നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിശപ്പിന്‍റെ വിളി ...(കഥ)


Image may contain: 1 person, closeup

“ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി... എന്തെങ്കിലും തരണേ...”
വൃദ്ധനായ ഭിക്ഷക്കാരന്‍, തൊഴുകൈകളുമായി, കടയുടെ മുന്‍പില്‍ നിന്നു..
വൃത്തിയില്ലാതെ പാറിപ്പറക്കുന്ന തലമുടി. ക്ഷീണിച്ച കണ്ണുകള്‍. കറുത്തു കരിവാളിച്ച്, ദൈന്യത മുറ്റി നില്‍ക്കുന്ന മുഖം. ഒട്ടിയ കവിളുകള്‍. ഉണങ്ങിയ ശരീരത്തില്‍ ഉന്തിനില്‍ക്കുന്ന എല്ലുകള്‍. ദിവസങ്ങളോളമായി ആഹാരം കഴിച്ച്ചിട്ടെന്നു തോന്നിക്കുന്നരീതിയില്‍ ഒട്ടിയ വയര്‍..
ഒറ്റ നോട്ടത്തില്‍ ഒരു മാനസ്സിക രോഗിയാണെന്ന് തോന്നും.
അയാളുടെ കൈയില്‍, ദിവസങ്ങള്‍ക്കു മുന്‍പ്, തെരുവ് പട്ടിയുടെ കടിയേറ്റ ഭാഗം പഴുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. അവിടം മുഷിഞ്ഞ തുണികൊണ്ട് മുറുക്കി കെട്ടിയിരുന്നത്, നീര് വന്നു വീര്‍ത്തിരുന്നു. മുറുവിനു വല്ലാത്ത ഗന്ധ്മുണ്ടായിരുന്നു
അഴുക്കു നിറഞ്ഞ്‌, വൃത്തിഹീനമായ, കീറിപ്പറിഞ്ഞ കൈലിയാണ് വേഷം.
അയാളെ കണ്ട്ക്യാഷ് കൌണ്ടറിലിരുന്ന കടയുടമ പുലമ്പി.
“നാറ്റം കാരണം ഇതിനകത്ത് ഇരിക്കാന്‍ പറ്റുന്നില്ല.
അയാളെ വിരട്ടി വിടാന്‍ നോക്ക്... “
കടയിലെ ജോലിക്കാരനോട് കടയുടമ ആംഗ്യം കാട്ടി.
ജോലിക്കാരന്‍ അടുത്തുകിടന്ന കനം കുറഞ്ഞ ഒരു വടിയുമെടുത്ത് കടയുടെ മുന്നിലേക്ക്‌ ഓടിയിറങ്ങി വന്നു.
“കടയുടെ മുന്നീന്നു പോ.. കിഴവാ...”
അയാള്‍ ഉച്ചത്തില്‍ അലറിക്കൊണ്ട്‌ ഭിക്ഷക്കാരന്റെ പിടലിക്ക് ഒറ്റയടിയിട്ടുകൊടുത്തു. അടുത്ത് വീണ്ടും ഓങ്ങിയതും, വൃദ്ധന്‍ അടി കിട്ടിയ ഭാഗം തടവിക്കൊണ്ട് നിരാശനായി കടയുടെ മുന്നില്‍ നിന്നും നടന്നു നീങ്ങി.
വിശപ്പു മാറ്റാന്‍ ഒന്നും കിട്ടാതെ തളര്‍ന്ന് അവശനായ അയാള്‍ റോഡു വക്കില്‍ കിടന്നിരുന്ന ഒരു മരത്തടിയുടെ മുകളില്‍ ഇരുന്നു. വിശപ്പിന്‍റെ കാഠിന്യം കൊണ്ട് അയാളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു.. അയാള്‍ ശ്വാസം വലിക്കുവാന്‍ തന്നെ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
യാചകന്‍ ഒരു ഹോട്ടലിന്‍റെ പുറകു വശത്തേക്ക് കണ്ണുകള്‍ പായിച്ചു. അവിടെ കിടന്നിരുന്ന ആഹാര അവശിഷ്ടങ്ങള്‍ പഞ്ചായത്തിന്‍റെ വണ്ടിയില്‍ കയറ്റുന്നുണ്ടായിരുന്നു.
‘കഷ്ടം.... ആദ്യമേ അവിടെ പോയാല്‍ മതിയായിരുന്നു. എച്ചിലിലകളിലുള്ള ആഹാരമെങ്കിലും കഴിക്കാമായിരുന്നു. ഇനിയിപ്പോള്‍ അതിനും കഴിയില്ല.’ അയാളുടെ മനസ്സ് മന്ത്രിച്ചു.
ഒരു നിമിഷം....
തൊട്ടടുത്തുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ സദ്യ നടക്കുന്നത് ശ്രദ്ധയില്‍ പെട്ട അയാളുടെ കണ്ണുകള്‍ തിളങ്ങി.
പിന്നെ അയാള്‍ സമയം പാഴാക്കിയില്ല.
വേച്ചു വേച്ചു നേരെ വിവാഹ സദ്യാലയത്തിലേക്ക് പാഞ്ഞു.
ആഹാരം കഴിക്കാനുള്ള വ്യഗ്രത അയാളുടെ മുഖത്ത് ദൃശ്യമായിരുന്നു.
പെട്ടെന്നാണ് ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ഭിക്ഷക്കാരനെ കണ്ടത്. അയാള്‍ ഭിക്ഷക്കാരനു നേരെ പാഞ്ഞടുത്തു.
“എടോ.... താന്‍ എങ്ങോട്ടാണ് പോകുന്നത്...?”
സെക്യുരിറ്റി അയാളുടെ കൈകളില്‍ ബലമായി പിടിച്ചു വലിച്ച് പുറത്തേക്ക് കൊണ്ട് പോകുവാന്‍ ശ്രമിച്ചു. ഭിക്ഷക്കാരന്‍ അയാളുടെ പിടിയില്‍ നിന്നും ഓഡിറ്റോറിയത്തിനകത്തേക്ക് കുതറിയോടി. സെക്യുരിറ്റി അയാളുടെ പുറകെയോടി. ആക്രോശിച്ച്ചുകൊണ്ട് അയാളുടെ കഴുത്തില്‍ കുത്തി പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. അയാളെ റോഡു സൈഡിലേക്ക് ശക്തിയായി തള്ളി.
.ഇതുകണ്ടുകൊണ്ട് അല്‍പ്പമകലെ സ്കൂള്‍ ബസ് കാത്തു നിന്നിരുന്ന രണ്ട് ആണ്‍ കുട്ടികള്‍ ഓടി വന്ന് അയാളെ പിടിച്ച് എഴുന്നേല്പ്പിച്ചു. ശക്തമായ വീഴ്ചയില്‍ അയാളുടെ കാല്‍മുട്ടും ചുണ്ടും മുറിഞ്ഞ്‌ രക്തം പൊടിയുന്നുണ്ടായിരുന്നു.
കുട്ടികളിലോരാള്‍ സെക്യൂരിറ്റിയോടായി പറഞ്ഞു.
”എല്ലും തോലുമായ ഈ പാവം മനുഷ്യനെ നിങ്ങളെന്താ ചെയ്തത്...
കഷ്ടം തന്നെ...”
“നീയാരാ ചോദിക്കാന്‍...? തോന്ന്യാസം കാണിക്കുന്നവരെ പൂവിട്ടു തൊഴണോ..?”
ഇത്രയും പറഞ്ഞ് സെക്യൂരിറ്റി വിവാഹ ഓഡിറ്റോറിയത്തിലേക്ക് കയറി പോയി.
അവിടെ വന്നതില്‍ ഒരു കുട്ടി തന്റെ ബാഗ് തുറന്നു അവന്റെ ഉച്ചഭക്ഷണ പൊതി എടുത്ത് അയാളുടെ നേരെ നീട്ടി.
വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അയാള്‍ വിശപ്പ് സഹിക്കാനാവാത്തതുകൊണ്ട് അത് വാങ്ങി.
പിന്നൊന്നും നോക്കിയില്ല. അയാള്‍ പൊതി തുറന്നു വച്ച് വളരെ ആക്രാന്തത്തോടെ ചോറ് വാരി കഴിക്കുവാന്‍ തുടങ്ങി.
ആഹാരം തൊണ്ടയില്‍ തങ്ങി അയാള്‍ ചുമക്കാന്‍ തുടങ്ങി.
അതുകണ്ട് ആ കുട്ടി അവന്‍റെ കൈലുണ്ടായിരുന്ന വെള്ളം നിറച്ച കുപ്പി തുറന്നു വെള്ളം അയാളുടെ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു. അയാള്‍ ആവേശത്തോടെ ആ വെള്ളം കുടിച്ചു,.
ചോറ് കഴിച്ച അയാളുടെ മുഖത്ത് ആശ്വാസം പ്രതിഫലിച്ചു.
“മക്കളെ നിന്നെ ആണ്ടവര്‍ തുണയ്ക്കും” അയാള്‍ അവനെ നോക്കി കൈകള്‍ കൂപ്പി.
അവിടെ കൂടി നിന്നവരെല്ലാം ഈ കാഴ്ച്ച കണ്ടു സ്തബ്ദരായി.
അവര്‍ ആ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉന്നയിച്ചു.
ഇതിനിടയ്ക്ക് സ്കൂള്‍ ബസ്‌ വന്നതും കൂടെയുണ്ടായിരുന്ന കുട്ടി ബസില്‍ കയറി പോയതും മറ്റേ കുട്ടി അറിഞ്ഞില്ല.
“ഇനിനിയെന്തു ചെയ്യും...? എങ്ങനെ സ്കൂളില്‍ എത്തും...
സ്കൂളിലേക്ക് ഇവിടെനിന്നും മൂന്ന് കിലോ മീറ്റര്‍ ദൂരമുണ്ട്. ഇപ്പോള്‍ തന്നെ സ്കൂള്‍ സമയം പിന്നിട്ടിരിക്കുന്നു. മറ്റേതെങ്കിലും വാഹനത്തില്‍ കയറി സ്കൂളിലേക്ക് പോകുവാന്‍ കൈയ്യില്‍ പൈസയൊന്നും ഇല്ലതാനും.”
അവന്‍ കൂടുതല്‍ ചിന്തിച്ച് സമയം പാഴക്കുവാന്‍ നിന്നില്ല.
പുസ്തക ബാഗും കൈയ്യില്‍ പിടിച്ച് അവന്‍ സ്കൂളിലേക്ക് ഓടാന്‍ തുടങ്ങി.
സ്കൂളിന്‍റെ അടുത്ത് എത്താറായി.
താമസിച്ചു വരുന്ന എല്ലാകുട്ടികള്‍ക്കും ചൂരല്‍ കാഷായം നല്‍കാറുള്ള ശക്തിധരന്‍ സാറിന്‍റെ ക്ലാസ്സാണ്. പൂരെ തല്ലു കിട്ടുമെന്നുള്ളത് തീര്‍ച്ചയാണ്.
അവന്‍ ക്ലാസ്സില്‍ കയറുവാനുള്ള അനുവാദത്തിനായി കാതോര്‍ത്തു നിന്നു.
ചൂരല്‍ വടികൊണ്ടുള്ള അടി പ്രതീക്ഷിച്ചെങ്കിലും, പുഞ്ചിരിച്ച മുഖവുമായി അവനോടു ക്ലാസ്സിലേക്ക് കയറി വരുവാന്‍ സാറ് പറഞ്ഞപ്പോള്‍ അവന്‍ അതിശയിച്ചു.
സാറ് അവന്‍റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു. ഒരു നിമിഷം....അദ്ദേഹം അവന്റെ കരങ്ങള്‍ ചേര്‍ത്തു പിടിച്ചു. അവ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക്ചേര്‍ത്ത് വച്ചു.
‘എന്‍റെ കുട്ടീ... ഞാന്‍ എല്ലാ വിവരങ്ങളും അറിഞ്ഞു. സ്കൂള്‍ ബസ്‌ അവിടെയെത്തിയപ്പോള്‍ ഞാന്‍ അതിലുണ്ടായിരുന്നു. നിന്റെ കൂടെയുണ്ടായിരുന്ന രാജു കാര്യങ്ങളെല്ലാം എന്നോട് വിശദമായി പറഞ്ഞു.’
ഇത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
‘ നന്മകള്‍ ചെയ്യുന്നവര്‍ക്ക് നല്ലതേ വരികയുള്ളൂ. നന്മയുടെ തിരിനാളം കെടാതെ സൂക്ഷിക്കുക...” അദ്ദേഹം അവനോടു പറഞ്ഞു.
അവന്‍ ആശ്ചര്യ ഭരിതനായി ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു.
ശേഷം അദ്ധ്യാപകന്‍ സംഭവിച്ച കാര്യങ്ങള്‍ കുട്ടികളോട് വിശദീകരിച്ചു. അവര്‍ വളരെ ആകാംഷയോടെ അത് കേട്ടിരുന്നു. ഗോപന്‍റെ നല്ല മനസ്സ് അവര്‍ക്കെല്ലാം നന്മയുടെ ഊര്‍ജ്ജം പകര്‍ന്നു നല്‍കി.
അദ്ദേഹം തുടര്‍ന്നു.
’ഈ സംഭവം എല്ലാവര്‍ക്കും ഒരു പാഠം ആകണം..
പുതിയ തലമുറയിലെ കുട്ടികളില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ഗുണങ്ങളില്‍ ഒന്നാണ് നമ്മുടെ പ്രിയ വിദ്യാര്‍ത്ഥി ഗോപന്‍ കാട്ടിയ മാതൃക. നമുക്കും ആ മാതൃക പിന്തുടരാന്‍ ശ്രമിക്കാം.
അതിനായി എല്ലാ മാസവും ഒരു ദിവസം ഈ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും ഓരോ പൊതിച്ചോര്‍ വീതം സംഭരിച്ചു പാവപ്പെട്ടവര്‍ക്ക് കൊടുക്കുവാന്‍ നമുക്ക് ഒരുമിച്ച് തീരുമാനമെടുക്കാം.
അതോടൊപ്പം ഇന്നുമുതല്‍ ആരും ആഹാരം ഉപയോഗ ശൂന്യമായി വലിച്ചെറിയരുത്. ‘
കുട്ടികള്‍ ശക്തി സാറിന്‍റെ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിച്ചു.
അവര്‍ അവരുടെ ഉറ്റ സുഹൃത്തായ ഗോപന്‍റെ നേരെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി. അവന്റെ സത്പ്രവൃത്തി, നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.
ക്ലാസ് ഹര്‍ഷാരവത്തില്‍ മുങ്ങി.
അവര്‍ ഒരു മനസ്സോടെ ഒരുമിച്ചു കൈയ്യടിച്ചു. അദ്ധ്യാപകനും അതോടൊപ്പം ചേര്‍ന്നപ്പോള്‍ അതൊരു ധന്യ നിമിഷമായി മാറുകയായിരുന്നു.


1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot