Showing posts with label SamilShah. Show all posts
Showing posts with label SamilShah. Show all posts

പേടിത്തൂറി


വീരശൂരപരാക്രമിയായ ഞാൻ ആണ് കഥയിലെ ഹീറോ. പേടിത്തൊണ്ടനായ മറ്റൊരു കഥാപാത്രം കഥയിലുണ്ട്. ആദ്യം നമുക്ക് കഥ പറയാം.
എന്റെ വീട്ടിലാണ് ആ സംഭവം നടക്കുന്നത്.
വീടിന്‍റെ മുന്‍ഭാഗം കിഴക്കാണ്, വടക്കും തെക്കും ഓരോ മുറികളും നടുക്ക് ഒരു ഹാളും, പടിഞാറു വടക്കായിട്ടു അടുക്കളയുമാണ്. ഞാന്‍ ഫാറൂഖ്കോളേജിൽ പ്രീഡിഗ്രി രണ്ടാം വര്‍ഷം വിലസുന്ന കാലം. ഓടിട്ടു തട്ടടിച്ച വീടായത് കൊണ്ട് എസി മുറിയുടെ സുഖമാണ്. ഇടയ്ക്കു വല്ല എലിയോ മറ്റോ തട്ടിന്റെ പുറത്ത്കൂടെ ഓടുന്ന ശബ്ദം കേട്ട് ധൈര്യമില്ലാത്തവർ പേടിച്ചുഞെട്ടി ഉണരും. ഞാൻ ഞെട്ടാറില്ല. ധൈര്യമുള്ളവർ ഞെട്ടില്ല.
അങ്ങനെ ആ ഒരു രാത്രി. പുതിയ ലൈനായ നാദു(നാദിയ)വുമായി, മൊയ്‌ദീൻ കാഞ്ചനമാലയോട പറഞ്ഞതിനേക്കാൾ ഇമോഷണൽ ആയി ഞാൻ ഡയലോഗ് അടിക്കുന്ന ഒരു സുപ്പര്‍ സ്വപ്നം കണ്ടുകിടക്കുമ്പോൾ.. അതാ..
എന്തോ ഒരു കരകര ശബ്ദം. എലിയായിരിക്കും..
ഹും.. ഞാൻ എന്തിനു ഞെട്ടണം..
വീണ്ടും കിടന്നു. അപ്പോള്ണ്ട് അടുത്ത മുറിയില്‍ കിടക്കുന്ന ഉമ്മയുടെ വിളി:
"ഷമീലെ ടാ.. ഒന്നേണീക്കടാ. പടിഞ്ഞാറേ പൊറത്താരോ കതകില്‍ ചൗവിട്ടുന്നടാ."
എനിക്ക് ദേഷ്യം.
"മ്മാ.. ഒറങ്ങുമ്മാ.. എലിയാ"
"അല്ലക്കാ, സത്യായിട്ടും ഞാനും കേട്ട്. കള്ളനാ.. ഒന്നെണീട്ട് വാ" ഉമ്മക്ക് സപ്പോര്‍ട്ടയി പെങ്ങൾ.
ഞാൻ ഞെട്ടി... !! ജീവിതത്തിൽ ആദ്യമായി !
ചിരിക്കണ്ടാ. സത്യം !!
സംഭവം നേരാണ്. എലി ഓടുന്ന ശബ്ദമല്ല ഇത്.
കള്ളൻ.. !! ആണോ.
അവന്റെ കയ്യില്‍ വലിയ കത്തിയും മഠാളുമൊക്കെ ഉണ്ടാവും. പടിഞ്ഞാറുവശത്തെ ലൈറ്റിന്റെ സ്വിച് അടുക്കളയിലാണ്. അടുക്കളയില്‍ ചെന്ന് അതിടാനുള്ള ധൈര്യമില്ല.
ഛെയ്!..ഛെ.. &%%#$&
സമയമില്ല.
വീരശൂര... ഞാൻ !
ധൈര്യണ്ട്; പക്ഷെ അതിനുള്ള സമയമില്ല.
"ഡാ നീയാ ടോര്‍ചെടുത്തു ബാ, നമ്മുക്കൊന്നു പോയീ നോക്കാം." ഉമ്മ
"മ്മാക്കെന്താ പ്രാന്താ? അവന്മാരുടെ കൈയില്‍ ആയുധങ്ങൾ ണ്ടാവും" ഞാന്‍ പറഞ്ഞു വലിഞ്ഞു.
"ഇക്കാക്ക് പെടിയാണെങ്കി വരണ്ട. ഞങ്ങള് പോയീ നോക്കാം." പെങ്ങള്.
..വല്ല്യ ഉണ്ണിയാര്‍ച്ച.. !
ഹും...
വീരശൂര... ആയ എന്നോടാ കളി.
കുഞ്ഞിപ്പാക്കാന്റെ വീട്ടിലെ പട്ടി അവൾടെ പിന്നാലെ ഓടിയപ്പോ.. പേടിച്ചുതൂറിയ ഇവളെ രക്ഷിച്ചതാരാ.. വീരശൂര... ഞാൻ !
ബട്ട്.. ഇപ്പൊ ഫ്ലാഷ്ബാക്ക് അടിച്ചു നിക്കാൻ പറ്റിയ നേരമല്ലല്ലോ.
&%$#&
തുപ്പാക്കിയിലെ വിജയ്
ഭാവത്തിൽ ഞാൻ കാച്ചി.
"പേടിയോ? എനിക്കോ? പ്ലാൻ വേണെമെടി പ്ലാൻ.. ഹല്ല പിന്നെ."
മണി രണ്ടായീ. കള്ളനെ പിടിക്കാന്‍ പോകുമ്പോള്‍ ഒരു ആയുധം കൈയില്‍ ഉള്ളത് നല്ലതാ.
ഒരു ഗൺ എങ്കിലും... !! എന്താണിപ്പോള്‍ കിട്ടുക. അടുക്കളയില്‍ പോയാല്‍ വെട്ടോത്തിയിം കോടലിയുമോക്കെ കിട്ടും പക്ഷെ .. ആരുപോകും.. എനിക്ക് അവിടം വരെ പോകാനുള്ള "സമയ"മില്ലല്ലോ..
പെട്ടന്നോര്‍മവന്നു. കട്ടിലിന്റെ അടിയില്‍ എന്റെ ക്രിക്കറ്റ് ബാറ്റുണ്ട്. ഗുഡ്. അതെടുക്കാം.
പണ്ട് അറുനൂറു രൂപയ്ക്കു ക്ലബില്‍ നിന്നും പിരിവിട്ടു മേടിച്ച റീബോക്കിന്റ്റ്‌ ഒരു ബാറ്റ്... ആദ്യം അത് പുറത്താണ് വച്ചിരുന്നത്. എന്റെ വലിപ്പ അത് ഒണക്ക വിറകാനെന്നു കരുതി വെട്ടി കീറി അടുപ്പില്‍ വച്ച് പിണ്ണാക്ക് തിളപ്പിച്ച്‌ പശൂനു കൊടുത്തു കളഞ്ഞു. ആ അറുനൂറു രൂപ ഇന്നും ക്ലബില്‍ കൊടുക്കാനുണ്ട്.(പില്‍കാലത് ഞാന്‍ എഞ്ചിനീറിംഗിന് പഠിക്കുമ്പോള്‍ മൈക്രോപ്രോസസ്സറിന്റെ രണ്ടു പുസ്തകം വിറ്റാണ് ആ കടം വീട്ടിയത്.) വല്ലിപ്പാന്റെ ഈ ചതിക്ക്ശേഷം ഞാന്‍ ബാറ്റ് കട്ടിലിന്റെ അടിയിലാണ് സൂക്ഷിക്കാര്.
യെസ്.. അതുമതി.. !വല്ലഭനു ബാറ്റും ആയുധം.. !
ഞാൻ പ്ലാൻ പറഞ്ഞു.
മുന്നിൽ അമ്മയും പെങ്ങളും. പിന്നിൽ ബാറ്റുമേന്തി ഞാൻ. !
ചിരിക്കേണ്ട.
&%$#@ പേടിച്ചിട്ടല്ല.
പ്ലാൻ ആണ്.!
ഉമ്മ മുന്നിൽ നിന്ന് കള്ളന്റെ നേരെ കണ്ണിലേക്ക് ശക്തമായി ടോർച്ചടിക്കും. അപ്പൊ ഞാൻ ബാറ്റുകൊണ്ട് തലക്ക്‌ അറ്റാക്ക്. ഞാൻ.. ഹീറോ.. വീരശൂര.. ഞാൻ !
പ്ലാൻ ഓക്കേ. ഡബിൾ ഓക്കേ.
ഞാന്‍ ബാറ്റ് എടുക്കാനായ്‌ ഇരുട്ടിൽ കട്ടിലിന്റെ അടിയിലേക്ക് നുഴഞ്ഞു കയറി. എന്റെ ഉമ്മയും പെങ്ങളും ഞാന്‍ പുറകിലുണ്ടെന്ന ധൈര്യത്തില്‍ കതകു തുറന്നു പുറത്തിറങ്ങി. ഉമ്മ മുന്നിലും പെങ്ങള്‍ പിറകിലുമായീ വീടിന്റെ കിഴക്ക്തെക്ക് മൂലയിലേക് പയ്യെ.. പയ്യെ.. മെല്ലെ.. മെല്ലെ.. കരുതലോടെ മുന്നിൽ ടോർച്ചുമായി ഉമ്മ.. ശത്രുപാളയത്തേക്ക് കടക്കുന്ന മെഷീൻ ഗണ്ണുമേന്തിയ മേജർ മഹാദേവനെ പോലെ ഇടതുതോൾ ചരിച്ചു ഉമ്മ. തൊട്ടുപിന്നിൽ പൂച്ചയെ പോലെ ബഡ്ഡി പെങ്ങൾ..
ഇതേ സമയം വീട്ടിനുള്ളില്‍ സംസാരഒച്ച കേട്ട കള്ളന്‍ പടിഞ്ഞാറേ വശത്ത് നിന്നും, മെല്ലെ വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ കൂടെ കിഴകോട്ട് നടന്നു വന്നു.
ഇതോന്നുമറിയാതെ ഞാൻ. കട്ടിലിനടിയിൽ ഇഴഞ്ഞു.. തപ്പുന്നു..
കട്ടിലിന്റെ അടിയില്‍ ബാറ്റ് കാണുനില്ല.
&%$$#&
ഞാന്‍ കുറച്ചു കൂടെ ഉള്ളിലേക് ഇഴഞ്ഞു കയറി നോക്കി. പടച്ചോനേ.. ബാറ്റില്ല. ചിന്തകൾ കാടുകയറി. ആയുധമില്ലാതെ എങ്ങിനെ ? ഞാൻ ഇഴഞ്ഞുവിയർത്തു. ഒരു മിന്നൽപിണർ പോലെ ഓര്മയിലത് തെളിഞ്ഞു. മൂക്കൻ ബെക്കർ. ലോക്കൽ ടൂർണമെന്റ് കളിക്കാൻ അവന് ബാറ്റ് ഞാൻ വാടകക്ക് കൊടുത്തു. ഇരുപത് രൂപക്ക് വാടകക്ക്. !
&%$#@
മൂക്കാ... ഇരുപത് രൂപ വെളളികാശ്.. യൂദാസ്.. മൂക്കാ
@#$%&@
ഹൃദയസ്തംഭനം..
പരസ്പരബന്ധമില്ലാത്ത കാര്യങ്ങളോർത് ഞാൻ വിയർത്തു. വയറ്റികത് ഉരുണ്ടുകേറ്റം. കട്ടിലിനടിയിൽ കാര്യം സാധിക്കുമോ..
ഛേ.. ഛെ
വീരശൂര.. @#@$@%
ഈ സമയം പുറത്തു ഉമ്മയും കള്ളനും മുഖാമുഖം കണ്ടുമുട്ടി. കള്ളനെ കണ്ട ഞെട്ടലില്‍ ഉമ്മ ""അള്ളാ.."" ന്നു ചീറി നിലവിളിച്ചു. കൂട്ടത്തില്‍ കൈയിലിരുന്ന ടോര്‍ച്ചും അറിയാതെ കത്തി. ടോര്‍ച്ചിന്റെ വെളിച്ചവും രണ്ടുപേരുടെയും നിലവിളിയും കേട്ട കള്ളനും പേടിച്ചു. ഞെട്ടി നിലവിളിച്ചും കൊണ്ടോടി. ആ നിലവിളി ഒരാടിനെ കരച്ചിൽ പോലെ ദയനീയമായിരുന്നു. ഓടിയകൂട്ടത്തില്‍ എന്റെ പഴേ സൈക്കിളിൽതട്ടി വീണു. അവിടുന്നും പിടഞ്ഞേണീറ്റൊടി. കള്ളന്റെ നിലവിളി കേട്ട അമ്മയും പെങ്ങളും അലറി തിരിഞ്ഞോടി..
വീട്ടിനുള്ളിലേക്ക്..
എന്റെ മുറിയില്‍ കയറിയപ്പോള്‍ അവർകണ്ട കാഴ്ച,..
ഞാന്‍ കട്ടിലിന്റെ അടിയിൽ കിടക്കുന്നു !!! വിയർക്കുന്നു. നമ്മുടെ സൂപ്പർസ്റ്റാർസ്‌ന് പോലും ഇന്നേവരെ അഭിനയിപ്പിച്ച ഫലിപ്പിക്കാനാവാത്ത ഒരുമുഖഭാവവും !!
"ഉമ്മാ.. ഇവിടിരുന്ന ബാറ്റ് കണ്ടോ ?" ആ മുഖഭാവത്തിൽ ഞാൻ ചോദിച്ചു. (എന്റെ ആ മുഖഭാവം ഉണ്ണിയാർച്ച മിമിക്രി കാണിച്ചു നടന്നിരുന്നു. ഇന്നും എനിക്കെതിരായുള്ള അവളുടെ തുറുപ്പുചീട്ടാണ് ഇത്)
ബാറ്റോ? നീയിത്ര പേടിത്തൂറി ആയിപോയല്ലോടാ' ഉമ്മാക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
"എന്താ.. എന്താ ണ്ടായത്? പൊറത്തൊരു ആട് കരയുന്ന ശബ്ദം കേട്ടല്ലോ" ഞാൻ സിറ്റുവേഷൻ ലഘൂകരിക്കാൻ നോക്കി.
"അതു ആട് കരഞ്ഞതല്ല, നമ്മടെ ഉമ്മ കള്ളനെ പേടിപ്പിചോടിച്ചതാ. കള്ളൻ പേടിച്ചോടി. പേടിത്തൂറി !!
ഇക്ക കട്ടിലിന്റെ അടിയില്‍ ഒളിച്ചിരിക്കുവരുന്നോ ?" അവള് ആഞ്ഞു വെച്ചു. ആക്കിയ ചിരി.
%$#@&
കുഞ്ഞിപ്പാന്റെ പട്ടി... രക്ഷപെടുത്തൽ.. വീരശൂര.. ഞാൻ. ഫ്ലാഷ്ബാക്ക്... നന്ദിയില്ലാത്ത മനുഷ്യർ !!
എല്ലാവരും വീണ്ടും ഉറങ്ങാന്‍ കിടന്നു.
രാവിലെ മണി ഏഴായി എണീറ്റപ്പോള്‍. വെളിയില്‍ നോക്കുമ്പോള്‍ കണി കാണുന്നത് പപ്പടക്കാരി ശാന്ത മൂക്കത്ത് കൈയും വച്ചോണ്ട് നില്കുന്നതാണ്. എന്നെ കണ്ടതും അവര് പറഞ്ഞു:
"എന്നാലും എന്റെ കുഞ്ഞേ നീ ഇങ്ങനെ പെടിതോണ്ടാനായാലോ? നിന്റെ ഉമ്മാക് തോന്നിയ ധൈര്യം പോലും നിനക്ക് തോന്നിയില്ലല്ലോ?" പപ്പടശാന്തേ.. ഞാന്‍ പത്തില്‍ പഠിക്കുന്ന സമയത്ത്, ടുഷന് പോകും. അപ്പോളാണ് ഈ തടിച്ച സ്ത്രീ പൊന്നാനിയില്‍ നിന്നും പപ്പടക്കോട്ടയുമായി വന്നു ബസ്‌ ഇറങ്ങുന്നത് . എത്ര പ്രാവശ്യം ഞാന്‍ ആ കോട്ടയിറക്കി അവരുടെ തലയില്‍ വച്ച് കൊടുത്തിട്ടുണ്ട്‌. നന്ദി വേണം.. നന്ദി.
വീണ്ടും അതേ നന്ദിയില്ലാത്ത മനുഷ്യർ.
പ്രശ്നം കുറച്ചു ഗുരുതരമാണ്. ഉമ്മയുടെ ചങ്ങായിച്ചിമാർ.. സഹപ്രവര്‍ത്തകര്‍ എല്ലാരും സംഭാവസ്ഥലതുണ്ട്. ഉണ്ണിയാർച്ചയാണ് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നത്. ഉമ്മാക്ക് ധീരതയ്കുള്ള വല്ല അവാര്ഡും കൊടുക്കുമായിരിക്കും അതാണ എല്ലാരുടെയും ഭാവം.
പടച്ചോനേ..
നമ്മുടെ നാദുവിന്റെ ഉമ്മയും ണ്ട് കൂട്ടത്തില്‍. ഞാന്‍ ധൈര്യം സംഭരിച്ചു കൊണ്ട്..
വടക്കൻ വീരഗാഥയിലെ മമ്മുക്കയുടെ സീരിയസ് ഭാവത്തോടെ അവരുടെ ഇടയിലെക്കിറങ്ങി ചെന്ന് പെങ്ങളോടു.. വിരൽ താഴേക് കുത്തി, മമ്മുക്ക സ്റ്റൈലൈൽ.. ആജ്ഞാപിച്ചു:
"ഡീ ചായ ചൂടാക്കി കൊണ്ട് വാടി."
"ഉമ്മാ ദേ ഒരു പെടിച്ചുതൂറി എണീറ്റ്‌ വന്നെക്കുന്നു. ചായ അടുക്കളയിലുണ്ട്. വേണേ പോയീ ചൂടാക്കി കുടിച്ചോ." അവള്‍ ആള്‍ക്കുട്ടത്തില്‍ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു. തോൽവികൾ ഏറ്റുവാങ്ങാനായി മാത്രം ജനിച്ച ചന്തു.. ഞാൻ..
#@%$@
അടുക്കളയില്‍ പോയീ ഞാൻ ചായ ചൂടാക്കി കുടിച്ചാല്‍..
ഛെ.. ഛേ..
എന്റെ പട്ടി കുടിക്കും. ഇനിമുതൽ ഞാൻ വീട്ടിൽ നിന്നും രാവിലെ ചായകുടിക്കില്ല. ഞാൻ ശപഥമെടുത്തു.. !
നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി പെങ്ങളേ..
ഇവളും സ്നേഹം നടിച് എന്നെ വഞ്ചിക്കുകയായിരുന്നോ.. $#@%@
ഞാ‍ൻ വടക്കേ വശത്ത് കൂടെ ഇറങ്ങി നേരെ മജീദിക്കാന്റെ ചായക്കടയിലേക്ക് വിട്ടു. അവിടെ ചെന്ന് കള്ളനെ പിടിച്ച കഥ ഒന്ന് തിരുത്തി പറയാം. പറയാന്‍ പോകുന്ന കുറച്ചു ഡയലോഗുകള്‍ ഓര്‍ത്തുവച്ച്:
"അവന്റെ കൈയില്‍ ഞാൻ കയറി പിടിച്ചതാ. പക്ഷെ അവന്‍ ദേഹം മുഴുവന്‍ എണ്ണ പുരട്ടിയ വന്നത്.... തെന്നി പോയീ" "വാരിയെല്ല് നോക്കി രണ്ടു സൈഡ് ആംഗിൾ കിക്ക് കൊടുത്തിട്ടുണ്ട്. ഇനി അവൻ അങ്ങോട്ട് വരില്ല"
കടയില്‍ രാവിലെതന്നെ എല്ലാവരും ഹജരാണ്.
"മജീദ്ക്കാ ഒരു ചായ" ഞാന്‍ വിളിച്ചു പറഞ്ഞു. "ഇന്നലത്തെ കാര്യമാരിഞ്ഞോ' എന്ന് പറഞ്ഞു തുടങ്ങാം എന്ന് തീരുമാനിച്ചു.
"ഇപ്പോഴത്തെ പുള്ളാരോക്കെ വെറും വാഴപിണ്ടി പോല, ഒരു ഗുണോമണോം ഇല്ല" വേണുവേട്ടൻ എന്നെ നോക്കി പറഞ്ഞു.
വഴപിണ്ടിയാണെന്നു വാഴപിണ്ടി. ഞാനൊന്നു ആഞ്ഞു തുമ്മിയാല്‍ മതി ഇവനൊക്കെ കടയുടെ ചുമരില്‍ പോയീ സ്റ്റിക്കറാകും. പിന്നെ നാട്ടുകാര് വന്നു ചുരണ്ടി എടുക്കെണ്ടിവരും. എങ്കിലും ഞാന്‍ മൌനം പാലിച്ചു.
"മജീദെ, നമ്മുടെ ഷമീലിനോരു സ്ട്രോങ്ങ്‌ ചായ കൊടുക്ക്‌, പാവം ഇന്നലെ രാത്രിയില്‍ കള്ളനെ പിടിക്കാന്‍ പോയിട്ട് ക്ഷീണിച്ചു വന്നതാ." കടക്കകത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു. ഞാന്‍ കടയിലെക്കൊന്നെത്തിനോക്കി. എടാ മൊട്ടബിജു... നീര്‍ക്കോലി.. നീയോ? അവന്റെ കൈയില്‍ ഒരു പൊതി പപ്പടം ഇരിക്കുന്നത് കണ്ടു. ആ പപ്പടശാന്തയാണ് ഈ ന്യൂസ്‌ പരത്തുന്നത്.
ഹും.. ലേഡീസ് മീഡിയ.. വെരി സ്ട്രോങ്ങ് !!
നാട്ടില്‍ പൊറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായല്ലോ റബ്ബേ? ഒളിചോടിയാലോ ?
നാടുവിട്ടാലോ ?
എങ്ങോട്ട് ? എങ്ങോട്ടോടാനാണ്?
അപ്പൊ.. നാദു.. ?
അവളും കൂടെ വരുമോ ? അതോ അവളും ചതിക്കുമോ ?
എവിടെ പോയാലും കാണും ഈ കള്ളന്മാരും സാമുഹികദ്രോഹികളും.. ആ.. നന്ദി ഇല്ലാത്തവരും...
തമ്മില്‍ ഭേദം വീട്ടില്‍ തന്നെയാ. കള്ളനെ പിടിക്കാന്‍ ഉമ്മയുണ്ടല്ലോ !!!
ഒരെത്തും പിടിയും കിട്ടാത്ത കുറെ ചോദ്യങ്ങളും മനസ്സിലിട്ട്
ഞാൻ തിരിച് വീട്ടിലേക്ക് ആഞ്ഞു നടന്നു !!!
നന്ദി: SR

by: 
Samil Shah

വീണ്ടും പ്രണയിക്കണം.


അവളെനിക്കും ഞാനവൾക്കും സ്വന്തമായി വർഷങ്ങൾ കടന്നു പോയിരിക്കുന്നു...
ജീവിതം.. തിരക്കുകൾ.. വേഗത..
കാലം പ്രണയവർണ്ണങ്ങളുടെ
മഷിക്കൂട്ട് മറക്കുന്നുവോ..
സ്നേഹനിർഭരമെങ്കിലും പ്രണയം മാറാല മൂടിത്തുടങ്ങിയിരിക്കുന്നുവോ...
ഇല്ല സഖീ..
കെട്ടിയനാൾ മുതൽ കുറഞ്ഞിട്ടില്ലൊരിക്കലും, കൂടുകയല്ലാതെ കുറയിലൊരിക്കലും.
എങ്കിലും..
എവിടെയാണ് നാമത് മാറ്റിവെച്ചത്.. പുറത്തേയ്ക്കെടുക്കാതെ.
മറക്കേണ്ടത് തിരക്കുകളെയാണ്..
തിരക്കുണ്ടാക്കും അത്യാഗ്രഹങ്ങളെയാണ്.
കെട്ടിയ പെണ്ണിനെ ഒന്നൂടെ വീണ്ടും പ്രണയിക്കണം..
കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ അടുത്തേയ്ക്ക് വിളിച്ചു വലിച്ചു മാറിലേക്കിടണം...
കാപ്പിയുമായി വരുമ്പൊൾ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..
അടുക്കളയിലെ ജോലിത്തിരക്കിനിടയിലും കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..
'ആരെങ്കിലും വരുമെ' ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..
ഭക്ഷണം വിളമ്പിത്തരുമ്പോ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം...
പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..
തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..
തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ നടക്കണം..
എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തി ക്കൊടുക്കണം..
കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..
കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മുകളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..
പിറന്നനാൾ കൊണ്ടാടണം. ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്‌ പേഴ്‌സ് കാലിയാക്കി അവൾക്കായി ടെൻഷൻ അനുഭവിക്കണം...
മാനത്തുതിരും കൊള്ളിമീനൊന്നു കാട്ടികൊടുക്കണം..
തീരുംമുമ്പേ ഇഷ്ടകാര്യത്തിനായി പ്രാർത്ഥിക്കാൻ പറയണം.
എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..
ബൈക്കിലിരുത്തി രാവോളം അങ്ങാടി കറങ്ങണം.. അവളുടെ കാർ ഡ്രൈവിംഗ് കണ്ട് അന്തംവിട്ടിരിക്കണം...
ഒരുമിച്ചൊരു വെയിൽ കായണം..
മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ ഷാളുകൊണ്ടവൾ
തുവർത്തിത്തരണം..
'ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ'ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം ...
അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം ...
നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം ...
കുട്ടികൾ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അടുക്കളയിലോട്ടു
ചെല്ലണം ...
'പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ'ന്നും പറഞ്ഞവളെ
സഹായിക്കണം..
അവളിലെ സ്ത്രീയേ തൊട്ടുണർത്തി, ചുംബനങ്ങൾകൊണ്ട് മൂടണം. മദിമറന്ന് കെട്ടിപിടിച്ചുറങ്ങണം. പുലരാത്ത രാത്രികൾ ഇനിയുമേറെ സമ്മാനിക്കണം..
ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ 'കള്ളനെ'ന്നു വിളിയൊന്നൂടെ
കേക്കണം..
ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു വീണ്ടും കീഴടക്കണം ..
മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം...
സന്തോഷവും സമാധാനവും അവളിലേക്കും പകർന്നു നൽകണം..
കെട്ടിയ പെണ്ണിനെ ഒന്നൂടെ വീണ്ടും പ്രണയിക്കണം..
പ്രണയം ! ഉള്ളിലൊതുക്കാനുള്ളതല്ല.
By 
Samil Shah

ഷക്കീറിന്റെ ആദ്യ രാത്രി


ബ്രോക്കർ കുഞ്ഞാപ്പു ഷക്കീറിന്റെ ഡിമാന്റിന് ചേർന്ന ഒരു കുട്ടിയെ തന്നെ കാണിച്ചു കൊടുത്തിട്ട് പറഞ്ഞു..
"ഇത് അന്റെ ഭാഗ്യാന്ന് കരുതിയാ മതി..കുട്ടിയെ നല്ലോണം ലാളിച്ചാ വളർത്തിയത്..അതിന്റെയൊരു കുട്ടിക്കളിയൊക്കെയുണ്ടാവും..കല്യാണം കഴിഞ്ഞാ അതൊക്കെയങ്ങ് മാറും.ജ്ജ് ആ കുട്ടിക്കളി അത്ര കാര്യാക്കണ്ട"!!.
ഷക്കീർ അത് കാര്യാക്കിയില്ല.
സുലൈഖാനെ കെട്ടി.
ആദ്യ രാത്രി  ...
അവൾ കടന്നു വന്നു..
കയ്യിലൊരു കാലി ഗ്ലാസുമായി..!!!
ഷക്കീറിന്റെ ഉളളിലൊരു ബോംബ് പൊട്ടി..
അത് പുറത്ത് കാണിക്കാതെ ചോദിച്ചു..
"സുലൂ...ഇതിലെ പാല് എബടെ?"...
സുലു: "ബെരുന്ന ബയിക്ക് കുടിച്ച്..ബദാമിട്ട പാല് കണ്ടാ ഞാനാർക്കും കൊടുക്കൂല..
ഞാനയിന്റെ ആളാ..
ചെക്കാ അനക്ക് മാണേങ്കില് ഉമ്മാനോട് പോയ് ചോയ്ച്ചോ"..!!!
ഷക്കീർ: "ഹേയ്..ഇനിക്കിനി മാണ്ട...മതിയായി.
"മാണ്ടെങ്കി മാണ്ട"
ഷക്കീറിന്റെ ഹൃദയമിടിപ്പ് കൂടി അന്തംവിട്ടിരിക്കുമ്പോ ദേ വന്നു ചോദ്യം.."ഡാ ചെക്കാ..അന്റടുത്ത് വരല്യാത്ത നോട്ടുബുക്ക് ൺടോ?"...
"അതെന്തിനാ ന്റെ സുലൂ...?.....
"ഞമ്മക്ക് പൂജ്യം വെട്ടിക്കളിക്കാലോ..ഞാനയിന്റെ ആളാ"...!!!.
ന്റെ റബ്ബേ..!! എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടത്തിയെ ആണല്ലോ ഞാൻ കെട്ടിയത്..ന്റെ ജീവിതം ഒരു ബട്ടപ്പൂജ്യം ആയല്ലാ..ന്റെ സങ്കടം ഞാൻ ആർക്ക് ടാഗ് ചെയ്യും.."
പിന്നെ രണ്ടും കല്പിച്ച് ചോദിച്ചു..."സുല്വോ..ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്.നിനക്ക് നിന്റെ താത്തമാരൊന്നും പറഞ്ഞു തന്നിട്ടില്ലേ...ഒന്നും..??
"പിന്നേ...ഞാൻ താത്തമാരുടെ കുട്ടികളുടെ കൂടെയാ കളിക്കാറ്..ഭയങ്കര കുസൃതികളാ..ഞാൻ അവരെ പിച്ചും..തിരിച്ചിങ്ങോട്ട് പിച്ചിയാൽ നല്ല കടിയും വെച്ച് കൊടുക്കും...ഇങ്ങനെ കൂടെ കളിക്കാൻ ഒരു കമ്പനിക്കാ കല്യാണം കഴിപ്പിക്കുന്നെ എന്ന് പറഞ്ഞു തന്നിട്ടുണ്ട്.."
ഇതും പറഞ്ഞ് അവൾ തൂക്കിയിട്ട ഒരു ബലൂണിന് തന്റെ നീട്ടി വളർത്തിയ നഖം കൊണ്ട് ഒറ്റ കുത്ത്..
ഠോ...
ഷക്കീർ ഞെട്ടിയില്ല..
ഇനി എന്ത് ഞെട്ടാൻ...!!!
അടുത്ത ചോദ്യം വന്നു...
"ഡാ ചെക്കാ..അന്റടുത്ത് പാമ്പും കോണീം ഇണ്ടോ?"..."
മലപ്പുറം കത്തി മതിയോ പെണ്ണേ..എന്നെയങ്ങ് കൊന്നേക്ക്.."...
ആ ബ്രോക്കറെയെങ്ങാൻ ന്റെ കയിൽ കിട്ടിയാ ചവിട്ടിയരയ്ക്കണം ഹമുക്കിനെ...
"എന്താ ചെക്കാ ജ്ജ് പിറുപിറുക്കണെ?".....
"അത്...സുലു ആ കുട്ട്യോളെ എങ്ങനാ പിച്ചുന്നേന്ന് ആലോചിച്ചതാ..."
"ആണല്ലേ...ഇതുപോലെയാ.."
പറഞ്ഞു കഴിഞ്ഞതും കൊടുത്തു അവന്റെ തുടയിലൊരു നുളള്..
മൂത്രം പോയില്ല
തൊലി പോയി!!!
ഇതൊരു കളിയായി എടുത്ത് പതിയെ കാര്യത്തിലേക്ക് കടക്കാമെന്ന് കരുതി അവളുടെ കയ്യിൽ ഇച്ചിരി ഡോസ് കൂട്ടി ചെറിയൊരു നുളള് കൊടുത്തു.വേദനയെടുത്ത അവൾ അവനെ ആഞ്ഞു തളളി.ബെഡിൽ കമിഴ്ന്നടിച്ച് വീണ അവന്റെ പുറത്ത് ഒരന്തവുമില്ലാതെ അവൾ അമർത്തിക്കടിച്ചു.വേദന കൊണ്ട് ശബ്ദം പുറത്ത് വരാതിരിക്കാൻ ഷക്കീർ തലയിണയിൽ കടിച്ചു പിടിച്ച് പ്രാണത്യാഗം ചെയ്തു.
കടിവിട്ട് അവൾ അവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി ചോദിച്ചു...
"ചെക്കാ..അനക്ക് വേദനയില്ലേ...പാച്ചൂട്ടി ആണേലിപ്പോ ചീറിപ്പൊളിച്ചിട്ടുണ്ടാവും"...
നിറഞ്ഞൊഴുകുന്ന കണ്ണുമായി ഷക്കീർ ചോദിച്ചു.."ആരാ ഈ പാച്ചൂട്ടി..?"....
"ഇത്താത്താന്റെ കുട്ടിയാ.."
"ആ കുട്ടി ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ..??"
"അതെന്താ ചെക്കാ ജ്ജ് അങ്ങനെ ചോയ്ച്ചെ..?"
ഇമ്മാതിരി കടി കടിച്ചാ ആന വരെ ചത്തു പോവും..അതോണ്ട് ചോയിച്ചതാ...സുല്ല്."
ടേബിൾ ഫാനിൽ കടികിട്ടിയ ഭാഗം കാറ്റ് കൊളളിക്കുന്നതിനിടയിൽ അവൻ പറഞ്ഞു..
"ഇനിയെന്ത് ആദ്യ രാത്രി..പോയിക്കെടന്ന് ഒറങ്ങ് പെണ്ണേ.."
സുലു: "ങ്ങക്ക് കബഡി അറിയ്വോ..."
***ങേ..കബഡി നല്ലൊരു സംഭവാണല്ലോ...മനസിൽ അഞ്ചാറ് ലഡു ഒന്നിച്ച് പൊട്ടി...ഇത് ഞാൻ തകർക്കും..***
"ഓ പിന്നേ...ഞാനയിന്റെ ആളാ.."
"റബ്ബേ...!! ചെക്കാ ജ്ജ് അയിന്റെ ആളാ...?? ഞാനും..!!"
ഷക്കീർ വേഗം ബെഡ്ഷീറ്റെടുത്ത് 'സെന്റർ ലൈനാക്കി" ഇട്ടു.
"ന്നാ ന്റെ സുലു ആദ്യം അബ്ട്ന്നിങ്ങട്ട് കബഡീന്നും പറഞ്ഞ് ബാ..."
"അത് വേണ്ട ട്ടോ ചെക്കാ..ജ്ജ് ആദ്യം അബ്ട്ന്നിങ്ങട്ട് ബാ...ഞാൻ പുടിച്ചോളാം.."
""നീ ഇങ്കെ വന്താലും നാൻ അങ്കെ വന്താലും ഇതുതാൻ ഡീ എൻ ടൈം.""
ഒട്ടും താമസിച്ചില്ല ഷക്കീർ കബഡിയെന്നും പറഞ്ഞ് അവളെ കെട്ടിപ്പിടിക്കാൻ ചെന്നതും സുലു അവന്റെ മുടിയിൽ പിടിച്ച് വലിച്ച് തല ചുമരിനിട്ട് ഒറ്റയടി...പിന്നെ തല അവളുടെ കാൽമുട്ടിനിടയിലേക്ക് അമർത്തി വെച്ച് പുറത്ത് പത്ത് കുത്ത്...ശേഷം നീട്ടി വളർത്തിയ നഖം കൊണ്ട് പൊറോട്ട കീറുന്നത് പോലെ ഒരു 15 മാന്തലും..!!!
എല്ലാം കൂടെ അറബികൾ വണ്ടിയിട്ട് തിരിച്ച പോലെയായി ഷക്കീറിന്റെ പുറം...!!!!
തലങ്ങും വിലങ്ങും വരകളും പാടുകളും..!!!!
റൂഹ് തൊണ്ടക്കുഴിയിൽ വന്ന ഷക്കീർ അലറി...
"ഓടി വരീനോ...ന്നെ ഇതാ കൊല്ലുന്നേ..."
ബഹളം കേട്ട് ഉമ്മയും ഉപ്പയും ഓടി വന്നു."എന്താ...എന്താ പറ്റിയെ...?
സുലു: "ഈ ചെക്കൻ എന്നെ കബഡി കളിക്കാനെന്നും പറഞ്ഞ് വിളിച്ചിട്ട് അവനെന്റെ പാവാടേമെ പിടിച്ചു.അപ്പൊ ഞാനവനെ മാന്തി..സുല്ല് എന്ന് പറഞ്ഞത് കൊണ്ട് വിട്ടു...അതിനാ ചെക്കൻ അലറിയത്...!!
"ന്നിട്ട് ഷക്കീറെബടെ..??"
"ഓനതാ അലമാരേന്റെ ഉളളില്"...!!!
"ഷക്കീറേ....ജ്ജ് ഇങ്ങട്ട് എറങ്ങി ബാ..."
ഷക്കീർ ഇറങ്ങി വന്നു.
"ട്ടേ...!! "
ഉപ്പ പൊട്ടിച്ചു ഒന്ന് ചെകിട്ടത്ത്...
"നല്ലൊരു തറവാട്ടീന്ന് പൂവമ്പയം പോലത്തെ പെണ്ണിനെ കെട്ടിക്കൊണ്ടോന്നിട്ട് ജ്ജീ പാതിരാക്ക് കബഡി കളിക്ക്യാടാ ഹമ്ക്കേ..ആണുങ്ങളെ പറയിപ്പിക്കാൻ...ഒരന്തം ബരട്ടേന്ന് നിരീച്ചിട്ടാ അന്നെ സൗദിക്ക് ബിട്ടത്..ഒക്കെj ബെർതെയായി...."
അന്ന് അവിടുന്ന് ഓടിയ ഓട്ടം പിന്നെ സൗദിയിൽ എത്തീട്ടാണ് ഷക്കീര്‍ നിന്നത്...

By: 
Samil Shah

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo