Slider

ഒരു കുഞ്ഞുനക്ഷത്രം (കഥ)

0

വളരെ വൈകിയാണ് അന്ന് വിഷ്ണു ഉറക്കമുണർന്നത്. അച്ചൻ തലേന്ന് തല്ലിത്തകർത്ത ചോറുകലവും മറ്റ് അടുക്കള സാധനങ്ങളും അപ്പോഴും അവിടവിടെ ചിതറി കിടക്കുന്നുണ്ട്. ഏതാണ്ട് ഒത്ത നടുവിലായി അച്ഛനും ബോധമില്ലാതങ്ങനെ കിടക്കുന്നു.
ചരക്ക്ലോറിയിലെ ഡ്രൈവറാണ് അച്ഛൻ.ചരക്കുകൾ ദൂരസ്ഥലങ്ങളിലെത്തിച്ചശേഷം തിരിച്ചു മടങ്ങുവാൻ ആഴ്ചകളെടുക്കും. അതുകൊണ്ട്തന്നെ വല്ലപ്പോഴും മാത്രമാണ് അച്ചന്റെ ഈ വീട്ടിലേക്കുള്ള വരവ്.അച്ഛൻ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ഇത്തരം കാഴ്ച്ചകൾ വീട്ടിൽ പതിവായിരിക്കുന്നു.
എണീറ്റ നേരംമുതൽ വിഷ്ണു അമ്മയെ തിരയുകയാണ്. ഒരിടത്തും അമ്മയെ കണ്ടതേയില്ല. അതിരാവിലെതന്നെ അമ്മ ചുള്ളക്കളത്തിലേക്ക് പോയിട്ടുണ്ടാവുമോ..?
അവിടുന്ന് കിട്ടുന്ന തുച്ഛമായ കൂലിക്കാണ് ആ വീട് കഴിഞ്ഞുപോകുന്നതെന്ന് അവനറിയാം.എന്നാലും അവനോട് പറയാതെ അമ്മ ഒരിക്കലും പണിക്ക് പോയിട്ടില്ല.. എന്താണ് അമ്മയിന്ന് എന്നോട് പറയാതെപോയെ.? ഒരുപാട് ചോദ്യങ്ങൾ അവന്റെ ഉള്ളിൽ ആവർത്തിച്ചുകൊണ്ടേയിരുന്നു..
നല്ലതുപോലെ വിശക്കുന്നുണ്ടവന്,വല്ലതും കഴിക്കാൻ ഉണ്ടാവുമോയെന്ന് അവൻ അവിടെയാകെ തിരഞ്ഞു.സാധാരണ അമ്മ ചുട്ടുവയ്ക്കാറുള്ള ദോശയും ചമ്മന്തിയും അവിടെയെങ്ങും കാണുന്നില്ല..ഒടുവിൽ അവൻ വിശപ്പ് മാറ്റാനായി പൊട്ടിയ ചോറ്കലത്തിൽ കയ്യിട്ട്, അതിൽ പറ്റിക്കിടന്ന രണ്ടുപിടി ചോറ് വാരിവായിലിട്ട് അല്പം പച്ചവെള്ളവും കുടിച്ച് സ്കൂളിലേക്ക് നടന്നു...
ആദ്യത്തെ രണ്ടു പിരീഡ് കഴിഞ്ഞപ്പോൾ ഇന്റർവെല്ലിന്റെ ടൈമായി..കുട്ടികളൊക്കെ മുറ്റത്ത്‌ വട്ടംകൂടി കളിക്കുകയാണ്.. അതിനിടയിൽ നിന്ന ഏതോ ഒരു കുട്ടിയാണ് അടുത്തുള്ള അമ്പലക്കുളത്തിൽ ആരോ വീണിട്ടുണ്ടെന്നും നമുക്കൊന്ന്പോയി നോക്കിയാലോ എന്ന് പറഞ്ഞതും.. അത് കേട്ടുനിന്ന വിഷ്ണുവും കൂട്ടരും അത് കാണാനായി അമ്പലക്കുളത്തിലേക്ക് പോയി...
വിഷ്ണുവും കൂട്ടുകാരും കുളത്തിനടുത്ത് എത്തിയപ്പോൾ തന്നെ അവിടെയാകെ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു.അതിനിടയിലൂടെ വല്ലവിധേനയും നുഴഞ്ഞവർ
മുന്നിലെത്തി..ആമ്പൽ പൂക്കൾക്കിടയിലായാണ് ജഡം കിടന്നിരുന്നത്.കമിഴ്ന്നു കിടക്കുന്നതിനാൽ ആരാണതെന്ന് വ്യക്തമായി കാണാൻ കഴിയുന്നില്ല.കുറച്ചുനേരം അവിടെ നിന്നശേഷം അവർ തിരിച്ചു പോകാനായി കുളത്തിന്റെ തെക്കേയറ്റത്തുള്ള തെങ്ങിൻ ചോട്ടിലെത്തിയപ്പോഴാണ്,ആ കാഴ്ച്ച വിഷ്ണുവിന്റെ കണ്ണിലുടക്കിയത്.പണിക്ക് പോകുമ്പോൾ സാധാരണ അമ്മ ഉപയോഗിക്കുന്ന തേഞ്ഞുതീർന്ന സിൽപ്പർചെരുപ്പ് തെങ്ങിന്റെ ചോട്ടിലായി കിടക്കുന്നു..!!
ആ കാഴ്‌ച അവന്റെ പിഞ്ചുമനസ്സിനെ വല്ലാതെ പൊള്ളിച്ചു. അവന്റെയുള്ളിൽ നിന്ന് കണ്ണിലൂടെ കണ്ണുനീർ തുള്ളികൾ ധാരധാരയായി ഒഴുകുവാൻ തുടങ്ങി.പിന്നെ അവന് അവിടെ ഏറെനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് അവൻ വീട്ടിലേക്കോടി.
ദൂരെ നിന്നുതന്നെ അവനത് കണ്ടു.വീടിനു ചുറ്റും ബന്ധുജനങ്ങളും അയൽപക്കക്കാരും കൂട്ടംകൂടി നിൽക്കുന്നു..
വീടിനെ ലക്ഷ്യമാക്കി ഓടുന്നതിനിടയിൽ വേലിക്കലിൽ കാൽതട്ടിയവൻ കമിഴ്ന്നുവീണു. അപ്പോൾ ആരോ അവനെ താങ്ങിപ്പിടിച്ചെഴുന്നേല്പിച്ചു.പക്ഷേ ആ വീഴ്ചയിൽ വേലിക്കലിൽ നിന്നിളകിയൊരു കരിങ്കൽ കഷണം, കണങ്കാലിൽ നിന്നൊലിക്കുന്ന ചോരയെ വകവെയ്ക്കാതെ അവൻ കയ്യിലെടുത്തിരുന്നു.
വീടിനുള്ളിലേക്ക് കയറിയ വിഷ്ണു, നേരെ പാഞ്ഞുപോയത് അടുക്കളഭാഗത്തേക്കാണ്.
അവിടെ അപ്പോഴും തലേന്നത്തെ കെട്ടിറങ്ങാതെ അരബോധത്തിൽ ചുവരിൽ ചാരിയിരിക്കുന്നുണ്ട് സ്വന്തം അച്ഛൻ. കൈയിൽ കരുതിയ കല്ലുകൊണ്ട് ആ തലയിലേക്ക് അവൻ ആഞ്ഞിടിച്ചു..!!
സ്വാബോധം തിരിച്ചുകിട്ടുമ്പോൾ, തലച്ചോറ് പുറത്തുവന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന അച്ഛനെയാണവൻ കണ്ടത്. അവൻ സ്വയം തലയിൽ കൈവച്ച് നെഞ്ചു പൊട്ടുമാറ് അമ്മയെവിളിച്ച് അലറിക്കരഞ്ഞു.
കോടതി മുറിയിൽ, കലികാലത്തിന്റെ കറുത്ത ഗൗണിട്ട ഗൗളികളും, കറുത്ത തുണികൊണ്ട് കണ്ണുകൾ കെട്ടിയ നീതിയുടെ ദേവതയും ചേർന്ന്. 'പ്രായത്തിന്റെ പരിഗണന' എന്ന വർണ്ണക്കടലാസിൽ പൊതിഞ്ഞ വാക്കുകളുമായി,അവനെ ജുവനൈൽ ഹോമിലേക്കയച്ചു..........
ഇന്ന്, ഈ കർക്കിടക വാവിന്, അമ്മയ്‌ക്കുള്ള ബലിതർപ്പണം കഴിഞ്ഞ് വിഷ്ണു നേരേ പോയത് ആ ക്ഷേത്രക്കുളത്തിന്റെ കരയിലേക്കാണ്.. അല്പനേരം മൗനമായി അവനാ വെള്ളത്തിൽതന്നെ നോക്കിയിരുന്നു..പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പൽപൂക്കൾ അവനെ കണ്ട് വിഷാദത്തോടെ മുഖംതാഴ്ത്തി നിന്നു..
അപ്പോഴേയ്ക്കും അവന്റെ ഉള്ളുപോലെതന്നെ കാർമേഘങ്ങൾ ഉരുണ്ടുകൂടി മഴത്തുള്ളികൾ പൊടിയാൻ തുടങ്ങിയിരുന്നു..അതിലൊരു മഴത്തുള്ളി അവന്റെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ തുള്ളിയോട് ചേർന്നൊഴുകി പൂഴി മണ്ണിലേക്ക് വീണ് ചിതറി.
മഴ കനത്തു പെയ്യാൻതുടങ്ങിയിരിക്കുന്നു..അവൻ അവിടെനിന്നും മെല്ലെയെണീറ്റ് അടുത്തുതന്നെ ഒതുക്കിയിട്ടിരുന്ന തന്നെ കൊണ്ടുവന്ന ജീപ്പിനെ ലക്ഷ്യമാക്കി നടന്നു.. കൂടെവന്ന സെക്യൂരിറ്റി ഗാർഡുകൾ അവനെ അതിന്റെ ബാക്ക്സീറ്റിലേക്ക് അവരോടൊപ്പം കയറ്റിയിരുത്തി...ജീപ്പ് ചെളിനിറഞ്ഞ കളിമൺപാതയിലൂടെ ജുവനൈൽ ഹോം ലക്ഷ്യമാക്കി മെല്ലെ നീങ്ങി...
(അവസാനിച്ചു)
ചിന്തിക്കുക: മദ്യത്തിന്റെ കരാളഹസ്തത്തിൽ അകപ്പെട്ടവർ എത്രയെത്ര കുഞ്ഞുനക്ഷത്രങ്ങളുടെ ഭാവിയാണ് ഇതുപോലെ അപകടത്തിൽ പെടുത്തുന്നത്..?
Shajith
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo