ഞാൻ കുവൈറ്റിൽ എത്തി രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം. സിവിൽ ഐഡി കയ്യിൽ കിട്ടിയ ശേഷം പതിവ് പോലെ വെള്ളിയാഴ്ച വൈകിട്ട് റൂമിൽ നിന്നും കടപ്പുറത്തേക്ക് പോവുന്ന വഴിയിൽ വെച്ചാണ് പെണ്ണമ്മയെ ആദ്യമായി കാണുന്നത്.
ഉയരം കുറഞ്ഞു അല്പം തടിച്ച ഒരു മധ്യ വയസ്കയാണ് പെണ്ണമ്മ. വെളുപ്പ് എന്ന് പറഞ്ഞു കൂടാ. എങ്കിലും ഇരുനിറത്തേക്കാൾ അല്പം കൂടെ നിറമുണ്ട്. മുടിയിൽ അവിടവിടെയായി കുറച്ചു നര വീണിട്ടുണ്ട്.
എനിക്കൊരു സ്വഭാവമുണ്ട്. ടൗണിൽ തന്നെയാണ് താമസം എന്നുള്ളത് കൊണ്ട് ഒരാവശ്യവുമില്ലാതെ ഓരോ തെരുവുകളിലൂടെയും അലഞ്ഞു നടക്കുക എന്നത് എന്റെ ഒരു ശീലമായിരുന്നു.
പലവിധ കാഴ്ചകളുടെ ഒരു വർണ്ണ പ്രപഞ്ചമാണ് ഓരോ നഗരങ്ങളും. ഓരോ തെരുവുകൾക്കും ഓരോ സ്വഭാവമാണ്. കുവൈറ്റികളും യൂറോപ്യൻമാരും മാത്രം സന്ദർശിക്കുന്ന പ്രൗഢ ഗംഭീരമായ തെരുവുകൾക്ക് എപ്പോഴും ഒരു രാഞ്ജിയുടെ പ്രൗഢിയാണ്. വിലകൂടിയ അത്തറിന്റെ സുഗന്ധവും പേറി അവളങ്ങനെ തലയുയർത്തി നിൽക്കും.
ഇപ്പുറം ബംഗാളികളും മിസ്രികളും പാക്കിസ്ഥാനികളും ഹിന്ദിക്കാരും കല പില കൂട്ടി നടക്കുന്ന തെരുവിനു ആരു വിളിച്ചാലും കൂടെ പോവുന്ന ഒരു തെരുവ് വേശ്യയുടെ ഭാവമാണ്. അവൾക്കെപ്പോഴും ചവച്ചരച്ചു വഴി നീളെ നീട്ടി തുപ്പിയ പാനിന്റെയും വലിച്ചു തള്ളിയ സിഗരറ്റിന്റെയും മുഷിഞ്ഞ ഗന്ധമായിരിക്കും.
ഞാൻ കാണുന്ന ഓരോ ആളെയും കാര്യമായി നിരീക്ഷിക്കും. എഴുത്തുകൾക്കുള്ള ഓരോ കഥാപാത്രങ്ങളെയും കണ്ടെത്തുന്നത് ഇത്തരം നിരീക്ഷണങ്ങളിൽ നിന്നാണ്.
പെണ്ണമ്മയെയും ഞാൻ കണ്ടെത്തുന്നത് അങ്ങനെയാണ്. കടലിലേക്ക് അലസമായി നോക്കി ആർക്കോ ഫോൺ വിളിച്ചു നിൽക്കുന്ന അവരെ വളരെ അവിചാരിതമായാണ് ഞാൻ കാണുന്നത്.
അച്ചായത്തി സ്റ്റൈലിൽ ഉള്ള മലയാളം കേട്ടാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്. മലയാളികൾക്ക് മലയാളികളെ കാണുമ്പോഴുള്ള ഒരു ജിജ്ഞാസ കൊണ്ട് ഞാൻ അവരുടെ സംസാരം ശ്രദ്ധിക്കാത്ത മട്ടിൽ കുറച്ചപ്പുറത്തു നിന്നു അവരെ നോക്കി കൊണ്ടിരുന്നു.
എന്നെ അവരും കണ്ടെന്നു തോന്നുന്നു. മൊബൈൽ കട്ട് ചെയ്തതും അവർ എന്നെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ ഞാൻ അവരെ പരിചയപ്പെട്ടു.
അവർ ഒരു നേഴ്സ് ആയിരുന്നു. 20 വർഷത്തിൽ അധികമായി കുവൈറ്റിൽ ജോലി ചെയ്യുന്ന ഒരു സാധാ മലയാളി നേഴ്സ്.
അതിനും മുമ്പ് അഞ്ചു വർഷത്തിൽ കൂടുതൽ അവർ നാട്ടിലും ജോലി ചെയ്തിരുന്നു.
സംസാരത്തിനിടെ അവരുടെ കൂടെ വന്നവരൊക്കെ തിരിച്ചു പോവാൻ തുടങ്ങിയപ്പോ അവരും കൂടെ പോയി.
എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് ടൗണിൽ വരാറുണ്ടായിരുന്നു അവർ.
പിന്നെ ഇടക്കിടെ അവരെ ബീച്ചിൽ വെച്ചു ഞാൻ കാണാറുണ്ടായിരുന്നു. പത്തു പതിനഞ്ചു പേരടങ്ങുന്ന ആ ഒരു സംഘത്തിൽ ഇവരായിരുന്നു ഏറ്റവും പ്രായമുള്ളയാൾ. മറ്റുള്ളവർ ഓരോ സാധനങ്ങൾ വാങ്ങിക്കാൻ കടകളിൽ കയറി ഇറങ്ങുമ്പോൾ ഇവർ ബീച്ചിലെ ഏതെങ്കിലും ഒഴിഞ്ഞ ബെഞ്ചിൽ അലക്ഷ്യമായി ഇരിക്കും.
അവർക്കിപ്പോൾ 55 വയസ്സോളം പ്രായമുണ്ട്. നാട്ടിൽ മൂന്ന് അനിയത്തിമാരും ഒരു അനിയനും ഉണ്ട്. അപ്പനും അമ്മയും ജീവിച്ചിരിപ്പുണ്ട്.
കുടുംബം രക്ഷിക്കാൻ വേണ്ടിയാണു പെണ്ണമ്മ കുവൈറ്റിലേക്ക് വന്നത്. പെണ്ണമ്മ കാരണം വാടകക്ക് താമസിച്ചിരുന്ന കുടുംബം രണ്ടു നില മാളികയിലേക്ക് താമസം മാറി.
അനിയത്തിമാരെ മൂന്ന് പേരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചയച്ചു. അനിയനെയും പഠിപ്പിച്ചു ജോലിയാക്കി കൊടുത്തു.
പക്ഷെ അതിനിടെ സ്വന്തം ജീവിതം നോക്കാൻ പെണ്ണമ്മ മറന്നു പോയി. ആർത്തി മൂത്ത അച്ഛനും അമ്മയും സഹോദരങ്ങളും പെണ്ണമ്മയെ പക്ഷെ അതോർമിപ്പിച്ചില്ല എന്നതാണ് നേര്.
പെണ്ണമ്മയുടെ കാശ് കൊണ്ടാണ് റബ്ബർ തോട്ടം വാങ്ങിയതും ഇരുനില മാളിക കെട്ടിയതും. അന്ന് അപ്പന്റെ ചേട്ടന്റെ നിർബന്ധം കൊണ്ടാണ് അത് പെണ്ണമ്മയുടെ പേരിൽ വാങ്ങിയത്.
ആ വീടിപ്പോൾ അനിയത്തിക്ക് കൊടുക്കണം എന്നാണ് അമ്മയും അച്ഛനും പറയുന്നത്. കുടുംബത്തോട് സ്നേഹമുള്ളവളാണേൽ അത് അനിയത്തിക്ക് കൊടുക്കും എന്നാണ് അമ്മയുടെ പ്രസ്താവന.
പെണ്ണമ്മക്ക് ഇനിയും വേണമെങ്കിൽ മാറ്റൊരു വീട് വാങ്ങാമല്ലോ എന്നാണ് അമ്മയുടെ ന്യായം. പതിവായി അയക്കുന്ന തുകയല്പം കുറഞ്ഞു പോയാൽ പിന്നെ ഫോണെടുക്കാത്ത സ്വഭാവക്കാരിയാണ് ആ അമ്മ.
പെണ്ണമ്മക്ക് നാട്ടിൽ ജോലി ചെയ്യുമ്പോൾ ഒരു ബന്ധം ഉണ്ടായിരുന്നു. കുവൈറ്റിൽ ജോലിയായി ഇച്ചിരെ കാശൊക്കെ ആയപ്പോൾ പൊന്മുട്ടയിടുന്ന താറാവിനെ അയാൾക്ക് കൊടുക്കാൻ അപ്പനും അമ്മയ്ക്കും മനസ് വന്നില്ല.
ആദ്യമൊക്കെ പെണ്ണമ്മ കുറെ കരഞ്ഞു നോക്കി. അപ്പോഴൊക്കെ കര പറ്റാത്ത ഇളയതുങ്ങളെ കാണിച്ചു അമ്മ അവളുടെ കരച്ചിൽ അവസാനിപ്പിച്ചു.
പിന്നീടങ്ങോട്ട് പെണ്ണമ്മ ഒരു നേർച്ചക്കോഴിയായി മാറി.
അവളുടെ കാശ് കൊണ്ട് അനിയത്തിമാർ പഠിച്ചു ജോലി വാങ്ങി കെട്യോന്റെ കയ്യും പിടിച്ചു വേറെ കുടുംബങ്ങളിൽ ചെന്നു കേറുമ്പോഴും പെണ്ണമ്മ കുവൈറ്റിൽ രോഗികൾക്ക് ഉറങ്ങാതെ കാവൽ കിടന്നു.
പിന്നീട് അനിയനും കല്യാണം കഴിച്ചു. അവൻ സ്വന്തമായി വീട് വെച്ചു ഭാര്യയെയും കൊണ്ട് അങ്ങോട്ട് താമസം മാറി. അവനിപ്പോൾ കുടുംബ സമേതം വിദേശത്താണ്. ഇടക്കിടെ അവൻ പെണ്ണമ്മക്ക് മെസേജുകൾ അയക്കാറുണ്ട്.
അനിയത്തിമാരുടെ പ്രസവത്തിനും മക്കളുടെ നൂല് കെട്ടിനും എല്ലാം ചിലവുകൾ പെണ്ണമ്മക്കായിരുന്നു. അനിയത്തിമാരാണെങ്കിൽ കൊല്ലം തോറും മത്സരിച്ചു പ്രസവിച്ചു പെണ്ണമ്മയുടെ ശമ്പളത്തിന്റെ സിംഹഭാഗവും തിന്നു മുടിപ്പിച്ചു.
മക്കൾ വളരുമ്പോൾ അവരുടെ പഠന ചിലവുകൾ കൂടെ പെണ്ണമ്മയുടെ തലയിലാക്കി കൊടുത്തു അനിയത്തിമാർ തിന്ന ചോറിന്റെ കൂറ് കാണിക്കാനും മറന്നില്ല.
ആണിന്റെ ചൂരറിയാത്ത പെണ്ണമ്മ പലപ്പോഴും അനിയത്തിമാരുടെ കുട്ടികളുടെ കൊഞ്ചലിൽ മൂക്കും കുത്തി വീണു.
ഇപ്പോൾ പെണ്ണമ്മയുടെ പേരിലുള്ള വീടിലും സ്ഥലത്തിലുമാണ് അനിയത്തിമാരുടെ കണ്ണ്. അതും കൂടെ കൈ വിട്ട് ജോലിയില്ലാതെ നാട്ടിൽ ചെന്നാൽ കേറി കിടക്കാൻ തമാശക്ക് പോലും ആരും പറയില്ലെന്നു പെണ്ണമ്മക്കും നല്ല ബോധ്യമുണ്ട്.
തന്നെ ചൂഷണം ചെയ്യുകയാണെന്നറിഞ്ഞിട്ടും പെണ്ണമ്മ ഇപ്പോഴും തന്റെ ശമ്പളം അങ്ങനെ വീട്ടിലേക്ക് അയച്ചു കൊടുക്കുന്നു.
പെണ്ണമ്മക്ക് ഈ കാര്യങ്ങളൊക്കെ ഉള്ളു തുറന്നു പറയാൻ ഒരാളെ വേണമായിരുന്നു.
തണുത്ത കാറ്റ് വീശുന്ന കുവൈറ്റിലെ കടപ്പുറത്തെ ബെഞ്ചിലിരുന്നു പതഞ്ഞു കരയുന്ന നേർത്ത തിരകളെ സാക്ഷിയാക്കി അവർ എല്ലാം പറഞ്ഞു തീർത്തു.
അവർ പോയിട്ടും അവർ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു പിന്നെയും കുറെ നേരം കൂടെ ഞാൻ അവിടെ തന്നെ ഇരുന്നു.
കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചു കളയുന്ന എത്രയോ പെണ്ണമ്മമാർ നമുക്ക് ചുറ്റിനും മനസ്സ് തകർന്നു ജീവിക്കുന്നു.
പലരും അസുഖ ബാധിതരായി നാട്ടിൽ എത്തുമ്പോൾ അവരുടെ പേരിൽ ഒന്നുമുണ്ടാവില്ല. അധ്വാനിച്ചു സമ്പാദിച്ച വീടും സ്വത്തുമെല്ലാം ബന്ധുക്കൾ വീതം വെച്ചു കഴിഞ്ഞിരിക്കും.
അവരുടെ കയ്യിൽ ഒന്നുമില്ലെന്ന് മനസ്സിലാവുമ്പോൾ ഉറ്റവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
'ഇത്രയും കാലം വിദേശത്തു ജോലി ചെയ്തിട്ട് നീ എന്താണ് ഉണ്ടാക്കിയത്'.
ആ ചോദ്യം കേൾക്കുമ്പോൾ കറവ വറ്റുമ്പോൾ കശാപ്പുകാരന് കൊടുക്കുന്ന പശു അത്രയും നാൾ തന്റെ കുഞ്ഞുങ്ങൾക്കുള്ള പാൽ ഊറ്റിയെടുത്ത ഉടമസ്ഥനെ നോക്കുന്ന പോലെ ഒരു നോട്ടമുണ്ട്.
ആ നോട്ടത്തിൽ എല്ലാം അടങ്ങിയിരിക്കും. അവരുടെ വേദനയും ഉറ്റവർക്ക് വേണ്ടി ഹോമിച്ച സ്വന്തം ജീവിതവും പ്രതിഫലിക്കും. അത് മനസ്സിലായിട്ടും ഒന്നും മനസ്സിലാവാത്ത പോലെ ഊറ്റി ജീവിച്ചവർ പലവഴിക്ക് പിരിഞ്ഞു പോവും.
ആ കാര്യങ്ങൾ തന്നെ മനസ്സിലിട്ട് ഉരുട്ടിയത് കൊണ്ടാണോ എന്നറിയില്ല, പിന്നെ കണ്ട പെണ്ണുങ്ങളിൽ പലർക്കും പെണ്ണുമ്മയുടെ വിഷാദം നിറഞ്ഞ മുഖച്ഛായയായിരുന്നു.
വായനക്ക് നന്ദി.
സ്നേഹത്തോടെ.
ഹക്കീം മൊറയൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക