നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈകി വന്ന വസന്തം ( കഥ )

"എന്റെ കൊച്ചേ നീയീ  കുന്ത്രാണ്ടം ഊരിക്കളഞ്ഞിട്ട്  ഒരു സാരി  എടുത്തുടുത്തേ  ..ഒരു ബഹുമാനം ഒക്കെ വേണ്ടേ ? അല്ലേ അവരെന്നാ വിചാരിക്കും ? "

ഞാൻ  അമ്മയേ ഒന്നു കനപ്പിച്ചു നോക്കി .

"ഓ  സാരിയുടുക്കുന്നത് ബഹുമാനം കാണിക്കാനാ ? അതൊരു പുതിയ അറിവാണല്ലോ ?അത്യാവശ്യം ബഹുമാനത്തിനുള്ള ഒരു സാരി അമ്മ ഉടുത്തിട്ടുണ്ടല്ലോ ? അതു തന്നെ ധാരാളം. എന്നേ  ഈ ചുരിദാറിൽ കാണാൻ മനസുള്ളൊരു കണ്ടാൽ മതിയെന്നേ .. "

എനിക്കു ശരിക്കും ദേഷ്യം  വന്നു . ഞങ്ങടെ കണ്ണടഞ്ഞാൽ പിന്നെ നിനക്കാരൊണ്ട്  കൊച്ചേ എന്നും പറഞ്ഞു അമ്മ തുടങ്ങിയിട്ട് കുറച്ചധികം നാളായി .  അമ്മേടെ ഭാഷയിൽ പറഞ്ഞാൽ എന്റെ താളത്തിനൊപ്പിച്ചു തുള്ളുന്ന ആളാണ് എന്റെ അച്ഛൻ . ആ അച്ഛനും കൂടി അമ്മേടെ സ്ഥിരം ഡയലോഗ് അടിച്ചു കണ്ണു നിറച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല .. ആരെയാണെന്നു വച്ചാൽ കണ്ടു പിടിച്ചോ .. ഞാൻ കെട്ടിയേക്കാം എന്നൊന്നു പറഞ്ഞു പോയി . അതിന്റെയാ ഈ കാണുന്നതൊക്കെ . ഇപ്പം വരും ബന്ധുക്കളും കുടുംബക്കാരും എല്ലാം .. ഒരു പട തന്നെ കാണും . മുറിയിൽ കേറി കതകച്ചേക്കാം .. അല്ലെങ്കിൽ എല്ലാരോടും മറുപടി പറഞ്ഞു പറഞ്ഞു ഞാനൊരു വഴിക്കാകും ..

എന്നതാണേലും  അമ്മ പറഞ്ഞതല്ലേ ? കുറച്ചു ബഹുമാനം ഒക്കെ ആവാം  .. എന്നാലും സാരിയൊന്നും വേണ്ടാ . ഈ പച്ച ചുരിദാർ തന്നെ ആയിക്കോട്ടെ .. പച്ചയോടുള്ള ഇഷ്ടം ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല കേട്ടോ .. മാമൻ മാരുടെ മക്കളു ചോദിക്കാറുണ്ട്  ചേച്ചിക്കീ പച്ചയിലാരെങ്കിലും  കൈവിഷം തന്നോ എന്ന് . അതേ കുട്ടികളേ  കൈവിഷം തന്നു ..എന്നിട്ട് പൊടീം തട്ടി സ്‌ഥലം വിട്ടെന്ന് ഞാനും പറയും . അവരോടല്ല കേട്ടോ എന്നോടു തന്നെ .

" മോളേ  നന്ദേ .. ഇറങ്ങി വാ  അച്ഛൻ വിളിക്കുന്നു .. "
മൂത്ത അമ്മായിയാ .. ഇവരും വന്നോ ?കെട്ടൊന്നുമല്ലല്ലോ ഇന്ന് ? വെറുമൊരു പെണ്ണു കാണൽ .. അതും ഈ ഇരുപത്തേഴാം വയസിൽ . അതിനിത്രേം ആർഭാടത്തിന്റെ കാര്യമുണ്ടോ ? ആ എന്നതേലും  ആകട്ടേ . 

മുറി തുറന്നു ഇറങ്ങി വന്ന എന്നേ എല്ലാവരും അടിമുടി ഒന്നു നോക്കി . അത്ര പോരാ എന്നാണെന്നു തോന്നുന്നു പല മുഖത്തും ഉള്ള ഭാവം . ഇനി ഇപ്പൊ ഇതായാലും മതി  എന്നൊരു ഭാവം മറ്റു ചിലരിൽ .   അവിടെയുള്ള ആൾക്കൂട്ടം കണ്ടു ഞാൻ കണ്ണു തള്ളിപ്പോയി .  ഇത്രേം പേരോ ? ഇവർക്കൊന്നും കോവിഡിനോട് ഒരു റെസ്‌പെക്ടും ഇല്ലല്ലോ ദൈവമേ ..  ബോധവൽക്കരണം  അത്രയ്ക്കങ്ങോട്ടു പോരാന്നു തോന്നുന്നു .  ഈ  രക്തത്തിൽ എനിക്കു പങ്കില്ലെന്ന് ആതംഗതം ചെയ്തു ഞാൻ മെല്ലെ 
പൂമുഖത്തേയ്ക്ക് .. 

ഞാനാരേം നോക്കാൻ പോയില്ല . അല്ലെങ്കിലും എനിക്കല്ലല്ലോ കാണേണ്ടത് ? എന്നെയല്ലേ ? കാണട്ടെ .. കൺകുളിർക്കെ കാണട്ടെ .. അല്ല പിന്നെ .

വയസിത്രേം ആയെങ്കിലും നമ്മുടെ ആദ്യത്തെ അനുഭവമാണേ . അതുകൊണ്ടു തന്നെ കാര്യങ്ങള് വല്യ പിടിയൊന്നുമില്ലെന്നേ  .സാധാരണ പറഞ്ഞു കേട്ടിട്ടുള്ള  പെണ്ണുകാണലിന്റെ  ക്ളീഷേ ചോദ്യങ്ങളൊന്നുമില്ല !!  അതു മാത്രമോ ? ഒരെണ്ണം മിണ്ടുന്നുമില്ല. സൂര്യനു താഴെ എന്തിനെക്കുറിച്ചും വാചാലനാകുന്ന എന്റെ അച്ഛൻ മിസ്റ്റർ  കോവാല കൃഷ്ണനും മിണ്ടാ വ്രതമോ ?ഇതെന്നതാ ഇവിടെ ? ഊമകളുടെ സംസ്ഥാന സമ്മേളനമാ ???

മുഖം ഉയർത്തി  എല്ലാരേം ഒരു റൗണ്ട് നോക്കിയ ഞാൻ  തളർന്നു പോയി .. ഇനിയൊരിക്കലും  തമ്മിൽ കാണരുത് എന്നു കരുതിയ ആൾ കണ്മുന്നിൽ .. തൊട്ടടുത്ത് ഇരിക്കുന്ന ആളിന് മറ്റേ ആളിന്റെ അതേ രൂപം !! അതേ ഭാവം !! .  ഓ  അപ്പോൾ അനുജന് കല്യാണ ആലോചനയുമായിട്ട് ഇറങ്ങിയതാണ് .. കാണിച്ചു കൊടുക്കാം ഞാൻ .. എനിക്കു സങ്കടം  ദേഷ്യം ഒക്കെ ഒരുമിച്ചു വന്നു .

ഇനി അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം അല്ലേ ? അവരുടെ കൂടെ വന്ന ഏതോ തല മൂത്ത കാർന്നോരാണെന്നു തോന്നുന്നു .

"ഏയ്  വേണമെന്നില്ല .. "
മണവാളൻ എന്നേ നോക്കി ഒരു വളിച്ച ചിരി.

"എനിക്കു സംസാരിക്കണം ." ഞാനാ കണ്ണിലേക്കു നോക്കി . 

"എന്നോടോ ?? " അത്ഭുതം വാരി വിതറി കൊണ്ടാണ് ചോദ്യം .

"അതേ . " ഉറച്ച ശബ്ദത്തിൽ പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് നടന്നു .

നിമിഷങ്ങൾക്കകം ആളു പിന്നാലെയെത്തി .

"എന്നോടെന്താ നന്ദയ്ക്ക് പറയാനുള്ളത് ?"

"എനിക്കു നിങ്ങളുടെ പേരറിയില്ല . അരുൺസാറിന്റെ  അനുജനാണെന്നു തോന്നി  . അതുകൊണ്ടാണ് സംസാരിക്കണം എന്നു പറഞ്ഞത് .ഒരു കാലത്ത്   മനസ്സറിഞ്ഞ് പരസ്പരം പ്രണയിച്ചവരാണ് ഞാനും നിങ്ങളുടെ സഹോദരനും . ആത്മാർത്ഥത എനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന തിരിച്ചറിവ് തന്നത് അദ്ദേഹത്തിൻറെ വിവാഹവാർത്തയാണ് . തകർന്നു പോയ എന്നേ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരാൻ എന്റെ അച്ഛനും അമ്മയും ചെയ്തതൊക്കെ ഓർത്താണ് എല്ലാം 
മറക്കാനൊരു പാഴ്ശ്രമം എന്ന നിലയ്ക്ക് ഒരു വിവാഹത്തിന് സമ്മതം മൂളിയത് . അതു പക്ഷേ ഞാൻ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആളിന്റെ അനുജൻ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല . അറിഞ്ഞിരുന്നെങ്കിൽ ഇവിടെ വരെ വരുത്തി ബുദ്ധിമുട്ടിക്കുകേലാരുന്നു  ."

അത്രയും പറഞ്ഞപ്പോഴേക്കും എന്റെ ശബ്ദം ഇടറിത്തുടങ്ങി എന്ന് എനിക്കു മനസിലായി.

"നന്ദ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു "
അയാളും വാക്കുകൾക്കായി പരതുന്നത്  ഞാൻ കണ്ടു . 

"അതേ തെറ്റിദ്ധാരണ തന്നെ ആയിരുന്നു .  എന്നേ  ഇഷ്ടമാണെന്ന് ഒരിക്കലും അദ്ദേഹം പറഞ്ഞിരുന്നില്ല . തിരിച്ചു ഞാനും.
അതുകൊണ്ടു തന്നെ കുറ്റപ്പെടുത്താൻ ഞാൻ ആളല്ല . അതു പോട്ടെ .. എന്റെ വീട്ടുകാരോട് ഇനി എന്നാ  പറയും എന്നോർത്ത് വിഷമിക്കണ്ടാ . അതു ഞാൻ പറഞ്ഞോളാം .  
എനിക്കൊന്നേ പറയാനുള്ളു .  എനിക്കു സമ്മതമല്ല . അത്ര തന്നെ . നിങ്ങൾക്കെന്തും പറയാം നിങ്ങളുടെ ആൾക്കാരോട് . ഞാൻ മോശക്കാരിയാണെന്നോ തന്റേടിയാണെന്നോ എന്തും . അതൊക്കെ നിങ്ങളുടെ മനോധർമ്മം പോലെ എന്നതാന്ന്  വച്ചാൽ ചെയ്തോന്നേ  . "

ഞാൻ ചിരിയുടെ മൂടുപടം അണിഞ്ഞു പറഞ്ഞു നിർത്തി . 

"എങ്കിൽ ശരി .." ചെറു ചിരിയോടെ ആളും തിരിഞ്ഞു നടന്നു . 
അപ്പോഴാണ് ഓർത്തത് എന്നേ ആദ്യമായും ഒരുപക്ഷേ   അവസാനമായും പെണ്ണു കാണാൻ വന്ന മഹാനല്ലേ ? പേരു പോലും അറിയാൻ മേലാന്നു പറഞ്ഞാ അതു  മോശമല്ലേ ??അയ്യേ !!

"അതേ .. പേരെന്നതാ ? 
പറഞ്ഞില്ലാരുന്നല്ലോ  ? "
ഒരു ചളിപ്പോടെ യുള്ള എന്റെ ചോദ്യത്തിന് കിട്ടിയ മറുപടിയും അങ്ങനെ തന്നെ .

"ഇനി പേരറിഞ്ഞിട്ട് എന്തിനാ ?? എന്നാലും പറഞ്ഞേക്കാം . കിരൺ .. അതാണെന്റെ പേര് . ഇനി എനിക്കു പോകാമല്ലോ ??"
ഞാൻ മെല്ലെ തലയാട്ടി . 

വിശദീകരണം ചോദിച്ചു വന്ന വീട്ടുകാരോട് ഒന്നു മാത്രം പറഞ്ഞു ഞാൻ .
" ഈ ജന്മം.. ഇതിങ്ങനെ പോട്ടെ .. ഇതു മതി .. ഐ ആം റിയലി ഹാപ്പി  അച്ഛാ .."

തൽക്കാലം അതങ്ങനെ കഴിഞ്ഞു .

കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള ഒരു സാറ്റർഡേ .. ഒപിയിലെ തിരക്കൊന്നു കഴിഞ്ഞതേയുള്ളൂ .

"നാളെ ഹോളിഡേ അല്ലേ ?  അതാവും ഇന്നിത്രേം  അല്ലേ സിന്ധു" 
അതിനു മറുപടി പറയാതെ സിന്ധു  എന്നേ ഒന്നു നോക്കി ഒരു മുൻ‌കൂർ ജാമ്യം പോലെ .

ഒരാളു ഡോക്ടറെ കാണാൻ വെയിറ്റ് ചെയ്യുന്നുണ്ട് . തിരക്കു കഴിഞ്ഞു മതി എന്നു പറഞ്ഞതു കൊണ്ടാ  ഞാൻ പറയാതിരുന്നത് !! 

എന്റെ സിന്ധൂ ഇനി അതാരാ ? മനുഷ്യനിവിടെ വിശന്നിട്ട് കണ്ണു കാണാൻ മേലാ  . അപ്പോഴാ . . ഇപ്പോൾ  തന്നെ സമയം  മൂന്നര ആയി . ങാ ആരാണെങ്കിലും വിളിക്ക് .."
സിന്ധുവിന്റെ പിന്നാലെ വന്ന ആളിനെ കണ്ടു ഞാൻ അറിയാതെ  എന്റെ സീറ്റിൽ നിന്നു എഴുനേറ്റു പോയി .

കിരൺ !!

"സിസ്റ്ററെ എനിക്കു ഡോക്ടറോട് പറയാനുള്ളത് വല്യ രഹസ്യമൊന്നുമല്ല കേട്ടോ . എന്നാലും ഒരു രണ്ടു് മിനിട്ട് സിസ്റ്റർ ഒന്നു പുറത്തു നിക്കുമോ ? കാര്യം ഒക്കെ ഡോക്ടറു തന്നെ സിസ്റ്ററിനോട് പറഞ്ഞോളുമെന്നെ ."

എന്നേ നോക്കി ഒരു പ്രത്യേക ചിരി പാസാക്കി സിന്ധു റൂമിനു പുറത്തിറങ്ങി .

"ഹാ ഇരിക്കൂ ഡോക്ടറേ .. ഡോക്ടറു പേടിക്കണ്ടാ  . ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കാനൊന്നും വന്നതല്ല കേട്ടോ . എന്നാലും ചില കാര്യങ്ങൾ ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ലെന്നു തോന്നി . അതാ വന്നത് . ഒപി കഴിഞ്ഞല്ലോ അല്ലേ ? നമുക്കു പുറത്തെവിടെങ്കിലും ഇരുന്നു സംസാരിച്ചാലോ ? ഇവിടെ അടുത്തുള്ള ഏതെങ്കിലും റെസ്റ്റോറന്റിലോട്ടു വിട്ടാലോ ? 

ഇതിപ്പോ എനിക്ക് സംസാരിക്കാൻ അവസരം തരാതെ ഞാനെന്നാ പറയാനാ ?? എന്റെ ആത്മഗതമാണ് കേട്ടോ . 

"ഒക്കെ .."
എന്റെ മറുപടിക്കൊന്നും കാത്തു നിൽക്കാതെ കിരൺ നടന്നു കഴിഞ്ഞു . 
"ഡോക്ടർ എന്റെ കാറിനെ ഫോളോ ചെയ്‌താൽ മതി കേട്ടോ .". മുന്നോട്ടു 
നടക്കുന്നതിനിടയിൽ  ഇടയ്ക്കു തിരിഞ്ഞ് എന്നോടു പറഞ്ഞു . ഞാൻ വെറുതേ ഒന്നു തലയാട്ടി .. എന്റെയൊരു സമാധാനത്തിന് . 

എന്നതാരിക്കും  കിരണിന് എന്നോടു പറയാനുണ്ടാവുക ?? അതു തന്നെ ആയിരുന്നു കിരണിനേ ഫോളോ ചെയ്യുമ്പോഴൊക്കെ എന്റെ ചിന്ത . 

ഹോട്ടലിന്റെ പാർക്കിംഗ് ഏരിയായിൽ എനിക്കു വേണ്ടി കിരൺ നിൽക്കുന്നത് കണ്ടു ഞാനും അവിടെ കാർ നിർത്തി .

അകത്തു കടന്ന് ഇരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് ഓർഡർ എടുക്കാൻ വന്ന ആളിനേ   ഇപ്പോൾ രണ്ടു് ഗ്ളാസ് തണുത്ത വെള്ളം മാത്രം ബാക്കി പിന്നീട് പറയാം എന്ന് പറഞ്ഞ് കിരൺ മടക്കി . എന്നിട്ട് എന്റെ നേരേ തിരിഞ്ഞു . 

"ഡോക്ടറേ പറയാനുള്ളത് വളച്ചു കെട്ടാതെ നേരേ അങ്ങു പറയാം . അന്ന് ഡോക്ടറേ കാണാൻ വന്നത് ഞാനല്ല .. ഏട്ടനാ .."

ഒരു വിവാഹം കഴിഞ്ഞ അരുൺ സാർ  എന്നേ പെണ്ണു കാണാൻ വന്നെന്നോ ???
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായിട്ടാവും  ഒരു ചിരിയോടെ തുടർന്നു . 

ഡോക്ടറു പറഞ്ഞതു പോലെ എല്ലാം ഡോക്ടറുടെ തെറ്റിദ്ധാരണ തന്നെ ആയിരുന്നു . തുറന്നു പറഞ്ഞിരുന്നില്ല എങ്കിലും ഏട്ടന് ഇയാളെ ജീവനായിരുന്നു . അതു വീട്ടിൽ എല്ലാർക്കും അറിയാവുന്ന കാര്യോമായിരുന്നു . ഒരു എതിർപ്പും ഉണ്ടായിരുന്നതുമില്ല . പക്ഷേ ഇതറിഞ്ഞ അച്ഛന്റെ പെങ്ങളുടെ മോൾ മാളവിക  കയ്യിലെ വെയിൻ മുറിച്ചു സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു . അതോടെ അച്ഛൻ പ്ലേറ്റു തിരിച്ചു . ഇഷ്ടമാണെന്ന് ഒന്നു പറഞ്ഞിട്ട് പോലുമില്ലാത്ത പെണ്ണിന് വേണ്ടി കാത്തിരിക്കണോ അതൊ നിനക്കു വേണ്ടി ജീവൻ കളയാൻ തയ്യാറായ പെണ്ണിനേ കൂടെ കൂട്ടണോന്ന് ആലോചിക്ക്  എന്ന് അച്ഛൻ . എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അതു അരുണേട്ടനോപ്പം ..  അല്ലെങ്കിൽ ഞാൻ മരിച്ചു കളയും എന്ന് മാളു . ഒടുവിൽ വേറൊരു മാർഗവും ഇല്ലാതെ  ഏട്ടൻ മാളുവിനെ സ്വീകരിക്കാൻ തയ്യാറായി . പക്ഷേ താലി കെട്ടുന്നതിനു മുൻപ് ഏട്ടൻ ഒരു കാര്യം പറഞ്ഞിരുന്നു . എല്ലാവരോടും. മനസിലുള്ളവളേ  മറന്ന് ജീവിച്ചു തുടങ്ങാൻ കുറച്ചു സമയം വേണം എന്നു പറയുന്നില്ല .. കാരണം ചിലപ്പോൾ ഒരിക്കലും എനിക്കതിനു സാധിച്ചില്ലെന്നു വരും എന്ന് .

അതേ .. അതു  പരമാർത്ഥമായിരുന്നു .. മാളുവിന് ഒരു കുറവും ഏട്ടൻ വരുത്തിയില്ല . പക്ഷേ അവളെ ഭാര്യ ആയി കാണാൻ മാത്രം ഏട്ടനു കഴിഞ്ഞില്ല . ശ്രമിച്ചിട്ടും ഇല്ല എന്നാ എനിക്ക് തോന്നുന്നത് .. ആദ്യത്തെ എടുത്തു ചാട്ടോം പിടിവാശിമൊക്കെ കളഞ്ഞു പഠിച്ച പണിയൊക്കെ പയറ്റി നോക്കി മാളു .. പക്ഷേ എവിടെ ?? അവസാനം അവളു തന്നെ സൊല്യൂഷനും കണ്ടെത്തി .. മ്യുച്വൽ ഡിവോഴ്സ് .. എട്ടന് ഒന്നിലും ഒരു എതിർപ്പുമില്ല .. വിവാഹബന്ധം തുടരാണോ  അതല്ല ഇനി ഡിവോഴ്സ്  വേണോ  എന്തിനും ഏട്ടൻ തയ്യാർ . 

 കിരൺ ഒന്നു നിർത്തി ഒരു നെടു വീർപ്പോടെ തുടർന്നു .

എല്ലാം കഴിഞ്ഞു വേറേ ആളിനേം കെട്ടി രണ്ടു് പിള്ളേരുമായിട്ട് അവളു സസുഖം വാഴുന്നു . എട്ടന്റേം മാളൂന്റേം കെട്ടും അഴിക്കലും എല്ലാം വളരെ പെട്ടെന്നായിരുന്നല്ലോ . അന്നേരം  ഡോക്ടറുടെ കാര്യം വീട്ടിൽ എല്ലാരും ഏട്ടനോട് ചോദിച്ചതാ .. അന്ന് ഇയാൾ സെക്കന്റ് ഇയർ   ആണെന്ന്  തോന്നുന്നു . ഏട്ടൻ പക്ഷേ സമ്മതിച്ചില്ല . യോഗ്യയായ  ഡോക്ടർക്ക് ഒരു  രണ്ടാം കെട്ടുകാരൻ ഒട്ടും ചേരില്ലെന്ന് ..  പിന്നീടൊരിക്കൽ മൂത്ത മകന്റെ അവസ്ഥ പറഞ്ഞു കരഞ്ഞ അമ്മയോട് പറഞ്ഞു  അവളെ ഒഴിവാക്കിയ എനിക്ക് ഞാൻ തന്നെ കൊടുക്കുന്ന ശിക്ഷയാ ഈ ഒറ്റയ്ക്കുള്ള ജീവിതം എന്ന് . അതൊക്കെ പഴയ കഥയാ  . ഇപ്പോൾ ഈ  ഞാൻ പുരനിറഞ്ഞപ്പോഴാ   പ്രശ്നം വീണ്ടും തല പൊക്കിത്തുടങ്ങിയത്  .പൊക്കിയത്  അവരല്ല  കേട്ടോ ഞാനാ  .  ഏട്ടന്റെത് ആദ്യം എന്നും പറഞ്ഞു ഒറ്റക്കാലിൽ നിന്ന എന്നോട് പുള്ളി ഒരു ഡയലോഗ്  .. എന്റെ പെണ്ണിനേ എന്റെ മൂന്നിൽ കൊണ്ടു നിർത്താൻ നിനക്കു പറ്റുമോ ?? ഇല്ലല്ലോ ?? അപ്പൊൾ പിന്നെ  ഈ പ്രായത്തിൽ എന്റെ വിവാഹം എന്നൊരു കാര്യം ഇനി ഇവിടെ കേൾക്കരുത് എന്ന് .

പിന്നെന്തു ചെയ്യാനാ ?? ഡോക്ടറേ പറ്റി വെറുതേ ഒന്നന്വേഷിച്ചതാ .. ഇനി ഡോക്ടറും  വല്ല ഡിവോഴ്‌സും ഒക്കെ കഴിഞ്ഞ് എങ്ങാനും ഫ്രീ ആയി നിൽക്കുന്നുണ്ടെങ്കിലോ എന്നു കരുതി . വല്യ പ്രതീക്ഷ ഉണ്ടായിട്ടൊന്നുമല്ല കേട്ടോ . അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനെന്തൊരു സഹോദരനാ  എന്നു കരുതി മാത്രം .


പക്ഷേ ഡോക്ടർ ഇതുവരെ വിവാഹം  കഴിച്ചിട്ടില്ല എന്ന അറിഞ്ഞപ്പോൾ  സത്യത്തിൽ  ഞാൻ ഞെട്ടിപ്പോയി കേട്ടോ .   എന്താല്ലേ ഈ പ്രണയത്തിന്റെ ഒരു പവർ ??  

കുറച്ചു നിമിഷങ്ങൾ നിശബ്ദമായി കടന്നു പോയി .. 
അകത്തെ തീയായിരിക്കും ഈ കണ്ണിൽ നിന്നും ഒഴുകുന്നത് അല്ലേ ? അതിനു പറ്റിയ മരുന്ന് നല്ല തണുത്ത സോഡാ ലൈം ജ്യൂസ് തന്നെ .. ഒരെണ്ണം പറയട്ടേ ഡോക്ടറേ ?    

"പിന്നെന്താ ? പക്ഷേ  വിതൗട്ട് സോഡാ മതി" 


കിരണിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ ആ ശബ്ദം ... എത്രയോ കാലങ്ങൾക്കു ശേഷം വീണ്ടും  ആ  ശബ്ദം .. 
ആ കരുതൽ !!  
സ്റ്റഡി ടൂറിനു പോയപ്പോൾ  സോഡാ നാരങ്ങാ വെള്ളം കുടിച്ചു നിറുകയിൽ കയറി  ചുമച്ചു ശ്വാസം മുട്ടിയത് ഒരു വല്യ സംഭവം ഒന്നുമായിരുന്നില്ല . 
എന്നിട്ടും !!!എനിക്കു നെഞ്ചു പൊട്ടുന്നത് പോലെ തോന്നി .  തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ കുറുകി . മുഖം ഉയർത്താൻ കെല്പില്ലാതെ ഞാനിരുന്നു . 

"എന്നാൽ ഞാൻ അങ്ങോട്ടു വിട്ടാലോ ? ഏട്ടാ , ഡോക്ടറിന്റെ  ഓ സോറി എട്ടത്തീടെ സങ്കടം ഒക്കെ തീർത്ത്  വിശപ്പൊക്കെ മാറ്റി നിങ്ങളു പതുക്കെ വാ .. വിശന്നിട്ട് 
കണ്ണു കാണുന്നില്ലെന്നൊക്കെ പറയുന്നുണ്ടാരുന്നു " 
കിരൺ യാത്ര പറഞ്ഞു .

"എവിടെ നിന്റെ മൂക്കുത്തി ? "

 ചോദ്യം കേട്ട് ഞാൻ ആ കണ്ണുകളിലേയ്ക്ക് നോക്കി .. പ്രണയവും കുസൃതിയും മാത്രം നിറച്ചു എന്നേ നോക്കിയിരുന്ന  ആ കണ്ണുകളിൽ പക്ഷേ ഇപ്പോൾ നിറയെ വാത്സല്യമാണ് ..
കരഞ്ഞുപോയി ഞാൻ .. 

"അത് .. അതൊക്ക പോയി .. "
ഞാൻ നിന്നു വിക്കി 

എനിക്കു കിട്ടിയ  ഒരേ ഒരു പ്രണയ സമ്മാനം . എന്റെ പ്രണയം പോലെ അതും എനിക്കു കൈമോശം വന്നു പോയി എന്നെങ്ങനെ പറയും ??

"സാരമില്ല .. ദാ ഇതു വച്ചോ .. ഞാൻ നിന്റെ  കൈ പിടിക്കുമ്പോൾ  ഇതണിഞ്ഞു വേണം വരാൻ .. "

ഒരു കുഞ്ഞു ബോക്സ്  പിടിച്ചാണ് പറയുന്നത് .. അറിയാതെ കൈ നീട്ടി വാങ്ങി മെല്ലെ തുറന്നു ... ഒരു പച്ച കല്ല്  മൂക്കുത്തി !!!   എന്റെ കണ്ണുനീർ മനോഹരമായ ആ കാഴ്ച്ചയേ മറച്ചു കളഞ്ഞു .

"ഇങ്ങോട്ടു പോരുന്ന വഴിയിൽ നിന്റെ വീട്ടിൽ പോയിരുന്നു . ഒരു മുഹൂർത്തം കുറിപ്പിച്ച് നിന്റെ  അച്ഛന്റെ കയ്യിൽ കൊടുത്തിട്ടുണ്ട് . ആ  സന്തോഷം  കണ്ടു  മനസു നിറഞ്ഞു വന്ന എന്നേ  കരയിക്കാൻ നോക്കുന്നോ ??"

കുറുമ്പൊടെ പറയുന്ന ആളിനേ കണ്ണീരിനിടയിൽ കൂടി ഞാൻ നോക്കി .. 

"ഈ കഴിഞ്ഞ  പത്തു വർഷവും  നീയെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു .. നിന്നോട്  സല്ലപിച്ച് ... കലഹിച്ച് ... അതിലേറെ പ്രണയിച്ച് ഒക്കെയാണ്  എന്റെ ഓരോ ദിനരാത്രങ്ങളും കടന്നു പോയത് .. എങ്കിലും  ഇനി കാത്തിരിക്കാൻ  വയ്യ ..കൂടെ കൂട്ടിക്കോട്ടെ ഞാൻ ???

എന്റെ നേരേ കൈ നീട്ടിയാണ് ചോദ്യം. ഞാനാ കണ്ണിലേക്കു നോക്കി ..   ഇപ്പോൾ ആ കണ്ണുകളിൽ നിറയെ കുസൃതിയാണ് .. എന്നോടുള്ള അടങ്ങാത്ത പ്രണയമാണ് ...

അതേ .. എനിക്കും ജീവിക്കണം  ഒരുപാടുകാലം ..  സല്ലപിച്ച്.. കലഹിച്ച് .. പിന്നെ  ആ  പ്രണയമഴയിൽ  നനഞ്ഞ് ... അങ്ങനെ അങ്ങനെ ... ഒരുപാട് കാലം!!!!
ഞാനാ കൈകളിലേക്ക് എന്റെ വലം കൈ ചേർത്തു വെച്ചു ....


സീമ ബിനു 











No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot