ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടു ... പടത്തിന് റിവ്യൂ ഇടണം എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല . എന്നാൽ കണ്ടു കഴിഞ്ഞപ്പോൾ ചിന്ത മാറി . ചിലത് അങ്ങിനെയാണ് സംഭവിക്കേണ്ടത് സംഭവിക്കും . സംഭവാമി യുഗേ യുഗേ എന്നല്ലെ !!
സിനിമയുടെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം ഒരു പാട് ചർച്ച ചെയ്യപ്പെട്ട സ്ഥിതിക്ക് അതിലേക്ക് ആദ്യമേ കടക്കുന്നില്ല . ഒരു വാണിജ്യ സിനിമ കാണുന്ന കോണിലൂടെ ഈ സിനിമയെ സമീപിക്കുന്നവർക്കും , ഇതിൽ കാണിച്ച രംഗങ്ങൾ ജീവിതത്തിൽ അനുഭവിക്കാത്തവർക്കും ( അത് നിർഭാഗ്യവശാൽ ഭൂരിപക്ഷം പുരുഷന്മാരാവും.. ഉറപ്പ് ) സിനിമയിലെ പല രംഗങ്ങളിലും അവർത്തന വിരസത തോന്നിയേക്കാം
ഒപ്പം, മത - പുരുഷ മേധവിത്വ വ്യവസ്ഥിതിയുടെ കണ്ണടയിൽ കാര്യങ്ങളെ കാണുന്നവർക്ക് ഇതൊരു സ്ത്രീപക്ഷം മാത്രം വിളമ്പുന്ന സിനിമയായും തോന്നാം . അതിൽ തെറ്റില്ല ഏത് കണ്ണട വെക്കണം എന്ന് തീരുമാനിക്കേണ്ടത് കാണുന്നവനാണല്ലോ !!
നിങ്ങൾ കാവി കണ്ണട വെച്ചാലും, പച്ച കണ്ണട വെച്ചാലും സിനിമ നിങ്ങളോട് പറയാൻ ശ്രമിക്കുന്നത് ചില പച്ചയായ യാഥാർഥ്യങ്ങളാണ് എന്നുതന്നെയാണ് ഈയുള്ളവന്റെ കാഴ്‌ചപ്പാട് .
ഒരു വ്യക്തി ചെയ്താൽ തെറ്റാവുന്ന കാര്യം സമൂഹം ചെയ്യുമ്പോൾ അതിനെ ജീവിത ശൈലി എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിക്കാണാറുള്ളത് ... അതോടെ അത് ശരി ആയി മാറ്റപ്പെടുന്നു . പിന്തുടരാൻ നമ്മൾ വിധിക്കപ്പെടുന്നു .
ഈ കീഴ്‌വഴക്കങ്ങളെ ചോദ്യം ചെയ്യുന്നവരും വഴി മാറി നടക്കുന്നവരും സമൂഹത്തിന്റെ മുന്നിൽ നിഷേദികളായി ..കണ്ണിലെ കരടായി, വഴിപിഴച്ചവരായി മുദ്രകുത്തപ്പെടുന്നു .
അത്തരം ചോദ്യം ചെയ്യലിലൂടെ കരടായി മാറിയവളുടെ കഥയാണ് ചിത്രം നിങ്ങൾക്ക് മുൻപിൽ വെക്കുന്നത് .
ഈ സിനിമ കാണും മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്
കഥാ പാത്രങ്ങളേക്കാൾ സീനുകൾ സംസാരിക്കുന്ന ശൈലിയിലാണ് ഇതിന്റെ മേക്കിങ്
ആയത് കൊണ്ട് തന്നെ ആസ്വദിക്കാൻ നിങ്ങൾ കണ്ണും, കാതും മാത്രം തുറന്നു വെച്ചാൽ പോരാ .. ഓരോ സീനിനൊപ്പം മനസ് കൊണ്ട് സഞ്ചരിക്കാൻ തെയ്യാറായാൽ മാത്രമേ കാഴ്ച്ചകൾ വ്യക്തമാവൂ, ആസ്വാദനം പൂർണമാവുകയുള്ളു . അല്ലാത്ത പക്ഷം വെറും എച്ചിൽ പാത്രം കഴുകുന്ന , വേസ്റ്റിനെ കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന ഒരു നേരം കൊല്ലി സിനിമയായി നിങ്ങൾ വിധി എഴുതിക്കളയാൻ ഇടയുണ്ട് .
അത് കൊണ്ട് തന്നെ സീനുകൾ എങ്ങിനെ കഥ പറയുന്നു എന്ന് നിങ്ങളറഞ്ഞിരിക്കണം. മനോഹരമായി ഒരുക്കിയ അത്തരം ചില ദൃശ്യങ്ങൾ നോക്കാം
വരണമാല്യവും .... പപ്പട മാലയും
സുരാജ് വരണമാല്യം, നിമിഷക്ക് അണിയിച്ചു കഴിഞ്ഞു കാണിക്കുന്ന സീൻ , പപ്പടം വലിയ ഈർക്കളിൽ ( ഞങ്ങളുടെ നാട്ടിൽ തെങ്ങിന്റെ ഓലയിൽ നിന്നും എടുക്കുന്ന ഉറപ്പുള്ള ഭാഗത്തിനെ സൂചിപ്പിക്കുന്നത് ഈ പേരിലാണ് ) കോർത്ത് എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുന്നതാണ് . വരണ മാല്യത്തിന്റെയും , പപ്പടം കോർത്തതിന്റെ രൂപവും , പിന്നീട് അവൾ നേരിടുന്ന "പൊരിച്ചിലുകളും " ആ ഒറ്റ സീനിൽ തന്നെ സംവിധായകൻ വിശാലമായിപ്പറയുന്നുണ്ട് .
മാഗല്യ തിലകവും സ്വർണവും
അടുത്ത ഷോട്ടിൽ കാണിക്കുന്ന വധുവിന്റെ നെറുകയിൽ സിന്ദൂരം ചാർത്തി അതിന്മേൽ സ്വർണ്ണാഭരണം അടുക്കി വെയ്ക്കുന്നതാണ് . അതായത് വിശ്വാസത്തിനു മുകളയിൽ ഉയർന്നു വരുന്ന പൊന്നിന്റെ കാഴ്ച്ച .
നമ്പർ പ്ളേറ്റില്ലാത്ത കാർ
സ്ത്രീധനം പറയാതെ പറയുന്നുണ്ട് ഈ കാർ , മുകളിലത്തെ കാഴ്ചയും ചേർത്ത് വെച്ച് വായിച്ചാൽ ദൃശ്യം വ്യക്തം .
കാൽ കഴുകി കയറുന്ന പെണ്ണിന് !!
മധുരം കൊടുക്കുമ്പോൾ "ഇന്ന്" കുറച്ചു മധുരമാവാം എന്ന് പറയുന്ന അതേ അമ്മായി തന്നെ ആർത്തവ നാളുകളിൽ അവൾക്ക് കയ്പ്പ് നൽകുന്നതും "രസമുള്ള" കാഴ്ചയാണ് .
ഒപ്പം സ്ത്രീകൾക്ക് വിശ്രമം വിളംബരം ചെയ്തുകൊണ്ട് അടുക്കളയിൽ കയറുന്ന ഞാൻ അടക്കമുള്ള ഭർത്താക്കന്മാർ അവർക്ക് നൽകുന്നത് ഇരട്ടി ജോലിയാണ് എന്നൊരു നല്ല പാഠം പഠിക്കാൻ പറ്റി എന്നതും എടുത്ത് പറയേണ്ടത് തന്നെയാണ് .
ഇനി ആദ്യരാത്രി
( വായിക്കാൻ തിടുക്കം കൂട്ടേണ്ട , അങ്ങിനെ ഒന്നും കാണിക്കുന്നില്ല )
ആദ്യ രാത്രിയെക്കുറിച്ച് കുറ്റം പറഞ്ഞ തന്നെ തുടങ്ങാം
ആദ്യ രാത്രിയിലെ നവ നവദമ്പതികളുടെ സ്വഭാവ രീതികളൂം, അപരിചിതത്വവും കാണുമ്പോൾ ,ഇവർ രണ്ടും വല്ല 80 കാലഘട്ടത്തിൽ ഉള്ളവരായി തോന്നിയത് എനിക്ക് മാത്രമാണോ ആവോ ?
വീഡിയോ കോളും , മെസേജും സുലഭമായ ഈ കാലത്ത് പര്സപരം കല്യാണത്തിന് മുൻപ് സംസാരിച്ചില്ല അല്ലെങ്കിൽ പരസപരം ഒട്ടും മനസിലാക്കിയില്ല എന്നത് കുറച്ചു അവിശ്വസനീയമാണ് .അതിപ്പോൾ കല്യാണം നടന്നത് കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് എന്ന വാദം നിരത്തിയാലും അതൊരു "ഗ്രേറ്റ് കളവാകും" .
ഏതായാലും കുറ്റം പറഞ്ഞു അപ്പൊ കുറച്ചുകൂടെ പറഞ്ഞു വെക്കാം .
ഈ ചിത്രത്തിനായി കേമറ രണ്ടു ശൈലിയിലാണ് ചലിപ്പിച്ചത് എന്ന് തോന്നുന്നു . അടുക്കള സീനുകളിൽ കേമറയുടെ ഇളക്കം കൊണ്ടും, കഥാപാത്ര പിന്തുടരൽ കൊണ്ടും ഒരു ഛായാഗ്രാഹകന്റെ സാന്നിദ്യം പലപ്പോഴും അനുഭവപ്പെടുന്നതും , അല്ലറചില്ലറ ആവർത്തന ഷോട്ടുകൾ ഒരുക്കിയതും അടുക്കളയുടെ ആദ്യ ഭാഗത്ത് ക്ഷീണമായി .
എന്നാൽ ബെഡ് റൂമിൽ വഴക്കിനു ശേഷം
നന്നാവുന്ന സീനും, ഹോട്ടലിലെ സീനും കേമറയും, എഡിറ്റിംഗും മറ്റൊരു ശൈലിയിലാണ്.
വലിഞ്ഞു മുറുകിയ മുഖവുമായി നടക്കുന്ന അമ്മയുടെയും മരുമകളുടെയും , ചിരി പരിപൂർണമായി മായ്ച്ചു കളഞ്ഞത് അൽപ്പം കടന്നകൈയ്യാണ് . ആവശ്യത്തിൽ അധികം തിടുക്കവും ഓട്ടവും അമ്മയെ കൊണ്ടും മരുമകളെ കൊണ്ടും സംവിധായൻ ചില നിർബദ്ധബുദ്ധിയാൽ സമൃദ്ധം ചെലുത്തി ചെയ്യിപ്പിച്ച പ്രതീതി ചില ഇടങ്ങളിൽ മുഴച്ചു നിൽക്കുന്നുമുണ്ട് .
മൂന്നു പേർ മാത്രമുള്ള വീട്ടിൽ കഴുകി വെടിപ്പാക്കാനുള്ള പാത്രപ്പെരുമഴയും , വേസ്റ്റിലും, പാത്രം കഴുകലിലുമായി കുറച്ചധിക നേരം കഥാഗതിയെ കെട്ടിയിട്ടതും ചെറിയൊരു ലേഗ് സൃഷിടിക്കുന്നുണ്ട് .
കുറവ അരിയുടെ വേവ് അമ്മയോട് ഫോണിൽ ചോദിക്കുന്നതും , സാമ്പാറിന്റെ കഷണത്തിന്റെ വലുപ്പം ചോദിക്കുന്നതും സ്വന്തം വീട്ടിലെ അടുക്കള കാണാത്തതിന്റെ കുറവായി വായിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു . കാരണം നായിക പ്രതിനിധാനം ചെയ്യുന്നത് ന്യു ജെനെറേഷനെയാണല്ലോ ?
ഇനിയും ഞാൻ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്റെ എഴുത്തിനു ലേഗ് വരാനുള്ള സാധ്യതയുള്ളതിനാൽ പെട്ടന്ന് ആദ്യ രാത്രി കഴിഞ്ഞുള്ള നാളുകളിലേക്ക് വരാം .
ആദ്യ രാത്രി കഴിഞ്ഞ് രാവിലെ , അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ പിറകിൽ വന്നു കെട്ടിപ്പിടിച്ചു (സ്ഥിരം കലാപരിപാടി) കൊണ്ട് സൂരാജ് നെഞ്ചു വിരിച്ചു പറയുന്ന ഒരു ഡയലോഗ് ഉണ്ട് ...
" നമ്മുക്കെന്തിനാണ് ഹണിമൂൺ .. എന്നും ഹണിമൂൺ ആണല്ലോ ? "
അവളുടെ ശരീരത്തിൽ ഇന്നലെ രാത്രിയിൽ കാണിച്ചതെല്ലാം തന്റെ വീര കൃത്യങ്ങളായി പരിഗണിച്ചു വിജയശ്രീലാളിതന്റെ വളിച്ച ചിരി , ചോദ്യക്കടലാസ് തെയ്യറാക്കിയവൻ തന്നെ ഉത്തരമിട്ട് റാങ്ക് ഹോൾഡർ ആയി അഭിമാനിക്കുന്നതിലും താഴെയാണ് .
ആ ചിരിപ്പൂവിന് , ഭാര്യസെക്സ് പറയുന്നത് പോലും അക്ഷന്തവ്യമായ തെറ്റായി കാണുന്ന ( ചില) പുരുഷ കേസരികളുടെ മുഖത്ത് വിരിയാറുള്ള ശവന്നാറി പൂക്കളുടെ "സുഗന്ധമാണെന്ന് പറയാതെ വയ്യ !! .
ആദ്യ രാത്രിയിൽ അവൾ അനുഭവിച്ച വേദന , പിന്നീടുള്ള ഭാഗത്ത് അവൾ "ഫോർ പ്ളേ "ക്ക് അപേക്ഷിക്കുമ്പോൾ നമുക്ക് മനസിലാക്കാവുന്നതേ ഉള്ളു . പവർ പ്ളേ മാത്രമറിയുന്ന സ്വരാജിനോട് ഫോർ പ്ളേ ചോദിച്ചത് അവളുടെ തെറ്റെന്നല്ലാതെ എന്ത് പറയാൻ!!! .
അവളുടെ ചോദ്യത്തിന് എനിക്കും തോന്നണ്ടേ എന്ന് ഉത്തരം പറയുന്ന സുരാജിന് ശബരിമലക്ക് മാലയിടുന്നതിന്റെ തലേന്ന് അവളോട് "അത്" ആവശ്യപ്പെടുബോൾ അവൾക്കും തോന്നേണ്ടേ എന്നത് ഒരു വിഷയമേ അല്ല !!
ഭർത്താവ് സെക്‌സിന് വിളിക്കുമ്പോൾ നിഷേധിക്കുന്ന ഭാര്യയെ കട്ടിലിനു കെട്ടിയിട്ട് അടിക്കണം എന്നാണല്ലോ ? . ഇവിടെ അടിക്കേണ്ടത് ആരെയെന്ന കാര്യത്തിലെ സംശയമുള്ളൂ !!
( ഒരു ഗ്രൂപ്പിൽ ഫോർ പ്ളേ എന്താണ് എന്നൊരു സംശയം ചോദിച്ചു കൊണ്ട് ഇട്ട പോസ്റ്റിൽ വന്ന കമന്റുകൾ കണ്ടപ്പോഴാണ് ഈ വിഷയം എത്ര മാത്രം പുരുഷന്മാർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നത് മനസിലായത് . നാല് പേരുള്ള കളിക്ക് ചോദിച്ചപ്പോൾ തന്നെ അവളെ അടിച്ചിറക്കണമെന്നു ഉപദേശിച്ചു കളഞ്ഞവർ വരെ ഉണ്ട് ആ കൂട്ടത്തിൽ!!!! ).
കപ്പ ബിരിയാണി തിന്നതിനാൽ മൂഡില്ല എന്ന് പറയുന്ന ഭാര്യ തനിക്ക് അന്നേ ദിവസം ബന്ധപ്പെടാൻ താൽപ്പര്യമില്ല എന്ന്തന്നെയാണ് തുറന്ന് പറയുന്നത്.
തനിക്ക് മൂഡുള്ളപ്പോൾ അവൾക്കും വേണമെന്നു ശഠിക്കുന്നവർ സ്വിച്ച് ഇട്ടാൽ വരുന്ന ഒന്നല്ല ലൈംഗിക തൃഷ്ണയെന്ന തിരിച്ചറിവിന്റെ ആദ്യപാഠമാണ് ഇനിയും പഠിക്കേണ്ടത് .
തൽക്കാലം ലൈംഗിത അവിടെ നിർത്തി മറ്റു വിഷയങ്ങളിലേക്ക് വരാം.
ഓരോ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ ശരിക്ക് പറഞ്ഞാൽ ഒരു പാഠപുസ്തകം തന്നെയാണ്.
പാൽചായ ഇഷ്ടമില്ലാത്ത പാൽക്കാരി കുട്ടി
പാൽ കൊണ്ട് വരുന്ന ആ മോൾക്ക് പോലും സംവിധായകൻ ഡീറ്റെയിൽസ് ഒരുക്കിയിട്ടുണ്ട് . അവൾ എന്ത്കൊണ്ട് പാൽചായ ഇഷ്ടപ്പെടുന്നില്ല എന്ന് നമ്മോട് പറയുന്നില്ല പകരം വായിച്ചെടുക്കാൻ പറഞ്ഞു പിൻവാങ്ങുമ്പോൾ അതിന് ഒരു പ്രത്യേക ഭംഗിയുണ്ട് .
അച്ചൻ ഗ്ലാസിലും , മകൻ കപ്പിലും ചായ കുടിക്കുന്ന സ്വഭാവ രീതിയിൽ പോലും സൂക്ഷമത പുലർത്തിയ സംവിധായകൻ അവസാന സീനിൽ വേസ്റ്റ് വെള്ളം അവൾ പകർന്ന് നൽകുന്നിടത്തും അവ രണ്ടും തന്നെ നിലനിർത്തിയിരിക്കുന്നു . അത് നന്നായി!!
സ്നേഹിച്ചു കഴുത്തറുക്കുന്ന അച്ഛൻ
വാഷിം മിഷീനിൽ തന്റെ ഡ്രസ്സ് ഇടേണ്ട എന്ന് എത്ര തന്ത്ര പൂർവ്വണ് അയാൾ ആജ്ഞാപിക്കുന്നത് . അവളുടെ ജോലി തടയുന്നത് മുതൽ ബ്രഷ് എടുപ്പിക്കുന്നത് വരെ കഴുത്തറക്കുന്ന സ്നേഹം തന്നെയാണ് അയാളുടെ ആയുധം . ബ്രഷ് വാങ്ങിയിട്ട് അയാൾ നടക്കുന്നത് ബ്രഷുമായി അമ്മയും , മരുമകളും നടന്നു വന്ന അതെ ദിശയിലേക്കാണ് . അതാണ് അതിന്റെ ഹൈലൈറ്റ്സ്.
സുരാജെന്ന കുറുക്കനായ ഭർത്താവ്
പുറം കാഴ്ച്ചക്ക് സുന്ദരനാണെങ്കിലും ,സുന്ദരമായി ഒളിച്ചു വെച്ച കുറുക്കന്റെ കൗശല്യം ഈ കേരക്ടറിൽ നമുക്ക് കാണാം .
കല്യാണം കഴിഞ്ഞത് മുതൽ, സ്ത്രീയെ മെരുക്കാൻ പഠിച്ചു വെച്ചിട്ടുള്ള സ്ഥിരം നമ്പറുകൾ ഇറക്കി കളിക്കുന്ന നായകൻ , അവന്റെ ആവശ്യങ്ങൾക്ക് സ്നേഹം നടിക്കുകയും , അവളെ കൊണ്ട് മാപ്പ് പറയിച്ചിട്ടു ,എല്ലാം പൊറുത്ത് മറന്നപോലെ പോലെ വശ്യമായി അഭിനയിക്കുന്നതും , പിറ്റേന്ന് രാവിലെ പ്ലംബറെ വിളിക്കാൻ പറയുമ്പോൾ നിനക്ക് വേസ്റ്റ് എപ്പോഴും പ്രശ്നമാണെന്ന് കുത്തിപ്പറയുന്നതും, എത്ര അടക്കിപ്പിടിച്ചിട്ടും പുറത്ത് ചാടുന്ന അയാളുടെ തനി നിറം തന്നെയാണ് .
ഹോട്ടലിൽ വെച്ച് ടേബിൾ മാനേഴ്‌സിനെ കുറിച്ച് അവൾ പറയുന്ന തമാശ പോലും സഹിക്കാൻ അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്തവൻ " എന്റെ വീട്ടിൽ ഞാൻ എന്തും ചെയ്യും" എന്ന് പറയുന്നിടത്ത് നമ്മളൊക്കെ മനസിൽ കൊണ്ട് നടക്കുന്ന "കെട്ടിയവന്റെ വീട്" എന്ന ചിന്ത തന്നെയാണ് നുരഞ്ഞു പൊന്തി ഉയരുന്നത് !!
കെട്ടികഴിഞ്ഞാൽ പിറന്ന വീടും , കാല് കുത്തിയ വീടും നഷ്ടപ്പെടുന്നവൾ ഭർത്തവിന്റെ പേര് പിന്നിൽ ചേർത്ത് അഡ്രസ് ഉണ്ടാക്കേണ്ടി വരുന്നതിൽ അത്ഭുതമില്ല!! .
ഫേസ് ബുക്കിൽ ഷെയർ ചെയ്തത് ഡിലീറ്റു ചെയ്യില്ല എന്ന് പറയുമ്പോൾ ശാരീരിക ആക്രമണത്തിന് മുതിരുന്ന നായകൻ ഭാര്യാമർദ്ദനം പുരുഷന്റെ മൗലിക അവകാശമായി കാണുന്നത്, കണ്ടു വളർന്ന ശീലങ്ങളുടെ പിൻബലത്തിലാണ് .
സമൂഹം തുടർന്ന് വരുന്ന ശീലങ്ങളെ ചോദ്യം ചെയ്യുന്നതാണ് നിമിഷയുടെ കഥപാത്രം ചെയ്യുന്ന വലിയ പാതകം!! .
ചുവരിൽ കാണിക്കുന്ന അനേകം കുടുംബ ഫോട്ടോകളിൽ ഒന്നായി അവളും കടന്ന് പോയിരുന്നെങ്കിൽ , കുല സ്ത്രീ ആയി അവളും വാഴ്ത്തപ്പെട്ടേനെ !! ( എനിക്ക് തോന്നുന്നു ഈ ചിത്രത്തിലെ മനോഹരമായ രംഗങ്ങളിൽ ഒന്ന് അതാണ് . ഓരോ ഫോട്ടോ കാണിക്കുമ്പോഴും , അടിച്ചു വാരുന്നതിന്റെയും , അലക്കുന്നതിന്റെയും , തുടങ്ങി സ്ത്രീകൾ ചെയ്യുന്ന എല്ലാ ജോലികളുടെയും ശബ്ദങ്ങളാണ് പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നു )
സ്ത്രീയിൽ നിന്നും പുറത്ത് വരുന്നത് അശുദ്ധിയും പശുവിൽ നിന്ന് പുറത്ത് വരുന്നത് വിശുദ്ധിയുമാവുന്നത് എങ്ങിനെ എന്ന് മനസിലാവുന്നില്ല !! .അല്ലെങ്കിലും വിശ്വാസങ്ങളിൽ ചോദ്യങ്ങൾക്ക് സ്ഥാനമില്ലല്ലോ ?
അച്ഛന്റെയും , ഭർത്താവിന്റേയും മുഖത്ത് , വന്ന അന്ന് മുതൽ നന്നാക്കി തരുവാൻ ആവശ്യപ്പിട്ടിട്ടും നന്നാക്കി നൽകാതിരുന്ന പൈപ്പിലെ അഴുക്കു വെള്ളം വീശി ഒഴിച്ച് കെട്ടും കെട്ടി അവൾ ( സ്ത്രീ/ദേവി ) ഇറങ്ങുമ്പോൾ പശ്ചാത്തലത്തിൽ ശരണം വിളി മുഴങ്ങുന്നു " കേട്ടും കെട്ടി ശബരി മലക്ക് ...ദേവനെ ..ദേവിയേ " . വായിച്ചെടുക്കാൻ ഒരു പാടുള്ള ആ രംഗം ഒരുക്കിയതിൽ സംവിധായകന് അഭിമാനിക്കാം .
ശബരിമലക്ക് മാലയിട്ടവന്റെ മുഖത്ത് അഴുക്കു വെള്ളം ഒഴിക്കുന്നതിലൂടെ വിശ്വാസികളെ വേദനിപ്പിച്ചു എന്ന് വാവിട്ട് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ . അന്ന് വരെ പൂജിച്ച ദേവീ വിഗ്രഹത്തിനു മുകളിൽ കാർക്കിച്ചു തുപ്പിയ നിർമ്മാല്യം പോലുള്ള സിനിമകൾ ഉൾക്കൊണ്ട നാടാണ് ഇത് . ഒരു സിനിമക്ക് കുലക്കാൻ പറ്റിയ അടിത്തറയെ വിശ്വാസത്തിന് ഉള്ളുവെങ്കിൽ അസ്ഥിവാരത്തിന്റെ ഉറപ്പ്പരിശോദിക്കേണ്ട സമയമായി എന്നെ പറയാനുള്ളു .
ഈ സിനിമയിൽ സംവിധായകൻ ഒളിച്ചു കടത്താൻ മിനക്കെടാതെ തന്റെ രാഷ്ട്രീയം തുറന്നു പറയുന്നുണ്ടു അവസാന സീനിനു തൊട്ടു മുൻപ് ചെഗ് വേരയുടെ ചിത്രം വരച്ച ബസ്റ്റോപ്പും , ആചാര സംരക്ഷണ സമിതിയും തൊട്ടു തൊട്ടു കാണിക്കുമ്പോൾ എവിടെ ഇരിക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്ന് തന്നെയാണ് സംവിധായകൻ പ്രേക്ഷകനോട് പറയുന്നത് . ഇരുപക്ഷങ്ങൾക്കുമപ്പുറം മറ്റു ഇരിപ്പിടങ്ങളും ഉണ്ടെന്നത് മറ്റൊരു സത്യം.
തിരിച്ചു വീട്ടിൽ കയറി വരുന്ന നിമിഷ , ഇളയ സഹോദരൻ വെള്ളം എടുത്തുകൊടുക്കാൻ അമ്മയോട് പറയുമ്പോൾ " നിനക്കെന്തേടാ എടുത്ത് കുടിച്ചാൽ എന്ന പൊട്ടി തെറിച്ചു കൊണ്ടുള്ള ചോദ്യം പല വീടുകളിലും മൗനമായി ഉയരുന്നത് തന്നെയാണ് .
ഇനി ചുരുക്കത്തിൽ , മുകളിൽ പറഞ്ഞതെല്ലാം സ്ത്രീ പക്ഷമായി തോന്നുന്നവർക്ക് , അല്ലെങ്കിൽ പുരുഷന്മാരും അവരുടെ കടമകൾ ചെയ്യുന്നില്ലേ എന്ന് ചോദ്യം ഉയർത്തുന്നവർക്കുള്ള മറുപടി പറഞ്ഞു കൊണ്ട് നിർത്താം .
നമ്മളിൽ എത്ര പേർ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ സ്ത്രീ ആയി ജനിക്കാൻ ആഗ്രഹിക്കുന്നവരുണ്ട് ?. ഇനി രണ്ടാമത്തെ ചോദ്യത്തിലേക്ക് വന്നാൽ പുരുഷൻ ചെയ്യുന്ന ജോലികൾക്ക് സാമൂഹികമായി കിട്ടുന്ന വിലമതിക്കൽ , പകലന്തിയോളം കൈയ്യൊഴിയാതെ ജോലി ചെയ്യുന്ന സ്ത്രീക്ക് ലഭിക്കുന്നില്ല എന്ന സത്യം വിളിച്ചു പറയുന്നത് സ്ത്രീപക്ഷമാണെങ്കിൽ തീർച്ചയായും ഇതൊരു സ്ത്രീ പക്ഷ സിനിമയാണ് .
" നിനക്ക് ഇവിടെ എന്താണ് ഇതിനു മാത്രം ജോലിയെന്ന് ചോദിക്കുന്ന ഭർത്താക്കന്മാർ , അല്ലെങ്കിൽ അവൾക്ക് ജോലിയൊന്നുമില്ലാത്ത ഹൗസ് വൈഫാണെന്ന് അറിഞ്ഞോ അറിയാതയോ ഭാര്യക്ക് വിശേഷണം നൽകുന്നവർ, ഒരിക്കലും അടയ്ക്കാത്ത അടുക്കളയെന്ന ഫാക്ട്റിയിൽ ഉരുകി തീരുന്ന ജന്മങ്ങൾക്ക് മീതെ അത്തരം വാക്ക്കൾ കൊണ്ട് വെക്കുന്നത് അഭിനന്ദനത്തിൻ പൂക്കളല്ല . അവരുടെ ആത്മാഭിമാനത്തിനും , അർപ്പണ മനോഭാവത്തിനും മുകളിൽ വെക്കപ്പെടുന്ന റീത്തുകളാണ് അവയോരോന്നും ...മറക്കരുത്
മേൽപ്പറഞ്ഞ തിരിച്ചറിവിലേക്ക് തന്നെയാണ് സിനിമയുടെ അണിയറക്കാർ വിരൽ ചൂണ്ടുന്നതും . ആ തിരിച്ചറിവാണ് നമ്മുക്ക് ഉണ്ടാവേണ്ടതും
ഇതൊരു അതിമഹത്തായ സിനിമയല്ല ... പക്ഷെ നമ്മൾ അറിഞ്ഞിട്ടും തിരുത്താതെ കൊണ്ട് നടക്കുന്ന ചില ശീലങ്ങളെ ചൂണ്ടിക്കാണിച്ചതിലുള്ള മിടുക്ക് ഗ്രേറ്റ് ആണെന്ന് പറയാതെ വൈയ്യ !!
അതിനിരിക്കട്ടെ അണിയറ പ്രവർകർക്ക് ഒരു പൊൻതൂവ്വൽ .. ദേ ആർ ഗ്രേറ്റ് .
മനോജ് കുമാർ കാപ്പാട് കുവൈറ്റ് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക