Showing posts with label SanthoshBabu. Show all posts
Showing posts with label SanthoshBabu. Show all posts

നേരം ഉച്ചയോടടുത്തു



നേരം ഉച്ചയോടടുത്തു...ഡെന്‍റല്‍ കോളേജിലെ എക്സ് റേ റൂമില് മുടിഞ്ഞ തിരക്കിന് ഇത്തിരി കുറവ്വന്നു...പോസ്റ്റിംഗിനുള്ള ബി ഡി എസ്സ് പിള്ളേരും ഡി ആര്‍ ടി പിള്ളേരും ലഞ്ച് ബ്രേക്കിനും പോയ്...ഞാന്‍ ചെയറിലോട്ട് ചാരിയങ്ങിരുന്നു....
എക്സ് ക്യൂസ് മീ....
ഹോ...ഒരു യോ...യോ പെണ്ണ്...വാതിലിനു മുന്നീ പ്രത്യക്ഷപ്പെട്ടു....ഈ ഡെന്‍റല്‍ എക്സ് റേ ഇവ്ടെ ആണോ എടുക്കുന്നത് ? ചാനല്‍ അവതാരകളെ പ്പോലെ മംഗ്ളീഷ് മലയാളത്തില്‍ ചോദ്യം..
യാാാ...വന്നോലൂൂ...ങ്ങേ...അറിയാതെ ഞാനും യോ യോ ആയി...
അവളുടെ താഴത്തെ നിരയിലെ അണപ്പല്ലിന്‍റെ എക്സ് റേആണ് എടുക്കേണ്ടത്...പേരൊക്കെ ബുക്കില് എഴുതി ഫിലിമുമായ് അവളുടെ അടുത്തെത്തി...
ആക്ച്വലി എന്‍റെ ഈ പല്ലിനാണ് പ്രശ്നം !! അതാണ് ഇതാണ് ....ആനയാണ്...അവസാനം അവള് തന്നെ വായക്കെ തുറന്ന് പല്ലും കാണിച്ചു തന്നു...
പിന്നത്തെ ചോദ്യം...
ഈ പല്ല് അടക്കാന്‍ പറ്റ്വോ ?
എത്രയാ ചാര്‍ജ്ജ്? f m റേഡിയോ ജോക്കി പോലെ പെണ്ണ് കത്തിക്കേറുകയാണ്...
ഞാന്‍ എക്സ് റേ എടുക്കട്ടെ...ഫിലിം കണ്ടാലേ കേടൊക്കെ അറിഞ്ഞു നിന്‍റെ ട്രീറ്റ് മെന്‍റ് എങ്ങിനെ വേണൊന്നൊക്കെ പറയാന്‍ പറ്റൂ....
വായ തൊറക്കൂ...
നല്ല ഒന്നാന്തരം കേടാണ്...
ന്തു പറ്റി...നല്ലകേടാണല്ലോ...നന്നായ് തുറന്നു പിടിക്ക്...ഈ ഫിലിം നന്നായ് താഴോട്ട് താഴ്ത്തി വെക്കണം.ന്നാലെ പല്ലിന്‍റെ വേര് ഭാഗം കിട്ടൂ...
ആക്ച്വലി ന്ക്ക് ചോക്ക്ലേറ്റ് ക്രേസ് ആയിരുന്നൂ ...രാത്രി ഉറങ്ങാന്‍ നേരത്തുംകഴിക്കും..ചിലപ്പോ കഴിച്ചോണ്ടും ഉറങ്ങിപ്പോവും...
വീണ്ടും ഒരു രക്ഷയുമില്ല .. ഞാന്‍ വേഗം ഫിലിം വായക്കുള്ളിലോട്ട് നന്നായ് താഴ്ത്തിവെച്ചു...ങ്ഹാ...ഹോ...ഹൂ...
വളരെ ഭീകരവും വിചിത്രവുമായ ശബ്ദകോലാഹലങ്ങള്‍...
നല്ല വേദനയുണ്ടെന്ന് തോന്നുന്നു...തല ഇളക്കിക്കൊണ്ടിരിക്കുകയാ...തലയനക്കാതെ പിടിച്ചു..എക്സ് റേ മ്മളങ്ങ് എടുത്തു...
' നല്ല പെയിനുണ്ടായിരുന്നോ ' ? ഞാന്‍ ചോദിച്ചു..
അതെന്താ അങ്ങിനെ ചോദിച്ചേ....മുമ്പ് നല്ലോണം ഉണ്ടായിരുന്നൂ ...വളരെ കഷ്ടപ്പെട്ട് പല എണ്ണയും തേച്ചിട്ടാ ഒരു വിധം കുറഞ്ഞത്....
ങ്ങേ...എണ്ണ തേച്ചാ പല്ലു വേദന കുറയ്യോ !! ഞാന്‍ അറിയാണ്ടങ്ങ് ചോദിച്ചും പോയ്...
അയ്യേ....ഞാന്‍ വിചാരിച്ചത് ' പേനുണ്ടോന്നാ ' - നിങ്ങള് ചോദിച്ചതെന്നാ....ആക്ച്വലി ...
ഊയന്‍റമ്മോ ഇനിയും വിശദീകരണം കേള്‍ക്കാന്‍ നിക്കാതെ ഫിലിം വേഗം തന്നെ പ്രൊസസിംഗ് ചെയ്തങ്ങ് കൊടുത്തു...പകച്ചു പോയ് എന്‍റെ അന്നത്തെ ആ ഉച്ച നേരം...
by--
Santhosh Babu

ഉറുമ്പ്/ മഴപ്പാറ്റ ...


രംഗം 1.
അയാള്‍ ....എന്നും ഇരുട്ടിന്‍റെ തോഴനായിരുന്നു.
അയാല്‍ക്കൊരു മുഖമുണ്ടായിരുന്നോ ?
ആര്‍ക്കുമറിയില്ല...
കുന്നിന്‍ ചെരുവിലെ ഒറ്റപ്പെട്ടു കിടക്കുന്ന തന്‍റെ സ്വന്തം വീട്ടിലോട്ട് പോലും അയാള്‍ വല്ലപ്പോഴുമേ പോവാറുള്ളൂ... ഭാര്യക്കും രണ്ട് പിഞ്ചു കുട്ടികള്‍ക്കും അയാള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..
അയാളില്ലാഞ്ഞിട്ടും...ഒറ്റപ്പെട്ട വീടായിട്ടും...അനാവശ്യമായ ഒരു നോട്ടം പോലും അവന്‍റെ പെണ്ണിനേ തേടിച്ചെന്നിരുന്നില്ല...
കാരണം ,
അയാള്‍ എന്താണെന്നും , ആരാണെന്നും അത്തരക്കാര്‍ക്ക് നന്നായ് അറിയാമായിരുന്നു.
അതെ ...
അയാളൊരു കൊലയാളിയായിരുന്നു...
ഇന്നലെയും ഇന്നും.
ഒരു രാക്ഷ്ട്രീയ സംഘടനയുടെ...
അതില്‍ കൊടിയുടെ നിറത്തിന് ഞാന്‍ പ്രാധാന്യം കൊടുക്കുന്നില്ല.
നാടു മാറി ..അന്യ നാടുകളിലായിരുന്നു അയാളുടെ ആയുധങ്ങള്‍ക്ക് ഇരയെ കിട്ടിക്കൊണ്ടിരുന്നത്.
ഓരോ കൃത്യങ്ങള്‍ക്ക് ശേഷം അയാള്‍ പീന്നേ കുറേക്കാലം തന്‍റെ വീടും കുടുംബവുമായ് കഴിഞ്ഞു പോണു...
വാളെടുത്തവന്‍ വാളാല്‍ എന്നാണല്ലോ...അന്നത്തെ ഒരു ദിവസം ചോരവീണത് അയാളുടെ സ്വന്തം നാട്ടില്‍ ..സ്വന്തം നെഞ്ചിന്‍ കൂട്ടീന്നു തന്നെയായിരുന്നു...
മറു നാട്ടുകാരായ...മുഖമില്ലാത്ത കുറച്ച് ചെറുപ്പക്കാര്‍ക്ക് നിമിഷനേരം മാത്രമേ വേണ്ടി വന്നുള്ളൂ അയാളെ തീര്‍ക്കാനായിട്ട്. അയാള്‍ക്ക് വേണ്ടിയും അന്നതൊക്കെ നടന്നു.
ഒരു ഹര്‍ത്താല്‍, വിലാപയാത്ര, പിന്നെ കുറച്ചു റീത്ത് സമര്‍പ്പണം. ഒടുവില്‍ അയാള്‍ മണ്ണിലേക്കടിഞ്ഞപ്പോ ...
ആ പെണ്ണിന്‍റെയും ഒന്നുമറിയാത്ത കുട്യോള്‍ടെയും നിലവിളികള്‍ മാത്രം ബാക്കിയായ്....
രംഗം 2..
മാസങ്ങള്‍ കൊഴിഞ്ഞൊണ്ടിരുന്നൂ...മരിച്ച അയാള്‍ക്കും കിട്ടി ഒരു പുനര്‍ജന്‍മം.....
നല്ലൊരു കടിയനുറുമ്പായ്...
ആ നാട്ടീന്നും കുറച്ചകലെയായ് അവനെല്ലാരേം കടിച്ചു നോവിച്ചു പോന്നു.
പഴയ ജന്‍മത്തിലെ ആ ക്രൗര്യം അവനത്പോലെ ആവര്‍ത്തിച്ചു.
ഇപ്പോ നാട്ടില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട്പോയ്ക്കൊണ്ടിരുന്നു.
പക്ഷേ ..
കടിയനുറുമ്പായ അയാള്‍ ആള്‍ക്കാരെ കടിച്ചും കുത്തിയും ജീവീതം ആസ്വദിച്ചു .
കഴിഞ്ഞ ജന്‍മമോ , അതില്‍ തനിക്കുണ്ടായ നഷ്ടമോ ഒന്നും ഉറുമ്പായ അയാള്‍ ആലോചിച്ചിരുന്നില്ല...
പുത്തന്‍ പ്രതീക്ഷയുടെ ഒരു തിരിനാളം പോലെ,
അന്നൊരു നാള്‍ ആ നാട്ടിലാകമാനം, നല്ലോണമൊരു പുതുമഴ പെയ്തു.
നമ്മുടെ കടിയനുറുമ്പിനും കിട്ടി വല്യോരു മാറ്റം...
അവന് മുളച്ചു....രണ്ട് കുഞ്ഞിച്ചിറകുകള്‍ ...
അതേ...അവനൊരു മഴപ്പാറ്റയായ് മാറി.
തന്‍റെ കുഞ്ഞിച്ചിറകുകള്‍ വീശി അവനൊന്നു മെല്ലെ പറന്നുയുയര്‍ന്നു.
ആദ്യമായ് അവന്‍റെ മുഖത്തൊരു ചിരി പരന്നൂ...തന്‍റെ കഴിഞ്ഞ ജന്‍മത്തെക്കുറിച്ച് അവനോര്‍ത്തു.
തന്‍റെ ചെയ്തികള്‍...തനിക്കുണ്ടായ അന്ത്യം..
ഒടുവില്‍ അവന്‍ തന്‍റെ കുടുംബത്തെ ഓര്‍ത്തു.
അവരെ കാണാന്‍ അവന്‍റെ മനസ്സ് വെമ്പി.ചിറകുകള്‍ ആഞ്ഞുവീശി തന്‍റെ പഴയ വീട്ടീലേക്ക് അവന്‍ പറന്നു..
മഴപ്പാറ്റയെ തിന്നാനടുത്തെത്തൂന്ന കാക്കകളുടെയും മറ്റും കണ്ണ് വെട്ടിച്ച് വീട്ടീനടുത്തെത്തിയപ്പോ നേരം വല്ലാതെ ഇരുണ്ടിരുന്നു...
തന്‍റെയീ ജന്‍മത്തിലെ നിസ്സഹായവസ്ഥ അവനെ വല്ലാതെ അലട്ടി.
കറണ്ടില്ലാത്ത ...മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രം ഉണ്ടായിരുന്ന ആ വീട്ടിന്‍റെ ജനലിലൂടെ മഴപ്പാറ്റ പറന്നെത്തി...പായയില്‍ കിടന്ന് ഉറങ്ങണ തന്‍റെ പിഞ്ചു കുട്ടികളെ നിര്‍ന്നിമേഷനായ് നോക്കി നിന്നു.
അവളെവിടെ ?
എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ...
അവ്യക്തമായ് .
തൊട്ടപ്പുറത്തേ മുറിയിലേക്ക് ചിറകടിച്ചുചെന്ന മഴപ്പാറ്റ അവ്യക്തമായ് കണ്ടൂ !!
തന്‍റെ മുഖത്തേക്ക് നേരാം വണ്ണം പോലും നോക്കാതിരുന്ന ...തൊട്ടാവാടി പെണ്ണായിരുന്ന തന്‍റെ ഭാര്യ ...പായയില്‍ കിടന്ന് മറ്റൊരുവനുമായ് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു..അയാള്‍ മുഖം തിരിച്ചപ്പോ മഴപ്പാറ്റ വ്യക്തമായ് കണ്ടു...ആ മുഖം..
ഞെട്ടിപ്പോയ്...തന്‍റെ പ്രിയ നേതാവ് !!
കഴിഞ്ഞ ജന്‍മത്തീ തന്നെ ക്കൊണ്ട് എല്ലാ കൃത്യങ്ങളും ചെയ്യിച്ച താന്‍ ആരാധിച്ചിരുന്ന നേതാവ് .
കോപം കൊണ്ട് ജ്വലിച്ച മഴപ്പാറ്റ അവരുടെ നേര്‍ക്ക് പറന്ന് ചെന്നു...അവര്‍ക്ക് ചുറ്റും വട്ടമിട്ട് പറന്നു...
ശ്ശൊ...പുതു മഴ പെയ്തോണ്ടാന്നു തോന്നുന്നു...നശിച്ചൊരു മഴപ്പാറ്റ ...മുറിയുടെ മൂലയില്‍ കത്തിക്കൊണ്ടിരുന്ന കുപ്പി വിളക്കിന്‍റെ തിരിയിത്തിരി നീട്ടി അവള്‍ പറന്നടുത്ത മഴപ്പാറ്റക്ക് നേരെ പിടീച്ചു...
ചിറകും ശരീരവും വെന്തെരിഞ്ഞ് പോകവേ...
കഴിഞ്ഞ ജന്‍മത്തിലും , ഈ ജന്‍മത്തിലുമായ് ,
ഉറുമ്പെന്ന......
അല്ല...മഴപ്പാറ്റ എന്ന അയാള്‍ ആദ്യമായ് കണ്ണീര്‍ വാര്‍ത്തു.
രംഗം 3
ഓക്കെ ഇത് മതി...കൊലപാതക രാക്ഷ്ട്രീയം വിക്ഷയമാക്കിയ ചെറുകഥാമല്‍സരത്തിന് കൊടുക്കാന്‍ മ്മക്കീ കുഞ്ഞിക്കഥ മതി.മഴപ്പാറ്റ കണക്കേ ആര്‍ക്കോ വേണ്ടി കൊല്ലാനും ചാകാനും വിധിക്കപ്പെട്ട യുവത്വം ഈ കഥ വായിക്കട്ടെ....
നേരം വൈകുന്നു.ഇന്ന് നൈറ്റ് ഡ്യൂട്ടിയാ.
ഹോസ്പിറ്റലിലെത്തിയപ്പോ ഭയങ്കര ജനക്കൂട്ടം.ഈവനിംഗ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ സഹപ്രവര്‍ത്തകന്‍ പറഞ്ഞു ...ഇന്നിനക്ക് കാളരാത്രിയായിരിക്കും...വെട്ട് കിട്ടി മൂന്നാലെണ്ണത്തിനെ കൊണ്ടു വന്നിട്ടൂണ്ട്...എല്ലാം സീരിയസ്സാന്നാ അറിഞ്ഞേ....ജീന്‍സിന്‍റെ പോക്കറ്റീന്ന് കഥയെഴുതിയ ആ പേപ്പറ് വെറുതേയൊന്നൂടെ ഞാനെടുത്തു...

By: 
Santhosh Babu

ആശുപത്രി കാഴ്ചകള്‍


ബന്ധങ്ങള്‍....
പരിയാരം മെഡിക്കല്‍ കോളേജ്..സമയം രാവിലെ ഒരു 9 മണിയാവുന്നു.
'വാര്‍ഡ് 703 ല്‍ ഒരു പോര്‍ട്ടബിള്‍ എക്സ് റേ ഉണ്ടല്ലോ ? ആരാ ഒന്ന് പോവ്വാ ?- ചീഫ് റേഡിയോഗ്രാഫറുടെ ചോദ്യത്തിന് ഞാന്‍ പോകാന്ന് ഉത്തരം കൊടുത്തു...
ഡാര്‍ക്റൂമില്‍ ചെന്ന് കാസറ്റില്‍ ഫിലിം ലോഡ് ചെയ്ത്ഞാന്‍ വാര്‍ഡിലേക്ക് നടന്നു .
നിശബ്ദതയും , ആളും അനക്കവും താരതമ്യേന കുറവുള്ള വാര്‍ഡ്.male കാന്‍സര്‍വാര്‍ഡ്.
റേഡിയഷനും കീമോയുമൊക്കെ കഴിഞ്ഞു , കരിവാളിച്ച ശരീരങ്ങളുമായ് ഒരു കൂട്ടം അച്ഛന്‍മാര്‍...
പക്ഷേ ഒരു കൂട്ടം ഭര്‍ത്താക്കന്‍മാര്‍ എന്നു അവരെ വിളിക്കാനായിരുന്നു ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്.
ഒരു പക്ഷേ ഞാന്‍ അനുഭവിച്ചറിഞ്ഞ നല്ല ഭാര്യാ ഭര്‍ത്തൃ ബന്ധം തൊട്ടടുത്തറിഞ്ഞത് ഈ വാര്‍ഡില്‍ നിന്നാണെന്ന് എനിക്ക് തോന്നി.
തെൊണ്ടക്കുഴിക്ക് കാന്‍സര്‍ വന്ന് ശബ്ദം പോലും പുറത്ത് വരാതെ...ഒരു മുരളല്‍ ശബ്ദം മാത്രം പുറത്ത് വന്നിരുന്ന ഒരുചേട്ടന്‍ - താന്‍ കുടിച്ച കഞ്ഞിക്ക് ചൂടിത്തിരി കൂടിപ്പോയെന്നും പറഞ്ഞ്..കൂട്ടിരിക്കുന്ന ഭാര്യേന്‍റടുത്ത് പഴയ കാല ശൗര്യത്തോടെയെന്ന പോലെ ശാസിക്കുന്നതും...പിന്നീട് ചുമച്ച് ചുമച്ച് ക്ഷീണിക്കുന്നതും കണ്ടു.
തന്‍റെ ഭര്‍ത്താവിന് തന്‍റെ കൈത്താങ്ങില്ലാതെ ഇനി ഒന്നിനും കഴിയില്ലാന്നറിഞ്ഞിട്ടും , പഴയ ആ പേടിഭാവത്തോടെ , വിധേയത്തോടെ...
'യ്യോ..കഞ്ഞി ഞാന് തണുപ്പിച്ച് തരാന്ന് പറേണ ആ ചേച്ചിയെയും ഞാന്‍ ഒരു നിമിഷം നോക്കി നിന്നു.
എല്ലും തോലുമായ് കിടന്ന് ശ്വാസം മുട്ട് അനുഭവിക്കുന്ന തൊട്ടടുത്ത ബെഡിലെ ആ അച്ഛന്‍റെ എക്സ് റേ ഞാനെടുത്തു.
സിസ്റ്റര്‍മാര്‍ എന്നെ കണ്ട് ഒരു ചിരിയിലൂടെ പരിചയഭാവം പുതുക്കി.
വാര്‍ഡിന്‍റെ ഒരു മൂലയീലുള്ള ആ ബെഡിന്‍റടുത്തിരിക്കണ ആ അമ്മ എന്നെ അങ്ങോട്ടേക്ക് കൈ കാട്ടി വിളിച്ചു.
ആ ബെഡിലെ ചേട്ടന് ബ്ളഡ്ഡ് കേറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
മരവിച്ച് കരുവാളിച്ച് കിടക്കുന്ന ആ കൈകളില്‍ ആ ബ്ളഡ്ഡിന് എന്തരല്ഭുതം കാട്ടാനാണെന്ന് ഞാന്‍ ശങ്കിച്ചു.
ആ അമ്മ എന്നോട് ചോദിച്ചു..' മോനെന്നെ ഓര്‍മയില്ലേ...?
അച്ഛനിപ്പോ എങ്ങിനെയുണ്ട് ?
ഞാനൊന്ന് ചിരിച്ചു..ശബ്ദമില്ലാതെ...അച്ഛന്‍ പോയ്..അഞ്ച് മാസത്തോളമായ്.
അവരൊന്നും മിണ്ടാതെ എന്‍റെ കൈത്തണ്ടയില്‍ അമര്‍ത്തിയൊന്ന് പിടിച്ചു .പിന്നേ മെല്ലെ പറഞ്ഞു....അച്ഛന്‍ അഡ്മിറ്റായപ്പോ..മൂപ്പരുയായ്ട്ടായിരുന്നു കമ്പനി...കുറച്ച് കാലം ഒരു കുഴപ്പോം ഉണ്ടാര്ന്നില്ല.ഇപ്പോ ഇത്തിരി അധികാ..മോന്‍റച്ഛന്‍റെ കാര്യം ഇടക്കിടക്ക് ചോദിക്കാറുണ്ടായ്രുന്നു..അച്ഛന്‍റെ കാര്യം ഞാനെന്തായാലും പറേന്നില്ല..മോന്‍ ഡ്യൂട്ടിയല്ലേ പോയ്ക്കോ...അമ്മേന്‍റടുത്ത് ഞാന്‍ ചോദിച്ചതായ് പറേണേ...
ഒരിക്കല്‍ കൂടി ഞാനോര്‍ക്കുന്നു..ഞാന്‍ കണ്ട നല്ല ഭാര്യാ ഭര്‍ത്തൃ ബന്ധം അവിടെ ആ കാന്‍സര്‍ വാര്‍ഡിലായിരുന്നു.
കാരണം , മാസങ്ങള്‍ക്ക് മുമ്പ് ആ വാര്‍ഡിലെ ഒരു ഭര്‍ത്താവ് എന്‍റെ അച്ഛനും...കൂട്ടിരിപ്പുകാരിയായ ഭാര്യ ന്‍റെ അമ്മയുമായിരുന്നു..
പുറത്തേക്കുള്ള വാതിലിനടുത്തൂന്ന് ഞാനൊന്നൂടെ തിരിഞ്ഞു നോക്കി..
അച്ഛനവിടെയിരുന്ന് പോയിട്ട് വാ.... എന്ന് എന്നോട് പറയും പോലെ തോന്നി..

By: 
Santhosh Babu

ട്രെയിന്‍ കാഴ്ചകള്‍- പൂമരക്കൊമ്പത്തെ.....


വൈകുന്നേരങ്ങളിലെ കണ്ണൂര് - പയ്യോളി പാസഞ്ചര്‍ ട്രെയിന്‍ യാത്ര...തലശ്ശേരി വിട്ടാല്‍ ജഗന്നാഥ ക്ഷേത്രം സ്റ്റോപ്പ്.
ആലിലകളില്‍ തൊട്ടുരുമ്മി, കാതുകളിലേക്ക് എത്തണ ഭക്തിഗാനം..
വിശാലമായ കുളത്തില്‍ നീന്തിക്കുളിച്ച് അര്‍മാദിക്കുന്ന കുട്ടികള്‍...
ക്ഷേത്രനടയിലെ ദീപനാളങ്ങളെ നോക്കി ഞാനുമൊന്ന് തൊട്ടുതൊഴുതു.സത്യം പറഞ്ഞാ റെയില്‍പാളത്തിനരികിലെ വീടുകളിലെ
സന്ധ്യാ ദീപങ്ങളെ തൊഴുതു തൊഴുതു അതൊരു ശീലമായ്.
അങ്ങിനെയെങ്കിലും ഒരു ദൈവചിന്ത..
എപ്പോളും മൊബൈലും കുത്തിക്കളിക്കലല്ലെ പണിയെന്ന് കെട്ട്യോള്‍ടെ പരാതി ഞാനോര്‍ത്തു.
ട്രെയിന്‍ മെല്ലെ മുന്നോട്ടേക്ക്.ഒരാള്‍ തന്‍റെ പശൂനേം കുട്ടീനേം അഴിച്ചോണ്ട് വീട്ടിലേക്ക്.
പാളത്തിനടുത്തെ പാടത്തിനരികിലെ അക്ക്വേഷ മരങ്ങള്‍ക്കിടയില്‍ കുറച്ച്പേര് പേപ്പറ് വിരിച്ച് ശീട്ട് കളിക്കുന്നു...ഇത്തിരീംകൂടി മുന്നോട്ടേക്ക് നീങ്ങിയപ്പോ ആ വീട് എന്‍റെ കണ്ണീപ്പെട്ടത്.
നിറയെ പൂക്കളും കുഞ്ഞു കുഞ്ഞു മരച്ചെടികളും നിറഞ്ഞ ഒരു പഴയ ഓടിട്ട വീട്.നിലത്ത് വെക്കണ നിലവിളക്കിന് പകരം തൂക്കുവിളക്ക്..
പേരറിയാത്ത, അധികം ഉയരമില്ലാത്ത,ചുവന്ന പൂക്കള് നിറഞ്ഞ കുഞ്ഞു തണല്‍ മരക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാലീ പുസ്തകമെടുത്ത് വായിച്ചോണ്ട്,
ആടിയുല്ലസിക്കുന്ന വെള്ളപ്പെറ്റിക്കോട്ടിട്ട പെണ്‍കുട്ടി ..ന്‍റെ മോളെ പ്രായം കാണും.
ട്രെയിന്‍ ആ കാഴ്ചയും മറച്ചോണ്ട് മുന്നോട്ടെക്ക്.മാസങ്ങള്‍ പിന്നിട്ട് ഒരു വര്‍ക്ഷത്തോളം....പ്രിയപ്പെട്ട മഴ തിമര്‍ത്തു പെയ്യണ നാളുകളിലൊഴികെ..
ആ പെണ്‍കുട്ടീം ഊഞ്ഞാലും....ആ കാഴ്ചയിലെത്താന്‍ കണ്ണൂര് മുതല് മനസ്സ് കൊതിച്ചു...എന്തിനെന്നറിയാതെ.
ഭാര്യേന്‍റെ അടുത്ത് പറഞ്ഞു ഗൗരിക്കുട്ടിക്കും ഒന്ന് രണ്ട് പെറ്റിക്കോട്ട് വാങ്ങിപ്പിച്ചു.അതിട്ടു കണ്ടപ്പോ ന്തോ..ഒരു വല്‌ലാത്ത ഒരു സന്തോഷം തോന്നി.തന്‍റെ പഴയ ചുരിദിറൊക്കെ വെട്ടി ഭാര്യ ഒന്ന് രണ്ട് പെറ്റിക്കോട്ടൊക്കെ വേറെയും തുന്നിക്കൊടുത്തു..
പക്ഷേ മ്മക്ക് ഇഷ്ടം ആ വെള്ളപെറ്റിക്കോട്ട് തന്നെയായിരുന്നു.
ഇന്ന് ഞാന്‍ നോക്കുമ്പോ ആദ്യമായ് പൂമരക്കൊമ്പില് ഊഞ്ഞാല്‍ മാത്രം കണ്ടു.മോളെ കണ്ടില്ല...
പിന്നീടുള്ള ദിവസങ്ങളിലും ഇതേ കാഴ്ച തന്നെ ആവര്‍ത്തിച്ചു.
പൂന്തോട്ടത്തിലൊ , മുറ്റത്തോ എവിടെയും കണ്ടില്ല .
അകത്തിരുന്നു പഠിക്കുകയാവാം..
കുളിക്കുകയാവാം..
അടുത്ത വീട്ടീലെങ്ങാന്‍ ട്യൂഷന് പോയതാവാം.
എന്തന്നറിയാതെ പിന്നീടുള്ള ദിവസങ്ങളീ മനസ്സ് വല്ലാതെ അസ്വസ്ഥമായ്ത്തോന്നി.
ആവശ്യമില്ലാത്ത ദുശ്ചിന്തകള്‍ കടന്നു വന്നു.
ആ മോള്‍ക്ക് എന്തേലും...
താല്‍പര്യമില്ലേലും അന്നും ഞാനങ്ങോട്ടേക്ക് നോക്കി..
പൂമരക്കൊമ്പീന്ന് ആ ഊഞ്ഞാലേ അറുത്ത് മാറ്റിയിരുന്നു.ട്രെയിനിലെ ജനല്‍ ഷട്ടറുകള്‍ അടച്ച് യാത്ര ചെയ്ത മഴക്കാല ദിനങ്ങളീ ..ആ വീട്ടിലെന്തോ സംഭവിച്ചിട്ടുണ്ട്..
ഞാനിങ്ങനെ മനസ്സിനെ പാകപ്പെടുത്തി.ആ വീട്ടിലെ പേരക്കുട്ടിയാ ആ മോള്..അവള്‍ടെ ജോലിക്കാരനായ അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോ അവര് കുടുംബസമേതം തറവാട്ടീന്ന് പോയതാവാം..
മനസ്സ് കൈവിട്ടു പോണ ചില നിമിഷങ്ങളില്‍ ചിന്ത ദൂരന്താത്മകമാവും..
ആ മോള്‍ക്ക് വല്ലതും പറ്റിയതാവുമോ..
ഒടുവില്‍ ജഗന്നാഥക്ഷേത്ര സ്റ്റോപ്പീന്ന് തന്നെ കേറണ..പുതുതായ് ജോലികിട്ടിയ പ്രിയ സുഹൃത്ത്..
അവളോടായിരുന്നു മ്മടെ പിരാന്ത് പിടിച്ച കഥകളും ചിന്തകളും എന്നും പങ്ക് വെച്ചിരുന്നതും.
കഥയറിഞ്ഞ അവളും നോക്കി ..
ആ പൂമരവും പൂന്തോട്ടവും വീടും..
എന്‍റെ വാക്കുകളിലൂടെ പെറ്റിക്കോട്ടിട്ട ആ പെണ്‍കുട്ടിയെ അവളും മനസ്സീ വായിച്ചടുത്തു.
അവളിങ്ങനെ പറഞ്ഞു...
സന്തോഷ് ഭായ് ഞാനൊരു ദിവസം ഡ്യൂട്ടീന്ന് നേരത്തേയിറങ്ങി ആ വീട്ടിചെല്ലാം...കുറച്ച് വെള്ളം കുടിക്കാന്‍ ചോദിക്കാലോ
ന്നിട്ട് പതുക്കെ പൂമരോം ഊഞ്ഞാലും ഒക്കെ ചോദിച്ചു വെക്കാന്നേ...
മനസ്സ് ഓരോന്ന് വിചാരിച്ച് പുകക്കണ്ടാട്ടോ...
അവള്‍ കൊണ്ടു വരുന്ന ആ കഥ കേള്‍ക്കാനായ് ഞാനിപ്പോ കാത്തിരിക്കുകയാട്ടോ...അതെന്തൊയാലും ഞാനറിയിക്കും...നിങ്ങളോടല്ലാതെ വേറെ ആരോട് പറയാന്‍ .
By: Santhosh babu

നുറുങ്ങ്


മഴ പെയ്ത് തോര്‍ന്നപ്പോ...
മഴ തോര്‍ന്നു...മഴ ഓര്‍മിച്ചതും
ഓര്‍മിപ്പിച്ചതും...
ഇനി നനഞ്ഞ് കുതിര്‍ന്ന്
മനസിലെവിടെയോ ഇരുന്ന് മെല്ലെ ഉണങ്ങും...
അകത്തളങ്ങളീ നിന്നും വാരിച്ചുറ്റാനുള്ള കുപ്പായങ്ങളൊക്കെ
ഇനി പുറത്തേ അയകളിലേക്ക്...അലക്ക് കല്ല് കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഭാര്യേ നോക്കി ചിരിച്ചു..
പറമ്പായ പറമ്പൊക്കെ പച്ചപ്പിലാ..
പുല്‍ച്ചാടീം തേരട്ടെയും ..ന്ന് വേണ്ട സകലെണ്ണോം ക്ഷണിക്കാണ്ട് അകത്തേക്ക് പോലും സമയോം കാലോം നോക്കാണ്ട് കേറി വരുന്നുണ്ട് ...
അകത്തേ കോണിലെടുത്തവെച്ച ആ വല്ല്യ കമ്പനീന്‍റെ തുകല്‍ ചെരുപ്പിന്‍റെ പൂപ്പലൊക്കെ തുടക്കണം..
ഒണങ്ങാന്‍ പാടാന്ന് പറഞ്ഞു കെട്ട്യോള് അയിത്തം കല്‍പ്പിച്ച മ്മളെ ജീന്‍സ് ന്നെ നോക്കി നല്ലൊരു ചിരി ചിരിച്ചു..
മഴവെള്ളത്തീ അര്‍മാദിച്ചു നടന്ന കാലുകളീ ഷൂവും സോക്സും വന്ന് കേറുന്നതില് മോനും മോളും നീരസത്തിലാ...വീട്ടിന്നടുത്തെ ഇടവഴിയിലെ വെള്ളപ്പാച്ചിലും കുഞ്ഞു മീന്‍ കൂട്ടങ്ങളും മരണമണി കാത്തു കിടക്കുകയാ...
തറവാട്ടീ ചെന്നപ്പോ അമ്മ രാമായണം പൊടി തട്ടി എടുത്ത് വെക്കുകയാ..
മൂപ്പര് ഇനി വീട്ടില് അമ്മദ്ക്കാന്‍റെയടുത്തൂന്ന് മീന്‍ വാങ്ങി ത്തുടങ്ങും...
മുളകിട്ടതും..തേങ്ങയരച്ചതുമായ്
ആ കറികളുടെ കടുകിട്ട് വറക്കുന്ന ആ മണമിനി തിരിച്ചു വരും...
മുരിങ്ങാ ചപ്പും ചക്കക്കുരൂം ഇനി അടുത്ത കര്‍ക്കിടകത്തിലേക്ക്....
കോലായിലെ അച്ഛന്‍റെ ഫോട്ടോയിലെ മറവീ വല നെയ്ത വണ്ണാച്ചനും , ചുമരിലെ മൂലക്ക് മഴത്തിരക്കിനിടയീ മണ്ണോണ്ട് കൂടുണ്ടാക്കിയ വേട്ടാളനും നിഷ്കരുണം അടിച്ചോടിക്കപ്പെട്ടു.
ഓണപ്പരീക്ഷേന്‍റെ ടൈം ടേബിള് കാണിക്കാന്‍ മക്കള് രണ്ടാളും തിരക്ക് കൂട്ടി..
പഠിത്തമെങ്ങിനെ ?
ഉത്തരം പറയാന്‍ രണ്ടാളും തിരക്ക് കൂട്ടിയില്ല...പകരം ഒരു കര്‍ക്കിടക ച്ചിരി ചിരിച്ചു .കല്യാണ്‍ന്ന് പേരുള്ള ഒരു വല്യ പീടികേല് കര്‍ക്കിടക കിഴിവ് കച്ചോടംണ്ട്ന്ന് ഭാര്യ പറഞ്ഞു ...
അങ്ങിനെ ഓണത്തിന് വാരിച്ചുറ്റാനുള്ളത് കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും ആയി..ഇനി എന്‍റമ്മയും ഓള്‍ടെ അമ്മയും കൂടി ഒത്തൊരുമിച്ചാ മക്കള്‍ക്ക് ഒന്നൂടെ കുശാലായ്.
അങ്ങിനെ ഞങ്ങള് നാലാളും..ചിങ്ങത്തെ വരവേല്‍ക്കുകയാട്ടോ..
തറവാട്ട് കാവില് ചെല്ലണം..
അന്തിത്തിരികത്തിക്കണം...
മുത്തപ്പന്‍റെ അടുത്ത് മുട്ടിപ്പായ് പ്രാര്‍ത്ഥിക്കണം.കര്‍ക്കിടകത്തില് മഴയോട് കഥ പറഞ്ഞു ഒത്തും ഒപ്പിച്ചും പോയത് പോലെ ഈ മലയാള പുതു വര്‍ക്ഷത്തിലും തട്ടീം മുട്ടീം പോകാനായ് പറ്റണേ മുത്തപ്പാ..
By: santhosh babu

വല്ല്യ സ്കൂളിലെ മഴ


ഹൈസ്കൂളീ ചേര്‍ന്നപ്പോ..ആദ്യം മോചനം നേടിയത് ആ നീല ട്രൗസറീന്നായിരുന്നു.വെള്ള ഷര്‍ട്ടിന് മാറ്റമില്ല...

ശബ്ദമിത്തിരി കനത്തു...
ആ ജൂണിലെ മഴയും കനത്തതായിരുന്നു.
അച്ഛനും അമ്മയും ഇല്ലാതെ ബസ്സില്‍ ഒറ്റക്കായ് യാത്ര ...
പഴയ അലൂമിനി പ്പെട്ടി മാറി ...ചുമലീ ബാഗായ്..കുടയുടെ കാലിന്‍റെ നീളോം കുറഞ്ഞു..

മഴ പഴയത് പോലെ തന്നെ...
എത്ര പിള്ളേരാ.
ആ വല്യ സ്കൂളില്..തുള്ളിക്കൊരു കുടം പേമാരീന്ന് പറയും പോലെ..നാലു മണിയുടെ ജനഗണമനയും മഴയും...കാറ്റില് പട പടാന്ന് ജനലുകളടയുന്നതും പഴയ സ്കൂളിലെ പോലെ തന്നെ...

ആരാന്നാറിയില്ല...
സമരമുണ്ടേനും..
സ്കൂളും വിടേനും..
അത് മാത്രമേ അറിയൂ..സമരം മഴേനേം തോപ്പിച്ചിരുന്നു..8ന്നു ചോറും ചമ്മന്തീം പാത്രത്തീ കൊണ്ടോന്നു..പൈപ്പിന്‍റെ ചോട്ടീ മഴേത്ത് കാത്തു നിന്നു കഴുകണം..9 ന്നു ചോറും ചമ്മന്തീം ഇലയീ പൊതിഞ്ഞു കൊണ്ടോന്നു...ബസ്സ് വിട്ടു bsa slr സൈക്കിള്‍ വന്നു...മഴയോട് കിന്നാരം പറയാന്‍ കുടപോയ് മഴക്കോട്ട് വന്നു..കിണി കിണിന്ന് ബെല്ലിന്‍റെ ശബ്ദോം..

10ന്ന് ചോറ് കാന്‍റീന്നാക്കി..അമ്മേന്‍റെ ചോറൊക്കെ ആദ്യമായ് ബാദ്ധ്യതയായ് തോന്നിപ്പിച്ചു...ന്താ ചെയ്യുക.അന്നങ്ങിനെ തോന്നി..മഴ അന്നേരോം അങ്ങിനെ തന്നെ പെയ്തോണ്ടിരുന്നു..
മഴയും പെയ്തൊഴിഞ്ഞു...
മഞ്ഞും പെയ്തൊഴിഞ്ഞു...
പൊള്ളിച്ചോണ്ട് വേനലും വന്നു ..
ആ വല്യ സ്കൂളിലെ വല്യപരീക്ഷയും കഴിഞ്ഞു ..അവസാന നാളീ പുറത്തിറങ്ങി...ആര്‍പ്പു വിളീം കൂക്കീം എല്ലാടത്തുന്നും...ചോപ്പും പച്ചേം നിറമുള്ള സ്വര്‍ണ്ണ ടോപ്പുള്ള ഞങ്ങള്‍ടെ ഓരോരുത്തരുടെയും ഹീറോ പെന്നുകളീ നിന്ന് മഷിത്തുള്ളികള് പെരുമഴപോലെ പെയ്തിറങ്ങി...കയ്യിലെ നോട്ടു ബുക്കുകള് ചെറിയ ചെറിയ തുണ്ടുകളായ് കീറി ആകാശത്തേക്കെറിഞ്ഞ് പേപ്പറ് മഴയും ഉണ്ടാക്കി...
പിന്നേ മഴ പെയ്യുമ്പോ...
സ്വപ്നങ്ങള്‍ക്ക് നിറഭേദം വന്ന വല്യോരു കോളേജിലെ ..
വല്യൊരു ...അല്ലാ...ചെറിയൊരു പ്രീഡിഗ്രിക്കാരന്‍ കോളേജ് കുമാരനായ് മാറിയിരുന്നു....

ആ മഴക്കാലം പിന്നേ പറയാട്ടോ........

By: 

Santhosh Babu

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo