുന്നു,അജോയ് ടെ കഥകളിൽ കൂടെ ഞാനും ഇപ്പോൾ എല്ലാവര്ക്കും പ്രിയപ്പെട്ട ആളാണ്
മക്കൾ....അച്ചു ആണ് മൂത്തതെന്നു തോന്നുന്നു....അവൻ എവിടെയോ എം ബീ എ യോ എന്തോ ചെയ്യുന്നു, രണ്ടാമത്തേത് കിച്ചു....അല്ലെ ശ്യാമേ.... അവൻ എൽ എൽ ബി ...അല്ലേ ശ്യാമേ
ഞാൻ ശ്യാമയുടെ നേരെ മൈക്ക് നീട്ടി
ഞാൻ ശ്യാമ ,റെയിൽവേ യിൽ ജോലി ചെയ്യുന്നു,അജോയ് ടെ കഥകളിൽ കൂടെ ഞാനും ഇപ്പോൾ എല്ലാവര്ക്കും പ്രിയപ്പെട്ട ആളാണ്
അത്രയും ആയപ്പോൾ ജീവിതം വെറുത്ത ബിജോയ് മൈക്ക് തട്ടിപ്പറിച്ചു എന്നോട് പൊക്കോളാൻ പറഞ്ഞു, ശ്യാമ ഒരു പാട്ടു പാടാൻ വേണ്ടി അവിടെ നിന്നു, ഞാൻ തപ്പിത്തടഞ്ഞു പോയി പതിനാലിലെ ദിവ്യയുടെ മടിയിൽ ഇരിക്കാൻ പ്ലാൻ ചെയ്‌തെങ്കിലും സംഭവം മുൻകൂട്ടി കണ്ട, മനുവിന്റെ ഭാര്യ മീനാക്ഷി എന്നെ കൃത്യം എന്റെ സീറ്റിൽ തന്നെ കൊണ്ടിരുത്തി
പാട്ട് കഴിഞ്ഞു ശ്യാമ തിരികെ വന്നപ്പോൾ ഞാൻ ആഹാരം എടുക്കാൻ പോയി, ആ സമയം പ്രസിഡന്റ് സുമൻ ലാൽ സാറിന്റെ ഭാര്യ മേരി ചേച്ചി മൈക്ക് കയ്യിലെടുത്തു, ഞാൻ ഒരു ചപ്പാത്തി മുറിച്ചു ചിക്കൻ കറിയിൽ മുക്കി വായിലോട്ടു വെച്ചതേ ഉള്ളു. അതാ ചേച്ചി വെച്ച് കാച്ചുന്നു
അജോയ് എനിക്ക് രണ്ടു ബുക്കുകൾ തന്നു,വായിച്ചു തുടങ്ങിയ ഞാൻ ചിരിച്ചു മരിച്ചു,നിങ്ങൾ എല്ലാവരും വായിക്കണം,എന്നും കാലത്തേ എനിക്കിത് തന്നാ പണി, അജോയ് ടെ ഫേസ് ബുക്ക് ....നല്ല രസവാന്നേ
ചേച്ചിയും എന്നെപ്പറ്റിത്തന്നെ പറയുന്നു, ഇനിയും സ്റ്റേജിൽ വിളിക്കും എന്ന് പേടിച്ചു ഞാൻ ബുഫേ കൗണ്ടറിൽ നിൽക്കുന്ന പയ്യന്മാരുടെ ഇടയിൽ ഒളിച്ചു നിന്നു, അതിന്ടെ ഒരു അമ്മച്ചി പ്ളേറ്റുമായി വന്നു കൃത്യം എന്റെ നേരെ നീട്ടി ,
രണ്ടു ചപ്പാത്തി ഇച്ചരെ ചിക്കൻ ,പുലാവ് വേണ്ട
ചപ്പാത്തീം ഇല്ല ചിക്കനും ഇല്ല, വീട്ടിൽ പോയി ഉണ്ടാക്കി കഴിച്ചൂടെ അമ്മച്ചീ, നാണമില്ലല്ലോ ,എനിക്ക് ദേഷ്യം വന്നു
വാട്ട്? അമ്മച്ചി കണ്ണുരുട്ടുന്നു,
അയ്യോ മാഡം,ഇത് ഞങ്ങടെ ആളല്ല, സോറി ,വേറെ ആരോ ആണ്
വിളമ്പുന്ന പയ്യന്മാർ ആ പ്ലേറ്റ് വാങ്ങി അവർക്കു ആഹാരം കൊടുത്തു പിന്നെ എന്നെ തുറിച്ചു നോക്കി ,അപ്പോഴേക്കും ചേച്ചി എന്നെ പുകഴ്ത്തി ഉള്ള സംസാരം നിറുത്തി ഒരു അടിപൊളി പാട്ടും പാടി തിരികെ വന്നിരുന്നു കഴിഞ്ഞു.
ഞാൻ പോയി ചേച്ചിയോട് പറഞ്ഞു ,ഇതിപ്പോ ഞാൻ പറഞ്ഞു പറയിച്ചതു പോലെ ആയല്ലോ ചേച്ചീ....ഏതായാലും നന്ദി എന്റെ ബുക്ക് വാങ്ങണം എന്ന് എല്ലാവരോടും പറഞ്ഞതിന്
അതിനിടെ സ്റ്റേജിൽ കുട്ടികൾ അവതരിപ്പിച്ച ഡാൻസും പാട്ടും എല്ലാം നടക്കുന്നുണ്ടായിരുന്നു
അവസാനമായി സ്റ്റേജിൽ വിളിച്ചത് ശ്രീധരൻ ചേട്ടനെ ആയിരുന്നു, ശ്രീധരൻ ചേട്ടൻ ചെറിയ വാക്കുകളിൽ ആത്മാർഥതയോടെ കാര്യങ്ങൾ പറഞ്ഞു,അതിനിടെ ബിജോയ് പിന്നെയും വന്നു,
ഈ ചേട്ടനെ വെച്ചൊരു സൂപ്പർ തിരക്കഥ എഴുതി ഞങ്ങൾ ഷൂട്ട് ചെയ്തു,അതിൽ ചേട്ടൻ നന്നായി അഭിനയിച്ചു ഞാനൊക്കെ അത് അഭിനയിച്ചു കുളമാക്കി, ആ മനോഹരമായ സ്ക്രിപ്റ്റ് എഴുതിയത് നമ്മുടെ അജോയ് ചേട്ടനാണ്
എല്ലാം തീർന്നു എന്ന് സമാധാനിച്ച് ഐസ് ക്രീം തിന്നു കൊണ്ടിരുന്ന ഞാൻ വീണ്ടും ഞെട്ടി ,ഇനീം വിളിക്കുമെന്ന് പേടിച്ചു ഞാൻ മുഖം ഒരു വശത്തേക്ക് ചരിച്ചു ഗോഷ്ഠി കാണിച്ചു കൊണ്ടിരുന്നു,ഒരു കാരണവശാലും ആളെ പിടി കിട്ടരുത്
അടുത്തിരുന്ന ഡോക്ടർ അനൂപ് എന്നെ ഒന്ന് നോക്കിയ ശേഷം ഞെട്ടലോടെ തിരിഞ്ഞിരുന്നു,
ഞാൻ ഒരു സമർത്ഥൻ തന്നെ, അനൂപിന് പോലും എന്നെ മനസിലായില്ല
ശ്രദ്ധിച്ചു കേട്ടപ്പോൾ അനൂപ് അടുത്തിരുന്ന ഭാര്യ രേണുവിനോട് പറയുന്നു, ആരോടും പറയണ്ട, അജോയ് ചേട്ടന് ഫേഷ്യൽ പാൾസിയുടെ തുടക്കമാണ്,പാവം,ശ്യാമ ചേച്ചി എങ്ങനെ സഹിക്കും
മുഖം ഞാൻ ഉടനെ നേരെ ആക്കി, കാരണം അവിടെ എല്ലാം കഴിഞ്ഞു ജനഗണമനയും പാടി, തിരികെ ലിഫ്റ്റിൽ കേറാൻ നിന്നപ്പോൾ സുമൻ ലാൽ സാർ പറഞ്ഞു,ഇനി ജൂലായിൽ ആണ് അടുത്ത പരിപാടി. അജോയ് അന്നൊരു കഥ പറയണം
ഉറപ്പായും പറയാം സാറെ ,ഞാൻ കൈ കൊടുത്തു
ലിഫ്റ്റിൽ വെച്ച് ശ്യാമ ചോദിച്ചു, അജോയ് പറയുമോ കഥ,കൊള്ളാമല്ലോ, ഏതു കഥയാണ് ?
വേറെ ഗതിയില്ലാതെ രണ്ടു പേരെ കൊല്ലേണ്ടി വന്ന ഒരു പാവം മനുഷ്യന്റെ കഥയാണ് ,
സുമൻ ലാൽ സാർ അത് കേട്ടപ്പോൾ താൽപ്പര്യത്തോടെ തിരിഞ്ഞു, അജോയ് അത്തരം കഥകളും എഴുതുമോ? ആര് ആരേ കൊല്ലുന്ന കഥയാണ്
സാഹിത്യകാരൻ കൂടിയായ ഒരു സാധാരണ അസോസിയേഷൻ മെമ്പർ ഗത്യന്തരമില്ലാതെ ഒരു രാത്രി അവിടത്തെ പ്രസിഡന്റിനേയും സെക്രട്ടറിയേയും റൂഫ് ടോപ്പിൽ നിന്നും താഴേക്ക് തള്ളിയിട്ടു കൊല്ലുന്ന കഥയാണ്,വേണമെങ്കിൽ ഇപ്പോൾത്തന്നെ വിവരിച്ചു പറയാം
പതിനൊന്നിൽ ഇറങ്ങേണ്ട സുമൻലാൽ സാർ വെപ്രാളത്തിൽ സകല നിലകളിലെയും ബട്ടൺ പ്രസ് ചെയ്യുന്നത് കണ്ട് ഞാൻ ഒരു ക്രൂരമായ ചിരിയോടെ നിന്നു
അജോയ് കുമാർ

കാറ്റ്

Image may contain: Ajoy Kumar, beard and sunglasses
ഫ്ലാറ്റിൽ വന്ന ശേഷമാണു കാറ്റ് എന്താണെന്ന് അനുഭവപ്പെട്ടു തുടങ്ങിയത്. കാറ്റെന്നു വെച്ചാൽ എന്റമ്മേ,ഒടുക്കത്തെ കാറ്റ്, ഫ്രണ്ട് റൂം ബാൽക്കണി വഴിയും ,ബെഡ്‌റൂം ബാൽക്കണി ,ജന്നൽ എന്നിവ വഴിയുമെല്ലാം കാറ്റിങ്ങനെ അടിച്ചു കയറുകയാണ്, ഒരു സാധനം വെക്കാൻ പറ്റില്ല ,തട്ടി താഴെയിടും. അഥവാ ബാൽക്കണി വല്ലതും വല്ല വിധവും ഉന്തിത്തള്ളി അടച്ചാലോ,പഴയ ആകാശവാണി റേഡിയോയിൽ കൊടുങ്കാറ്റിന്റെ ശബ്ദം കേൾപ്പിക്കുന്ന പോലെ ഒരു ശബ്ദത്തിൽ ,ഉള്ള ഗ്യാപ്പിൽ കൂടി കാറ്റ് അലറിക്കൊണ്ടിരിക്കും.തുറന്നു കൊടുക്കുന്നത് വരെ
'അമ്മ ഇവിടെ വന്നു നിൽക്കാത്തതു നന്നായി എന്ന് എനിക്ക് തോന്നിയത് ആ കാറ്റ് കണ്ടപ്പോഴാണ് .അമ്മയുടെ ഏകദേശം അതെ സൈസിൽ ഉള്ള ,ഉണങ്ങിയ കൊഞ്ച് പോലെ ഇരിക്കുന്ന എട്ടാം നിലയിലെ മഞ്ജു ചേച്ചി, ഉച്ചക്ക് ബെഡ് ഷീറ്റ് വിരിക്കാൻ ബാൽക്കണിയിൽ പോയതാണ്.അടുത്ത ഓർമ്മ പാരച്യൂട്ടിൽ പറക്കുന്നതാണ് .,എട്ടിലെ ബാൽക്കണിയിൽ നിന്നും രണ്ടാം നിലയിൽ മാത്രമുള്ള ടെറസിൽ വായും നോക്കി നിന്ന ഒരു അമ്മാവന്റെ മുന്നിലേക്ക് പറന്നു വന്നിറങ്ങിയ ചേച്ചി, ഒന്നും സംഭവിക്കാത്തത് പോലെ , എന്നാൽ ശരി പിന്നെ കാണാം ട്ടോ എന്നും പറഞ്ഞ് ബെഡ്ഷീറ്റും മടക്കി ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയപ്പോൾ ആ അമ്മാവൻ ബോധം പോയി നിലത്തു വീണു,ബോധം വന്നപ്പോൾ വീടും മാറി
അത് കൊണ്ട് തന്നെ ഞാൻ അമ്മയോട് പറഞ്ഞു, 'അമ്മ ഇവിടെ വന്നു നിൽക്കുമ്പോൾ ഒരു കാരണവശാലും ബാൽക്കണിയിൽ പോകരുത്, കാലിൽ റോളർ സ്‌കെയ്‌റ്റ് ചക്രങ്ങൾ കെട്ടിയിരിക്കണം,അതാവുമ്പോൾ കസേരയിൽ നിന്നും എണീറ്റാൽ ഏതു മുറിയിലേക്കോ ഒഴുകി പോകാം.നടക്കേണ്ട ആവശ്യമേ ഇല്ല.
എന്റെ ഫ്ളാറ്റിലെ മാത്രം അവസ്ഥ അല്ല,പതിനെട്ടാം നില വരെയുള്ള സകല ഫ്ലാറ്റുകളിൽ നിന്നും പല പല വസ്തുക്കൾ പറന്നു താഴെ വീണു കൊണ്ടിരിക്കും,നനച്ചിട്ട തുണികൾ,ബുക്കുകൾ,ചില അമ്മച്ചിമാർ.അങ്ങനെ വിവിധ തരം സ്ഥാവര ജംഗമ വസ്തുക്കൾ.
ഫ്ലാറ്റിന്റെ മതിലിനകത്താണെങ്കിൽ അടയാളം പറഞ്ഞാൽ സെക്യൂരിറ്റി സാധനം തിരിച്ചു തരും,പുറത്തു പോയാൽ അവർ എടുക്കില്ല,അതിർത്തി കടന്ന് ഒന്നും ചെയ്യില്ലത്രേ, ഞാൻ ചോദിച്ചു,ഇത് ഇൻഡോ പാക്ക് അതിർത്തിയൊന്നുമല്ലല്ലോ,ഒന്ന് എടുത്തു വെച്ച് കൂടെ? അത് ബുദ്ധിമുട്ടാണ് സാർ.റോഡിൽ പോയാൽ പിന്നെ അത് പബ്ലിക്ക് പ്രോപ്പർട്ടി ആണ്
രണ്ടു ദിവസം കഴിഞ്ഞാലും ആള് അന്വേഷിച്ചു വരാത്ത സാധനങ്ങൾ കൂട്ടി ഇട്ട് ലേലം വിളിക്കാറാണ് പതിവ്, ജോലിക്കു വന്ന ബംഗാളികൾ ഒക്കെ പല സ്‌കൂളുകളിലെയും യൂണിഫോം ഫ്രോക്ക് ഒക്കെ ലേലത്തിൽ വാങ്ങി ഇട്ടു കൊണ്ട് പോകുന്നത് കാണാം
ഫ്ളാറ്റിലെ തുണി നനക്കാൻ ഇടുമ്പോൾ നല്ലോണം ക്ലിപ്പ് ഇടണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ആദ്യ കാലത്തു ഒരിക്കൽ നനച്ചിട്ട ശ്യാമയുടെ ഒരു സാരി പറന്നു പോയി റോഡിലൂടെ പോയ ഒരു ഓട്ടോയുടെ മുകളിൽ വീണു,ആകാശം ഇടിഞ്ഞു വീണു എന്ന് കരുതിയ ഡ്രൈവർ, പടച്ചോനെ,ഇങ്ങള് കാത്തോ..ളീളീളീളീ എന്ന നിലവിളിയോടെ അടുത്തുള്ള വീടിനകത്തേക്ക് വണ്ടി ഓടിച്ചു കയറ്റി
ഇതാരുടെ സാരി ? ആരുടേന്ന് പറയാൻ, എന്നൊക്കെ ആട്ടോക്കാരനും വീടിന്റെ ഉടമസ്ഥനും സാരിയുമായി താഴെ റോഡിൽ നിന്ന് അലറിയപ്പോൾ ഏഴാം നിലയിൽ നിന്ന് ശ്യാമ നിഷ്ക്കളങ്കയായി കണ്ണുകൾ തുറന്നടച്ചു പറഞ്ഞു ,അറിയില്ല,ആരുടെ ആണോ എന്തോ, നല്ല സാരി. അതിനു ശേഷമാണ് ക്ലിപ്പ് ഇട്ട് തുടങ്ങിയത്
ഇതിപ്പോ പറയാൻ കാര്യം വേറൊന്നുമല്ല , ഇന്നലെ പുറത്തു നിന്ന് വന്ന പാടെ ഞാൻ ശ്യാമയോട് ചോദിച്ചു, എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു ബോക്‌സർ ഇല്ലേ? ചുവപ്പും കറുപ്പും ചെക്ക് ,അതെവിടെ?
മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന ശ്യാമ പറഞ്ഞു, അത് നനച്ചിട്ടല്ലോ, ബാൽക്കണിയിൽ കാണും, എന്താ
ഉറപ്പുണ്ടോ?
ഉണ്ടല്ലോ, അവിടെ ഞാനല്ലേ നനച്ചിട്ടത്
എന്നാൽ അവിടെ ഇല്ല,
ഉണ്ടെന്നേ
ക്ലിപ്പ് ഇട്ടില്ല അല്ലെ
ഇട്ടു
ഇല്ല
നിങ്ങൾക്കെങ്ങനെ അറിയാം? ജ്യോത്സ്യം അറിയാമോ ?
അതിന് ജ്യോത്സ്യം അറിയണ്ട,ഇപ്പൊ ഞാൻ കാറിൽ ഇങ്ങോട്ടു വന്നപ്പോൾ എന്റെ ആ ബോക്‌സർ തലയിൽ തൊപ്പി പോലെ വെച്ച് ഒരു അമ്മച്ചി സ്‌കൂട്ടറിൽ പാഞ്ഞ് പോകുന്നത് കണ്ടു ,മര്യാദക്ക് ഇപ്പൊ അത് പോലെ വേറൊരെണ്ണം വാങ്ങിച്ചു തന്നില്ലെങ്കിൽ ഇനി ഞാനും നീയുമായി യാതൊരു ബന്ധവുമില്ല.പറഞ്ഞാൽ കേൾക്കാത്ത അഹങ്കാരീ
അജോയ് കുമാർ

ഹൌസ്

Image may contain: Ajoy Kumar, beard and sunglasses
വൈറ്റ് ഹൌസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സെക്യൂരിറ്റി ചട്ടങ്ങൾ പാലിക്കേണ്ട ഹൌസ് ഞങ്ങളുടെ ഫ്ലാറ്റ് ആണ്.തമാശയല്ല.അതിഥികൾ ഒക്കെ ജീവിതം വെറുത്തു ഓടിയിട്ടുണ്ട്,എല്ലാം നല്ലതിന് വേണ്ടിയാണെന്ന് ഒരു ആശ്വാസം മാത്രം.അടുത്ത തവണ ട്രംപ് വരുമ്പോൾ ക്യാമ്പ് ഇവിടെ ആണ് എന്ന് വാർത്ത കേട്ടു,അതിശയിക്കാനില്ല,പുള്ളിക്ക് തനിയെ വന്ന് ധൈര്യമായി താമസിക്കാം,ഒരു പോലീസുകാരൻ പോലും കൂട്ടിനു വേണ്ട, എല്ലാം അസോസിയേഷൻ നോക്കിക്കോളും
കേറാൻ വരുമ്പോൾ ആദ്യം ഗേറ്റ്, അത് കഴിഞ്ഞാൽ ലിഫ്റ്റിങ് ബാരിയർ,അവിടെ നിൽക്കുന്ന സെക്യൂരിറ്റികൾ ഇടയ്ക്കു മാറുന്നതിനാൽ കാർ കണ്ടാൽ അവർ മനസിലാക്കില്ല കാറിൽ ഒട്ടിച്ച സ്റ്റിക്കറും പലരും കാണില്ല.
അവർ ഓരോ തവണയും നമ്മൾ പുറത്തു നിന്ന് വരുമ്പോൾ അടുത്തേക്ക് വരും,കണ്ണുരുട്ടി നോക്കും,അപ്പോൾ നമ്മൾ ജോസ് പ്രകാശ് ചിരി ,അല്ലെങ്കിൽ ബാലൻ കെ നായർ ചിരി ,ഈ രണ്ടിൽ ഏതെങ്കിലും ഒരു ചിരി ചിരിക്കാം.നേരത്തെ അവിടെ റെക്കോർഡ് ചെയ്തു വെച്ച ചിരിയുമായി ചേർന്ന് പോയാൽ ബാരിയർ തുറക്കും.
മൂഡ് ഇല്ലെങ്കിൽ എന്റെ ചിരി ബാബു നമ്പൂതിരിയുടെ ചിരി ആയിപ്പോകും .അപ്പോൾ എന്നെ അവർ വിടില്ല ,ശ്യാമയോ കിച്ചുവോ താഴെ വന്ന് അവർ രെജിസ്റ്റർ ചെയ്ത ചിരി കറക്റ്റ് ആയി ചിരിച്ചു കാണിച്ചു എന്നെ കൊണ്ട് പോകേണ്ടി വരും
ഇനി ഇത് കഴിഞ്ഞു പാർക്കിങ്ങിൽ എത്തിയാലോ ? അകത്തു കയറാൻ ഫിംഗർ ,കണ്ണ് മൂക്ക് എല്ലാം സ്കാൻ ചെയ്യണം.ഏതു വിരൽ ആണ് സ്കാൻ ചെയ്തത് എന്ന് ഓർമ്മയില്ലാത്ത അമ്മാവന്മാർ പത്തു വിരലും മാറി മാറി വെക്കുന്നത് കാണാം,മൂന്നിൽ കൂടുതൽ തവണ വിരൽ വെച്ചാൽ അത് വരെ സോഴി,പ്ലീസ് ട്രൈ എഗൈൻ എന്ന് പറഞ്ഞു കൊണ്ടിരുന്ന മെഷീൻ പെണ്ണുംപിള്ള പച്ച മലയാളത്തിൽ തെറി വിളിക്കും
യേത് വിരലെന്നു പോലും അറിഞ്ഞൂട, അവൻ അകത്തു കേറാൻ വന്നേക്കണ്‌ ,എഴിച്ചു പോടെ
പിന്നെ അര മണിക്കൂർ കഴിഞ്ഞാലേ മെഷീൻ നമ്മളെ പരിഗണിക്കു
അകത്തു കേറിയാലും മുഴുവൻ സമയവും നമ്മൾ ക്യാമറാ നിരീക്ഷണത്തിൽ ആണ്,ലിഫ്റ്റിൽ പോലും അതെ, കെയർ ടേക്കർ നമ്മളെ ഇങ്ങനെ വാച്ച് ചെയ്തു കൊണ്ടിരിക്കും,ഒരിക്കൽ പുള്ളി എന്നോട് പറഞ്ഞു,
ഉം കൊച്ചു കള്ളാ, കഴിഞ്ഞ ദിവസം ലിഫ്റ്റിൽ വെച്ച് ഒരു ഇളക്കം,അല്ലെ ? മാഡത്തിനോട്,ഞാൻ കണ്ടു,ശ്രിംഗാരം ,ഉം ഉം ,
ഞാൻ ആലോചിച്ചു, ദൈവമേ, ശ്യാമ തന്നെയായിരുന്നോ കൂടെ
ഇതൊക്കെ സ്ഥിരതാമസക്കാരുടെ കഥ.ഇനി അതിഥികൾ വന്നാലോ,അവർ താഴെ വെച്ച ബുക്കിൽ പേര്, നമ്പർ, ജീവചരിത്രം, ആഹാരരീതികൾ, ജീവിതത്തിലെ സ്വപ്‌നങ്ങൾ,ആഗ്രഹങ്ങൾ,അവസാനം കണ്ട സിനിമ,ശബരിമല വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം,ഫ്ലാറ്റിൽ കാണാൻ വന്ന ആളുമായി അവർക്കുള്ള ബന്ധം,അവരെക്കുറിച്ചുള്ള അഭിപ്രായം, എന്നിവ A 4 സൈസ് പേപ്പറിൽ എഴുതണം,
സന്ദർശനം കഴിഞ്ഞാൽ തിരിച്ചു പൊക്കോളാം എന്ന് അമ്പതു രൂപ പത്രത്തിൽ എഴുതി ഒപ്പിട്ടു കൊടുക്കണം,ഇത്രയും ചെയ്ത ശേഷം ഓഹോഹോ ഓയ് ഓയ് കുറവാ കുറവാ ഏൻ കുറവാ എന്നുള്ള നാടൻ പാട്ടിനനുസരിച്ചു നൃത്തം ചെയ്തു സെക്യൂരിറ്റിയെ സന്തോഷിപ്പിക്കണം,സംതൃപ്തനായ സെക്യൂരിറ്റി ഫ്ലാറ്റിലേക്ക് ഫോൺ ചെയ്യും,കുറച്ചു ക്ലൂ തരും,അതിനനുസരിച്ചു നമ്മൾ ആളെ കണ്ടു പിടിച്ചു പറഞ്ഞാൽ അവരെ മുകളിലേക്ക് വിടും,അല്ലെങ്കിൽ കുനിച്ചു നിറുത്തി കൂമ്പിനിടിച്ചു പുറത്തേക്കു വിടും
ഇഷ്ടം പോലെ ഷെഡ് ഒഴിഞ്ഞു കിടന്നാലും രണ്ടാമത്തെ കാർ ഉള്ളവരെ അതിടാൻ അനുവദിക്കില്ല,സെക്യൂരിറ്റി റീസൺസ്.അഥവാ ഇട്ടാൽ മൂന്നിന്റന്ന് അതെടുത്തു ദൂരെ കൊണ്ട് കളയും,അല്ലെങ്കിൽ ഒരു ബില്ല് അടിച്ചു കയ്യിൽ തരും. നാനോ കാർ ഒരാഴ്ച ഇട്ടപ്പോൾ വന്ന ബില്ല് അതിന്റെ വിലയേക്കാളും വന്നപ്പോൾ ഞാൻ കാറും തലയിൽ വെച്ച് കൊണ്ടോടി റോഡിൽ എവിടെയോ കൊണ്ടിട്ടു,മാസങ്ങളായി അത് അവിടെ പൊടി പിടിച്ചു കിടപ്പുണ്ട്.നല്ല കാശുള്ളവർ ഒക്കെ രണ്ടാമതൊരു ഷെഡ് കാശു കൊടുത്തു വാങ്ങിച്ചു,അതില്ലാത്തതു കൊണ്ട് എന്റെ നാനോ പുറത്തും.
ഇനി ആഹാരം വല്ലതും ഓർഡർ ചെയ്തു വരുത്താമെന്നു വെച്ചാലോ,രക്ഷയില്ല,ശ്യാമ ഒക്കെ ഊബർ ഈറ്റസിന്റെ ആളായിരുന്നു,അവരെ അകത്തു വിടില്ല, നമ്മൾ താഴെ പോയി വാങ്ങണം,സെക്യൂരിറ്റി റീസൺസ്,സംഗതി നല്ലതൊക്കെ തന്നെ.പക്ഷെ ഓരോ തവണയും ഈ പോക്ക് വലിയ പാടാണ്‌,സന്ധ്യ ആയിക്കഴിഞ്ഞാൽ റോഡിൽ സ്വിഗ്ഗി,ഊബർ ഡെലിവറി ബോയ്സ് നിറഞ്ഞു നിൽക്കുംഫ്ലാറ്റ് വാസികൾ താഴെ പോയി കണ്ടു പിടിക്കും,രണ്ടു ചിക്കൻ ബിരിയാണി പയ്യൻ വിളിക്കുമ്പോൾ ഒരാൾ കൈ പോക്കും, ഫ്രെയ്‌ഡ്‌ റൈസ് ചില്ലി ചിക്കൻ? വേറെ ആൾ കൈ പോക്കും. അങ്ങനെ ആണ് കണ്ടു പിടിക്കുന്നത്
മീൻ കൊണ്ട് വരുന്ന അപ്പുറത്തെ കടയിലെ പയ്യന്മാരെ മാത്രം അകത്തേക്ക് വിടും,ഭാഗ്യം, പക്ഷെ ഒരു തുള്ളി വെള്ളം കവറിൽ നിന്നും നിലത്തു വീണാൽ,കൊണ്ട് വന്ന പയ്യനും ഫ്ലാറ്റ് ഓണറും കൂടി നിലവും ലിഫ്റ്റും തുടച്ചു വൃത്തിയാക്കണം, അല്ലെങ്കിൽ അവനെ ആജീവനാന്തം പ്രവേശിക്കുന്നതിൽ നിന്നും ,ഓണറെ ഒരു മാസത്തേക്ക് മൽസ്യം കഴിക്കുന്നതിൽ നിന്നും വിലക്കും.
ഇങ്ങനെ എന്തിനും ഏതിനും മാർഗനിർദേശങ്ങളും നിയമങ്ങളും ആണ്,ഗ്രൂപ്പിൽ അതിങ്ങനെ വന്ന് കൊണ്ടിരിക്കും
ഇത്തരം അതിശക്തമായ നിയമങ്ങളും റെഗുലേഷൻസും കൊണ്ട് മോസ്റ്റ് സേഫ് പ്ലെസ് റ്റു ലീവ് ഇൻ ഇന്ത്യ എന്നെതിനുള്ള ഐ സ് ഓ 9001 സെർറ്റിഫിക്കേഷൻ ഉടനെ നമുക്ക് കിട്ടിയേക്കും, ഒരു പഴയ തമാശ കൂടി പറയാം
ഒരിക്കൽ ഒരു അമേരിക്കക്കാരനും ചൈനക്കാരനും മലയാളിയും കൂടി പ്ലെയിനിൽ പോവുകയായിരുന്നു. കുറെ ദൂരം പോയപ്പോൾ അമേരിക്കക്കാരൻ ജനലിൽ കൂടി കൈ താഴേക്കിട്ടു (കഥയിൽ ചോദ്യമില്ല, കൈ ഇട്ടു) എന്നിട്ടു പറഞ്ഞു ഹായ് എന്റെ സ്ഥലം ,ന്യൂ യോർക്ക് എത്തി
എങ്ങനെ മനസിലായി ?
അംബരചുംബികൾ ആയ കെട്ടിടങ്ങളിൽ കൈ തട്ടി, സ്കൈ സ്ക്രാപ്പേർസ്
കുറെ കഴിഞ്ഞപ്പോൾ ചൈനക്കാരൻ കൈ വെളിയിൽ ഇട്ടു,ഹായ് എന്റെ സ്ഥലം എത്തി.ചൈന .ചൈന
എങ്ങനെ മനസിലായി ?
വൻ മതിലിൽ കൈ തട്ടി
കുറേക്കഴിഞ്ഞപ്പോൾ ഇന്ത്യക്കാരൻ കൈ ഇട്ടു, ഹായ് എന്റെ സ്ഥലം എത്തി
എങ്ങനെ മനസിലായി ?
എന്റെ കയ്യിൽ കിടന്ന വാച്ച് ആരോ അടിച്ചു മാറ്റി
ഇത് പഴയ കഥ
പുതിയത് ഇങ്ങനെ ആണ്, ഇന്ത്യക്കാരൻ മലയാളത്തിൽ പറഞ്ഞു, ഹായ് എന്റെ സ്ഥലം ശാസ്തമംഗലം പൈപ്പിൻമൂട് എത്തി
എങ്ങനെ മനസിലായി ?
ശ്രീവത്സത്തിനു മുകളിൽ കൂടി ഫ്‌ളൈറ്റിൽ പോകേണ്ടവർ പാലിക്കേണ്ട നിർദേശങ്ങൾ എന്റെ കയ്യിൽ അസോസിയേഷൻ വെച്ച് തന്നു
അജോയ് കുമാർ

പൂശി അല്ല ഊശി

Image may contain: Ajoy Kumar
പണ്ട് സാമൽപട്ടിയിൽ ജോലി ചെയ്യുന്ന സമയം, ഒരിക്കൽ നല്ല പനി, എല്ലാരും പറഞ്ഞു ,തിരുപ്പത്തൂർ പോയി അലോപ്പതി ഡോക്ടറെ കാണിക്കണം , അല്ലെങ്കിൽ ശെരിയാവില്ല, അത് വരെ ജീവിതത്തിൽ ഹോമിയോ മരുന്ന് മാത്രം കഴിച്ചിരുന്ന ഞാൻ അങ്ങനെ ഒരു സഹായിയെയും കൂട്ടി ട്രെയിൻ കയറി ഇരുപതു കിലോമീറ്റർ ദൂരെയുള്ള തിരുപ്പത്തൂർ എത്തി,അവിടെ ഉള്ള ഒരു ക്ലിനിക്കിൽ പോയി, ജെസ്സി ക്ലിനിക്ക് ,
അകത്തു കയറിയപ്പോൾ കരടി പാന്റ് ഇട്ട പോലെ ഒരു തടിമാടൻ ഡോക്ടർ ചാടി മുന്നിൽ വന്നു, ഭീകരൻ,ആറര അടി ഉയരം, അയാളുടെ ഭാര്യ തന്നെ ആണ് നേഴ്സ്,രണ്ടു പേരും ഒരു അപൂർവ വസ്തുവെന്ന പോലെ എന്നെ തുറിച്ചു നോക്കി
എന്നാ? എന്നാ വിഷയം ?
ആ സമയം തമിഴ് പഠിച്ചു വരുന്നേ ഉള്ളു
കൊമേഴ്സ്‌ ആയിരുന്നു വിഷയം , ഞാൻ പറഞ്ഞു,
ശേ,എന്റെ കൂടെ വന്ന ആൾക്ക് ദേഷ്യം വന്നു , എന്താണ് കാര്യം എന്നാണ് ചോദിച്ചത്,
സോറി, എനിക്ക് നല്ല പനിയാണ് ലോക്ടർ ...
എന്നാ ?
പനി ആണ് ഡോക്ടർ
കാച്ചിലാ ?
കാച്ചിൽ അല്ല, ചേനയാണ് ആണ് ഇന്നലെ കഴിച്ചത്, ചേന തോരൻ
എന്നാ ?
ഉടനെ സഹായി ഇടപെട്ടു, ആമാ ഡോക്ടർ, കാച്ചിൽ താൻ ,എന്നിട്ട് എന്നോട് പറഞ്ഞു ,
കാച്ചിൽ എന്ന് പറഞ്ഞാൽ പനി ,അല്ലാതെ മുണുങ്ങുന്ന കാച്ചിൽ അല്ല,എങ്ങനെ, ഏതു സമയവും അതല്ലേ ഉള്ളു ഓർമ്മ
ഓ അങ്ങനെ ആണോ? എന്നാൽ കാച്ചിൽ ,ഡോക്ടർ കാച്ചിൽ
ശെരി, പടുങ്കോ, ഉങ്കളുക്കു ഊശി പോടണം. പുള്ളി ഒരു കട്ടിൽ ചൂണ്ടി പറഞ്ഞു.
അയ്യേ , അതൊന്നും പറ്റില്ല, പൂശി പോടാനോ?
എന്റെ സാറെ പൂശി അല്ല ഊശി, എന്ന് വെച്ചാൽ ഇൻജക്ഷൻ , എന്റെ സഹായിക്ക് പിന്നെയും ദേഷ്യം
ആണോ? എന്നാൽ ഊശി വെച്ചോ ,ഊശി വെച്ചോ
വെച്ചിടുങ്കോ ഡോക്ടർ ,സഹായി പറഞ്ഞു .
ഞാൻ കട്ടിലിൽ ഇരുന്നു . ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ഡോക്ടർ ഓടിപ്പോയി ഒരു ഭീകര സൂചി എടുത്തു മരുന്ന് നിറച്ചു, ഒരടി സ്കെയിലിന്റെ അത്രയും ഉണ്ട് സൂചിയുടെ നീളം.എണീറ്റ് ഓടാൻ പോയ എന്നെ സഹായി പിടിച്ചിരുത്തി ,വിറച്ചു കൊണ്ടിരുന്ന എന്റെ അടുത്ത് വന്ന് ഡോക്ടർ ചോദിച്ചു,
സാർ ഉങ്ക പേരെന്നാ
അജോയ്, ഞാൻ വന്ത് സാമൽ പട്ടി സ്റ്റേഷൻ മാസ്റ്റർ
അപ്പടിയാ , അടടേ ജോയ് സാർ,
ഞാൻ തിരുത്താൻ പോയില്ല, അടടേ ജോയ് എങ്കിൽ അടടേ ജോയ്
കർത്തരുക്കു പ്രണാമം , ഡോക്ടർ പറഞ്ഞു
എന്തരുക്ക് പ്രമാണം ? ഞാൻ ചോദിച്ചു
ശോ, സാറേ ,പ്രമാണമല്ല ,പ്രണാമം .ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ എന്ന് പറയില്ലേ,അതിന്റെ തമിഴാണ്
ഓ, എന്നാൽ വല്ലപ്പോഴുമൊക്കെ സ്തുതിയായിരുന്നോട്ടെ കുഴപ്പമില്ല , ഞാൻ പറഞ്ഞു
ഡോക്ടർ വിളിച്ചു, ജെസീ, ശീഖ്രം ഇങ്കെ വാ, ഇത് ജോയ് സാർ, നമ്മ ആള്
നമ്മ ആളോ? അപ്പൊ അവരും സ്റ്റേഷൻ മാസ്റർ ആണോ?
ഉടനെ ജെസ്സി വന്നു പറഞ്ഞു. വണക്കം സാർ ,നീങ്ക എന്ത ചർച്ചുക്ക് പോവീങ്കെ ?
ഓ അങ്ങനെ ഒന്നും ഇല്ലൈ, ഒരു ചർച്ചക്കും ഞാൻ പോവാറില്ല, വല്ലപ്പോഴും ടീ വീ ചർച്ചകൾ കാണും
ചർച്ച അല്ല സാറെ ,ചർച്ച്, പള്ളി പള്ളി, സാർ ക്രിസ്താനി ആണ് എന്നാണ് അവരുടെ വിചാരം
അയ്യയ്യോ ,ആണോ? ഞാൻ ഞെട്ടി ,അച്ഛൻ ഇട്ട ഒരു പേര് ...അജോയ്...വല്ല കൃഷ്ണ കുമാർ എന്ന് വല്ലതും ഇട്ടാൽ പോരായിരുന്നോ? ഇനി ഇപ്പൊ എന്തോന്ന് ചെയ്യും
ഡോക്ടർ, സർക്കസിൽ ആനക്കും കരടിക്കുമൊക്കെ ഇൻജെക്ഷൻ കൊടുക്കുന്ന സൂചി എടുത്തു മരുന്ന് നിറയ്ക്കുന്നു
നമ്മ കമ്മ്യൂണിറ്റി ആളുങ്ക ഇങ്കെ റൊമ്പ കമ്മി, ചർച്ചുക്കു വാങ്കോ സാർ എല്ലാ ഞായർ കലമയും അപ്പടിത്താൻ ഇങ്കെ യൂണിറ്റി ക്രിയേറ്റ് പണ്ണ മുടിയും
വരാം ഞാൻ പറഞ്ഞു, കണ്ടിപ്പാ വരാം,
കാരണം വലിയ സൂചിയുമായി ഭീകരൻ അടുത്തുണ്ട്, എടുത്തു വയറിൽ വല്ലതും കുത്തിയാൽ കഴിഞ്ഞു എന്റെ കഥയും കവിതയും
അമ്പലത്തിൽ പോലും കേറാത്ത സാർ ചർച്ചിൽ പോകുമോ, സഹായിക്ക് അതാണ് സംശയം.
പോവുവേ അവിടന്ന്, ആ സൂചി കണ്ടൂടെ തനിക്ക്. ഞാൻ വരില്ല എന്ന് പറഞ്ഞാൽ മരണം ഉറപ്പാണ്‌,
നീങ്ക കാത്തലിക്കാ സാർ ,പാത്താ അപ്പടി ഇരുക്ക്‌ , നാങ്ക വന്ത് സീ എസ് ഐ
ഞാൻ ബീ എസ് സീ ,അല്ലല്ല ബീകോം
എന്നാ ? കാത്തലിക്കാ ?
കാത്തലിക്ക് സിറിയൻ ബാങ്ക് അല്ലൈ, കരൂർ വൈശ്യ ബാങ്ക്
റൊമ്പ തമാശാ പെശുത് സാർ, ഊശി പോടട്ടുമാ ?
എന്ത് വേണമെങ്കിലും പോടുങ്കോ , ഞാൻ പറഞ്ഞു
ഡോക്ട്ടറും ഭാര്യയും കൂടി കട്ടിലിൽ കാലും ആട്ടികൊണ്ടിരുന്ന എന്നെ ഒരു മുന്നറിയിപ്പുമില്ലാതെ ദോശ മറിച്ചിടുന്ന ലാഘവത്തോടെ മറിച്ചിട്ടു ,പിന്നെ ,പാന്റ് വലിച്ചൂരി, ആഞ്ഞൊരു കുത്ത്,
ബൈബിൾ പടിപ്പറീങ്കളാ
പടിപ്പറാമേ....ഞാൻ അലറി
പടിപ്പറാമേ എന്നല്ല ,പഠിച്ചിടുവേൻ എന്നാണ് ,സഹായി പറഞ്ഞു
പോടാ തെണ്ടീ.....@#$%^!
എന്നാ? പഠിപ്പിയാ മാട്ടിയാ , അയാൾ സൂചി ഒന്ന് തിരിച്ചു
ബൈബിളോ, ഖുറാനോ ഗീതയോ എന്ത് വേണമെങ്കിലും പഠിച്ചോളാമേ പഠിച്ചു പാസായിക്കോളാമേ,ഞാൻ വീണ്ടും അലറി
അയാളും ഭാര്യയും കൂടി അവിടെ തിരുമ്മി ഒരു പരുവമാക്കി,ഞാൻ പതുക്കെ എണീറ്റ്‌ പൈസ കൊടുത്തു ,
കണ്ടിപ്പാ അടുത്ത ഞായർ കലമൈ ചർച്ചുക്കു വരറീങ്കെ
ആമാങ്കെ, ഞാൻ പറഞ്ഞു , ഞാൻ വരുവേൻ , ഇയാളുടെ കൈ വെട്ടത്ത് നിന്ന് ഇതേ പറയാൻ പറ്റു, അല്ലെങ്കിൽ പിടിച്ചു ഞെരിച്ചു കളയും
വണക്കം, അപ്പുറം പാക്കലാം, ഞാൻ പതുക്കെ തൊഴുതു വെളിയിൽ ഇറങ്ങി,
സഹായി ചോദിച്ചു, സാർ നിങ്ങൾ പോകുമോ
എങ്ങോട്ട് ?
ചർച്ച്
കുന്തം, ചർച്ചുക്കും അമ്പലത്തുക്കും മൊസ്ക്കുക്കും ഒന്നുമേ പോക മാട്ടെൻ ഞാൻ , യേൻ, ഇനി മേൽ ഇന്ത തിരുപ്പത്തൂർ കൂടെ വര മാട്ടെൻ,
ചന്തിയും തടവിക്കൊണ്ട് ഞാൻ സ്റ്റേഷനിലേക്ക് ഓടി .അതിനു ശേഷം ഇന്ന് വരെ ആ ഏരിയയിൽ ഞാൻ പോയിട്ടില്ല.
അജോയ് കുമാർ

മൊഴിമാറ്റം

Image may contain: Ajoy Kumar, beard, closeup and indoor
ഹോളിവുഡ് സിനിമകൾ മൊഴിമാറ്റം നടത്തുന്ന പരിപാടി കുറെ കാലം മുൻപാണ് വന്നത് ,ഹിന്ദി തമിഴ്,തെലുങ്ക് അങ്ങനെ കുറെ ഭാഷകൾ ,മലയാളത്തിൽ എന്ത് കൊണ്ടോ സംഗതി ക്ലച്ച് പിടിച്ചില്ല,വലിയ ആവേശമായി വന്ന മമ്മി റിട്ടേണ്‍സ് ,അവതാർ എല്ലാം ചീറ്റിപ്പോയി,ഒറിജിനൽ അങ്ങനെ തന്നെ കാണാൻ ആയിരുന്നു മലയാളികൾക്ക് ഇഷ്ട്ടം,
പക്ഷെ ഈ മൊഴിമാറ്റം കൊണ്ട് ഒരുപാടു ഗുണങ്ങൾ ഉണ്ട്, വെറുതെ അടിയും ഇടിയും മാത്രം കാണാൻ കേറിയിരുന്ന സാദാ ജനം എന്തിനാണ് ഈ അടിയും ഇടിയും എന്ന് മനസിലാക്കാൻ തുടങ്ങി,കഥാപാത്രങ്ങൾ തമിഴ് പേശി തുടങ്ങിയപ്പോൾ ഹോളിവുഡ് സിനിമയും തമിഴനു സ്വന്തം സിനിമ ആയി മാറി,പടം കോടികൾ വാരാനും തുടങ്ങി
പക്ഷെ തമിഴന് ഒരു ചെറിയ കുഴപ്പമുണ്ട്, അന്ധമായ ഭാഷാ സ്നേഹം,സംസ്കാരത്തോടുള്ള അടുപ്പം,അത് കൊണ്ട് വെറും മൊഴി മാറ്റത്തിൽ ഒതുക്കാതെ സംഗതി മൊത്തം തമിഴ്വൽക്കരിച്ച് കളയും. ഞാൻ ആദ്യമായി ഇത്തരം ഒന്നിന് പോയി കഴുത്ത് വെക്കുന്നത് കുറെ കാലം മുൻപാണ്‌,സിനിമ വെർട്ടിക്കൽ ലിമിറ്റ്,അതിലെ ആദ്യ സീനിൽ മൂന്നു പേർ റോപ് കെട്ടി കുത്തനെ ഉള്ള മല കയറുന്ന സീൻ ആണ് ,അതിൽ ഒരു സായിപ്പ് പാടുന്നു,
അതോ അന്ത പറവൈ പോലെ വാഴ വേണ്ടും , ഇതോ ഇന്ത അലൈകൾ പോലെ ആട വേണ്ടും
അപ്പോൾ മദാമ്മ ചോദിക്കുന്നു,ഇത് ആയിരത്തിൽ ഒരുവനിൽ എം ജീയാർ പാടിന പാട്ട് താനെ,
ആമാ അമ്മാ,എം ജി ആർ അന്ത കാലത്തിലെ പെരിയ സോഷ്യലിസ്റ്റ്, ഉനക്കു തെരിയാതാ ?
ആ സായിപ്പു മറുപടി പറഞ്ഞതാണ്
ഇതെല്ലം കൂടെ കേട്ട് സ്ഥലകാല ബോധം , ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ ഉടനടി നഷ്ട്ടപ്പെട്ട ഞാൻ എന്നെ നിർബന്ധിച്ചു സിനിമക്ക് കയറ്റിയ സുഹൃത്തിന്റെ കാലു ചവിട്ടിപ്പരത്തി , സിനിമയിൽ ലയിച്ച് ഇപ്പുറത്തെ സീറ്റിൽ ഇരുന്നിരുന്ന ഏതോ അമ്മാവന്റെ മൂക്കിൽ ഇടിച്ചു,ചെവിയിൽ കടിച്ചു,ഒടുവിൽ നിവൃത്തിയില്ലാതെ അവരെല്ലാം കൂടെ എന്നെ എടുത്തു പുറത്തു കളഞ്ഞു
പിന്നെ ഞാൻ അറിഞ്ഞു കൊണ്ട് തന്നെ വീണ്ടും ഇതിനു തല വെക്കുന്നത് ജെയിംസ്‌ ബോണ്ട്‌ സിനിമ ആയ ടുമാറോ നെവെർ ഡൈസ് എന്ന സിനിമക്കാണ് ,കാരണം വേറെ വഴി ഇല്ല, കരൂരിൽ ആകെ തമിഴ് ബോണ്ടനെ ഉള്ളു,ഇംഗ്ലീഷ് ബോണ്ടനെ കാണാൻ ലീവ് എടുത്തു നാട്ടിൽ പോകേണ്ടി വരും
അങ്ങനെ അത് കണ്ടു കൊണ്ടിരിക്കെ, റോഡിലും വീടിനു മുകളിലുമായി നടന്ന ഒരു ഉഗ്രൻബൈക്ക് സംഘട്ടനത്തിനു ശേഷം,ബോണ്ട്‌ കൂടെ ഉള്ള ചൈനീസ് എജെന്റ് നായികയോട് പറയുന്നു
എന്നോടെ പേര് വന്ത് ബാണ്ട് ജെയിംസ്‌ ബാണ്ട് ,വാങ്കോ, അന്ത കടയിലെ പോയി ഇഡലി വട ശാപ്പിടലാം ?
വീണ്ടും അന്നത്തെ പോലെ സ്ഥലകാല ബോധം , ദിശാബോധം സാമുദായിക സദാചാര ബോധം എന്നിവ നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടായ ഞാൻ അടുത്തിരുന്ന ഏതോ അണ്ണാച്ചിയുടെ കണ്ണിലിട്ടു കുത്തി.മുന്നിലെ സീറ്റിൽ ഇരുന്ന വേറെ ഒരു തടിയന്റെ മുടി വലിച്ചു പറിച്ചു കാറ്റിൽ പറത്തി,ഒടുവിൽ അവിടന്നും എല്ലാരും കൂടെ എന്നെ പൊക്കിയെടുത്തു പുറത്തു കളഞ്ഞു
അതാണ് തമിഴന്മാരുടെ ഡബ്ബിംഗ്,മൊഴി മാത്രമല്ല,ആകെ മൊത്തം ടോട്ടൽ മാറ്റിക്കളയും,ഇടയ്ക്കു ചെന്നയിൽ പോകുമ്പോൾ ഞാൻ നോക്കും, ഹുണ്ടായ് ഐ ടെൻ പേര് മാറ്റി ഉണ്ടായ് നാൻ പത്ത് എന്നും ടൊയോട്ട കൊറോള പേര് മാറ്റി ദ്രാവിഡ കുരുവിള എന്നും, ഹോണ്ട സിറ്റി പേര് മാറ്റി ഊട്ടിപ്പട്ടണം എന്നുമൊക്കെ ഓടുന്നുണ്ടോയെന്ന്, പറയാൻ പറ്റില്ല, അങ്ങനെ പേര് മാറ്റിയില്ലെങ്കിൽ കമ്പനി പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന് വരെ അവർ പറഞ്ഞു കളയും,
അവസാനമായി എന്നെ മൊഴിമാറ്റ പടം കാണാൻ ഒരു കൂട്ടുകാരൻ ക്ഷണിച്ചത് റോമിയോ ജൂലിയറ്റ് സിനിമക്ക് ആയിരുന്നു, ഞാൻ പറഞ്ഞു ചത്താലും വരില്ലാ എന്ന്,കാരണം പടം കണ്ടില്ലെങ്കിൽ കണ്ടില്ല എന്നെ ഉള്ളു,റോമിയോ അകത്തേക്ക് നോക്കി ജൂലിയറ്റിനോട്
ഡീ കാമാച്ചീ നാളേക്ക് തഞ്ചാവൂർ പോയി തിരുട്ടു കല്യാണം പണ്ണിക്കലാമാ??
എന്ന് ചോദിക്കുന്നത് കേൾക്കാൻ ഉള്ള കപാസിറ്റി ഇല്ലാത്തതു കൊണ്ടാണ്...
അപ്പൊ നന്ദ്രി വണക്കം...പോയി ഇഡലി വട സാപ്പിടട്ടെ.

Image may contain: Ajoy Kumar, sunglasses

Written by അജോയ് കുമാർ  @ Nallezhuth

ചടങ്ങ്

Image may contain: 1 person, beard

ഇന്നലെ കാലത്ത് ഒരു സഞ്ചയന വീട്ടിൽ പോയിരുന്നു, എട്ടര മണി ആയി, ചടങ്ങ് തുടങ്ങാൻ പോകുന്നെ ഉള്ളു, എനിക്ക് പതിവില്ലാത്ത വിശപ്പും, പന്തലിൽ നിന്നും സാമ്പാറിന്റെ മണം മൂക്കിൽ തുളച്ചു കയറുന്നു ,
സാധാരണ ഞാൻ സഞ്ചയനത്തിനും കല്യാണത്തിനും ഒന്നും പോയാൽ ആഹാരം കഴിക്കാൻ നില്ക്കാറില്ല, തിരക്ക്, അത് തന്നെ കാരണം ,ഇവിടെ ആണെങ്കിൽ ചടങ്ങ് തുടങ്ങാത്ത കാരണം വലിയ തിരക്കില്ല, ആരെയും കയറ്റുന്നില്ല എന്ന് തോന്നുന്നു, എന്നാൽ പിന്നെ ഒന്ന് ശ്രമിച്ചു കളയാം എന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട്‌ ഒരു ചുവടു വെച്ചു
നിൽക്കവിടെ....... പഴയ കോമിക്കിലോക്കെ സീ ഐ ഡി മൂസ പറയും പോലെ പോലെ ഒരു ശബ്ദം, ഒരു അലർച്ച
ഞെട്ടിപ്പോയ ഞാൻ കാലിൽ ദർഭ മുന കൊണ്ട ശകുന്തളയുടെ പോസിൽ നിന്ന് തിരിഞ്ഞു നോക്കി, എന്നോട് തന്നെ ആണ്, അജോയ് യെ കണ്ടാൽ വെള്ളിമൂങ്ങയിലെ ബിജു മേനോനെ പോലെ ഉണ്ടെന്ന് ഇന്നാളൊരു കസിൻ ചേച്ചി പറഞ്ഞ ദിവസം വെള്ളി മൂങ്ങയുടെ കണ്ണ് കുറച്ചു കൂടി വലുതല്ലേ എന്ന് ചോദിച്ച അതേ അമ്മാവൻ ,ഒരു തടിയൻ കുട എന്റെ നേരെ തോക്ക് പോലെ ചൂണ്ടി നിൽക്കുന്നു
ഞാൻ ചോദിച്ചു, എന്താണ് അമ്മാവാ?
നീ എങ്ങോട്ട് പോണു?
കഴിക്കാൻ പോണു , വരുന്നോ?
ഛായ് , ലജ്‌ജാവഹം,
ഞാൻ പതിയെ കുനിഞ്ഞ് സിബ്ബ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി, ഭാഗ്യം ഇട്ടിട്ടുണ്ട്,
എന്താണ് അമ്മാവാ?
ഇവിടെ എന്താണ് ചടങ്ങ്?
സഞ്ചയനം, അല്ലെ?
അതെ, അത് തുടങ്ങിയത് പോലുമില്ല, അതിനു മുൻപേ കഴിക്കാൻ പോണു അല്ലെ?
ഓഫീസ് ഉണ്ട്,
ഓഫീസ് ഉണ്ടു പോലും, ഉണ്ടോട്ടെ, അത് കൊണ്ട് ഇയാൾ ഇഡലി വിഴുങ്ങണോ ?
ഹീ ഹീ ഹീ
എന്ത് ഹി ഹി ഹി ? ശാസ്ത്രം അറിയണം, ശാസ്ത്രം, അറിയാമോ?
ഇല്ല, ഞാൻ കൊമേഴ്സ്‌ ആയിരുന്നു അമ്മാവാ
അതല്ല, എന്താണീ സഞ്ചയനം
അത് ,ഈ അസ്ഥി, നമസ്കരിക്കാൻ ഇങ്ങനെ എടുത്ത്, കുടത്തിൽ ഒക്കെ വെച്ച്,,,അതല്ലേ ?
സഞ്ചയനാ പാദ ക്രമണേ ,
ശയനാ, കർമ്മ കാലെ,
ആഹാര നീഹാര, നഹി നഹി,
ഇദം കർമ്മണി സഞ്ചയികാ വസ്തോസ്തുതെ......അമ്മാവൻ അലറി
ആൾക്കാർ ഒക്കെ തിരിഞ്ഞു നോക്കുന്നു, ഞാൻ പറഞ്ഞു അമ്മാവാ ഞാൻ കഴിക്കാൻ പോകുന്നില്ല പോരെ, ഇങ്ങനെ സംസ്കൃതത്തിൽ ഒന്നും എന്നെ ചീത്ത വിളിക്കരുത്
ചീത്ത അല്ല, ശ്ലോകം, അതായതായത് ,സഞ്ചയനം നടക്കുന്ന വേളയിൽ വീട്ടിലാരും കിടക്കാനോ, ആഹാരം കഴിക്കാനോ പാടില്ല എന്ന് ആദ്യ ഭാഗം
അങ്ങനെ കഴിച്ചാൽ സഞ്ചയിക ബാങ്കിൽ പോലും വസ്തു പണയം വെക്കാൻ പാടില്ല എന്നല്ലേ രണ്ടാം ഭാഗം , ഞാൻ ചോദിച്ചു
ഭ അഹങ്കാരീ ,ഒന്നിനെയും ബഹുമാനം ഇല്ല അല്ലെ
അങ്ങനെ ഒന്നുമില്ല,
ഇല്ല അത് തന്നെ പ്രശ്നം, നീ ഇടക്കെ എന്നെ കാണാൻ വാ, ശസ്ത്രം പഠിപ്പിക്കാം,നീ ഒക്കെ അതറിയണം, ആഹാരം ആണ് നിനക്കൊക്കെ പ്രധാനം, അതിനൊക്കെ ചില ശാസ്ത്രങ്ങളും കണക്കുകളും ഉണ്ട്
അപ്പോഴേക്കും ചടങ്ങ് തീർന്നു, സംസാരിച്ചു നിന്ന ഗ്യാപ്പിൽ ജനം മുഴുവൻ ചെന്നയിൽ വെള്ളം കയറിയ പോലെ ആഹാരം കഴിക്കുന്ന സ്ഥലത്തേക്ക് പോകുന്നു, ഞാൻ അതി വേഗം ഓടി ചെന്ന് നോക്കി, ഒരു സീറ്റ് പോലും ഒഴിവില്ല,
അമ്മാവാ കണ്ടോ, നേരത്തെ കേറിയാൽ മതിയായിരുന്നു ഇനി ഇപ്പൊ എന്ത് ചെയ്യും ,ഞാൻ ചോദിച്ചു
മറുപടി കാണാത്തത് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി, അമ്മാവൻ നിന്നിടത്ത് അങ്ങേരുടെ കാലൻ കുട മാത്രം നില്ക്കുന്നു
പെട്ടെന്ന് അകത്തു നിന്ന് പരിചയമുള്ള ഒരു ശബ്ദം, അഹങ്കാരീ, ഇങ്ങനെ ആണോ ഇഡലി തിന്നുന്നത് ?
ഞാൻ പോയി വീണ്ടും നോക്കി, നമ്മുടെ അമ്മാവൻ ഒത്ത നടുക്ക് സീറ്റ് പിടിച്ച് അടുത്തിരുന്ന ഒരു പയ്യനെ ഉപദേശിച്ചു കൊണ്ട് ഇഡലിയും രസവടയും വിഴുങ്ങുന്നു
ശാസ്ത്രം അറിയണമെടാ ശാസ്ത്രം
ഇഡലിയെ ഏക ഹസ്ത...
സാമ്പാർ ആലങ്ക്രിത രസവടായ ഗ്ലുങ്ങസ്യാ,
ചായാ പായസാദി,കേസരീ വിലസാ ,
ദഹനെ മാർഗ്ഗേ
രസകദളി പഴ സമേത വിഴുങ്ങസ്യ

ഫർണിച്ചർ

Image may contain: 1 person, beard


AjoyKumar
പഴയ വീട്ടിൽ നിന്നും പുതിയ ഫ്ലാറ്റിലേക്ക് മാറി വന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്.
ഒന്ന് ,ശ്യാമയുടെ ബന്ധുക്കൾ ആയിരുന്ന ഇരയിമ്മൻ തമ്പിയും വേലുത്തമ്പി ദളവയും ഒക്കെ വാങ്ങി ഇട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ,ആരെങ്കിലും ഇരുന്നാൽ പൊടിഞ്ഞു പോകുന്ന ,ഫർണിച്ചർ ഒഴിവാക്കുക
രണ്ട് അന്നദാതാക്കളായ ഞങ്ങൾക്കിട്ടു പണിയാൻ വേണ്ടി മിക്സിയിലും ഓവനിലും കേറി ഗൂഢാലോചന നടത്തുന്ന പാറ്റാദി കേശൻ എന്ന പാറ്റയെയും സംഘത്തെയും , മച്ചിലിരുന്ന് ,ആഹാരം വിളമ്പിയ പാത്രം തന്നെ ലക്‌ഷ്യം പിടിച്ച് രണ്ടിന് പോകുന്ന ജീമൂതവാഹനൻ എന്ന പല്ലിയുടെ സംഘത്തെയും ഇരുട്ടായാലുടനെ ജെ സീ ബിയും കൊണ്ട് വന്നു പുറകു വശത്തെ മണ്ണ് മുഴുവൻ മാന്തി പാതാളക്കുഴിയാക്കുന്ന മണ്ണുമാന്തി എലികേശി പെരുമാൾ എന്ന പെരുച്ചാഴിയെയും ടീമിനെയും ഒക്കെ ഭയന്ന്
ഇവിടെ വന്ന ശേഷം ആദ്യ ദിവസങ്ങളിൽ സംഗതി ഭദ്രമായിരുന്നു. ഭൂമിയുടെ അവകാശികൾ ആരും ഞങ്ങൾ ഇവിടെ താമസം തുടങ്ങിയതറിഞ്ഞില്ല. മാത്രമല്ല പാലുകാച്ചിന് ഞങ്ങൾ ആരെയും ക്ഷണിച്ചിരുന്നുമില്ലല്ലോ പക്ഷെ ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ വന്ന സംഗതി എങ്ങനെയോ മണത്തറിഞ്ഞ കുറെ കറുപ്പും ചുവപ്പും നിറമുള്ള കുഞ്ഞുറുമ്പുകൾ ഏതോ ഒരു ചെടിച്ചട്ടിയിൽ കയറി രംഗത്ത് വരുകയും .വന്ന പാടെ സിങ്ക് ,സ്റ്റോർ, എന്നിടങ്ങളിൽ ക്യാംപ് സംഘടിപ്പിച്ച് സംഘടിതമായി ആക്രമണം തുടങ്ങുകയും ചെയ്തു.
അധികം വൈകാതെ ഒരു ചെറുപ്പക്കാരൻ പല്ലി ഏതോ ഫർണിച്ചർ പാക്കിങ്ങിൽ കയറി സ്ഥലത്തെത്തി. ഒട്ടും അമാന്തിക്കാതെ മുകളിലെ മഞ്ജു ചേച്ചിയുടെ ഫ്ലാറ്റിൽ പോയി അതെ ഇനത്തിൽ പെട്ട വേറെ ഒരു പല്ലിയെ വേളി കഴിച്ചു കൊണ്ട് വന്നു താമസവും തുടങ്ങി.ഈ ആഴ്ച മുട്ടയിടും എന്നാണ് കേട്ടത്.ശുഭ പ്രസവം ആയാൽ മതിയായിരുന്നു.
ദൈവം സഹായിച്ച് പാറ്റകളെ മാത്രം ഫ്ലാറ്റിൽ ഇത് വരെ കണ്ടില്ല.പക്ഷെ ഏതു സമയം വേണോ അവറ്റകളും വന്നേക്കും.കാരണം പതിനെട്ടാം നിലയിലെ ബിജോയിയുടെയും നിത്യയുടേയും പെന്റ് ഹൗസിൽ ഒന്നോ രണ്ടോ മീശക്കൊമ്പൻ പാറ്റകളെ കണ്ടവരുണ്ട്.യൂണിയൻ ഉണ്ടാക്കാൻ ആളെ നോക്കി നടപ്പാണത്രെ.
ഇങ്ങനെയൊക്കെ ഇരിക്കെയാണ് ഇന്നലെ കാലത്തേ ഒരു ചക്കക്കുരു എന്റെ കട്ടിലിൽ കിടക്കുന്നതു ഞാൻ കണ്ടത്.ശ്യാമക്ക് ഏറ്റവും ഇഷ്ട്ടം ചക്കപ്പുഴുക്കാണ്. എനിക്കത്ര പഥ്യമില്ല, ആവശ്യമുള്ളവർ കഴിച്ചോട്ടെ. പക്ഷെ കഴിച്ച ശേഷം കുരു ഇങ്ങനെ ഉപേക്ഷിക്കുക എന്ന് പറഞ്ഞാൽ? അതും കട്ടിലിൽ,എനിക്ക് ദേഷ്യം വന്നു.സാധാരണ എന്റെ കുറ്റം കണ്ടു പിടിക്കലാണ് ശ്യാമയുടെ പ്രധാന ജോലി.ഇത്തവണ തിരിച്ചാവട്ടെ
ഞാൻ അലറി,എന്താണിത് ശ്യാമേ ,ഇത്ര വൃത്തിയില്ലാതെ?
എന്താ? ശ്യാമ മൂക്കിന്റെ അറ്റത്തു കണ്ണാടിയും വെച്ച് വന്നു.
നോക്ക്, ഉപേക്ഷിക്കപ്പെട്ട ഒരു ചക്കക്കുരു,കിടപ്പു മുറിയിൽ
ചക്കക്കുരുവോ? അതിനിവിടെ ചക്ക വാങ്ങിച്ചതെ ഇല്ലല്ലോ ? ശ്യാമ സൂക്ഷിച്ചു നോക്കി
നേരെ നോക്കിക്കൂടെ ,കണ്ണാടീം വെക്കൂല, കണ്ണും കണ്ടൂട. അത് കൊതുകാണ് , കൊതുക്, ചക്കക്കുരു പോലും
ദൈവമേ,,,ശരിയാണല്ലോ, ഞാൻ ഞെട്ടി, ചക്കക്കുരു വലുപ്പത്തിൽ ഒരു കൊതുക് എന്നെ തുറിച്ചു നോക്കി ദേഷ്യത്തിൽ ഇരിക്കുന്നു. ഇത്രേം ഫേമസ് ആയ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീ എന്ന ഭാവം
ഇതെവിടെ നിന്ന് വന്നു,ജനിതകമാറ്റം സംഭവിച്ച ഓരോ മാരണങ്ങൾ, ഞാൻ ആലോചിച്ചു
അപ്പോഴാണ് ശ്യാമ പറഞ്ഞത്, ഇത്രയും ഉയരത്തിൽ പറക്കാൻ പറ്റാത്തത് കാരണം ഇവിടേയ്ക്ക് വരുന്ന വിരുന്നുകാർ അറിയാതെ അവരുടെ തോളിലിരുന്നു ചെവി കടിച്ചു കൊണ്ട് ലിഫ്റ്റിൽ കേറിയാണ് ഇവറ്റകൾ വരുന്നത് പോലും.ഏതു ഫ്ലാറ്റിൽ പോയി ഈ കുന്തങ്ങൾ ഇറങ്ങും എന്നുള്ളത് അവിടത്തെ താമസക്കാരുടെ ഭാഗ്യം പോലെ ഇരിക്കും
അതിനെ അടിക്കാൻ ഞാൻ ഒരു പേപ്പർ ചുരുട്ടി എടുത്തതെ ഉള്ളു,നിന്നെ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു ഹെലിക്കോപ്റ്റർ ഒക്കെ ടേക്ക് ഓഫ് ചെയ്യുന്ന ശബ്ദത്തിൽ അത് എണീറ്റ് പറന്നു പോയി.
രാത്രി ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ശ്യാമയോട് പറഞ്ഞു ഗുഡ് നൈറ്റ് വെക്കണേ ശ്യാമേ, ചക്കക്കുരു ഇവിടെ എവിടെയോ ഉണ്ട്, ശെരി എന്ന് ശ്യാമയും പറഞ്ഞു, ഒരു ഉറക്കം കഴിഞ്ഞു എന്തോ വേദന തോന്നി ഞാനെണീറ്റു
നോക്കുമ്പോൾ കാണാം ചക്കക്കുരുവും വേറെയൊരു കൊതുകും കൂടി എന്റെ കാലിൽ ഇരുന്ന് പട്ടി കടിക്കുന്നത് പോലെ കടിക്കുന്നു.പിന്നെ ഒരു ഡ്രില്ലർ വെച്ച് തുളക്കുന്നു.അട്ടഹസിക്കുന്നു
ഞാൻ ചോദിച്ചു,മിസ്റ്റർ ചക്കക്കുരു ,എന്ത് കടിയാ ഈ കടിക്കണേ. ഇങ്ങനെ ഒക്കെ ചെയ്യാമോ? നമ്മളൊക്കെ നാളെയും കാണേണ്ടവരല്ലേ? ഗുഡ് നൈറ്റ് ഒന്നും ഇപ്പോൾ പ്രശ്നമില്ലേ ?
അതിനെവിടെ ഗുഡ് നൈറ്റ് ?
ലോണ്ടെ, ഞാൻ ചൂണ്ടിക്കാണിച്ചു ,അവിടെ ഗുഡ് നൈറ്റ് ഉണ്ട് ഓൺ അല്ല എന്ന് മാത്രം
കൊതുക് പോയിട്ട് പാമ്പ് കടിച്ചാലും ആന ചവിട്ടിയാലും അറിയാത്ത പോലെ ഉറങ്ങുന്ന ശ്യാമയെ ഞാൻ ചവിട്ടിയും മുടിയിൽ പിടിച്ചു വലിച്ചും കടിച്ചും മാന്തിയും നുള്ളിയും ഒക്കെ ഉണർത്തി എന്നിട്ടു ചോദിച്ചു,
നീ ഗുഡ് നൈറ്റ് വെച്ചില്ല അല്ലെ
വെച്ചല്ലോ?
ഓൺ അല്ലല്ലോ
വെക്കാനല്ലേ പറഞ്ഞുള്ളു ഓൺ ചെയ്യാൻ പറഞ്ഞോ ?
പരിഹസിച്ചു ചിരിക്കുന്ന ചക്കക്കുരുവിന്റെയും കൂട്ടുകാരന്റെയും മുന്നിൽ ന്യായമായും എനിക്ക് ഒന്നും പറയാനും ചെയ്യാനും ഇല്ലാത്തതു കൊണ്ട് തന്നെ അവറ്റകൾക്കു കടിച്ചു കീറി പരിശോധിക്കാൻ എന്റെ ശരീരം വിട്ടു കൊടുത്തതായുള്ള രേഖയിൽ ഒപ്പിട്ട ശേഷം ബോധം കെട്ടു എന്ന വ്യാജേന ഞാൻ പോത്തു പോലെ കിടന്നുറങ്ങി

പാറ്റ

Image may contain: 1 person, beard

AjoyKumar
ഞങ്ങളുടെ കിച്ചൻ കാബിനറ്റിൽ താമസിക്കുന്ന പാറ്റ മിസ്റ്റർ പാറ്റാദി കേശൻ,പുറകിലെ മുറ്റത്ത്‌ താമസിച്ചിരുന്ന പെരുച്ചാഴി മണ്ണുമാന്തി എലികേശി പെരുമാൾ ,തവളയായ സുന്ദര തവളേഷ് എന്നിവരെ കഥാപാത്രങ്ങൾ ആക്കി ഞാൻ കുറച്ചു കഥകൾ എഴുതിയിട്ടുണ്ട്,അതിൽ , മൂന്ന് പോസ്റ്റുകൾ ഇതിലുണ്ട്.നീളം കൂടുതലാണെങ്കിലും വായിക്കാതെ പോകരുത്.ഇഷ്ടപ്പെടും
പാറ്റാദിയെ ആദ്യം കണ്ട ദിവസം
******************************************************
ഇപ്പൊ കാലത്തേ ,ചായ കുടിച്ച കപ്പ് അടുക്കളയിൽ വെക്കാൻ നോക്കിയപ്പോൾ രണ്ടു പാറ്റകൾ സിങ്കിൽ കിടക്കുന്നു,പാവം അല്ലെ എന്ന് വിചാരിച്ച് ഞാൻ പഴയ ന്യൂസ്‌ പേപ്പറും,ഉപയോഗിക്കാത്ത ഒരു തവിയുടെ പിടിയും എല്ലാം ഉപയോഗിച്ച് രണ്ടിനെയും കയറ്റി വിടാൻ ആവുന്നത്ര ശ്രമിച്ചു,ങേ ഹേ,രണ്ടെണ്ണവും കൂടെ പിടി തരാതെ അതെല്ലാം തട്ടി മാറ്റി മരണക്കിണറിൽ ബൈക്ക് ഓടുന്നത് പോലെ കിടന്നു കറങ്ങുന്നു,
ഒടുവിൽ ഞാൻ തളർന്ന് ശ്രമം ഉപേക്ഷിച്ചു ,അവിടെ കിടന്നു ചാവ് നാശങ്ങളെ എന്നും പറഞ്ഞു പോകാൻ നേരം ഒരു പാറ്റ മറ്റേ പാറ്റയോടു പറയുന്നു,
നീ വിഷമിക്കണ്ടെടീ, നമുക്ക് രക്ഷപ്പെടാൻ ദൈവം ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന്,അപ്പൊ ഇതൊന്നും ആ വഴി ആണെന്ന് ആ മന്ദബുദ്ധി പാറ്റകൾക്ക് മനസിലായിട്ടില്ല എന്ന് സാരം
അപ്പൊ ഞാൻ ആലോചിച്ചു,ഇത് തന്നെ ആണ് എല്ലാവരുടെയും ജീവിതത്തിലും സംഭവിക്കുന്നത്‌,എല്ലാവർക്കും ജീവിതത്തിൽ ഉയരാൻ, രക്ഷപ്പെടാൻ ദൈവം,ഒന്നോ രണ്ടോ തവണ അവസരം തരും,അത് തിരിച്ചറിയുന്നവർ ബുദ്ധിമാന്മാർ,അതും തട്ടി മാറ്റി,ഇത് പോലെ കിടന്നു ഓടിയിട്ട്,ദൈവം വരും, ദൈവം തരും,എന്നും പറഞ്ഞു മേപ്പോട്ടും നോക്കി ഇരിക്കുന്നവർ,ഈ മന്ദബുദ്ധി പാറ്റകളെ പോലെ തന്നെ,അവിടെ കിടന്നു ചാവും....
പാറ്റാദിയെ പരിചയപ്പെടുന്നു
********************************************
ഇന്ന് കാലത്ത് ചായ എടുക്കാൻ അടുക്കളയിൽ കയറിയപ്പോൾ ഞാൻ അറിയാതെ സിങ്കിലെക്കു ഒന്ന് പാളി നോക്കി,ഇന്നലത്തെ പോലെ പാറ്റകൾ ഉണ്ടോ എന്ന്,നിരാശ ആയിരുന്നു ഫലം,സിങ്ക് ശൂന്യം .പാത്രവും കഴുകി ഞാൻ തിരിഞ്ഞപ്പോൾ ആരോ വിളിക്കുന്നു,
ഹെലോ , മിഷ്ടർ അജോയ് കുമാർ,
ഇതാരപ്പാ, അടുക്കളക്കകത്ത് എന്നെ പേര് പറഞ്ഞു വിളിക്കാൻ ?
അപ്പോഴാണ് കണ്ടത് പകുതി തുറന്ന ഒരു കിച്ചൻ കാബിനറ്റിനകത്ത് നിന്ന് എന്നെ കൈ കാണിച്ചു വിളിക്കുന്നു ഒരു പാറ്റ, ഞാൻ പറഞ്ഞു ഹലോ,
എന്നെ മനസിലായോ,പാറ്റ ചോദിച്ചു,
ഇല്ല,
അത് കൊള്ളാം ,ഞാൻ അല്ലെ ഇന്നലെ സിങ്കിൽ കിടന്നു മരണ ഓട്ടം ഓടിയ പാറ്റ,
ഓ, ഓക്കേ, ഒക്കെ അപ്പൊ കൂടെ ഉണ്ടായിരുന്നത്? ഞാൻ ചോദിച്ചു,
അത് ഭാര്യ ...
ഞാൻ കൊക്രോച്ച ഭാഷാ സംഹിത പഠിച്ചിട്ടുണ്ട് എന്ന് മനസിലായി പോലും,അതിന്റെ കോപ്പി കുറെ എടുത്ത് പാറ്റകളെ നിഷ്ക്കരുണം തല്ലിക്കൊല്ലുന്ന സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൊടുക്കാമോ എന്നാണ് ചോദ്യം,ഞാൻ പറഞ്ഞു ആ കോപ്പി നശിച്ചു പോയി, ഞാൻ വേണമെങ്കിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കാം എന്ന്,ശെരി,പാറ്റക്ക് സന്തോഷമായി ,
പിന്നെ പാറ്റ സ്വയം പരിചയപ്പെടുത്തി,പേര് പാറ്റാദികേശൻ , ഭാര്യയുടെ പേര് പറ്റീഷ്യ ,മക്കൾ രണ്ടു പേർ, പാറ്റെഷ്, പാറ്റാനന്ദ്, രണ്ടു പേരും നല്ല നിലയിലായി , ഒരാൾ അടുക്കളയിലും, മറ്റേ ആൾ സ്റ്റോർ മുറിയിലും പെണ്ണും കെട്ടി സെറ്റിൽ ആയിക്കഴിഞ്ഞു, അച്ഛനും അമ്മയും ഇനി ജോലിക്കൊന്നും പോണ്ട എന്നാണു പിള്ളേർ പറയുന്നത്, മനുഷ്യരെ പോലെ അല്ല, വയസായാൽ മക്കൾ മാതാപിതാക്കളെ,പണ്ട് അവരെ നോക്കിയത് പോലെ കൊഞ്ചിച്ചാണ് നോക്കുന്നതത്രേ,അത് പറഞ്ഞിട്ട് പാറ്റാദികെശൻ എന്നെ പുച്ഛത്തിൽ ഒന്ന് നോക്കി.
ഞാൻ പറഞ്ഞു, പോട്ടെ,പിന്നെക്കാണാം,എനിക്ക് ചായ കുടിക്കണം, ,നടക്കാൻ പോണം,
അപ്പോൾ പാറ്റാദി പറഞ്ഞു,അതേയ്,പോകാൻ വരട്ടെ ,നിങ്ങൾ ഇപ്പൊ വന്ന് സിങ്കിൽ എത്തി നോക്കിയത് എന്തിനാണ്? അത് പറഞ്ഞിട്ട് പോയാൽ മതി
ഞാൻ പറഞ്ഞു ചുമ്മാ ഒരു തമാശക്ക്,,
അപ്പൊ പാറ്റാദിക്ക് ദേഷ്യം വന്നു... പോവുവേ അവിടുന്ന് ,കള്ളം പറയാതെ ,
പാറ്റാദീ...ഞാൻ വിളിച്ചു,
പാറ്റാദി അല്ല കൂറ്റാദി...താൻ നോക്കിയത് ഞാനോ വേറെ ഏതെങ്കിലും പാറ്റകളോ ഇവിടെ കിടന്നു കയ്യും കാലും ഇട്ടു അടിക്കുന്നുണ്ടോ എന്നാണ്, എന്നിട്ട് തനിക്കു അതിനെ രക്ഷപ്പെടുത്തണം, എന്നിട്ട് ഓടിപോയി പോസ്റ്റ്‌ എഴുതണം,വലിയ കരുണ ഉള്ളവൻ ആണെന്ന്,
ഹേ അങ്ങനെ അല്ല,പാറ്റാദി എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു,ഞാൻ ചില നല്ല കാര്യങ്ങൾ പകർന്നു കൊടുക്കാൻ,....എനിക്ക് വാക്കുകൾ നഷ്ട്ടപ്പെട്ടു.
കൊടുത്തോ, അത് ആരാന്റെ ജീവനിൽ കളിച്ചു കൊണ്ടാവരുത്,ഇന്ന് വരുമ്പോൾ ഒരു പാറ്റ ഇതിനകത്ത് കാണണേ എന്ന് താൻ പ്രാർധിചില്ലെ കൂവേ? എന്നാലല്ലേ തനിക്കു എഴുതാൻ പറ്റു കാലത്തേ ചായ ഇട്ടു, പാറ്റയെ രക്ഷിച്ചു, മന്ദബുദ്ധി പാറ്റ,അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്, മന്ദബുദ്ധി പോലും ..
ദൈവമേ ഇതെല്ലം പാറ്റാദി എങ്ങനെ അറിഞ്ഞു,
എടൊ എനിക്കും ഉണ്ടെടോ എഫ് ബീ അക്കൌണ്ട് ,എല്ലാ കൂട്ടുകാരും കൂടി എന്നെ കളിയാക്കി കൊന്നു ,അറിയാമോ. മന്ദബുദ്ധി പാറ്റകൾ മരണക്കിണറിലെ ബൈക്ക് പോലെ ഓടി പോലും. എപ്പോഴാടെ ഞാൻ അങ്ങനെ ഓടിയത്? പാറ്റാദി കയ്യും ചുരുട്ടി മുന്നോട്ടു വന്നു,
അപ്പോൾ വേറെ ഒരു പാറ്റ എവിടെ നിന്നോ ചാടി വീണു,സാറെ എന്റെ പേര് പാറ്റെഷ്, ഇദ്ദേഹത്തിന്റെ മൂത്ത മോൻ ആണ്, സാർ വേഗം പൊക്കൊ,ഇവിടെ ഇരുന്ന ഗ്ലാസിൽ നിന്നും ബാക്കി ഇരുന്ന രണ്ടു തുള്ളി വോഡ്ക കുടിച്ച് അച്ഛൻ കാലത്തേ ഫിറ്റ്‌ ആണ്, ഇനി വയലന്റ് ആവും, വേഗം പൊക്കൊ,
ഞാൻ ചായ വേണ്ടാന്ന് വെച്ച് ഇറങ്ങി ഒറ്റ ഓട്ടം,ഇനി പാറ്റയുടെ കയ്യിൽ നിന്ന് ചവിട്ടു കിട്ടിയ ആദ്യത്തെ ആൾ എന്ന പേരുദോഷം വേണ്ട....ഹോ പോസ്റ്റ്‌ എഴുതുമ്പോൾ വരുന്ന ഓരോ പ്രശ്നങ്ങളേ
പാറ്റാദിയും എലികേശി മണ്ണുമാന്തി പെരുമാൾ മൂന്നാമനും
****************************************************************************************
മെനിഞ്ഞാന്നു രാത്രി ഏതോ ചാനൽ ഡിബേറ്റ് കണ്ടു കൊണ്ടിരുന്നു നേരം പോയതറിഞ്ഞില്ല,സമയം പതിനൊന്നായപ്പോൾ എനിക്ക് ഉറക്കം വന്നു,ഞാൻ ടീ വി ഓഫ് ചെയ്യാൻ വേണ്ടി എണീറ്റ്‌ പോയപ്പോൾ ഒരു ചെറിയ ശബ്ദം,
ഹെലോ സാറെ ,എന്താണ് ഉറക്കം ഒന്നുമില്ലേ?
ഞാൻ ചുറ്റും നോക്കി,ജനലിൽ നോക്കി,ആരുമില്ല,
ഹെലോ ..ഇവിടെ... ഇവിടെ... എന്ന് ശബ്ദം താഴെ നിന്നും,അപ്പോൾ കണ്ടു അടച്ചിട്ട കതകിനു അടിയിൽ കൂടി തലയും രണ്ടു കൊമ്പും മാത്രം അകത്തിട്ടു ഒളിഞ്ഞു നോക്കുന്നു,ആര് ? നമ്മുടെ പാറ്റാദി,
ഹാ ഇതാര്? ഞാൻ കുശലം ചോദിച്ചു,
ഓഹോ, അപ്പോഴേക്കും എന്നെ മറന്നു അല്ലെ,ഇതാണ് മനുഷ്യരുടെ കാര്യം,ഞാൻ പാറ്റാദികേശൻ,
അപ്പോഴാണ് ഞാൻ ഓർത്തത്‌ പാറ്റകൾ കുശലം പറയാറില്ല,
പാറ്റാദി പറഞ്ഞു, ഞാൻ പേടിച്ചാണ് അകത്തേക്ക് നോക്കിയത്,ഈ സമയത്ത് ലൈറ്റ് കണ്ടപ്പോൾ നിങ്ങടെ ആ ഇളയ സന്തതി ആയിരിക്കും എന്നാണ് വിചാരിച്ചത്, അവൻ ആണെങ്കിൽ ഇപ്പൊ ബുക്ക് എടുത്തെറിഞ്ഞ്‌ എന്റെ തല തെറിപ്പിച്ചേനെ , പരട്ട ചെറുക്കൻ,
പാറ്റാദി അകത്തോട്ടു വരൂ ,ഞാൻ പറഞ്ഞു, അവരൊക്കെ ഉറങ്ങാൻ പോയി
അത് വേണ്ട നിങ്ങൾ പുറത്തോട്ടു വന്നാൽ മതി ,ഒരാളെ കൂടെ പരിചയപ്പെടുത്താം,കുറെ ദിവസമായി വിചാരിക്കുന്നു,പാറ്റാദി തലയും കൊമ്പും പിൻവലിച്ചു,
അതാരാപ്പാ പരിചയപ്പെടാൻ വന്നത്,ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി ,
ഹലോ അണ്ണാ വണക്കം, ഒരു ശബ്ദം,ഇരുട്ടത്ത്‌ പാറ്റാദിയുടെ അടുത്തായി ഒരു രൂപം,ഒരു കൂറ്റൻ പെരുച്ചാഴി,
ഞാൻ ഒന്ന് മുകളിലേക്ക് ചാടി,എന്റമ്മോ,
പാറ്റാദി പറഞ്ഞു ,പേടിക്കണ്ട,ഒന്നും ചെയ്യില്ല,നല്ല സ്വഭാവം ഉള്ള പെരുച്ചാഴി ആണ് .
അപ്പോൾ പാറയിൽ ചിരട്ട ഇട്ടു ഉരക്കുന്ന ശബ്ദത്തിൽ ആ പെരുച്ചാഴി പറഞ്ഞു,
എന്റെ പേര് എലികേശി മണ്ണുമാന്തി പെരുമാൾ മൂന്നാമൻ,
ഞാൻ കണ്ണ് തള്ളി, എന്തൊരു പേര് , അങ്ങനെ ആണ് എലികൾക്ക് പേരിടുന്നത് പോലും,
എന്നെ കണ്ടതായി ഓർമ ഉണ്ടോ?എലികേശി ചോദിച്ചു,
ഞാൻ പറഞ്ഞു ഇല്ല,ഞാൻ പെരുച്ചാഴികളെ കണ്ടാൽ അപ്പൊ സ്ഥലം വിടും.
അതെന്തിന് ഞങ്ങൾ പിടിച്ചു വിഴുങ്ങുമോ? എലികേശി ക്ഷുഭിതനായി. ഡോ മനുഷ്യാ.
ഞാൻ ഞെട്ടി,പാറ്റാദീ ,ഞാൻ വിളിച്ചു,ഇങ്ങനെ ആണെങ്കിൽ ഞാൻ പോണു,
അതെന്ത് താൻ മനുഷ്യൻ അല്ലെ? അങ്ങനെ വിളിച്ചപ്പോൾ ദേഷ്യം വരുന്നത് എന്തിന്? എലികേശി ചോദിച്ചു,
ന്യായമായ ചോദ്യം ,പാറ്റാദിയുടെ സപ്പോർട്ട്,
പുലിവാൽ ആയല്ലോ ഇത്, നേരം പാതിരാ ആവാറായി, ആൾക്കാർ ആരെങ്കിലും കണ്ടാൽ എനിക്ക് വട്ടാണെന്നല്ലേ കരുതു,
മിസ്റ്റർ അജോയ്,ഞാൻ ആരാണെന്നറിയാമോ,എലികേശി ശബ്ദം ഉയർത്തി,നിങ്ങൾ കാരണം,വീടും,വീട്ടുകാരും എല്ലാം നഷ്ട്ടപ്പെട്ട ഒരു പാവം പെരുച്ചാഴി രാജകുമാരൻ,
എലികേശി മീശ വിറപ്പിച്ചു,പിന്നെ രണ്ടു തുള്ളി കണ്ണുനീർ പൊഴിച്ചു,
ഞാൻ ചോദിച്ചു, ഞാൻ കാരണമോ,ഞാൻ അറിയപ്പെടുന്ന ഒരു ജന്തുസ്നേഹി ആണ്,
കുന്തുസ്നേഹി ...മിണ്ടിപ്പോകരുത്‌, എല്ലാം വെറും അഭിനയം,ഈ വീടിനു പുറകിൽ ഉള്ള ആ കുറച്ചു സ്ഥലത്തെ മണ്ണിൽ ആണ് ഞാൻ കുടുംബസമേതം പാർത്തിരുന്നത്, എത്രയോ കാലം,പൂർവികരുടെ മണ്ണായിരുന്നു അത്.....പൂർവികരുടെ.....
എലികേശി അവിടെ ഉള്ള ഒരു ചെടിയിൽ പിടിച്ച് ഒരു മിനിറ്റ് വിദൂരതയിലേക്ക് നോക്കി നിന്നു
പിന്നെ തിരിഞ്ഞ് ഇങ്ങനെ തുടർന്നു,താനും തന്റെ കുടുംബവും വന്ന ശേഷം....എടേ പാറ്റാദി നീ കൂടെ കേൾക്കാൻ ആണ് ഞാൻ ഇത് പറയുന്നത്,
എങ്ങോട്ടോ വായും നോക്കി നിന്ന പാറ്റാദിയുടെ തലക്കിട്ടു ഒന്ന് കൊടുത്തു എലികേശി,
എന്താ ..എന്താ.. പാറ്റാദി ചോദിച്ചു
ഡേയ് എന്റെ പൂർവികർ എത്രയോ കാലമായി അധ്വാനിച്ച മണ്ണാണ് ഈ വീടിനു പുറകിൽ ഉണ്ടായിരുന്നത് ,അറിഞ്ഞൂടെ,
അറിയാം.. അറിയാം ,പാറ്റാദി തലയാട്ടി,
വല്ല വിധവും ഞങ്ങൾ അധ്വാനിച്ച് രാവ് പകലാക്കി ഒരു ലോറി ലോഡ് മണ്ണ് പുറത്തു കൊണ്ട് വന്നാൽ ഉടനെ ഇയാളും ഭാര്യയും ജോലിക്കാരിയും കൂടെ കാലത്ത് അത് മുഴുവൻ ആ കുഴിക്കകത്തു തന്നെ ഇട്ടു മൂടി കളയുമായിരുന്നു ,അല്ലെ കൂവേ.ഓർമയില്ലേ?
ഞാൻ ഒന്നും മിണ്ടാതെ നിലത്തു നോക്കി നിന്നു,
പാറ്റാദീ തനിക്കറിയില്ലെടോ എന്റെ വേദന,തനിക്കറിയില്ല ,ഒരു ദിവസം എവിടെയോ വെളിയിൽ തെണ്ടാൻ പോയ ഞാൻ തിരികെ വരുമ്പോൾ കണ്ട കാഴ്ച,എന്താണെന്നറിയാമോ?
എന്താണ് ?പാറ്റാദി ചോദിച്ചു,
ആ മൊത്തം മണ്ണും അടിയിലെ എന്റെ വീടും എല്ലാം മങ്ക്രീറ്റ്‌ ഇട്ടു വെച്ചിരിക്കുന്നു,
മങ്ക്രീറ്റ്‌ അല്ല എലികേശി ,കോണ്‍ക്രീറ്റ് ആണ് ,ഞാൻ തിരുത്തി,
പോകുവേ, അതാണ് തനിക്ക് ഇപ്പൊ പ്രധാനം ,എന്ത് കുന്തമെങ്കിലും ആവട്ടെ,അത് ഇട്ടു വെച്ചിരിക്കുന്നു,ചങ്കു പിടഞ്ഞു പോയെടോ ,പിടഞ്ഞു പോയി, ,ഭാര്യയും ആറു മക്കളും ആണ് അടിയിൽ ഓം ശാന്തി ഓശാന ആയത്,അറിയമോടോ .....എലികേശി അലറി ,
അച്ചച്ചച്ചോ,അതെന്ന്, ഞാൻ അറിഞ്ഞതെ ഇല്ലല്ലോ?പാറ്റാദി മൂക്കിൽ കൈ വെച്ച് എരിതീയിൽ എണ്ണ ഒഴിച്ചു.
ഞാൻ ചുറ്റും നോക്കി,വല്ല പൂച്ചയും ഒന്ന് വന്നെങ്കിൽ,രക്ഷപ്പെടാമായിരുന്നു,
ഇങ്ങോട്ട് നോക്കെടോ, ഗദ്ഗദത്തോടെ എലികേശി തുടർന്നു, അന്ന് ഞാൻ ഒരു ഭ്രാന്തനെ പോലെ ആ മങ്ക്രീറ്റ്‌ തറയിൽ തലയിട്ടടിച്ചു,ഭാര്യയെയും മക്കളെയും ഓർത്തു കരഞ്ഞു,
അത് പിന്നെ ...എലികേശി,ഡ്രെയിനെജിൽ ഒക്കെ മണ്ണ് നിറഞ്ഞപ്പോ ഞങ്ങൾ,
നിങ്ങൾ? എടൊ നിങ്ങൾ ഉടനെ അങ്ങ് അതെല്ലാം മങ്ക്രീറ്റ്‌ ഇട്ടു മൂടുമോ? എടൊ ഇങ്ങനെ ആണെങ്കിൽ ഈ ലോകത്ത് ചെടികൾ എങ്ങനെ വളരും,മഴവെള്ളം എവിടെ ഇറങ്ങും, എലികൾ,മണ്ണിര,വണ്ടുകൾ,എല്ലാം എവിടെ ജീവിക്കും? പറയെടോ?
ദൈവമേ ഈ എലികേശി ആള് കൊള്ളാമല്ലോ.എലികളിലെ സുഗത കുമാരിയോ?
അപ്പോൾ എലികേശി പറഞ്ഞു,എടൊ എന്റേത് നല്ല മനസാടോ,എലിപ്പുര അമ്മച്ചി എന്നെ അനുഗ്രഹിച്ചു,അറിയാമോ? താൻ ഇവിടെ ഈ മങ്ക്രീറ്റ്‌ ഇട്ടപ്പോൾ എന്റെ ഭാര്യയും മക്കളും എല്ലാം കൂടെ വെപ്രാളപ്പെട്ടു ഓടി വലിയ ഒരു ഓടയിൽ പോയി വീണു,അത് വഴി കരമനയാറ്റിലും,നല്ല മഴ കാരണം ഒഴുകി ഒഴുകി നെയ്യാറ്റിൻ കരയിൽ എത്തി,ഇപ്പൊ അവിടെ ആണ് താമസം,എങ്ങനെ തിരികെ വരണം എന്നറിയില്ല, ഈ ജന്മം തമ്മിൽ കാണാൻ പറ്റുമോ എന്നും എന്നറിയില്ല,സാരമില്ല,എവിടെ ആയാലും വല്ല എലിക്കെണിയിലും ചെന്ന് പെടാതെ ജീവിക്കുന്നു എന്നറിഞ്ഞാൽ മതി,
എലികേശി മൂക്ക് തുമിച്ച് തോളിൽ തൂക്കിയ സഞ്ചിയിൽ തുടച്ചു, ഏതായാലും ഞാൻ ഈ അനീതിക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു,ഇപ്പോൾ തന്നെ പണ്ട്രണ്ടു മണിക്ക് മീറ്റിംഗ് ആണ്,നഷ്ട്ടപ്പെടുന്ന നമ്മുടെ മണ്ണും,പുനരധിവാസവും എന്ന വിഷയത്തിൽ പെരുച്ചാഴികളുടെ മീറ്റിംഗ്,തന്നോട് ഇത്രയും പറയണം എന്നുണ്ടായിരുന്നു,പറഞ്ഞു ,തീർന്നു,
പിന്നെ ഒരു കാര്യം കൂടി ,ഈ കള്ളന്മാരെയും രാഷ്ട്രീയക്കാരെയും എല്ലാം നിങ്ങൾ ഈ പെരുച്ചാഴി, തൊരപ്പൻ എന്നൊന്നും ദയവു ചെയ്തു വിളിക്കരുത്,ഞങ്ങൾ തുരക്കുന്നതു ജീവിക്കാൻ വേണ്ടി ആണ്,ഞങ്ങളെ ഇങ്ങനെ നാണം കെടുത്തരുത്,അത് നിങ്ങൾ ഒന്ന് എഴുതണം,
ഞാൻ പറഞ്ഞു ഞാൻ എഴുതിയിട്ട് കാര്യമൊന്നുമില്ല,അതൊക്കെ വല്ല എം ടീ വാസുദേവൻ‌ നായർ സാർ ഒക്കെ എഴുതിയാലേ പറ്റു,
അതൊന്നും എനിക്കറിഞ്ഞൂടാ,താൻ ഒന്ന് എഴുത്, നമുക്ക് നോക്കാം,അപ്പൊ പിന്നെ കാണാം,കേട്ടോ അജോയ്ബൂർഷ്വാ,കപട ജന്തുസ്നേഹീ ,തനിക്കു ഒരു കടി കൂടി തരണം എന്ന് വിചാരിച്ചിരുന്നതാണ്,പിന്നെ പോട്ടെ,ഇത്തവണ വെറുതെ വിടുന്നു,പോട്ടെ പാറ്റാദി,
എലികേശി ഒരു ഓട്ടത്തിന് അപ്രത്യക്ഷനായി
ഞാൻ ദീർഘനിശ്വാസം വിട്ടു ,നല്ല ചതി ആയിപ്പോയി പാറ്റാദി, ഈ എലികെശിയെ ഇവിടെ വിളിച്ചോണ്ട് വന്നത്,അതിന്റെ വായിൽ ഇരിക്കുന്നതെല്ലം കേട്ടു,
അപ്പോൾ പാറ്റാദി പറഞ്ഞു,അത് വിട് സാറെ ,അകത്തു വല്ലതും ഇരിപ്പുണ്ടാ,വല്ലാത്ത ക്ഷീണം,
ഹോ മണി പന്ത്രണ്ടായി,ഞാൻ അകത്തു കയറി കഴുകാൻ വെച്ചിരുന്ന ഗ്ലാസിൽ നിന്നും ബക്കാർഡി നാലഞ്ചു തുള്ളി പാറ്റാദിക്ക് ഒഴിച്ചു കൊടുത്തു,ഒറ്റ വലിക്കു പാറ്റാദി അത് തീർത്ത് ചിറി തുടച്ചു,ഉടനെ മാറിയല്ലോ സ്വഭാവം,
ഡോ മനുഷ്യ,പാറ്റാദി പറഞ്ഞു,തനിക്കു അത് നിസാഴം ,അവന്റെ വീഴ് പോയി,ബാഴ്യ പോയി, മക്കൾ പോയി,അത് അവൻ പഴഞ്ഞപ്പൊ തനിക്കു കേക്കാൻ വയ്യ,ചെയ്യാം,കേക്കാൻ വയ്യ,ഹേ ഭഗവാൻ,സബ് തെഴീ മായാ, പാറ്റാദി ഉറക്കെ പറഞ്ഞു,
പാറ്റാദി ,പ്ലീസ് സീൻ ഉണ്ടാക്കരുത്,
ഒണ്ടാക്കും,ഞാൻ സീൻ ഒണ്ടാക്കും,ഏഴോ,താൻ എന്ത് മനുഷ്യനാഡോ? ആ ജോലിക്കാരി മായ,ലവൾ എന്നും കാലത്ത് ആ ഹിറ്റ്‌ എടുത്തു കീച്ചോ കീച്ചോ എന്ന് ഞങ്ങടെ മോന്തക്ക് അടിച്ചു തള്ളുമ്പോൾ ,താൻ ഒന്നും മിണ്ടാതെ ഇരുന്നു പേപ്പർ വായിക്കും,
ഡീ നിഴുത്തെടീ നിന്റെ ഹിറ്റടി എന്ന് പഴഞ്ഞൂടെടോ? അപ്പൊ തനിക്കും പാറ്റകൾ ചാവണം,എലികൾ ചാവണം,എല്ലാ ജന്തുക്കളും ചാവണം,പക്ഷെ കോഴി വേണം,ആട് വേണം,മാട് വേണം,എന്തിന്? തനിക്കു വിഴുങ്ങാൻ, അങ്ങനെ തനിക്കും കുടുംബത്തിനും ഷുഖമായി ജീവിക്കണം,അല്ലെ,ഏഴോ ,അജൊഴ്, പഴ ,പഴയെദൊ, ഉത്തഴം പഴ,
പാറ്റാദി ആടിയാടി നിലത്തിരുന്നു, പിന്നെ ടപ്പ്‌ എന്ന് പറഞ്ഞു ബോധം കേട്ടു പുറകിലേക്ക് മറഞ്ഞു വീണു,ഫുൾ ഫിറ്റ്‌, ഞാൻ പതുക്കെ പാറ്റാദിയെ കൊമ്പിൽ തൂക്കി എടുത്തു അകത്തു മേശപ്പുറത്തു ഒരു ന്യൂസ്‌ പേപ്പർ വിരിച്ച് അവിടെ കിടത്തി,ലൈറ്റ് ഓഫ് ചെയ്തു ഫാനും ഓണ്‍ ചെയ്ത ശേഷം ഉറങ്ങാനായി മുകളിലേക്ക് പോയി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo