നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിദ്യാബാലനെ പോലൊരു....... പെണ്ണ്

Image may contain: 1 person, selfie, beard, closeup and indoor

*******************
"നിങ്ങളെ രസിപ്പിച്ച ഐശ്വര്യാ റായി പോലൊരു ബൊമ്മക്ക്, ഒരു തുടർ ഭാഗം..."
********************************************
കാലം മൂന്നാലു വർഷം വീണ്ടും മുന്നോട്ടോടി...
മഞ്ചാടിക്കുന്ന്, പഴയതുപോലല്ലിപ്പോൾ.... ! കുരുമുളകിന് വില കയറിയതോടെ അവിടമാകെ വികസനം വന്നു. ആ ഐശ്വര്യത്തിന്റെ പ്രതീകമെന്നവണ്ണം മഞ്ചാടിക്കുന്ന് സിറ്റിയിൽ ചെറിയൊരു ബസ്റ്റാന്റ് വന്നു, അതിനടുത്തായൊരു മാർക്കറ്റ് വന്നു, ഹോട്ടല് വന്നു, ബ്യൂട്ടി പാർലറുവന്നു, അത് വന്നു, ഇദ് വന്നു. അങ്ങനെ പലതും വന്നു !
സിബിച്ചന്റെ 'റോസ്മരിയായും' പതിയെ ക്ലച്ചുപിടിച്ചു. പഴയ ഒറ്റമുറിയിൽ നിന്നും അത് വളർന്ന് രണ്ട് നിലകളുള്ള, സാമാന്യം തരക്കേടില്ലാത്ത ഒരു എ.സി ഷോറൂമായി മാറി...!
സിബിച്ചന്റെ അഭിപ്രായത്തിൽ കടയുടെ സകല ഐശ്വര്യത്തിനും കാരണം വന്നുകയറിയ ഐശ്വര്യാറായിയാണ്...! അതുകൊണ്ട് കൈക്ക് ഡാമേജ് പറ്റിയവളെങ്കിലും, കാശുണ്ടായപ്പോൾ അവൻ അവളെ ഉപേക്ഷിച്ചില്ല! അങ്ങനെ അവൾ പുതിയ ഷോറൂമായ 'റോസ്ഗാർമെൻറ്സിന്റെ' മുൻപിലെ ചില്ലു കൂട്ടിലും സാരിയും, കൈനീളമുള്ള ബ്ലൗസുമൊക്കെ ധരിച്ച് തൊഴുകൈയ്യോടെ നിന്ന് ആളുകളെ വരവേറ്റു.
അവളുടെ വലതു ഭാഗത്തായി ഒരു സണ്ണിലിയോണും, ഇടത് ഭാഗത്തൊയി ഒരു അഭിഷേക് ബച്ചനും കൂടിയുണ്ടാ ചില്ലുകൂട്ടിലിപ്പോൾ! 'ന്യൂ ജൻ' മാരുടെ പ്രതിനിധിയായി മുടിയുള്ള ഒരു കട്ട ഫ്രീക്കനെക്കൂടി അവരുടെ ഇടയിലേക്ക് കൊണ്ടുവരാനും സിബിച്ചൻ ശ്രമിക്കുന്നുണ്ട് !
സിബിച്ചനിപ്പോൾ പഴയ ആളൊന്നുമല്ല...! തന്റെ പേരിലെ 'അച്ചനെന്ന ' വാല് ഒഴിവാക്കിയ അവൻ, ആ സ്ഥാനത്ത് മുതലാളിയെന്ന് കൂട്ടിച്ചേർത്ത് സിബിമുതലാളിയായാണ് ഇപ്പോളറിയപ്പെടുന്നത്.
പശമുക്കി വടി പോലെയാക്കിയ വെളുത്ത ഖദർ മുണ്ടും, ഇളം കളർ ഷർട്ടുമാണ് പതിവ് വേഷം. ബട്ടൺസ് വിടർത്തിയ ഷർട്ടിനുള്ളിൽ തെളിഞ്ഞ് കാണത്തക്കവണ്ണം കഴുത്തിൽ വിരലുവണ്ണമുള്ളൊരു സ്വർണ്ണമാലയും, കൈയ്യിലൊരു 'റാഡോ' വാച്ചുമൊക്കെ ധരിച്ചാണ് അവന്റെ നടപ്പും!
എങ്കിലും കൂടപിറപ്പായ 'എരപ്പത്തരം' കാരണം പുതുതായി വാങ്ങിയ തന്റെ 'ഇന്നൊവാ' കാറിൽ, ഡീസല് ലാഭിക്കാൻ എസി ഓഫ് ചെയ്തും, എന്നാൽ നാട്ടുകാരെ കാണിക്കാൻ വിൻഡോഗ്ലാസ്സ് കയറ്റി വെച്ചും വിയർത്ത് കുളിച്ചാണവന്റെ യാത്ര!.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും സിബിച്ചനിതുവരെ പെണ്ണുകെട്ടിയിട്ടില്ല...! ഇതേച്ചൊല്ലി ഏലിപെമ്പിള എന്നും പരിഭവം പറഞ്ഞ് കൊണ്ടേ ഇരുന്നു...
"അടുക്കളേ കെടന്ന് മേഞ്ഞ് മേഞ്ഞെന്റെ നടു വല്ലാണ്ടായി... "
"അതെങ്ങനാ ഒരെണ്ണത്തിനെ കെട്ടാൻ പറഞ്ഞാ ലെവന് നൂറ് ഡിമാന്റാ...!"
"സിൽമാ നടിയെ പോലിരിക്കണം... ! പാലപ്പത്തിന്റെ നിറം വേണം, മൂക്ക് ചാമ്പങ്ങാ പോലാവണം, ചുണ്ട് തൊണ്ടിപ്പഴം പോലെ വേണം, മുടി മുട്ടൊപ്പം വേണം... ഹൊ! "
" ആ പുത്തൻപുരേലെ ലോനപ്പന്റെ മോള് ആലീസ് കൊച്ച്.!,ആ നഴ്സ് പെണ്ണ്... കാഴ്ച്ചക്കെന്നാ ശേലാ!. നല്ല സ്വഭാവോം!. മണർകാട് പള്ളി പെരുന്നാളിന് പോയപ്പം അവളെ ഞാൻ അവിടെ വച്ച് കണ്ടാരുന്നു."
" അക്കാര്യം പറഞ്ഞപ്പളല്ലെ അവന്റെ തനിക്കൊണം വെളിവായെ... അവന് സ്ത്രീധനമായി പൂത്ത കാശും കൂടി വേണം പോലും! ....പൂത്ത കാശ് !."
"എന്റെ മകനാന്ന് പറഞ്ഞിട്ടെന്നാ കാര്യം... അവന്റെ തിരു മോന്ത അപ്പന്റെയല്ലിയോ... " തനി ''അടക്കാമോറ്!."
" ഈ മോന്തേം വെച്ച് ചെന്നാ കാശുകാരി സിൽമാനടിയെ അവനിപ്പം കിട്ടും!. അങ്ങ് ചെന്നേച്ചാലും മതി.!! ." അല്ലെ തന്നെ അങ്ങനത്തെ അവള്മാര് വന്നാ എനിക്കെന്നാ സഹായം ഉണ്ടാകാനാ... പിന്നെ അവക്കും കൂടെ ഞാൻ വെച്ച് വിളമ്പണ്ടതായി വരും!. "
ഏലിപ്പെമ്പിള തന്നത്താൻ അരിശം കൊണ്ടു.
അങ്ങനെ കാശുകാരി, സിനിമാ നടി പോലുള്ള പെണ്ണിനെ തേടി അലഞ്ഞ സിബി, ഒരു കെട്ടാമുതുക്കനായി... റോസ്മരിയായിലിരുന്ന്, പണപ്പെട്ടിയിലെ കാശ് പലവട്ടം എണ്ണി തൃപ്തിയടഞ്ഞു കൊണ്ടിരുന്നപ്പോഴാണ് നമ്മുടെ ഐശ്വര്യയെ തേടി കൊടുത്ത ബ്രോക്കറ് വറീത് അങ്ങോട്ടേക്ക് പാഞ്ഞു വന്നത്...
വന്നയുടനെ കക്ഷത്തിലിരുന്ന തന്റെ ബാഗ് കൗണ്ടറിൽ വെച്ചിട്ട്, കിതച്ചുകൊണ്ട് അയാൾ അവനോട് പറഞ്ഞു:
"കിട്ടിയെടാ സിബി ഹിട്ടി....!! "
" ഇത്തവണ നിന്റെ മനസ്സിലിരിപ്പ് പോലൊരെണ്ണത്തിനെയാ ഞാനൊപ്പിച്ചിരിക്കുന്നത് !. അങ്ങ് മണർകാട്ടന്ന്...''
"കാഴ്ച്ചക്ക് പെണ്ണ് നടി വിദ്യാബാലനെപ്പോലിരിക്കും!. " അവളെ കുറിച്ച് പറയുവാണേ സിബീ...
" അവള് സാരി ഉടുത്ത് നിക്കണ കണ്ടാൽ... ചുറ്റുമുള്ളതൊന്നും കാണാനൊക്കത്തില്ല!. തെക്കൻ കേരളത്തിലൊള്ള റബ്ബർ മരങ്ങളെ തഴുകി വരണ ഒരു പ്രത്യേക തരം കാറ്റ് അവളുടെ...
"ഇയാള് നിന്ന് വളഞ്ഞ് തിരിയാണ്ടൊള്ള കാര്യം പറ എന്റെ വറീതെ... എങ്ങനാ പെണ്ണ് കാശൊളള വീട്ടിലേയാന്നോ?. "
സിബി വറീതിനോട് ചോദിച്ചു.
"അത് പിന്നെ ഞാൻ അങ്ങനത്തെ കേസല്ലെടാ സിബി നിന്നോട് പറയൂ... "
"പെണ്ണ് U K യില് നഴസ്സാ!. ഒരു വർഷത്തോളമായി ജോലീ കേറീട്ട്. ഇപ്പം രണ്ട് മാസത്തേ ലീവിന് അവള് വീട്ടിലുണ്ട്...ലീവ് എതാണ്ട് തീരാറായേക്കുവാ.''
ചുറ്റുപാടിനെ പറ്റി പറയുവാന്നെ... അവരിപ്പം താമസിക്കണ വീട് ചെറുതാ... ഓടിട്ട ഒന്ന്. പക്ഷെ അവക്ക് ജോലി കിട്ടിയപ്പം വല്ല്യ ഒരെണ്ണത്തിന്റെ പണി അവര് തൊടങ്ങീട്ടൊണ്ട്. അത് അവൾക്കുള്ളതാന്നാ അവൾടെ അപ്പൻ പറഞ്ഞത്.''
"പെണ്ണിന്റെ അപ്പൻ ലോനപ്പൻ... കേന്ദ്ര ഗവർമെന്റ് ഉദ്യോഗസ്ഥനാരുന്നു. അടുത്ത് സർവ്വീസീന്ന് വിരമിച്ചേ ഉള്ളൂ. "
"ആങ്ങള ചെറക്കനൊരാളുണ്ട്. പട്ടണത്തില് ആലൂക്കാസിന്റെ സ്വർണ്ണക്കടക്ക് അടുത്ത് ബിസിനസ്സാ... ആദ്യം അവന് ഗോൾഡിന്റെ ബിസിനസ്സാരുന്നു. ആലൂക്കാസ് വന്നപ്പം ആ പരിപാടി അങ്ങ് നിർത്തി. പിന്നെ അവൻ സ്റ്റോണിലേക്ക് മാറി. ഗോൾഡിനേക്കാലും മെച്ചം സ്റ്റോണിനാന്നാ അവനിപ്പം പറയണത് !."
"അധികം ആലോചിക്കാൻ നിന്നാലേ പെണ്ണിനെ വേറെ ആമ്പിള്ളേര് കൊണ്ടോകും... അത് കൊണ്ട് വെടീം, പൊകേം പോലെ നമുക്ക് കാര്യം നടത്തണം !."
വറീത് അവനോട് പറഞ്ഞു.
കാര്യങ്ങളെല്ലാം അങ്ങനെ വറീത് പറഞ്ഞ പോലെ വെടിം പൊകേം പോലെ നടന്നു ! പെണ്ണ് UK ന്നയക്കുന്ന 'പൗണ്ടിന്റെ ' കാര്യമോർത്ത സിബി, കൂടുതലൊന്നും ആലോചിക്കാതെ കല്ല്യാണത്തിന് സമ്മതവും മൂളി. അങ്ങനെ പിന്നെ വന്ന മൂന്നാം ഞായറാഴ്ച കാഴ്ചക്ക് വിദ്യാ ബാലനെ പോലെ ഇരിക്കുന്ന, ആ...ആലീസിനെ അടക്കാമോറൻ സിബി മിന്നുകെട്ടി !!.
കെട്ട് കഴിഞ്ഞതിന്റെ മൂന്നാം ദിനം... ലൊക്കേഷൻ സിബിയുടെ വീടിന്റെ മുൻവശം.
മുറ്റത്ത് കുനിച്ച് നിർത്തിയ വറീതിന്റെ മുതുകിനിടിക്കുന്ന സിബി, ഇടിക്കിടയിൽ വറീതിനോട് ചോദിച്ചു:
താനെന്നെ നുണ പറഞ്ഞ് ചതിക്കുവായിരുന്നല്ലേടോ...?. UKയില് നഴ്സാന്ന് പറഞ്ഞിട്ട്, ഈ ഇട്ടാ വട്ടം കടക്കാത്ത പെണ്ണാണല്ലോടോ ഇവൾ...?''. ഞാനിവളെ ഇപ്പം ഇവൾടെ വീട്ടിൽ കൊണ്ടവിടാൻ പോകുവാ. തന്നേം ഞാൻ അഴി എണ്ണിക്കും.
മറുപടിയായി വറീത് പറഞ്ഞു:
" ഇടിക്കല്ലേടാ സിബീ ഇമ്മാതിരിയിടിച്ചാ ഞാൻ ചത്ത് പോകും...!. ഞാൻ നൊണയൊന്നും പറഞ്ഞിട്ടില്ല!."
"കുരിശ്പള്ളിക്കല് ഏലിയാസ് ഡോക്ടറ് നടത്തണ ഡിസ്പെൻസറീടെ പേരാ "ഉതുപ്പ്. കുര്യൻ " ഹോസ്പിറ്റൽ." അതിന്റെ ചുരുക്കപ്പേരാ U.K ന്ന്. ഇവള് അവിടുത്തെ നഴ്സാന്നാ ഞാൻ പറഞ്ഞെ.''
''വീടൊരെണ്ണം പണിയണ കാര്യം പറഞ്ഞതും സത്യമാ... ജപ്തിയിൽ കിടക്കണ അതിന്റെ ബാങ്ക്ലോൺ അടച്ച് തീർത്താൽ നിനക്കാ വീട് സ്വന്തമായിട്ടെടുക്കാം!."
ഇവടെ അപ്പൻ ലോനപ്പൻ, കേന്ദ്ര കിഴങ്ങ്ഗവേഷണ കേന്ദ്രത്തിന്റെ തോട്ടത്തിൽ മരച്ചീനി നടുന്ന പണിക്ക് കരാറടിസ്ഥാനത്തില് ജോലി ചെയ്തിട്ടുണ്ട്. അതാ കേന്ദ്ര ഗവർമെന്റ് ഉദ്യോഗസ്ഥനായിരുന്നൂന്ന് പറഞ്ഞത്.
എടാ ദ്രോഹി.... അപ്പം ഇവളുടെ ആങ്ങളക്ക് ഡയമണ്ടിന്റെ ബിസ്സിനസ്സാന്ന് പറഞ്ഞതോ?.
സിബി വറീതിനോട് ചോദിച്ചു.
സിബിച്ചാ കല്ലിന്റെ ബിസിനസ്സാന്നല്ലെ ഞാൻ പറഞ്ഞത്! ഡയമണ്ടെന്ന് പറഞ്ഞില്ലല്ലോ....! ആദ്യം അവന് ഒരു പെട്ടിക്കടയായിരുന്നു ടൗണില്..."ഗോൾഡ് ഫ്ലേക്കിന്റെ " സിഗററ്റായിരുന്നു അവിടത്തെ പ്രധാന കച്ചോടം. അതാ ഗോൾഡിന്റെ ബിസിനസ്സ് എന്ന് പറഞ്ഞത്. അവിടെയാ ആലുക്കാസ് കാര് പുതിയ കട പണിതത്. അന്നേരം അവര് ആ പെട്ടിക്കടയെടുത്ത് ദൂരെക്കളഞ്ഞു. ഇപ്പം ആവശ്യക്കാർക്ക് പാറ എത്തിച്ച് നലക്ണ ബിസ്സിനസ്സാ അവന്. അതിനാ ഞാൻ ഇംഗ്ലീഷിൽ സ്റ്റോണിന്റെ ബിസിനസ്സെന്ന് പറഞ്ഞത്.
പുറത്തെ ഈ ബഹളം കേട്ട് അടുക്കളേന്ന് അവിടേക്ക് വന്ന ഏലിപെമ്പിള സിബിയോട് പറഞ്ഞു:
" വിടെടാ സിബി വറീതിനെ...
ഞാൻ പറഞ്ഞിട്ടാ വറീത് ഇതിന് കൂട്ടുനിന്നത്...!.
" ഈ പെൺകൊച്ചിനെ ഞാൻ നേരത്തെ മണർകാട് പള്ളീ വെച്ച് കണ്ടിട്ടുള്ളതാ.
ഇവളെ എനിക്കങ്ങ് ഒത്തിരി ബോധിക്കുവേം ചെയ്തു."
"പക്ഷെ ഇവര് പാവത്തുങ്ങളാ. നിനക്ക് തരാൻ വല്ല്യ സ്ത്രീധനമൊന്നും ഇവരുടെ കൈയ്യിലില്ല. "
"ഇവളേ എന്റെ കൊച്ചപ്പൻ പാപ്പിച്ചായന്റെ നാട്ടുകാരിയാ. പുത്തൻ പുരേലെ ലോനപ്പന്റെ മോള്.
അവരൊക്കെ കൊച്ചിലേ അറിയണ പെണ്ണാ. നല്ല തങ്കപ്പെട്ട സ്വഭാവോം!."
" പിന്നെ ഈ പറയണ നീയെന്നാ വല്ല്യ സിബി മൊതലാളി ആയത്...?
കാശും, പുത്തനുമൊക്കെയെ തമ്പുരാന്റെ കൃപയാ...!. അത് മറക്കരുത്.
"അറിയാമ്മേലെ കേട്ടോ.... സ്വഭാവമാണ് പെണ്ണിന്റെ ഏറ്റവും വല്ല്യ സമ്പത്ത്...! അതിലെ ഇവള് കോടീശ്വരിയാ!...കോടീശ്വരി!
അല്ല്യോടീ ആലീസേ... "
ഉമ്മറത്ത് നിന്ന് കരഞ്ഞ് കൊണ്ടിരുന്ന ആലീസിനെ ഏലിപെമ്പിള തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
"ഇനി ഇവൾടെ കണ്ണീന്ന് ഈ പേരും പറഞ്ഞൊരു തുള്ളി കണ്ണീര് വീഴിച്ചാ, നിന്റെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും... നിനക്കറിയാല്ലോ എന്നെ?. "
പറഞ്ഞാ പറഞ്ഞ പോലെ ചെയ്യുന്ന ഏലി പെമ്പിളയെ ഭയന്ന സിബി പിന്നെ നല്ല നടപ്പുകാരനായി!!
അങ്ങനെ വർഷം പലത് കഴിഞ്ഞു. സിബിക്ക് മക്കള് മൂന്നായി. അവരൊക്കെ വലുതായി. വന്ന് കേറിയ വിദ്യാ ബാലന്റെ ഐശ്വര്യം കൊണ്ട് സിബി പിന്നേം വളർന്നു !. ഇന്നവന് കേരളത്തിൽ ഉടനീളം ഷോറൂമുകളുണ്ട് !!
റോസ് മരിയായുടെ ഏറ്റവും പുതിയ എറണാകുളം ഷോറൂമിന്റെ ഉത്ഘാടനം നടക്കുകയാണ് അടുത്ത് തന്നെ.! ആ ഷോറൂം ഉദ്ഘാടനം ചെയ്യുന്നത് ആരാ.....?
അത് വേറാരുമല്ല നമ്മുടെ ഐശ്വര്യയാ...! ഇത് ആദ്യ കഥയിലേത് പോലെ തട്ടിപ്പല്ല... ഇത്തവണ വരുന്നതേ ശരിക്കും ഐശ്വര്യാ റായിയാ, അതേന്ന് ഐശ്വര്യാ റായീ ബച്ചനാന്ന്.!!.
വിൽ കണ്ടിന്യൂ...
(ഐശ്വര്യാ റായിയുടെ ലിങ്ക് കമൻറിൽ )
അരുൺ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot