നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണുകാണൽ




പല തേപ്പ് കഥകളും കേട്ട് കേട്ട് പെണ്പിള്ളേരോട് തന്നെ ദേഷ്യം വന്ന്‌ കല്യാണമേ വേണ്ട എന്നും പറഞ്ഞ് വീട്ടിൽ ചുവപ്പു കൊടിയും കാട്ടി നടക്കണ സമയത്തായിരുന്നു അമ്മ ഒന്ന് തെന്നി വീണത്. പെണ്മക്കൾ ഇല്ലാത്തോണ്ടും ഏക സന്താനം ആയത് കൊണ്ടും അമ്മേടെ ജോലിയൊക്കെ സ്വാഭാവികമായും എന്റെ തലയിൽ തന്നെ വീണു.
രണ്ട് മൂന്ന് ദിവസം ഒപ്പിക്കാൻ വല്യ പ്രയാസം ഒന്നും തോന്നിയില്ലെങ്കിലും ഒരു മാസം കൂടി റെസ്റ്റ് വേണമെന്ന് വൈദ്യര് കുറിച്ചതോട് കൂടി വീട്ടുപണി മുഴുവനായി ചുമലിലായപ്പോൾ ഒരു മടുപ്പൊക്കെ തോന്നിത്തുടങ്ങി. പൊതുവെ ഒരു ഗ്ലാസ് വെള്ളം പോലും ചൂടാക്കി കുടിക്കാത്ത താൻ അടുപ്പിൽ ഊതി പുകഞ്ഞ് വിയർത്ത് നിൽക്കണ കണ്ടിട്ട് പലചരക്ക് കടക്കാരനായ അച്ഛന് പുച്ഛം. 'കെട്ടിയാൽ കുറച്ചൊക്കെ രക്ഷപെട്ടേനെ, ഇതൊക്കെ താൻ തന്നെ വരുത്തി വച്ചതല്ലേ' എന്ന്‌ ഉറക്കെ പറഞ്ഞില്ലെങ്കിലും അച്ഛന്റെ മുഖത്ത് നിന്ന്‌ അത് വായിച്ചെടുക്കാൻ പറ്റി.
ഡിഗ്രി വരെ പഠിച്ചിട്ടുണ്ടെങ്കിലും മുന്നോട്ട് പഠിക്കാനുള്ള പണവും പഠിച്ചിട്ടൊക്കെ എന്ത് ആവാനാ എന്നൊരു തോന്നൽ വന്ന്‌പെട്ടത് കൊണ്ടും അപ്പൊ തന്നെ ഡ്രൈവിംഗ് പഠിച്ച് ഒരു ഓട്ടോഡ്രൈവർ ആയി മാറിയതാ. അങ്ങനെ സ്വരുകൂട്ടിവച്ച സമ്പാദ്യം കൊണ്ട് സ്വന്തമായി ഓട്ടോയും വാങ്ങി. അങ്ങനെ കുഞ്ഞ് കുഞ്ഞ് പ്രാരാബ്ധങ്ങളുമായി വല്യ കുഴപ്പമില്ലാതെ പോകുന്നതിനിടയിലാണ് അമ്മേടെ ഈ വീഴ്ച്ച. പൊതുവെ അടങ്ങിയിരുന്നു അമ്മയെ കാണാറില്ല, എന്തേലും ചെയ്തോണ്ടിരിക്കും. വീടിനടുത്തുള്ള പലചരക്ക് കടയിലാണ് അച്ഛന്റെ ജോലി. അച്ഛനുമായി ഒന്നിനൊന്ന് വഴക്കിടുക ഒരു ഹോബി പോലെയാണ്, എങ്ങനെ ഒത്തൊരുമിച്ചു പോയാലും അവസാനം വഴക്കിൽ എത്തിച്ചേരും. ഇടയ്ക്ക് 'അമ്മ ഒത്തുതീർപ്പക്കാറാണ് പതിവ്. എന്റെ കാഴ്ചപ്പാടുകളോട് അച്ഛനെന്നും പുച്ഛം തന്നെ. ഓൾഡ് ജനറേഷൻ എന്നും പറഞ്ഞ് താനത് തള്ളുവേം ചെയ്യും.
വീട്ടുപണികൊണ്ട് മടുപ്പും ഓട്ടോ ഓടിക്കേണ്ട സമയവും കുറഞ്ഞതോടെ ഒരു പെണ്ണ് കെട്ടിയേക്കാം എന്ന് ആലോചിച്ച് തുടങ്ങി. വീട്ടിലിത്‌ അവതരിപ്പിച്ചപ്പോഴേക്കും സന്തോഷപ്പെരുമഴ.
ഉള്ളത് ഇല്ലാന്നും ഇല്ലാത്തത് ഉണ്ടെന്നും പറഞ്ഞ് കെട്ടിക്കുന്ന ബ്രോക്കർമാരോ മാട്രിമോണിയോ ഒന്നും നമ്മക്ക് വേണ്ടാന്നും ആരുടെയേലും പരിചയത്തിലുള്ള പെണ്കുട്ടികളെ നോക്കിയാൽ മതിയെന്നും പറഞ്ഞത് വീട്ടുകാർ ശരി വച്ചെങ്കിലും അതിന് ചിലവാകുന്ന കാശോർത്താണ് താനങ്ങനെ പറഞ്ഞതെന്ന് ആരോടും പറഞ്ഞില്ല.
അയലത്തെ ചേച്ചിയുടെ ബന്ധുവും കൂട്ടുകാരന്റെ പെങ്ങൾടെ ചങ്ങാതിയും എന്ന്‌ വേണ്ട അങ്ങനെ പത്തിരുപത് പെണ്ണ് കണ്ടിട്ടും ഒന്നും ശരിയായില്ല. പെണ്ണും ജാതകവും ഒക്കെ ശരിയായാലും ഓട്ടോക്കാരൻ എന്ന്‌ പറഞ്ഞാൽ പെണ്ണിന്റെയും വീട്ടുകാരുടെയും മുഖം ചുളിയും.
കൂട്ടുകരുമൊത്തു വഴിയരികിൽ ഇരുന്ന് വായിനോക്കാറൊക്കെ ഉണ്ടെങ്കിലും കൂടെകൂട്ടാമെന്നു കരുതിയ ഒരു പെണ്ണിനേയും ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ലൈൻ വലിക്കാനൊട്ട് വല്യ പിടിയും ഇല്ല. പെണ്ണ് കണ്ടിട്ടുള്ള റെക്കോർഡ് വേണ്ടാന്നു വച്ച് പെണ്ണ് കാണൽ പാതി വഴിക്ക് നിർത്തി വീണ്ടും അടുക്കളയെ സ്നേഹിച്ച് തുടങ്ങിയപ്പോഴാണ് അമ്മേടെ അനിയത്തി വഴി ഒരാലോചന വന്നത്. അവരുടെ കൂടെ ജോലി ചെയ്യുന്ന ടീച്ചറാണെന്നു പറഞ്ഞതോട് കൂടി അത് വേണ്ടാന്ന് വച്ചു. കാണാൻ പോയാൽ ചായ കുടി മാത്രേ നടക്കൂളു എന്ന്‌ ഉറപ്പല്ലേ. ഗവണ്മെന്റ് സ്കൂളിൽ ടീച്ചറാണെന്നു പറഞ്ഞാൽ തന്നെ അവരൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥനെയാ പ്രതീക്ഷിക്കുന്നതെന്ന് പറയാതെ അറിയാം. പിന്നെ വെറുതെ അവിടം വരെ പോയി സമയം കളയുന്നത് മിച്ചം.
മനസ്സിലാണെങ്കിൽ ജോലിയും കൂലിയും ഇല്ലാത്ത പെണ്പിള്ളേരോടാ ഇഷ്ടം. അതാവുമ്പോ അച്ഛനെയും അമ്മയെയും നോക്കുവേം ചെയ്യും തിരക്കും ബഹളവുമില്ലാതെ കഴിയുവേം ചെയ്യാം. പക്ഷെ ജോലിയോ പടിപ്പോ ഇല്ലാത്ത പിള്ളേരെ മഷി ഇട്ട് നോക്കിയാലും ഇപ്പൊ കാണാനും ഇല്ല. നമ്മള് മനസിലാഗ്രഹിച്ച പോലൊന്നും നടക്കുന്നില്ലലോ ന്ന് നെടുവീർപ്പിട്ടു ഇരിക്കുമ്പോഴാണ് അച്ഛന്റെ വരവ്. 'നാളെത്തന്നെ പെണ്ണുകാണാൻ വരാമെന്ന് അവരോടു ഏറ്റുപോയി 'ന്ന്. അച്ഛൻ തന്നെ പോയി കണ്ടോ ഞാനില്ലെന്നും പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ സങ്കടക്കടലായ രണ്ട്‌ കണ്ണുകളിലേക്ക്‌ കാഴ്ച കൂട്ടിമുട്ടി. ഒന്നും പറഞ്ഞില്ലെങ്കിലും അമ്മയുടെ ആ കണ്ണുകൾ നാളെ പോകാം എന്ന് എന്നെക്കൊണ്ട് പറയാതെ പറയിച്ചു. അല്ലേലും മറ്റുള്ളവരുടെ സങ്കടം കാണാൻ വയ്യത്തോണ്ടാ ഞാനെപ്പോഴും എന്റെ സ്വപ്നങ്ങൾ മനപ്പൂർവം മറക്കുന്നതും.
പിറ്റേന്ന് രാവിലെ പെണ്ണുകാണാൻ അച്ഛന്റെ കൂടെ അവിടേക്ക് തിരിക്കുമ്പോഴും മനസ്സ് നിറച്ചും ഇത് നടക്കല്ലേ എന്നുള്ള പ്രാർത്ഥനയായിരുന്നു. സമ്പാദിച്ച നാല് കാശ് കയ്യിൽ വരുമ്പോൾ പെണ്പിള്ളേരെല്ലാം തന്റേടികളാവും, താനങ്ങനെയുള്ള പെണ്ണിനെയല്ല കൂടെ കൂട്ടാൻ ആഗ്രഹിച്ചതും. 'വീടെത്തി' അച്ഛന്റെ ശബ്ദം ചിന്തയിൽ നിന്നുയർത്തിയപ്പോൾ ഒരു ഇടത്തരം വലിപ്പമുള്ള വീടിന്റെ മുറ്റത്താണെത്തിനിന്നത്. കാഴ്ചയിൽ പെണ്കുട്ടിയുടെ അച്ഛനാണെന്നു തോന്നുന്നയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി.
സാധാരണ പെണ്ണുകാണാൻ പോയാൽ പെണ്ണ് വരും വരെ ഒരാധിയാണ്. എങ്ങനെയുണ്ടാവും ഇതായിരിക്കുമോ എന്റെ പെണ്ണ് എന്നുള്ള ഒരു തരം ആകാംക്ഷ. ഇത്തവണ പക്ഷെ അതൊന്നും തോന്നിയില്ല. ഇത് നടക്കാൻ പോണില്ല. ഗവണ്മെന്റു ജോലിക്കാരനെ മതിയെന്ന് പെണ്ണ് തന്നെ പറയും. നടക്കാൻ പോകുന്ന സീൻ മുൻകൂട്ടി കണ്ട്‌ മനസിൽ ഊറിച്ചിരിച്ചു.
അപ്പോഴാ പെണ്ണിനെ വിളിച്ചാലോന്നു അച്ഛൻ ചോദിക്കുന്നതും 'മോളേ'... ന്നു പെണ്ണിന്റച്ഛൻ അകത്തേക്ക് നോക്കി വിളിച്ചതും. അകത്ത് നിന്നും കൊലുസിന്റെ ശബ്ദം പുറത്തേക്ക് വന്നു. വല്യ താല്പര്യം ഇല്ലാത്തപ്പോലെ താനൊന്നേ നോക്കിയുള്ളൂ. വാലിട്ടു കണ്ണെഴുതി മുട്ടറ്റം മുടിയുള്ള എന്നൊന്നും പറയാനില്ല, അത്രയ്ക്കൊന്നുമില്ല, ഒരു നാടൻ പെങ്കൊച്ചു. വല്യ കുഴപ്പമില്ല കാണാനും, അത് തന്നെയാണ് താനാഗ്രഹിച്ചതും. 'ഛേ.. ഇവളൊക്കെ എന്തിനാണ് ഇത്രേം പഠിക്കാൻ പോയത്' എന്നാണ് ആദ്യം മനസ്സിൽ വന്നതും. പിന്നെ തനിക്ക്‌ വേറെ എവിടെയേലും വിധിച്ചിട്ടുണ്ടാവും എന്ന്‌ സമാധാനം ഉറപ്പിച്ച് സ്ഥിരം ചടങ്ങ് നടത്തി. 'പേരെന്താ.. എന്താ ചെയ്യുന്നേ'.. എന്നൊക്കെ അറിയമായിരുന്നെങ്കിലും ഈ പഴയ ചടങ്ങ് ഒക്കെ ഇപ്പോഴും ചടങ്ങ് തന്നെയാ.. പിന്നെ എന്റൊരു സ്വയം പരിചയപ്പെടുത്തലും, ഓട്ടോക്കാരനാണ് എന്ന്‌ എടുത്ത് പറഞ്ഞു.
ബാക്കികാര്യങ്ങളൊക്കെ അച്ഛൻ സംസാരിക്കാൻ തുടങ്ങുമ്പോൾ പെണ്ണിന്റച്ഛൻ ഞങ്ങളെ നോക്കി 'ഒന്നും വിചാരിക്കരുത്.. അവളൊരു ഗവണ്മെന്റ് ജോലിക്കാരിയാ ഞങ്ങള് അങ്ങനെയുള്ള ആളെത്തനെയാ പ്രതീക്ഷിക്കുന്നതും എന്ന്‌ പ്രഖ്യാപിച്ചു. ഇത് കേട്ട് നിസ്സഹായവസ്ഥയിലുള്ള അച്ഛന്റെ നിൽപ്പ് കണ്ടപ്പോൾ 'ഞാനപ്പോഴേ പറഞ്ഞതല്ലേ' ന്നുള്ള എന്റെ ഭാവം അച്ഛന്റെ സങ്കടം ഇരട്ടിയാക്കി.
അപ്പോഴാണ് അകത്ത് നിന്നും അച്ഛാ.. എന്നൊരു വിളി വന്നതും അയാൾ അകത്തേക്ക് കേറിപ്പോയതും, അപ്പോൾ മടങ്ങാം എന്നും പറഞ്ഞ് ചെറുപ്പിടാൻ ഒരുങ്ങുന്നതിനിടയിലാണ് അകത്ത് നിന്നുള്ള സംസാരം കേൾക്കാനിടയായതും, അത് അവൾടെ ശബ്ദമായിരുന്നു. പറയുന്നത് വ്യക്തമായി കേൾക്കാം. "എന്തിനാ അച്ഛാ ഇത്രേം, ഞങ്ങളും അവരെപ്പോലെ സദാ കുടുബമല്ലേ, ഇടയ്ക്ക് അച്ഛനൊന്നു അസുഖം വന്നു കിടപ്പിലായപ്പോൾ രണ്ട് പശു ഉള്ളത് കൊണ്ടല്ലേ പാല് വിറ്റും നമ്മള് ജീവിച്ചത്. അതിനിടയ്ക്ക് കഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ജോലി ഉണ്ടെന്ന് വച്ച് എല്ലാരേയും തരം താഴ്ത്തി കാണാരുതച്ഛാ.. എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്. കൈ നിറയെ പണം ഉണ്ടായിട്ടല്ലലോ ആരും ജീവിക്കുന്നതും. ബാക്കി എല്ലാം ഒത്തു വരികയാണേൽ ഓട്ടോക്കാരനെ കെട്ടാൻ ഞാൻ തയ്യാറാണ്".. ഇത്രേം പറഞ്ഞ് തീരും വരെ ഞാനും അച്ഛനും മുഖത്തോട് മുഖം നോക്കി നിന്ന് പോയി.
പെണ്പിള്ളേർക്കു ഇങ്ങനേം ചിന്തിക്കാൻ കഴിവുണ്ടോ.. താൻ ഇങ്ങനെയൊന്നുമല്ല പെണ്പിള്ളേരേ പറ്റി വിചാരിച്ചതും. പൈസ കൈയിൽ വന്നാൽ തന്റേടികളും ഒത്തിരി കാശുള്ളവനെ കണ്ടാൽ തേപ്പ്കാരിയും ആകുന്നവളാണ് പെണ്ണ് എന്നാണ് തന്റെ മനസിലുണ്ടായിരുന്നതും. പെണ്കുട്ടിയുടെ അച്ഛൻ വന്ന് വീണ്ടും അകത്തേക്ക് ക്ഷണിക്കുമ്പോൾ കുറച്ച് നിമിഷത്തേക്ക് മരവിപ്പ് ആയിരുന്നെങ്കിലും ആ സമയം മനസ്സിൽ പൂത്തിരി കത്തിച്ച് കളിക്കുകയായിരുന്നു താൻ.
കെട്ടിക്കോളാമെന്നു മനസ്സ് നിറഞ്ഞ് പറഞ്ഞവളെ തന്നെ മനസ്സ് നിറയെ സന്തോഷത്തോടെ കെട്ടിക്കൊണ്ട് വന്നതോടെ പെണ്പിള്ളേരേ പറ്റിയുള്ള കാഴ്ചപ്പാടും മാറി.
ഇതിനിടെ കല്യാണത്തിരക്കിനിടക്കു ഓടി നടക്കുന്ന അമ്മയെ താൻ പലവട്ടം ശ്രദ്ധിച്ചതാണ്. വയ്യാതെ ഇരുന്നതാണ്, മകന്റെ കല്യാണം വന്നപ്പോൾ മാറിയ അസുഖവും വന്ന സന്തോഷവുമെല്ലാം അനുഭവിച്ചറിയുകയായിരുന്നു താൻ. തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോൾ അമ്മയെ ചേർത്തു നിർത്തി പറഞ്ഞു "വയ്യാത്തതല്ലേ.. ഇനിയെങ്കിലും അടങ്ങിയിരിക്കമ്മേ.."ന്ന്, അത് കേട്ടപ്പോൾ ആ മുഖത്തും അടുത്തു നിൽപ്പുണ്ടായ അച്ഛന്റെ മുഖത്തും ചിരി പടർന്നു. കല്യാണത്തിന് സമ്മതമില്ലാത്ത മകനെക്കൊണ്ട് കല്യാണത്തിന് സമ്മതിപ്പിക്കാൻ ബ്രോക്കർ ഫീസ് വൈദ്യർക്കു കൊടുത്ത് അസുഖംഅഭിനയിച്ച അമ്മയെക്കാൾ താരമായത് അമ്മയ്ക്കൊപ്പം കട്ടക്ക് കൂടെ നിന്ന അച്ഛനല്ലേ...
ചിലപ്പോ അങ്ങനെയാണ്, ലക്ഷ്യത്തിലെത്തിക്കാൻ മാതാപിതാക്കൾ പെടുന്ന പാട് മനസിലാക്കുന്നത് പലപ്പോഴും ലക്ഷ്യത്തിലെത്തിച്ചേർന്നതിനു ശേഷമായിരിക്കും..
ദിവ്യാജസ്മിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot