Showing posts with label SangeethPM. Show all posts
Showing posts with label SangeethPM. Show all posts

പ്രണയം - വിരഹം - കാമം

Image may contain: 1 person, selfie, closeup and indoor

#പ്രണയം : നിന്നിൽ നിന്നും എന്നിലേക്കൊഴുകുന്ന മൗനത്തിന്റെ സംഗീതം,
നിന്റെ കാൽചിലമ്പിന്റെ താളത്തിൽ ലയിച്ച എന്റെ ഹൃദയസ്പന്ദനം,
നിന്റെ പുഞ്ചിരിയാൽ തിളങ്ങുന്ന എന്റെ കണ്ണുകൾ,
നിന്റെ ചിന്തകൾ എന്നിൽ നിറയ്ക്കുന്ന മന്ദഹാസം.
#വിരഹം : ആത്മാക്കളെ തമ്മിൽ കൂട്ടിക്കെട്ടി ശരീരത്തെ കാലം മുറിച്ചകത്തിയ മുറിവിൽനിന്നൊഴുകുന്ന ചോരയുടെ മധുരം,
തനവും മനവുമകന്നിട്ടും വേർപെടാൻ മടിച്ചുനിൽക്കുന്ന ആത്മാവിന്റെ തേങ്ങൽ,
ശക്തിയുടെ അഭാവത്തിലെ ശിവം.., ശവം.
#കാമം : എന്നെയുണർത്തിയ നിന്റെ ചുംബനങ്ങളുടെ ചൂട്,
ഞാൻ ചൊരിഞ്ഞ മഴയിൽ നിന്നിൽ വിരിഞ്ഞ വസന്തം,
നിന്നിലെ വസന്തത്തിൽ ഞാൻ നുകർന്ന തേനിന്റെ മധുരം,
മൃദുലതയിൽ നിന്ന് ചടുലതാളത്തിലേക്ക് ഭാവം മാറി കെട്ടുപിണഞ്ഞൊന്നായ നമ്മിലെ പ്രപഞ്ചം,
ആത്മനിർവൃതിയിൽ ഞാനും നീയുമില്ലാതായ മഹാവിസ്ഫോടനം,
നവജീവപ്രപഞ്ചോദയം.

By Sangeesth Pm

***ഒരു മുട്ട ഉണ്ടാക്കിയ കഥ***

***ഒരു മുട്ട ഉണ്ടാക്കിയ കഥ***
അളിയാ... കുരുവിയല്ലടാ, കീരിക്കാടനാ വരുന്നേ... ഓരോ പിരീട് കഴിയുമ്പോളും കൃത്യമായി മുള്ളാൻ പോവുന്ന മുള്ളാനിപപ്പനാണ്(അഭിഷേക്) ആ ഞെട്ടിക്കുന്ന സത്യം പറഞ്ഞത്.
മലയാളം 2nd സുന്ദരമായ കഥകൾ പ്രതീക്ഷിച്ച ഞങ്ങൾക്ക് ഇംഗ്ലീഷ് ഗ്രാമർ കേൾക്കാനാ വിധി. കൽക്കണ്ടമാണെന്ന് കരുതി കല്ലുപ്പ് കടിച്ച അവസ്ഥ...
അതല്ല മെയിൻ പ്രശ്നം, കുരുവിയാണെന്ന് കരുതി ഞാൻ ഫസ്റ്റ് ബെഞ്ചിൽ കേറി ഇരിപ്പാ സെക്കന്റ്‌ ബെഞ്ചിലെ ശരണ്യയെ റൂട്ടാക്കാനാട്ടാ, അത് വേറൊരു കഥയാ.. ശിക്കാരിശംഭുക്കഥ.
കഴിഞ്ഞ ആഴ്ച്ച ഞാൻ അവളുടെ അടുത്തേക്ക് ചെന്നു...
ഇച്ചിരി നാണം,ഇച്ചിരി ടെൻഷൻ,ഇച്ചിരി പേടി മൂന്നും സമം ചേർത്ത് അവളോട്‌ ചോദിച്ചു
"ടീ ഞാൻ ഒരു കാര്യം പറയാനുണ്ട്"
"മ്മ്മ് എന്താ ടാ"
"ഇത് ചോദിക്കുന്നത് കൊണ്ട് നമ്മുടെ ഫ്രെണ്ട്ഷിപ്പിനെ ബാധിക്കരുത് ok?"
അവളുടെ മുഖത്ത് ഇച്ചിരി നാണം വന്നു..
"മ്മ്മ് നീ കാര്യം പറ ചെക്കാ "
"അത്... അതേ... ഈ മെലഡി എന്താ ഇത്ര ചോക്കലേറ്റി ആയത് ?"
നാണം മാറി കട്ടകലിപ്പായി
"പോടാ പട്ടീ..തെണ്ടീ.... ഡാഷേ "
തറ ചവിട്ടിപ്പൊട്ടിച്ച് അവൾ നടന്നു പോയി.
But പിറ്റേന്ന് അവള് ഒരു മെലഡി വാങ്ങി കൊണ്ടതന്നിട്ട് പറയാ തിന്നുനോക്കിക്കോ മോനെ അപ്പൊ അറിയാന്ന്...
മോന്നേ... മനസ്സിൽ ലഡ്ഡു പൊട്ടി...
പിന്നെ ഡെയിലി മെലഡിയാ.
ഇന്നിപ്പോ ഈ ടൈമിൽ കീരിക്കാടൻ കേറി വരുമെന്ന് ഞാൻ അറിഞ്ഞില്ലാലോ.
കീരിക്കാടൻ ഗ്രാമർ തുടങ്ങി.
അല്ലെങ്കിലും ഈ ഗ്രാമർ ഒരു വൃത്തികെട്ട പരിപാടിയാ,
pay-payed- payed
Tell-told-told
feed-fed-fed
പിന്നെന്തിനാ ഈ go-went-gone.. കുന്തം....
Go-goed-goed പോരെ.. ബ്ലഡി കൺട്രി ഇംഗ്ലീഷ്.
ഫസ്റ്റ് ബെഞ്ചിൽ ചുമരിൽ ചേർന്നാ ഇരിപ്പ്, അതാവുമ്പോ ചരിഞ്ഞു ചാരി ഇരിക്കാം മാത്രല്ല കഴുത്തുതിരിക്കാതെ ശരണ്യയെ നോക്കാലോ കണ്ണൊന്നു വെട്ടിച്ചാമതി, സാർ,ശരണ്യ.. ശരണ്യ, സാർ... ആഹഹാ... നല്ല രസം.
കീരിക്കാടന്റെ അടിയുടെ ചൂട് അറിയുന്നതോണ്ട് ക്‌ളാസ്സ്‌റൂം നിശബ്‍ദമാണ്. അപ്പോളാ ഞാൻ അത് ശ്രദ്ധിച്ചത് ഓംലെറ്റിന്റെ മണം...
മ്മ്... ഇതവന്മാരാ,
SBSSR(ഷിഹാബ്, ബിബിൻ, സംഗീത്,ബിബിൻ,സോനു,റോഷൻ)
എല്ലാരും ബാഗ് ലാസ്റ്റ് ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചിലാ വെക്കാ, ക്ലാസ്സ്‌ ബോറടിച്ചാ ഞങ്ങൾ ഓരോ ചോറുംപത്രം തുറക്കും, മുട്ടവറുത്തതാ മെയിൻ ലക്ഷ്യം, അല്ലെങ്കി കടല, പയർ തുടങ്ങിയവ വച്ച് അഡ്ജസ്റ്റ് ചെയ്യും.
ശ്ശോ ഫസ്റ്റ് ബെഞ്ചിൽ പെട്ടല്ലോ കൃഷ്ണാ...
കീരിക്കാടൻ ബോർഡിൽ എഴുതി തുടങ്ങിയപ്പോ ഞാൻ പിന്നിലേക്ക് തിരിഞ്ഞു, അവന്മാർ കളിയാക്കി ചിരിക്കുന്നു നാറികൾ..
"ഇങ്ങോട്ട് പാസ്സ് ചെയ്യടാ തെണ്ടികളെ "
ഞാൻ സ്പെഷ്യൽ ലാംഗ്വേജ് ഉപയോഗിച്ച് പറഞ്ഞു.
"ഇപ്പൊ ശരിയാക്കിത്തരാം"
ഷിഹാബ് ചെറുവിരൽ ഉയർത്തി ഒറ്റക്കണ്ണടച്ചു കാട്ടി.
കീരിക്കാടൻ പിന്നേം തിരിഞ്ഞു കഥ തുടങ്ങി.
രണ്ടു മിനിറ്റ് കഴിഞ്ഞു പിന്നിൽ നിന്ന് ഉണ്ടപ്പൻ തോണ്ടി(അരുൺ ) ഞാൻ പതുക്കെ വലത്തേ കൈ പുറകിലേക്ക് നീട്ടി, കിട്ടി.. മുട്ട കിട്ടി.. സ്നേഹൊള്ളോമ്മാരാ,
ഞാൻ രണ്ടു ചുമ വച്ച് കാച്ചി, മുഖം പൊത്തുന്നപോലെ സംഭവം വായിലാക്കി...
രണ്ടു പ്രാവശ്യം ചവച്ചു,
ചതിച്ചാശാനേ... ചങ്ക്കൾ ചതിച്ചാശാനേ...
മുട്ടക്കുള്ളിൽ കാന്താരിമുളക് വച്ചിട്ടാ അവന്മാര് തന്നത്.
ഇറക്കാനും തുപ്പാനും വയ്യ.. കണ്ണീന്ന് വെള്ളപ്പൊക്കം വന്നു
വാ മുതൽ മൂട് വരെ എരീഞ്ഞിട്ട് വയ്യ.
ടോം ആൻഡ്‌ ജെറിയിലെ ടോമിന്റെ പോലെ ചെവീന്നും കണ്ണീന്നും മൂക്കീന്നും ഒക്കെ പുക വരുന്ന പോലെ തോന്നി ബാഗ്രൗണ്ടിൽ ട്രെയിനിന്റെ ഹോണടി ശബ്ദം ട്രൂ.......
പിന്നീന്ന് അടക്കി പിടിച്ച ചിരി കേൾക്കുന്നുണ്ട്
ഉള്ളിൽ മ പ ക തുടങ്ങിയ വവ്വല്സ് ചേർത്ത ഭരണിപ്പാട്ടിന്റെ ഈരടികൾ എവിടെനിന്നോ മുഴങ്ങി..
വയ്യാ.. അയ്യോ..
ഞാൻ പതുക്കെ ബെഞ്ചിൽ നിന്ന് എണീറ്റു.
കീരിക്കാടൻ മീശവിറപ്പിച്ചു ഉണ്ടക്കണ്ണുരുട്ടി രൂക്ഷമായി ഒന്ന് നോക്കി,
"മ്മ്.. എന്താ സംഗീതെ.. "
ഞാൻ നിഷേധ ഭാവത്തിൽ തലയാട്ടി
"മ്മ് മ്മ്... "
പിന്നേം ഇരുന്നു.
ഇല്ല സഹിക്കാൻ പറ്റില്ല, പിന്നേം എണീറ്റു..
കീരിക്കാടന്റെ മുഖത്തുപോലും സഹതാപം ഞാൻ കണ്ടു...
"എന്തെങ്കിലും കുഴപ്പം ഉണ്ടോ"
പണ്ടാരം മിണ്ടാനും പറ്റില്ലല്ലോ.. പിന്നേം ഞാൻ മൂളി
"മ്മ് "
"പുറത്തു പോണോ "
ആ ചോദ്യം കേട്ടു കേട്ടില്ല...
ഡസ്കിന്റെ മുകളിലൂടെ ചാടി ഒരൊറ്റ ഓട്ടായിരുന്നു എന്റെ സാറേ...
അന്ന് ഉച്ചക്ക് പനങ്ങാട് സ്കൂളിൽ ഭൂകമ്പംറിക്ടർ സ്കെയിലിൽ 150 രേഖപ്പെടുത്തി.
ശുഭം

Sangeeth

****കോഴിയും മുട്ടയും തമ്മിൽ ******


****കോഴിയും മുട്ടയും തമ്മിൽ ******
"ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ 
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടെടീ...."
അമ്മ പടിഞ്ഞാപ്പറത്തെ സ്വിമ്മിംഗ് പൂളിൽ കിടത്തിയിട്ട് എന്നെ നോക്കി പാട്ടും പാടി മീൻ നന്നാക്കിക്കൊണ്ടിരിക്ക്യാ.. അയ്യോ സോറിട്ടോ ഈ പടിഞ്ഞാപ്പറംന്ന് പറഞ്ഞാ പടിഞ്ഞാറെ പുറം, വീടിന്റെ പടിഞ്ഞാറു ഭാഗം ok? 
പടിഞ്ഞാപ്പറത്താണ് വീടിന്റെ ഫുൾ സെറ്റപ്പ് കേടാക്കണതേ... 
ഇന്ധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗൺ(വിറകുപുര ), ഫിഷ് ക്ലീനിങ്ങിനു പ്രത്യേകം തയ്യാറാക്കിയ വർക്ക്‌ ഏരിയ(തെങ്ങിൻ തടം), ഫുൾ മാന്വൽ ആയ വാഷിംഗ്‌ മെഷീൻ(അലക്കുകല്ല് ), വിശാലമായ കൃഷിയിടം(നാലു തെങ്ങ്, രണ്ടു പ്ലാവ്, ഒരു ആത്തപ്ലാവ്, ഒരു കടപ്ലാവ്, നാല് മുളക് തൈ, ഇച്ചിരി ചീര). ആ പിന്നെ ന്റെ സ്വിമ്മിംഗ് പൂള്, അത് ഇമ്മിണി വലുതാട്ടാ ഞാൻ ജനിച്ചപ്പോ ആരോ സമ്മാനം കൊടുത്തതാത്രെ, ചെമ്പിന്റെ വട്ടക.
ഞാൻ ഇങ്ങനെ നീന്തിതുടിച്ചോണ്ടിരിക്ക്യാ അതിനിടക്ക് അമ്മ എന്നെ നോക്കി മീൻതല പൂച്ചക്ക് എറിഞ്ഞു കൊടുക്കുന്നതിനിടയിൽ പറഞ്ഞു
"കണ്ണാ തലേല് വെള്ളാക്കല്ലേട്ടാ, പനി പിടിച്ചാ നാളെ നേഴ്സറീൽ പോവാൻ പറ്റൂല".
ആഹാ അത് ശര്യാണല്ലോ ഇപ്പളാ ഐഡിയ കിട്ട്യേത് അമ്മ കാണാതെ ഇച്ചിരി വെള്ളം ഞാൻ തലേൽക്ക് തെറിപ്പിച്ചു.
അമ്മേടെ ചുറ്റും പരിചാരകവൃന്ദങ്ങൾ വേസ്റ്റ് വൃത്തിയാക്കാൻ മത്സരിക്കുന്നുണ്ട്,
കുറെ പൂച്ചകളും മ്മടെ കഥാ നായിക തള്ളകോഴിയും.
തള്ളക്കോഴിടെ നിറം വെള്ളയിൽ കറുത്ത പുള്ളിക്കുത്താ, അപ്പഴാ ഞാൻ ശ്രദ്ധിച്ചേ കുഞ്ഞിക്കോഴികളെ കാണാൻ നല്ല രസുണ്ട്, പകുതി പേര് ശബരിമലക്കും ബാക്കി പഴനിക്കും പോകാൻ മാലിട്ടപോലിണ്ട്, കറുപ്പും ഓറഞ്ചും നിറങ്ങളാ ഹിഹി...
അമ്മ മീൻ എടുത്തു അടുക്കളേൽക്ക് നടന്നു
"ഇപ്പൊ വരട്ടാ കണ്ണാ "
അപ്പോളാ നിക്കൊരു ആഗ്രഹം കുഞ്ഞിക്കിഴയെ ഒന്ന് പിടിക്കണം, ഞാൻ പതുക്കെ സ്വിമ്മിംഗ്പൂളിന്ന് ഇറങ്ങി, തള്ളക്കോഴി ഭക്ഷണം കൊത്തി കുഞ്ഞുങ്ങൾക്ക് കൊടുത്തോണ്ടിരിക്ക്യാ ഞാൻ മന്ദം മന്ദം ചെന്ന് പഴനിക്ക് പോണ ഒരു കുഞ്ഞിനെ അങ്ങട് പൊക്കി, ആയ് എന്ത് രസാ...
കുഞ്ഞിനെ പിടിച്ചു തിരിഞ്ഞു നോക്ക്യേപ്പഴാ അത് സംഭവിച്ചത് തള്ളക്കോഴി അതാ സ്ലോമോഷനിൽ പറന്നു വരുന്നു, ഞാനാണെങ്കി ഫുൾ നേക്കഡ് ആണല്ലോ.. തിരിയുന്നതിനു മുൻപേ കിട്ടി ഉമ്മറത്തു ഒരെണ്ണം തിരിഞ്ഞോടിയപ്പോ പിന്നാമ്പുറത്തും... മനസ്സിലായില്ലേ മുട്ടാമണി കോഴി കൊത്തിക്കൊണ്ട് പോയീന്ന്. ഓടുന്നതിനിടയിൽ സ്വിമ്മിങ്‌പൂളിൽ തട്ടി രണ്ടു റൗണ്ട് ശയന പ്രദക്ഷിണം കഴിഞ്ഞപ്പോഴേക്കും അമ്മ ഓടി വന്നു
"അയ്യോ എന്റെ മോൻ വീണാ"
അമ്മ എന്നെ രണ്ടു കൈയോണ്ടും വാരി എടുത്തു...
"ഇനി മേലാൽ നിന്റെ മോനെ മര്യാദക്ക് നിരുത്തിക്കോണം" എന്ന മട്ടിൽ കിർ കിർ ശബ്ദം ഉണ്ടാക്കി തള്ളക്കോഴിം കുഞ്ഞുങ്ങളും അവരുടെ പാട്ടിനു പോയി. സ്വന്തം കുഞ്ഞുങ്ങളെ തൊട്ടാൽ ഏതു പാവങ്ങളും കൊത്തിഓടിക്കുംന്ന് അന്ന് എനിക്ക് മനസിലായി,
പക്ഷേങ്കി അമ്മ അങ്ങനെ വാരി എടുക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽണ്ടല്ലോ.. സുരക്ഷിതത്വം... സ്നേഹം... വാത്സല്യം... അമ്മേടെ മടിയിൽ അല്ലാതെ ഇതൊക്കെ വേറെവ്ടെ കിട്ടാനാല്ലേ.


Sangeeth PM

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo