നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഷെസക്കുട്ടി


*************
"ഫോൻ.. ഫോൻ".. എന്ന് പറഞ്ഞ് രണ്ടു വയസ്സ്കാരി ഷെസ മോൾ ചീറിക്കരഞ്ഞു.. കാൾ വന്നപ്പോൾ അവൾ കൊണ്ടുപോയി കൊടുത്ത മൊബൈൽ തിരിച്ച് കിട്ടാനാണ് അവളുടെ പ്രതിഷേധം. വല്ലുമ്മ ഫോണുമായി ഓടി വന്നു.. അവൾക്കറിയാം തന്റെ ഈ കരച്ചിലിൽ എന്തും നേടാമെന്ന്.. "എന്റെ മോളെ നീ ഇതെന്ത് ഭാവിച്ചാ? വെറുതെ കരഞ്ഞു് പനി വരുത്തുമല്ലൊ.. നിനക്ക് എവിടന്ന് കിട്ടി ഈ വാശി "? അവൾ കള്ള ചിരിയോടെ വല്ലുമ്മയെ ഒന്ന് നോക്കിയ ശേഷം യുട്യൂബിലെ കാർട്ടൂണിലേക്ക് ശ്രദ്ധ തിരിച്ചു..
"മോള് വായോ, നമുക്ക് ദേ സിറ്റൗട്ടിൽ പോയിരുന്ന് കാറും ബസ്സുമൊക്കെ കാണാം ".. അവർ പതുക്കെ ഫോൺ വാങ്ങാൻ ഒരു ശ്രമം നടത്തി.. അവൾ വീണ്ടും ഒരു കൃത്രിമ കരച്ചിൽ വരുത്തി.. അതോടെ പിറുപിറുത്ത് കൊണ്ട് വല്ലുമ്മ കിച്ചണിലേക്ക് പോയി.. ഇപ്പോഴത്തെ മക്കളുടെ ഓരോ ശീലങ്ങൾ.. നാലെണ്ണത്തിനെ വളർത്തി എടുക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.. ഇപ്പൊ ഒരെണ്ണം മതി.. പത്തെണ്ണത്തിന് തുല്യം.. താൻ ദേഷ്യം പ്രകടിപ്പിച്ചിട്ടോ എന്തോ തന്റെ പിറകെ ഉമ്മീ എന്നും വിളിച്ച് കരഞ്ഞു് അവളും പിന്നാലെ വന്നു.. ഉമ്മി ഇപ്പൊ വരും ട്ടൊ.. രാവിലെ ലാപ് ടോപ്പിൽ കാർട്ടൂൺ ഇട്ട് കൊടുത്താണ് എന്നും അവളെ ഒളിച്ച് ഉമ്മി ക്ലിനിക്കിൽ പോകുന്നത്.. വൈകുന്നേരം ആറു് മണിയാകും തിരിച്ചെത്താൻ.. അതിനിടക്ക് ഓർമ വരുമ്പോളൊക്കെ റൂമുകളിലും ബാത്റൂമിലുമൊക്കെ ഉമ്മിയെ തിരഞ്ഞു് നടക്കും. ഉമ്മി വരുന്നത് വരെ വല്ലുമ്മയെ അവൾ വട്ടം കറക്കും.. മാമ ഉണ്ടെങ്കിൽ അവൻ മതി.. പിന്നെ മുഴുസമയവും അവന്റെ പിന്നാലെ ആയിരിക്കും.. പുറത്ത് പോകാൻ അനുവദിക്കില്ല.. ഭക്ഷണം കൊടുക്കാൻ എടുത്താൽ ഉടൻ ഡിമാന്റ്. ഫോൻ.. ഫോൻ .. മൊബൈലിന് ഫോൻ എന്നേ പറയൂ.. മോളും മരുമോനും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ് മൊബൈൽ കൊടുക്കരുതെന്ന്.. പക്ഷെ ഉച്ചത്തിലുള്ള കരച്ചിൽ കൊണ്ട് അവൾ എല്ലാം നേടും.. കുറെ കരഞ്ഞു് കഴിയുമ്പോൾ ഏന്തി ഏന്തി അസുഖം വരുത്തി വെക്കുമെന്നോർത്ത് വേഗം ഫോൺ കൊടുക്കും..
ഉമ്മീ ടടുത്ത് അവളുടെ വാശി നടക്കില്ല.. നല്ല അടി കിട്ടും..
കുറെ നേരം കാർട്ടൂൺ കണ്ടപ്പോൾ അവൾക്ക് മടുത്തു.. ടോയ് സൊക്കെ പഴയതായി.. കുറെയൊക്കെ എറിഞ്ഞുടച്ചു.. അവൾ മുറിയിൽ നാലുപാടും നോക്കി.. പെട്ടെന്നാണവൾക്കത് ഓർമ വന്നത്.. ഇന്നലെ തന്റെ കരച്ചിൽ നിർത്താൻ കബോർഡിൽ നിന്ന് വല്ലുമ്മ ചോക് ലേറ്റ് തന്ന കാര്യം.. ഇനിയും അത് കബോർഡിൽ കാണും.. അവൾ പതുക്കെ കട്ടിലിൽ നിന്നിറങ്ങി കിച്ചണിലേക്ക് ചെന്നു..വല്ലുമ്മ ജോലി തിരക്കിലാണ്.. അവൾ ചെന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.. അവർക്ക് സന്തോഷമായി.. എന്റെ ചെസക്കുട്ടി ഇന്ന് നല്ല കുട്ടിയാണല്ലൊ.. അവൾ കുറച്ച് അവിടെ ചുറ്റിപ്പറ്റി നിന്നു.. പിന്നെ കൈപിടിച്ച് വലിച്ച് വല്ലുമ്മയെ റൂമിലേക്ക് കൊണ്ടുവന്നു.. അവൾ കബോർഡിലേക്ക് ചൂണ്ടി പറഞ്ഞു. " ഠായി, ഠായി " "അമ്പടി കളളീ ഇതിനാ നീ ഉമ്മ തന്ന് സോപ്പിട്ടത് ". അവൾ കുഞ്ഞി പല്ലു കാട്ടി കൊഞ്ചിചിരിച്ചു. "നമുക്കെയ് ചോറ് തിന്നിട്ട് മിഠായി തിന്നാട്ടൊ. അവർ അവളെയും കൂട്ടി പുറത്തേക്കിറങ്ങാൻ നോക്കി..
അതോടെ അവൾ അടവ് പുറത്തെടുത്തു ..
"ഠായി " എന്നും പറഞ്ഞു് ഒരൊറ്റ കരച്ചിലായിരുന്നു.. അവൾ താഴെ ഇരുന്ന് ഉച്ചത്തിൽ കരഞ്ഞു് കൊണ്ട്‌ കബോർഡ് തുറക്കുന്ന വല്ലുമ്മ യെ ഒളികണ്ണിട്ട് നോക്കി.. "ഓ കരയണ്ട ഞാൻ തരാം. ഈ കള്ള കരച്ചിലൊക്കെ നീ എവിടെയാ വെച്ചേക്കുന്നെ"? മിഠായി കിട്ടിയതോടെ കരച്ചിൽ മാറി ചിരി വന്നു.. അവൾ തള്ളവിരൽ ഉയർത്തി വല്ലുമ്മാക്ക് ഒരു ലൈക്ക് കൊടുത്തു. അവർ അവളെ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.
ബഷീർ വാണിയക്കാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot