Slider

സ്പീഷീസ്‌!

0
 

കുറച്ച്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌ ഉണ്ടായ ഒരു സംഭവം പെട്ടെന്ന് ഓർമ്മ വന്നതാണ്‌.
ഒരു ദിവസം ഞാൻ പാട വരമ്പത്തൂടെ നടന്നങ്ങനെ ചെല്ലുമ്പോ വളരെ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു.
വെള്ളപ്പാറ്റ പോലൊരു മദാമ്മയും അതിനെ തെളിച്ചു കൊണ്ട്‌ മുൻപിൽ നടന്നു വരുന്ന കൊതുകു പോലൊരു പെൺകുട്ടിയും. മദാമ്മയുടെ അസിസ്റ്റന്റായിരിക്കണം.
എന്നെ കണ്ട മാത്രയിൽ രണ്ടു പേരും കൂടി വട്ടമിട്ട്‌ പിടിച്ചു നിർത്തി.
"ഇതെന്ത്‌ പക്ഷിയാണ്‌ ചേട്ടാ ?" അസിസ്റ്റന്റ്‌ കുട്ടിയുടേതാണ്‌ ചോദ്യം.
"തന്റെ പേരെന്താ ?" വളരെ ഗൗരവത്തിൽ ഞാനൊരു മറു ചോദ്യമെറിഞ്ഞു.
"ഏലി. ഏല്യാമ്മാന്നാണ്‌ ശരിക്കും. പക്ഷേ ഏലീന്ന് വിളിച്ചാ മതി. "
"ഓക്കെ. ഏലിക്കറിയില്ലേ ഇതെന്ത്‌ പക്ഷിയാന്ന് ?"
"ഞാൻ കുറേ കാലായില്ലേ ചേട്ടാ നാടു വിട്ട്‌ പോയിട്ട്‌. ചെലതിന്റെ പേരൊക്കെ മറന്നു. "
"കൊക്കിനെ കണ്ടാ തിരിച്ചറിയാണ്ടായി!" എനിക്ക്‌ ആ കൊച്ചിനോട്‌ വല്ലാത്ത വെറുപ്പ്‌ തോന്നി.
"ഓവ്‌!! കൊക്ക്‌. യെസ്‌. യെസ്‌! ഓർമ്മയുണ്ട്‌!" അവളുടെ മുഖത്ത്‌ പൂത്തിരി കത്തിച്ചു വച്ച പൊലെ ഒരു ചിരി വിടർന്നു.
അടുത്ത ചോദ്യം.
"എന്തു തരം കൊക്കാണ്‌ ചേട്ടാ ഇത്‌ ?"
"ങേ ?" എനിക്ക്‌ മനസ്സിലായില്ല.
"ഐ മീൻ ... ഏത്‌ സ്പീഷീസ്‌ ലൊള്ള..."
"സ്പീഷീസാ ? കൊച്ച്‌ പൊക്കേ! എനിക്ക്‌ തെറ്യാ വായില്‌ വരണേട്ടാ !" അതിന്റെ മോന്തക്കിട്ടൊരു കുത്തു കൊടുക്കാൻ എന്റെ കൈ തരിച്ചു.
"മാഡം. ദിസ്‌ ഈസ്‌ സം കൈൻഡ്‌ ഓഫ്‌ എ ... വൈറ്റ്‌ ബേർഡ്‌!" ഏലി തന്റെ മദാമ്മ ബോസിന്‌ പക്ഷിയെ പരിചയപ്പെട്ത്തി.
മദാമ്മ അവളുടെ മുഖത്തേക്കൊന്ന് ചുഴിഞ്ഞു നോക്കി. "ഇത്‌ നീ പറഞ്ഞിട്ട്‌ വേണോ ?" എന്നൊരു ഭാവത്തിൽ.
തുടർന്ന് മദാമ്മ ഏലിയോട്‌ ഇംഗ്ലീഷിലെന്തോ മന്ത്രിക്കുന്നത്‌ കണ്ടു. ഏലി വീണ്ടും എന്റെ നേരേ തിരിഞ്ഞു.
"ചേട്ടാ... ഈ പശുക്കളും കൊക്കുകളുമായിട്ട്‌ വല്ല ഡീലും ഉണ്ടോ ? മാഡം ചോദിച്ചതാണ്‌. "
"ങേ ?"
"അതായത്‌..." മദാമ്മ എന്റെ നേരേ തിരിഞ്ഞു. "ഐവ്‌ ബീൻ നോട്ടീസിംഗ്‌ ദിസ്‌ വിയേർഡ്‌ ഫിനോമിനോൺ..."
"നോ!" ഞാൻ കയ്യുയർത്തി തടഞ്ഞു. "ഏലി പറഞ്ഞാ മതി. "
മദാമ്മ നിർത്തി നിർത്തി പറഞ്ഞിരുന്നെങ്കിൽ എനിക്ക്‌ മനസ്സിലായേനേ. പക്ഷേ ഇതങ്ങനെയായിരുന്നില്ല.
"അതായത്‌ ചേട്ടാ... ഇവരു വന്നപ്പൊ മുതൽ ശ്രദ്ധിക്കുകയായിരുന്നത്രേ. ഒരു പശൂന്റെ കൂടെ ഒന്നോ രണ്ടോ കൊക്കുകൾ. അതെന്താ സംഭവം എന്നറിയാനാണ്‌ മാഡത്തിന്‌. "
ഞാൻ വെളുക്കെയൊരു ചിരി ചിരിച്ചു.
"ഏലീ... പശൂന്റെ കടീം മാറും കൊക്കിന്റെ വിശപ്പും മാറും ന്ന് കേട്ടിട്ടില്ലേ ?"
"ന്ന്വച്ചാ ?"
"എന്ന്വെച്ചാ... " ഞാൻ ആ സുന്ദരിക്കൊക്കിനെയും അതിന്റെ 'പാർട്ട്ണർ' പശുവിനേയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
"നേരിട്ട്‌ ചോദിച്ചോട്ടോ ഏലീ. അവരു തമ്മിൽ വളരെ സീരിയസായിട്ട്‌ എന്തോ ഇടപാടുണ്ട്‌. ഞാൻ അന്വേഷിക്കാൻ ചെന്നാ ചെലപ്പൊ അവർക്കിഷ്ടാവില്ല. "

Written by ; Alex John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo