ശ്രീ ജോളിയേന്റിയും..റെജി ചേട്ടനും

Image may contain: Jolly Chakramakkil, beard

................( ജോളി ചക്രമാക്കിൽ )
ചെറിയച്ഛന്റ വീട്ടിൽ താമസിക്കുന്ന കാലം...
രണ്ടു നിലയുള്ള വീടാണ് ..
താഴെ നിലയിൽ ഞാനും സഹധർമ്മിണിയും...
മുകൾനിലയിൽ
ജഗദീശ്വരൻ നല്ല ശരീരവും ശാരീരവും ഒരു പോലെ കനിഞ്ഞു നൽകി അനുഗ്രഹിച്ച .,എയർ ഇന്ത്യയിൽ ആകാശ സുന്ദരിയായി ജോലി ചെയ്യുന്ന
ശ്രീ ചേച്ചിയും ..പിന്നെ ആഷിക്കയും...
പ്രണയ
വിവാഹമായിരുന്നു അവരുടേത്
പോരാത്തതിനു മിശ്രവും...
നേരം വെളു വെളുത്തു വരുന്നതേയുള്ളൂ
ടിങ്ങ് ഉം ... ങ്ഉം...
തംബുരുവിൽ ശ്രുതി മീട്ടുന്ന സ്വരം... പതിയെ
താഴെയ്ക്ക് ഒഴുകി വരുന്നു..
മുകൾ നിലയിൽ നിന്നാണ്....
' ഉം.. 'ഗോപാലക പാഹിമാം.. അനിശം... രതമയീ...
ഗോപാലക...പാഹിമാം....അനിശം... ..
.. .പദരതമയീ....
ശ്രീ ചേച്ചി "രേവ ഗുപ്തി ''രാഗത്തിൽ ആലപിക്കുകയാണു...
വെളുപ്പാൻക്കാലം ഇങ്ങിനെ മനോഹരമായ ശബ്ദത്തിൽ പാട്ടും കേട്ടു ഉണരുന്നത് ഒരു ഭാഗ്യം തന്നെയാണ് ...
...ഗോപാലക...പാഹിമാം....അനിശം... ..
.. .തവപദരതമയീ....
നേർത്ത് മധുരമായ നാദം അനർഗള നിർഗളം ഒഴുകി വരുകയാണ്......
ഒന്നു കൂടി മൂടി പുതച്ചു കിടക്കാനൊരുങ്ങവേ..
******
..അല്ലയോ മുനി കുമാരാ..? എഴുന്നേൽക്കുന്നില്ലേ...?
ഭവാനിന്ന് എവിടെയും പോവാനൊന്നുമില്ലേ..?
പ്രഭോ.,.തടി കൂടുന്നുണ്ട്.,,!
രാവിലെ കളിക്കാൻ പോവുന്നില്ലേ....?
എന്നെ ഒന്നു യോഗക്ലാസ്സിനടുത്തു
വിട്ടിട്ടു പൊയ്ക്കോളൂ...
(അപ്പൊ അതാണു കാര്യം.,)
എന്റെ ധർമ്മപത്നി അവളുടെ ധർമ്മം ശുഷ്കാന്തിയോടെ നിറവേറ്റുകയാണ്..
ഗൃഹസ്ഥാശ്രമ കന്യക മുനികുല സംബ്രദായത്തിൽ നിന്നും നിഷാദകുല
സംബ്രദായത്തിലേയ്ക്ക് രൂപാന്തരപ്പെടും മുൻപേ
പാവം ഞാൻ മനസ്സില്ലാ മനസ്സോടെ കിടയ്ക്കവിട്ടു എണീറ്റ് പ്രഭാതകർമ്മങ്ങളിലും ശേഷം മറ്റു കർമ്മങ്ങളിലും വ്യാപൃതനായി.,
.....,
തിത്തിലാനാ തിലനാ തനതരി
തിത്താ കിടതക ജംജം ... (3) '
ഗോപാലക പാഹിമാം അനിശം.,, അനിശം... അനിശം.,,,,
ശ്രീ ചേച്ചി അവസാനിപ്പിക്കുകയാണ് ..
...
രാവിലെ തന്നെ വായിൽ വന്നു കയറിയ ഈ
'തിത്താ കിടതക ജംജം ' ഇന്നെന്നെ വിട്ടുപിരിയുമെന്നു തോന്നുന്നില്ല
ചില പാട്ടുകൾ അങ്ങിനെയാണ് നാവിൽ വന്നു കേറിയാൽ പിന്നെ ഇറങ്ങി പോകയില്ല..
പച്ച ഈർക്കിൽ' നടുവെ കീറി നാക്കുവടിച്ചിട്ടോ
ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിഞിട്ടോ
യാതൊരു കാര്യവുമില്ല
"തിത്താ കിടതക ...ജംജം " ....
.ഓ.. ഒന്ന്. ങ്ങട് ഇറങ്ങുന്നുണ്ടോ.... ക്ലാസ്സ് തുടങ്ങാറായി..
പത്നി വലിയ വായിൽ
ശ്വസനക്രിയ പരിശീലിക്കുകയാണ്
മേശപ്പുറത്തെടുത്തു വച്ച ചായ ഒറ്റ വലിക്ക് അകത്താക്കി റാക്കറ്റുമെടുത്ത് ചാടിയിറങ്ങി..
.... ഉം.... അനിശം... അനിശം.... അനിശം
******
സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും
ചെയ്യുന്നതിനിടയിലുള്ള പതിവു ചര്യകൾക്കു പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ ജീവിതം ഒരഞ്ചരക്കട്ടയിൽ അങ്ങിനെ പൊയ്ക്കൊണ്ടിരിക്കെ....
എവിടെ നിന്നോ പറന്നു വന്ന പ്രദേശവാസിയും ഈഡിസ് കുലജാതയുമായ ഒരു കൊതുക്. ഒട്ടും പരിചയമില്ലാത്ത എന്നെ കടിയ്ക്കുകയും എന്നിൽ
''ചിക്കൻ ഗുനിയ ''യുടെ വിഷാണു കുത്തിവച്ച ശേഷം എങ്ങോ.. എങ്ങോ.. പോയി മറയുകയും ഉണ്ടായി.....
..........
സോഫയിൽ ചുരുണ്ടുകൂടി കിടന്ന ഒരു നട്ടുച്ചയിൽ എന്തെന്നറിയാത്തൊരു കുളിര് പതുക്കെ ശരീരത്തെ പൊതിയുവാൻ തുടങ്ങി ..
ചില ചലച്ചിത്ര ഗാനരംഗങ്ങൾ കാണുമ്പോൾ ഉണ്ടാവുന്ന തരം കുളിരല്ല. ശരിയ്ക്കും അസ്ഥിയ്ക്കുള്ളിൽ നിന്നും ഉൽഭവിച്ച്
തൊലിപ്പുറത്തു വന്ന് ശരീരമാസകലം കിടുകിടെ വിറപ്പിക്കുന്ന ....
നല്ല മുന്തിയ ഇനം കുളിര് '....
ഡോ.. ഒരു പുതപ്പെടുത്തോ പനി വരുന്നുണ്ട്.,,
ഓ പിന്നെ..! നിങ്ങൾക്ക് മാത്രം മുൻകൂർ
നോട്ടീസ്സ് തന്നിട്ടല്ലേ., പനിവരുന്നത്..?
.. പുതപ്പെടുത്തു തന്നിട്ട് അവൾ മൊഴിഞ്ഞു
ഹ്......... ഹ്ഹ്ഹ്'.... ഹൊ.. ഹ്
ഡോ.. ഇതുപ്പോര
നീ ഒരു രണ്ടു പുതപ്പ് കൂടിയെടുക്ക് .ഹൂ..തണുക്കുന്നു...
ഹ്ഹൂ
ഹൊ ഹ് ഹ്...
ഇതും ..പ് പ്പോരഡോ.. നീയാ കരിമ്പടം കൂടിയെടുക്കു.. ഹ്. തണുത്തിട്ടു വയ്യ്യ്യാ'....ഹ്ഹ്.
പതുക്കെ വിറച്ചുകൊണ്ടു തന്നെ കട്ടിലിൽ പോയി കിടന്നു...
ഭൂമിയിലുള്ള ആകെ മൊത്തം ടോട്ടൽ പുതപ്പെടുത്തു പുതച്ചാലും ഈ കുളിരുമാറുമെന്നു തോന്നുന്നില്ല .. അതു അടിമുടിയങ്ങിനെ വിറപ്പിക്കുയാണ്...
ഞാനങ്ങിനെ തണുത്തുറഞ്ഞ് ഒരു അന്റാർട്ടിക്കൻ മഞ്ഞുപാളിയായി മാറികൊണ്ടിരിക്കയാണു.,,
ഇതെന്താണു കഥ... !
അവൾ നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കിക്കൊണ്ടു് പറഞ്ഞു..
ചുട്ടുപ്പൊള്ളുന്നുണ്ടല്ലോ....?!
..പനിയാണ് ..
മുൻകൂർ നോട്ടീസു തന്നിട്ടു വന്നതാ..
ഞാൻ പിറുപിറുത്തു..
നീയൊന്നു തെർമോ മീറ്റർ വച്ചു നോക്കൂ..
കർത്താവേ..108 deg പനിയുണ്ടല്ലോ.
കർത്താവിനാണോ പനി...?! എനിക്കല്ലേ.,,
ഉം... നീയാരെയെങ്കിലും വിളി ഡോക്ടറുടെ അടുത്തു പോകണം..
ഇതിയാനെന്തു പറ്റി ...?
സാധാരണ പുതച്ചു മൂടലും ചൂടുവെള്ളവും ചുക്കുക്കാപ്പിയുമൊക്കെയായി പനി വിജയം നേടുന്നതാണല്ലോ.,,,
..*******
ഇതാ ഈ മരുന്നുകൾ ഇപ്പോൾ തന്നെ തുടങ്ങണം ലക്ഷണം കണ്ടിട്ടു "ചിക്കൻ ഗുനിയ" യാണു സൂക്ഷിക്കണം
ഡോക്ടർ മരുന്നിന്റെ കുറിപ്പടി നീട്ടി ....
...........
ആരംഭം. .ശുഭം.ഗുളികകാലം
ശബ്ദവും വെളിച്ചവും കണ്ണിനും കാതിനും കഠോര പീഢ നൽകിയ കാലം
കുളിരു പതുക്കെ നീങ്ങി തുടങ്ങി..
മൂന്നു ദിവസം വേണ്ടി വന്നു ശരീരത്തിലെ മഞ്ഞുരുകി തീരുവാൻ..
പുതപ്പെല്ലാം അനാവശ്യ വസ്തുവായി മാറി കഴിഞ്ഞു
ഇപ്പോഴും കണ്ണും നാവുമല്ലാതെ ശരീരത്തിലെ ഒരവയവും വേദനക്കൊണ്ട് അനക്കാൻ പറ്റാത്ത അവസ്ഥ...
വലിയൊരു റബർ ഷീറ്റടിക്കുന്ന യന്ത്രത്തിലൂടെ എന്നെ അടിച്ചെടുത്ത് വേദനയുടെ ഷീറ്റാക്കി ഇട്ടിരിക്കയാണ്.
.മനസ്സറിഞ്ഞ് ഒരു പേശി പോലും അനക്കാൻ പറ്റാതെ ഒരു കിടപ്പ്...
ഒന്നിനും രണ്ടിനും മൂന്നാളെ വിളിക്കേണ്ട അവസ്ഥ..
പ്രിയ പത്നി എന്റെ കൈകാലുകളായി മാറിയ ദിവസങ്ങൾ......
വേദന മാറിയിട്ട് ഒരു എഴുന്നേറ്റ് നടപ്പുണ്ടാവില്ലെന്ന വെളിപ്പാടു പെട്ടെന്നാണു കൊള്ളിയാൻ മിന്നിയത് .
അതെനിക്ക് വേദനയോടെ എണീക്കാനും പിച്ചവയ്ക്കാനും പ്രേരണയായി
എവിടെയെങ്കിലും അള്ളി പിടിച്ചല്ലാതെ
ഒരടി പോലും വയ്ക്കാനാവുന്നില്ല. അസ്ഥികളെല്ലാം ധർമ്മം മറന്ന മട്ടാണ്
കിടപ്പുമുറിയിലെ കട്ടിലും സ്വീകരണ മുറിയിലെ സോഫയും തമ്മിലുള്ള ഹ്രസ്വദൂരം ദീർഘദൂരമായി തരണം ചെയ്തു കൊണ്ടിരിക്കെ
ഒരു ദിവസം അവൾ മൊഴിഞ്ഞു
ഇനിയിപ്പോ രണ്ടു കൈയ്യും വിട്ടു നടക്കാറായല്ലോ.,,
ഞാൻ നാളെ മുതൽ യോഗയ്ക്കു പോവുകയാണു മൂന്നാഴ്ചയായ് മുടങ്ങീട്ട്.
അതുമാത്രമല്ല (24 x 7)3 =504 മണിക്കൂറായി...
നിങ്ങളെ മാത്രം കണ്ടിട്ടു എനിക്കു ബോറടിക്കുന്നു.,
(എനിക്കും ഞാൻ മനസ്സിൽ ശബ്ദം താഴ്ത്തിപ്പറഞ്ഞു)
പിന്നീട് പത്നിയുടെ പതിവു പകലുകൾ യോഗയ്ക്കായും എന്റെ പകലുകൾ വിഡ്ഢിപ്പെട്ടിക്കു മുൻപിൽ ആഗോള തലത്തിലെ ഫാഷൻ തരംഗങ്ങളുടെ ആവൃത്തി കണ്ടു പിടിക്കുന്നതിലും വ്യാപരിച്ചു കൊണ്ടിരിക്കെ ....
.........
ഒരു പകൽ സതീരത്നം അടുത്ത് വന്ന് ഇങ്ങിനെ മൊഴിഞ്ഞു .. ഞാനിന്ന് യോഗയ്ക്ക് പോകുന്നില്ല..,,
ഒരു മൂഡില്ല.,
നല്ലക്കാര്യം ..നീയൊരു ചായയിട്...
ok dear..... ചായയ്ക്കുള്ള വെള്ളം അടുപ്പിൽ വച്ച് അവൾ അടുത്തു വന്നിരുന്നു...
വേദന കുറഞ്ഞോ ....?
എവിടെ ...
മുട്ടിനു താഴെ എല്ലാ പേശികളും
തീവ്ര വേദന തന്നെ ..
ഇരുപാദങ്ങളും അങ്ങിനെ തന്നെ.. അവ നീരുവന്നു കൂർമ്മങ്ങളായിട്ടുമുണ്ട്.....
മുട്ടിനു മേൽപ്പോട്ട് മാത്രം വേദനയുടെ തീവ്രത യ്ക്ക് ഒരൽപ്പം കുറവുണ്ട് അത്ര തന്നെ.,
....ജോളീ.... ജോ.. ളീ.,,, നേർത്ത് മധുരമായ സ്വരം
അടുക്കളയുടെ ഭാഗത്തു നിന്നാണ്
മുകളിൽ നിന്നും താഴത്തെ നിലയിലേയ്ക്ക് അവിടെ ഒരു ഗോവണിയുണ്ട്..
ശ്രീയേച്ചിയാണ് പതിവില്ലാത്തതാണല്ലോ
എന്തു പറ്റി.,,,
ടോ നീയൊന്നു പോയി നോക്ക്
"എന്നെയല്ല വിളിച്ചത് .":..
അവൾ രുദ്രയായ്
ജോളീ.,,, ശ്രീയേച്ചി വീണ്ടും വിളിക്കയാണ്
ഇത്ര മധുരമായി ഇതുവരെ എന്നെയാരും വിളിച്ചിട്ടുമില്ല..,,
ഞാൻ നിസ്സഹായതയുടെ ഒരു നോട്ടം എറിഞ്ഞു
ഇതൊരു പതിവു പരിപാടിയാണെന്ന മട്ടിൽ പതിവില്ലാത്തൊരു നോട്ടം തിരിച്ചെറിഞ്ഞു
അവൾ അടുക്കളയിലേയ്ക്ക് കുതിച്ചു.,,,
ഞാനെന്റെ ഇരുകാതുകളും സർവ്വ ശക്തിയുമെടുത്തു അടുക്കള വരെ കൂർപ്പിച്ചു...
കുറച്ചു പഞ്ചസാര തരുമോ....?
രാവിലെ നോക്കുമ്പോൾ തീർന്നു പോയീ..
പുള്ളിക്കാരന് എങ്ങിനീണ്ട്...?
ഓ.,, കുറവൊന്നുമില്ല കാലു വേദനാന്നും പറഞ്ഞ് അവിടിരിപ്പുണ്ട്......
......
കയ്യിലൊരു കപ്പു ചായയുമായ് അവൾ അടുത്തു വന്നു..
എന്ന് തുടങ്ങീ ഈ പഞ്ചാരയിടപ്പാടു
ഞാനിന്ന് യോഗയ്ക്ക് പോവാത്തത് ബുദ്ധിമുട്ടായോ.,,, ?
ഹും....
ഇരിക്കണ കണ്ടില്ലേ കഷായം കുടിച്ചതു മാതിരി ''...
...അത് ചായയിൽ മധുരമില്ലാഞ്ഞിട്ടാ...
അതു കുടിച്ചാൽ മതി അതിലിടാനുള്ള പഞ്ചസാരയാണ്.. മറ്റവൾ കൊണ്ടു പോയത്....
ശ്രീീ..യേച്ചി.... ''
ജോളീീ... വീണ്ടും ശ്രീയേച്ചിയാണ്... ജോ..ളീ.....
ഇവർക്കെന്താ വേണ്ടത് ചവിട്ടി കുതിച്ചു പത്നി വീണ്ടും അടുക്കളയിലേയ്ക്ക്..
ഇത്തവണ ഞാൻ കാതു കൂർപ്പിക്കാനൊന്നും നിന്നില്ല....
ഹ ഹ ഹഹ ഹ ഹും...
അടുക്കളയിൽ എന്തൊ ചിരിച്ചു മറിയുന്ന ശബ്ദം ''....
ഒരു സ്പൂൺ പഞ്ചസായുമായി രത്നം തിരിച്ചു വന്നു .
നിറുത്താതെ ചിരിച്ചു അതു ചായകപ്പിലിട്ടു ഇളക്കിക്കൊണ്ട്..
പറഞ്ഞു ശ്രീയേച്ചിക്ക് രാവിലെ തന്നെ അബദ്ധം പറ്റീതാ...
ഞാൻ ജോളി നിങ്ങൾ റെജി . എന്നാണത്രെ അവരു
വിചാരിച്ചു വച്ചിരിക്കണത് ..
ഹ ഹ
നിങ്ങളു കാലുനീട്ട് വേദനയ്ക്ക് പുരട്ടാനുള്ള ഓയിൻമെന്റാ..!
വിദേശിയാ..
ശ്രീയേച്ചി തന്നതാ അതിനാ ഇപ്പ വിളിച്ചത്..
നല്ല ആശ്വാസമുണ്ടാവുമത്രെ ..
ശരിയാ ഇത്രയും കേട്ടപ്പോൾ തന്നെ വല്ലാത്ത ഒരാശ്വാസം...
പെട്ടന്നാണ് അവളുടെ കണ്ണുകളിൽ ഒരു മിന്നൽ ...
അല്ലാ ഈ പേരുമാറൽ കഥ ഇനി നിങ്ങളുടെ ഐഡിയ മറ്റോആണോ..
..
സിർജി ;
An Idea can change your LlFE
എന്നാണല്ലോ പഴഞ്ചൊല്ല്...
ജീവിതം കോഞ്ഞാട്ടയാവാൻ അധികനേരം വേണ്ടെന്ന്...!!!
.....തിത്താ കിടതക ജംജം...
### ഇതിൽ ഞാനും എന്നെ കടിച്ച കൊതുകുമല്ലാതെ .ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയി യാതൊരു ബന്ധവുമില്ല അങ്ങനെ തോന്നുന്നുവെങ്കിൽ അത് തികച്ചും സ്വാഭാവികം... ഈ കാലത്ത് കൊതുകു കടിയേൽക്കാതെ സൂക്ഷിക്കുക..... "ജാഗ്രതൈ ".....
Jolly Chakramakkil
16-june-2017 Calicut.

മരണം പഠിപ്പിക്കുന്ന പാഠങ്ങൾ

****
Image may contain: Geya George, smiling, sunglasses and text
വേട്ട പട്ടി യെപോലെ ശൗര്യത്തോടെ മരണം എങ്ങും തളം കെട്ടി നിന്നിരുന്നു. മരണത്തിന്റെ ഗന്ധം ആ മുറിയിലാകെ നിറഞ്ഞു നിന്നിരുന്നു. "102 ലെ അമ്മച്ചി ഡെത്ത് ആയിട്ടോ". ചേഞ്ചിങ് റൂമിൽ നിന്നു മേരിക്കുട്ടി സിസ്റ്റർ പറയുന്ന കേട്ടു.
ഒരു ദിവസം എത്ര ആവർത്തി തുണി മാറി ഉടുക്കണം. റോഡിലൂടെ വരുമ്പോൾ ഒരു സാരീ. ഹോസ്പിറ്റലിൽ വെള്ള. വീട്ടിൽ എത്തുമ്പോൾ വേറെ. നേഴ്സ് ആയി ജോലി തുടങ്ങിയതിൽ പിന്നെ നന്നായി സാരീ ഉടുക്കാൻ പഠിച്ചു. ഇത് മനസ്സിൽ വിചാരിച്ചു ഒരാഴ്ച ആയി കഴുകാതെ ഇട്ടേക്കുന്ന വെള്ള സാരീ ഞാൻ ഭംഗി ആയി ഞൊറിഞ്ഞുടുത്തു.
വാർഡ് ലേക്ക് ചെന്നപ്പോൾ 102നു മുൻപിൽ ഒരു വല്യ ജനാവലി. രോഗികളെ റൂം നമ്പർ വച്ചു അഭിസംബോധന ചെയ്യരുത് എന്നാണ് നഴ്സിംഗ് ന്റെ ആദ്യ പാടങ്ങളിൽ ഉള്ളത് എന്നാൽ പലപ്പോഴും മറിഞ്ഞും തിരിഞ്ഞും കഷ്ടപ്പെട്ടു നേഴ്സ് ആയി കഴിഞ്ഞാൽ ഒരു നേരം ഈ 10-30പേരെ കാണുമ്പോൾ പേരോർത്തിരിക്കുക എന്നത് കഷ്ടമാണ് അത് കൊണ്ട് തന്നെ പലപ്പോഴും റൂം നമ്പർ തന്നെ ശരണം.
102ലെ അമ്മച്ചിയെ എല്ലാവർക്കും അറിയാം ത്രേസി ചേടത്തി. മുൻപ് ഹാർട്ട്‌ അറ്റാക്ക് വന്നു രണ്ടു തവണ ഇവിടെ തന്നെ അഡ്മിറ്റ്‌ ആയതാണ്. സർജറി ഒക്കെ ഇവിടെ ആയിരുന്നു . ത്രേസി ചേട്ടത്തി വന്നാൽ പിന്നെ വാർഡ്ഇൽ എപ്പോഴും പലഹാരങ്ങൾ ആണ്.
പണ്ട് ആമിന നൈറ്റ്‌ ഷിഫ്റ്റ്‌ നു കൊച്ചിനെ നോക്കാൻ ആളില്ല പറഞ്ഞു കരഞ്ഞപ്പോൾ. "ഇങ്ങോട്ട് കൊണ്ട് പോരടി ഞാൻ നോക്കിക്കോളാം.", എന്ന് പറഞ്ഞ ചേടത്തി ന്നെ ആർക്കും മറക്കാൻ ആവില്ല.
ഇത്തവണ പക്ഷെ പിടിച്ചത് മറ്റവനാണ് കാൻസർ . ആദ്യമേ തന്നെ ചേടത്തിക്ക് അറിയാമായിരുന്നു ഇനി ഒരു മടക്ക യാത്ര ഇല്ല എന്ന്. ഒരുപാട് വർത്തമാനം ഒന്നും പറയാത്ത, വേദന കടിച്ചമർത്തുന്ന ചേടത്തി യെ ആണ് ഞങ്ങൾ ഇത്തവണ കണ്ടത്. 102നു വെള്ളിയിൽ ഒരു ജാഥക്കുള്ള ആളുണ്ട്.
മിന്നുന്ന ചെരുപ്പുകൾ അണിഞ്ഞ ചേടത്തിടെ മോൾ, റോളക്സ് വാച്ച് കെട്ടിയ അവരുടെ ഭർത്താവ്. മഞ്ഞ ബാഗ് തോളിൽ ഇട്ടു മുടി ബോബ് ചെയ്ത മരുമോൾ, മോനെ കാണുന്നില്ല. എല്ലാവരും കരച്ചിലിൽ ആണ്. പക്ഷെ അത്രയും കണ്ണുനീരിന്റെ ഇടയിലും ഹൃദയം നുറുങ്ങുന്ന വേദനയുടെ സ്വരം ഞാൻ കേട്ടില്ല . സാധരണ ആരെങ്കിലും ഡെത്ത് ആയാൽ ഞങ്ങൾ നേഴ്സ് മാർക്ക് കറക്റ്റ് ആയി മനസിലാവുന്ന വസ്തുതകൾ ഉണ്ട്. കണ്ടിട്ടിട്ടും കേട്ടിട്ടിട്ടും ഒന്നും മനസിലാവാത്ത പോലെ ഞങ്ങൾ പൊട്ടൻ കളിക്കും. കഞ്ഞി കുടി ആണല്ലോ പ്രധാനം.
കണ്ണുനീർ പൊഴിച്ചു കൊണ്ട്, ഏങ്ങലടിച്ചു കരയുന്ന പല മുഖങ്ങളിലും ഞങ്ങൾ തെളിഞ്ഞു കണ്ടിരുന്നത് ചിരി ആണ്. വരാൻ പോകുന്ന സ്വത്തു ഭാഗം വയ്ക്കൽ ഓർത്തു കൊണ്ടുള്ള ചിരി. അല്ലെങ്കിൽ ഭാരം ഒഴിഞ്ഞു പോയി എന്നുള്ള ചിരി. ചിലപ്പോഴൊക്കെ ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ മതിലിൽ ചാരി നിൽക്കുന്നവരെ നോക്കുമ്പോൾ തെളിഞ്ഞു കാണുന്നത് ഹൃദയം നുറുങ്ങുന്ന വേദന ആകാറുണ്ട്.
ഇതിപ്പോ ഉറപ്പാണ്. അമ്മച്ചിയെ പള്ളിയിലേക്ക് അടക്കിനു എടുക്കുന്നതിനു മുമ്പ് തുടങ്ങും സ്വത്തു തർക്കം. ആഭരണങ്ങളുടെ കണക്കെടുപ്പ്, തോട്ടത്തിന്റെ കണക്കു എന്ന് വേണ്ട കിണ്ടി മുതൽ കോളാമ്പി വരെ തൂക്കി വിൽക്കാൻ ഉള്ള സെറ്റപ്പ്.
ഐസ് പെട്ടിയിലേക്കു എടുത്തു പാക്ക് ചെയ്താൽ പിന്നെ മരിച്ച വീട്, കല്യാണവീടായിമാറും മരിച്ച വ്യക്തിയെ തന്നെ അവർ മറക്കും. അതാണ്‌ ഇവിടെയും നടക്കാൻ പോകുന്നത് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സ് മന്ത്രിച്ചു.
എല്ലാവരോടും സ്നേഹം മാത്രം ഉള്ള ഒരു സ്ത്രീ ആയതു കൊണ്ടാവാം അവർ മരിച്ചപ്പോൾ എല്ലാവരും ഒപ്പം ഉണ്ടായിരുന്നത്. ചിലപ്പോഴൊക്കെ മരണനേരത്തു ആളുകൾ ആരും ഇല്ലാതെ ഒറ്റയ്ക്ക്. നിങ്ങൾ കരുതുന്നുണ്ടാവും അത് കഷ്ടപാടാണെന്നു പക്ഷെ സത്യം പലപ്പോഴും മറിച്ചാണ്. ഉറ്റവരെ വേദനിപ്പിക്കാതെ,മരിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം.
ചേടത്തിയുടെ മരിച്ചടക്കിനു ഞാനും പോയിരുന്നു. പ്രാർത്ഥനകൾ ഉരുവിട്ട അച്ഛന്റെ അടുത്ത നിന്നു കരയുന്ന ബന്ധുമിത്രാദികൾ. പക്ഷെ എങ്ങും ആത്മാർത്ഥതയുടെ കണിക പോലും കാണാൻ ഇല്ല. തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ആമിനയുടെ മോളെ കണ്ടു. ഏങ്ങലടിച്ചു കരഞ്ഞു മുഖം ചുവന്നിരുന്ന ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ കണ്ടത് ചേടത്തിയെ മനസ്സ് നിറഞ്ഞു സ്നേഹിച്ചിരുന്ന ഒരു മനസാണ്.
***ജിയാ ജോർജ് ***

മധുരപതിനെട്ടിലെ വീഴ്ചയും പിന്നെ ഞാനും

Image may contain: one or more people, ocean, sky, twilight, water, outdoor and nature

****** **** **** **** **** *** **** ***
ഈ വീഴ്ച അതു ഒരു വീഴ്ചയാണ്. ഒരു ഒന്നൊന്നര വീഴ്ച.
പ്രീഡിഗ്രി കഴിഞ്ഞുള്ള വലിയ ലീവ് വന്നതും അച്ഛൻ ടൈപ്പ് ക്ലാസ്സിൽ കൊണ്ട് പോയി ചേർത്തു. പ്ലസ് വൺ ചേരാതെ അടുത്തുള്ള മാഹി കോളേജിൽ ചേർന്നത് കളർ ഡ്രസ് ഇട്ടു പോവാനുള്ള ഒടുക്കത്തെ ആഗ്രഹം കൊണ്ടാണ്. അവിടെ എത്തിയപ്പോൾ മലയാളം മീഡിയം ഞാനും ഇംഗ്ലീഷിൽ ഉള്ള ക്ലാസ്സും തമ്മിൽ കട്ടയ്ക്ക് യുദ്ധം. അമ്മയോട്ടു ദൂരെ ട്യൂഷന് വിടുന്നുമില്ല, ഞാനൊട്ട് വീട്ടിൽ മര്യാദയ്ക്ക് പഠിക്കുന്നുമില്ല. എങ്ങനെയൊക്കെയോ കോളേജിൽ നിന്നും രക്ഷപെട്ടു. അതു കഴിഞ്ഞുള്ള ലീവിനാണ് ടൈപ്പ് പഠനം തുടങ്ങിയത്.
കുട്ടിക്കാലത്തെ വില്ലത്തിയായ എന്നെ അപ്പോഴേക്കും 'അമ്മ അടിച്ചമർത്തി ഒരാളോട് മിണ്ടാൻ പോലും പേടിയുള്ള പരുവത്തിലാക്കിയിരുന്നു. മിണ്ടാൻ പാടില്ല, ചിരിക്കാൻ പാടില്ല, ആണ്കുട്ടികളെ കണ്ടാൽ തല താഴ്ത്തി പോവണം, എന്റമ്മോ ശരിക്കും പട്ടാളചിട്ട തന്നെ.
അങ്ങനെ ഞാനും എന്റെ രണ്ട് കൂട്ടുകാരികളും ക്ലാസ്സിനു പോവാൻ തുടങ്ങി. രാവിലെ മുതൽ ഉച്ചവരെ ക്ലാസ്. ഉച്ചയ്ക്ക് ഇരുപത് മിനിറ്റ് നടന്ന് വീട്ടിലേക്കും. കൈയ്യിൽ രണ്ട് നോട്ടുബുക്ക്, അതിൽ നിറയെ ടൈപ്പ് ചെയ്ത പേപ്പറുകൾ.
അങ്ങനെ ഒരു ഉച്ചനേരം, വിശന്ന് ഒരു വഴിയായി, അതു കൊണ്ട് തന്നെ സെന്ററിലെ മൂന്ന് നിലയും ചാടിയിറങ്ങി വീട്ടിലേക്ക് ആഞ്ഞു വലിഞ്ഞു നടന്നു. അങ്ങനെ നടന്നു നടന്നു ഒരു ഇറക്കത്തിനു എത്തി.
ഇറക്കം ഇറങ്ങി തുടങ്ങുമ്പോഴായിരുന്നു അതു സംഭവിച്ചത്, റോഡിൽ ഉള്ള ഒരു കയറിൽ കാൽ കുരുങ്ങി കമിഴ്ന്നടിച്ചു റോഡിലേക്ക് വീണു. നോട്ട് ബുക്കും പേപ്പറും എല്ലാം റോഡിൽ ചിതറി. കയ്യിലെ കുപ്പിവളകൾ ഉടഞ്ഞു കൈയ്യിൽ തറച്ചു. കൂടെയുള്ളവരുടെ അപാര സ്നേഹം പൊട്ടിച്ചിരിയായി അപ്പോൾ ചുറ്റിലും നിറയുന്നുണ്ടായിരുന്നു.
ഒരു നൂറു വട്ടം കയറിനെ ശപിച്ചു ചോരയൊലിക്കുന്ന കൈമുട്ടും, കാൽമുട്ടും പേപ്പറെടുത്തു തുടച്ചു വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് ക്ലാസ് കഴിഞ്ഞു പോകുമ്പോൾ ഒരു ബൈക്ക്കാരൻ എന്നെ നോക്കി ഒരു മന്ദസ്മിതം. ദൈവമേ... എന്നോടൊ.. ഇതാര്..!!!?
പൊതുവെ ഇങ്ങനെ സംഭവിക്കറില്ല.
പിറ്റേന്നും പിറ്റേന്നും അങ്ങനെ ആഴ്ചകൾ ആ ചിരി എനിക്ക് കിട്ടിക്കൊണ്ടിരുന്നു. കണ്ണുമിഴിച്ചു അന്തം വിട്ടു, അടിവയറ്റിൽ നിന്നും പൊങ്ങുന്ന ഒരു മിന്നലോടെ ഞാൻ ആ ചിരി കണ്ടു കൊണ്ടിരുന്നു എന്നും.
ഒടുവിൽ കൂടെ ഉള്ളവരോട് അവൻ ചിരിക്കുന്ന കാര്യം പറഞ്ഞു. അവര് പറഞ്ഞു ഇനി നീയും അങ്ങോട്ട് ചിരിച്ചോ എന്നു.
വീട്ടിലെ പട്ടാളച്ചിട്ട കാതിൽ മുഴങ്ങി, എന്റമ്മേ ചിരിയല്ല തടിയാണ് വലുത്. വേണ്ട വേണ്ടാന്ന് മനസ്സ് പറഞ്ഞോണ്ടിരിക്കുന്നു.
ഒരു ദിവസം നടന്നു പോകുമ്പോൾ ഞാൻ വെറുതെ പറഞ്ഞു 'എന്നാലും അവനെന്തിനാ എന്നെ നോക്കി ഇങ്ങനെ ചിരിക്കുന്നെ, എന്നെ അറിയുക പോലും ഇല്ലാലോ"
അപ്പോഴായിരുന്നു കൂടെ നടന്ന നയവഞ്ചകികൾ ആ കാര്യം മൊഴിഞ്ഞത്
"അത് പിന്നെ നിന്നോടുള്ള ദയ കൊണ്ടാകാം"
ദയ കൊണ്ടോ..!!?
അതേ... അന്ന് നീ കമിഴ്ന്നടിച്ചു വീണത് കണ്ട ഒരേ ഒരു പുരുഷജന്മം ആണ് മോളെ അവൻ"
അത് കേട്ട് ചമ്മി നാശമായി തലയുയർത്തി നോക്കിയത് ആ ചിരിയിലേക്കായിരുന്നു. അപ്പോൾ എന്റെ മുഖത്തെ ഭാവം എന്താണ് എന്ന് പടച്ചോന് പോലും അറിയില്ല. ഇത്രനാളും അവൻ തന്ന ചിരിയൊക്കെ എന്നെ കളിയാക്കിയ ചിരിയാണല്ലോ ന്റെ കൃഷ്ണാ
വർഷങ്ങൾക്ക് ശേഷം അമ്പലത്തിലെ ഉത്സവത്തിന് ദൂരെ നിന്നും പരസ്പരം കണ്ടപ്പോഴും അവന്റെ ചുണ്ടിൽ കളിയാക്കിയ ആ ചിരി ഉണ്ടായിരുന്നു. ചമ്മിയ ചിരിയോടെ മോളുടെ കൈപിടിച്ചു ബഹളത്തിലേക്ക് അകന്ന് പോകുമ്പോൾ മനസ്സിൽ ഉടഞ്ഞു വീണ കുപ്പിവള കിലുക്കം ഉയരുന്നുണ്ടായിരുന്നു, ഏറെ ഇഷ്ടത്തോടെ...
✍️ സിനി ശ്രീജിത്ത്

ജീൻസ് ധരിച്ച മണവാട്ടികൾ

Image may contain: 1 person, sunglasses, selfie and closeup

പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രക്കിടയിലാണ്
ട്രെയിനിൽ വച്ചാണ്
ഞാനാ പെൺകുട്ടികളെ പരിചയപ്പെടുന്നത്.
നല്ല സുന്ദരിക്കുട്ടികൾ.
തൃശൂർ മുതൽ പാലക്കാട്, കോയമ്പത്തൂർ,തിരുപ്പൂർ, ഈറോഡ്, സേലം വരെ അവരൊന്നും കാര്യമായി മിണ്ടിയിരുന്നില്ല.
ഒരുതരം മൗനമായിരുന്നു അവർക്ക്.
ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ്
അവരിൽ ഒരു പെൺകുട്ടി എന്നോട് വാട്ടർ ബാഗ് തന്നിട്ട്
അടുത്ത സ്റ്റേഷനിൽ വച്ച് വണ്ടി നിറുത്തുമ്പോൾ
കുറച്ച് വെള്ളം പിടിച്ചു തരണമെന്ന് പറഞ്ഞത്.
ഞാൻ ശരിയെന്നു പറഞ്ഞു.
നാട്ടിൽ നിന്നും വിട്ടു പോന്നതിന്റെ വിഷമം എന്താണാവോ അത് അവരെ കണ്ടപ്പോൾ കുറെശ്ശെ മാറി.
സംസാരിക്കാൻ തുടങ്ങിയപ്പോൾ അത് പൂർണ്ണമായി മാറി.
വെല്ലൂര് വച്ച് ഞാൻ വെള്ളം പിടിച്ചു കൊടുത്തു.
അവര്, കൊണ്ട് വന്ന പൊതിച്ചോറ് കഴിച്ചു.
പിന്നെ ഓരോരുത്തരും ടോയ്‌ലറ്റിൽ പോയി വന്നു.
ഞാൻ ബർത്തിൽ കയറി കിടന്നു.
ഓരോരോ ചിന്തകളുമായിട്ട്.
കുറച്ച് നേരം കഴിഞ്ഞ് ഒരു പെൺകൂട്ടിക്ക് തലവേദന.
മറേറ രണ്ട് പെൺകട്ടികൾ ഗാഢനിദ്രയിലാണ്.
ഞാൻ ബാഗിൽ കരുതിയിരുന്ന വിക്സ് എടുത്ത് കൊടുത്തു.
അത് നെറ്റിയിൽ വാരി തേച്ച് അവൾ വീണ്ടും കിടന്നു.
അല്പം കഴിഞ്ഞ് അവൾ മെല്ലെ കണ്ണ് തുറന്നൊന്ന് എന്നെ നോക്കി.
ഞാൻ ചോദിച്ചു, ഇപ്പോൾ തലവേദനയൊക്കെ എങ്ങനുണ്ട്?
സ്വൽപ്പം ആശ്വാസം തോന്നണുണ്ടെന്ന് പറഞ്ഞ് അവൾ ചരിഞ്ഞു കിടന്നു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ആടിയാടിയുള്ള കിടപ്പ് ഒരു രസംതന്നെയാണ്.
വേറെയൊന്നും ചിന്തിക്കാതെ ഞാനും തിരിഞ്ഞു കിടന്നു.
തമിഴ്നാട്ടിലെ മദ്രാസ് എഗ്‌മോറിലെത്തിയപ്പോൾ നേരം വെളുത്തിരുന്നു.
അവർ നേരത്തെ എഴുന്നേറ് ഫ്രഷ് ആയിരുന്നു.
ഞാൻ എഴുന്നേറ്റെങ്കിലും കുറച്ചു നേരം കൂടി വെറുതെ കമിഴ്ന്നു കിടന്നു.
പിന്നെ ടോയ്ലറ്റിൽ പോയി. തിരിച്ചു വന്നപ്പോൾ ഒരു പെൺകട്ടി പോക്കററ് റേഡിയോ ഓൺ ചെയ്ത് പാട്ട് കേൾക്കുകയാണ്.
"നീയെന്റെ പ്രാർത്ഥന കേട്ടു .
നീയെന്റെ മാനസ്സം കണ്ടു.
ഹൃദയത്തിൻ അൾത്താരയിൽ
വന്നെൻ അഴലിൻ കൂരിരുൾ മാററീ.. "
നല്ല പാട്ട്.
മറ്റേ പെൺകുട്ടി ഒരു ചെറിയ പുസ്തകം വായിക്കുകയാണ്.
വേറൊരുത്തി താടിക്ക് കൈ കൊടുത്ത് ജനാലകൾക്ക് പുറത്തെ കാഴ്ചകൾ കാണുകയാണ്.
ചായ കുടിച്ചോ എന്ന് ചോദിച്ചപ്പോൾ ഉവ്വ് എന്ന മറുപടി കിട്ടി.
എന്നാ ഞാൻ കുടിച്ച് വരട്ടേയെന്ന് പറഞ്ഞ് ഫ്ലാററ്ഫോമിലേക്കിറങ്ങി.
ഇറങ്ങും നേരത്ത് എന്തെങ്കിലും കഴിക്കാൻ വാങ്ങണോയെന്ന് ചോദിച്ചപ്പോൾ വേണ്ടാന്ന് ... വീട്ടിൽ നിന്നും കൊണ്ടു വന്ന ഏത്തക്കായ ഉണ്ടെന്ന്...
ആ.. ശരി.. ശരി..
ട്രെയിൻ ഇളകി തുടങ്ങിയിരുന്നു.
കോളിളക്കം സിനിമയിൽ ജയൻ ഹെലികോപ്റ്ററിൽ ചാടി പിടിക്കുന്ന പോലെയാണ് ഞാൻ അകത്ത് തൂങ്ങി കയറിയത്...
നെല്ലൂർ, ഗുണ്ടൂർ, വിജയവാഡ വരെ ഞാൻ പഴയ പുസ്തകങ്ങൾ വായിച്ചു കൊണ്ടിരുന്നു.
അവർ എന്തൊക്കെയോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.
കണ്ടാലറിയാം. കാശുള്ള വീട്ടിലെ പെൺകുട്ടികളാണെന്ന്.
അടിപൊളി വേഷം.
ജീൻസും ടീ ഷർട്ടുമാണ് അണിഞ്ഞിരിക്കുന്നത്. കാലിൽ ഹൈ ഹീൽ ചെരുപ്പുകൾ. ചുണ്ടുകളെല്ലാം ലിപ്സ്റ്റിക്കിട്ട് ചുവന്നിരിക്കുന്നു.
നല്ല ചരക്ക് മണികൾ.
ആരും കൊതിച്ചു പോകും.
ഞാനും ചെറുപ്പമല്ലേ ഇതിലൊരണ്ണത്തിന് എന്നോട് ഇഷ്ടം തോന്നിയെങ്കിൽ ഞാൻ രക്ഷപ്പെട്ടു.
ഏകാന്തമായ ജീവിതത്തിൽ ഒരു സുഖം.
രാജമുന്ദ്രീയെത്തിയത് ഞാനറിഞ്ഞില്ല. അതിലൊരാൾ ചോദിച്ചു കൽക്കട്ടയിലാണോ ജോലി?
ഞാൻ പറഞ്ഞു ബർദ്വാൻ ജില്ലയിലെ അസൻസോളിലാണെന്ന്..
"എത്ര നാളായി ഇവിടെ?"
"മൂന്ന് വർഷം "
"ബംഗാളിയെല്ലാം പഠിച്ചോ? "
" ങാ. പഠിച്ചു. "
ഞാൻ തിരിച്ച് ചോദിച്ചു.
"നിങ്ങൾ .എവിടന്നാ ?"
എന്റെ വീട് അങ്കമാലി, ഇവൾ കോട്ടയം, മറേറാള് ആലുവ... ഞങ്ങൾ എറണാകുളത്തു നിന്നാ കയറിയത്?"
"ആട്ടെ, കൽക്കത്തയിൽ എവിടെയാ ജോലി? പഠിക്കുകയാണോ?"
മറുപടി പറയുന്നതിന് മുൻപ് ടിക്കററ് എകസ്ലാമിനർ വന്നു. വെരിഫൈ ചെയ്ത് പോയി.
വിശാഖപട്ടണത്തെത്തിയപ്പോൾ രാത്രി 9.45 ആയി.
അവർ ഭക്ഷണം കഴിച്ച് കിടന്നു.
എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല.
എന്റെ മനസ്സിൽ ഓരോരോ ചിന്തകൾ കടന്നു വരികതന്നെയാണ്...
കേരളം എന്ന് കേട്ടാൽ എന്റെ ചോര തിളക്കാറുണ്ട്.
ബംഗാൾ എന്ന് കേട്ടാൽ അതില്ല.
ഡാർജിലിങ് ,ശാന്തിനികേതൻ, ആനന്ദമഠം,
മദർ തെരേസയുടെ മിഷനറി ഓഫ് ചാരിറ്റീസ്,
ഹൗറാ തൂക്കുപ്പാലം.
വിദ്യാ സാഗർ സേതു.
റൈറ്റേഴ്സ് ബിൽഡിഗ്,
ഖരക് പൂരിലെ റയിൽവേ ഫ്ലാററ്ഫോം
പിന്നെ കേശവദേവിന്റെ ഓടയിൽ നിന്നിലെ റിക്ഷാ വണ്ടികൾ,
കുഷ്ഠരോഗികൾ.
സോണാ ഗച്ചിയിലേയും ഇച്ചാ പൂരിലെയും സർക്കാർ അധികൃത ലൈഗീക വിപണന കേന്ദ്രങ്ങൾ....
കൽക്കത്താ ഒരു മഹാനഗരമാണ്.
ഡൽഹൗസി ഭരിച്ചിരുന്നപ്പോൾ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാന നഗരി'. കമ്യൂണിസത്തിന്റെ ഈററില്ലം.
ജ്യോതിബസുവിനേയും ബുദ്ധദാസ് ഗുപ്തയേയും സോമനാഥ ചാറ്റർജിയേയും സാക്ഷാൽ മദർ തെരേസയേയും നേരിൽ കണ്ട ഓർമ്മകൾ ഇപ്പോഴും ബാക്കിയുണ്ട്.
സത്യജിത് റേയുടെ പഥേർ പാഞ്ചാലി എന്ന സിനിമാ അവിടെ വച്ചാണ് കണ്ടത്.
സലിൽ ചൗധരിയുടെ ചില ഗാനങ്ങൾ കേൾക്കുമ്പോൾ പഴയ ചില മലയാള ഗാനങ്ങൾ ഓർത്തു പോകാറുണ്ട്.
വംഗനാട് ഒരളവ് വരെ നമ്മുടെ കേരളം പോലെ തന്നെയാണ്.
അതൊക്കെ ശരി തന്നെയാണ്.
പക് ഷേ, നഗരം അതിന്റെ പ്രൗഡിയിൽ നിലനിൽക്കുമ്പോൾ തന്നെയും മലീനമായ ചില കാപട്യങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നു.
നാറിയതും പുഴുക്കുത്തുമുള്ള ചില തരം താണ പ്രവണതകൾ.
കമ്യൂണിസമാണ്. നക്സൽ പ്രസ്ഥാനം ഉടലെടുത്തത് ഇവിടെ നക്സൽ ബാരി എന്ന ഗ്രാമത്തിലാണ്.
എപ്പോഴാണ് ഞാൻ ഉറങ്ങിപ്പോയതറിഞ്ഞില്ല.
ഒറീസ്സയിലെ കട്ടക്കും ഭൂവനേശ്വറും വിജയനഗരവുമെല്ലാം കടന്നു പോയതെന്നറിഞ്ഞില്ല.
ഉണർന്നപ്പോൾ ട്രെയിൻ ബംഗാളിന്റെ വിരിമാറിലൂടെ കുതിച്ചു പായുകയാണ്.
ഇനി അധികം നേരമില്ല ഖരഖ്പൂർ കഴിഞ്ഞ് ഹൗറയിലെത്താൻ...?
ഞാൻ നോക്കുമ്പോൾ പെൺകുട്ടികളെല്ലാം നല്ല ഉത്സാഹവതികളായ് കാണപ്പെട്ടു.
എന്റെ ഒരു സംശയം ഇവരെല്ലാം കൽക്കത്തയിൽ എവിടെയാണ് ജോലി ചെയ്യുന്നത്? എവിടെയാണ് താമസിക്കുന്നത്?
സത്യത്തിൽ ജോലി അന്വേഷിച്ചു വരുന്നവരുടേയും ബിസ്സിനസ്സുകാരുടെയും ആശാ കേന്ദ്രമാണ് ഇവിടം..
അതിനിടയിൽ ഒററപ്പെട്ട് പോകുന്നവരുടെയും ചതിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും നീണ്ട കഥകൾ പറയാനുണ്ട് ഈ മഹാ നരകത്തിന് അല്ലാ നഗരത്തിന്..
എന്റെ ചിന്തകൾ കാട്കയറി.
മനസ്സ് പ്രക്ഷുബ്ധമായി.
ഇനിയെങ്ങാനും ഈ പെൺകുട്ടികൾ അവിടേക്കാണോ? സോണാ ഗച്ചിയിലേക്ക്? ചുവന്ന തെരുവിലേക്ക് ?
ട്രെയിൻ ഹൗറാ സ്റ്റേഷനോട് അടുക്കാറായി.
പെൺകുട്ടികൾ ടോയ് ലറ്റിൽ പോയി വസ്ത്രങ്ങളെല്ലാം മാറ്റി വന്നു.
ഞാൻ ഇരുന്ന ഇരുപ്പിൽ തന്നെ പാന്റും ഷർട്ടും മാറ്റി ബാഗ് ഒരുക്കി വച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അത്ഭുതസ്തബ്ധനായി നിന്നു.
എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല.
ഇത്രയും ദിവസം ഈ നേരം വരെ ഞാൻ കണ്ട ആ പെൺകുട്ടികൾ നീലക്കരയുള്ള വെള്ള സാരിയുടുത്ത് പ്രസന്നവദരായി നിൽക്കുന്നു.
ടെയിനിറങ്ങി യാത്ര പറഞ്ഞ് പിരിയുമ്പോൾ അവരിൽ ഒരു പെൺകുട്ടി പറഞ്ഞു
ഞങ്ങൾ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അന്തേവാസികളാണെന്ന്... പ്രാർത്ഥിക്കാമെന്നും..!!!
by,
പോളി പായമ്മൽ

മട്ടുപ്പാവിലെ വിപ്ളവം

Image may contain: Shabna Shabna Felix, smiling, closeup
**********************
രാവിലെ കാപ്പിയുമായി റൂമില്‍ ചെന്നപ്പോള്‍ കിടക്ക കാലി
രാവിലെ തന്നെ ഇങ്ങേർ ഇതെവിടെപ്പോയി ?അല്ലേൽ ആന കുത്തി വിളിച്ചാൽ എഴുന്നേറ്റു പോകാത്ത കക്ഷിയാണ് ..അപ്പനേയും മക്കളേയും മാറി മാറി വിളിച്ചു തലയ്ക്ക് വട്ടു പിടിക്കും ..എഴുനേറ്റാലോ തന്റെ പിറുപിറുക്കൽ കേട്ട് പറയും
"നിനക്ക് എന്നെ നേരത്തെ വിളിക്കായിരുന്നില്ലേ? "
പിന്നെ തനിക്കിട്ട്‌ രണ്ട് പിണക്കം വേറേ..
ഭർത്താവായി പോയി ..അല്ലേൽ അപ്പോള്‍ കൊടുക്കായിരുന്നു തലക്കിട്ടു ഒരു തട്ട്...
ഇനിയിപ്പോ ബാത്ത് റൂമില്‍ കേറി ഇരിപ്പുണ്ടാവുമോ?
വീട്ടില്‍ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ പറ്റിയ ഒരിടം അവിടം ആണെന്നാണ് പൊതുവേ പുരുഷ സംസാരം ...
ഇങ്ങേരവിടേയും ഇല്ല.
എന്റെ കർത്താവേ । ഇനി നെഞ്ച് വേദന എങ്ങാനും ?
പണിയെടുക്കാതെ വയറും വീർപ്പിച്ച് നടക്കുന്ന കുറേ എണ്ണമായി അറ്റാക്ക് വന്ന് പോകുന്നു ...ആ കൂട്ടത്തിൽ കേട്ട്യോനും മെംബെർഷിപ്പുള്ളതാണ് .തള്ളി വരുന്ന വയറു കണ്ട് കൊച്ചുകുട്ടികൾ വരെ ചോദിച്ച് തുടങ്ങി..."മാമന്റെ വയറ്റിൽ ഉണ്ണിയുണ്ടോ ?""
അത് കേട്ട് പ്ലിംഗാൻ അല്ലാണ്ട് പണിയെടുക്കാൻ ഇത് വരെ അങ്ങേരു റെഡിയല്ല.
താനും ഇടയ്ക്കിടെ പറയും ..
"എന്റെ മനുഷ്യനേ എന്തെങ്കിലും ഒന്ന് മേലനങ്ങി എന്തേലും ചെയ്തു കൂടെ ? രാവിലെ എഴുന്നേറ്റ് ഒന്ന് നടക്കാനെങ്കിലും പോയി കൂടെ ? "
അപ്പോള്‍ പറയും"" നമുക്ക് എവിടാടി സ്ഥലം ?ഉണ്ടായിരുന്നെങ്കിൽ?"
""ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ ഒലത്തിയേനെ!
കർഷക(ശീ വാങ്ങിയേനേ?""
ആ സംസാരം മുഴുമിപ്പിക്കാൻ താന്‍ ഒരിക്കലും നിന്ന് കൊടുക്കാറില്ല.
അല്ലെങ്കില്‍ തന്നെ ടെറസിലെ ചെടി ഒന്നു തിരിഞ്ഞു നോക്കാത്ത ആളാണ് ..
പിന്നെയാണ് ഒരു കർഷകർ ശ്രീ...
അന്നാലും ഇതിയാനെവിടെ?
പെരയ്ക്ക് ചുറ്റും നടന്നുനോക്കി
ദേ ടെറസിലനയ്ക്കം കേൾക്കുന്നു..
""നിങ്ങള്‍ അവിടെ എന്തു എടുക്കുവാ?" ചോദിക്കാതെ പറ്റുമോ...ചോദിച്ച് പോയി
"നീ അല്ലേടീ എപ്പോഴും പറയാറ്.. ഞാന്‍ ഇതൊന്നും നോക്കുന്നില്ല എന്ന് .
ഇന്ന് മുതല്‍ നോക്കിക്കോ?
ഇതിന്റെ കാര്യം ഞാന്‍ ഏറ്റു." മോളീന്നു സ്വരം മുഴങ്ങി .
സ്റ്റെപ്പ് കയറി മേലോട്ട് ചെന്നപ്പോള്‍ അങ്ങേരു പറഞ്ഞതിൽ കാര്യമുണ്ട് ..ചെടി നന കഴിഞ്ഞു ..കുറച്ച് തക്കാളിയും വഴുതനയും പാവലും ചീരയും ഒക്കെ ഉണ്ട് ..വിഷമടിച്ചത് തിന്നണ്ടന്നു കരുതി ചെയ്യുന്നതാണ്.
ഭർത്താവും മക്കളും ഘോരഘോരം കൂട്ടത്തില്‍ ഇരുന്നു സംസാരിക്കും.
'ജൈവ കൃഷി..'
ഇതുവരെ ഏ ഹേ ....തിരിഞ്ഞു നോക്കിയില്ല....
എന്തു കുന്തം എങ്കിലും ആവട്ടെ ...തോന്നിയല്ലോ..
ഇച്ചിരി ആശ്വാസത്തോടെ ഇറങ്ങി പോന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചെടി നനയുടെ പിന്നിലെ രഹസ്യം കണ്ടു പിടിച്ചു .
തൊട്ടടുത്ത് പുതിയ താമസക്കാർ വന്നിരിക്കുന്നു ...അവിടുത്തെ വീട്ടുകാരി കാണാന്‍ സുന്ദരിയാണ് .
അമ്പട കേമാ...!
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം .
ഇൻഹരിഹർ നഗറിലെ ജിംനേഷ്യം പ്രാക്ടീസ് ഒന്നു മാറ്റിപ്പിടിച്ചതാണ്...ചെടി നനയുടെ രൂപത്തിൽ..
എന്തെങ്കിലും ആവട്ടെ..
ചെമ്മീന്‍ ചാടിയാൽ എവിടെ വരെ ?
ഇങ്ങോട്ട് തന്നെ പോരും..
ഇനി ധൈര്യം ആയി എങ്ങോട്ടെങ്കിലും പോകാലോ?നനയ്ക്കാൻ ആളായല്ലോ?
വൈകുന്നേരം പതിയെ കാര്യം അവതരിപ്പിച്ചു ...
""ഞാന്‍ വീട്ടില്‍ പോയി വരട്ടെ ?""
ആ കാര്യം ചോദിച്ചാല്‍ മാത്രം പതിവില്ലാതെ ഗൌരവം കേറും..
ഇത്തവണയും മാറ്റം ഒന്നു ഉണ്ടായില്ല...
ഈ ഭാവം വെറും അഭിനയം ആണെന്ന് പാവം ഭാര്യമാർ അറിയുന്നില്ലല്ലോ?
ഭാര്യ വീട്ടില്‍ നിന്നിറങ്ങിയാൽ ഉടന്‍ വീട് ബാറാവും
"എന്തെങ്കിലും ഒക്കെ കാട്ടി കൂട്ട്"...അതും പറഞ്ഞ് ഇറങ്ങി പോന്നെങ്കിലും മനസ്സില്‍ മുഴുവന്‍ വീട്ടിലെ ചിന്തകള്‍ ആയിരുന്നു ..
അവര്‍ എന്തു ചെയ്യുന്നുണ്ടാവും? സമയത്ത് എഴുന്നേറ്റു കാണുമോ? പലതവണ വീട്ടിലേക്കു ഫോണിൽ കുത്തും...
"എണീറ്റോ ഇച്ചായ...? ചോറു വെച്ചോ ഇച്ചായ?കറി വെച്ചോ ഇച്ചായ.? "
പിന്നത്തെ ഇച്ചായാൻ വിളിയിൽ ഫോണിന്റെ അങ്ങേത്തലയിൽ നിന്നും ഒരു തെറിവിളിയോ ആട്ടോ പ്രതീക്ഷിക്കാം..
അതോടെ വയർ നിറയുന്ന താൻ നന്നാവുമോ..ഇച്ചായൻ നന്നാവുമോ..രണ്ടും പതിവില്ല.
മൂന്നു ദിവസം ഒരു കണക്കിന് സ്വന്തം വീട്ടില്‍ നിന്നു..
ഫോണ്‍ എടുത്ത് രണ്ട് മൂന്ന് തവണ വീട്ടില്‍ വിളിച്ചു ..അങ്ങേ തലയ്ക്കിൽ നിന്ന് പതിവ് ആട്ടും തെറിയും പിന്നാലെ മറുപടിയും കിട്ടി ..
""ഒന്നുകില്‍ നീ അവിടെ നിന്ന് അവിടുത്തെ കാര്യം തിരക്ക് ..അല്ലേൽ ഇങ്ങോട്ട് വാ...""
ഇറങ്ങി പോരാൻ നേരം നൂറ് കൂട്ടം പണി ഏൽപിച്ചാ പോന്നത്....എന്തു കാണിച്ച് കാണുമോ ആവോ?
തിരിച്ച് വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വീട്ടിൽ ഒരു ശ്മശാന മൂകത...
കേറി ചെല്ലുന്ന മുറി തൊട്ടു അടുക്കളയുടെ പാതകം വരെ സാധനങ്ങൾ വലിച്ചു വാരി ഇടുകയാണ് പതിവ്.അതു കാണുന്ന തന്നിൽ , എന്നും ഭദ്രകാളി ഉറഞ്ഞു തുള്ളുകയും ഭരണി പാട്ടിന്റെ ചെറിയ വേർഷനുകൾ നാവിൽ നിന്നും നിർഗമിക്കുകയും പതിവാണ് . എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി,
എല്ലാം വലിച്ചു വാരി ഇടുന്നതിന് പകരം ഒതുക്കി പെറുക്കി വച്ചിട്ടുണ്ട് ..എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്..
എന്നാലും സിഐഡി കണ്ണുകൾ എല്ലായിടവും പരതി. ബെഡ്റൂമിൽ പോലും...ഇനി രണ്ടു ദിവസം കൊണ്ട് ചെമമീൻ ചാടി അപ്പുറത്തെ ടെറസ്സിൽ എങ്ങാനും.?
ച്ചെ ഛേ!
അങ്ങിനൊന്നും ചിന്തിക്കാൻ സമയം ആയില്ലെങ്കിൽ കൂടിയും...ചക്കരക്കുടം കണ്ടാൽ...
പട്ടിയുടെ വാൽ പിന്നെയും..?
തെളിവൊന്നും കിട്ടാതെ പകലിറങ്ങി പോയ നേരത്തു ടെറസിൽ കയറി ചെടി നനക്കാൻ..
ഒന്നേ നോക്കിയുള്ളൂ..
എല്ലാം വാടി കരിഞ്ഞു നിൽ്ക്കുന്നു..
"എന്റെ ചെടിയേ"...നെഞ്ചത്തടിച്ചു വിളിച്ചു പോയി
അപ്പുറത്തെ ടെറസിൽ നിന്നു സുന്ദരികോത ഭംഗിയായി ചിരിച്ചു തുണി മടക്കുന്നത് കണ്ടപ്പോൾ ഉള്ളിലെ കലി ഒരു നൂറു മടങ്ങു കൂടി.
അവളുടെ ഒടുക്കത്തെ ഒരു ചിരി!
തന്റെ നിലവിളി കേട്ട് ഓടികിതച്ചു എത്തിയ മോൻ ചെവിയില്‍ രഹസ്യമായി പറഞ്ഞു ..
"അപ്പച്ചന്‍ ചെടിയ്ക്കു വളം ഇട്ടതാ..
ചാണകവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേര്‍ത്ത് വച്ചിരുന്നത് വെള്ളം ചേർക്കാതെ അങ്ങ് തട്ടി "
പെട്ടെന്ന് വളരാൻ പെട്ടെന്ന് ചെയ്ത പണി ..ഇത്ര പെട്ടെന്ന് പണി തരുമെന്നു വിചാരിച്ചില്ല..
അന്നാലും എന്റെ ഇച്ചായാ...
ഇനി എന്തോരം വെള്ളം നനച്ചാലും ഇത് നേരെയാവുമൊ? മനസ്സില്‍ പറഞ്ഞു പോയി
വൈകീട്ട് ജോലി കഴിഞ്ഞു എത്തിയപ്പോള്‍ പൂച്ചയെ പോലെ പമ്മി വന്ന ഇച്ചായനു വെള്ളിമൂങ്ങയിലെ ബിജുമേനോന്റെ തനി ഛായ....തന്നെ കണ്ടതും വളിച്ച ഒരു ഇളി.
അങ്ങേരുടെ മുഖത്തെ ഭാവം കണ്ടപ്പോ പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല ...പാവം..
പതിവ് പോലെ വീട്ടില്‍ പോയി വന്നാല്‍ ഉള്ള ചാടി കയറ്റമില്ല
ഇത് പോലെ പൂച്ചകുഞ്ഞുങ്ങളോ ആണുങ്ങൾ...!
പിറ്റേന്ന് രാവിലെ പതിവ് പോലെ കാപ്പിയുമായി മുറിയില്‍ ചെന്നു
"എന്തേ ചെടി നനയ്ക്കുന്നില്ലേ..."
കേട്ട പാതി അങ്ങേരു പുതപ്പ് വലിച്ചു തലവഴി മൂടി കമിഴ്ന്നു ഒരൊറ്റ കിടപ്പ്....
അതു കണ്ടയുടെ ശാന്തമായി നിന്ന എന്നിൽ
കലി പിടഞ്ഞു കേറി വീണ്ടും ചോദിച്ചു പോയി..
"അപ്പോ ഇച്ചായ കര്ഷകശ്രീ..?"
പുതപ്പിന്റെ അടിയിൽ നിന്നും , ഇന്ന് വരെ മലയാളഭാഷാനിഘണ്ടുവിൽ ഇല്ലാത്ത പദപ്രയോഗങ്ങൾ ആരോഹണ അവരോഹണ ക്രമത്തിൽ മറുപടിയായി ഉയർന്നുവന്നത് കേട്ടപ്പോൾ , പ്രഭാതഭേരി കേട്ടു എന്റെ ഒരു ദിനം ധന്യമായതിന്റെ കലിപ്പിൽ , ഇതിന്റെ ബാക്കി പൂതനരൂപം പൂണ്ടു രാത്രി തീർക്കാം എന്നുള്ള ശപഥം ചെയ്തു ആ മുറിയിൽ നിന്നും ഇറങ്ങി പോരും മുന്നേ , കയ്യിൽ ഇരുന്ന കാപ്പി പുതപ്പിനു മീതെ ഒഴിച്ചു ഒരോട്ടം...
പിന്നെ അവിടെ നടന്നത്...
കേരളം ഇന്ന് വരെ കാണാത്ത റാപ്പിഡ് ആക്ഷൻ ഫോഴ്സ്....
നിങ്ങൾക്ക് ഊഹിക്കാം...
തകിട തികിട തൈ.....
ശുഭം.

കോട്ടാറ്റ്

Image may contain: Lipi Jestin, smiling, indoor

പ്രളയത്തിൽ ഒറ്റപ്പെട്ട് ഒത്തൊരുമയുടെ ദ്വീപായി മാറിയ കോട്ടാറ്റ്.
ഓഗസ്റ്റ് പതിനഞ്ചാം തിയതി സ്വാതന്ത്ര്യ ദിനവും മാതാവിന്റെ
സ്വർഗാരോപണ തിരുനാളും ഒരുമിച്ച് ആഘോഷിക്കുവാൻ അതിരാവിലെ തന്നെ കോട്ടാറ്റ് സെന്റ്‌ ആന്റണിസ് പള്ളിയിലേക്ക് വന്നണഞ്ഞ വിശ്വാസികളെ എതിരേറ്റത് പള്ളിമുറ്റത്തെ മുട്ടറ്റം പൊക്കത്തിലുള്ള മഴ വെള്ളമായിരുന്നു.
ഒരാഴ്ച മുൻപേ തുടങ്ങി നിർത്താതെയുള്ള മഴപെയ്‌ത്തിൽ കോട്ടാറ്റിന്റെ സമീപ പ്രദേശങ്ങളായ തോട്ടവീഥിയിലും പറയം തോടിലും വെള്ളം കുത്തനെ ഉയർന്നിരുന്നു.
മുൻപും പെരുമഴകാലത്ത് ചാലക്കുടി പുഴയുടെ തീര പ്രദേശങ്ങളായ, പാടങ്ങളും കുളങ്ങളും കൊണ്ട് സമൃദ്ധമായ, പച്ചപുതച്ചു കിടക്കുന്ന ഈ സ്ഥലങ്ങളിൽ ഒക്കെയും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ ജനങ്ങൾ അത് അത്ര കാര്യമാക്കിയില്ല.
പള്ളിയിലെ അന്നത്തെ കുർബാന ഫാദർ. സെബാസ്റ്റിയൻ ഈഴേക്കാടൻ കോട്ടാറ്റിലെ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാർ എടുത്തിരുന്ന സെന്റ്‌ ജോൺ ബാപ്പിസ്റ്റ് മഠത്തിലേക്ക്‌ മാറ്റി.
കുർബാനക്ക് ശേഷമാണ് ജനങ്ങൾ അറിഞ്ഞു തുടങ്ങിയത്....
പല ഡാമുകളും തുറന്നു വിടുകയാണെന്നും, ചാലക്കുടി പുഴ കര കവിഞ്ഞ് ഒഴുകാനുള്ള സാധ്യതയുണ്ടെന്നും, കോട്ടാറ്റിന്റെ അടുത്ത പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറി കയറി വരികയാണെന്നും!.
കോട്ടാറ്റിലെ എല്ലാ വീടുകളിലെയും ആബാലവൃദ്ധം ജനങ്ങൾ വെള്ളം നിരീക്ഷിക്കാൻ റോഡിലിറങ്ങി നാലു വശത്തേക്കും നടന്നു.
അണ്ണല്ലൂർ പറയം തോട് നിറഞ്ഞു പൊന്തി പത്തടി പാലം കാൺമാനില്ലാതെ
യായി.മാളയിൽ നിന്നും ചാലകുടിയിലേക്കുള്ള ഗതാഗതം അവിടെ നിലച്ചു. മൂഞ്ഞേലിയിൽ റോഡുകളും വീടുകളും മുങ്ങി ചാലക്കുടിയിൽ നിന്നും മാളയിലേക്കുള്ള ഗതാഗതവും നിലച്ചു.
കോട്ടാറ്റ് മഠത്തിന്റെ പുറകു വശത്തുള്ള തോട്ട വീഥിയിലെ പാടങ്ങളും റോഡുകളും വീടുകളും മുഴുവൻ വെള്ളത്തിൽ മുങ്ങി.പള്ളിയും പാരിഷ് ഹാളും ബംഗ്ലാവും സെമിത്തേരിയും വെള്ളത്താൽ ചുറ്റപ്പെട്ടു. പുറകിലുള്ള പാടങ്ങൾ നിറഞ്ഞു കവിഞ്ഞ് പല വീടുകളുടെയും പുറകു വശത്തു കൂടി വെള്ളം കയറി കയറി വന്നു കൊണ്ടിരുന്നു.ആകെ ഒരു അരക്ഷിതാവസ്ഥ!
അങ്ങനെ കോട്ടാറ്റ് നാലു വശത്താലും ചുറ്റപ്പെട്ട ഒരു കൊച്ചു ദീപായി മാറി.
കോട്ടാറ്റിന് പുറം ലോകവുമായുള്ള സമ്പർക്കം നഷ്ട്ടപ്പെട്ടു.
ഞങ്ങളുടെ കൗണ്സിലർ ശ്രീമതി ആനി പോളും, പോളേട്ടനും, കോട്ടാറ്റിലെ സാമൂഹ്യ പ്രവർത്തകരും യുവജനങ്ങളും രംഗം പന്തിയല്ലെന്ന് കണ്ട് വേണ്ട നടപടികൾ ഉടനടി
സ്വീകരിച്ചു.
തോട്ട വീഥിയിലുള്ള ഒട്ടേറെ കുടുംബങ്ങൾ വെള്ളത്താ
ൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടത് കൊണ്ട് രക്ഷാ പ്രവർത്തകർ വീട് മുങ്ങിയവരെ ബോട്ടുകളിൽ കോട്ടാറ്റിലേക്ക്‌ കൊണ്ട് വരാൻ തുടങ്ങി.കൊച്ചു കുട്ടികളെ മാറോട് ചേർത്തു പിടിച്ച്‌ ഒരു ആയുസ്സിന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയതൊക്കെ വെള്ളത്തിന് വിട്ടു കൊടുത്ത് പെരുമഴയത്ത് ബോട്ടിൽ നനഞ്ഞൊട്ടി വന്നിറങ്ങുന്ന കാഴ്ച മറ്റുള്ളവരുടെ ഹൃദയത്തിൽ ഭയത്തിന്റെയും നിസ്സഹായതയുടെയും വലിയൊരു ഓളമുണ്ടാക്കി.
കോട്ടാറ്റ് സെന്റ്‌
ആന്റണീസ് സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ. ജോസലിൻ ഒരു തറവാട്ടമ്മയെ പോലെ അവർക്ക് അഭയം നൽകി. ആ മഠത്തിലെ നാൽപതോളം സിസ്റ്റ്റ്റേഴ്സും കോട്ടാറ്റ് നിവാസികളും അവർക്ക് വേണ്ട സജീകരണങ്ങൾ ഒരുക്കാൻതുടങ്ങി.
ഉച്ച കഴിഞ്ഞപ്പോഴേക്കും പാലത്തിലെ വെള്ളം കയറി ജംഗ്ഷന് രണ്ടു വീടപ്പുറം വന്നു നിന്നു.
റോഡരികിൽ ഉള്ളവരും അത്യാവശ്യം സാധനങ്ങൾ എടുത്ത് സ്കൂളിലും അതിന്റെ പരിസര പ്രദേശങ്ങളിലുള്ള വീടുകളിലും വന്ന് താമസിക്കാൻ തുടങ്ങി.
വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്ന മെഴുകുതിരി, ലൈറ്റർ, പഴം, ബ്രെഡ്, ജാം, ബിസ്ക്കറ്റ് തുടങ്ങി എമർജൻസി ബാഗ് ഒരുക്കാൻ ജനങ്ങൾ കടകളിലേക്കു കുതിച്ചു പാഞ്ഞു.ജംഗ്ഷനിലെ കടകളിലെ സ്റ്റോക്ക് മൊത്തം തീർന്നു.
സാമൂഹ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തവരുടെ നിർദേശപ്രകാരം എല്ലാവരു
ടെയും ബൈക്കുകളും കാറുകളും തമ്മിൽ ഭേദം ഉയർന്ന വീടുകളിലേക്ക് പാർക്ക് ചെയ്തു.
വെള്ളം കയറാത്തവർ തങ്ങളുടെ വീടുകളിൽ മറ്റുള്ളവർക്ക് അഭയം നൽകി.കേറാൻ സാധ്യതയുള്ളവർ എമർജൻസി ബാഗൊരുക്കി പറ്റാവുന്ന സാധനങ്ങൾ വീടിന്റെ മുകൾ ഭാഗത്തേക്ക് കയറ്റിയിട്ട് ഒരുങ്ങിയിരുന്നു.
രക്ഷാ പ്രവർത്തകരുടെ അഭാവം മൂലം തോട്ട വീഥിയിൽ കുടുങ്ങി കിടന്നവരെ ആദ്യം വഞ്ചിയിറക്കി രക്ഷിച്ചത് 'പോളുട്ടൻ' എന്നു വിളിക്കുന്ന വേഴപ്പറമ്പിൽ പോൾ ആണ്.അദ്ദേഹം 'നായര് ബാബു' എന്ന്‌ കോട്ടാറ്റിലെ ജനങ്ങൾ സ്നേഹപൂർവം വിളിക്കുന്ന ബാബുവേട്ടനേയും കുടുംബത്തെയും രക്ഷപ്പെടുത്തി.പിന്നീട്
അദ്ദേഹം രക്ഷപ്പെടുത്തിയ ഒട്ടേറെ പേരിൽ രണ്ടു പേർ- തുഴച്ചിലിൽ പ്രഗല്ഭരായ സണ്ണി ചേട്ടനും കൊച്ചു വർക്കി ചേട്ടനും വഞ്ചിയിറക്കി മറ്റുള്ളവരെ രക്ഷിക്കാൻ രാവും പകലും ഊണും ഉറക്കവുമില്ലാതെ തെങ്ങിന്റെ അത്രയും ഉയരത്തിൽ കൂടി വഞ്ചി തുഴഞ്ഞു കൊണ്ടേയിരുന്നു.
അലങ്കാര മൽസ്യ കൃഷി നടത്തിയിരുന്ന കൊച്ചു വർക്കി ചേട്ടന്റെയും ജോണി ചേട്ടന്റെയുമൊക്കെ ലക്ഷകണക്കിന് വിലമതിക്കുന്ന അലങ്കാര മത്സ്യങ്ങൾ പ്രളയത്തിൽ ഒഴുകി നടന്നു.ബാഗ് വർഗീസ് ചേട്ടന്റെ ലക്ഷകണക്കിനുള്ള ബാഗുകൾ മുങ്ങി പോയി.
സ്വന്തം നഷ്ട്ടം മറന്നു കൊണ്ടുള്ള കൊച്ചു വർക്കി ചേട്ടന്റെ രക്ഷാപ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്
.എട്ടോളം വീടുകളിലായി കുടുങ്ങിപ്പോയ അറുപ
തോളം പേരേയും, ഓട്ടുകമ്പനിയിൽ കുടുങ്ങിയ ഇരുപത് ഹിന്ദിക്കാരെയും രക്ഷിച്ച പോളൂട്ടൻ നാടിന്റെ നന്ദി അർഹിക്കുന്നു.
രക്ഷാ പ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ തലങ്ങും വിലങ്ങും പാഞ്ഞെങ്കിലും ജാതികളും വൃക്ഷങ്ങളും കൊണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന വീടുകളെ അവർക്ക് കണ്ടു പിടിക്കാനും അതിൽ ഉള്ളവരെ രക്ഷിക്കാനും ഹെലികോപ്റ്ററിന്റെ പരിമിതികൾ മൂലം സാധിച്ചില്ല.
15ന് വൈകീട്ട് ആയപ്പോഴേക്കും കോട്ടാറ്റ് സ്കൂളിന്റെ ക്ലാസ്സുകൾ 1150 പേരെ കൊണ്ട് നിറഞ്ഞിരുന്നു.
അതിനു പുറമെ സ്കൂളിന്റെ സ്റ്റേജ് ആടുകൾക്കുള്ള രക്ഷാ കേന്ദ്രങ്ങളായി.
പശുക്കളും പോത്തുകളും എരുമകളും സ്റ്റേജിന്റെ ചുറ്റിലുമുള്ള കുടികിടപ്പുകാരായി മാറി.വൈക്കോൽ കൂനകളും പ്ലാവിൻ കൊമ്പുകളും കൂടി നിരന്നപ്പോൾ ആ സ്റ്റേജ് നസ്രത്തിലെ കാലി തൊഴുത്തിനെ ഓർമ്മിപ്പിച്ചു.
കോട്ടാറ്റിന്റെ സഹകരണ ബാങ്കിൽ നിന്നും ഓണകിറ്റ്‌ നൽകാനായി തലേ രാത്രി തന്നെ കനത്ത മഴ വക വെക്കാതെ ബാങ്കിന്റെ പ്രവർത്തകർ സാധനങ്ങൾ കോട്ടാറ്റിലേക്ക് സ്റ്റോർ ചെയ്തതിനാൽ പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ കോട്ടാറ്റിലെ ജനങ്ങൾക്ക്‌ സ്കൂളിൽ ഭക്ഷണം കൃത്യമായി നൽകാൻ കഴിഞ്ഞു എന്നുള്ളത് വലിയൊരു അനുഗ്രഹമായി ഓരോ കോട്ടാറ്റ്കാരനും കരുതുന്നു.
നിലക്കാത്ത മഴയും മൂടി കെട്ടിയ അന്തരീക്ഷവും സമയത്തെ തിരിച്ചറിയാൻ പറ്റാതാക്കി മാറ്റി.
എന്തോ ആപത്ത് വന്നു കൊണ്ടിരിക്കുന്ന ഭീതി കൊച്ചു കുട്ടികളിൽ വരെ പ്രകടമായിരുന്നു.പട്ടികളും പൂച്ചകളും കോഴികളും കാക്കകളുമൊക്കെ പ്രാണ രക്ഷാർത്ഥം എവിടേക്കൊ
ക്കെയോ തിരക്കിട്ടു പാഞ്ഞു കൊണ്ടിരുന്നു.
15 ന് പോയ കറന്റ്‌ ഒരാഴ്ച കഴിഞ്ഞിട്ടാണ് വന്നത്.അതു കൊണ്ടു തന്നെ പലരുടെയും മൊബൈൽ ഫോണുകൾ ചാർജ് തീർന്ന് നിശ്ച്ചലമായതും മൊബൈൽ ടവറുകൾ പണി മുടക്കിയതും കാരണം പല കുടുംബങ്ങൾക്കും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കാഞ്ഞത് വലിയൊരു മനസമാധാന ക്കേടിന്‌ വഴി തെളിച്ചു.
കറന്റില്ല,ടിവിയില്ല മൊബൈലില്ല, നെറ്റില്ല.
പിന്നീട് ഒട്ടേറെ കുടുംബങ്ങളിൽ നിന്നുള്ള പ്രവാസികളാണ് വാട്‌സ്ആപ്പ് കൂട്ടായ്‌മ വഴിയും ഫേസ്‌ബുക്ക് വഴിയും പുറം ലോകത്തെ കാര്യങ്ങൾ കോട്ടാറ്റിലേക്കും കോട്ടാറ്റിലെ കാര്യങ്ങൾ പുറം ലോകത്തേക്കും അറിയിച്ചു കൊണ്ടിരുന്നത്.
16 ന് പ്രളയത്തിന്റെ രണ്ടാം ദിവസം സന്ധ്യ
ആയപ്പോഴേക്കും 300 വീടുകൾ ഉള്ള കോട്ടാറ്റിന്റെ ഏകദേശം 40 വീടുകൾ ഒഴിച്ച് ബാക്കിയെല്ലാം വെള്ളത്തിലായി.
പിന്നെയും നിർത്താതെ പെയ്തു കൊണ്ടിരിക്കുന്ന മഴയും ഡാമുകളിലെ അതിശക്തമായ വെള്ളത്തിന്റെ ഒഴുക്കും മൂലം മുങ്ങാത്ത വീടുകൾ പോലും മുങ്ങുമോ എന്നൊരാധി എല്ലാവരുടെ ഉള്ളിലും പാഞ്ഞു കയറി.
എല്ലാവരുടെയും മുഖത്ത് ഭയത്തിന്റെയും നിരാശയുടെയും നിസ്സഹായതയുടെയും നിഴലുകൾ മാറി മാറി തെളിഞ്ഞു.
കോട്ടാറ്റിലെ ദുരിതാശ്വാസ കേന്ദ്രമായ സ്കൂളിൽ നിന്നും ഓരോരോ വീടുകളിൽ നിന്നും പ്രാർത്ഥനകൾ ഉയർന്നു.
പുരുഷന്മാർ ഇഷ്ടിക വെച്ചും ചോക്ക് കൊണ്ട് വരച്ചു നോക്കിയും വെള്ളത്തിന്റെ കയറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്നു.
വെള്ള പാച്ചിലിൽ വീടുകളിൽ പാമ്പുകൾ കയറി വരാൻ സാധ്യത ഉള്ളത് കൊണ്ടും,
ഏതെങ്കിലും തരത്തിൽ അപകടം സംഭവിച്ചാൽ ആശുപത്രിയിലേക്ക് പോലും പോകാൻ പറ്റാത്തത് കൊണ്ടും എല്ലാ ജനങ്ങളും സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലായി ഒരുമിച്ച് നിന്നു.മൂന്ന് നാല് ഗർഭിണികൾ ഏവരുടെയും നിരീക്ഷണ വലയത്തിലായി.
കിടപ്പു രോഗികളെ സുരക്ഷിതരാക്കി.
രാത്രി രണ്ടു മണി ആയപ്പോഴേക്കും പള്ളി വഴിക്കുള്ള വെള്ളവും പാടം വഴിക്കുള്ള വെള്ളവും റോഡുകളിൽ നിന്നുള്ള വെള്ളവും വന്ന് വഴി ബ്ളോക് ആകുമെന്ന ഭയം കൊണ്ട് കുറെ പേരെ സ്കൂളിന് തൊട്ട് അടുത്തുള്ള സഹകരണ ബാങ്കിലേക്ക് സ്ഥലം മാറ്റി പാർപ്പിച്ചു. എല്ലാവരും ഒരു കട്ടയിൽ നിന്നാൽ ആപത്തു പിണഞ്ഞാൽ പരസ്പരം സഹായിക്കാൻ കഴിയും എന്ന ഒരൊറ്റ വിശ്വാസത്തിൽ എല്ലാ വീട്ടുകാരും ഒത്തുചേർന്നു. പ്രാർത്ഥനയോടെ നല്ലൊരു പുലരിയെ കാത്തിരുന്നു.
രാവിലെ ഏകദേശം ആറുമണി ആയപ്പോൾ ദൈവദൂതനെ പോലെ ആരോ അറിയിച്ചു....
വെള്ളം ഒരടി താഴ്ന്നിട്ടുണ്ടെന്ന്!
അത് പലരുടെയും മനസ്സിലെ തീ കുറച്ചൊന്നു കുറച്ചു.
റോഡുകളിൽ കഴുത്തറ്റം വെള്ളം അതിവേഗം നിറഞ്ഞതിനാൽ രണ്ടു ദിവസത്തോളം വെള്ളമോ ഭക്ഷണമോ ഇല്ലാതെ വീടിന്റെ മുകളിലേക്ക് കയറി ഇരുന്നവർക്ക്‌ വെള്ളവും ഭക്ഷണവും വഞ്ചികളിൽ കൊടുത്തു വിട്ടു.ദുരിതാശ്വാസ കേന്ദ്രത്തിൽ പേരുകൾ രെജിസ്റ്റർ ചെയ്യാത്ത കുടുംബങ്ങളെ തിരഞ്ഞു പിടിച്ച് കണ്ടു പിടിച്ച് പഴയ ഇരുനില വീടിന്റെ ഓടുകൾ പൊളിച്ച്‌ പെരുമഴ വക വെക്കാതെ ഓളത്തിൽ ആടിയുലയുന്ന വഞ്ചിയിൽ കയറ്റി ഒരു തെങ്ങിന്റെ
അത്രം ഉയരത്തിലെ വെള്ളത്തിൽ തുഴക്കാർ ഓരോരുത്തരെയായി ജീവനോടെ എത്തിച്ചപ്പോൾ മാത്രമാണ് കോട്ടാറ്റ്കാരുടെ ശ്വാസം നേരെ വീണത്.
അങ്ങനെ കോട്ടാറ്റ്കാരുടെ ഒത്തൊരുമയിൽ ഒന്നു പോലും പാഴാകാതെ,
പ്രളയത്തിൽ പരീക്ഷിക്കപ്പെട്ട ഓരോ ജീവനും രക്ഷിക്കപ്പെട്ടു.
പ്രളയത്തെ അതിജീവിച്ച്‌ ഒരു ദേശത്തിന് മുഴുവൻ അഭയം നൽകിയ,
നൂറാം വയസ്സിലേക്കു പ്രവേശിക്കുന്ന കോട്ടാറ്റിന്റെ സെന്റ്‌ ആന്റണിസ് സ്കൂൾ മുത്തശ്ശിക്ക് പുതിയ തലമുറയോട് പറയാൻ ഒത്തിരി കാര്യങ്ങളുണ്ട്...
പുഴയുടെ വഴി തടയുന്ന, പാടം നികത്തി വീടുകൾ പണിതു കൂട്ടുന്ന, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കി വിടുന്ന, പ്രകൃതിയെ വൈകൃതപ്പെടുത്തുന്ന നമ്മൾക്ക്‌ ഒരു നിമിഷം കണ്ണുകളടച്ച്‌ ഹൃദയം തുറന്നിരുന്നാൽ അത് കേൾക്കാവുന്നതേ ഉള്ളൂ.
നൂറാം വാർഷികം പ്രമാണിച്ച്‌ ഓഗസ്റ്റ് 26 ന് ഓണത്തിന്റെ പിറ്റേ ദിവസം അവിടെ പൂർവ വിദ്യാർത്ഥി മഹാ സംഗമം നടത്താൻ ഒരുങ്ങി ഇരുന്നതാണ്.
100 കൊല്ലം മുന്പ് 1918 ൽ കരുവനൂർ നിന്ന് കാവുങ്കൽ അന്തോണിയച്ചൻ കൂട്ടി കൊണ്ടുവന്ന ക്ലാരമ്മയും ലൂവിസാമ്മയും പണി തീർത്ത ബംഗ്ലാവും മഠവും സ്കൂളും.കൊല്ലവർഷം "99"ലെ പ്രളയത്തിൽ നാട്ടുകാരുടെ അഭയ കേന്ദ്രമായി മാറിയ ആ പള്ളിക്കൂടം മുത്തശ്ശി തന്നെ ഇന്നും 10 ദിവസത്തോളം 1150 പേർക്ക് അഭയമായി നിലകൊണ്ടു എന്നു പറയുമ്പോൾ നമ്മൾ
പഠിക്കേണ്ട പാഠം എന്താണ് ? ഏതുകാലത്തും ഗതാഗത യോഗ്യമായ സ്ഥലങ്ങളും പ്രകൃതിക്ക് തടസ്സം വരാത്ത ഇടങ്ങളും നോക്കി ഏതൊരു കെട്ടിടവും നിർമ്മിക്കുന്ന പഴമക്കാരുടെ ദീർഘ വീക്ഷണം തന്നെ! അല്ലാണ്ടെന്താ അല്ലേ?

By: Lipi Jestin

അങ്കിൾ.



സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയ കൺഫ്യൂഷനിൽ ആയിരുന്നു.
അയ്ഷ തൊട്ടടുത്തു ഇരിക്കുന്നത് പോലും അവൾ മറന്നു പോയി.
ഓരോരുത്തരായി ഇറങ്ങി കൊണ്ടിരുന്നു. അവരുടെ സംസാരമൊന്നും അവൾ കേൾക്കുന്നുണ്ടോ എന്ന് സംശയമാണ്.
ഇനി അവർ രണ്ടു പേരും മാത്രം ബാക്കിയുള്ളു.
ഇറങ്ങുന്നില്ലേ ?.
സിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത്.
ഇത് വരെയേ സ്കൂൾ ബസ് ഉള്ളൂ.
ഇനി ഇവിടുന്നങ്ങോട്ട് നടക്കണം.
അയ്ഷയുടെ വീട് കഴിഞ്ഞു പോവുമ്പോൾ അലീനക്ക് എന്തോ ഒരു വല്ലായ്മ തോന്നി.
അയ്ഷയുടെ വീട് കഴിഞ്ഞു മൂന്നാമത്തെ വീടാണ് അലീനയുടെ റോസ് വില്ല.
അയ്ഷയും അലീനയും ടൌണിലെ പേര് കേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു.
ഒന്ന് മുതൽ അവർ ഒരുമിച്ചാണ്.
ഇപ്പൊ മൂന്നാം ക്ലാസ്സിൽ എത്തി നിൽക്കുന്നു.
ആയിഷുവിന്റെ ഉപ്പ ഡോക്ടർ ആണ്. ഉമ്മ ഹൌസ് വൈഫ്‌.
അലീനയുടെ പപ്പാ ലിജോ മാത്യു ആർമിയിലായിരുന്നു. കമാൻഡോ.
ഇപ്പൊ റിട്ടയർ ആയി ടൌണിൽ സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു. കേരളമാകെ പത്ത് പതിനായിരം സ്റ്റാഫ്‌ ഉണ്ട്.
മമ്മ ജീന ടീച്ചർ ആണ്.
മമ്മ വരാൻ ഇനിയും ടൈം എടുക്കും.
നടക്കുമ്പോൾ അലീന മെല്ലെ പാളി നോക്കി.
തൊട്ടടുത്ത വീട്ടിലെ ജോയ് അങ്കിൾ വന്നിട്ടില്ല.
കാർ ഇല്ല. പക്ഷെ ആന്റിയുടെ സ്കൂട്ടർ കിടക്കുന്നുണ്ട്.
ആന്റി നേരത്തെ വന്നു കാണും.
അവളുടെ മനസ്സിൽ നേരിയ ഒരു തണുപ്പ് വീണു.
ആന്റിയെ അവൾക്കു ഇഷ്ടമില്ല.
അവർക്കു മക്കളില്ല.
ജോയിയെ ആണ് അലീനക്കിഷ്ടം.
അങ്കിൾ ആണ് ആദ്യം വരാറ്.
പിന്നെ നല്ല രസമാണ്.
മമ്മ വരുന്നത് വരെ ജോയ് അവളുടെ കൂടെ കളിച്ചു രസിക്കും.
അയാൾക്ക് ഒരു പാട് കളികൾ അറിയാം.
അറബി കഥകളും പഞ്ചതന്ത്ര കഥകളും ബൈബിൾ കഥകളും പിന്നെ ഒരു പാട് നാടോടി കഥകളും.
അയാൾ എപ്പോഴും അലീനക്ക് ചോക്ലേറ്റ് കൊടുക്കും.
എന്റെ മോളാണെന്നു എപ്പോഴും ചെവിയിൽ പറയും.
അങ്കിൾ നല്ല ക്ലീൻ ഷേവ് ആണ്.
ഉമ്മ വെക്കുമ്പോൾ പപ്പയുടെ പോലെ മീശ കുത്തില്ല.
ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയാണെന്നാണ് അങ്കിളിന്റെ ഭാവം. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മുതിർന്ന പെൺ കുട്ടിയാണെന്ന് അങ്കിൾ സമ്മതിച്ചു തരില്ല.
എത്ര വലുതായാലും നീ എനിക്ക് കൊച്ചു കുട്ടിയാണെന്ന് എപ്പോഴും പറയും.
അങ്കിളിനെ എപ്പോഴും പുഞ്ചിരിച്ചേ കാണാൻ കഴിയൂ.
പപ്പയെ പോലെ സിഗരറ്റ് മണക്കില്ല.
അങ്കിൾ കെട്ടിപിടിച്ചു ഉമ്മ വെക്കുമ്പോൾ നല്ല ചോക്കലേറ്റിന്റെ മണമാണ്.
ഉമ്മ വെക്കുന്നത് അലീനക്ക് ഇഷ്ടമില്ല.
പ്രത്യേകിച്ച് ചുണ്ടിൽ.
പക്ഷെ അങ്കിൾ പിണങ്ങും.
അയ്ഷ എപ്പോഴും പറയും. നമ്മളൊക്കെ വല്യ കുട്ടികളാണ്. ആരെയും തൊടാൻ സമ്മതിക്കരുത് എന്നൊക്കെ.
പക്ഷെ അവൾ ഒരു പൊട്ടി പെണ്ണാണ്.
ഒരു പൊട്ടി പെണ്ണിന് അങ്കിളിന്റത്ര വിവരമുണ്ടാവുമോ.
അങ്കിളിന്റെ കഥകൾ കേൾക്കാൻ അലീനക്ക് ഇഷ്ടമാണ്.
മടിയിലിരുത്തി മാത്രമേ അങ്കിൾ കഥ പറയൂ. അത് മാത്രമാണ് അവൾക്കു ഇഷ്ടമില്ലാത്തത്.
കഥ പറയുമ്പോൾ അങ്കിൾ ദേഹം മൊത്തം തടവും.
അങ്കിളിനൊന്നും ഒരു നാണവുമില്ല.
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മുതിർന്ന കുട്ടിയല്ലേ ഞാൻ. ക്‌ളാസ്സിലെ ഏറ്റവും വലിയ കുട്ടിയാണ് ഞാൻ.
അപ്പൊ എന്റെ ദേഹത്തൊക്കെ തടവാമോ?
ഇതൊക്കെ അച്ചന്മാർ ചെയ്യേണ്ടതാണെത്രെ. അങ്കിൾ പറയും.
പെൺകുട്ടികളുടെ ദേഹത്ത് സാത്താൻ കയറുമത്രേ ഇങ്ങനെ തടവിയില്ലെങ്കിൽ.
അങ്കിളിനു മാത്രമേ അലീനയോടു സ്നേഹമുള്ളു.
അല്ലേൽ പപ്പ ചെയ്യേണ്ടതാണ് ഇതെല്ലാം. ഒറ്റ മോളല്ലേ.
സാത്താൻ കയറി നശിച്ചോട്ടെ എന്ന് കരുതിയിട്ടല്ലേ. അതാ പപ്പക്ക് അലീനയോടു ഒട്ടും സ്നേഹമില്ല.
ആരോടും പറയരുതെന്ന് അങ്കിൾ പറഞ്ഞിട്ടുണ്ട്. പറഞ്ഞാൽ സാത്താൻ മമ്മയുടെ ദേഹത്ത് കയറുമത്രേ. അത് അലീനക്ക് മാത്രം ഇഷ്ടമില്ല.
സാത്താൻ വേണേൽ പപ്പയുടെ ദേഹത്ത് കേറിക്കോട്ടെ.
എന്നാലും മമ്മയെ തൊട്ടുള്ള കളി വേണ്ട.
അവൾക്കു പപ്പയെ മാത്രമേ ഇഷ്ടമില്ലാത്തതുള്ളു. മമ്മയെ ഇഷ്ടമാണ്.
മമ്മക്ക് നല്ല ജ്യൂസ്‌ ഒക്കെ ഉണ്ടാക്കാൻ അറിയാം.
ഈ മമ്മക്ക് അങ്കിളിനെ കെട്ടിയാൽ മതിയായിരുന്നു. അപ്പൊ എന്ത് രസമായിരിക്കും.
പപ്പക്ക് കഥകൾ ഒന്നും അറിയില്ല.
പിന്നെ ഒരത്ഭുതമുണ്ട്.
അങ്കിളിനു മന്ത്രവാദവും അറിയാം. മടിയിലിരുത്തി ദേഹത്ത് തടവി മന്ത്രം ചെല്ലുമ്പോൾ സാത്താൻ ഓടുന്നത് എങ്ങോട്ടെന്നറിയാമോ?
അങ്കിളിന്റെ മടിയിലേക്കു. എന്നിട്ട് മന്ത്രം ഇങ്ങനെ കൂടി കൂടി വരുമ്പോൾ സാത്താൻ ഇങ്ങനെ പിടഞ്ഞു പിടഞ്ഞു ചന്തിയിൽ ഒരു കുത്തുണ്ട്.
പുറത്തു പോവാൻ സമ്മതിക്കരുതെന്നു അങ്കിൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ചന്തി കൊണ്ട് അമർത്തി പിടിക്കണം പോലും.
പോയാൽ അത് മമ്മയുടെ ദേഹത്ത് കയറുമത്രേ.
ഇതൊക്കെ പപ്പക്കറിയാമോ?
അത് കൊണ്ട് അലീനക്ക് പപ്പയെ ഇഷ്ടമില്ല.
അത് മാത്രമല്ല.
പപ്പാ എപ്പോഴും ടി ഷർട്ട്‌ മാത്രമേ ധരിക്കൂ. കുറ്റി മുടിയും കുററി താടിയും. പിന്നെ സിനിമയിലെ വില്ലന്മാരെ പോലെ ആറടി ഉയരവും കട്ടി മീശയും കൂളിംഗ് ഗ്ലാസും മസിലും.
ബുള്ളറ്റിൽ മാത്രമേ ജോലിക്ക് പോവൂ.
കാർ ഉണ്ടേലും എടുക്കൂല.
അങ്കിൾ അങ്ങനല്ല.
അങ്കിൾ മടിയിലിരുത്തി കാർ ഓടിക്കുന്നത് പഠിപ്പിച്ചു തരും.
അങ്കിൾ വയറിലും നെഞ്ചിലുമൊക്കെ ഇക്കിളിയിടും. ഈ അങ്കിളിനു വണ്ടിയോടിക്കുമ്പോൾ ഒരു പേടിയുമില്ല.
ബുള്ളറ്റ് അലീനക്ക് ഇഷ്ടമില്ല. കാരണം അത് വില്ലന്മാരുടെ വണ്ടിയാണ്.
പപ്പാ രാത്രിയെ വരൂ. അപ്പോൾ അവൾ ഉറങ്ങിയത് പോലെ കിടക്കും.
അയാൾ വന്നു അവളുടെ മുടിയിൽ തടവി നെറ്റിയിൽ ഉമ്മ വെച്ചു തിരിച്ചു പോവും. മാൾബറോ സിഗരറ്റിന്റെ മണം രാവിലെ വരെ റൂമിൽ തങ്ങി നിൽക്കും.
പപ്പയുടെ മുഖത്ത് ഒരു മുറിവിന്റെ പാടുണ്ട്. പണ്ട് ആർമിയിൽ ജോലി ചെയ്യുമ്പോൾ പറ്റിയതാണ്.
പിന്നെ പപ്പക്ക് ഒരു ദുസ്വഭാവം ഉണ്ട്.
രാവിലെ നേരത്തെ എണീൽക്കും. ജോഗിംഗിന് പോവാൻ. അത് പ്രശ്നമില്ല. അപ്പൊ അലീനയെയും എണീൽപിക്കും. പക്ഷെ ഇന്നു വരെ അവൾ ജോഗിംഗിന് പോയിട്ടില്ല.
പപ്പക്ക് പോയാൽ പോരെ. അലീന കൊച്ചല്ലേ. ഇങ്ങനെ മഴയത്തു ഒക്കെ ഓടിക്കാമോ.
ഇതൊക്കെ കൊണ്ടാണ് അവൾ ഇത് വരെ പപ്പയെ സ്കൂളിൽ കൊണ്ട് പോവാത്തത്.
അലീനക്ക് പപ്പയില്ലേ എന്ന് വരെ സന്ധ്യ മാഡം ചോദിച്ചിട്ടുണ്ട്. ഇനി അടുത്ത തവണ അങ്കിളിനെ കൊണ്ട് പോണം.
ഇത് വരെ അങ്കിൾ വന്നിട്ടില്ല.
ഇന്നു പിടക്കുന്ന സാത്താനെ കൊല്ലണം എന്ന് അങ്കിൾ പറഞ്ഞിട്ടുണ്ട്.
സാത്താൻ അങ്കിളിന്റെ മടിയിൽ നിന്നു പോവുന്നില്ലത്രേ.
സാത്താൻ പണ്ട് ഒരു രാജകുമാരൻ ആയിരുന്നു. ഏതോ മുനി ശപിച്ചു സാത്താൻ ആയതാണത്രേ.
പാവം രാജകുമാരൻ.
രാജകുമാരനു തിരിച്ചു പോവണമെങ്കിൽ സാത്താനെ കൊന്നു രക്തം കുടിയേറിയ കുട്ടിയുടെ ദേഹത്ത് ഒഴിക്കണമത്രേ.
അതും മന്ത്രം ചൊല്ലി തന്നെ. അതിനു അലീനയോടു ആന്റി വിരുന്നു പോവുന്ന ദിവസം വന്നാൽ മതിയെന്ന് അങ്കിൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
രക്തം എടുക്കാൻ അലീന കുളിച്ചു ഡ്രസ്സ്‌ ഉടുക്കാതെ അങ്കിളിന്റെ മടിയിലിരുന്ന് ചന്തി കൊണ്ട് ഞെരിച്ചു കൊന്നു എടുക്കണമെത്രെ.
രക്തം വാർന്നാൽ സാത്താൻ ചുരുങ്ങി ചുരുങ്ങി പോവും.
സാത്താന്റെ രക്തത്തിനു വെളുത്ത നിറമാണത്രെ.
വെളുത്ത നിറം മാറി ചുവപ്പ് നിറമാകുന്നതു വരെ ഇത് ആവർത്തിക്കണം പോലും.
അങ്കിൾ ഉള്ളത് കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ മമ്മയുടെ ദേഹത്തേക്ക് സാത്താൻ കയറി കൂടും .
മുതിർന്ന സ്ത്രീകളെ സാത്താൻ കഴുത്തു ഞെക്കി കൊല്ലും.
ഇത് വല്ലതും പപ്പക്കറിയാമോ?
അയ്ഷയുടെ ദേഹത്തും സാത്താൻ ഉണ്ടത്രേ.
അലീനയുടെ സാത്താനെയും കൊന്നു തരാമെന്നു അങ്കിൾ സമ്മതിച്ചിട്ടുണ്ട്.
അവളോട്‌ പറയാൻ പറ്റില്ലത്രേ. പറഞ്ഞാൽ അവളുടെ സാത്താനും അലീനയുടെ മമ്മയുടെ ദേഹത്ത് കയറും.
ഈ സാത്താന്മാർക്കെല്ലാം കയറാൻ അലീനയുടെ മമ്മയെ മാത്രമേ കിട്ടിയുള്ളൂ.
അയ്ഷയുടെ സാത്താന് അവളുടെ ഉമ്മയുടെ ദേഹത്ത് കയറിക്കൂടെ ?
രാത്രി അലീനക്ക് ഉറക്കം വന്നതേയില്ല.
നേരിയ മയക്കത്തിൽ അവൾ ഒരു പേക്കിനാവ് കണ്ടു.
സാത്താൻ അവളെ കൊല്ലാൻ വരുകയാണ്. സാത്താൻ അടുത്തേക്ക് വരുമ്പോൾ ചോക്കലേറ്റിന്റെ മണം പരന്നൊഴുകി.
അരണ്ട വെളിച്ചത്തിൽ സാത്താന് അങ്കിളിന്റെ മുഖമായിരുന്നു.
കോമ്പല്ലുകൾ അവളുടെ കഴുത്തിൽ അമർന്നു.
പെട്ടെന്ന് ഞെട്ടി ഉണർന്നു അവൾ കഴുത്തു തടവി.
പിന്നെ അവൾക്കു ഉറങ്ങാനേ കഴിഞ്ഞില്ല.
സിന്ധു മാം ആണ് അലീനയുടെ ക്ലാസ്സ്‌ ടീച്ചർ.
ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് അലീന. അത് കൊണ്ട് തന്നെ അവളുടെ ഒരു നേരിയ ഭാവ മാറ്റം പോലും ടീച്ചർ ശ്രദ്ധിക്കാറുണ്ട്.
ടീച്ചറുടെ ചോദ്യങ്ങൾക്കൊന്നും അവളുടെ കയ്യിൽ ഉത്തരമില്ലായിരുന്നു.
ലഞ്ച് ബ്രേക്കിന് അലീനയെ തേടി ടീച്ചറുടെ കൂടെ സെലിൻ മാഡവും വന്നു.
സെലിൻ വളരെ നന്നായി കുട്ടികളെ കൈ കാര്യം ചെയ്യും. എറണാകുളം ജില്ലയിലെ ഒട്ടു മിക്ക സ്കൂളിലും കൗൺസിലിങ് കൊടുക്കുന്നത് അവരാണ്.
സെലിന്റെ വാക്കുകൾക്ക് മുന്നിൽ അറിയാതെ അലീന മനസ് തുറന്നു.
സെലിൻ അമ്പരന്നു പോയിരുന്നു.
അന്ന് ഉച്ചയ്ക്ക് ശേഷം അലീനക്ക് ക്ലാസ്സിൽ കയറേണ്ടി വന്നില്ല. രണ്ടു മണിക്കൂറിനുള്ളിൽ അലീനയുടെ സകല സംശയങ്ങളും അവർ മാറ്റി കൊടുത്തു.
അങ്കിൾ അല്ല ആരെയും ദേഹത്ത് തൊടാൻ സമ്മതിക്കരുതെന്നു അവൾ പഠിച്ചു കഴിഞ്ഞു.
അരുത് എന്ന് പറയാനുള്ള ആർജ്ജവമാണ് ഒരു പെൺകുട്ടിയുടെ സൗന്ദര്യം എന്ന് അവൾ തിരിച്ചറിഞ്ഞു.
പോലീസിൽ അറിയിക്കണ്ടേ ?
യെസ്. ബട്ട്‌ അതിനു മുൻപേ അവളുടെ പേരെന്റ്സിനെ അറിയിക്കണ്ടേ?
വിവരമറിഞ്ഞപ്പോൾ മമ്മ തളർന്നു പോയി.
ഫോൺ വന്നപ്പോൾ തന്നെ അവർ ഓടി വന്നു.
പേടിക്കണ്ട. ഇപ്പോ ഒന്നും സംഭവിച്ചിട്ടില്ല.ബട്ട്‌ സൂക്ഷിക്കണം.
കംപ്ലൈന്റ്റ്‌ കൊടുക്കണം.
സെലിൻ അലീനയുടെ കൈ പിടിച്ചു.
അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മമ്മ അവളെ ചേർത്തു പിടിച്ചു.
അലീനയുടെ പപ്പയോടു എങ്ങനെ പറയുമെന്നായിരുന്നു മമ്മയുടെ ശങ്ക.
സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ലെന്നേയുള്ളു. ആളുടെ മനസ്സിൽ നിറയെ സ്നേഹമാണ്.
മുഖത്ത് ഗൗരവം ആണെങ്കിലും കുട്ടികളുടെ മനസ്സ് ആണ്. അത് നല്ല വണ്ണം മമ്മക്കറിയാം.
രാത്രി ഒരു പാട് വൈകിയാണ് ലിജോ വന്നത്.
അലീന ഉറങ്ങിയിരുന്നു.
കോൺസിലിങ്ങോടെ അവളുടെ സമാധാനം തിരിച്ചു കിട്ടി. ഇപ്പൊ ഉറക്കമില്ലാതായത് മമ്മക്കാണ്.
ആരെ വിശ്വസിക്കും എന്ന് മനസ്സിലാക്കാൻ കഴിയാത്തിടത്തോളം ഒരമ്മയുടെ മനസ്സ് വേദനിച്ചു കൊണ്ടേ ഇരിക്കും.
ലിജോയുടെ മുഖത്തേക്ക് നോക്കാൻ ജീനക്ക് കഴിഞ്ഞില്ല.
അവൾക്കു കരച്ചിൽ വന്നു തുടങ്ങിയിരുന്നു.
ലിജോയുടെ മാറിൽ മുഖം ചേർത്തു അവൾ പൊട്ടി കരഞ്ഞു.
കരയണ്ട. ആ പട്ടി ഇനി വരില്ല.
നടുക്കത്തോടെ ജീന മുഖമുയർത്തി.
ടീച്ചർ എന്നെയും വിളിച്ചിരുന്നു. കൂടുതൽ ഒന്നും ചോദിക്കരുത്.
ജീന കണ്ണ് തുടച്ചു.
അവൾക്കറിയാം ലിജോയെ.
ഒരിക്കൽ ഡൽഹിയിൽ കമാൻഡോ ആയി ജോലി ചെയ്യുമ്പോൾ പത്തു പന്ത്രണ്ടു അക്രമികളെ ഒറ്റയ്ക്ക് നേരിട്ട ആളാണ്. ഭയം എന്ന വാക്ക് ലിജോക്കറിയില്ല.
ലിജോ അലീനയുടെ റൂമിൽ ചെന്നപ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു.
ഉറക്കത്തിൽ അവൾ പപ്പയെ സ്വപ്നം കാണുകയായിരുന്നു. ജീവിതത്തിൽ ആദ്യമായി അവൾ പപ്പയെ സ്നേഹത്തോടെ ചുംബിച്ചു.
ലവ് യൂ പപ്പാ.
ലവ് യൂ ടൂ ഡിയർ.
അലീന ഉറക്കമുണർന്നപ്പോൾ ചുറ്റും സിഗററ്റിന്റ മണം ഉണ്ടായിരുന്നു.
പപ്പാ എപ്പോഴാ വന്നു പോയതെന്ന് അവൾക്കു മനസ്സിലായില്ല.
പുറത്തു വന്നപ്പോൾ പപ്പാ ജോഗിംഗിന് പോവാൻ റെഡി ആയിരുന്നു.
ആദ്യമായി അവൾക്കു പപ്പയുടെ കൂടെ ഓടണമെന്നു തോന്നി.
രാവിലത്തെ തണുത്ത കാറ്റിന് പുതു മഴയുടെ ഗന്ധമായിരുന്നു. രാത്രി എപ്പോഴോ പെയ്ത മഴയിൽ ഭൂമി നനഞ്ഞു കുതിർന്നു കിടന്നു.
അലീന അമ്പരപ്പോടെ പപ്പയെ കാണുകയായിരുന്നു. എത്ര ആൾക്കാരാണ് പപ്പയെ വിഷ് ചെയ്യുന്നത്.
ചെറുപ്പക്കാരെല്ലാം പപ്പയുടെ ബോഡി അസൂയയോടെ നോക്കുന്നു.
തിരിച്ചു വരുമ്പോൾ അങ്കിളിന്റെ ഗേറ്റിനു മുൻപിൽ പപ്പാ നിന്നു.
മോളറിഞ്ഞോ അങ്കിളിനെ ഇന്നലെ ഹോസ്‌പിറ്റലൈസ്‌ ചെയ്തു. ആരോ അടിച്ചു പഞ്ചറാക്കിയതാ.
അലീന ഒന്നും മിണ്ടിയില്ല. അവൾ അച്ഛനോട് ചേർന്നു നടന്നു.
ഒരാഴ്ച കഴിഞ്ഞു രാത്രി
പന്ത്രണ്ടു മണിക്ക് അയാൾ വരുമ്പോൾ അലീന ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു.
പപ്പയില്ലാതെ അവൾക്കു ചോറ് ഇറങ്ങാതായിരിക്കുന്നു.
ഇപ്പൊ പപ്പയും മോളും ഒന്നായി. ഞാൻ പുറത്തും.
ജീന കളി പറയും.
അലീന ചിരിക്കും.
രാവിലെ ഒരുമിച്ചാണ് ബ്രേക്ഫാസ്റ്.
ഇന്നു പപ്പ സ്കൂളിൽ വരണം.
എന്തിനാ
ഇന്നാണ് പേരെന്റ്സ് മീറ്റിംഗ്
അതിനു സ്കൂളിൽ മമ്മയല്ലേ പതിവ്
വേണ്ട. നാളെ പപ്പാ വന്നാൽ മതി.
നിർബന്ധിച്ചു വിളിച്ചാൽ നോക്കാം. അയാൾ ചിരിച്ചു.
പപ്പാ വരണം. പിന്നെ ബുള്ളറ്റിൽ വന്നാൽ മതി.
ഓക്കേ.
പിറ്റേന്ന് ഉച്ചക്ക് മീറ്റിംഗ് തുടങ്ങാൻ നേരം ലിജോ വന്നില്ല.
അലീന. വെർ ഈസ് യുവർ മോം.
ഓൺ ദി വേ മാഡം.
രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ പുറത്തു ബുള്ളറ്റിന്റെ ശബ്ദം അവൾ കേട്ടു.
വുഡ്ലാൻഡ് ലെതർ ഷൂസും ബ്ലൂ ജീൻസും റെഡ് ഡെനിം ടി ഷർട്ടും കൂളിംഗ് ഗ്ലാസും വെച്ചു ആറടി പൊക്കത്തിൽ ഉറച്ച കാലടികളോടെ ലിജോ കയറി വന്നപ്പോൾ ആണുങ്ങൾ അസൂയയോടെയും പെണ്ണുങ്ങൾ ആരാധനയോടെയും നോക്കി നിന്നു.
ക്ലാസ്സിലെ കുട്ടികൾ അത്ഭുതത്തോടെ അയാളെ നോക്കി.
അവരുടെ മനസ്സിലെ ഹീറോയുടെ അതെ രൂപമായിരുന്നു അയാൾക്ക്.
യുവർ ഡാഡി ഈസ് വെരി ഹാൻഡ്‌സം ലൈക്‌ ബോളിവുഡ് സ്റ്റാർസ്.
മീറ്റിംഗ് കഴിഞ്ഞു പോവാൻ നേരം സന്ധ്യ മാഡം അലീനയുടെ ചെവിയിൽ പറഞ്ഞു.
വൈകിട്ട് പപ്പയുടെ പിറകിൽ ചേർന്നിരുന്നു ബുള്ളറ്റിൽ ടൗണിലൂടെ പറക്കുമ്പോൾ അവൾ അറിയാതെ
കരച്ചിൽ വന്നു.
അന്ന് രാത്രി അവൾ ഒരു സ്വപ്നം കണ്ടു.
സാത്താൻ അവളുടെ പിന്നാലെ ഓടി വരുന്നു.
ഒന്നായി രണ്ടായി നൂറായ് ആയിരമായി അത് ഇങ്ങനെ കൂടി കൊണ്ടിരുന്നു.
പെട്ടെന്ന് പടച്ചട്ട ധരിച്ച ഒരു യോദ്ധാവ് കുതിര പുറത്തു പാഞ്ഞു വന്നു അവളെ പൊക്കി എടുത്തു കുതിച്ചു പാഞ്ഞു.
ആദ്യം വന്ന സാത്താന് അങ്കിളിന്റെ മുഖമായിരുന്നു.
ഒറ്റയടിക്ക് യോദ്ധാവ് അവന്റെ കഥ കഴിച്ചു.
അതോടെ ബാക്കി സാത്താന്മാർ ഭയന്നോടി.
അലീന യോദ്ധാവിനോട് ചേർന്നിരുന്നു.
അയാൾക്ക് മൽബൊറോ സിഗെരെറ്റിന്റെ ഗന്ധമായിരുന്നു.
രാവിലെ
പപ്പയുടെ കൂടെ നടക്കുമ്പോൾ അവൾ ചുറ്റിനും നോക്കി.
ഒരൊറ്റ സാത്താനെ പോലും കണ്ടില്ല.
അവൾ പപ്പയുടെ കയ്യിൽ അമർത്തി പിടിച്ചു.
ലവ് യൂ പപ്പാ.
അവളുടെ കുഞ്ഞു കണ്ണുകളിൽ ആയിരം നക്ഷത്രങ്ങൾ ഉദിച്ചു നിന്നു.
നേർത്ത മഞ്ഞു തുള്ളികൾ അവളുടെ മുഖത്ത് കുളിര് കോരിയിട്ടു.
വിണ്ണിലും മണ്ണിലും സ്നേഹവും സമാധാനവും വന്നു നിറഞ്ഞു.
ആ പപ്പയുടെ മനസ്സിലും........
ശുഭം....
ഹക്കീം മൊറയൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo