Showing posts with label EljyEldho. Show all posts
Showing posts with label EljyEldho. Show all posts

സ്നേഹം

 Eljy Eldho's profile photo, Image may contain: 2 people, people smiling, selfie

അവളുടെ ഓരോ ചിരിയും എന്തിന് അവൾ ഉണ്ടാക്കുന്ന ഓരോ കുഞ്ഞു ശബ്ദം പോലും എന്നെ സന്തോഷിപ്പിച്ചിരുന്നു. എന്നെ യാതൊരു സ്വാർത്ഥതയും ഇല്ലാതെ സ്നേഹിച്ച എന്റെ നാച്ചു. ഞാൻ അടുത്ത് വന്നിരിക്കുമ്പോ അവളുടെ മുഖത്തെ സന്തോഷം കണ്ട് എത്ര തവണ ഞാൻ അവളെ ചേർത്ത് പിടിച്ചു ഉമ്മ വെച്ചിട്ടുണ്ട്. അവളുടെ മുടിയിഴയിലൂടെ വിരൽ ഓടിക്കുമ്പോൾ സ്നേഹം തുളുമ്പുന്ന കണ്ണുകൾ മെല്ലെ അടഞ്ഞു പോകുന്നതും അല്പം കഴിഞ്ഞേ മെല്ലെ ഒളികണ്ണിട്ട് ഞാൻ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി പിന്നേം മയങ്ങുന്ന എന്റെ മാത്രം നാച്ചു.
എത്ര നിഷ്കളങ്കമായ സ്നേഹം. ഇങ്ങനെ എല്ലാവര്ക്കും സ്നേഹ്ക്കാൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്‌. എനിക്ക് അവളെ അതിന്റെ പകുതി എങ്കിലും സ്നേഹിക്കാനായെങ്കിൽ. ..
കാലങ്ങൾ കടന്നു പോയപ്പോൾ അവൾ പയ്യെ മാറാൻ തുടങ്ങി... എന്നിൽ നിന്ന് അകലാൻ തുടങ്ങി. മറ്റു പലതിലും അവൾ സന്തോഷം കണ്ടെത്തി. എന്നോട് സംസാരിക്കാനോ എന്റെ അടുത്തിരിക്കാനോ സമയം ഇല്ലാതെയായി. മറ്റൊരാളുടെ കൈ പിടിച്ചവൾ ഇറങ്ങിയപ്പോ നെഞ്ചോന്നു പിടഞ്ഞു. നല്ലതു വരുത്താൻ പ്രാർത്ഥിച്ചു.
പിന്നീട് നിരവയറുമായി അവൾ എന്റെ അരികിൽ വന്നു. പ്രസവത്തിന് ശേഷം എന്നോടു ചോദിച്ചു " അമ്മെ 'അമ്മ എന്നെ ഇത്ര മാത്രം സ്നേഹിച്ചുവെന്ന് ഞാൻ തിരിച്ചറിയാൻ ഞാൻ ഒരു 'അമ്മ ആകും വരെ എനിക്കു സമയം വേണ്ടി വന്നു".

By ElgyEldho

സൗഭാഗ്യം


സൗഭാഗ്യം
" അച്ചമ്മേ ഞാൻ ഇന്ന് ലീലയെ കണ്ടു" കൊടുമ്പിരി കൊണ്ട് പെയ്യുന്ന മഴയിൽ മുക്കാലും നനഞ്ഞു ഓടി വന്നിരിക്കയാണ് ദാസൻ. കുട നിവർത്തിപിടിച്ചിരുന്നെങ്കിലും മഴ ദാസനെ നന്നായി നനച്ചിട്ടുണ്ട്.
കോലായിൽ കുട ചുരുക്കി വെച്ച് ദാസൻ തിണ്ണയിൽ ഇരിക്കുന്ന അച്ഛമ്മയുടെ അരികിൽ വന്നു ,ചുണ്ണാമ്പും വെറ്റിലയും നനഞ്ഞ അരക്കെട്ടിൽ നിന്നും എടുത്തു കൊടുത്തു. ഇടിക്കല്ല് ചേർത്ത് വെച്ച് മുറുക്കാൻ ഇടിക്കാൻ തുടങ്ങുമ്പോ അച്ഛമ്മ വേണ്ട എന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു.
" അവളെ പീടികേല് വെച്ചാണോ ദാസാ നീ കണ്ടേ?" ചവച്ചുചമ്പു ചാറാടിച്ച മുറുക്കാൻ കോളാമ്പി,ചേർത്ത് പിടിച്ചു തുപ്പി .
"ആം... ലീല എന്നെ കണ്ടപ്പോ ചിരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നന്നായി പ്രയാസപ്പെടുന്ന പോലെ തോന്നി. ഞാൻ അന്വേഷിച്ചപ്പോൾ പറഞ്ഞു, അച്ഛമ്മയെ കാണാൻ വരണം എന്നുണ്ട് പക്ഷെ ഇങ്ങോട്ടു വരാൻ പ്രയാസമുണ്ടെന്ന്" നിറയാറായ കോളാമ്പി മുറ്റത്തെ മഴവെള്ളത്തിലേക്ക് ഒഴുക്കി ദാസൻ പറഞ്ഞു
"വരാതിരിക്കുന്നതാ നല്ലത്" ഒരു മറുപടിക്കും കാത്തു നിൽക്കാതെ അച്ഛമ്മ വീടിനകത്തേക്ക് നടന്നു. മുഷിഞ്ഞ സാരിത്തുമ്പിൽ കയ്യിൽ പറ്റിയ മുറുക്കാൻ അമർത്തി തിരുമി.
ദാസനും പ്രത്യേകിച്ചൊന്നും പറയ്യാനുണ്ടായില്ല.
വര്ഷങ്ങളോളം താൻ മനസ്സിൽ കൊണ്ട് നടന്നതാണവളെ. ലീല അച്ഛമ്മക്ക് വീട്ടുവേലക്കാരിയിലുമപരി പലപ്പോഴും ഒരു കൊച്ചുമകളായി അവനു തോന്നിയിട്ടുണ്ട്. അത് കൊണ്ടാകും അമേരിക്കയിലുള്ള മക്കൾ വരുമ്പോൾ അച്ഛമ്മക്ക് കൊടുക്കുന്ന ഷാംപുവും പൗഡറും മണമൂറുന്ന അത്തറും സോപ്പും എല്ലാം അവൾക്കു കൊടുക്കുന്നത്. ബാക്കി മിച്ചം വരുന്നവ അവനും. അച്ഛമ്മക്ക് എപ്പോഴും കടുകുവറുക്കുന്നതിന്റേം ചെമ്പരത്തി താളിയുടെയും മണമാണ്. ലീലക്കും. ദാസനെ ഇവിടുത്തെ വല്യേട്ടൻ കൊണ്ട് വന്നാക്കിയതാണ് ഇവിടെ. സേലത്തു മരുതിന്റെ വീട്ടിൽ വെച്ചാണ് ദാസനെ കാണുന്നത്. പോരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ചിരിച്ചു.പിന്നെ അകത്തു പോയി ആകെ സമ്പാദ്യം വള്ളി നിക്കറും തോർത്തും എടുത്തു കൂടെ ഇറങ്ങാൻ തയ്യാറെടുത്തു. പിന്നെ കൂടെ കൂട്ടി.
എല്ലാരും വീട്ടിൽ നിന്ന് പോകുമ്പോൾ അമ്മക്ക് കൂട്ടാകുമല്ലോ എന്ന് പറഞ്ഞു ഇവിടെ നിർത്തി. ഇന്നേക്ക് 14 വർഷമായി. 'വിളിപ്പേരുകളിൽ അമ്മ കൊച്ചമ്മക്കും കൊച്ചമ്മ അച്ഛമ്മക്കും വഴി മാറി. പിന്നെ 7 വര്ഷം മുൻപ് ലീല വന്നപ്പോൾ അവളും അങ്ങനെ വിളിക്കാൻ തുടങ്ങി.
ഒരുമിച്ചു കളിച്ചും ചിരിച്ചും അവളും അവനും കൗമാരമെത്തിയപ്പോൾ ദാസന്റെ മനസ്സിൽ അവളോട് വാത്സല്യവും പിന്നീട് അത് പ്രണയമായും രൂപപ്പെട്ടു. അവളുടെ ചിരിയും കളിയും എല്ലാവരെയും പോലെ അവനെയും സന്തോഷിപ്പിച്ചു. രണ്ടു വര്ഷം മുന്നേ ലീലയോടതു തുറന്നു പറഞ്ഞപ്പോൾ അവൾ ആദ്യം കളിയാക്കി പിന്നെ കാര്യം ഗൗഒരവമെന്നറിഞ്ഞപ്പോൾ കരഞ്ഞു. കേട്ടപ്പോൾ അച്ഛമ്മക്കും സന്തോഷമായി. പ്രായമാകട്ടെ എന്ന് പറഞ്ഞു അച്ഛമ്മ കളിയാക്കി ചിരിച്ചു. പക്ഷെ ലീല അതിനു ശേഷം അവനോടു മിണ്ടാട്ടം കുറഞ്ഞ പോലെ അവനു തോന്നി. എന്നാൽ അവൾക്കു എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നേരെ വന്നു " ദാസേട്ടാ.." എന്ന് വിളിച്ചു കാര്യം പറയും.
ഒരു വര്ഷം മുന്നെ അവൾ വന്നിട്ട് പറഞ്ഞു " ദാസേട്ടാ ഞാൻ പന്ത്രണ്ടാം വയസ്സിൽ ഇവിടെ വന്നതാണ്. ഇവിടുത്തെ വീട്ടു ജോലിയും മറ്റും ചെയ്ത് ഇത്രകാലം കഴിഞ്ഞു പക്ഷെ ഇനിയും വയ്യ. വകയിലെ ഒരു അമ്മാവന്റെ മകന്റെ കല്യാണത്തിന് പോയപ്പോ ആണ് കുഞ്ഞിരാമനെ കാണുന്നത്. ഇവിടുത്തെ വിലാസത്തിൽ പലപ്പോഴും എനിക്ക് കത്തുകൾ അയക്കാറുണ്ട്. ഇപ്പൊ ഞങ്ങൾക്ക് അകന്നിരിക്കാൻ വയ്യാതായിരിക്കുന്നു. കുഞ്ഞുരാമൻ പഠിച്ചതാണ് ,ഡിപ്ലോമ വരെ. സ്വന്തമായി വീടും ഒരു വർക്ക് ഷോപ്പും ഉണ്ട്. ദാസേട്ടനും രക്ഷപെടാം നല്ല ഒരു പണക്കാരിയെ കണ്ടു പിടിച്ചാൽ മതി. എന്നെ വെറുതെ വിടണം"
പറഞ്ഞത് ലീലയാണെന്നും പറഞ്ഞതെല്ലാം സത്യമാണെന്നും വിശ്വസിക്കാൻ ദാസൻ നന്നേ പണിപ്പെട്ടു. പിന്നെ അച്ഛമ്മയറിയാതെ അവളെ ബസ് കയറ്റി വിട്ടതും കയ്യിൽ ചെലവിനായി കുഞ്ഞിരാമന്റെ കയ്യിൽ പൈസ കൊടുത്തതും ഇന്നീ നിമിഷം വരെ അച്ഛമ്മ അറിഞ്ഞിട്ടില്ല.
നാടുനീളെ പെണ്ണുകെട്ടി നടക്കുന്ന ഒരു തെണ്ടിയാണ് അവനെന്നറിഞ്ഞപ്പോൾ ആദ്യം അവനെ പോയി കൊല്ലാനാ തോന്നിയത്. പിന്നെ " അവൾക്കത് തന്നെ വേണം "എന്ന് അച്ഛമ്മ പറഞ്ഞപ്പോൾ ശരിയാണെന്നു തോന്നി. ഇന്നിപ്പോൾ അവളെ കണ്ടപ്പോ ആദ്യമൊന്നു ഞെട്ടി പിന്നെ സംസാരിച്ചപ്പോൾ ഒത്തിരി വിഷമം തോന്നി. ഒരു കൈക്കുഞ്ഞും ഒരു ഭാണ്ഡക്കെട്ടുമായി കുറെ തെരുവിൽ അലഞ്ഞത്രേ. തെരുവിലെ തെമ്മാടികൾ അമ്മയെയും കുഞ്ഞിനേയും മാറി മാറി കാർന്നു തിന്നപ്പോൾ വിഷം കുടിച്ചു ചാവാനൊരുങ്ങി പിന്നെ ജീവിച്ചു തീർക്കാൻ മറ്റൊരുത്തന്റെ കൂടെ കൂടി.
ലീലക്ക് എന്റെ അടുത്തേക്ക് വരുമായിരുന്നില്ല എന്ന് ചോദിക്കാൻ ഒരുങ്ങിയതാണ്. പിന്നെ എന്തോ ചോദിച്ചില്ല.
" ദാസാ വാ.. വന്നു കഴിക്കു. പോയത് പോയി. അച്ചമ്മേടെ ദാസപ്പൻ വാ" അച്ഛമ്മ അടുക്കളയിൽ ചോറ് വിളമ്പി തുടങ്ങീട്ടുണ്ട്. " ഈയൊരു ഭാഗ്യം മതി" അയാൾ മനസ്സിൽ ഏറെ വട്ടം പറഞ്ഞ സത്യമാണത്. ഇന്ന് പിന്നെയും അതേറ്റു പറഞ്ഞു.

By Eljy Eldho

" കൂട്ടുകാരി"..


" കൂട്ടുകാരി"....................................പെണ്ണ് കാണൽ കഴിഞ്ഞു ചെറുക്കനും സംഘവും പോയി കഴിഞ്ഞിരിക്കുന്നു. മാളു വേഗം ഉടുപ്പ് മാറി വന്ന് റ്റീ വീ ഓണാക്കി. മുഖത്ത് പൂശിയ ചായം ചൊറിഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാലും സാരമില്ല " കഥയല്ലിത് ജീവിതം റീ ആണ്. കണ്ടേ പറ്റു. നായകനും നായികയും പൊരിഞ്ഞ തല്ലു കൂടുന്നുണ്ട്. കാണാൻ നല്ല രസമുണ്ട് പക്ഷെ. " എടീ നീ ഈ പണ്ടാരം കാണുന്നതൊന്നു നിർത്തുന്നോ?, ഈ പ്രാക്കും നേർച്ചയും കേട്ട് തല മരവിച്ചു തുടങ്ങിയിരിക്കുന്നു" അച്ഛനാണ്. ചെക്കൻറെ വീട്ടുകാർ സ്ത്രീധനം പറഞ്ഞപ്പോ അല്പം അതിമോഹം ആയിപോയി. അതിന്റെ ദേഷ്യമാണ്. ചെറുക്കന് ഗൾഫിൽ ജോലി ഉണ്ട് ഭാര്യയെയും വീട്ടുകാരെയും കൊണ്ട് പോകാൻ ഫാമിലി വിസ ഉണ്ട്. പിന്നെ കുടുംബക്കാരാണേൽ വളരെ നല്ലവർ. ഏക്കര് കണക്കിന് സ്ഥലം. ചെക്കൻ കാണാൻ കൊത്തളകുണക്ക പോലെ ആണേലും നല്ല പൊക്കവും അതിനൊത്ത വണ്ണവും. " നിനക്ക് അവനെ ഇഷ്ടപ്പെട്ടോ?" അമ്മയുടെ ഈ ചോദ്യം കുറച്ചു നേരത്തെ പ്രതീഷിച്ചതാണ്. " ഇല്ല " മാളു പറഞ്ഞു. " നന്നായി" ഇത് ആങ്ങളയാണ്. അവൻ ഇപ്പൊ ബിടെക് പഠിച്ചു തുടങ്ങിയിട്ട് വര്ഷം നാല് കഴിഞ്ഞു. "നീ പിന്നെ എന്താ മാളു ഉദ്ദേശിക്കുന്നെ? വേറെ വല്ലോം മനസ്സിൽ ഉണ്ടേൽ അത് പറ" അമ്മക്ക് മാളുവിനെ പറ്റി പണ്ട് തൊട്ടേ സംശയം ആണേ. തന്നെ ഇരുന്നു എന്തെങ്കിലും ആലോചിച്ചാൽ വരെ 'അമ്മ ഓടി വന്നു ചോദിക്കും " ആവശ്യമില്ലാത്ത എന്തേലും ആണ് നീ ചിന്തിക്കണേല് നിന്നെ ഞാൻ തല്ലി കൊല്ലും". അപ്പോഴേക്കും മാളു അവിടെ നിന്ന് എണീറ്റ് പോയിട്ടുണ്ടാകും. ഇപ്പൊ 'അമ്മ ചോദിച്ച ചോദ്യത്തിന് നല്ല മുറിപ്പത്തൽ കൊടുത്തില്ലേൽ മാളുവിന് ഇനി കുറച്ചു ദിവസത്തേക്ക് സമാധാനം കൊടുക്കില്ല. " എന്റെ പൊന്നമ്മേ അവര് ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ ഉണ്ടേൽ എനിക്കിഷ്ടാ ഇല്ലേൽ ഇഷ്ടല്ല. ഞാൻ ഇതൊന്നു കണ്ടോട്ടെ?" മാളു ന്റെ ചോദ്യം കേട്ട് 'അമ്മ അടുക്കളയിലേക്കും അച്ഛൻ വരാന്തയിലോട്ടും അനിയൻ തന്റെ മൊബൈലിലൊട്ടും വലിഞ്ഞു. വൈകിട്ടത്തെ അത്താഴം കഴിഞ്ഞാൽ പിന്നെ വീട്ടിൽ കാര്യ ഗൗരവമുള്ള കാര്യങ്ങൾ ഒന്നും തന്നെ സംസാരിക്കില്ല. അന്ധവിശ്വാസമാണോ എന്തോ പറയുന്നതൊന്നും നടക്കില്ല എന്നാണ് വിശ്വാസം. മാളു സമാധാനമായിട്ട് മുറിയിലോട്ട് കയറി. അമ്മയും അച്ഛനും ഉറങ്ങിയിട്ട് വേണം തന്റെ മുറി പൂട്ടാൻ അല്ലേൽ 'അമ്മ വന്നു പണ്ഡപരപ്പും പരാധീനവും തുടങ്ങും. "അമ്മയും അച്ഛനും ഉറങ്ങട്ടെ" അവൾ മൊബൈൽ എടുത്ത് വളരെ വേഗത്തിൽ കൈകൾ പോലും അറിയാതെ ടെക്സ്റ്റ് ചെയ്തു. പിന്നീട് അടക്കിപിടിച്ച തലയിണയുടെ മാറിലേക്കെന്നപോലെ മുഖം ചേർത്ത് വെച്ച് മുറിയുടെ ഭിത്തി പോലും കേൾക്കാതെ സംസാരിച്ചു തുടങ്ങി. " എത്ര കാലം എന്ന് വെച്ച ഞാൻ ഇങ്ങനെ എല്ലാരേം പറ്റിക്കുന്നെ? ഇനിയും വൈകിയാൽ കൈവിട്ടും പോകും കേട്ടോ. നിന്റെ പരെന്റ്സ് പോലെ അല്ല ഇവിടെ. അറിയാമല്ലോ ഞാൻ പറയാതെ! അവരറിഞ്ഞാൽ ഉള്ള അവസ്ഥ ചിന്തിക്കാൻ പോലും വയ്യ. അമ്മയും അച്ഛനും തൂങ്ങി ചാകും." മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി."നമുക്ക് നമ്മളെ അംഗീകരിക്കുന്ന ഏതെങ്കിലും രാജ്യത്തു എത്തി പെടണമെങ്കിൽ നീ എങ്ങനേലും പണം മുടക്കി സ്ടുടെന്റ്റ് വിസ എടുത്തു പോകണം. എന്നെ ഡിപെൻഡന്റ് വിസയിൽ പിന്നെ കൊണ്ടുപോകാമല്ലോ. അത് വരെ ഞാൻ പെണ്ണുകാണാൻ വരുന്നവരുടെ മുന്നിൽ കോങ്കണ്ണി ആയിട്ടോ അഹങ്കാരിയായിട്ടോ നിൽക്കാം. എനിക്ക് നീയില്ലാതെ പറ്റില്ല" ...മാളുവിന്റെ ഏങ്ങലടികൾ ഭിത്തികൾ കേൾക്കുന്നുണ്ടോ എന്ന് സംശയം തോന്നിയപ്പോൾ അവൾ ശബ്ദം താഴ്ത്തി. "മാളൂസ് കരയാതെ.." അപ്പുറത്തു നിന്നും ഒരു സ്ത്രീ ശബ്ദം. മാളു ആ ശബ്ദത്തിൽ വല്ലാതെ ലയിച്ചു പോയി... പിന്നീട് കുറെ മണിക്കൂറുകൾ അവരുടേതായ ലോകത്തിൽ അവർ ലയിച്ചു നിന്നു. സ്വവർഗ അനുരാഗികളെ കല്ലെറിയുന്ന ഭാരത സംസ്കാരത്തെ അവർ ഏറെ കുറ്റം പറഞ്ഞു. അപ്പുറത്തു നിന്നും സുമയ്യയുടെ സ്നേഹപൂർണ്ണമായ സംസാരം മാളുവിനെ വല്ലാതെ ശാന്തയാക്കി. സുമയ്യ സ്ടുടെന്റ്റ് വിസയിൽ അയർലണ്ട് നു പോകാൻ കാര്യങ്ങൾ നീക്കുന്നത് ഒത്തിരി സമയം എടുക്കുന്ന പോലെ തോന്നി മാളുവിന്.!!! പിറ്റേ ദിവസം അമ്മയുടെ വാതിലിലുള്ള തട്ടും മുട്ടും കേട്ടാണ് മാളു എഴുന്നേറ്റത്. വാതിൽ തുറന്നു കണ്ണും തിരുമ്മി നോക്കുമ്പോൾ മുന്നിൽ സുമയ്യ ഒരു പാക്കറ്റ് ലഡ്ഡുവുമായി നില്കുന്നു. " സർപ്രൈസ്. എന്റെ വിസ റെഡി ആയി. ഇന്നലെ പറയാതിരുന്നത് നിന്റെ മുഖത്തെ ഈ സന്തോഷം കാണാനാ കുട്ടി" സന്തോഷം കൊണ്ട് മാളു കരയുന്ന പോലെ ആയപ്പോൾ സുമയ്യ അവളെ ചേർത്ത് പിടിച്ചു. 'അമ്മ വന്നു ലഡ്ഡു എടുത്തു ,കാര്യങ്ങൾ തിരക്കി എല്ലാവരും ചേർന്നിരുന്നു ദോശ കഴിക്കാൻ വിളിച്ചു. ദോശ കഴിക്കുന്നതിനിടയിൽ അമ്മയാണ് ഇങ്ങനൊരു ചോദ്യം എടുത്തിട്ടത്. "നമുക്കു മാളുവിനെ വിട്ടാലോ പഠിക്കാൻ അവിടാകുമ്പോ സുമയ്യയും കൂട്ടിനുണ്ടാകുമല്ലോ"! സുമയ്യയുടെ മനസ്സിൽ ഉണ്ടായ സന്തോഷത്തിന്റെ തിരയിളക്കത്തിൽ അവളുടെ ഭാവപ്രകടനങ്ങൾ പറഞ്ഞറിയെക്കണ്ടതില്ലലോ. അമ്മയുടെ വായിൽ നിന്നും വന്നത് ഇതുവരെ മാളു കേൾക്കാത്ത ഏറ്റവും വലിയ താരാട്ടു പാട്ടായിരുന്നു. " വിസയുടെ ചിലവുകൾ ഞാൻ അവിടെ ചെന്നിട്ട് ചെയ്തോളാം. അച്ഛനുമമ്മയും അത് ഓർത്തു വിഷമിക്കണ്ട" സുമയ്യ അമ്മയുടെ കൈ പിടിച്ചു വാക്ക് കൊടുക്കുന്നപോലെ പറഞ്ഞു. ഇനിയും കുറെ എന്തൊക്കെയോ സുമയ്യക് മാളുവിനോട് പറയാൻ ഉണ്ടായിരുന്നു. പക്ഷെ കലങ്ങിയ കണ്ണുകൾ മറച്ചു വെച്ചു അവൾ വേഗം പോയി. മാളുവിന്‌ ചങ്കു തകരുന്ന വേദനയുണ്ടെലും അവൾ മുറിയിൽ കയറി വേഗം കട്ടിലിലേക്ക് കിടന്നു. 'അമ്മ വന്നു കട്ടിലിൽ ഇരുന്നതും അവളുടെ മുടി തലോടിയതും അമ്മയുടെ ശബ്ദമിടരുന്ന വാക്കുകൾ കേൾക്കും വരെ മാളു അറിഞ്ഞില്ല. " ഞാൻ നിന്നെ കുറ്റം പറയില്ല മാളു. ഇതുനു കാരണക്കാരി ഈ അമ്മയാണ്. ഞാൻ നിനക്ക് കൈ മാറിയ രക്തത്തിലും, നിന്റെ ചിന്തയിലും പകർന്ന സ്വവർഗഅനുരാഗത്തിന്റെ വിത്ത് നിന്നെ അവളോട് വലിച്ചടുപ്പിച്ചത്. ഞാൻ എപ്പോഴും അത് പേടിച്ചിരുന്നു. ഇന്നലെ നിന്റെ ഫോണിലൂടെ ഉള്ള സംസാരം കേൾക്കുന്നത് വരെ! പക്ഷെ എനിക്ക് നിന്റെ അച്ഛനെ കല്യാണം കഴിച്ചപ്പോൾ നഷ്ടമായ എന്റെ മാളു ഇന്നും അമ്മയുടെ മനസ്സിലെ ഒരു വിങ്ങലാണ്. നിനക്കതു സംഭവിക്കാൻ പാടില്ല. ആരുമറിയാതെ എന്റെ മാളു സന്തോഷമായിട്ട് ജീവിച്ചോ!" 'അമ്മ എഴുന്നേറ്റു പോയപ്പോൾ മാളുവിന് തന്റെ വിളിപ്പേരിന് വരെ കാരണമായ അമ്മയുടെ "കൂട്ടുകാരി" മാളുവിനോട് ഏറെ സ്നേഹം തോന്നി. ഉള്ളിൽ എത്രയും വേഗം സുമയ്യയെ അറിയിക്കാനുള്ള ഒരു തിടുക്കവും. പക്ഷെ മച്ചിൽ ഒളിപ്പിച്ചു വെച്ച കാശുകുടുക്ക മകളുടെ കല്യാണത്തിന് വേണ്ടി എടുക്കാൻ പോയ അച്ഛൻ ,രാഘവൻ കേട്ടതെല്ലാം ഞെരമ്പിലൂടെ തലയിൽ എത്തുന്നതിനെ അവിശ്വസിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. അയാളിലൂടെ അപ്പോൾ കടന്നു പോയ വികാരത്തിനെ അറപ്പെന്നോ വെറുപ്പെന്നു സങ്കടമെന്നോ വിളിക്കാനറിയാതെ അയാൾ കുഴഞ്ഞു. ജീവിത പങ്കാളിയെയും മകളെയും ഇനി എങ്ങനെ കാണണം എന്നോ വിളിക്കണം എന്നോ അറിയാതെ അയാൾ മച്ചിൽ തനിച്ചിരുന്നു .

By
Eljy Eldho

നാലുമണിച്ചെടി


ഒന്നെണീക്കു കുട്ടിമാളു.. നേരം കുറെ ആയി പെണ്ണിനെ വിളിക്കാൻ തുടങ്ങിയിട്ട്. മടി പിടിച്ചു കിടക്കാതെ പോയി പാല് മേടിച്ചുവരണ്ടൊ നീ" ജാനകിയുടെ ക്ഷമയറ്റു തുടങ്ങി. കുറെ നേരമായി മകളെ വിളിക്കാൻ തുടങ്ങിയിട്ട്. " എന്റെ അമ്മെ ഒരു ദിവസമെങ്കിലും മര്യാദക്കു ഒന്നുറങ്ങാൻ സമ്മതിക്കുവോ! അല്ലേൽ സ്കൂളിൽ പോവാനും പറഞ്ഞാണ് ഇന്നിപ്പോ പാല്. ഈ അമ്മക്ക് ഞാൻ ഉറങ്ങുന്ന കാണുമ്പോ കുശുമ്പാ" കുട്ടിമാളു രാവിലെ തന്നെ കലി തുള്ളി നിൽപ്പാണ്. പുതച്ചിരുന്ന പുതപ്പ് കട്ടിലിന്റെ ഒരു വക്കിലേക്ക് വലിച്ചെറിഞ്ഞേച്ചും അവൾ അടുക്കളയിലേക്ക് ചെന്നു. " അതെ എനിക്ക് കുശുമ്പാണല്ലോ.. നിന്റെ പ്രായത്തിൽ ഞാൻ പാടത്തു കൊയ്യാൻ പോകുമാരുന്നു അമ്മേടെ കൂടെ" സ്ഥലം അടുക്കളയിൽ കുറവാണേലും തന്റെ കലവറയിലൂടെ ജാനകി ആകെ ഒന്ന് കണ്ണോടിച്ചു നോക്കി. പാലും പാത്രം നോക്കുന്നതാണ് " ഇനി അതെവിടാണോ?!" ജാനകിക്കു പാലും പാത്രത്തിന്റെ നിഴൽ പോലും കണ്ടു പിടിക്കാൻ പറ്റുന്നില്ല." അമ്മക്ക് അതൊക്കെ എടുത്തു വെച്ചിട്ടെന്നെ വിളിച്ചാൽ പോരാരുന്നോ? കുന്തം!" കുട്ടിമാളു വായിക്കോട്ട പകുതിയാക്കി മാറ്റിവെച്ചു പറഞ്ഞു. " കൈട്ടം വാങ്ങാതെ നോക്കടി പാത്രം എവിടാന്"! ജാനകിയുടെ സഹനത്തിന്റെ നെല്ലി പലക കാണുമെന്നായപ്പോൾ കുട്ടിമാളു തൂക്കുപാത്രം എടുത്തു കയ്യിൽ പിടിച്ചു" ഇന്നിത് മതി അമ്മെ! ഞാൻ ചെക്കനേം കൂടെ കൊണ്ടോകും. " " നീ ഒച്ച വെച്ച അച്ഛനെ എണീപ്പിച്ചാൽ ഇപ്പൊ കിട്ടും നിനക്ക് നല്ല അടി.. എന്തേലും കാണിക്ക് അല്ലേലും ഈ വീട്ടിൽ ഒരു സാധനം വെച്ചാൽ അത് കാണില്ല ആവശ്യ സമയത്തു" ജാനകിയുടെ അനുസരയില്ലാത്ത മുടിയെ അവൾ വലിച്ചു അമ്മക്കെട്ട് കെട്ടി വെച്ചു. " കണ്ണാ നീ കൂടെ പോ ചേച്ചീടെ കൂടെ" ഇത് കേൾക്കാൻ നിൽക്കേണ്ട താമസം കണ്ണൻ അവന്റെ ടയര് വണ്ടി എടുത്തു റെഡി ആയി നിന്നു. " "ചേച്ചി നമ്മുടെ ഈ അതിരുമ്മേ നിൽക്കുന്ന ഈ പൂവെന്ത ഇത്രേം നേരം വെളുത്തിട്ടും വിടരാത്തത്. കണ്ണന്റെ നോട്ടം അതിരിൽ നിൽക്കുന്ന നാലുമണിപ്പൂവിലേക്കാണ്." എന്റെ കണ്ണൻ പൊട്ടാ അത് വൈകിട്ട് നാലുമണിക്കെ വിടരൂ " കുട്ടിമാളുവിന്റെ കയ്യിൽ കണ്ണന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട് .......................................,...................................... കുട്ടിമാളും അനിയൻ കണ്ണനും കൂടി വീടിന്റെ കടമ്പ കടന്നു നടന്നു. ചെറിയ ഇടവഴി ആണ്. രണ്ടു വശത്തും മതിലിനോട് ചേർന്ന് ഇല്ലിയും കുടംപുളിയും വാഴയും നിൽപ്പുണ്ട്. കണ്ണൻ അവന്റെ ടയർ വണ്ടി തട്ടി കുട്ടിമാളുന് മുന്നേ ഓടുന്നുണ്ടാരുന്നു. കണ്ണൻ കുഞ്ഞു പയ്യനാണ്, അഞ്ചു വയസ്സ്. കുട്ടിമാളു അവനെക്കാളും ആറു വയസ്സ് മൂത്തതാണ്. രണ്ടു പേരും ഷീണിച്ചാണിരിക്കുന്നത്. ഇരു നിറം. " കണ്ണാ നീ എന്നെ ഇട്ടേച്ചും പോയാൽ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും" കുട്ടിമാളു അല്ലേൽ തന്നെ രാവിലെ അമ്മയോടുള്ള ദേഷ്യത്തിലാണ്. കണ്ണൻ പയ്യെ നിന്നു..പിന്നെ കുട്ടിമാളുവിനെ നോക്കി മുഖം വീർപ്പിച്ചു കാണിച്ചു " എനിക്ക് തിരിച്ചു വരുമ്പോ അമ്മയറിയാതെ പച്ചപ്പാല് കുടിക്കാൻ തന്നാൽ പയ്യെ നടക്കാം"! "ശരിയാ.. തെക്കേ വീട്ടിലെ പാല് ഫ്രിഡ്ജിൽ നിന്നും എടുത്തു തരുമ്പോൾ നല്ല രുചിയാ!" കുട്ടിമാളു സമ്മതിച്ചു. "കുട്ടിമാളൂ... ഒന്ന് നിന്നേ...! നിങ്ങൾ ഇപ്പൊ പാല് മേടിക്കാൻ പോകണ്ട." പുറകിൽ നിന്നും കുട്ടേട്ടനാണ്. കുട്ടേട്ടൻ ആകെ പേടിച്ചരണ്ട പോലുണ്ടല്ലോ.." അതെന്താ കുട്ടേട്ടാ?" കുട്ടിമാളൂന്റെ അയലത്തുള്ളതാണ് കുട്ടേട്ടൻ പിന്നെ ഇടയ്ക്കു കണക്കും സയൻസും പറഞ്ഞും തരും! "നിങ്ങൾ വീട്ടിലേക്കു ചെല്ല്"! "പറ്റില്ല ചേട്ടാ 'അമ്മ പാല് മേടിക്കാതെ ചെന്നാൽ ഓടിക്കും" കുട്ടിമാളു തിരിഞ്ഞു നടക്കാൻ ഒരുങ്ങി. " അതെ അച്ഛന് വയ്യ"! കുട്ടിമാളു കണ്ണന്റെ കയ്യും പിടിച്ചു വീട്ടിലേക്കോടി. " വാ കണ്ണാ.. അച്ഛന് വയ്യാണ്"! വീടിനടുത്തെത്തുന്തോറും ആരുടെയൊക്കെയോ കരച്ചിൽ കേൾക്കാമായിരുന്നു. "ഇന്നലെ പണി കഴിഞ്ഞു വന്നേ ഉറങ്ങാൻ കിടന്നതാ..രാവിലെ എണീക്കാത്തപ്പോ ചെന്ന് നോക്കിയപ്പോഴാ അറിയുന്നത്" ആരുടെയൊക്കെയോ അടക്കം പറച്ചിൽ കേൾക്കാം. പിന്നീടുള്ള രംഗങ്ങൾ കുട്ടിമാളുവിന്റെയും കണ്ണന്റെയും ജാനകിയുടെയും മനസ്സിൽ ഓർക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത രംഗങ്ങളായി... അന്ന് സന്ധ്യക്ക്‌ ഈറനുടുത്തു കർമ്മങ്ങൾ കഴിഞ്ഞു വന്ന കണ്ണൻ ആളുകളുടെ തിക്കിനും തിരക്കിനും ഇടയിൽ മുറ്റത്തിന്റെ അതിരിൽ കമ്പൊടിഞ്ഞു കിടന്ന ആ നാലുമണി ചെടിയെ കണ്ടതേയില്ല!

By: Eljy Eldho

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo