Showing posts with label HakeemEdakkazhiyur. Show all posts
Showing posts with label HakeemEdakkazhiyur. Show all posts

അഫ്ഗാനി I ഹക്കീം മൊറയൂർ

 

ആ അഫ്ഗാനി എനിക്കെങ്ങനെയാണ് അത്രക്ക് പ്രിയപ്പെട്ടവനായത്.
അഫ്ഗാനി എന്ന് കേൾക്കുമ്പോഴേ ഭീകരനാണെന്നായിരുന്നു എന്റെ മനസ്സ് പറഞ്ഞിരുന്നത്. സൗദിയിൽ വെച്ചാണ് ഞാൻ അഫ്ഗാനികളെ ആദ്യമായി കാണുന്നത്.
ഞാൻ കണ്ട അഫ്ഗാനികൾക്കെല്ലാം എന്നേക്കാൾ ഉയരമുണ്ടായിരുന്നു. നീണ്ട താടിയും തീക്ഷ്ണമായ കണ്ണുകളും അവരുടെ വ്യത്യസ്തമായ വേഷവിധാനങ്ങളും ചുമലിലൂടെ പൊതിഞ്ഞ കരിമ്പടവും തലയിലെ തലപ്പാവും എന്ത് കൊണ്ടോ എന്നെ അവരിൽ നിന്നും അകറ്റി നിർത്തി.
കടയിൽ ഇടക്കിടെ ചില അഫ്ഗാനികൾ സാധനങ്ങൾ വാങ്ങാൻ വരും. പൊളിഞ്ഞു പാളീസായ ഗല്ലാബിലാണ് അവർ വരുക. കൈകളിൽ അഴുക്കും ഉടുപ്പുകളിൽ ചെളിയും ഉണ്ടാവും. വാർക്ക പണിക്കുള്ള കമ്പികൾ വളരെ നിസ്സാരമായി അവർ കൈ കൊണ്ട് വളച്ചെടുക്കും.
ളുഹർ സലക്ക് കട അടക്കുമ്പോൾ സ്ഥിരമായി കമ്പി എടുക്കാൻ വന്നിരുന്ന ഒരു അഫ്ഗാനിയുണ്ട്. ആജാനുബാഹുവായ ഒരു മനുഷ്യൻ. അയാളുടെ വണ്ടിയിൽ എപ്പോഴും പാതി കഴിച്ച അഫ്ഗാൻ റൊട്ടിയും ഫൂലും കാണും. അഫ്ഗാനികളിലെ ഒറ്റയാൻ ആണയാൾ. ഏത് ഭാരപ്പെട്ട ജോലിയും ഒറ്റക്ക് ചെയ്യും. പെരുന്നാൾ ദിവസം പോലും ജോലി ചെയ്യുന്ന ഒരു അഫ്ഗാനി ഉണ്ടെങ്കിൽ അത്‌ അയാൾ മാത്രമായിരിക്കും.
തഴമ്പു മൂത്തു കരിങ്കല്ല് പോലെയായ കൈകൾ ആയിരുന്നു അയാൾക്ക്. കറുത്ത വെട്ടി ഒതുക്കാത്ത വലിയ താടി കഴുത്തിനു താഴേക്ക് വളർന്നിരുന്നു. വെയിലേറ്റ് കരുവാളിച്ച മുഖത്തെ കണ്ണുകളിൽ വന്യമായ ഒരു കനൽത്തരി വീണു കിടന്നിരുന്നു. പുറത്ത് കാണുന്ന ഭാഗത്തെല്ലാം അസാമാന്യമായ രോമ വളർച്ചയായിരുന്നു അയാൾക്ക്.
എപ്പോഴും ധൃതി ആയിരുന്നു അയാൾക്ക്. സിമന്റ്‌ കയറ്റാനും കമ്പി മുറിക്കാനും എല്ലാം ഭയങ്കര ധൃതി. അയാളുടെ ധൃതി കാരണം പലപ്പോഴും ഞാൻ അയാളോട് മുഷിഞ്ഞു സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അയാൾ എന്നോട് ക്ഷമാപണം നടത്തും.
അയാൾ കൈ ഒന്ന് വീശിയാൽ പൊടിഞ്ഞു പോവാൻ മാത്രമേ ഉള്ളൂ ഞാൻ. എന്ത് കൊണ്ടോ അയാൾ തിരിച്ചെന്നോടു ഒന്നും പറയാറില്ല.
കടയിൽ വരുന്ന മറ്റു അഫ്ഗാനികൾ എല്ലാം അയാളോട് അല്പം അകലം പാലിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. പരിചയമുള്ള ഒരു അഫ്ഗാനിയോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അയാൾ വേറെ ഏതോ ഗോത്രക്കാരൻ ആണെന്നാണ്. ആരോടും അധികം അടുക്കാത്ത പ്രാകൃത വർഗ്ഗക്കാരിൽ പെട്ടയാൾ. അവർ സംസാരിക്കാൻ ശ്രമിച്ചാലും കുറച്ചു മാത്രം സംസാരിച്ചു അയാൾ ഒഴിഞ്ഞു നിൽക്കും.
ഒരു പെരുന്നാൾ ദിവസം ഒരു ചെറിയ കോൺക്രീറ്റ് ചെയ്യാൻ സിമന്റ്‌ ചോദിച്ചു വന്നപ്പോഴാണ് ഞാൻ അയാളോട് കൂടുതൽ സംസാരിച്ചത്.
പെരുന്നാൾ ദിവസവും പണിക്ക് പോവാൻ മാത്രം ആക്രാന്തം വേണോ എന്നായിരുന്നു എന്റെ സംശയം. എന്റെ ചോദ്യം കേട്ട് അയാൾ കുട്ടികളെ പോലെ നിഷ്കളങ്കമായി പുഞ്ചിരിച്ചു.
ഈ പണി ചെയ്താൽ അയാൾക്ക് നൂറ്റമ്പത് റിയാൽ അധികം കിട്ടുമത്രെ. അത്‌ കൊണ്ടാണ് പെരുന്നാൾ നിസ്കാരം കഴിഞ്ഞ ഉടനെ അയാൾ പണിക്കിറങ്ങിയത്.
ഈ പൈസയൊക്കെ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് അയാൾ ഒന്നും മിണ്ടിയില്ല. സിമെന്റും കമ്പിയും എടുത്തു പൈസയും തന്നു അയാൾ പോയി.
അന്ന് രാത്രി അയാൾ വീണ്ടും വന്നു രണ്ട് ചാക്ക് സിമന്റ്‌ കൂടെ കൊണ്ട് പോയി. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അയാൾ കടയിൽ വന്നത്. ഇത്തവണ നല്ല വൃത്തിയായിട്ടാണ് വന്നത്. ധരിച്ച വസ്ത്രങ്ങൾ എല്ലാം പുതിയതായിരുന്നു. താടിയും മീശയും വെട്ടി ഒതുക്കിയിരുന്നു. തലപ്പാവും കമ്പിളിയും പക്ഷെ പഴയത് തന്നെയായിരുന്നു.
അന്നാദ്യമായി അയാൾ കുറെ സംസാരിച്ചു. അയാളെ കുറിച്ചും അയാളുടെ നാടിനെ കുറിച്ചും മാതാ പിതാക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം.
ആറു വർഷമായി അയാൾ നാട്ടിൽ പോയിട്ടില്ല. ഇത്തവണത്തെ പോക്കിന് ഒരു പ്രത്യേകതയുണ്ട്. സന്ദർശക വിസയിലോ മറ്റോ കുടുംബത്തെ മൊത്തം അയാൾ സൗദിയിലേക്ക് കൊണ്ട് വരുന്നുണ്ട്. ആ സന്തോഷം എന്നോട് പങ്കു വെക്കാനാണ് അയാൾ വന്നത്.
കോടയിൽ മുങ്ങി കുളിച്ച ഒരു ദിവസമായിരുന്നു അന്ന്. കടയിൽ തീരെ ആളുണ്ടായിരുന്നില്ല. കുറെ സംസാരിച്ചു ഒടുവിൽ എന്നെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു അയാൾ പോയി.
ദിവസങ്ങൾ കടന്നു പോയി. അയാളെ കണ്ടില്ല. പോകെ പോകെ ഞാൻ അയാളെ മറന്നു പോയി.
അഞ്ചാറു മാസം കഴിഞ്ഞപ്പോൾ അയാളുടെ കൂടെ ഇടക്ക് ജോലി ചെയ്തിരുന്ന വേറെ ഒരു അഫ്ഗാനിയെ സൂപ്പർ മാർക്കറ്റിൽ വെച്ച് ഞാൻ കണ്ടു. അയാൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ച് കലങ്ങി പോയി.
അബ്ദുൽ ഭാക്കി മരിച്ചു പോയി എന്നാണയാൾ പറഞ്ഞത്. അയാളുടെ കുടുംബം ജീവിച്ചിരുന്ന നാട് എപ്പോഴും സംഘർഷ ഭരിതമായിരുന്നു. പട്ടാളവും ഭീകരരും പരസ്പരം പോരാടുന്ന മലമടക്കുകൾ നിറഞ്ഞ നാട്. പട്ടാളവും ഭീകരരും മാറി മാറി ഗ്രാമീണരുടെ ജീവിതം നരക തുല്യമാക്കി.
ഏതൊരു അഫ്ഗാനിയെയും പോലെ അബ്ദുൽ ഭാക്കിയും സൗദിയിൽ വന്നത് തന്റെ കുടുംബത്തിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി മാത്രമായിരുന്നു.
ആറു വർഷം ചോര നീരാക്കി അധ്വാനിച്ചു അയാൾ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എങ്ങനെയെങ്കിലും കുടുംബത്തെ സൗദിയിൽ എത്തിച്ചു പിന്നീട് സന്ദർശക വിസ പുതുക്കി ഇവിടെ തന്നെ തുടരാനായിരുന്നു അയാളുടെ തീരുമാനം.
അബ്ദുൽ ഭാക്കി നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം ഉണ്ടായ വെടി വെപ്പിൽ അയാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും അവരുടെ യാത്ര മുടങ്ങുകയും ചെയ്തു.
അയാൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്റെ ചെവികൾ അടഞ്ഞു പോയിരുന്നു.
പിന്നീട് കുറെ നാൾ എന്റെ മനസ്സിൽ ഒരു നോവായി അബ്ദുൽ ഭാക്കിയും ഇന്നെ വരെ ഞാൻ കാണാത്ത അയാളുടെ കുടുംബവും ഒരു വേദനയായി.
അങ്ങനെ എത്രയോ ആളുകൾ ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം പോലുമില്ലാതെ നരകിച്ചു ജീവിക്കുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള നമ്മളൊക്കെ അഹങ്കാരത്തോടെ അവരുടെ രക്തവും കണ്ണീരും വീണ ഭൂമിയുടെ മറ്റൊരു അറ്റത്തു സസന്തോഷം വാഴുന്നു.
ഇന്നലെ വീണ്ടും അബ്ദുൽ ഭാക്കിയെ ഓർക്കാനുള്ള കാരണം റാഷിദ്‌ ഖാനാണ്.
വെടിയുണ്ടകൾ കഥ പറയുന്ന അഫ്ഗാൻ മല നിരകളിൽ നിന്നും ഒരിക്കലും തളരാത്ത പോരാട്ട വീര്യവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച റാഷിദ്‌ ഖാൻ.
ഇന്നലെ നടന്ന മത്സരത്തിൽ എട്ടാമനായി അയാൾ ക്രീസിൽ എത്തുമ്പോൾ ടീമിന് വിജയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. 13 ബോളിൽ 21 റൺസ് മാത്രം മതിയായിരുന്നു അപ്പോൾ.
എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഔട്ടായി നിസ്സഹായനായി അയാൾ മടങ്ങുമ്പോൾ സ്‌ക്രീനിൽ കണ്ട അയാളുടെ മുഖത്തെ പോരാട്ട വീര്യത്തിന് അല്പം പോലും കുറവ് വന്നിരുന്നില്ല.
ഇത് പക്ഷെ ഒരു ഗെയിം മാത്രമാണ്. നാളെ അയാൾക്ക് വീണ്ടും അവസരം ലഭിച്ചേക്കാം.
പക്ഷെ,
അബ്ദുൽ ഭാക്കിക്ക് അങ്ങനെയല്ലല്ലോ.
മുറിച്ചു മാറ്റിയ കാലുകളുമായി അഫ്ഗാന്റെ മല മടക്കുകളിൽ എവിടെയോ തന്റെ കുടുംബത്തെയും ചേർത്തു പിടിച്ചു ഒരിക്കലും തളരാത്ത പോരാട്ട വീര്യവുമായി അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.
Written by Hakeem Morayoor

സക്കാത്ത് I ഹക്കീം മൊറയൂർ.


 സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു നോമ്പ് കാലം.
അന്നത്തെ നോമ്പ് കാലത്തെ അത്താഴവും നോമ്പ് തുറയുമെല്ലാം ഇതിനു മുമ്പ് ഞാൻ എഴുതിയത് കൊണ്ട് അത്‌ വിട്ടു കളയുന്നു.
അന്നു, രാവിലെ തന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങുക എന്നത് എന്റെ ഉത്തരവാദിത്തം ആണ്. ഒരു പാട് അംഗങ്ങൾ ഉള്ള വീട്ടിലേക്കുള്ള ഒരു ദിവസത്തെ സാധനം മാത്രമാണ് അന്നൊക്കെ വാങ്ങുക. ഇന്നിത് വായിക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും അന്നത്തെ ഒട്ടു മിക്ക ആളുകളുടെയും ജീവിതം അങ്ങനെയായിരുന്നു.
ഒന്നര കിലോ പച്ചരി, അരക്കിലോ പഞ്ചാര, നൂറു ഗ്രാം ചായപ്പൊടി, ഇരുന്നൂറ് വെളിച്ചെണ്ണ, നാലു കഷ്ണം സാബൂൻ, പത്തു രൂപക്ക് മീൻ എന്നിങ്ങനെയൊക്കെയാണ് അന്നത്തെ ലിസ്റ്റ് ഉണ്ടാവുക. വെളിച്ചെണ്ണ വാങ്ങാൻ കുപ്പിയും സാധനങ്ങൾ കൊണ്ട് വരാൻ സഞ്ചിയും കയ്യിൽ കാണും. പ്ലാസ്റ്റിക്ക് ജീവിതത്തിൽ സജീവമാവാത്ത ഒരു കാലമായിരുന്നു അത്‌. അരിയും പഞ്ചാരയും പരിപ്പുമെല്ലാം തൂക്കി തരുന്നത് പത്രം കൊണ്ട് ഉണ്ടാക്കിയ പേപ്പർ സഞ്ചികളിൽ ആണ്.
അരകിലോ മീറ്ററോളം നടക്കാനുണ്ട് വീട്ടിൽ നിന്നും അങ്ങാടിയിലേക്ക്. മെയിൻ റോഡിലൂടെയാണ് നടക്കേണ്ടത്.
അന്ന് മിട്ടായി വാങ്ങാൻ എനിക്കൊരു പരിപാടി ഉണ്ടായിരുന്നു. സാധനം വാങ്ങാനുള്ള സഞ്ചിയുടെ കൂടെ മറ്റൊരു സഞ്ചി കൂടെ എന്റെ അരയിൽ കാണും.
അങ്ങാടിയിലേക്ക് പോവുമ്പോൾ റോഡ് സൈഡിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക്കും കുപ്പികളും തകരവുമെല്ലാം ഞാൻ ആ സഞ്ചിയിൽ നിറക്കും. അങ്ങാടിയിലേക്ക് പോവുമ്പോൾ ഒരു ഭാഗവും തിരിച്ചു വരുമ്പോൾ മറ്റേ ഭാഗവുമാണ് നോക്കി നടക്കുക. മിക്കവാറും ദിവസങ്ങളിൽ കള്ള് കുപ്പികളോ കോള ടിന്നുകളോ ഒക്കെ കിട്ടും. അത്‌ വീട്ടുകാർ കാണാതെ ആരുടെയെങ്കിലും പറമ്പുകളിൽ ഒളിപ്പിച്ചു വെക്കും. എന്നിട്ട് സ്കൂൾ ഇല്ലാത്ത ദിവസം അത്‌ ആക്രി കടയിൽ കൊണ്ട് പോയി വിൽക്കും. തുച്ഛമായ പൈസയെ കിട്ടൂ എങ്കിലും അന്നത്തെ കാലത്ത് ആ പൈസക്ക് വലിയ മൂല്യം ഉണ്ടായിരുന്നു.
നോമ്പ് കാലത്ത് രാവിലെ റോഡിൽ ആരും ഉണ്ടാവില്ല. മിക്കവാറും ഒന്നോ രണ്ടോ പേരെ റോഡിൽ എവിടെയെങ്കിലും കണ്ടാലായി. എന്നാൽ ഇരുപത്തി ആറാമത്തെ നോമ്പിനു രാവിലെ തന്നെ റോഡിൽ ഒരു നേർച്ചക്കുള്ള ആളുണ്ടാവും. ആ ആളുകൾക്ക് എല്ലാം ഒരു ഉദ്ദേശമുണ്ട്.
സക്കാത്ത് സ്വീകരിക്കാൻ ആണ് ആ ആളുകൾ എല്ലാം വരുന്നത്. ഞങ്ങളുടെ നാട്ടിൽ നിന്നും അപൂർവമായേ ആളുകൾ അങ്ങനെ സക്കാത്ത് വാങ്ങാൻ പോവാറുള്ളൂ.
ഇസ്ലാമിക വിധിപ്രകാരം സമ്പത്തിന്റെ മേലുള്ള നിർബന്ധിത ദാനമാണ് സക്കാത്ത്. അതിന് കുറച്ചു വിധികൾ ഉണ്ട്. ലളിതമായി പറഞ്ഞാൽ അത്‌ മൊത്തം സ്വത്തിന്റെ രണ്ടര ശതമാനത്തോളം വരും. അതായത് ഒരു ലക്ഷം രൂപ കയ്യിൽ ഉള്ളയാൾ രണ്ടായിരത്തി അഞ്ഞൂറ് രൂപ നിർബന്ധമായും സക്കാതിനു അർഹരായ ആളുകളെ കണ്ടെത്തി അവർക്ക് കൊടുക്കണം. അത്‌ പാവങ്ങളുടെ അവകാശമാണ്.
എന്നാൽ ഇവിടെ നടക്കുന്നത് തികച്ചും ഒരു കാട്ടി കൂട്ടൽ ആണ്. മിക്ക ആളുകളും സക്കാത്ത് കൊടുക്കേണ്ട രീതിയിൽ കൊടുക്കുന്നവരാണ്. എന്നാൽ ചിലർ സക്കാത്ത് കൃത്യമായി കൊടുക്കില്ല. എന്നാൽ 26 മത്തെ നോമ്പിനു രാവിലെ മുതൽ വീട്ടിൽ വരുന്ന ആളുകൾക്ക് അവർ പത്തും ഇരുപതും രൂപയൊക്കെ കൊടുക്കും. അത്‌ വാങ്ങാൻ വരുന്നവർ ആ പ്രദേശത്തുള്ള കാണാൻ വലുപ്പമുള്ള വീടുകളിൽ എല്ലാം സക്കാത്തിനായി കയറി ഇറങ്ങാൻ തുടങ്ങും.
ജോലിക്ക് പോവാൻ കഴിയാത്തവരും പച്ച പാവങ്ങളും പക്വത എത്താത്ത കുട്ടികളുമൊക്കെയാണ് സക്കാത്ത് പ്രതീക്ഷിച്ചു നടക്കുന്നത്. അഭിമാനികൾ ആയ ഒരു പാവപ്പെട്ട മനുഷ്യനും അന്നേ ദിവസം ഒരു വീട്ടിലും പോവാറില്ല.
അങ്ങാടിയിലേക്ക് പോവുന്ന വഴി ഒരു വീടുണ്ട്. റോഡരികിൽ തന്നെയുള്ള വലിയ വീടായതിനാൽ അന്നേ ദിവസം അവിടെ ഒരു പാട് പേര് എത്താറുണ്ട്. വരുന്നവർക്കെല്ലാം അവിടുന്ന് പൈസയും കിട്ടാറുണ്ട്.
അന്ന് അവിടെ എത്തിയപ്പോൾ മനസ്സിന് വല്ലാത്ത ഒരു ചാഞ്ചാട്ടം. അവിടെ വരെ പോയാൽ അഞ്ചോ പത്തോ കിട്ടുമെന്ന് ഉറപ്പാണ്. പക്ഷെ ആരെങ്കിലും കണ്ടാൽ മോശമല്ലേ എന്നൊരു ചിന്ത മനസ്സിനെ അലട്ടുന്നുമുണ്ട്. കുട്ടിക്കാലം മുതലേ അർഹതയില്ലാത്ത എന്തും സ്വീകരിക്കാൻ മനസ്സ് സമ്മതിക്കാറില്ല.
അങ്ങാടിയിലേക്ക് പോയപ്പോൾ കുട്ടികൾ രണ്ട് രൂപയും അഞ്ചു രൂപയുമൊക്കെയായി വരുന്നത് കണ്ടു. അങ്ങോട്ടേക്ക് തിരിഞ്ഞ കാലുകൾ കഷ്ടപ്പെട്ട് വലിച്ചെടുത്താണ് ഞാൻ അങ്ങാടിയിലേക്ക് പോയത്. സാധനം വാങ്ങി തിരിച്ചു വരുമ്പോൾ ആ ഗേറ്റും കടന്നു ഞാൻ അവരുടെ മതിലിനോട് ചേർന്നുള്ള ഇടവഴിയിലൂടെ എന്റെ വീട്ടിലേക്ക് നടന്നു.
അവിടെ സക്കാത്ത് വിതരണം തകൃതിയായി നടക്കുകയാണ്. ആഗ്രഹം അഭിമാനത്തെ കടത്തി വെട്ടിയ നിമിഷത്തിൽ ഞാനും അവരിലൊരാളായി വരി നിന്നു. എത്ര നീങ്ങിയിട്ടും കാലുകൾ മുന്നോട്ട് നീങ്ങാത്ത പോലെ. മറ്റൊരാളുടെ കയ്യിൽ ഉള്ള പണം യാചിച്ചു വാങ്ങാൻ പോവുകയാണ്. എനിക്ക് ആ വരിയിൽ നിന്നും തിരിച്ചു പോവണമെന്ന് തോന്നി. എന്നാൽ അതെ നിമിഷം കിട്ടാൻ പോകുന്ന പുതുമണം മാറാത്ത അഞ്ചു രൂപ നോട്ടിന്റെ മണം ഓർത്തപ്പോൾ വിട്ടു പോവാനും തോന്നുന്നില്ല.
അങ്ങനെ എങ്ങനെയോ ഞാനും ആ വരിയുടെ ഏറ്റവും മുന്നിലെത്തി. കറുത്ത് മെലിഞ്ഞു ഉയരം കുറഞ്ഞ ഒരു കുട്ടിയായിരുന്ന എന്നെ കണ്ടു അദ്ദേഹം എന്റെ കയ്യിലേക്ക് ഒരു രൂപയുടെ ഒരു നാണയം ഇട്ട് തന്നു. ആ നാണയം കയ്യിൽ വന്നു വീണപ്പോൾ അറിയാതെ എന്റെ മനസ്സ് പൊള്ളി. അഞ്ചു രൂപ പ്രതീക്ഷിച്ചു നിന്ന എനിക്കാണ് ഒരു രൂപ. എന്റെ മുന്നിൽ നിന്നിരുന്ന ആളുകൾക്കൊക്കെ കൊടുത്തത് അഞ്ചും പത്തും രൂപയാണ്. എനിക്ക് കരച്ചിൽ വന്നു. സത്യമായിട്ടും കരഞ്ഞു പോവുമോ എന്ന് ഞാൻ പേടിച്ചു പോയി.
തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ മുഖത്തേക്ക് അപ്പോഴാണ് അദ്ദേഹം നോക്കിയത്. എന്റെ ഉപ്പയെയും വലിയുപ്പയെയും എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. പരിചയമുള്ള എനിക്ക് ഒരു രൂപ തന്നതിൽ അദ്ദേഹത്തിനും കുറ്റബോധം തോന്നിയിരിക്കണം.
അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു പിടക്കുന്ന രണ്ട് ഇരുപത് രൂപ നോട്ടുകൾ തന്നു. ഒരൊറ്റ നിമിഷം കൊണ്ട് എന്റെ കണ്ണുകൾ മഞ്ഞളിച്ചു പോയി. ഭൂമിയിലും ആകാശത്തുമല്ലാത്ത പോലെയാണ് ഞാൻ എന്റെ വീട്ടിലേക്ക് നടന്നത്.
പത്തു രൂപക്ക് ഒരു കിലോ മത്തി കിട്ടിയിരുന്ന കാലമാണ്. അന്നാണ് നാല്പത് രൂപ. എന്നെ പോലെ ഒരു കുട്ടിക്ക് ശരിക്കും ഒരു ലോട്ടറി തന്നെയായിരുന്നു ആ നാല്പത് രൂപ.
പക്ഷെ പെട്ടെന്ന് തന്നെ ഒരാളുടെ മുൻപിൽ കൈ നീട്ടി വാങ്ങിയതാണല്ലോ ആ പൈസ എന്നോർത്തു നെഞ്ച് നീറാനും തുടങ്ങി. എന്തായാലും ആ പൈസ എനിക്ക് നൽകിയത് സന്തോഷത്തേക്കാളേറെ സങ്കടം തന്നെയാണ്.
അല്ലെങ്കിലും അത്‌ അങ്ങനെയാണല്ലോ. അർഹതയില്ലാതെ നാം നേടുന്ന എന്തും ഒരു കയ്പ്പ് പോലെ നമ്മുടെ മനസ്സ് നീറ്റി കൊണ്ട് അങ്ങനെ കിടക്കും.

Written by Hakeem Morayoor

പ്യാജ്. | ഹക്കീം മൊറയൂർ.

 

ഭായ്. ഏക് പ്യാജ് മിലേഗാ?.
വളരെ ദയനീയമായ സ്വരത്തിലുള്ള ചോദ്യം കേട്ട് ഞാൻ അവനെ അമ്പരന്നു നോക്കി.
യുപിക്കാരനാണ് ചോദിക്കുന്നത്. കുറച്ചപ്പുറത്തെ യമനിയുടെ റൂമിൽ താമസിക്കുന്നവനാണ്. ഇടക്കിടെ അവനെ കാണാറുണ്ട്. ഇത് വരെ ഒന്ന് ചിരിക്കുക എന്നതിൽ കവിഞ്ഞു കൂടുതൽ ഒന്നും സംസാരിച്ചിട്ടില്ല.
രണ്ട് ഹിന്ദിക്കാരാണ് യമനിയായ കെട്ടിടം പണിക്കാരൻ വാടകക്ക് എടുത്ത കൊച്ചു റൂമിൽ താമസിക്കുന്നത്. അവർ സുബഹി നിസ്കാരത്തിനു ബാങ്ക് വിളിക്കുന്നതിന്‌ മുൻപേ റൂമിൽ നിന്നും ജോലിക്കായി പുറത്ത് പോവും.
ഉണർന്നു കിടക്കുകയാണെങ്കിൽ യമനിയുടെ പാട്ട ഹൈലക്സ് കാർ അതിരാവിലെ തന്നെ ഹോൺ മുഴക്കുന്നതും തൊട്ടടുത്ത നിമിഷം രണ്ട് ബൂട്ടുകളുടെ ശബ്ദവും ഡോർ അടച്ചു ആ വണ്ടി തിരിച്ചു പോവുന്ന ശബ്ദവും കേൾക്കാം. പിന്നെ അവർ തിരിച്ചു വരുന്നത് മഗ്‌രിബ് ഒക്കെ കഴിഞ്ഞാണ്.
ഇന്നലെയും മിനിഞ്ഞാന്നും കൂടെയുള്ള ഹിന്ദിക്കാരൻ പ്യാജ് വാങ്ങി പോയത് ഞാൻ അപ്പോഴാണ് ഓർത്തത്. ഉള്ളിക്ക് അത്യാവശ്യം വിലയുള്ള സമയമാണ്. കൂടാതെ എന്റെ പിശുക്കും കൊണ്ട് കുറച്ചു മാത്രമേ ഞാൻ വാങ്ങി വെക്കാറുള്ളൂ.
കടം വാങ്ങാൻ വന്നതിന്റെ ആ ഒരു വിഷമം അവന്റെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.
പണ്ടൊക്കെ പലചരക്കു കടയിൽ പറ്റ് വാങ്ങാൻ പോവുന്ന കാലത്തെ എന്റെ അവസ്ഥ ഞാൻ വെറുതെ ഒന്നാലോചിച്ചു നോക്കി. ഏറ്റവും അവസാനം വന്ന ആൾക്ക് വരെ സാധനം കൊടുത്തേ ആദ്യം വന്ന എനിക്ക് സാധനം കിട്ടാറുള്ളൂ. ഓരോ നിമിഷവും നാളെ അങ്ങോട്ട് പോവില്ല എന്ന ചിന്തയോടെയാണ് കടയിൽ നിന്നും തിരിച്ചു പോരുക.
എന്തായാലും ഞാൻ രണ്ട് ഉള്ളി എടുത്തു അവനു കൊടുത്തു. ഇനി വരരുതേ എന്നൊരു ഭാവവും എന്റെ മുഖത്ത് അറിയാതെ വിരിഞ്ഞിരുന്നു. അതിനും കാരണമുണ്ട്. വളരെ ചെറിയ ശമ്പളത്തിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. മാസം പത്തായിരം തികച്ചു വീട്ടിലേക്ക് അയക്കാൻ ബാക്കി കിട്ടാത്ത അത്രയും കുറവ് ശമ്പളത്തിൽ. 2010 ലാണ് ഈ സംഭവം നടക്കുന്നത്. അതായത് പറഞ്ഞ ശമ്പളം കിട്ടാതെ കിട്ടുന്ന ശമ്പളത്തിന് കൂലി പണി രാജനായി ജോലി നോക്കുന്ന സമയത്ത്.
അവൻ പോയതിനു ശേഷമാണ് മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് വന്നത്. സാധാരണ ഈ ഹിന്ദിക്കാർ പാത്രം കഴുകാനും ചിക്കൻ മുറിക്കാനുമൊക്കെ കുളിമുറിയുടെ പുറത്തുന്ന സിങ്കിനടുത്തേക്കാണ് പോവാറ്. ഈയിടെയായി അവരെ ആ ഭാഗത്തു അങ്ങനെ കാണാറില്ല. കൂടാതെ രാത്രികളിൽ അവരുടെ റൂമിൽ നിന്നും കടലക്കറിയുടെ കനത്ത മസാലക്കൂട്ടിന്റെ ഗന്ധവും ഉയറാറില്ല.
ഏതായാലും രാത്രി കടയിലേക്ക് പോവുന്ന വഴിക്ക് ഞാൻ അവരുടെ റൂമിൽ ഒന്ന് കയറി. ചാരിയിട്ട വാതിലിൽ മുട്ടി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വാതിൽ തുറന്നു.
തുറന്ന വാതിലിലൂടെ ഞാൻ അകത്തേക്ക് ഒന്ന് പാളി നോക്കി. റൂമിൽ വെറും തറയിൽ പായ വിരിച്ചാണ് അവർ കിടക്കുന്നത്. ദിവസങ്ങളായി ഭക്ഷണം ഉണ്ടാക്കിയില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്ന രൂപത്തിലുള്ള പൊടി പിടിച്ച പാത്രങ്ങളും ഒഴിഞ്ഞ പച്ചക്കറി പാത്രങ്ങളും ധാന്യ കുപ്പികളും.
ക്യാ ഖാന ഖായാ?.
എന്റെ ചോദ്യത്തിന് ആദ്യമൊന്നും അവനൊന്നും മിണ്ടിയില്ല. കൂടെയുള്ള പയ്യൻ ഞാൻ സവാള തിരിച്ചു ചോദിക്കാൻ വന്നതാണോ എന്ന് കരുതി നിലത്തേക്ക് നോക്കി ഇരിക്കുകയാണ്.
അവർക്ക് ആറു മാസമായി യമനി ശമ്പളം കൊടുത്തിട്ടില്ല. വിസയുടെ കാലാവധിയും കഴിഞ്ഞിരിക്കുകയാണ്. ശമ്പളം കിട്ടാതെ പണി ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ്. ഒരു റിയാൽ പോലും ഇനി അവരുടെ കയ്യിൽ ബാക്കിയില്ല. ഏതോ കടയിൽ നിന്നും കാലാവധി കഴിഞ്ഞ കുബ്ബൂസ് ആടിന് കൊടുക്കാൻ വേണ്ടി പുറത്തുള്ള ബക്കറ്റിൽ ഇട്ട് വെച്ചത് എടുത്തു കൊണ്ട് വന്നാണ് രണ്ട് ദിവസമായി കഴിക്കുന്നത്.
കുടിക്കാൻ പൈപ്പ് വെള്ളവും. പച്ച വെള്ളവും ഉണങ്ങിയ കുബ്ബൂസും അല്പം രുചി കിട്ടാൻ എന്നോട് കടം വാങ്ങിയ ഉള്ളിയും. ഗ്യാസും കുടി വെള്ളവും എന്നോ തീർന്നിരിക്കുന്നു.
അത്രക്ക് ദയനീയമായ ഒരവസ്ഥയിൽ രണ്ട് ചെറുപ്പക്കാരെ ഞാൻ ആദ്യമായി കാണുകയാണ്. പുറത്ത് പോയാൽ പോലീസ് പിടിക്കും എന്ന് യമനി അവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. പ്രത്യേകിച്ച് അവർ മുസ്ലിം അല്ലാത്തത് കൊണ്ടും അറബി ഭാഷയിൽ വലിയ പ്രാവീണ്യം ഇല്ലാത്തത് കൊണ്ടും യമനിയുടെ ഭീഷണിയിൽ ഭയന്ന് ജീവഹാനി പേടിച്ചു റൂമിൽ തന്നെ ഇരിക്കുകയാണ് അവർ.
ആൾതാമസം നന്നേ കുറവുള്ള നമാസ് ഭാഗത്തെ സബ്ത്തുൽ അലായ എന്ന ചെറുപട്ടണത്തിൽ നിന്നും അര മണിക്കൂർ യാത്ര ചെയ്താലാണ് ഞാൻ താമസിക്കുന്ന ബനീ അംറിൽ എത്തുക. ബദുക്കളുടെ നാടാണ്. ചുരവും മലഞ്ചെരിവുകളും മഞ്ഞും കോടയും തണുപ്പും എല്ലാം നിറഞ്ഞ പ്രദേശം.
കുറച്ചു നേരം ഞാൻ അന്തം വിട്ട് നിന്നു. പിന്നെ പോക്കറ്റിൽ തപ്പി നോക്കി. 20 റിയാലിന് അടുത്ത് ബാക്കിയുണ്ട്. ശമ്പളം കിട്ടാൻ ഇനിയും ഒരാഴ്ച പിടിക്കും. അത്‌ വരെ എനിക്ക് കഷ്ടി പിടിച്ചു നിൽക്കാൻ തന്നെ ആ തുക പോരാ.
ഞാൻ കടയിൽ പോയി കുറച്ചു ഗോതമ്പ് പൊടിയും കടലയും മറ്റു സാധനങ്ങളും രണ്ടു മൂന്ന് ദിവസത്തേക്ക് ഉള്ളത് വാങ്ങിച്ചു അവർക്ക് കൊണ്ട് കൊടുത്തു. പിന്നെ റൂമിൽ നിറച്ചു വെച്ചിരുന്ന ഒരു ഗാലൻ വെള്ളവും.
അവരുടെ നിറഞ്ഞ കണ്ണുകൾ കാണാൻ പോലും നിൽക്കാതെ ഞാൻ എന്റെ റൂമിലേക്ക് നടന്നു. നമ്മൾ ഒരു ഉപകാരം ചെയ്തു കൊടുത്താൽ അതിന്റെ നന്ദി കിട്ടാനായി അവിടെ പിന്നെയും നിൽക്കുന്നത് എന്തോ എനിക്ക് ഇഷ്ടമല്ല. അത്‌ കൊണ്ടാണോ എന്നറിയില്ല, നേരിട്ടു പരിചയമില്ലാത്ത പലരും കരുതുന്നത് ഞാനൊരു പരുക്കൻ മനുഷ്യൻ ആണെന്നാണ്.
പിറ്റേന്ന് രാവിലെ ആ യമനി വീണ്ടും വന്നു. അവരെ പണിക്കു കൊണ്ട് പോവാനാണ് അയാൾ വന്നത്. ശമ്പളം തരാതെ പണിക്കു വരില്ലെന്ന് പറഞ്ഞതോടെ അയാൾ വളരെ ഉച്ചത്തിൽ ചീത്ത വിളിക്കാൻ തുടങ്ങി.
അതോടെ ഞാൻ ആ പ്രശ്നത്തിൽ ഇടപെട്ടു.
ഞാൻ അവരുടെ ഭാഗത്തു നിന്നു സംസാരിക്കുന്നതിൽ ആ യമനിക്ക് വലിയ ദേഷ്യം തോന്നിയിരിക്കണം. അയാൾ എന്നെ കൂടെ ചീത്ത വിളിക്കാൻ തുടങ്ങി. പിന്നെ ബഹളം എന്റെ നേർക്കായി.
'നീ എന്താണ് ഇവർക്ക് ശമ്പളം കൊടുക്കാത്തത് '?.
അറബ് വംശജനായ അയാളെ കേവലം ഹിന്ദിയായ ഞാൻ കൈ ചൂണ്ടി തലയുയർത്തി പേടിയില്ലാതെ ചോദ്യം ചെയ്തത് അയാൾക്ക് ഒട്ടും പിടിച്ചില്ല. അപ്പോഴേക്കും എന്റെ കഫീലിന്റെ മകനും അവിടെ വന്നു.
അതോടെ യമനി കുറച്ചു മയപ്പെട്ടു. കാര്യം തിരക്കിയ സൗദികളോട് എനിക്കറിയുന്ന അറബിയിൽ ഞാൻ കാര്യം പറഞ്ഞതോടെ എല്ലാവരും യമനിക്ക് നേരെ തിരിഞ്ഞു. അതോടെ അയാൾ വിഷയം മാറ്റി കളഞ്ഞു.
'അവർ രണ്ടു പേരും കള്ള കാഫിറുകളാണ് '.
എനിക്കു ആ വാക്കുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആറു മാസമായി പട്ടിയെ പോലെ പണി ചെയ്യിച്ചിട്ട് പൈസ കൊടുക്കാതെ പട്ടിണിക്കിട്ട ആൾ സ്വന്തം താല്പര്യത്തിനു വേണ്ടി ജയിക്കാൻ യഥാർത്ഥ മുസ്ലിം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു മനുഷ്യന്റെ മനസ്സുകൾ തമ്മിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. വിയർപ്പ് ഉണങ്ങുന്നതിനു മുമ്പ് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ ആഹ്വാനം ചെയ്ത പ്രവാചകന്റെ പേരിൽ അയാൾ കള്ള സത്യം ചെയ്യുകയാണ്.
എനിക്ക് വന്ന ദേഷ്യത്തെക്കാൾ കൂടുതലാണ് സത്യത്തിൽ അവിടെ കൂടി നിന്ന ബദുക്കൾക്ക് ഉണ്ടായത്. പ്രാകൃത സ്വഭാവക്കാരായിട്ടും ആ യമനിയുടെ സംസാരം അവർക്ക് ഇഷ്ടമായില്ല. അവർ കടുത്ത ചീത്ത വാക്കുകൾ പറയാൻ തുടങ്ങിയതോടെ യമനിക്ക് പിടിച്ചു നിൽക്കാൻ പറ്റാതെയായി.
എന്തായാലും ഒരാഴ്ചക്കുള്ളിൽ ഏറെ കുറെ കിട്ടാനുള്ള പൈസ അവർക്ക് കിട്ടി. സന്തോഷത്തോടെ പിന്നീട് അവർ മറ്റൊരു സ്ഥലത്തേക്ക് പോയി. പോവുമ്പോൾ അവർ ഹക്കീം ഭായ് എന്ന് വിളിച്ചു സ്നേഹത്തോടെ കെട്ടിപ്പിടിച്ചാണ് പോയത്.
അവർ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. എവിടെ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കുകയാവും എന്ന് പ്രതീക്ഷിക്കുന്നു.
വായനക്ക്‌ നന്ദി.
ഹക്കീം മൊറയൂർ.

എന്റെ കഥകൾ | ഹക്കീം മൊറയൂർ.


ആറിലും എഴിലും ഒക്കെ പഠിക്കുമ്പോൾ ഞാൻ ആക്രി സാധനങ്ങൾ പെറുക്കി തലച്ചുമടായി അങ്ങാടിയിലെ ആക്രി കടയിൽ കൊണ്ട് പോയി വിറ്റ് ചെറിയ രീതിയിൽ ചിലവ് കാശ് ഒപ്പിക്കാറുണ്ടായിരുന്നു.
എന്റെ അടുത്തുള്ള വീടുകളുടെ എല്ലാം അടുക്കള ഭാഗത്തുള്ള കുപ്പി ചില്ലും തകരവും ഇരുമ്പും പ്ലാസ്റ്റിക്കും എല്ലാം വേറെ വേറെയാക്കി ചാക്കിൽ കെട്ടി ഞാൻ കൊണ്ട് പോവും. അതിന് പലപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി എന്നായിരുന്നു കണക്ക്.
അങ്ങനെ പത്രങ്ങളും മാസികകളും ചാക്കിലാക്കുന്ന നേരത്താണ് എനിക്കൊരു ബുക്ക്‌ കിട്ടുന്നത്.
ബേപ്പൂർ സുൽത്താന്റെ ബാല്യകാല സഖി എന്ന പ്രശസ്തമായ ബുക്ക്‌ ആയിരുന്നു അത്‌.
അത്‌ അന്നത്തെ ആരുടെയോ പാഠ പുസ്തകം ആയിരുന്നു എന്നാണ് എന്റെ ഓർമ. പീഡിഗ്രിയാണോ ഡിഗ്രിയാണോ എന്നോർമയില്ല. എന്തായാലും ആ ബുക്കിൽ കുറെ എന്തൊക്കെയോ ഇംഗ്ലീഷിലും മലയാളത്തിലും കുറിച്ചു വെച്ചിരുന്നു. ബുക്കിന്റെ പഴമ വിളിച്ചോതുന്ന ഗന്ധത്തിന്റെ കൂടെ കുട്ടിക്കൂറ പൗഡറിന്റെ ചിരപരിചിതമായ സുഗന്ധവും പരസ്പരം ഇണ ചേർന്നു കിടന്നിരുന്നു.
ആ ബുക്കിന്റെ രണ്ട് ഭാഗത്തെയും കുറെ പേജുകൾ നഷ്ടപ്പെട്ടു പോയിരുന്നു. അന്ന് വരെ ബാലമംഗളവും ബാലരമയും പൂമ്പാറ്റയും ഇടക്കിടെ കട്ടെടുത്തു വായിക്കുന്ന മനോരമയും മംഗളവും ആയിരുന്നു എന്റെ കൂട്ടുകാർ.
സാധനങ്ങൾ എല്ലാം വിറ്റ് വീട്ടിൽ വന്നു ഞാൻ ബാല്യകാല സഖി വായിക്കാൻ തുടങ്ങി.
വല്ലാത്തൊരു ലഹരി ആയിരുന്നു ആ വായന. സുഹറയും മജീദും എന്റെ നെഞ്ചിനുള്ളിൽ കുടിയേറിയപ്പോഴും ആദ്യാവസാനം നഷ്‌ടമായ പേജുകളെ ഓർത്തു എന്റെ മനസ്സ് വേവലാതി പൂണ്ടു.
പിന്നീടങ്ങോട്ട് എന്റെ വായനയിൽ ബേപ്പൂർ സുൽത്താൻ ഇടിച്ചു കയറി വന്നു.
പൊൻകുരിശ് തോമയും ആന വാരി രാമൻ നായരും മണ്ടൻ മുത്തപ്പയും മുച്ചീട്ട് കളിക്കാരനും മകളും പാത്തുമ്മയും ആനുമ്മയും മറ്റനേകം വിശ്യ വിഖ്യാതരായ കഥാപാത്രങ്ങളും എന്റെ മനസ്സിൽ ഒരു സിനിമയിലെന്ന പോലെ തെളിഞ്ഞു വന്നു.
അക്കാലത്തു വീട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ രാത്രി ഏറെ വൈകുവോളം തറയിൽ വിരിച്ച ഓലപ്പായയിൽ കിടന്നു പുസ്തകം വായിക്കുന്നതിന് ഉമ്മയുടെ ചീത്ത കിട്ടിയ ഓർമ ഇപ്പോഴും മനസ്സിലുണ്ട്. വിളക്ക് എങ്ങാനും പായയിലേക്ക് മറിഞ്ഞു അപകടം സംഭവിക്കുമോ എന്നായിരുന്നു ഉമ്മയുടെ പേടി.
അന്ന് മുതൽ അതി തീവ്രമായ ഒരു സ്വപ്നം എന്റെ ഉള്ളിലും പിടഞ്ഞുണർന്നു.
ഒരു കഥ എഴുതണം.
ആദ്യമായി അങ്ങനെ എഴുതിയ കഥ ആരെയും കാണിക്കാതെ ഞാൻ കീറി കാറ്റിൽ പറത്തി വിട്ടു..
കാലം എന്റെ സ്വപ്നത്തെ കൂടുതൽ കൂടുതൽ കുത്തി നോവിക്കാൻ തുടങ്ങി. പഠനം പാതിയിൽ നിർത്തി വായന ഇഷ്ടപ്പെടുന്ന ഞാൻ മലയാളം പത്രം പോലും കിട്ടാത്ത സ്ഥലങ്ങളിലേക്ക് ജോലിക്കായി എടുത്തെറിയപ്പെട്ടു.
മലയാളം എഴുതാതെയും വായിക്കാതെയും പിന്നിട്ട വർഷങ്ങളിൽ എവിടെയോ വെച്ചു മനസ്സിലെ അക്ഷരങ്ങൾ വിരൽത്തുമ്പുകൾക്ക് വഴങ്ങാതെയായി.
അപ്പോഴേക്കും എന്റെ സ്വപ്നങ്ങൾക്ക് മുകളിൽ ജീവിത പ്രതിസന്ധികൾ മണ്ണിട്ട് മൂടി കഴിഞ്ഞിരുന്നു.
പിന്നീട് ജോലിക്കായി കുവൈറ്റിൽ പോയപ്പോൾ ഫേസ്‌ ബുക്ക്‌ കൂടുതൽ ഉപയോഗിക്കാനും ഓൺലൈൻ ഗ്രൂപ്പുകൾ വഴി കഥകൾ വായിക്കാനും തുടങ്ങി.
അങ്ങനെ മനസ്സിൽ വർഷങ്ങളായി കുടിയേറിയ കഥാപാത്രങ്ങൾ കഥകളായി പുനർജനിച്ചു.
ഗ്രൂപ്പുകളിൽ പല കഥകൾക്കും നൂറോളം ലൈക്കുകൾ കിട്ടാൻ തുടങ്ങി. അപ്പോഴും മനസ്സിൽ പുസ്തകം എന്ന സ്വപ്നം തീവ്രമായി കത്തി ജ്വലിച്ചു നിന്നു.
ഒൻപത് കഥകൾ എഴുതി ഞാൻ ഒരു വട്ടം പുസ്തകമാക്കാൻ ശ്രമിച്ചു. പക്ഷെ അന്നു അതിന് കഴിഞ്ഞില്ല.
പിന്നീട് ഒരു പ്രാവശ്യം പണം സ്വരൂപിച്ചപ്പോഴാണ് കേരളം വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. അന്നും എന്റെ ആഗ്രഹത്തെ ഞാൻ മനസ്സില്ലാ മനസ്സോടെ കുഴിച്ചു മൂടി.
മൂന്നാമത്തെ തവണയാണ് കൊറോണ വന്നത്. എന്റെ ഉമ്മയടക്കം കൊറോണയുടെ പിടിയിലായി.
മാസങ്ങളോളം ജോലിക്ക് പോവാതെയായി. പതുക്കെ പതുക്കെ ആദ്യ പുസ്തകത്തിന്റെ രാശി കുറവ് എന്ന അന്ധ വിശ്വാസം എന്നിലും പതുക്കെ വേരോടാൻ തുടങ്ങി.
അതിനിടെ ആഗ്രഹം പങ്കു വെച്ച രണ്ട് മൂന്ന് പേരുടെ മനസ്സ് മടുപ്പിക്കുന്ന മറുപടി കൂടെ ആയപ്പോൾ പുസ്തകം എന്ന സ്വപ്നം ഞാൻ താൽക്കാലികമായി കുഴിച്ചു മൂടി.
പക്ഷെ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു.
മാറ്റർ എല്ലാം തയ്യാറായ പുസ്തകത്തിന്റെ ചിലവ് വഹിക്കാൻ ഒരു ഹൃദയം മുന്നോട്ട് വരുകയും (തിരിച്ചു കൊടുക്കണം എന്ന എന്റെ ദുരഭിമാനത്തിൽ ) ആ പുസ്തകം മൂന്ന് പെണ്ണുങ്ങൾ എന്ന പേരിൽ വിപണിയിൽ എത്തുകയും ചെയ്തു.
ഈ അവസരത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. കൊറോണ കാരണം പ്രകാശനം ഒന്നും ഉണ്ടായിരുന്നില്ല.
പുസ്തകം ആവശ്യമുള്ളവർക്ക് ഇൻബോക്സിൽ ബന്ധപ്പെടാവുന്നതാണ്.
ഒത്തിരി സ്നേഹത്തോടെ,
ഹക്കീം മൊറയൂർ.
Nb :- തീവ്രമായി നമ്മൾ ഒന്നാഗ്രഹിക്കുകയും അതിലേറെ നമ്മൾ അതിനായി പരിശ്രമിക്കുകയും ചെയ്താൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും.

Wriiten by Hakkeem Morayoor

പെണ്ണമ്മ.


  പെണ്ണമ്മയെ ആദ്യമായി കാണുന്നത് നാലഞ്ചു വർഷങ്ങൾക്ക്‌ മുമ്പ് കുവൈറ്റിലെ ഫഹാഹീൽ ബീച്ചിൽ വെച്ചാണ്.
ഞാൻ കുവൈറ്റിൽ എത്തി രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം. സിവിൽ ഐഡി കയ്യിൽ കിട്ടിയ ശേഷം പതിവ് പോലെ വെള്ളിയാഴ്ച വൈകിട്ട് റൂമിൽ നിന്നും കടപ്പുറത്തേക്ക് പോവുന്ന വഴിയിൽ വെച്ചാണ് പെണ്ണമ്മയെ ആദ്യമായി കാണുന്നത്.
ഉയരം കുറഞ്ഞു അല്പം തടിച്ച ഒരു മധ്യ വയസ്കയാണ് പെണ്ണമ്മ. വെളുപ്പ് എന്ന് പറഞ്ഞു കൂടാ. എങ്കിലും ഇരുനിറത്തേക്കാൾ അല്പം കൂടെ നിറമുണ്ട്. മുടിയിൽ അവിടവിടെയായി കുറച്ചു നര വീണിട്ടുണ്ട്.
എനിക്കൊരു സ്വഭാവമുണ്ട്. ടൗണിൽ തന്നെയാണ് താമസം എന്നുള്ളത് കൊണ്ട് ഒരാവശ്യവുമില്ലാതെ ഓരോ തെരുവുകളിലൂടെയും അലഞ്ഞു നടക്കുക എന്നത് എന്റെ ഒരു ശീലമായിരുന്നു.
പലവിധ കാഴ്ചകളുടെ ഒരു വർണ്ണ പ്രപഞ്ചമാണ് ഓരോ നഗരങ്ങളും. ഓരോ തെരുവുകൾക്കും ഓരോ സ്വഭാവമാണ്. കുവൈറ്റികളും യൂറോപ്യൻമാരും മാത്രം സന്ദർശിക്കുന്ന പ്രൗഢ ഗംഭീരമായ തെരുവുകൾക്ക് എപ്പോഴും ഒരു രാഞ്ജിയുടെ പ്രൗഢിയാണ്. വിലകൂടിയ അത്തറിന്റെ സുഗന്ധവും പേറി അവളങ്ങനെ തലയുയർത്തി നിൽക്കും.
ഇപ്പുറം ബംഗാളികളും മിസ്രികളും പാക്കിസ്ഥാനികളും ഹിന്ദിക്കാരും കല പില കൂട്ടി നടക്കുന്ന തെരുവിനു ആരു വിളിച്ചാലും കൂടെ പോവുന്ന ഒരു തെരുവ് വേശ്യയുടെ ഭാവമാണ്. അവൾക്കെപ്പോഴും ചവച്ചരച്ചു വഴി നീളെ നീട്ടി തുപ്പിയ പാനിന്റെയും വലിച്ചു തള്ളിയ സിഗരറ്റിന്റെയും മുഷിഞ്ഞ ഗന്ധമായിരിക്കും.
ഞാൻ കാണുന്ന ഓരോ ആളെയും കാര്യമായി നിരീക്ഷിക്കും. എഴുത്തുകൾക്കുള്ള ഓരോ കഥാപാത്രങ്ങളെയും കണ്ടെത്തുന്നത് ഇത്തരം നിരീക്ഷണങ്ങളിൽ നിന്നാണ്.
പെണ്ണമ്മയെയും ഞാൻ കണ്ടെത്തുന്നത് അങ്ങനെയാണ്. കടലിലേക്ക് അലസമായി നോക്കി ആർക്കോ ഫോൺ വിളിച്ചു നിൽക്കുന്ന അവരെ വളരെ അവിചാരിതമായാണ് ഞാൻ കാണുന്നത്.
അച്ചായത്തി സ്റ്റൈലിൽ ഉള്ള മലയാളം കേട്ടാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്. മലയാളികൾക്ക് മലയാളികളെ കാണുമ്പോഴുള്ള ഒരു ജിജ്ഞാസ കൊണ്ട് ഞാൻ അവരുടെ സംസാരം ശ്രദ്ധിക്കാത്ത മട്ടിൽ കുറച്ചപ്പുറത്തു നിന്നു അവരെ നോക്കി കൊണ്ടിരുന്നു.
എന്നെ അവരും കണ്ടെന്നു തോന്നുന്നു. മൊബൈൽ കട്ട് ചെയ്തതും അവർ എന്നെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ ഞാൻ അവരെ പരിചയപ്പെട്ടു.
അവർ ഒരു നേഴ്സ് ആയിരുന്നു. 20 വർഷത്തിൽ അധികമായി കുവൈറ്റിൽ ജോലി ചെയ്യുന്ന ഒരു സാധാ മലയാളി നേഴ്സ്.
അതിനും മുമ്പ് അഞ്ചു വർഷത്തിൽ കൂടുതൽ അവർ നാട്ടിലും ജോലി ചെയ്തിരുന്നു.
സംസാരത്തിനിടെ അവരുടെ കൂടെ വന്നവരൊക്കെ തിരിച്ചു പോവാൻ തുടങ്ങിയപ്പോ അവരും കൂടെ പോയി.
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ടൗണിൽ വരാറുണ്ടായിരുന്നു അവർ.
പിന്നെ ഇടക്കിടെ അവരെ ബീച്ചിൽ വെച്ചു ഞാൻ കാണാറുണ്ടായിരുന്നു. പത്തു പതിനഞ്ചു പേരടങ്ങുന്ന ആ ഒരു സംഘത്തിൽ ഇവരായിരുന്നു ഏറ്റവും പ്രായമുള്ളയാൾ. മറ്റുള്ളവർ ഓരോ സാധനങ്ങൾ വാങ്ങിക്കാൻ കടകളിൽ കയറി ഇറങ്ങുമ്പോൾ ഇവർ ബീച്ചിലെ ഏതെങ്കിലും ഒഴിഞ്ഞ ബെഞ്ചിൽ അലക്ഷ്യമായി ഇരിക്കും.
അവർക്കിപ്പോൾ 55 വയസ്സോളം പ്രായമുണ്ട്. നാട്ടിൽ മൂന്ന് അനിയത്തിമാരും ഒരു അനിയനും ഉണ്ട്. അപ്പനും അമ്മയും ജീവിച്ചിരിപ്പുണ്ട്.
കുടുംബം രക്ഷിക്കാൻ വേണ്ടിയാണു പെണ്ണമ്മ കുവൈറ്റിലേക്ക് വന്നത്. പെണ്ണമ്മ കാരണം വാടകക്ക് താമസിച്ചിരുന്ന കുടുംബം രണ്ടു നില മാളികയിലേക്ക് താമസം മാറി.
അനിയത്തിമാരെ മൂന്ന് പേരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചയച്ചു. അനിയനെയും പഠിപ്പിച്ചു ജോലിയാക്കി കൊടുത്തു.
പക്ഷെ അതിനിടെ സ്വന്തം ജീവിതം നോക്കാൻ പെണ്ണമ്മ മറന്നു പോയി. ആർത്തി മൂത്ത അച്ഛനും അമ്മയും സഹോദരങ്ങളും പെണ്ണമ്മയെ പക്ഷെ അതോർമിപ്പിച്ചില്ല എന്നതാണ് നേര്.
പെണ്ണമ്മയുടെ കാശ് കൊണ്ടാണ് റബ്ബർ തോട്ടം വാങ്ങിയതും ഇരുനില മാളിക കെട്ടിയതും. അന്ന് അപ്പന്റെ ചേട്ടന്റെ നിർബന്ധം കൊണ്ടാണ് അത്‌ പെണ്ണമ്മയുടെ പേരിൽ വാങ്ങിയത്.
ആ വീടിപ്പോൾ അനിയത്തിക്ക് കൊടുക്കണം എന്നാണ് അമ്മയും അച്ഛനും പറയുന്നത്. കുടുംബത്തോട് സ്നേഹമുള്ളവളാണേൽ അത്‌ അനിയത്തിക്ക് കൊടുക്കും എന്നാണ് അമ്മയുടെ പ്രസ്താവന.
പെണ്ണമ്മക്ക് ഇനിയും വേണമെങ്കിൽ മാറ്റൊരു വീട് വാങ്ങാമല്ലോ എന്നാണ് അമ്മയുടെ ന്യായം. പതിവായി അയക്കുന്ന തുകയല്പം കുറഞ്ഞു പോയാൽ പിന്നെ ഫോണെടുക്കാത്ത സ്വഭാവക്കാരിയാണ് ആ അമ്മ.
പെണ്ണമ്മക്ക് നാട്ടിൽ ജോലി ചെയ്യുമ്പോൾ ഒരു ബന്ധം ഉണ്ടായിരുന്നു. കുവൈറ്റിൽ ജോലിയായി ഇച്ചിരെ കാശൊക്കെ ആയപ്പോൾ പൊന്മുട്ടയിടുന്ന താറാവിനെ അയാൾക്ക് കൊടുക്കാൻ അപ്പനും അമ്മയ്ക്കും മനസ് വന്നില്ല.
ആദ്യമൊക്കെ പെണ്ണമ്മ കുറെ കരഞ്ഞു നോക്കി. അപ്പോഴൊക്കെ കര പറ്റാത്ത ഇളയതുങ്ങളെ കാണിച്ചു അമ്മ അവളുടെ കരച്ചിൽ അവസാനിപ്പിച്ചു.
പിന്നീടങ്ങോട്ട് പെണ്ണമ്മ ഒരു നേർച്ചക്കോഴിയായി മാറി.
അവളുടെ കാശ് കൊണ്ട് അനിയത്തിമാർ പഠിച്ചു ജോലി വാങ്ങി കെട്യോന്റെ കയ്യും പിടിച്ചു വേറെ കുടുംബങ്ങളിൽ ചെന്നു കേറുമ്പോഴും പെണ്ണമ്മ കുവൈറ്റിൽ രോഗികൾക്ക് ഉറങ്ങാതെ കാവൽ കിടന്നു.
പിന്നീട് അനിയനും കല്യാണം കഴിച്ചു. അവൻ സ്വന്തമായി വീട് വെച്ചു ഭാര്യയെയും കൊണ്ട് അങ്ങോട്ട് താമസം മാറി. അവനിപ്പോൾ കുടുംബ സമേതം വിദേശത്താണ്. ഇടക്കിടെ അവൻ പെണ്ണമ്മക്ക് മെസേജുകൾ അയക്കാറുണ്ട്.
അനിയത്തിമാരുടെ പ്രസവത്തിനും മക്കളുടെ നൂല് കെട്ടിനും എല്ലാം ചിലവുകൾ പെണ്ണമ്മക്കായിരുന്നു. അനിയത്തിമാരാണെങ്കിൽ കൊല്ലം തോറും മത്സരിച്ചു പ്രസവിച്ചു പെണ്ണമ്മയുടെ ശമ്പളത്തിന്റെ സിംഹഭാഗവും തിന്നു മുടിപ്പിച്ചു.
മക്കൾ വളരുമ്പോൾ അവരുടെ പഠന ചിലവുകൾ കൂടെ പെണ്ണമ്മയുടെ തലയിലാക്കി കൊടുത്തു അനിയത്തിമാർ തിന്ന ചോറിന്റെ കൂറ് കാണിക്കാനും മറന്നില്ല.
ആണിന്റെ ചൂരറിയാത്ത പെണ്ണമ്മ പലപ്പോഴും അനിയത്തിമാരുടെ കുട്ടികളുടെ കൊഞ്ചലിൽ മൂക്കും കുത്തി വീണു.
ഇപ്പോൾ പെണ്ണമ്മയുടെ പേരിലുള്ള വീടിലും സ്ഥലത്തിലുമാണ് അനിയത്തിമാരുടെ കണ്ണ്. അതും കൂടെ കൈ വിട്ട് ജോലിയില്ലാതെ നാട്ടിൽ ചെന്നാൽ കേറി കിടക്കാൻ തമാശക്ക് പോലും ആരും പറയില്ലെന്നു പെണ്ണമ്മക്കും നല്ല ബോധ്യമുണ്ട്.
തന്നെ ചൂഷണം ചെയ്യുകയാണെന്നറിഞ്ഞിട്ടും പെണ്ണമ്മ ഇപ്പോഴും തന്റെ ശമ്പളം അങ്ങനെ വീട്ടിലേക്ക് അയച്ചു കൊടുക്കുന്നു.
പെണ്ണമ്മക്ക് ഈ കാര്യങ്ങളൊക്കെ ഉള്ളു തുറന്നു പറയാൻ ഒരാളെ വേണമായിരുന്നു.
തണുത്ത കാറ്റ് വീശുന്ന കുവൈറ്റിലെ കടപ്പുറത്തെ ബെഞ്ചിലിരുന്നു പതഞ്ഞു കരയുന്ന നേർത്ത തിരകളെ സാക്ഷിയാക്കി അവർ എല്ലാം പറഞ്ഞു തീർത്തു.
അവർ പോയിട്ടും അവർ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു പിന്നെയും കുറെ നേരം കൂടെ ഞാൻ അവിടെ തന്നെ ഇരുന്നു.
കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചു കളയുന്ന എത്രയോ പെണ്ണമ്മമാർ നമുക്ക് ചുറ്റിനും മനസ്സ് തകർന്നു ജീവിക്കുന്നു.
പലരും അസുഖ ബാധിതരായി നാട്ടിൽ എത്തുമ്പോൾ അവരുടെ പേരിൽ ഒന്നുമുണ്ടാവില്ല. അധ്വാനിച്ചു സമ്പാദിച്ച വീടും സ്വത്തുമെല്ലാം ബന്ധുക്കൾ വീതം വെച്ചു കഴിഞ്ഞിരിക്കും.
അവരുടെ കയ്യിൽ ഒന്നുമില്ലെന്ന് മനസ്സിലാവുമ്പോൾ ഉറ്റവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
'ഇത്രയും കാലം വിദേശത്തു ജോലി ചെയ്തിട്ട് നീ എന്താണ് ഉണ്ടാക്കിയത്'.
ആ ചോദ്യം കേൾക്കുമ്പോൾ കറവ വറ്റുമ്പോൾ കശാപ്പുകാരന് കൊടുക്കുന്ന പശു അത്രയും നാൾ തന്റെ കുഞ്ഞുങ്ങൾക്കുള്ള പാൽ ഊറ്റിയെടുത്ത ഉടമസ്ഥനെ നോക്കുന്ന പോലെ ഒരു നോട്ടമുണ്ട്.
ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരിക്കും. അവരുടെ വേദനയും ഉറ്റവർക്ക്‌ വേണ്ടി ഹോമിച്ച സ്വന്തം ജീവിതവും പ്രതിഫലിക്കും. അത്‌ മനസ്സിലായിട്ടും ഒന്നും മനസ്സിലാവാത്ത പോലെ ഊറ്റി ജീവിച്ചവർ പലവഴിക്ക് പിരിഞ്ഞു പോവും.
ആ കാര്യങ്ങൾ തന്നെ മനസ്സിലിട്ട് ഉരുട്ടിയത് കൊണ്ടാണോ എന്നറിയില്ല, പിന്നെ കണ്ട പെണ്ണുങ്ങളിൽ പലർക്കും പെണ്ണുമ്മയുടെ വിഷാദം നിറഞ്ഞ മുഖച്ഛായയായിരുന്നു.
വായനക്ക് നന്ദി.
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.

കോവിഡ്



എന്റെ
ഉമ്മ
ാക്ക് കോവിഡ് ആയിരുന്നു.
കൃത്യമായി പറഞ്ഞാൽ നവംബർ 1 നാണു ഉമ്മയെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.
ഇടക്കിടെ വരുന്ന വയറു വേദനയും പനിയും തളർച്ചയും കൊണ്ടാണ് കൊണ്ടോട്ടി ഹോസ്പിറ്റലിൽ പോയത്. അവിടുത്തെ ഡോക്ടർ മഞ്ചേരിയിലേക്ക് കൊറോണ ചെക്ക് ചെയ്യാൻ അയച്ചു. മാനു മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ ടെസ്റ്റിൽ പോസിറ്റീവായി. അങ്ങനെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്.
കോവിഡ് കേരളത്തിൽ സംഹാര താണ്ഡവമാടിയ സമയമാണ്. 108 ആംബുലൻസുകൾ തലങ്ങും വിലങ്ങും ചീറി പായുന്ന ദിന രാത്രങ്ങൾ.
കാഷ്വാലിറ്റിയിൽ നിന്നും ഉമ്മയെ നേരെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടകരമായ രീതിയിൽ ഓക്സിജൻ അളവ് കുറയുകയായിരുന്നു പ്രശ്നം.
സത്യം പറഞ്ഞാൽ പേടിയായിരുന്നു. പത്തു ബെഡുകൾ ആയിരുന്നു ആ വാർഡിൽ. മരണത്തോട് അടുക്കുന്ന രോഗികൾക്ക് അവസാനമായി ആശ്രയമാവുന്ന പത്തു ബെഡുകൾ.
ഓരോ ദിവസവും മരണത്തിന്റെ മാലാഖ ആ വാർഡിലൂടെയും കയറി ഇറങ്ങും. പോവുമ്പോൾ ഏതെങ്കിലുമൊരു ആത്മാവ് കൂടെ കാണും.
അവരുടെ അവസാന നിമിഷങ്ങളിൽ ഡോക്ടരും നഴ്സുമാരും കഴിവിന്റെ പരമാവധി ആ ജീവൻ പിടിച്ചു നിർത്താൻ ശ്രമിക്കും.
ആ നേരത്ത് മരണപ്പെടുന്നവർ വലിയ ശബ്ദത്തിൽ ശ്വാസമെടുക്കും. ചിലർ പേടിപ്പെടുത്തുന്ന രീതിയിൽ അമറും. അവരുടെ മരണവെപ്രാളം
ഉമ്മ
കാണാതിരിക്കാൻ ഞാൻ
ഉമ്മ
ാക്ക് അഭിമുഖമായി പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരിക്കും.
ഉമ്മയുടെ മുഖത്ത് ഓക്സിജൻ മാസ്ക് ഉണ്ടായിരിക്കും. കൈ തണ്ടയിലെ പാതി മരവിച്ച ഞരമ്പുകളിലേക്ക് ഗ്ലൂക്കോസിൽ ചേർത്ത മരുന്നുകൾ തുള്ളി തുള്ളിയായി അലിഞ്ഞു ചേരുന്നുണ്ടാവും.
ആ കയ്യിൽ തലോടി കൊണ്ട് ഞാൻ മോനിറ്ററിൽ നോക്കും. ഇടക്കിടെ ഒക്സിജന്റെ അളവ് 85 ലും കുറയും. ഹൃദയമിടിപ്പ് വല്ലാതെ കുറയും. അപ്പൊ വെന്റിലേറ്ററിലെ അലാറം അടിക്കാൻ തുടങ്ങും.
ഉറങ്ങാതെ കാവലിരിക്കുന്ന കാവൽ മാലാഖകൾ ഓടി വന്നു ഒക്സിജന്റെ അളവ് കൂട്ടി കൊടുക്കും. ചിലപ്പോൾ ഇൻജെക്ഷൻ എടുക്കും.
ഉമ്മ
ാ എന്ന് അവരുടെ സ്നേഹമൂറുന്ന ഒരു വിളിയുണ്ട്. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ എവിടെയോ ഇരുന്നു
ഉമ്മ
പതുക്കെ ഒന്ന് മൂളി ആ വിളി കേൾക്കും.
അപ്പോഴേക്കും തൊട്ടടുത്ത ബെഡുകളിലെ രോഗികൾ അത്യാസന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടനെ നഴ്സുമാർ അവരുടെ അടുത്തേക്കോടും. അങ്ങനെ ജോലി സമയം മുഴുവൻ ആവി നിറഞ്ഞു വെന്തുരുകുന്ന ആ പിപിഇ കിറ്റും ഇട്ട് യഥാർത്ഥ മാലാഖമാരെ പോലെ അവർ ജോലിയെടുക്കും.
എത്ര നോക്കിയിട്ടും കൈവിരലുകൾക്കുള്ളിലൂടെ ഊർന്നു പോവുന്ന ജീവനുകൾ കാണുമ്പോൾ ആരും കാണാതെ അവർ ചുമരിനോട് ചേർന്നു ശബ്ദമില്ലാതെ വിതുമ്പും. അപ്പോഴേക്കും അടുത്ത ആൾ. എല്ലാ സങ്കടങ്ങളും മാറ്റി വെച്ചു അവർ ഓടിച്ചെന്നു പിന്നെയും വിളിക്കും.
ഉപ്പാ,
ഉമ്മ
ാ, അച്ഛാ, അമ്മേ, ചേട്ടാ.
അപ്പോഴൊക്കെ അവരുടെ ശബ്ദത്തിൽ നേരിയ ഒരു ഇടർച്ച ഉണ്ടാവും.
മരിച്ചു കഴിഞ്ഞാൽ മൃതദേഹം തുടർനടപടികൾക്കായി കുറെ സമയം ആ ബെഡിൽ തന്നെ പുതച്ചു മൂടി കിടക്കും.
ആ നേരമൊക്കെയും ഞാൻ
ഉമ്മ
അതൊന്നും കാണാതിരിക്കാൻ
ഉമ്മ
ാക്ക് മറഞ്ഞു നിൽക്കും.
ഉമ്മ
ാക്ക് വലിയ പേടി ആയിരുന്നു.
എട്ട് ദിവസം കഴിഞ്ഞപ്പോൾ ഉമ്മയെ പെണ്ണുങ്ങളുടെ വാർഡിലേക്ക് മാറ്റി. അവിടെ കുറച്ചൂടെ നല്ല അവസ്ഥയായിരുന്നു.
ഒരു കുടുംബം പോലെ ഇരുപതോളം രോഗികൾ. അവരുടെ കൂടെ അതിലേറെ കൂട്ടിരിപ്പുകാർ.
ഐസിയൂവിൽ ഇടക്കിടെ നമ്മളെ പുറത്താക്കും. വാർഡിൽ ആ പ്രശ്നമില്ല. മുഴുവൻ സമയവും നമുക്ക് രോഗിയുടെ കൂടെ നിൽക്കാം.
അവിടെ എത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ടെസ്റ്റ്‌ നടത്തി. റിസൾട്ട്‌ നെഗറ്റീവായിരുന്നു. പക്ഷെ അപ്പോഴും ശ്വാസകോശം ആവശ്യത്തിന് പ്രവർത്തനം നടത്താത്തത് കൊണ്ട് ഓക്സിജൻ കൊടുക്കുകയായിരുന്നു.
കൃത്യം ഇരുപതാം ദിവസം ഡോക്ടറോട് സംസാരിച്ചു വീട്ടിൽ വെച്ചു ഓക്സിജൻ കൊടുക്കാം എന്ന ഉറപ്പിൽ ഡിസ്ചാർജ് ചെയ്തു.
ഒരു മാസം കൂടെ വീട്ടിൽ വെച്ചു ഓക്സിജൻ നൽകി. ഇപ്പോൾ നോർമലായി.
അൽഹംദുലില്ലാഹ്.
കോവിഡിന് മുൻപേ വലിയ തിരക്കായിരുന്നു എല്ലാർക്കും. പക്ഷെ കോവിഡ് വന്നതോടെ ആർക്കും തിരക്കില്ലാതെയായി.
ജീവിക്കാൻ കുറെ പൈസ വേണ്ടെന്നായി. കഴിക്കാൻ ഫാസ്റ്റ് ഫുഡും ഇറച്ചിയും മീനും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന സ്ഥിതിയായി. റേഷൻ അരിക്ക് ജനപ്രീതി വർധിച്ചു.
ഹോസ്പിറ്റലിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഫ്രീ ആണ്. ചികിത്സക്കും ഒരു രൂപ ചിലവില്ല. രാവിലെ ചായയും ഇഡലിയും അല്ലെങ്കിൽ ഇടിയപ്പം. പത്തു മണിക്ക് കഞ്ഞി. ഉച്ചക്ക് ചോറ്. വൈകിട്ട് ചായയും ബിസ്കറ്റും. രാത്രി ചപ്പാത്തിയും കറിയും.
സർക്കാർ ഹോസ്പിറ്റലിൽ ഇന്നെ വരെ പോവാത്ത പലരും അവസാന ആശ്രയമെന്ന നിലക്ക് അവിടെ ചികിത്സ തേടി വന്നു.
അതിന്റെ ഒക്കെ അപ്പുറത്ത് ഞാൻ കണ്ട സ്നേഹം നഴ്സുമാരുടെ ആയിരുന്നു.
മൂന്നാം കിട തറ കോമഡികളിലെ വളിപ്പുകളായി ചിത്രീകരിക്കപ്പെടുന്ന നഴ്സുമാർ.
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു ഉറക്കപ്പിച്ചോടെ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പോക്ക് കേസെന്ന് കമന്റ് കേൾക്കുന്നവർ.
നഴ്സ് ജോലി ചെയ്യുന്നത് കൊണ്ട് മാത്രം സമൂഹത്തിലെ ചില മാന്യന്മാർ സ്വഭാവ ദൂഷ്യം അടിച്ചേൽപ്പിക്കുന്നവർ. വിവാഹ കമ്പോളത്തിലെ ബലി മൃഗങ്ങൾ.
അവരുടെ സ്നേഹം കാണണമെങ്കിൽ ഹോസ്പിറ്റലിൽ തന്നെ പോവണം.
നമ്മുടെയൊക്കെ ഭാര്യമാർ ലേബർ റൂമിൽ കിടക്കുമ്പോൾ അവരുടെ രഹസ്യ ഭാഗങ്ങൾ ഷേവ് ചെയ്യാൻ അവർ മാത്രമേ കാണൂ.
നമ്മുടെ കുഞ്ഞുങ്ങളെ ഒക്കെ മുക്കി മൂളി പ്രസവിക്കുമ്പോൾ മലവും മൂത്രവും ചോരയും ഒക്കെ കൂടെയിങ്ങ് പോരും. അതും ഒരു മടിയും കൂടാതെ വൃത്തിയാക്കാൻ അവരെ കാണൂ.
ഐസിയുവിലൊക്കെ നമ്മുടെ വേണ്ടപ്പെട്ടവർ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ ഒരു മകളെ പോലെ കൂടെ നിന്നു ശ്രുശ്രൂഷിക്കാൻ അവരെ കാണൂ.
മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസിയൂവിൽ അത്‌ വരെ പരിചരിച്ച രോഗികൾ ആരെങ്കിലും മരണപ്പെട്ടാൽ അവർ സങ്കടം അടക്കി പിടിച്ചു മനസ്സിൽ കരഞ്ഞു കൊണ്ട് നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വിയർത്തൊലിച്ചു നെറ്റിയിലെ വിയർപ്പ് പോലും തുടക്കാൻ കഴിയാതെ നിസ്സഹായരായി തളർന്നു നിൽക്കും അവർ.
അപ്പോഴാവും ആരെങ്കിലും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് അവർ കാണുന്നത്. സ്വന്തം ബുദ്ധിമുട്ടുകൾ മറന്നു അവർ ഓടി വരും.
ഉമ്മ
ാ ന്നു അവരുടെ ഒരു വിളിയുണ്ട്. ആ വിളിയിൽ എല്ലാമുണ്ട്.
ഒരു മകളുടെ സ്നേഹമുണ്ട്. ഒരമ്മയുടെ കരുതലുണ്ട്. പറിഞ്ഞു പോവാൻ തുടങ്ങുന്ന ജീവനെ പിടിച്ചു നിർത്താൻ വെമ്പുന്ന ഒരു സ്നേഹമുള്ള ഹൃദയമുണ്ട്.
എന്നിട്ടും നമ്മളൊക്കെ അവർക്ക് തിരിച്ച് കൊടുക്കുന്നത് എന്താണ്?.
നമ്മുടെ കൊച്ചു കേരളത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരോടും എന്റെ നന്ദി അറിയിക്കട്ടെ.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഓരോരോ സ്റ്റാഫിനോടും. ഡോക്ടർമാരോടും പ്രിയ നഴ്സുമാരോടും.
നിങ്ങളാണ് ശരിക്കും എന്റെ ഹീറോസ്. എന്റെ മാത്രമല്ല ഈ ലോകത്തിന്റെ മുഴുവൻ.
എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഈ സഹോദരന്റെ സ്നേഹാദരങ്ങൾ.
ആദരവോടെ,
ഹക്കീം മൊറയൂർ.
25 - 12- 2020

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo