Showing posts with label Shajiktuvvur. Show all posts
Showing posts with label Shajiktuvvur. Show all posts

അക്ഷരത്തെറ്റുകൾ.

Image may contain: 1 person, sitting and closeup

ഒരുപാട് തീരുമാനങ്ങൾക്ക് ശേഷമാണ് ഗോപു അന്നുറങ്ങിയത്..
നാളെ ഒരു യാത്രപോവണം ..
ഞാനും അവളും മാത്രം ..മക്കൾ അവരെ രണ്ടുപേരെയും അമ്മയുടെ അടുത്താക്കി ഒരു യാത്ര ...നീണ്ട എട്ടുവര്ഷത്തോളം ഒരേമനസ്സും ശരീരവുമായി ജീവിച്ചവർ ..എനിക്കും അവൾക്കുമിടയിൽ രഹസ്യങ്ങളോ സ്വകാര്യതകളോ ഉണ്ടായിരുന്നില്ല ..പക്ഷെ രണ്ടുമൂന്നു മാസങ്ങൾക്കു മുൻപ് ഞാനവൾക്കൊരു മൊബൈൽ വാങ്ങികൊടുത്തിരുന്നു ...ഞാൻ ജോലിക്കും മക്കൾ സ്കൂളിലും പോയാൽ അവളുടെ വിരസതകൾക്കും എന്റെ ഒഴിവുകളിൽ ഒരല്പം അവളോടൊപ്പം ചിലവഴിക്കാൻ അതിലൊരു ഫേസ് ബുക്ക് അക്കൗണ്ടും ഓപ്പൺ ചെയ്തു കൊടുത്തു ...!!
ആദ്യമെല്ലാം അമ്മുവിനുമതിലൊന്നും ഒരു താല്പര്യവുമില്ലായിരുന്നു ..ഞാനും ഞാൻ ആഡ് ചെയ്തുകൊടുത്ത കുറച്ചു റിലേറ്റിവ്സ് മാത്രം...അന്നൊക്കെ പലപ്പോഴും അവൾക്കുവരുന്ന മെസ്സേജുകളും കമൻസുമെല്ലാം ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നത് .. പിന്നീട് എന്റെ ജോലിത്തിരക്കിൽ ഞാൻ തന്നെ അത് നിർത്തിവെച്ചു...
കാലം പലപ്പോഴും നമ്മുടെ ചെറിയൊരു തെറ്റിനുപോലും വലിയ പാഠങ്ങൾ നൽകും ...!
എനിക്ക് നല്കിയപാഠം എന്റെ ജീവന്റെ ജീവനായ അവളെ എന്നിൽ നിന്നും മറ്റൊരാളിലേക്ക് പറിച്ചുനട്ടായിരുന്നു എന്നുമാത്രം..
അറിഞ്ഞമുതൽ അവളോട് വെറുപ്പുതോന്നിയെങ്കിലും ഒരുപാട് ക്ഷമിച്ചു തിരുത്താൻ ..പക്ഷെ അപ്പോഴേക്കും ഞാനും മക്കളും എന്ന യാഥാർഥ്യത്തിലെ വിരസതയിൽ നിന്നും അവൾ പ്രണയമെന്ന മായാലോകത്തെ മനം മയക്കുന്ന സ്നേഹവചനങ്ങളിൽ ലയിച്ചുപോയിരുന്നു ...ഒരേ റൂമിൽ ഒന്നിച്ചുകിടന്നിട്ടും ഞാനും മക്കളും അവളിൽ നിന്നും എത്രയോ അകലെയായിരുന്നു ...സുഹൃത്തുക്കൾ മുഖാന്തിരമുള്ള ഒത്തുതീർപ്പു ചർച്ചകൾ ..ബന്ധുക്കൾ മുഖേനയുള്ള ഭീഷണികൾ ..എന്റെയും മക്കളുടെയും കണ്ണീരുകൾ ...ഇതൊന്നും പ്രണയമുന്തിരിത്തോപ്പിലെ വിസ്മയങ്ങൾക്കു മുൻപിൽ അവളെ പിന്തിരിപ്പിച്ചില്ല ...അവസാനം നീറുന്ന ഹൃദയത്തോടെ അവളുടെ പുതിയ ചങ്ങാതിയുടെ പ്രൊഫൈൽ തപ്പിപിടിച്ചു ഒരു മെസ്സേജ് അയച്ചത്...എന്റെ ഭാര്യയെ എന്റെ മക്കളുടെ അമ്മയെ ഞങ്ങൾക്ക് വിട്ടുതന്നുകൂടെ എന്ന് യാചിച്ചു .നിമിഷങ്ങൾക്കകം അവന്റെ മറുപടിവന്നു ..നിങ്ങൾ അവളെ ഇറക്കിവിട്ടാലും ഇല്ലെങ്കിലും പൊന്നുപോലെ അവളെ ഞാൻ നോക്കുമെന്നും വർഷങ്ങൾ നിങ്ങൾ കെട്ടിപ്പൂട്ടിവെച്ച അവളുടെ ഇഷ്ടങ്ങളെ അഭിരുചികളെ മൂന്നു മാസങ്ങൾ കൊണ്ട് എനിക്ക് കൊടുക്കാൻ കഴിഞ്ഞെങ്കിൽ ..അവൾക്കു അതിഷ്ടവുമാണെങ്കിൽ എന്തിനു നിങ്ങൾ ഞങ്ങൾക്കിടയിലൊരു അപശകുനമായി തുടരണം എന്നായിരുന്നു ...
ഇതോടെ നൊമ്പരം കൊണ്ടുരുകുന്ന മനസ്സുമായി അവളുടെ ഒരു സ്വാന്തനത്തിനു ദാഹിച്ചു ഒരാഴ്ചയോളം ചിന്തിച്ചെടുത്ത തീരുമാനം എന്നതിനപ്പുറം അവൾക്കെങ്കിലും അവള്കിഷ്ടപ്പെട്ടൊരു ജീവിതം കിട്ടണമെന്ന പ്രാർത്ഥനയോടെ അയാൾക്ക്‌ അവളെ വിട്ടുകൊടുക്കാൻ തീരുമാനിച്ചത്..
അതാണ് രാവിലെ അവളോടും പറഞ്ഞത് നമുക്കൊരിടം വരെ പോവണമെന്ന് മക്കൾ അവരെകൊണ്ടുപോവുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് വെറുതെ ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു...അന്നുരാത്രി അവളുടേതായ എല്ലാ ഡ്രെസ്സുകളും ആഭരണങ്ങളും പാക്ക് ചെയ്തപ്പോൾ അവളൊന്നു തേങ്ങിയോ എന്നൊരു സംശയം ..വേണ്ട ഒരുപക്ഷെ അവളുടെ കണ്ണ് നിറയുമ്പോൾ പിടിച്ചുനിൽകാനും വിട്ടുകൊടുക്കാനും എനിക്കും കഴിയില്ലെന്ന് തോന്നി ...
അവൻ പറഞ്ഞ അഡ്രെസ്സ് വെച്ച് ആ ഗ്രാമഭംഗിനിറഞ്ഞ ചെറിയൊരു നാല്കവലയിലെ രജിസ്റ്റർ ഓഫീസിനു മുന്നിൽ വണ്ടി ഒരു മുരൾച്ചയോടെ നിന്നപ്പോഴേക്കും അവൻ ഓടി വണ്ടിക്കരികിൽ എത്തിയിരുന്നു..
പ്രൊഫൈൽ പിൿചേറില് കണ്ടതിനേക്കാളും സുന്ദരമായൊരു യുവാവ് ..അവളുമായി നല്ലൊരു ചേർച്ച ..
വണ്ടിയിൽ നിന്നും തളർച്ചയോടെ ഇറങ്ങുന്ന അവളെ അവൻ ചേർത്തുപിടിച്ചു..മുഖം കുനിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്കും പുഞ്ചിരിയോടെ അവളെനോക്കിനിൽകുന്ന അവനിലേക്കും ഒരിക്കൽ കൂടി നോക്കി തിരിഞ്ഞു നടന്ന ഏന്റെ കൈകളിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ ഒരുപെൺകുട്ടി സാർ ക്ഷമിക്കണം ഏന്റെ ഏട്ടനോട് എന്നുപറഞ്ഞു പിടിച്ചിരിക്കുന്നു അവളുടെ കൈകളിൽ ഞാൻ അമ്മുവിനണിയിച്ച താലിയും ..
അപ്പോഴേക്കും അവനും അവന്റെ അച്ഛനും അമ്മയുമെന്നു തോന്നുന്ന രണ്ടുപേരും എനിക്കരികിലെത്തി ...കൈകൂപ്പി നിൽക്കുന്ന ആ പെൺകുട്ടി തന്നെയാണ് അവളെ എന്നോട് ചേർത്ത് നിറുത്തിയത് ...
എന്നിട്ടവൾ എന്നോട് പറഞ്ഞു സർ ഈ താലി ഒരിക്കൽ കൂടി അമ്മുവിൻറെ കഴുത്തിലണിയിക്കണം ...ഇനി ഒരിക്കലും അമ്മു മറ്റൊരു സ്നേഹം തേടിപ്പോകില്ല ..ഇത്തരം പ്രണയങ്ങൾ ജീവിതത്തോളം മഹത്വമല്ല എന്ന് അമ്മുവിനെ പറഞ്ഞു മനസ്സിലാക്കാൻ മാത്രമാണ് എൻറെ ഏട്ടൻ എന്നോട് എല്ലാം പറഞ്ഞപ്പോഴും ഇങ്ങനെ ഒരു സീനിവിടെ ഞാനാണ് ക്രിയേറ്റ് ചെയ്തത് ..അമ്മുവിന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും ഓൺലൈൻ പ്രണയങ്ങളുടെ നിറപ്പകിട്ടുകൾ ...എൻറെ കല്യാണമാണ് സർ ഇവിടെ വെച്ച് രജിസ്റ്റർ തൊട്ടടുത്ത അമ്പലത്തിൽ താലികെട്ട് ...സാറും അമ്മുവും കൂടി ചേർന്ന് നിന്നായിരിക്കണം എൻറെ താലിചാർത്തൽ കൂടെ നിങ്ങളുടെയും ...എനിക്കിപ്പം രണ്ടു ചേട്ടന്മാരും ഒരു ഏട്ടത്തിയമ്മയും കൂടിയായി ...അപ്പോളാണ് അവൻ എൻറെ കൈപിടിച്ച് പറഞ്ഞത് ചേട്ടാ ഇനിയും എൻറെ ഏടത്തിയമ്മയെ മറ്റാർക്കും വിട്ടുകൊടുക്കരുതേ എന്ന് ചിരിക്കുന്ന ആ കണ്ണിലപ്പോഴും ആത്മ സംതൃപ്തിയുടെ കണ്ണീർതുള്ളികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ..ഒരു പൊട്ടിക്കരച്ചിലോടെ എൻറെ മാറിലമർന്ന അമ്മുവിൻറെ നെറ്റിയിലേക്ക് സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണുനീർ എന്നിൽനിന്നും വീണു ചിതറിയിരുന്നു ....!!
Shajiktuvvur

ഓർമ്മപ്പൂക്കൾ.

Image may contain: 1 person, sitting and closeup

ഭാര്യയുടെ ഡിഗ്രി ഫൈനൽ എക്സാം മഞ്ചേരി എൻ എസ് എസ് കോളേജിലാണെന്നറിഞ്ഞപ്പോൾ തന്നെ മനസ്സിലൊരു മോഹപ്പക്ഷി ചിറകടിച്ചു പറന്നുപോയപോലെ ...!! പ്രെഗ്നൻസിയയുടെ തളർച്ചയിലും ഞാൻ പഠിച്ച കോളേജ് കാണാനുള്ള മൂഡിൽ അവളും ഉത്സാഹത്തിലായിരുന്നു ..പണ്ട് ബസ്സിറങ്ങി ഓടിച്ചാടി നടന്നിരുന്ന കോവിലകം കുന്നിലേക്കു സെക്കൻറ് ഗിയറിൽ ഇരമ്പിമൂളുന്ന ബൈക്കിൽ പ്രിയതമയുടെ ഇറുകിപ്പുണരലിൽ ഒരു യാത്ര ..പണ്ടത്തെ യുവത്വത്തിന്റെ സ്വപ്ന സാക്ഷാത്കാരം ...!!
വഴിയോരങ്ങളിൽ പുൽപ്പരപ്പുകളിൽ അന്നും ഇന്നും മാറ്റമില്ലാതെ കടുംമഞ്ഞയിൽ വിടർന്നു നിൽക്കുന്ന കോളാമ്പിപ്പൂക്കൾ ..അവസാനം കുത്തനെയുള്ള സ്റ്റെപ്പുകൾ ..അതുകഴിഞ്ഞു ക്ലാസ് കട്ടുചെയ്തു കാന്റീനിലെ ചായയും പരിപ്പുവടയുമായി സൊറപറഞ്ഞിരിക്കുന്ന റോഡിയോസ്റ്റേഷൻ നിലയത്തിന് അതിരുകൾ തീർത്ത പരന്ന കരിമ്പാറകൾ ചുറ്റി ബൈക്ക് നേരെ മെയ്ൻ കവാടത്തിനരുകിൽ ഒതുക്കി അവളുമായി നീളൻ വരാന്തയിലൂടെ ഒന്നുകറങ്ങി....കാലം കൊഴിച്ചിട്ട ഓർമ്മപ്പൂക്കൾ പോലെ ആ ക്യാമ്പ്‌സിൽ അരുണിമ ചാർത്തി ഗുൽമോഹർ പൂക്കൾ ചിതറിക്കിടക്കുന്നു,ഒരിക്കൽ കുസൃതികളുടെയും പൊട്ടിച്ചിരികളുടെയും ഇറ്റു വീണ കണ്ണീർ തുള്ളികളുടെയും ബാക്കിവെച്ച ഇത്തിരി ഓർമ്മശകലങ്ങൾ പോലെ തോന്നിച്ചു....പണ്ട് നാലുകെട്ടുപോലുള്ള ക്യാമ്പസ് മുറ്റത്തു മഴവെള്ളം തീർത്ത തടാകവും നോക്കി എത്രനേരം അങ്ങനെ നടന്നിട്ടുണ്ട് ...അവളെ പരീക്ഷ ഹാളിലേക്ക് വിട്ടു വെറുതെ ആ ചതുരം വരാന്തയിലൂടെ ഒന്ന് നടന്നു ...കരിങ്കൽ ചുവരുകൾ തണൽ പടർത്തിയ ലാബ് റൂമിന്റെ മൂന്നാമത്തെ ക്‌ളാസ്സിനുമുന്നിൽ വെറുതെ ഒന്ന് കണ്ണടച്ച് നിന്ന് നീണ്ട വര്ഷങ്ങള്ക്കപ്പുറത്തു നിന്നും കൂക്കിവിളികളുടെയും പൊട്ടിച്ചിരികളുടെയും അലയൊലികൾ കാതിലേക്കു അവിടെനിന്നും ഓർമ്മയുടെ വിശാലമായ ഇടവഴിയിലൂടെ പൊടിമീശയുമായി വെള്ള ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടുമിട്ടു കൈകളിൽ രണ്ടുമൂന്നു നോട്ടുബുക്കുകളും പിടിച്ചു സ്റ്റെപ്പുകൾ കയറിവരുന്ന മെലിഞ്ഞ ഞാൻ....ഓർമ്മകൾ എത്രവേഗമാണ് പിന്നിലേക്കോടുന്നത് ...നീണ്ട രണ്ടു വര്ഷം രണ്ടു മണിക്കൂറിലേക്കു മനസ്സിന്റെ കാൻവാസിലേക്ക് കാലം എത്രവേഗമാണ് പകർത്തിയത് ...നീണ്ട ലക്ച്ചർ ക്ലാസ്സിലൂടെ ചരിത്രത്തിന്റെ ബാക്കിപത്രങ്ങൾ മനസ്സിലേക്ക് പകർന്നു തന്ന സ്നേഹസ്വരൂപരായ അധ്യാപകൻമാർ ....കവിതയുടെ വൃത്തവും അര്ഥവുമൊന്നുമറിയാതെ മനസ്സിലേക്ക് വാക്കുകളെ കുത്തിനിറച്ച ഇഗ്ളീഷ് മിസ് ...രാഷ്ട്രീയ കലാലയത്തിന്റെ ചേരിതിരിവിൽ നടന്ന കൂട്ടത്തല്ലിൽ അകപ്പെട്ട ഞങ്ങളുടെ ക്‌ളാസിൽ ഒരു കവചം പോലെ..വാതിൽ തടഞ്ഞു നിന്ന സോഷ്യൽ സ്റ്റഡീസ് ടീച്ചർ ശുഷമാ മിസ്സ്...രണ്ടുക്ലസ്സെയുള്ളുവെങ്കിലും ക്യാമ്പ്‌സ്‌ രാജാക്കന്മാരായ സ്നേഹം ഉള്ളിലൊളിപ്പിച്ച ഡിഗ്രി ചേട്ടന്മാരും ചേച്ചികളും ....ഇന്നത്തെ പ്രണയമല്ലായിരുന്നു അന്ന് ..വിവാഹം എന്ന ഉടമ്പടിയിൽ ഊന്നിയ പ്രണയം ...വിവാഹപ്രായം ആവാത്തതിനാൽ ഞങ്ങളുടെ ബാച്ചിൽ അത്തരം പ്രണയമൊന്നും പൂവിട്ടിരുന്നില്ല ..പക്ഷെ ഉള്ളിൽ പല ഇഷ്ടങ്ങളും നിറച്ചു നിശബ്ദമായി പാറിപ്പറക്കുന്ന ചിത്രശലഭങ്ങളെ വായ്നോട്ടം എന്ന കലാമേളത്തോടെ അനുഗമിച്ചിരുന്നു ഞാനടക്കം ..!!
അവസാന എക്സാം വാരിവലിച്ചെഴുതി പേപ്പർ കൊടുത്തു ഇറങ്ങിയത് എന്റെ ക്‌ളാസ്സിലെ സ്മിതയും ഞാനും ഒരുമിച്...അവൾ ഡാ നില്ക്കു ഞാനും വരുന്നു ..നമുക്ക് കാന്റീനിൽ നിന്നൊരു ചായകുടിച്ചു പതുക്കെ നടന്നു പോവാം ...ബസ്സിന്‌ സി ടി ക്കുള്ള രണ്ടുരൂപയും പോക്കറ്റിൽ ഉള്ള ഞാൻ ഒരുനിമിഷമൊന്നു തരിച്ചുനിന്നു ...എന്നെ അവൾക്കറിയാവുന്നതു കൊണ്ടാവാം ആദ്യമേ അവൾ പറഞ്ഞു ക്യാഷ് ഞാൻ കൊടുത്തോളാമെന്ന്... ഒരു ചമ്മിയ ചിരിയുമായി ഞാൻ അവളോടൊന്നിച്ചു ആ നീളൻ വരാന്തയിലൂടെ..ഇനിയൊരിക്കലും ചിലപ്പോൾ കാണുമെന്നുപോലുമറിയാത്തൊരു പെൺകുട്ടിയോടൊപ്പം...മനസ്സിൽ ഇഷ്ടങ്ങളുടെ തിരത്തള്ളലിൽ അവളുടെ മധുരമായ സംസാരത്തിൽ മതിമറന്നു കാന്റീനിലെ മരബെഞ്ചിൽ ഞാനും അവളും മാത്രം ..പക്ഷെ ഒന്നും പറയാതെ ചായകുടിച്ചുകൊണ്ടിരിക്കുന്ന എന്നോടവൾ പതുക്കെ ചോദിച്ചു ഡാ എന്നെ നിനക്കിഷ്ടമാണോ എന്ന് ...ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു ...എന്റെ കണ്ണുകളിലേക്കു നോക്കി അവൾ പറയാൻ തുടങ്ങി ...അവൾ ഞാൻ പോവുന്ന ബസ്സിൽ തന്നെയാണ് വരാറുള്ളത് ...എന്റെ സ്റ്റോപ്പിന്റെ നാല് സ്റ്റോപ്പ് മുന്നെയിറങ്ങുന്നവൾ ..
ക്ലാസ് മേറ്റ് എന്നതിലപ്പുറം അവളുടെ വലെഴുതിയ ഉണ്ടക്കണ്ണുകളായിരുന്നു അവളെന്റെ ഓർമ്മയിൽ ..ഡാ എന്നെങ്കിലും നീ എന്നെ ഇഷ്ടമാണോ എന്നൊന്ന് ചോദിക്കുന്നതും കൊതിച്ചിരുന്നിട്ടുണ്ട് ..അവളുടെ കൈകളിൽ തോണ്ടിയുള്ള ചോദ്യം എന്നെ ഓർമ്മകളിൽ നിന്നുണർത്തി ...ചായയുടെ ക്യാഷ് കൊടുത്തു അവൾ എന്റെ കൈപിടിച്ച് പുറത്തേക്കു നടന്നു.. പുറത്തെ സ്റ്റെപ്പിറങ്ങാതെ മെയിൻ റോഡിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി...രണ്ടു വർഷത്തെ ചിരികളും തമാശകളും ...എല്ലാം ഞങ്ങൾ പറഞ്ഞു ചിരിച്ചു ..ആ വാകച്ചുവട്ടിലെ സിമന്റു ബെഞ്ചിൽ കുറച്ചിരിക്കാമല്ലേ...ഇനി ഇങ്ങനെ ഒരു ഇരുത്തം കിട്ടില്ലല്ലോ...അതും ഇയാളുടെ കൂടെ ..എന്റെ കൈകൾ പിടിച്ചവൾ അതിന്മേൽ പതുക്കെ ചുംബിച്ചു ..ഞെട്ടി തരിച്ച ഞാൻ ചുറ്റും നോക്കി ആരും കണ്ടില്ല ..എല്ലാവരും സ്റ്റെപ്പിറങ്ങി പോവുകയാണ്...ഭയത്തോടെയാണെങ്കിലും ഞാനവളോട് ആ ഉണ്ടക്കണ്ണുകളിൽ ഒരുമ്മ വെക്കട്ടെ എന്ന് ചോദിച്ചു നാണത്താൽ കൂമ്പിയടഞ്ഞ അവളുടെ കണ്ണുകളിൽ ഞാൻ അമർത്തിച്ചുംബിച്ചു ...
നിറഞ്ഞ കണ്ണുകളോടെ എന്നെ ചേർന്നിരുന്നു കുറച്ചു കരഞ്ഞു ..പിന്നെ കണ്ണും മുഖവും തുടച്ചു പുഞ്ചിരിയോടെ പറഞ്ഞ വാക്കുകൾ..
മതി ഈ ഓർമ്മകൾ മറക്കില്ലൊരിക്കലും എന്നെങ്കിലും കണ്ടുമുട്ടുംവരെയെങ്കിലും ഈ ഗുൽമോഹർപൂക്കൾ ഇവിടെ നമുക്കായി വിരിഞ്ഞു വീണുകൊണ്ടേയിരിക്കും ...സത്യം വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വാകപൂക്കൾ ഇപ്പോഴും വിടർന്നു കൊഴിയുന്നു ..ഒരിക്കലും കാണാത്ത എന്റെ നല്ലകൂട്ടുകാരിക്കുവേണ്ടി ..എനിക്കുവേണ്ടി ....കൊഴിഞ്ഞുവീണ പൂവിതൾ ഒന്നെടുത്തു തിരിഞ്ഞു നോക്കിയത് അവളുടെ മുഖത്തേക്കായിരുന്നു ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ എന്റെ മുഖത്തേക്ക് നോക്കിച്ചിരിക്കുന്ന എന്റെ ജീവന്റെ പാതിയുടെ മുഖത്തേക്ക്..
കണ്ണിൽ നിറഞ്ഞ നീര്മിഴികൾ അവളിൽ നിന്നൊളിക്കവേ...അവൾ ചോദിച്ച ചോദ്യം എന്നെ ഇന്നും കുളിരണിയിക്കുന്നു ..ഇക്കയുടെ പഴയകൂട്ടുകാരി സ്മിത ഞാൻ തന്നെയല്ലേ എന്ന്...! അവൾക്കറിയാം എന്റെ വാക്കുകളിലൂടെ എന്റെ കൂട്ടുകാരിയെ ...ഇനിയെന്നെങ്കിലും വീണ്ടും ഈ ഗുൽമോഹർ ചുവട്ടിൽ ഓർമ്മകൾ കൂട്ടിനെത്തുന്ന ഒരു ദിവസം കിട്ടുമോ അറിയില്ല ..ഞാനും അവളും തിരിച്ചിറങ്ങുമ്പോൾ ഗുല്മോഹറിന്റെ നേരിയ സുഖന്ധവുമായി ചെറിയൊരു കാറ്റ് ഞങ്ങളെ തഴുകി അപ്പോഴും വീശുന്നുണ്ടായിരുന്നു ...പ്രിയകൂട്ടുകാരി ഒരുപക്ഷെ എവിടെയോ നീയും എന്നെകുറിച്ചോർക്കുന്നുണ്ടാവാം ...
അല്ലെ ....?
Shajiktuvvur

മൺചിരാതിൽ അലിഞ്ഞ നിശാശലഭം..


പ്രിയപ്പെട്ടവളെ ...
എനിക്കിഷ്ടമാണ് നിന്റെ പ്രണയം കേട്ടിരിക്കാന്‍...
എനിക്കിഷ്ടമാണ് നിന്റെ കണ്ണിലെ പ്രണയം നോക്കിയിരിക്കാന്‍....
ഒരിക്കല്‍ ഞാന്‍ നിനക്കൊരു ചിത്രം തരുന്നുണ്ട്...
നിന്റെ മനസ്സില്‍ ഓര്‍മ്മകളുടെ വര്‍ഷമേഘങ്ങളെ പെയ്യിക്കുവാന്‍ വേണ്ടി മാത്രം ...
എന്തിനായിരുന്നു നീ എന്നെ അങ്ങനെ സ്നേഹിച്ചത്....
എന്നെയും എന്റെ പ്രണയത്തേയും നഷ്ടപ്പെടുമെന്നറിയാമായിരുന്നല്ലെ...
അതുകൊണ്ടല്ലെ ഒരുനേര്‍ത്ത തേങ്ങല്‍പോലെ....എന്നെ കൂടി ,
കണ്ണീരണിയിക്കാന്‍ ഈ പ്രണയാക്ഷരങ്ങള്‍ക്ക് നീ നിറം ചാര്‍ത്തുന്നത്...
ആ മധുരാധുരങ്ങളിലെ അമര്‍ന്നചുംബനങ്ങള്‍ നീ എന്തിനാണിങ്ങനെ...
വീണ്ടും വീണ്ടും ഓര്‍മ്മകളുടെ കളിച്ചെപ്പില്‍ നിന്നും പുറത്തേക്കെറിയുന്നത്...
എന്നെ മോഹിപ്പിക്കാന്‍ മാത്രമാണല്ലെ.....
എത്ര രാത്രികളില്‍ നീ എന്ന സ്നേഹമണ്‍ചിരാതുവില്‍ ഞാനൊരു ..
നിശാശലഭമായ് എരിഞ്ഞമര്‍ന്നുപോയ്....
ഇന്ന് അകലങ്ങളില്‍നിന്‍ പ്രണയം
തുടിക്കുന്ന പ്രണയാക്ഷരങ്ങള്‍ കാത്തിരിക്കുന്ന വേഴാമ്പല്‍പോല്‍.....
ഒരുനേര്‍ത്ത മൗനത്തിന്റെ വിങ്ങല്‍ ഉള്ളിലൊതുക്കി....ഒരിക്കല്‍ കൂടി...
നീ എന്ന മധുരവീണതന്‍ തന്ത്രികള്‍ മീട്ടുവാന്‍.....എന്നിലെ നിന്നെ ഞാന്‍ കാത്തിരിക്കാം ..!!
Shajiktuvvur

ജന്മാന്തരങ്ങൾക്കുമപ്പുറം..!!


ഭൂതകാലത്തിലെ ജീവനുള്ള ചിത്രങ്ങളിലാന്ന്....
ഇനിയും എത്രയുണ്ട് അമ്മൂ....എല്ലാം മറന്നുപോയോ നീ...
അവസാനം എന്റെ ഓര്‍മ്മകളെയും നീ മറക്കുമോ...?
ഇത്രേയുള്ളു മനുഷ്യമനസ്സ് ...
കാഴ്ചക്കപ്പുറം കഴിഞ്ഞാല്‍ പിന്നെ വല്ലപ്പോഴും ഓര്‍ത്താലായി....
പക്ഷെ എനിക്കൊന്നും മറക്കാന്‍ കഴിയുന്നില്ല പെണ്ണെ ...
കുറച്ചുകാലമേ നിന്നോടൊപ്പം കൂട്ടുകൂടാന്‍ കഴിഞ്ഞുള്ളൂ...എങ്കിലും ,
ആ ഓര്‍മ്മകള്‍ മാത്രമാണിന്നീ ലോകത്തിലെനിക്കു കൂട്ട്...
പലപ്പോഴും തോന്നും തന്നെ കൂടി കൂട്ടിന് വിളിച്ചാലോ എന്ന്...
പിന്നെ കരുതും നിന്റെയും കൊച്ചുങ്ങളുടെയും ഇച്ചായന്റെയും ഒക്കെ സന്തോഷം ..
ഇല്ലാതാക്കി ഈ ഏകാന്തലോകത്തിലേക്ക് നിന്നെ കൂടികൂട്ടുന്നതെന്തിനെന്നു..
എനിക്ക് ...എന്റെ അമ്മുവിന്റെ ഓര്‍മ്മകള്‍ മാത്രം മതി...അങ്ങ് ദൂരെ ...
നിന്റെ പൊട്ടിച്ചിരികളും കുസൃതികളും സന്തോഷങ്ങളും കണ്ട് ഞാനിരിക്കുന്നുണ്ട്....
നിന്റെ വിവാഹം , നീ അമ്മയാവുന്നതും ,കൊച്ചുങ്ങളെ സ്നേഹിക്കുന്നതും,
ഒക്കെ കണ്ടങ്ങനെ ഈ ഏകാന്തലോകത്തിരുന്ന് ഞാനും സന്തോഷിക്കുന്നൂ...
കാലത്തിന്റെ ഇരുണ്ട ഏടുകളിൽ ഇനിയുമൊരു പുനർജന്മമുണ്ടെങ്കിൽ ....
എന്റെ അമ്മുവിന്റെ കളിക്കൂട്ടുകാരനായി....ആ കവിളില്‍ ഇനിയും ...
ചക്കര മുത്തങ്ങള്‍ നല്‍കാന്‍ .....നിന്റെ ഇഷ്ടങ്ങളെ എന്റെതാക്കാന്‍ ....
ആരും കാണാതെ ഒളിച്ചുകളിക്കുമ്പോള്‍ കെട്ടിപ്പിടിച്ചൊന്നുമ്മവെക്കാന്‍....
നിനക്കിനിയും ജീവനുള്ള ചിത്രങ്ങള്‍ സമ്മാനിക്കാന്‍.....
അന്ന് നമ്മള്‍ ഓടിക്കളിച്ച ഇടവഴികളിലെ മധുരമുള്ള ഓര്‍മ്മകള്‍ ഒരിക്കല്‍ ...
കൂടി സമ്മാനിക്കാന്‍......ഞാന്‍ വരും എന്റെ അമ്മുവിന്റെ സ്വന്തം വികൃതി ചെക്കനായി....
Shajiktuvvur

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo